റബര്‍ കൃഷിക്ക് ഇനി ഭാവിയുണ്ടോ? - കര്‍ഷകര്‍ ചോദിക്കുന്നു

പത്തുലക്ഷത്തിലധികം റബര്‍ കര്‍ഷകരുണ്ട് കേരളത്തില്‍. എന്താണ് ഇവരുടെ ഭാവി?
റബര്‍ കൃഷിക്ക് ഇനി ഭാവിയുണ്ടോ? - കര്‍ഷകര്‍ ചോദിക്കുന്നു
Updated on
5 min read

മുസാവരിക്കുന്നില്‍നിന്ന് ജീപ്പിന്റെ ഗിയര്‍ ലിവര്‍ മുന്നോട്ടാക്കി മാത്യു ഇങ്ങനെ പറഞ്ഞു തുടങ്ങി: എല്ലാം അനശ്ചിതത്വത്തിലായതാണ് റബറിന്റെ പ്രശ്‌നം. ഒഴുക്കില്ലാത്ത കല്ലടയാറിനു കുറുകെയുള്ള തൂക്കുപാലവും പിന്നിട്ട് ജീപ്പ് എസ്റ്റേറ്റ് വഴിയിലേക്ക് മുരണ്ട് കയറുമ്പോള്‍ ഇന്നത്തെ പ്രതിസന്ധിയെക്കുറിച്ചല്ല, ഭാവിയെക്കുറിച്ചുള്ള ആശങ്കയുടെ ഭയപ്പാടാണ് ആ മുഖത്ത് നിഴലിച്ചത്. രണ്ട് ചക്രത്തിനു മാത്രം ഒഴിച്ചിട്ടിരിക്കുന്ന വഴിപ്പാട്. വേനലായതിനാല്‍ റബര്‍മരങ്ങളെല്ലാം ഇലകള്‍ പൊഴിച്ച് നില്‍ക്കുന്നു. നഷ്ടസൗഭാഗ്യത്തിന്റെ ഓര്‍മ്മയെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.

ശനിയാഴ്ചയായതിനാല്‍ തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാനുള്ള യാത്രയിലാണ് പി.എ. മാത്യു. വലിയ പ്ലാന്ററൊന്നുമല്ല ഞാന്‍, ഒരു ചെറുകിട കര്‍ഷകന്‍. അപ്പാപ്പന്റെ ജീവിതവും സമ്പാദ്യവുമായിരുന്നു ഈ തോട്ടം. അത് ഞാന്‍ മുന്നോട്ടു കൊണ്ടുപോകുന്നുവെന്നു മാത്രം. ജെ.എന്‍.യുവില്‍നിന്ന് എം.ഫിലും പിഎച്ച്.ഡിയും നേടിയ മാത്യുവിന് പതിനഞ്ച് വര്‍ഷത്തിലധികം അദ്ധ്യാപനപരിചയമുണ്ട്. ബംഗളുരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ സാമ്പത്തികശാസ്ത്ര വിഭാഗത്തിന്റെ തലവനായിരുന്നു. ഫിസാറ്റ് ബിസിനസ് സ്‌കൂളിന്റെ ഡയറക്ടറും. അങ്ങനെ, നവലിബറല്‍ നയങ്ങള്‍ക്കുശേഷം തൊഴില്‍ കേന്ദ്രീകൃതമായ വിദ്യാഭ്യാസമേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കാന്‍ സ്വന്തം നാടായ പുനലൂരില്‍ ഗ്രെയ്സ് അക്കാദമി എന്ന വിദ്യാഭ്യാസ സ്ഥാപനവും തുടങ്ങി. എല്ലാ സൗകര്യങ്ങളുമൊരുക്കിയിട്ടും ഈ സ്ഥാപനത്തിനു മാത്രം അനുമതി നിഷേധിക്കപ്പെട്ടു. വലിയ നിയമപോരട്ടങ്ങളിലൂടെയാണ് ഈ അനുമതി നേടിയെടുത്തതും. അത് ഒരല്പം പഴയകഥ.

ഡോ.പി.എ. മാത്യു
ഡോ.പി.എ. മാത്യു
ഏതൊരു കാര്‍ഷികവിളയുടെ വിലയിടിവിനും വിലക്കയറ്റത്തിനും ഒരു കാലയളവുണ്ട്. ഇപ്പോള്‍ത്തന്നെ കാപ്പിവില റെക്കോഡിലാണ്. എന്നാല്‍, നാളെ അതാകണമെന്നില്ല. ഡിമാന്‍ഡും രാജ്യാന്തരവിപണിയിലെ ചലനങ്ങളുമൊക്കെ വിലയെ സ്വാധീനിക്കും. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി റബറിനു വിലയിടിവാണ്. റബറിന്റെ കാര്യത്തില്‍ കുറച്ചുകൂടി വ്യത്യസ്തമാണ് കാര്യങ്ങള്‍. റബര്‍കൃഷിയുടെ പ്രധാന പ്രശ്‌നങ്ങള്‍ എണ്ണമിട്ട് മാത്യു നിരത്തുന്നു. 1. വിലയിലെ അസ്ഥിരത 2. കാലാവസ്ഥ വ്യതിയാനം 3. ഉല്പാദനക്കുറവ് 4. ടാപ്പിങ് തൊഴിലാളികളുടെ കുറവ് 5. ഉല്പാദനച്ചെലവിലെ വര്‍ദ്ധന 6. വന്യമൃഗങ്ങളുടെ ആക്രമണം.
റബര്‍പാല്‍ സംഭരിക്കുന്ന ടാപ്പിങ് തൊഴിലാളി
റബര്‍പാല്‍ സംഭരിക്കുന്ന ടാപ്പിങ് തൊഴിലാളിARUN ANGELA

നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായിരുന്നു റബര്‍ കൃഷി. സമയാസമയങ്ങളിലുള്ള മഴ, മണ്ണിന്റെ ഘടന അങ്ങനെ പലതും... റബര്‍ ബോര്‍ഡിന്റെ ബഡ്ഡഡ് തൈയാണ് കര്‍ഷകര്‍ നട്ടത്. മൂന്നു ദിവസത്തിലൊരിക്കല്‍ വെട്ടാനാണ് അവര് പറഞ്ഞത്. റെയിന്‍ഗാര്‍ഡ് ഇട്ട് വെട്ടിയാല്‍ വര്‍ഷം മുഴുവന്‍ വെട്ടാനുമാകും. അങ്ങനെയാണ് കര്‍ഷകര്‍ക്ക് ആദായം കിട്ടിത്തുടങ്ങിയത്. പക്ഷേ, ആഗോളതാപനത്തെത്തുടര്‍ന്നുള്ള കാലാവസ്ഥ വ്യതിയാനത്തോടെ കാര്യങ്ങളാകെ മാറിമറിഞ്ഞു. എണ്‍പതുകളിലോ തൊണ്ണൂറുകളിലോ ഉള്ള കാലാവസ്ഥയല്ല ഇന്ന്. മഴ എപ്പോള്‍ പെയ്യുമെന്നറിയാത്ത അവസ്ഥ. പണ്ടൊക്കെ ജൂണ്‍-സെപ്റ്റംബര്‍ കാലയളവിലാണ് മരത്തിന് റെയിന്‍ഗാര്‍ഡ് ഇട്ട് ടാപ്പ് ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഓഗസ്റ്റ്- സെപ്റ്റംബറിലാണ് മഴ പെയ്യുക. റെയിന്‍ഗാര്‍ഡ് ഇട്ട സമയത്ത് മഴയുണ്ടാകില്ല. ഇന്ന് ഡിസംബറിലും ജനുവരിയിലും വരെ മഴപെയ്യുന്നു. കാലവര്‍ഷത്തിനു മുന്നേ ചെയ്യുന്ന കാര്യങ്ങള്‍ക്കൊന്നും ഒരു പ്രയോജനവും കിട്ടില്ല. ആ കാലയളവില്‍ ഇലകള്‍ പൊഴിയും. ഇത് റബറിന്റെ ഉല്പാദനത്തെ സാരമായി ബാധിച്ചു. ടാപ്പിങ് നടക്കില്ല, നടന്നാല്‍ത്തന്നെ 30 മുതല്‍ 40 ശതമാനം വരെ ഉല്പാദനം കുറഞ്ഞെന്നു പറയുന്നു മാത്യു. പണ്ടൊക്കെ മഴപെയ്യുമ്പോള്‍ എന്റെ അപ്പന്റെ മുഖത്തെ ഭാവം മാറും. ഇന്നത് എനിക്കു മനസ്സിലാകും. ഒന്നാമത് വിലയില്ല, അതിന്റെ കൂടെ ഉല്പാദനവും കുറഞ്ഞാല്‍...

മറ്റൊന്ന് ടാപ്പിങ് തൊഴിലാളികളുടെ ക്ഷാമം. മറ്റ് പണിക്കു പോയാല്‍ ഇതിന്റെ ഇരട്ടി ശമ്പളം കിട്ടും. അണ്‍സ്‌കില്‍ഡ് ലേബറിന് 1000 രൂപ കിട്ടും. പിന്നാരെങ്കിലും ഈ ശമ്പളത്തിനു കഷ്ടപ്പെടാന്‍ വരുമോ? അങ്ങനെ വന്നപ്പോഴാണ് ചെറുകിട കര്‍ഷകര്‍ സ്വയം ടാപ്പിങ് നടത്തിത്തുടങ്ങിയത്. ഗള്‍ഫില്‍നിന്നു മടങ്ങിവന്ന പ്രവാസികളൊക്കെ ടാപ്പിങ് നടത്തുന്നത് പോസിറ്റീവാണ്. മറ്റേത് മേഖലയിലും ബംഗാള്‍ സ്വദേശികളെ കാണാം. ടാപ്പിങ് മേഖലയില്‍ അവര്‍ക്കു പരിശീലനം നടത്തിക്കൊണ്ട് വന്നാല്‍ പോലും അവര്‍ നില്‍ക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നമ്മളെ ആശ്രയിച്ച്, നമുക്ക് വിശ്വാസമുള്ള ആള്‍ക്കാരെ മാത്രമേ നിര്‍ത്താനാകൂ. അല്ലെങ്കില്‍ മരവും പോകും. പുതിയ തലമുറയ്ക്ക് ഈ മേഖലയിലേക്കു വരാന്‍പോലും താല്പര്യവുമില്ല. നോണ്‍റെസ്പക്ടബിള്‍ ജോബായിട്ടാണ് പലരും ടാപ്പിങ്ങിനെ കാണുന്നത്. ഇങ്ങനെ എല്ലാ വഴികളിലും പ്രവചനാതീതമായ ഒരു വിളയായി റബര്‍ മാറിയെന്നതാണ് സത്യം. അത് വിലയായാലും കാലാവസ്ഥയായാലും തൊഴില്‍ശേഷിയാലും. പിന്നെ എന്തുകൊണ്ട് ആള്‍ക്കാര്‍ ഇപ്പോഴും റബര്‍ പ്ലാന്റ് ചെയ്യുന്നുവെന്ന് ചോദിച്ചാല്‍ മറ്റു ബദല്‍വിളയില്ല എന്നതാണ് അതിന്റെ ഉത്തരം.
മോഷണമില്ലാത്ത ഒരു വിളയാണ് റബര്‍. വര്‍ഷം മുഴുവന്‍ കിട്ടുന്ന ആദായം. 30 വര്‍ഷം കഴിഞ്ഞ് മരം വിറ്റാല്‍ അതിനു പണം കിട്ടും. അതാണ് പലരും നോക്കുന്നത്. മറ്റ് വിളകള്‍ പരീക്ഷിക്കണമെന്നൊക്കെ പലരും പറയും. അതിനുവേണ്ടി ചെലവഴിക്കേണ്ട സമയവും പണവുമൊക്കെ നോക്കിയാല്‍ റബര്‍ തന്നെയാണ് ലാഭം. എസ്റ്റേറ്റുകളെ രക്ഷിക്കാന്‍ ടൂറിസം കൊണ്ടുവരുമെന്നൊക്കെ മന്ത്രിമാര്‍ പറയും. അതൊക്കെ ടൈമിലി ആകണം. അതിനുള്ള സൗകര്യം വന്‍കിട പ്ലാന്റര്‍മാര്‍ക്കുണ്ടാകും. മാത്രമല്ല, ചെറുകിട കര്‍ഷകര്‍ എന്തുചെയ്യും. സമ്മിശ്രവിളകള്‍ കൃഷി ചെയ്യുക എന്നത് മാത്രമാണ് ഞാന്‍ കണ്ട ഏക പോംവഴി. പക്ഷേ, അപ്പോഴും പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല.
പുനലൂര്‍ പിറവന്തൂരിലെ മാത്യുവിന്റെ റബര്‍ തോട്ടം
പുനലൂര്‍ പിറവന്തൂരിലെ മാത്യുവിന്റെ റബര്‍ തോട്ടം

ഉദാഹരണത്തിന് എന്റെ തോട്ടത്തിന്റെ അരികില്‍ റിസര്‍വ് ഫോറസ്റ്റാണ്. നൂറുവര്‍ഷം മുന്‍പ് അപ്പാപ്പന്‍ വാങ്ങിയതാണ് ഇത്. വനംവകുപ്പ് ചെയ്ത ചതി അവരാ ഭൂമിയില്‍ മുഴുവന്‍ യൂക്കാലി വച്ച് പിടിപ്പിച്ചു. വെള്ളം മുഴുവന്‍ അതില്ലാതാക്കിയെന്നത് മാത്രമല്ല, വന്യമൃഗങ്ങളുടെ ശല്യവും കൂടി. അടിക്കാട് ഇല്ലാതായതോടെ ജീവികളുടെ സഞ്ചാരവും കൂടി. ഇലക്ട്രിക് ഫെന്‍സിങ്ങിനൊക്കെ വലിയ ചെലവാണ്. അത് പലപ്പോഴും പ്രായോഗികവുമല്ല. ഉല്പാദനച്ചെലവ് ഉയര്‍ന്നതുകൊണ്ട് തന്നെ ചുരുങ്ങിയത് കിലോയ്ക്ക് 200 രൂപയെങ്കിലും കിട്ടാതെ റബര്‍ കൃഷി ലാഭത്തിലാകില്ല. വളത്തിനുള്‍പ്പെടെ എല്ലാത്തിനും വില കൂടി. സ്ലോട്ടര്‍ ടാപ്പിങ്ങിനു ശേഷം മരം കൊടുത്തുകിട്ടിയാല്‍ പ്ലാന്റിങ്ങിനു മുടക്കേണ്ടിവരും. അതായത് ലാഭം അപ്പോഴും റബര്‍കര്‍ഷകന് അകലെയാണ്...പി.എ. മാത്യു പറയുന്നു

മാത്യുവിനെപ്പോലെ ചെറുകിടക്കാരും അല്ലാതെയുമായി 10 ലക്ഷത്തിലധികം റബര്‍ കര്‍ഷകരുണ്ട് കേരളത്തില്‍. ഭൂരിപക്ഷവും രണ്ട് ഏക്കറില്‍ താഴെ കൃഷിയുള്ളവര്‍. മൂന്ന് ലക്ഷത്തിലധികം തൊഴിലാളികളും ഈ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നു. മുന്‍പ്, രാജ്യത്ത് ഉല്പാദിപ്പിക്കുന്ന റബറിന്റെ 90 ശതമാനവും കേരളത്തില്‍ നിന്നായിരുന്നെങ്കില്‍ ഇപ്പോഴത് 75 ശതമാനമായി. റബര്‍ ബോര്‍ഡിന്റെ കണക്ക് അനുസരിച്ച് 2005-2006 കാലയളവില്‍ ഉല്പാദനം 8,02,625 ടണ്‍ ആയിരുന്നു. 2021-ല്‍ അത് 7,75,000 ടണ്ണായി കുറഞ്ഞു.

അനുയോജ്യമായ കാലാവസ്ഥയും മണ്ണുമായിരുന്നതുകൊണ്ട് കേരളത്തിലെ റബറിന്റെ ഗുണമേന്മ കൂടുതലായിരുന്നു. ടാപ്പിങ് രീതിയിലും മലയാളികള്‍ക്കുള്ള വൈദഗ്ധ്യം മറ്റുള്ളവര്‍ക്കുണ്ടായിരുന്നില്ല. എല്ലാ വര്‍ഷവും റബര്‍ വിറ്റ പൈസകൊണ്ട് കാഞ്ഞിരപ്പള്ളിക്കാര്‍ വേള്‍ഡ് ടൂറു നടത്താറുണ്ടായിരുന്നുവെന്നത് പഴയ ഒരു തമാശ. എന്നാല്‍, ഇതൊക്കെ മാറി മറിഞ്ഞു. പുതിയ തലമുറ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറിയതോടെ റബര്‍തോട്ടങ്ങള്‍ മിക്കതും വില്‍ക്കാനിട്ടിരിക്കുന്നു. ആദായവില പോലും ലഭിക്കാത്തതിനാല്‍ പലരും റബര്‍ വെട്ടിമാറ്റി മറ്റു കൃഷികളിലേക്ക് തിരിഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് താങ്ങുവിലയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്തത് ദുരിതം ഇരട്ടിയാക്കി.

സ്വഭാവിക റബര്‍ വിപണിയില്‍നിന്ന് ഏറ്റവുമധികം വാങ്ങുന്നത് ടയര്‍ കമ്പനികളാണ്. ഈ കമ്പനികളാണ് (എം.ആര്‍.എഫ്, സിയറ്റ്, അപ്പോളോ, ജെ.കെ, ബിര്‍ള) വിപണിവില നിയന്ത്രിക്കുന്നതും. ഈ കമ്പനികള്‍ യോജിച്ച് വില കുത്തനെ ഇടിക്കുന്നതാണ് പതിവ്. ലോബിയിങ്ങിലൂടെ ഇറക്കുമതിക്ക് ഈ കമ്പനികള്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. സംസ്ഥാനത്തെ റബര്‍ വാങ്ങാതാകുന്നതോടെ വിലയിടിയും. ആസിയാന്‍ കരാറുള്‍പ്പെടെയുള്ളവ ടയര്‍ കമ്പനികള്‍ക്കു സഹായകരവുമാണ്. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ ടയര്‍ കമ്പനികളാണ് വില നിശ്ചയിക്കുന്നതെന്ന് ചുരുക്കം. വിപണിയിലെ വിലനിയന്ത്രണം നേരായല്ലാത്ത മാര്‍ഗ്ഗത്തിലൂടെ നിശ്ചയിച്ചതിന്റെ പേരില്‍ സി.സി.ഐ ഈ കമ്പനികള്‍ക്കു കനത്തപിഴയും ഈടാക്കിയിട്ടുണ്ട്. പക്ഷേ, ഇതൊന്നും നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിനാകുന്നില്ലെന്നു മാത്രം. കേരളത്തില്‍ മാത്രം ഒതുങ്ങുന്ന വിളയായതുകൊണ്ട് ദേശീയതലത്തില്‍ നാമമാത്രമായ സമ്മര്‍ദ്ദമേ കേന്ദ്രസര്‍ക്കാരിനുമുള്ളൂ. അതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് കമ്പനികള്‍.

മിനിമം വില 150 രൂപ ഉറപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ 2015-ല്‍ സ്ഥിരതാ പദ്ധതി കൊണ്ടുവന്നത്. റബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് സ്‌കീം പ്രകാരം ബോര്‍ഡ് പ്രഖ്യാപിക്കുന്ന വിലയും 150 രൂപയും തമ്മിലുള്ള വ്യത്യാസം കര്‍ഷകര്‍ക്കു നല്‍കുന്നതാണ് ഈ പദ്ധതി. റബര്‍ വില്‍ക്കുമ്പോള്‍ നല്‍കുന്ന ബില്ലും രേഖകളും ആര്‍.പി.എസ് എന്ന റബര്‍ ഉല്പാദകസംഘം വഴി കൃഷി വകുപ്പിലേക്കും റബര്‍ ബോര്‍ഡ് വഴി സര്‍ക്കാരിലേക്കും നല്‍കും. സര്‍ക്കാര്‍ കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ പണമെത്തിക്കും. ഇങ്ങനെയുള്ള സബ്സിഡി വിതരണം ചെയ്തിട്ട് മാസങ്ങള്‍ പിന്നിടുന്നു. പുതിയ അപേക്ഷകള്‍ ഡിസംബര്‍ മുതല്‍ സ്വീകരിക്കുന്നുമില്ല. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 600 കോടി രൂപ വകയിരുത്തിയെങ്കിലും സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഈ സാമ്പത്തിക വര്‍ഷം സബ്സിഡി അനുവദിച്ചിട്ടില്ല. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ 500 കോടി രൂപ വകയിരുത്തിയതില്‍ ഫെബ്രുവരി വരെ 32 കോടി രൂപ മാത്രമാണ് വിതരണം ചെയ്തത്.
റബര്‍ ബോര്‍ഡ് ആസ്ഥാനം
റബര്‍ ബോര്‍ഡ് ആസ്ഥാനംവിക്കിപീഡിയ

ഇല്ലാതാകുന്ന ബോര്‍ഡും

റബറിനു തറവില നിശ്ചയിക്കാനുള്ള അധികാരം റബര്‍ ആക്ട് (1947) പ്രകാരം ബോര്‍ഡിനുണ്ടായിരുന്നു. എന്നാല്‍, പുതിയ ബില്ലില്‍ തറവില നിശ്ചയിക്കാനുള്ള വ്യവസ്ഥ തന്നെ ബില്ലില്‍ മാറ്റി. നിലവില്‍ 20 അംഗങ്ങളുള്ള റബര്‍ ബോര്‍ഡില്‍ പുതിയ ബില്‍ പ്രകാരം 30 അംഗങ്ങളുണ്ടാവും. എന്നാല്‍, കേരളത്തില്‍നിന്ന് നിലവില്‍ എട്ട് അംഗങ്ങളുള്ളത് ആറായി കുറയും. ഭൂരിപക്ഷം അംഗങ്ങളേയും കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യും. ഇതു റബര്‍ ബോര്‍ഡിന്റെ ജനാധിപത്യസ്വഭാവം ഇല്ലാതാക്കുമെന്നാണ് ഭീതി. -കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ ബോര്‍ഡില്‍ അടിച്ചേല്പിക്കാന്‍ ഇടയാക്കുമെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. റബ്ബര്‍ ബോര്‍ഡിന്റെ ആസ്ഥാനം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത്രത്ര വിശ്വസനീയമല്ല. റീജ്യണല്‍ ഓഫീസുകള്‍ പൂട്ടിയതിനു കാരണം റബര്‍ ബോര്‍ഡിന്റെ ജീവനക്കാരേയും ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളേയും കാര്യക്ഷമമായി ഉപയോഗിക്കാനാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. റബര്‍ കയറ്റുമതി, ഇറക്കുമതി എന്നിവയെക്കുറിച്ച് പ്രത്യേകിച്ചും കേന്ദ്രസര്‍ക്കാരിനെ ഉപദേശിക്കാനുള്ള ഉത്തരവാദിത്വം ബോര്‍ഡിനുണ്ടായിരുന്നു. പുതിയ ബില്‍ പ്രകാരം ഈ ഉപദേശം കേന്ദ്രസര്‍ക്കാരിനു വേണമെങ്കില്‍ സ്വീകരിക്കാം, ഇല്ലെങ്കില്‍ തള്ളാം. ഇതോടെ ബോര്‍ഡിന്റെ പ്രസക്തിതന്നെ ഇല്ലാതാകും.

റബര്‍ കൃഷിക്ക് ഇനി ഭാവിയുണ്ടോ? - കര്‍ഷകര്‍ ചോദിക്കുന്നു
'നവകേരള സദസില്‍ പോയത് കാപ്പിയും ചായയും കുടിക്കാനല്ല'; സര്‍ക്കാര്‍ പറഞ്ഞ വാക്ക് പാലിക്കണമെന്ന് ബിഷപ്പ് ജോസഫ് പാംപ്ലാനി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com