

2019 ഓഗസ്റ്റ് മുതല്‍ യു.എസ്സിലേയ്ക്കുള്ള ഇന്ത്യന്‍ കടല്‍ച്ചെമ്മീനുകളുടെ കയറ്റുമതിക്ക് ആ രാജ്യം നിരോധനം ഏര്‍പ്പെടുത്തിയത് ഇന്ത്യയില്‍ മത്സ്യബന്ധനത്തെ ആശ്രയിച്ചുമാത്രം ജീവിക്കുന്ന നിരവധി മനുഷ്യരെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇന്ത്യന്‍ മത്സ്യബന്ധന മേഖലയിലെ അനിയന്ത്രിതമായ മത്സ്യബന്ധന രീതികള്‍ വംശനാശഭീഷണി നേരിടുന്ന കടലാമകളെ മുറിവേല്‍പ്പിക്കുന്നതിനും ട്രോള്‍വലകളുടെ ഉപയോഗം അവയെ പൂര്‍ണ്ണമായ നാശത്തിലേയ്ക്ക് തള്ളിവിടുമെന്നും ആരോപിച്ചാണ് യു.എസില്‍ ഇന്ത്യന്‍ കടല്‍ച്ചെമ്മീന്‍ നിരോധിച്ചിട്ടുള്ളത്. നിരോധനം ഇതിനകം ഇന്ത്യന്‍ ചെമ്മീന്‍ കയറ്റുമതിയെ സാരമായി ബാധിച്ചുവെന്ന് കയറ്റുമതിക്കാരും മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ തകര്‍ത്തെറിഞ്ഞെന്ന് മത്സ്യത്തൊഴിലാളി സംഘടനകളും ചൂണ്ടിക്കാട്ടുന്നു. ചെമ്മീനുകളേയും മറ്റു മത്സ്യങ്ങളേയും പിടികൂടുന്നതിനിടയില്‍ കടലാമകള്‍ക്ക് വംശനാശം വരാതിരിക്കാനുള്ള നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ട്രോള്‍ വലകളില്‍ ടര്‍ട്ടില്‍ എക്‌സ്ട്രൂഡര്‍ ഡിവൈസുകള്‍ (TED) സ്ഥാപിക്കാനുള്ള പദ്ധതി ഇതിനകം തന്നെ പ്രാവര്‍ത്തികമാക്കാനുള്ള സന്നദ്ധത ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധ സ്ഥാപനങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും നിരവധി കാരണങ്ങളാല്‍ ഈ നീക്കത്തോടു യോജിക്കാന്‍ മത്സ്യബന്ധന സമൂഹം ഇതുവരേയും തയ്യാറായിട്ടില്ല. ലോകവ്യാപാര സംഘടന കരാറുകളിലെ നിബന്ധനകളെ കാറ്റില്‍പ്പറത്തിയും ലംഘിച്ചും ആഭ്യന്തര വിപണിയിലെ ചെമ്മീന്‍ വ്യാപാര ലോബിയുടെ താല്പര്യ സംരക്ഷണാര്‍ത്ഥമാണ് യു.എസ് ഈ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അവര്‍ ആരോപിക്കുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങളിലെ വിപണി തുറന്നിട്ടു കൊടുക്കാന്‍ നിര്‍ബ്ബന്ധം പിടിക്കുന്ന യു.എസ് തങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദകരെ തുറന്ന വിപണി മത്സരത്തില്‍നിന്നും സംരക്ഷിച്ചു നിര്‍ത്താന്‍ പരിസ്ഥിതി സംരക്ഷണ നിയമങ്ങളടക്കമുള്ളവ ദുരുപയോഗം ചെയ്യുകയാണ്.
യു.എസിലെ ചെമ്മീന്‍ ഉല്പാദകരുടെ പ്രധാന സംഘടനയായ സതേണ്‍ ഷ്‌റിംപ് അലയന്‍സിന്റെ സങ്കുചിത സാമ്പത്തിക താല്പര്യങ്ങളാണ് ഇപ്പോഴത്തെ നിരോധനത്തിന്റെ പിറകിലെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. നിരോധനത്തെത്തുടര്‍ന്ന് അമേരിക്കയിലേക്ക് ചെമ്മീന്‍ കയറ്റുമതി ചെയ്തിരുന്ന കൊച്ചിന്‍ ഫ്രോസണ്‍പോലുള്ള ചില സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയെന്ന വാര്‍ത്തയും മാദ്ധ്യമങ്ങളില്‍ വന്നിരുന്നു. നിരോധനത്തെത്തുടര്‍ന്ന് മറ്റു പല സ്ഥാപനങ്ങളും പ്രതിസന്ധിയിലാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. നമ്മുടെ ആഭ്യന്തര വിപണിയേയും യു.എസ് കടല്‍ച്ചെമ്മീനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പ്രതികൂലമായി ബാധിച്ചിരിക്കുന്നു. അടുത്തിടെവരെ കിലോയ്ക്ക് 200 രൂപ നിരക്കില്‍ ലഭിച്ചിരുന്ന പൂവാലന്‍ ചെമ്മീന്‍ ഇപ്പോള്‍ 80 രൂപയ്ക്ക് ലഭ്യമാണ്. കാര, നാരന്‍, തെള്ളി തുടങ്ങിയ ഇനങ്ങള്‍ക്കും കുത്തനെ വിലയിടിഞ്ഞിരിക്കുകയാണ്. ഉക്രൈന്‍ യുദ്ധവും ഇസ്രയേല്‍ അധിനിവേശത്തെത്തുടര്‍ന്നുള്ള ചെങ്കടല്‍ ഉപരോധവും ഇതിന് ആക്കം കൂട്ടിയിട്ടുമുണ്ട്. വിവിധ ഉല്‍പ്പാദക വിഭാഗങ്ങളെ ഒട്ടാകെയാണ് ഈ പ്രതിസന്ധി ബാധിച്ചിരിക്കുന്നത്.
ഫുഡ് സേഫ്റ്റി മോഡേണൈസേഷന്‍ ആക്ടി(എഫ്.എസ്.എം.എ-2026)ലെ മാനദണ്ഡങ്ങള്‍ ആണ് സമുദ്രോല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിയെ സാരമായി ബാധിക്കാനിരിക്കുന്ന മറ്റൊന്ന്.
അതേസമയം, ചെമ്മീന്‍ കയറ്റുമതിയിലെ നിരോധനത്തില്‍ മാത്രം തീരാന്‍ പോകുന്നില്ല മത്സ്യബന്ധന മേഖലയില്‍ ജീവിതം കണ്ടെത്തുന്നവരുടെ വരുമാനത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ എന്നും വിദഗ്ദ്ധരും തൊഴിലാളി സംഘടനകളും ചൂണ്ടിക്കാട്ടുന്നുണ്ട്. 2026 മുതല്‍ യു.എസ് ഗവണ്‍മെന്റ് നടപ്പാക്കാനിരിക്കുന്ന സമുദ്ര സസ്തനി സംരക്ഷണനിയമം (Marine Mammals Protection Act) ഇന്ത്യന്‍ സമുദ്രബന്ധന മേഖലയ്ക്കു കൂടുതല്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സമുദ്രത്തിലെ സസ്തനികളെ സംരക്ഷിക്കുന്നതിന് 1972-ല്‍ നിലവില്‍ വന്നതാണ് ഈ ആക്ട്. യു.എസ് വിപണിയിലേയ്ക്ക് കടല്‍വിഭവങ്ങള്‍ കയറ്റുമതിചെയ്യുന്ന എല്ലാ രാജ്യങ്ങളും നിയമത്തിനു കീഴിലുള്ള നിര്‍ദ്ദിഷ്ട 'മറൈന്‍ ബൈകാച്ച്' (അബദ്ധവശാല്‍ പിടിക്കപ്പെടുന്ന സമുദ്രജീവികളെ സംബന്ധിച്ച) മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് സമുദ്ര സസ്തനി സംരക്ഷണ നിയമം. ഡോള്‍ഫിനുകള്‍, തിമിംഗലങ്ങള്‍, മറ്റു കടല്‍ സസ്തനികള്‍ എന്നിവ പലപ്പോഴും മത്സ്യബന്ധന വലകളില്‍ കുടുങ്ങുന്നതോ കുടുങ്ങുന്നവയെ കൊല്ലുകയോ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയോ ചെയ്യുന്നതോ തടയുകയാണ് നിയമം മുന്നോട്ടുവെയ്ക്കുന്ന മാനദണ്ഡങ്ങള്‍ ലക്ഷ്യമിടുന്നത്. ഈ ആക്ട് മുന്‍നിര്‍ത്തി ഇന്ത്യന്‍ സമുദ്രവിഭവങ്ങള്‍ക്കുമേല്‍ നിരോധനം ഏര്‍പ്പെടുത്താന്‍ യു.എസ് തുനിയുന്നതിന്റെ പശ്ചാത്തലത്തില്‍ 18 ഇനം ഡോള്‍ഫിനുകള്‍, ആറിനം തിമിംഗലങ്ങള്‍ ഉള്‍പ്പെടെ 30 ഇനം കടല്‍ സസ്തനികളെക്കുറിച്ച് പഠിക്കുന്നതിനും കണക്കുകള്‍ ശേഖരിക്കുന്നതിനുമുള്ള നടപടികള്‍ കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും (സി.എം.എഫ്.ആര്‍.ഐ) ഫിഷറീസ് സര്‍വ്വേ ഓഫ് ഇന്‍ഡ്യയും ആരംഭിച്ചിട്ടുണ്ടെന്നും അറിയുന്നു.
ഫുഡ് സേഫ്റ്റി മോഡേണൈസേഷന്‍ ആക്ടി(എഫ്.എസ്.എം.എ-2026)ലെ മാനദണ്ഡങ്ങള്‍ ആണ് സമുദ്രോല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിയെ സാരമായി ബാധിക്കാനിരിക്കുന്ന മറ്റൊന്ന്. ഇതുപ്രകാരം യു.എസിലേയ്ക്ക് കയറ്റുമതി ചെയ്യപ്പെടുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാനായി യു.എസ് ഉല്‍പ്പാദകരുടെ അതേ നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ ഇന്ത്യന്‍ ഉല്പാദകരും പാലിക്കേണ്ടതുണ്ട്. യു.എസ് ഭക്ഷ്യസുരക്ഷാ നയത്തില്‍ കാര്യമായ മാറ്റം അടയാളപ്പെടുത്തുന്ന ഒന്നാണ് എഫ്.എസ്.എം.എ എന്നും ഭക്ഷ്യമേഖലയില്‍ യു.എസും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ ഉള്‍പ്പെടെ ആഗോള വ്യാപാരരംഗത്ത് ഇന്ത്യയുടെ നിലവിലുള്ള സ്ഥിതിക്ക് തിരിച്ചടിയാകും ഇതെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുപ്രകാരം യു.എസിലേക്കുള്ള കയറ്റുമതി ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ഭക്ഷ്യോല്പാദകര്‍ അവരുടെ ഉല്പന്നങ്ങളുടെ ഉറവിടങ്ങള്‍ സംബന്ധിച്ച വിവരങ്ങളുടെ രേഖകള്‍ (Traceability records) നിര്‍ബ്ബന്ധമായും യു.എസ് അധികൃതര്‍ക്ക് കൈമാറേണ്ടതുണ്ട്. ഇതും ഇന്ത്യന്‍ മത്സ്യബന്ധനമേഖലയെ സാരമായി ബാധിക്കുമെന്ന് മത്സ്യത്തൊഴിലാളികളും ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവരും ആശങ്കപ്പെടുന്നു.
2019 മുതല്‍ ഇന്ത്യന്‍ സമുദ്ര മത്സ്യബന്ധന മേഖലയില്‍നിന്നുള്ള എല്ലാ ഭക്ഷ്യോല്‍പ്പന്നങ്ങളും രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതു തടസ്സപ്പെടുത്താനും നിരോധിക്കാനും അന്താരാഷ്ട്ര വ്യാപാരനിയമങ്ങളെ അവഗണിച്ച് യു.എസ് ശ്രമിക്കുകയാണെന്ന് മത്സ്യത്തൊഴിലാളി യൂണിയനുകളും വിദഗ്ദ്ധരും ആരോപിക്കുന്നു.
പരിസ്ഥിതി സംരക്ഷണ വ്യഗ്രതയോ നിരോധനത്തിനു പിറകില്‍?
ആഗോളമായ ഒരു കാഴ്ചപ്പാടില്‍നിന്നുകൊണ്ടു ജൈവവൈവിദ്ധ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനും സ്വന്തം രാജ്യത്തെ പൗരന്മാരുടെ ജീവനും ആരോഗ്യവും സംരക്ഷിക്കുന്നതിനും നിയമങ്ങള്‍ പാസ്സാക്കാനും ഏതു ഭരണകൂടത്തിനും അവകാശമുണ്ട് എന്നതില്‍ തര്‍ക്കമില്ല. തീര്‍ച്ചയായും കാലാവസ്ഥാ വ്യതിയാനവും മനുഷ്യരുടെ ഇടപെടലുകളും നിമിത്തം സമുദ്രങ്ങളുടെ ആരോഗ്യം ഭയാനകമായ തോതില്‍ ക്ഷയിച്ചിരിക്കുകയാണ്. ഈ വസ്തുത ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച ഓഷ്യന്‍ കോണ്‍ഫറന്‍സില്‍ (2022) അവതരിപ്പിക്കപ്പെട്ട പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതുമാണ്. സമുദ്രജലത്തിന്റെ അമ്ലീകരണം മുതല്‍ പ്ലാസ്റ്റിക് ഉപയോഗം ഉള്‍പ്പെടെയുള്ളവ സൃഷ്ടിക്കുന്ന മലിനീകരണം വരെയുള്ള, പ്രകൃതിയേയും മനുഷ്യനേയും അപകടത്തിലാക്കുന്ന നിരവധി ഭീഷണികള്‍ സമുദ്രങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. സമുദ്ര മാലിന്യത്തിന്റെ 85 ശതമാനവും പ്ലാസ്റ്റിക്കാണ്. ഈ സാന്നിദ്ധ്യം എല്ലാ സമുദ്രജീവികളേയും ഒരുപോലെ ഗുരുതരമായ അപകടത്തിലാക്കുന്ന ഒന്നാണ്. പ്രധാനമായും മൈക്രോ പ്ലാസ്റ്റിക് അടങ്ങിയ സിഗരറ്റ് കുറ്റികളാണ് ബീച്ചുകളില്‍ കാണപ്പെടുന്ന ഏറ്റവും സാധാരണമായ പ്ലാസ്റ്റിക് മാലിന്യങ്ങളെന്ന് ഐക്യരാഷ്ട്രസഭ നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അപകടകരമായ രാസവസ്തുക്കള്‍ സമുദ്രത്തിലെ വിവിധ സ്പീഷിസുകള്‍ കുറ്റിയറ്റു പോകുന്നതിനു കാരണമാകുന്നു. പോരാത്തതിനു ഈ മൈക്രോ പ്ലാസ്റ്റിക്കുകള്‍ ഭക്ഷ്യശൃംഖലയില്‍ പ്രവേശിക്കുകയും ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ മനുഷ്യരില്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. സമുദ്ര മലിനീകരണം ജനിതക വൈകല്യങ്ങള്‍, ശ്വസന നിരക്കിനേയും മസ്തിഷ്‌ക വികസനത്തേയും തടസ്സപ്പെടുത്തല്‍ എന്നിവയ്‌ക്കൊക്കെ വഴിവെയ്ക്കുന്നുണ്ട്. യു.എന്‍ പരിസ്ഥിതി പരിപാടി (യു.എന്‍.ഇ.പി) പ്രകാരം ആഗോള മലിനീകരണ പ്രതിസന്ധി പരിഹരിക്കുന്നതിനു പ്ലാസ്റ്റിക്ക് സമുദ്രത്തില്‍ തള്ളുന്നത് തടയേണ്ടത് അനിവാര്യമാണ്.
ആശങ്കാജനകമായ മറ്റൊരു കാര്യം രാസമലിനീകരണമാണ്. ഫോസില്‍ ഇന്ധനങ്ങളുടെ ഖനനവും മറ്റു ദോഷകരമായ ദ്രാവക പദാര്‍ത്ഥങ്ങളും രാസവളങ്ങളും കീടനാശിനികളും ഫാര്‍മസ്യൂട്ടിക്കല്‍ അവശിഷ്ടങ്ങളും ജലജീവികളിലെ വൈകല്യങ്ങള്‍ക്കും പ്രതിരോധശേഷി കുറയുന്നതിനും പെറ്റുപെരുകുന്നതിനുള്ള കഴിവു കുറയുന്നതിനും കാരണമാകുന്നുണ്ട്. ഓരോ വര്‍ഷവും മനുഷ്യ പ്രവര്‍ത്തനങ്ങളാല്‍ പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ (CO2) 23 ശതമാനം സമുദ്രങ്ങളാണ് ആഗിരണം ചെയ്യുന്നത്. ഈ ഉദ്ഗമനം സൃഷ്ടിക്കുന്ന അധിക താപത്തിന്റെ 90 ശതമാനവും സമുദ്രങ്ങള്‍ തന്നെയാണ് ആഗിരണം ചെയ്യുന്നത്. തന്‍നിമിത്തം ആഗോളതാപനത്തോടൊപ്പം സമുദ്രനിരപ്പും ഉയരുന്നു. ജലം കൂടുതല്‍ അമ്ലഗുണമുള്ളവയായി തീരുന്നു. ജീവനുകളുടെ നിലനില്‍പ്പ് സാദ്ധ്യമല്ലാത്ത മൃതമേഖലകളുടെ (Dead zones) 'ഡെഡ് സോണുകളുടെ' എണ്ണം വര്‍ദ്ധിക്കുകയും മത്സ്യങ്ങളുള്‍പ്പെടെയുള്ള കടല്‍ജീവികള്‍ അത്തരം മേഖലകളില്‍നിന്നും മറ്റിടങ്ങളിലേയ്ക്ക് കുടിയേറുകയും ചെയ്യുന്നു. സമുദ്രങ്ങളിലെ മനുഷ്യ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണം, വിശേഷിച്ചും ഊര്‍ജ്ജോല്പാദനത്തിന്റേയും ഖനനത്തിന്റേയും മേഖലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിപുലമാകുന്നത്, സമുദ്രജീവികളുടെ സംരക്ഷണത്തിനു പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഈ അവസ്ഥ തുടര്‍ന്നാല്‍ 2100-ഓടെ ലോകത്തിലെ പകുതിയിലധികം സമുദ്രജീവികളും വംശനാശത്തിന്റെ വക്കിലെത്തിയേക്കാമെന്നാണ് യു.എന്‍ പഠനങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറി(IUCN)ന്റെ പഠനങ്ങളനുസരിച്ച് മത്സ്യങ്ങളില്‍ ഏകദേശം ആറ് ശതമാനം വംശനാശ ഭീഷണി നേരിടുകയോ അല്ലെങ്കില്‍ വംശനാശത്തിലോ ആണ്. കടലിലെ ജൈവവ്യവസ്ഥയുടെ തകര്‍ച്ച ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് മുഖ്യമായും ഉപജീവനത്തിനായുള്ള മത്സ്യബന്ധന(Sustenance Fisheries)ത്തില്‍ ഏര്‍പ്പെടുന്നവരെയാണ്. യു.എസ് അടക്കമുള്ള വികസിത രാജ്യങ്ങളില്‍ മുഖ്യമായും മത്സ്യബന്ധനം കൂടുതല്‍ കൂടുതല്‍ ലാഭം സൃഷ്ടിക്കാനുദ്ദേശിച്ചുള്ള വ്യവസായ(Industrial Fisheries)മാണെങ്കില്‍ ഇന്ത്യയുള്‍പ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങളിലത് പ്രധാനമായും ദരിദ്രരായ ഒരു ജനവിഭാഗത്തിന്റെ നിലനില്‍പ്പിനു വേണ്ടിയുള്ള ജീവിതവൃത്തി മാത്രമാണ്.
തീവ്ര മത്സ്യബന്ധനമാണ് സമുദ്രങ്ങള്‍ക്കു നേരെ ഉയര്‍ന്നിട്ടുള്ള ഒരു വലിയ ഭീഷണി. അതു വിഭവങ്ങള്‍ ഇല്ലാതാക്കുകയും ആവാസവ്യവസ്ഥയെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നുണ്ട് എന്നതാണ് ഒരു കാരണം. എന്നിരുന്നാലും ഈ സമ്പ്രദായത്തിനു ഭരണകൂടങ്ങള്‍ വലിയ തോതിലുള്ള പിന്തുണയുണ്ട്. ഐക്യരാഷ്ട്രസഭാ സംഘടനയായ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എ.ഒ) പറയുന്നതനുസരിച്ച് ലോകമെമ്പാടുമുള്ള മത്സ്യസമ്പത്തിന്റെ മൂന്നിലൊന്ന് അധിക മത്സ്യബന്ധന(Overfishing)ത്തെ നേരിടുന്നുണ്ട്. സമുദ്രാടിത്തട്ടിനു ദോഷം വരുത്തുന്ന ഒന്നാണ് അമിതമായ മീന്‍പിടിത്തം. പ്രത്യേകിച്ച് മത്സ്യബന്ധന കപ്പലുകള്‍ ഉപയോഗിക്കുന്ന വലിയ വലകളൊക്കെ സമുദ്രാടിത്തട്ടില്‍ വലിയ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സമുദ്രോപരിതലത്തിന്റെ 2.8 ശതമാനം മാത്രമേ മത്സ്യബന്ധനം സൃഷ്ടിക്കുന്ന ഫലങ്ങളില്‍നിന്നും ഇതുവരെ സംരക്ഷിക്കപ്പെട്ടിട്ടുള്ളൂവെന്ന് എഫ്.എ.ഒ ചൂണ്ടിക്കാട്ടുന്നുണ്ട്. യു.എസ് അടക്കമുള്ള വികസിത രാജ്യങ്ങള്‍ സമുദ്രവിഭവങ്ങളെ ലാഭവര്‍ദ്ധനയ്ക്കുള്ള ഉപാധിയായി കാണുന്നതിന്റെ ഫലമായി നിരവധി മത്സ്യ ഇനങ്ങള്‍ ഭൂമുഖത്തുനിന്നുതന്നെ തുടച്ചുനീക്കപ്പെട്ടിട്ടുണ്ട്. വികസിത രാജ്യങ്ങളുടെ മത്സ്യബന്ധന രീതികള്‍ നിമിത്തം പാറ്റഗോണിയന്‍ ടൂത്ത്ഫിഷ്, ഓറഞ്ച് റഫി, ഗ്രീന്‍ലാന്‍ഡ് ഹാലിബറ്റ്, കനേഡിയന്‍ കോഡ് തുടങ്ങി നിരവധി ഇനങ്ങള്‍ ഇതിനകം തന്നെ വംശനാശ ഭീഷണിയെ നേരിടുകയോ തീവ്രമത്സ്യബന്ധനത്തിന്റെ കെടുതികള്‍ നേരിടുകയോ ചെയ്യുന്നുണ്ടെന്നാണ് എഫ്.എ.ഒ പറയുന്നത്.
തീര്‍ച്ചയായും കടല്‍ അരിച്ചുപെറുക്കിയും മത്സ്യസമ്പത്ത് ഊറ്റിയെടുക്കുകയും ആവശ്യമുള്ളത് വലയില്‍നിന്നെടുത്ത് ബാക്കിയുള്ള ജീവന്‍ നഷ്ടപ്പെട്ടവയെ കടലില്‍തന്നെ തള്ളുകയും ചെയ്യുന്ന വികസിത നാടുകളിലെ മത്സ്യബന്ധന വ്യവസായികള്‍ക്ക് പരിസ്ഥിതിനാശത്തെക്കുറിച്ചും സമുദ്രത്തിലെ ആവാസവ്യവസ്ഥയെച്ചൊല്ലി ഉല്‍ക്കണ്ഠപ്പെടുകയും വേണ്ട. സമുദ്രങ്ങള്‍ വിഭവ ദരിദ്രമായാല്‍ അക്കൂട്ടര്‍ ലാഭം കൂടുതല്‍ സൃഷ്ടിക്കുന്ന മറ്റു മേഖലകളെ തേടിപ്പോകുകയും ചെയ്യും. എന്നാല്‍, ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ സമുദ്രതീരങ്ങളില്‍ മത്സ്യബന്ധനത്തെ ആശ്രയിച്ചു കഴിയുന്നവരുടെ സ്ഥിതി അതല്ല. നിലനില്‍പ്പിനുവേണ്ടിയാണ് ആ മനുഷ്യര്‍ സമുദ്രത്തെ ആശ്രയിക്കുന്നത്. യൂറോപ്പിലും യു.എസിലും വികസിച്ച് ആഫ്രിക്കയും തെക്കേ അമേരിക്കയും ഉള്‍പ്പെടെയുള്ള വന്‍കരകളെ കൊള്ളയടിച്ച മുതലാളിത്തത്തിനു കടലുകളും കടന്നുകയറിച്ചെന്ന് കൊള്ളയടിക്കാനുള്ള ഒരിടം മാത്രമെങ്കില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളിക്ക് കടല്‍ 'അമ്മ'യാണ്. മണ്‍സൂണിനോട് അനുബന്ധിച്ചു വരുന്ന പ്രജനനകാലത്ത് മീന്‍പിടിത്തം നടത്തരുതെന്ന് ആവശ്യപ്പെട്ട് അവര്‍ നടത്തിയ പ്രക്ഷോഭത്തിന്റെ ഫലമായിട്ടാണ് കേരളത്തില്‍ ട്രോളിംഗ് നിരോധനം നിലവില്‍ വന്നതെന്ന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളിയുടെ പാരിസ്ഥിതിക അവബോധത്തിന്റെ നിദര്‍ശനമായി മത്സ്യത്തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ തന്നെ ചിലയിടങ്ങളില്‍ കടലാമകള്‍ കരയ്ക്കടിയുന്ന ഇടങ്ങളില്‍ അവയേയും കടലാമ മുട്ടകളേയും സംരക്ഷിക്കുന്നതിനു മുന്‍കൈയെടുക്കുന്നത് മത്സ്യബന്ധനത്തെ ആശ്രയിച്ചു ജീവിക്കുന്ന തീരദേശജനത തന്നെയാണെന്നും വസ്തുതയാണ്.
സമുദ്രതല മത്സ്യബന്ധനം നടത്തുന്ന ഒന്‍പതു സംസ്ഥാനങ്ങളാണ് ഇന്ത്യയിലുള്ളത്. ദാമന്‍-ദിയു, പോണ്ടിച്ചേരി എന്നീ കേന്ദ്രഭരണ മേഖലകള്‍ക്കും സമുദ്രതീരങ്ങളുണ്ട്. ഈ ഉപരോധങ്ങളുടെയൊക്കെ പശ്ചാത്തലത്തിലും പ്രധാന കയറ്റുമതി ലക്ഷ്യങ്ങളായ യു.എസ്, യൂറോപ്യന്‍ യൂണിയന്‍, യു.കെ തുടങ്ങിയവകളിലെ വിപണികളിലെ വെല്ലുവിളികളെ അതിജീവിച്ച് 2023-'24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമുദ്രോല്പന്ന കയറ്റുമതി റെക്കോര്‍ഡ് ഉയര്‍ന്ന നിലയിലെത്തിയെന്ന് ജൂണ്‍ 19-നു കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ശീതീകരിച്ച ചെമ്മീന്‍ തന്നെയാണ് അളവിലും മൂല്യത്തിലും മുന്‍നിര കയറ്റുമതി ഇനമായി തുടരുന്നത്. 2023-'24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 716,004 മെട്രിക് ടണ്‍ ഫ്രോസണ്‍ ചെമ്മീന്‍ കയറ്റുമതി ചെയ്തുവെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നത്. ഇതില്‍നിന്നും രാജ്യം 40,013.54 കോടി (4.88 ബില്യണ്‍ യു.എസ് ഡോളര്‍) നേടി. ഇത് മൊത്തം കയറ്റുമതിയുടെ 40.19 ശതമാനവും യു.എസ് ഡോളറിലുള്ള മൊത്തം വരുമാനത്തിന്റെ 66.12 ശതമാനവുമാണ്. യു.എസും ചൈനയും ഇന്ത്യന്‍ സമുദ്രോല്പന്നങ്ങളുടെ ഏറ്റവും വലിയ വിപണിയായി തുടര്‍ന്നു. യു.എസ് 297,571 മെട്രിക് ടണ്‍ ശീതീകരിച്ച ചെമ്മീന്‍ ഇറക്കുമതി ചെയ്‌തെങ്കിലും ചൈന 148,483 മെട്രിക് ടണ്‍ ആണ് ഇന്ത്യയില്‍നിന്നും ഇറക്കുമതി ചെയ്തത്.
എന്നാല്‍, കൃഷി ചെയ്തുണ്ടാക്കുന്ന ചെമ്മീന്‍ ഇറക്കുമതി ചെയ്യുന്നതില്‍ യു.എസിന്റെ വിലക്കില്ലെന്നും കടല്‍ച്ചെമ്മീന്‍ തന്നെ ചൈനയിലേക്കും തായ്‌ലന്‍ഡിലേക്കും ജപ്പാനിലേക്കും മറ്റും കയറ്റുമതി ചെയ്യുന്നുണ്ടെന്നും യു.എസ് വിലക്കിന്റെ കാര്യത്തില്‍ ഗവണ്‍മെന്റ് ഇടപെടല്‍ ആവശ്യപ്പെടുന്ന മത്സ്യത്തൊഴിലാളി ഐക്യവേദിയടക്കമുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ ചെമ്മീന്‍ ആ രാജ്യങ്ങളില്‍നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളായി യു.എസിലേക്കു തന്നെയാണ് കയറ്റിയയ്ക്കപ്പെടുന്നത്. ചെമ്മീന്‍ ഇറക്കുമതിചെയ്യുന്ന യൂറോപ്യന്‍ യൂണിയനും ജപ്പാനും ചൈനയും അടക്കമുള്ള രാജ്യങ്ങളും അമേരിക്കന്‍ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കടല്‍ച്ചെമ്മീന്‍ 41 ശതമാനം വില കുറച്ചാണ് എടുക്കുന്നതെന്നും അവര്‍ പറയുന്നു.
മത്സ്യമേഖലയെ തകര്‍ക്കാന്‍ നീക്കം ചാള്‍സ് ജോര്‍ജ് (ടി.യു.സി.ഐ ) കടലാമ സംരക്ഷണത്തിന്റെ പേരില്‍ ഇന്ത്യയില്‍നിന്നും ചെമ്മീന്‍ ഇറക്കുമതി ചെയ്യുന്നതിന് 2019-ല്‍ ആരംഭിച്ച നിരോധനം യു.എസ് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനു മുന്‍പേ തുടങ്ങിയ നീക്കമാണിത്. ഇന്ത്യയില്‍ ഭൂരിപക്ഷം സ്ഥലങ്ങളിലും കടലാമ ട്രോളിംഗിന്റെ ഭാഗമായി പിടിക്കുന്നില്ല. കടലാമകള്‍ കേന്ദ്രീകരിക്കുന്ന ഒറീസ്സയില്‍ അവയുടെ പ്രജനനകാലത്ത് ട്രോളിംഗ് നിരോധനം നടപ്പിലാക്കുന്നുമുണ്ട്. കേരളത്തിലെ മത്സ്യോല്പാദന ഘട്ടത്തില്‍ ഒരിക്കല്‍പ്പോലും കടലാമകള്‍ വലയില്‍ കയറുന്നതായി റിപ്പോര്‍ട്ടുമില്ല. വാണിജ്യവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവിധ ഉപരോധങ്ങളില്‍ ഒന്നുമാത്രമാണ് ടെഡ്. ഒരു പതിറ്റാണ്ടു നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും ഉപരോധങ്ങള്‍ക്കും നടപടികള്‍ക്കും ശേഷവും ടെഡ് വിഷയം നാം പരിഹരിച്ചാലും മറ്റു നിയന്ത്രണങ്ങള്‍ നമ്മെ കാത്തിരിക്കുന്നുണ്ട്. ലോകത്ത് ഇന്ന് ആഴക്കടല്‍ മേഖലയില്‍ 20 മീറ്ററില്‍ താഴെ മാത്രം വലിപ്പമുള്ള ചെറുകിട ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്ന ഏക രാജ്യം ഇന്ത്യയാണ്. ആഴക്കടല്‍ മേഖലയില്‍ പ്രവീണരായ തുത്തൂര്‍ മേഖലയിലെ തൊഴിലാളികള്‍ ഗില്‍നെറ്റ്, ചൂണ്ട തുടങ്ങിയ പരിസ്ഥിതി സൗഹൃദപരമായ സംവിധാനങ്ങളിലൂടെയാണ് ട്യൂണ അടക്കമുള്ള മത്സ്യങ്ങള്‍ പിടിക്കുന്നത്. യു.എസും ലോക വ്യാപാര സംഘടനയും നിഷ്‌കര്‍ഷിക്കുന്ന ഐ.യു.യു സംവിധാനം നടപ്പാക്കപ്പെട്ടാല്‍ ഇവരുടെ 908 യാനങ്ങളും പ്രതിസന്ധിയിലാകും. സമീപകാലത്ത് പ്രഖ്യാപിച്ചിരിക്കുന്ന ക്യാച്ച് സര്‍ട്ടിഫിക്കേഷന്‍ നടപടികളും ഭക്ഷണശുചിത്വവുമായി ബന്ധപ്പെട്ട ശാസനകളും മേഖലയെ തകര്‍ത്തെറിയും. സര്‍വ്വോപരി വാണിജ്യവുമായി ബന്ധപ്പെട്ട് അവര്‍ നടപ്പാക്കുന്ന ആന്റി ഡംപിംഗ് ഡ്യൂട്ടിയും മൂന്നാം ലോകരാജ്യങ്ങള്‍ക്ക് ഒരു വിലങ്ങുതടിയാണ്. ചൈനയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ഉരുക്കിന് 522 ശതമാനവും ചൈന, വിയറ്റ്‌നാം, തായ്ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യുന്ന സോളാര്‍ പാനലുകള്‍ക്ക് 550 ശതമാനംവരെയും ആന്റി ഡംപിംഗ് ഡ്യൂട്ടി അവിടത്തെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്സും ഐ.ടി.സിയും ചുമത്തിയ സമീപകാല അനുഭവം നമ്മുടെ മുന്നിലുണ്ട്. ഇന്തോനീസ്യ, ഇക്വഡോര്‍, ഗ്വാട്ടിമാല, വിയറ്റ്‌നാം, ചൈന തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള മത്സ്യ ഇറക്കുമതിക്കുമേല്‍ ചുമത്തുന്ന ആന്റി ഡംപിംഗ് ഡ്യൂട്ടി ഇന്ത്യയ്ക്കും ബാധകമാണ്. ടെഡ് വിഷയം ഉയര്‍ന്നുവന്നപ്പോള്‍ ഇതു പരിശോധിക്കാന്‍ ഏഷ്യയിലെ ഏറ്റവും വലിയ മത്സ്യ ഗവേഷണ സ്ഥാപനമായ സി.എം.എഫ്.ആര്‍.ഐ മൂന്നംഗ വിദദ്ധസമിതിയെ നിയമിക്കുകയുണ്ടായി. പശ്ചിമ ഇന്ത്യയിലും ബംഗാള്‍ ഉള്‍ക്കടല്‍ പെടുന്ന പൂര്‍വ്വ ഇന്ത്യയിലും ഉള്ള 221 സാംപ്ലിംഗ് കേന്ദ്രങ്ങളില്‍ അവരുടെ 100 ജീവനക്കാര്‍ പരിശോധന നടത്തി. മാരിടൈം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പെട്ട 46 ജില്ലകളിലാണ് പരിശോധന നടന്നത്. വനം വകുപ്പിന്റേയും വേള്‍ഡ് വൈല്‍ഡ് ഫണ്ടിന്റേയും സ്ഥിതിവിവര കണക്കുകളും അവര്‍ പരിശോധിച്ചു. ഗുജറാത്ത് മുതല്‍ കേരളം വരെയുള്ള അഞ്ച് പശ്ചിമ തീര സംസ്ഥാനങ്ങളില്‍ നാമമാത്രമായാണ് വലകളില്‍ കടലാമ കുടുങ്ങുന്നതെന്ന് അവര്‍ കണ്ടെത്തി. അതേ സമയം ആന്ധ്ര, തമിഴ്നാട്, ഒറീസ്സ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒലീവ് റിഡ്‌ലി, ഗ്രീന്‍ ടര്‍ട്ടില്‍ തുടങ്ങിയ ആമകള്‍ ധാരാളമുണ്ടെന്നു കണ്ടെത്തി. ഒറീസ്സയിലെ ഗഞ്ചാം, കേന്ദ്രപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ ഇവ വ്യാപകമാണ്. ഒറീസ്സയിലെ റിഷികൂല്യ പോലുളള നദീമുഖങ്ങളില്‍ ഒരു ലക്ഷത്തോളം കടലാമകള്‍ മുട്ടയിടാനെത്താറുണ്ട്. പശ്ചിമേന്ത്യന്‍ തീരത്ത് ടെഡ് നിര്‍ബ്ബന്ധിതമാക്കേണ്ടതില്ല എന്നു കണക്കുകള്‍ നിരത്തി അവര്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ റിപ്പോര്‍ട്ട് മുന്നില്‍ വെച്ചുകൊണ്ട് ശക്തമായ നിലപാട് സ്വീകരിക്കാന്‍ യൂണിയന്‍ ഗവണ്‍മെന്റും സമുദ്രമത്സ്യ കയറ്റുമതി വികസന ഏജന്‍സിയും പരാജയപ്പെട്ടു. നിരോധനത്തിനു മുന്‍പ് തന്നെ കൊച്ചിയിലെ സി.ഐ.എഫ്.ടി എന്ന സ്ഥാപനം ട്രോള്‍വലകളില്‍ ഘടിപ്പിക്കുന്ന കടലാമ നിര്‍മ്മാര്‍ജ്ജന സംവിധാനം (TED) വിജയകരമായി വികസിപ്പിച്ചിരുന്നു. എന്നാല്‍, 2019-ല്‍ ഇന്ത്യയിലെത്തിയ അമേരിക്കന്‍ സംഘം ഇതില്‍ തൃപ്തിരേഖപ്പെടുത്തിയില്ല. തുടര്‍ന്ന് അവര്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള പല പരിഷ്‌കാരങ്ങളും സി.ഐ.എഫ്.ടി നടപ്പാക്കി. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയ അമേരിക്കന്‍ സംഘവും ഇന്ത്യയിലെ ഉദ്യോഗസ്ഥരും പുതിയ സംവിധാനം വലകളില്‍ ഘടിപ്പിച്ചു നടത്തിയ സംയുക്ത പരിശോധനയും വിജയകരമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, എല്ലാ യാനങ്ങളിലും ഇതു ഘടിപ്പിച്ചതായി ബോധ്യപ്പെട്ടെന്ന് അമേരിക്കന്‍ പരിശോധകസംഘം അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ റിപ്പോര്‍ട്ട് ചെയ്ത് അംഗീകരിക്കുന്നതോടെയായിരിക്കും നിരോധനം പിന്‍വലിക്കപ്പെടുക. ഇന്ത്യന്‍ സമുദ്രോല്പന്നങ്ങളുടെ വിലയിടിക്കുന്ന നടപടികള്‍ക്കെതിരെ പരാജയവാദപരമായ നിലപാടുകളാണ് പലപ്പോഴും കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊള്ളുന്നത്. അതോടൊപ്പം മേഖലയെ കുത്തകകള്‍ക്ക് തീറെഴുതുന്ന ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെടുന്ന നടപടികളുമുണ്ട്. മേഖലയെ പ്രതിസന്ധിയിലാക്കുന്ന ഈ നയങ്ങള്‍ക്കെതിരെ യോജിച്ച പ്രക്ഷോഭം ഉയര്‍ന്നുവരികതന്നെ ചെയ്യും. 1991-ലെ 'പുത്തന്‍ ആഴക്കടല്‍ മത്സ്യബന്ധന നയ'ത്തിനെതിരേയും 2014-ലെ ഡോ. മീനാകുമാരി റിപ്പോര്‍ട്ടിനെതിരേയും മേഖലയില്‍ നടന്ന ചെറുത്തുനില്‍പ്പുകളുടെ മാതൃകയില്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates