ഡല്‍ഹി മാറുമ്പോള്‍ 

ഡല്‍ഹി മൊത്തത്തില്‍ മാറാന്‍ തുടങ്ങി. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെയുള്ള രാജ്പഥ് കര്‍ത്തവ്യപഥായി. സമാനമായി മുഗള്‍ഗാര്‍ഡന്‍ അമൃത ഉദ്യാനമായി.
ഡല്‍ഹി മാറുമ്പോള്‍ 
Updated on
4 min read

ഈ നവംബറില്‍ മൂന്ന് കേന്ദ്ര സെക്രട്ടേറിയറ്റ് കെട്ടിടങ്ങള്‍ കൂടി തുറക്കുന്നതോടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ 50 ശതമാനം പൂര്‍ത്തിയാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. 20,000 കോടി നിര്‍മ്മാണച്ചെലവ് വരുന്ന പദ്ധതിയില്‍ നിര്‍മ്മിക്കുന്നത് 10 മന്ദിരം. ഇതില്‍ 51 കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലെ 51,000 ജീവനക്കാര്‍ക്കായി ഓഫീസുകള്‍. അത്യാധുനിക സൗകര്യങ്ങള്‍, ലാന്‍ഡ്‌സ്‌കേപ്പ് ചെയ്ത ലോണുകള്‍, മന്ദിരങ്ങളെ ബന്ധിപ്പിക്കാന്‍ ഭൂഗര്‍ഭ മെട്രോ പാത, പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ടണല്‍ എന്നിങ്ങനെ സവിശേഷതകളായി വാഴ്ത്തുന്ന പലതുമുണ്ട് ഈ പദ്ധതിയില്‍. നിലവിലെ ഭരണസിരാകേന്ദ്രം കൊളോണിയല്‍ അപമാനഭാരം പേറുന്നതാണെന്ന ന്യായം നിരത്തിയാണ് കൊവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ പദ്ധതി പ്രഖ്യാപിച്ചത്.

Old Delhi
ഡല്‍ഹി നഗരം-പഴയ കാഴ്ച

നിര്‍മ്മാണച്ചെലവ്, പാരിസ്ഥിതിക അനുമതികള്‍, ടെണ്ടര്‍ നടപടികളിലെ സുതാര്യതയില്ലായ്മ തുടങ്ങിയവയുടെ പേരില്‍ തുടക്കം തന്നെ പദ്ധതി വിവാദത്തിലായി. പൊതുജനാഭിപ്രായം അറിയിക്കാന്‍ ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി രണ്ട് ദിവസം മാത്രമാണ് നല്‍കിയത്. ചരിത്രപ്രധാനമായ പല കെട്ടിടങ്ങളും സ്മാരകങ്ങളും പ്രഗത്ഭരായ ദേശീയ നേതാക്കളുടെ നാമത്തിലുള്ള റോഡുകളും തെരുവുകളും പദ്ധതിയുടെ പേരില്‍ പൊളിച്ചുമാറ്റപ്പെട്ടു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുകയും ജീവാര്‍പ്പണം നടത്തുകയും ചെയ്ത മഹാന്മാരുടെ ഓര്‍മ്മകള്‍ ഇതുവഴി തുടച്ചുനീക്കപ്പെട്ടു.

പൈതൃകമേഖലയായ സ്ഥാപനങ്ങളും സ്മാരകങ്ങളും പാര്‍ക്കുകളും റോഡുകളുമെല്ലാം സംരക്ഷിക്കേണ്ടതായിരുന്നു. എന്നാല്‍, നെഹ്‌റുവിന്റെ ഡല്‍ഹിയല്ല ഇനി ഇന്ത്യ കാണേണ്ടത് എന്നതിന്റെ പ്രഖ്യാപിത ആഹ്വാനമായിരുന്നു സെന്‍ട്രല്‍ വിസ്ത. ജനാധിപത്യത്തിന്റെ ചരിത്രശേഷിപ്പുകളെ ദൃശ്യതയില്‍ നിന്നകറ്റുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ടായിരുന്നു. പുതിയ തുടക്കം, അതും മോദിയോടെ എന്നതായിരുന്നു ലക്ഷ്യം. 1931-ലാണ് ഡല്‍ഹി ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമാകുന്നത്. രാഷ്ട്രപതിഭവന്‍ അന്നത്തെ വൈസ്രോയി ഹൗസും നാല് ബംഗ്ലാവുകളും നിര്‍മ്മിച്ചത് എഡ്വിന്‍ ലട്യന്‍സാണ്. നോര്‍ത്ത് ബ്ലോക്കും സൗത്ത് ബ്ലോക്കും നിര്‍മ്മിച്ചത് ഹെര്‍ബെര്‍ട്ട് ബേക്കറും.

പൈതൃക കെട്ടിടങ്ങളും സ്മാരകങ്ങളും മാറ്റി സ്ഥാപിക്കുമെന്നും മ്യൂസിയങ്ങളാക്കി നിലനിര്‍ത്തുമെന്നും പറയുന്നുണ്ടെങ്കിലും അത് എത്രത്തോളം യാഥാര്‍ത്ഥ്യമാകുമെന്നറിയില്ല. അങ്ങനെ ന്യൂഡല്‍ഹി ആധുനികവല്‍ക്കരിക്കപ്പെട്ടു. ചെങ്കോലേന്തിയ മോദി പുതിയ പാര്‍ലമെന്റും തുറന്നു. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളും സ്ഥാപനങ്ങളും ഇടിച്ചുനിരത്തുന്നതിനെതിരേ തുടക്കത്തില്‍തന്നെ ചരിത്രകാരന്‍മാരും ആര്‍ക്കിടെക്റ്റുകളും എഴുത്തുകാരും ആക്റ്റിവിസ്റ്റുകളും പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിപക്ഷ നേതാക്കളുമടക്കം ഒന്നടങ്കം ആശങ്ക രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതാകട്ടെ, മാധ്യമങ്ങളോ കോടതിയോ പാര്‍ലമെന്റോ പരിഗണിച്ചില്ല. നിയമപോരാട്ടങ്ങളും പ്രതിഷേധങ്ങളും ഫലം കണ്ടില്ല. ലോക്ഡൗണ്‍ കാലമായതിനാല്‍ പ്രതിഷേധത്തിനും നിയന്ത്രണങ്ങളുണ്ടായിരുന്നു.

New Delhi

അങ്ങനെ ഡല്‍ഹി മൊത്തത്തില്‍ മാറാന്‍ തുടങ്ങി. രാഷ്ട്രപതിഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെയുള്ള രാജ്പഥ് കര്‍ത്തവ്യപഥായി. ഒട്ടേറെ ചരിത്രസംഭവങ്ങള്‍ക്കു സാക്ഷിയായിരുന്ന ഈ പാതയുടെ പേര് സെന്‍ട്രല്‍ വിസ്ത അവന്യുവിന്റെ ഉദ്ഘാടനത്തിന് തൊട്ടുമുന്‍പാണ് പേര് മാറ്റിയത്. കിങ് ജോര്‍ജ് അഞ്ചാമന്റെ കാലത്ത് കിങ്‌സ് വേയായിരുന്ന നിരത്ത് സ്വാതന്ത്ര്യത്തിനുശേഷമാണ് രാജ്പഥ് ആയത്. മോദി കാലത്ത് അത് കര്‍ത്തവ്യപഥുമായി. കൊളോണിയല്‍ കാലം, സ്വാതന്ത്ര്യകാലം, മോദികാലം എന്നിങ്ങനെയായി വേര്‍തിരിവ്. സമാനമായി മുഗള്‍ഗാര്‍ഡന്‍ അമൃത ഉദ്യാനമായി. ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ് ജനപഥ് ഹോട്ടലിലേക്ക് മാറ്റി. അതിനുശേഷം രാജേന്ദ്രപ്രസാദ് റോഡിലെ കെട്ടിടം ഇടിച്ചുനിരത്തി. ദേശീയസ്തംഭമായ അശോകചക്രം പുതിയ പാര്‍ലമെന്റിനു മുന്നില്‍ രൗദ്രഭാവങ്ങളുള്ള സിംഹങ്ങളായി പ്രത്യക്ഷപ്പെട്ടു. ചരിത്രസംഭവങ്ങള്‍ക്കു സാക്ഷിയായ പഴയ പാര്‍ലമെന്റ് മന്ദിരം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മ്യൂസിയമാക്കി. നെഹ്‌റുവിന്റെ താമസസ്ഥലമായിരുന്ന തീന്‍മൂര്‍ത്തി ഭവന്റെ പേര് ഇന്ത്യന്‍ പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയം എന്നാക്കി. ഇന്ത്യാഗേറ്റിനു മുന്നില്‍ സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിക്കപ്പെട്ടു.

സെന്‍ട്രല്‍ വിസ്തയില്‍ പ്രധാനമന്ത്രിയുടേയും ഉപരാഷ്ട്രപതിയുടേയും പുതിയ വസതികള്‍ രാഷ്ട്രപതിഭവനോട് ചേര്‍ന്നാണ്. റെയ്‌സാന കുന്നിലെ മഹാമന്ദിരത്തിലേക്കുള്ള ദൂരം കുറയുന്നതോടെ മോദിയുടെ പുതിയ ഇന്ത്യയുടെ തുടക്കമാകും. അതിരുവിടുന്ന ഏകാധിപത്യത്തില്‍ അവഹേളിക്കപ്പെടുന്ന രാഷ്ട്രപതി പദവി നോക്കുകുത്തിയായതുപോലെ മഹാമന്ദിരവും കേവലം കാഴ്ചയാകും. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മോദി തറക്കല്ലിട്ടപ്പോള്‍ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ചടങ്ങില്‍ ഒഴിവാക്കിയിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ദ്രൗപദി മുര്‍മുവിനേയും ഒഴിവാക്കി. രാജ്യത്തിന്റെ എല്ലാ എക്‌സിക്യൂട്ടീവ് അധികാരങ്ങളും നിക്ഷിപ്തമായ രാഷ്ട്രപതിയുടെ അധികാരപ്രയോഗങ്ങള്‍ നിഷ്‌‌പ്രഭമാകുന്നത് ജനാധിപത്യത്തിന്റെ സ്വാഭാവിക ശീലുകളായി കണക്കുകൂട്ടാനാകില്ല. ഇനി അശ്വരഥത്തില്‍ വരാം, 21 ആചാരവെടികള്‍ മുഴങ്ങും! അതോടെ രാഷ്ട്രപതിയുടെ ദൗത്യം കഴിഞ്ഞു.

നാഷണല്‍ ആര്‍കൈവ്‌സ്

സെന്‍ട്രല്‍ വിസ്ത പദ്ധതി നടപ്പാക്കാനായി നാഷണല്‍ ആര്‍കൈവ്‌സ് നില്‍ക്കുന്ന കെട്ടിടം, വിദേശമന്ത്രാലയത്തിന്റെ ഓഫീസ്, വിജ്ഞാന്‍ ഭവന്‍, ശാസ്ത്രിഭവന്‍, നിര്‍മ്മാണ്‍ ഭവന്‍, ഉദ്യോഗ് ഭവന്‍, കൃഷി ഭവന്‍ എന്നിങ്ങനെ ഒട്ടേറെ കെട്ടിടങ്ങള്‍ ഇല്ലാതാക്കുകയോ മാറ്റുകയോ ചെയ്തിട്ടുണ്ട്. ഇനി പൊളിക്കാന്‍ പോകുന്ന കെട്ടിടം ജനപഥിലെ നാഷണല്‍ മ്യൂസിയമാണ്. വിലപിടിപ്പുള്ള ഇതിലെ സാധനങ്ങളെല്ലാം നോര്‍ത്ത്-സൗത്ത് ബ്ലോക്കുകളിലേക്ക് മാറ്റും. പിന്നീട് യുഗ് യുഗീന്‍ ഭാരത് എന്ന പേരില്‍ മ്യൂസിയം തുടങ്ങും. കൊളോണിയല്‍ കാലത്തെ കെട്ടിടങ്ങളായ നോര്‍ത്ത്-സൗത്ത് ബ്ലോക്കുകള്‍ എങ്ങനെ ആധുനികവല്‍ക്കരിച്ച് മ്യൂസിയമാക്കാം എന്നത് സംബന്ധിച്ച ഉപദേശം ഫ്രെഞ്ച് സര്‍ക്കാരില്‍നിന്ന് തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

delhi

സ്വാതന്ത്ര്യത്തിനുശേഷമുള്ള ഇന്ത്യയുടെ ചരിത്രം മായ്ക്കുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ നാഷണല്‍ മ്യൂസിയത്തിന്റെ ഭാവി ആലോചിക്കാവുന്നതാണ്. 1955-ല്‍ തുറന്ന ഈ മ്യൂസിയം 70 വര്‍ഷം പിന്നിടുന്നു. ഇന്നും പൊതുജനമധ്യത്തിലെത്താത്ത പല രേഖകളും ഇതിന്റെ ഭാഗമാണ്. നിലവിലുള്ള മ്യൂസിയം എപ്പോള്‍ അടയ്ക്കും? അതുവരെ അമൂല്യമായ സാധനങ്ങള്‍ എവിടെ സൂക്ഷിക്കും? നോര്‍ത്ത്-സൗത്ത് ബ്ലോക്ക് നവീകരിക്കാന്‍ എത്ര സമയമെടുക്കും? ഈ സമയത്ത് ഗവേഷകര്‍ക്ക് പ്രവേശനം ലഭിക്കുമോ? സാധനങ്ങള്‍ മാറ്റുന്നത് വേണ്ടത്ര സുരക്ഷയോടെയാണോ? എന്നീ ചോദ്യങ്ങളാണ് ചരിത്രഗവേഷകര്‍ ഉന്നയിക്കുന്നത്. ഇപ്പോള്‍ തന്നെ നാഷണല്‍ മ്യൂസിയത്തില്‍ ജീവനക്കാരുടെ ക്ഷാമമുണ്ട്. മ്യൂസിയം മാറ്റുന്ന സാഹചര്യത്തില്‍ ഇതെത്രമാത്രം അപകടമായിരിക്കുമെന്ന് ചോദിക്കുന്നു വിദഗ്ദ്ധര്‍.

അതുപോലെത്തന്നെ പുതിയ മ്യൂസിയം പൂര്‍ത്തിയായാല്‍പോലും അതിദേശീയതയുടെ ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന്റെ ബിംബങ്ങള്‍ക്കാകും പ്രാമുഖ്യം കിട്ടുക. 2014-ല്‍ മോദി അധികാരത്തിലെത്തിയതു മുതല്‍ വിവിധ ക്ലാസ്സുകളിലെ ചരിത്രം, രാഷ്ട്രമീമാംസ, സാമൂഹികശാസ്ത്രം, പൗരശാസ്ത്രം, ഹിന്ദി തുടങ്ങിയ വിഷയങ്ങളിലെ പാഠപുസ്തകങ്ങളില്‍ സമാനമായ പരിഷ്‌കരണം നടന്നിട്ടുണ്ട്. എട്ട് വര്‍ഷത്തിനിടെ മൂന്ന് തവണയാണ് എന്‍.സി.ഇ.ആര്‍.ടി സിലബസിനെ കാവിവല്‍ക്കരിച്ചത്. 2017-ലെ ആദ്യ പരിഷ്‌കരണത്തില്‍ 182 പാഠപുസ്തകങ്ങളിലായി 1,334 മാറ്റങ്ങള്‍ വരുത്തി. വികലവും അബദ്ധജടിലവുമായ കാര്യങ്ങള്‍ ചരിത്രവസ്തുതകളായി മാറി. അത് തന്നെയാവും നാഷണല്‍ മ്യൂസിയത്തിന്റെ കാര്യത്തിലും സംഭവിക്കുക.

മുസ്‌ലിങ്ങളേയും ക്രൈസ്തവരേയും അധിനിവേശക്കാരായി ചിത്രീകരിക്കുന്ന ആര്‍.എസ്.എസ് അജണ്ട നടപ്പിലാകുകയും പകരം ഗാന്ധിയും നെഹ്‌റുവും ടാഗോറും ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷത ഇവിടെ തമസ്‌കരിക്കപ്പെടുമെന്നുമുറപ്പാണ്. രാജ്യത്തെ ദളിത്-ഗോത്രവര്‍ഗ്ഗ സ്വത്വവും പുതിയ ദേശീയ മ്യൂസിയത്തിലെ കാഴ്ചകള്‍ പ്രതിഫലിപ്പിക്കാനിടയില്ല. സിന്ധുനദീതട സംസ്‌കാരം, മുഗള്‍ ചരിത്രം, സ്വാതന്ത്ര്യസമര പ്രസ്ഥാനം, ഇന്ത്യന്‍ ഭരണഘടനയുടെ സൃഷ്ടി, നേതാക്കള്‍ എന്നിവയൊക്കെ ഭൂരിപക്ഷ തൃപ്തിപ്പെടുത്തലില്‍ ബോധപൂര്‍വ്വം തമസ്‌കരിക്കപ്പെടാനാണ് സാധ്യത. അടുത്തിടെ ജയ്‌പൂര്‍ ഹൗസില്‍ തുറന്ന നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടും പ്രഗതി മൈതാനത്ത് നടന്ന പ്രദര്‍ശനമായ ഭാരത് മണ്ഡപവും ഹിന്ദുരാഷ്ട്രത്തിലെ മ്യൂസിയം എങ്ങനെയുണ്ടാകുമോ അങ്ങനെ തന്നെയായിരുന്നു. മതം, ജാതി, ഭാഷ, വംശം, ലൈംഗികത എന്നിവ പരിഗണിക്കാത്ത രാഷ്ട്രീയ ബന്ധം സ്വാധീനിക്കാത്ത യുഗ് യുഗീന്‍ ഭാരത് പ്രതീക്ഷിക്കേണ്ടതില്ലെന്നതാണ് ചരിത്രകാരന്‍മാരുടെ ആശങ്ക.

ചരിത്രത്തില്‍ ഏകാധിപതികളായ ഭരണാധികാരികളൊക്കെ ഇത്തരം കെട്ടിച്ചമച്ച അടയാളപ്പെടുത്തലുകള്‍ ആഗ്രഹിച്ചിട്ടുണ്ട്. നാസി ഭരണകാലത്ത് മനോഹരമായ സൗധങ്ങളുടെ നിര്‍മ്മാണപ്രവൃത്തികള്‍ പതിവായിരുന്നു. കെട്ടിടങ്ങള്‍ പാരമ്പര്യത്തിന്റേയും പ്രതാപത്തിന്റേയും അടയാളമായി മാറുമെന്ന് കരുതിയവരാണ് ഹിറ്റ്‌ലറും മുസോളിനിയുമൊക്കെ. 1933-ല്‍ ജര്‍മനിയുടെ അധികാരം പിടിച്ചെടുക്കുന്നതിന് എത്രയോ മുന്‍പേ ഹിറ്റ്‌ലര്‍ തന്റെ സാമ്രാജ്യത്തിന് ജെര്‍മേനിയ എന്ന് പേര് നല്‍കിയിരുന്നു. ഇതിന് രൂപരേഖയും തയ്യാറായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ആത്മകഥയായ മെയിന്‍ കാഫില്‍ പറയുന്നുണ്ട്. ഇന്നത്തെ മൂല്യം അനുസരിച്ച് 50 ബില്യണ്‍ ഡോളര്‍ ചെലവിലാണ് ഈ തലസ്ഥാനം നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടത്. രണ്ടാംലോകയുദ്ധത്തിനിടയിലും ഇത്രയും വലിയ തുക ചെലവഴിച്ച് നിര്‍മ്മാണം തുടര്‍ന്നു. വിമര്‍ശനങ്ങളുണ്ടായിട്ടും നിര്‍മ്മാണം നിര്‍ത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഇറ്റലിയില്‍ ബെനിറ്റോ മുസോളിനിയുടെ നിര്‍മ്മാണ മാതൃക കാസ ഡെല്‍ ഫാസിയോ എന്ന പാര്‍ട്ടി ആസ്ഥാനമായിരുന്നു. അതേ മാതൃകയില്‍ കെട്ടിടങ്ങള്‍ പണിഞ്ഞുകൂട്ടുന്നതിലാണ് ശ്രദ്ധിച്ചത്.

Delhi photo

പാര്‍ലമെന്റിന്റെ പുറംമോടിയിലല്ല കാര്യം. ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും അവസരമുണ്ടാകുമ്പോഴും അതുവഴി തിരുത്തലുകള്‍ക്കു വിധേയമാകുമ്പോഴുമാണ് ജനാധിപത്യം ശക്തിപ്പെടുക. ജനാധിപത്യ സങ്കല്പങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രവര്‍ത്തനരീതികള്‍ നടക്കുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. എന്നാല്‍, ജനാധിപത്യത്തിന്റെ ദൗര്‍ബ്ബല്യങ്ങള്‍ ഇന്ന് പ്രകടമായി കാണാം. പാര്‍ലമെന്റില്‍ ചര്‍ച്ചയില്ല, ചോദ്യമില്ല, മറുപടിയില്ല. രാജ്യത്തെ ബാധിക്കുന്ന സുപ്രധാന പ്രശ്നങ്ങളെല്ലാം പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വരേണ്ടതുണ്ട്. സഭാസമ്മേളനം നടക്കുന്ന സമയത്ത് സുപ്രധാന കാര്യങ്ങളിലെല്ലാം തന്നെ സര്‍ക്കാര്‍ സഭയില്‍ പ്രസ്താവന നടത്തുന്നതും കീഴ്‌വഴക്കമാണ്. എന്നാല്‍, ഇത്തരം പ്രശ്നങ്ങളിലെല്ലാം തികഞ്ഞ മൗനം പാലിക്കുകയാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ തന്ത്രം. രാജ്യമാസകലം ചര്‍ച്ച ചെയ്ത മണിപ്പൂര്‍ കലാപത്തില്‍ പോലും പ്രധാനമന്ത്രി മൗനം വെടിഞ്ഞത് പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ്. ഏതായാലും ഡല്‍ഹി ഇനി പഴയ ഡല്‍ഹിയല്ല, ഏകാധിപതിയുടെ ഇന്ദ്രപ്രസ്ഥമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com