

ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ന്യൂസ് ഫോട്ടോഗ്രാഫറാണ് മലയാളിയായ സരസ്വതി ചക്രവര്‍ത്തി. 1938-ല്‍ ദ ബോംബെ ക്രോണിക്കിളില്‍ ന്യൂസ് ഫോട്ടോഗ്രാഫറായ ഹോമൈ വ്യാരവല്ലയാണ് ഇന്ത്യയിലെ ആദ്യത്തെ വനിത ന്യൂസ് ഫോട്ടോഗ്രാഫര്‍. ദ ഇല്ലസ്ട്രേറ്റഡ് വീക്ക്ലി ഓഫ് ഇന്ത്യയിലും പ്രവര്‍ത്തിച്ച അവര്‍ പിന്നീട് ദീര്‍ഘകാലം ബ്രിട്ടീഷ് ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസിലായിരുന്നു.
ഈ രംഗത്ത്, ഹോമൈയുടെ പിന്‍ഗാമിയായ സരസ്വതി ചക്രവര്‍ത്തി തിരുവനന്തപുരം സ്വദേശിനിയാണ്. ഡല്‍ഹിയിലായിരുന്നു സ്‌കൂള്‍, കോളേജ് ബിരുദ വിദ്യാഭ്യാസം. സ്‌ക്കൂളില്‍ നാലു വര്‍ഷം സഹപാഠിയായിരുന്നു ചലച്ചിത്രനടി ഹേമമാലിനി. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായിരുന്ന അച്ഛന്‍ കേരളത്തിനു പുറത്തായിരുന്നു ജോലി ചെയ്തത്. ബിരുദത്തിനു ശേഷം അവര്‍ ഡല്‍ഹിയിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ സ്റ്റെനോ സെക്രട്ടറിയായി.
1977-ലെ റിപ്പബ്ലിക്ദിന പരേഡ് കാണാന്‍ പോയത് ജീവിതത്തിലെ വലിയ വഴിത്തിരിവായി. രാഷ്ട്രപതിയുടെ ഇരിപ്പിടത്തിന് എതിരെയുള്ള ഗ്യാലറിയില്‍ ഇരുന്നുനോക്കുമ്പോള്‍, ചടങ്ങുകള്‍ കവര്‍ ചെയ്യാന്‍ എത്തിയ മുഴുവന്‍ ഫോട്ടോഗ്രാഫര്‍മാരും പുരുഷന്‍മാര്‍. അതില്‍ ഒറ്റ സ്ത്രീ പോലും ഉണ്ടായിരുന്നില്ല. അപ്പോള്‍ നിശ്ചയിച്ചു, ന്യൂസ് ഫോട്ടോഗ്രാഫര്‍ ആകണം. പക്ഷേ, അതിന് പരിശീലനം ഒന്നും ലഭിച്ചില്ല. പരിചയക്കാരായ ചില ഫോട്ടോഗ്രാഫര്‍മാരുടെ അടുത്തുനിന്ന് ഫോട്ടോ എടുക്കുന്നതും ഡാര്‍ക്ക് റൂമില്‍ അത് പ്രോസസ് ചെയ്യുന്നതും പഠിച്ചു. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായി ചിത്രങ്ങളെടുത്തു തുടങ്ങി. യാഥാസ്ഥിതികരായ വീട്ടുകാര്‍ക്ക് അത് ഹിതകരമായി തോന്നിയില്ല. 1982-ല്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായി അക്രിഡിറ്റേഷന്‍ നല്‍കിയത് വലിയ അംഗീകാരമായി. അങ്ങനെ ഏഷ്യാഡ് കവര്‍ ചെയ്തു. വി.പി. രാമചന്ദ്രനാണ് അതിന് അവസരം ഒരുക്കിയത്. ആത്മവിശ്വാസത്തോടെയാണ് ആരംഭിച്ചത്. 250-ഓളം ചിത്രങ്ങള്‍ എടുത്തു. അവ മലയാള മനോരമ, ദിനമലര്‍, ദിനതന്തി അടക്കമുള്ള ഇന്ത്യയിലെ പല പത്രങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടു. 1987 ജൂലൈ 29-ന് പ്രധാനമന്ത്രി രാജീവ് ഗാന്ധി ശ്രീലങ്കയില്‍ പോയി, ഇന്‍ഡോ - ശ്രീലങ്കന്‍ കരാര്‍ ഒപ്പുവെച്ച ചടങ്ങിന്റെ ഫോട്ടോകള്‍ എടുത്തു. ദിനതന്തിയെ പ്രതിനിധീകരിച്ചായിരുന്നു, അത്. അദ്ദേഹം എല്ലാവരോടും സൗഹാര്‍ദ്ദപരമായി ഇടപെട്ട പ്രധാനമന്ത്രിയായിരുന്നു. ഒരു മടിയും ഇല്ലാതെ ഞങ്ങളോടൊക്കെ സംസാരിച്ചു. ഇന്ദിരാ ഗാന്ധിയുടേയും ജനറല്‍ വൈദ്യയുടേയും വധങ്ങളോടനുബന്ധിച്ചുള്ള ചിത്രങ്ങളും എടുത്തിട്ടുണ്ട്.
1987 ഒക്ടോബറില്‍ പി.ടി.ഐയില്‍ സീനിയര്‍ ന്യൂസ് ഫോട്ടോഗ്രാഫറായി നിയമിക്കപ്പെട്ടു; അവിടുത്തെ ആദ്യ വനിതാ ഫോട്ടോഗ്രാഫര്‍. പ്രധാനപ്പെട്ട ഒട്ടേറെ സംഭവങ്ങളുടെ ഫോട്ടോകള്‍ എടുക്കാന്‍ നിയോഗിക്കപ്പെട്ടു. പ്രതിരോധമന്ത്രി കെ.സി. പന്ത് സിയാച്ചിന്‍ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം പോയി. ഓക്സിജന്‍ മാസ്‌ക് ധരിച്ചായിരുന്നു യാത്ര.
പക്ഷേ, തലസ്ഥാനത്ത് അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ പടമെടുക്കാന്‍ പോയത് മാധ്യമജീവിതത്തില്‍ വലിയ ഒരു പ്രതിസന്ധിക്കു തുടക്കം കുറിച്ചു. ലാത്തിച്ചാര്‍ജ്ജില്‍ പെട്ട്, തലയ്ക്ക് കാര്യമായി പരിക്കേറ്റു. റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ മൂന്ന് ദിവസം കിടന്നു. പൊലീസ് ക്യാമറ തല്ലിപ്പൊട്ടിച്ചു. തിരിച്ച് ഓഫീസിലെത്തിയപ്പോള്‍, പി.ടി.ഐയില്‍നിന്ന് എന്നെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവാണ് കിട്ടിയത്. അന്ന് പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാക്കിയിരുന്നില്ല. അന്നത്തെ ഡല്‍ഹി ചീഫിനു വനിതാ ഫോട്ടോഗ്രാഫറെ അവിടെ നിര്‍ത്താന്‍ താല്പര്യമുണ്ടായിരുന്നില്ല. പിരിച്ചുവിടലിനെതിരെ കൊടുത്ത കേസില്‍ ഞാന്‍ വിജയിച്ചു പക്ഷേ, അവര്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോയി. 20 വര്‍ഷത്തോളം കേസ് നീണ്ടുപോയി. ആ കേസില്‍ ഞാന്‍ തോറ്റു.
വിവാദമായ
ചിത്രങ്ങള്‍
ഡല്‍ഹി പത്രപ്രവര്‍ത്തക യൂണിയനും സി.പി.എം നേതാവായ വൃന്ദ കാരാട്ടുമൊക്കെ ഈ നിയമപോരാട്ടത്തില്‍ കൂടെ നിന്നു. ദ ഹിന്ദുവിലെ സീനിയര്‍ ഫോട്ടോഗ്രാഫറായ ഭര്‍ത്താവ് ശങ്കര്‍ ചക്രവര്‍ത്തിയും കുടുംബവും അക്കാലത്ത് വലിയ പിന്തുണ നല്‍കി. മകന്‍ എസ്. സുബ്രഹ്മണ്യം പിന്നീട് ദ ഹിന്ദുവില്‍ തന്നെ ഫോട്ടോഗ്രാഫറായി. അവന്‍ സ്വയം വിരമിച്ച്, ഇപ്പോള്‍ കാനഡയില്‍ ഫോട്ടോഗ്രാഫറാണ്.
സ്വതന്ത്ര ഫോട്ടോഗ്രാഫറായാണ് ദീര്‍ഘകാലം പ്രവര്‍ത്തിച്ചത്. 1987 ഡിസംബറില്‍ രാജസ്ഥാനിലെ സികാര്‍ ജില്ലയില്‍ രജപുത്ര സ്ത്രീയായ രൂപ കണ്‍വര്‍ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി സതി അനുഷ്ഠിച്ചതറിഞ്ഞ് അവിടെപ്പോയി. ബോംബെയിലേയും ഡല്‍ഹിയിലേയും ചില പത്രപ്രവര്‍ത്തകരുമുണ്ടായിരുന്നു. വലിയ വിവാദമുയര്‍ത്തിയ ആ സംഭവത്തിന്റെ ചിത്രങ്ങള്‍ എന്റെ കുറിപ്പുകള്‍ സഹിതമാണ് സകാല്‍ ദിനപത്രം പ്രസിദ്ധീകരിച്ചത്. ചിത്രങ്ങള്‍ മറ്റ് പത്രങ്ങളിലും വന്നു. ലോക്മമത്, പഞ്ചാബ് കേസരി, അമൃത് സന്ദേശ് തുടങ്ങിയ പത്രങ്ങള്‍ ഫോട്ടോയ്ക്ക് ബൈലൈന്‍ തന്നിട്ടുണ്ട്. അക്കാലത്ത് എടുത്ത പടങ്ങളില്‍ മിക്കവയും നഷ്ടപ്പെട്ടു. പല പത്രങ്ങളുടേയും ഡാര്‍ക്ക് റൂമിലായിരുന്നു അവ പ്രോസസ് ചെയ്തിരുന്നത്. ആ നെഗറ്റീവുകള്‍ അവരുടെ കൈവശമായിപ്പോയി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സ്വമേധയാണ് പല വാര്‍ത്തകളുടേയും ഫോട്ടോകള്‍ എടുക്കാന്‍ പോയത്. 1987-ലെ മീററ്റ് വര്‍ഗ്ഗീയ കലാപത്തിന്റെ ചിത്രങ്ങള്‍ ലോക്മത്, പഞ്ചാബ് കേസരി തുടങ്ങിയ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അയോദ്ധ്യയിലെ ശിലാന്യാസത്തിന്റെ പടങ്ങളും സ്വന്തം ഇഷ്ടപ്രകാരമാണ് എടുത്തത്. അവ ഇന്ത്യയിലെ പല പത്രങ്ങളിലും വന്നു. ഈ ഫോട്ടോ എടുക്കാന്‍ പോയപ്പോള്‍ മലയാള മനോരമയിലെ വിക്ടര്‍ ജോര്‍ജ് ഉള്‍പ്പെടെയുള്ളവരും ഒപ്പമുണ്ടായിരുന്നു.
പില്‍ക്കാലത്തും അക്രമത്തിന് ഇരയായിട്ടുണ്ട്. ഡല്‍ഹിയിലെ ചില കിസാന്‍ റാലികള്‍ക്കിടയില്‍ കല്ലേറുണ്ടായിട്ടുണ്ട്. ഫൂലന്‍ ദേവിയെ കോടതി മോചിപ്പിച്ച ഫോട്ടോ എടുത്തത് മതിലിനു മുകളില്‍ കയറിനിന്നായിരുന്നു. ആദ്യനാളുകളില്‍ ഡല്‍ഹിയില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നുവെങ്കിലും പിന്നീട് ചില സ്ത്രീകളും ഈ രംഗത്ത് എത്തി. പുതുതായി ധാരാളം വനിതാ ഫോട്ടോഗ്രാഫര്‍മാര്‍ വരുന്നുണ്ട് പക്ഷേ, അവരാരും സ്റ്റാഫ് ഫോട്ടോഗ്രാഫര്‍മാരല്ല. മിടുക്കും ജാഗ്രതയും മനസ്സാന്നിധ്യവും ഉള്ളവര്‍ക്കു മാത്രമേ നല്ല ഫോട്ടോഗ്രാഫര്‍മാരാകാന്‍ സാധിക്കൂ. ഇപ്പോള്‍ വീഡിയോഗ്രാഫര്‍മാര്‍ക്കാണ് കൂടുതല്‍ സാധ്യതയുള്ളത്. പ്രമുഖ ദിനപത്രങ്ങള്‍പോലും സ്റ്റാഫ് അംഗങ്ങള്‍ക്ക് വി.ആര്‍.എസ് നല്‍കുന്ന കാലമാണിത്. പ്രതികൂല സാഹചര്യങ്ങളോട് നിരന്തരം പൊരുതി ഇന്ത്യന്‍ ഫോട്ടോ ജേണലിസത്തില്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തിയ സരസ്വതി ചക്രവര്‍ത്തി ഡല്‍ഹിയിലാണ് താമസിക്കുന്നത്. പുതുതലമുറ ഫോട്ടോ ജേണലിസ്റ്റുകള്‍ക്കു മാര്‍ഗ്ഗദര്‍ശിയായി ശില്പശാലകളിലും സെമിനാറുകളിലും അവര്‍ സജീവമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates