'ഞാന്‍ ചെയ്ത ഓരോ സിനിമയും എപ്പോഴും എന്നോടൊപ്പം ഉണ്ട് '

ചലച്ചിത്രലോകത്ത് 40 വര്‍ഷം പിന്നിട്ട സംവിധായകന്‍ ഹരികുമാറിന്റെ സംവിധാന ജീവിതത്തിലൂടെ
'ഞാന്‍ ചെയ്ത ഓരോ സിനിമയും എപ്പോഴും എന്നോടൊപ്പം ഉണ്ട് '

രികുമാര്‍ സംവിധാനജീവിതത്തിന്റെ 40 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. മലയാള സിനിമയുടെ വളര്‍ച്ചയുടെ വഴികള്‍ക്കൊപ്പമാണ് ഹരികുമാര്‍ സഞ്ചരിക്കുന്നത്. ഓരോ സിനിമയും ഓരോ അനുഭവമാക്കി മാറ്റാനാണ് എന്നും ശ്രമിച്ചത്. കഥാവിഷ്‌കാരത്തിലും സൗന്ദര്യതലത്തിലും പുതുമകള്‍ സൃഷ്ടിക്കുന്നു. ജീവിതം തുടിക്കുന്നതാണ് ഓരോ ചിത്രവും.

സിനിമയുടെ അക്കാദമിക് പാരമ്പര്യവുമായല്ല സിനിമാലോകത്ത് എത്തുന്നത്. സിനിമ കണ്ടും വായിച്ചും പഠിച്ചുമാണ് സംവിധാനകലയിലേക്ക് എത്തുന്നത്. തിരുവനന്തപുരത്ത് പഠനത്തിനായി എത്തുമ്പോള്‍ അക്കാലത്തെ യുവ സംവിധായകരും സാംസ്‌കാരിക പ്രവര്‍ത്തകരുമായി അടുത്തു. സിനിമയെക്കുറിച്ച് എഴുതുകയും പഠിക്കുകയും ചെയ്തിരുന്ന ശ്രീവരാഹം ബാലകൃഷ്ണന്‍ എന്നും തണലായി നിന്നു. ഹരികുമാറിന്റെ സിനിമാജീവിതത്തില്‍ എന്നും വഴികാട്ടിയായിരുന്നു അദ്ദേഹം. സിനിമയെക്കുറിച്ചുള്ള ശ്രീവരാഹത്തിന്റെ വിവരണങ്ങള്‍ ഒരു പാഠപുസ്തകമായി ഉള്‍ക്കൊണ്ടു. അതുപോലെ കെ.പി. കുമാരനുമായുള്ള അടുപ്പം സിനിമയുടെ പുതിയ ലോകം തുറന്നുകൊടുത്തു. 'അതിഥി' എന്ന വിഖ്യാത സിനിമയെക്കുറിച്ച് ആലോചിക്കുന്ന കാലമായിരുന്നു അത്. ഹരികുമാറും അവരോടൊപ്പം കൂടി. 'അതിഥി'യില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. സിനിമ രൂപപ്പെടുന്നതിന്റെ സാഹചര്യങ്ങള്‍ മനസ്സിലാക്കി.

ജോലി സംബന്ധമായി കൊല്ലത്ത് പോകുന്നതോടെ സിനിമയുടെ മറ്റൊരു ലോകം തുറന്നുകിട്ടി. വിഖ്യാത പത്രാധിപര്‍ കാമ്പിശ്ശേരി കരുണാകരന്റെ പിന്തുണയും പരിഗണനയും കിട്ടി. 'സിനിരമ' പോലുള്ള മാസികകളില്‍ റിവ്യൂകളും റിപ്പോര്‍ട്ടുകളും എഴുതി. സിനിമ പഠിക്കാനുള്ള അവസരങ്ങളാണ് ഇതിലൂടെ കിട്ടിയത്. സിനിമാജീവിതത്തിന്റെ സിരകളിലേക്ക് പ്രവേശിക്കുകയായിരുന്നു. സംവിധായകനാകുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെയ്പുകള്‍ ആയിരുന്നു അതെല്ലാം. പുതിയ സിനിമയെക്കുറിച്ചുള്ള അവബോധം, കാഴ്ചപ്പാടുകള്‍ തുടങ്ങിയവ രൂപപ്പെടുത്തുന്ന കാലമായിരുന്നു അത്. ഈ കരുത്താണ് 'ആമ്പല്‍പ്പൂവ്' എന്ന ആദ്യ ചിത്രത്തിലേക്ക് എത്തിച്ചത്. നിരവധി പ്രതിസന്ധികളിലൂടെയാണ് ആദ്യചിത്രം പൂര്‍ത്തിയാക്കിയത്. പക്ഷേ, പിന്നീട് നിരന്തരം സിനിമകള്‍ ചെയ്തു. മലയാളത്തില്‍ സമാന്തര സിനിമ സജീവമായി നിന്ന കാലത്താണ് ഹരികുമാര്‍ ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങിയത്. പക്ഷേ, ആ വഴിയിലൂടെ സഞ്ചരിക്കാതെ പുതിയൊരു പാത തുറന്നു. പ്രേക്ഷകര്‍ താല്പര്യപ്പെടുന്ന ജീവിതഗന്ധിയായ ചിത്രങ്ങളാണ് ഹരികുമാര്‍ സൃഷ്ടിച്ചത്. ഉള്ളടക്കവും രൂപഘടനയും ആവിഷ്‌കാരവും വ്യത്യസ്തമാക്കാന്‍ എപ്പോഴും ശ്രമിക്കുന്നു. കണ്ടന്റിനേക്കാള്‍ ഫോമിനു പ്രാധാന്യം നല്‍കുന്ന ചിത്രങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍.

'ആമ്പല്‍പ്പൂവ്' മുതല്‍ പുതിയ ചിത്രം 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' വരെയുള്ള ചിത്രങ്ങളുടെ പിന്നില്‍ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരുടെ സാന്നിധ്യം ഉണ്ടായി. എം.ടി., എം. മുകുന്ദന്‍, ശ്രീനിവാസന്‍, ശ്രീവരാഹം ബാലകൃഷ്ണന്‍, ലോഹിതദാസ്, പെരുമ്പടവം ശ്രീധരന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സന്തോഷ് ഏച്ചിക്കാനം, പി.എന്‍. ഗോപീകൃഷ്ണന്‍ തുടങ്ങിയവര്‍ തിരക്കഥകള്‍ എഴുതി. കേരളത്തിലെ മികച്ച നടന്മാരായ മമ്മൂട്ടി, മധു, ഭരത് ഗോപി, നെടുമുടി വേണു, ജയറാം തുടങ്ങിയവര്‍ അഭിനയിച്ചു. മലയാള സിനിമയില്‍ ശ്രദ്ധേയമായ കയ്യൊപ്പിടാന്‍ ഹരികുമാറിനു കഴിഞ്ഞു.

ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

ഏറ്റവും പുതിയ സിനിമ എം. മുകുന്ദന്റെ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' ഉടന്‍ പുറത്തുവരും. വീണ്ടും പുതിയ ചിത്രങ്ങള്‍ക്കു തയ്യാറാവുന്നു.

ഹരികുമാറുമായുള്ള സംഭാഷണത്തില്‍നിന്ന്.

ചലച്ചിത്ര ജീവിതം തുടങ്ങിയിട്ട് 40 വര്‍ഷങ്ങള്‍ ആവുന്നല്ലോ? ഈ കാലത്തിനിടയിലെ ഏറ്റവും സാര്‍ത്ഥക സന്ദര്‍ഭം ഏതാണ്? 

ഞാന്‍ ഇപ്പോഴും സിനിമയില്‍ നില്‍ക്കുന്നു എന്നത് പ്രധാനപ്പെട്ട കാര്യം തന്നെയാണ്. പ്രത്യേകിച്ച് മുന്‍നിരയില്‍ത്തന്നെ പ്രവര്‍ത്തിക്കുന്നു. എന്റെ സമകാലികരില്‍ പലരും ഒന്നോ രണ്ടോ സിനിമയോടെ രംഗം വിട്ടു. വലിയ ഹിറ്റുകള്‍ ഉണ്ടാക്കിയവര്‍പോലും ഇപ്പോള്‍ സിനിമ ചെയ്യുന്നില്ല. പക്ഷേ, ഞാന്‍ ഇവിടെത്തന്നെ ഉറച്ചുനില്‍ക്കുന്നു.

താന്‍ ഒരു സംവിധായകനായി മാറി എന്നു തോന്നിയ, ആത്മവിശ്വാസം ഉണ്ടായ സന്ദര്‍ഭം ഏതാണ്? 

1981 ഡിസംബര്‍ 11ന് സംവിധാനം ഹരികുമാര്‍ എന്ന് കേരളത്തിലെ 11 തിയേറ്ററുകളിലെ സ്‌ക്രീനുകളില്‍ വന്ന നിമിഷം. ആ നിമിഷമാണ് ആത്മവിശ്വാസം തന്നത്. ഒരു സിനിമയെങ്കിലും ചെയ്താല്‍ മതി എന്ന് ആഗ്രഹിച്ചു വന്നയാളാണ് ഞാന്‍. ആദ്യ സിനിമ പുറത്തിറങ്ങിയതിന്റെ പിറ്റേന്നുതന്നെ പുതിയ സിനിമയ്ക്കുള്ള ഓഫര്‍ വന്നു. ആദ്യ സിനിമ പുറത്തുവരുമോ എന്നുപോലും സംശയിച്ച സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നു. ആത്മഹത്യ ചെയ്യേണ്ട ഘട്ടംവരെ ഉണ്ടായി. പക്ഷേ, തിയേറ്ററില്‍ എത്തി എന്നത് വലിയ കാര്യമായി. ഞാന്‍ തിയേറ്ററില്‍ പോയിരുന്ന് എന്റെ പേര് നിറകണ്ണുകളോടെ കാണുകയും ഒക്കെ ചെയ്ത സന്ദര്‍ഭം ഓര്‍ക്കുന്നു. ആദ്യത്തെ ദിവസം സിനിമ കാണാന്‍ പോയില്ല. രാത്രി ആയുര്‍വ്വേദ കോളേജിന് അടുത്തുനില്‍ക്കുമ്പോള്‍ സെക്കന്റ് ഷോ കഴിഞ്ഞു രണ്ടു മൂന്ന് ചെറുപ്പക്കാര്‍ അടുത്തു വന്നു. അതില്‍ ഒരാള്‍ വന്നു സിനിമ നന്നായി എന്നു പറഞ്ഞു. അത് പില്‍ക്കാലത്തെ പ്രസിദ്ധ നിര്‍മ്മാതാവ് സുരേഷ് കുമാര്‍ ആയിരുന്നു. കോഴിക്കോടനും സിനിക്കും ഒക്കെ സിനിമയെക്കുറിച്ച് എഴുതിയപ്പോള്‍ ആത്മവിശ്വാസം വന്നു. സാധാരണ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ശേഷമാണ് സിനിമ എടുക്കുന്നത്. പക്ഷേ, ഞാന്‍ അങ്ങനെ ആയിരുന്നില്ലല്ലോ. കൊല്ലത്തു ജോലിയില്‍നിന്നും അവധി എടുത്തു വന്നു സിനിമ എടുത്തത് പരാജയം ആയില്ലല്ലോ എന്നു തോന്നി.

തകഴിക്കും എംടിക്കുമൊപ്പം ഹരികുമാർ
തകഴിക്കും എംടിക്കുമൊപ്പം ഹരികുമാർ

'ആമ്പല്‍പൂവ്' എന്ന സിനിമയുമായി മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജം എന്തായിരുന്നു?
 
ഒരു സംവിധായകനായി തീരണം എന്ന വാശി എപ്പോഴും ഉണ്ടായിരുന്നു. മറ്റൊന്ന് ഒന്നര വര്‍ഷത്തോളം ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച് മദ്രാസിലൊക്കെ പോയി ഒരുപാട് ബുദ്ധിമുട്ടി. ഒരുപാട് സാമ്പത്തിക ബാധ്യത ഉണ്ടായി. സിനിമ ഇറങ്ങിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടി വരുമായിരുന്നു. ഒരുപാട് പ്രതിസന്ധികള്‍ അതിജീവിച്ചു. ഇന്നു 40 വര്‍ഷം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ സിനിമയെടുക്കാന്‍ ഇറങ്ങിപുറപ്പെട്ട ആ നിമിഷത്തെ ജീവിതത്തിലെ ഏറ്റവും വലിയ സാര്‍ത്ഥക നിമിഷമായി എന്നു തോന്നുന്നു.

താങ്കള്‍ സിനിമയിലേയ്ക്ക് വരുമ്പോള്‍ മലയാളത്തില്‍ വ്യത്യസ്ത ധാരകള്‍ ഉണ്ടായിരുന്നല്ലോ? സമാന്തര ചലച്ചിത്രധാര, കച്ചവട, വാണിജ്യ സിനിമകള്‍ തുടങ്ങി പലതും. ഇതില്‍ ഏതു ധാരയോടാണ് അടുപ്പം തോന്നിയത്? 

സിനിമയില്‍ വരും മുന്‍പേ എനിക്കു സിനിമയെക്കുറിച്ചു ശരിയായ ധാരണ ഉണ്ടായിരുന്നു. പ്രധാനമായും ജനങ്ങള്‍ സിനിമ കാണണം. എന്നാല്‍, അത് പരമ്പരാഗത രീതിയില്‍പ്പെട്ടത് ആകരുത്. അത്തരം രീതികള്‍ പിന്‍തുടരരുത് എന്ന് ആഗ്രഹിച്ചിരുന്നു. അന്ന് ഹിന്ദിയില്‍ ഒരു ട്രെന്‍ഡ് ഉണ്ടായിരുന്നു. ബാസു ചാറ്റര്‍ജി, ഋഷികേശ് മുഖര്‍ജി, ബാസു ഭട്ടാചാര്യ തുടങ്ങിയവരുടെ സമീപനങ്ങളെ ആകര്‍ഷിച്ചു സാധാരണക്കാരന്റെ ജീവിതം പറയുന്ന ലളിതമായ സിനിമകള്‍. അതൊക്കെ എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. മലയാളത്തില്‍ അത്തരം സിനിമകള്‍ കുറവായിരുന്നു.

രണ്ടു ധാരകളുടേയും നടുക്കു നില്‍ക്കുന്ന സിനിമകള്‍ ചെയ്ത് കെ.ജി. ജോര്‍ജ്, ഭരതന്‍, പദ്മരാജന്‍ എന്നിവരൊക്കെ മുന്‍ഗമിക്കുകയാണെന്നു പറയാം. അവരെയൊന്നും മാതൃക ആക്കിയില്ല. എനിക്ക് അറിയാവുന്ന രീതിയില്‍ ഞാന്‍ സിനിമ എടുക്കുന്നു എന്നുമാത്രം. സ്ഥിരം രീതികള്‍ പിന്തുടരണ്ട എന്നു തീരുമാനിച്ചിരുന്നു. എന്റേതായ ഒരു കയ്യൊപ്പ് എന്റെ സിനിമയില്‍ ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു. ഒന്നു രണ്ടു സിനിമ കഴിഞ്ഞു. അപ്പോഴേക്കും കാലുറപ്പിച്ചു നില്‍ക്കാന്‍ കഴിയുമെന്ന വിശ്വാസം ഉണ്ടായി.

മണിരത്നത്തിനൊപ്പം
മണിരത്നത്തിനൊപ്പം

സിനിമയില്‍ തുടക്കമിടുമ്പോള്‍ ഏതെങ്കിലും മാതൃകകള്‍ ഉണ്ടായിരുന്നോ? 

ഞാന്‍ പറഞ്ഞല്ലോ ഹിന്ദിയിലെ ചില സംവിധായകര്‍ ആകര്‍ഷിച്ചിരുന്നു. അതുപോലെ തമിഴിലെ ഭാരതിരാജ, ബാലു മഹേന്ദ്ര തുടങ്ങിയവരൊക്ക തമിഴില്‍ ചില മാറ്റങ്ങള്‍ സൃഷ്ടിച്ചിരുന്നു. അവരൊക്കെ സ്വാധീനിച്ചിരുന്നു എന്നു വേണമെങ്കില്‍ പറയാം. ആ സിനിമകള്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു; അതിന്റെ പ്രതിഫലനം എന്റെ സിനിമയിലും ഉണ്ടായിട്ടുണ്ട്.

സിനിമ സങ്കീര്‍ണ്ണമായ ഒരു കലയാണ്. അത് ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയും എന്ന വിശ്വാസം ഉണ്ടായിരുന്നോ? 

ആദ്യം സിനിമ ചെയ്യാന്‍ പോകുമ്പോള്‍ ഈ സങ്കീര്‍ണ്ണതയെക്കുറിച്ചൊന്നും അറിയില്ല. സാങ്കേതിക കാര്യങ്ങള്‍പോലും ശരിക്കറിയില്ല. പിന്നെ അനുഭവങ്ങളിലൂടെ കാര്യങ്ങള്‍ പിടിച്ചെടുത്തു. എന്റെ സിനിമ എന്തായിരിക്കണം എന്ന ബോധ്യം ഉണ്ടായിരുന്നു. ഇന്ന് എല്ലാ സാങ്കേതിക കാര്യങ്ങളും നന്നായി അറിയാം. ആദ്യ സിനിമ ചെയ്യുമ്പോഴും ഇന്നും ഒരു കാര്യം ഞാന്‍ വിശ്വസിക്കുന്നു. ജീവിതത്തോട് അടുത്തുനില്‍ക്കുന്ന കലയാണ് സിനിമ. വിഷയം തിരഞ്ഞെടുക്കുമ്പോഴും ചിത്രീകരിക്കുമ്പോഴും ആവിഷ്‌കരിക്കുമ്പോഴും അതില്‍ ജീവിതം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. ജീവിതത്തെക്കുറിച്ചുള്ള മൗലിക കാഴ്ചപ്പാടോടെയാണ് ഞാന്‍ സിനിമയെ സമീപിച്ചത്. ഇപ്പോള്‍ ഞാന്‍ ശ്രദ്ധിക്കുന്നത് ഫോമിലാണ്, കഥയിലല്ല. എന്റെ ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നാണ് 'ജ്വാലാമുഖി'. അത് കഥ പറച്ചിലിന് അപ്പുറത്ത് കഥ പറയുന്ന രീതിക്കാണ് പ്രാധാന്യം നല്‍കിയത്. 

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ ദസ്‌തോവ്‌സ്‌കിയാണ്. 15-16 വയസ്സുള്ളപ്പോഴാണ് ആ കൃതികള്‍ വായിക്കുന്നത്. മലയാള വിവര്‍ത്തനങ്ങളാണ് വായിച്ചത്. ആദ്യ പതിപ്പുകള്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. മനുഷ്യന്റെ അന്തര്‍സംഘര്‍ഷം വല്ലാതെ വേട്ടയാടുമായിരുന്നു. പില്‍ക്കാലത്ത് ഞാന്‍ ചെയ്ത പല സിനിമകളിലും ദസ്‌തോവ്‌സ്‌കി എന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് തോന്നുന്നു. 'സുകൃത'ത്തിലൊക്കെ അത് പ്രകടമാണ്.

സുകൃതം സിനിമയുടെ ലൊക്കേഷനിൽ മമ്മൂട്ടിക്കും എംടിക്കുമൊപ്പം ഹരികുമാർ
സുകൃതം സിനിമയുടെ ലൊക്കേഷനിൽ മമ്മൂട്ടിക്കും എംടിക്കുമൊപ്പം ഹരികുമാർ

സിനിമയുടെ അക്കാദമിക് പാരമ്പര്യം ഇല്ലാതെ വന്നയാളാണ് താങ്കള്‍. ആ പരിമിതികളെ മറികടന്നത് എങ്ങനെയാണ്? 

എന്നോടൊപ്പം വര്‍ക്ക് ചെയ്യുന്ന സാങ്കേതിക വിദഗ്ദ്ധരില്‍നിന്ന് ഓരോന്നും പഠിച്ചെടുത്തു. ആദ്യം ഹേമചന്ദ്രനായിരുന്നു ക്യാമറമാന്‍. പിന്നെ വേണു വന്നു. ഇപ്പോള്‍ അളഗപ്പന്‍. ഓരോരുത്തരില്‍നിന്നും പഠിക്കും. ഒരിക്കലും പഠിച്ചാല്‍ തീരാത്ത കലയാണ് സിനിമ. സിനിമയിലെ കഴിഞ്ഞ 40 വര്‍ഷത്തെ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ഒരാളാണ് ഞാന്‍.

ഒരു സിനിമയിലേയ്ക്കുള്ള എന്‍ട്രി എങ്ങനെയാണ്? 

ചില കാര്യങ്ങള്‍ വായിക്കുമ്പോള്‍ മനസ്സില്‍ പതിയും. ചില സ്പാര്‍ക്കുകള്‍ ഉണ്ടാവും. 'ജ്വാലാമുഖി' എന്ന സിനിമയുടെ ത്രെഡ് എന്റെ മകള്‍ പറഞ്ഞതാണ്. എം. മുകുന്ദന്റെ 'ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ' വായിച്ചപ്പോള്‍ അതില്‍ സിനിമ സാധ്യത ഉണ്ടെന്നു മനസ്സിലായി. മനസ്സിനെ ആകര്‍ഷിച്ച ചിലതൊക്കെ ഒഴിവാക്കേണ്ടിവരും.

താങ്കളുടെ സിനിമകള്‍ക്കു തിരക്കഥ എഴുതിയത് മലയാളത്തിലെ മുന്‍നിര എഴുത്തുകാരന്‍ എം.ടി., ശ്രീനിവാസന്‍, ചുള്ളിക്കാട്, ലോഹിതദാസ്, സന്തോഷ് ഏച്ചിക്കാനം, പി.എന്‍. ഗോപീകൃഷ്ണന്‍ തുടങ്ങിയവര്‍. ഇവരുമായുള്ള രസതന്ത്രം എങ്ങനെയായിരുന്നു? 

അതിനുള്ള ഉത്തരം അവരാണ് പറയേണ്ടത്. ഗോപീകൃഷ്ണന്‍ പറയുന്നത് ഈ തിരക്കഥയിലൂടെ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു എന്നാണ്. എം.ടി. തിരക്കഥ എഴുതുമ്പോള്‍ ഞാന്‍ അടുത്ത മുറിയില്‍ത്തന്നെ ഉണ്ടായിരുന്നു. ലോഹിതദാസ് വിശദമായ ചര്‍ച്ചയ്‌ക്കൊന്നും തയ്യാറാകാറില്ല. അതിന്റെ പരിമിതികള്‍ എനിക്ക് ആ പടം ചെയ്യുമ്പോള്‍ ഉണ്ടായിരുന്നു. എം.ടിയുമായി വിശദമായിത്തന്നെ ചര്‍ച്ച ചെയ്തിരുന്നു. അതിന്റെ സ്വാതന്ത്ര്യം എനിക്കു കിട്ടിയിരുന്നു. 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'ടെ ചര്‍ച്ച 82 ദിവസത്തോളം ഉണ്ടായിരുന്നു. എം. മുകുന്ദനുമായി വിശദമായി ചര്‍ച്ച ചെയ്തു. ഈ എഴുത്തുകാരുടെ പ്രതിഭ ഉപയോഗപ്പെടുത്തുക എന്നതാണ് ഫിലിം മേക്കര്‍ എന്ന നിലയില്‍ എന്റെ ലക്ഷ്യം.

ഒഎൻവിക്കുമൊപ്പം എംജി രാധാകൃഷ്ണനുമൊപ്പം
ഒഎൻവിക്കുമൊപ്പം എംജി രാധാകൃഷ്ണനുമൊപ്പം

തിരക്കഥാകൃത്തുക്കള്‍ തരുന്ന സ്‌ക്രിപ്റ്റ് അതേപോലെ പകര്‍ത്തിവെക്കുകയാണോ ചെയ്യുന്നത്? അതിന്റെ മറ്റൊരു പാഠം കണ്ടെത്തുകയാണോ ചെയ്യുന്നത്? 

ഓരോ തിരക്കഥയിലും എന്റെ സ്വാതന്ത്ര്യം ഞാന്‍ ഉപയോഗിക്കാറുണ്ട്. എന്റെ കോണ്‍ട്രിബ്യൂഷന്‍ ഉണ്ടാകാറുണ്ട്. ലോഹിതദാസ് ഷൂട്ടിംഗ് നടക്കുമ്പോഴാണ് എഴുതിത്തരുന്നത്. അതുകൊണ്ട് ധാരാളം പരിമിതികള്‍ ഉണ്ടായി. 'സുകൃത'ത്തിന്റെ തിരക്കഥയുടെ കോപ്പി വളരെ നേരത്തെ തന്നെ തന്നു. അത് നിരന്തരം വായിച്ചു. ഞാന്‍ നേരത്തെ പറഞ്ഞ ദസ്‌തോവ്‌സ്‌കിയുടെ സ്വാധീനം അങ്ങനെയാണ് വന്നത്. ആ തിരക്കഥയില്‍ ഒരുപാട് കോണ്‍ട്രിബ്യൂഷന്‍ നല്‍കാന്‍ എനിക്കു കഴിഞ്ഞു. തിരക്കഥ പകര്‍ത്തലാണെങ്കില്‍ ഒരു കാമറമാന്റെ ആവശ്യമേ ഉള്ളൂ. സിനിമയ്ക്ക് ഭാഷയും ക്രാഫ്റ്റും ഉണ്ട്. അത് എഴുതിവെച്ച പേപ്പറില്‍ അല്ല ഉള്ളത്. എം.ടി. ഒരിക്കല്‍ പറഞ്ഞു: 'തിരക്കഥ വായിക്കുമ്പോള്‍ സിനിമ മനസ്സിലൂടെ ഓടിച്ചുനോക്കണം' എന്ന്. സിനിമാ നിര്‍മ്മാണത്തിന്റെ പ്രാഥമിക പാഠമാണ് 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'. ഓടിച്ചുനോക്കുമ്പോള്‍ അരമണിക്കൂറിനുള്ള സിനിമയേ ഉള്ളൂ. അതു പിന്നെ കൂട്ടിച്ചേരലുകള്‍ നടത്തി വിപുലമാക്കി.

എം.ടിയുമായി വലിയ അടുപ്പമാണല്ലേ? അതിന്റെ തുടക്കം എങ്ങനെയാണ്? 

1983ല്‍ സൂര്യയുടെ ഒരു പരിപാടിക്ക് എം.ടി. തിരുവനന്തപുരത്തു വന്നു. അദ്ദേഹത്തെ പരിചയപ്പെടണമെന്ന് കൃഷ്ണമൂര്‍ത്തിയോട് പറഞ്ഞു. എം.ടി. പാരാമൗണ്ട് ഹോട്ടലിലാണ് താമസിച്ചിരുന്നത്. അവിടെ പൊയി കണ്ട് പരിചയപ്പെട്ടു. അത് ഒരു ബന്ധത്തിന്റെ തുടക്കമായി.

എംബി ശ്രീനിവാസനൊപ്പം
എംബി ശ്രീനിവാസനൊപ്പം

'സുകൃതം' സിനിമയില്‍ എത്തിയത് എങ്ങനെയാണ്? 

വളരെ യാദൃച്ഛികമായാണ് ആ സിനിമയിലേക്ക് എത്തിയത്. നിരവധി കഥകള്‍ ആലോചിച്ചു നോക്കി. അതൊന്നും ശരിയായില്ല. കുറെക്കാലം കഴിഞ്ഞ് ഒരു ദിവസം വിളിച്ചു പറഞ്ഞു: 'മരണം ഉറപ്പിച്ച ഒരു ചെറുപ്പക്കാരന്‍ ജീവിതത്തിലേക്കു തിരിച്ചുവരുന്നു. അയാള്‍ നേരിടുന്ന പ്രതിസന്ധിയും പ്രശ്‌നങ്ങളും ആവിഷ്‌കരിക്കുന്ന ഒരു കഥ.' അതു കേട്ടപ്പോള്‍ത്തന്നെ അതിന്റെ മൗലികതയും പുതുമയും ഇഷ്ടപ്പെട്ടു. ഞാന്‍ അടുത്ത ദിവസം തന്നെ കോഴിക്കോട്ട് പോയി. അങ്ങനെയാണ് 'സുകൃതം' ഉണ്ടായിവന്നത്.

മമ്മൂട്ടി ഈ സിനിമയിലേയ്ക്ക് എത്തിയത് എങ്ങനെയാണ്? 

ഞാന്‍ എം.ടിയെ കാണാന്‍ കോഴിക്കോട് പോകും വഴി ഗുരുവായൂര്‍ ഇറങ്ങി. അവിടെ വെച്ച് മമ്മൂട്ടിയെ കണ്ടു. എം.ടിയെ കാണാന്‍ പോകുന്ന വിവരം പറഞ്ഞു. കഥാചര്‍ച്ചയുടെ ഒരു പ്രത്യേക ഘട്ടം വന്നപ്പോള്‍ മമ്മൂട്ടിയെ കേന്ദ്രീകരിച്ചായി ചര്‍ച്ച. മമ്മൂട്ടിക്ക് ഈ വേഷത്തോട് വലിയ താല്പര്യം തോന്നി. അദ്ദേഹം തന്നെ പിന്നീട് ഇതില്‍ താല്പര്യം എടുത്തു.

മമ്മൂട്ടിയുമായുള്ള ബന്ധം എങ്ങനെ? 

മദ്രാസില്‍വെച്ചാണ് പരിചയപ്പെടുന്നത്. 'എന്റെ സ്‌നേഹപൂര്‍വ്വം മീര'യില്‍ ആണ് ആദ്യമായി അഭിനയിക്കുന്നത്. ഇപ്പോഴും ഞങ്ങള്‍ നല്ല ബന്ധത്തിലാണ്. സിനിമയിലെ എന്റെ അപൂര്‍വ്വം നല്ല സുഹൃത്തുക്കളില്‍ ഒരാളാണ് മമ്മൂട്ടി. ഔപചാരികതയില്ലാതെ ബന്ധപ്പെടാന്‍ കഴിയുന്ന ഒരാള്‍.

ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

മോഹന്‍ലാലുമായി സിനിമ ചെയ്തില്ലല്ലോ? 

ശരിയാണ്, എനിക്ക് അതില്‍ വിഷമമുണ്ട്. ഇന്ത്യയിലെതന്നെ മികച്ച നടനാണ്. പക്ഷേ, എന്റെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ കഴിഞ്ഞില്ല. 

ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ 40 വര്‍ഷത്തിനിടയില്‍ ഉണ്ടായ ആന്തരിക പരിണാമത്തെ എങ്ങനെ കാണുന്നു? 

ഞാന്‍ ഒരു ഫിലിം മേക്കര്‍ ആയില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഭൂമിയില്‍ത്തന്നെ ഉണ്ടാകുമായിരുന്നില്ല. ഓരോ സിനിമയും ആസ്വദിച്ചാണ് ചെയ്യുന്നത്. ഓരോ സിനിമയും ഓരോ പുതിയ അനുഭവമാണ്. ആദ്യ സിനിമ ചെയ്യുമ്പോള്‍ ഭയം ഇല്ലായിരുന്നു. പിന്നീട് ഭയം തോന്നിത്തുടങ്ങി. ഓരോ സിനിമയുടേയും ഓരോ ഘട്ടത്തില്‍ അനുഭവിക്കുന്ന ആന്തരിക സംഘര്‍ഷം വലുതാണ്. ഞാന്‍ ചെയ്ത ഓരോ സിനിമയും എപ്പോഴും എന്നോടൊപ്പം ഉണ്ട്.

ഈ ലേഖനം കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com