

മണ്ണ് പോയാല്‍ കര പോകും. കര പോയാല്‍ ജീവിതവും. ഒരു നൂറ്റാണ്ട് കാലമായി തീരജനത അവരുടെ പലായന ജീവിതം കൊണ്ട് ഇത് പറയുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ വിദേശികളായി തുടങ്ങിയ കേരളതീരത്തെ കരിമണല്‍ഖനനം സ്വാതന്ത്ര്യാനന്തരം പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടര്‍ന്നു. കടലെടുത്ത ആലപ്പാടിനും ആറാട്ടുപുഴയ്ക്കും പിന്നാലെ ആലപ്പുഴയുടെ തെക്കന്‍ തീരങ്ങള്‍ കൂടി നേരിയ മണല്‍ത്തുരുത്താകുമ്പോള്‍ ദേശക്കാരും തീരത്തെ ആശ്രയിക്കുന്നവരും പതിവുപോലെ ഭൂപടത്തില്‍നിന്ന് തുടച്ചുനീക്കപ്പെടുന്നു. പൊതുമേഖലാ ഖനന സ്ഥാപനങ്ങളെ മറയാക്കി, മണല്‍ക്കള്ളക്കടത്തെന്ന് ആരോപിച്ചാണ് കൊല്ലത്തിന്റെ തീരങ്ങളില്‍ ഖനനം നടന്നതെങ്കില്‍ തോട്ടപ്പള്ളിയില്‍ അത് ദുരന്തനിവാരണത്തിന്റെ പേരിലാണ്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി പ്രളയം നേരിട്ട കുട്ടനാടിനെ രക്ഷിക്കാനെന്ന വ്യാജേന, അടിയന്തര നടപടിയെന്ന നിലയിലാണ് കായലും കടലും ചേരുന്ന തോട്ടപ്പള്ളി പൊഴി മുറിക്കാന്‍ തീരുമാനമുണ്ടായത്.
എന്നാല്‍, 50 ദിവസം പിന്നിട്ടിട്ടും പൊഴി മുറിക്കാതെ തീരത്തെ കരിമണല്‍ ഖനനം നടക്കുന്നു. നൂറുകണക്കിന് ലോറികള്‍ കരിമണലുമായി നീങ്ങുന്നു. തദ്ദേശസ്ഥാപനങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്ത്, പ്രാദേശിക ജനവിഭാഗങ്ങളെ അടിച്ചമര്‍ത്തി നടത്തുന്ന ഈ നീക്കം ദുരന്തലഘൂകരണത്തിന്റെ പേരില്‍ പൊടുന്നനെയുണ്ടായതല്ല. രണ്ടുദശാബ്ദം മുന്‍പാണ് ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളില്‍ പാട്ട വ്യവസ്ഥയില്‍ ഖനനത്തിന് സ്വകാര്യകമ്പനിക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയത്. ജനങ്ങളുടെ ജീവിതമോ പരിസ്ഥിതി ആവാസ വ്യവസ്ഥയോ കണക്കിലെടുക്കാതെ, ധാതുസമ്പുഷ്ടമായ ഈ ദേശത്തെ ഇല്ലാതാക്കാന്‍ സ്വകാര്യമേഖലയ്ക്ക് തീറെഴുതിക്കൊടുക്കുന്ന സര്‍ക്കാര്‍ സമീപനത്തിനെതിരെ ജനരോഷമുയര്‍ന്നു. സമരങ്ങളും വലിയ പ്രക്ഷോഭങ്ങളുമുണ്ടായതോടെ ആ നീക്കം നടന്നില്ല. എന്നിട്ടും തോട്ടപ്പള്ളി വരെയുള്ള തീരത്തുനിന്ന് പിന്‍മാറാന്‍ ഖനനമാഫിയ തയ്യാറായിരുന്നില്ല. രണ്ടു ദശാബ്ദമായി തുടരുന്ന ഈ നീക്കത്തിന്റെ പര്യവസാനമാണ് തോട്ടപ്പള്ളിയില്‍ ഇപ്പോള്‍ നടന്നത്.
പൊതുമേഖലാ കമ്പനികളായ കെ.എം.എം.എല്ലും ഐ.ആര്‍.ഇയുമാണ് നിലവില്‍ കേരളത്തിന്റെ തീരത്ത് ഖനനം നടത്തുന്ന കമ്പനികള്‍. ഈ കമ്പനികളാണ് തോട്ടപ്പള്ളിയിലും രക്ഷാദൗത്യത്തിന്റെ പേരില്‍ ഖനനത്തിനെത്തിയത്. പാരിസ്ഥിതിക മാനദണ്ഡങ്ങളൊന്നും പാലിക്കാതെ, തദ്ദേശീയരുടെ സാമൂഹികാവശ്യങ്ങള്‍ പരിഗണിക്കാതെ നടക്കുന്ന ഈ ഖനനത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും വ്യാവസായിക വക്താക്കളായ ഭരണാധികാരികള്‍ തയാറായതുമില്ല.
പ്രതിഷേധങ്ങളും അടിച്ചമര്‍ത്തലുകളും
പമ്പ, അച്ചന്‍കോവില്‍, മണിമല എന്നീ ആറുകളില്‍നിന്ന് കുട്ടനാട്ടിലെത്തുന്ന പ്രളയജലം സുഗമമായി അറബിക്കടലിലേക്ക് ഒഴുക്കാനാണ് തോട്ടപ്പള്ളി പൊഴിയിലെ മണല്‍ നീക്കുന്നതെന്നാണ് ഇറിഗേഷന്‍ വകുപ്പിന്റെ വാദം. പൊഴിയുടെ ആഴവും വീതിയും കൂട്ടിയാല്‍ സ്പില്‍വേയിലൂടെ കൂടുതല്‍ വെള്ളം അറബിക്കടലിലെത്തും. ഇതുവഴി കുട്ടനാടന്‍ കാര്‍ഷികമേഖലയെ വെള്ളപ്പൊക്കത്തില്‍നിന്ന് രക്ഷിക്കാനാകും. ഇതാണ് ഇറിഗേഷന്‍ വകുപ്പ് മുന്നോട്ടുവയ്ക്കുന്ന വാദം. എന്നാല്‍, തോട്ടപ്പള്ളി പൊഴിമുറിക്കുന്നത് എല്ലാവര്‍ഷവും നടക്കാറുള്ളതാണെന്നും അതിന്റെ മറവിലുള്ള ഖനന നീക്കമാണ് പ്രശ്നമെന്നും തീരദേശവാസികള്‍ പറയുന്നു. ഇത്തവണയും ടെണ്ടര്‍ നടപടികള്‍ നടന്നിരുന്നു. സ്പില്‍വേ പൊഴിയില്‍നിന്ന് 190 മീറ്റര്‍ നീളത്തിലും 27.5 മീറ്റര്‍ വീതിയിലും 2.5 മീറ്റര്‍ ആഴത്തിലും മണല്‍ നീക്കാന്‍ ടെണ്ടര്‍ വിളിച്ചു. 26 ലക്ഷം രൂപ കരാര്‍ തുകയായി കണക്കാക്കുകയും ചെയ്തു. ഇതിനൊപ്പം വീയപുരം മുതല്‍ തോട്ടപ്പള്ളി വരെയുള്ള ലീഡിങ് ചാനല്‍ ആഴം കൂട്ടാനും കരാര്‍ ഉറപ്പിച്ചു. മേയ് 19-ന് ടെണ്ടര്‍ നടപടികള്‍ അവസാനിപ്പിക്കുന്ന ദിവസമാണ് പൊഴിയും ആഴവും വീതിയും കൂട്ടുന്നതിന് കെ.എം.എം.എല്ലിനെ ചുമതലപ്പെടുത്തിയതായുള്ള ഉത്തരവ് വരുന്നത്. ഇതോടെ ഇറിഗേഷന്‍ വകുപ്പ് നടത്തിവന്ന ടെണ്ടര്‍ നടപടികള്‍ അവസാനിപ്പിച്ചു.
അന്ന് തന്നെ കെ.എം.എം.എല്‍ ഖനനയന്ത്രങ്ങള്‍ തോട്ടപ്പള്ളിയിലെത്തിച്ചു. പിറ്റേദിവസം ലോറികള്‍ എത്തിത്തുടങ്ങിയപ്പോഴാണ് പലരും സംഭവം അറിഞ്ഞത്. ഇതോടെ ജനങ്ങള്‍ പ്രതിഷേധം ഉയര്‍ത്തി. മണലുമായി പോകുന്ന ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു. പ്രദേശവാസികളും സി.പി.എം ഒഴികെയുള്ള വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രാദേശിക നേതൃത്വങ്ങളും മണലെടുത്ത് കൊണ്ടുപോകാനാകില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു. തീരത്തെ കാറ്റാടിമരങ്ങള്‍ മുറിച്ചു നീക്കുകയായിരുന്നു അടുത്ത നടപടി. എല്ലാ വര്‍ഷവും തീരം സംരക്ഷിക്കുന്ന കാറ്റാടി മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ഇറിഗേഷന്‍ വകുപ്പ് ശ്രമിക്കാറുണ്ട്. ജനങ്ങളുടെ പ്രതിഷേധം ഉയരുമ്പോള്‍ അതില്‍നിന്ന് അവര്‍ പിന്‍മാറുകയാണ് പതിവ്. പക്ഷേ, ഇത്തവണ ആ പതിവ് തെറ്റി. പ്രതിഷേധമുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ ആലപ്പുഴ ഉള്‍പ്പെടെ അഞ്ചു ജില്ലകളില്‍ നിന്നുള്ള പൊലീസിനെ ഇവിടെ വിന്യസിച്ചു. 1500 ഓളം പൊലീസുകാരുടെ കാവലില്‍ പുലര്‍ച്ചെ ആറു മണിയോടെ അറുന്നൂറിലധികം മരങ്ങള്‍ മുറിച്ചു മാറ്റി. പൊഴിയിലേക്കുള്ള എല്ലാ വഴികളും ബാരിക്കേഡ് വച്ച് പൊലീസ് അടച്ചിരുന്നു. അതുകൊണ്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കോ സമരത്തിലുള്ള സംഘടനാപ്രവര്‍ത്തകര്‍ക്കോ ഇവിടെ എത്താന്‍ കഴിഞ്ഞതുമില്ല. പോകാന്‍ ശ്രമിച്ച ധീവരസഭ ജനറല്‍ സെക്രട്ടറി വി. ദിനകരനടക്കമുള്ളവരെ പൊലീസ് അറസ്റ്റ്‌ചെയ്തു. തദ്ദേശസ്ഥാപനത്തെ പോലും അറിയിക്കാതെയായിരുന്നു ഈ നീക്കം.
പിന്നാലെ, കൂടുതല്‍ ലോറികളും ഇരുപതിലധികം ഡ്രഡ്ജിങ് സാമഗ്രികളും ജെസിബികളും പ്രദേശത്തെത്തി. പൊഴിമുഖത്ത് നിന്നുമാത്രം രണ്ടുലക്ഷം ക്യൂബിക് മീറ്റര്‍ മണലെടുക്കുന്നതിനാണ് ജലവിഭവവകുപ്പ് കെ.എം.എം.എല്ലിന് കരാര്‍ നല്‍കിയത്. കമ്പനിയാകട്ടെ, പൊഴിയില്‍നിന്ന് മണ്ണെടുക്കുന്നതിനു പകരം തീരത്തുനിന്ന് മണല്‍ ലോറികളില്‍ കടത്താന്‍ തുടങ്ങി. ഇതിനൊപ്പം മണല്‍മലകള്‍ സൃഷ്ടിച്ച് പൊഴിമുഖം അടയ്ക്കുകയും ചെയ്തു. കടലില്‍ പൈപ്പിട്ട് ഡ്രഡ്ജിങ് തുടങ്ങി. തീരത്ത് രണ്ട് കൃത്രിമ കുളങ്ങളുണ്ടാക്കി അതില്‍ ഖനനം ചെയ്യുന്ന മണല്‍ നിറച്ച് ധാതുമണല്‍ വേര്‍തിരിക്കുകയും ചെയ്യുന്നു. 12 ഇഞ്ചിന്റെ നാലു പൈപ്പുകള്‍ വച്ച് ദിവസം 6000 മീറ്റര്‍ ക്യൂബ് ജലം കടലിലെത്തിക്കുന്നു. ഖനനം തീരുന്നത് വരെ ജലവിതാനം നിയന്ത്രിക്കാനാണ് ഈ സംവിധാനം. പ്രതിഷേധം അവഗണിച്ച് വ്യാപകമായി മണലെടുപ്പ് തുടര്‍ന്നപ്പോഴാണ് പുറക്കാട് പഞ്ചായത്ത് ഭരണസമിതി കൂടി സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ തീരുമാനിച്ചത്. അതിന്‍പ്രകാരം ജൂണ്‍ ഒന്നിന് പഞ്ചായത്ത് സെക്രട്ടറി കെ.എം.എം.എല്ലിന് സ്റ്റോപ്പ് മെമ്മോ നല്‍കി. എന്നാല്‍, സ്റ്റോപ്പ് മെമ്മോ ലംഘിച്ചും ഖനനം തുടര്‍ന്നതോടെയാണ് സമരസമിതി ഹൈക്കോടതിയെ സമീപിച്ചത്. നിയമപരമായി സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, കെ.എം.എം.എല്ലിനോട് വിശദീകരണം ചോദിക്കുകയും ചെയ്തു.
കരിമണല്‍ ഖനനത്തിന് പ്രത്യേകം ലൈസന്‍സ് വേണമെന്നും കെ.എം.എം.എല്ലിന് അതില്ലെന്നുമായിരുന്നു സമരസമിതിയുടെ വാദം. പുറക്കാട് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കെ ഖനനം തുടരുന്നത് നിയമലംഘനമാണെന്നും കോടതിയില്‍ ഇവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, സ്റ്റോപ്പ് മെമ്മോ പഞ്ചായത്ത് സെക്രട്ടറി പിന്‍വലിച്ചെന്നാണ് കമ്പനിക്കു വേണ്ടി ഹാജരായ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചത്. അത് ജില്ലാകളക്ടറെ അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍, പഞ്ചായത്ത് ഭരണസമിതി കൂടിയെടുത്ത തീരുമാനത്തെ സെക്രട്ടറിക്ക് മാത്രം എങ്ങനെ പിന്‍വലിക്കാനാകുമെന്ന ചോദ്യം നിലനില്‍ക്കുന്നു. സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കാത്ത സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍, പൊഴിമുഖത്ത് നിന്നു കൊണ്ടുപോവുന്ന മണല്‍ കെ.എം.എം.എല്‍ പരിസരത്ത് സൂക്ഷിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സ്റ്റോപ്പ് മെമ്മോ പിന്‍വലിച്ചിട്ടില്ല. ഭരണസമിതി എടുത്ത തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറി വിശദീകരണം നല്‍കിയെങ്കില്‍ അത് പഞ്ചായത്തീരാജ് നിയമത്തിന്റെ ലംഘനമാണ്. സെക്രട്ടറിക്ക് മാത്രമായി ഭരണസമിതിയുടെ തീരുമാനം പിന്‍വലിക്കാനാകുമോ-തൃക്കുന്നപുഴ പഞ്ചായത്തംഗം കൂടിയായ സുധിലാല്‍ ചോദിക്കുന്നു. ഖനനത്തിനെതിരേ നടക്കുന്ന സമരത്തില്‍ സജീവമാണ് സുധിലാല്‍.
ജൂണ്‍ ഒന്നിന് സ്റ്റോപ്പ് മെമ്മോ നല്‍കിയതിന് പിറ്റേന്നു മുതല്‍ പഞ്ചായത്ത് സെക്രട്ടറി ലീവിലാണ്. പിന്നീട് അവരെ സ്ഥലം മാറ്റി പുതിയ സെക്രട്ടറിയെ നിയമിച്ചു. ലീവിലുള്ള സെക്രട്ടറിയോട് സ്റ്റോപ് മെമ്മോ നല്‍കിയതിന് ജില്ലാ കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. അതിനുള്ള മറുപടിയില്‍ സര്‍ക്കാര്‍ തീരുമാനത്തിന് താന്‍ എതിര് നിന്നിട്ടില്ലെന്നും പാരിസ്ഥിതിക പ്രശ്‌നം ഉയര്‍ത്തി പ്രദേശവാസികള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനാല്‍ പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാന പ്രകാരം സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ താന്‍ നിര്‍ബന്ധിതയായതുമാണെന്ന വിശദീകരണം സെക്രട്ടറി നല്‍കിയെന്ന് പറയപ്പെടുന്നു. അങ്ങനെയുണ്ടെങ്കില്‍ പോലും സെക്രട്ടറിയുടെ വിയോജനക്കുറിപ്പായി മാത്രമേ അതിനെ കണക്കാക്കാനാവൂവെന്നാണ് സുധിലാല്‍ പറയുന്നു.
കുട്ടനാടിനെ രക്ഷിക്കുമോ?
കാലാകാലങ്ങളായി മഴയ്ക്ക് മുന്‍പായി തോട്ടപ്പള്ളി അഴിമുഖം ടെന്‍ഡര്‍ ക്ഷണിച്ച് മണല്‍ത്തിട്ട മുറിച്ച് കിഴക്കന്‍ ജലം കടലില്‍ ഒഴുക്കി കളയുകയാണ് പതിവ്. പക്ഷേ, യഥാസമയം സ്പില്‍വേ കനാല്‍ ആഴം കൂട്ടാത്തത് കാരണം കഴിഞ്ഞ കുറെ നാളായി വേണ്ട അളവില്‍ വെള്ളം കടലിലേക്ക് ഒഴുകി പോകാറില്ല. സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ മൂലം എക്കലും മണലും അടിഞ്ഞുകൂടി കിടക്കുകയാണ് ഈ കനാല്‍. ആഴം വര്‍ദ്ധിപ്പിക്കാന്‍ ആറുമാസം മുന്‍പ് അനുമതി ലഭിച്ചിട്ടും ഉത്തരവാദിത്വമില്ലാത്ത ജലസേചന വകുപ്പ് യഥാസമയം ആഴം കൂട്ടിയിട്ടില്ല. മഴ തുടങ്ങാന്‍ ഒരാഴ്ച ബാക്കിനില്‍ക്കെ ആഴം കൂട്ടല്‍ ആരംഭിച്ചത്. വീയപുരം മുതല്‍ തോട്ടപ്പള്ളി വരെ പതിനൊന്ന് കിലോമീറ്റര്‍ ആഴം വര്‍ദ്ധിപ്പിക്കാന്‍ അനേക മാസങ്ങളെടുക്കും.
കടലാക്രമണം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന അഴിമുഖ സംരക്ഷണത്തിനായി നട്ടുവളര്‍ത്തിയ കാറ്റാടി വനം അപ്പാടെ വെട്ടി നശിപ്പിച്ച് ആ കരയില്‍ കിടക്കുന്ന കരിമണല്‍ കെ.എം.എം.എല്ലിനും ഐ.ആര്‍.ഇയ്ക്കുമായി വീതിച്ചു കൊടുത്തു. ആഴം വര്‍ദ്ധിപ്പിക്കുമ്പോള്‍ വെള്ളത്തില്‍നിന്നും ലഭിക്കുന്ന മണല്‍ കെ.എം.എം.എല്‍ കമ്പനിക്ക് എടുക്കാന്‍ മാത്രം വ്യവസ്ഥ ചെയ്തിരിക്കേ കരയില്‍ കിടക്കുന്ന മുഴുവന്‍ മണലും ചവറയിലേക്ക് കടത്തിക്കൊണ്ടു പോവുകയാണ്. 1954-ന് ശേഷം ഇത്തരം ഒരു നടപടി ഇവിടെ ഉണ്ടായട്ടില്ല. സാധാരണ പൊഴി മുറിച്ചുവിടുമ്പോള്‍ ഒഴുക്കിന്റെ ശക്തിയില്‍ പതിയെ വീതി കൂടുകയും അഴിമുഖത്തുള്ള മണല്‍ സമീപ തീരപ്രദേശത്തേക്ക് ഒഴുകിപോവുകയും കരവെക്കുകയുമാണ് പതിവ്. ഈ മണല്‍ കടല്‍ വീണ്ടും തിരികെ കൊണ്ടുവന്നു അഴിമുഖം അടയ്ക്കുന്നു. എന്നാല്‍, അഴിമുഖത്തുനിന്നും ക്രമാതീതമായി മണല്‍ എടുത്താല്‍ തൊട്ടടുത്തുള്ള തീരം കടല്‍ അറുത്തെടുത്തു കൊണ്ടുവന്ന് അഴിമുഖം വീണ്ടും അടയ്ക്കുന്നു. ഇതുമൂലം തീരവാസികള്‍ ഭവനങ്ങള്‍ നഷ്ടപ്പെട്ട് പെരുവഴിയില്‍ ആകും. നിലവില്‍ വീടും പറമ്പും നഷ്ടപ്പെട്ട് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ധാരാളം പേര്‍ കഴിയുന്നുണ്ട്. മാത്രമല്ല, പൊഴി അടയാതെ വന്നാല്‍ കുട്ടനാടന്‍ കൃഷി അപ്പാടെ തകരും. കുട്ടനാട്ടിലെ വെള്ളം യഥാവിധം ഒഴുകി പോകണമെന്നും കുട്ടനാടന്‍ കൃഷി ഓരുവെള്ളം കയറാതെ സംരക്ഷിക്കണമെന്നു തന്നെയാണ് ഞങ്ങളുടെ ആഗ്രഹം- അദ്ധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ സുരേഷ് കുമാര്‍ തോട്ടപ്പള്ളി പറയുന്നു.
ലീഡിങ് ചാനലും ആഴം കൂട്ടലും
എന്നാല്‍, നിലവില്‍ ടണ്‍കണക്കിന് മണ്ണാണ് ഈ പ്രദേശത്തുനിന്നും ഐ.ആര്‍.ഇയും കെ.എം.എം.ആര്‍.എല്ലും ചേര്‍ന്ന് കൊണ്ടുപോകുന്നത്. ചുരുക്കി പറഞ്ഞാല്‍ അഴിമുഖം ഒരു ഖനന മേഖലയാക്കി മാറ്റി. ഈ കമ്പനികള്‍ ഇപ്പോള്‍ നേരിടുന്ന മറ്റൊരു ഗുരുതരമായ പ്രശ്‌നം ഖനനം കഴിഞ്ഞ മണ്ണ് എവിടെ നിക്ഷേപിക്കും എന്നുള്ളതാണ്. വെള്ളാനാതുരുത്തിലും പന്മനയിലും ഒക്കെ ഈ മണല്‍ നിക്ഷേപിച്ച് പ്രദേശവാസികള്‍ ലുക്കീമിയ, സോറിയാസിസ്, ആര്‍ത്രൈറ്റിസ്, ജനിതക വൈകല്യങ്ങള്‍ തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് അടിമകളായി മാറി. ഖനനം കഴിഞ്ഞ മണല്‍ തീരദേശത്ത് നിക്ഷേപിക്കുന്നത് അതീവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും. ഇത്തരം കാര്യങ്ങള്‍ ഗൗരവമായ പഠനത്തിന് വിധേയമാക്കാതെ കമ്പനിയെ സഹായിക്കാനായി നില്‍ക്കുന്ന ചില നേതാക്കള്‍ കമ്പനി എം.ഡി പറയുന്നതു പോലെ സംസാരിക്കുന്നത് നാട്ടു നന്മക്കല്ല. തീര സംരക്ഷണത്തിന് ജിയോ ബാഗില്‍ കമ്പനികളില്‍ കിടക്കുന്ന ഖനനം കഴിഞ്ഞ മണ്ണ് (നിറച്ച് തീരം സംരക്ഷിക്കാം എന്ന പുതുനിര്‍ദ്ദേശവുമായി ചില നേതാക്കള്‍ മുന്‍പോട്ട് വരുന്നുണ്ട്. തീര ജനതയെ സംരക്ഷിക്കലല്ല മറിച്ച് കമ്പനിയെ സഹായിക്കാന്‍ വേണ്ടി മാത്രമാണ് അത് - അദ്ദേഹം പറയുന്നു.
''കുട്ടനാടന്‍ കാര്‍ഷികമേഖലയെ രക്ഷിക്കാനാണ് സ്പില്‍വേ കൊണ്ടുവന്നത്. മറിച്ച് എപ്പോഴും തുറന്നു കിടക്കുന്ന സംവിധാനമാണെങ്കില്‍ അത് നടക്കില്ല. സ്വാഭാവിക പ്രക്രിയ അനുസരിച്ച് വെള്ളപ്പൊക്കം ഇല്ലാത്ത അവസരങ്ങളില്‍ അത് അടഞ്ഞ് കിടക്കുകയും അല്ലാത്തപ്പോള്‍ ഷട്ടര്‍ തുറന്ന് ഒഴുകുകയുമാണ് പതിവ്. പൊഴിവെട്ടി വിടുന്നത് സര്‍വ്വസാധാരണമാണ്. കിഴക്കന്‍വെള്ളത്തിന്റെ ഒഴുക്കുണ്ടെങ്കില്‍ ഷട്ടര്‍ പോലും തുറക്കണമെന്നില്ല. അത് കടലിലെത്തും. വെള്ളം കുറയുമ്പോള്‍ സ്വാഭാവികമായും അടയും. ഒരുവര്‍ഷം മുന്‍പ്, കുട്ടനാട്ടിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാന്‍ ഇപ്പോ മണ്ണെടുത്ത് മാറ്റുന്ന പൊഴിയില്‍ മണല്‍ച്ചാക്കിട്ട് കര്‍ഷകര്‍ കാവലിരുന്നിട്ടുണ്ട്. പൊഴിയില്‍നിന്ന് മണ്ണെടുത്ത് മാറ്റുമ്പോള്‍ തൃക്കുന്നപ്പുഴയുടെയും പുറക്കാടിന്റെയും തീരത്തുനിന്ന് മണലൊഴുകി ഇവിടെ വരും. മണലൊഴുകി വന്നാല്‍ തീരം നശിക്കും. ആലപ്പാടിന്റെ സ്ഥിതിവിശേഷം തൃക്കുന്നപ്പുഴയ്ക്കും പുറക്കാടിനും ഉണ്ടാകും. അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും. തോട്ടപ്പള്ളിയിലെ ഫിഷിങ് ഹാര്‍ബറിന്റെ ബ്രേക്ക് വാട്ടര്‍ നിര്‍മ്മിച്ചതുകൊണ്ട് ചാകര പോയി. അത് കൂടാതെ മണലടിഞ്ഞുകൂടി. ഇതോടെ പുറക്കാട് തീരത്തുള്ള വീടുകളും തെങ്ങിന്‍തോപ്പുകളുമെല്ലാം പോയി. തുറമുഖത്തിന്റെ ആഴം കൂട്ടാനാണ് ഐ.ആര്‍.ഇയെ തുറമുഖ വകുപ്പ് അങ്ങോട്ട് വിളിക്കുന്നത്. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ്, ഇറിഗേഷന്‍ വകുപ്പ്, വ്യവസായ വകുപ്പ്, ഫിഷറീസ് വകുപ്പ് തുടങ്ങി വകുപ്പുകളെല്ലാം ഒരു കോക്കസ് പോലെ പ്രവര്‍ത്തിക്കുകയാണ്'' ആലപ്പാട് സമരമുന്നണിയിലുണ്ടായിരുന്ന കെ.സി. ശ്രീകുമാര്‍ പറയുന്നു.
കുട്ടനാട്ടില്‍ നിന്നുള്ള പ്രളയജലത്തെ കടലിലേക്ക് തള്ളുന്നത് തോട്ടപ്പള്ളി സ്പില്‍വേയ്ക്ക് കിഴക്കോട്ട് വീയപുരം വരെയുള്ള പ്രദേശത്താണ് ചെളിനീക്കലും ആഴം കൂട്ടേണ്ടതും. ലീഡിങ്ങ് ചാനലിന്റെ ഈ പതിനൊന്ന് കിലോമീറ്റര്‍ ഭാഗത്ത് ആഴം കൂട്ടണമെന്നായിരുന്നു പല റിപ്പോര്‍ട്ടുകളുടെയും ശുപാര്‍ശ. എന്നാല്‍ ഇതിനായി രണ്ട് ചെറിയ ഡ്രഡ്ജറുകളാണ് എത്തിച്ചത്. അത് നടക്കുന്നതാകട്ടെ വളരെ സാവധാനവും. അതേസമയം സ്പില്‍വേ പാലത്തിനും പൊഴിമുഖത്തിനുമിടയില്‍ നൂറു മീറ്റര്‍ മാത്രം വീതിയുള്ള കനാലിന്റെ ആഴം കൂട്ടാന്‍ കൂറ്റന്‍ ഡ്രഡ്ജര്‍ ഐ.ആര്‍.ഇ എത്തിച്ചു. കുട്ടനാട് സ്പെഷ്യല്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി ലീഡിങ് ചാനലിന്റെ ആഴം നാലു മുതല്‍ ആറു മീറ്റര്‍ വരെ കൂട്ടാന്‍ തീരുമാനിച്ചെങ്കിലും നാലു മീറ്റര്‍ ആഴം പോലും ഇപ്പോഴില്ലെന്നതാണ് വസ്തുത. ഇത്തവണ തീരം സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ തോട്ടപ്പള്ളി സ്പില്‍വേ ലീഡിങ് ചാനലില്‍ നില്‍പ്പ് സമരവും ജലനടത്തവും സംഘടിപ്പിച്ചിരുന്നു. കുട്ടനാടിനെ രക്ഷിക്കാനാണ് ഈ മണല്‍ഖനനം എന്ന് പറയുന്നത് തികച്ചും അസംബന്ധമാണ്. ഇപ്പോള്‍ പ്രളയം വന്നാലും കുട്ടനാട് മുങ്ങും. ഇനി, വേലിയേറ്റമുണ്ടാകുമ്പോള്‍ കുട്ടനാട്ടിലേക്ക് ഉപ്പുവെള്ളം കയറുമെന്നും കൃഷിയൊക്കെ നശിക്കുമെന്നും ഉറപ്പാണ്- സുരേഷ്‌കുമാര്‍ തോട്ടപ്പള്ളി പറയുന്നു.
പ്രളയത്തിന് ശേഷം കുട്ടനാടിന്റെ രക്ഷയ്‌ക്കെക്കെന്ന് പേരില്‍ ആവിഷ്‌കരിച്ച സ്പെഷ്യല്‍ പാക്കേജില്‍ തോട്ടപ്പള്ളി സ്പില്‍വേയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കണമെന്നുണ്ട്. ലീഡിങ്ങ് ചാനലിന്റെ ആഴം വര്‍ദ്ധിപ്പിക്കണമെന്ന ഒരുപാട് നിര്‍ദ്ദേശങ്ങളുണ്ട്. എന്നാല്‍, മണലെടുക്കാനുള്ള മാര്‍ഗ്ഗമായി ഈ നിര്‍ദ്ദേശത്തെ അവര്‍ ഉപയോഗിച്ചു. മൂന്ന് എഞ്ചിനുള്ള ഡ്രഡ്ജറാണ് തോട്ടപ്പള്ളിയില്‍ കൊണ്ടുവന്നത്. എന്നാല്‍, ലീഡിങ്ങ് ചാനലിന്റെ ആഴം കൂട്ടാനായെത്തിച്ചത് ഒരു പഴഞ്ചന്‍ ഡ്രഡ്ജറാണ്. പമ്പനദിയിലെ നീരൊഴുക്ക് കൂട്ടണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു. അപ്പര്‍ കുട്ടനാട്ടില്‍നിന്ന് ജലമൊഴുകിയെത്തുന്ന എസി കനാലില്‍ നീരൊഴുക്ക് മെച്ചപ്പെടുത്താനും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍, ഇതൊന്നും ചെയ്തില്ല. ഖനനത്തില്‍ മാത്രമാണ് കെ.എം.എം.ആര്‍.എല്ലിനും ഐ.ആര്‍.ഇക്കും സര്‍ക്കാരിനും താല്‍പ്പര്യം. പൊഴി മുറിക്കുന്നതിന്റെ ഭാഗമായി മണല്‍നീക്കം തുടങ്ങിയിട്ട് അന്‍പതു ദിവസം പിന്നിട്ടെങ്കിലും പൊഴി മാത്രം മുറിച്ചിട്ടില്ല. വെള്ളപ്പൊക്കം വരുമ്പോള്‍ രണ്ടോ മൂന്നോ ദിവസംകൊണ്ട് പൊഴിമുറിക്കാറുണ്ട് - സുരേഷ്‌കുമാര്‍ പറയുന്നു.
സ്വകാര്യമല്ല, പൊതുഖനനമാകാം
ഖനനം സ്വകാര്യമേഖലയിലല്ല, പൊതുമേഖലയ്ക്ക് വേണ്ടിയാണ് എന്ന ചര്‍ച്ചയാണ് സര്‍ക്കാരിനെ അനുകൂലിച്ചെത്തുന്നവര്‍ ഉയര്‍ത്തുന്ന വാദം. രണ്ടു ദശാബ്ദം മുന്‍പ് കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്ത സി.പി.എം ഇന്ന് ഖനനത്തിന് അനുകൂല നിലപാടാണ്. മുന്‍പ് ആലപ്പുഴ ജില്ലയില്‍ പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ സംയുക്തമേഖലയിലോ കരിമണല്‍ ഖനനം അനുവദിക്കില്ലെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയടക്കം തീരുമാനിച്ചിരുന്നു. എന്നാല്‍, പൊതുമേഖലയാണെങ്കില്‍ ഖനനം അനുവദിക്കാമെന്നും കുട്ടനാടിനെ രക്ഷിക്കാനുള്ള അടിയന്തരശ്രമമാണെന്നും ഉന്നയിച്ച് ഖനനം ആവശ്യമാണെന്ന നിലപാടിലാണ് പാര്‍ട്ടിയുടെ ജില്ലാനേതൃത്വം.
മണല്‍ നീക്കത്തെ അനുകൂലിച്ച് കരുമാടിയില്‍നിന്ന് വള്ളങ്ങളില്‍ ജലയാത്രയും സി.പി.എം സംഘടിപ്പിച്ചിരുന്നു. മണല്‍ഖനനം തുടങ്ങിയത് മുതല്‍ ജില്ലയില്‍ എല്‍.ഡി.എഫ് യോഗം വിളിക്കാന്‍ കണ്‍വീനര്‍ കൂടിയായ സി.പി.എം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ വിളിച്ചിട്ടില്ലെന്ന ആരോപണം സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ജലോസ് ഉയര്‍ത്തിക്കഴിഞ്ഞു. ആവശ്യമുണ്ടെങ്കില്‍ യോഗം ചേരുമെന്നായിരുന്നു സി.പി.എം ജില്ലാസെക്രട്ടറിയുടെ മറുപടി.
ഖനനം സ്വകാര്യമേഖലയിലാണോ പൊതുമേഖലയിലാണോ എന്ന ചര്‍ച്ചയേക്കാള്‍ പ്രധാനം ഖനനത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ തിരിച്ചറിയുകയെന്നതാണ്. തീരദേശത്തിന്റെ ഘടന തന്നെ ഖനനം കൊണ്ടു മാറുമെന്ന് ആലപ്പാട് അടക്കമുള്ള സ്ഥലങ്ങളില്‍നിന്ന് വ്യക്തമാണ്. പൊന്മന അടക്കമുള്ള കൊല്ലം തീരത്ത് ഖനനം സൃഷ്ടിച്ച പാരിസ്ഥിതിക സാമൂഹ്യ പ്രത്യാഘാതങ്ങളുടെ ആഴം വളരെ വലുതാണ്. വെള്ളാനത്തുരുത്ത് പോലെയുള്ള ഗ്രാമങ്ങള്‍ കടലെടുത്തു. അനേകായിരങ്ങള്‍ വീടുപേക്ഷിച്ചു. പതിറ്റാണ്ട് മുന്‍പ് മനുഷ്യര്‍ ജീവിച്ചിരുന്ന മൂന്നു ഗ്രാമങ്ങള്‍ ഇന്ന് കടലിനടയിലാണ്. പൊന്മനയില്‍ അടുത്തകാലം വരെ ഏഴ് ചതുരശ്ര കിലോമീറ്റര്‍ ഭൂമി സര്‍ക്കാര്‍ രേഖകളിലുണ്ടായിരുന്നു. ഭൂമി കടലെടുത്തതോടെ നിയമസഭയുടെ തീരുമാനപ്രകാരം രേഖകളില്‍നിന്ന് ഒഴിവാക്കി. ജലപാതയ്ക്കും കടലിനുമിടയിലെ ഒരു മണല്‍വരമ്പ് മാത്രമാണ് ആലപ്പാട് ഇന്ന്. ഖനനം കാരണമാണ് തീരം നഷ്ടമായത്. സുനാമി രൂക്ഷമായി ബാധിച്ചത് ഈ തീരം ഇല്ലാതായത് കൊണ്ടാണ്. ഇത്തരം പ്രത്യാഘാതങ്ങളെ ബോധപൂര്‍വ്വം തമസ്‌കരിച്ചാണ് സി.പി.എം ഖനനത്തെ പിന്തുണയ്ക്കുന്നത്.
പൊതുമേഖലാ കമ്പനികള്‍ മണല്‍ ഖനനം ചെയ്താലും ഇല്‍മനൈറ്റ് ലഭിക്കുന്നത് സി.എം.ആര്‍.എല്ലിനാണ്. കരിമണലില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന ഇല്‍മനൈറ്റ് ഉപയോഗിച്ച് സിന്തറ്റിക് റൂട്ടയിലും അനുബന്ധ ഉല്പന്നങ്ങളും ഉണ്ടാക്കി കയറ്റുമതി ചെയ്ത് ലാഭമെടുക്കുന്നത് ഈ സ്വകാര്യകമ്പനിയാണ്. ഐ.ആര്‍.ഇ ഖനനം ചെയ്ത് അതില്‍നിന്ന് മോണോസൈറ്റും ഇല്‍മനൈറ്റും വേര്‍തിരിച്ച ശേഷം മോണോസൈറ്റ് തോറിയമുണ്ടാക്കുന്നതിനായി ഉപയോഗിക്കും. ഇല്‍മനൈറ്റ് സി.എം.ആര്‍.എല്ലിന് കൈമാറും. ഇതാണ് യാഥാര്‍ത്ഥ്യം. അക്ഷരാര്‍ത്ഥത്തില്‍ സി.എം.ആര്‍.എല്ലിന് ചുമടെടുത്ത് കൊടുക്കുന്ന ദൗത്യം മാത്രമാണ് പൊതുമേഖലാ കമ്പനികള്‍ക്കള്‍ക്കെന്നു പറയുന്നു തീരദേശവാസികള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates