

മോള്‍ക്ക് പേര് അതുതന്നെയല്ലേ ഇടേണ്ടതെന്ന് ചോദിച്ചപ്പോള്‍ അതെയെന്ന അര്‍ത്ഥത്തില്‍ മുഖമൊന്ന് അവള്‍ അനക്കി. ആ പേര് അവള്‍ നേരത്തേ ഉറപ്പിച്ചിരുന്നു. ഉപകരണങ്ങളുടെ ശബ്ദം മാത്രം കേള്‍ക്കാവുന്ന ആ ആശുപത്രിമുറിയില്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അത് മാത്രമായിരുന്നു അവളില്‍നിന്ന് അവസാനമുണ്ടായ ചലനം. അന്നത് കണ്ടപ്പോള്‍ എനിക്കും കരച്ചില്‍ വന്നു. പിന്നങ്ങോട്ട് അവളുടെ സ്ഥിതി വളരെ മോശമായി. വേദനയോടുപോലും അവള്‍ പ്രതികരിക്കാതെയായി. ശബ്ദമോ പ്രകാശമോ അവളെ ബാധിച്ചില്ല. ജീവിതവുമില്ല മരണവുമില്ലാത്ത അവസ്ഥ. ഏഴെട്ടുമാസങ്ങള്‍ അങ്ങനെ കടന്നുപോയി. കോമ എന്നത് ഒരു അസുഖമല്ല, അതൊരു അവസ്ഥയാണെന്നത് പതിയെ ഞങ്ങളും മനസ്സിലാക്കുകയായിരുന്നു. തീര്‍ത്തും നിസ്സഹായരായിരുന്നു ഞങ്ങള്‍.
അനിതയെക്കുറിച്ച് പറഞ്ഞുതുടങ്ങുമ്പോള്‍ സഹോദരി ഹേമയുടെ വാക്കുകള്‍ മുറിയുന്നു. ഇതിനിടയില്‍ ഒന്നരവയസ്സുള്ള മകള്‍ നിറചിരിയുമായി ആ കുഞ്ഞുവീട്ടില്‍ ഓടിനടക്കുന്നു. അവളുടെ ചിരിയും തമാശകളുമാണ് ഇന്ന് ആ വീട്ടിലെ പ്രകാശം. ഒരു ഡോക്ടറുടെ ചികിത്സാപ്പിഴവില്‍, ഒരു ആശുപത്രിയുടെ അനാസ്ഥയില്‍ നഷ്ടമായ ഒരു ജീവനായിരുന്നു പത്തനംതിട്ട കിടങ്ങന്നൂര്‍ സ്വദേശിയായ അനിതയുടേത്. സംഭവിച്ചതെന്തെന്ന് സഹോദരി ഹേമയുടെ വിവരണം ഇങ്ങനെ:
2015-ല്‍ ആദ്യ പ്രസവത്തോടനുബന്ധിച്ച് അനിതയ്ക്ക് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. അന്ന് കൊച്ചിയിലെ അമൃതയില്‍ ചികിത്സ തേടി. ആറുമാസത്തെ ചികിത്സയ്ക്ക് ശേഷം എല്ലാം മാറുകയും ചെയ്തു. ആവശ്യമുണ്ടെങ്കില്‍ അടുത്തെവിടെയെങ്കിലുമുള്ള ആശുപത്രിയിലെ സൈക്യാട്രിസ്റ്റിനെ കണ്‍സള്‍ട്ട് ചെയ്താല്‍ മതിയെന്നാണ് അന്ന് അമൃതയിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. 2020-ല്‍ വീണ്ടും ഗര്‍ഭിണിയായി. പക്ഷേ, അത് അബോര്‍ഷനായിപ്പോയി. അപ്പോള്‍ വീണ്ടും പ്രശ്നം വന്നു. അങ്ങനെയാണ് നൂറനാട് ഇടപ്പോണിലെ ജോസ്‌കോ മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയില്‍ സൈക്യാട്രിസ്റ്റ് ഡോ. അനില്‍കുമാറിനെ കണ്‍സള്‍ട്ട് ചെയ്യുന്നത്. അന്ന് പക്ഷേ, അഡ്മിറ്റൊന്നും ചെയ്തിരുന്നില്ല. വേറെ പ്രശ്നങ്ങളൊന്നുമില്ലാത്തതുകൊണ്ട് മരുന്നുമാത്രം കൊണ്ട് അതും മാറി.
പിന്നെ, 2023-ല്‍ രണ്ടാമത്തെ പ്രസവത്തോട് അനുബന്ധിച്ചാണ് ആ ആശുപത്രിയില്‍ അനിത ചികിത്സ തേടുന്നത്. ജോസ്‌കോയിലെത്തന്നെ ഗൈനക്കോളജിസ്റ്റിനെയായിരുന്നു കാണിച്ചുകൊണ്ടിരുന്നത്. പ്രസവത്തീയതി പറഞ്ഞിരുന്ന സമയത്ത് ആ ഡോക്ടര്‍ അവധിയിലായതോടെയാണ് മറ്റൊരു ഹോസ്പിറ്റലില്‍ കാണിച്ചുതുടങ്ങിയത്. പെണ്‍കുഞ്ഞായിരുന്നു, സിസേറിയനായിരുന്നു. കുഞ്ഞുമായി വീട്ടില്‍ തിരിച്ചെത്തി രണ്ടാഴ്ചയ്ക്കിടെ അനിതയ്ക്ക് ചില ബിഹേവിയറല്‍ ചെയ്ഞ്ചസ് കണ്ടുതുടങ്ങി. അങ്ങനെ വീണ്ടും ജോസ്‌കോയിലെ ഡോ. അനില്‍കുമാറിനെ കണ്ടു. ആദ്യം ഭര്‍ത്താവ് അനൂപ് ചെന്ന് മരുന്ന് വാങ്ങി. എന്നാല്‍, വ്യത്യാസമൊന്നുമില്ലാത്തതിനാല്‍ അനിതയേയും കൂട്ടി രണ്ടാമതും ഡോക്ടറെ കാണാന്‍ ചെല്ലുകയായിരുന്നു. ഒരു ശനിയാഴ്ചയായിരുന്നു പോയത്. അന്ന് ആ ഡോക്ടര്‍ അവധിയിലായിരുന്നു. നഴ്സുമാര്‍ വിളിച്ച് ചോദിച്ചപ്പോള്‍ അഡ്മിറ്റ് ചെയ്തോളാന്‍ ഡോക്ടര്‍ ഫോണില്‍ പറഞ്ഞു. അങ്ങനെ ഒരു മുറിയില്‍ അവര്‍ രണ്ടുപേരും തിങ്കളാഴ്ച വരെ ആശുപത്രിയില്‍ കഴിഞ്ഞു. തിങ്കളാഴ്ച ഡോക്ടറെത്തി പരിശോധിച്ചശേഷം വിദഗ്ദ്ധ ചികിത്സ വേണമെന്നും പത്ത് ദിവസത്തേക്ക് അഡ്മിറ്റ് ചെയ്യണമെന്നും ഡോക്ടര്‍ പറഞ്ഞു.
ഡെലിവറി കഴിഞ്ഞതല്ലേ, കുട്ടിയൊക്കെ ഉള്ളതല്ലേ... അഡ്മിറ്റാക്കിത്തന്നെ ചികിത്സിക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു. സംശയമൊന്നും നമുക്കും അന്നുണ്ടായിരുന്നില്ല. എല്ലാ ആശുപത്രികളിലും കൂട്ടിരിപ്പുകാരുണ്ടാകുമല്ലോ. എന്നാല്‍, അഡ്മിഷന്റെ സമയത്ത് ആശുപത്രിയുടെ നിയമപ്രകാരം കൂട്ടിരിപ്പുകാരേയോ ബന്ധുക്കളേയോ രോഗിയുടെ കൂടെ നിര്‍ത്താനാകില്ലെന്നും പറഞ്ഞു. പെരിനിയല്‍ വാര്‍ഡില്‍ ആരെയും കൂടെ നിര്‍ത്താനാകില്ലെന്നാണ് അവര്‍ പറഞ്ഞത്. രോഗിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഡോക്ടര്‍ക്കും ആശുപത്രിക്കുമായിരിക്കുമെന്ന് ഞങ്ങള്‍ക്ക് അവര്‍ ഉറപ്പുനല്‍കി. മനസ്സില്ലാമനസ്സോടെയാണെങ്കിലും അവരുടെ ഉറപ്പില്‍ ഞങ്ങള്‍ വിശ്വസിച്ചെന്ന് പറയുന്നു അച്ഛന്‍ ഹരിച്ചന്ദ്ര ബാബു.
ഈ പത്തുദിവസത്തിനിടയില്‍ ഞങ്ങള്‍ പലതവണ ഫോണില്‍ വിളിച്ചു. കിട്ടിയില്ല. ഇതിനിടയില്‍ ബന്ധുക്കള്‍ പലരും ചെന്നെങ്കിലും ആരെയും കാണിച്ചില്ല. നഴ്സുമാരെയാരെയെങ്കിലും കിട്ടിയാല്‍ത്തന്നെ അവര്‍ വിവരങ്ങളൊന്നും പറയുകയുമില്ല. ഫോണില്‍ വിളിച്ചാല്‍ വിവരങ്ങളൊന്നും തരാന്‍ പറ്റില്ലെന്നായിരുന്നു നഴ്സുമാര്‍ പറഞ്ഞുകൊണ്ടിരുന്നത്. നേരത്തേ പറഞ്ഞ പ്രകാരം, പത്തുദിവസം പൂര്‍ത്തിയാകുന്ന മേയ് മൂന്നിന് ഡിസ്ചാര്‍ജ് ചെയ്യേണ്ടതായിരുന്നു. അന്ന് ഞങ്ങള്‍ വിളിക്കാന്‍ ആശുപത്രിയിലെത്തി. ഞാനും ഇളയമകളും മൂത്തമകളുടെ ഭര്‍തൃപിതാവുമൊത്താണ് പോയത്. അസുഖം പൂര്‍ണ്ണമായി ഭേദമായിട്ടില്ലെന്നും ഒരാഴ്ച കൂടി കഴിഞ്ഞിട്ട് ഡിസ്ചാര്‍ജ് ചെയ്യാമെന്നുമാണ് ഡോക്ടര്‍ അന്ന് പറഞ്ഞത്. കാണണമെന്ന് വാശിപിടിച്ചപ്പോള്‍ അവരെന്നെ അവളുടെ അടുത്തോട്ട് കൊണ്ടുപോയി. തീര്‍ത്തും അവശയായിരുന്നു അവള്‍. വിളിച്ചിട്ടുപോലും അനക്കമുണ്ടായിരുന്നില്ല. ചോദിച്ചപ്പോള്‍ മരുന്നിന്റെ സെഡേഷനാണെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍, അന്ന് രാത്രി പതിനൊന്നരയോടെ ആശുപത്രിയില്‍നിന്ന് എനിക്കൊരു കോള്‍ വന്നു. അനിത ഐ.സി.യുവിലാണെന്നും അവസ്ഥ വളരെ ക്രിട്ടിക്കലാണെന്നും എത്രയും വേഗം കൂടുതല്‍ സംവിധാനങ്ങളുള്ള നല്ല ആശുപത്രിയിലേക്ക് മാറ്റണമെന്നും അറിയിച്ചു. അപ്പോള്‍ തന്നെ ഞങ്ങള്‍ ആശുപത്രിയിലെത്തി.
ചെല്ലുമ്പോള്‍ ഐ.സി.യുവില്‍ അത്യാസന്ന നിലയില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കാണുന്നത്. ഐ.സി.യു എന്ന് ആ മുറിയെ വിളിക്കാമോ എന്നെനിക്കറിയില്ല. ഒരു ഓക്സിജന്‍ മാസ്‌ക് മാത്രം വച്ചിട്ടുണ്ട്. ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞതിങ്ങനെയാണ്: ''കുറച്ച് സമയം മുന്‍പ് അനിത നിലത്ത് വീണു. സാച്ചുറേഷന്‍ ലെവല്‍ കുറവാണ്. ബി.പിയും ഫോളൗട്ടാണ്. വളരെ ക്രിട്ടിക്കലാണ്. എത്രയും പെട്ടെന്ന് ഷിഫ്റ്റ് ചെയ്യണം എന്നാണ് അവര്‍ പറഞ്ഞത്.'' എന്താണ് ഇങ്ങനെ വരാന്‍ കാര്യമെന്ന് അന്വേഷിച്ചപ്പോള്‍ അറിയില്ലെന്നാണ് അവരും മറുപടി നല്‍കിയത്. അന്ന് വെളുപ്പിന് രണ്ടുമണിയോടെ അവര്‍ തന്നെ നിര്‍ദേശിച്ച തിരുവല്ലയിലെ ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജിലേക്ക് അവളെ മാറ്റി. ഇതിനിടയില്‍ ബില്‍ പേയ്മെന്റ് എല്ലാം അവര് അടപ്പിച്ചു. ബിലീവേഴ്സില്‍ എത്തുമ്പോഴേക്കും അവസ്ഥ തീര്‍ത്തും മോശമായിക്കഴിഞ്ഞിരുന്നു. നേരേ വെന്റിലേറ്ററിലേക്കാണ് അവളെ ഷിഫ്റ്റ് ചെയ്യുന്നത്. പിറ്റേദിവസം വിദഗ്ദ്ധ ഡോക്ടര്‍മാരെത്തി. മെനിഞ്ചൈറ്റിസാണെന്നായിരുന്നു സംശയം. പിറ്റേദിവസവും നിലയില്‍ മാറ്റമൊന്നും കണ്ടില്ല. അങ്ങനെ ലംബര്‍ പംങ്ചര്‍ ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞു. എന്തായാലും ബ്രെയിനില്‍ ഇന്‍ഫെക്ഷനുണ്ടെന്ന് അവര്‍ വ്യക്തമായി പറഞ്ഞിരുന്നു. ഏതൊക്കെ മരുന്നുകളാണ് കൊടുത്തതെന്നറിയണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അങ്ങനെ ഞാന്‍ ഡോ. അനില്‍കുമാറിനെ വീണ്ടും കണ്ടു. ഞാന്‍ പ്രത്യേകിച്ച് മരുന്നുകളൊന്നും കൊടുത്തിട്ടില്ലെന്നായിരുന്നു അയാളുടെ മറുപടി.
അങ്ങനെയാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചി അമൃതയിലെത്തിച്ചത്. അങ്ങനെ നീണ്ട പരിശോധനയ്ക്കൊടുവില്‍ കുറച്ച് മാറ്റം അവള്‍ക്കുണ്ടായി. സെപ്റ്റിസീമിയയാണ് ഈ അവസ്ഥയ്ക്കു കാരണമെന്ന് കണ്ടെത്തി. അതുണ്ടാകാന്‍ കാരണം ആദ്യം അഡ്മിറ്റ് ചെയ്ത ആശുപത്രിയിലെ ശ്രദ്ധക്കുറവാണ്. ഇന്‍ഫെക്ഷനുണ്ടാകുകയും പത്തുദിവസം യാതൊരു ചികിത്സ നല്‍കാതിരുന്നതോടെ രോഗം ഗുരുതരമായെന്നാണ് കണ്ടെത്തിയത്. സെപ്റ്റിസീമിയ വഴി തലച്ചോറിലും അണുബാധയുണ്ടായി. അതോടെ തലച്ചോറിന്റെ ഒരു ഭാഗം നശിച്ചുപോയതോടെ കോമയിലായെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് പറയുന്നു ഹരിച്ചന്ദ്രബാബു. സൈക്യാട്രി മെഡിസിന്‍ ഓവര്‍ഡോസായിരിക്കാം, അല്ലെങ്കില്‍ സിസേറിയന്‍ കഴിഞ്ഞ മുറിവില്‍നിന്നുള്ള ഇന്‍ഫെക്ഷന്‍ ആയിരിക്കാം എന്നീ രണ്ട് കാര്യങ്ങളാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. അങ്ങനെ രണ്ടരമാസം വെന്റിലേറ്ററിലായിരുന്നു. അതിനു ശേഷം വാര്‍ഡിലേക്ക് മാറ്റിയപ്പോള്‍ ഹൃദയാഘാതമുണ്ടായി. ഒരേ കിടപ്പായതിനാല്‍ പള്‍മണറി എംബോളിസമുണ്ടായി. അതോടെ തലച്ചോറിന്റെ ബാക്കികൂടി പ്രവര്‍ത്തനരഹിതമായി. അങ്ങനെ പിന്നീട് കുറേക്കാലം ആശുപത്രിയില്‍തന്നെ തുടര്‍ന്നു. ഫിസിയോതെറാപ്പിയും മറ്റും തുടര്‍ന്നു. വലിയ മാറ്റങ്ങളുണ്ടായില്ല. 2024 നവംബര്‍ നാലിന് അവള്‍ പോയി.
സത്യത്തില്‍ അനിത കോമയിലായിരുന്ന സമയത്ത് ഞങ്ങള്‍ക്കൊന്നും ചിന്തിക്കാന്‍ പോലുമുള്ള മാനസികാവസ്ഥയായിരുന്നില്ല. അവള്‍ക്ക് ചിലപ്പോള്‍ എല്ലാം കേള്‍ക്കാനും മനസ്സിലാക്കാനും കഴിയുമായിരുന്നിരിക്കണം. ഏതായാലും ചികിത്സാപ്പിഴവാണെന്ന സംശയം ഞങ്ങളില്‍ ബലപ്പെട്ടുകൊണ്ടിരുന്നു. അതിനിടയില്‍ പഴയ ആശുപത്രിയിലെ ചികിത്സ സംബന്ധിച്ച രേഖകള്‍ ഞങ്ങളാവശ്യപ്പെട്ടു. അവര്‍ തരാന്‍ കൂട്ടാക്കിയില്ലെന്നു മാത്രമല്ല, തന്നതൊക്കെ അവ്യക്തമായിരുന്നു. ഒരുപക്ഷേ, ആ രേഖകള്‍ അവര്‍ തന്നിരുന്നെങ്കില്‍ ബിലീവേഴ്സിലേയും അമൃതയിലെയും ചികിത്സയ്ക്ക് അത് ഗുണകരമായേനേ. അവിടുത്തെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമായിരുന്നു ആ രേഖകള്‍ ചോദിച്ചതും. അവരെന്തൊക്കെയോ ഒളിക്കുന്നതായി ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. തെളിവിനായി എല്ലാം ഞങ്ങള്‍ റെക്കോഡ് ചെയ്തിരുന്നു. ജോസ്‌കോ ഹോസ്പിറ്റലിന്റെ എം.ഡിയുമായുള്ള സംഭാഷണമടക്കം. അങ്ങനെയാണ് തെളിവുകളെല്ലാമായി പിന്നീട് പരാതിയുമായി മുന്നോട്ടുപോയത്.
ഇക്കാര്യങ്ങളൊക്കെ വിശദീകരിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അത് ആരോഗ്യമന്ത്രിക്ക് കൈമാറി. മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമിക അന്വേഷണമെന്ന രീതിയില്‍ ഡെപ്യൂട്ടി ഡി.എം.ഒയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. മൂന്ന് ഡോക്ടര്‍മാരായിരുന്നു അന്വേഷണസംഘത്തില്‍. ഞങ്ങളെ അവര്‍ ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ വിളിച്ച് മൊഴി എടുത്തിട്ടുണ്ട്. ഹോസ്പിറ്റലുകാരുടേയും ചികിത്സിച്ച ഡോക്ടറുടേയും മൊഴി എടുത്തതിനു ശേഷം റിപ്പോര്‍ട്ടാക്കി ഡി.എം.ഒയ്ക്കു സമര്‍പ്പിക്കുമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍, റിപ്പോര്‍ട്ട് ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് പറയുന്നു അനിതയുടെ സഹോദരീ ഭര്‍ത്താവ് അരുണ്‍. ഇതിനു പുറമേ ഡി.ജി.പിക്കും പരാതി നല്‍കി. ആ പരാതി ഡി.ജി.പി ആലപ്പുഴ എസ്.പിക്ക് കൈമാറി. ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പിക്ക് പരാതി കിട്ടി. അങ്ങോട്ട് വിളിച്ച് അന്വേഷിച്ചപ്പോഴാണ് മൊഴിയെടുത്തത്. അത് കഴിഞ്ഞിട്ട് നടപടിയൊന്നുമുണ്ടായില്ല. ഇതിനിടെ നൂറനാട് പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി. സി.ഐ സ്റ്റേറ്റ്മെന്റ് എടുത്തിട്ടുണ്ടെങ്കിലും ഇതുവരെ എഫ്.ഐ.ആര്‍ ഇട്ടിട്ടില്ല. ആ അന്വേഷണവും നടന്നുവരുന്നു.
ഇതുകൂടാതെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിലും പരാതി നല്‍കി. 15 ദിവസത്തിനകം കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും ഇത്രയും നാളും ഡി.എം.ഒ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് പറയുന്നു അരുണ്‍. പിന്നീട് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ഈ ആശുപത്രിയില്‍ ഇത്തരം മരണങ്ങളുണ്ടാകുന്നുണ്ടെന്ന് അറിഞ്ഞത്. അവരില്‍ ചിലര്‍ പരാതിയും നല്‍കിയിട്ടുണ്ട്. പലരും ചികിത്സാപ്പിഴവ് ആണെന്നുപോലും അറിയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യമെന്നു പറയുന്നു അരുണ്‍. അനിതയുടെ ചികിത്സാച്ചെലവിനായി ഇതിനകം രണ്ടു കോടിയോളം രൂപ ചെലവായി. സാമ്പത്തികഭദ്രതയുള്ള കുടുംബമൊന്നുമല്ല ഞങ്ങളുടേത്. അതുകൊണ്ടുതന്നെ അനിതയുടെ ഭര്‍ത്താവിന് തിരിച്ച് ഗള്‍ഫിലെ ജോലി സ്ഥലത്തേക്ക് പോകേണ്ടിവന്നു. അനിതയുടെ മൂത്തമകന്‍ ഭര്‍ത്താവിന്റെ വീട്ടുകാരുടെ സംരക്ഷണയിലും മകള്‍ അനിതയുടെ വീട്ടിലും കഴിയുന്നു.
ചോദ്യം ചെയ്യാത്ത ക്രിമിനല്‍ക്കുറ്റം
2016 ഏപ്രില്‍ മുതല്‍ 2024 ഒക്ടോബര്‍ 8 വരെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ പ്രതികളായ 69 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയ കണക്കാണ് ഇത്. സര്‍ക്കാര്‍ മേഖലയിലെ ആശുപത്രികളില്‍ മാത്രമുള്ള കണക്കാണ് ഇത്. സ്വകാര്യമേഖലയിലെ കണക്കുകള്‍ സര്‍ക്കാര്‍ കൈവശമില്ല. രാജ്യത്തെ മെഡിക്കല്‍ നിയമങ്ങള്‍ പ്രാരംഭദശയിലായതിനാല്‍ ഈ മേഖലയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ രക്ഷപ്പെടുകയാണ് പതിവ്. മാത്രമല്ല, കോടതിയില്‍പോലും കുറ്റകൃത്യം തെളിയിക്കാന്‍ എളുപ്പമല്ല. പൊതുസമൂഹത്തിനും ഭരിക്കുന്നവര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഇന്ത്യയിലെ മെഡിക്കല്‍നിയമങ്ങളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മെഡിക്കല്‍, പാരാമെഡിക്കല്‍ കോഴ്സുകളിലൊന്നും മെഡിക്കല്‍ നിയമം പഠനവിഷയവുമല്ല. ഇനി മെഡിക്കല്‍ നെഗ്ലിജന്‍സ് കേസുകളില്‍ രണ്ടു വിഭാഗമുണ്ട്. ക്രിമിനല്‍ മെഡിക്കല്‍ നെഗ്ലിജന്‍സും സിവില്‍ മെഡിക്കല്‍ നെഗ്ലിജന്‍സും.
സാധാരണ ക്രിമിനല്‍ കേസുകളില്‍, കുറ്റം ചെയ്യുക എന്ന ലക്ഷ്യത്തോടെ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടെന്ന് തെളിഞ്ഞാല്‍ മാത്രമേ കേസ് നിലനില്‍ക്കൂ. എന്നാല്‍, ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട കേസുകളില്‍ അങ്ങനെയല്ല. ബോധപൂര്‍വം കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുക എന്നതല്ല കേസെടുക്കുമ്പോള്‍ ഇവിടെ പരിഗണിക്കുന്നത്. മറിച്ച്, രോഗിയെ ചികിത്സിക്കുന്നതില്‍ ഡോക്ടര്‍ ഉദാസീനത കാണിച്ചു എന്ന തരത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുക. അതായത് ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ രോഗിക്ക് നേരിടേണ്ടിവന്നേക്കാവുന്ന എല്ലാ പ്രത്യാഘാതങ്ങളെക്കുറിച്ചും ധാരണയുണ്ടായിട്ടും ഡോക്ടര്‍ അശ്രദ്ധയോടെ പെരുമാറിയെന്നും വേണ്ട പരിചരണം ലഭ്യമാക്കിയില്ല എന്നതിനുമാണ് കേസ്. ഈ കുറ്റകരമായ ഉദാസീനതയാണ് ക്രിമിനല്‍ കേസ് എന്ന തരത്തിലേക്ക് എത്തിക്കുന്നത്. ക്രിമിനല്‍ കേസ് ആണെങ്കില്‍ കുറ്റാരോപിതരായ ഡോക്ടര്‍ക്കുമേല്‍ കുറ്റം സ്ഥാപിച്ചെടുക്കണമെങ്കില്‍ ഡോക്ടര്‍ ഗ്രോസ് നെഗ്ലിജന്റ് ആയിരിക്കണം. എന്നാല്‍, ഗ്രോസ് നെഗ്ലിജന്റ് എന്തായിരിക്കണം എന്നത് എവിടെയും നിര്‍വ്വചിച്ചിട്ടില്ല. ഇതാണ് ഡോക്ടര്‍മാര്‍ക്ക് ശിക്ഷ കിട്ടുന്നത് കുറയാന്‍ കാരണം. അതുകൊണ്ടുതന്നെ പരാതി നല്‍കിയാലും അന്വേഷണമുണ്ടായാലും പ്രതികളായ ഡോക്ടര്‍മാര്‍ക്ക് രക്ഷപ്പെടാനാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates