പ്രതീക്ഷയുടെ വെള്ളിവെളിച്ചമോ ഇരുട്ടടിയോ

ദേശീയ തലത്തിൽ ഒരു ‘ഇലക്ട്രിസിറ്റി കൗൺസിൽ’ സ്ഥാപിക്കാനുള്ള കരട് ഇലക്ട്രിസിറ്റി (ഭേദഗതി) ബിൽ
Image of KSEB workers
കെ.എസ്.ഇ.ബി ജീവനക്കാര്‍SaneshSaka
Updated on
5 min read

ദേശീയ തലത്തിൽ ഒരു ‘ഇലക്ട്രിസിറ്റി കൗൺസിൽ’ സ്ഥാപിക്കാനുള്ള കരട് ഇലക്ട്രിസിറ്റി (ഭേദഗതി) ബിൽ, 2025-ലെ നിർദേശം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.

ഇതിനകം സംസ്ഥാന ഗവണ്‍മെന്റുകളുടെ അഭിപ്രായങ്ങൾ തേടി ഈ ബില്‍ വിതരണം ചെയ്തിട്ടുണ്ട്. കരട് ബില്ലനുസരിച്ച് യൂണിയന്‍ ഗവണ്‍മെന്റിലാണ് ഇത്തരമൊരു കൗൺസിലിന് രൂപം നൽകാനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത്. വൈദ്യുതി ഉല്പാദനം, പ്രസരണം, വിതരണം എന്നിവയിൽ സമ്പൂര്‍ണമായ മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിടുന്ന ഈ കരട് ബിൽ, വൈദ്യുതോര്‍ജ മേഖലയില്‍ ഇപ്പോള്‍ പിന്തുടര്‍ന്നു വരുന്ന പ്രവർത്തനരീതികളേയും സാമ്പത്തിക സ്ഥിതിയേയും മാറ്റിമറിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികൾ ഉൾക്കൊള്ളുന്ന ഒന്നാണ്.

സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്നുകയറാന്‍ ഈ ബില്‍ വഴിയൊരുക്കും എന്നതാണ് വ്യാപകമായ ഭയം. അധികാരത്തില്‍ വന്നതിനുശേഷം മോദി ഗവണ്‍മെന്റ് തുടര്‍ച്ചയായി സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയും ഫെഡറലിസത്തിനു പരുക്കേല്പിക്കുകയും ചെയ്യുന്ന നടപടികള്‍ കൈക്കൊണ്ടുവരുന്നു എന്ന ആക്ഷേപം വ്യാപകമായി നിലനില്‍ക്കെയാണ് വൈദ്യുതി മേഖലയിലും സംസ്ഥാനങ്ങളുടെ എതിര്‍പ്പു വിളിച്ചുവരുത്തിയിട്ടുള്ള ഈ നീക്കം. ചരക്ക് സേവന നികുതി (ജി.എസ്‌.ടി) കൗൺസിലിന് സമാനമായി ഇത്തരമൊരു സമിതിയുടെ രൂപീകരണത്തോടെ വൈദ്യുതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ നഷ്ടമാകും എന്ന ആശങ്കയാണ് കഴിഞ്ഞദിവസം വിദ്യുച്ഛക്തി വകുപ്പുമന്ത്രി കെ. കൃഷ്ണൻകുട്ടി പ്രകടിപ്പിച്ചത്. വൈദ്യുതി വിതരണം സ്വകാര്യവൽക്കരണത്തിന് കളമൊരുക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി കരട് ബില്ലിലെ വ്യവസ്ഥകളെ അദ്ദേഹം എതിർക്കുന്നു. വൈദ്യുതി താരിഫ് നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന കാര്യങ്ങളിൽ വൈദ്യുതി കൗൺസിൽ യൂണിയന്‍ ഗവണ്‍മെന്റിന്റെ നിയന്ത്രണം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം ആശങ്കപ്പെടുന്നു.

കരട് ബില്ലനുസരിച്ച് പുതുതായി രൂപീകരിക്കപ്പെടുന്ന ഈ കൗൺസിൽ ഇലക്ട്രിസിറ്റി ആക്ടിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി നയപരമായ വിഷയങ്ങളിൽ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകൾക്ക് ഉപദേശം നൽകുകയും പരിഷ്കാരങ്ങളെക്കുറിച്ച് സമവായം ഉണ്ടാക്കുകയും അവയുടെ നടപ്പാക്കൽ ഏകോപിപ്പിക്കുകയും ചെയ്യും എന്നാണ് ബില്ലിന് അനുകൂലമായ വാദം. വൈദ്യുതിനിയമത്തിലെ 166 (1) വകുപ്പിനു കീഴിൽ ഒരു പുതിയ വ്യവസ്ഥ കൂടി കൂട്ടിച്ചേർത്തുകൊണ്ടാണ് വൈദ്യുതി കൗൺസിൽ സ്ഥാപിക്കാൻ ബിൽ ലക്ഷ്യമിടുന്നത്. കേന്ദ്ര ഊര്‍ജവകുപ്പു മന്ത്രിയായിരിക്കും കൗൺസിലിന്റെ അദ്ധ്യക്ഷൻ. വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി മന്ത്രിമാർ അംഗങ്ങളും കേന്ദ്ര വൈദ്യുതി സെക്രട്ടറി കൺവീനറുമായിരിക്കും.

2003-ലെ വൈദ്യുതി നിയമത്തിലെ 166 (1) വകുപ്പ്, “രാജ്യത്തെ വൈദ്യുതി സംവിധാനത്തിന്റെ സുഗമവും ഏകോപിതവുമായ വികസനത്തിനായി” ഒരു ‘ഏകോപന ഫോറം’ രൂപീകരിക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്നതിന് വ്യവസ്ഥ ചെയ്തിരുന്നു. കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ, സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി, വൈദ്യുതി ഉല്പാദന-വിതരണ കമ്പനികളുടെ പ്രതിനിധികൾ എന്നിവരായിരുന്നു ഈ ഫോറത്തിലെ അംഗങ്ങൾ.

പൊതുജന താല്പര്യത്തിനു വിരുദ്ധമാണ് എന്ന നിലപാടാണ് കേരള ഗവണ്‍മെന്റിനുള്ളത്. സമീപ വർഷങ്ങളിൽ വൈദ്യുതി നിയമഭേദഗതി നിർദേശങ്ങളോടുള്ള എതിര്‍പ്പ് കേരളം ശക്തമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇലക്ട്രിസിറ്റി (ഭേദഗതി) ബിൽ- 2021-ന് എതിരെ കേരള നിയമസഭ 2021 ഓഗസ്റ്റിൽ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കിയിരുന്നു. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ ലിസ്റ്റ് III-ലെ എൻട്രി 38 പ്രകാരം വൈദ്യുതി സമവര്‍ത്തിപ്പട്ടികയില്‍ ഉള്‍പ്പെടുന്ന ഒന്നാണ് എന്നും അന്ന് നിയമസഭ ചൂണ്ടിക്കാട്ടിയിരുന്നു.

കരട് ബിൽ സൂക്ഷ്മമായി പരിശോധിച്ച് അഭിപ്രായങ്ങൾ യൂണിയന്‍ ഗവണ്‍മെന്റിനെ അറിയിക്കുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും സംസ്ഥാനത്തെ വൈദ്യുതി വിതരണം പൊതുമേഖലയിൽത്തന്നെ നിലനിർത്താനുള്ള നിലപാടിൽനിന്നു പിറകോട്ടില്ലെന്ന് അദ്ദേഹം ആവർത്തിക്കുകയും ചെയ്തു.

തകര്‍ക്കപ്പെടുന്ന ഫെഡറലിസം വളരുന്ന സ്വകാര്യവല്‍ക്കരണം

പ്രാദേശിക ജനസമൂഹങ്ങള്‍ക്ക് രാഷ്ട്രീയമായ തീരുമാനങ്ങളില്‍ മേല്‍ക്കൈ ഉറപ്പിക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ശക്തമായ അധികാരം നല്‍കാന്‍ ഉദ്ദേശിച്ച് നമ്മുടെ ഭരണഘടനാസൃഷ്ടാക്കള്‍ വിഭാവനം ചെയ്ത ഒന്നാണ് ഫെഡറലിസം. 1991-ല്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള നരസിംഹറാവു ഗവണ്‍മെന്റ് ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, ആഗോളവല്‍ക്കരണം (Liberalisation, Privatisation and Globalisation policies-LPG എന്നീ നയങ്ങളിലൂന്നി ഘടനാപരമായ പരിഷ്കാരങ്ങള്‍ (Structural adjustments) നടപ്പാക്കുന്നതിന് ഏറ്റവും വലിയ തടസ്സമായി വന്നത് ഫെഡറലിസമാണ്. അതിലൂടെ പ്രകാശിതമകുന്ന പ്രാദേശികമായ ജനേച്ഛയാണ്. 1992-ല്‍ പഞ്ചായത്തിരാജ്-നഗരപാലിക നിയമ ഭേദഗതി നടപ്പാക്കുന്ന സന്ദര്‍ഭത്തില്‍ നിയമഭേദഗതികളെ വിമര്‍ശിച്ചവര്‍ ഫെഡറലിസത്തിനെ ദുര്‍ബലപ്പെടുത്താനും സംസ്ഥാന ഗവണ്‍മെന്റുകളുടെ അധികാരം ഇല്ലാതാക്കാനും നവലിബറല്‍ നയങ്ങളുടെ വക്താക്കള്‍ താല്പര്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. അന്ന് കോണ്‍ഗ്രസ് ഗവണ്‍മെന്റ് ഇങ്ങനെയൊരു നീക്കത്തിനു മുതിര്‍ന്ന സന്ദര്‍ഭത്തില്‍ അതിനെ എതിര്‍ക്കാന്‍ മുന്നോട്ടുവന്ന ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റാണ് ഇതടക്കം എല്ലാ മേഖലയിലും നവ സാമ്പത്തികനയ പരിപാടി അതിതീവ്രമായും സമര്‍ത്ഥമായും മുന്നോട്ടു കൊണ്ടുപോകുന്നത് എന്നത് ശ്രദ്ധേയമാണ്.

1991-ല്‍ തന്നെയാണ് നവ സാമ്പത്തിക നയങ്ങളുടെ ചുവടുപിടിച്ചുകൊണ്ട് വൈദ്യുതി മേഖലയില്‍ ഘടനാപരമായ പരിഷ്കാരങ്ങള്‍ ലക്ഷ്യമിട്ട് ഈ രംഗത്ത് സ്വകാര്യനിക്ഷേപം ആകർഷിക്കുന്നതിനും ഉല്പാദനശേഷി വർദ്ധിപ്പിക്കുന്നതിനുമായി വൈദ്യുതി ഉല്പാദനമേഖലയില്‍ സ്വകാര്യ കമ്പനികൾക്ക് പ്രവേശനം നല്‍കുന്നതിനായി 1948-ലെ വൈദ്യുതി (വിതരണ) നിയമം ഭേദഗതി ചെയ്യപ്പെടുന്നത്.

1991-ലെ വൈദ്യുതി (വിതരണ) നിയമത്തിലെ ഭേദഗതിക്കുശേഷം സാമ്പത്തിക പ്രതിസന്ധി, ആവശ്യവും വിതരണവും തമ്മില്‍ വർദ്ധിച്ചുവരുന്ന വിടവ്, നഷ്ടത്തിലോടുന്ന സംസ്ഥാന വൈദ്യുതി ബോർഡുകൾ (SEBs) എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അന്നത്തെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് വൈദ്യുതിമേഖലയുടെ സ്വകാര്യവൽക്കരണത്തിനായി ഗൗരവമായ നീക്കങ്ങൾക്ക് തുടക്കമിടുകയുണ്ടായി.

വൈദ്യുതി ഉല്പാദനം സ്വകാര്യമേഖലയ്ക്കായി തുറന്നുകൊടുക്കുന്നതിലായിരുന്നു പരിഷ്കാരങ്ങളുടെ ആദ്യകാലത്ത് ഗവണ്‍മെന്റുകള്‍ ശ്രദ്ധിച്ചത്. ഇതിനായി ഇൻഡിപെൻഡന്റ് പവർ പ്രൊഡ്യൂസർ (IPP) നയം ആവിഷ്കരിച്ചു. ആദ്യമായി സ്വകാര്യ-വിദേശ നിക്ഷേപകരെ വലിയ വൈദ്യുതി നിലയങ്ങൾ സ്ഥാപിക്കാനും സംസ്ഥാന ബോർഡുകളുമായി ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകളിൽ ഒപ്പിടാനും അതുവഴി ഉല്പാദനശേഷി വേഗത്തിൽ വർദ്ധിപ്പിക്കാനും പ്രോത്സാഹിപ്പിച്ചു. എന്നിരുന്നാലും പ്രസരണവും വിതരണവും സംസ്ഥാന നിയന്ത്രണത്തിൽത്തന്നെ തുടർന്നു. വൈദ്യുതി ബോര്‍ഡുകകൾ തന്നെയായിരുന്നു അപ്പോഴും ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം ചെയ്തുപോന്നത്. ഇന്നത്തെപ്പോലെ സമഗ്രമായ റെഗുലേറ്ററി മേൽനോട്ടം അക്കാലത്തുണ്ടായിരുന്നില്ല. കമ്പോളത്തെ അടിസ്ഥാനമാക്കിയുള്ള പരിഷ്കരണത്തെക്കാൾ ഈ ഘട്ടത്തെ അടയാളപ്പെടുത്തിയത് പദ്ധതികളെ മാത്രം കേന്ദ്രീകരിച്ചുള്ള നിക്ഷേപ പ്രോത്സാഹനങ്ങളും ഉറപ്പുകളും താല്‍ക്കാലികമായ കേന്ദ്ര ഇടപെടലുകളും മാത്രമായിരുന്നു. അതത് പ്രദേശങ്ങളിലെ ജനവിഭാഗങ്ങളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും താല്പര്യങ്ങള്‍ക്ക് കമ്പോളത്തിന്റെ താല്പര്യത്തെക്കാള്‍ മുന്‍തൂക്കം ചിലപ്പോഴെങ്കിലും ലഭിച്ചുപോന്നു. വൈദ്യുതി വിതരണത്തില്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കിയ ഒഡിഷപോലുള്ള ചില സംസ്ഥാനങ്ങള്‍ മാത്രമായിരുന്നു അപവാദം. ഫലമോ? സൂപ്പര്‍ സൈക്ലോണ്‍പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ വൈദ്യുതി വിതരണശൃംഖലയെ തകരാറിലാക്കിയപ്പോള്‍ ദരിദ്ര ജനത തിങ്ങിപ്പാര്‍ക്കുന്ന നിരവധി ഗ്രാമങ്ങളിലേക്കുള്ള വൈദ്യുതി വിതരണം പുന:സ്ഥാപിക്കാന്‍ സ്വകാര്യ കമ്പനികള്‍ താല്പര്യമെടുത്തില്ല. വാങ്ങല്‍ശേഷി കുറഞ്ഞ ഒരു സമൂഹത്തിനോട് സ്വകാര്യമേഖലയ്ക്കുള്ള അവജ്ഞ തന്നെയായിരുന്നു അവിടെയും പ്രകടമായത്. പൊതുസേവനത്തെക്കാള്‍ ലാഭത്തിനു മുന്‍ഗണന നല്‍കുന്ന സ്വകാര്യകമ്പനികളാണ് അവിടെ വൈദ്യുതി മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്നത് എന്നതിനാല്‍ ഇപ്പോഴും കേന്ദ്രപ്പാറപോലുള്ള പ്രദേശങ്ങളിലെ ഗ്രാമങ്ങളില്‍ വൈദ്യുതി ഏവര്‍ക്കും പ്രാപ്യമല്ല.

എന്നാല്‍, 2003-ലെ വൈദ്യുതി നിയമത്തോടെ പരിഷ്കാരങ്ങൾ കൂടുതൽ ശക്തമായി. വിഭജനം, റെഗുലേറ്ററി കമ്മിഷനുകൾ, പ്രസരണത്തിനുള്ള തുറന്ന പ്രവേശനം, പ്രസരണത്തിലും വിതരണത്തിലും സ്വകാര്യ പങ്കാളിത്തത്തിനുള്ള അനുമതി എന്നിവ ഇതിൽ ഉൾപ്പെടുന്നു. എങ്കിലും വിതരണത്തിലെ മത്സരം പരിമിതമായി തുടർന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ ഈ രംഗത്ത് ആധിപത്യം പുലർത്തുകയും ക്രോസ്-സബ്‌സിഡികൾ തുടരുകയും ചെയ്തു. കൂടാതെ, വിവിധ സംസ്ഥാനങ്ങളില്‍ നിലനിന്ന നിയന്ത്രണങ്ങൾ, സബ്‌സിഡികൾ, രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് മേല്‍ക്കൈയുള്ള താരിഫ് മാനേജ്‌മെന്റ് എന്നിവയുടെ സംരക്ഷണം ഉപഭോക്താക്കള്‍ക്ക്, വിശേഷിച്ചും ഗ്രാമപ്രദേശങ്ങളിലും ചെറിയ നഗരങ്ങളിലും ജീവിക്കുന്നവര്‍ക്ക് തുടര്‍ന്നും ലഭിച്ചുപോന്നു. താരിഫ് യുക്തിസഹമാക്കൽ (വില ഏകീകരിക്കൽ), പൊതുമേഖലാ തൊഴില്‍ നഷ്ടം തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാന ഗവണ്‍മെന്റുകള്‍, ജീവനക്കാരുടെ യൂണിയനുകൾ, ഉപഭോക്തൃ ഗ്രൂപ്പുകൾ എന്നിവരിൽനിന്നുള്ള എതിർപ്പ് കാരണം സ്വകാര്യ വൽക്കരണം കൂടുതൽ ആഴത്തിലാക്കാനുള്ള ശ്രമങ്ങൾ മിക്കപ്പോഴും തടസ്സപ്പെട്ടതായും സ്വകാര്യകുത്തകകള്‍ക്കുവേണ്ടി ഭരണം നടത്തുന്ന രാഷ്ട്രീയകക്ഷികള്‍ നയിക്കുന്ന ഗവണ്‍മെന്റുകള്‍ വിലയിരുത്തി.

ഈ പശ്ചാത്തലത്തിലാണ് 2022-ല്‍ പുതിയ നീക്കം ആരംഭിക്കുന്നത്. മേഖലയുടെ സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണം ലക്ഷ്യമിട്ട്, 2003-ലെ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്‍ കേന്ദ്ര ഗവണ്‍മെന്റ് കൊണ്ടുവന്ന സന്ദര്‍ഭത്തില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നു. ഇത് നിയമമായാല്‍ ഫെഡറൽ സംവിധാനം ദുർബലമാകുമെന്നും കർഷകർക്കും ഉപഭോക്താക്കൾക്കും ദോഷകരമാകുമെന്നും പറഞ്ഞ് പ്രതിപക്ഷം പ്രതിഷേധമുയർത്തിയതിനെത്തുടർന്ന്, 2022 ഓഗസ്റ്റിൽ ലോക്‌സഭയിൽ അവതരിപ്പിച്ച ഈ പുതിയ ബിൽ കൂടുതൽ പരിശോധനകൾക്കായി ഊർജ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് അയച്ചു. രാജ്യത്തെമ്പാടും സമരക്കൊടുങ്കാറ്റ് ഉയര്‍ത്തിയ കര്‍ഷകര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്ന് ഈ നീക്കം ഉപേക്ഷിക്കലായിരുന്നു. ഇതേ ബില്‍ത്തന്നെയാണ് 2025-ലെ വൈദ്യുതി (ഭേദഗതി) ബിൽ എന്ന പേരില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി വിതരണം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതുവരെ നടന്നിട്ടുള്ളവയില്‍ വെച്ച് ഒരു വമ്പിച്ച സ്വകാര്യവല്‍ക്കരണ ശ്രമമാണ്. ആദ്യഘട്ടത്തിലെപ്പോലെ ഉല്പാദനത്തിൽ മാത്രമല്ല, വിതരണ മേഖലയെ പൂർണമായി പരിഷ്കരിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. പൊതുഫണ്ട് ഉപയോഗിച്ചാണ് നമ്മുടെ നാട്ടില്‍ വിതരണശൃംഖല സ്ഥാപിച്ചിട്ടുള്ളത്. നിലവിലുള്ള ഈ ശൃംഖല പങ്കുവെച്ചുകൊണ്ട് സ്വകാര്യകമ്പനികള്‍ക്ക് ലൈസൻസുകൾ നൽകുന്നതിലൂടെ മത്സരം ഉറപ്പാക്കും.

ചെലവിനനുസരിച്ചുള്ള യഥാർത്ഥ നിരക്ക് (Cost-Reflective Tariffs) ഈടാക്കാനും അഞ്ച് വർഷത്തിനുള്ളിൽ ക്രോസ്-സബ്‌സിഡികൾ നിർത്തലാക്കാനും ഈ ബില്‍ ലക്ഷ്യമിടുന്നു. വിപണിതത്ത്വങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ വിതരണ കമ്പനികളെ നിർബന്ധിച്ച് അവരുടെ സാമ്പത്തിക അച്ചടക്കം ശക്തമാക്കുകയും ചെയ്യും.

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനുകളുടെ പങ്ക് ഈ പുതിയ നിയമം നടപ്പാകുന്നതോടെ വർദ്ധിക്കുന്നുണ്ടെങ്കിലും പ്രധാനപ്പെട്ട നിർവചനങ്ങൾ, മാനദണ്ഡങ്ങൾ, ദേശീയ ലക്ഷ്യങ്ങൾ എന്നിവ മുഖാന്തിരം ഊര്‍ജമേഖലയിൽ യൂണിയന്‍ ഗവണ്‍മെന്റിന്റെ സ്വാധീനമാണ് കൂടുതല്‍ വര്‍ദ്ധിക്കുക. ആദ്യമായി, ഗ്രാമീണ ഉപഭോക്തൃമേഖലപോലെ നഷ്ടമുണ്ടാക്കുന്ന മേഖലകളിൽ സേവനം നൽകിയാല്‍ കെ.എസ്.ഇ.ബി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വാണിജ്യപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഇതോടെ, ഈ സ്ഥാപനങ്ങൾക്ക് അവരുടെ ‘സാമൂഹിക സേവന’ ലക്ഷ്യം നഷ്ടപ്പെടുമെന്നും വിമർശകർ മുന്നറിയിപ്പ് നൽകുന്നു.

ബില്‍ നടപ്പായാല്‍ സ്വകാര്യ കമ്പനികൾ വൈദ്യുതി ഉല്പാദിപ്പിക്കുക മാത്രമല്ല, നിലവിലുള്ള വൈദ്യുതിശൃംഖലകളും അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് വൈദ്യുതി വിൽക്കുകയും ചെയ്യും. ഇത് സാധാരണ വീടുകളിൽ വൈദ്യുതി നൽകുന്ന കാര്യത്തിൽപോലും തുറന്ന മത്സരം ഉണ്ടാക്കും. ഇതോടെ ഈ മേഖലയില്‍ സംസ്ഥാന ഗവണ്‍മെന്റിനു കീഴിലുള്ള കെ.എസ്.ഇ.ബി പോലുള്ള സ്ഥാപനങ്ങളുടെ കുത്തക അവസാനിക്കുകയും വാര്‍ത്താവിനിമയ മേഖലയില്‍ ബി.എസ്.എന്‍.എല്ലിനു സംഭവിച്ചതുപോലെ ഒരു തിരിച്ചടി നേരിടേണ്ടിവരികയും ചെയ്യും. ഏത് സേവനദാതാവിനെയാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താവിനു നല്‍കിയാല്‍ കാര്യക്ഷമതയും വിലനിര്‍ണയത്തിലുള്ള സുതാര്യതയും ഉറപ്പാക്കാനാകുമെന്ന വാദമാണ് ഗവണ്‍മെന്റ് മുന്നോട്ടു വെയ്ക്കുന്നത്.

ബില്ല് നടപ്പാകുന്നതോടെ ഉണ്ടാകുന്ന തൊഴില്‍ നഷ്ടം, വൈദ്യുതി നിരക്കിലെ മാറ്റങ്ങൾ, സംസ്ഥാനത്തിന്റെ അധികാരം വെട്ടിച്ചുരുക്കല്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകളുമുണ്ട്. ദുർബലരായ ഉപഭോക്താക്കളെ സംരക്ഷിക്കാൻ, വ്യവസായങ്ങളിൽനിന്ന് ഉയർന്ന നിരക്ക് ഈടാക്കി സാധാരണക്കാർക്ക് കുറഞ്ഞ നിരക്ക് നൽകിയിരുന്ന പഴയ ക്രോസ്-സബ്‌സിഡി രീതി ഒഴിവാക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് ബില്ലിനെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു.

ചുരുക്കത്തിൽ, 1991-ലെ പരിഷ്കാരങ്ങൾ വിതരണത്തിൽ സംസ്ഥാന ഗവണ്‍മെന്റിന്റെ നിയന്ത്രണം നിലനിർത്തി ഉല്പാദനത്തിൽ മാത്രം സ്വകാര്യ നിക്ഷേപം അനുവദനീയമാക്കിയപ്പോൾ, 2025-ലെ ഭേദഗതി ബിൽ സംസ്ഥാന ഗവണ്‍മെന്റുകളില്‍ മാത്രം ഈ മേഖലയില്‍ കുത്തകാധികാരം നല്‍കിയിരുന്ന സമ്പ്രദായം ഇല്ലാതാക്കുന്നു. ഇതോടെ സ്വകാര്യവൽക്കരണം ഭാഗികമോ ഓരോ പദ്ധതിയെ മാത്രം കേന്ദ്രീകരിച്ചോ ആകില്ല; പകരം, വിതരണത്തിന്റെ ചില്ലറ വില്‍പ്പന തലത്തിൽ പുതിയ വിപണി ഇതോടെ തുറക്കപ്പെടുന്നു, ഇത് ഇന്ത്യയിലെ വൈദ്യുതി മേഖലയിലും ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്കു മുന്‍പാകെയും വലിയ അവസരങ്ങള്‍ തുറന്നുവെയ്ക്കുന്നു എന്ന് ബില്ലിനെ അനുകൂലിക്കുന്നവര്‍ വാദിക്കുമ്പോള്‍ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത് മേഖലയെ അപ്പാടെ സ്വകാര്യ താല്പര്യക്കാരുടെ കയ്യിലെത്തിക്കുന്നതു ലക്ഷ്യമിട്ടാണ് ഈ ബില്‍ എന്നാണ്.

കേരളത്തെ എങ്ങനെ ബാധിക്കും

ഈ ഭേദഗതികൾ സംസ്ഥാനത്ത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക സ്ഥാപനമായ കെ.എസ്.ഇ.ബി (KSEBL) സാരമായി ബാധിക്കും എന്നു വിശേഷിച്ച് പറയേണ്ടതില്ല. ഇനി കൂടുതൽ കർശനമായ റെഗുലേറ്ററി മേൽനോട്ടത്തിനു കെ.എസ്.ഇ.ബി വിധേയമാകേണ്ടി വരുമെന്നതാണ് ഒന്നാമത്തെ കാര്യം. ക്രോസ് സബ്സിഡി നിര്‍ത്തലാക്കപ്പെടുന്നത് വ്യാവസായിക ഉപഭോക്താക്കള്‍ക്ക് പ്രോത്സാഹനമാകും. എന്നാല്‍, കെ.എസ്.ഇ.ബിയുടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇത് ഇരുട്ടടിയായിത്തീരാനും സാദ്ധ്യതയുണ്ട്. ചെലവിനനുസരിച്ച് താരിഫ് ഈടാക്കുന്നതോടെ അവരുടെ ചുമലുകളില്‍ വന്നുചേരാവുന്ന അധിക ഭാരത്തിനു പുറമേയാണിത്.

അതേസമയം, ദുർബല വിഭാഗങ്ങൾക്ക് സർക്കാർ നേരിട്ടുള്ള സബ്‌സിഡി നൽകി കുറേയൊക്കെ പ്രശ്നം പരിഹരിക്കാന്‍ തുനിഞ്ഞേക്കും. എന്തായാലും വ്യവസായ മേഖലയിൽനിന്ന് ഈടാക്കിയിരുന്ന ക്രോസ്-സബ്‌സിഡി അഞ്ചു വർഷംകൊണ്ട് പൂർണമായി ഒഴിവാക്കപ്പെടുന്നതോടെ മിക്ക ഗാർഹിക ഉപഭോക്താക്കൾക്കും വൈദ്യുതിനിരക്ക് വർദ്ധിക്കും. വേണ്ടത്ര സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ കുറഞ്ഞ വരുമാനക്കാരായ ഗ്രാമീണരും നഗരങ്ങളിലെ തൊഴിലാളിവർഗവുമാണ് വർദ്ധിച്ച ബില്ലുകളുടെ ഭാരം പേറേണ്ടിവരികയെന്ന് ഉറപ്പാണ്. സാമ്പത്തികരംഗത്തെ ഫെഡറലിസം തകര്‍ന്നതോടെ പ്രതിസന്ധിയിലായ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ഇങ്ങനെ നേരിട്ട് സബ്‍സിഡികള്‍ നല്‍കേണ്ടിവരുന്നത് ബാധ്യതയാകുകയും ചെയ്യും. അതേസമയം, വ്യവസായങ്ങൾക്കുള്ള അധികനികുതികൾ (Surcharges) ഇല്ലാതാകുന്നത് കേരളത്തിലെ ഉല്പാദന മേഖലയുടെ മത്സരക്ഷമതയും സാമ്പത്തിക വളർച്ചയും ഉറപ്പുവരുത്തിയേക്കാം. വൈദ്യുതിരംഗത്തെ കെ.എസ്.ഇ.ബിയുടെ കുത്തക തകരലാണ് മറ്റൊരു മുഖ്യ പ്രത്യാഘാതം. ഒരു പ്രദേശത്ത് ഒന്നിലധികം വിതരണ ലൈസൻസുകൾ അനുവദിക്കുന്നതിലൂടെ സ്വകാര്യ കമ്പനികളുടെ മത്സരത്തിനായി വാതിൽ തുറക്കപ്പെടുകയാണ്. ഇത് കെ.എസ്.ഇ.ബിയുടെ നിലവിലുള്ള കുത്തകയ്ക്ക് ഒരു വെല്ലുവിളിയാകും. മെച്ചപ്പെട്ട സേവനം നൽകാനും അനാവശ്യമായ അടിസ്ഥാന സൗകര്യ ചെലവുകൾ കുറയ്ക്കാനും പുതിയ സാങ്കേതികവിദ്യകളും കാര്യക്ഷമതയും വിതരണശൃംഖലയിലേക്ക് കൊണ്ടുവരാനുമാണത്രേ ഈ നീക്കം ലക്ഷ്യമിടുന്നത്.

എന്തായാലും നിയമപരമായ മാറ്റങ്ങള്‍ക്കുള്ള ഈ നീക്കത്തോട് സാമ്പത്തിക വിപണി പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. ചെലവുകൾക്കനുസരിച്ചുള്ള താരിഫുകളുടേയും മത്സരം ഉറപ്പുവരുത്തുന്ന പരിഷ്കാരങ്ങളുടേയും പ്രത്യാഘാതങ്ങൾ നിക്ഷേപകർ വിലയിരുത്തിയതോടെ, പവർ ഗ്രിഡ്, സി.ഇ.എസ്.സി (CESC) പോലുള്ള ഭീമൻ കമ്പനികളുടെ ഓഹരിവിലകളിൽ ഇടിവുണ്ടായി.

മുൻകാല പാഠങ്ങളും മുന്നോട്ടുള്ള വഴിയും

കണക്കുകൾക്കും പ്രവചനങ്ങൾക്കും അപ്പുറം, കഴിഞ്ഞകാലം നല്‍കിയ പാഠങ്ങൾ നമുക്കു ചില മുന്നറിയിപ്പുകളും നൽകുന്നുണ്ട്. ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിലെ വൈദ്യുതി എത്താത്ത ഗ്രാമങ്ങളുടെ അനുഭവം ഓർമിപ്പിക്കുന്നതുപോലെ, ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവര്‍, അതു നല്‍കാന്‍ പ്രാപ്തിയില്ലാത്ത പ്രദേശങ്ങളോടും ഉപഭോക്താക്കളോടും കാണിക്കുന്ന അവഗണന, വാണിജ്യ സ്ഥാപനങ്ങൾ തഴച്ചുവളരുമ്പോഴും സാധാരണ ജനങ്ങളെ ഇരുട്ടിലാക്കിയേക്കാം. സാമ്പത്തിക അച്ചടക്കത്തിലും നീതിയുക്തമായ മത്സരത്തിലും ബിൽ ഊന്നൽ നൽകുന്നത് പഴയ തെറ്റുകൾ ആവർത്തിക്കാതിരിക്കാനാണ് എന്ന് കേന്ദ്ര ഗവണ്‍മെന്റ് അവകാശപ്പെടുന്നുണ്ടെങ്കിലും ജാഗ്രത അനിവാര്യമാണ്. ആത്യന്തികമായി, ഈ പരിഷ്കരണം കൊണ്ടുവരുന്ന മാറ്റങ്ങൾ ബാലൻസ് ഷീറ്റുകളും വൈദ്യുതിശൃംഖലാ മാപ്പുകളും മാത്രമല്ല, എന്തിനും ഏതിനും വൈദ്യുതിയെ ആശ്രയിക്കുന്ന കേരളത്തിലെ സാധാരണക്കാരന്റെ ജീവിതാനുഭവം കൂടിയായിരിക്കും മാറ്റിയെഴുതുക. 1986-ല്‍ റിലീസ് ആയ ജി. അരവിന്ദന്റെ ‘ഒരിടത്ത്’ എന്ന സിനിമയില്‍ ഒരു ഗ്രാമത്തിന്റെ ഭാഗധേയം മാറ്റിമറിച്ചുകൊണ്ട് വൈദ്യുതിവല്‍ക്കരണം സൃഷ്ടിച്ച സങ്കീര്‍ണാനുഭവങ്ങളുടെ ചിത്രണമുണ്ട്. അത്തരം അനുഭവങ്ങള്‍ നല്‍കി, ജീവിതത്തെ പ്രകാശനമാനമാക്കിയ വൈദ്യുതി മറ്റൊരു കൂട്ടം സങ്കീര്‍ണാനുഭവങ്ങളെ സൃഷ്ടിച്ചുകൊണ്ട് തിരോഭവിക്കുന്നതിന്റെ അനുഭവചിത്രണങ്ങള്‍ക്കായിരിക്കുമോ ഈ ബില്‍ വീണ്ടും വഴിയൊരുക്കുക എന്ന് നാം കാത്തിരുന്നു കാണേണ്ടതുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com