മധുരൈയില്‍ നിന്നും മാറ്റത്തിന്റെ കാറ്റ്?

എം.എ. ബേബിക്ക് തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണം
എം.എ. ബേബിക്ക് തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണം -
Updated on
4 min read

രുതലോടെ വായനയ്ക്കു സമയം കണ്ടെത്താന്‍ ശ്രമിച്ചില്ലെങ്കില്‍ അര്‍ത്ഥവത്തായ രാഷ്ട്രീയ പ്രവര്‍ത്തനം പ്രയാസമാകും. ശരീരത്തിനു ഭക്ഷണംപോലെയാണല്ലോ ബോധത്തിനു വായന. ആഗ്രഹത്തിനൊത്ത് വായിക്കാന്‍ കഴിയുന്നില്ലെന്ന വിഷമമുണ്ട്. വായിച്ചുതീര്‍ക്കാന്‍ കഴിയാത്ത പുസ്തകങ്ങളുടെ പരിഭവം നിറഞ്ഞ നോട്ടം ബുക്ക്‌ഷെല്‍ഫില്‍നിന്നു നീണ്ടുവരുന്നതും മനസ്സു വേദനിപ്പിക്കാറുണ്ട്.''

സി.പി.ഐ.എം എന്ന പാര്‍ട്ടിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നതിനും ഏറെ മുന്‍പ് അദ്ദേഹം നല്‍കിയ ഒരഭിമുഖത്തില്‍നിന്നാണ് അദ്ദേഹത്തിന്റെ ഒരു പ്രതികരണം ഇവിടെ എടുത്തു ചേര്‍ത്തിട്ടുള്ളത്. മനുഷ്യര്‍ ഉച്ചരിക്കുന്ന വാക്കുകളില്‍നിന്ന് അവരുടെ ആത്മാവിന്റെ ആഴവും പരപ്പും ഏറെക്കുറേ അളന്നറിയാം എന്നത് വസ്തുതയാണെങ്കില്‍ ഈ വാക്കുകളില്‍ ലോകത്തെക്കുറിച്ചുള്ള ഗൗരവപൂര്‍ണവും നീതിബോധവുമുള്ള ഒരു വീക്ഷണമുണ്ട്. ഓരോ വര്‍ഷവും വായിച്ചുതീര്‍ത്ത പുസ്തകങ്ങളുടെ പട്ടിക സാമൂഹ്യമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ച് സായൂജ്യമടയുന്നവരുണ്ട്. അതവരുടെ സന്തോഷം. എന്നാല്‍, തീര്‍ച്ചയായും വായിച്ചുതള്ളിയ പുസ്തകങ്ങളുടെ എണ്ണമല്ല, അതില്‍നിന്നും ആര്‍ജിക്കുന്ന സംസ്‌കാരമാണ് കണക്കിലെടുക്കപ്പെടേണ്ടത്. ചവച്ചരച്ചു ഉമിനീരില്‍ കലര്‍ന്ന ഭക്ഷണംപോലെ വായനകൊണ്ട് ബോധത്തിനും ഗുണമുണ്ടാകണം. പുസ്തകങ്ങളുടെ പരിഭവം നിറഞ്ഞ നോട്ടംപോലും തനിക്കവയോട് നീതി പുലര്‍ത്താനായോ എന്ന തോന്നല്‍ ഉണ്ടാക്കുന്നുവെങ്കില്‍ വായന ഒരുവനില്‍ ഉണ്ടാക്കിയ മാറ്റം തന്നെയാണത്.

പൊതുവെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറി സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം തന്നെ പ്രതിഭാശാലികളായിരുന്നു. വ്യവസ്ഥയുടെ വക്കീലന്മാരല്ല അവര്‍. മറിച്ച് വ്യവസ്ഥയ്‌ക്കെതിരെ തന്ത്രപരമായ കലാപത്തിനു നേതൃത്വം നല്‍കാന്‍ നിയോഗിക്കപ്പെടുന്നവരാണ്. രക്തസാക്ഷികളുടെ നാടാണ് മധുരൈ; സാമൂഹിക വിപ്ലവങ്ങളുടേയും. 1939-ല്‍ മധുരൈ മീനാക്ഷി ക്ഷേത്രത്തില്‍ ഏവര്‍ക്കും പ്രവേശനം അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി നടന്ന സമരചരിത്രം സുവിദിതമാണ്. നാരായണഗുരുവിന്റെ ശിഷ്യന്‍ സ്വാമി ആനന്ദതീര്‍ത്ഥന്‍ തന്റെ ജാതിവിരുദ്ധ കലാപങ്ങള്‍ക്കു നേതൃത്വം നല്‍കിയതിന്റെ ചരിത്രമുറങ്ങുന്നുണ്ട് മധുരൈയിലെ ഗ്രാമങ്ങളില്‍. ഒരു ബ്രാഹ്മണിക്കല്‍ ഫാസിസ്റ്റ് സംഘടനയുടെ ചരടുവലിക്കൊത്ത് ചലിക്കുന്ന ഒരു സംഘം ഭരണകൂടാധികാരം കയ്യാളുന്ന സന്ദര്‍ഭത്തില്‍ മധുരൈയില്‍ വെച്ചു നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിനും മരിയന്‍ അലക്‌സാണ്ടര്‍ ബേബി എന്ന സെക്രട്ടറിയുടെ തെരഞ്ഞെടുപ്പിനും വലിയ പ്രാധാന്യമുണ്ട്. ഇതിനുമുന്‍പ് രണ്ടുതവണ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ പാര്‍ട്ടി കോണ്‍ഗ്രസ് അന്നാട്ടില്‍ വെച്ചു നടന്നിട്ടുണ്ട്. 1953 ഡിസംബര്‍ 27-നു തുടങ്ങി 54 ജനുവരി മൂന്നിന് അവസാനിച്ച മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സും 1972 ജൂണ്‍ 27-നു തുടങ്ങി ജൂലൈ രണ്ടിന് അവസാനിച്ച ഒന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസ്സും. രാഷ്ട്രം ഫാസിസത്തിലേയ്ക്ക് നീങ്ങുന്നു എന്ന മുന്നറിയിപ്പായിരുന്നു ഇതിനു മുന്‍പ് മധുരൈയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് പൊതുസമൂഹത്തിനു നല്‍കിയത്. ഏറെ വൈകാതെ ആര്‍.എസ്.എസ്-ജനസംഘം പ്രവര്‍ത്തകനായിരുന്ന പാര്‍ലമെന്റംഗം എ.ബി. വാജ്‌പേയ് ഇന്ദിരയില്‍ ചണ്ഡിദുര്‍ഗ്ഗയെ ദര്‍ശിക്കുകയും അടിയന്തരാവസ്ഥ എന്ന അര്‍ദ്ധഫാസിസ്റ്റ് വാഴ്ചയ്ക്ക് ഇന്ദിരയ്ക്ക് ധൈര്യം കിട്ടുകയും ചെയ്തുവെന്നതും ചരിത്രം. അന്ന് ആ ദശാസന്ധിയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നയിക്കാന്‍ നിയോഗമുണ്ടായത് പുച്ചപ്പള്ളി സുന്ദരയ്യയ്ക്കായിരുന്നു.

ദശകങ്ങള്‍ക്കുശേഷമാണ് മധുരൈയ്ക്ക് പാര്‍ട്ടി കോണ്‍ഗ്രസ്സിന് ആതിഥ്യമരുളാന്‍ മൂന്നാമതൊരൂഴം കൂടി കിട്ടുന്നത്. ഏതാണ്ട് 50 വര്‍ഷം കഴിഞ്ഞ് വീണ്ടും മധുരൈയില്‍ തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് പ്രതിനിധികള്‍ ഒത്തുകൂടുകയും വിമര്‍ശനപരമായും സ്വയംവിമര്‍ശനപരമായും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ ഫാസിസം മറ്റൊരു രൂപത്തില്‍ ശക്തിപ്പെട്ടിരിക്കുന്നു. എന്നാല്‍, ഇന്ദിരയുടെ ഫാസിസത്തെ എങ്ങനെ, ആരോടൊക്കെ ചേര്‍ന്നു നേരിടണമെന്ന കാര്യത്തില്‍ സുന്ദരയ്യയ്ക്കും അന്നത്തെ നേതൃത്വത്തിനും ഉണ്ടായിരുന്ന അങ്കലാപ്പുകളൊന്നും ബേബിക്കോ പുതിയ നേതൃത്വത്തിനോ ഉണ്ടാകേണ്ട കാര്യമില്ല. അന്നത്തെ കാലത്തെക്കാള്‍ തെളിമയാര്‍ന്നിട്ടുണ്ട് കാഴ്ചപ്പാടുകള്‍.

കുതിപ്പിന്റേയും കിതപ്പിന്റേയും കഥകളുണ്ട് അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു കിങ്‌മേക്കറിന്റെ റോളില്‍ മിക്കപ്പോഴും തിളങ്ങിയിട്ടുണ്ട് സി.പി.ഐ.എം നേതാക്കള്‍. ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാകാവുന്ന രണ്ടു സാഹചര്യങ്ങളെ ഫലപ്രദമായി നേരിടുന്നതില്‍ സി.പി.ഐ.എമ്മും ഇടതുപക്ഷവും വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. വി.പി. സിംഗിന്റെ നേതൃത്വത്തില്‍ രാജ്യത്തെ രണ്ടാമത്തെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന ഘട്ടമാണ് ഒന്നാമത്തേത്. ദേശീയമുന്നണി ബി.ജെ.പിയെ തീണ്ടാപ്പാടകലെ നിര്‍ത്തണമെന്ന സി.പി.ഐ.എം അടക്കമുള്ള ഇടതുപക്ഷത്തിന്റെ നിര്‍ബന്ധബുദ്ധി അക്കാലത്ത് വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു. 'സോഷ്യല്‍ ഫാസിസ്റ്റു'കളായ സോവിയറ്റ് നേതൃത്വത്തിന്റെ അനുഗൃഹാശ്ശിസ്സുകളുള്ള ഇന്ദിരാകോണ്‍ഗ്രസ്സിന്റെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കുന്നതില്‍ ഇടതുപക്ഷത്തിനുള്ള ആത്മാര്‍ത്ഥത കുറവായിട്ടുപോലും അന്ന് ബി.ജെ.പിയെ അകറ്റിനിര്‍ത്തണമെന്ന ഇടതുനിലപാട് വിമര്‍ശിക്കപ്പെട്ടു. സോവിയറ്റ് യൂണിയന്‍ തകര്‍ന്നു. ഏറെക്കുറെ അക്കാലത്തുതന്നെ കോണ്‍ഗ്രസ്സിന്റെ അധികാരക്കുത്തകയും തകര്‍ന്നു. ഹ്രസ്വമായ രാഷ്ട്രീയ പരീക്ഷണങ്ങളുടെ ഒരു ദശകമായിരുന്നു പിന്നെ. ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യമുയര്‍ത്തി എ.ബി. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ വീണ്ടുമൊരു തവണ കൂടി അധികാരത്തില്‍ വരുന്നതിന് തടയിട്ട യു.പി.എ പരീക്ഷണത്തിന് സി.പി.ഐ.എം സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് ഇടപെട്ടതാണ് രണ്ടാമത്തെ സന്ദര്‍ഭം.

കാരാട്ടും ബേബിയും
കാരാട്ടും ബേബിയും

അന്ന് സുര്‍ജിതിനൊപ്പം ആ ദൗത്യത്തില്‍ പങ്കുവഹിച്ചവര്‍ പില്‍ക്കാലത്ത് സെക്രട്ടറിമാരായി. പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും.

ദേശീയമുന്നണി പരീക്ഷണക്കാലത്തിന്റെ ഒരു ദശകത്തിനുശേഷവും യു.പി.എ പരീക്ഷണങ്ങളുടെ പതിറ്റാണ്ടിനുശേഷവും സി.പി.ഐ.എം കിതയ്ക്കുന്നതാണ് രാജ്യം കണ്ടത്. നീണ്ട 35 വര്‍ഷത്തെ ഭരണമേല്പിച്ച ക്ഷതങ്ങള്‍ വടുകെട്ടിയ സി.പി.ഐ.എം മുന്നണി ബംഗാളില്‍ തത്ത്വദീക്ഷയില്ലാത്ത ഒരവസരവാദ സഖ്യത്തിന്റെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞു. സി.പി.ഐ.എമ്മിനു ഭരണം പോകുകയും ഒരുകാലത്ത് ഇന്ത്യയെക്കാള്‍ മുന്‍പേ ചിന്തിക്കുന്നവരെന്ന് മേനിനടിച്ച വംഗജനത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും പടര്‍ന്ന കാവി രാഷ്ട്രീയത്തിനും മമതയുടെ തരാതരംപോലുള്ള പ്രീണന നയങ്ങള്‍ക്കും വഴിപ്പെട്ട് വിഭജിതരായി. ഒരുകാലത്ത് ജനപ്രതിനിധിസഭകളില്‍ മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന സി.പി.ഐ.എം പേരിനുപോലും ഇല്ലാതായി. ത്രിപുരയില്‍ ഭരണം പോയി. അവിടെ ബി.ജെ.പിയുടെ ബിപ്ലവ്‌ദേവിന്റെ ഹിന്ദുത്വവിപ്ലവം പൊടിപൊടിക്കുകയും രാജാധികാരത്തിന്റെ സ്മരണകള്‍ സൂക്ഷിക്കുന്ന ത്വിപ്ര മോത ശക്തിപ്പെടുകയും സി.പി.ഐ.എം ഏറെക്കുറെ നാമാവശേഷമാകുകയും ചെയ്തു. ലാളിത്യത്തിന്റേയും ആദര്‍ശത്തിന്റേയും പ്രതിരൂപങ്ങളായ നൃപന്‍ ചക്രവര്‍ത്തിയും ദശരഥ്‌ദേബും മണിക് സര്‍ക്കാരുമൊക്കെ നയിച്ച ത്രിപുരയില്‍ പാര്‍ട്ടിക്കിതെന്തു പറ്റി എന്നു രാഷ്ട്രീയ നിരീക്ഷകര്‍ അദ്ഭുതം കൂറി. പശ്ചിമ ബംഗാളില്‍ ഇടതുമുന്നണിയെ പുറത്താക്കാന്‍ ജനത്തിനു പല കാരണങ്ങളുണ്ടായിരുന്നു. കേരളത്തില്‍ സി.പി.ഐ.എമ്മിന് അധികാരം നല്‍കരുതെന്നു പറയാനും പല കാരണങ്ങളുണ്ട്. സഖാക്കള്‍ കട്ടന്‍ചായക്കാലമൊക്കെ വിട്ടു എന്ന ആരോപണം തൊട്ട്. ഇന്ത്യന്‍ പാര്‍ലമെന്റിലും അംഗബലം ശോഷിച്ചു. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് സി.പി.ഐ.എമ്മിനെ ചിത്രകാരന്‍ എം.വി. ദേവന്‍ വിശേഷിപ്പിച്ചതുപോലെ അതൊരു 'എല്ലെലുമ്പന്‍ പാര്‍ട്ടി'യായി മാറി; ചുരുങ്ങിയ പക്ഷം പാര്‍ലമെന്ററി പ്രാതിനിധ്യത്തിന്റെ കാര്യത്തിലെങ്കിലും.

എന്നാല്‍, പോരാട്ടങ്ങള്‍ നിലച്ചിട്ടില്ല എന്നേ സി.പി.ഐ.എം പറയൂ. രാജ്യത്തെ പിടിച്ചുലച്ച കര്‍ഷക സമരങ്ങളില്‍, തൊഴിലാളിവര്‍ഗ്ഗത്തിന്റെ പോരാട്ടങ്ങളില്‍, ന്യൂനപക്ഷ മതസ്ഥര്‍ക്ക് പൗരത്വം നിഷേധിക്കുന്ന നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍, ഉത്തര്‍പ്രദേശിലേയും ഡല്‍ഹിയിലേയും ബുള്‍ഡോസര്‍ രാജുകള്‍ക്കെതിരെയുള്ള സമരങ്ങളിലൊക്കെ സി.പി.ഐ.എമ്മിനെ നയിക്കുന്നവരുടെ ശ്രദ്ധേയമായ പങ്കാളിത്തവും നേതൃത്വവുമുണ്ടായി. അംഗബലം ശോഷിച്ചതുകൊണ്ടുമാത്രം അപ്രസക്തരായി എന്ന് എഴുതിത്തള്ളാനാകില്ല എന്ന് ആ പാര്‍ട്ടി ഇന്ത്യന്‍ സമൂഹത്തെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. മതനിരപേക്ഷതയ്ക്കും സാമൂഹികനീതിക്കും വേണ്ടിയുള്ള ഉറച്ച ശബ്ദമായി. ഭരണനഷ്ടവും ജനപ്രതിനിധി സഭകളിലെ അംഗബലശോഷണവും പാര്‍ട്ടി സംഘടനയുടെ മേദസ്സു കുറക്കുകയും ആരോഗ്യമുള്ള ഒരു സംഘടനാശരീരം അതിനു നല്‍കുകയും ചെയ്തു. സമരങ്ങള്‍ സംഘടിപ്പിക്കാനും വിജയിപ്പിക്കാനുമുള്ള കഴിവ് ഇന്നും സി.പി.ഐ.എമ്മിനെപ്പോലെ മറ്റൊരു രാഷ്ട്രീയകക്ഷിക്കും അവകാശപ്പെടാനാകില്ല. ഇങ്ങനെയൊക്കെയാണെങ്കിലും സാദ്ധ്യതകളെപ്പോലെ വെല്ലുവിളികളും നിറഞ്ഞ ഒരുകാലത്തേയാണ് സി.പി.ഐ.എം അഭിമുഖീകരിക്കുന്നത് എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാകാന്‍ തരമില്ല.

യെച്ചൂരിയുടെ പിന്‍ഗാമിയായിട്ടാണ് ബേബി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തുന്നത്. അദ്ദേഹവുമായി ഏറെ അടുപ്പം പുലര്‍ത്തുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്.എഫ്.ഐയില്‍ ബേബിയുടെ പിന്‍ഗാമിയായിട്ടായിരുന്നു യെച്ചൂരി അഖിലേന്ത്യാ പ്രസിഡന്റായത് എന്നത് മറ്റൊരു കൗതുകകരമായ കാര്യം. സുന്ദരയ്യയേയും ഇ.എം.എസിനേയും സുര്‍ജിത്തിനേയും പോലെ താഴെ ഘടകങ്ങളില്‍ പ്രവര്‍ത്തിച്ച് പടിപടിയായി ഉയര്‍ന്നുവന്നയാളാണ് ബേബിയും. താഴേത്തട്ടില്‍ സമരപോരാട്ടങ്ങളും സംഘടനാപ്രവര്‍ത്തനവും നടത്തി പാര്‍ട്ടിയുടെ ഏറ്റവും ഉന്നതമായ പദവിയിലെത്തുക എന്നത് ഒരു ചെറിയ കാര്യമല്ല. കലാലയ വിദ്യാഭ്യാസകാലത്തുതന്നെ കമ്യൂണിസ്റ്റ് രാഷ്ട്രീയം ജീവശ്വാസമാക്കിയ ബേബി എസ്.എഫ്.ഐയുടെ ദേശീയ പ്രസിഡന്റായി. പിന്നീട് ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റും. പരന്ന വായനയും നേതൃപാടവവുമുള്ളയാള്‍. പ്രസംഗത്തിലും സംഘാടനത്തിലും മികവു പുലര്‍ത്തിയ ബേബിയുടെ സവിശേഷത ഏതു സങ്കീര്‍ണമായ രാഷ്ട്രീയവും ലളിതമായി വ്യാഖ്യാനിക്കാനുള്ള കഴിവാണ്. വിദ്യാത്ഥി രാഷ്ട്രീയത്തോടൊപ്പം കലാ-സാംസ്‌കാരിക രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്നു അക്കാലം തൊട്ടേ അദ്ദേഹം.

എം.എ. ബേബി സെക്രട്ടറിയായതുകൊണ്ട് സി.പി.ഐ.എമ്മിനു പ്രത്യേകിച്ചൊരു മാറ്റമൊന്നുമുണ്ടാകാന്‍ പോകുന്നില്ലെന്നും പിണറായി വിജയന്‍ എന്ന അതികായന്റെ നിഴലില്‍നിന്നും പുറത്തുവന്നു വിശേഷിച്ചെന്തെങ്കിലും ചെയ്യാന്‍ അദ്ദേഹത്തിനു കഴിയുമെന്നു തോന്നുന്നില്ലെന്നുമൊക്കെയാണ് അദ്ദേഹം സെക്രട്ടറിയായതിനുശേഷം വിമര്‍ശകരുയര്‍ത്തുന്ന അഭിപ്രായങ്ങള്‍. സി.പി.ഐ.എമ്മും അതിന്റെ പുതിയ സെക്രട്ടറിയും തീര്‍ച്ചയായും നിരവധി വിമര്‍ശനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും ഇനിയും വിധേയമാകും. അവയോടെല്ലാം വാക്കാലും പ്രവൃത്തിയാലും എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചുകൂടിയാണ് ആ പാര്‍ട്ടിയുടെ ഭാഗധേയമിരിക്കുന്നത്. പുതിയ കാലം സി.പി.ഐ.എമ്മിനു നിരവധി വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. സി.പി.ഐ.എം ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതായിക്കഴിഞ്ഞു എന്ന് ഒരുവശത്തു വിമര്‍ശനമുയരുമ്പോള്‍ ആ പാര്‍ട്ടി കാലഹരണപ്പെട്ട ഒരു ആശയസംഹിത കൊണ്ടുനടക്കുന്നവരാണെന്നും ഇനിയുമൊരു 25 വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ അവരെതിര്‍ക്കുന്ന കാര്യങ്ങള്‍ അവര്‍ അംഗീകരിക്കുമെന്നും അതേ കോണുകളില്‍നിന്നുതന്നെ ഒരേസമയം വിമര്‍ശനമുയരുന്നതും കാണാം.

ജനാധിപത്യ കേന്ദ്രീകരണവും ഉള്‍പാര്‍ട്ടി ജനാധിപത്യവുമാണ് കമ്യൂണിസ്റ്റ് സംഘടനാതത്ത്വം. ജനാധിപത്യ കേന്ദ്രീകരണമുള്ളപ്പോള്‍ത്തന്നെ കൂട്ടായ ഒരു നേതൃത്വമാണ് ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളത്. സെക്രട്ടറി ആ കൂട്ടായ്മയുടെ അമരത്തു നില്‍ക്കുന്നുവെന്നുമാത്രം. ആരാണ് ആ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളത് എന്നതല്ല, മറിച്ച് ജീവിതത്തില്‍നിന്നും രാഷ്ട്രീയം ചോര്‍ന്നപോകുകയും വ്യക്ത്യാധിഷ്ഠിത വീക്ഷണങ്ങള്‍ക്കു പ്രാമുഖ്യം വന്നുചേരുകയും സാമുദായികവും വര്‍ഗീയവുമായ ചേരിതിരിവുകള്‍ വ്യാപകമാകുകയും വര്‍ഗീയ ഫാസിസം ശക്തിപ്പെടുകയും ചെയ്യുന്ന ഒരു കാലഘട്ടത്തില്‍ എങ്ങനെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി വര്‍ത്തമാനകാലത്തെ അഭിമുഖീകരിക്കാന്‍ പോകുന്നതെന്നതാണ് ലോകം ഉറ്റുനോക്കുന്നത്. അത്തരമൊരു കാലത്ത് കലാഭിമര്‍മജ്ഞതയും സഹൃദയത്വവും വായനാശീലവും സംഘാടന വൈഭവവും രാഷ്ട്രീയമായ ബോദ്ധ്യങ്ങളും കൈമുതലായുള്ള ഒരു നേതൃത്വം ഉള്ളതുകൊണ്ടുമാത്രം പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാനാകുമെന്നു കരുതുന്നത് മൗഢ്യമായിരിക്കും. തീര്‍ച്ചയായും ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ നിറഞ്ഞ സന്ദര്‍ഭങ്ങളെ കമ്യൂണിസ്റ്റ് പാര്‍ട്ടി എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും ആ പാര്‍ട്ടിയുടെ ഭാവി. അന്യന്റെ വാക്കുകള്‍ സംഗീതംപോലെ ആസ്വദിക്കുന്ന ഒരുകാലത്തിലേക്ക് നാടിനെ കൈപിടിച്ചുയര്‍ത്താന്‍ സംഗീതപ്രേമവും സാംസ്‌കാരികമുഖവുമുള്ള ഒരു നേതൃത്വം മാത്രം മതിയാകുമോ??

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com