

ഒന്നര ദശാബ്ദം മുന്‍പാണ് ബംഗാളില്‍ അധികാരത്തില്‍നിന്ന് സി.പി.എം പുറത്താകുന്നത്. 2021-ല്‍ സംപൂജ്യരായതോടെ ആ തകര്‍ച്ച ഏതാണ്ട് പൂര്‍ണ്ണമായി. 1957 മുതലുള്ള ചരിത്രത്തില്‍ ഒരൊറ്റ സീറ്റ് പോലും അന്ന് പാര്‍ട്ടിക്കില്ലാതെയായി. തെറ്റുതിരുത്തലിനുപോലും അവശേഷിപ്പില്ലാത്തവിധം തകര്‍ന്ന സി.പി.എം പിന്നെ നിലനില്‍പ്പിനായി പലവഴികള്‍ തേടി. അതിലൊന്നായിരുന്നു കോണ്‍ഗ്രസ്സുമായുള്ള കൂട്ടുകെട്ട്. പല പരീക്ഷണങ്ങള്‍ നടത്തിയിട്ടും ബംഗാളില്‍ മാറ്റം സാധ്യമാകുന്നില്ലെന്നതായിരുന്നു സിപിഎമ്മിനെ ഇതുവരെ പ്രതിസന്ധിയിലാക്കിയിരുന്നത്.
ഏതായാലും വംഗനാട്ടില്‍ വീണ്ടുമൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് സി.പി.എം. തലമുറമാറ്റത്തിലൂടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനാണ് ശ്രമം. ഈ വര്‍ഷം ആദ്യം കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ നടത്തിയ പടുകൂറ്റന്‍ റാലിയാണ് ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഈ റാലി പാര്‍ട്ടിയുടെ സംഘടനാമികവിന്റെ ഉദാഹരണമായി കണക്കുകൂട്ടുന്നു. ഒപ്പം, ഒരു തലമുറമാറ്റത്തിന്റെ പ്രത്യക്ഷചിഹ്നവും.
കൂച്ച്ബിഹാറില്‍നിന്ന് തുടങ്ങി 50 ദിവസം നീണ്ടുനിന്ന കാല്‍നടയാത്രയായിരുന്നു ഇന്‍സാഫ്. 22 ജില്ലകളിലൂടെ 2,200 കിലോമീറ്റര്‍ പിന്നിട്ട ആ യാത്രയുടെ സമാപനചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി മൊഹമ്മദ് സലീം പ്രഖ്യാപിച്ചത് ഇതാണ്: പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ജയങ്ങള്‍ ട്രെയിലര്‍ മാത്രം, യഥാര്‍ത്ഥ സിനിമ വരാന്‍ പോകുന്നതേയുള്ളൂ..
റാലി കഴിഞ്ഞുള്ള ദിവസങ്ങളില്‍ പുറത്തിറങ്ങിയ ഗണശക്തിയുടെ മുന്‍പേജില്‍ എട്ടുകോളത്തില്‍ ആവേശത്തോടെ പ്രസംഗിക്കുന്ന ഒരു യുവതിയുടെ ചിത്രമുണ്ടായിരുന്നു- മീനാക്ഷി മുഖര്‍ജി! മുതിര്‍ന്ന നേതാക്കളെല്ലാം ശ്രോതാക്കള്‍ മാത്രമായ ആ ചടങ്ങ് മമതയോട് കിടപിടിക്കാന്‍ വ്യക്തിപ്രഭാവമുള്ള ഒരു നേതാവിനെ വാര്‍ത്തെടുക്കുകയായിരുന്നു. ആ പേര് ഇന്ന് ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയൊരു ആവേശവും പ്രതീക്ഷയുമൊക്കെയാണ്. സംസ്ഥാനം ഭരിക്കുന്ന അതിശക്തയായ മമതയോട് എതിരിടാന്‍ ഈ 39-കാരിക്ക് കഴിയുമെന്ന് പാര്‍ട്ടി അണികള്‍ വിശ്വസിക്കുന്നു. ഡി.വൈ.എഫ്.ഐ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയായ മീനാക്ഷി രാഷ്ട്രീയ തിരിച്ചുവരവിനു പരിശ്രമിക്കുന്ന സി.പി.എമ്മിന്റെ ജനകീയ മുഖമാണ്.
ജാര്‍ഖണ്ഡിനോട് അതിര്‍ത്തി പങ്കുവയ്ക്കുന്ന കുല്‍ട്ടി എന്ന സ്ഥലത്താണ് മീനാക്ഷി ജനിച്ചത്. 2021-ല്‍ നന്ദിഗ്രാമില്‍ ബി.ജെ.പിയുടെ സുവേന്ദു അധികാരിയും മമതയും തമ്മില്‍ മത്സരം നടക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിയായി മീനാക്ഷിയുമുണ്ടായിരുന്നു. നാടകീയമായി ബി.ജെ.പിയിലെത്തിയ സുവേന്ദു തൃണമൂല്‍ കോണ്‍ഗ്രസ്സിലെ പല നേതാക്കളേയും ബി.ജെ.പിയിലേക്ക് എത്തിച്ചു. ഇതോടെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സുവേന്ദുവിനെതിരെ നേരിട്ട് പോരാടി വിജയിക്കുമെന്ന് മമത പ്രഖ്യാപിച്ചത്. കൊല്‍ക്കത്തയിലെ ഭവാനിപുര്‍ മണ്ഡലം ഉപേക്ഷിച്ചായിരുന്നു അവര്‍ നന്ദിഗ്രാമില്‍ പോരാട്ടത്തിന് ഇറങ്ങിയത്. നന്ദിഗ്രാം ഒരിക്കലും തന്നെ ഉപേക്ഷിക്കില്ലെന്ന് അവര്‍ പ്രചാരണത്തിനിടെ ആത്മവിശ്വാസവും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, തോല്‍വിയായിരുന്നു നന്ദിഗ്രാം മമതയ്ക്കായി കരുതിവച്ചത്. സുവേന്ദുവിന്റെ തട്ടകത്തില്‍ മികച്ച മത്സരം കാഴ്ചവെച്ച മമത 1956 വോട്ടുകള്‍ക്കാണ് അന്ന് തോറ്റത്. അന്ന് 6,267 വോട്ടുകളാണ് മീനാക്ഷി മുഖര്‍ജി നേടിയത്.
അന്നത്തെ ആ മത്സരത്തില്‍ കെട്ടിവച്ച പണം പോലും കിട്ടിയില്ലെങ്കിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ജനകീയ ഇടപെടലുകളും പ്രസംഗങ്ങളും മീനാക്ഷിയുടെ രാഷ്ട്രീയ യാത്രയ്ക്ക് വഴിയൊരുക്കുകയായിരുന്നു. ഓഫീസ് പോലുമില്ലാതായ സ്ഥലങ്ങളില്‍ വീണ്ടും പാര്‍ട്ടി സജീവമായി തുടങ്ങി. ഗ്രാന്‍ഡ് ബ്രിഗേഡ് റാലിയിലെ സജീവ സാന്നിധ്യമായ മീനാക്ഷിയെ കാണാനും അവര്‍ക്ക് മധുരപലഹാരം വാങ്ങാന്‍ പണം നല്‍കാനും പൂക്കള്‍ സമ്മാനിക്കാനും ഒപ്പം നിന്നു ഫോട്ടോയെടുക്കാനും തൊഴിലാളികളും യുവാക്കളുമെല്ലാം വഴിയോരങ്ങളില്‍ മണിക്കൂറുകളാണ് കാത്തുനിന്നത്.
യഥാര്‍ത്ഥ്യത്തില്‍നിന്നുള്ള വാക്കുകളും പ്രാദേശിക ഭാഷാവഴക്കവുമൊക്കെ മീനാക്ഷിയുടെ ജനപ്രീതി കൂട്ടിയതേയുള്ളൂ. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദത്തിനു ശേഷം 2008-ല്‍ സംഘടനയില്‍ ചേര്‍ന്ന മുഖര്‍ജി ലബോറട്ടറിയില്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. 2018-ല്‍ സംസ്ഥാന പ്രസിഡന്റായി. 2021 ഒക്ടോബറില്‍ സംസ്ഥാന സെക്രട്ടറിയാകുമ്പോള്‍ ആ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ വനിത കൂടിയായിരുന്നു അവര്‍. വിദ്യാര്‍ത്ഥി നേതാവായ അനിസ് ഖാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളുടെ പ്രധാന മുഖം മീനാക്ഷിയായിരുന്നു. വളഞ്ഞുനിന്നുള്ള പൊലീസുകാരുടെ മര്‍ദ്ദനങ്ങളെ ഒറ്റയ്ക്ക് ചെറുക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അന്ന് വൈറലായിരുന്നു. രണ്ടു ദിവസം അവര്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയേണ്ടിവന്നു.
2011-നു ശേഷം ഇടതുപക്ഷത്തിന് ഒരു തെരഞ്ഞെടുപ്പിലും വിജയമുണ്ടായിട്ടില്ലെന്നു മാത്രമല്ല, നില മെച്ചപ്പെടുത്താന്‍പോലും കഴിഞ്ഞിരുന്നില്ല. പ്രതിപക്ഷമായി മാറിയ ബി.ജെ.പിയാകട്ടെ, സി.പി.എം ഓഫീസുകളടക്കം കയ്യേറുകയും ചെയ്തു. ഒരു പ്രതിഷേധ ജാഥ നടത്താന്‍ പോലും സി.പി.എമ്മിന് ഭയമായിരുന്നു. ഈ അവസ്ഥയില്‍നിന്നാണ് ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടും സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിച്ചുമുള്ള പ്രവര്‍ത്തനത്തിലൂടെ പാര്‍ട്ടി തിരിച്ചുവരവ് നടത്തുന്നത്. ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട മുതിര്‍ന്ന നേതാക്കളെ മാറ്റുന്നതായിരുന്നു ആദ്യ നടപടി. പിന്നീട് യുവതലമുറ നേതാക്കളെ മുന്‍നിരയിലേക്ക് കൊണ്ടുവന്നു. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ പകുതിയിലേറെ സ്ഥാനാര്‍ത്ഥികളും യുവതലമുറയില്‍പ്പെട്ടവരായിരുന്നു. സീറ്റുകളൊന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഫലം ചെയ്തു. ഗ്രാമങ്ങളിലെ സമരങ്ങളിലും പരിപാടികളിലും അവര്‍ നേതൃത്വം വഹിച്ചു.
ഏറ്റവുമൊടുവില്‍, കനത്ത പൊലീസ് വലയം ഭേദിച്ചാണ് സന്ദേശ്ഖാലിയിലെത്തി അവിടുത്തെ സ്ത്രീകളെ മീനാക്ഷി മുഖര്‍ജി കണ്ടത്. മീനാക്ഷിയുടെ സന്ദര്‍ശനം മുടക്കാന്‍ പൊലീസ് വന്‍തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. വേഷംമാറി, മുഖം മറച്ചെത്തിയ മീനാക്ഷി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പലാഷ് ദാസിനൊപ്പമാണ് നഥുന്‍പരയിലെത്തിയത്. സ്ത്രീകളേയും സി.പി.എം മുന്‍ എം.എല്‍.എ നിരപദ സര്‍ദാറിന്റെ കുടുംബാംഗങ്ങളേയും അവര്‍ കണ്ടു. മീനാക്ഷിയാണ് എത്തിയതെന്നറിഞ്ഞ് പൊലീസ് അവരെ തടഞ്ഞെങ്കിലും വൈകിപ്പോയിരുന്നു. പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും അവര്‍ക്കൊപ്പം ചേര്‍ന്നതോടെ സന്ദേശ്ഖലിയില്‍ അവര്‍ പ്രകടനവും നടത്തി.
കനലൊരു തരിയല്ല
മീനാക്ഷി മുഖര്‍ജി എന്ന ഒറ്റപ്പേരിലൊതു ങ്ങുന്നില്ല ഈ തലമുറമാറ്റം. മയൂഖ് ബിശ്വാസ്, പ്രതികുര്‍ റഹ്മാന്‍ എന്നിവരൊക്കെ ഈ തലമുറമാറ്റത്തിന്റെ പ്രതിനിധികളാണ്. 72-കാരനായ സുര്‍ജയ കാന്ത മിശ്രയ്ക്ക് പകരം ഇപ്പോള്‍ സെക്രട്ടറി 64-കാരനായ മുഹമ്മദ് സലീമാണ്. സാംസ്‌കാരികമായി, ബൗദ്ധികമായി ഔന്നത്യം പുലര്‍ത്തുന്ന സൗമ്യനായ നേതാവ്. ബംഗാള്‍ യുവജനക്ഷേമ മന്ത്രി, രണ്ടുതവണ ലോക്സഭ എം.പി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മുഹമ്മദ് സലിം സി.പി.എം പൊളിറ്റ്ബ്യൂറോ അംഗമാണ്. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ റായ്ഗഞ്ചില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇത്തവണ കോണ്‍ഗ്രസ് പിന്തുണയോടെ മുര്‍ഷിദാബാദിലാണ് അദ്ദേഹം മത്സരിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മാര്‍ച്ചില്‍ കൊല്‍ക്കത്തയില്‍ നടന്ന 26-ാം സംസ്ഥാന സമ്മേളനത്തില്‍ മുതിര്‍ന്ന നേതാക്കളായ ബിമന്‍ ബോസും ഗൗതം ദേബും നേപല്‍ദേബ് ഭട്ടാചാര്യയും സുഭാഷ് മുഖോപാധ്യയും മൃദുല്‍ ദായുമൊക്കെ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് മാറിയിരുന്നു. 80 അംഗ സമിതിയില്‍ യുവതലമുറയില്‍പ്പെട്ട 24 അംഗങ്ങളെ ഉള്‍പ്പെടുത്തി. തെരഞ്ഞെടുപ്പില്‍ യുവതലമുറയില്‍പ്പെട്ടവരായിരുന്നു സ്ഥാനാര്‍ത്ഥികള്‍. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ശ്രീജന്‍ ഭട്ടാചാര്യ, സൈറ ഷാ ഹലിം, ദീപ്സിത ധര്‍, ഐഷെ ഘോഷ് എന്നിവരെല്ലാം മത്സരിച്ചു.
വിദ്യാഭ്യാസവിചക്ഷണയും വിവരാവകാശ പ്രവര്‍ത്തകയും മോട്ടിവേഷണല്‍ സ്പീക്കറുമായ സെയ്റ ഷാ ഹലിം ബലിഗഞ്ചിലാണ് പോരാട്ടത്തിനിറങ്ങിയത്. കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തശേഷം എന്‍.ജി.ഒ പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങുകയും അതുവഴി രാഷ്ട്രീയത്തില്‍ എത്തുകയും ചെയ്ത നേതാവാണ് സെയ്റ. സി.പി.എം നടത്തിയ പൗരത്വ നിയമഭേദഗതി വിരുദ്ധ സമരങ്ങളില്‍ നിറസാന്നിധ്യമായിരുന്നു സെയ്റ. ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ബാബുല്‍ സുപ്രിയോയോട് ഏറ്റുമുട്ടാന്‍ സി.പി.എം നിയോഗിച്ചത് സെയ്റയെ ആയിരുന്നു. ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സുപ്രിയോ ജയിച്ചു. പാര്‍ട്ടി കുടുംബാംഗമായ സെയ്റയുടെ ഭര്‍ത്താവ് ഫൗദ് ഹലിം അറിയപ്പെടുന്ന ഡോക്ടറാണ്. ശ്രീറാംപുരില്‍ മത്സരിച്ചത് എസ്.എഫ്.ഐ ദേശീയ ജോയിന്റ് സെക്രട്ടറി ദിപ്സിത ധര്‍ ആണ്. ദീപ്സിതയും 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ബല്ലി മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജെന്‍ഡര്‍ പ്രശ്‌നങ്ങള്‍, എല്‍.ജി.ബി.ടി.ക്യു.എ.ഐ വിഭാഗങ്ങളില്‍പ്പെട്ടവരുടെ പ്രശ്‌നങ്ങള്‍, വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ എന്നിവയില്‍ സജീവമായി ഇടപെടുന്ന വിദ്യാര്‍ത്ഥി നേതാവാണ് ദിപ്സിത. സി.പി.എം നേതാവായ പദ്മ നിധി ധറിന്റെ കൊച്ചുമകളാണ് ദിപ്സിത.
ബംഗാളില്‍ സമരമുഖത്തുണ്ടായിരുന്ന സായന്‍ ബാനര്‍ജി ഇത്തവണ മത്സരിച്ചത് താംലുക്ക് മണ്ഡലത്തില്‍നിന്നാണ്. സബ്യാസച്ചി ചാറ്റര്‍ജി മത്സരിച്ചത് ഹൗറയില്‍നിന്നും. ഇവര്‍ രണ്ടുപേരും പൗരാവകാശ പ്രവര്‍ത്തകരും അഭിഭാഷകരുമായിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് ഇതാദ്യം. ബംഗാളിലെ ദുര്‍ഗാപൂര്‍ സ്വദേശിയായ ഐഷി ഘോഷും സി.പി.എം സ്ഥാനാര്‍ത്ഥിയായി. ജെ.എന്‍.യുവില്‍ കഴിഞ്ഞ പതിമൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എസ്.എഫ്.ഐയ്ക്കുണ്ടാകുന്ന യൂണിയന്‍ പ്രസിഡന്റ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം, പരിതാപാവസ്ഥയിലായിരുന്ന ഹോസ്റ്റലുകളേയും റീഡിങ് റൂമുകളേയും പുനരുദ്ധരിക്കാന്‍ വേണ്ടി അവര്‍ നടത്തിയ സജീവമായ ഇടപെടലുകള്‍ ശ്രദ്ധേയമായി. തുടര്‍ന്ന്, ജെ.എന്‍.യു.വിലെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം നടത്തിയ സമരങ്ങളുടെ മുന്നണിയിലും ഐഷി ഘോഷ് ഉണ്ടായിരുന്നു.
ബൈനറി യുദ്ധത്തിനിടയില്‍
തൃണമൂല്‍-ബി.ജെ.പി മുഖ്യപോരാട്ടം നടന്ന ബംഗാളിലെ 42 സീറ്റുകളിലെ 30 സീറ്റുകളിലാണ് ഇടതുപക്ഷം മത്സരിച്ചത്. ഇതില്‍ 23 സീറ്റുകളില്‍ സി.പി.എം കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ചു. കോണ്‍ഗ്രസ് 12 സീറ്റുകളിലും മത്സരിച്ചു. നേതൃത്വത്തിലെ തലമുറമാറ്റത്തിനൊപ്പം പുതുവോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇത്തവണ പുതിയ രീതികളും സി.പി.എം പരീക്ഷിച്ചിരുന്നു. Tumpa song എന്ന പേരില്‍ തൃണമൂല്‍-ബി.ജെ.പി പാര്‍ട്ടികളുടെ ചെയ്തികളെ പരിഹസിച്ച് പാര്‍ട്ടി പുറത്തിറക്കിയ പാരഡി പാട്ട് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈറലായി. ഇത്തവണ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി സൃഷ്ടിച്ച പ്രചാരക 'സമത' വഴിയാണ് പ്രചാരണം. ജനങ്ങള്‍ക്ക് ഹോളി ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു 'സമത'യുടെ സോഷ്യല്‍ മീഡിയയിലേക്കുള്ള വരവ്. പാര്‍ട്ടി നിലപാടുകളും സ്ഥാനാര്‍ത്ഥികള്‍ക്കുള്ള വോട്ടഭ്യര്‍ത്ഥനയും ബി.ജെ.പിക്കും തൃണമൂലിനും എതിരെയുള്ള രാഷ്ട്രീയ പ്രചാരണങ്ങളുമൊക്കെ ഇത്തവണ വാര്‍ത്താ ബുള്ളറ്റിന്‍പോലെ സമതയാണ് അവതരിപ്പിച്ചിരുന്നത്. പാര്‍ട്ടിയുടെ ഫെയ്സ്ബുക്ക്-യുട്യൂബ് പ്ലാറ്റ്ഫോമുകള്‍ക്കു പുറമേ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും ഇത് പ്രചരിപ്പിച്ചിരുന്നു. ബി.ജെ.പിയേയോ തൃണമൂലിനെപ്പോലെയോ വന്‍ പി.ആര്‍ ഏജന്‍സികളെ ഇലക്ഷന്‍ ചുമതല ഏല്പിക്കാന്‍ സാമ്പത്തികമില്ലെന്നും അതാണ് എ.ഐ ഉപയോഗിക്കാന്‍ നിര്‍ബന്ധിതമായതെന്നും പാര്‍ട്ടി നേതാക്കള്‍ സമ്മതിക്കുന്നു.
സമത വായിച്ച വാര്‍ത്താബുള്ളറ്റിനുകള്‍ അഞ്ച് ലക്ഷം പേര്‍ കാണുന്നുണ്ടെന്നത് ചെറിയ കാര്യമല്ല. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ വിരുദ്ധ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് മാറിയിരുന്നു. 2014-ല്‍ 23% വോട്ടുവിഹിതം ലഭിച്ച സി.പി.എമ്മിനാകട്ടെ, 2019-ല്‍ കിട്ടിയത് 6.3% മാത്രമാണ്. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് ബി.ജെ.പിയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും ഒരേപോലെ എതിര്‍ത്തിരുന്നത്. തൃണമൂലിനെതിരെ ബി.ജെ.പിയുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണായുധമായ സന്ദേശ്ഖാലി പ്രശ്‌നം സി.പി.എം ഉയര്‍ത്തിക്കാട്ടിയിരുന്നു. ബി.ജെ.പിക്കെതിരെ ഇലക്ടറല്‍ ബോണ്ട് വിഷയമാണ് സി.പി.എം പ്രധാനമായും പ്രയോഗിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ തൃണമൂലിനൊപ്പം ഇത്തവണയും ഉറച്ചുനില്‍ക്കുമെന്ന ധാരണയുണ്ടെങ്കിലും പൗരത്വ ഭേദഗതി വിഷയവും ഗുണം ചെയ്യുമെന്നാണ് സി.പി.എം കരുതുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates