എം.എം. ലോറന്‍സ്: ക്രിസ്തുവിനെ പിന്‍പറ്റിയ കമ്യൂണിസ്റ്റ്

അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും അത്താണിയായ ഒരു സംഘടനാശരീരത്തില്‍ ലോറന്‍സ് ക്രിസ്തുവിനെ ദര്‍ശിച്ചു. തീര്‍ച്ചയായും ലോറന്‍സ് ക്രിസ്തുവില്‍ വിശ്വസിച്ചിരുന്നു
എം.എം. ലോറന്‍സ്
എം.എം. ലോറന്‍സ്Melton Antony
Updated on
3 min read

ദീര്‍ഘ പ്രസംഗങ്ങള്‍ ആശയവിനിമയത്തിനും രാഷ്ട്രീയോദ്‌ബോധനത്തിനും ഒരു വഴിയായി കാണുന്ന പഴയ തലമുറ കമ്യൂണിസ്റ്റുകാരില്‍ അക്കാര്യത്തില്‍ മുന്‍പന്തിയിലുള്ളയാളായിരുന്നു എം.എം. ലോറന്‍സ്. രാവേറെ ചെന്നിട്ടും പൊതുയോഗം അവസാനിപ്പിക്കുന്നതിനു മുന്നോടിയായി പ്രസംഗം അവസാനിപ്പിക്കാന്‍ സംഘാടകര്‍ കൊടുത്തയച്ച കുറിപ്പിനു ''വീടുകളിലുള്ളവരെല്ലാം ഉറങ്ങിയിട്ടില്ല. അവര്‍ പകലത്തെ ജോലിക്ഷീണം കാരണം നേരത്തെ കിടന്നിട്ടുണ്ടാകാം. പക്ഷേ, കിടക്കയിലോ പായയിലോ നിലത്തോ കിടന്ന് അവര്‍ പ്രസംഗം കേള്‍ക്കുന്നുണ്ട്'' എന്നു പറയാനുള്ളതെല്ലാം പറഞ്ഞുതീര്‍ത്തതിനുശേഷം സംഘാടകര്‍ക്ക് മറുപടി നല്‍കുന്ന പതിവുള്ള നേതാക്കന്മാര്‍ പ്രാദേശികതലങ്ങളില്‍ വരെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായിരുന്നു. തങ്ങള്‍ വിത്തിടുന്നതെല്ലാം പശിമയുള്ള മണ്ണിലാണെന്നത് അവര്‍ക്കു ജീവിതം നല്‍കിയ ബോദ്ധ്യവും സമൂഹമെന്ന സര്‍വ്വകലാശാല നല്‍കിയ അറിവുമായിരുന്നു. പൊതുരാഷ്ട്രീയത്തിന്റെ നാലയലത്തൊന്നും വരാതെ, ജീവിതത്തിന്റെ ചുമടും താങ്ങി കഴിയുന്ന സാധാരണക്കാര്‍ സന്ദിഗ്ദ്ധഘട്ടങ്ങളില്‍ 'ഒരൊറ്റ മനുഷ്യനെ'പ്പോലെ പ്രതികരിക്കുമെന്ന ഉറച്ച വിശ്വാസമുള്ളവരായിരുന്നു അവര്‍. രാത്രിയേറെ വൈകി ആകാശവാണിയില്‍നിന്നുമുള്ള 'നിങ്ങളാവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങളോ', 'നാടകവാര'ത്തിന്റെ പുന:സംപ്രേഷണമോ വേണ്ടെന്നുവെച്ച് രാഷ്ട്രീയ പ്രസംഗം കേള്‍ക്കാന്‍ മുതിരുന്നവരോടാണ് തനിക്കു പറയാനുള്ളത് എന്ന ബോദ്ധ്യമുള്ളവര്‍. തീര്‍ച്ചയായും മുകളില്‍നിന്നും താഴേയ്ക്കുള്ള പ്രബോധനമായിരുന്നില്ല അക്കൂട്ടര്‍ക്ക് പ്രസംഗങ്ങള്‍. തങ്ങള്‍ക്കു തുല്യരായ മനുഷ്യരോടുള്ള ആശയവിനിമയ ശ്രമങ്ങളായിരുന്നു അവര്‍ക്കത്. അക്കൂട്ടത്തില്‍പ്പെടും ലോറന്‍സ് എന്ന കമ്യൂണിസ്റ്റുകാരനും. പറയാനുള്ളതെല്ലാം പറയും. വിവരങ്ങള്‍ ശേഖരിച്ച് ആശയപരമായ വിശകലനത്തിനു വിധേയമാക്കി തൊഴിലാളിവര്‍ഗ്ഗ കാഴ്ചപ്പാടിലൂടെ സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ വിശദീകരിക്കും. ഒരുപക്ഷേ, ഇന്നത് കുറച്ച് മുഷിപ്പുണ്ടാക്കുന്ന അനുഭവമായെന്നുവരാം.

പിണറായി വിജയനും എംഎം ലോറന്‍സും
പിണറായി വിജയനും എംഎം ലോറന്‍സും A.Sanesh-NewIndianExpress-9961131088

അച്ചടക്കമുള്ള കേഡര്‍

ഒളിവിലും തെളിവിലും കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുത്ത ഒരു കമ്യൂണിസ്റ്റ് എന്നപോലെ, ഒരു കേഡറിനു വേണ്ട അച്ചടക്കമുള്ളയാളായിരുന്നു ലോറന്‍സ്. ജീവിതത്തിലും മനുഷ്യനിലും ഉള്ള വിശ്വാസംപോലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ലോറന്‍സിനും ജീവവായു ആയിരുന്നു. ദീര്‍ഘകാലം ഇടതുപക്ഷ ജനാധിപത്യമുന്നണി കണ്‍വീനറും കേന്ദ്രക്കമ്മിറ്റി അംഗവുമൊക്കയായി പ്രവര്‍ത്തിച്ച വ്യക്തി. പാരമ്പര്യത്തിലും അനുഭവസമ്പത്തിലും കേരളത്തിലെ സി.പി.ഐ.എം ഘടകത്തില്‍ വി.എസ്. അച്യുതാനന്ദനുശേഷം വരുന്നയാള്‍. എന്നാല്‍, അദ്ദേഹത്തിനു വി.എസുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പരസ്യമായിരുന്നു. 1998-ല്‍ പാലക്കാട്ട് നടന്ന സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തില്‍വെച്ച് ലോറന്‍സിനെതിരെ നടപടിയുണ്ടായി. സേവ് സി.പി.എം ഫോറം പോലുള്ള അനൗപചാരിക വേദികളിലൂടെ വിഭാഗീയത ശക്തിപ്പെട്ട കാലമായിരുന്നു അത്. വിഭാഗീയതയ്‌ക്കെതിരെയുള്ള നടപടി എന്ന നിലയില്‍ ലോറന്‍സിനു പാര്‍ട്ടി നല്‍കിയ ശിക്ഷ അനുസരിക്കേണ്ടിവന്നു. കേന്ദ്രക്കമ്മിറ്റിയില്‍നിന്നും ഒഴിവാക്കിയ അദ്ദേഹത്തിനു പിന്നീട് പ്രവര്‍ത്തനമേഖലയായി പാര്‍ട്ടി നിശ്ചയിച്ചത് എറണാകുളം ഏരിയാ കമ്മിറ്റിയായിരുന്നു. പാര്‍ട്ടി തീരുമാനം ശിരസ്സാവഹിച്ച് എറണാകുളത്തെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ലോറന്‍സിനു എറണാകുളം എല്ലാക്കാലത്തും സ്വന്തം തട്ടകം തന്നെയായിരുന്നു. കമ്യൂണിസ്റ്റ് രാഷ്ട്രീയ സംഘാടനം ദുഷ്‌കരവും സാഹസികവുമായ ഒരുകാലത്ത് അതില്‍ ധീരതയോടെ പങ്കെടുത്തും ഭരണകൂടത്തിന്റെ കരാളനടപടികള്‍ക്കും പൊലിസ് മര്‍ദ്ദനത്തിനും ഇരയായും കൊച്ചിയിലും എറണാകുളത്തും പാര്‍ട്ടി കെട്ടിപ്പടുത്തവരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ കലാശിച്ച പ്രക്ഷോഭത്തെത്തുടര്‍ന്നു തനിക്കു നേരിടേണ്ടിവന്ന പൊലീസ് മര്‍ദ്ദനത്തെക്കുറിച്ച് അദ്ദേഹം തന്റെ 'ഓര്‍മച്ചെപ്പു തുറക്കുമ്പോള്‍' എന്ന ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. ലോറന്‍സിനേയും സഖാക്കളേയും കാളക്കയര്‍കൊണ്ട് കൂട്ടിക്കെട്ടി കഷ്ടിച്ചുള്ള വസ്ത്രം മാത്രം അണിയിച്ച് നടുവിനു തൊഴിച്ചും തോക്കിന്‍പാത്തികൊണ്ട് ഇടിച്ചുമാണ് പൊതുനിരത്തിലൂടെ മണിക്കൂറുകളോളം അന്നു പൊലീസ് നടത്തിച്ചത്. മര്‍ദ്ദനം നേരിട്ടു കാണാനിടയായ ലോറന്‍സിന്റെ സഹോദരന്‍ അബ്രഹാം മാടമാക്കലിനു കരച്ചിലടക്കാനായില്ലെന്നും ചരിത്രത്തിലുണ്ട്. ലോറന്‍സ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ത്യാഗപൂര്‍ണ്ണവും യാതനാനിര്‍ഭരവുമായ പ്രവര്‍ത്തനങ്ങളാണ് കേരളത്തിന്റെ വാണിജ്യ തലസ്ഥാനവും വ്യവസായമേഖലയുമായ എറണാകുളം പ്രദേശത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കിയത്. തോട്ടിപ്പണി ചെയ്തു ജീവിതം പുലര്‍ത്തിയവര്‍ മുതല്‍ ഫാക്ടറി തൊഴിലാളികളെ വരെ ലോറന്‍സ് സംഘടിപ്പിച്ചു. യൂണിയനുകളുണ്ടാക്കി. അവരുടെ ജീവിതപ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി പോരാട്ടത്തിലേര്‍പ്പെട്ടു.

ട്രേഡ് യൂണിയന്‍ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ അദ്ദേഹം പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഒരു തവണ ഇടുക്കിയില്‍നിന്നും പാര്‍ലമെന്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു, 1980-ല്‍. നറുക്കെടുപ്പിലെ ഭാഗ്യം എ.എ. കൊച്ചുണ്ണിയെ പിന്തുണച്ചില്ലായിരുന്നുവെങ്കില്‍ കൊച്ചിയിലെ ആദ്യ മേയര്‍ സ്ഥാനം ലോറന്‍സിനാകുമായിരുന്നു. കൂറുമാറിയ ഒരാള്‍ വോട്ടുനില തുല്യമാക്കിയതിനെത്തുടര്‍ന്നാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. പക്ഷേ, എറണാകുളം പ്രദേശത്തുനിന്നും ഒരു ഇടതുപക്ഷ വിജയം സൃഷ്ടിക്കാന്‍ ലോറന്‍സിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനായില്ല.

സംസ്ഥാന രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന നേതാക്കളില്‍ ഒരാള്‍ എന്ന ഉയര്‍ന്ന പദവിയില്‍ നിന്നാണ് സി.പി.ഐ.എമ്മിന്റെ കേന്ദ്രക്കമ്മിറ്റി അംഗം എന്ന പദവിയില്‍നിന്നും ഏരിയാ കമ്മിറ്റി അംഗം എന്ന നിലയിലേയ്ക്ക് അദ്ദേഹം താഴ്ത്തപ്പെടുന്നത്. ഏതൊരു കമ്യൂണിസ്റ്റിനും ഇത്തരം അച്ചടക്കനടപടികളുണ്ടാക്കാവുന്ന ഹൃദയവേദന ഇടതുപക്ഷത്തോടു ചേര്‍ന്നു നില്‍ക്കുന്നവര്‍ക്കു മനസ്സിലാക്കാന്‍ കഴിയുന്ന ഒന്നാണ്. എന്നാല്‍, സംയമനപൂര്‍വ്വം ആ അവസ്ഥയെ നേരിട്ടു. പാര്‍ട്ടിയോടുള്ള കൂറും അച്ചടക്കവുമായിരുന്നു അദ്ദേഹത്തിന് ആ അവസ്ഥ മറികടക്കാന്‍ സഹായകമായ ഘടകങ്ങള്‍. എന്നാല്‍, ആറു വര്‍ഷത്തിനുശേഷം ലോറന്‍സിനെ വീണ്ടും പാര്‍ട്ടി പഴയപോലെ പരിഗണിച്ചുതുടങ്ങി. സി.പി.ഐ.എമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗവും സി.ഐ.ടി.യുവിന്റെ ജനറല്‍ സെക്രട്ടറിയുമായി.

മുഖ്യമന്ത്രി പറഞ്ഞതുപോലെ ഏഴര പതിറ്റാണ്ടിലേറെ പാര്‍ട്ടി അംഗമായിരിക്കുക, താഴേ തലത്തിലും ഏറ്റവും ഉയര്‍ന്ന തലത്തിലും പ്രവര്‍ത്തിക്കുക, സമരരംഗത്തും പാര്‍ലമെന്റിലും പ്രവര്‍ത്തിക്കുക, ഒളിവിലും തെളിവിലും ജയിലിലും പ്രവര്‍ത്തിക്കുക ബ്രിട്ടീഷ് ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വ്യാപരിക്കുക. എന്നിങ്ങനെ അപൂര്‍വ്വം പേര്‍ക്കു മാത്രം അവകാശപ്പെടാന്‍ കഴിയുന്ന കാര്യങ്ങള്‍ എം.എം. ലോറന്‍സിനും അവകാശപ്പെടാനാകും.

പാര്‍ലമെന്ററി പദവികള്‍ മോഹിച്ചോ രാഷ്ട്രീയത്തില്‍ ഒരു കരിയറുണ്ടാക്കാന്‍ വേണ്ടിയോ അല്ല ലോറന്‍സ് രാഷ്ട്രീയക്കാരനായത്. ''കമ്യൂണിസ്റ്റ് ആശയഗതി തലയില്‍ കയറിയതിനാല്‍ കുട്ടിക്കാലം മുതലേ രാഷ്ട്രീയരംഗത്ത് സജീവമാകാന്‍ ആഗ്രഹിച്ചിരുന്നു. തൊഴിലാളിവര്‍ഗ്ഗത്തിനു പുത്തന്‍ സാമൂഹിക വ്യവസ്ഥ കെട്ടിപ്പടുക്കാനാവുമെന്നു വിശ്വസിച്ചു. സമ്പത്ത് സൃഷ്ടിക്കുന്നത് അദ്ധ്വാനമാണ്. അതിന്റെ സ്രഷ്ടാക്കള്‍ തൊഴിലാളികളാണ്. അവര്‍ സംഘടിച്ച് പ്രബുദ്ധരായി സാമൂഹിക മാറ്റത്തിനു നേതൃത്വം നല്‍കിയാലേ മാറ്റമുണ്ടാകൂ എന്നും വിശ്വസിച്ചുകൊണ്ടാണ് താന്‍ കമ്യൂണിസ്റ്റാകുന്നത്'' എന്ന് അദ്ദേഹം ആത്മകഥയിലെഴുതിയിട്ടുണ്ട്. സായുധവിപ്ലവമെന്ന ലക്ഷ്യത്തോടെയാണ് താനന്ന് തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്നും ജന്മദേശമായ എറണാകുളം ജില്ലയിലെ മുളവുകാട് തന്നെയാണ് ഇതിനു തുടക്കം കുറിച്ചതെന്നും ലോറന്‍സ് ആത്മകഥയില്‍ കുറിച്ചിട്ടുണ്ട്. 1946 ജനുവരിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ അദ്ദേഹം മരിക്കുംവരെ ആ കൊടി താഴെവെച്ചില്ല. തന്റെ ജ്യേഷ്ഠന്‍ എബ്രഹാമും കെ.എസ്. ഇബ്രാഹിമും വി.വി. റാഫേലും താനുമാണ് മുളവുകാട്ടുനിന്ന് ആദ്യമായി പാര്‍ട്ടി അംഗത്വം നേടുന്നവര്‍. ക്രിസ്ത്യന്‍ പശ്ചാത്തലവും നല്ല സാമ്പത്തികനിലയുമുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അത്തരമൊരു പശ്ചാത്തലത്തില്‍നിന്നു വരുന്ന താന്‍ എങ്ങനെ കമ്യൂണിസ്റ്റായി എന്ന് ഇപ്പോഴും ചോദിക്കുന്നവരുണ്ടെന്നും അക്കാലത്ത് ക്രിസ്ത്യാനികള്‍ പൊതുവേ കമ്യൂണിസ്റ്റ് വിരുദ്ധ ചിന്താഗതി വെച്ചുപുലര്‍ത്തിയിരുന്നുവെന്നും ലോറന്‍സ് ആത്മകഥയില്‍ കുറിച്ചിട്ടുണ്ട്. കമ്യൂണിസത്തെക്കുറിച്ചും കമ്യൂണിസ്റ്റുകാരെക്കുറിച്ചും നിരവധി കള്ളങ്ങള്‍ ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. പല ശുദ്ധാത്മാക്കളും അത് ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും ചെയ്തു. പലപ്പോഴും അന്ധമായ, കാര്യങ്ങള്‍ അറിയാതെയുള്ള കമ്യൂണിസ്റ്റ് വിരുദ്ധ ചിന്താഗതിയായിരുന്നു അവരുടേത്.

ലോറന്‍സ് ആത്മകഥയില്‍ തുടര്‍ന്നുപറയുന്നു: ''ലോകം കണ്ട ഏറ്റവും നല്ല കമ്യൂണിസ്റ്റുകാരില്‍ ഒരാള്‍ ക്രിസ്തുവാണ്. മര്‍ദ്ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടി ജീവന്‍ നല്‍കിയ ക്രിസ്തുവിനെക്കാള്‍ നല്ലൊരു ഉദാഹരണം വേറെയില്ല.'' അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും അത്താണിയായ ഒരു സംഘടനാശരീരത്തില്‍ ലോറന്‍സ് ക്രിസ്തുവിനെ ദര്‍ശിച്ചു. തീര്‍ച്ചയായും ലോറന്‍സ് ക്രിസ്തുവില്‍ വിശ്വസിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com