

സോളാര്‍ കേസില്‍ അന്വേഷണ കമ്മിഷനെ നിയമിച്ചത് 2013 ഒക്ടോബര്‍ 28-ന്. കമ്മിഷന്‍ അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാകട്ടെ, ഏറെക്കുറെ നാലു വര്‍ഷം എടുത്ത് 2017 സെപ്റ്റംബര്‍ 26-നും.യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു രണ്ടു വര്‍ഷം കഴിഞ്ഞ് 2013 ജൂണ്‍ മാസത്തിലാണ് സോളാര്‍ പദ്ധതി സംബന്ധിച്ച ആരോപണങ്ങള്‍ ഉണ്ടാകുന്നത്. ജൂണ്‍ 14-ന് എ.ഡി.ജി.പി എ. ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക സംഘത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. 33 കേസുകളാണ് സംഘം അന്വേഷിച്ചത്. എല്ലാ കേസുകളിലും പ്രതികളെ അറസ്റ്റ് ചെയ്യുകയും സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. വിചാരണ നടത്തി പ്രതികള്‍ കുറ്റക്കാര്‍ എന്നു കണ്ടെത്തി പലതിലും കോടതികള്‍ പ്രതികളെ ശിക്ഷിക്കുകയും ചെയ്തു. പക്ഷേ, 2013 ജൂണ്‍ മൂന്നിന് കേസിലെ മുഖ്യപ്രതി സരിതാ എസ്. നായരുടെ അറസ്റ്റോടുകൂടി എല്‍.ഡി.എഫ് ഇതിനെ രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു. നിയമസഭയ്ക്ക് അകത്തും പുറത്തും ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം ഭരണപ്രതിസന്ധി സൃഷ്ടിച്ചു. സെക്രട്ടറിയേറ്റ് വളയലും രാപകല്‍ സമരവും ഒക്കെയായി പ്രതിഷേധത്തിന്റെ മൂര്‍ച്ചകൂട്ടി. വൈകാതെ പ്രതിപക്ഷത്തിന്റെ ആക്രമണം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിച്ചു. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യവുമായി പ്രതിപക്ഷം സമരം ശക്തിപ്പെടുത്തുകയായിരുന്നു.
അന്വേഷണവിഷയം
സമരം തീര്‍ക്കാനുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് സോളാര്‍ തട്ടിപ്പും അനുബന്ധ സാമ്പത്തിക ഇടപാടും സംബന്ധിച്ച് വസ്തുതാന്വേഷണം നടത്താന്‍ അന്വേഷണ കമ്മിഷനെ നിയമിക്കാന്‍ 2013 ഓഗസ്റ്റ് 16-ന് മന്ത്രിസഭായോഗം തീരുമാനിച്ചു. കമ്മിഷന്‍ ഓഫ് എന്‍ക്വയറി നിയമമനുസരിച്ച് ആറ് വിഷയങ്ങള്‍ അടങ്ങിയ അന്വേഷണത്തിനാണ് ഉത്തരവായത്.
നിയമസഭയ്ക്കകത്തും പുറത്തും ഉയര്‍ന്ന സോളാര്‍ ആരോപണങ്ങളില്‍ എന്തെങ്കിലും അടിസ്ഥാനം ഉണ്ടോ? ഉണ്ടെങ്കില്‍ ആരാണ് ഉത്തരവാദികള്‍?
സോളാര്‍ ഇടപാടില്‍ സര്‍ക്കാരിനു സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കില്‍ എത്ര? അത് ഒഴിവാക്കാമായിരുന്നുവോ? ഉത്തരവാദികള്‍ ആര്?
ആരോപിക്കപ്പെടുന്ന ഇടപാടുകളില്‍ ആരോപണവിധേയമായ കമ്പനിക്കോ വ്യക്തികള്‍ക്കോ വേണ്ടി സര്‍ക്കാര്‍ എന്തെങ്കിലും ഉത്തരവുകള്‍ പാസ്സാക്കിയോ?പാസ്സാക്കിയെങ്കില്‍ അതുവഴി സര്‍ക്കാരിനു സാമ്പത്തിക നഷ്ടം ഉണ്ടായോ? ഉണ്ടായെങ്കില്‍ എത്ര? ഉത്തരവാദികള്‍ ആര്?
സോളാര്‍ തട്ടിപ്പിലും അനുബന്ധ സാമ്പത്തിക ഇടപാടുകളിലും ഉള്‍പ്പെട്ടവരുമായി ബന്ധപ്പെട്ട 2006 മുതല്‍ ഇതേവരെ ഉയര്‍ന്നുവന്നിട്ടുള്ള പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ ആരെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടോ?
തെറ്റായ വാഗ്ദാനം നല്‍കി പ്രതികള്‍ ജനങ്ങളെ കബളിപ്പിച്ചെങ്കില്‍ അവര്‍ക്കെതിരെ നടപടിക്ക് നിലവിലുള്ള നിയമം പര്യാപ്തമാണോ? പര്യാപ്തമല്ലെങ്കില്‍ അതിലേയ്ക്ക് നിയമനിര്‍മ്മാണം നടത്തുന്നതിലേക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെ?
സോളാര്‍ തട്ടിപ്പില്‍ തുക നഷ്ടപ്പെട്ടവര്‍ക്ക് അതു തിരിച്ചുകിട്ടുന്നതിനു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍?
അന്വേഷണത്തിനായി സിറ്റിംഗ് ജഡ്ജിയുടെ സേവനം സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി വിധി ഉദ്ധരിച്ചുകൊണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അതു നിരാകരിച്ചു. ഇതിനെത്തുടര്‍ന്നാണ് റിട്ട. ജസ്റ്റിസ് ശിവരാജനെ അന്വേഷണ കമ്മിഷനായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടത്.
ഒരു കൊല്ലത്തിനുശേഷം ഒരു വെളിപാടുണ്ടായതുപോലെ കമ്മിഷന്‍ സ്വമേധയ ഒരു പ്രഖ്യാപനം നടത്തി. ആരോപണങ്ങള്‍ എന്തൊക്കെയാണെന്നു കണ്ടെത്തേണ്ട ഉത്തരവാദിത്വം കമ്മിഷനു തന്നെ. അതു പ്രകാരം മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ പഴ്സണല്‍ സ്റ്റാഫിനേയും മറ്റും സോളാര്‍ പ്രതികളുമായി ബന്ധിപ്പിക്കുന്നതാണ് അന്വേഷണ വിഷയങ്ങളുടെ അന്തസ്സത്ത എന്നും ശരിയായ രീതിയില്‍ അന്വേഷിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്നും ചൂണ്ടിക്കാട്ടി കമ്മിഷന്‍ ഒരു ചുവട് മുന്നോട്ടുവെച്ചു. മുഖ്യപ്രതിയുടെ ഫോണ്‍രേഖകള്‍ പ്രകാരം അവരുമായി മന്ത്രിമാര്‍ക്കും അവരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കും കേന്ദ്രമന്ത്രിക്കും കേരള നിയമസഭയിലെ എം.എല്‍.എമാര്‍ക്കും ബന്ധമുണ്ടെന്ന് കമ്മിഷന്‍ പ്രഖ്യാപിച്ചു. ഇതിന്റെ പേരില്‍ കമ്മിഷന്‍ നടപടികള്‍ തടസ്സപ്പെടുത്താന്‍ സര്‍ക്കാര്‍ മുതിര്‍ന്നില്ല. എന്നുമാത്രമല്ല, കമ്മിഷനുമായി പൂര്‍ണ്ണമായി സഹകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 17 മണിക്കൂര്‍ കമ്മിഷനു മുന്നില്‍ ഇരുന്നുകൊടുത്തു.
സരിത ജയിലില്‍ കിടക്കുമ്പോള്‍ പ്രസവിച്ച കുഞ്ഞിന്റെ പിതാവ് ആരാണെന്നു കണ്ടെത്തിയോ എന്നുപോലും കമ്മിഷന്‍ അന്വേഷണ ഉദ്യോഗസ്ഥനോടു ചോദിച്ചു. അത് അന്വേഷണ കമ്മിഷന്റെ പരിഗണനയില്‍ വരുന്ന കാര്യമല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മറുപടി കമ്മിഷനു രസിച്ചില്ല.
കമ്മിഷന്റെ തമാശ
2015 ജനുവരി 12-നു മൊഴിയെടുക്കാന്‍ തുടങ്ങിയ കമ്മിഷന്‍ രണ്ടു വര്‍ഷം പ്രക്രിയ തുടര്‍ന്നു. റിപ്പോര്‍ട്ട് നല്‍കിയത് പിന്നെയും രണ്ടു വര്‍ഷവും ഏഴു മാസവും കഴിഞ്ഞ്.
കമ്മിഷന്‍ സിറ്റിങ്ങിനിടയില്‍ നിരവധി ബാലിശമായ പരാമര്‍ശങ്ങള്‍ ഉണ്ടായി. സരിത ജയിലില്‍ കിടക്കുമ്പോള്‍ പ്രസവിച്ച കുഞ്ഞിന്റെ പിതാവ് ആരാണെന്നു കണ്ടെത്തിയോ എന്നുപോലും കമ്മിഷന്‍ അന്വേഷണ ഉദ്യോഗസ്ഥനോടു ചോദിച്ചു. അത് അന്വേഷണ കമ്മിഷന്റെ പരിഗണനയില്‍ വരുന്ന കാര്യമല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മറുപടി കമ്മിഷനു രസിച്ചില്ല.
സര്‍ക്കാര്‍ നിശ്ചയിച്ച അന്വേഷണവിഷയങ്ങള്‍ പലതും അവഗണിച്ച കമ്മിഷന്‍ പരാതിക്കാരിയുടെ കത്തിലെ അശ്ലീല പരാമര്‍ശങ്ങളെക്കുറിച്ച് മാത്രമായി അന്വേഷണം ചുരുക്കി. കത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന ജയില്‍മേധാവിയായിരുന്ന ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ്, അന്വേഷണസംഘത്തിന്റെ മേധാവിയായിരുന്ന എ.ഡി.ജി.പി ഹേമചന്ദ്രന്‍ എന്നീ ഉദ്യോഗസ്ഥരുടെ മൊഴി അവഗണിച്ചു.
കുറ്റാരോപിതയായ സ്ത്രീ എഴുതിയതായി പറയുന്ന കത്ത് ഹാജരാക്കാന്‍ കമ്മിഷന്‍ നല്‍കിയ ഉത്തരവ് ബാലിശമാണെന്നു നിരീക്ഷിച്ച ഹൈക്കോടതി പിന്നീട് നിയമപരമായിട്ടല്ലാതെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ കത്തും അതിന്മേല്‍ കമ്മിഷന്‍ നടത്തിയ തീര്‍പ്പും റദ്ദാക്കുകയായിരുന്നു.
കുറ്റാരോപിതയുടെ നീക്കങ്ങള്‍ സംശയാസ്പദമാണെന്ന് ഒരു ഘട്ടത്തില്‍ പറഞ്ഞ കമ്മിഷന്‍ അതിന്റെ ആധികാരികതപോലും ബോധ്യപ്പെടാതെ ആ കത്തിന് ഏറ്റവും വിലപിടിപ്പുള്ള തെളിവാക്കുകയായിരുന്നു. നിരവധി തട്ടിപ്പ് കേസുകളില്‍ കുറ്റാരോപിതനായ പ്രതി ബിജു രാധാകൃഷ്ണന്റെ മൊഴി വിശ്വസിച്ച് അവരുടെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട സി.ഡിക്കുവേണ്ടി ഒരു പകലും രാവും കോയമ്പത്തൂര്‍ വരെ നടത്തിയ അപഹാസ്യമായ യാത്രയെ ജനം പരിഹസിച്ചു. അത് കമ്മിഷനും പൊലീസിനും മാധ്യമങ്ങള്‍ക്കും നാണക്കേടായി. എന്നിട്ടും സി.ഡി പിടിച്ചെടുക്കല്‍ ശ്രമം മാധ്യമങ്ങളും പൊലീസും ചേര്‍ന്നു പരാജയപ്പെടുത്തിയെന്നാണ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. സരിതയുടെ മറ്റെല്ലാ വാക്കുകള്‍ക്കും വിശ്വാസ്യത കല്പിച്ചിട്ടും അങ്ങനെ ഒരു സി.ഡി ഇല്ലെന്ന് സരിത പലവട്ടം പറഞ്ഞത് കമ്മിഷന്‍ മുഖവില എടുത്തില്ല.
സരിത അന്നു പറഞ്ഞത്: ''ബിജു രാധാകൃഷ്ണന്‍ പറഞ്ഞ സി.ഡി എന്നൊരു സംഭവം, അങ്ങനെയൊരു സംഭവം ഇല്ല. നടക്കാത്ത കാര്യം. അങ്ങനെയൊരു സംഭവം ഉണ്ടാകില്ല. എന്റെ അച്ഛന്റെ പ്രായമുള്ള മനുഷ്യന്‍. നമ്മുടെയെല്ലാം പിതൃതുല്യന്‍. ഇല്ലാത്ത കാര്യം മാനസികമായി എനിക്ക് ഒത്തിരി വിഷമം ഉണ്ടാക്കിയിട്ടുണ്ട്.''
നിലവിലുള്ള സര്‍ക്കാര്‍ മാറുന്നതുവരെ കമ്മിഷന്‍ മെല്ലെപ്പോക്ക് നടത്തിയശേഷമാണ് ഒടുവില്‍ പുതിയ സര്‍ക്കാര്‍ വന്നശേഷം ആ സര്‍ക്കാരിനു മുന്നില്‍ റിപ്പോര്‍ട്ട് നല്‍കിയത്. മെല്ലപ്പോക്കിനിടയില്‍ കമ്മിഷനും ബാര്‍ മാഫിയയ്ക്കും ഇടയില്‍ പ്രവര്‍ത്തിച്ച തങ്കച്ചന്‍ എന്നൊരു പേര് സജീവമായുണ്ട്. സര്‍ക്കാര്‍ മാറിയപ്പോള്‍ പലതും മാറി. പലരും കാലുമാറി. എല്ലാത്തിനും ഒടുവില്‍ കമ്മിഷന്റെ നടത്തിപ്പിനു ചെലവായ നാലു കോടി രൂപയാണ് സോളാര്‍ തട്ടിപ്പുകളിലൂടെ സര്‍ക്കാരിന് ഉണ്ടായ നഷ്ടം എന്ന പരിഹാസ്യമായ കണ്ടെത്തല്‍ എല്ലാമൊരു പ്രഹസനമാക്കി. ഇതെല്ലാം കൂടി എഴുതിച്ചേര്‍ത്ത കമ്മിഷന്‍ റിപ്പോര്‍ട്ട് ഒരു കോമഡിയായി.
അച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്തും തട്ടിപ്പ്
അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്നു നിക്ഷേപങ്ങള്‍ സ്വീകരിച്ച് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് 14 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, ആറു കേസുകളില്‍ മാത്രമാണ് കുറ്റപത്രം നല്‍കിയത്. എട്ടു കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകപോലും ഉണ്ടായില്ല. അക്കാലത്ത് ഇരുവരും ചേര്‍ന്നു കോടികള്‍ പലരില്‍നിന്നായി തട്ടിയെടുത്തു എന്നാണ് പരാതി. ഇതില്‍ ഒരു രൂപപോലും നിക്ഷേപകര്‍ക്ക് മടക്കിക്കൊടുത്തിട്ടില്ല. ഇതൊന്നും പക്ഷേ, അന്വേഷണ കമ്മിഷന്‍ അന്വേഷിച്ചില്ല. അന്വേഷിച്ചത് ഉമ്മന്‍ ചാണ്ടിയേയും സരിതയേയും ചുറ്റിപ്പറ്റി മാത്രം. കമ്മിഷന്‍ 214 സാക്ഷികളെ വിസ്തരിച്ചു. 820 പ്രമാണങ്ങള്‍ അടയാളപ്പെടുത്തി. ആകെ എഴുതിയ നാലു വാല്യങ്ങളില്‍ മൂന്നും കുറ്റാരോപിതയായ സ്ത്രീയുടെ മാത്രം മൊഴിയെ ആശ്രയിച്ചിട്ടുള്ളത്.
കമ്മിഷന്‍ റിപ്പോര്‍ട്ടിന് ആധാരമാക്കിയ 25 പേജുള്ള സരിതയുടെ കത്താണ് സംശയ നിഴലില്‍ നില്‍ക്കുന്നത്. റിട്ട്. ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് ഉള്‍പ്പെടെ മൂന്നു പ്രമുഖ ഉദ്യോഗസ്ഥരുടെ സാക്ഷിമൊഴി പ്രകാരം പത്തനംതിട്ട ജയിലില്‍ തയ്യാറാക്കി പുറത്തുവിട്ട കത്തിന് 21 പേജ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതു പിന്നീട് സി.ബി.ഐ അന്വേഷണത്തിലും സ്ഥിരീകരിച്ചു. അലക്‌സാണ്ടര്‍ ജേക്കബ് ഉള്‍പ്പെടെ കണ്ട കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല എന്നും മൊഴിയില്‍ ഉണ്ട്. അപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടേത് ഉള്‍പ്പെടെയുള്ള പേരുകള്‍ പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നു വ്യക്തം. എന്നാല്‍, ഈ തെളിവുകളൊക്കെ കമ്മിഷന്‍ അവഗണിച്ചു. റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തു വയ്ക്കാതെ സംശയത്തിന്റെ പുകമറ സൃഷ്ടിക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിച്ചത്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2017 നവംബര്‍ എട്ടിന് സര്‍ക്കാര്‍ ഒരു അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഒരുവശത്ത് കമ്മിഷന്റെ അന്വേഷണവിഷയങ്ങളില്‍പ്പെടാത്ത ഇക്കിളി കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട്. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ഒരു അന്വേഷണം. ഇതിന്റെ രാഷ്ട്രീയ താല്പര്യം മനസ്സിലാക്കി ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തു. എന്നാല്‍, ലക്ഷങ്ങള്‍ വാരിയെറിഞ്ഞു സര്‍ക്കാര്‍ ചെലവില്‍ ഡല്‍ഹിയില്‍നിന്ന് അഭിഭാഷകരെ വരുത്തിയാണ് ഉമ്മന്‍ ചാണ്ടിയുടെ കേസിനെ നേരിട്ടത്. എന്നിട്ടും കേസില്‍ സര്‍ക്കാര്‍ തോറ്റു.
ഈ കേസിലെ ഹൈക്കോടതി വിധിയാണ് ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ പൊള്ളത്തരവും പിണറായി സര്‍ക്കാരിന്റെ രാഷ്ട്രീയ താല്പര്യവും വെളിവാക്കിയത്. സരിതയുടെ കത്തിന്റെ ഉള്ളടക്കം ഉപയോഗിച്ചത് നിയമവിരുദ്ധമാണെന്നു പറഞ്ഞ് ഹൈക്കോടതി കത്തിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ നടത്തിയ പരാമര്‍ശങ്ങളും ശുപാര്‍ശകളും അഭിപ്രായങ്ങളും തെറ്റാണെന്നും എതിര്‍കക്ഷിയുടെ മൗലിക അവകാശങ്ങള്‍ ഹനിക്കുന്നതാണെന്നും തന്മൂലം നിയമവിരുദ്ധമാണെന്നും പ്രഖ്യാപിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇറക്കിയ പത്രക്കുറിപ്പും നടത്തിയ പത്രസമ്മേളനങ്ങളും സ്വീകരിച്ച നടപടികളും റദ്ദാക്കുന്നതായും കോടതി പ്രഖ്യാപിച്ചു. അവിടംകൊണ്ടും അവസാനിച്ചില്ല. റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയ സരിതയുടെ കത്ത് തന്നെ റിപ്പോര്‍ട്ടില്‍നിന്ന് കോടതി നീക്കം ചെയ്തു. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടികളും വീണ്ടും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ചുരുക്കത്തില്‍ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ ഉണ്ടായ ഹൈക്കോടതിയുടെ ഇടപെടല്‍ റിപ്പോര്‍ട്ടിന്റെ പ്രസക്തിതന്നെ ഇല്ലാതാക്കി.
ഒടുവില്‍ എന്തു സംഭവിച്ചു? എഫ്.ഐ.ആര്‍ തയ്യാറാക്കുന്നതിനപ്പുറം കേസ് നീങ്ങിയില്ല. കേരള പൊലീസിന്റെ അന്വേഷണം വഴിമുട്ടിയതോടെ അണിയറയില്‍ അടുത്ത കരുനീക്കം ആരംഭിച്ചു.?
സര്‍ക്കാരിന്റെ എല്ലാ അന്വേഷണങ്ങളുടേയും കാറ്റഴിച്ചുവിട്ട ഹൈക്കോടതി വിധിയെ ഡിവിഷന്‍ ബഞ്ചിലോ സുപ്രീംകോടതിയിലോ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനു ധൈര്യമുണ്ടായില്ല.
പിന്നീട് നടന്നത് വ്യക്തിഹത്യയ്ക്കുള്ള ഗൂഢാലോചന. സരിത എസ്. നായര്‍ പുതിയൊരു പരാതിയുമായി മുഖ്യമന്ത്രിയെ സമീപിക്കുന്നു. മുഖ്യമന്ത്രി ആ പരാതി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു കൈമാറുന്നു. സോളാര്‍ കേസ് ഉണ്ടായി നാലു വര്‍ഷത്തിനുശേഷം ഉമ്മന്‍ ചാണ്ടിക്കെതിരെ ബലാത്സംഗ ആരോപണം പ്രതി ഉയര്‍ത്തുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ പരാതിക്കാരിയെ പ്രകൃതിവിരുദ്ധ ലൈംഗിക ചൂഷണത്തിനു വിധേയയാക്കി എന്നായിരുന്നു പരാതി. ഈ പരാതി അന്വേഷിക്കാന്‍ ഒരു ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിക്കുന്നു. എന്നാല്‍, രണ്ട് ഡി.ജി.പിമാരുടെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പരാതി കളവാണെന്നു തെളിഞ്ഞു. പരാതിക്കാരി ഉമ്മന്‍ ചാണ്ടിയെ കണ്ടു എന്നു പറയുന്ന ദിവസവും സമയവും അനുസരിച്ച് പരാതിക്കാരി അന്ന് ക്ലിഫ് ഹൗസില്‍ എത്തിയതിനു തെളിവില്ല. കാര്‍ ഡ്രൈവര്‍ മുതല്‍ പാറാവുകാരന്‍ വരെ പരാതിക്കാരി ഹാജരാക്കിയ ഒരു സാക്ഷിയും പരാതിക്കാരിയെ തുണച്ചില്ല.
ഒടുവില്‍ എന്തു സംഭവിച്ചു? എഫ്.ഐ.ആര്‍ തയ്യാറാക്കുന്നതിനപ്പുറം കേസ് നീങ്ങിയില്ല. കേരള പൊലീസിന്റെ അന്വേഷണം വഴിമുട്ടിയതോടെ അണിയറയില്‍ അടുത്ത കരുനീക്കം ആരംഭിച്ചു.?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
