മാവോയിസ്റ്റുകള്‍ക്ക് സംഭവിച്ചതെന്ത്? റെഡ് റിപ്പബ്ലിക്കും ജനാധിപത്യവും

Image of police officers
മാവോയിസ്റ്റ് (maoist) വേട്ടയ്ക്കിറങ്ങിയ സായുധസേനാംഗങ്ങള്‍ Samakalika Malayalam
Updated on
6 min read

രു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ, ഒരു നിമിഷം എന്നില്‍ വേദനയുടെ നേര്‍ത്ത മഞ്ഞുപൊഴിച്ചു. അത് വെറുമൊരു പൊട്ടായിരുന്നില്ല, ഒരു കാലഘട്ടത്തിന്റെ, ഒരു ജീവിതത്തിന്റെ, ഒരു നഷ്ടസ്വപ്നത്തിന്റെ ഓര്‍മയായിരുന്നു. പലപ്പോഴും നാം നിസ്സാരമെന്ന് കരുതുന്ന വസ്തുക്കളിലാണ് വലിയ കഥകള്‍ ഒളിഞ്ഞുകിടക്കുന്നത്.'' ഇതിഹാസകാരന്റെ വാക്കുകളില്‍ നിറഞ്ഞുനിന്ന വിലാപവും നഷ്ടബോധവും അനുസ്മരിപ്പിക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞയാഴ്ച ദാരിദ്ര്യവും ചൂഷണവും അവയ്‌ക്കെതിരെയുള്ള കലാപവും അരങ്ങേറുന്ന, തീവ്രമായ വര്‍ഗസമരത്തിന്റെ വിളനിലങ്ങളായ വടക്കേ ഇന്ത്യന്‍ വനശാദ്വലഭൂമിയില്‍നിന്നും മാദ്ധ്യമങ്ങള്‍ കൊണ്ടുവന്നത്.

കാലങ്ങളായി നടക്കുന്ന ഭരണകൂട അടിച്ചമര്‍ത്തലുകള്‍ക്കും കോര്‍പ്പറേറ്റ് ചൂഷണത്തിനും അവയ്‌ക്കെതിരെയുള്ള ചെറുത്തുനില്‍പ്പുകള്‍ക്കുമിടയില്‍ നിരവധി സിന്ദൂരപ്പൊട്ടുകള്‍ ബസ്തറിലും ചുറ്റുവട്ടത്തുമായി മായ്ചുകളയപ്പെട്ടിരിക്കുന്നു. മലയാളത്തിന്റെ മഹാസാഹിത്യകാരന്‍ ഒ.വി. വിജയന്‍ മറ്റൊരു സന്ദര്‍ഭത്തില്‍ ചൂണ്ടിക്കാണിച്ചപോലെ മനുഷ്യമോചനം എന്ന വലിയ സ്വപ്നത്തിനു അവിടെ തല്‍ക്കാലം തിരിച്ചടിയേറ്റിരിക്കുന്നു. പോരാട്ടങ്ങള്‍ നിലയ്ക്കുന്നില്ല എന്നത് വിപ്ലവരാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഒരചഞ്ചലവിശ്വാസമാണെങ്കില്‍പോലും.

ഛത്തീസ്ഗഡിലെ ബസ്തര്‍മേഖലയില്‍ രണ്ട് ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ സി.പി.ഐ മാവോയിസ്റ്റ് (maoist)ജനറല്‍ സെക്രട്ടറിയും സുപ്രിം കമാന്‍ഡറുമായ നംബാല കേശവ റാവു എന്ന ബസവരാജുവടക്കം 27 പേര്‍ കൊല്ലപ്പെട്ട വാര്‍ത്ത കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. ഉയര്‍ന്ന ശ്രേണിയില്‍ പ്രവര്‍ത്തിക്കുന്ന കേഡര്‍മാരുടെ വധം ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള ഒരു രാഷ്ട്രീയകക്ഷിയെന്ന നിലയില്‍ മാവോയിസ്റ്റ് പാര്‍ട്ടിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനത്തെ അസാദ്ധ്യമാക്കിയിരിക്കുന്നുവെന്നും അവരുയര്‍ത്തിപ്പിടിച്ച വിമോചനസ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരം അസാദ്ധ്യമാക്കിയിരിക്കുന്നുവെന്നും മാദ്ധ്യമങ്ങളില്‍ വിശകലനങ്ങള്‍ നിരന്നിരിക്കുന്നു. മാവോയിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച ജനകീയ യുദ്ധ ലൈനിന്റെ പരാജയമാണ് ഇതെന്ന വിലയിരുത്തലാണ് എമ്പാടും. മാവോയിസ്റ്റുകളും ഭരണകൂടവും തമ്മിലുള്ള പോരാട്ടത്തിനിടയില്‍ അകപ്പെട്ടുപോകുകയും ജീവിതം അസാദ്ധ്യമാകുകയും ചെയ്ത ഛത്തീസ്ഗഡിലെ ആദിമജനതയെക്കുറിച്ചുള്ള സങ്കടങ്ങളും ഭരണകൂടത്തിന്റെ നിര്‍ദയത്വവും മാര്‍ദവമില്ലായ്മയും അപലപിക്കപ്പെടുന്നതും ഇതിനിടയില്‍ കാണാം. ''ഹലോ ബസ്തര്‍, ഔര്‍ മൂണ്‍ ഹാസ് ബ്ലഡ് ക്ലോട്‌സ്'' തുടങ്ങിയ കൃതികളുടെ രചയിതാവും യുദ്ധകാര്യലേഖകനുമായ രാഹുല്‍ പണ്ഡിതയെപ്പോലുള്ള എഴുത്തുകാര്‍ മാവോയിസ്റ്റ് രാഷ്ട്രീയത്തിന്റെ ആഴത്തിലുള്ള വിശകലനത്തിനുള്ള മറ്റൊരവസരമായി ഛത്തീസ്ഗഡിലെ പുതിയ സംഭവവികാസങ്ങളെ കാണുകയും ചെയ്യുന്നു.

തീര്‍ച്ചയായും പ്രക്ഷുബ്ധമായ രാഷ്ട്രീയ ആകാശത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുപാറിയ ചെങ്കൊടി അവിടേയും താഴ്ത്തപ്പെട്ടിരിക്കുകയോ ആ കൊടിമരം അപ്പാടെ പിഴുതുമാറ്റപ്പെടുകയോ ചെയ്തിരിക്കുന്നു. സംശയലേശമെന്യേ പറയാം, ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ തുറന്നുവെച്ച വ്യത്യസ്തമായ ഒരു പോരാട്ടമുഖത്ത് അവര്‍ക്ക് തിരിച്ചടിയേറ്റിരിക്കുന്നു.

മറ്റൊരു രാജ്യത്തിന്റേയും മറ്റൊരു ജനതയുടേയും അനുഭവത്തിന്റെ ഭാരം ഇവിടെയുള്ള കമ്യൂണിസ്റ്റുകള്‍ ചുമക്കുകയായിരുന്നുവെന്നും യുദ്ധമേഖലയിലൂടെ അടച്ചിട്ട തീവണ്ടിയില്‍ സഞ്ചരിച്ച് റഷ്യയിലേക്കു വന്ന ലെനിന്റെ രഹസ്യത, അവിശ്വാസം, പട്ടാളച്ചിട്ട ഇവയെല്ലാം സ്വച്ഛമായും ലളിതമായും ജീവിച്ച ഒരു ജനതയുടെമേല്‍ അടിച്ചേല്പിക്കപ്പെടുകയായിരുന്നുവെന്നും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വിമര്‍ശിച്ചുകൊണ്ട് 'ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ'യില്‍ ഒ.വി. വിജയന്‍ എഴുതിയിട്ടുണ്ട്. അടിയന്തരാവസ്ഥയും അതിനെ പിന്തുണച്ച സോവിയറ്റ് യൂണിയനും അന്നു കോണ്‍ഗ്രസ്സിനൊപ്പം നിന്ന സി.പി.ഐയും സി.പി.ഐ.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷത്തിന്റെ നയപരാജയങ്ങളും സൃഷ്ടിച്ച നൈരാശ്യം ആ ലേഖനത്തില്‍ പ്രതിഫലിച്ചത് സംഘടനാസ്വരൂപത്തിന്റേയും നയങ്ങളുടേയും അടപടലം വിമര്‍ശനമായിട്ടാണ്. എന്നാല്‍, പരാജിതപക്ഷത്തുനിന്നും ഉയരുന്ന വിമര്‍ശനാത്മക സ്വരം എന്ന തോന്നലുളവാക്കുന്ന ഇത്തരം വിശകലനങ്ങള്‍ ചിലപ്പോഴൊക്കെ ബോധപൂര്‍വം ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുമുള്ള കടുംകൈകളെ കണ്ടില്ലെന്നു വെയ്ക്കാറുമുണ്ട്.

ഇന്ത്യയില്‍ തീവ്ര ഇടതുപക്ഷത്തിന്റെ പോരാട്ടങ്ങള്‍, ശരിക്കും പറഞ്ഞാല്‍ 1967-ലെ ഒരു പ്രഭാതത്തില്‍ ആരംഭിച്ചതല്ല. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്തും പുറത്തുമായി സംഭവിച്ച സ്വാഭാവിക പോരാട്ടങ്ങളുടെ ഒരു ചരിത്രമാണ് തീവ്ര ഇടതുപക്ഷത്തിന്റെ ചരിത്രം. ഇന്ത്യന്‍ ഭരണഘടനയ്ക്ക് പുറത്ത് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ഉള്ളടക്കത്തിലെ പോരായ്മകള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചുവെന്ന വസ്തുതയെ നിഷേധിക്കലാണ് മാര്‍ഗമെന്ന് വാദിക്കുകയും ചെയ്ത കല്‍ക്കട്ടാ തീസിസിലും തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വേരുകളുണ്ട്. പലരും കരുതുന്നതുപോലെ സി.പി.ഐ-മാവോയിസ്റ്റിന്റെ ചരിത്രം ആരംഭിക്കുന്നത് നക്‌സല്‍ബാരി സമരത്തില്‍നിന്നും അല്ല. നക്‌സല്‍ബാരി പ്രസ്ഥാനവുമായി അതിന്റെ ചരിത്രത്തിനു അഭേദ്യമായ ബന്ധമുണ്ടെന്നിരിക്കലും. ആ സംഘടനയുടെ ചരിത്രം ആരംഭിക്കുന്നത് 1964-ല്‍ നടന്ന സി.പി.ഐ (എം)-ന്റെ ഏഴാം കോണ്‍ഗ്രസ്സിനു തൊട്ടുപിന്നാലെയാണ്. ആ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കൈക്കൊണ്ട നിലപാടുകള്‍ തിരുത്തല്‍വാദപരമാണെന്ന് ആരോപിച്ചും വിയോജിച്ചും പുറത്തുവന്ന വിഭാഗമായ ചിന്ത, ദക്ഷിണ്‍ദേശ് എന്നീ ഗ്രൂപ്പുകളില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ച സി.പി.ഐ.എം വിമതര്‍ കുറച്ചുകാലത്തിനുശേഷം മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍ എന്ന സംഘടന രൂപീകരിക്കുകയായിരുന്നു. കൂച്ച് ബിഹാര്‍ ജില്ലാ കമ്മിറ്റിക്കുള്ളില്‍ കനയ്യ ചാറ്റര്‍ജിയുടേയും അമൂല്യ സെന്നിന്റേയും നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു വിഭാഗം സി.പി.ഐ.എമ്മിനുള്ളില്‍ തങ്ങളുടെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിന് ഉപയോഗപ്പെടുത്തിയ ഒരു പ്രസിദ്ധീകരണമായിരുന്നു 'ചിന്ത.' 1969-ല്‍ സി.പി.ഐ (എം.എല്‍) രൂപീകരിച്ചപ്പോള്‍, ചിന്താ ഗ്രൂപ്പും പിന്നീട് ദക്ഷിണ്‍ദേശ് ഗ്രൂപ്പും അതില്‍ ചേര്‍ന്നില്ല. പകരം, അവര്‍ തങ്ങളുടേതായ ഒരു സ്വതന്ത്ര മാവോയിസ്റ്റ് ലൈന്‍ സ്വീകരിച്ചു. കൂച്ച് ബിഹാര്‍ ഉള്‍പ്പെടെയുള്ള വടക്കന്‍ ബംഗാളിലെ വിവിധ പ്രദേശങ്ങളില്‍ ചിന്താഗ്രൂപ്പ് ആദ്യകാലങ്ങളില്‍ സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. കര്‍ഷകരെ സംഘടിപ്പിക്കുക, സായുധ പോരാട്ടത്തിന് അവരെ സജ്ജരാക്കുക, ബേസ് ഏരിയകള്‍ കെട്ടിപ്പടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അവര്‍ പ്രവര്‍ത്തിച്ചത്. കനയ്യ ചാറ്റര്‍ജി മുന്നോട്ടുവെച്ച 'സ്ട്രാറ്റജി ആന്‍ഡ് ടാക്ടിക്‌സ്' എന്ന രേഖയില്‍, കര്‍ഷക മുന്നേറ്റങ്ങള്‍ക്കും തന്ത്രപരമായ മേഖലകളില്‍ സൈന്യത്തേയും ബേസ് ഏരിയകളേയും കെട്ടിപ്പടുക്കുന്നതിനും ഊന്നല്‍ നല്‍കിയിരുന്നു. ഇത് കൂച്ച് ബിഹാറിനെപ്പോലുള്ള ഗ്രാമീണ, കാര്‍ഷിക മേഖലകളില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ സാഹചര്യമൊരുക്കുകയും ചെയ്തു.

Image of nambala Keshava rao
നമ്പാല കേശവ റാവുSamakalika Malayalam

വകതിരിവില്ലാത്ത ഇടതുപക്ഷ ബാലാരിഷ്ടത

''സോവിയറ്റ് യൂണിയനില്‍ മഴ പെയ്യുമ്പോള്‍ ഇന്ത്യയില്‍ കുട പിടിക്കുന്നവര്‍'' എന്ന് കമ്യൂണിസ്റ്റുകാരെപ്പറ്റി പരിഹാസപൂര്‍വം പഴയകാലത്ത് വിമര്‍ശകര്‍ പറയാറുണ്ടായിരുന്നു. ഒട്ടൊക്കെ അത് ശരിയായിരുന്നുതാനും. 'ചൈനീസ് ചെയര്‍മാന്‍ നമ്മുടെ ചെയര്‍മാന്‍' എന്ന മുദ്രാവാക്യം മുഴക്കിയവരായിരുന്നു സി.പി.ഐ.എമ്മില്‍നിന്നും പുറത്തുപോയി തീവ്ര ഇടതുപക്ഷ നിലപാടുകള്‍ സ്വീകരിച്ചവര്‍. ഒരു ഘട്ടത്തില്‍ 'ദക്ഷിണ്‍ദേശ്' എന്ന പേരു സ്വീകരിച്ചതുപോലും അതിന്റെ ഭാഗമായിരുന്നുവത്രേ. ഇന്ത്യ ദക്ഷിണദേശമെങ്കില്‍ ഏതു രാജ്യമാണ് ഉത്തരദേശമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ദക്ഷിണ്‍ദേശ് എന്ന പേര് സ്വീകരിച്ചതിനു പിന്നില്‍ ചൈനയെ 'ഉത്തരദേശം' അഥവാ വടക്കന്‍ രാജ്യം എന്ന് കണക്കാക്കി, അതിനോടുള്ള രാഷ്ട്രീയ വിധേയത്വം പ്രകടിപ്പിക്കുക എന്നൊരു ധ്വനി ഉണ്ടായിരുന്നു എന്നത് വസ്തുതയാണ്. നക്‌സലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള തീവ്ര ഇടതുപക്ഷക്കാര്‍ ആദ്യകാലങ്ങളില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും മൗ സേദോങ്ങിന്റേയും ആശയങ്ങളേയും പാതകളേയും ഒരു വിപ്ലവമാതൃകയായിട്ടാണ് കണ്ടിരുന്നത്. ചൈനയെ 'അന്താരാഷ്ട്ര കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേന്ദ്ര'മായും, മൗ സേ ദോങ്ങിന്റെ ചിന്തയെ ആധുനിക മാര്‍ക്‌സിസം-ലെനിനിസത്തിന്റെ പരകോടിയായും അവര്‍ വിലയിരുത്തിയിരുന്നു എന്നതും നേരാണ്. എന്നാല്‍, അക്കാലത്ത് കറകളഞ്ഞ ചൈനീസ് പക്ഷപാതിയായ ചാരു മജുംദാറിന്റെ ഉന്മൂലന സിദ്ധാന്തത്തോട് യോജിക്കാന്‍ തയ്യാറില്ലാത്തവരായിരുന്നു പില്‍ക്കാലത്ത് മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍ (എം.സി.സി) എന്ന സംഘടന രൂപീകരിച്ചവര്‍. എം.സി.സി പില്‍ക്കാലത്ത് പീപ്പിള്‍സ് വാറുമായും മറ്റൊരു സി.പി.ഐ.എം.എല്‍ ഗ്രൂപ്പുമായും ചേര്‍ന്ന് സി.പി.ഐ (മാവോയിസ്റ്റ്) എന്ന പാര്‍ട്ടി രൂപീകരിച്ചതിനുശേഷം ചാരു മജുംദാറിനെ തങ്ങളുടെ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവായി കണക്കാക്കുകയും ചരമവാര്‍ഷികത്തോടനുബന്ധിച്ച് 'രക്തസാക്ഷി വാരം' ആചരിക്കുകയും ഒക്കെ ചെയ്യാറുണ്ടെങ്കിലും ആദ്യകാല സി.പി.ഐ (എം.എല്‍)-ന്റെ കര്‍ക്കശമായ 'വ്യക്തികളെ ഉന്മൂലനം ചെയ്യല്‍' (annihilation line) എന്നതില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു ലൈന്‍ ആണ് സ്വീകരിച്ചുപോരുന്നത്. ജനങ്ങള്‍ക്കുവേണ്ടി പോരാടുക എന്നതില്‍നിന്നും വ്യത്യസ്തമായി ജനങ്ങളെ ആയുധമണിയിക്കുകയും ഭൗതികമായും ആശയപരമായും സായുധരാക്കുകയും ചെയ്യുക എന്ന കാഴ്ചപ്പാടാണ് സി.പി.ഐ മാവോയിസ്റ്റുകള്‍ മുറുകെപ്പിടിച്ചിട്ടുള്ളത്.

ഇന്ത്യന്‍ ഭരണകൂടത്തിന്റെ വര്‍ഗസ്വഭാവത്തെ സംബന്ധിച്ചും ഭരണകൂടത്തോട് ഏതു സമീപനം സ്വീകരിക്കണമെന്ന രാഷ്ട്രീയ ലൈന്‍ സംബന്ധിച്ചും ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്കിടയില്‍ വലിയ അഭിപ്രായവ്യത്യാസം തുടക്കം മുതലേ നിലനിന്നിരുന്നു. കര്‍ഷകജനതയ്ക്ക് മുന്‍തൂക്കം കൊടുക്കുന്ന ചൈനീസ് ലൈനാണ് വേണ്ടതെന്ന് ഒരുകൂട്ടര്‍ വാദിച്ചപ്പോള്‍ മറ്റൊരു കൂട്ടര്‍ സോവിയറ്റ് യൂണിയന്റെ വഴിയാണ് നിര്‍ദേശിച്ചത്. അഭിപ്രായവ്യത്യാസം കലശലായപ്പോള്‍ സ്റ്റാലിന്റെ അവസാനകാലത്ത് അദ്ദേഹത്തെ ചെന്നുകണ്ട് ഇതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശം ആരാഞ്ഞ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളോട് നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഭൗതികസാഹചര്യമനുസരിച്ചു തീരുമാനിക്കൂ എന്നായിരുന്നുവത്രേ സ്റ്റാലിന്‍ നിര്‍ദേശിച്ചത്. എന്നാല്‍, ക്രൂഷ്‌ചേവ് യുഗം പിറന്നതോടെ ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടായ പിളര്‍പ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പഴയ തര്‍ക്കങ്ങള്‍ ശക്തിപ്പെട്ടു. 1961-ല്‍ വിജയവാഡയില്‍ നടന്ന അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ എസ്.എ. ഡാങ്കെയുടെ നിര്‍ദേശപ്രകാരം അജയ്‌ഘോഷ് പുതിയ പരിപാടി-ദേശീയ ജനാധിപത്യ വിപ്ലവം- സംബന്ധിച്ച രേഖ അവതരിപ്പിക്കുകയും എതിര്‍പ്പുകള്‍ക്കിടെ ആ രേഖ അംഗീകരിക്കപ്പെടുകയും ചെയ്തു. ഇക്കാലത്തുതന്നെ ചൈനയും ഇന്ത്യയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമാകുകയും ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധം ഉണ്ടാകുകയും ചെയ്തു. ഡാങ്കേയുടേയും അജയ്‌ഘോഷിന്റേയും നിലപാടുകളെ അംഗീകരിക്കാതിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരു വിഭാഗം കേഡറുകളെ ചൈനീസ് ചാരന്മാര്‍ എന്നാരോപിച്ച് ജയിലിലാക്കുന്നതും ഈ സമയത്താണ്. 1964-ല്‍ സി.പി.ഐയിലെ ഔദ്യോഗികപക്ഷത്തെ എതിര്‍ക്കുന്നവര്‍ ദേശീയസമിതിയില്‍നിന്നും ഇറങ്ങിപ്പോക്കു നടത്തുകയും സി.പി.ഐ(എം) രൂപീകരിക്കുകയും ചെയ്തു. എന്നാല്‍, അന്ന് സി.പി.ഐ.എം രൂപീകരിച്ചവരില്‍ത്തന്നെ ഒരു വിഭാഗത്തിനു പുതിയ പാര്‍ട്ടിയുടെ നിലപാടുകള്‍ തിരുത്തല്‍വാദപരമാണെന്ന അഭിപ്രായമായിരുന്നു. ഇതേ കാലത്തുതന്നെ അജോയ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള ബംഗ്ലാ കോണ്‍ഗ്രസ്സും സി.പി.ഐ.എമ്മും ഉള്‍പ്പെടെ 14 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ഐക്യമുന്നണി രൂപീകരിക്കുകയും ബംഗാളില്‍ അധികാരത്തിലെത്തുകയും ചെയ്തു. ജ്യോതിബസു, ഹരേകൃഷ്ണകോനാര്‍ എന്നിവര്‍ മന്ത്രിമാരായി.

ബംഗാളിലെ അധികാരലബ്ധി വര്‍ഗസമരം മൂര്‍ച്ഛിപ്പിക്കാനുള്ള അവസരമായാണ് ഇടതുപക്ഷക്കാര്‍ പൊതുവേ കണ്ടത്. ഭൂരഹിതകര്‍ഷകരുടേയും നാമമാത്രകര്‍ഷകരുടേയും തേയിലത്തോട്ടങ്ങളില്‍ പണിയെടുത്തിരുന്ന ഗോത്രവര്‍ഗക്കാരുടേയും ഗ്രാമീണജനതയുടേയും സ്ഥിതി വളരെ ശോചനീയമായിരുന്നത് ഇടതുപക്ഷരാഷ്ട്രീയത്തിനു പിന്തുണ വര്‍ദ്ധിപ്പിച്ചു. അവരുടെ പോരാട്ടങ്ങള്‍ക്ക് സി.പി.ഐ.എം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി. കോടതിവിധിയുടെ പിന്‍ബലം ഉണ്ടായിരുന്നിട്ടുപോലും ഒരു പാട്ടക്കൃഷിക്കാരനെ ജന്മി ഭൂമിയില്‍നിന്നും പുറത്താക്കിയത് സമരങ്ങള്‍ക്ക് തിരികൊളുത്തി. ചാരു മജുംദാര്‍, കനു സന്യാല്‍ തുടങ്ങിയവര്‍ ഈ പ്രക്ഷോഭങ്ങളില്‍ സജീവമായി.

സി.പി.ഐ.എം ബംഗാള്‍ സംസ്ഥാന കമ്മിറ്റി സമരം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. അന്ന് പ്രമോദ് ദാസ്ഗുപ്തയായിരുന്നു സെക്രട്ടറി. എന്നാല്‍, വൈകാതെ സമരരീതി സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ വലിയ അഭിപ്രായവ്യത്യാസം ഉണ്ടായി. ചാരു മജുദാറിനേയും കനുസന്യാലിനേയും അനുകൂലിക്കുന്നവര്‍ തൊഴിലാളികളേയും കര്‍ഷകരേയും സംഘടിപ്പിച്ച് അവരെ സായുധരാക്കി. കര്‍ഷകസമിതികള്‍ കടം ഈടാക്കുന്നെന്ന പേരില്‍ ജന്‍മികള്‍ നടത്തുന്ന പിടിച്ചുപറികള്‍ക്കെതിരെ രംഗത്തുവരികയും ഭൂവുടമകളുടെ തോക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷം ബംഗാളിലെ ഗ്രാമങ്ങളില്‍ സംജാതമായി. ഈ ഘട്ടത്തിലാണ് സായുധസമരം വേണ്ടെന്ന നിലപാട് ജ്യോതിബസു മുന്നോട്ടുവെയ്ക്കുന്നത്. തുടക്കത്തില്‍ ഈ രീതിയിലുള്ള സമരത്തിനൊപ്പം നിന്ന പ്രമോദ് ദാസ് ഗുപ്തയും ഇതില്‍നിന്നു പിന്മാറി. എന്നിട്ടും സമരം ശക്തമായി. ഭൂരഹിത കര്‍ഷകരും തൊഴിലാളികളും ചേര്‍ന്നു നടത്തിയ പ്രതിഷേധറാലിക്കു നേരെ പൊലീസ് വെടിവെയ്പ് നടത്തി. നിരവധി പേര്‍ കൊല്ലപ്പെട്ടു. ഈ സംഭവത്തോടെ സമരത്തിന് അനുകൂലമായ വികാരം രാജ്യം മുഴുവന്‍ പടര്‍ന്നു. വിശേഷിച്ചും സി.പി.ഐ.എമ്മിനുള്ളിലെ യുവരക്തത്തെ ആ സമരങ്ങള്‍ ത്രസിപ്പിച്ചു.

ഈ വെടിവെയ്പും തുടര്‍ന്നുള്ള സംഭവങ്ങളും സി.പി.ഐഎമ്മിനുള്ളിലും കലാപത്തിനു തിരികൊളുത്തി. 1967 ജൂണ്‍ മാസത്തില്‍ സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗീകരിച്ച പ്രമേയമനുസരിച്ച് സായുധസമരം നടത്തുന്ന വിഭാഗത്തെ, പാര്‍ട്ടി വിരുദ്ധരെ ഉടനടി പാര്‍ട്ടി അംഗത്വത്തില്‍നിന്നു പുറത്താക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് 19 അംഗങ്ങളെ സി.പി.ഐ.എമ്മില്‍നിന്നും പുറത്താക്കുകയും ചെയ്തു. ബംഗാളില്‍ രാഷ്ട്രീയ പോരാട്ടങ്ങള്‍ മുറുകവേയാണ് 1967 ജൂണ്‍ 28-ന് റേഡിയോ പീക്കിംഗ് നക്‌സല്‍ബാരി സംഭവങ്ങളെ 'ഇന്ത്യയുടെ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കം' എന്നു വിശേഷിപ്പിക്കുന്നത്. സി.പി.ഐ.എമ്മിനെ ചൈനീസ് പാര്‍ട്ടി തിരുത്തല്‍വാദികളുടെ പാര്‍ട്ടി എന്നു വിശേഷിപ്പിച്ചപ്പോള്‍ സോവിയറ്റ് പാര്‍ട്ടിയുടെ പിന്തുണ സി.പി.ഐക്കു ലഭിച്ചു. അങ്ങനെ ഇരുചേരിയുടേയും അംഗീകാരമില്ലാത്ത പാര്‍ട്ടിയായി സി.പി.ഐ.എം മാറിയതാണ് ഇതിനിടയില്‍ സംഭവിച്ച മറ്റൊരു സംഭവവികാസം.

ഇതിനിടയില്‍ നക്‌സല്‍ബാരി രാജ്യമൊട്ടാകെ ചര്‍ച്ചയായി. കേരളം, കശ്മീര്‍, പഞ്ചാബ് തുടങ്ങി പല സംസ്ഥാനങ്ങളിലേയും സി.പി.ഐ.എം കേഡര്‍മാര്‍ നക്‌സല്‍ അനുഭാവികളായി മാറി. വിവിധ സംസ്ഥാനങ്ങളിലെ നിരവധി നേതാക്കളും പ്രവര്‍ത്തകരും നക്‌സല്‍ബാരി സമരത്തിനൊപ്പമെന്ന് പ്രഖ്യാപിച്ചു. സമരത്തെ പിന്തുണച്ചവര്‍ 1968 മെയ് 14-ന് ഓള്‍ ഇന്ത്യ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഒഫ് കമ്യൂണിസ്റ്റ് റവല്യൂഷണറീസ് (AICCCR) എന്നൊരു വേദിയ്ക്ക് രൂപം നല്‍കി. മുഖപത്രങ്ങളിലൂടെ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ചൈനീസ് മാതൃകയിലുള്ള വിപ്ലവമായിരുന്നു ലക്ഷ്യം. വര്‍ഗ, ബഹുജന സംഘടനകള്‍ തിരുത്തല്‍വാദപരമാണെന്നായിരുന്നു മറ്റൊരു കണ്ടെത്തല്‍. 1969-ലെ പൊതുതെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും ചെയ്തു. 1969 മെയ് ഒന്നിനു പുതിയ പാര്‍ട്ടി നിലവില്‍ വന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്- ലെനിനിസ്റ്റ്) അഥവാ സി.പി.ഐ (എം.എല്‍).

പിന്നീടുണ്ടായ സംഭവവികാസങ്ങളും ചരിത്രം. തീര്‍ച്ചയായും സൈദ്ധാന്തികമായ തലമുടി നാരിഴ കീറലുകളെത്തുടര്‍ന്ന് ആ പാര്‍ട്ടി പലതായി പിളര്‍ന്നു. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഉള്‍പ്പിരിവുകളനുസരിച്ച് പതാകയും പരിപാടിയും വീണ്ടും പലതായി. ലിന്‍ ബിയാവോ ലൈനും ആന്റി ലിന്‍ ബിയാവോ ലൈനും ഉണ്ടായി. ചന്ദ്രപ്പുള്ള റെഡ്ഢിയുടേയും കൊണ്ടപ്പള്ളി സീതാരാമയ്യയുടേയും നേതൃത്വത്തില്‍ ഗ്രൂപ്പുകളുണ്ടായി. അവര്‍ ഭരണകൂടവുമായും സായുധസേനകളുമായും നിരവധി തവണ ഏറ്റുമുട്ടി. ചൂഷകരേയും അവരുടെ കങ്കാണികളേയും നേരിടുന്നതിനിടെ പരസ്പരം 'റെനഗേഡു'കളായും 'റിവഷണിസ്റ്റു'കളായും വിശേഷിപ്പിച്ച് ഏറ്റുമുട്ടി. പരസ്പരം ഉന്മൂലനം ചെയ്യുന്ന പ്രക്രിയയിലും ഏര്‍പ്പെട്ടു. ഇവയില്‍ '80-കളില്‍ ആന്ധ്രാപ്രദേശില്‍ കൊ ണ്ടപ്പള്ളി സീതാരാമയ്യയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് വാര്‍ ഗ്രൂപ്പും '90-കളില്‍ ബിഹാറില്‍ സവര്‍ണ ഭൂപ്രഭുസേനകളുടെ ദളിത് കൂട്ടക്കൊല കാലത്ത് ചെറുത്തുനില്‍പ്പുയര്‍ത്തി മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്ററും (എം.സി.സി) ശക്തിപ്പെട്ടു. ബിഹാറില്‍ അക്കാലത്ത് ഉയര്‍ന്നുവന്ന ദളിത്-പിന്നാക്ക രാഷ്ട്രീയം എം.സി.സിയുടെ ഉയര്‍ച്ചയ്ക്ക് പശ്ചാത്തലമായി. 2000-കളുടെ തുടക്കത്തില്‍ പശ്ചിമബംഗാളില്‍ മാവോയിസ്റ്റുകള്‍ സി.പി.ഐ.എം നേതൃത്വം നല്‍കുന്ന മുന്നണിയെ തെരഞ്ഞെടുപ്പുകളില്‍ പിന്തുണച്ചെങ്കിലും പിന്നീട് ദീര്‍ഘകാലം നീണ്ട ഇടതുപക്ഷഭരണത്തെ താഴെയിറക്കാന്‍ മമതാബാനര്‍ജിയുടേയും കൂട്ടരുടേയും കയ്യില്‍ നല്ലൊരായുധമായി. അന്ന് പ്രക്ഷോഭത്തില്‍ മമതയുടെ ഒപ്പം നിന്ന മാവോയിസ്റ്റുകളേയും കോടേശ്വര റാവു എന്ന അവരുടെ നേതാവിനേയും മമതയുടെ ഭരണത്തിന്‍ കീഴില്‍ത്തന്നെ വകവരുത്തുകയും ചെയ്തു. 2000-ന്റെ തുടക്കത്തില്‍ മാവോയിസ്റ്റ് പ്രസ്ഥാനം പല ഗ്രൂപ്പുകളായി ചിതറിക്കിടക്കുന്നത് അവരുടെ ശക്തി ക്ഷയിപ്പിക്കുന്നെന്നു തിരിച്ചറിഞ്ഞ എം.സി.സിയുടേയും കൊണ്ടപ്പള്ളിയെ പുറത്താക്കിയ പീപ്പിള്‍സ് വാറിന്റേയും റഊഫ് ഗ്രൂപ്പിന്റേയും നേതാക്കള്‍ പുതിയ ഒരു പാര്‍ട്ടിക്ക് രൂപം നല്‍കി. ഇന്ത്യന്‍ വിപ്ലവത്തിന് ഒരു ഏകീകൃത നേതൃത്വവും തന്ത്രവും അവര്‍ രൂപീകരിക്കാന്‍ ശ്രമിച്ചു. കശ്മീരിലേയും മണിപ്പൂരിലേയും വിഘടനവാദശ്രമങ്ങളെ സ്വയംനിര്‍ണയാവകാശമെന്ന ലെനിനിസ്റ്റ് രാഷ്ട്രീയത്തിന്റെ മറപറ്റി പിന്തുണയ്ക്കുകയും ശ്രീലങ്ക മുതല്‍ നേപ്പാള്‍ വരെ നീളുന്ന ഒരു ചുവന്ന ഇടനാഴി വിഭാവനം ചെയ്യുകയും ചെയ്തു.

image of police officers
മാവോയിസ്റ്റ് വേട്ടയ്ക്കിറങ്ങിയ പൊലീസ് സായുധസേനാംഗങ്ങള്‍ Samakalika Malayalam Vaarika

മാവോയിസ്റ്റുകള്‍ക്ക് സംഭവിച്ചതെന്ത്?

ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തരഭീഷണി എന്ന് ഇന്ത്യന്‍ ഭരണകൂടം വിലയിരുത്തിയിട്ടുള്ള, മാവോയിസ്റ്റുകള്‍ പ്രതിനിധാനം ചെയ്യുന്ന ഇടതുപക്ഷതീവ്രവാദത്തിന്റ ചരിത്രത്തോളം തന്നെ പ്രബലമായ ഒരു ചരിത്രം മാവോയിസ്റ്റ് വിരുദ്ധ ഭരണകൂട നടപടികള്‍ക്കുണ്ട്. ആദ്യകാലത്ത് ഒറ്റയ്‌ക്കൊറ്റയ്ക്ക് ഇടതുതീവ്രരാഷ്ട്രീയക്കാരെ ഏറ്റുമുട്ടല്‍ കൊലകളിലൂടെയും മറ്റും ഉന്‍മൂലനം ചെയ്യുന്നതായിരുന്നു ഭരണകൂടത്തിന്റെ രീതി. ഭഗത്സിംഗിന്റെ അമ്മാമന്‍ അജിത് സിംഗിനെപ്പോലുള്ള പ്രമുഖ നേതാക്കളോടൊപ്പം ഗദര്‍ പാര്‍ട്ടിയില്‍ സജീവമായിരുന്നയാളായിരുന്ന സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ബാബാ ബുഝാ സിംഗിന്റെ ജീവിതത്തിന് അങ്ങനെയാണ് ഒരു ഏറ്റുമുട്ടല്‍ കൊലയില്‍ അന്ത്യമാകുന്നത്. ലാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും പിന്നീട് സി.പി.ഐയിലും പ്രവര്‍ത്തിച്ച അദ്ദേഹം കൊല്ലപ്പെടുന്ന സമയത്ത് നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. പില്‍ക്കാലത്ത് ഈ പ്രവര്‍ത്തനത്തിനും ഏകോപിച്ചതും ബഹുമുഖവുമായ ഒരു രൂപം കൈവന്നു. യു.പി.എ ഭരണകാലത്ത് ആവിഷ്‌കരിച്ച ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ടും പിന്നീടുവന്ന ഹിന്ദുത്വഗവണ്‍മെന്റുകള്‍ നടപ്പാക്കിയ വിവിധ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുകളും ഇടതുതീവ്രവാദത്തെ നിര്‍ദയമായും ഫലപ്രദമായും നേരിട്ടു. മാവോയിസ്റ്റുകളാകട്ടെ, ഏതുവിധേനയും അതു ചെറുത്തുനില്‍ക്കാനുള്ള ശ്രമവും തുടര്‍ന്നു. ഇവയ്ക്കിടയില്‍പ്പെട്ട് ദണ്ഡകാരണ്യത്തിലും മറ്റുമുള്ള ദരിദ്രരായ നിരവധി മനുഷ്യരുടെ ജീവനും സ്വത്തിനും നാശം നേരിടുകയും ചെയ്തു.

തീര്‍ച്ചയായും സി.പി.ഐ മാവോയിസ്റ്റിന്റെ സെക്രട്ടറി ബസവരാജിന്റെ കൊലപാതകം മാവോയിസ്റ്റ് പ്രസ്ഥാനം ഊര്‍ദ്ധ്വന്‍ വലിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ 2026 മാര്‍ച്ചിനു മുന്‍പേ മാവോയിസ്റ്റുകള്‍ക്കെതിരായ പോരാട്ടത്തില്‍ വിജയം കൈവരിച്ചുവെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തേക്കാം. ബസവരാജിനെപ്പോലുള്ള കേഡര്‍മാരുടെ അഭാവത്തില്‍ മാവോയിസ്റ്റ് പാര്‍ട്ടിക്ക് വീണ്ടും ശക്തിപ്രാപിക്കാനോ തങ്ങളുടെ സ്വാധീനം തിരിച്ചുപിടിക്കാനോ കഴിഞ്ഞില്ലെന്നും വരാം. അനുഭവസമ്പന്നമായ പാര്‍ട്ടി നേതൃത്വത്തില്‍ ഭൂരിഭാഗവും ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു. എന്നാല്‍ മാവോയിസ്റ്റ് പാര്‍ട്ടി സജീവമായിരുന്ന ദണ്ഡകാരണ്യംപോലുള്ള പ്രദേശങ്ങളില്‍ ഇതുവരേയും ഇല്ലാതാകാത്തതും ഇല്ലാതാകാന്‍ സാദ്ധ്യതയില്ലാത്തതുമായ ചില കാര്യങ്ങളുണ്ട്. അതിലൊന്ന് പ്രകൃതിവിഭവ സമ്പന്നമായ ആ മേഖലയില്‍ കോര്‍പ്പറേറ്റുകളും ബിസിനസ്സ് ടൈക്കൂണുകളും നടത്തുന്ന നാനാമുഖമുള്ള ചൂഷണവും തദ്ദേശീയരായ ആദിമജനതയുടെ അതിദാരിദ്ര്യവുമാണ്. ഇത്രയും കാലം മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ തദ്ദേശീയ ജനത നേരിട്ടത് വംശീയോന്‍മൂലനമാണെന്ന് പരക്കേ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. കാള്‍ മാര്‍ക്‌സും ലെനിനും കണ്ടിട്ടില്ലാത്തതും അറിഞ്ഞിട്ടില്ലാത്തതുമായ നിരവധി സാഹചര്യങ്ങളാണ് തീര്‍ച്ചയായും ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ നേരിടുന്നത്. ലെനിന്‍ എറിഞ്ഞുതന്ന തീപ്പന്തത്തെ ഏറ്റുവാങ്ങാന്‍ സാത്വികതയും ധാര്‍മികതയും മൂലം ഭാരതം പര്യാപ്തമല്ലെന്ന് ഒ.വി. വിജയന്‍ എഴുതുകയുണ്ടായിട്ടുണ്ട്. എന്നാല്‍, ഈ സാത്വികതയോ ധാര്‍മികതയോ ഒന്നുമല്ല മിക്കപ്പോഴും ഇന്ത്യക്കാരുടെ ചുവന്ന വിമോചനസ്വപ്നങ്ങളെ തല്ലിക്കൊഴിച്ചത് എന്ന് ചരിത്രം പരിശോധിച്ചാല്‍ അറിയാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com