വിവാദങ്ങള്‍ പാറിപ്പറക്കുന്നു, വീണ്ടും സീപ്ലെയിന്‍; ആശങ്കകള്‍ പരിഹരിക്കപ്പെട്ടോ?

സീ പ്ലെയിന്‍ കൊച്ചിയില്‍
സീ പ്ലെയിന്‍ കൊച്ചിയില്‍
Updated on
5 min read

രു ദശാബ്ദം മുന്‍പ് വ്യാപകമായ എതിര്‍പ്പുയര്‍ന്നതോടെ അവസാനിപ്പിച്ച ഒരു വികസനപദ്ധതിയാണ് സീപ്ലെയിന്‍ സര്‍വീസ്. ധൂര്‍ത്തെന്നും ഖജനാവ് കാലിയാക്കുമെന്നും പരിസ്ഥിതിദോഷമെന്നും ആരോപണമുയര്‍ത്തി ഉദ്ഘാടനദിവസം തന്നെ ഇല്ലാതാക്കിയ ആ പദ്ധതി ഇടതുസര്‍ക്കാര്‍ പത്തുകൊല്ലങ്ങള്‍ക്കു ശേഷം അവതരിപ്പിക്കുന്നത് ഭരണനേട്ടമായിട്ടാണ്. ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഏറെ കൊട്ടിഘോഷിച്ചാണ് സര്‍ക്കാര്‍ ഈ പദ്ധതി പുനഃപ്രഖ്യാപിച്ചത്. പദ്ധതിക്കെതിരെ അന്ന് ഉന്നയിക്കപ്പെട്ട ഏതെങ്കിലും പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടായോ എന്ന ചോദ്യം മാത്രം ബാക്കിയാകുന്നു. പദ്ധതിക്കെതിരേയുള്ള എതിര്‍പ്പിന്റെ സ്വരം കുറഞ്ഞിട്ടുണ്ടെങ്കിലും അന്ന് പ്രതിഷേധമുയര്‍ത്തിയ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളും ആശങ്കകളും അതേപടി നിലനില്‍ക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. മത്സ്യത്തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഏകപക്ഷീയമായി പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ശക്തിയായ സമരം നേരിടുമെന്നും കേരള മത്സ്യത്തൊഴിലാളി ഐക്യവേദിയടക്കമുള്ള സംഘടനകള്‍ പറയുന്നു. മാട്ടുപ്പെട്ടി ഡാം മേഖല പദ്ധതിയുടെ ഭാഗമാക്കുന്നതില്‍ വനംവകുപ്പും എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

2012-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സംഘടിപ്പിച്ച എമര്‍ജിങ് കേരളയിലാണ് സീപ്ലെയിന്‍ പദ്ധതി ആദ്യം ചര്‍ച്ചയായത്. വിമാനത്താവളങ്ങളില്‍നിന്ന് സഞ്ചാരികളെ ഉള്‍നാടന്‍ ജലാശയങ്ങള്‍ വഴി വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് ടൂറിസം പദ്ധതിയായിരുന്നു ലക്ഷ്യം. അന്നത്തെ സര്‍ക്കാരിന്റെ വാദപ്രകാരം 58 സംരംഭകര്‍ സീപ്ലെയിന്‍ സര്‍വീസ് തുടങ്ങാന്‍ താല്പര്യം അറിയിച്ചു. അങ്ങനെ കെ.ടി.ഐ.എ.ല്ലിനെ നോഡല്‍ ഏജന്‍സിയാക്കി. പവന്‍ഹന്‍സ് ഹെലികോപ്‌റ്റേഴ്സ് എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം ഡി.പി.ആറും തയ്യാറാക്കി. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് അഷ്ടമുടി, പുന്നമട, വേമ്പനാട്, മൂന്നാര്‍, ബോള്‍ഗാട്ടി, കൊച്ചി വിമാനത്താവളം എന്നിവിടങ്ങളിലേക്കാണ് പരീക്ഷണാര്‍ത്ഥം പദ്ധതി നടപ്പാക്കാനിരുന്നത്. മാരിടൈം ഹെലിക്കോപ്റ്റര്‍ സര്‍വ്വീസ്, ഭാരത് ഏവിയേഷന്‍ ലിമിറ്റഡ്, പവര്‍ഹാന്‍സ് എയര്‍ക്രാഫ്റ്റ് ലിമിറ്റഡ് എന്നിവയ്ക്ക് അനുമതിയും നല്‍കി. പത്തു മുതല്‍ മുപ്പതു കോടി വരെ ചെലവ് പ്രതീക്ഷിച്ചിരുന്ന പദ്ധതിയുടെ നടത്തിപ്പു ചുമതലയും കെ.ടി.ഐ.എല്ലിനായിരുന്നു. ആറടി ആഴമുള്ള കായലില്‍ ഒരു കിലോമീറ്റര്‍ നീളവും 250 മീറ്റര്‍ വീതിയുമുള്ള വാട്ടര്‍ഡ്രോം സ്ഥാപിക്കുന്നത് അടക്കമുള്ള അടിസ്ഥാനസൗകര്യ വികസനം സര്‍ക്കാരിന്റെ ചുമതലയായിരുന്നു. കിറ്റ്‌കോ വഴിയായിരുന്നു അടിസ്ഥാന സൗകര്യവികസനം.

രണ്ട് ബജറ്റുകളില്‍ വന്‍തുക വകയിരുത്തുകയും ചെയ്തു. 'ഓപ്പണ്‍ സ്‌കൈ'- പോളിസിയായിരുന്നു സര്‍വീസ് ദാതാക്കളെ തെരഞ്ഞടുക്കുന്നതിന് അന്നു സര്‍ക്കാര്‍ സ്വീകരിച്ച നയം. അതായത് സര്‍ക്കാര്‍ അനുമതി സ്വന്തമാക്കിയാല്‍ ആര്‍ക്കും സര്‍വീസ് നടത്താമെന്നായിരുന്നു നയം. കൈരളി ഏവിയേഷന്‍സും വിങ്‌സ് ഏവിയേഷനുമായിരുന്നു സര്‍വീസ് നടത്താനെത്തിയത്. 12 കോടി മുടക്കി അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കി. മൂന്ന് നില ഓഫീസ് മന്ദിരം, ഗോഡൗണ്‍, പമ്പ് ഹൗസ്, ടിക്കറ്റ് കൗണ്ടര്‍, വാട്ടര്‍ ഡ്രോം തുടങ്ങിയ സൗകര്യങ്ങളെല്ലാം ഒരുക്കിയായിരുന്നു ഉദ്ഘാടനം. ഇതിനിടെ കൈരളി ഏവിയേഷന്‍സിനെതിരെ ആരോപണമുയര്‍ന്നു. സിയാലിന്റെ സബ്‌സിഡിയറിയായ കൊച്ചി ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ സര്‍വീസുമായി ധാരണാപത്രം ഒപ്പിട്ട് ആരംഭിച്ച സി.ഐ.എ.എസ്.എല്‍.എം.ഇ ഇന്‍സ്റ്റിറ്റ്യൂട്ട് തകര്‍ന്നതുമായി ബന്ധപ്പെട്ട് കൈരളി ഏവിയേഷനുമായി ഒട്ടേറെ ആരോപണങ്ങള്‍ നിലനിന്നിരുന്നു. ഇതിനിടെ കമ്പനിക്ക് സ്വന്തമായി വിമാനമോ സര്‍വീസ് നടത്താനുള്ള അനുമതിയോ ഇല്ലെന്നും വാര്‍ത്ത പുറത്തുവന്നു.

പദ്ധതിയുടെ ഉദ്ഘാടനം തിരക്കിട്ട് നടത്തിയത് വീണ്ടും വിവാദമായി. അന്ന് വാടകയ്‌ക്കെടുത്ത കൈരളി ഏവിയേഷന്റെ സെസ്ന 206 ആംഫിബിയസ് വിമാനം ആയിരുന്നു സര്‍വീസ് തുടങ്ങിയത്. സീപ്ലെയിന്‍ അഷ്ടമുടിയില്‍നിന്ന് പറന്നുപൊങ്ങിയെങ്കിലും പുന്നമടയില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല. റണ്‍വേയ്ക്ക് സമീപം മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങള്‍ നിരത്തി ലാന്‍ഡിങ് തടയുകയായിരുന്നു. ഇതിനിടെ പദ്ധതിയില്‍നിന്ന് കൈരളി ഏവിയേഷന്‍സ് പിന്‍വാങ്ങുകയും വിമാനം വില്‍ക്കുകയും ചെയ്തു. 12 കോടി അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ചെലവഴിച്ച സര്‍ക്കാര്‍ 30 ലക്ഷം രൂപയാണ് ഉദ്ഘാടനച്ചടങ്ങിനു മാത്രമായി ചെലവഴിച്ചത്. പരസ്യം നല്‍കിയ വകയില്‍ മാത്രം 1.37 കോടി രൂപ. ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റിയുടെ ടെര്‍മിനലിലെ ഗോഡൗണ്‍ വെയര്‍ഹൗസ് കോര്‍പറേഷന് വാടകയ്ക്ക് നല്‍കി. ഓഫീസിനായി നിര്‍മ്മിച്ച മൂന്ന് നില കെട്ടിടവും ടിക്കറ്റ് കൗണ്ടറും അടച്ചിട്ടിരിക്കുന്നു. വിമാനം ഇറങ്ങുന്നതിനുള്ള വാട്ടര്‍ ഡ്രോം നശിക്കുകയും ചെയ്തു.

ചാള്‍സ് ജോര്‍ജ്
ചാള്‍സ് ജോര്‍ജ്

നിലനില്‍ക്കുന്ന ആശങ്കകള്‍

മത്സ്യത്തൊഴിലാളികളുമായി ആലോചിക്കാതെയാണ് സീപ്ലെയിന്‍ പദ്ധതി നടപ്പാക്കുന്നതെന്നും ഇതിനു പിന്നില്‍ പ്രത്യേക അജണ്ട സര്‍ക്കാരിനുണ്ടെന്നുമായിരുന്നു ആ മേഖലയിലെ സംഘടനകളുടെ നിലപാട്. ഒരു നയത്തിന്റെ അഭാവം അന്നത്തെപ്പോലെയും ഇന്നും പ്രകടമാണെന്ന് വ്യക്തം. ജലം, മത്സ്യബന്ധനം, പരിസ്ഥിതി, ടൂറിസം എന്നിങ്ങനെയുള്ള പരസ്പര ബന്ധിത മേഖലകളെ ഏകോപിപ്പിച്ചുള്ള ഒരു നയം സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് അന്നേ പറഞ്ഞിരുന്നു മത്സ്യത്തൊഴിലാളി ഐക്യവേദി അടക്കമുള്ള സംഘടനകള്‍. കഴിഞ്ഞ ആറു പതിറ്റാണ്ടായി കായല്‍ ചുരുങ്ങുകയാണ്. അതോടെ കായലിലെ മത്സ്യബന്ധനം ഉപജീവനമാര്‍ഗ്ഗമാക്കിയവര്‍ക്ക് നിലനില്‍പ്പില്ലാതെയായി. പിന്നീട് മുന്‍ഗണന കൃഷിക്കായി. മത്സ്യത്തൊഴിലാളികളെക്കാള്‍ അവകാശം കര്‍ഷകര്‍ക്കായി. 1990-കളില്‍ മുന്‍ഗണന ടൂറിസത്തിനാണ് പ്രാധാന്യം ലഭിച്ചത്. അപ്പോഴും മത്സ്യത്തൊഴിലാളികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു. മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് മത്സ്യത്തൊഴിലാളികള്‍ ആശങ്ക ഉയര്‍ത്തുന്നത്. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ നിര്‍മ്മാണത്തിനായി 327 ഊന്നിക്കുറ്റികളാണു പറിച്ചുകളഞ്ഞത്. മൂന്നു ചീനവലകളും 20 ചെമ്മീന്‍ കെട്ടുകളും ഇല്ലാതായി. അന്ന് രണ്ടര ലക്ഷം രൂപയാണ് ഒരു ഊന്നിക്കുറ്റിക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആറുവര്‍ഷം കഴിഞ്ഞിട്ടും പണം കിട്ടിയില്ല. 97 വെള്ളച്ചാലുകളാണ് അടഞ്ഞുപോയത്. അതോടെ മത്സ്യസമ്പത്ത് പൂര്‍ണ്ണമായും ഇല്ലാതായി. മാത്രമല്ല, എല്‍.എന്‍.ജി. ടെര്‍മിനലിന് ചുറ്റുമുള്ള നാലര കിലോമീറ്റര്‍ ചുറ്റളവില്‍ മത്സ്യബന്ധനം നിരോധിച്ചു. ഏഴിമല നാവിക അക്കാദമി, കായംകുളം താപവൈദ്യുതിനിലയം തുടങ്ങിയവ വന്നപ്പോഴും നഷ്ടമായത് മത്സ്യത്തൊഴിലാളികളുടെ തൊഴിലായിരുന്നുവെന്ന് ചാള്‍സ് ജോര്‍ജ് പറയുന്നു. ഇതൊക്കെ പതിനൊന്ന് വര്‍ഷം മുന്‍പുള്ള സാഹചര്യം. ഇന്ന് സ്ഥിതി അതിലും വഷളാണ്. ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ വള്ളങ്ങളുള്ള മേഖലയാണ് കേരളതീരങ്ങള്‍. ഈ പ്രദേശങ്ങളില്‍ പുതിയ പദ്ധതികള്‍ കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ബ്ലൂ ഇക്കോണമിയുടെ പേരില്‍ നടപ്പാക്കപ്പെടുകയാണ്. നീതി ആയോഗിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി 12 കോസ്റ്റല്‍ ഡെവലപ്പ്‌മെന്റ് സോണുകള്‍, 11 ടൂറിസ്റ്റ് സര്‍ക്യൂട്ടുകള്‍, തിരുവനന്തപുരത്തെ വിഴിഞ്ഞം അടക്കം ഏഴ് പുതിയ തുറമുഖങ്ങള്‍, തുറമുഖാധിഷ്ഠിത നഗരങ്ങള്‍, കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷനുകള്‍, കപ്പല്‍ നിര്‍മ്മാണശാലകള്‍, കപ്പല്‍ പൊളിശാലകള്‍, 2000 കിലോമീറ്റര്‍ തീരദേശ റോഡുകള്‍ എന്നിവയൊക്കെ നിര്‍മ്മിക്കുകയാണ്. മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് ബ്ലൂ ഇക്കോണമി ബ്ലാക്ക് ഇക്കോണമിയാണ്. വമ്പിച്ച രൂപത്തിലുള്ള കുടിയൊഴിപ്പിക്കലുകളും പാരിസ്ഥിതിക ദുരന്തങ്ങളും മത്സ്യമേഖല അനുഭവിക്കുകയാണെന്ന് പറയുന്നു ചാള്‍സ്. എറണാകുളം ബോള്‍ഗാട്ടിയില്‍ 1500 മീറ്റര്‍ നീളത്തിലും 50 മീറ്റര്‍ വീതിയിലുമാണ് വാട്ടര്‍ ഡ്രോം ഉണ്ടാക്കുന്നത്. അത്രയും വിസ്തൃതമായ സ്ഥലത്ത് യാതൊരു കാരണവശാലും മത്സ്യബന്ധനം അനുവദിക്കില്ലെന്ന് വ്യക്തം. നിലവില്‍ മുളവുകാട്, താന്തോന്നിത്തുരുത്ത് തുടങ്ങിയ സ്ഥലങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്ന സ്ഥലങ്ങളാണ് ഇതൊക്കെ.

ഈ പ്രദേശത്തിനു കിഴക്ക്-തെക്ക് വശം ടൂറിസ്റ്റുബോട്ടുകളുടെ കേന്ദ്രമാണ്. അവിടെയും മത്സ്യത്തൊഴിളികളെ അടുപ്പിക്കില്ല. വല്ലാര്‍പാടത്ത് ടെര്‍മിനല്‍ വന്നപ്പോള്‍ കുടിയൊഴിക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം പൂര്‍ത്തിയായിട്ടില്ല. അവരെവിടെപ്പോയി മീന്‍ പിടിക്കും. അവര്‍ക്കും ജീവിക്കണ്ടേ. കണ്ടെയ്നര്‍ ടെര്‍മിനലിനു പിന്‍വശത്തുള്ള രാമന്‍തുരുത്തില്‍ കഴിഞ്ഞയാഴ്ച ഒരു മത്സ്യബന്ധനത്തൊഴിലാളിയുടെ തല സി.ഐ.എസ്.എഫുകാര്‍ അടിച്ചുപൊട്ടിച്ചു. കായലില്‍ മീന്‍പിടിച്ചതിന്റെ പേരിലാണ് ഈ ആക്രമണം. ഒന്നാലോചിക്കണം, 2500 പൊന്തുവള്ളങ്ങളുണ്ട് കേരളാതീരത്ത്, 3800 ട്രോള്‍ ബോട്ടുകള്‍, 500 വള്ളങ്ങള്‍, 2000 ഔട്ട്‌ബോര്‍ഡ് വള്ളങ്ങള്‍ കൂടാതെ പതിനായിരത്തിലധികം ഫൈബര്‍ വള്ളങ്ങള്‍... ഇങ്ങനെ ലോകത്തിലെത്തന്നെ ഏറ്റവുമധികം മത്സ്യബന്ധന സാന്ദ്രതയുള്ള സ്ഥലം കൂടിയാണ് കേരളം. ഈ സ്ഥലങ്ങളില്‍ നിന്നൊക്കെ മത്സ്യത്തൊഴിലാളികള്‍ ഒഴിവാക്കപ്പെടുകയാണെന്നതാണ് യാഥാര്‍ത്ഥ്യം- ചാള്‍സ് ജോര്‍ജ് പറയുന്നു.

അന്തര്‍ദേശീയ തണ്ണീര്‍തട സംരംഭമായ റംസാര്‍ ഉടമ്പടി പ്രകാരം വേമ്പനാട്ട്, അഷ്ടമുടി തുടങ്ങിയ കായലുകളുടെ സംരക്ഷണച്ചുമതല കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. ഈ പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. ഇപ്പോള്‍ നയങ്ങള്‍ കൂടുതല്‍ ഉദാരമായതുകൊണ്ട് അതു ലഭിക്കുമെന്നുതന്നെ കരുതാം. പരിസ്ഥിതി നിയമം, ജൈവവൈവിദ്ധ്യ നിയമം, തണ്ണീര്‍തട (സംരക്ഷണവും മാനേജ്‌മെന്റും) ചട്ടം, തീരദേശ സംരക്ഷണ നിയമം, വേമ്പനാട്ട് കായല്‍ സംരക്ഷണ അതോറിറ്റി ചട്ടങ്ങള്‍ തുടങ്ങിയവയൊക്കെ അട്ടിമറിച്ചുകൊണ്ടാണ് സീപ്ലെയിന്‍ പദ്ധതി നടപ്പിലാക്കുക. ചട്ടങ്ങളൊക്കെ കൂടുതല്‍ കോര്‍പറേറ്റ് അനുകൂലമായിക്കഴിഞ്ഞു. രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചുവരെ സീപ്ലെയിന്‍ പ്രവര്‍ത്തിപ്പിച്ചാല്‍ പകല്‍സമയങ്ങളില്‍ മത്സ്യബന്ധനവും കക്കവാരലും നിരോധിക്കപ്പെടും. ഈ പദ്ധതി നടപ്പിലാക്കുന്ന പ്രദേശങ്ങളില്‍ മത്സ്യബന്ധന ഉപകരണങ്ങളെ കര്‍ശനമായി നിരോധിക്കണമെന്ന നിര്‍ദേശവും വരും. കായലിനെ ആശ്രയിച്ച് ജീവിക്കുന്ന പതിനായിരക്കണക്കിന് മനുഷ്യരുടെ തൊഴിലും തൊഴിലിടവും നഷ്ടപ്പെടുത്തുന്നതാണ് ഈ പദ്ധതിയെന്നു പറയുന്നു ചാള്‍സ് ജോര്‍ജ്.

സീ പ്ലെയിന്‍ കൊച്ചിയില്‍
സീ പ്ലെയിന്‍ കൊച്ചിയില്‍

പരിസ്ഥിതി ആഘാതപഠനം

പദ്ധതിയെക്കുറിച്ച് പഠനം ആരംഭിച്ചപ്പോള്‍ തന്നെ മത്സ്യത്തൊഴിലാളികളെ ഒപ്പം നിര്‍ത്തിയിരുന്നെങ്കില്‍ ആശങ്കകള്‍ ബോധ്യപ്പെട്ട് ആവശ്യമായ പരിഹാരം കാണാമായിരുന്നു. മുന്‍പ് പരിസ്ഥിതി ആഘാതപഠനം പദ്ധതി വിവാദമായതിനെത്തുടര്‍ന്ന് പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. അന്നത്തെ ടൂറിസം സെക്രട്ടറി സുമന്‍ ബില്ലയായിരുന്നു ചെയര്‍മാന്‍. കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. ബി. മധുസൂധനക്കുറുപ്പ്, കുമരകം റീജ്യണല്‍ അഗ്രിക്കള്‍ച്ചര്‍ റിസേര്‍ച്ച് സ്റ്റേഷനിലെ മുന്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ. കെ.ജി. പത്മകുമാര്‍, സി.എം.എഫ്.ആര്‍.ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. മധു. കുഫോസ് മുന്‍ ഡീന്‍ ഡോ. കെ.എസ്. പുരുഷന്‍ എന്നിവരായിരുന്നു അംഗങ്ങള്‍. കെ.ടി.ഐ.എല്‍ മാനേജിങ് ഡയറക്ടര്‍ അനില്‍ കുമാര്‍ കണ്‍വീനറും.

ആന്‍ഡമാന്‍ ദ്വീപിലെ സീപ്ലെയിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചശേഷം സമിതി പദ്ധതിക്ക് ക്ലീന്‍ചീറ്റ് നല്‍കി. പോണ്ടിച്ചേരി സര്‍വകലാശാലയിലെ മറൈന്‍ ബയോളജിക്കല്‍ റിസര്‍ച്ച് സ്റ്റേഷനിലെ ശാസ്ത്രജ്ഞരാണ് കമ്മിറ്റിയെ ശാസ്ത്രീയ നിഗമനത്തിന് സഹായിച്ചത്. ആലപ്പുഴയിലെ പുന്നമടയില്‍ സ്ഥാപിച്ച വാട്ടര്‍ഡ്രോം കൈനകരിയില്‍ വട്ടക്കായലിലേക്ക് മാറ്റണമെന്നതായിരുന്നു സമിതിയുടെ ഒരു നിര്‍ദേശം. കേജ് ഫാമിങ് നടപ്പാക്കണമെന്നതുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പലതുണ്ടായിരുന്നു. എക്കാലവും ഇത്തരം പദ്ധതികള്‍ എതിര്‍ക്കാനാകില്ലെന്നും സത്വര നടപടികളിലൂടെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും കോട്ടം ഉണ്ടാകില്ലെന്ന് നടത്തിപ്പുകാര്‍ ഉറപ്പുവരുത്തണമെന്നും സമിതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിനെതിരേയും വിമര്‍ശനം ഉയര്‍ന്നു. വിശാലമായ കടലില്‍ ഏതെങ്കിലും ഭാഗത്ത് വിമാനം ഇറങ്ങുകയോ പറക്കുകയോ ചെയ്താല്‍ അത് കടലിന്റെ പരിസ്ഥിതിക്ക് കോട്ടം ഉണ്ടാകുകയില്ല. ഇവിടെ കായലില്‍ അതല്ല സ്ഥിതിയെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഇന്നും ഈ വാദങ്ങള്‍ക്കു മാറ്റമില്ല.

സീ പ്ലെയിന്‍ കൊച്ചിയില്‍
സീ പ്ലെയിന്‍ കൊച്ചിയില്‍

തദ്ദേശമേഖലയ്ക്ക് ഗുണകരമോ?

തദ്ദേശമേഖലയ്ക്ക് യാതൊരു മെച്ചവും നല്‍കാത്ത ഇത്തരം പദ്ധതികള്‍ സാധാരണക്കാര്‍ക്ക് യാതൊരു പ്രയോജനവും നല്‍കില്ലെന്ന വാദവും അന്നുയര്‍ന്നിരുന്നു. ട്രാവലറും ടൂറിസ്റ്ററും തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയാന്‍ കഴിയാത്തവരാണ് പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. സീ പ്ലെയിന്‍ വന്നാല്‍ വിദേശികളുടെ ഒഴുക്കുണ്ടാകുമെന്നാണ് പലരുടേയും വിചാരം. എന്നാല്‍, നമ്മളെപ്പോലെ അവര്‍ ടൂറിസ്റ്റുകളല്ല. ട്രാവലേഴ്‌സാണ്. ജീവിതവും ജനതയും സംസ്‌കാരവും ആസ്വദിച്ചാണ് അവര്‍ യാത്ര നടത്തുന്നത്. അതുകൊണ്ട് തന്നെ അവര്‍ ജനങ്ങളുമായി അടുത്ത് ഇടപഴകാനാണ് കൂടുതല്‍ ശ്രമിക്കുക. ഒരു ടൂറിസം ഡെസ്റ്റിനേഷന്റെ പരമാവധി ആയുസ് മുപ്പതുവര്‍ഷമാണ്. അതു കഴിഞ്ഞാല്‍ ആ സ്ഥലം സഞ്ചാരികള്‍ ഉപേക്ഷിക്കും. അതാണ് പതിവ്. ആലപ്പുഴ അത്തരമൊരു ഉപയോഗത്തിന്റെ മൂര്‍ധന്യത്തിലാണ്. വിലപേശുന്ന ആഭ്യന്തര ടൂറിസ്റ്റുകളാണ് ഇന്ന് ആലപ്പുഴയെ പിടിച്ചുനിര്‍ത്തുന്നത്. പിന്നെ ഹൗസ്‌ബോട്ട് വ്യവസായവും. തളരുന്ന ടൂറിസം മേഖലയ്ക്ക് സീപ്ലെയിന്‍ ഊര്‍ജം നല്‍കുമോ? തദ്ദേശീയരായവര്‍ക്ക് അതുവഴി ജീവിതനിലവാരം ഉയര്‍ത്താനും മെച്ചപ്പെട്ട വരുമാനമുണ്ടാക്കാനും സാധിക്കുമോ? ഈ ചോദ്യങ്ങള്‍ അവര്‍ ഉന്നയിക്കുന്നു.

സീ പ്ലെയിന്‍ കൊച്ചിയില്‍
കൊച്ചിയില്‍ നിന്ന് അരമണിക്കൂര്‍ കൊണ്ട് മാട്ടുപ്പെട്ടി; ആദ്യ സീ പ്ലെയിന്‍ ബോള്‍ഗാട്ടിയില്‍ എത്തി; വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com