

'യാത്രികാ, വഴികള്‍ ഉണ്ടായതല്ല. നിന്റെ യാത്രകളാണ് വഴികളായി മാറുന്നത്''
അന്റോണിയോ മച്ചാദോ (സ്പാനിഷ് കവി)
കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ ഇരുപതാം നൂറ്റാണ്ടിനെ അടയാളപ്പെടുത്തിയ തൊഴിലാളി വര്‍ഗ്ഗ സംഘാടകരുടെ പേരുകളിലൊന്നാണ് മാടമാക്കല്‍ മാത്യു ലോറന്‍സ് എന്ന എം.എം. ലോറന്‍സ്. കേരള രാഷ്ട്രീയരംഗം പരുവപ്പെടുന്ന 1940-കളില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനകത്തെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ ചേരിയാണ് ലോറന്‍സ് എന്ന നീണ്ട കാലത്തേക്കുള്ള തൊഴിലാളി സംഘാടകനെ രൂപപ്പെടുത്തുന്നത്. ക്യാമ്പസ് രാഷ്ട്രീയം ഒരു കാരണവശാലും അനുവദിക്കില്ല എന്ന് ഇന്നും ബോര്‍ഡ് വച്ചിട്ടുള്ള സെന്റ് ആല്‍ബര്‍ട്ട്സ് മാനേജ്മെന്റിന്റെ സ്‌കൂളാണ് സ്വാതന്ത്ര്യസമരത്തിന്റെ ചിഹ്നമായ ഇന്ത്യന്‍ ദേശീയപതാകയുടെ ത്രിവര്‍ണ്ണ നിറത്തിലുള്ള ബാഡ്ജ് ഷര്‍ട്ടിന്റെ പോക്കറ്റിനുമുകളില്‍ പതിപ്പിച്ചു എന്ന കാരണത്താല്‍ ലോറന്‍സിനെ പുറത്താക്കുന്നത്. അന്ന് സ്വാതന്ത്ര്യസമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സ്‌കൂളില്‍നിന്ന് പുറത്താക്കപ്പെട്ട കുട്ടിയാണ് ഉപേക്ഷിക്കപ്പെട്ട ജനതയായ മലം ചുമന്നുപോകുന്ന തോട്ടിപ്പണിക്കാരെ സംഘടിപ്പിച്ചുകൊണ്ട് തന്റെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. അദ്ദേഹം 1946-ല്‍ തന്റെ പതിനേഴാം വയസ്സില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മെമ്പറായി. കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ട 1948-ല്‍ കേരളത്തിന്റെ വ്യവസായവല്‍ക്കരണ കേന്ദ്രമായ കൊച്ചിയില്‍ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് നടത്തിയ മുന്നേറ്റം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അടിത്തറ നല്‍കുന്നതില്‍ വലിയ സംഭാവന നല്‍കി. സഖാക്കളുടെ ജീവന്‍ രക്ഷിക്കാനായി 1950-ല്‍ നടത്തിയ ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസ് അദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാനമായൊരു ഏടായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ തൊഴിലാളിവര്‍ഗ്ഗ വിപ്ലവകാരി എന്ന വിശേഷണം അന്വര്‍ത്ഥമാക്കുന്ന ജീവിതമായിരുന്നു സഖാവ് എം.എം. ലോറന്‍സിന്റേത്. പഴയ കാലഘട്ടത്തിലെ തോട്ടി തൊഴിലാളികള്‍ മുതല്‍ പുതിയകാലത്തെ ഐ.ടി. തൊഴിലാളികള്‍ക്കിടയില്‍ വരെ എം.എം. ലോറന്‍സ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും തൊഴിലാളി സംഘടന രൂപീകരിക്കുകയും ചെയ്തു.
ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണം സംബന്ധിച്ച കേസില്‍ കൂടെയുണ്ടായിരുന്നവരെ ഒറ്റുകൊടുക്കാനോ മാപ്പുസാക്ഷിയാക്കാനോ എത്ര ക്രൂരമായി ശാരീരികക്ഷതം ഏല്പിച്ചിട്ടും ലോറന്‍സ് അടക്കമുള്ള ഒരാളും തയ്യാറായില്ല. പൊലീസ് മര്‍ദ്ദനത്തില്‍ രക്തസാക്ഷിയായ കെ.യു. ദാസിന്റെ മൃതദേഹം പുറംലോകം കാണിക്കാതെയാണ് പൊലീസ് മറവുചെയ്തത്. പിന്നീട് ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസുകാരുടെ കുടുംബവും മക്കളുമെല്ലാമായി സൗഹൃദവും ആത്മബന്ധവും പുലര്‍ത്തി എന്നത് എം.എം. ലോറന്‍സ് അടക്കമുള്ളവരുടെ ഉദ്ദേശ്യശുദ്ധിയെ കാണിക്കുന്നതാണ്. സഖാക്കളുടെ ജീവന്‍ രക്ഷിക്കുക എന്നതായിരുന്നു ഉദ്ദേശ്യമെങ്കിലും ഇടപ്പള്ളി സംഭവം സാഹസികമായൊരു എടുത്തുചാട്ടമായി പാര്‍ട്ടിയും ലോറന്‍സുമെല്ലാം വിലയിരുത്തി. തൊണ്ണൂറുകളില്‍ പാര്‍ട്ടി അച്ചടക്കനടപടി നേരിട്ട് കേന്ദ്രക്കമ്മിറ്റിയില്‍നിന്ന് ഏരിയാകമ്മിറ്റിയിലേക്കെത്തിയ ലോറന്‍സ് തലക്കനങ്ങളേതുമില്ലാതെ കൃത്യമായി കമ്മറ്റികളില്‍ പങ്കെടുക്കുകയും ചുമതലകള്‍ ഏറ്റെടുക്കുകയും ചെയ്തു. ആത്മകഥാ കഥനത്തില്‍ ചില വ്യക്തി വിമര്‍ശനങ്ങളും നിരാശകളുമെല്ലാം വരികള്‍ക്കിടയിലൂടെ തുറന്നടിച്ചു പറയുമ്പോഴും പാര്‍ട്ടി സംഘടനാചട്ടക്കൂടിനകത്തുതന്നെ എപ്പോഴും നിലയുറപ്പിച്ചു. തനിക്ക് മുന്നിലേക്കു കടന്നുവരുന്ന ഏത് സാധാരണക്കാരോടും ലാളിത്യത്തിന്റെ ഭാഷയില്‍ സംസാരിച്ചു. ചാനല്‍മുറികളില്‍ വന്നിരുന്ന് ബഹളംകൂട്ടി ജയിക്കാന്‍ ശ്രമിക്കുന്നവരോടും സശ്രദ്ധം തന്റെ വാദമുഖങ്ങളും കാഴ്ചപ്പാടുകളും നിരത്തി.
എം.എം. ലോറന്‍സ് എന്ന തൊഴിലാളിസംഘടനാനേതാവിന്റെ ഒരു ജീവിതകാലം നീണ്ടുനിന്ന ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളും ഏറ്റുവാങ്ങേണ്ടിവന്ന പീഡനങ്ങളുമായിരിക്കാം മലയാളത്തിലെ വലിയ എഴുത്തുകാരുടെ സാഹിത്യസൃഷ്ടികളിലടക്കം അദ്ദേഹം കഥാപാത്രമായി പ്രത്യക്ഷപ്പെടാന്‍ കാരണമായത്. എന്‍.എസ്. മാധവന്റെ 'ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍' എന്ന നോവലില്‍ ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ പ്രതിയായ എം.എം. ലോറന്‍സ് ലന്തന്‍ബത്തേരിയില്‍ ഒളിവില്‍ താമസിക്കാന്‍ വന്നിരുന്നില്ലെങ്കിലും അദ്ദേഹത്തെ അന്വേഷിച്ച് അവിടെ പൊലീസുകാര്‍ വരുമായിരുന്നു എന്ന് പരാമര്‍ശിക്കുന്ന ഒരു രംഗമുണ്ട്. ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ 'തോട്ടി' എന്ന കവിതയില്‍ തോട്ടിപ്പണിക്കാരെ മനുഷ്യത്വത്തിലേക്കുയര്‍ത്തുന്ന, അവരെ സഖാവേ എന്ന് വിളിച്ച് തലയുയര്‍ത്തി ലോകം നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്ന കമ്യൂണിസ്റ്റ്‌പോരാളി പരിവേഷമാണ് എം.എം. ലോറന്‍സിന് നല്‍കിയിരിക്കുന്നത്. മത്സരിച്ച തെരഞ്ഞെടുപ്പുകളില്‍ പ്രഥമ കൊച്ചിന്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലും 1980-ല്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലുമൊക്കെയുള്ള വളരെ ചുരുക്കം മത്സരങ്ങളിലേ അദ്ദേഹം വിജയിച്ചിട്ടുള്ളു. എന്നാല്‍, പാര്‍ലമെന്ററി ഇലക്ഷനുകളിലെ കേവല വിജയങ്ങളല്ല ഒരു കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തകന്റെ അടിത്തറയും ജനകീയതയും എന്ന് ലോറന്‍സ് തന്റെ ജീവിതം കൊണ്ട് അടിവരയിടുന്നു.
തെളിവാര്‍ന്ന ആത്മകഥ
മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്ന എഴുത്തുകാരന്‍ എന്‍.എസ്. മാധവനോട് രാഷ്ട്രീയ വ്യത്യാസം ഉള്ളപ്പോഴും ലോറന്‍സിന് പ്രത്യേക താല്പര്യം ഉണ്ടായിരുന്നതായി തോമസ് ഐസക് സൂചിപ്പിക്കുന്നുണ്ട്. ലോറന്‍സിന്റെ ആത്മകഥയ്ക്ക് അവതാരിക എഴുതിയിരിക്കുന്നതും എന്‍.എസ്. മാധവനാണ്. ആത്മകഥയില്‍ അദ്ദേഹം ഇത്തരത്തില്‍ വലിയ താല്പര്യത്തോടെ സൂചിപ്പിക്കുന്ന മറ്റൊരാളാണ് മഹാരാജാസിലും ജെ.എന്‍.യുവിലുമെല്ലാം വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തകനായിരുന്ന സി.പി. ജീവന്‍. എഴുപതുകളിലും മറ്റും വളര്‍ന്നുവന്നുകൊണ്ടിരിക്കുന്ന പുതുതലമുറയെ അദ്ദേഹം എത്ര കാര്യമായി ശ്രദ്ധിച്ചിരുന്നു എന്നതുകൂടി ഇതെല്ലാം വ്യക്തമാക്കുന്നു. പുതിയതും പഴയതുമായ പുസ്തകങ്ങളേയും എഴുത്തുകാരേയും വരെ അദ്ദേഹം തന്റെ എഴുത്തുകളില്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായ പാല്‍മീറോ തോഗ്ലിയാത്തിയുടെ 'ലക്ച്ചേഴ്സ് ഓണ്‍ ഫാസിസം' മുതല്‍ വിനില്‍ പോളിന്റെ 'അടിമകേരളത്തിന്റെ അദൃശ്യചരിത്രം' വരെ വായിച്ച അനുഭവങ്ങള്‍ ആത്മകഥയില്‍ സൂചിപ്പിക്കുന്നുണ്ട്. അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ സംബന്ധിച്ചും ബദ്ധശ്രദ്ധനായിരുന്നു. കൂടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരായ സഖാക്കളുടെ ജീവിതത്തില്‍ ലോറന്‍സിനെപ്പോലെ ഒരാള്‍ എത്ര ക്രിയാത്മകമായി ഇടപെട്ടു എന്ന് പലരും രേഖപ്പെടുത്തിയിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഒരുമിച്ച് ജയിലില്‍ കിടന്നതും കല്യാണം ആലോചിക്കാനായി ഒപ്പം പെണ്‍വീട്ടിലേക്ക് വന്നതുമെല്ലാം കെ.എന്‍. രവീന്ദ്രനാഥ് സൂചിപ്പിക്കുന്നുണ്ട്. വീട്ടുകാര്‍ സമ്മതം നല്‍കാത്ത എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ വിവാഹങ്ങള്‍ ലോറന്‍സ് മുന്നിട്ടിറങ്ങി നടത്തിയെടുത്ത കഥകള്‍ ഈ പുതുതലമുറയിലുള്ളവരും സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കുന്നുണ്ട്.
ഈ ലേഖകന്റെ പി.എച്ച്ഡി ഗവേഷണത്തിന്റെ ഭാഗമായി ഒന്ന് കണ്ട് സംസാരിച്ചാല്‍ നന്നായിരുന്നു എന്ന് എം.എം. ലോറന്‍സിനെ വിളിച്ച് ചോദിച്ചത് പ്രകാരം 2018-ല്‍ അദ്ദേഹം സി.പി. ഐ.എം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിന്‍ സെന്ററില്‍ വരുന്ന സമയം പറഞ്ഞ് അങ്ങോട്ട് വരാന്‍ അറിയിച്ചു. അവിടെ ചെറിയൊരു മുറിയില്‍ ഇരുന്ന് എന്നോടും കൂടെയുണ്ടായ അശ്വതി അശോകിനോടും സുദീര്‍ഘമായി സംസാരിച്ചു. പുതുതലമുറയോടുള്ള അദ്ദേഹത്തിന്റെ വാത്സല്യവും താല്പര്യവുമെല്ലാം ഈ സംസാരത്തിലും സുവ്യക്തമായിരുന്നു. ഞങ്ങളെ അടുത്തു പിടിച്ചിരുത്തി കാര്യമായി ഒരുപാട് സംസാരിച്ചു. എബ്രഹാം മാടമാക്കല്‍ എന്ന സ്വന്തം ജ്യേഷ്ഠന്റെ സ്വാധീനപ്രകാരം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുത്ത കാലം മുതലുള്ള നിരവധി കഥകളുടെ ചുരുളുകള്‍ ഞങ്ങള്‍ക്കു മുന്‍പില്‍ അഴിയാന്‍ തുടങ്ങി. തിരുവിതാംകൂറില്‍നിന്ന് നാടുകടത്തപ്പെട്ട് വടക്കന്‍ പറവൂരില്‍ വന്ന് താമസിച്ച കേസരി ബാലകൃഷ്ണപിള്ളയെ കണ്ട് സംസാരിച്ചതായിരുന്നു അതിലൊന്ന്. പാര്‍ട്ടിയോട് അനുഭാവം പ്രകടിപ്പിച്ച കേസരി ബാലകൃഷ്ണപിള്ള കല്‍ക്കത്ത തീസിസ് പ്രായോഗികമല്ല എന്ന് സൂചിപ്പിച്ചപ്പോള്‍ തര്‍ക്കിച്ചതും പിന്നീട് അദ്ദേഹം പറഞ്ഞ കാര്യത്തിലെ കഴമ്പ് വ്യക്തമായതും ലോറന്‍സ് പറഞ്ഞു.
ലോറന്‍സ് അടക്കമുള്ള ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ സോവിയറ്റ് യൂണിയന്‍ സൃഷ്ടിച്ചിരുന്ന വലിയ ആവേശവും സ്വാധീനവും ഞങ്ങളുടെ സംഭാഷണത്തിലെ മുഖ്യവിഷയമായി. സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 1956-ലെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സും ക്രൂഷ്ചേവിന്റെ സ്റ്റാലിനെതിരായ റിപ്പോര്‍ട്ടിന്റേയും പശ്ചാത്തലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നടന്ന ചര്‍ച്ചകളേയും ആശയക്കുഴപ്പങ്ങളേയും കുറിച്ച് ലോറന്‍സ് സംസാരിച്ചു. അദ്ദേഹം വ്യക്തിപരമായി ക്രൂഷ്ചേവിന്റെ നിലപാടിനോടാണ് പക്ഷപാതിത്വം പുലര്‍ത്തിയത്. പാര്‍ട്ടി മീറ്റിങ്ങുകളില്‍ ക്രൂഷ്ചേവിനെ ശരിവച്ച് സംസാരിച്ച്, സംസാരിച്ച് 'ക്രൂഷ്ച്ചേവ്' എന്ന ഒരു ഇരട്ടപ്പേര് തന്നെ തനിക്ക് വീണു എന്ന് അദ്ദേഹം ചിരിയോടെ പറഞ്ഞു. പിന്നീട് ഇ.എം.എസ്. നമ്പൂതിരിപ്പാട് എറണാകുളത്ത് വന്നപ്പോള്‍ കൂടെ സഹായിയായി ഉണ്ടായിരുന്ന ലോറന്‍സ് സൈക്കിള്‍റിക്ഷയിലും മറ്റും യാത്ര ചെയ്യുന്ന സമയത്ത് ഇത്തരം വിഷയങ്ങള്‍ അദ്ദേഹത്തോട് ദീര്‍ഘമായി ചര്‍ച്ച ചെയ്തു. കാലത്തെ കവച്ചുവയ്ക്കുന്ന തെളിച്ചമായിരുന്നു സഖാവ് ലോറന്‍സിന്റെ ഓര്‍മ്മകള്‍ക്ക്. രാജീവ് രവിയുടെ 'തുറമുഖം' സിനിമ വന്നതിനുശേഷം കൊച്ചിയിലെ തുറമുഖത്തൊഴിലാളികളുടെ 'ചാപ്പസമരത്തെ'ക്കുറിച്ചും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'തോട്ടി' എന്ന കവിതയ്ക്കുശേഷം എറണാകുളത്തെ തോട്ടിത്തൊഴിലാളികളെ സംഘടിപ്പിച്ചതിനെക്കുറിച്ചും ദേശാഭിമാനി ലോറന്‍സിന്റെ സംഭാഷണം റെക്കോര്‍ഡ് ചെയ്യുമ്പോള്‍ അദ്ദേഹം ശയ്യാവലംബിതനാണ്. എങ്കിലും ആ ഓര്‍മ്മകള്‍ക്ക് അഭൂതപൂര്‍വ്വമായ തെളിച്ചമുണ്ടായിരുന്നു. തന്റെ ആത്മകഥയിലും ഗൗരിയമ്മയെക്കുറിച്ചും മറ്റുമെഴുതിയ ഫേസ്ബുക്ക് കുറിപ്പുകളിലും വ്യക്തിപരമായി എന്നോട് നടത്തിയ സംഭാഷണങ്ങളിലുമെല്ലാം സൂക്ഷ്മമായ കാര്യങ്ങളിലടക്കം ഓര്‍മ്മയുടെ ആ തെളിച്ചം അസാധാരണമായിരുന്നു.
ഒരു ദൈനംദിന സംഘടനാപ്രവര്‍ത്തകന്റെ ആ അടിസ്ഥാനപരമായ ഓര്‍മ്മകള്‍ എറണാകുളം ജില്ലയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ചരിത്രത്തോടൊപ്പമാണ് നടന്നത്. അവസാനകാലം വരെയുള്ള എം.എം. ലോറന്‍സിന്റെ നിര്‍ലോഭമായ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനവും വ്യക്തിജീവിതവും മനസ്സിലാകുന്നവര്‍ക്ക് അദ്ദേഹത്തിന്റെ ശരീരം പള്ളിയില്‍ അടക്കം ചെയ്യണം എന്ന പേരില്‍ ഇപ്പോള്‍ പാകം ചെയ്യപ്പെട്ട് വാര്‍ത്തകളില്‍ ഓടിച്ചുകൊണ്ടിരിക്കുന്ന അസംബന്ധനാടകത്തിന്റെ പൊരുളറിയാന്‍ ഒരു വിഷമവുമില്ല. തന്റെ ആത്മകഥയ്ക്ക് അദ്ദേഹം അവതാരികയായി എഴുതിയ ജ്യേഷ്ഠന്‍ എബ്രഹാം മാടമാക്കലിന്റെ കവിതയിലെ വരികള്‍ ഇപ്രകാരമാണ്:
''തന്നുടലില്‍ ഞരമ്പിനു
ജീവനുള്ള കാലത്തോളം
നിന്നുകൊള്‍ക വിധിയുടെ
വരയില്‍ത്തന്നെ
ഏതു മല്ലന്‍ ചൊടിച്ചാലും
നിന്‍ തല നീ കുനിക്കരു-
തേതു രാജാവിനും മുമ്പില്‍
കുമ്പിള്‍ കാട്ടൊല്ല''
സഖാവ് എം.എം. ലോറന്‍സ് അടിസ്ഥാന ജനവിഭാഗങ്ങളുടെ ഹൃദയത്തില്‍ എഴുതപ്പെട്ട പേരായി തുടര്‍ന്നും ജീവിക്കും. ഒരു കാലഘട്ടത്തിന്റെ തൊഴിലാളി നേതാവിന് നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍!?
(ലേഖകന്‍: അസിസ്റ്റന്റ് പ്രൊഫസര്‍, സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്സ്, എം.ജി. യൂണിവേഴ്സിറ്റി)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates