

ബംഗ്ലദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയുടെ പലായനത്തോട് ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ അക്രമസംഭവങ്ങളില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ മതവിഭാഗക്കാരില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും അവരോട് ബന്ധപ്പെട്ട ഒട്ടനവധി നിര്‍മ്മിതികള്‍ തകര്‍ക്കപ്പെടുകയും ഉണ്ടായി. തുടര്‍ന്ന് തങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ധാക്ക സര്‍വകലാശാലയില്‍ ആയിരക്കണക്കിന് ഹിന്ദുക്കള്‍ റാലി നടത്തുകയും തെക്ക്-കിഴക്കന്‍ ഗ്രാമമായ ചത്തോര്‍ഗ്രാമിലുള്‍പ്പെടെ നൂറുകണക്കിന് പ്രതിഷേധങ്ങള്‍ ബംഗ്ലദേശില്‍ ഉടനീളം രൂപപ്പെടുകയുണ്ടായി. എല്ലാ പ്രതിഷേധപ്രകടനങ്ങളിലും വിളിച്ചുപറയപ്പെട്ടത് ഹിന്ദുക്കള്‍ക്ക് നേരെയുള്ള വര്‍ഗ്ഗീയകലാപങ്ങള്‍ അവസാനിപ്പിക്കുക എന്നതായിരുന്നു. കൂടാതെ, അതിക്രമങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് ഹിന്ദു സംഘടനയായ സനാതന്‍ സേവക് സംഘ് പ്രവര്‍ത്തകര്‍ യു.പിയിലെ സംഭാലില്‍ മാര്‍ച്ച് നടത്തിയപ്പോള്‍, പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉത്തരാഖണ്ഡിലെ സന്ന്യാസി സമൂഹവും രംഗത്തുവരുന്നു. മാത്രമല്ല, ആര്‍.എസ്.എസ്. ബന്ധമുള്ള സ്ത്രീസംഘടനയായ നാരീശക്തി ഫോറത്തിന്റെ കീഴിലും ഡല്‍ഹിയില്‍ പ്രതിഷേധമാര്‍ച്ച് നടന്നു. ബംഗ്ലദേശിലെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മോഹന്‍ ഭാഗവതും ആവശ്യപ്പെട്ടു. ന്യൂനപക്ഷ വിഭാഗങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം എന്ന ആവശ്യം സി.പി.എമ്മും ഉന്നയിച്ചു. കൂടാതെ ആഗോളതലത്തില്‍ തന്നെ ഹിന്ദുക്കള്‍ക്ക് നേരെയുള്ള കടന്നുകയറ്റം എന്ന രീതിയില്‍ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളും ഉണ്ടായി. യു.എസ്സിലെ ഹ്യൂസ്റ്റണില്‍ വിവിധ ഹിന്ദുസംഘടനകളുടെ കൂട്ടായ്മയായ 'ഗ്ലോബല്‍ വോയ്‌സ് ഫോര്‍ ബംഗ്ലദേശ് മൈനോറിറ്റിസ്' ബംഗ്ലദേശിലെ ഹിന്ദുക്കളെ സംരക്ഷിക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചതും ഇതിന്റെ പശ്ചാത്തലത്തിലാണ്. ഇത്തരം ആവശ്യപ്പെടലുകളുടേയും പ്രതിഷേധങ്ങളുടേയും ഫലമെന്നോണം കേവലം വര്‍ഗ്ഗീയതയില്‍ അധിഷ്ഠിതമായ കലാപങ്ങള്‍ മാത്രമാണ് ബംഗ്ലദേശില്‍ ഉരുത്തിരിഞ്ഞത് എന്നൊരു തോന്നല്‍ സമൂഹത്തിനകമേ പ്രബലമാണ്. എന്നാല്‍, ഷെയ്ഖ് ഹസീനയുടെ പലായനവും അതിനോടനുബന്ധിച്ച് ഹിന്ദുക്കള്‍ക്ക് നേരെ രൂപപ്പെട്ട കലാപങ്ങളേയും മറ്റും കേവലം മതപരമായ ശത്രുതയുടെ ഫലമെന്ന നിലയില്‍ ഒതുക്കാവുന്ന ഒന്നല്ല. കാലകാലങ്ങളായുള്ള ഇന്ത്യവിരുദ്ധ ശക്തികളുടെ കൂട്ടായ്മയുടെ ഫലമെന്നോണം കൂടിയാണ് ബംഗ്ലദേശില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെട്ടത്.
പുരാതനകാലത്ത് ഇന്ത്യയുടെ വടക്കുകിഴക്ക് ഭാഗത്തെ ബംഗാളി ഭാഷ സംസാരിക്കുന്ന ഭൂപ്രദേശമായിരുന്നു ബംഗ്ലദേശ്. വംഗദേശം, ബംഗാള എന്നിങ്ങനെയാണ് ആദ്യകാലഘട്ടങ്ങളില്‍ ആ ദേശം അറിയപ്പെട്ടിരുന്നത്. ഇന്നത്തെ ബംഗ്ലദേശും പശ്ചിമബംഗാളും ഉള്‍പ്പെടുന്നതായിരുന്നു വംഗദേശം. മുസ്ലിങ്ങളുടെ ആഗമനത്തിനു മുന്‍പുവരെ ഹിന്ദുക്കളും ബുദ്ധമതക്കാരും തിങ്ങിപ്പാര്‍ത്തിരുന്ന ഒരു ദേശമായിരുന്നു അവിടം. ഹിന്ദുമത വിശ്വാസികളായിരുന്ന സീനാവംശജരുടെ ഭരണകാലത്താണ് അവിടം മുസ്ലിങ്ങള്‍ക്ക് കീഴ്പ്പെട്ടത്. 1757 ജൂണ്‍ 22-ന് നടന്ന പ്ലാസിയുദ്ധത്തില്‍ അന്നത്തെ ബംഗാള്‍ ഭരണാധികാരിയായിരുന്ന സിറാജുദ്ദീന്‍ ദൗലയെ പരാജയപ്പെടുത്തിയതോടെ ബ്രിട്ടീഷ് ഭരണത്തിനു കീഴിലുമായി. വിഭജനകാലത്ത് പാകിസ്താന്റെ ഭാഗമായിരുന്ന ബംഗ്ലദേശ് കിഴക്കന്‍ പാകിസ്താനെന്ന പേരിലുമായിരുന്നു അറിയപ്പെട്ടിരുന്നത്. 1956-1958 കാലഘട്ടത്തിലാണ് പ്രാദേശിക സ്വയംഭരണം ആവശ്യപ്പെട്ടുകൊണ്ട് അവാമി ലീഗിന്റെ നേതൃത്വത്തില്‍ ബംഗ്ലദേശിലെ ജനങ്ങള്‍ പടിഞ്ഞാറന്‍ പാകിസ്താനോട് കലഹിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് 1970-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഷെയ്ഖ് മുജീബ് റഹ്മാന്റെ നേതൃത്വത്തിലുള്ള അവാമി ലീഗ് 300-ല്‍ 298 സീറ്റുകള്‍ കരസ്ഥമാക്കിക്കൊണ്ട് ബംഗ്ലദേശില്‍ ഭൂരിപക്ഷം നേടിയെങ്കിലും നിയമസഭാസമ്മേളനങ്ങള്‍ പല കാരണങ്ങള്‍കൊണ്ടും മാറ്റിവയ്ക്കപ്പെടുകയായിരുന്നു. പടിഞ്ഞാറന്‍ പാകിസ്താനില്‍ പീപ്പിള്‍സ് പാര്‍ട്ടിയാണ് ആ വേളയില്‍ ജയിച്ചത്. അതുകൊണ്ടുതന്നെ യോജിപ്പോടുകൂടി മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതി സംജാതമാവുകയായിരുന്നു. 1971 മാര്‍ച്ച് 1-ന് സമ്മേളിക്കാനിരുന്ന ബംഗ്ലദേശിന്റെ നിയമസഭാസമ്മേളനം മാറ്റിവെച്ചതോടുകൂടി അവാമി ലീഗിന്റെ നേതൃത്വത്തില്‍ പൊതുപണിമുടക്ക് ആരംഭിച്ചു. പിന്നീട് മറ്റു പല തീയതികള്‍ തീരുമാനിക്കപ്പെട്ടുവെങ്കിലും സമരപരിപാടികളുമായി അവാമി ലീഗ് മുന്നോട്ടുപോവുകയാണ് ചെയ്തത്. തുടര്‍ന്ന് അതിന്റെ തുടര്‍ച്ചയെന്നോണം മാര്‍ച്ച് 15-ന് ബംഗ്ലദേശ് സ്വതന്ത്രമായതായി മുജീബ് റഹ്മാന്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ പടിഞ്ഞാറന്‍ പാകിസ്താനില്‍നിന്നും ഉണ്ടായെങ്കിലും അവാമി ലീഗ് പ്രവര്‍ത്തകര്‍ അതെല്ലാം അവഗണിക്കുകയും രാജ്യത്തുടനീളം പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. പ്രക്ഷോഭങ്ങളുടെ നേതൃത്വം മുക്തിബാഹിനിക്കായിരുന്നു. ഇന്ത്യന്‍ സഹായത്തോടെ കിഴക്കന്‍ പാകിസ്താനിലെ ജനങ്ങളെ സംഘടിപ്പിച്ച് സൃഷ്ടിച്ചെടുത്ത ഒരു ചാവേര്‍പ്പടയായിരുന്നു മുക്തിബാഹിനി. പാകിസ്താന്‍ സൈനികര്‍ക്കെതിരെ ഇന്ത്യന്‍ പട്ടാളം മുക്തിബാഹിനിക്കൊപ്പം അണിനിരന്നതോടെ 16 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ ബംഗ്ലദേശ് വിജയം കൈവരിച്ചു. 1971 ഡിസംബര്‍ 17-ന് ധാക്കയില്‍വെച്ച് പാകിസ്താന്റെ സൈന്യം ഇന്ത്യന്‍ സൈന്യത്തിനു മുന്നില്‍ ആയുധംവെച്ച് കീഴടങ്ങുന്നതിലാണ് അത് ചെന്നെത്തിയത്. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സേനയുടെ സഹായം മൂലമാണ് പാകിസ്താനെ തോല്‍പ്പിച്ച് അവാമി ലീഗിന് ബംഗ്ലദേശ് എന്ന സ്വതന്ത്രരാഷ്ട്രം സൃഷ്ടിക്കാനായത്. പടിഞ്ഞാറന്‍ പാകിസ്താനില്‍നിന്നും ബംഗ്ലദേശ് എന്ന കിഴക്കന്‍ പാകിസ്താനെ അടര്‍ത്തിമാറ്റിയതില്‍ മുഖ്യമായ പങ്കുവഹിച്ചത് ഇന്ത്യ തന്നെയായിരുന്നു എന്നത് ഒരു വസ്തുതയാണ്. മാത്രമല്ല, 1968-ലാണ് ഇന്ത്യയുടെ റിസര്‍ച്ച് & അനാലിസിസ് വിങ് (റോ) രൂപീകൃതമായത്. കിഴക്കന്‍ പാകിസ്താനിലെ സംഭവവികാസങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുതന്നെയായിരുന്നു റോയുടെ രൂപീകരണം. ആദ്യ ലക്ഷ്യം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു എന്നത് 'റോ'യുടെ വളര്‍ച്ചയെ സ്വാധീനിച്ച ഒരു പ്രധാന ഘടകമായിരുന്നുവെന്നും കാണാനാകും
വിഭജനാന്തരം കശ്മീരിനെച്ചൊല്ലി ഇന്ത്യയും പാകിസ്താനും തമ്മില്‍ 1947, 1965, 1971, 1999 എന്നീ വര്‍ഷങ്ങളിലായി പല യുദ്ധങ്ങള്‍ നടന്നു. കശ്മീരിനെ ചൊല്ലിയുണ്ടായ ഒന്നാം ഇന്ത്യ-പാകിസ്താന്‍ യുദ്ധാനന്തരം, 1948-ലാണ് പാകിസ്താന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐ. ബ്രിട്ടീഷ് രാഷ്ട്രീയ താല്പര്യങ്ങളെ കൂട്ടുപിടിച്ചുകൊണ്ട് രൂപീകൃതമായത്. മാത്രമല്ല, 1971-ലെ യുദ്ധത്തെത്തുടര്‍ന്നാണ് പാകിസ്താനില്‍നിന്നും ബംഗ്ലദേശ് ഒരു സ്വതന്ത്ര രാഷ്ട്രമായി നിലകൊള്ളാന്‍ തുടങ്ങിയതെന്നും കാണാനാകും. വിവിധ കാലഘട്ടങ്ങളിലായി നടന്ന ഇന്ത്യ-പാക് യുദ്ധങ്ങളില്‍നിന്നുള്ള നിരന്തര തോല്‍വികള്‍, ബംഗ്ലദേശിന്റെ രൂപീകരണം എന്നിവയെല്ലാം കടുത്ത നിരാശയാണ് പാകിസ്താന്‍ ഭരണകൂടത്തിനും ഐ.എസ്.ഐക്കും സമ്മാനിച്ചത്. അതുകൊണ്ടുതന്നെ ഏതൊരു നിലയ്ക്കും ഇന്ത്യയെ അസ്ഥിരപ്പെടുത്തുകയെന്ന പ്രധാന ലക്ഷ്യവുമായാണ് ഐ.എസ്.ഐ. നിലകൊണ്ടിരുന്നതെന്നും കാണാനാകും.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ നിര്‍ണ്ണായകത്വം
'ഏഴ് സഹോദരിമാര്‍' എന്ന പേരിലറിയപ്പെടുന്ന വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, ആസാം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര എന്നിവ ഉള്‍പ്പെടുന്ന പ്രദേശം ഇന്ത്യയുടെ ദേശീയ ഭൂഭാഗത്തിന്റെ എട്ട് ശതമാനത്തോളമേ വരുന്നുള്ളൂ. അതേസമയം ചൈന, ഭൂട്ടാന്‍, ബംഗ്ലദേശ്, മ്യാന്‍മാര്‍ എന്നീ അയല്‍രാഷ്ട്രങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതുകൊണ്ടുതന്നെ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഇവ അതിപ്രധാനമായ സ്ഥാനവും വഹിക്കുന്നുണ്ട്. പശ്ചിമബംഗാള്‍, ത്രിപുര, മേഘാലയ, അസം, മിസോറാം എന്നീ സംസ്ഥാനങ്ങളിലായി 4096 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഇന്ത്യയ്ക്കും ബംഗ്ലദേശിനും ഇടയിലുള്ളത്. 1950-കളുടെ തുടക്കം മുതല്‍ വടക്ക്-കിഴക്കന്‍ പ്രദേശങ്ങളിലെ തദ്ദേശ ജനതയ്ക്കിടയില്‍ രൂപപ്പെട്ട ഇന്ത്യവിരുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉരുത്തിരിഞ്ഞ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താന്‍ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളുടെ അകമഴിഞ്ഞ സഹായങ്ങള്‍ ഉണ്ടായിരുന്നുവെന്ന യാഥാര്‍ത്ഥ്യം പരിശോധിക്കപ്പെടേണ്ടത് ഈയൊരു പശ്ചാത്തലത്തിലാണ്.
1971-ലെ ബംഗ്ലദേശ് വിമോചനസമരത്തില്‍ പങ്കെടുത്തവരുടെ പിന്മുറക്കാര്‍ക്ക് 1972 മുതല്‍ സര്‍ക്കാര്‍ ജോലികളില്‍ ഏര്‍പ്പെടുത്തിയിരുന്ന 30 ശതമാനം സംവരണം ആയിരുന്നു ബംഗ്ലദേശിന്റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബ് റഹ്മാന്റെ മകളായ ഷെയ്ഖ് ഹസീനയ്‌ക്കെതിരെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ പ്രധാന കാരണം. പ്രക്ഷോഭത്തെ തുടര്‍ന്ന് ഓഗസ്റ്റ് 5-ന് രാജിവെച്ച് ഹസീന ഇന്ത്യയിലേക്ക് ഓടിപ്പോയി. യു.എസ്, ബ്രിട്ടീഷ് സര്‍ക്കാരുകള്‍ ഹസീനയെ സ്വീകരിക്കാന്‍ വിസമ്മതിച്ചപ്പോഴും അവരെ സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറാവുകയായിരുന്നു. ഇന്ത്യയുടെ നടപടികളെ സംശയത്തോടുകൂടി വീക്ഷിച്ച പ്രക്ഷോഭകാരികളും മറ്റും 17 കോടിവരുന്ന ബംഗ്ലദേശ് ജനസംഖ്യയില്‍ 8 ശതമാനത്തോളം വരുന്ന ഹിന്ദു ന്യൂനപക്ഷങ്ങളെ ആക്രമിക്കാനാരംഭിച്ചു. ഷെയ്ഖ് ഹസീനയുടെ കാര്യത്തില്‍ ഇന്ത്യ കൈക്കൊണ്ട രാഷ്ട്രീയ നിലപാടുതന്നെയാണ് അവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ തിരിയുന്നതിനും പ്രേരണയായത്. ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും ഇന്ത്യയ്ക്ക് വേദനയാകുമെന്നും അതിലൂടെ ഹസീനയ്ക്ക് സഹായമൊരുക്കിയതില്‍ പകരംവീട്ടിയെന്നും പ്രക്ഷോഭത്തെ പിന്താങ്ങിയവര്‍ കരുതിയിട്ടുണ്ടാകാം. അതേസമയം, സംവരണത്തിന്റെ ആനുകൂല്യം പറ്റുന്നവരാണ് ഹസീന നേതൃത്വം നല്‍കുന്ന അവാമി ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ബംഗ്ലദേശ് ഛത്രലീഗ് പ്രവര്‍ത്തകരെന്ന പ്രക്ഷോഭകാരികളുടെ ആരോപണത്തിന് മറുപടിയെന്നോണം, ബംഗ്ലദേശ് വിമോചനസമയത്ത് വിമോചനപ്പോരാളികളെ നേരിട്ട പാകിസ്താന്‍ അനുകൂലികളുടെ പിന്‍ഗാമികളാണ് പ്രക്ഷോഭം നടത്തുന്നതെന്ന മറുവാദവും ബംഗ്ലദേശില്‍നിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ബംഗ്ലദേശിന്റെ രൂപീകരണത്തിന് കാരണക്കാരായ ഇന്ത്യക്കാരോടുള്ള പകപോക്കലും അവിടെ ഉണ്ടായി എന്ന് അനുമാനിക്കാനാകും. കാരണം, ഹിന്ദുക്കളും അവരുടെ ആരാധനാലയങ്ങളും മാത്രമല്ല ആക്രമിക്കപ്പെട്ടത്. ധാക്കയിലെ ഇന്ദിരാഗാന്ധി സാംസ്‌കാരിക കേന്ദ്രം, ബംഗബന്ധു സ്മാരക മ്യൂസിയം എന്നിവ ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടു എന്നതിനാല്‍ ഇന്ത്യവിരുദ്ധ നടപടികള്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്താശ ചെയ്തിരുന്നുവെന്നു തന്നെയാണ് തെളിയുന്നത്.
ഇന്ത്യ അനുകൂല നിലപാട് പുലര്‍ത്തുന്ന അവാമി ലീഗിന്റെ പ്രത്യക്ഷ ശത്രു ഖാലിയ സിയയുടെ ബംഗ്ലദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയാണ് (ബി.എന്‍.പി). ഏതൊരു മേഖലയിലും ഇന്ത്യവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ജമാഅത്തെ ഇസ്ലാമിയാകട്ടെ, ബി.എന്‍.പിയുടെ സഖ്യകക്ഷിയുമാണ്. പാകിസ്താന്‍ രൂപീകരണത്തിലും ഇന്ത്യയ്‌ക്കെതിരെ പാകിസ്താനില്‍നിന്നും ഉയര്‍ന്നിട്ടുള്ള വെല്ലുവിളികള്‍ക്ക് പിന്നിലും ജമാഅത്തെ ഇസ്ലാമിക്ക് കൃത്യമായ പങ്കുണ്ടെന്നു മാത്രമല്ല, ബംഗ്ലദേശില്‍നിന്നും ഉയരുന്ന ഇന്ത്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും സംഘടന സജീവമാണ്. ഇന്ത്യവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഇത്തരം സഖ്യത്തിന്റെ ഭരണകാലത്ത് പാകിസ്താന്‍ സഹായത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭീകരര്‍ക്ക് ബംഗ്ലദേശ് സുരക്ഷിതമായ ഒളിത്താവളമായിരുന്നു. 1990-കളുടെ തുടക്കത്തില്‍ തന്നെ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ആസാം (ഉള്‍ഫ) എന്ന തീവ്രവാദ സംഘടനയ്ക്ക് പതിനാലിലധികം ക്യാമ്പുകള്‍ ബംഗ്ലദേശില്‍ ഉണ്ടായിരുന്നു. മാത്രമല്ല, ഇന്ത്യവിരുദ്ധ നിലപാടുകളുമായി നിലകൊള്ളുന്ന നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് (എന്‍.എസ്.സി.എന്‍), പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) എന്നിവരുടെ ക്യാമ്പുകളും അവിടെ സജീവമായിരുന്നു. ഇന്ത്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സുരക്ഷിതമായ ഇടം എന്നതിനോടൊപ്പം ആയുധപരിശീലന മൈതാനങ്ങളായും ആയുധവിതരണത്തിനുള്ള കേന്ദ്രങ്ങളായും പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പുകളാല്‍ കുപ്രസിദ്ധമായിരുന്നു ബംഗ്ലദേശിന്റെ അതിര്‍ത്തി ഗ്രാമങ്ങള്‍. 1960 മുതല്‍; അന്ന് പാകിസ്താന്‍ രണ്ടായി വിഭജിക്കപ്പെട്ടിരുന്നില്ല, നാഗാതീവ്രവാദികള്‍ക്ക് പാകിസ്താനില്‍നിന്നും ആയുധങ്ങള്‍ ലഭിച്ചിരുന്നു. 1971-ല്‍ ബംഗ്ലദേശിന്റെ പിറവിയോടുകൂടി അത്തരം ആയുധ ലഭ്യതയ്ക്ക് കുറവ് സംഭവിച്ചുവെങ്കിലും 1980 മുതല്‍ അത് പൂര്‍വാധികം ശക്തി പ്രാപിക്കുകയും 1990-ഓടുകൂടി ധാക്കയിലെ പാകിസ്താന്‍ എംബസി വഴി എന്‍.എസ്.സി.എന്നിന്റേയും ഉള്‍ഫയുടേയും പ്രവര്‍ത്തനങ്ങളില്‍ ഐ.എസ്.ഐ നേരിട്ട് ഇടപെടാനും തുടങ്ങിയിരുന്നു. അതിനെ തുടര്‍ന്നാണ് 1991-ല്‍ ഉള്‍ഫയുടെ നേതാക്കന്മാര്‍ പാകിസ്താന്‍ സന്ദര്‍ശിച്ച് ഉള്‍ഫ തീവ്രവാദികള്‍ക്ക് ആയുധപരിശീലനം നടത്താനുള്ള ഐ.എസ്.ഐയുമായുള്ള കരാറില്‍ ഒപ്പുവെച്ചത്. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രൂപപ്പെട്ട ഇന്ത്യവിരുദ്ധ ശക്തികളെ ഊട്ടിയുറപ്പിച്ചത് ബംഗ്ലദേശിലെ പാകിസ്താന്‍ എംബസി കേന്ദ്രീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ചാരസംഘടനയായ ഐ.എസ്.ഐ ആയിരുന്നു. അത്തരം തീവ്രവാദ സംഘങ്ങള്‍ക്ക് ആവശ്യമായ ആയുധങ്ങള്‍ ഇറക്കുമതിചെയ്തു നല്‍കുന്നതില്‍ പാകിസ്താന് അതീവ താല്പര്യമായിരുന്നു. ഇന്ത്യയെന്ന മതേതരത്വ-ജനാധിപത്യ രാജ്യത്തെ അസ്ഥിരപ്പെടുത്തുകയെന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ഐ.എസ്.ഐ, ജമാഅത്തെ ഇസ്ലാമി എന്നിവയുടെ കൈകള്‍ ഹസീനയുടെ തിരോധാനത്തിലും ഇന്ത്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. ഇന്ത്യവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി കശ്മീരില്‍ സജീവമായിരുന്ന ഹിസ്ബുള്‍ മുജാഹിദീന്‍ എന്ന തീവ്രവാദ സംഘടന 1989-ല്‍ പാകിസ്താനിലാണ് രൂപപ്പെട്ടതെങ്കിലും പാകിസ്താനിലെ ജമാഅത്തെ ഇസ്ലാമിയുടെ സായുധസംഘം തന്നെയായിരുന്നു അത്.
ജമാഅത്തെ ഇസ്ലാമിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബലൂചിസ്ഥാനിലെ മദ്രസകളില്‍ നിന്നുള്ളവരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് താലിബാന്‍ നേതാവായ മുല്ല ഒമര്‍ കാണ്ഡഹാര്‍ കീഴ്പ്പെടുത്തിയതെന്ന കാര്യം തീവ്രവാദപ്രവര്‍ത്തനങ്ങളുമായി ജമാഅത്തെ ഇസ്ലാമി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ നേര്‍ തെളിവുകള്‍ തന്നെയാണ്. അതുകൊണ്ടുതന്നെ തൊണ്ണൂറുകളില്‍ സംഭവിച്ചതുപോലുള്ള വര്‍ദ്ധിത ഇന്ത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദികളില്‍നിന്നും ഉണ്ടായേക്കാം. ഹസീനയുടെ ഭരണം ഇല്ലായ്മ ചെയ്തു എന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല ബംഗ്ലദേശിലെ മാറ്റങ്ങള്‍. ഇന്ത്യയുടെ സഹായത്താല്‍ സൃഷ്ടിക്കപ്പെട്ട ഒരു രാജ്യത്തെ ഉപയോഗിച്ചുകൊണ്ടുതന്നെ ഇന്ത്യവിരുദ്ധ ശക്തികള്‍ ഇന്ത്യയ്‌ക്കെതിരെ ഒത്തുകൂടും. ഇന്ത്യയെ സംബന്ധിച്ച് നയതന്ത്രരംഗത്തും മേഖലയുടെ ഭൗമരാഷ്ട്രീയത്തിലും ഇതുവരെ ഉണ്ടായിരുന്ന വിശ്വസ്തതയാണ് ചോദ്യം ചെയ്യപ്പെടാന്‍ പോകുന്നത്. ബംഗ്ലദേശ് കേന്ദ്രീകരിച്ച് ഇന്ത്യയെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പാകിസ്താന്‍ സ്വാധീനമുള്ള ഭീകരസംഘടനകളെ നേരിടുന്നതിന് ഇന്ത്യയ്ക്ക് ലഭിച്ചിരുന്ന സഹായങ്ങള്‍ ഇനിയങ്ങോട്ട് ലഭിക്കില്ലായെന്ന് മാത്രമല്ല, ഇന്ത്യയ്‌ക്കെതിരെയുള്ള അത്തരം പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായും അവിടം മാറും.
ബംഗ്ലദേശില്‍ രാഷ്ട്രീയ നേതൃത്വത്തിനെതിരെ രൂപപ്പെട്ട പ്രക്ഷോഭങ്ങളെ അറബ് വസന്തത്തോടും മുന്‍ സോവിയറ്റ് രാജ്യങ്ങളില്‍ നടന്ന വര്‍ണ്ണ വിപ്ലവങ്ങളോടും താരതമ്യം ചെയ്തുകൊണ്ട് ബംഗ്ലദേശിലെ വസന്തസമരമെന്ന് കുറിക്കാനാണ് ഇന്ത്യയില്‍ പലരും തയ്യാറായത്. അത്തരം ആളുകള്‍ തിരിച്ചറിയേണ്ട ചിലതുണ്ട്. ആഗോളതലത്തില്‍ ഏറെ ചര്‍ച്ചയാവുകയും ഇപ്പോള്‍ ഇന്ത്യയും കാനഡയും തമ്മിലുണ്ടാവുന്ന അസ്വാരസ്യത്തിനു കാരണമാകുകയും ചെയ്ത ഖാലിസ്ഥാന്‍ വാദികളെ വാര്‍ത്തെടുത്തതിലും പാകിസ്താന്റെ പങ്ക് വളരെ വ്യക്തമാണ്. ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ പ്രദേശങ്ങളില്‍ നിലകൊള്ളുന്ന വിഘടനവാദികള്‍, കശ്മീരിനോട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍, പഞ്ചാബിനോട് ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ ഖാലിസ്ഥാന്‍ വാദികള്‍ എന്നിവര്‍ക്കെല്ലാം സാമ്പത്തിക-ആയുധസഹായം, രാഷ്ട്രീയ മാര്‍ഗനിര്‍ദ്ദേശം. ഭീകരര്‍ക്കുള്ള പരിശീലനം എന്നിവയെല്ലാം പാകിസ്താന്റെ ചാരസംഘടനയായ ഐ.എസ്.ഐ ആണ് നല്‍കിക്കൊണ്ടിരുന്നത്. ഭരണമാറ്റം ബംഗ്ലദേശിനെ സംബന്ധിച്ച് അനിവാര്യമായിരിക്കാം. എന്നാല്‍, ഇന്ത്യവിരുദ്ധ കൂട്ടായ്മയുടെ കേന്ദ്രമെന്ന നിലയിലേക്ക് അവിടം അധഃപതിക്കാനും പാടില്ല. അങ്ങനെയല്ലാതാകാനുള്ള യാതൊരു സാധ്യതയും കാണാനാവുന്നില്ല എന്നതാണ് ഏറെ ഖേദകരം. ശത്രുരാജ്യങ്ങളായി മാറേണ്ടതുണ്ടെന്ന് ബംഗ്ലദേശിന്റെ നിയന്ത്രണം കയ്യാളുന്നവര്‍ തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അസ്വാരസ്യങ്ങളും പിറവിയെടുത്തുകഴിഞ്ഞു. ത്രിപുരയിലെ ഡംബര്‍ അണക്കെട്ട് തുറന്നുവിട്ട് ബംഗ്ലദേശില്‍ വെള്ളപ്പൊക്കം സൃഷ്ടിച്ചുവെന്ന ആരോപണങ്ങളെല്ലാം അതിന്റെ ഭാഗമാണ്.
മതത്തിനു പുറത്തേക്കു വളരാത്ത പൗരന്‍
സംഭവങ്ങളുടെ കാര്യകാരണങ്ങള്‍ തീര്‍ത്തും രാഷ്ട്രീയമെങ്കിലും എന്തുകൊണ്ടാണ് മതസംഘട്ടനങ്ങള്‍ എന്ന് പരക്കെ വിവക്ഷിക്കപ്പെടുന്ന ഇത്തരം പ്രവൃത്തികള്‍ക്ക് വേരോട്ടം ഉണ്ടാകുന്നതെന്ന സ്വാഭാവിക ചോദ്യം ഉയര്‍ന്നേക്കാം. കാരണം മറ്റൊന്നുമല്ല. ഇന്ത്യ ഉള്‍പ്പെടെയുള്ള ഇത്തരം രാഷ്ട്രങ്ങളിലെ പൗരന്മാരില്‍ ഭൂരിപക്ഷവും മതങ്ങള്‍ക്ക് അടിമപ്പെട്ട് ജീവിക്കുന്നവരായതുകൊണ്ടുതന്നെ, സമാന മതസ്ഥരായ ആരെങ്കിലും സ്വന്തം ദേശത്തുവെച്ചോ അന്യദേശത്തുവെച്ചോ അന്യമതസ്ഥരാല്‍ ആക്രമിക്കപ്പെട്ടാല്‍ സ്വന്തം മതത്തിനെതിരെയുള്ള കടന്നുകയറ്റമായിട്ടായിരിക്കും അത് വിലയിരുത്തപ്പെടുക. അതായത്, പൗരന്മാര്‍ എന്ന വിശേഷണത്തിനകമേ സമാന ജനതയാണെന്ന് നടിക്കുമ്പോഴും ജാതി-മത-രാഷ്ട്രീയ ചിന്തകള്‍ക്ക് അടിമപ്പെട്ട് പ്രത്യേക സംഘങ്ങളായി നിലനില്‍ക്കാനുള്ള പ്രവണത ഇത്തരം ആളുകളില്‍ പ്രബലമാണ്. അതുകൊണ്ടുതന്നെ പൗരന്മാര്‍ എന്ന പദവിക്കകമേ സുരക്ഷിതരാക്കപ്പെടേണ്ട ജനങ്ങളില്‍ പലരും അവര്‍ ഏത് മതവിഭാഗത്തെ പ്രതിനിധീകരിക്കുന്നു എന്നതിനെ ആശ്രയിച്ച് തകര്‍ച്ചയിലേക്കോ തകര്‍ച്ചയ്ക്ക് കാരണക്കാരാകുന്ന തലത്തിലേക്കോ മാറ്റപ്പെടാറുണ്ട്. ഭൂരിപക്ഷ ശക്തി ന്യൂനപക്ഷങ്ങളുടെമേല്‍ അമിതാധികാരം സ്ഥാപിച്ചുകൊണ്ട് മതരാഷ്ട്രം സ്ഥാപിക്കാനുള്ള ഉദ്യമത്തില്‍ ഏര്‍പ്പെടുന്നതായുള്ള സംശയം ജനിക്കുന്നതും ഇതേ അവസരത്തില്‍ തന്നെയാണ്. ഇന്ത്യയില്‍ ജനാധിപത്യം തകര്‍ക്കപ്പെട്ടാല്‍ അതിന്റെ തിക്താനുഭവം പേറികൊണ്ട് അഭയാര്‍ത്ഥികളായി രൂപാന്തരപ്പെടേണ്ടത് ന്യൂനപക്ഷങ്ങളായ ഇസ്ലാംമത വിശ്വാസികളായിരിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഭാഗത്തുനിന്നുകൊണ്ടാണ് തൊട്ടയല്‍പക്കത്തെ മണ്ണില്‍ ബഹുഭൂരിപക്ഷ സമുദായമായ ഇതേ ഇസ്ലാംമത അനുയായികള്‍ അവിടത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ക്കെതിരെ കൊടിയ മര്‍ദ്ദനങ്ങള്‍ അഴിച്ചുവിടുന്നതിനും സമൂഹം സാക്ഷിയാകുന്നത്. ബഹുഭൂരിപക്ഷത്തെ നിര്‍ണ്ണയിക്കുന്ന എണ്ണത്തിന്റെ ആധിക്യമനുസരിച്ച് വേട്ടക്കാര്‍ ഇരകളായും ഇരകള്‍ വേട്ടക്കാരുമായി വേഷം മാറാം എന്നതിന്റെ തെളിവുകള്‍ തന്നെയാണ് ഇതെല്ലാം. ന്യൂനപക്ഷ വര്‍ഗ്ഗീയത ഭൂരിപക്ഷ വര്‍ഗ്ഗീയതപോലെ അപകടകരമല്ലായെന്ന് 2022-ലാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രസ്താവിച്ചത്. അപ്പോഴും വര്‍ഗ്ഗീയത കുടികൊള്ളുന്നില്ലായെന്ന് അദ്ദേഹത്തിന് പറയാനാകുമായിരുന്നില്ല. എന്നാല്‍, ഒരു ദേശത്ത് അപകടകരമല്ലായെന്ന് വിധിയെഴുതപ്പെട്ട അതേ വര്‍ഗ്ഗീയത തന്നെയാണ് തൊട്ടടുത്ത ദേശത്ത് അപകടകരമായ വര്‍ഗ്ഗീയതയായി മാറിയതെന്ന കാര്യം കണ്ടില്ലെന്നു നടിക്കാവുന്ന കാര്യമല്ല. ഏതു നിലയ്ക്ക് ചിന്തിച്ചാലും വര്‍ഗ്ഗീയത ആപല്‍ക്കരം തന്നെയാണെന്നാണ് ഇത് തെളിയിക്കുന്നത്. മതപരമായി സംഘടിക്കുക, മതപരമായി എതിരിടുക എന്നതില്‍നിന്നും മതപരമായി സംഘടിക്കുക, മതപരമായി ആക്രമിക്കുക എന്നതിലേക്ക് രൂപമാറ്റം സംഭവിക്കാന്‍ ചില ഘടകങ്ങള്‍ ഒത്തുവരണമെന്നേയുള്ളൂ. സംഘടിതശക്തിയോട് എതിരിടാനുള്ള സംഘബലം കൈവരിക്കുമ്പോള്‍ ആപല്‍ക്കരമല്ലായെന്ന് എഴുതിത്തള്ളിയവയെല്ലാം വലിയ വിപത്തുകള്‍ സൃഷ്ടിക്കുന്ന യന്ത്രങ്ങളായി പ്രവര്‍ത്തിക്കുമെന്നതിന്റെ തെളിവുകള്‍ കൂടിയാണ് ബംഗ്ലദേശില്‍നിന്നും ലഭ്യമാകുന്നത്.
ഒരു സാമൂഹികക്രമത്തിനകമേ നിലകൊള്ളുന്ന ജനങ്ങളെന്ന നിലയില്‍ ബംഗ്ലദേശില്‍ പീഡനങ്ങള്‍ക്കിരയായ ഏതൊരു വിഭാഗത്തേയും തങ്ങള്‍ക്കൊപ്പം കാണാനാണ് ഇതേ അവസ്ഥയെ അഭിമുഖീകരിച്ചവരോ അഭിമുഖീകരിക്കുമെന്ന് ഭയപ്പെടുന്നവരോ ആയ ആളുകള്‍ ശ്രമിക്കേണ്ടിയിരുന്നത്. എന്നാല്‍, അവിടെയുണ്ടാകുന്ന പീഡനങ്ങളെ ആത്മാര്‍ത്ഥമായി തള്ളിപ്പറയാന്‍ പലര്‍ക്കും കഴിയുന്നില്ലായെന്നത് ചിലരെ സംബന്ധിച്ചെങ്കിലും അത്തരം കാര്യങ്ങള്‍ അനിവാര്യമായിരുന്നുവെന്ന് ചിന്തിക്കുന്നുവെന്നാണ് തെളിയിക്കുന്നത്. സ്വസമുദായത്തില്‍ ഉള്‍പ്പെടുന്നവര്‍, അവര്‍ വേട്ടക്കാരോ ഇരകളോ ആയിക്കൊള്ളട്ടെ, സമുദായാംഗങ്ങള്‍ എന്ന നിലയില്‍ അവര്‍ക്കൊപ്പം നിലകൊള്ളാനാണ് ജാതി, മത ചിന്തകള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് ജീവിക്കുന്ന ഓരോ പൗരനും ശ്രമിക്കുന്നത്. പൗരന്മാരെന്ന നിലയില്‍ ഒരു രാഷ്ട്രത്തിനകത്തെ ജനങ്ങളെല്ലാം ഒരു ഏകകമാണെന്ന വിശ്വാസം നിലനിര്‍ത്തണമെന്നതൊന്നും ജാതി, മത ചിന്തകളുടെ മുന്നില്‍ പ്രയോഗികമല്ലാതാവുകയാണ്. ബംഗ്ലദേശില്‍ ആക്രമണത്തിന് ഇരയാക്കപ്പെട്ടത് അവിടത്തെ പൗരന്മാരാണ്. മനുഷ്യരെന്ന നിലയില്‍ അതില്‍ ആകുലപ്പെടാനും അതുകൊണ്ടുതന്നെ അത്തരം പ്രവൃത്തികളെ അപലപിക്കാനും ഏതൊരു മനുഷ്യനും ഉത്തരവാദിത്വമുണ്ട്. എന്നാല്‍ അതേസമയം അത്തരം സാഹചര്യങ്ങളില്‍നിന്നും പാഠം ഉള്‍ക്കൊണ്ട് സമാന സാഹചര്യങ്ങള്‍ ഇനിയെങ്കിലും സ്വന്തം രാഷ്ട്രത്തിനകത്ത് രൂപപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കേണ്ട ഉത്തരവാദിത്വവും ഇതേ പൗരന്മാര്‍ക്കുണ്ട്. നിര്‍ഭാഗ്യവശാല്‍ ഏകജനത എന്നതിനെക്കാള്‍ സാമുദായികമായി ശക്തിപ്പെടുക എന്നതിനാണ് വര്‍ത്തമാനസമൂഹം ശ്രദ്ധ ചെലുത്തുന്നത്.
മതം, ജാതി, ഭാഷ എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനവും അക്രമവും പീഡനവും മറ്റും ഒരു പരിഷ്‌കൃത സമൂഹത്തിനും അംഗീകരിക്കാനാവാത്ത കാര്യങ്ങള്‍ തന്നെയാണ്. അതുകൊണ്ടുതന്നെ ഏത് ദേശത്തായാലും ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭീതിയില്ലാതെ ജീവിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അതാത് ദേശങ്ങളിലെ ഭരണകൂടങ്ങളുടെ കടമയാണ്. അപ്പോള്‍ മാത്രമാണ് ജനാധിപത്യം ശരിയായ ദിശയിലൂടെയാണ് മുന്നേറുന്നതെന്ന് പറയാനാകൂ. ഭരണഘടന ഉറപ്പു നല്‍കുന്ന മൂല്യങ്ങളെല്ലാം എല്ലാവരുടേയും കാര്യത്തില്‍ കാര്യക്ഷമമായി പ്രാവര്‍ത്തികമാക്കപ്പെടുന്നുണ്ടെന്ന് വിലയിരുത്തേണ്ട കാവല്‍സൈന്യം തന്നെയാണ് അതാതുകാലത്തെ ഓരോ ഭരണകൂടവും. ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ നിലപാട് ഭരണം കയ്യാളുന്ന വിഭാഗങ്ങളുടെ രാഷ്ട്രീയ നിലപാടുകളുമായി യോജിച്ചുപോകുന്നതായിരിക്കണമെന്നില്ല. മതങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്നതുകൊണ്ടാണ് ഒരിക്കലും യോജിച്ചുപോകാനാവാത്ത വിധത്തില്‍ ന്യൂനപക്ഷങ്ങളുടേയും ബഹുഭൂരിപക്ഷങ്ങളുടേയും രാഷ്ട്രീയ പ്രവര്‍ത്തനമേഖല മാറിയത്. മതങ്ങള്‍ക്ക് കീഴ്പ്പെടാതെയുള്ള രാഷ്ട്രീയത്തെ പിന്‍പറ്റാന്‍ എപ്പോള്‍ ശ്രമമുണ്ടാകുന്നോ അപ്പോള്‍ മാത്രമേ ഇത്തരം വിഭാഗീയതകള്‍ക്ക് അല്പമെങ്കിലും ശമനം ലഭിക്കുകയുള്ളൂ. മാത്രമല്ല, അത്തരം വിഭാഗീയതകളും വിഭാഗീയതകളെ തുടര്‍ന്നുണ്ടാകുന്ന വിഘടനവാദവും ഇല്ലായ്മ ചെയ്യപ്പെട്ടാല്‍ മാത്രമേ ശത്രുതയോടുകൂടി നിലകൊള്ളുന്ന അയല്‍രാജ്യങ്ങളിലെ ചാരസംഘടനകളും തീവ്രവാദ ചായ്വുകളുള്ള മതസംഘങ്ങളും മറ്റും ഇന്ത്യയെ അസ്ഥിരപ്പെടുത്തുകയെന്ന ദൗത്യത്തില്‍നിന്നും പിന്‍വാങ്ങുകയുള്ളൂ. പ്രാദേശിക ജനങ്ങളുടെ പിന്തുണയില്ലെങ്കില്‍ ഒരു ബാഹ്യശക്തിക്കും വിജയിക്കാനാകില്ലെന്ന് അവര്‍ക്കും ബോധ്യമുണ്ട്.?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
