

ഡാര്‍ക്ക് റൂമില്‍നിന്നാണ് തുടക്കം. കേരള കൗമുദി കോഴിക്കോട് യൂണിറ്റില്‍നിന്ന് 2018-ല്‍ സ്റ്റാഫ് ഫോട്ടോഗ്രാഫറായി വിരമിച്ച പി.ജെ. ഷെല്ലി, ഡാര്‍ക്ക് റൂം അസിസ്റ്റന്റായി 1983-ലാണ് അവിടെ ചേര്‍ന്നത്.അത് ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകളുടെ കാലഘട്ടം. കോഴിക്കോട്ടെ പ്രശസ്തമായ ബോംബെ സ്റ്റുഡിയോയായിരുന്നു പരിശീലനക്കളരി. 1978-ല്‍ അവിടെ ഫിനിഷിംഗ് ആര്‍ട്ടിസ്റ്റായി. ''അതിനു ബോംബെക്കാരനായ സ്റ്റുഡിയോ ഉടമ ആര്‍.എന്‍. ദാസ് സാറിനോടുള്ള കടപ്പാട് ഏറെ വലുതാണ്. അദ്ദേഹം വളരെ കൃത്യനിഷ്ഠയുള്ളയാളായിരുന്നു.'' വലിയ സ്റ്റുഡിയോ. ഫോട്ടോഗ്രാഫര്‍, ഡാര്‍ക്ക് റൂം അസിസ്റ്റന്റ്, റീട്ടച്ചിംഗ് ആര്‍ട്ടിസ്റ്റ്, എന്‍ലാര്‍ജ്ജ്മെന്റ് വര്‍ക്ക് ചെയ്യുന്നവര്‍, അങ്ങനെ പല വിഭാഗങ്ങളിലായി 12 പേര്‍ അന്ന് അവിടെയുണ്ട്. ''പക്ഷേ, എല്ലാ ജോലിയും പഠിക്കാന്‍ ആരേയും അനുവദിക്കില്ല. എല്ലാം പഠിച്ചാല്‍പ്പിന്നെ സ്വന്തമായി സ്റ്റുഡിയോ തുടങ്ങിയാലോ... അഞ്ച് കൊല്ലംകൊണ്ട് ഞാന്‍ മുതലാളിയറിയാതെ, എല്ലാ മേഖലകളും കൈകാര്യം ചെയ്യാന്‍ പഠിച്ചു- വലിയ എന്‍ലാര്‍ജ്‌മെന്റുകള്‍ പൗഡര്‍ വര്‍ക്ക് ചെയ്ത്, ഫിനിഷിംഗ് ചെയ്യാന്‍ വരെ.''
ഷെല്ലി ഓര്‍ക്കുന്നു; ഡാര്‍ക്ക് റൂം ജോലിചെയ്യുന്ന പ്രഭാകരേട്ടന്‍ അവധിയായ ദിവസം, മെയിന്‍ ഡാര്‍ക്ക് റൂമില്‍ കയറി, തലേദിവസത്തെ എല്ലാ പടങ്ങളും നെഗറ്റീവില്‍ ഒരു മാര്‍ക്കും വീഴാതെ ഡെവലപ്പ് ചെയ്തു. അന്ന് കട്ട് ഫിലിമാണ് ഉപയോഗിക്കുന്നത്. എല്ലാ ദിവസവും സ്റ്റുഡിയോയില്‍ എടുക്കുന്ന ഫോട്ടോകള്‍ ഡെവലപ്പ് ചെയ്തത് കണ്ടിട്ടേ മുതലാളി സെയില്‍സ് സെക്ഷനിലേയ്ക്ക് പോകാറുള്ളൂ. പ്രഭാകരേട്ടന്‍ ലീവാണെന്നു പറഞ്ഞിട്ട്, ആരാണ് ഡാര്‍ക്ക് റൂമിലെന്ന് കൗണ്ടറിലെ രവിയേട്ടനോട് ചോദിക്കുന്നത് കേള്‍ക്കുന്നുണ്ട്. ഏറെ പേടിച്ചാണ് ഡാര്‍ക്ക് റൂം തുറന്നത്. എല്ലാ നെഗറ്റീവും സൂക്ഷ്മമായി നോക്കിയ ശേഷം അദ്ദേഹം പറഞ്ഞു; വളരെ നന്നായി. ഇതൊക്കെ എപ്പോഴാണ് പഠിച്ചത്?
ആയിടയ്ക്കാണ് കേരള കൗമുദിയില്‍ ഡാര്‍ക്ക് റൂം അസിസ്റ്റന്റിനെ ആവശ്യമുണ്ടെന്നുള്ള പരസ്യം കണ്ട്, അപേക്ഷിച്ചത്. തുടക്കത്തില്‍ 250 രൂപയായിരുന്നു ശമ്പളം. സ്റ്റുഡിയോയില്‍ അതില്‍ കൂടുതല്‍ കിട്ടുന്നുണ്ടായിരുന്നു.
തുടക്കക്കാരെയെല്ലാം പ്രോത്സാഹിപ്പിച്ചിരുന്ന പി.ജെ. മാത്യുവായിരുന്നു അക്കാലത്ത് ന്യൂസ് എഡിറ്റര്‍. പി. മുസ്തഫയായിരുന്നു അവിടെ സ്റ്റാഫ് ഫോട്ടോഗ്രഫര്‍. ''പൊതുവാള്‍ജിയും (രാജന്‍ പൊതുവാള്‍) മുസ്തുക്കയും (പി. മുസ്തഫ) ഫോട്ടോഗ്രഫിയില്‍ അന്നത്തെ പുലികളായിരുന്നു. മുസ്തഫ എടുക്കുന്ന ചിത്രങ്ങള്‍ ഡെവലപ്പ് ചെയ്തപ്പോള്‍ ഏറെ കാര്യങ്ങള്‍ പഠിച്ചു.'' പിന്നീട് പീതാംബരന്‍ പയ്യേരി വന്നു. അദ്ദേഹം 'ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സി'ലേക്ക് പോയപ്പോള്‍ ശെല്‍വരാജ് കയ്യൂര്‍ (കയ്യൂര്‍ സമരസേനാനി ചൂരിക്കാടന്‍ കൃഷ്ണന്‍ നായരുടെ മകന്‍. അദ്ദേഹം അകാലത്തില്‍ അന്തരിച്ചു) വന്നു. മൂന്നു പേരുടേയും ചിത്രങ്ങള്‍ മനസ്സിലാക്കാനും പഠിക്കാനും കഴിഞ്ഞു. അവരുടേത് വ്യത്യസ്ത വാര്‍ത്താ ആംഗിളുകള്‍. ഏറ്റവും വലിയ ഭാഗ്യം അവരുടെ ചിത്രങ്ങള്‍ ഡെവലപ്പ് ചെയ്ത് പ്രിന്റടിക്കാന്‍ സാധിച്ചതാണ്.
രാത്രിയിലായിരുന്നു ഡ്യൂട്ടി അധികവും. അതിനിടയില്‍ പ്രസ്സിലെ ക്യാമറാ വിഭാഗത്തിലേയ്ക്ക് മാറ്റം കിട്ടി. പകല്‍ പണിയില്ലാത്തതുകൊണ്ട് കല്യാണ ഫോട്ടോ എടുക്കും. അതിനായി ആദ്യം വാങ്ങിയത് Asahi പെന്റക്‌സ്. പിന്നെ മിനോള്‍ട്ട. ഡിജിറ്റലിലേയ്ക്ക് മാറിയപ്പോള്‍ ഡി-80 വാങ്ങി. പിന്നീട്, പിരിയുന്നതുവരെ, കേരള കൗമുദിയാണ് ക്യാമറകള്‍ തന്നത്.
കോഴിക്കോട് ഫോട്ടോഗ്രാഫറെ നിയമിച്ചിട്ടില്ലല്ലോ. പിന്നെ, ആരാണ് ഈ ഷെല്ലി? ഈയിടെ അന്തരിച്ച മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ബി.സി. ജോജോ സാര്‍ പറഞ്ഞു: ''ഒന്നുകില്‍ എഡിറ്റോറിയല്‍ സ്റ്റാഫാക്കണം. അല്ലെങ്കില്‍, ബൈലൈന്‍ കൊടുക്കരുത്.
ശെല്‍വരാജിന് കണ്ണൂരിലേയ്ക്ക് സ്ഥലംമാറ്റം കിട്ടിയതാണ് ഷെല്ലി ഇരുട്ടില്‍നിന്നു പുറത്തുവരാന്‍ കാരണമായത്. ഒരു ഹര്‍ത്താല്‍ ദിനത്തില്‍ പാളയം സ്റ്റാന്റില്‍ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്ന പടം ഒന്നാംപേജില്‍ പേരോടുകൂടി അടിച്ചുവന്നു - ആദ്യത്തെ ബൈലൈന്‍. പിന്നീട് ബൈലൈനുകളുടെ പ്രവാഹമായിരുന്നു. രാഷ്ട്രീയ നേതാവിന്റെ കോലം കത്തിക്കാനെത്തിയ ആളെ എതിര്‍പക്ഷം മുണ്ടുരിഞ്ഞുവിടുന്ന ചിത്രം ഇപ്പോഴും ഓര്‍ക്കുന്നു. അടിവസ്ത്രം മാത്രം ധരിച്ച്, കൊടി മറയാക്കി ഒളിച്ചിരിക്കുന്ന അയാളുടെ ചിത്രത്തിന് എഴുതിയ അടിക്കുറിപ്പ് ഇതാണ്: കോലം കത്തിക്കാനെത്തി കോലം കെട്ട നിലയില്‍.
''ഇടക്കിടയ്ക്ക് ബൈലൈനുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍, തിരുവനന്തപുരത്തെ പത്രാധിപ സമിതി യോഗത്തില്‍ അത് ചര്‍ച്ചയായി. കോഴിക്കോട് ഫോട്ടോഗ്രാഫറെ നിയമിച്ചിട്ടില്ലല്ലോ. പിന്നെ, ആരാണ് ഈ ഷെല്ലി? ഈയിടെ അന്തരിച്ച മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ബി.സി. ജോജോ സാര്‍ പറഞ്ഞു: ''ഒന്നുകില്‍ എഡിറ്റോറിയല്‍ സ്റ്റാഫാക്കണം. അല്ലെങ്കില്‍, ബൈലൈന്‍ കൊടുക്കരുത്. ആ വര്‍ഷമാണ് എനിക്ക് രാമാനുജന്‍ പുരസ്‌കാരം ലഭിച്ചത്. ഒന്നാംപേജില്‍ ഫോട്ടോ അടക്കം വാര്‍ത്ത വന്നപ്പോള്‍, അന്നത്തെ മാനേജിങ്ങ് എഡിറ്റര്‍ എം.എസ്. ശ്രീനിവാസന്‍ സാര്‍ എനിക്ക് ഫോട്ടോഗ്രഫറായി പ്രൊമോഷനും തന്നു. അടുത്ത കൊല്ലവും അവാര്‍ഡ് ലഭിച്ചതോടെ ഡബിള്‍ പ്രൊമോഷനും കിട്ടി. ഇതിനെല്ലാം കടപ്പെട്ടിരിക്കുന്നത് ജോജോ സാറിനോടാണ്.''
അന്നത്തെ ഡസ്‌ക് ചീഫായിരുന്ന പി.സി. ഹരീഷ്, കോഴിക്കോട്ടെത്തുന്ന മാതാ അമൃതാനന്ദമയി പങ്കെടുക്കുന്ന ചടങ്ങിന്റെ ആറ് കോളം പടം ഒന്നാംപേജില്‍ കൊടുക്കാനുള്ളത് ഡമ്മിയില്‍ മാര്‍ക്ക് ചെയ്ത് കാണിച്ചാണ് പടമെടുക്കാന്‍ അയച്ചത്. ''എന്റെ കയ്യില്‍ വെറും നോര്‍മല്‍ ലെന്‍സ് മാത്രം. മനോരമയില്‍നിന്ന് നാരായണേട്ടനും (ടി. നാരായണന്‍), മാതൃഭൂമിയില്‍നിന്ന് വിശ്വേട്ടനും (പി. വിശ്വനാഥന്‍) വന്നു. രണ്ടും പുലികള്‍. ഞാനാണെങ്കില്‍ തുടക്കക്കാരനും. അവര്‍ക്ക് അന്ന് 28 വൈഡ് ലെന്‍സുണ്ട്.'
ചുവന്ന പരവതാനിയിലൂടെ നടന്നുവരുന്ന അമൃതാനന്ദമയിയെ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരണം നല്‍കുന്നതിന്റെ ചിത്രമെടുത്തു. രണ്ട് കോളത്തില്‍ പോലും കൊടുക്കാന്‍ പറ്റാത്ത ചിത്രങ്ങള്‍... ''ഏറെ നിരാശനായി നില്‍ക്കുമ്പോള്‍, അതാ അമ്മ കോണി കയറിവരുന്നു. ആറ് കോളത്തിലേയ്ക്ക് മാര്‍ക്ക് ചെയ്ത ആളിതാ എന്റെ തൊട്ടു മുന്നില്‍! ഒന്നും ചെയ്യാനില്ല. ക്ലോസപ്പ് ചിത്രംകൊണ്ട് എന്തു പ്രയോജനം? അമ്മയ്ക്ക് പോകാനായി ക്യാമറാ ബാഗ് ഒതുക്കി നിന്നു. പെട്ടെന്ന് എന്റെ വയറില്‍ കെട്ടിപ്പിടിച്ചുകൊണ്ട് അവര്‍ ചോദിച്ചു: മോനെവിടുന്നാ? ഞാന്‍ ചെവിയില്‍ പറഞ്ഞു: കൗമുദി. ''നന്നായി വരും'' എന്ന് പറഞ്ഞ്, അവര്‍ കോണി കയറിപ്പോയി.''
വല്ലാത്ത തിക്കും തിരക്കിനുമിടയിലൂടെ ഭജന നടക്കുന്ന ഹാളില്‍ എത്തി. ഭക്തര്‍ മുഴുവന്‍ മുകളിലേയ്ക്ക് കൈകളുയര്‍ത്തി ''അമ്മേ'' എന്നു നിലവിളിക്കുന്നു. അവര്‍ക്കുമേല്‍ പുഷ്പവൃഷ്ടി. പ്രായമേറിയ ഒരു സ്ത്രീയുടെ ഇരുകണ്ണുകളും നിറഞ്ഞൊഴുകുന്നു. സ്ലോ സ്പീഡില്‍, അവരുടെ ചിത്രങ്ങള്‍ എടുത്തു. പശ്ചാത്തലത്തില്‍ നിറയെ, ഉയര്‍ത്തിയ കരങ്ങള്‍. ''പ്രിന്റടിച്ചത് ഹരീഷിനെ കാണിക്കാന്‍ പേടിയായിരുന്നു. ആ ചിത്രത്തില്‍ അമ്മമാര്‍ ഏറെയുണ്ട്. പക്ഷേ, അമൃതാനന്ദമയി മാത്രമില്ല.''
തോളില്‍ തട്ടിയിട്ട് ഹരീഷ് പറഞ്ഞു; ഇതല്ലേ ചിത്രം! ഇതിലെന്തിനാണ് അമ്മ?
ഫോട്ടോ കണ്ട്, പിറ്റേ ദിവസം ആശ്രമത്തില്‍നിന്നു വിളിച്ച് അഭിനന്ദിച്ചത് ധന്യമായ ഓര്‍മ്മ.
കോട്ടക്കലിനടുത്ത് പൂക്കിപ്പറമ്പില്‍ 41 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന്റെ ഫോട്ടോ എടുത്തത് മറക്കാനാവാത്ത മറ്റൊരു അനുഭവമാണ്.
നിയന്ത്രണംവിട്ട സ്വകാര്യ ബസ് മറിഞ്ഞ്, തീപിടിച്ചും പരിക്കേറ്റുമാണ് മരണങ്ങളുണ്ടായത്. പടം എടുക്കാന്‍ ചെന്നപ്പോള്‍ മൃതദേഹങ്ങളില്‍നിന്നുള്ള രൂക്ഷഗന്ധം മൂക്കിലേക്കടിച്ചു കയറി. ''ചുട്ട കോഴിയുടെ ഗന്ധംപോലെ എന്നു പറയാന്‍ പാടില്ലെങ്കിലും അങ്ങനെയാണ് അനുഭവപ്പെട്ടത്. ഒരാഴ്ച അതിന്റെ രൂക്ഷത മൂക്കിലുണ്ടായിരുന്നു.''
മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വാര്‍ത്തകളും ഫോട്ടോകളും വീണുകിട്ടാറുണ്ട്. എം.ടിയുടെ ചിരിക്കുന്ന പടം കിട്ടാന്‍ പ്രയാസമാണെന്നു പറയാറുണ്ട്. എന്നാല്‍, ഒരിക്കല്‍ എം.ടി. ചിരിക്കുന്ന നല്ല പടം കിട്ടി. അതിന് 'ഭാഗ്യം' എന്നാണ് അടിക്കുറിപ്പ് കൊടുത്തത്. എം.ടിയുടെ അത്തരം ചിത്രം പിന്നെ കിട്ടിയിട്ടില്ല.
വനിതാ പൊലീസും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളും ഒരു പെണ്‍കുട്ടിയെ തങ്ങളുടെ ഭാഗത്തേയ്ക്ക് പിടിച്ചുവലിക്കുന്ന ചിത്രം എടുത്തത് മറ്റൊരു അനുഭവമാണ്. 2004-ല്‍ കോഴിക്കോട് ലോ കോളേജില്‍ എസ്.എഫ്.ഐ നടത്തിയ സമരത്തിനിടെ കഴുത്തില്‍ ഷാള്‍ കുടുങ്ങി ശ്വാസം കിട്ടാതെ വിഷമിക്കുകയായിരുന്ന പെണ്‍കുട്ടിക്കരയുന്ന ചിത്രമാണത്. പടം പത്രത്തിന്റെ എല്ലാ എഡിഷനിലും വന്നപ്പോള്‍, കോഴിക്കോട് ലോ കോളേജില്‍ കയറിയാല്‍ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്ന് എസ്.എഫ്.ഐക്കാര്‍ ഷെല്ലിയെ ഭീഷണിപ്പെടുത്തി.
കൂടത്തായിയില്‍ സി.എം.ഐ സഭ നടത്തുന്ന സ്‌കൂളില്‍ ഇംഗ്ലീഷ്, മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടുതരം ഇരിപ്പടങ്ങള്‍ ഒരുക്കിയത് വെളിച്ചത്ത് കൊണ്ടുവന്ന ചിത്രം പ്രയാസപ്പെട്ടാണ് എടുത്തത്. മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ നിലത്തിരുന്നു പഠിക്കുമ്പോള്‍, ഇംഗ്ലീഷ് മീഡിയംകാര്‍ക്ക് ബെഞ്ചും മറ്റു സൗകര്യങ്ങളും. പടം എടുക്കാന്‍ പ്രചോദനം തന്നത് ഡെസ്‌ക് ചീഫായിരുന്ന യു.കെ. കുമാരനായിരുന്നു. പടം എങ്ങനെ എടുക്കുമെന്ന് ഒരാഴ്ച ആലോചിച്ചു. സ്‌കൂളിനു ചീത്തപ്പേരുണ്ടാക്കുന്ന പടം എടുക്കാന്‍ അധികൃതര്‍ സമ്മതിക്കില്ല.
കൂടത്തായി പ്രാദേശിക ലേഖകനുമായി ബന്ധപ്പെട്ടു. വലിയ ക്യാമറ അടുത്തുള്ള പച്ചക്കറിക്കടയില്‍ ഭദ്രമായി സൂക്ഷിച്ച ശേഷമാണ് സ്‌കൂളില്‍ പോയത്. ചെറിയ ക്യാമറ പോക്കറ്റിലിട്ടിരുന്നു. ഒരു വികസന സപ്ലിമെന്റ് ചെയ്യാന്‍വേണ്ടി വന്നതാണെന്നു പറഞ്ഞു.
''സ്‌കൂളിലെ ഒരു സിസ്റ്ററോടൊപ്പം നടക്കവേ, പ്രാദേശിക ലേഖകന്‍ എന്റെ കാലിലൊന്നു തോണ്ടി. ഉടന്‍, കുട്ടികള്‍ തറയിലിരിക്കുന്ന പടം എടുത്തു.'' 'മലയാളമേ മാപ്പ്' എന്ന ക്യാപ്ഷനോടെയാണ് പടം പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. മുസ്ലിംലീഗ് പ്രശ്‌നം ഏറ്റെടുത്തതോടെ, ഡി.ഡി ഓഫീസ് മാര്‍ച്ചും മറ്റുമായി രംഗം ഇളകിമറിഞ്ഞു. ''അതോടെ ഞാന്‍ സി.എം.ഐ സഭയുടെ ശത്രുവായി മാറി.''
മാങ്കാവില്‍ ഇറങ്ങിയ പുലിയുടെ പടം എടുക്കാന്‍ പോയപ്പോഴുണ്ടായ അനുഭവം രസകരമായിരുന്നു. ഒരു വീടിന്റെ ബാത്ത്റൂമില്‍ ഒളിച്ചിരിക്കുകയായിരുന്നു, പുലി. മുന്‍ഭാഗത്ത് നിന്നാല്‍ പുലിയുടെ പടം കിട്ടാനിടയില്ലെന്നു തോന്നിയതിനാല്‍ പിറകില്‍, അഴുക്കുവെള്ളം സഹിച്ചുനിന്നു. ''പെട്ടെന്ന് പുലി എന്റെ നേര്‍ക്ക് വരുന്നതായി തോന്നി. ഞാന്‍ പിറകോട്ട് നീങ്ങി. പുലിയല്ല, പത്ത് പന്ത്രണ്ട് പൊലീസുകാരാണ് എന്റെമേല്‍ വീണിരിക്കുന്നതെന്നു ബോദ്ധ്യമായി. പുലിയുടെ പടമില്ലെങ്കില്‍ പൊലീസുകാരുടെ പടമെങ്കിലും എടുക്കാന്‍ പറ്റുമോ എന്നപ്പോള്‍ ചിന്തിച്ചു. നോക്കുമ്പോള്‍, ക്യാമറയൊക്കെ എവിടെയോ തെറിച്ചുപോയിരുന്നു.''
മുത്തങ്ങ വനത്തില്‍ ചന്ദനമരം കട്ട് മുറിക്കാതിരിക്കാന്‍ മുള്ളുകമ്പികൊണ്ട് വരിഞ്ഞു മുറുക്കിയതോടെ ഉണങ്ങിപ്പോയ മരങ്ങള്‍, ഇടവഴി അടിച്ചുവാരുമ്പോള്‍ മണ്ണ് തെറിച്ചതിന്റെ പേരില്‍ മര്‍ദ്ദനമേല്‍ക്കേണ്ടിവന്ന വൃദ്ധദമ്പതികള്‍, ഷോക്കേറ്റ് ചത്ത വവ്വാലിന്റെ കാലില്‍ തുങ്ങിക്കിടക്കുന്ന ജീവന്‍ തുടിക്കുന്ന കുഞ്ഞിക്കിളി, പൂര്‍ണ്ണമായും കാഴ്ചശേഷിയില്ലാത്ത കുട്ടിയുടെ ലോംഗ്ജംപ്, കീറിപ്പൊളിഞ്ഞ ജംപിംഗ് പുറ്റില്‍ കൈ ഒടിഞ്ഞുകിടക്കുന്ന മത്സരാര്‍ത്ഥി... അങ്ങനെ എത്രയെത്ര ചിത്രങ്ങള്‍. ''നല്ല നര്‍മ്മബോധവും നിരീക്ഷണപാടവവുമുണ്ടെങ്കില്‍ വ്യത്യസ്തമായ സ്റ്റാന്റ് എലോണ്‍ ചിത്രങ്ങള്‍ എടുക്കാന്‍ എളുപ്പമാണ്.''
താനെടുത്ത ചിത്രങ്ങള്‍കൊണ്ട് ഗുണം കിട്ടിയവരുണ്ടെന്ന് ഷെല്ലി ഓര്‍ക്കുന്നു. വി.എസ്. അച്യുതാനന്ദന്റെ ഭരണകാലത്ത്, കാലാവധി തീരാറായ വനിതാ കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍പ്പെട്ട ഒരു യുവതിയുടെ ചിത്രം ഒന്നാംപേജില്‍ വന്നത് അവരുടെ നിയമനത്തിനു വഴിയൊരുക്കി.
റിപ്പോര്‍ട്ടര്‍മാര്‍ തന്നെ ഫോട്ടോഗ്രാഫര്‍മാരാകുമ്പോള്‍ പിക്ചര്‍ ക്വാളിറ്റിയെ ബാധിക്കുമെന്ന് ഷെല്ലി പറയുന്നു. റിപ്പോര്‍ട്ടറും ഫോട്ടോഗ്രാഫറും രണ്ട് പേര്‍ തന്നെയാകുന്നതാണ് നല്ലത്. ''ക്യാച്ച് വേഡ് കൊണ്ടാണ് ഒരു പടം കൂടുതല്‍ ശ്രദ്ധേയമാകുന്നത്.''
ഡിജിറ്റല്‍ യുഗത്തില്‍, നല്ലപോലെ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് നന്നായി ക്യാമറ ഉപയോഗിക്കാനാവും. മാധ്യമ ജീവിതത്തില്‍ 18 കൊല്ലം ഡാര്‍ക്ക് റൂമില്‍ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ഷെല്ലിയുടെ മനസ്സിലിപ്പോഴും നിറഞ്ഞുനില്‍ക്കുന്നത് ആ ഇരുട്ടും വെളിച്ചവും. ''ക്യാമറയും ടെക്നോളജിയും ഏറെ വികസിച്ചെങ്കിലും എനിക്കിഷ്ടം പഴയകാലത്തെ ഫോട്ടോഗ്രഫിതന്നെയാണ്. നമ്മളെടുത്ത ചിത്രം ഡെവലപ്പ് ചെയ്ത് പ്രിന്റടിക്കുന്നതിന്റെ സുഖം ഒന്നു വേറെതന്നെ. ഇപ്പോള്‍ ഫോട്ടോഗ്രഫി ഒരു വിഷയമേ അല്ലാതായി. നന്നായി മൊബൈലില്‍ പടമെടുക്കുന്നവര്‍ക്ക് ക്യാമറ ഉപയോഗിക്കാനും എളുപ്പമാണ്. അന്നത്തെ കാലത്ത് ഫോട്ടോഗ്രഫി പഠിച്ചവര്‍ക്കു മാത്രമേ ക്യാമറ ഉപയോഗിക്കാന്‍ പറ്റുമായിരുന്നുള്ളു.'' കോഴിക്കോട് ദേവഗിരിയില്‍ താമസിക്കുന്ന ഷെല്ലി വിരമിച്ചശേഷം തബല പഠിക്കുന്നു. ''ആഴ്ചയില്‍ ഒരിക്കലെങ്കിലും ക്യാമറ കയ്യിലെടുക്കാന്‍ ശ്രമിക്കാറുണ്ട്. ''
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates