

''പഴയനിയമകാലം സ്ത്രീ വിരുദ്ധമായിരുന്നെങ്കില്‍ ക്രിസ്തുവിലൂടെ, ക്രിസ്തുവിനുശേഷം സ്ത്രീത്വം സദാ ആദരിക്കപ്പെട്ടു. അവനെന്നും ഒരു സ്ത്രീപക്ഷക്കാരനായിരുന്നു. സ്ത്രീസ്വാതന്ത്ര്യത്തിനും സമത്വത്തിനുംവേണ്ടി നമ്മളിന്നു മുറവിളി കൂട്ടുമ്പോള്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുന്‍പു യേശുവെന്നൊരുവന്‍ യൂദയാ പട്ടണത്തില്‍ സ്ത്രീപക്ഷക്കാരനായി അമരത്തുണ്ടായിരുന്നു. സ്ത്രീസമത്വവും സ്ത്രീസ്വാതന്ത്ര്യവും വാനോളം വാഴ്ത്തി പാടുമ്പോഴും ഇന്നും സ്ത്രീത്വം ദൈനംദിനം അവഹേളിക്കപ്പെടുന്നതു കാണുമ്പോള്‍, നാം ലജ്ജിക്കേണ്ടിയിരിക്കുന്നു. പുതിയ കാലത്തിന്റെ പാഠങ്ങളല്ല മറിച്ച് അവന്റെ അടരുകളെ നമുക്ക് ഒന്നു പുനര്‍വായിക്കാം. അങ്ങനെ സ്ത്രീത്വത്തെ മാന്യതയോടെ നോക്കിക്കാണാന്‍ നമ്മുടെ മനസ്സുകളും കണ്ണുകളും സ്‌നാനപ്പെടട്ടെ'' (ബൈബിളും സ്ത്രീകളും-ഒരു പുനര്‍വായന, സത്യദീപം, കാത്തലിക് സഭാ പ്രസിദ്ധീകരണം, ഓഗസ്റ്റ് 1, 2019).
ദുരൂഹമായ കന്യാസ്ത്രീ മരണങ്ങള്‍ ഒരു നിലയ്ക്കും വാര്‍ത്തയല്ലാതായിത്തീര്‍ന്ന ഒരു കാലമാണിത്. ഇത്തരം മരണങ്ങളുടെ തുടര്‍ച്ചയിലാണ് ദിവ്യ പി. ജോണി എന്ന സന്യസ്ത വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം സന്യാസിനീമഠത്തിലെ കിണറ്റില്‍ കാണപ്പെടുന്നത്.
മലങ്കര കാത്തോലിക്ക സഭയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന തിരുവല്ല പാലിയേക്കര ബസീലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ അന്തേവാസിയായിരുന്ന, പത്തനംതിട്ട ചുങ്കപ്പാറ തടത്തേമലയില്‍ പള്ളിക്കപ്പറമ്പില്‍ ജോണ്‍ ഫിലിപ്പോസിന്റേയും കൊച്ചുമോളുടേയും ഇളയ മകളായ ദിവ്യയെ മെയ് എട്ടിനാണ് മഠത്തിലെ കിണറ്റില്‍ കണ്ടെത്തുന്നത്. മരിക്കുമ്പോള്‍ 21 വയസ്സുമാത്രം പ്രായമായിരുന്നു ദിവ്യയ്ക്ക്.
മെയ് എട്ടിനു രാവിലെ 11.30-നാണ് മൃതദേഹം കണ്ടെത്തിയത്. പ്രഭാതഭക്ഷണത്തിനും മഠത്തിലെ പഠനത്തിനും ശേഷം എല്ലാവരും വിശ്രമത്തിനു പിരിഞ്ഞപ്പോഴാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. മഠത്തിനോട് ചേര്‍ന്നു പിറകുവശത്തുള്ള ആള്‍മറയുള്ളതും പത്തടിയോളം വെള്ളമുള്ളതുമായ കിണറിലാണ് ദിവ്യയുടെ മൃതദേഹം കണ്ടത്. കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദംകേട്ട് മഠത്തിലുണ്ടായിരുന്നവര്‍ ഓടിയെത്തിയപ്പോള്‍ ദിവ്യ മുങ്ങിത്താഴുകയായിരുന്നുവെന്നും പറയുന്നു. രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമനസേന എത്തി കിണറ്റിലിറങ്ങിയാണ് മൃതദേഹം കരയ്‌ക്കെടുത്തത്. മൃതദേഹം ഉടന്‍ പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുങ്ങിമരണമാണെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ദിവ്യ കിണറ്റില്‍ കാല്‍വഴുതി വീണതോ, ആത്മഹത്യ ചെയ്തതോ ആകാമെന്നാണ് പ്രാഥമിക നിഗമനം. ആരെങ്കിലും കിണറ്റിലേക്ക് തള്ളിയിട്ടതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സംശയം ഉളവാക്കുന്ന തരത്തില്‍ ശരീരത്തില്‍ മുറിവുകളോ പാടുകളോ ഇല്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതായാലും ദിവ്യയുടെ മരണം സംബന്ധിച്ച കേസ് അന്വേഷണം ക്രൈബ്രാഞ്ചിനു വിട്ടിട്ടുണ്ട്. പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിടാന്‍ ഉത്തരവിട്ടത്. മരണത്തില്‍ അസ്വാഭാവികതയുണ്ടോ എന്നു പരിശോധിക്കാനും ഡി.ജി.പി അന്വേഷണ സംഘത്തിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അറിയുന്നു. പത്താംക്ലാസ് കഴിഞ്ഞ് അഞ്ച് വര്‍ഷം മുന്‍പാണ് ദിവ്യ മഠത്തിലെ അന്തേവാസിയാകുന്നത്. ഒരുവര്‍ഷം കൂടി കഴിഞ്ഞാല്‍ പഠനം പൂര്‍ത്തിയാകും. ദിവ്യയുടെ പിതാവ് ജോണ്‍ ഫിലിപ്പോസ് ഹൈദരാബാദില്‍ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനാണ്. ദിവ്യയ്ക്ക് മഠത്തില്‍നിന്നു ശാരീരികമോ മാനസികമോ ആയ പീഡനം നേരിട്ടിട്ടില്ലെന്നും മരണകാരണം അറിയില്ലെന്നും മഠം അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
കന്യാസ്ത്രീ മഠങ്ങളില്‍ നിശ്ശബ്ദരാകുന്നവര്‍
21 വയസ്സെന്നത് ഒരാളെ സംബന്ധിച്ചിടത്തോളം ചുരുങ്ങിയത് ഒരാള്‍ സ്വന്തം ജീവിതദൗത്യമായി തിരഞ്ഞെടുക്കുന്ന മേഖലയില്‍ അയാള്‍ക്കു നടന്നുതീര്‍ക്കാവുന്ന ദൂരങ്ങളെക്കുറിച്ചെങ്കിലും പ്രതീക്ഷകളുള്ള കാലമായിരിക്കും. ആ തിരഞ്ഞെടുപ്പ് സ്വന്തം ഇഷ്ടപ്രകാരമുള്ളതാണെങ്കില്‍. ആ നിലയ്ക്ക് ജീവിതത്തിലോ സ്വന്തം ജീവിതദൗത്യത്തിലോ മടുപ്പ് തോന്നേണ്ട കാലമായിട്ടില്ല ദിവ്യയ്ക്ക്. എന്നാല്‍, അതുകൊണ്ടു മാത്രമല്ല ദിവ്യയുടെ മരണം ദുരൂഹമാകുന്നത്.
ക്രിസ്ത്യന്‍ സഭകളുടെ പരിഷ്‌കരണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ മുന്നോട്ടുവയ്ക്കുന്ന കണക്കുകള്‍ പ്രകാരം കന്യാസ്ത്രീമഠങ്ങളിലെ ദുരൂഹമരണങ്ങള്‍ ഒരു തുടര്‍ക്കഥയാണ്. ചുരുങ്ങിയത് 1980-കള്‍ മുതലെങ്കിലും അത്തരം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതായി പലരും ഓര്‍ക്കുന്നുണ്ട്. 1987 മുതല്‍ 2020 വരെയുളള കാലത്ത് സിസ്റ്റര്‍ അഭയ അടക്കം 16 കന്യാസ്ത്രീകളെ മഠങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഫേസ്ബുക്കില്‍ സിസ്റ്റര്‍ ലൂസി കളപ്പുര എഴുതിയ ഒരു കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ എട്ടുപേരെ കിണറ്റിലും വാട്ടര്‍ ടാങ്കിലുമായിട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും അവര്‍ പറയുന്നു. സഭയുമായി ബന്ധപ്പെട്ടവരും വൈദികരും കന്യാസ്ത്രീകളടക്കമുള്ളവരെ പീഡിപ്പിക്കുന്നുവെന്നതും ലൈംഗികചൂഷണത്തിന്റെ അറപ്പുളവാക്കുന്ന കഥകളും കൊടിയ മനുഷ്യാവകാശലംഘനങ്ങളും ഏറെക്കാലമായി നമ്മുടെ അന്തരീക്ഷത്തിലുണ്ട്. മുന്‍പൊക്കെ ഇതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ സഭാവിശ്വാസികള്‍ക്കിടയ്ക്ക് അമര്‍ന്നുകത്തിയിരുന്ന തീയാണെങ്കില്‍ ഇപ്പോഴത് പടര്‍ന്നുപിടിക്കുന്നത് പതിവായിട്ടുണ്ട്. കുറച്ചുകാലം മുന്‍പേ എറണാകുളത്തു നടന്ന കന്യാസ്ത്രീ സമരം ആഗോളതലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ടു. പീഡനാരോപണങ്ങള്‍ക്കു വിധേയനായ വൈദികന്‍ ഇപ്പോഴും സഭയുടെ ഉന്നതതലത്തില്‍ത്തന്നെ കഴിയുന്നുണ്ടെങ്കിലും. സഭയ്ക്കകത്തും പുറത്തും ഉയരുന്ന പ്രതിഷേധങ്ങളെ പൊതുവേ അച്ചടക്കത്തിന്റെ വാളുയര്‍ത്തി നിശ്ശബ്ദരാക്കുന്നതാണ് സഭാനേതൃത്വത്തിന്റെ പതിവെന്നും മനുഷ്യാവകാശലംഘകരായ വൈദികരെ സംരക്ഷിക്കുന്ന നിലപാടാണ് സഭാനേതൃത്വം എല്ലാക്കാലത്തും കൈക്കൊള്ളുന്നതെന്നും സഭാപരിഷ്‌കരണത്തിനുവേണ്ടി നിലകൊള്ളുന്നവരും സഭയ്ക്കുള്ളിലും വിശ്വാസികള്‍ക്കിടയിലും മനുഷ്യാവകാശ മുദ്രാവാക്യമുയര്‍ത്തുന്നവരും പതിവായി ആരോപിക്കാറുണ്ട്.
''വെറും 21 വയസു മാത്രമാണ് മരിക്കുമ്പോള്‍ ആ പാവം പെണ്‍കുരുന്നിന്റെ പ്രായം. ജീവിതം മുഴുവന്‍ ബാക്കി കിടക്കുന്നു. എന്താണാ പാവത്തിനു സംഭവിച്ചത്? അവളുടെ മരണത്തിന് ഉത്തരവാദി ആരാണ്? ഈ മരണത്തിനെങ്കിലും നീതി കിട്ടുമോ? ദിവ്യയുടെ മാതാപിതാക്കന്മാര്‍ ജീവിതകാലം മുഴുവന്‍ നീതി കിട്ടാതെ അലയുന്ന കാഴ്ച കൂടി നാമെല്ലാം കാണേണ്ടി വരുമോ? ഇത്തവണയെങ്കിലും പൊലീസ് പഴുതുകള്‍ അടച്ചു അന്വേഷിക്കും എന്നു കരുതാമോ?
പ്രതീക്ഷ വളരെ കുറവാണെനിക്ക്. കന്യാസ്ത്രീ മരണങ്ങളൊന്നും വാര്‍ത്തയല്ലാതെയായി കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍. കന്യാസ്ത്രീ മഠങ്ങള്‍ക്കുള്ളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ബധിര കര്‍ണ്ണങ്ങളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പതിച്ചുകൊണ്ടേയിരിക്കുകയല്ലേ. കരഞ്ഞുകലങ്ങിയ കണ്ണുകളും വിങ്ങുന്ന ഹൃദയവും കന്യാമഠങ്ങളിലെ ഏതൊരു അന്തേവാസിക്കും അന്യമായിരിക്കില്ല. അടിമത്തവും വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും ഭയപ്പാടുകളും കടിച്ചമര്‍ത്തുന്ന വേദനകളുമൊക്കെത്തന്നെയാണ് ഓരോ കന്യാസ്ത്രീയുടേയും ജീവിതകഥ. കഴിഞ്ഞ 35 വര്‍ഷത്തിലേറെയായി ഒരു സന്ന്യാസിനിയായി ജീവിക്കുന്നതിനിടയില്‍ എനിക്കു നേരിട്ട് കാണാനും കേള്‍ക്കാനും ഇടയായ സംഭവങ്ങളുടെ എണ്ണംപോലും എത്രയധികമാണ്. ജീവനറ്റ നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീകളുടെ ലിസ്റ്റ് പോലും എത്ര വലുതാണ് എന്നു കാണുമ്പോള്‍ ഹൃദയത്തിലെവിടെയോ ഒരു വെള്ളിടി വീഴും.'' ദിവ്യയുടെ ശരീരം കിണറ്റില്‍നിന്നു കണ്ടെടുത്ത വാര്‍ത്തയ്ക്കു തൊട്ടുപിറകേ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ മനംനൊന്തു ഫേസ്ബുക്കില്‍ കുറിച്ചിതിങ്ങനെ. പച്ചജീവനോടെ കന്യാസ്ത്രീകള്‍ കുഴിച്ചുമൂടപ്പെട്ടാലും ആരും ചോദിക്കാനുണ്ടാകില്ല എന്ന് അവര്‍ വെളിപ്പെടുത്തുന്നത് ഒരു നടുക്കത്തോടെ നാം വായിക്കുന്നു.
ആണധികാരത്തിന്റെ കൂത്തരങ്ങുകള്‍
കേരളത്തില്‍ ആദ്യമായി സഭയുടെ ചരിത്രത്തില്‍ ഒരു വൈദികന്റെ ക്രിമിനല്‍ കുറ്റം ചര്‍ച്ചയാകുന്നത് മറിയക്കുട്ടി എന്ന സ്ത്രീ കൊല്ലപ്പെട്ട കേസിലാണ്. മാടത്തരുവി കൊലക്കേസ്. ബെനഡിക്ട് ഓണംകുളം എന്ന വൈദികനാണ് പ്രതിയായത്. ഇതിനുശേഷം പല കാലങ്ങളിലായി നിരവധി ബലാത്സംഗ/കൊലപാതക കുറ്റങ്ങള്‍ കാത്തോലിക്കാസഭയിലെ വൈദികര്‍ക്കെതിരെ ചുമത്തപ്പെട്ടിട്ടുണ്ട്, അഭയ കൊലക്കേസിലുള്‍പ്പെടെ, റോബിന്‍ എന്ന പുരോഹിതനടക്കമുള്ളവര്‍ക്കെതിരെ. എന്നാല്‍, ഒരാള്‍ക്കെതിരേയും ഗൗരവമേറിയ ഒരു നടപടി കാത്തലിക് സഭയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ സമരരംഗത്തിറങ്ങിയിട്ട് കാലമേറെ കഴിഞ്ഞിട്ടില്ല. ഒരു നടപടിയും കാത്തലിക് സഭ അദ്ദേഹത്തിനെതിരെ കൈക്കൊണ്ടില്ല. ജലന്ധര്‍ രൂപതയുടെ മെത്രാന്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്തുവെന്നതു ഒഴിച്ചാല്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗികപീഡനാരോപണമുണ്ടായിട്ടും ഫ്രാങ്കോയ്ക്കും സഭയ്ക്കും കുലുക്കമുണ്ടായില്ല. പീഡനങ്ങള്‍ തുടര്‍ക്കഥയായതോടെ തിരുവസ്ത്രമുപേക്ഷിച്ച് തെരുവിലിറങ്ങുകയോ നിശ്ശബ്ദരായി മറ്റേതെങ്കിലും മേഖലകളില്‍ ജീവിക്കുകകയോ ചെയ്യുന്ന കന്യാസ്ത്രീകളുടെ എണ്ണം കൂടിക്കൂടിവരികയാണ്. ലൈംഗിക അതിക്രമങ്ങളില്‍ മനംമടുത്ത് കഴിഞ്ഞ വര്‍ഷം സഭ വിട്ടത് നൂറോളം കന്യാസ്ത്രീകളാണെന്ന് കാത്തലിക് പ്രീസ്റ്റ് ആന്‍ഡ് എക്‌സ് പ്രീസ്റ്റ് നണ്‍സ് അസോസിയേഷന്‍ നടത്തിയ ഒരു പഠനം പറയുന്നു. സിസ്റ്റര്‍ ജെസ്മിയെപ്പോലെ തിരുവസ്ത്രമുപേക്ഷിച്ചു പോയവര്‍ തങ്ങളനുഭവിച്ച വിവേചനങ്ങളുടേയും പീഡനങ്ങളുടേയും കഥകള്‍ ആത്മകഥകളില്‍ വിവരിക്കുന്നുണ്ട്.
''പുരുഷന്മാര്‍ക്ക് തിരുവസ്ത്രമുപേക്ഷിച്ചുവരുന്നതിനു വലിയ സ്വാതന്ത്ര്യമുണ്ട്. പൊതുസമൂഹം അതു കാര്യമായിട്ടെടുക്കാറില്ല. എന്നാല്‍, ഒരു കന്യാസ്ത്രീ തിരുവസ്ത്രമുപേക്ഷിച്ചാല്‍ അവള്‍ മഠംചാടി എന്ന് ആക്ഷേപിക്കപ്പെടും. പൊതുസമൂഹത്തിന്റെ ഇക്കാര്യത്തിലുള്ള സമീപനവും വലിയ പ്രശ്‌നമാണ്'' ചര്‍ച്ച് ആക്ട് പ്രവര്‍ത്തകയായ ഇന്ദുലേഖാ ജോസഫ് ചൂണ്ടിക്കാട്ടുന്നു. പൂര്‍ണ്ണമായും പുരുഷാധിപത്യഘടന നിലനില്‍ക്കുന്ന കാത്തലിക് സഭയില്‍ വലിയ തോതിലുള്ള ലിംഗവിവേചനമാണ് നിലനില്‍ക്കുന്നതെന്ന് ആരോപണമുണ്ട്. പണ്ടു കാലങ്ങളില്‍ സുറിയാനി സഭകളില്‍ സ്ത്രീകളെ പൗരോഹിത്യത്തിനുവരെ നിയോഗിച്ചിരുന്നുവെന്നു ചരിത്രം പറയുന്നു. എന്നാല്‍, സുറിയാനി പാരമ്പര്യമുള്ള ഇന്നത്തെ സഭകളില്‍പോലും അതെല്ലാം പഴങ്കഥകള്‍ മാത്രമായിരിക്കുന്നു. സഭകള്‍ക്കുള്ളിലും ആത്മീയകേന്ദ്രങ്ങളിലും സ്ത്രീകള്‍ രണ്ടാംകിടക്കാരായി മാറിയിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ദിവ്യ പി. ജോണിയുടേതുപോലുള്ള ദുരൂഹമരണങ്ങളെക്കുറിച്ചുള്ള പരാതികള്‍ ഉയരുന്നത്.
ദിവ്യയുടെ മരണത്തില്‍ നടുക്കവും രോഷവും പ്രകടിപ്പിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ 1987 മുതല്‍ കന്യാസ്ത്രീ മഠങ്ങളില്‍ നടന്ന ദുരൂഹമരണങ്ങളുടെ ദീര്‍ഘിച്ച ഒരു പട്ടിക നല്‍കിയിട്ടുണ്ട്. ഈ മരണങ്ങളിലത്രയും സഭയുടെ നിലപാട് എന്തായിരുന്നു എന്നു പരിശോധിക്കുന്ന ഏതൊരാള്‍ക്കും അമര്‍ഷവും ദുഃഖവും നല്‍കുന്നതാണ് അവയെന്നും കാണാം.
ഉത്ഥാനത്തിനുശേഷം ക്രിസ്തു ആദ്യമായി ക്രിസ്തു പ്രത്യക്ഷനാകുന്നത് മഗ്ദലനക്കാരിയായ മറിയത്തിനു മുന്‍പാകെയായിരുന്നുവത്രെ. അതുകൊണ്ടുതന്നെ ക്രിസ്തുവിന്റെ ഉയിര്‍പ്പു സംബന്ധിച്ച സുവിശേഷം ആദ്യമറിയിക്കുന്നതും മഗ്ദലന തന്നെ. സ്ത്രീയെ വിവേചനത്തോടെ കണ്ട പഴയനിയമം യഹൂദസമൂഹത്തെ ഭരിച്ച കാലത്ത് അവളെ ജീവനോടു ചേര്‍ത്തുപിടിച്ചവനായിരുന്നു ക്രിസ്തു. പരസ്യജീവിതത്തിന്റെ കാലത്ത് ക്രിസ്തുവിനോടു കൂടെയുണ്ടായിരുന്നത് മഗ്ദലനമറിയയായിരുന്നു. തന്റെ യാത്രകളിലും പ്രവര്‍ത്തനങ്ങളിലുമൊക്കെ അവനോടുകൂടെയുണ്ടായിരുന്നത് സ്ത്രീകളായിരുന്നു. കാനായിലെ കല്യാണവിരുന്നിലും മഗ്ദലനമറിയത്തോടുള്ള സമീപനത്തിലും ക്രിസ്തുവിന്റെ സ്ത്രീയോടുള്ള അനുതാപവും അനുഭാവവും പ്രകാശിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ക്രിസ്തുവിന്റെ തിരുശരീരം എന്നു വിശ്വസിക്കപ്പെടുന്ന സഭയുടെ നേതൃത്വവും വൈദികവൃന്ദവും ഗുരുവാക്യവും ജീവിതവും ഇക്കാര്യത്തില്‍ എത്രത്തോളം പിന്‍പറ്റുന്നുണ്ടെന്ന് ഇനിയും വെളിവാകേണ്ടിയിരിക്കുന്നു.
ദിവ്യയുടെ മരണം: സഭ വസ്തുതകള്‍ വെളിപ്പെടുത്തണം-
സിസ്റ്റര്‍ ലൂസി കളപ്പുര
ദിവ്യയുടെ മരണം അന്വേഷിക്കാന്‍ സഭ സ്വന്തം സംവിധാനമുണ്ടാക്കി മുതിരാത്തത് എന്തുകൊണ്ടാണ് എന്നതാണ് എന്നെ അദ്ഭുതപ്പെടുത്തുന്നത്. മറ്റേതു ഭരണകൂട ഏജന്‍സിയും അന്വേഷണങ്ങള്‍ക്കു മുതിരുംമുന്‍പേ സഭയുടെ വിശ്വാസ്യതയും മാനുഷികതയോടുള്ള പ്രതിബദ്ധതയും തെളിയിക്കാന്‍ സഭ തന്നെയായിരുന്നു ആദ്യം അന്വേഷണത്തിനു മുതിരേണ്ടിയിരുന്നത്. എന്നാല്‍, അങ്ങനെയൊരാവശ്യം ആരെങ്കിലും ഉയര്‍ത്തിയാല്‍ അവരെ സാമൂഹ്യമാധ്യമങ്ങളിലും മറ്റും സഭയുടെ ഈ നിശ്ശബ്ദതയെ അനുകൂലിക്കുന്നവര്‍ കൂവിയിരുത്തുകയാണ് ചെയ്യുന്നത്. ഫാ. സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍ എന്നൊരാള്‍ തിരുവല്ലയിലെ സന്ന്യാസാര്‍ത്ഥിനിയുടെ മരണത്തില്‍ ഞാനെടുത്ത നിലപാടില്‍ രോഷംകൊണ്ട് എന്നെ മോശമായ ഭാഷയില്‍ വിശേഷിപ്പിച്ച് സാമൂഹ്യമാധ്യമങ്ങളിലെഴുതിക്കണ്ടു. അങ്ങേയറ്റം മോശമായ ഭാഷയിലാണ് എന്നും കാലങ്ങളായി സഭാനുകൂലികള്‍ സംസാരിക്കുന്നത്. നമ്മുടെ നിയമപാലന സംവിധാനമാകട്ടെ, ഒരൊറ്റ സന്ദര്‍ഭത്തിലും ഇവര്‍ക്കെതിരെ നടപടിയെടുക്കാറുമില്ല. അതവിടെ നില്‍ക്കട്ടെ.
ദിവ്യയുടേത് തീര്‍ച്ചയായും ദുരൂഹസാഹചര്യത്തിലുള്ള ഒരു മരണമാണ്. ആ കുട്ടിയെ കിണറ്റില്‍ നിന്നെടുക്കുന്ന വിഡിയോ കണ്ടാല്‍ തന്നെ അറിയാം. നല്ല ആള്‍മറയുള്ള കിണറാണ്. വെള്ളം കുടിച്ചു മരിക്കാനുള്ളത്ര വെള്ളവുമില്ല. മരണത്തിന്റെ സമയത്തെക്കുറിച്ച് തന്നെ വ്യക്തതയില്ല. സര്‍വ്വവും ഉപേക്ഷിച്ച്, ജന്മദേശവും ബന്ധുക്കളേയും വിട്ട് ദൈവികദൗത്യം ഏറ്റെടുക്കാന്‍ വന്ന കന്യാസ്ത്രീകള്‍ ഇങ്ങനെ പൊട്ടക്കിണറുകളില്‍ വീണുമരിക്കുന്നത് എത്രയോ കാലമായി നമ്മള്‍ കണ്ടും കേട്ടും വരുന്നുണ്ട്. കേട്ടും കണ്ടും അതൊരു വാര്‍ത്തയല്ലാതെയായിട്ടുണ്ട് ഇപ്പോള്‍. മിക്കപ്പോഴും ദുരൂഹമരണങ്ങള്‍ ആത്മഹത്യയാകുകയാണ്. അധികാരത്തിലും രാഷ്ട്രീയപ്പാര്‍ട്ടികളിലും കാത്തോലിക്ക മതമേലധ്യക്ഷന്മാരുടെ സ്വാധീനം കൊണ്ടാണിത്. ഇതുതന്നെയാണ് ദിവ്യയുടെ മരണത്തിലും സംഭവിക്കാനിടയുള്ളൂ. ഇനി ഏതെങ്കിലും നിലയ്ക്ക് നിയമപരമായ നടപടികള്‍ തുടങ്ങിവച്ചാല്‍ തന്നെ അത് ഫലപ്രാപ്തിയിലെത്തുമെന്ന് ഒരു ഉറപ്പുമില്ല. 28 വര്‍ഷമായി അഭയ വധക്കേസിന്റെ നടപടികള്‍ തുടരുന്നു. തെളിവുകള്‍ നിരന്നിരിക്കുകയാണ്. എന്നിട്ടും എന്തെങ്കിലും ഫലമുണ്ടായിട്ടുണ്ടോ?
ഇനി ഇത് ആത്മഹത്യയാണെന്നിരിക്കട്ടെ. അതിലേക്ക് നയിച്ച സാഹചര്യങ്ങളെ സംബന്ധിച്ച് സഭ അന്വേഷണം നടത്തേണ്ടതില്ലേ? അങ്ങനെയൊന്ന് ദിവ്യയുടെ കേസിലും ഉണ്ടായിട്ടില്ല. എന്താണ് ദിവ്യയുടെ മരണത്തിലേക്കു നയിച്ച കാരണങ്ങള്‍ എന്നു വിലയിരുത്താന്‍ പ്രാഥമികമായ ബാധ്യത സഭയ്ക്കാണ്. മിക്കപ്പോഴും യഥാര്‍ത്ഥത്തില്‍ വേണ്ടുന്നത് ഇല്ലാതെ പോകുകയാണ്.
മറ്റൊരു പ്രധാനകാര്യം നമ്മുടെ പൊതുസമൂഹത്തിനു സഭയോടുള്ള ഭക്തിയാണ്. സഹനവും ക്ഷമയും സ്‌നേഹവും ഉദ്‌ഘോഷിക്കുന്ന, അതിന്റെ ആള്‍രൂപങ്ങളെന്നു അവര്‍ വിശ്വസിക്കുന്ന സഭാനേതൃത്വവും വൈദികരും സാധാരണ മനുഷ്യര്‍ കൂടിയാണ് എന്നു പൊതുസമൂഹം ഒരിക്കലും ഓര്‍ക്കാറില്ല. സഭയ്ക്കുള്ളില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളും ലൈംഗികവിവേചനങ്ങളും സാമ്പത്തികാഴിമതികളുമെല്ലാം മൂടിവയ്ക്കാന്‍ സഭയുടെ ആളുകള്‍ക്ക് ഇതുമതി. ഇപ്പോള്‍ ദിവ്യയുടെ മരണം സംബന്ധിച്ച് സഭയുടെ നിലപാടുകളില്‍ ആ സന്യസ്തവിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ക്ക് പൂര്‍ണ്ണ തൃപ്തിയാണുള്ളത് എന്നതുതന്നെ കാണിക്കുന്നത് ആ കുടുംബവും സഭയെക്കുറിച്ചുള്ള പരമ്പരാഗതധാരണയില്‍ വീണുപോയിട്ടുണ്ടാകാമെന്നു തന്നെയാണ്.
ദുരൂഹത നീക്കണം- ഇന്ദുലേഖ ജോസഫ്
ചര്‍ച്ച് ആക്ടിവിസ്റ്റ്
ദിവ്യയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും സംശയവും കൊവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ നേരായി നടക്കുമോ എന്ന കാര്യത്തില്‍ത്തന്നെ സംശയമുണ്ട്. ഇത് ഒരു കൊലപാതകമോ, പ്രേരണയാലുള്ള ആത്മഹത്യയോ മറ്റോ ആണെങ്കില്‍ അതു സംബന്ധിച്ച തെളിവുകളെല്ലാം തന്നെ ഇതിനകം തേച്ചുമായ്ക്കാനുള്ള സമയവും സന്ദര്‍ഭവും കുറ്റക്കാരായവര്‍ക്ക് കിട്ടിയിട്ടുണ്ടാകും. എല്ലാ കന്യാസ്ത്രീമരണങ്ങളിലും നടന്ന അന്വേഷണങ്ങളുടെ വിധി തന്നെയാണ് ഇതിനും ഉണ്ടാകുക എന്നു ഞാന്‍ ന്യായമായും ഭയപ്പെടുന്നു. അതിക്രമങ്ങളും മനുഷ്യാവകാശലംഘനങ്ങളും നടത്തുന്ന സഭകളിലെ പുരുഷന്മാരായ വൈദികര്‍ പൂര്‍ണ്ണമായും നിയമത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെടുകയാണ് പതിവ്. റോബിന്‍ എന്ന പുരോഹിതന്റെ ഒരു കേസില്‍ മാത്രമാണ് നിയമക്കുരുക്ക് മുറുകിയത്. അതും ഡി.എന്‍.എ തെളിവുകള്‍ ഉണ്ടായതിനാല്‍ മാത്രം.
നിര്‍ഭാഗ്യവശാല്‍ ഭരണകൂടവും നമ്മുടെ രാഷ്ട്രീയനേതൃത്വങ്ങളും സഭയ്ക്കുള്ളില്‍ നടക്കുന്ന ഇത്തരം അതിക്രമങ്ങളെ കണ്ടില്ലെന്നു നടിക്കുകയോ കേസുകള്‍ തേച്ചുമായ്ച്ചുകളയാന്‍ കൂട്ടുനില്‍ക്കുകയോ ആണ് പതിവ്. സ്വാധീനിക്കാന്‍ കഴിയുന്ന നല്ലൊരു വോട്ടുബാങ്ക് സഭാനേതൃത്വത്തിനുണ്ടെന്നു രാഷ്ട്രീയക്കാര്‍ക്ക് അറിയാം. അതുകൊണ്ടുതന്നെ ഇത്തരം കേസുകള്‍ ഒതുക്കിത്തീര്‍ക്കണമെന്നുള്ളതാണ് രാഷ്ട്രീയപ്പാര്‍ട്ടി നേതൃത്വങ്ങളുടെ താല്‍പ്പര്യം. അര്‍ബുദം ബാധിച്ച ഒരു അവയവം മുറിച്ചുനീക്കേണ്ട ഒരു അവസ്ഥയിലെത്തിയാല്‍ അതു മുറിച്ചു നീക്കുക തന്നെ വേണം. എന്നാല്‍ ഈ അര്‍ബുദം പടരാനനുവദിക്കുന്ന ഒരു സ്ഥിതിവിശേഷമാണ് സഭയെ സംബന്ധിച്ച് ഇന്നുള്ളത്.
പരമപ്രധാനമായ മറ്റൊരു കാര്യം ഇപ്പോഴുള്ള കന്യാസ്ത്രീ, വൈദിക സമ്പ്രദായങ്ങളുടെ പോരായ്മകളാണ്. ഉയര്‍ന്ന സാംസ്‌കാരികവളര്‍ച്ചയുള്ള, മനോനിലവാരമുള്ള ആളുകളാണ് സന്യാസത്തിനു താല്‍പ്പര്യമുള്ള ആളുകളെ തിരഞ്ഞെടുക്കേണ്ടത്. ഒരു പ്രൊഫഷണല്‍ സൈക്യാട്രിസ്റ്റോ സൈക്കോളജിസ്റ്റോ ഒക്കെ തിരഞ്ഞെടുക്കുന്ന പാനലില്‍ വേണം. ബ്രഹ്മചര്യമെന്നതും ലൈംഗികവികാരങ്ങളെ നിരോധിച്ചുകൊണ്ടു ജീവിക്കുന്നതും എത്രമാത്രം പ്രായോഗികമാണ് എന്നും ചിന്തിക്കണം. മിക്കപ്പോഴും പെണ്‍കുട്ടികള്‍ കന്യാസ്ത്രീകളാകുന്നത് പ്ലസ് ടു പ്രായത്തിലൊക്കെയാണ്. എന്തുമാത്രം മാനസിക വളര്‍ച്ചയാണ്, പക്വതയാണ് ആ പ്രായത്തിലെ കുട്ടികള്‍ക്കുണ്ടാകുക എന്നാലോചിക്കേണ്ടതാണ്.
ആദ്യത്തെ ഒന്നു രണ്ടു വര്‍ഷത്തിനുള്ളില്‍ത്തന്നെ അവര്‍ക്ക് പുതിയ ജീവിതത്തോട് പൊരുത്തപ്പെടാന്‍ കഴിയാതെ വരും. അതുകൊണ്ട് കന്യാസ്ത്രീ ആകാനുള്ള പ്രായപരിധി ഉയര്‍ത്തണം. പലപ്പോഴും പെണ്‍കുട്ടികള്‍ കന്യാസ്ത്രീകളാകുന്നത് ഡിസിഷന്‍ മേക്കിംഗിനുള്ള ഒരു കഴിവ് ഇല്ലാത്ത പ്രായത്തിലാണ്.
ദിവ്യയുടേത് ദുരൂഹമരണം തന്നെ- ഷൈജു ആന്റണി
ഏറെ ദുരൂഹതകളുണ്ട് ദിവ്യയുടെ മരണത്തില്‍. ഒന്നാമതായി അവരുടെ മൃതദേഹം കിണറില്‍ നിന്നെടുത്തിട്ട് നേരെ കൊണ്ടുപോയത് തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്കാണ്. എന്തിനാണ് അവിടേക്കു കൊണ്ടുപോയത്? അവിടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അനുവാദമുണ്ടോ? മരിച്ച നിലയിലാണ് അവിടെ കൊണ്ടുവന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനുശേഷവും ഒരു ദിവസം ശരീരം അവിടെത്തന്നെ വെച്ചിരുന്നു. ഒരു ദിവസം കൂടി കഴിഞ്ഞിട്ടാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലെത്തിക്കുന്നത്.
ദിവ്യയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത് ഫയര്‍ഫോഴ്‌സും പൊലീസുമാണെന്നാണ് അവര്‍ പറയുന്നത്. അതുകൊണ്ട് അവര്‍ക്ക് ഉത്തരവാദിത്വമില്ലെന്നാണോ? മാത്രവുമല്ല കന്യാസ്ത്രീ മഠം അധികൃതരുടെ താല്‍പ്പര്യാനുസൃതമല്ലാതെ അവര്‍ അവിടെ കൊണ്ടുപോകുമെന്നു കരുതാന്‍ നിര്‍വ്വാഹമില്ല. നമ്മുടെ പൊലീസും ഫയര്‍ഫോഴ്‌സുമൊക്കെ ഇത്തരത്തിലൊരു സന്ദര്‍ഭത്തില്‍ ഒരു ഗവണ്‍മെന്റ് ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോകുക.
ദിവ്യയുടെ ശരീരം കിണറ്റില്‍ നിന്നെടുക്കുന്ന വിഡിയോ കണ്ടവര്‍ക്കറിയാം ആ കിണറ്റില്‍ മുങ്ങിമരിക്കാനുള്ള വെള്ളമുണ്ടായിരുന്നില്ല എന്ന്. ശരീരത്തിലാണെങ്കില്‍ മുറിവുകളുമില്ല. പുറത്തെടുക്കുന്ന സമയത്തെ ദിവ്യയുടെ ശരീരത്തിലെ വേഷവിധാനവും സംശയമുണര്‍ത്തുന്നതാണ്.
ദിവ്യയുടേത് ഒരു കൊലപാതകമാണെന്നോ ആത്മഹത്യയാണെന്നോ ഞാന്‍ പറയുന്നില്ല. എന്നാല്‍, സഭാ അധികൃതര്‍ നിസ്സംഗമനോഭാവമാണ് ഇക്കാര്യത്തില്‍ കൈക്കൊള്ളുന്നത്. സ്വന്തം കുടുംബത്തിലാണ് ഇങ്ങനെ സംഭവിച്ചതെങ്കില്‍ അങ്ങനെയൊരു നിലപാടാണോ സഭയുടെ നേതൃത്വത്തിലിരിക്കുന്നവര്‍ എടുക്കുക? എങ്ങനെ ഇതു സംഭവിച്ചു എന്ന് അന്വേഷിക്കും. അതല്ല സഭ ചെയ്തത്. സഭയെ ഒരു കുടുംബമായി കാണേണ്ട മാര്‍ ക്ലിമ്മിസ് അടക്കമുള്ളവര്‍ എന്നാല്‍, ദിവ്യയുടെ കാര്യത്തില്‍ തീര്‍ത്തും നിസ്സംഗരായി ഇരിക്കുന്നതാണ് കാണുന്നത്. ഈ നിസ്സംഗത കുറ്റകരമാണ്. സഭ സംഭവം അന്വേഷിക്കണം. കൊലപാതകമാണോ എന്നു പരിശോധിക്കണം. ഇനി ആത്മഹത്യയാണെങ്കില്‍ അതിലേക്കു നയിച്ച സാഹചര്യങ്ങളും പ്രേരണകളും ആ അന്വേഷണത്തിന്റെ പരിധിയില്‍ വരണം.
സമഗ്രമായ മാറ്റം വേണം- ഫെലിക്‌സ് ജെ. പുല്ലൂടന്‍
പ്രസിഡന്റ്, ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് കോണ്‍വെന്റിലെ സന്യസ്ത വിദ്യാര്‍ത്ഥിനി ദിവ്യയുടെ മരണം കേരളത്തിലെ കന്യാസ്ത്രി മഠങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഒരു പുതുമയുള്ള സംഭവമല്ല. ഓര്‍മ്മിച്ചെടുക്കാവുന്ന കാലം മുതല്‍ മഠങ്ങളിലെ കിണറുകളിലും വാട്ടര്‍ ടാങ്കുകളിലും കഴുക്കോലുകളിലും എത്രയോ കന്യാസ്ത്രീകളുടേയും കന്യാസ്ത്രീ പഠനത്തിനുവന്ന പെണ്‍കുട്ടികളുടേയും മൃതദേഹങ്ങള്‍ ദുരൂഹമായ രീതിയില്‍ കണ്ടിരിക്കുന്നു!
കര്‍ത്താവിന്റെ മണവാട്ടികളാണ് കന്യാസ്ത്രികള്‍ എന്ന പ്രലോഭനാത്മകമായ വ്യാഖ്യാനം മുന്നില്‍വച്ച് വിശ്വാസ അടിമത്തമെന്ന നുകമുപയോഗിച്ച് കീഴ്‌പ്പെടുത്തപ്പെട്ടവരുടെ കൂട്ടത്തിലെ പെണ്‍കുട്ടികളെ ആകര്‍ഷിച്ച് കീഴ്പ്പെടുത്തി തങ്ങളുടെ ദാസ്യവേലകള്‍ക്കായി ദുരപയോഗം ചെയ്യുന്ന പൗരോഹിത്യ ധാര്‍ഷ്ട്യത്തിന്റെ ഇരകളായി തീര്‍ന്നവരാണ് യഥാര്‍ത്ഥ്യത്തില്‍ കന്യാസ്ത്രി സമൂഹം. പിന്നീട്, മിണ്ടാപ്രാണികളായ ഇവരെ തങ്ങളുടെ അടിച്ചമര്‍ത്തപ്പെട്ട കാമാസക്തിയുടെ പൂര്‍ത്തീകരണത്തിനു വൈദികര്‍ ഉപയോഗിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ചെറുത്തുനില്‍പ്പിനു തുനിഞ്ഞവരൊക്കെ ഏതെങ്കിലും തരത്തില്‍ നിശ്ശബ്ദരാക്കപ്പെട്ടിട്ടുണ്ട്. അവരില്‍ ചിലരുടെയൊക്കെ മൃതദേഹങ്ങള്‍ ഇങ്ങനെയൊക്കെ കാണാനുള്ള ദുര്യോഗവും നമുക്കുണ്ടാകുന്നുണ്ട്.
വൈദികരുടെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നവരും മരണത്തെ പുല്‍കേണ്ടിവന്നവരും കന്യാസ്ത്രീകള്‍ മാത്രമല്ല. അനേകം കുടുംബിനികളും കൗമാരക്കാരും വരെ ഈ പട്ടികയില്‍ വരുന്നു. എത്രയോ കുടുബങ്ങള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു! പുറത്തുവരുന്ന കഥകളുടെ എത്രയോ ശതമടങ്ങുകളാണ് അകത്തളങ്ങളില്‍ കുഴിച്ചുമൂടപ്പെടുന്നത്!
ഇത്തരം മരണങ്ങള്‍ സംഭവിച്ച സന്ദര്‍ഭങ്ങളിലൊന്നും ഒരു മെത്രാന്‍പോലും സഹജീവിയുടെ മരണത്തിലുള്ള ദുഃഖം രേഖപ്പെടുത്തി കണ്ടിട്ടില്ല. അഭയയുടെ മരണം സംഭവിച്ച അന്നു രാവിലെ കോണ്‍വെന്റിലേക്കൊന്ന് എത്തിനോക്കാന്‍പോലും മിനക്കെടാതെ കുര്യാക്കോസ് കുന്നശ്ശേരിയെന്ന കോട്ടയം മെത്രാന്‍ അടിയന്തര ടിക്കറ്റ് സംഘടിപ്പിച്ച് അന്ന് ഡല്‍ഹിയിലായിരുന്ന കേരളമുഖ്യമന്ത്രിയെ കാണാന്‍ പറക്കുകയായിരുന്നു.
ഈ നിലപാടില്‍ ഇന്നും സഭാസംവിധാനത്തില്‍ മാറ്റമില്ല. ലോക്ഡൗണ്‍ കാലത്ത് പള്ളികളില്‍ വിശ്വാസികള്‍ വരുവാന്‍ അനുവാദം നല്‍കണമെന്ന് മുഖ്യമന്ത്രിയോടഭ്യര്‍ത്ഥിച്ച കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി സഹജീവിയുടെ മരണത്തില്‍ ഒന്നു മുതലക്കണ്ണീര്‍ ഒഴുക്കാന്‍ പോലും തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്.
ഇത്തരം ദുരൂഹമരണങ്ങള്‍ക്ക് അവസാനമുണ്ടാകണമെങ്കില്‍ വൈദിക അപ്രമാദിത്വത്തിന് അവസാനമുണ്ടാകണം. സഭയുടെ ഭരണം അതിന്റെ യഥാര്‍ത്ഥ അവകാശികളായ വിശ്വാസ സമൂഹത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടണം. വൈദികര്‍ക്ക് 1052 വരെ അനുവദിച്ചിരുന്ന വിവാഹം പുനഃസ്ഥാപിക്കണം. കന്യാസ്ത്രി മഠങ്ങള്‍ക്ക് സ്വയംഭരണാവകാശം ഉണ്ടാകണം. വിശ്വാസികള്‍ ആത്മീയ അടിമത്തത്തില്‍നിന്നും പുറത്തുവരണം. സഭയുടെ സമ്പത്തും ഭരണവും തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന തിരിച്ചറിവോടെ കാര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള കരുത്ത് പ്രകടിപ്പിക്കണം. എന്തായാലും എളുപ്പത്തില്‍ സംഭവിക്കാവുന്ന കാര്യങ്ങളല്ല ഇതൊന്നും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates