ജിദ്ദയിൽ ഇറങ്ങിയ ഫിലോമിന എവിടെ? ആശങ്കയിൽ വയനാട്ടിലെ കുടുംബം

വിമാനത്താവളത്തിൽ തടഞ്ഞുവെച്ചെന്നും പാസ്‌പോർട്ട് വാങ്ങിയെന്നും അവസാന സന്ദേശം
Wayanad Nurse Philomina Missing In Jeddah Airport
Wayanad Nurse Philomina Missing In Jeddah Airport
Updated on: 
1 min read

സുൽത്താൻ ബത്തേരി: സൗദി അറേബ്യയിലേക്കുള്ള യാത്രയ്ക്കിടെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്സ് ഫിലോമിനയെക്കുറിച്ച് (32) യാതൊരു വിവരവുമില്ലാതെ ആശങ്കയോടെ കാത്തിരിക്കുകയാണ് വയനാട്ടിലെ കുടുംബം. ഒന്നരമാസത്തെ അവധി കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിക്കാനായി റിയാദിലേക്ക് മടങ്ങിയ ഫിലോമിനയെക്കുറിച്ച് അവസാനമായി ലഭിച്ചത് ജിദ്ദ വിമാനത്താവളത്തിൽ തന്നെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന സന്ദേശം മാത്രമാണ്. ഇതിനുശേഷം യുവതി എവിടെയാണെന്നോ എന്തുസംഭവിച്ചെന്നോ ഉള്ള വിവരങ്ങൾ ലഭ്യമല്ല.

സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി അനന്ത് നിവാസിൽ രവിയുടെയും സെൽവിയുടെയും മകളായ ഫിലോമിന റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ കഴിഞ്ഞ മൂന്നുവർഷമായി നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. ഒക്ടോബർ 10-ന് ശനിയാഴ്ച ബെംഗളൂരുവിൽനിന്ന് ഭർത്താവ് ജോണിനോടും കുടുംബത്തോടും യാത്രപറഞ്ഞ് വിമാനം കയറിയ ഫിലോമിന, ജിദ്ദയിലെത്തിയ ശേഷം കുടുംബത്തെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. തുടർന്ന് ജിദ്ദയിൽനിന്ന് റിയാദിലേക്കുള്ള കണക്ഷൻ വിമാനത്തിൽ യാത്ര തുടരാനിരിക്കെയാണ് യുവതിയെ കാണാതാകുന്നത്.

വിമാനത്താവളത്തിൽ ഇറങ്ങിയ തന്നെ ജീവനക്കാർ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ബാഗും മറ്റ് സാധനങ്ങളും പരിശോധിച്ച ശേഷം സെക്യൂരിറ്റി ഉദ്യോഗസ്ഥർ പാസ്‌പോർട്ട് വാങ്ങിവെച്ചെന്നുമായിരുന്നു കുടുംബത്തിന് ലഭിച്ച അവസാന സന്ദേശം. തന്റെ ബാഗുകളും സാധനങ്ങളും കൊണ്ടുപോകാൻ മറ്റാരോടെങ്കിലും ഏർപ്പാടാക്കാൻ വിമാനത്താവളത്തിലെ ജീവനക്കാർ ആവശ്യപ്പെട്ടതായും ഫിലോമിന വാട്‌സാപ്പിലൂടെ കുടുംബത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഫിലോമിനയുടെ മൊബൈൽ ഫോൺ പൂർണ്ണമായും സ്വിച്ച് ഓഫായി.

തുടർന്ന് റിയാദിലെ ആശുപത്രിയിലും താമസസ്ഥലത്തും അന്വേഷിച്ചെങ്കിലും ഫിലോമിന അവിടെ എത്തിയിട്ടില്ലെന്ന മറുപടിയാണ് സഹപ്രവർത്തകർ നൽകിയത്. ജിദ്ദയിൽ വിമാനമിറങ്ങിയ ശേഷം പലതവണ ഫോണിൽ ബന്ധപ്പെടാൻ കുടുംബം ശ്രമിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. ഫിലോമിനയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിക്കാത്തതിൽ കടുത്ത ദുഃഖത്തിലും ആശങ്കയിലുമാണ് ഭർത്താവ് ജോണും നാല് വയസ്സ് മാത്രമുള്ള ഇവരുടെ മകനും. കഴിഞ്ഞ ശനിയാഴ്ചയാണ് ഭാര്യ നാട്ടിൽനിന്ന് പോയതെന്നും അവൾക്ക് എന്താണ് സംഭവിച്ചതെന്ന് തങ്ങൾക്ക് അറിയില്ലെന്നും ജോൺ പറഞ്ഞു. അമ്മയെ കാണാതെ കുഞ്ഞ് നിർത്താതെ കരയുകയാണെന്നും അവനോട് എന്ത് പറയണമെന്ന് അറിയില്ലെന്നും ജോൺ വിതുമ്പലോടെ വ്യക്തമാക്കി.

ഫിലോമിനയെ എത്രയും വേഗം കണ്ടെത്താൻ സഹായം തേടി സൗദി എംബസിയുമായും നോർക്കയുമായും ഇ-മെയിൽ മുഖേന ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വിഷയത്തിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് ഫിലോമിനയെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Summary

The family of 32-year-old nurse Philomina from Sultan Bathery, Wayanad, is in deep distress after she went missing at Jeddah airport while returning to work at Riyadh King Fahd Hospital following a vacation, with her last communication stating that airport authorities had detained her and seized her passport

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com