

മഹാപ്രളയം തകര്‍ത്ത നെയ്ത്ത് ഗ്രാമങ്ങളിലൊന്നായിരുന്നു എറണാകുളം ജില്ലയിലെ ചേന്ദമംഗലം. പകലെന്നും രാത്രിയെന്നുമില്ലാതെ ശബ്ദമുണ്ടാക്കിയിരുന്ന ഓടങ്ങളെല്ലാം നിശ്ചലമായിരുന്നു. ദുരന്തമായി പെയ്തിറങ്ങിയ മഴ ഒരായുഷ്‌ക്കാലത്തിന്റെ സമ്പാദ്യങ്ങളെല്ലാം അവര്‍ക്കു ഒന്നിച്ചു നഷ്ടമായി. ഓണം മുന്നില്‍ കണ്ട് നെയ്ത് വച്ചതെല്ലാം ചളിയില്‍ മുങ്ങിയമര്‍ന്നു. തറികള്‍ ഒന്നിനു മുകളില്‍ ഒന്നായി കൂടിക്കിടന്നു. അവിടെ നിന്നായിരുന്നു അവരുടെ അതിജീവനത്തിന്റെ തുടക്കം. കൈത്തറിപ്പെരുമയുടെ നൂറ്റിയന്‍പതു വര്‍ഷം എന്ന പാരമ്പര്യം മാത്രമായിരുന്നു അവരുടെ കരുത്ത്. കൈപിടിച്ചുയര്‍ത്താന്‍ ലോകമെങ്ങും കൈകളുണ്ടായി. പ്രളയാനന്തര ജീവിതത്തിലെ അഭിമാനകഥകളിലൊന്നായി മാറി ചേന്ദമംഗലത്തുകാരുടെ അതിജീവനം. ചേറിനെ അതിജീവിച്ച കുട്ടിയെന്ന ആശയം ചേക്കുട്ടി പാവകളായി ജീവിതം തിരിച്ചുപിടിച്ചു. ചെളി പറ്റിപ്പിടിച്ച തറികളില്‍ വീണ്ടും ശബ്ദമുയര്‍ന്നു. ഊടും പാവും ചേര്‍ത്ത് അവര്‍ വീണ്ടും ശീലകള്‍ നെയ്തെടുത്തു.
സര്‍ക്കാരിന്റേയും കൈത്തറി സംഘങ്ങളുടേയും തൊഴിലാളികളുടേയും സന്നദ്ധ സംഘടനകളുടേയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ കൈത്തറിഗ്രാമം പഴയ പ്രതാപം തിരിച്ചുപിടിച്ചു. പാഴായിപ്പോയ ദിനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ രാത്രിയും പകലുമായി തീര്‍ത്ത് ലഭിച്ച എല്ലാ ഓര്‍ഡറുകളും ഏപ്രില്‍ മാസത്തോടെ നല്‍കാന്‍ ഇവര്‍ക്ക് സാധിച്ചു. അടുത്ത വര്‍ഷത്തേക്കുള്ള ഓര്‍ഡറുകളും കിട്ടി. ഒന്നര വര്‍ഷത്തിനുശേഷം ചേന്ദമംഗലം ഗ്രാമത്തിലെത്തുമ്പോള്‍ കൈത്താങ്ങ് നല്‍കിയവരെ കടപ്പാടോടെ അവരോര്‍ക്കുന്നു. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം പഞ്ചായത്തിലെ മുഴുവന്‍ പ്രളയബാധിതര്‍ക്കും വേണ്ട സഹായം നല്‍കിയിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടില്ലെന്നാണ് നാട്ടുകാരും വ്യാപാരികളും പറയുന്നത്. സഹായവാഗ്ദാനങ്ങള്‍ കണക്കെടുപ്പുകളില്‍ മാത്രം ഒതുക്കുന്ന സര്‍ക്കാരിനോട് നഷ്ടങ്ങളെക്കുറിച്ച് ഇനിയൊന്നും പറയാനില്ല. ചേന്ദമംഗലം ഗ്രാമവാസികള്‍ പ്രതികരിക്കുന്നതിങ്ങനെ. പറവൂര്‍ മേഖലയില്‍ 95 ശതമാനവും പ്രളയം ബാധിച്ച സ്ഥലമാണ് ചേന്ദമംഗലം പഞ്ചായത്തും പരിസര പ്രദേശവും. ഒരുവര്‍ഷത്തിനുശേഷം ഇത്തവണ ഓണത്തിന് പ്രളയത്തിന്റെ നഷ്ടം ചേന്ദമംഗലത്തുകാര്‍ മറന്നു. 13 കൈത്തറി സംഘങ്ങളിലായി 5 കോടിയോളം രൂപയുടെ തുണിത്തരങ്ങളൊരുങ്ങി.
കൈപിടിച്ചുയര്‍ത്താന്‍ മുന്നിട്ടു നിന്നത് സര്‍ക്കാരിനെക്കാളേറെ സന്നദ്ധസംഘടനകളാണ്. 9,000 വീടുകളുളള ചേന്ദമംഗലം പഞ്ചായത്തില്‍ 167 വീടുകളൊഴികെ ബാക്കിയെല്ലാം പ്രളയബാധിതമായിരുന്നു. സംഘടനകള്‍ കൂടാതെ രാജഗിരി കോളേജും ചേക്കുട്ടിയും മറ്റു ജില്ല പഞ്ചായത്തുകളുടേയും അകമഴിഞ്ഞ സഹായത്തോടെയാണ് പഴയ അവസ്ഥയിലേക്ക് തിരിച്ചെത്താന്‍ സാധിച്ചത്. പഞ്ചായത്തില്‍ മുന്നൂറോളം കുടുംബങ്ങളില്‍നിന്ന് നൂറുകണക്കിനാളുകള്‍ കൈത്തറി മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. വ്യക്തിപരമായ നഷ്ടങ്ങളേക്കാള്‍ കൂടുതല്‍ സാമൂഹിക നഷ്ടങ്ങളാണ് ഇവരെ അലട്ടിയത്. വിവിധ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും സര്‍ക്കാരിന്റേയും ഒത്തൊരുമിച്ചുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ വഴി കൈത്തറി മേഖല ഇപ്പോള്‍ പൂര്‍ണ്ണമായും സ്ഥിരത പ്രാപിച്ച് പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. - പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് പറയുന്നു.
വര്‍ഷങ്ങളായി നിരവധി ജീവനക്കാര്‍ ജോലിചെയ്തു വരുന്ന സഹകരണസംഘമാണ് ചേന്ദമംഗലം പഞ്ചായത്തിലെ കൈത്തറി നെയ്ത്ത് കേന്ദ്രം. പ്രളയത്തില്‍ സംഘങ്ങളിലും വീടുകളിലുമായുള്ള 320 ഓളം തറികള്‍ നശിച്ചുപോയിരുന്നു. എന്നാല്‍ പഴയതിലും മികച്ച രീതിയില്‍ പൂര്‍ണ്ണമായും നവീകരണ മികവോടെ തിരിച്ചുവരാന്‍ മേഖലയ്ക്ക് സാധിച്ചിട്ടുണ്ട്. സര്‍ക്കാരിനെക്കാളുപരി മറ്റു സ്ഥാപനങ്ങളും സംഘടനകളുമാണ് നവീകരണത്തിനുള്ള സാമ്പത്തിക സഹായവും മറ്റു ഉപകരണങ്ങളും സജ്ജമാക്കിയത്. ചേക്കുട്ടി, വ്യാപാരസ്ഥാപനങ്ങള്‍, ടെക്സ്റ്റൈല്‍ ഡിസൈനേഴ്‌സ് എന്നിവര്‍ പഞ്ചായത്തില്‍ നിര്‍മ്മിച്ച കേടുപാടുകള്‍ വന്ന വസ്ത്രങ്ങള്‍ അതേ വിലയില്‍ തന്നെ വാങ്ങി. ചെറുകിട വസ്ത്ര വ്യാപാരികള്‍ക്കും കൈത്തറിമേഖലയ്ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ വലിയൊരു കൈത്താങ്ങായിരുന്നു.
''ഉടുതുണിക്ക് മറുതുണി ഇല്ലാതിരുന്ന സമയത്ത് ഇനിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ് ഏറെ സംഘടനകള്‍ ഞങ്ങളെ സഹായിക്കാന്‍ എത്തിയത്. വിദ്യാര്‍ത്ഥികള്‍ വേണ്ടുവോളം സഹായം ഞങ്ങള്‍ക്ക് ചെയ്തുതന്നു. സര്‍ക്കാര്‍ തറിക്കായുള്ള നൂലുകള്‍ തന്ന് സഹായിച്ചു. അതിനുശേഷം ഞങ്ങള്‍ക്ക് ഒരുപാട് സഹായങ്ങള്‍ പലരില്‍ നിന്നായി ലഭിച്ചു.'' നെയ്ത്തുകാരിയായ ഷൈനി പറയുന്നു. പ്രളയശേഷം ഒരു മാസത്തോളം മാത്രമാണ് നെയ്ത്ത് ഇല്ലാതിരുന്നത്. അതിനുശേഷം പൊതുസമൂഹത്തിന്റേയും സര്‍ക്കാരിന്റേയും മറ്റു സംഘടനകളുടേയും സഹായത്തോടെ നെയ്ത്ത് വീണ്ടും തുടങ്ങി. ഓണവിപണി ലക്ഷ്യമിട്ട് ഒരുക്കിയിരുന്ന രണ്ടു കോടിയോളം രൂപയുടെ കൈത്തറി നിര്‍മ്മാണ വസ്ത്രങ്ങളാണ് നഷ്ടത്തിലായിരുന്നത്. കേടുപാടുകള്‍ സംഭവിച്ച വസ്ത്രങ്ങള്‍ മുഴുവനും ചില വസ്ത്ര വ്യാപാര സംഘടനകള്‍ ഏറ്റെടുത്ത് വൃത്തിയാക്കി വിപണിയിലേക്കിറക്കി നഷ്ടങ്ങള്‍ നികത്തിയിരുന്നു. പൊതുജനങ്ങളുടേയും സംഘടനകളുടേയും തുടരെയുള്ള പരിശ്രമം മൂലമാണ് പ്രളയശേഷമുള്ള നിര്‍ണ്ണായക ഘട്ടത്തില്‍നിന്നും അതിജീവിക്കാന്‍ നെയ്ത്തുകാര്‍ക്ക് സാധിച്ചത്. പഴയതുപോലെ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞുവെങ്കിലും മാസവേതനം തുച്ഛമാണ് എന്നതിന്റെ വ്യസനത്തിലാണ് ഇവര്‍.
''ദിവസേന ഒരു പാവ് ചെയ്തു കിട്ടുന്നതിന്റെ കൂലി മാത്രമേ ലഭിക്കുന്നുള്ളൂ. ഒരു ദിവസം 100 രൂപ വേതനത്തിനായി ജോലി ചെയ്യുകയാണെങ്കില്‍ അതില്‍ 40 ശതമാനം സംഘവും 60 ശതമാനം സര്‍ക്കാരുമാണ് തരേണ്ടത്. എന്നാല്‍. സംഘത്തില്‍നിന്ന് മാത്രമേ വേതനം ലഭിക്കുന്നുള്ളൂ.'' അവര്‍ പറയുന്നു. ഏഴു മാസത്തോളമായി സര്‍ക്കാരില്‍നിന്നുള്ള വിഹിതം ലഭിക്കാതെയാണ് ഇവര്‍ പണിയെടുക്കുന്നത്.
തയ്യാറാക്കിയത്:
മീനു മൈക്കിള്‍
സോണിയ ആന്റണി
ശ്രുതി ഹരിദാസ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates