

21ജനുവരി 1930. ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു കോടതിയില്‍ കുപ്രസിദ്ധമായ ലാഹോര്‍ ഗൂഢാലോചന കേസിന്റെ വിചാരണ തുടങ്ങുവാനായി മജിസ്ട്രേറ്റ് വന്ന് തന്റെ കസേരയില്‍ ഇരുന്നതും പ്രതിക്കൂട്ടില്‍നിന്നും 'ലെനിന്‍ മരിക്കുന്നില്ല', 'സാമ്രാജ്യത്വം തുലയട്ടെ', 'സാര്‍വ്വദേശീയ കമ്യൂണിസം സിന്ദാബാദ്' എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നുപൊങ്ങി. വിചാരണ കഴിഞ്ഞു. ബ്രിട്ടീഷ് ഇന്ത്യയുടെ സാമ്രാജ്യത്വ കോടതി ധീര സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് തൂക്ക് കയര്‍ വിധിച്ചു. തൂക്കിലേറ്റുന്നതിനു മുന്‍പ് വിപ്ലവകാരികളില്‍ ഒരുവനായ ഭഗത്സിങ്ങിനോട് തന്റെ അവസാന ആഗ്രഹം എന്തെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''മരിക്കുന്നതിനു മുന്‍പ് എനിക്ക് ലെനിനെ വായിച്ചുതീര്‍ക്കണം.'' തൂക്ക് കയറിലേക്ക് നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോള്‍ പോലും അദ്ദേഹം ലെനിന്‍ എന്ന മഹാരഥന്റെ വാക്കുകള്‍ വായിക്കുന്ന തിരക്കിലായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഈ അദ്ധ്യായം മാത്രം മതി ലോകമെമ്പാടുമുള്ള സാമ്രാജ്യത്വവിരുദ്ധ പ്രവര്‍ത്തകര്‍ക്ക് വ്‌ലാദിമിര്‍ ഇല്യാനോവിച്ച് ലെനിന്‍ എന്ന വിപ്ലവ സൂര്യന്‍ ചെലുത്തിയ സ്വാധീനം മനസ്സിലാക്കാന്‍. സോഷ്യലിസത്തിന്റെ ശത്രുക്കള്‍ തങ്ങളുടെ പ്രൊപ്പഗാണ്ടകളിലൂടെ ലെനിന്റെ നേട്ടങ്ങളേയും ആശയങ്ങളേയും താറടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്രവും അത് മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുകളും എന്നത്തേയും പോലെ സജീവമായി നിലകൊള്ളുന്നു.
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തിനും മനുഷ്യരാശിയെ ചൂഷണത്തില്‍നിന്നും അടിച്ചമര്‍ത്തലുകളില്‍നിന്നും മോചിപ്പിക്കുന്നതിനുംവേണ്ടി ലെനിന്‍ ലോകത്തിനു നല്‍കിയ മഹത്തായ സംഭാവനകളെക്കുറിച്ച് ചിന്തിക്കാനും പഠിക്കാനുമുള്ള സുപ്രധാന അവസരം നല്‍കുന്ന വാര്‍ഷികമാണിത്.
മാറ്റങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്ന ഏതൊരു വിപ്ലവ പ്രസ്ഥാനത്തിനും ഈ ലെനിനിസ്റ്റ് മാതൃകയാണ് പ്രചോദനമായിട്ടുള്ളത്.
ലെനിന്‍ പകര്‍ന്നുതന്ന പാഠങ്ങള്‍
മാര്‍ക്സും എംഗല്‍സും തൊഴിലാളി വിമോചനങ്ങള്‍ക്കു ശാസ്ത്രീയ അടിത്തറ പാകിയപ്പോള്‍ ലെനിന്റെ എഴുത്തുകളും പ്രവര്‍ത്തനവും വിപ്ലവ പോരാട്ട പ്രസ്ഥാനങ്ങള്‍ക്കു സംഭാവന ചെയ്തത്, മാര്‍ക്സിയന്‍ രീതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍, മനുഷ്യസമൂഹത്തെക്കുറിച്ചുള്ള പഠനവും തിരിച്ചറിവുകളും അതിലൂന്നിയുള്ള പ്രവര്‍ത്തനവുമാണ്. 1895-1896 കാലഘട്ടത്തില്‍ തടവറയില്‍വച്ച് വിപ്ലവ പാര്‍ട്ടിയുടെ കരടുപദ്ധതി തയ്യാറാക്കുമ്പോള്‍ അദ്ദേഹം സൂചിപ്പിക്കുന്നത്, മുതലാളിത്തത്തിനെതിരെയുള്ള തൊഴിലാളിവര്‍ഗ്ഗത്തിന്റെ പോരാട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഏതൊരു വര്‍ഗ്ഗത്തിനെതിരെയുള്ള സമരമാണെന്നും തൊഴിലാളിവര്‍ഗ്ഗത്തിന്റെ കരങ്ങളിലേക്ക് രാഷ്ട്രീയ അധികാരം എത്തുന്നതിലൂടെ മാത്രമേ ഈ പോരാട്ടം ലക്ഷ്യം കാണുകയുള്ളു എന്നുമാണ്. ഇതിലൂടെ ഭൂമിയും ഉപകരണങ്ങളും ഫാക്ടറികളും അതിന്റെ ലാഭവുമെല്ലാം ഉല്പാദനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കുതന്നെ ഗുണം ചെയ്യുന്ന ഒരു സോഷ്യലിസ്റ്റ് ഉല്പാദനക്രമം രൂപം കൊള്ളുമെന്നും ലെനിന്‍ കൂട്ടിച്ചേര്‍ക്കുന്നു.
മാര്‍ക്സിന്റെ പാത പിന്തുടര്‍ന്ന ലെനിന് ഒരു കാര്യം വ്യക്തമായിരുന്നു, തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണം കൂടാതെ ചൂഷണവര്‍ഗ്ഗത്തില്‍നിന്നും തൊഴിലാളികളെ മോചിപ്പിക്കാന്‍ സാധ്യമല്ല എന്ന വസ്തുത. അങ്ങനെയാണ് അദ്ദേഹം, വിപ്ലവ പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ വര്‍ഗ്ഗബോധമുള്ള തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് അച്ചടക്കവും പ്രതിബദ്ധതയുമുള്ള സംഘടിതമായ ഒരു വിപ്ലവ പാര്‍ട്ടിയുടെ ആശയത്തിലേക്ക് എത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍, ദുര്‍ഘടമായ സാഹചര്യങ്ങളെ മറികടന്നുകൊണ്ട് റഷ്യന്‍ സാമ്രാജ്യത്തിന്റെ കിരാതഭരണത്തിന്റെ കീഴില്‍ വസിച്ചിരുന്ന ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി, അവരുടെ ഉള്ളിലെ വര്‍ഗ്ഗബോധം ഉണര്‍ത്തിക്കൊണ്ട്, തൊഴിലാളിവര്‍ഗ്ഗത്തെ സംഘടിപ്പിച്ച് ബോള്‍ഷെവിക്കുകള്‍ ഒക്ടോബര്‍ വിപ്ലവത്തിനു മുന്നോടിയായി ഒരു വിപ്ലവ പ്രസ്ഥാനത്തിനു രൂപംകൊടുത്തു. വിപ്ലവത്തെ തകര്‍ക്കാന്‍ വേണ്ടി സാമ്രാജ്യത്വശക്തികള്‍ പലതരത്തിലുള്ള പ്രതിവിപ്ലവ ശ്രമങ്ങള്‍ നടത്തി എങ്കിലും അവര്‍ അതിന്റെ അര്‍പ്പണബോധവും സംഘടനശക്തിയുംകൊണ്ട് അതിനെയെല്ലാം മറികടന്നു.
തൊഴിലാളികളെ ദേശീയതയുടെ പേരിലും വിഭാഗീയതയുടെ പേരിലും വിഭജിക്കുന്നതിനെ നഖശിഖാന്തം എതിര്‍ത്തയാളായിരുന്നു ലെനിന്‍. തൊഴിലാളികള്‍ തമ്മില്‍ മതവിദ്വേഷത്തിന്റെ പേരിലോ തീവ്രദേശീയത നിമിത്തമോ അസംഘടിതരാകരുത് എന്നും സാഹോദര്യത്തിലും പോരാട്ടവീര്യത്തിലും ഒത്തുചേര്‍ന്ന് മുതലാളിത്തത്തെ താഴെ ഇറക്കാന്‍ സംഘടിതരാകണമെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. മാറ്റങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്ന ഏതൊരു വിപ്ലവ പ്രസ്ഥാനത്തിനും ഈ ലെനിനിസ്റ്റ് മാതൃകയാണ് പ്രചോദനമായിട്ടുള്ളത്.
ജനാധിപത്യത്തിന്റെ പ്രാധാന്യം വ്യക്തമായി മനസ്സിലാക്കിയ വ്യക്തിയായിരുന്നു ലെനിന്‍. സാര്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് ഏകാധിപത്യ ഭരണത്തെ താഴെ ഇറക്കി ജനാധിപത്യത്തിനുവേണ്ടി പോരാടണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
ഒക്ടോബര്‍ വിപ്ലവത്തിന്റെ നായകന്‍
ലെനിന്റെ കാലത്ത് അന്ന് യൂറോപ്പിലെ മാര്‍ക്സിയന്‍ ചിന്താധാരയില്‍ ഉള്‍പ്പെടുന്ന സോഷ്യലിസ്റ്റുകള്‍ അടക്കം യുദ്ധത്തിന്റെ പേരില്‍ തങ്ങളുടെ രാഷ്ട്രീയ പ്രത്യശാസ്ത്രങ്ങള്‍ മറന്ന് ദേശീയതയ്ക്കു പിന്നാലെ പോയവരായിരുന്നു. എന്നാല്‍, അവരില്‍നിന്ന് വ്യത്യസ്തമായി, സാമ്രാജ്യത്വത്തെക്കുറിച്ചും നിലവില്‍ നടക്കുന്ന യുദ്ധത്തില്‍ അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ശരിയായ വിശകലനം നടത്താന്‍ ലെനിനു സാധിക്കുന്നു. ആനുകാലിക സാഹചര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തിലൂന്നിയ ബോധ്യമാണ് അദ്ദേഹത്തെ ജനകീയനാക്കിയത്. അതുകൊണ്ടാണ് 1917 ഏപ്രിലില്‍ ഏകദേശം പത്ത് വര്‍ഷത്തെ നാടുകടത്തലിനു ശേഷം പെട്രോഗ്രാഡില്‍ എത്തിയ ലെനിനെ സ്വീകരിക്കാന്‍ ഫിന്‍ലന്‍ഡിലെ ആ സ്റ്റേഷനില്‍ ആയിരക്കണക്കിനു തൊഴിലാളികള്‍ ഒത്തുകൂടിയതും. പിന്നീട് അദ്ദേഹം അവരുടെ വിപ്ലവത്തിന്റെ രാഷ്ട്രീയ നേതൃത്വം ഏറ്റെടുത്തതും. വര്‍ഗ്ഗസമരത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള തെളിവായ വിശകലനവും കാഴ്ചപ്പാടുകളും ലെനിനെ ലോക ചരിത്രത്തെത്തന്നെ മാറ്റിമറിച്ച മഹത്തായ സോഷ്യലിസ്റ്റ് ഒക്ടോബര്‍ വിപ്ലവത്തിന്റെ അമരക്കാരനും ചാലകശക്തിയുമാക്കി.
ഈ പോരാട്ടത്തിന്റെ ഫലമായി അദ്ദേഹം റഷ്യയിലെ തൊഴിലാളികളെ സംഘടിപ്പിച്ച്, തൊഴിലാളികള്‍ തന്നെ ഭരണചക്രം നിയന്ത്രിക്കുന്ന സോവിയറ്റ് യൂണിയന്‍ എന്ന ചൂഷണവിരുദ്ധ സോഷ്യലിസ്റ്റ് സാമൂഹ്യക്രമത്തെ സ്ഥാപിച്ചു. ജനങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ ഉയര്‍ന്നതും വ്യവസായ മേഖല മുതല്‍ ശാസ്ത്ര - സാങ്കേതിക മേഖലകളില്‍ വരെ ഉണ്ടായ വളര്‍ച്ചയും സൗജന്യ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും വേണ്ടി ഉള്ള പദ്ധതികളും സാമ്പത്തിക സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായതും ഈ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായാണ്. മാത്രമല്ല, തൊഴിലിനുള്ള അവകാശനിയമം വന്നതും സോവിയറ്റ് സാംസ്‌കാരിക മേഖലയ്ക്ക് ഉണ്ടായ ഉയര്‍ച്ചയുമെല്ലാം ഇടത് കമ്യൂണിസ്റ്റ് ഭരണകാലത്തിന്റെ സംഭാവനകളാണ്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട് രൂപീകൃതമായ ആദ്യ രാജ്യമെന്ന നിലയിലും അതിലേക്കു നയിച്ച സോഷ്യലിസ്റ്റ് മുന്നേറ്റവും ലോകമെമ്പാടുമുള്ള തൊഴിലാളി വര്‍ഗ്ഗത്തിനു നല്‍കിയ പ്രതീക്ഷയുടെ വെളിച്ചം ചെറുതല്ല.
ജനാധിപത്യത്തിന്റെ പ്രാധാന്യം വ്യക്തമായി മനസ്സിലാക്കിയ വ്യക്തിയായിരുന്നു ലെനിന്‍. സാര്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് ഏകാധിപത്യ ഭരണത്തെ താഴെ ഇറക്കി ജനാധിപത്യത്തിനുവേണ്ടി പോരാടണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ലെനിന്‍ തന്റെ സമകാലികരെപ്പോലെ ജനാധിപത്യ വിപ്ലവം നയിക്കേണ്ടത് ബൂര്‍ഷ്വകളാണ് എന്ന സങ്കുചിത വീക്ഷണത്തിന് ഉടമയായിരുന്നില്ല. മറിച്ച് തൊഴിലാളിവര്‍ഗ്ഗത്തിനു മാത്രമേ ജനാധിപത്യത്തിനു വേണ്ടിയുള്ള സന്ധിയില്ലാ സമരം നയിക്കാന്‍ സാധിക്കുകയുള്ളു എന്ന് ലെനിന്‍ വാദിച്ചു. ബൂര്‍ഷ്വകള്‍ തങ്ങളുടെ സ്വത്തിനു നേരെ ഭീഷണി ഉയരുമ്പോള്‍ മറുകണ്ടം ചാടി ഏകാധിപതിക്കു വേണ്ടി സ്തുതിപാടുമ്പോള്‍, തൊഴിലാളിവര്‍ഗ്ഗം ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടം തുടര്‍ന്നുപോരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ജനാധിപത്യത്തോടും തെരഞ്ഞെടുപ്പുകളോടും ബൂര്‍ഷ്വ പാര്‍ലമെന്റുകളുടെ സംവിധാനത്തോടും ലെനിന്റെ കാഴ്ചപ്പാടുകള്‍ നമുക്ക് തരുന്ന മാതൃക, ഒരു വിപ്ലവകാരി തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ ശബ്ദം ഉയര്‍ന്നുകേള്‍ക്കുന്നതിനായി തന്റെ മുന്നിലുള്ള ഏത് മാര്‍ഗ്ഗവും സ്വീകരിക്കാന്‍ തയ്യാറാകണമെന്നാണ്.
ലെനിന്‍ മരിച്ച് നൂറ് വര്‍ഷങ്ങള്‍ക്കു ഇപ്പുറവും തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തിനും മുതലാളിത്തത്തിന്റെ പീഡനങ്ങള്‍ മൂലം അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങള്‍ക്കും സോഷ്യലിസത്തിനും ലെനിന്‍ കാണിച്ചുതന്ന മാതൃകയും പകര്‍ന്നുതന്ന പ്രതീക്ഷയും ഇന്നും പ്രസക്തമായി തുടരുന്നു.
ലെനിന്റെ സൈദ്ധാന്തിക വീക്ഷണവും ആധുനിക ലോകവും
സൈദ്ധാന്തിക തലത്തില്‍ ലെനിന്റെ സംഭാവനകള്‍ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തെ നവീകരണത്തിന്റെ പാതയിലേക്കു നയിച്ചു. മാനവസമൂഹത്തില്‍ മാറ്റം കൊണ്ടുവരാനും മനസ്സിലാക്കാനുമുള്ള ഒരു പുതിയ രീതിശാസ്ത്രമാണ് അദ്ദേഹത്തിന്റെ എഴുത്തുകള്‍ സമ്മാനിച്ചത്. ലെനിന്റെ പ്രത്യയശാസ്ത്രപരമായ ഉള്‍ക്കാഴ്ചകളില്‍ ഏറ്റവും പ്രധാനപ്പെട്ടതും ആനുകാലിക പ്രസക്തിയുള്ളതുമായ ഒന്നാണ് സാമ്രാജ്യത്വത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണം.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി യൂറോപ്യന്‍മാരും അമേരിക്കയും ഏഷ്യന്‍ - ആഫ്രിക്കന്‍ വന്‍കരകളില്‍ നടത്തിയ സാമ്രാജ്യത്വ ശ്രമങ്ങള്‍, പഴയ ചക്രവര്‍ത്തി ഭരണത്തിനു കീഴില്‍ നടന്നുപോന്നിരുന്ന കൊളോണിയല്‍ പ്രവര്‍ത്തനങ്ങള്‍പോലെയാകില്ല എന്ന് നേരത്തെ തന്നെ ലെനിന്‍ മനസ്സിലാക്കിയിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വന്‍കിട മുതലാളിത്ത രാജ്യങ്ങള്‍ തങ്ങളുടെ പക്കലുള്ള മൂലധനം വിദേശത്തേക്കു കയറ്റുമതി ചെയ്യാന്‍ നിര്‍ബ്ബന്ധിതരായി. സാമ്രാജ്യത്വത്തിലൂടെ ഉയര്‍ന്നുവന്ന കുത്തക മുതലാളിത്തം ലിബറല്‍ സാമ്പത്തിക ശാസ്ത്രത്തിനു പകരം സ്ഥാനം പിടിച്ചു. സിന്‍ഡിക്കേറ്റുകളും കോര്‍പറേറ്റുകളും വന്‍കിട ട്രസ്റ്റുകളും കാര്‍ട്ടലുകളും നിയന്ത്രിക്കുന്ന 'പുതിയ മുതലാളിത്തത്തിന്' ഫ്രീ മാര്‍ക്കറ്റ് മുഖമുദ്രയായിരുന്ന 'പഴയ മുതലാളിത്തം' വഴിമാറി കൊടുക്കുകയായിരുന്നു. വന്‍ ലാഭങ്ങള്‍ കൊയ്യാന്‍ വേണ്ടി സാമ്രാജ്യത്വ ശക്തികള്‍ ഏത് തരം കാട്ടാളത്തത്തിനും മുന്നിട്ടിറങ്ങും എന്ന ലെനിന്റെ വിശകലനം ശരിവയ്ക്കുന്നതാണ്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഈ രണ്ടാം ദശകത്തിലും തുടര്‍ന്നുപോരുന്ന പ്രകൃതി വിഭവങ്ങള്‍ക്കും കടല്‍-കര വഴിയുള്ള വ്യാപാരമാര്‍ഗ്ഗങ്ങള്‍ക്കും കമ്പോളത്തിന്മേലുള്ള അധികാരത്തിനും വേണ്ടി സാമ്രാജ്യത്വ ബ്ലോക്കുകള്‍ തമ്മില്‍ നടക്കുന്ന വടംവലികളും യുദ്ധങ്ങളും അതുമൂലം ഉണ്ടാക്കുന്ന അസമത്വ സാഹചര്യങ്ങളും നാശനഷ്ടങ്ങളും മരണങ്ങളും ദാരിദ്ര്യവുമെല്ലാം.
സാര്‍വ്വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ലെനിന്‍ പകര്‍ന്നുതന്ന വിപ്ലവ ചിന്തകളുടേയും പ്രവര്‍ത്തനരീതികളുടേയും പാഠങ്ങള്‍ മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തെ കാലത്തിനൊത്ത് വളര്‍ത്തുവാനും, പുതുക്കുവാനും സഹായിച്ചു. ലെനിന്‍ മരിച്ച് നൂറ് വര്‍ഷങ്ങള്‍ക്കു ഇപ്പുറവും തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തിനും മുതലാളിത്തത്തിന്റെ പീഡനങ്ങള്‍ മൂലം അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങള്‍ക്കും സോഷ്യലിസത്തിനും ലെനിന്‍ കാണിച്ചുതന്ന മാതൃകയും പകര്‍ന്നുതന്ന പ്രതീക്ഷയും ഇന്നും പ്രസക്തമായി തുടരുന്നു.
അടുത്തു വരുന്ന തെരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ പ്രതിഷേധ സൂചകമായി തങ്ങളുടെ വോട്ടവകാശം, സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ രേഖപ്പെടുത്തുമെന്നും ബിഷപ്പ് പ്ലാംപാനി പറഞ്ഞു. കേരളത്തില്‍ വനവിസ്തൃതി ഓരോ വര്‍ഷവും വര്‍ധിച്ചു വരികയാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates