കൊവിഡിന്റെ ആദ്യഘട്ടം ഇന്ത്യന്‍ ആരോഗ്യമേഖലയുടെ ഘടനപരമായ പരിമിതികളെയാണ് തുറന്ന് കാണിച്ചതെങ്കില്‍ രണ്ടാം തരംഗത്തോടെ സര്‍ക്കാരും രാഷ്ട്രീയകക്ഷികളും പൊതുസമൂഹവും തന്നെ നിസ്സഹായരാകുന്നതാണ് കണ്ടത്. ശ്വാസം കിട്ടാതെ പിടഞ്ഞുവീണ് മരിക്കുന്നവരുടെ കണക്കുകള്‍ ഞെട്ടലിനും വേദനയ്ക്കുമപ്പുറം നമ്മുടെ ഭരണവ്യവസ്ഥകളുടെ പരിപൂര്‍ണ്ണ തകര്‍ച്ച തുറന്നുകാണിച്ചു. പ്രാണവായുവിനുവേണ്ടി ആശുപത്രികള്‍ കോടതിയിലെത്തി. കിടക്കകളില്ലാതെ, സിലണ്ടറുകളില്‍ ചാരി രോഗികള്‍ ഇരുന്നു. കാറുകളും ഓട്ടോയും റിക്ഷകളും ആംബുലന്‍സുകളായി. ചിതകള്‍ക്കായി മൃതദേഹങ്ങള്‍ വരി കിടന്നു. കൂട്ടിരിപ്പുകാരുടെ നെട്ടോട്ടത്തിനിടയില്‍ വിലാപങ്ങളും ഇടറിത്തീരുന്ന കരച്ചിലുകളും മാത്രമാണ് രാജ്യം കാണുന്നത്. മിക്കവരുടേയും മരണങ്ങള്‍ കണക്കുകളില്‍ ഇല്ല. ആദ്യതരംഗത്തില്‍ നേടിയെടുത്ത ഹേര്‍ഡ് ഇമ്മ്യൂണിറ്റിയുടെ പരിധി അവസാനിച്ചാല്‍ ദുരന്തം വിതയ്ക്കുമെന്ന് പല തവണ മുന്നറിയിപ്പുകള്‍ വന്നതാണ്. അതെല്ലാം അവഗണിച്ച് മോദിയും സംഘവും ആള്‍ക്കൂട്ട ഉത്സവങ്ങള്‍ നടത്തി. ആദ്യം കുംഭമേളയും ഹോളിയും പിന്നെ തെരഞ്ഞെടുപ്പും. മരിക്കാന്‍ ജനതയെ തള്ളിവിട്ടതിന്റെ പ്രത്യാഘാതങ്ങള്‍ ഇന്ന് അനുഭവിക്കുകയാണ് രാജ്യം. അതേസമയം കേന്ദ്രസര്‍ക്കാരാകെട്ടെ, ഒരു വാക്‌സീന് പല വില പ്രഖ്യാപിച്ച് സാമാന്യയുക്തിയെ തന്നെ ചോദ്യം ചെയ്യുന്നു.
വൈറസിന് എന്തുചെയ്യാന്‍ കഴിയുമെന്നതിന്റെ വിനാശകരമായ ഓര്‍മ്മപ്പെടുത്തലാണ് ഇന്ത്യയിലെ സംഭവങ്ങളെന്ന് ലോകാരോഗ്യസംഘടനയുടെ മേധാവി ടെഡ്രോസ് അദാനം ഗബ്രിയാസസ് പറയുന്നു. കൊവിഡ് വ്യാപനമുണ്ടായതോടെ 105 രാജ്യങ്ങളില്‍ 90 ശതമാനത്തിന്റേയും ആരോഗ്യസേവനങ്ങള്‍ തടസപ്പെട്ടു. എന്നാല്‍, ഡല്‍ഹിയടക്കമുള്ള നഗരങ്ങളില്‍ രണ്ടാം തരംഗം ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളുടെ അഭവമാണ് ചൂണ്ടിക്കാട്ടിയതെന്നു പറയുന്നു അദ്ദേഹം. ഒരു രാജ്യത്തിനും പൂര്‍ണ്ണകവചമൊരുക്കാന്‍ സാധിച്ചേക്കില്ല. എന്നാല്‍, ഇന്ത്യയിലെ രണ്ടാംതരംഗം പൂര്‍ണ്ണമായും മനുഷ്യനിര്‍മ്മിതമായിരുന്നു. വാക്‌സിന്‍, കിടക്കകള്‍, ഓക്‌സിജന്‍, വെന്റിലേറ്റര്‍, ആശുപത്രികള്‍ എന്നിങ്ങനെ ചെയ്യേണ്ട ഒരു സംവിധാനവും സര്‍ക്കാരിന് ഒരുക്കാന്‍ കഴിഞ്ഞില്ല- അദ്ദേഹം കുറ്റപ്പെടുത്തുന്നു.
ആരോഗ്യസംരക്ഷണം എന്നത് ജനങ്ങളുടെ അവകാശമാണെന്നിരിക്കെ ഭരണകൂടങ്ങളുടെ ഔദാര്യത്തിനുവേണ്ടി കാത്തിരിക്കുകയാണ് ജനത. പ്രതിരോധവും വാക്‌സിനേഷനുമടക്കമുള്ള കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ പരാജയപ്പെടുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകരുടെ മനസ്സുറപ്പില്‍ മാത്രമാണ് നമ്മള്‍ പിടിച്ചുനില്‍ക്കുന്നത്. എവിടെയാണ് നമുക്ക് പിഴച്ചത്. ചികിത്സയുടെ 70 ശതമാനവും പൗരന്മാരില്‍നിന്ന് ഈടാക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ആ ഗണത്തില്‍പ്പെട്ട ലോകത്തിലെ തന്നെ ഒന്നാമത്തെ രാജ്യം. 121 കോടി ജനസംഖ്യയുള്ള ഇന്ത്യയുടെ ആരോഗ്യബജറ്റ് ദശാബ്ദങ്ങളായി ജി.ഡി.പിയുടെ ഒരു ശതമാനമാണ് എന്നതാണ് യഥാര്‍ത്ഥ്യം. മലേറിയയും ക്ഷയവും പോളിയോയും തുടച്ചുനീക്കാനും മാതൃ-ശിശുമരണനിരക്കുകള്‍ കുറയ്ക്കാനുള്ള നയങ്ങളിലൂന്നിയ ആരോഗ്യനയത്തിന്റെ പാളിച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലായിരുന്നു. ആയിരം പേര്‍ക്ക് 1.4 ആശുപത്രിക്കിടക്കകളാണ് ഇന്ത്യയിലുള്ളത്. ശ്രീലങ്കയിലും അമേരിക്കയിലും അത് മൂന്നെണ്ണമുണ്ട്. ചൈനയില്‍ നാലും.
ദൈവനിശ്ചയമായി കൊവിഡിനെ വിശേഷിപ്പിച്ച ധനമന്ത്രി നിര്‍മലാ സീതരാമന്‍ അതിനെതിരെയുള്ള പോരാട്ടവും ദൈവത്തിന് വിട്ടുവെന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തവണത്തെ ബജറ്റ് കണക്കുകള്‍ അത് വ്യക്തമാക്കും. ലോകത്താകമാനം ആരോഗ്യമേഖലയാകെ പ്രതിസന്ധി നേരിടുമ്പോള്‍ കൂടുതല്‍ പ്രധാന്യവും കരുതലും ഈ മേഖലയ്ക്ക് നല്‍കണമായിരുന്നു. എന്നാല്‍, അത്തരമൊരു ദീര്‍ഘവീക്ഷണം മന്ത്രിക്കോ സര്‍ക്കാരിനോ ഉണ്ടായില്ല. പ്രതിസന്ധി തരണം ചെയ്യാന്‍ വേണ്ട തുക വകയിരുത്തിയില്ല. ആ സമയത്ത് പ്രതിദിന രോഗികളുടെ എണ്ണം കുറവായിരുന്നതുകൊണ്ട് അതത്ര ചര്‍ച്ചയായില്ല. പ്രധാനമന്ത്രിയെപ്പോലെ ഇന്ത്യ കൊവിഡിനുമേല്‍ ജയം നേടിയെന്ന ആത്മവിശ്വാസം ധനമന്ത്രിക്കുണ്ടായിരുന്നിരിക്കാം. എന്നാല്‍, രാജ്യം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയുടെ തകര്‍ച്ചയുടെ ആണിക്കല്ല് ദേശീയമുദ്ര പതിപ്പിച്ച ആ ചുവന്ന കവറില്‍ പൊതിഞ്ഞ ബജറ്റായിരുന്നു.
പ്രഖ്യാപനം മാത്രം സാമ്പത്തികമില്ല
ഒരു വര്‍ഷം മുന്‍പ് വേണ്ടത്ര വീണ്ടുവിചാരമില്ലാതെ നടപ്പാക്കിയ ലോക്ക്ഡൗണ്‍ ആരോഗ്യസേവനങ്ങളെ സാരമായി ബാധിച്ചിരുന്നു. പ്രതിരോധ കുത്തിവെയ്പ്പുകളെല്ലാം മുടങ്ങി. പ്രസവശുശ്രൂഷയടക്കം എല്ലാം പ്രതിസന്ധിയിലായി. ക്ഷയം പോലുള്ള പകര്‍ച്ചാവ്യാധികളുടെ വ്യാപനം നിയന്ത്രിക്കാന്‍ കഴിയാതെ വന്നു. അതിനൊക്കെ പുറമേ കൊവിഡ് രോഗികളുടെ ചികിത്സയ്ക്കും പരിചരണത്തിനും ഒരു പദ്ധതിയും കേന്ദ്രസര്‍ക്കാരിന്റെ കൈവശം ഉണ്ടായിരുന്നില്ല. സ്വകാര്യ ആശുപത്രികളിലെ ചികിത്സയുടെ നിരക്കിലോ മാനദണ്ഡങ്ങളിലോ സര്‍ക്കാര്‍ ഇടപെട്ടില്ല. വാക്‌സീനു കമ്പനികള്‍ പല വില നിശ്ചയിച്ചതിന്റെ യുക്തിയെന്താണെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി ചോദിച്ചു. ഈ പശ്ചാത്തലത്തില്‍ വ്യക്തമായ ഒരു ധാരണ ഉണ്ടാകേണ്ടിയിരുന്നത് ഈ ബജറ്റിലായിരുന്നു. എന്നാല്‍, പൊതുചികിത്സാ സമ്പ്രദായത്തിനു വേണ്ട സ്രോതസ്സുകളെക്കുറിച്ചുള്ള അഭാവമായിരുന്നു ഈ ബജറ്റില്‍ നിഴലിച്ചുനിന്നത്.
പൊതുആരോഗ്യമേഖലയെ പ്രാപ്തമാക്കാനും അടിസ്ഥാന സൗകര്യവികസനത്തിനുമായി മൂന്നുഘട്ടങ്ങളായി ഒരു പദ്ധതിയെക്കുറിച്ച് അവര്‍ പരാമര്‍ശിച്ചിരുന്നു. പി.എം ആത്മനിര്‍ഭര്‍ സ്വാസ്ഥ് ഭാരത് യോജനയാണ് ആ പദ്ധതി. എന്നാല്‍, ആറു വര്‍ഷത്തേക്ക് അനുവദിച്ച തുക 64,180 കോടി. ഒരു വര്‍ഷം 10,700 കോടി വച്ച്. പദ്ധതിപ്രകാരം ആരോഗ്യ കുടുംബ മന്ത്രാലയത്തിന്റെ ഡിമാന്‍ഡ് സ്റ്റേറ്റ്മെന്റില്‍ തുക പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഈ വര്‍ഷം അനുവദിച്ചു കിട്ടുന്ന തുക മേല്‍പ്പറഞ്ഞ 10,700 കോടി മാത്രം. മൊത്തത്തിലുള്ള വിഹിതം 67,484 കോടിയില്‍നിന്ന് 73,931 കോടിയായി കൂട്ടിയിട്ടുണ്ട്. വര്‍ദ്ധന 10 ശതമാനം മാത്രം. 2020-'21 കാലയളവിലെ പുതുക്കിയ എസ്റ്റിമേറ്റ് 85,089 കോടിയാണ്. അതായത് കഴിഞ്ഞ വര്‍ഷം ചെലവഴിച്ചതിനേക്കാള്‍ കുറവ് തുകയാണ് ഇത്തവണ ആരോഗ്യമേഖലയില്‍ ചെലവഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടുത്ത മൂന്ന് നാലു വര്‍ഷത്തേക്ക് ചെലവ് കൂടുമെന്നും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിത്തുകയെങ്കിലും ആരോഗ്യമേഖലയ്ക്ക് നല്‍കണമെന്ന വിദഗ്ദ്ധര്‍ വാദിക്കുമ്പോഴാണ് ധനമന്ത്രി ഇങ്ങനെ ചെയ്തത്.
ആരോഗ്യമേഖലയ്ക്ക് നല്‍കിയ വിഹിതത്തില്‍ 137 ശതമാനം വര്‍ദ്ധനയുണ്ടെന്നാണ് ധനമന്ത്രി പറഞ്ഞത്. എന്നാല്‍, കണക്കുകളില്‍ ആ വര്‍ദ്ധനയില്ല. 2019-'20 കാലയളവില്‍ വിഹിതം 62,397 കോടി. 2020-'21 കാലയളവില്‍ അത് 65,012 കോടി. 2021-'22 കാലയളവിലെ എസ്റ്റിമേറ്റ് പ്രകാരം 72,269 കോടി. അങ്ങനെ നോക്കിയാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6257 കോടി മാത്രമാണ് വര്‍ദ്ധന. കൊവിഡ് വാക്‌സീനേഷനുവേണ്ടി 36000 കോടി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, വാക്‌സീന്‍ സൗജന്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. കൊവിഡ് പ്രതിസന്ധിക്കിടെ വാക്‌സീന്‍ വില നിര്‍ണ്ണയിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുമതിയും നല്‍കി. മൊത്തത്തിലുള്ള വിഹിതം 94,452 കോടിയില്‍നിന്ന് 2,23,846 കോടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. അതാണ് ധനമന്ത്രി ചൂണ്ടിക്കാട്ടുന്ന വര്‍ദ്ധന. എന്നാല്‍, അതില്‍ വാക്‌സിനേഷനുള്ള 36000 കോടിയും ഉള്‍പ്പെടുന്നു. വാക്‌സീന്‍ സൗജന്യമല്ല, അതു വാങ്ങേണ്ട ഉത്തരവാദിത്വം നിലവില്‍ സംസ്ഥാനങ്ങള്‍ക്കുമാണ്. 18 വയസ് മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് വാക്‌സീന്‍ സ്വകാര്യ ആശുപത്രികളിലാകും നല്‍കുകയെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഡോസിന് കുറഞ്ഞത് 600 രൂപ വീതമെങ്കിലും ഒരു പൗരന്‍ വാക്‌സിനേഷനു ചെലവഴിക്കേണ്ടി വരും. അതായത് 50 ശതമാനം സൗജന്യമായി നല്‍കിയാല്‍പോലും ഫലത്തില്‍ കേന്ദ്രസര്‍ക്കാരിന് വാക്‌സിനേഷന്റെ വലിയ സാമ്പത്തികഭാരം ചുമക്കേണ്ടതില്ല.
ആരോഗ്യമേഖലയ്ക്ക് ജി.ഡി.പിയുടെ രണ്ടര മുതല്‍ മൂന്നു ശതമാനമെങ്കിലും വിഹിതം മാറ്റിവയ്‌ക്കേണ്ടതാണെന്ന് സാമ്പത്തിക സര്‍വ്വേ തന്നെ പറയുന്നു. നിലവില്‍ 1.26 ശതമാനമാണ് ബജറ്റ് വിഹിതം. ബ്രിട്ടണ്‍, നെതര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, ഫിന്‍ലാന്‍ഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ അത് ഒന്‍പതു ശതമാനത്തിലധികമാണ്. കുറഞ്ഞ ജനസംഖ്യയും സമ്പന്നതയുമൊക്കെ മാറ്റി നിര്‍ത്തിയാല്‍പോലും അവരത്രയും പ്രാധാന്യവും ഗൗരവവും അതിനു നല്‍കുന്നുവെന്നര്‍ത്ഥം. അമേരിക്ക മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 16 ശതമാനമാണ് ആരോഗ്യമേഖലയ്ക്കായി മാറ്റിവയ്ക്കുന്നത്. ജപ്പാനും കാനഡയും ഫ്രാന്‍സും ജര്‍മനിയും സ്വിറ്റ്സര്‍ലന്റും പത്തു ശതമാനവും. ഇനി ഇന്ത്യയെപ്പോലെ ചില വികസ്വര രാജ്യങ്ങളുടെ കണക്കെടുക്കാം. 21.1 കോടി ജനസംഖ്യയുള്ള ബ്രസീല്‍ എട്ടു ജി.ഡി.പിയുടെ എട്ടു ശതമാനം ജനതയുടെ ആരോഗ്യ സംരക്ഷണത്തിനായി മാറ്റിവയ്ക്കുന്നു. നമ്മുടെ അയല്‍രാജ്യങ്ങളായ പാകിസ്താനും ബംഗ്ലാദേശും പൊതുജനാരോഗ്യ സംരക്ഷണത്തിനായി മാറ്റിവയ്ക്കുന്നത് മൂന്നു ശതമാനമാണ്. 2018-ല്‍ ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച ആരോഗ്യസംരക്ഷണ ലഭ്യതയും ഗുണമേന്മയും സംബന്ധിച്ച സൂചികയില്‍ 195 രാജ്യങ്ങളില്‍ ഇന്ത്യ 145-ാം സ്ഥാനത്താണ്. 48-ാം സ്ഥാനത്താണ് ചൈന. 71-ാം സ്ഥാനത്ത് ശ്രീലങ്കയും. ബംഗ്ലാദേശ് 133-ാം സ്ഥാനത്തും.
2025-ഓടെ ബജറ്റ് വിഹിതം രണ്ടര ശതമാനമായി ഉയര്‍ത്തണമെന്ന് 2017-ലെ ദേശീയ ആരോഗ്യനയത്തില്‍ പറഞ്ഞതാണ്. എന്നാല്‍, അതൊരു ദിവാസ്വപ്നമായി തന്നെ നിലനില്‍ക്കുന്നു. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ആ നേട്ടം കൈവരിക്കണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് 0.35 ശതമാനമെങ്കിലും വിഹിതം കൂട്ടണം. എന്നാല്‍, 2015-'16 മുതല്‍ 2020-'21 കാലയളവ് വരെ ഇന്ത്യയുടെ ആരോഗ്യബജറ്റിലുണ്ടായ വര്‍ദ്ധന 0.02 ശതമാനമാണ്. 2020-ഓടെ സംസ്ഥാനങ്ങള്‍ ആരോഗ്യവിഹിതം എട്ടു ശതമാനമോ അതിനു മുകളിലോ വര്‍ദ്ധിപ്പിക്കണമെന്നാണ് ആരോഗ്യനയം ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍, വലിയ സംസ്ഥാനങ്ങള്‍പോലും ആ വിഹിതം മാറ്റിവച്ചിട്ടില്ല. ബജറ്റിന്റെ 5.4 ശതമാനം വരെയാണ് വിവിധ സംസ്ഥാനങ്ങള്‍ ആരോഗ്യസംരക്ഷണത്തിനായി വകയിരുത്തിയത്. കേരളത്തിന് ഇക്കാര്യത്തില്‍ അല്‍പ്പമൊന്ന് ആശ്വസിക്കാം. പി.ആര്‍.എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് 2015-'20 കാലയളവില്‍ ആരോഗ്യമേഖലയ്ക്കായി കേരളം മാറ്റിവച്ച ശരശരി ബജറ്റ് വിഹിതം 5.6 ശതമാനമാണ്. മേഘാലയയാണ് മുന്നില്‍, 7.4 ശതമാനം. അരുണാചല്‍ പ്രദേശ്, ഗോവ, ഹിമാചല്‍ പ്രദേശ്, മിസോറാം, സിക്കിം എന്നീ സംസ്ഥാനങ്ങളും ജമ്മു കശ്മീരും പുതുച്ചേരിയുമൊക്കെ കേരളത്തോട് അടുത്തു നില്‍ക്കുന്നു.
അധികബാധ്യത സംസ്ഥാനങ്ങള്‍ക്ക്
2019-'20 വര്‍ഷത്തെ ആളോഹരി വിഹിതം കണക്കിലെടുത്താല്‍ ഈ സംസ്ഥാനങ്ങളൊക്കെ കേന്ദ്രസര്‍ക്കാര്‍ മാറ്റിവയ്ക്കുന്നതിന്റെ രണ്ടരമടങ്ങിലധികം തുക വകയിരുത്തുന്നുണ്ട്. ഒരാളുടെ ആരോഗ്യസംരക്ഷണത്തിനായി 1,765 രൂപയാണ് കേന്ദ്രം മാറ്റിവയ്ക്കുന്നത്. കൊവിഡ് സ്ഥിരീകരിക്കാനുള്ള ആര്‍.ടി.പി.സി.ആര്‍ നിരക്കിനേക്കാള്‍ കുറവാണ് ഇതെന്നോര്‍ക്കണം. എന്നാല്‍ കേരളം 7,227 രൂപ മാറ്റിവയ്ക്കുന്നു. ജനസംഖ്യയും സാമൂഹ്യസാഹചര്യങ്ങളുമൊക്കെ ഘടകമാണെങ്കില്‍ കൂടി അത്രയും പ്രാധാന്യം ഈ മേഖലയ്ക്കുണ്ട് എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഇത്. ബജറ്റ് വിഹിതം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ പ്രാഥമിക ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെട്ടതാണ്. ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ നടക്കുന്നുമുണ്ട്. ബീഹാര്‍, യു.പി, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒറീസ, പശ്ചിമബംഗാള്‍, കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ ചെലവഴിക്കുന്നത് വളരെ കുറഞ്ഞ തുകയാണ്. ആരോഗ്യസംവിധാനത്തിന്റെ തകര്‍ച്ച പല സംഭവങ്ങളിലൂടെ ബോധ്യപ്പെട്ട സംസ്ഥാനങ്ങളാണ് ഇതൊക്കെ. കര്‍ണാടകയും ഗുജറാത്തും മഹാരാഷ്ട്രയും പഞ്ചാബും താരതമ്യേന രാജ്യത്തെ സമ്പന്ന സംസ്ഥാനങ്ങളാണെന്നതാണ് ഇതിലെ വൈരുദ്ധ്യം. കൊവിഡിന്റെ വ്യാപനം ആദ്യഘട്ടത്തിലെങ്കിലും കേരളത്തിനു പ്രതിരോധിക്കാനായത് ഈ സംവിധാനത്തിന്റെ കാര്യക്ഷമത ആയിരുന്നിരിക്കണം. കേരളമൊഴികെ കൊവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ രൂക്ഷമായ സംസ്ഥാനങ്ങള്‍ കര്‍ണാടകയും ഗുജറാത്തും മഹാരാഷ്ട്രയും പഞ്ചാബുമാണ്.
ചുരുക്കിപ്പറഞ്ഞാല്‍ ചെലവഴിക്കുന്നതിന് അനുസരിച്ചിരിക്കും പൊതുജനത്തിനു കിട്ടുന്ന ആരോഗ്യസംരക്ഷണം. ആരോഗ്യബജറ്റ് കൂടുതലുള്ള അരുണാചല്‍, മിസോറാം, ഹിമാചല്‍, ഗോവ, സിക്കിം സംസ്ഥാനങ്ങളില്‍ ഒരു ലക്ഷം പേര്‍ക്ക് 20 മുതല്‍ 40 വരെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ലഭ്യമാണ്. 25,000 പേര്‍ക്ക് വീതം ഓരോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുണ്ട്. ഇതിനു പുറമേ താലൂക്ക്-ജില്ലാ ആശുപത്രികളും മെഡിക്കല്‍ കോളേജുകളുമുണ്ട്. എന്നാല്‍, ബീഹാര്‍, യുപി, മഹാരാഷ്ട്ര, കര്‍ണാടക, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ 30,000 പേരാണ് പി.എച്ച്.എ.സികളെ ആശ്രയിക്കുന്നത്. ഡോക്ടര്‍മാരുടെ എണ്ണമാകട്ടെ ദേശീയ ശരാശരിയിലും കുറവ്. ഒരു ലക്ഷം പേര്‍ക്ക് ഒന്‍പത് സര്‍ക്കാര്‍ ഡോക്ടര്‍മാരാണ് നമ്മുടെ ദേശീയ ശരാശരി. ദേശീയ ആരോഗ്യ നയം പറയുന്നത് അനുസരിച്ച് ജി.ഡി.പിയുടെ രണ്ടര ശതമാനം കേന്ദ്രസര്‍ക്കാര്‍ മാറ്റിവച്ചാല്‍ ആളോഹരി വിഹിതം 3800 രൂപയാകും. ഇത് 2017-ലെ കണക്കാണ്. കുറഞ്ഞ തുക ചെലവഴിക്കുന്ന സംസ്ഥാനങ്ങളില്‍ സ്വകാര്യ ആശുപത്രികള്‍ക്കാണ് മേധാവിത്വം. കൊവിഡ് ചികിത്സയ്ക്കും അല്ലാത്ത സേവനങ്ങള്‍ക്കുമായി സ്വകാര്യ ആശുപത്രികള്‍ രോഗികളെ ചൂഷണം ചെയ്യാന്‍ വഴിയൊരുക്കിയത് ഈ നയങ്ങള്‍ തന്നെയാണെന്ന് വ്യക്തം. ഇത്തരമൊരു അനുഭവം മുന്നില്‍ നില്‍ക്കുമ്പോഴാണ് ജില്ലാ ആശുപത്രികള്‍ പി.പി.പി വ്യവസ്ഥയില്‍ അടിസ്ഥാന സൗകര്യവികസനം നടത്തണമെന്ന് നീതി ആയോഗ് ശുപാര്‍ശ ചെയ്യുന്നത്. ആരോഗ്യസംവിധാനം മെച്ചപ്പെട്ട രീതിയില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളെയാണ് ഇത് ഏറ്റവുമധികം ബാധിക്കുക.
കൊവിഡിന്റെ ഒന്നാം വ്യാപനഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ടത്ര ആസൂത്രണമില്ലാതെ, ദീര്‍ഘവീക്ഷണമില്ലാതെ നടത്തിയ നടപടികള്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയായിട്ടുണ്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികളുടെ പലയാനമാണ് അത്തരമൊന്ന്. മറ്റു സംസ്ഥാനങ്ങളില്‍ ജോലിയെടുത്തിരുന്ന സ്വദേശികള്‍ നാട്ടിലേക്ക് മടങ്ങി. ആരോഗ്യസംവിധാനം മോശപ്പെട്ട ബീഹാര്‍, ഒറീസ, യു.പി സംസ്ഥാനങ്ങളില്‍ ഇത് കൂടുതല്‍ കുഴപ്പങ്ങള്‍ക്കിടയാക്കി. കൊവിഡ് സൃഷ്ടിക്കുന്ന അധിക സാമ്പത്തികബാധ്യതയ്‌ക്കൊപ്പം ഇതുകൂടിയായപ്പോള്‍ ആരോഗ്യസംവിധാനം പൂര്‍ണ്ണമായും തകര്‍ന്നു. കാര്യമായ കേന്ദ്രസഹായം ലഭിച്ചതുമില്ല. അടുത്ത മൂന്നു നാലു വര്‍ഷത്തേക്ക് 15000 കോടിയാണ് അധികം അനുവദിച്ചത്. ഉടനടി കിട്ടിയത് അതിന്റെ പകുതി മാത്രം. ആളോഹരി വിഹിതം നോക്കിയാല്‍ ഒരാള്‍ക്ക് 28 രൂപ. സ്വന്തം നിലയില്‍ ഈ ബാധ്യത കൈകാര്യം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞതുമില്ല. ലോക്ക്ഡൗണിനെത്തുടര്‍ന്ന് മദ്യം, ഇന്ധനനികുതി എന്നിവയില്‍നിന്നു വരുമാനം കിട്ടിയതേയില്ല. പല സംസ്ഥാനങ്ങളും വികസനപദ്ധതികള്‍ നിര്‍ത്തിവച്ചാണ് വരുമാന സ്രോതസ് കണ്ടെത്തിയത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ മിക്ക സംസ്ഥാനങ്ങള്‍ക്കും വായ്പയും എടുക്കേണ്ടി വന്നു.
രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ മേധാവിയായി ഒരു സമിതിയെ പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ രൂപം കൊടുത്തിരുന്നു. ആ സമിതി നല്‍കിയ റിപ്പോര്‍ട്ട് ആരോഗ്യസംവിധാനം മെച്ചപ്പെടുത്തണമെങ്കില്‍ കൂടുതല്‍ തുക അനുവദിക്കണമെന്നായിരുന്നു. സണ്‍ഡേ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ പ്രസിഡന്റായ ശ്രീനാഥ് റെഡ്ഡിയും ഇതുതന്നെ വ്യക്തമാക്കി. കൊവിഡിനെ നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുക അനുവദിക്കുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍, അതുണ്ടായില്ലെന്ന് അദ്ദേഹം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates