

ഒട്ടേറെ വിവാദങ്ങള്‍ക്കു വഴിയൊരുക്കി 25 വര്‍ഷം പിന്നിട്ട കിഫ്ബി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറയുന്നതുപോലെ വെന്റിലേറ്ററിലാണോ? ഡ്രിപ്പ് കൊടുക്കേണ്ട അവസ്ഥയല്ലെന്നും ഘടനാപരമായ മാറ്റങ്ങള്‍ വരുത്തി വരുമാനദായക പദ്ധതികള്‍ നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വാദിക്കുമ്പോള്‍ കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിട്ട വായ്പയെടുക്കല്‍ സ്ഥാപനം മാത്രമാണ് കിഫ്ബി എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്താണ് കിഫ്ബി, എന്തിനാണ് കിഫ്ബി? 1990-കളുടെ അവസാനം തന്നെ പശ്ചാത്തലസൗകര്യങ്ങള്‍ക്കുള്ള പുതുസംവിധാനമെന്ന നിലയില്‍ ഒരു പ്രത്യേക സംവിധാനം (കിഫ്ബി) രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ഇടതുപക്ഷം തുടങ്ങിയിരുന്നു. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന 1999-ലാണ് കിഫ്ബി രൂപീകൃതമായത്. 1999-ല്‍ നിയമസഭ കിഫ്ബി നിയമം അംഗീകരിച്ചു. എന്നാല്‍, അന്ന് തെരഞ്ഞെടുത്ത പദ്ധതികള്‍ക്ക് ധനസഹായം ഒരുക്കുന്ന ഒരു നോണ്‍-റവന്യൂ സ്റ്റാറ്റിയൂട്ടറി ഫണ്ട് മാത്രമായിരുന്നു കിഫ്ബി.
പ്രത്യക്ഷത്തില്‍ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിത്തുടങ്ങിയതിന് ഉദാഹരണമായിരുന്നു കിഫ്ബി. വികസനത്തിന് മറ്റൊരു ബദലും വഴിയുമില്ലെന്ന ന്യായം ഉന്നയിച്ച് 2016-ല്‍ അധികാരത്തിലേറിയ ഒന്നാം പിണറായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ കിഫ്ബിയുടെ ഘടനയും പ്രവര്‍ത്തനരീതിയും മാറ്റിയെഴുതി. അന്ന് ധനമന്ത്രി തോമസ് ഐസക്കും ധനസെക്രട്ടറി കെ.എം. എബ്രഹാമും ചേര്‍ന്ന് നിയമം പുതുക്കിയെഴുതി. പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെ നിയമസഭയില്‍ കിഫ്ബി നിയമം പാസ്സാക്കിയെടുത്തു. കിഫ്ബി വഴി നിര്‍മ്മിക്കുന്ന റോഡുകള്‍ക്കും പാലങ്ങള്‍ക്കും ടോള്‍ ഇല്ലെന്നും മുഴുവന്‍ ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നുമായിരുന്നു ധനമന്ത്രിയായിരുന്ന തോമസ് ഐസക് അത് നിയമസഭയില്‍ പറഞ്ഞത്. കാലം മാറിയെന്നും ടോള്‍ പിരിവ് വേണ്ടിവരുമെന്നുമാണ് ഇന്ന് ഐസക് പറയുന്നത്. അടിസ്ഥാന സൗകര്യ വികസനനിധി എന്ന നിലയിലാണ് കിഫ്ബി രൂപീകരിച്ചത്. എന്നാല്‍, ഇപ്പോള്‍ പദ്ധതികളിലൂടെ വരുമാനമാര്‍ഗ്ഗമുണ്ടാക്കുന്ന ഫണ്ട് മാനേജര്‍ എന്ന നിലയിലെത്തി. ഇതാണ് പ്രധാന നയവ്യതിയാനം.
റോഡുകള്‍, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ഗതാഗതം, ജലവിതരണം, മാലിന്യസംസ്‌കരണം തുടങ്ങി സാധാരണ പൗരന് അവശ്യമായ സേവനമേഖലകളെല്ലാം പണം നല്‍കി ഉപയോഗിക്കുന്നതാക്കുക എന്നതാണ് നവഉദാരവല്‍ക്കരണത്തിന്റെ നടപ്പാക്കല്‍ രീതികളിലൊന്ന്. പൊതുസേവനങ്ങളേയും പൊതുവിഭവങ്ങളേയും സ്വകാര്യമൂലധനത്തിന്റെ സാമ്പത്തിക യുക്തിക്ക് കൈമാറലാണ് മുതലാളിത്തത്തിന്റെ ഘടനയെന്നത് ഇവിടെ ബോധപൂര്‍വം മറച്ചുവയ്ക്കുന്നു. വികസനത്തിന് മറ്റെന്ത് വഴി, വികസനത്തിന് രാഷ്ട്രീയമില്ല എന്നീ പ്രഖ്യാപനങ്ങളൊക്കെ മുതലാളിത്ത യുക്തിയോടും ഉദാരവല്‍ക്കരണ വാദങ്ങളോടും കൂട്ടിക്കെട്ടുന്നു.
കിഫ്ബി എന്തിന്?
പദ്ധതികള്‍ കൃത്യമായി, കാര്യക്ഷമമായി നടപ്പാക്കുന്നുവെന്നത് കിഫ്ബിയുടെ നേട്ടമായി കാണിക്കുമ്പോള്‍ ഭരണതലത്തിലുള്ള സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനപരാജയം കൂടിയാണ് അത് വെളിവാക്കുന്നത്. മാത്രമല്ല, അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഏതൊക്കെ നടപ്പാക്കണമെന്ന് തീരുമാനിക്കാനും മാറ്റങ്ങള്‍ വരുത്താനും അതില്‍ തീര്‍പ്പുകല്പിക്കാനുമുള്ള അധികാരം കിഫ്ബിക്കായി മാറി. എങ്ങനെയാണോ ഒരു സമാന്തര ഭരണകൂടം പ്രവര്‍ത്തിക്കുന്നത് അതിനു തുല്യമായ ഏജന്‍സിയായി കിഫ്ബി മാറുകയും ചെയ്തു. അതായത് സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനത്തിന് പുറംകരാര്‍ നല്‍കുന്ന ഏര്‍പ്പാടാണ് ഇതെന്നാണ് വിമര്‍ശനം. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് മാറ്റിവയ്ക്കുന്ന വികസനഫണ്ട് എന്തിനെല്ലാം ചെലവഴിക്കണം, എന്തിന് മുന്‍ഗണന നല്‍കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ജനപ്രതിനിധികള്‍ക്കാണ്. സര്‍ക്കാരിന്റെ പിന്തുണയുള്ള ഒരു ഏജന്‍സിയല്ല അത് തീരുമാനിക്കേണ്ടത്. പ്രത്യക്ഷത്തില്‍ പറഞ്ഞാല്‍ സര്‍ക്കാരിന്റെ തന്നെ സ്വകാര്യവല്‍ക്കരണം. ഫെസിലിറ്റേറ്റര്‍ എന്ന ചുമതലയില്‍നിന്നുപോലുമുള്ള സര്‍ക്കാരിന്റെ പിന്‍വാങ്ങലായി കിഫ്ബിയെ കാണേണ്ടതുണ്ട്.
1999-ലെ നിയമത്തിന്റെ ഏഴാം വകുപ്പ് പ്രകാരം കിഫ്ബിയുടെ എല്ലാ പദ്ധതികള്‍ക്കും നിയമസഭയുടെ അംഗീകാരം നിര്‍ബന്ധമാണ്. 2016-ല്‍ അത് നീക്കം ചെയ്തു. പകരം മന്ത്രിസഭയുടെ അംഗീകാരം മതി. കിഫ്ബി നിവഹണസമിതിയുടെ അധ്യക്ഷന്‍ മുഖ്യമന്ത്രിയും ഉപാധ്യക്ഷന്‍ ധനമന്ത്രിയുമാണെന്നിരിക്കെ തീരുമാനം അന്തിമമായിരിക്കും. വികസന പദ്ധതികളുടെ തെരഞ്ഞെടുപ്പ്, നിര്‍വഹണം എന്നിവയൊക്കെ സാമ്പത്തിക-രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് അനുസരിച്ചാകുന്നത് സാമൂഹ്യനീതിയാണ്. ആഗോളമൂലധന വിപണിയില്‍നിന്ന് കടമെടുത്ത്, അതും വലിയ സമ്പദ്ചോര്‍ച്ചയ്ക്ക് കാരണമാകുന്ന രീതിയില്‍ ഉയര്‍ന്ന പലിശയ്ക്ക് നിക്ഷേപം സ്വീകരിച്ച്, സ്വകാര്യ കണ്‍സള്‍ട്ടന്‍സികളുടേയും സംരംഭകരുടേയും സഹായത്തോടെ, ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പുള്ള വന്‍കിട നിര്‍മ്മാണ പദ്ധതികള്‍ കേന്ദ്രീകൃതമായ തീരുമാനത്തിലൂടെ നടപ്പാക്കാനാണ് കിഫ്ബിയെന്ന് വ്യക്തം.
സര്‍ക്കാരിന്റെ വരുമാനവും കടമെടുക്കുന്ന പണവും കൂട്ടിയാല്‍ പോലും നിത്യച്ചെലവിനേ സര്‍ക്കാരിനു തികയൂ. അതിന് കണ്ട പരിഹാരമായിരുന്നു കിഫ്ബി. മൊത്തം ആഭ്യന്തര വരുമാനത്തിന്റെ മൂന്നു ശതമാനം മാത്രമാണ് സര്‍ക്കാരിനു പൊതുവിപണിയില്‍ നിന്നെടുക്കാവുന്ന കടം.
കിഫ്ബിയെക്കൊണ്ട് പരമാവധി തുക വായ്പയെടുപ്പിച്ച് വികസനപദ്ധതികള്‍ നടപ്പാക്കാവുന്ന ഒരല്പം വളഞ്ഞ വിദ്യയാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. ഇതിനു പുറമേ സര്‍ക്കാര്‍ പിരിച്ചെടുക്കുന്ന റോഡ് നികുതിയുടെ പകുതിയും ഇന്ധനസെസും കിഫ്ബിയുടെ വരുമാനമാര്‍ഗ്ഗവുമാക്കി. എന്നാല്‍, കിഫ്ബിക്ക് വായ്പ നല്‍കുന്നവരോട് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് വ്യവസ്ഥയില്ലാത്ത ഗ്യാരന്റിയാണ്. ഒരു വ്യവസ്ഥയുമില്ലാത്തതും തിരിച്ചെടുക്കാനാവാത്തതുമായ ഉറപ്പാണ് സര്‍ക്കാര്‍ നല്‍കിയത്.
ഏതു സര്‍ക്കാരിന്റേയും വരുമാനം ജനങ്ങളില്‍നിന്ന് സമാഹരിക്കപ്പെടുന്ന പണമാണ്. അത് ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നത് ജനങ്ങളുടെ ആവശ്യവും അവകാശവുമാണ് ഇതിനുള്ള ഉപാധിയായിരുന്നു ബജറ്റ്. എന്നാല്‍, ഇവിടെ ബജറ്റിന്റെ വ്യാപ്തിക്ക് പുറത്താണ് കിഫ്ബിയുടെ സാമ്പത്തിക പ്രവര്‍ത്തനം.
സംസ്ഥാന വരുമാനത്തില്‍നിന്നാണ് കിഫ്ബി പദ്ധതികള്‍ നടപ്പാക്കുന്നതും കടം തിരിച്ചടയ്ക്കുന്നതും. കിഫ്ബിയുടെ എല്ലാ കടങ്ങള്‍ക്കും ഗ്യാരന്റി നല്‍കുന്നത് സര്‍ക്കാരാണ്. എന്നാല്‍, പദ്ധതികളുടെ തെരഞ്ഞെടുപ്പിലോ നടത്തിപ്പിലോ കടമെടുപ്പിലോ നിയമസഭയ്ക്ക് യാതൊരു നിയന്ത്രണവുമില്ല. കിഫ്ബിയുടെ പദ്ധതിച്ചെലവിനും കടമെടുപ്പിനും പരിധിയും നിശ്ചയിച്ചിട്ടില്ല. ഇത് ബജറ്റിന്റെ ഭാഗമല്ല എന്നതിനാല്‍ ജനപ്രതിനിധികള്‍ക്ക് അവയെക്കുറിച്ച് അഭിപ്രായം പറയാനുള്ള അവസരവുമില്ല. 25 വര്‍ഷം പിന്നിട്ടിട്ടും കിഫ്ബിയുടെ പ്രവര്‍ത്തനത്തിന്റെ ഗുണദോഷങ്ങള്‍ പരിഗണിക്കാതെ സംസ്ഥാന വരുമാനത്തിന്റെ ഒരു നിശ്ചിതപങ്ക് കിഫ്ബിക്കായി നീക്കിവയ്ക്കുന്നു.
തിരിച്ചടിയായ സി.എ.ജി റിപ്പോര്‍ട്ട്
2018-ല്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നടത്തിയ നിരീക്ഷണങ്ങളാണ് കിഫ്ബിക്ക് തിരിച്ചടിയായത്. കിഫ്ബി എടുക്കുന്ന വായ്പകള്‍ തിരിച്ചടയ്ക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും അതിനാല്‍ സര്‍ക്കാര്‍ കടമായിട്ട് മാത്രമേ കിഫ്ബി എടുക്കുന്ന വായ്പകളെ കാണാന്‍ കഴിയൂവെന്നും സി.എ.ജി നിരീക്ഷിച്ചു. സി.എ.ജിയുമായി പരസ്യമായിത്തന്നെ തുറന്ന യുദ്ധം പ്രഖ്യാപിച്ച തോമസ് ഐസക് വിഷയം നിയമസഭയിലെത്തിക്കുകയും കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍നിന്ന് നീക്കുകയും ചെയ്തു. എന്നാല്‍, സി.എ.ജി റിപ്പോര്‍ട്ടിലെ വാദങ്ങള്‍ തന്നെയാണ് കേന്ദ്രം അംഗീകരിച്ചത്. അങ്ങനെ സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പ് പരിധിയില്‍നിന്ന് 4 വര്‍ഷത്തേക്ക് 24000 കോടി രൂപ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചു.
2019 മേയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി 9.72 ശതമാനം പലിശയ്ക്ക് 5 വര്‍ഷ തിരിച്ചടവ് കാലാവധിയോടെ 2150 കോടി രൂപ മസാല ബോണ്ടിറക്കി പണം സമാഹരിച്ചതിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവുമുണ്ടായി. ആ നീക്കത്തിനെതിരെ നിയമനടപടി സ്വീകരിച്ചാണ് ഐസക് നേരിട്ടത്. കിഫ്ബി ഉദ്യോഗസ്ഥര്‍ ഹാജരാകില്ലെന്നും എന്നെ വേണമെങ്കില്‍ അറസ്റ്റ് ചെയ്തോട്ടെ എന്നുപറഞ്ഞാണ് ഐസക് കോടതിയില്‍ പോയത്. ചട്ടം പാലിച്ചാണ് മസാല ബോണ്ടിന് അനുമതി നല്‍കിയതെന്ന് ആര്‍.ബി.ഐ പിന്നീട് വ്യക്തമാക്കി.
2021 നവംബറില്‍ പുറത്തുവന്ന സി.എ.ജി റിപ്പോര്‍ട്ടിലും വരുമാനം വര്‍ദ്ധിപ്പിക്കാതെ ബജറ്റിലൂടെയും ബജറ്റിനു പുറത്തുനിന്നും നടത്തുന്ന അനിയന്ത്രിതമായ കടമെടുപ്പ് സംസ്ഥാനത്തെ ഗുരുതര കടക്കെണിയിലേക്കു നയിക്കുകയാണെന്ന് മുന്നറിയിപ്പുണ്ടായി. സംസ്ഥാനത്തിന്റെ കടമെടുപ്പിനു കേന്ദ്രം നിശ്ചയിച്ചിട്ടുള്ള പരിധി മറികടക്കാന്‍ കിഫ്ബി പോലുള്ള ഏജന്‍സികളെ ഉപയോഗിച്ചാല്‍ ഇവയുടെ ബാധ്യത മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരും. ഇവയുടെ കണക്കുകള്‍ക്ക് നിയമസഭയുടെ അംഗീകാരമില്ല. ഇത്തരം ബാധ്യതകളെക്കുറിച്ച് നിയമസഭ അറിയുന്നുപോലുമില്ലെന്നും നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി.എ. ജി ചൂണ്ടിക്കാട്ടി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സമാന പരാമര്‍ശങ്ങളുടെ പേരിലാണ് മന്ത്രിയായിരുന്ന ടി.എം. തോമസ് ഐസക് സി.എ.ജി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സഭയില്‍ സമര്‍പ്പിക്കും മുന്‍പ് പുറത്തുവിട്ടതും വിവാദ പരാമര്‍ശങ്ങള്‍ നിയമസഭ നീക്കിയതും. ഇതിനിടെ, കിഫ്ബി നടപ്പാക്കുന്ന പദ്ധതികളില്‍നിന്ന് യൂസര്‍ ഫീയോ ടോളോ പിരിക്കില്ലെന്ന് 2019-ല്‍ ധനമന്ത്രി ആയിരുന്ന തോമസ് ഐസക് നിയമസഭയില്‍ വ്യക്തമാക്കി. പിന്നീടങ്ങോട്ടുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങള്‍ കിഫ്ബി വിവാദത്തേയും ബാധിച്ചു.
2021-ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് വന്നു. തോമസ് ഐസക് ഉള്‍പ്പെടെ അഞ്ച് മന്ത്രിമാരെ മത്സരിപ്പിക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചു. സാമ്പത്തിക പ്രതിസന്ധി തുടര്‍ന്നിട്ടും കിഫ്ബി പദ്ധതികളുടെ തുടര്‍ച്ച ആവശ്യമായിരുന്നിട്ടും തോമസ് ഐസക്കിനെ മത്സരിക്കുന്നതില്‍നിന്ന് പാര്‍ട്ടി ഒഴിവാക്കി. തുടര്‍ഭരണം കിട്ടി രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു. അപ്പോഴേക്കും ഐസക്കിന്റെ നിലപാടും മാറിയിരുന്നു. മസാല ബോണ്ടില്‍ മുഖ്യമന്ത്രി ചെയര്‍മാനായ ബോര്‍ഡാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം ഇ.ഡിക്കു നല്‍കിയ കത്തില്‍ വ്യക്തമാക്കി ഉത്തരവാദിത്വം ഒഴിഞ്ഞു. കിഫ്ബി രൂപീകരിച്ചതു മുതല്‍ 17 അംഗ ഡയറക്ടര്‍ ബോര്‍ഡുണ്ടെന്നും അതിന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണെന്നും എല്ലാ തീരുമാനങ്ങളുമെടുക്കുന്നത് കൂട്ടായിട്ടാണെന്നും ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വമല്ലാതെ ഇക്കാര്യത്തില്‍ തനിക്ക് ഒരു പ്രത്യേക അധികാരവുമില്ലെന്നും ഏഴു പേജുള്ള മറുപടിയില്‍ അദ്ദേഹം വിശദീകരിച്ചു.
ഹൈക്കോടതിയിലാകട്ടെ, മസാലബോണ്ടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷിക്കാന്‍ അധികാരമില്ലെന്നാണ് കിഫ്ബിയുടെ വാദം. മസാലബോണ്ട് വഴി വിദേശത്തുനിന്ന് ലഭിക്കുന്ന ഫണ്ട് പരിശോധിക്കാനും വിനിയോഗം അന്വേഷിക്കാനും അധികാരമുള്ളത് റിസര്‍വ് ബാങ്കിനു മാത്രമാണെന്നും ക്രമക്കേട് ആര്‍.ബി.ഐ കണ്ടെത്തിയാല്‍ മാത്രമേ അത് അന്വേഷിക്കാന്‍ ഇ.ഡിക്ക് അധികാരമുള്ളൂ എന്നും കിഫ്ബി പറയുന്നു.
ഇതിനിടയില്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലും സി.എ.ജി കിഫ്ബിക്കെതിരെ രംഗത്തുവന്നു. കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് (കെ.എസ്.എസ്.പി.എല്‍) വഴിയും എടുക്കുന്ന ബജറ്റിതര കടമെടുക്കലുകള്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കി. 2023 മാര്‍ച്ച് 31-ലെ കണക്കനുസരിച്ച് കിഫ്ബിക്കും കെ.എസ്.എസ്.പി.എല്ലിനും കൂടി 29,475.97 കോടി രൂപയുടെ ബാധ്യതയുണ്ട്. ബജറ്റിന് പുറത്തുനിന്ന് കിഫ്ബി വഴി ഈ കാലയളവില്‍ 17,742.68 കോടിയും കെ.എസ്.എസ്.പി.എല്‍ വഴി 11,733,29 കോടി രൂപയുമാണ് കടമെടുത്തത്.
2022-2023ല്‍ മാത്രം സംസ്ഥാന സര്‍ക്കാര്‍ ഈ രണ്ട് സ്ഥാപനങ്ങള്‍ വഴി 8058.91 കോടി രൂപയാണ് വായ്പയെടുത്തത്. ബജറ്റിതര കടമെടുപ്പ് കൂടി ഉള്‍പ്പെടുത്തി 2023 മാര്‍ച്ച് 31-ന് സംസ്ഥാനത്തിന്റെ ആകെ ബാധ്യത 4,14,506.35 കോടി രൂപയാണെന്നും സി.എ. ജി ചൂണ്ടിക്കാട്ടി. ഈ കടങ്ങള്‍ സംസ്ഥാനത്തിന്റെ കടബാധ്യതയില്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചതോടെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കുറയുകയും നിത്യച്ചെലവിനുള്‍പ്പെടെ പണം കണ്ടെത്താനാകാത്ത അവസ്ഥയിലാകുകയും ചെയ്തു. കേന്ദ്രനടപടിക്കെതിരെ സംസ്ഥാനം സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയും നല്‍കി. ഇതിനിടെയാണ് കിഫ്ബിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായി. ഇന്ധന സെസായി പിരിക്കുന്ന പണവും മോട്ടോര്‍ വാഹന നികുതിയുടെ 50 ശതമാനവും കിഫ്ബിയിലേക്കു നല്‍കുന്നതിനു പുറമേയാണ് യൂസേഴ്സ് ഫീ പിരിക്കാതെ കിഫ്ബിക്ക് നിലനില്‍ക്കാനാകില്ല എന്ന അവസ്ഥ വന്നത്. 2022-2023-ല്‍ 2469.69 കോടി രൂപയാണ് ഇതുവഴി സര്‍ക്കാര്‍ കിഫ്ബിയിലേക്കു നല്‍കിയത്.
2021-2022-ല്‍ ഇത് 2068.08 കോടിയായിരുന്നു. കേന്ദ്രനടപടികള്‍ക്കൊപ്പം സാമ്പത്തിക പ്രതിസന്ധി കൂടിയായതോടെ കിഫ്ബി ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തി. പുതിയ പദ്ധതികള്‍ ഏറ്റെടുക്കന്നതിലും പണം അനുവദിക്കുന്നതിലും നിയന്ത്രണം കൊണ്ടുവന്നു. 82,342 കോടിയുടെ 1073 പദ്ധതികള്‍ക്കാണ് കിഫ്ബി ഇതുവരെ അനുമതി നല്‍കിയത്. ഈ പദ്ധതികള്‍ക്ക് അനുവദിച്ചത് 27,050 കോടി രൂപ മാത്രം. ശേഷിക്കുന്ന പദ്ധതികള്‍ക്കായി 55,000 കോടി രൂപ കണ്ടെത്തേണ്ടതുണ്ട്.
പൊതുമരാമത്ത് വകുപ്പുമായി കിഫ്ബി നടത്തുന്ന 618 പദ്ധതികളില്‍ കൂടുതലും തീരദേശ, മലയോര പാതകളും പാലങ്ങളുമാണ്. ഈ പദ്ധതികളിലെല്ലാം യൂസേഴ്സ് ഫീ/ ടോള്‍ പിരിവ് നടത്തേണ്ടിവരും. കിഫ്ബിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്നും വരുമാന സ്രോതസ് കണ്ടെത്താന്‍ കഴിയണമെന്നും എല്‍.ഡി.എഫ് നേതൃത്വം സര്‍ക്കാരിനോട് ആവശ്യപ്പെട്ടതോടെ ഈ പദ്ധതികളിലെല്ലാം ടോള്‍ പിരിവ് നടത്തുമെന്നു ഉറപ്പായിട്ടുണ്ട്.
കിഫ്ബിയില്‍ ആരൊക്കെ?
മുഖ്യമന്ത്രിയാണ് ചെയര്‍മാന്‍. ധനമന്ത്രി വൈസ് ചെയര്‍മാന്‍. സി.ഇ.ഒ മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം. മിനി ആന്റണി ഐ.എ.എസാണ് അഡീഷനല്‍ സി.ഇ.ഒ. ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയും വൈസ് ചെയര്‍മാന്‍ ധനമന്ത്രിയും. ചീഫ് സെക്രട്ടറി, സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ലോ സെക്രട്ടറി, ഫിനാന്‍സ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളാണ്. കൂടാതെ ഏഴ് സ്വതന്ത്ര അംഗങ്ങളുമുണ്ടാകും. ഇതിനു പുറമേ കിഫ്ബിക്ക് എക്സിക്യൂട്ടിവ് കമ്മിറ്റിയുമുണ്ട്. കമ്മിറ്റിയുടെ ചെയര്‍മാന്‍ ധനമന്ത്രിയാണ്. ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി, ധനസെക്രട്ടറി, ധനവിഭവ സെക്രട്ടറി, 3 സ്വതന്ത്ര അംഗങ്ങള്‍, സി.ഇ.ഒ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. കിഫ്ബി ഫണ്ട് ശരിയായി വിനിയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ഫണ്ട് ട്രസ്റ്റി ആന്‍ഡ് അഡ്വൈസറി കമ്മിഷന്‍ (എഫ്.ടി.എ.സി) രൂപീകരിച്ചിട്ടുണ്ട്. മുന്‍ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയാണ് കമ്മിഷന്‍ അധ്യക്ഷന്‍. ആര്‍.ബി.ഐ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഉമ ശങ്കര്‍, കാനറ ബാങ്ക് സി.എം.ഡി ആര്‍.എ. ശങ്കരനാരായണന്‍ എന്നിവര്‍ അംഗങ്ങളാണ്. രണ്ടു വര്‍ഷമാണ് ട്രസ്റ്റിന്റെ കാലാവധി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
