വയനാട് സാഹിത്യോത്സവത്തിന്റെ മൂന്നാം പതിപ്പ് ഡിസംബർ 20 മുതൽ 23 വരെ

ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി നൂറുകണക്കിന് സാംസ്കാരിക പ്രതിഭകൾ അണിനിരക്കും; ഗ്രാമീണ പശ്ചാത്തലത്തിലുള്ള അക്ഷരോത്സവം
Wayanad Literature Festival
Wayanad Literature Festival
Edited By:
Updated on
1 min read

വയനാട്: ഗ്രാമീണ പശ്ചാത്തലത്തിൽ സംഘടിപ്പിക്കപ്പെടുന്ന പ്രശസ്തമായ വയനാട് സാഹിത്യോത്സവത്തിന്റെ (മൂന്നാം പതിപ്പ് വരുന്നു. ഇത്തവണത്തെ അക്ഷരോത്സവം വരും ഡിസംബർ 20 മുതൽ 23 വരെ മാനന്തവാടിക്കടുത്തുള്ള ദ്വാരകയിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വെള്ളിയാഴ്ച അറിയിച്ചു. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ സാഹിത്യോത്സവത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി നൂറുകണക്കിന് എഴുത്തുകാർ, ചലച്ചിത്ര പ്രവർത്തകർ, കലാകാരന്മാർ, അക്കാദമിക് വിദഗ്ദ്ധർ, സാംസ്കാരിക നായകർ എന്നിവർ ഒരുമിച്ചണിനിരക്കും.

തുടക്കത്തിൽ തന്നെ വലിയ ജനശ്രദ്ധയാകർഷിച്ച മേളയായിരുന്നു വയനാട് സാഹിത്യോത്സവം. 2022-ൽ നടന്ന ഇതിന്റെ ഒന്നാം പതിപ്പിൽ നൂറിലധികം പ്രഭാഷകർ പങ്കെടുക്കുകയും ഇരുപതിനായിരത്തോളം സന്ദർശകർ എത്തുകയും ചെയ്തിരുന്നു. എന്നാൽ 2024-ൽ നടന്ന രണ്ടാം പതിപ്പിൽ പങ്കാളിത്തം വലിയ തോതിൽ വർദ്ധിച്ചു; നാനൂറിലധികം പ്രഭാഷകരും 1.1 ലക്ഷത്തിലധികം സന്ദർശകരുമാണ് അന്ന് മേളയുടെ ഭാഗമായത്. കഴിഞ്ഞ പതിപ്പിന്റെ ഓൺലൈൻ ഉള്ളടക്കങ്ങൾ ഏതാണ്ട് 70 മില്യൺ ആളുകളിലേക്ക് എത്തിയതായും സംഘാടകർ വ്യക്തമാക്കി. ഈ വർഷത്തെ മേളയിൽ പങ്കെടുക്കുന്ന പ്രമുഖ പ്രഭാഷകരുടെ പട്ടിക വരും മാസങ്ങളിൽ പുറത്തുവിടും

അതിജീവനത്തിന്റെ ആഘോഷം; വൈവിധ്യമാർന്ന പരിപാടികൾ

"ഒരു വിദൂര കാർഷിക ഭൂപ്രകൃതിയിൽ നടക്കുന്ന സാഹിത്യോത്സവം അതിന്റെ കരുത്ത് ഉൾക്കൊള്ളുന്നത് അവിടുത്തെ പ്രാദേശിക സമൂഹത്തിൽ നിന്നാണ്. അതുകൊണ്ടുതന്നെ ഇത് സാധാരണക്കാരായ ജനങ്ങളുടെയും അവരുടെ അതിജീവനത്തിന്റെയും പ്രകടനങ്ങളുടെയും പ്രതിനിധാനത്തിന്റെയും ആഘോഷമായി മാറുന്നു," വയനാട് സാഹിത്യോത്സവത്തിന്റെ സ്ഥാപകനും ഡയറക്ടറുമായ ഡോ. വിനോദ് കെ. ജോസ് പറഞ്ഞു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകൾ ഒത്തുചേർന്ന് സാഹിത്യം, സംസ്‌കാരം, കാലാവസ്ഥ, സമൂഹം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതും പുതിയ ആശയങ്ങൾക്ക് ഇടമൊരുക്കുന്നതും ഹൃദ്യമായ കാഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേളയുടെ കഴിഞ്ഞ രണ്ട് പതിപ്പുകൾക്കും ലഭിച്ച മികച്ച പ്രതികരണം ഇതിന്റെ സ്വതന്ത്രമായ സ്വഭാവത്തെയും ഉള്ളടക്കത്തിന്റെ മികവിനെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് മുതിർന്ന മാധ്യമപ്രവർത്തകയും ഫെസ്റ്റിവൽ ക്യൂറേറ്ററുമായ ലീന ഗീത രഘുനാഥ് വ്യക്തമാക്കി. പൈതൃകയാത്രകൾ (Heritage Walks), ക്യാമ്പ് ഫയർ റീഡിംഗുകൾ തുടങ്ങിയ പുതുമകളിലൂടെ വൈവിധ്യമാർന്ന സമൂഹങ്ങളെ ഒന്നിപ്പിക്കുന്ന വേദിയായി ഡബ്ല്യു.എൽ.എഫ് മാറിയെന്ന് മറ്റൊരു ക്യൂറേറ്ററായ വി.എച്ച്. നിഷാദും ചൂണ്ടിക്കാട്ടി.

Summary

Third edition of the biennial Wayanad Literature Festival (WLF) is scheduled to be held in a rural setting at Dwaraka in Mananthavady from December 20 to 23.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com