

1957 ഏപ്രില്‍ അഞ്ചിനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഒരു ഗവണ്‍മെന്റ് ഇന്ത്യയില്‍ ആദ്യമായി ഭരണഘടന അനുശാസിച്ച മാര്‍ഗ്ഗത്തിലൂടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. ലോകത്ത് ബാലറ്റ് പെട്ടിയിലൂടെ അധികാരത്തില്‍ വന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ എന്ന വിശേഷണത്തിന് അര്‍ഹമായ ഒരു സംവിധാനം കേരളത്തിലാണ് സാധിതമാകുന്നത്. കേരളത്തില്‍ ആദ്യമായി ഒരു പ്രകടനപത്രിക മുന്നോട്ടുവെച്ച് തെരഞ്ഞെടുപ്പിനെ സംസ്ഥാനത്ത് നേരിടുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അതനുസരിച്ച് അധികാരത്തില്‍ വന്ന ദിവസങ്ങളില്‍ത്തന്നെ പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ ബില്‍, തോട്ടം ദേശസാല്‍ക്കരണം, ഭരണപരിഷ്‌കാരം തുടങ്ങിയവ സാധ്യമാക്കുന്ന നടപടികളിലേക്ക് ഗവണ്‍മെന്റ് കടന്നു. അന്ന് വലിയ പ്രകോപനമാണ് ഗവണ്‍മെന്റിന്റെ നീക്കങ്ങള്‍ സ്വത്തുടമവര്‍ഗ്ഗങ്ങളില്‍ സൃഷ്ടിച്ചത്.
പുതിയ ഗവണ്‍മെന്റ് രൂപീകരിക്കപ്പെട്ടതിന്റെ മൂന്നാംദിവസം തന്നെ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നു എന്ന മുറവിളിയുണ്ടായി. പള്ളിക്കൂടം പള്ളിവക എന്ന പ്രചരണത്തോടെ വിദ്യാഭ്യാസ ബില്ലിനെതിരെ സമരങ്ങള്‍ക്കുള്ള നീക്കവും തുടങ്ങി. എന്നാല്‍, പല കാരണങ്ങളാല്‍ ഇവയ്ക്ക് തുടക്കത്തില്‍ വേരുപിടിക്കാനായില്ല. മറിച്ച് ഗവണ്‍മെന്റിനുള്ള പിന്തുണ വര്‍ദ്ധിക്കുകയാണ് ഉണ്ടായത്. എന്നാല്‍, ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രതിപക്ഷമായ കോണ്‍ഗ്രസ്സിലും മറ്റു പാര്‍ട്ടികളിലും ഈ അവസ്ഥയെ മറികടക്കാന്‍ ഉതകുന്ന നീക്കങ്ങളെക്കുറിച്ചുള്ള ആലോചന തുടങ്ങി.
1958 മെയ് 16-നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് മൂന്നിന് കേരളത്തിലെ കാത്തലിക് സഭ കമ്യൂണിസ്റ്റ് അവിശ്വാസികളുടെ ഭരണത്തിനെതിരെ പ്രാര്‍ത്ഥനാദിനം ആചരിച്ചു. ഒരു പള്ളിയും പിടിച്ചെടുക്കാത്ത, ഒരു വിശ്വാസത്തിനേയും നിരാകരിക്കാത്ത, ഭരണഘടനാനുസൃതമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ കേളികൊട്ടായിരുന്നു അത്. അതിനു പ്രകോപനമായതാകട്ടെ, സമുദായശക്തികള്‍ക്കും മതപ്രമാണിമാര്‍ക്കും അവരുടെ സമ്പത്തിലും സ്വത്തിലുമുള്ള അധികാരം നഷ്ടപ്പെടുമെന്ന ഭയവും. മെയ് മൂന്നിനു വൈകിട്ട് കോട്ടയത്ത് സവര്‍ണ്ണഹിന്ദുക്കളുടേയും ക്രിസ്ത്യാനികളുടേയും മുസ്ലിങ്ങളുടേയും ഐക്യസമ്മേളനം നടന്നു. അവിടെ വിമോചന സമരപ്രഖ്യാപനവും ഉണ്ടായി.
പക്ഷേ, കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവനു നല്‍കുന്നതിനും വിദ്യാഭ്യാസരംഗത്തെ സാമുദായിക താല്‍പ്പര്യങ്ങള്‍ അവസാനിപ്പിക്കുന്നതിനും ജനഹിതമനുസരിച്ചു നടപ്പാക്കുന്ന നടപടികളെ മുന്‍നിര്‍ത്തിയുള്ള സമരം ജൂണ്‍, ജൂലൈ മാസങ്ങളില്‍ ശക്തിപ്പെടുക തന്നെ ചെയ്തു. പില്‍ക്കാലത്ത് സ്‌കൂള്‍ രാഷ്ട്രീയത്തിനെതിരെ ഘോരഘോരം പ്രസംഗിച്ചിരുന്ന സമുദായ പ്രമാണിമാര്‍ സ്‌കൂളുകള്‍ തുറക്കുമെന്ന് ഗവണ്‍മെന്റ് പ്രഖ്യാപിച്ച ദിവസം തന്നെ അവ അടച്ചിട്ട് കുട്ടികളെ ഗവണ്‍മെന്റിനെതിരെ തെരുവിലിറക്കാന്‍ തീരുമാനിച്ചു. പക്ഷേ, സ്‌കൂള്‍ അന്നു തുറക്കേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനം വന്നതോടെ ആ പരിപാടി പൊളിഞ്ഞു. ജൂണ്‍ 12-നു കെ.പി.സി.സി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. തുടര്‍ന്നങ്ങോട്ടു അരങ്ങേറിയ ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായ സമരപരമ്പരകളും ഭൂരിപക്ഷമുള്ള ഗവണ്‍മെന്റിനെ പിരിച്ചുവിട്ട നടപടിയുമെല്ലാം ചരിത്രത്തില്‍ ഇടംപിടിച്ച സംഭവങ്ങളാണ്.
അന്നു തൊട്ടാരംഭിച്ചതാണ് ജനാധിപത്യ കേരളത്തിന്റെ തിരിച്ചുനടത്തം. ഈ സമരത്തിനു നേതൃത്വം കൊടുത്തതാകട്ടെ കാത്തലിക് സഭയും മുസ്‌ലിം ലീഗും എന്‍.എസ്.എസും ഉള്‍പ്പെടുന്ന സമുദായശക്തികളും. അവരെ പേടിച്ച് കേരളത്തിലെ ഒരു ഗവണ്‍മെന്റും പിന്നീടങ്ങോട്ട് കാതലായ പരിഷ്‌കാരങ്ങള്‍ക്കോ മുതിര്‍ന്നിട്ടില്ല. സംഘടിതമതങ്ങളുടേയും ജാതിസംഘടനകളുടേയും പ്രച്ഛന്നവേഷമിട്ടു വരുന്ന സമ്പന്ന താല്‍പ്പര്യങ്ങളെ സി.പി.ഐ.എമ്മും സി.പി.ഐയുമുള്‍പ്പെടെ ഇടതു രാഷ്ട്രീയപ്പാര്‍ട്ടികള്‍ പോലും ഭയന്നു. എന്‍.എസ്.എസ്സിന്റേയും എസ്.എന്‍.ഡി.പിയുടേയും സമുദായ രാഷ്ട്രീയത്തിനെന്നപോലെ കൂടുതല്‍ സുഘടിതമായ ന്യൂനപക്ഷ മതവിശ്വാസികളുടെ സംഘടനകള്‍ക്കും കേരളത്തിന്റെ മുന്നോട്ടുള്ള ഗതിയെ തടസ്സപ്പെടുത്തുന്നതില്‍ വലിയ പങ്കുണ്ടായിരുന്നു. തങ്ങള്‍ക്കു താല്‍പ്പര്യമില്ലാത്തവര്‍ അധികാരത്തില്‍ വരുമ്പോഴൊക്കെ ന്യൂനപക്ഷ മതവിശ്വാസികളെ ഇളക്കിവിട്ട് ജനത്തെ സര്‍ക്കാരിനെതിരെയാക്കാന്‍ ശ്രമമുണ്ടായിട്ടുണ്ട്. കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് മതമില്ലാത്ത ജീവന്‍ എന്ന പാഠത്തെ ചൊല്ലിയും പാഠപുസ്തക പരിഷ്‌കരണത്തെ ചൊല്ലിയും ഉണ്ടായ കോലാഹലങ്ങള്‍ സ്മരണീയമാണ്. അതേസമയം ക്രിസ്ത്യന്‍-മുസ്ലിം ഭേദമില്ലാതെയുള്ള ന്യൂനപക്ഷ ഏകീകരണത്തിനു ഊനം തട്ടാതിരിക്കണമെന്ന കാര്യത്തില്‍ മതമേധാവികള്‍ ദത്തശ്രദ്ധരുമായിരുന്നു. തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ അദ്ധ്യാപകനായ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ സംഭവത്തില്‍ മതനേതാക്കളോ സഭയോ ഇടപെടാന്‍ കൂട്ടാക്കാതിരുന്നതും ഈ നിലപാടിനോടു ചേര്‍ത്തുവായിക്കേണ്ടതാണ്.
കേരളത്തില്‍ ന്യൂനപക്ഷ സമുദായങ്ങളുടെ നേതൃത്വം വിമോചന സമരകാലം മുതല്‍ക്കേ ഏതു സന്ദര്‍ഭത്തിലും പ്രയോഗിക്കാന്‍ മടിക്കാതിരുന്ന ഒന്നായിരുന്നു കമ്യൂണിസ്റ്റ് വിരോധം. കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീകളെ പൊതുസ്വത്താക്കുമെന്നു വരെ അവര്‍ പ്രചരണം നടത്തിയിട്ടുണ്ടെന്നു ചരിത്രം. കാത്തലിക് സഭയായിരുന്നു എക്കാലത്തും ഇതിന്റെ മുഖ്യപ്രചാരകര്‍. അവര്‍ പ്രത്യക്ഷമായും പരോക്ഷമായും നിയന്ത്രിക്കുന്ന ദിനപ്പത്രങ്ങളടങ്ങുന്ന മാധ്യമങ്ങള്‍ മുഖാന്തിരം മാത്രമല്ല, ഞായറാഴ്ചകളില്‍ പള്ളിയില്‍ വായിക്കുന്ന ഇടയലേഖനങ്ങള്‍ വഴിപോലും അവര്‍ പ്രചരണം ശക്തമായി നടത്തിപ്പോരാറുണ്ട്. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലുമൊക്കെ അവര്‍ക്കുള്ള താല്‍പ്പര്യങ്ങള്‍ക്ക് ഊനം തട്ടാതെ നോക്കുന്നതിന് കമ്യൂണിസ്റ്റ് പാര്‍ട്ടികളെ മാത്രമല്ല, എല്ലായ്‌പ്പോഴും അവര്‍ക്കൊപ്പമെന്നു വിലയിരുത്തപ്പെടാറുള്ള കോണ്‍ഗ്രസ് മുന്നണിയുടെ മന്ത്രിസഭകളെപോലും സമ്മര്‍ദ്ദത്തിലാക്കുമായിരുന്നു. ഒപ്പം പ്രതിഷേധങ്ങളും മറ്റുമായി തെരുവിലിറങ്ങും.
ഇനി തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായി കൈകോര്‍ക്കേണ്ടി വന്നാല്‍പോലും അവര്‍ അതിനു തയ്യാറാകുന്ന അപൂര്‍വ്വം സന്ദര്‍ഭങ്ങളുമുണ്ട്. ഇടുക്കിയിലെ ഹൈറേഞ്ചിലും താമരശ്ശേരിയിലും മറ്റും ഗാഡ്ഗില്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനെതിരെ ഉണ്ടായ സമരങ്ങള്‍ ഉദാഹരണം.
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെതിരെയുള്ള സമരം കാത്തലിക് സഭ മുന്നില്‍നിന്നു നയിക്കുമ്പോള്‍, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എതിര്‍ചേരിയിലുള്ളവര്‍ക്ക് കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായിരുന്നു. സഭകളുടെ സംഘടനാശേഷിയും തൃണമൂലതലത്തില്‍ എത്തുന്ന നേതൃത്വത്തിന്റെ ബന്ധവും മുതലെടുക്കാന്‍ എപ്പോഴും ഈ പാര്‍ട്ടികള്‍ക്കായിട്ടുണ്ട്.
കേരളത്തിലെ മുഖ്യന്യൂനപക്ഷമായ മുസ്ലിങ്ങളുടെ സമുദായ സംഘടനകളില്‍ കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ നയിക്കുന്ന സുന്നി വിഭാഗമൊഴികെ മറ്റൊരു സംഘടനയും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അനുകൂലമായ നിലപാട് കൈക്കൊ ണ്ടിട്ടില്ല. അതാകട്ടെ, മുസ്‌ലിം ലീഗിനോടുള്ള എതിര്‍പ്പിനെ അടിസ്ഥാനമാക്കിയായിരുന്നുതാനും. കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റ് പാര്‍ട്ടികളും മുഖാമുഖം വരുന്ന സന്ദര്‍ഭങ്ങളില്‍ തെരഞ്ഞെടുപ്പുകളില്‍പോലും അവര്‍ നിഷ്പക്ഷത പാലിക്കുകയോ കോണ്‍ഗ്രസ്സിനു അനുകൂലമായ നിലപാടെടുക്കുകയോ ചെയ്തു. രാഷ്ട്രീയമായ അടവുനയങ്ങളുടെ ഭാഗമായി മുസ്‌ലിംലീഗും അഖിലേന്ത്യാലീഗും പ്രാദേശികമായി ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടുന്ന മറ്റു സംഘടനകളും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം ചിലപ്പോഴൊക്കെ നിലകൊണ്ടെങ്കിലും അടിസ്ഥാനപരമായി കമ്യൂണിസ്റ്റ് ആശയഗതികളോടുള്ള എതിര്‍പ്പ് ശക്തമായിത്തന്നെ തുടര്‍ന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇടതുപക്ഷ പാര്‍ട്ടികളാണ് അവരുടെ ആശയപരമായ കാര്‍ക്കശ്യങ്ങള്‍ തല്‍ക്കാലം മാറ്റിവയ്ക്കാന്‍ നിര്‍ബ്ബന്ധിതരായത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറെക്കുറേ എല്ലായ്‌പോഴും ന്യൂനപക്ഷ സമുദായ സംഘടനകളുടെ നേതൃത്വങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടികളും വിരുദ്ധ ചേരിയിലായിരുന്നുവെന്നും കോണ്‍ഗ്രസ് മുന്നണിയോടാണ് അവര്‍ അടുപ്പം സൂക്ഷിച്ചതെന്നും പറയാം.
എന്നാല്‍, അഖിലേന്ത്യാതലത്തില്‍ രാജീവ് ഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസ് എടുത്ത നിലപാടുകള്‍ കോണ്‍ഗ്രസ് വിരുദ്ധ സമീപനത്തിന് മുസ്‌ലിം സമുദായത്തില്‍ വേരുകളുണ്ടാക്കി. മന്ദിര്‍-മസ്ജിദ് രാഷ്ട്രീയ കാലത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കേരള മുസ്‌ലിങ്ങള്‍ക്കുള്ള വിശ്വാസത്തിനു വലിയ ഇടിവു സംഭവിച്ചു. ഒരു സന്ദര്‍ഭത്തില്‍ മുസ്‌ലിം ലീഗ് കോണ്‍ഗ്രസ് മുന്നണി വിട്ടുപോരാന്‍ വരെ തയ്യാറായി. മുസ്‌ലിം ലീഗ് വീണ്ടും പിളരുകയും ദേശീയ നേതാവ് ഇബ്രാഹിം സുലൈമാന്‍ സേഠിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് രൂപീകരിക്കപ്പെടുകയും അവര്‍ ഇടതുപക്ഷത്തോട് കൂറു പ്രഖ്യാപിക്കുകയും ചെയ്തു. മുസ്‌ലിം രാഷ്ട്രീയം ശക്തമായി ഉന്നയിച്ച് സംഘപരിവാര്‍ വിരുദ്ധവും കോണ്‍ഗ്രസ് വിരുദ്ധവുമായ പ്രസംഗങ്ങള്‍ വഴി വേദികളെ കയ്യിലെടുത്ത അബ്ദുന്നാസര്‍ മഅ്ദനിയുടെ നേതൃത്വത്തിലുള്ള ഐ.എസ്.എസ് (ഇസ്‌ലാമിക് സേവക് സംഘ്) ഒറ്റപ്പാലം ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു. മുസ്‌ലിം രാഷ്ട്രീയത്തില്‍ കാര്യമായ ദിശാമാറ്റങ്ങളുടെ സൂചനകള്‍ പ്രകടമായി തുടങ്ങുന്നത് അക്കാലം മുതല്‍ക്കാണ് എന്നു പറയാം.
പിണറായി വിജയന്‍ സി.പി.ഐ.എം സെക്രട്ടറി സ്ഥാനമേറ്റ കാലത്താണ് ഇടതുപക്ഷത്ത് ന്യൂനപക്ഷങ്ങളെ, വിശിഷ്യാ മുസ്‌ലിങ്ങളെ കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള നീക്കം കൂടുതല്‍ ശക്തമാകുന്നത്. ഇതിന്റെ ഭാഗമായി സംഘടനാതലത്തില്‍ പോലും ന്യൂനപക്ഷാഭിമുഖ്യം പ്രകടമായിത്തുടങ്ങി.
''പിണറായി സെക്രട്ടറിയായ കാലംതൊ ട്ടാണ് ന്യൂനപക്ഷത്തെ തങ്ങളോടടുപ്പിക്കാന്‍ സി.പി.ഐ.എം കൂടുതല്‍ ശക്തമായ ശ്രമങ്ങള്‍ നടത്തുന്നത്. പാര്‍ട്ടിയുടെ വിവിധതലങ്ങളില്‍ പോലും ഇതു പ്രകടമായി. ന്യൂനപക്ഷ സമുദായങ്ങളില്‍നിന്നുള്ള നിരവധി ചെറുപ്പക്കാര്‍ സംഘടനാ ഭാരവാഹികളായി.'' പ്രശസ്ത പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ബി.ആര്‍.പി. ഭാസ്‌കര്‍ ചൂണ്ടിക്കാട്ടുന്നു. സമുദായ സംഘടനകളുടെ മധ്യസ്ഥത ഒഴിവാക്കി മുസ്‌ലിങ്ങളുടെ സവിശേഷ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുകയും ഓരോ മുസ്‌ലിമിനോടും നേരിട്ടു ബന്ധമുണ്ടാക്കുകയും ചെയ്യുക എന്നതായിരുന്നു സി.പി. ഐ.എമ്മിന്റെ അക്കാലത്തെ രാഷ്ട്രീയ തന്ത്രം.
എന്നാല്‍, ക്രിസ്ത്യന്‍ സഭകളേയും സമുദായ സംഘടനകളേയും തങ്ങളോടടുപ്പിക്കാന്‍ ആ കണക്കിനൊരു ശ്രമം അക്കാലത്ത് സി.പി.ഐ.എം നടത്തിയില്ല എന്നുവേണം പറയാന്‍. 2006-ല്‍ വി.എസ്. അച്യുതാനന്ദന്‍ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോഴും ഗവണ്‍മെന്റിനെതിരെയുള്ള പ്രതിപക്ഷ നീക്കങ്ങളില്‍ പലപ്പോഴും ക്രിസ്ത്യന്‍ സഭകള്‍ കുന്തമുനയായി. പലപ്പോഴും സി.പി.ഐ.എമ്മും ക്രിസ്ത്യന്‍ സഭകളും മുഖാമുഖം നിന്നു. 2007-ല്‍ തിരുവമ്പാടി എം.എല്‍.എ ആയിരുന്ന മത്തായി ചാക്കോയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ പിണറായി വിജയന്‍ ഒരു ക്രിസ്ത്യന്‍ പുരോഹിതനെ നികൃഷ്ടജീവി എന്നു വിശേഷിപ്പിച്ചത് വലിയ കോളിളക്കമുണ്ടാക്കി. തുടര്‍ന്നു പാഠപുസ്തക വിവാദത്തില്‍ വി.എസ്. ഗവണ്‍മെന്റിനെതിരെ മുസ്‌ലിം സമുദായ സംഘടനകളും ക്രിസ്ത്യന്‍ സംഘടനകളുമെല്ലാം ഒന്നിക്കുകയും അവരുടെ നീക്കത്തിന് കോണ്‍ഗ്രസ് പിന്തുണ ലഭിക്കുകയും ചെയ്തു. എന്നാല്‍, വലിയ തോതില്‍ ന്യൂനപക്ഷ ഏകീകരണം സൃഷ്ടിച്ച ആ സമരത്തോട് ഏറെ ആവേശപൂര്‍വ്വമല്ല ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും പ്രതികരിച്ചത് എന്നതും ഇപ്പോള്‍ പാലാ ബിഷപ്പിന്റെ പ്രസ്താവനയെ തുടര്‍ന്ന് ന്യൂനപക്ഷ ഏകീകരണത്തിനു സംഭവിച്ച വിള്ളലടയ്ക്കാന്‍ ന്യൂനപക്ഷ സമുദായ നേതൃത്വങ്ങള്‍ സ്വന്തംനിലയ്ക്കു നടത്തുന്ന ശ്രമങ്ങളോട് അവര്‍ പുറംതിരിഞ്ഞു നില്‍ക്കുന്നു എന്നതും ചേര്‍ത്തുവായിക്കേണ്ടതാണ്.
അതേസമയം, അടുത്തകാലത്തായി ക്രിസ്ത്യന്‍ സഭകളോടു പോലും അനാവശ്യമായി ഒരു ഏറ്റുമുട്ടല്‍ നയം കൈക്കൊള്ളേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.ഐ.എം നേതൃത്വം. ഗാഡ്ഗില്‍ വിരുദ്ധ സമരത്തിലും മറ്റും താഴെത്തട്ടിലുണ്ടായ ഐക്യത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകാന്‍ സി.പി.ഐ.എം കൈക്കൊണ്ട തീരുമാനം യഥാര്‍ത്ഥത്തില്‍ ഈ സംഘടനകളെ പ്രയോജനപ്പെടുത്തി മുന്നോട്ടുപോകുന്ന കോണ്‍ഗ്രസ് നേതൃത്വത്തെയാണ് കുഴപ്പത്തിലാക്കിയിരിക്കുന്നത്. സഭകളിലാകട്ടെ, ഉള്‍പ്പോരുകളും അന്തച്ഛിദ്രങ്ങളും വര്‍ദ്ധിക്കുന്ന സന്ദര്‍ഭങ്ങളിലൊക്കെ ഒരു ബാഹ്യശത്രുവിലേക്ക് ശ്രദ്ധ തിരിക്കലായിരുന്നു പതിവ്.
ഈ അവസ്ഥയില്‍ കമ്യൂണിസ്റ്റുകാര്‍ക്കു പകരം മറ്റൊരു ബാഹ്യശത്രുവിനെ കണ്ടെത്തുന്നതിന് ഹാഗിയ സോഫിയ പ്രശ്‌നത്തെ മുന്‍നിര്‍ത്തി ഒരു മുസ്‌ലിം ദിനപ്പത്രത്തില്‍ വന്ന ലേഖനവും സംവരണത്തെ ചൊല്ലി ഉണ്ടായ വിവാദവും സഹായകമായി.
സംഘ്പരിവാറും കേരളത്തിലെ ന്യൂനപക്ഷവും
ഏറ്റവും കൂടുതല്‍ ആര്‍.എസ്.എസ്. ശാഖകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 6800-ലധികം ശാഖകള്‍. സമൂഹത്തിന്റെ വിവിധ തുറകളില്‍ സംഘ്പരിവാര്‍ സംഘടനകള്‍ക്ക് ശക്തമായ സാന്നിധ്യമുണ്ട്. ആര്‍.എസ്.എസ്സിന്റെ പാര്‍ലമെന്ററി സംഘടനയായ ഭാരതീയ ജനതാ പാര്‍ട്ടിക്ക് എല്ലാ നിയോജകമണ്ഡലങ്ങളിലും നല്ല വേരോട്ടമുണ്ട്. എന്നിട്ടും തെരഞ്ഞെടുപ്പുകളില്‍ അതു കാര്യമായി പ്രതിഫലിക്കുന്നില്ല എന്നാണ് വസ്തുത. സി.പി.ഐ.എം, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ സ്വാധീനവും ജനസംഖ്യാപരമായ സവിശേഷതകളുമാണ് ഇതിനു തടസ്സം. ഹിന്ദു ജനസംഖ്യയോളം വരും ഇരു ന്യൂനപക്ഷമതങ്ങളുടേയും ആകെ ജനസംഖ്യ. ഇവരില്‍ കുറച്ചെങ്കിലും പേരെ തങ്ങളുടെ രാഷ്ട്രീയത്തിനൊപ്പം നിര്‍ത്താന്‍ കഴിഞ്ഞാല്‍ മാത്രമേ തെരഞ്ഞെടുപ്പു വേദികളില്‍ നേട്ടമുണ്ടാക്കാന്‍ കഴിയൂ എന്നും അവര്‍ക്കു വിലയിരുത്തലുണ്ട്. സാമൂഹികമായ പല കാരണങ്ങളാല്‍ കോളണിവല്‍ക്കരണത്തിനു മുന്‍പ് ഒരു ഹിന്ദുജാതിയെപ്പോലെ വര്‍ത്തിച്ചിരുന്ന സവര്‍ണ്ണരെന്നു പലപ്പോഴും അവകാശപ്പെടാറുള്ള സിറിയന്‍ ക്രിസ്ത്യാനികളെ കൂടെ നിര്‍ത്തലായിരിക്കും കൂടുതല്‍ എളുപ്പം എന്ന് അവര്‍ കരുതുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനുശേഷം സഭാനേതൃത്വവുമായി അടുക്കുന്നതിനു പലതവണ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം ശ്രമം നടത്തിയിരുന്നു. ചിലപ്പോഴൊക്കെ സഭാനേതൃത്വങ്ങളില്‍നിന്ന് അനുകൂല പ്രതികരണം ഉണ്ടാകുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഉണ്ടായ വിള്ളല്‍ മുതലെടുക്കാന്‍ അവര്‍ ശ്രമിക്കുമെന്നു വ്യക്തം.
കേരളത്തില്‍ എന്നാല്‍ ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്കു പിറകിലുള്ളത് സംഘ്പരിവാറാണെന്ന പ്രചരണം മുഖവിലയ്‌ക്കെടുക്കാനാകില്ല. സാമ്പത്തികവും ഭൗതികവുമായ താല്‍പ്പര്യങ്ങള്‍ ന്യൂനപക്ഷ മതസമുദായ സംഘടനകള്‍ക്കും ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ഈ താല്‍പ്പര്യങ്ങളാണ് മിക്കപ്പോഴും അവര്‍ക്കുള്ളിലും അവര്‍ തമ്മിലും ഉള്ള ഏറ്റുമുട്ടലുകളിലേക്ക് നയിക്കുന്നത് എന്നതിനു ചരിത്രത്തില്‍ത്തന്നെ ഉദാഹരണങ്ങളുമുണ്ട്. യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍പോലെ. ഇപ്പോഴുണ്ടായ പ്രശ്‌നത്തിനും ഇതേ കാരണങ്ങള്‍ തന്നെയാണ് ഉള്ളത്. സഭാ നേതൃത്വം നേരിട്ടാണ് നാര്‍ക്കോട്ടിക് ജിഹാദ് മുതലുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ക്യാംപയിന്‍ നടത്തുന്നത്. സഭാനേതൃത്വം പറയുന്നത് സംഘപരിവാറുകാര്‍ ഏറ്റുപിടിക്കുന്നുവെന്നു മാത്രം. മുന്‍കാലങ്ങളില്‍ എങ്ങനെയാണോ ക്രൈസ്തവ സഭകള്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണം നടത്തിയിരുന്നത് അതേ രീതിയിലാണ് ഇപ്പോള്‍ മുസ്‌ലിം വിരുദ്ധ പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഹാഗിയ സോഫിയ പള്ളിപ്രശ്‌നത്തില്‍ മതരാഷ്ട്രീയപ്പാര്‍ട്ടിയുടെ മുഖപത്രത്തില്‍ വന്ന ലേഖനം ഇത്തരം പ്രചരണങ്ങള്‍ക്ക് വഴിമരുന്നിട്ടു കൊടുക്കുകയും ചെയ്തു.
അതേസമയം, പാലാ ബിഷപ്പ് കല്ലറങ്ങാട്ടില്‍ നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് സംജാതമായ വാദകോലാഹലങ്ങള്‍ക്ക് വിരാമമിടുന്നതിന് സംസ്ഥാന ഗവണ്‍മെന്റ് മുന്‍കയ്യെടുക്കുന്നില്ലെന്ന പരാതി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെപ്പോലുള്ളവര്‍ ഉന്നയിച്ചിട്ടുണ്ട്. ന്യൂനപക്ഷ സമുദായ നേതൃത്വങ്ങള്‍ക്കിടയിലുണ്ടായ ഭിന്നിപ്പ് സാമൂഹിക ഐക്യം തര്‍ക്കുന്ന രീതിയിലേക്കു വളരാനിടയുണ്ടായിട്ടുപോലും സര്‍ക്കാര്‍ ഇടപെടാന്‍ മടിക്കുന്നത് ആരെ ഭയന്നിട്ടാണ് എന്ന ചോദ്യവും ഉയരുന്നു. പലപ്പോഴും ഇടതുപക്ഷഭരണത്തിനെതിരെ നിലപാടെടുക്കുകയും പ്രതിപക്ഷസമരങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും ചെയ്യുന്ന സമുദായ നേതൃത്വങ്ങളുടെ ഇടയ്ക്ക് ഭിന്നിപ്പ് വളരുന്നത് തങ്ങള്‍ക്ക് ഗുണകരമായേക്കാം എന്ന കാഴ്ചപ്പാടാണോ സര്‍ക്കാരിനുള്ളതെന്നും സംശയിക്കേണ്ടതുണ്ട്. എന്നാല്‍, ''സാമുദായിക ഐക്യം സംരക്ഷിക്കേണ്ടത് തീര്‍ച്ചയായും പരമപ്രധാനമാണ്. ഇരുകൂട്ടരേയും ഒരു മേശയ്ക്കിരുപുറവുമിരുത്തി ചര്‍ച്ച നടത്താന്‍ ഇവര്‍ തമ്മില്‍ എന്താണ് യഥാര്‍ത്ഥ പ്രശ്‌നം? ഏത് അജന്‍ഡയിലാണ് അങ്ങനെയൊരു യോഗം ചേരേണ്ടത്?'' എന്നാണ് മാധ്യമ പ്രവര്‍ത്തകനും ചിന്തകനുമായ സെബാസ്റ്റ്യന്‍ പോള്‍ ചോദിക്കുന്നത്. പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടെന്നവണ്ണം യു.ഡി.എഫ് നേതൃത്വവും കോണ്‍ഗ്രസ് അദ്ധ്യക്ഷനും ഇതുമായി ബന്ധപ്പെട്ട് വിവിധ സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
യോഗം വിളിക്കാത്തത് ഖേദകരം
ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
നിരണം ഭദ്രാസനാധിപന്‍
പൊതുസമൂഹം മുഴുവന്‍ ആവശ്യപ്പെട്ടിട്ടും സംസ്ഥാന ഗവണ്‍മെന്റ് ഇനിയും ഈ വിഷയത്തില്‍ സര്‍വ്വകക്ഷി/സര്‍വ്വമത യോഗം വിളിച്ചുകൂട്ടാന്‍ വൈകുന്നത് ഖേദകരമാണ്. ഇക്കാര്യത്തില്‍ ഇനിയും അനാസ്ഥ ഉണ്ടായാല്‍ അത് ഇടതുപക്ഷത്തിന്റെ മതേതര കാഴ്ചപ്പാടിനു കനത്ത ആഘാതമായിരിക്കും സൃഷ്ടിക്കുക. കേരളത്തിന്റെ മതേതര ശരീരത്തെ സാരമായി ബാധിച്ച ഒരു വിവാദവിഷയം സൃഷ്ടിച്ച സാമുദായിക വിഭാഗീയതയുടെ പശ്ചാത്തലത്തില്‍ ഞാന്‍ ഏറെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന കര്‍ദിനാള്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ മുന്‍കയ്യെടുത്ത് നടത്തിയ മതനേതാക്കളുടെ യോഗം അത്യന്തം സ്വാഗതാര്‍ഹമാണ്. പിതാവ് തുടര്‍ന്നു നടത്തിയ പ്രസ്താവനയും സമൂഹം ഹൃദയത്തില്‍ ഏറ്റെടുക്കുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ.
പ്രളയ കാലത്തും മഹാമാരിയുടെ അതിരൂക്ഷമായ സമയത്തും നാം തിരിച്ചുപിടിച്ച കരുതലും മാനവികതയും വിട്ടുകളഞ്ഞ് നാം വീണ്ടും മതാന്ധതയുടെ തടവുകാരായി മാറുകയാണ്. സായിപ്പിന്റെ നാട്ടില്‍ മാര്‍ക്‌സും നമ്മുടെ നാട്ടില്‍ വയലാറും പറഞ്ഞത് യാഥാര്‍ത്ഥ്യം ആകുന്നു! ''മതമല്ല മനുഷ്യത്വം ആണ് വലുത്'' എന്നു പഠിക്കാന്‍ ഇനി പുതിയ മഹാമാരിയെ നാം ക്ഷണിച്ചു വരുത്തണമോ.
സമൂഹ ഐക്യത്തിലാണ് വിള്ളല്‍ വീഴുന്നത്
സെബാസ്റ്റ്യന്‍ പോള്‍
വി.പി. സിംഗിന്റെ കാലത്ത് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചതിന്റേയും അതിനെതിരെ എതിര്‍പ്പുയര്‍ന്നതിന്റേയും പശ്ചാത്തലത്തില്‍ ഈഴവരുടേയും ലത്തീന്‍ കാത്തോലിക്കരുടേയും മുസ്‌ലിങ്ങളുടേയും സമുദായ സംഘടനാനേതൃത്വം ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കപ്പെട്ടതില്‍ ഞാനും ഉള്‍പ്പെട്ടിരുന്നു. വലിയ സൗഹൃദമായിരുന്നു ഈ സമുദായങ്ങള്‍ക്കിടയില്‍ അതേതുടര്‍ന്നു സംജാതമായത്. അതെല്ലാം ഇനി പഴങ്കഥയാണ് എന്നു വരുത്തുന്ന രീതിയിലാണ് ഇപ്പോള്‍ സംഭവവികാസങ്ങള്‍. ഇപ്പോള്‍ ഈഴവരും മുസ്‌ലിങ്ങളുമെല്ലാം ശത്രുപക്ഷത്തായി.
സെപ്റ്റംബര്‍ എട്ടിനാണ് ബിഷപ്പ് കല്ലറങ്ങാട്ടില്‍ നാര്‍ക്കോട്ടിക് ജിഹാദ് എന്ന വസ്തുതാവിരുദ്ധമായ ഈ ആരോപണം ഉന്നയിക്കുന്നത്. ഇപ്പോള്‍ രണ്ടാഴ്ചയാകുന്നു. ഇപ്പോഴും ചര്‍ച്ച അവസാനിച്ചിട്ടില്ല. ഇത് ഇങ്ങനെ തുടരണമെന്ന്, അവസാനിക്കാതിരിക്കണമെന്ന് ആര്‍ക്കൊക്കെയോ നിര്‍ബ്ബന്ധമുള്ളതുപോലെയാണ്. ദൃശ്യമാധ്യമങ്ങള്‍ക്ക് ഈ വിവാദം ചര്‍ച്ച ചെയ്തു മതിയാകുന്നതേയില്ല. സാമൂഹിക മാധ്യമങ്ങളിലും ഇത് ഏറ്റുപിടിക്കുന്നവരുണ്ട്. ഇതു ന്യൂനപക്ഷ സമുദായങ്ങളുടെ മാത്രം പ്രശ്‌നമല്ല. നമ്മുടെ സാമൂഹിക ഐക്യത്തിലാണ് വിള്ളല്‍ വീഴുന്നത്.
മയക്കുമരുന്ന് എന്നത് ഒരു സാമൂഹിക വിപത്താണ്. മുഖ്യമന്ത്രി പറഞ്ഞതുപോലെ ഏതെങ്കിലും മതവുമായി ബന്ധപ്പെടുത്തി ആ തിന്മയെ കാണുന്നത് തെറ്റാണ്. പ്രശ്‌നം തീര്‍ക്കാന്‍ മുഖ്യമന്ത്രി മുന്‍കയ്യെടുത്ത് ചര്‍ച്ച നടത്തണമെന്നു പറയുന്നതില്‍ കാര്യമില്ല. ചര്‍ച്ച ചെയ്തു തീര്‍ക്കാവുന്ന എന്തു പ്രശ്‌നമാണ് ഉള്ളത്? അതേസമയം മയക്കുമരുന്ന് എന്ന വിപത്തിനെ മുന്‍നിര്‍ത്തി സമുദായസംഘടനകളുടെ സഹായത്തോടെ ക്യാംപയിന്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ യോഗം വിളിക്കാവുന്നതാണ്. ഇനി നാര്‍ക്കോട്ടിക് ജിഹാദ് എന്നതു സംബന്ധിച്ച് ഒരന്വേഷണം ആകാം എന്നും ആവശ്യപ്പെടുന്നതില്‍ തരക്കേടില്ല. മയക്കുമരുന്നിനേയും ഏതെങ്കിലും മതത്തേയും ബന്ധപ്പെടുത്തി വിവാദങ്ങളുണ്ടാക്കരുതെന്ന് മുഖ്യമന്ത്രിക്കു പറയാം. അത് മുഖ്യമന്ത്രി പറഞ്ഞിട്ടുമുണ്ട്.
മടങ്ങിപ്പോകുന്നത് വിമോചനസമരത്തിന്റെ സാമൂഹികാന്തരീക്ഷത്തിലേക്ക്
ബിആര്‍പി ഭാസ്‌കര്‍
'59-ലെ സാമൂഹികാന്തരീക്ഷത്തിലേക്കാണ് നമ്മുടെ നാട് മടങ്ങിപ്പോകുന്നത് എന്നു ഞാന്‍ ഭയക്കുന്നത്. എല്ലാ സാമുദായികശക്തികളും സാമൂഹികാന്തരീക്ഷത്തെ കലുഷമാക്കിയ നാളുകളായിരുന്നു അത്. ആ സമുദായശക്തികളാണ് ഇപ്പോള്‍ പുതിയ രൂപത്തില്‍ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്. എത്രയും പെട്ടെന്ന് ഈ സാമുദായിക സങ്കുചിതവികാരങ്ങളെ സമൂഹമധ്യത്തില്‍നിന്ന് ഇല്ലാതാക്കിയില്ലെങ്കില്‍ നമ്മള്‍ വലിയ വില കൊടുക്കേണ്ടിവരും.
എല്ലാക്കാലത്തും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടിത്തറ ക്രിസ്ത്യന്‍-മുസ്‌ലിം ന്യൂനപക്ഷങ്ങളാണ്. കുറച്ചു സവര്‍ണ്ണഹിന്ദു സമുദായക്കാരും. തിരുവിതാംകൂറിലാണ് ഇവര്‍ക്ക് എല്ലാക്കാലത്തും ശക്തിയുണ്ടായിരുന്നത്. അതുകൊണ്ട് വിമോചനസമരം കാര്യമായി ശക്തിപ്പെട്ടതും തിരുവിതാംകൂറിലാണ്. എന്നാല്‍, ഈ സമുദായ സംഘടനകള്‍ക്ക് ശക്തികുറഞ്ഞ സന്ദര്‍ഭങ്ങളും ഉണ്ടായിരുന്നെന്നു കാണാതിരുന്നുകൂടാ. സ്വാതന്ത്ര്യപ്രാപ്തിയുടെ സമയത്ത് ഇവര്‍ കുറച്ചൊക്കെ ഒതുങ്ങിക്കൂടി പ്രവര്‍ത്തിച്ചാല്‍ മതി എന്നു തീരുമാനിച്ചിരുന്നു. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി തുടങ്ങിയ സംഘടനകളടക്കം. പി.കെ. കുഞ്ഞിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ട്രാവന്‍കൂര്‍ മുസ്‌ലിം ലീഗ് പിരിച്ചുവിട്ടു. കുഞ്ഞ് പിന്നെ കോണ്‍ഗ്രസ്സുകാരനുമായി. എന്നാല്‍, വിമോചന സമരക്കാലത്ത് ഇവര്‍ വീണ്ടും ശക്തിയാര്‍ജ്ജിക്കുന്നതാണ് കണ്ടത്.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ മുഖ്യമായും ഹിന്ദു പിന്നാക്ക സമുദായങ്ങളാണ്. എന്നാല്‍, ന്യൂനപക്ഷങ്ങളെ അവരോട് ആകര്‍ഷിക്കാന്‍ അടുത്തകാലത്തായി കാര്യമായി ശ്രമിക്കുന്നുണ്ട്. ന്യൂനപക്ഷവിഭാഗങ്ങളില്‍നിന്നു പാര്‍ട്ടിക്ക് നല്ല നേതാക്കന്മാര്‍ ഉണ്ടാകുന്നുണ്ട്. ബഹുജനാടിത്തറ ഈവണ്‍ലി സ്‌പ്രെഡ് ആകാന്‍ ഏതു രാഷ്ട്രീയപ്പാര്‍ട്ടിയും ശ്രമിക്കും. നല്ലതുതന്നെ.
ഇപ്പോഴുള്ള വിവാദം സമൂഹത്തില്‍ സമുദായ നേതൃത്വങ്ങള്‍ക്കുള്ള സ്വാധീനം കുറഞ്ഞുവരുന്നു എന്നതിന്റെ ഭയത്തില്‍നിന്ന് ഉണ്ടായതാണ്. ഇത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതാണ് നമുക്കു നല്ലത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates