

രണ്ടായിരം കണ്ടെയ്നറുമായി ബര്‍ത്തിനെ തൊട്ടുരുമ്മി അമ്മക്കപ്പല്‍. കണ്ടെയ്നറുകളെ പൂ പോലെ യാര്‍ഡില്‍ വച്ച് ക്രെയിനുകള്‍. വിഴിഞ്ഞത്ത് വികസന മണിമുഴക്കം. പുളകംകൊണ്ട് കേരളം...
ഇക്കഴിഞ്ഞ 12-ന് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം നടക്കുന്ന ദിവസം കേരളത്തിലെ ഒരു പ്രമുഖ ദിനപത്രത്തിലെ പ്രധാന വാര്‍ത്ത തുടങ്ങിയത് ഈ വരികളോടെയാണ്. ഔദ്യോഗികമായി കമ്മിഷന്‍ ചെയ്തിട്ടില്ലെങ്കിലും വിഴിഞ്ഞം തുറമുഖത്ത് മദര്‍ഷിപ്പ് സാന്‍ഫെര്‍ണാണ്ടോ ബെര്‍ത്തിങ് പൂര്‍ത്തിയാക്കിയതിനെ കേരളത്തിലെ ഭൂരിഭാഗം മാധ്യമങ്ങളും സ്വപ്നസഫലീകരണമായി വ്യാഖ്യാനിച്ചു. യാഥാര്‍ത്ഥ്യങ്ങള്‍ തമസ്‌കരിച്ച് ഭാവന കലര്‍ത്തി എഴുതി. മൂന്നുമാസത്തോളം നീളുന്ന ട്രയല്‍ റണ്ണില്‍ തുടര്‍ച്ചയായി മദര്‍ഷിപ്പുകള്‍ എത്തുമെന്നും ഫീഡര്‍ കപ്പലുകള്‍ വഴി ട്രാന്‍സ്ഷിപ്പ്‌മെന്റിനും തുടക്കമാകുമെന്നുമാണ് പ്രഖ്യാപനം. അതേസമയം, സ്വപ്നപദ്ധതിയെന്ന വായ്ത്താരികള്‍ക്കപ്പുറം വിഴിഞ്ഞം തുറമുഖപദ്ധതി നാളിതുവരെ സൃഷ്ടിച്ചതെന്താണ്? പദ്ധതിയുടെമേല്‍ തീരജനത ഉയര്‍ത്തിയ ആശങ്കകള്‍ പരിഹരിക്കപ്പെട്ടോ? സംസ്ഥാനത്തിന് ഇത് സാമ്പത്തിക നഷ്ടമാണോ?
വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണവും നടത്തിപ്പും നിര്‍വഹണവും എല്ലാം 40 വര്‍ഷത്തേക്ക് കരാര്‍ നല്‍കിയിരിക്കുന്നത് ഗൗതം അദാനിയുടെ കമ്പനിക്കാണ്. രാജ്യത്തെ മറ്റെല്ലാ തുറമുഖങ്ങളും സ്വകാര്യ നടത്തിപ്പുകാര്‍ക്ക് നല്‍കിയത് പരമാവധി 30 വര്‍ഷം മാത്രമാണെന്നോര്‍ക്കണം. ഇത് വീണ്ടും 20 വര്‍ഷം കൂടി നീട്ടാമെന്നും പറഞ്ഞിട്ടുണ്ട്. അപ്പോള്‍, കുറഞ്ഞത് 60 വര്‍ഷം കഴിഞ്ഞാല്‍ മാത്രമാണ് ഈ തുറമുഖം കേരള സര്‍ക്കാരിനു വീണ്ടും നടത്തിപ്പു ചുമതല കൈമാറാനാകൂ. 10 വര്‍ഷം അധികം കമ്പനിക്കു ലഭിക്കുമ്പോള്‍ അതുവഴി 10,000 കോടി രൂപയിലധികം ലാഭം അദാനിക്കുണ്ടാകുമെന്നാണ് വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍.
പദ്ധതിക്കുള്ള മുതല്‍മുടക്കിന്റെ മൂന്നില്‍ രണ്ട് ഭാഗവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമ്പോള്‍, ആദ്യ 15 വര്‍ഷക്കാലം ഒരു രൂപ പോലും വരുമാനത്തില്‍നിന്നും വിഹിതമായി അദാനി സംസ്ഥാന സര്‍ക്കാരിന് നല്‍കേണ്ടതില്ലെന്ന വ്യവസ്ഥ കരാറിലുണ്ട്
2015 ജൂണിലാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അദാനിയുമായി കരാറൊപ്പിടുന്നത്. ഈ കരാര്‍ അനുസരിച്ച് പദ്ധതിച്ചെലവിന്റെ 67 ശതമാനം ചെലവാക്കുന്ന സര്‍ക്കാരിന് 20 വര്‍ഷത്തിനു ശേഷം ഒരു ശതമാനം ലാഭവിഹിതമാണ് കരാറില്‍ വാഗ്ദാനം ചെയ്തത്. പദ്ധതിക്കുള്ള മുതല്‍മുടക്കിന്റെ മൂന്നില്‍ രണ്ട് ഭാഗവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമ്പോള്‍, ആദ്യ 15 വര്‍ഷക്കാലം ഒരു രൂപ പോലും വരുമാനത്തില്‍നിന്നും വിഹിതമായി അദാനി സംസ്ഥാന സര്‍ക്കാരിന് നല്‍കേണ്ടതില്ലെന്ന വ്യവസ്ഥ അതിലുണ്ട്. ഇത്തരമൊരു വ്യവസ്ഥ ഇന്ത്യയില്‍ ഒരു തുറമുഖപദ്ധതിയിലും കാണാന്‍ കഴിയില്ലെന്ന് സാമൂഹ്യപ്രവര്‍ത്തകനായ എ.ജെ. വിജയന്‍ അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. 15 വര്‍ഷം കഴിഞ്ഞാല്‍ ലാഭത്തിന്റെ ഒരു ശതമാനം മാത്രം സര്‍ക്കാരിനു നല്‍കിയാല്‍ മതിയാകും. വിഴിഞ്ഞത്തിന്റെ അതേ ശേഷിയുള്ള വല്ലാര്‍പാടം തുറമുഖ നടത്തിപ്പുകാരന്‍, ആദ്യ വര്‍ഷം മുതല്‍ വരുമാനത്തിന്റെ 33 ശതമാനം സര്‍ക്കാരിനു നല്‍കണമെന്നാണ് വ്യവസ്ഥ. അവിടെ ലേലത്തില്‍ പങ്കെടുത്ത അദാനി പോലും ആദ്യ വര്‍ഷം മുതല്‍ 13 ശതമാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അപ്പോള്‍ പിന്നെ വിഴിഞ്ഞം തുറമുഖപദ്ധതികൊണ്ട് സര്‍ക്കാരിന് എന്താണ് സാമ്പത്തികമായി പ്രയോജനം?
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്ന പദ്ധതിയില്‍ 5595.34 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വിഹിതം.
കേരള സര്‍ക്കാര്‍ അദാനിയുമായി ഒപ്പിട്ട കരാര്‍ വ്യവസ്ഥകള്‍ അവലോകനം ചെയ്ത കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ അഥവാ സി.എ.ജി റിപ്പോര്‍ട്ട് പറയുന്ന രണ്ട് പ്രധാന കാര്യങ്ങള്‍ ഇവയാണ്:
ഒന്ന്, തുറമുഖനടത്തിപ്പിന് കരാറുകാരനായ അദാനിക്ക് ക്രമവിരുദ്ധമായി കാലയളവ് നീട്ടിനല്‍കിയതുള്‍പ്പെടെ എല്ലാ ക്രമക്കേടുകളും നോക്കുമ്പോള്‍ 2054 വര്‍ഷമാകുമ്പോള്‍ അന്നത്തെ രൂപയുടെ മൂല്യമനുസരിച്ച് 61,095 കോടി രൂപയുടെ അധിക വരുമാനം അദാനിക്കും അത്രതന്നെ നഷ്ടം സംസ്ഥാനത്തിനും ഉണ്ടാകും.
രണ്ട്, 40 വര്‍ഷ കാലാവധി കഴിഞ്ഞ് അദാനിയില്‍നിന്നും സംസ്ഥാന സര്‍ക്കാര്‍ തുറമുഖം ഏറ്റെടുക്കുമ്പോള്‍ ടെര്‍മിനേഷന്‍ പേയ്മെന്റായി സംസ്ഥാന സര്‍ക്കാര്‍ 19,555 കോടി രൂപ നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. എന്നാല്‍, ഈ 40 വര്‍ഷക്കാലം സംസ്ഥാന സര്‍ക്കാരിന് കരാറുകാരനില്‍നിന്നും ലഭിക്കുന്ന വിഹിതം ഇതിനേക്കാള്‍ കുറവായാണ് കണക്കാക്കിയിട്ടുള്ളത്. ഇതിലൂടെ മാത്രം സംസ്ഥാന സര്‍ക്കാരിന് 5,608 കോടി രൂപയുടെ നഷ്ടം ഉണ്ടാകും. ഈ സി.എ.ജി റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നത് വിഴിഞ്ഞം തുറമുഖപദ്ധതി അദാനിക്ക് ലാഭവും സംസ്ഥാനത്തിന് ധനനഷ്ടവും ഉണ്ടാക്കുന്നു എന്നാണ്.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷനും നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. ഒടുവില്‍ അദാനിയുമായുള്ള കരാര്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന് സംസ്ഥാന മന്ത്രിസഭ തീരുമാനിക്കുകയും ചെയ്തു. ഇനി, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്ന പദ്ധതിയില്‍ 5595.34 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വിഹിതം. ഇതില്‍ 884.38 കോടി രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതെന്നാണ് മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ രേഖാമൂലം വ്യക്തമാക്കിയത്. നല്‍കേണ്ട തുകയുടെ 16 ശതമാനം മാത്രമാണ് അദാനി ഗ്രൂപ്പിന് നല്‍കിയിരിക്കുന്നത്. അതു പോലും നബാര്‍ഡില്‍നിന്ന് വായ്പയെടുത്ത്. വരുമാനം ഒന്നുമില്ലാതെ 15 വര്‍ഷം വരെ ഈ വായ്പയ്ക്ക് കേരള സര്‍ക്കാര്‍ പലിശ നല്‍കേണ്ടിവരുമെന്ന് ഉറപ്പാണ്. മിക്കവാറും അതിനു ശേഷവും ഒരു വരുമാനവും കിട്ടാതെ പലിശയും മുതലും തിരിച്ചടയ്ക്കുകയും ചെയ്യേണ്ടി വരും. നബാര്‍ഡില്‍നിന്ന് കടമെടുക്കുന്നതെങ്കിലും ഇത് ബജറ്റില്‍ ഉള്‍ക്കൊള്ളിക്കണമെന്നത് വലിയ ബാധ്യതയായി മാറും. മാത്രമല്ല, കേന്ദ്രം നല്‍കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ടും കേരള സര്‍ക്കാര്‍ 15 വര്‍ഷം കഴിയുമ്പോള്‍ തിരിച്ചുനല്‍കേണ്ടിവരും. അത് തിരിച്ചുപിടിക്കാന്‍ കേന്ദ്രത്തിന് എളുപ്പമാണ്, കേരളത്തിന് കിട്ടാനുള്ള ജി.എസ്.ടി നികുതി വിഹിതത്തില്‍നിന്നും ഈടാക്കാനാകും. സമയബന്ധിതമായി പണി പൂര്‍ത്തിയാക്കാഞ്ഞ പരാതിയില്‍ അദാനിക്കെതിരെ 911 കോടി രൂപ പിഴയൊടുക്കാനുള്ള ആര്‍ബിട്രേഷന്‍ നടപടിയും സര്‍ക്കാര്‍ പിന്‍വലിച്ചു.
കരാര്‍ ഔദ്യോഗികമായി അംഗീകരിക്കുന്നതുവരെ ഏണസ്റ്റ് ആന്‍ഡ് യങ് നടത്തിയ സാധ്യതാപഠനത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാഞ്ഞത് ആനുകൂല്യങ്ങള്‍ അദാനിക്ക് നേടിക്കൊടുക്കുന്നതില്‍ എതിര്‍പ്പ് ഉയരാതിരിക്കാന്‍ വേണ്ടി മാത്രമായിരുന്നു.
തുടക്കം മുതല്‍ സുതാര്യതയില്ലായ്മ
2014-ല്‍ തുറമുഖനിര്‍മ്മാണം അദാനിയെ ഏല്പിക്കുന്ന ബിഡിങ് പ്രക്രിയ മുതല്‍ തുടങ്ങുന്നു സുതാര്യതയില്ലായ്മ. പദ്ധതി അദാനി ഗ്രൂപ്പിനു കൈമാറാന്‍ ഔദ്യോഗിക തീരുമാനമുണ്ടാകുന്നത് വരെ ഏണസ്റ്റ് ആന്‍ഡ് യങ് നടത്തിയ സാധ്യതാപഠനത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. ഇതിനു മുന്‍പ് പഠനം നടത്തിയ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ കമ്മിഷനും എ.ഇ.സി.ഒ.എമ്മും ഈ പദ്ധതി സാമ്പത്തികനഷ്ടമായിരിക്കുമെന്നാണ് വ്യക്തമാക്കിയത്. വിഴിഞ്ഞവുമായി ബന്ധപ്പെട്ട് ചില പദ്ധതികള്‍ വരുന്നു എന്ന് സര്‍ക്കാര്‍ തന്നെ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. പോര്‍ട്ടിന് വേണ്ടി മുടക്കുന്നതിനെക്കാള്‍ കൂടുതല്‍ തുക അദാനി മുടക്കാന്‍ പോകുന്നത് റിയല്‍ എസ്റ്റേറ്റിലാകും. ഏണസ്റ്റ് ആന്‍ഡ് യങ് സാധ്യതാപഠനത്തിലാണ് റിയല്‍ എസ്റ്റേറ്റ് വ്യവസായത്തെക്കുറിച്ച് പറയുന്നത്. ഈ റിപ്പോര്‍ട്ട് പുറത്തുവിടാതെയാണ് പ്രീ ബിഡ് മീറ്റിങ്ങുകള്‍ നടന്നത്. സാമ്പത്തികമായി ലാഭം ഇല്ലാതിരുന്ന പദ്ധതി ഏറ്റെടുക്കാന്‍ അധികം കമ്പനികള്‍ മുന്നോട്ടുവന്നില്ല.
ഈ നഷ്ടം പരിഹരിക്കാനാണ് വ്യവസ്ഥകള്‍ വീണ്ടും പൊളിച്ചെഴുതിയത്. ഏണസ്റ്റ് ആന്‍ഡ് യങ് റിപ്പോര്‍ട്ടില്‍ 60 ശതമാനം വരെ വയബിലിറ്റി ഗ്യാപ് ഫണ്ടും പോര്‍ട്ട് താരിഫില്‍ 35 ശതമാനം ഡിസ്‌കൗണ്ടും വേണമെന്ന ആവശ്യം ഈ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 2013 ഡിസംബര്‍ നാലിന് നാലാം ടെന്‍ഡര്‍ ക്ഷണിച്ച ശേഷം സാമ്പത്തിക ബിഡ് സമര്‍പ്പിക്കാനുള്ള തീയതി 14 തവണ നീട്ടേണ്ടിവന്നു. സ്വകാര്യ കമ്പനികളുടെ താല്പര്യമില്ലായ്മയായിരുന്നു കാരണം. ബിഡില്‍ യോഗ്യത നേടി കമ്പനികളുമായി മുഖ്യമന്ത്രി നേരിട്ടു നടത്തിയ നാല് പ്രീ ബിഡിങ്ങ് മീറ്റിങ്ങുകളിലും ആരും ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്നതാണ് വസ്തുത. 2015 ഏപ്രില്‍ 24-ന് അദാനിയുമായി ഡല്‍ഹിയില്‍ കെ.വി. തോമസ് എം.പിയുടെ വസതിയില്‍ വച്ച് മുഖ്യമന്ത്രി നടത്തിയ മിനിറ്റ്‌സില്ലാത്ത മീറ്റിങ്ങിനു ശേഷമാണ് അദാനി പദ്ധതിയിലേക്കു വരുന്നത്. കരാര്‍ ഔദ്യോഗികമായി അംഗീകരിക്കുന്നതുവരെ ഏണസ്റ്റ് ആന്‍ഡ് യങ് നടത്തിയ സാധ്യതാപഠനത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാഞ്ഞത് ആനുകൂല്യങ്ങള്‍ അദാനിക്ക് നേടിക്കൊടുക്കുന്നതില്‍ എതിര്‍പ്പ് ഉയരാതിരിക്കാന്‍ വേണ്ടി മാത്രമായിരുന്നു.
വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള സര്‍വകക്ഷി യോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തുറമുഖമന്ത്രി കെ. ബാബുവും ആവര്‍ത്തിച്ചു പറഞ്ഞത് അദാനി ഗ്രൂപ്പുമായി നടത്തിയ ചര്‍ച്ചയുടെ എല്ലാ വിശദാംശങ്ങളും പുറത്തുപറയാന്‍ കഴിയില്ലെന്നും കരാറില്‍ വരുത്തിയ മാറ്റങ്ങളും ഒപ്പിടും വരെ പുറത്തുവിടില്ലെന്നുമായിരുന്നു. എന്തായിരുന്നു ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയും ബാബുവും ഒളിപ്പിച്ചതെന്ന് പിന്നീട് വ്യക്തമായി. ഇനി, തീരുമാനമുണ്ടാകുമ്പോള്‍ ഒരു അന്താരാഷ്ട്ര തുറമുഖം നടത്തി പരിചയമില്ലായിരുന്നു അദാനിക്ക്. എന്നാല്‍, ഇന്നങ്ങനെയല്ല. കരാര്‍ സംബന്ധിച്ചായിരുന്നു അന്ന് പ്രതിപക്ഷമായിരുന്ന എല്‍.ഡി.എഫിന് എതിര്‍പ്പ്. അദാനിയോട് അന്നും പ്രത്യേകിച്ച് എതിര്‍പ്പൊന്നും ഇടതുപക്ഷത്തിനുണ്ടായിരുന്നില്ല. മാത്രമല്ല, ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ ഈ കരാര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തുമെന്ന് പ്രകടനപത്രികയില്‍ വ്യക്തമാക്കുകയും ചെയ്തു. അന്ന് പിണറായി വിജയന്‍ 6000 കോടി രൂപയുടെ അഴിമതിയാണ് പദ്ധതിയില്‍ ആരോപിച്ചത്. പദ്ധതിയുടെ ഉടമസ്ഥാവകാശത്തിലും കരാര്‍ വ്യവസ്ഥകളിലും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അഴിമതി ഉന്നയിച്ചു. കരാര്‍ ഒപ്പിട്ടശേഷം ഗൗതം അദാനി നേരിട്ടെത്തി ഇടതുമുന്നണിയിലെ പ്രമുഖ നേതാക്കളെയെല്ലാം നേരില്‍ കണ്ട് നന്ദി അറിയിക്കുകയും ചെയ്തു.
പിന്നീട് ഇടതുമുന്നണി അധികാരത്തിലെത്തിയ ശേഷം കരാര്‍ വ്യവസ്ഥയില്‍ യാതൊരു മാറ്റവും വരുത്തിയില്ല. പിന്നീട് വന്ന സി.എ.ജി റിപ്പോര്‍ട്ടിലാകട്ടെ, മേല്‍പറഞ്ഞതുപോലെ 30,000 കോടിയിലധികം രൂപയുടെ ആനുകൂല്യം അദാനിക്ക് ലഭിക്കുമെന്നും കണ്‍സഷന്‍ പീരിഡ് അധികമാണെന്നും കണ്ടെത്തി. ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷനു മുന്‍പാകെ അഴിമതിയാരോപണം ഉന്നയിച്ച പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഹാജരാകുകയോ തെളിവുകള്‍ നല്‍കുകയോ ചെയ്തില്ല. പദ്ധതിയില്‍ അഴിമതി നടന്നിട്ടില്ലെന്നും ആരും തങ്ങള്‍ക്കു മുന്നില്‍ അത്തരത്തിലൊരു ആരോപണം ഉന്നയിച്ചിട്ടില്ലെന്നുമാണ് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഒരു കോടി മൂന്നു ലക്ഷത്തി പതിനായിരം രൂപയാണ് ജുഡീഷ്യല്‍ കമ്മിഷനായി ഖജനാവില്‍നിന്നും ചെലവഴിച്ചതെന്നുകൂടി ഓര്‍ക്കണം.
അവഗണിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍
തുറമുഖ പദ്ധതിയെക്കുറിച്ചുള്ള ആലോചനകള്‍ വരുന്ന കാലത്തുതന്നെ പദ്ധതിക്കെതിരെ സമരം നടന്നിരുന്ന സ്ഥലമായിരുന്നു വിഴിഞ്ഞം. ഉപജീവനത്തെ ബാധിക്കുമെന്ന ആശങ്കയുയര്‍ത്തി മത്സ്യത്തൊഴിലാളികളാണ് സമരവുമായി രംഗത്തുവന്നത്. മത്സ്യത്തൊഴിലാളികള്‍ പ്രധാനമായും ആശ്രയിക്കുന്ന വിഴിഞ്ഞം മത്സ്യബന്ധന ഹാര്‍ബറിനോട് ചേര്‍ന്നുതന്നെയാണ് അന്താരാഷ്ട്ര തുറമുഖവും വരുന്നത്. മത്സ്യബന്ധനത്തിനു പദ്ധതി മൂലം തടസ്സമൊന്നുമുണ്ടാകില്ല എന്ന ഉറപ്പിലാണ് പ്രതിഷേധങ്ങളെല്ലാം കെട്ടടങ്ങിയത്. എന്നാല്‍, തുറമുഖ നിര്‍മ്മാണം ആരംഭിച്ചതോടെ വിഴിഞ്ഞം മുതല്‍ വടക്കോട്ടുള്ള തീരങ്ങളില്‍ തീരശോഷണം വ്യാപകമാവുകയും വീടുകള്‍ തകരുകയും വള്ളമിറക്കാന്‍ പോലും സ്ഥലമില്ലാത്ത സാഹചര്യമുണ്ടാകുകയും ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ അത് സാരമായി ബാധിച്ചതോടെ 2021-ല്‍ വീണ്ടും ശക്തമായ സമരങ്ങള്‍ക്ക് വിഴിഞ്ഞം സാക്ഷിയായി.
'കടല്‍ കടലിന്‍ മക്കള്‍ക്ക്' എന്ന ആവശ്യം നിറവേറ്റാന്‍ പാര്‍ലമെന്റില്‍ നിയമം കൊണ്ടുവരിക, തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ച് സമരമുന്നണിയിലെ മൂന്നു പ്രതിനിധികളും വിദഗ്ദ്ധരും ഉള്‍പ്പെടുന്ന സമിതിയെവെച്ച് ശാസ്ത്രീയപഠനം നടത്തുക, സമ്പൂര്‍ണ നഷ്ടപരിഹാരവും പുനരധിവാസവും നടപ്പാക്കുക, പരമ്പരാഗത മത്സ്യബന്ധനത്തിനുള്ള സാഹചര്യങ്ങള്‍ തടസ്സപ്പെടാതിരിക്കുക, ഫിഷിങ് ഹാര്‍ബര്‍ നവീകരിച്ച് ഉപയോഗയോഗ്യമാക്കുക തുടങ്ങിയവയാണ് സമരം ആവശ്യമായി ഉയര്‍ത്തിയത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പുലിമുട്ട് നിര്‍മ്മാണം തുടങ്ങിയപ്പോള്‍ തന്നെയാണ് അതിരൂക്ഷ പാരിസ്ഥിതികാഘാതങ്ങള്‍ സമുദ്രത്തിലും തീരത്തും ഉണ്ടായത്. അതും സമരം ശക്തിപ്പെടാന്‍ കാരണായി മാറി. മത്സ്യബന്ധനത്തില്‍ വന്‍ ഇടിവുണ്ടായി. കപ്പല്‍ചാല്‍ 20 മീറ്റര്‍ വരെ താഴ്ത്തി എടുക്കാന്‍ ഡ്രഡ്ജിങ് നടത്തിയത് ഇതിനു കാരണമായി വിലയിരുത്തപ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് 138 ദിവസം നീണ്ട സമരം അന്ന് അവസാനിച്ചതെങ്കിലും ആവശ്യങ്ങളൊന്നും വേണ്ടവിധം പരിഗണിക്കപ്പെട്ടിട്ടില്ല. തുറമുഖപ്രവര്‍ത്തനം ആരംഭിക്കുമ്പോഴും സമരം ഉന്നയിച്ച ആശങ്കകള്‍ വിഴിഞ്ഞത്ത് അവശേഷിക്കുകയാണ്.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മ്മാണം ആരംഭിച്ച ശേഷം പലവിധത്തിലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളാല്‍ വലയുകയാണ് തിരുവനന്തപുരം ജില്ലയിലെ തീരദേശജനത. പ്രത്യേകിച്ച് തീരശോഷണത്തിന്റെ പ്രശ്‌നം ഓരോ വര്‍ഷവും അതിരൂക്ഷവുമാകുന്നു. മത്സ്യബന്ധന തുറമുഖമായ വിഴിഞ്ഞം ഹാര്‍ബര്‍ നഷ്ടമാകുമോ എന്ന ഭയവും മത്സ്യത്തൊഴിലാളികള്‍ക്കുണ്ട്. ട്രയല്‍റണ്‍ ഉദ്ഘാടന ദിവസവും അതിനു മുന്‍പും വിഴിഞ്ഞത്ത് സാധാരണ മത്സ്യത്തൊഴിലാളികളെ തീരക്കടലിലെ പാരുകളിലേക്ക് പോകാന്‍ പൊലീസ് സമ്മതിച്ചില്ലെന്നു മത്സ്യത്തൊഴിലാളികള്‍ പറയുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായി പരിസരപ്രദേശങ്ങള്‍ മുഴുവനും നോണ്‍ ഫിഷിംഗ് സോണായി പ്രഖ്യാപിക്കപ്പെടുകയും കടലിനേയും കടല്‍വിഭവങ്ങളേയും സുസ്ഥിരമായി വിനിയോഗിച്ചുകൊണ്ട് കാലങ്ങളായി തീരക്കടലില്‍ നടത്തപ്പെടുന്ന പരമ്പരാഗത മത്സ്യബന്ധനത്തിന്റെ ചാവുമണിമുഴക്കമുണ്ടാവുകയും ഒരു സമ്പന്നമായ കടല്‍സംസ്‌കാരത്തിന്റെ അന്ത്യം കണ്‍മുന്നില്‍ കാണേണ്ടിവരികയും ചെയ്യുമെന്ന് അവര്‍ ഭയപ്പെടുന്നുമുണ്ട്.
ഓഖി അടക്കമുള്ള പ്രകൃതിദുരന്തം കാരണവും പുലിമുട്ട് നിര്‍മ്മിക്കാനുള്ള പാറയുടെ ലഭ്യതക്കുറവും കാരണം നിശ്ചയിച്ച സമയത്ത് തുറമുഖത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ പദ്ധതിയുടെ പിതൃത്വമേറ്റെടുക്കാന്‍ പോരാടുന്ന ഇടതു-വലതു കക്ഷികള്‍ വിഴിഞ്ഞം തുറമുഖനിര്‍മ്മാണത്തിന്റെ ഫലമായി ഉണ്ടാകുന്ന ഈ പാരിസ്ഥിതിക തകര്‍ച്ചകളോടും തീരശോഷണത്തോടും പ്രതികരിക്കാന്‍ തയ്യാറായിട്ടേയില്ല. അദാനി ഗ്രൂപ്പ് ഏറ്റെടുത്ത തിരുവനന്തപുരം വിമാനത്താവളത്തിന്റെ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ശംഖുമുഖം ബീച്ച് ഇന്നില്ല. കടലേറ്റത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ ഇനിയും പുനരധിവസിപ്പിക്കപ്പെട്ടിട്ടില്ല.
നിരവധി പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതോടെ സമരം തുടരാനാകാത്ത സ്ഥിതിയിലേക്ക് മത്സ്യത്തൊഴിലാളികള്‍ എത്തിച്ചേര്‍ന്നു. 2015-ല്‍ ആരംഭിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന്റെ ഫലമായി തീരത്തും തീരക്കടലിലുമുണ്ടായ പാരിസ്ഥിതിക ആഘാതങ്ങള്‍ കൂടാതെ, പശ്ചിമഘട്ടത്തിലേയും ഇടനാട്ടിലെ കുന്നുകളിലേയും 75 ലക്ഷം ടണ്‍ പാറകള്‍ തുരന്നാണ് പദ്ധതിയുടെ പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കപ്പെട്ടത്. മണ്‍സൂണ്‍ കാലത്തെ പതിവ് കടല്‍ക്ഷോഭവും കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായുണ്ടായ അപ്രതീക്ഷിത ന്യൂനമര്‍ദ്ദങ്ങളും വിഴിഞ്ഞം തുറമുഖനിര്‍മ്മാണത്തെ സാരമായി ബാധിച്ചിരുന്നു. അത്തരം ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. കാലാവസ്ഥാ മാറ്റത്തിന്റേയും പരിസ്ഥിതി നാശത്തിന്റേയും ഫലമായി വിഴിഞ്ഞം തുറമുഖം ഇനിയും ഏറെ വെല്ലുവിളികള്‍ നേരിടേണ്ടിവരും.
വല്ലാര്‍പാടത്തിന്റെ അവസ്ഥ
രാജ്യത്തെ ആദ്യ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലായിരുന്നു വല്ലാര്‍പാടത്തേത്. വിഴിഞ്ഞം പോലെത്തന്നെ സ്വപ്നപദ്ധതിയായി ആഘോഷിച്ചതാണ് വല്ലാര്‍പാടവും. ദുബായ് ആസ്ഥാനമാക്കിയുള്ള ഡി.പി. വേള്‍ഡ് നിയന്ത്രിക്കുന്നതാണ് ടെര്‍മിനല്‍. വല്ലാര്‍പാടത്തെ നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കിയിട്ടായിരുന്നു കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്നവകാശപ്പെട്ട് തുറമുഖം പണിതത്. 1.2 ദശലക്ഷം ടി.ഇ.യു ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര കണ്ടൈയ്നര്‍ ടെര്‍മിനല്‍ ആയാണ് വല്ലാര്‍പാടം പണിതത്. ശ്രീലങ്കയിലെ കൊളംബോ തുറമുഖ ടെര്‍മിനലിനെ ആശ്രയിക്കുന്നതില്‍നിന്ന് രക്ഷനേടാനാണ് വല്ലാര്‍പാടം വിഭാവനം ചെയ്തത്. ഇതുവഴി രാജ്യത്തെ കയറ്റിറക്കുമതിയിലെ അനാവശ്യ ചെലവ് ഒഴിവാക്കാമെന്നായിരുന്നു സ്വപ്നം.
വിഴിഞ്ഞം മത്സരിക്കുന്നത് പ്രധാനമായും കൊളംബോയുമായിട്ടായിരിക്കും. വിഴിഞ്ഞം കൊളംബോയും സിംഗപ്പൂരുമാകുമെന്ന അവകാശവാദങ്ങള്‍ക്ക് എതിര്‍വാദം സാക്ഷ്യപ്പെടുത്താന്‍ വല്ലാര്‍പാടം മൂകസാക്ഷിയായി നില്‍ക്കുന്നു.
2011 ഫെബ്രുവരി 11-ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉദ്ഘാടനം ചെയ്ത വല്ലാര്‍പാടം അതിന്റെ 40 ശതമാനത്തിലധികം ട്രാന്‍സ്ഷിപ്പ്‌മെന്റ് ശേഷിപോലും ഉപയോഗപ്പെടുത്തുന്നില്ല. കൊട്ടിഘോഷിച്ചതുപോലെ വന്‍കിട മദര്‍ഷിപ്പുകളൊന്നും വല്ലാര്‍പാടത്തേക്ക് വന്നില്ല. ട്രാന്‍സ്ഷിപ്പ്മെന്റ് എന്നത് പേരിനു മാത്രമായി. മദര്‍ഷിപ്പുകള്‍ വരുന്നതിന് കപ്പല്‍ ചാലിന്റെ ആഴം 14.5 മീറ്ററായി നിലനിര്‍ത്തണം. അതിനു സ്ഥിരമായി ഡ്രഡ്ജിങ് നടത്തണം. ഡ്രഡ്ജിങ്ങിനു മാത്രം വര്‍ഷം 100 കോടിയിലധികം രൂപയാണ് കൊച്ചി തുറമുഖം ചെലവിടുന്നത്. അതുകൊണ്ട് വല്ലാര്‍പാടത്തെ നിരക്കുകളില്‍ വലിയ വര്‍ദ്ധനയുമുണ്ടായി. വല്ലാര്‍പാടം യാഥാര്‍ത്ഥ്യമാകുമ്പോള്‍ ചരക്ക് കൈകാര്യം ചെയ്യുന്നതിനുള്ള നിരക്ക് കുറയുമെന്നും അത് വ്യവസായ സമൂഹത്തിനു വലിയ നേട്ടമായി മാറുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. ഇതിന്റെ പ്രയോജനം സംസ്ഥാനത്തിനും ജനങ്ങള്‍ക്കുമുണ്ടാകുമെന്നും കണക്കുകൂട്ടി. വല്ലാര്‍പാടത്തെ താങ്ങിനിര്‍ത്തുന്നതിനായി കൊച്ചി തുറമുഖം വലിയ ഇളവുകള്‍ നല്‍കി.
പത്ത് വര്‍ഷത്തിനിടയില്‍ ഏതാണ്ട് 587 കോടി രൂപയുടെ ഇളവുകള്‍ കൊച്ചി തുറമുഖം നല്‍കിയെന്നാണ് സര്‍ക്കാരിന്റെ കണക്ക്. കപ്പലുകളുടെ പോക്കുവരവുമായി ബന്ധപ്പെട്ട ചെലവുകളിലാണ് ഇളവ് നല്‍കിയത്. വല്ലാര്‍പാടത്തേക്ക് ചരക്ക് ആകര്‍ഷിക്കുന്നതിനായി തമിഴ്നാട് കേന്ദ്രീകരിച്ച് സംവിധാനവുമൊരുക്കിയിരുന്നു. എന്നാല്‍, പദ്ധതി തുടങ്ങുമ്പോള്‍, ലക്ഷ്യമിട്ടതുപോലെ കൊച്ചിയിലേക്ക് കണ്ടെയ്നറുകള്‍ വന്നില്ല. പദ്ധതി തുടങ്ങുമ്പോള്‍ കൊച്ചി ടെര്‍മിനലില്‍ ഏതാണ്ട് 3.9 ലക്ഷം കണ്ടെയ്നറുകളാണ് വന്നിരുന്നത്. 12 വര്‍ഷം കഴിയുമ്പോള്‍ അത് 6.94 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. പക്ഷേ, സ്വപ്നം കണ്ടതുപോലെ കാര്യങ്ങള്‍ മുന്നോട്ടുപോയില്ല. വിഴിഞ്ഞം മത്സരിക്കുന്നത് പ്രധാനമായും കൊളംബോയുമായിട്ടായിരിക്കും. വിഴിഞ്ഞം കൊളംബോയും സിംഗപ്പൂരുമാകുമെന്ന അവകാശവാദങ്ങള്‍ക്ക് എതിര്‍വാദം സാക്ഷ്യപ്പെടുത്താന്‍ വല്ലാര്‍പാടം മൂകസാക്ഷിയായി നില്‍ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
