

മേല്‍ത്തരം പഠിപ്പിന്റെ മേനിയൊന്നും പറയാനില്ലാത്ത രജബു എത്ര പെട്ടെന്നാണ്, എത്ര ഭംഗിയായിട്ടാണ് എന്റെ ക്ഷോഭങ്ങളെ റദ്ദാക്കിയത്. വണ്ടിയിലിരുന്നു ഞാന്‍ രജബുവിന് ഒരു നീണ്ട വാട്സാപ്പ് സന്ദേശം തയ്യാറാക്കി. എന്റെ സംസ്‌കാരശൂന്യമായ ആക്രോശങ്ങള്‍ക്കു മാപ്പിരന്നു. അയാളുടെ മാന്യമായ ഇടപെടലുകള്‍ക്കും എക്‌സ്ടന്‍ഷ്യന്‍ ഓഫറിനും നന്ദി പറഞ്ഞു. നയചാതുരിയെ അഭിനന്ദിച്ചു. കുറിപ്പ് ഞാനിങ്ങനെ പൂര്‍ത്തിയാക്കി.
വിസ്മയങ്ങളുണ്ടാവുന്നത് മണിക്കൂറുകളിലല്ല. അതു സംഭവിക്കുന്നത് ഏതാനും നിമിഷങ്ങളിലാണ്. രജബു, ഈ രണ്ടു കുറിയ വരികള്‍ക്കു ഞാന്‍ എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും. ഞാന്‍ മെസ്സേജ് സെന്റടിച്ചു വെച്ചു. എപ്പോഴെങ്കിലും നെറ്റ് തയ്യാറാവുകയാണെങ്കില്‍ കയറിപ്പോകട്ടെ.
പാര്‍ക്ക് ഓഫീസിലെ ചടങ്ങുകള്‍ പെട്ടെന്നു തീര്‍ത്ത് റഷീദിന്റെ ക്രൂയിസര്‍ കുതിര മുടന്തി മുടന്തി താഴോട്ട് ഇറങ്ങുകയാണ്. വഴിവെട്ടിയൊരുക്കിയയിടത്ത് കുത്തനെയുള്ള ഇറക്കം ഒഴിവാക്കിയിട്ടുണ്ട്. കുഞ്ഞിക്കിളികളെക്കൊണ്ട് ഒരുക്കിയെടുത്ത കുണുക്കുകളിട്ട് ഗമയില്‍ നില്‍ക്കുന്നുണ്ട് ഓരങ്ങളില്‍ അക്കേഷ്യത്തമ്പുരാട്ടിമാര്‍. ഓരോ മരത്തിലും പത്തും പതിനഞ്ചും കൂടുകളാണ്.
സെരങ്കട്ടിയില്‍ കണ്ടപോലെ ചിലച്ചര്‍മാദിക്കുന്ന ചെറുകിളികളില്ല. കുഞ്ഞുകൂടുകളില്‍ കേറിയിറങ്ങി രസിക്കുന്ന 'വര്‍ണ്ണവെറിയന്മാരുമില്ല.'
സഫാരിയിറങ്ങിച്ചെല്ലുന്നത് ക്രേറ്റര്‍ സമതലത്തിന്റെ ശാന്തസൗന്ദര്യത്തിലേയ്ക്കാണ്. ക്രേറ്ററിന്റെ ലാവത്തറ തൊടുമ്പോള്‍ നാം പുറംലോകത്തില്‍നിന്നു പുറത്താവുന്നു. ദൈവം പതിച്ചെടുത്ത ഒരു തുണ്ടു ഭൂമിയിലേയ്ക്കു നാം അതിഥികളാവുന്നു. ആഫ്രിക്കയുടെ മൃഗ-സസ്യ സമ്പത്തില്‍ നിന്നല്പം വാരിയെടുത്ത് തന്റെ കൈക്കുമ്പിളില്‍ പോറ്റുകയാണ് ദൈവമിവിടെ. അവര്‍ക്കായി മല കടന്നെത്തുന്നു ആഫ്രിക്കന്‍ കാറ്റ്. ക്രേറ്ററിന്റെ തുഞ്ചത്ത് നിന്നൊഴുകിവരുന്നു കാട്ടരുവികള്‍. അവര്‍ക്കായി ജലം കരുതിവെയ്ക്കുന്നു തടാകങ്ങള്‍ - ഉപ്പു ചേര്‍ത്തും ശുദ്ധമായും വെവ്വേറെ. ചുറ്റുപാടുകളൊന്നും ശ്രദ്ധിക്കാതെ വെച്ചടിക്കുകയാണ് റഷീദ്.
കുന്നുകളേയും ചതുപ്പുകളേയും കൊച്ചരുവികളേയും കിളികളേയും മൃഗങ്ങളേയുമൊന്നും ശ്രദ്ധിക്കുന്നില്ല റഷീദ്. ഓ ഇതൊക്കെ നിങ്ങള്‍ക്കു കണ്ട് മതിയായില്ലേ എന്ന മട്ട്.
ഇങ്ങനെ പോയാല്‍ പറ്റില്ല, റഷീദ്. അമ്മ ദേഷ്യപ്പെട്ടു. ഇതിലെത്തന്നെ തിരിച്ചുവരും അമ്മേ. നമുക്കാദ്യം പിക്നിക് ഏരിയായില്‍ എത്താം. ഭക്ഷണം കഴിക്കാം.
അപ്പൊ, വല്ലാതെ വിശന്നിട്ടാണ് റഷീദ്ക്ക പാഞ്ഞു കീഞ്ഞത്. അതിരാവിലെ കഴിച്ചിറങ്ങിയതാണല്ലോ. പിന്നെ തിന്നുതീര്‍ത്തതെല്ലാം ടെന്‍ഷനായിരുന്നല്ലോ. പാവം. അമ്മ ക്ഷമിച്ചു.
റഷീദ് പിന്നെ വണ്ടി നിര്‍ത്തിയത് ഉച്ചഭക്ഷണത്തിനായിരുന്നു. ഒരരുവിയുടെ കരയില്‍. കാട്ടത്തിമരത്തിന്റെ തണലില്‍. ഏതാനും ടോയ്ലറ്റ് സൗകര്യങ്ങള്‍ മാത്രമേ ഇവിടെയുള്ളൂ. മറ്റു സഫാരിക്കാരൊന്നുമില്ല. ഞങ്ങളഞ്ചുപേര്‍ മാത്രം. അരുവിയില്‍ മുക്രയിട്ട് കുത്തിമറയുന്ന നാല് ഹിപ്പോകളുണ്ട്. ഇടയ്ക്കവര്‍ കാതുകളും കണ്ണുകളും ജലത്തിനു മുകളില്‍ കുത്തിവെച്ച് സ്വസ്ഥരാവും. ഒരു കൂട്ടം ഗിനി ഫോളുകള്‍ (helmeted guineafowl) തങ്ങളുടെ തേച്ചുമിനുക്കിയ കറുത്ത പുള്ളിക്കുപ്പായമിട്ട് നീലക്കഴുത്തും നീട്ടി സവാരിക്കിറങ്ങിയിട്ടുണ്ട്. അത്തിമരച്ചോട്ടിലെ പാറക്കെട്ടില്‍ ഒരു പരുന്ത് കണ്ണും കാതും കൊക്കും കൂര്‍പ്പിച്ചിരിപ്പുണ്ട്. അങ്ങനെ ഇവരും ഞങ്ങളും അന്നത്തെ മൂന്നര മണിനേരത്ത് ഗോരംഗോറോയെ സ്വന്തമാക്കി. റഷീദ് ഒഴിച്ചുതന്ന കുപ്പി വെള്ളത്തില്‍ കൈകഴുകി ഞങ്ങള്‍ ലഞ്ച് ബോക്‌സുകള്‍ തുറന്നു. വിശപ്പെന്ന ആര്‍ത്തിപ്പണ്ടാരം അഞ്ചു പേരിലും വായും പിളര്‍ന്നിരിപ്പുണ്ട്. സഫാരി തുടങ്ങിയതിനുശേഷം അന്നാദ്യമായി അഞ്ചു ഭക്ഷണപ്പൊതികളും കാലിയായി. ഭക്ഷണശേഷം ടോയ്ലറ്റിലേക്കു പോകുന്നതില്‍നിന്ന് റഷീദ് ഞങ്ങളെ തടഞ്ഞു.
-ചൂടുള്ള സമയമാണ്. തണുപ്പ് തേടി സിംഹങ്ങള്‍ ടോയ്ലറ്റിലും വരാന്തയിലുമൊക്കെ ചിലപ്പോള്‍ കയറിക്കിടക്കും. ഇവിടെയിപ്പോള്‍ ഗാര്‍ഡുമില്ല.
മുട്ടിവന്ന മൂത്രം നിന്നനില്‍പ്പില്‍ വറ്റിപ്പോയി. കുപ്പിവെള്ളത്തില്‍ത്തന്നെ കൈ കഴുകി.
Ngoitokitok അരുവിയുടെ തീരത്താണ് ഈ പിക്നിക് ഏരിയ.
(ഈ പേര് മലയാളത്തില്‍ വായിക്കാനോ എഴുതാനോ എനിക്ക് അറിയില്ല. റഷീദ് പല തവണ പറഞ്ഞിട്ടും എനിക്കത് വ്യക്തമായില്ല. അവസാനം ക്രേറ്ററിന്റെ മേപ്പില്‍ തൊട്ടു കാണിക്കുകയായിരുന്നു അരുവിയും പേരും). ക്രേറ്ററിലെ മറ്റൊരു പ്രധാന അരുവിയാണ് മുംഗെ. എല്ലാ അരുവികളും തിട്ടകളിലെ കാടുകളില്‍നിന്ന് ഒഴുകിയിറങ്ങി, സമതലത്തിലെ ലാവാ പൊടിയും നക്കിയെടുത്ത് മാഗാദി തടാകത്തില്‍ ചെല്ലുന്നു. മഗാദി തടാകത്തിലെ ഉപ്പുരസത്തില്‍ ആള്‍ഗകള്‍ തഴച്ചുവളരുന്നു. ഈ ആള്‍ഗകളാണ് ലെസ്സര്‍ ഫ്‌ലെമിംഗോസ് എന്ന പിങ്ക് സുന്ദരീസുന്ദരന്മാരെ തടാകത്തിലേയ്ക്ക് വശീകരിക്കുന്നത്.
ഈ തടാകങ്ങളും അരുവികളും ക്രേറ്ററില്‍ ആണ്ടുമുട്ടെ നീരുറപ്പാക്കുന്നു. ഹരിത സമൃദ്ധിയുറപ്പാക്കുന്നു. കാടിന്റെ മക്കള്‍ക്കെല്ലാം തീറ്റ തീര്‍ച്ചയാക്കുന്നു. എങ്കിലും ഉല്‍ക്കടമായൊരു ഉള്‍പ്രേരണയുടെ തള്ളലില്‍ ഈ സ്വര്‍ഗ്ഗഭൂമിയില്‍നിന്നുപോലും വില്‍ഡ് ബീസ്റ്റുകള്‍ ഗ്രേറ്റ് മൈഗ്രേഷനിലേയ്ക്ക് കയറിപ്പോകാറുണ്ടത്രേ.
പര്‍വ്വതമുഖത്തുനിന്നുള്ള നീരൊഴുക്ക് ശക്തമായ കാലത്തുപോലും പ്രളയം ക്രേറ്ററിനെ പ്രയാസപ്പെടുത്തിയിട്ടില്ല, അഗ്‌നിപര്‍വ്വതങ്ങള്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന ഇത്തരം കല്‍ദേര(caldera)കളില്‍ പ്രളയം സാധാരണമാണെങ്കിലും. 1961-ലെ വരള്‍ച്ചയ്ക്ക് പ്രായശ്ചിത്തമായി 1962 മുഴുവന്‍ മഴ നിന്നുപെയ്തു. ആദ്യമായി ക്രേറ്ററില്‍ വെള്ളം പൊങ്ങി. മൃഗങ്ങള്‍ ചത്തുചീഞ്ഞു. ചെള്ളുകളും മറ്റു കീടങ്ങളും പെരുകി. ജലപ്രളയത്തില്‍നിന്നു രോഗങ്ങളുടെ പ്രളയമായി. സ്റ്റോമോക്‌സിസ് എന്ന ഈച്ചക്കൂട്ടങ്ങള്‍ സിംഹങ്ങളുടെ ചോരയൂറ്റിക്കുടിച്ച് അവരെ മൃതാസന്നരാക്കി. ജലത്തിന്റേയും മരണത്തിന്റേയും പ്രളയം കഴിഞ്ഞപ്പോള്‍ ക്രേറ്ററില്‍ ഒന്‍പത് പെണ്‍സിംഹങ്ങളും ഒരാണ്‍ സിംഹവും മാത്രം ബാക്കിയായി.
ഒരാണും ഒന്‍പത് പെണ്ണുമടങ്ങുന്ന സംഘം ഏതു സിംഹക്കുട്ടനേയും മോഹിപ്പിക്കേണ്ടതാണ്. പിന്നെ ധാരാളം ഭക്ഷണം. ശത്രുക്കള്‍ വിരളം. പക്ഷേ, 1962 മുതല്‍ '65 വരെയുള്ള മൂന്ന് വര്‍ഷങ്ങളില്‍ ഏഴ് സിംഹങ്ങള്‍ മാത്രമാണ് ക്രേറ്ററിലേക്കിറങ്ങിയെത്തിയത്. ക്രേറ്ററിന്റെ കോട്ടസ്വരൂപവും പ്രളയങ്ങളെ തോല്‍പ്പിച്ച തദ്ദേശീയരുടെ ശൗര്യവും അധിനിവേശക്കാരെ അകറ്റിനിര്‍ത്തി. അടുത്ത 10 വര്‍ഷത്തേയ്ക്ക് ഒരൊറ്റ വിദേശി സിംഹത്താനുപോലും താഴേക്കിറങ്ങാന്‍ കഴിഞ്ഞില്ല.
വണ്ടി തിരിച്ചെടുക്കുമ്പോള്‍ റഷീദിനു മുന്നിലെ മിററില്‍ മഞ്ഞയില്‍ കുളിച്ചൊരു കുഞ്ഞിക്കിളി വന്നിരുന്നു. ഞാനതിന്റെ പേരു ചോദിക്കുമെന്ന് പേടിച്ചാകാം റഷീദതിനെ ഓടിച്ചു. 'സം സ്റ്റാര്‍ലിംഗ്' എന്നൊരു മുന്‍കൂര്‍ ജാമ്യവും. മുന്‍പ് കടന്നുപോന്ന പുല്‍ക്കുന്നിന്റെ താഴ്വാരത്തേക്കെത്തി വീണ്ടും ഞങ്ങള്‍. കുന്നില്‍ സീബ്രകളുടേയും വില്‍ഡ് ബീസ്റ്റുകളുടേയും ചെറിയ കൂട്ടങ്ങളുണ്ട്. പലരും കിടന്നുള്ള വിശ്രമത്തിലാണ്. അവിടെത്തന്നെ ഒറ്റയ്ക്കും തെറ്റയ്ക്കും മേയുന്ന പോത്തുകളുണ്ട്. ഏതാനും ഗസെല്ലകളുണ്ട്. ക്രേറ്ററില്‍ സാധാരണമല്ലാത്ത ഇംപാലകളുടെ ഒരു സംഘം തന്നെയുണ്ട്. അവയ്ക്കിടയില്‍ തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്താന്‍ തത്തിത്തത്തി നടക്കുന്ന അനേകം പക്ഷികള്‍. കൊറി ബുസ്റ്റാഡുകളും ഒട്ടകപക്ഷികളും ധാരാളമായിട്ടുണ്ട്. ഔദ്യോഗിക ചുവടുകളോടെ സെക്രട്ടറിപ്പക്ഷികളും ഹാജരുണ്ട്.
പക്ഷികളുടെ നിറകലവറയാണ് ക്രേറ്റര്‍
എവിടെത്തിരിഞ്ഞാലും അവിടെ നിരനിരയായ് പക്ഷികളാണ്. ഒട്ടകപക്ഷികള്‍ മുതല്‍ കൊറി ബുസ്റ്റാഡ് വരെ. ചതുപ്പുകള്‍ക്കും അരുവികള്‍ക്കും അതിരിട്ടുനില്‍ക്കുന്ന വെള്ളക്കൊക്കുകള്‍ (Great Pelican). തലയിലെ ഇത്തിരി മഞ്ഞപ്പൂട കിരീടമെന്നഹങ്കരിക്കുന്ന ക്രൗണ്‍ഡ് ഹെറോണുകള്‍. കിരീടമൊന്നുമില്ലാത്ത സാദാ പോണ്ട് ഹെറോണുകള്‍. പിന്നെ എര്‍ഗെറ്റുകള്‍ അഥവ വെള്ള പെലിക്കനുകള്‍, ബുസ്സാര്‍ട്ടുകള്‍ എന്ന് ഗൈഡുകള്‍ വിവരിക്കുന്ന പലയിനം പരുന്തുകള്‍, അക്കേഷ്യക്കൊമ്പുകളെ ചെറുകൂടുകള്‍ തുന്നിത്തൂക്കി സ്വന്തമാക്കുന്ന പലനിറങ്ങളിലുള്ള തുന്നാരന്‍ പക്ഷികളും (weaver bird) ലവ് ബേര്‍ഡ്സും.
ഇതില്‍ കൊറി ബുസ്റ്റാഡ് ഒരു ഭീമന്‍ പക്ഷിയാണ്. പറക്കും ജീവികളില്‍ ഏറ്റവും ഭാരമുള്ളവനാണ് ഇവരുടെ കൂട്ടത്തിലെ ആണ്‍പക്ഷി. അതുകൊണ്ടുതന്നെ പറന്നു പൊന്താന്‍ വലിയ റണ്‍വേ വേണം. ഇക്കാരണത്താല്‍ മരങ്ങളുടെ തിക്കും തിരക്കുമില്ലാത്ത ആഫ്രിക്കന്‍ സാവന്നകളാണ് ഇവര്‍ക്കു പഥ്യം. മരങ്ങളില്‍ ചേക്കേറുകയോ കൂടുകൂട്ടുകയോ ചെയ്യില്ല. മരങ്ങളുടെ മറവില്‍ ചെറിയ കുഴികള്‍ കുഴിച്ച് അവിടെയാണ് വാസം. പൊതുവെ ശാന്തരും നിശ്ശബ്ദരുമാണിവര്‍. അസ്വസ്ഥരായാല്‍ നമ്മുടെ കാലന്‍ കോഴിയുടെ കൂട്ടാണ്, മിനിറ്റുകളോളം കാറിത്തകര്‍ക്കും.
ക്രേറ്ററിലെ മൃഗമേളയില്‍ ഹാജരില്ലാത്ത ഒരു കൂട്ടരുണ്ട്-ജിറാഫുകള്‍. ജിറാഫുകള്‍ക്കു നിഷേധിക്കപ്പെട്ട പറുദീസയാണ് ഗോരംഗോരോ. തങ്ങളുടെ നീളന്‍ കാലുകള്‍ കുത്തിപ്പിടിച്ച് 600 മീറ്റര്‍ കുത്തനെ പാറക്കെട്ടുകളുടെ ചെരിവിറങ്ങാന്‍ അവര്‍ക്കു ബുദ്ധിമുട്ടാണ്. ചറമൊഴുക്കുന്ന ചെറുമരങ്ങളാണ് ഗോരംഗോരോയില്‍ ധാരാളമായിട്ടുള്ളത്. യൂഫോര്‍ബിയ ഗണത്തില്‍പെട്ടവ. ഇവയുടെ ഇലകളോട് ഇഷ്ടമില്ല ജിറാഫുകള്‍ക്ക്. ഗര്‍ത്തത്തിനു പുറത്തു ധാരാളം പച്ചപ്പുള്ളപ്പോള്‍ അവര്‍ ക്രേറ്ററിലേക്കിറങ്ങുന്ന സാഹസത്തിനു മെനക്കെട്ടില്ല. ഇംപാലകളും ടോപ്പികളും അപൂര്‍വ്വമാണ്. അവര്‍ക്കും ക്രേറ്ററിന്റെ പാറക്കെട്ടുകള്‍ തിങ്ങുന്ന അരികുകളിലൂടെ താഴേക്കിറക്കാന്‍ പ്രയാസമാണ്. വല്ലാതെ പെരുകുമ്പോള്‍ എല്ലാവര്‍ക്കും പകുത്തെടുക്കാനുള്ള പുല്ലുണ്ടാവില്ലെന്ന ദീര്‍ഘദര്‍ശനവും കാരണമായിരിക്കാം. ചിലപ്പോള്‍ ചിലര്‍ വന്നിറങ്ങി പെട്ടുപോകും. തിരിച്ചു പോകാതേയോ പോകാനാവാതേയോ അവര്‍ ക്രേറ്ററില്‍ കൂടി.
മലനിരകള്‍ അതിരുറപ്പിക്കുന്ന മൃഗശാലയാണ് ഈ ക്രേറ്റര്‍. ഒരുപക്ഷേ, ആഫ്രിക്കയിലെ ഏറ്റവും മൃഗസാന്ദ്രമായ കാട്ടിടം. ആഫ്രിക്കന്‍ ജൈവസമൂഹത്തിന്റേയും പരിസ്ഥിതിയുടേയും ചെറിയ പതിപ്പ്. പ്രാദേശികമായി വളര്‍ത്തിയെടുത്ത ഓരാവാസവ്യവസ്ഥ എന്നുതന്നെ പറയാം. ക്രേറ്ററും അയല്‍വാസികളായ പുല്‍ക്കുന്നുകളും ചേരുന്നതാണ് ഗോരംഗോരോ കണ്‍സര്‍വേഷന്‍ ഏരിയ (NCA). മസായി സെറ്റില്‍മെന്റുകള്‍ അനുവദിക്കപ്പെട്ടിട്ടുള്ള കണ്‍സര്‍വേഷന്‍ ഏരിയയാണ് NCA. സെരങ്കട്ടിയില്‍നിന്നും ആട്ടിപ്പായിക്കപ്പെട്ട മസായികളും ബോമ കുത്തിയത് ഇവിടെയാണ്.
വനക്കാഴ്ചകളിലെ വന്യപ്രതീക്ഷകളെപ്പോലും അപ്രസക്തമാക്കുകയാണ് ഗോരംഗോരോയിലെ ഫ്രെയിമുകള്‍. വരച്ചിടാനോ പകര്‍ത്തിവെയ്ക്കാനോ വഴങ്ങാത്ത അസുലഭസൗന്ദര്യമാണ് ഓരോ നോക്കിലും നിറയുന്നത്. പുല്‍ക്കൂട്ടങ്ങള്‍ മേഞ്ഞിറങ്ങുന്ന ചെറുകുന്നുകളിലേക്ക് അലസം കയറിപ്പോകുന്ന സീബ്രകളും വില്‍ഡ് ബീസ്റ്റുകളും. നിലംപറ്റി മേയുന്ന പന്നിക്കൂട്ടങ്ങള്‍. തത്തിത്തത്തി പക്ഷിക്കൂട്ടങ്ങള്‍. കാട്ടുപോത്തുകളുടെ കരിമ്പാടങ്ങള്‍. അതിനപ്പുറം ചതുപ്പുകളുടെ ചതഞ്ഞ പച്ചനിറവും ചെളിയും. അവിടെ ഇരതേടിയടിവെയ്ക്കുന്ന കൊക്കുകള്‍. അരുവിയുടെ കരകളില്‍ വരിയിട്ട് മുനിഞ്ഞിരിക്കുന്ന വെളുവെളുത്ത സന്യാസിക്കൊക്കുകള്‍. ഗോരംഗോരോയില്‍ ചുറ്റിത്തിരിയുന്ന മേഘങ്ങളുടെ നിഴലുകള്‍ പുല്‍മൈതാനത്തെ കടുംപച്ചയും ഇളം പച്ചയുമെന്നു വേര്‍തിരിച്ചിടുന്നു. മലകളിലും അവരീ കുസൃതിയൊപ്പിക്കുന്നുണ്ട്. അങ്ങ് ഉയരങ്ങളിലിരുന്നു മേഘങ്ങള്‍ ചെലുത്തുന്ന നിറപ്പകര്‍ച്ചകള്‍ കുറച്ചൊന്നുമല്ല ഗോരംഗോരോയെ മനോഹരമാക്കുന്നത്. പശ്ചാത്തലത്തില്‍ ചെറുകുന്നുകള്‍, പിന്നില്‍ പച്ച കനത്ത മലകളുടെ തലക്കനങ്ങള്‍. മലമുകളില്‍നിന്നു ക്രേറ്ററിന്റെ അതിരിലേക്കു വലിഞ്ഞുകയറുന്ന മരക്കൂട്ടങ്ങള്‍. മരങ്ങളെ ഉയരങ്ങളിലേക്കു കൈപിടിച്ചുയര്‍ത്താന്‍ മത്സരിക്കുന്ന മേഘശകലങ്ങള്‍. അങ്ങനെ പിന്നിലേക്കു പിന്നിലേക്ക് ഒരുക്കിവെച്ച എത്രയോ സുന്ദരത്തിരശ്ശീലകള്‍.
ഓ... എത്ര കാല്പനികം എത്ര കാല്‍പ്പനികം! എന്ന് അമ്മു ചിരിക്കുന്നു. അമ്മു എന്നെ കളിയാക്കുകയാണ്. കാല്പനികം തന്നെ, എന്നിട്ടും ഞാന്‍ പറഞ്ഞു. ബോധത്തിനും അബോധത്തിനും ഇടയിലെ നിലാവിടങ്ങളിലേ ഇങ്ങനെ കാഴ്ചകളുണ്ടാവു.
പുല്‍ക്കുന്നിന്റെ ചെരുവിലെ മാളത്തില്‍നിന്ന് ഒരു കാട്ടുപന്നിത്തള്ള (warthog) നാലു കുഞ്ഞുങ്ങളുമായി പുറത്തുവന്നു. മൂന്നടി മുന്നോട്ട്, രണ്ടടി മാളത്തിലേയ്ക്ക് എന്ന സുരക്ഷ സമവാക്യത്തിലാണ് നടപ്പ്. ഒട്ടകപക്ഷിയും അവളുടെ കൂട്ടുകാരനും ഏതാനും സീബ്രകളും ഒരു കൂട്ടം വില്‍ഡ് ബീസ്റ്റുകളും മാത്രമേ ചുറ്റുവട്ടത്തുള്ളൂ. പിന്നെ, ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടല്ലോ എന്ന മട്ടില്‍ മൂടിളക്കിക്കിതയ്ക്കുന്ന ഒരു സെക്രട്ടറിപ്പക്ഷിയും. ഇല്ല, കുഴപ്പമില്ല. പ്രശ്‌നക്കാരെന്നും അടുത്തില്ല. അമ്മ തീര്‍ച്ചയാക്കി. അപ്പോളവളുടെ മാറ്റം കാണണം. ഇതെന്‍ ഭൂമി, ഞാന്‍ രാജ്ഞി എന്ന മട്ട്. പിന്നെ പന്നിപ്പിള്ളേരുടെ അര്‍മാദിക്കലായിരുന്നു. ഓടുന്നു, ചാടുന്നു. ഇടയ്ക്കമ്മയുടെ മുലകളില്‍ തൂങ്ങുന്നു. അപ്പോഴും അമ്മയുടെ ഇന്ദ്രിയങ്ങള്‍ ഇരയാകാതിരിക്കാനുള്ള കരുതലിലാണ്.
റഷീദ് വണ്ടിയെടുത്തു. സമയമധികമില്ല. ഇവിടെനിന്നു തീര്‍ച്ചയായും കാണേണ്ട ഒരാളുണ്ട്, ആഫ്രിക്കന്‍ റൈനോ. അവനെ കണ്ടില്ലെങ്കില്‍ ബിഗ് ഫൈവ് ഹണ്ടില്‍ ഞങ്ങള്‍ പരാജയപ്പെടും. അതിന്റെ ഒരു പരിഭ്രമം റഷീദിനും ക്രൂയിസറിനുമുണ്ട്. ദൂരെ മഗാദി തടാകത്തിന്റെ വെള്ളത്തിളക്കം കാണാം. അവിടെ ലെസ്സര്‍
ഫ്‌ലെമിംഗോസ് പിങ്ക് പടര്‍ത്തി നിരന്നിരിക്കുന്നുണ്ടാവും. ടാന്‍സാനിയന്‍ തടാകങ്ങളില്‍ സാധാരണ കാണപ്പെടുന്നത് ലെസ്സര്‍ ഫ്‌ലെമിംഗോസാണ്. ഗ്രേറ്റര്‍ ഫ്‌ലെമിംഗോസിനേക്കാള്‍ വലുപ്പം കുറയുമെങ്കിലും പിങ്കിനു കടുപ്പം കൂടുതലാണ്. കൊക്കും കടുംചുവപ്പ്. മൊത്തത്തില്‍ മൊഞ്ച് ലെസ്സറിനു തന്നെ. കഷ്ടം, മെഗാദിത്തീരത്തു ചെന്നു മടങ്ങാനുള്ള നേരമില്ല. ഈ സുന്ദരി പിങ്കികളെ മന്യാരത്തടാകത്തില്‍ കാണിക്കാം എന്ന് റഷീദ് വാക്കു നല്‍കുന്നുണ്ട്. അത്രയും ആശ്വാസം.
പുല്‍ക്കുന്നുകള്‍ക്കു ചുറ്റും പലതവണ കറങ്ങി. കറമ്പന്‍ റൈനോ ഒളിവില്‍തന്നെ നിന്നു. റഷീദിന്റെ മുഖത്ത് വെപ്രാളപ്രഭ തെളിഞ്ഞുതുടങ്ങി. മേടുകളില്‍ മൃഗങ്ങള്‍ ധാരാളമായി എത്തുന്നുണ്ടിപ്പോള്‍. ഒരൊറ്റ ഫ്രെയിമില്‍ പലയിനം വന്യമൃഗങ്ങള്‍ വന്നുനിറയുന്ന അത്ഭുതം ഒരു പക്ഷേ, ഗോരംഗോരോയ്ക്ക് മാത്രം അവകാശപ്പെട്ടതാകാം. ഒട്ടകപക്ഷി മുതല്‍ കാട്ടുപോത്തും കാട്ടുപന്നിയും വില്‍ഡ് ബീസ്റ്റും സീബ്രയും പെലിക്കണുകളും ഒരൊറ്റ ഷോട്ടിലേയ്ക്ക് തിങ്ങിക്കേറും.
ബൈനോക്കുലറിലൂടെ എമ്പാടും നോക്കിയാണ് റഷീദ് വണ്ടിയോടിക്കുന്നത്. ദൂരെ ഒരു കറുപ്പഴക് കണ്ടെത്തിയിരിക്കുന്നു മൂപ്പര്‍.
ബൈനോക്കുലറിന്റെ ദീര്‍ഘദൃഷ്ടിയില്‍ത്തന്നെ ഒന്നും വ്യക്തമല്ല. അങ്ങോട്ടാണിപ്പോള്‍ പോകുന്നത്. കുറച്ചുകഴിഞ്ഞപ്പോഴാണ് കറുപ്പ് ഒരാനയായിത്തെളിഞ്ഞത്. ആന നില്‍ക്കുന്നിടത്തേക്ക് വണ്ടിയെത്തിക്കാനാവില്ല. വല്ലാതെ പരന്ന പുല്‍ക്കുന്നുകളാണ് ഇവിടെ. അവയ്ക്കു മുകളിലൂടെ വണ്ടിയോടിക്കാനാവില്ല. പറ്റാവുന്നത്ര വണ്ടിയടുപ്പിച്ച് റഷീദ് ഗൈഡ് ജോലിയിലേയ്ക്ക് മാറി.
ഇത് ഗോരംഗോരോയുടെ ആഫ്രിക്കന്‍ ബുള്‍ എലിഫന്റ്. നല്ല വലുപ്പം. മിക്കവാറും ഒറ്റയ്ക്ക്. അല്ലെങ്കില്‍ ചെറിയ ആണ്‍കൂട്ടങ്ങള്‍. പെണ്ണാനകള്‍ പൊതുവെ കുറവാണ്. അവര്‍ ക്രേറ്ററിറങ്ങി വന്നു ഡേറ്റിങ്ങ് നടത്തി തിരിച്ചുപോകും. അമ്മു ആനക്കൂറ്റന്റെ ചന്തം ക്യാമറയിലെടുത്തു വെച്ചതോടെ ക്രൂയിസര്‍ വീണ്ടും ഓടിത്തുടങ്ങി.
കുറച്ചുസമയം കൂടി കറങ്ങേണ്ടിവന്നെങ്കിലും റഷീദ് അവനെ കണ്ടെത്തുകതന്നെ ചെയ്തു. ദേഹം നിറയെ ഓക്‌സ് പെക്കര്‍ കിളികളേയും പേറി അവന്‍ ഫോട്ടോ ഷൂട്ടിന് ഒരുങ്ങിനില്‍ക്കുന്നു, ആഫ്രിക്കന്‍ ബ്ലാക്ക് റൈനോ. ഇന്ത്യന്‍
റെനോയെപ്പോലെ ഒറ്റക്കൊമ്പനല്ല ഇവന്‍. ഒന്നരക്കൊമ്പനാണ്. ഒരു വലിയ കൊമ്പ് മുന്നില്‍, അതിനു പുറകില്‍ ഒരു കൊച്ചു കൊമ്പ്. (എണ്ണത്തില്‍ രണ്ടും-bicornis-വലുപ്പത്തില്‍ ഒന്നരയും) ഇതേ കൊമ്പ്‌കൊണ്ട് കുലം മുടിഞ്ഞവരാണ് റൈനോകള്‍. ഇല്ലാത്ത അത്ഭുതസിദ്ധികളുടെ പേരില്‍ കൊമ്പുകള്‍ക്കായി അവര്‍ വേട്ടയാടപ്പെട്ടു. നഖവും മുടിയും പോലെ ഒരു ബോഡി വെയ്സ്റ്റ് മാത്രമാണീ കെരാട്ടിന്‍ (Keratin) കൊമ്പുകളെന്നു കാട്ടുകള്ളന്മാര്‍ക്കു ബോധ്യപ്പെട്ടില്ല. അങ്ങനെ 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലക്ഷക്കണക്കിനുണ്ടായിരുന്ന റൈനോകളുടെ എണ്ണം 2004-ല്‍ 2410 വരെയെത്തി. ലോകത്തെമ്പാടുമുള്ള മൃഗശാലകളിലേയ്ക്കും കണ്‍സര്‍വേഷനുകളിലേയ്ക്കും റൈനോകളെ നല്‍കി പോന്നിരുന്ന ആഫ്രിക്കയുടെ റൈനോ സമ്പത്ത് പരിതാപകരമായി കഴിഞ്ഞിരുന്നു. പല ഉപവിഭാഗങ്ങളും അന്യമായിക്കഴിഞ്ഞിരുന്നു. റൈനോകള്‍ സമൃദ്ധമായിരുന്ന പല ആഫ്രിക്കന്‍ രാജ്യങ്ങളും റൈനോമുക്ത പ്രദേശങ്ങളായി. അപ്പോള്‍ അധികാരികള്‍ ഉണര്‍ന്നു. കാട്ടുകള്ളവെടിക്കാരെ കര്‍ശനമായി നേരിട്ടു. നല്ലകാലത്ത് നാടുമാറിപ്പോയ റൈനോച്ചേട്ടന്മാരുടെ സന്തതിപരമ്പരകളെ തിരിച്ചുകൊണ്ടുവന്നു. മെല്ലെ മെല്ലെ ടാന്‍സാനിയയിലും മലാവിയിലും ബോട്‌സ്വാനയിലുമൊക്കെ റൈനോസറുകളുടെ എണ്ണം കൂടിവന്നു. ഇപ്പോള്‍ നാല്‍പ്പതോളം റൈനോകളുണ്ട് ഈ ക്രേറ്ററില്‍.
കൂരച്ചുണ്ടനും ചതുരച്ചുണ്ടനും
കറുപ്പന്‍ റൈനോ എന്നാണ് വിളിയെങ്കിലും ഇവരത്ര കറുപ്പല്ല. ചാരനിറം മുതല്‍ മങ്ങിയ തവിട്ടു വരെയൊക്കെ ഇവര്‍ക്കു നിറമാകാം. അതുപോലെ വെളുമ്പന്‍ റൈനോ വെളുപ്പുമല്ല. പഞ്ചഭീകരില്‍ (big five) അഞ്ചാമനേയും കണ്ടെത്തി സഫാരി വിജയകരമായതിന്റെ ആവേശത്തിലാണ് റഷീദിന്റെ ക്ലാസ്സ്. ഡച്ച് കോളണൈസേഷന്‍ കാലത്ത് ആഫ്രിക്കന്‍ ഭാഷയിലേയ്ക്ക് കുടിയേറിയ വാക്കാണ് wijd/weit. അതിനര്‍ത്ഥം, വൈഡ്-വീതിയുള്ളത്. പക്ഷേ, ഇംഗ്ലീഷുകാരന്‍ അതു വായിച്ചെടുത്തത് വൈറ്റ് എന്ന്. അപ്പുറത്തൊരു ബ്ലാക്ക് റൈനോ ഉള്ളപ്പോള്‍ ഇപ്പുറത്തൊരു വൈറ്റ് റൈനോ ഉണ്ടാവുന്നതാണല്ലൊ കളര്‍ ബാലന്‍സിങ്ങ്. വെളുമ്പന്‍ വലിയവനും ചതുരച്ചുണ്ടനുമാണ്. അതുകൊണ്ടാണ് വീതികൂടിയ weit എന്ന വിശേഷണം വന്നത്. നമ്മുടെ മുന്നിലെ കറമ്പനാകട്ടെ, അല്പം ചെറിയവനും കൂര്‍ത്ത ചുണ്ടുള്ളവനുമാണ് (hook lipped). വ്യത്യസ്തമായ തീറ്റ ശീലങ്ങളാണ് ചുണ്ടുകളുടെ രൂപത്തെ നിര്‍ണ്ണയിക്കുന്നത്. കൂരച്ചുണ്ടന്‍ കറമ്പന്‍ ബ്രൗസര്‍ ആണ്. ചതുരച്ചുണ്ടന്‍ വെളുമ്പന്‍ ഗ്രേസറും.
ഗ്രേസര്‍ ഏന്‍ഡ് ബ്രൗസര്‍? അമ്മു പുരികം വല്ലാതെ വളയ്ക്കുന്നു, റഷീദ് തുടരുന്നു. കാട്ടിലെ സസ്യാഹാരികള്‍ രണ്ടായി തിരിയുന്നു. ഗ്രേസര്‍മാരും ബ്രൗസര്‍മാരും. ഗ്രേസറെന്നാല്‍, തലകുനിച്ചു നിലത്തുനിന്നു പുല്ലും ചെറുചെടികളും തിന്നുന്നവര്‍. ബ്രൗസറുകള്‍ മരങ്ങളില്‍നിന്നും കുറ്റിച്ചെടികളില്‍നിന്നും തലയുയര്‍ത്തി തീറ്റയെടുക്കുന്നു. ജിറാഫും ആനയും ബ്രൗസറുകളാണ്. സീബ്രയും വില്‍ഡ് ബീസ്റ്റും ഗ്രേസറുകളും. ഒറ്റയ്ക്കു കഴിയാന്‍ താല്പര്യപ്പെടുന്നവരാണ് റൈനോകള്‍. ഒരാത്മബന്ധം എന്നൊക്കെ പറയാവുന്നത് അമ്മയ്ക്കും കുഞ്ഞിനുമിടയിലേ ഉള്ളൂ. പിന്നെ ഇണചേരാന്‍ വേണ്ടി മാത്രം ആണും പെണ്ണും അടുക്കും. അത്രേയുള്ളൂ. പൊതുവെ പോക്കിരികളും കട്ടക്കലിപ്പന്മാരുമാണ്. സ്വാഭാവിക ശത്രുക്കളില്ലാത്ത ഇവര്‍ക്കു വേട്ടക്കാര്‍ കഴിഞ്ഞാല്‍ കൂട്ടത്തില്‍നിന്നു തന്നെയാണ് അന്തകരുണ്ടാവുന്നത്. പരസ്പരം കുത്തിമലര്‍ത്തുന്നത് ഇവരുടെ ശീലമാണ്. കുലത്തില്‍നിന്നു കുത്താന്‍ കിട്ടിയില്ലെങ്കില്‍ മരങ്ങളേയും ചിതല്‍പ്പുറ്റുകളേയും മറ്റും ശത്രുക്കളായിക്കണ്ട് നേരിടുക എന്നതും നേരമ്പോക്കാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
റഷീദ് ആവേശത്തില്‍ത്തന്നെയാണ്. ചില സന്ദര്‍ഭങ്ങളില്‍ ചില കാഴ്ചകളാല്‍ ഞങ്ങളേക്കാള്‍ ഉത്തേജിതനാവുന്നത് റഷീദാണ്. അയാളപ്പോള്‍ പുത്തനറിവുകളുടെ പത്തായങ്ങള്‍ തുറന്നു
കൊണ്ടേയിരിക്കും. എത്ര സഫാരിയടിച്ചാലും തീരാത്ത വിജ്ഞാനത്തിന്റെ മേച്ചില്‍പുറങ്ങളിലേയ്ക്ക് ഞങ്ങളെ തെളിച്ചുകൊണ്ടുപോകും.
റൈനോയുടെ പുറത്തിരിക്കുന്ന ചെറുകിളികളെ കാണുന്നുണ്ടോ? ബൈനോക്കുലറില്‍ റൈനോയെ അടുപ്പിച്ചുനിര്‍ത്തി അമ്മയ്ക്കാ കിളികളെ കാട്ടിക്കൊടുക്കുകയാണ് റഷീദ്. അതാണ് ഓക്‌സ് പെക്കറുകള്‍. പേരുപോലെ പെറുക്കികള്‍ തന്നെ. മറ്റു മൃഗങ്ങളുടെ പുറത്തും ഇവരെ കാണാം. സൗജന്യ സഫാരിയൊന്നുമല്ല ലക്ഷ്യം. മൃഗങ്ങളുടെ തൊലിപ്പുറത്തുനിന്നും ചെള്ളും പേനും മറ്റു ചെറുകീടങ്ങളേയും ശാപ്പിടുകയാണ് പരിപാടി. കീടങ്ങളെ കൊത്തിപ്പെറുക്കി മാറ്റി തൊലി വൃത്തിയാക്കുന്നു, എന്തൊരു പരസഹായി എന്നൊക്കെ തോന്നും. ജന്തുലോകവും ശാസ്ത്രവും അങ്ങനെയാണ് വിശ്വസിച്ചിരുന്നത്. ഈയടുത്ത കാലത്താണ് പെറുക്കിക്കിളികളുടെ കള്ളി പൊളിഞ്ഞത്. മൃഗങ്ങളുടെ തൊലിപ്പുറത്തിരുന്നു ചോരയൂറ്റി ചീര്‍ത്ത ചെള്ളിനേയും പേനിനേയും മാത്രമാണ് ഇവര്‍ ശാപ്പിടുന്നത്. ഇരുന്നു കുടിച്ച് വീര്‍ക്ക്, പിന്നെ വരാട്ടോ എന്നു ബാക്കിയുള്ളവരെ ആശീര്‍വദിക്കും. കീടങ്ങളല്ല, കടും ചോരയാണ് കിളികളുടെ ലക്ഷ്യം.
ബോധമുള്ള മൃഗങ്ങളിപ്പോള്‍ ഓക്‌സ് പെക്കേഴ്സിനെ വിരട്ടിയോടിക്കും. ''ഇല്ല, ഈ റൈനോയ്ക്ക് ബോധമില്ല. പുറത്തു മുഴുവന്‍ ഓക്‌സ്പെക്കേഴ്സ് മേയുന്നുണ്ട്'' -റൈനോയെ ക്ലോസപ്പില്‍ ക്യാമറയിലേയ്ക്ക് വലിച്ചെടുക്കവേ അമ്മുവിന്റെ കമന്റ്. വലിയ അഞ്ചും തികഞ്ഞു. റൈനോപ്പടങ്ങളും മതിയാവോളമായി. ഇനി പോകാമെന്ന് അമ്മ. പുല്‍കുന്നൊന്നുകൂടി ചുറ്റി റെനോയ്ക്ക് കുറച്ചുകൂടി അടുത്തെത്തി കുറച്ചു പടങ്ങള്‍ കൂടിയെടുത്തു. ആ ചുറ്റിത്തിരിയല്‍ മറ്റൊരു കാഴ്ചകൂടിത്തന്നു. ഒരു മഹിഷശില്പം. മേലാകെ വരണ്ടു വിണ്ടുകീറിയ ചെളിയുടെ കള്ളിക്കളി. ഏതോ പാടത്തെ പണിയും കഴിഞ്ഞുവരുന്ന മട്ട്. ടാബ്ലോയിലേക്കെന്നപോലെ അനങ്ങാതെ നിന്ന് ഞങ്ങളുടെ ക്യാമറക്കണ്ണുകളെ ആനന്ദിച്ചിച്ചു അവന്‍.
ഗോരംഗോറോയില്‍ കറങ്ങിനടന്നു വെയിലും മയപ്പെട്ടിരിക്കുന്നു. ഇനി നമുക്കു മടങ്ങാം എന്നായി റഷീദ്. ഇവിടെയാകുമ്പോള്‍ കാഴ്ചകളില്‍നിന്നു മടക്കമില്ലെന്ന് അടുത്ത നിമിഷങ്ങള്‍ ഞങ്ങളെ ബോധ്യപ്പെടുത്തി. വഴിയില്‍ കൂട്ടംകൂടി കിടന്ന സഫാരി വണ്ടികള്‍ക്കൊപ്പം അഞ്ചാമനായി ഞങ്ങളും ചേര്‍ന്നു. വഴിയുടെ നടുവില്‍ സടസൗന്ദര്യം തികഞ്ഞൊരു സിംഹരാജന്‍ വിശ്രമത്തിലാണ്. അലസഭാവം. അഞ്ചു വണ്ടികളില്‍ ഇരുപത്തഞ്ചോളം പേര്‍ തന്നെ കണ്ടു നില്‍ക്കുന്നതും ഫോട്ടം പിടിക്കുന്നതും മൂപ്പര് ഗൗനിക്കുന്നേയില്ല. മൃഗരാജന്റെ റാണിപ്പെണ്ണ് തമ്പുരാട്ടിനടയില്‍ ചുറ്റിപ്പറ്റി നടക്കുന്നുണ്ട്. രാജാവിന്റെ നോട്ടം രാജ്ഞിയില്‍നിന്നു മാറുന്നില്ല. അവളാകട്ടെ, സഫാരി വണ്ടിക്കടുത്തേക്കു ചെല്ലുന്നു. ആ വണ്ടി എടുത്തു പോകുന്നു. അവള്‍ 'ഛായ്' എന്ന നിസ്സഹായാവസ്ഥയില്‍ അടുത്ത വണ്ടിക്കടുത്തേയ്ക്ക്, അതും എടുത്തുപോകുന്നു.
ഞങ്ങളുടെ തൊട്ടുമുന്‍പിലെ സഫാരിക്കാര്‍ അതു ചെയ്തില്ല.
ഓന്‍ പെട്ട്. റഷീദിന്റെ കമന്റ്.
അതെന്താ റഷീദേ പ്രശ്‌നം?
അമ്മ കാണ്, നടക്കാന്‍ പോണത് കാണ് എന്നു പറഞ്ഞ് റഷീദ് വണ്ടിയല്പം മാറ്റിനിര്‍ത്തി.
സിംഹിപ്പെണ്ണ് വണ്ടിയുടെ നിഴലില്‍ നീണ്ടുനിവര്‍ന്നു കിടന്നു. എന്നിട്ട് ഒരു കൈ ടയറിനടുത്തേയ്ക്കു നീട്ടിവെച്ചു.
പാവം. അപ്പോ ഇച്ചിരി തണലിനുവേണ്ടിയായിരുന്നു ഈ നടത്തം! അമ്മ സഹതപിക്കുന്നു. ആ ഡ്രൈവര്‍ക്കത്ര മിടുക്കില്ല - റഷീദ് സ്വയം പുകഴ്ത്തി. ഇനി സിംഹം എഴുന്നേറ്റ് പോയാലെ വണ്ടിയെടുക്കാന്‍ പറ്റൂ. അവളെങ്ങാന്‍ ഉറങ്ങിപ്പോയാല്‍ കൂടുതല്‍ പെട്ടു. സിംഹം ഒറ്റയടിയ്ക്ക് 10-14 മണിക്കൂറൊക്കെ ഉറങ്ങിക്കളയും. വണ്ടിയെടുക്കാന്‍ നോക്കിയാല്‍ സിംഹത്തിനു പരിക്കു പറ്റും. അത്തരത്തിലാണ് അവളുടെ കയ്യിരിപ്പ്. അങ്ങനെ സംഭവിച്ചാല്‍ തീര്‍ന്നു, ആ ഡ്രൈവറുടെ സഫാരിപ്പണി തീര്‍ന്നു. തങ്ങളെ പരിക്കേല്‍പ്പിക്കാന്‍ പാടില്ലെന്നാണ് സഫാരി നിയമമെന്ന് ഒരുപക്ഷേ, സിംഹങ്ങള്‍ക്കും അറിയാമായിരിക്കും. ക്രേറ്ററില്‍ സിംഹങ്ങള്‍ ഈ അടവുനയം പലപ്പോഴും പയറ്റാറുണ്ട്, പ്രത്യേകിച്ചും വേനലില്‍. നാലുമണി കഴിഞ്ഞ പോക്കുവെയില്‍ നേരത്ത് ഇവളെന്തിനാവോ ഈ ചതി ചെയ്തത്.
സിംഹത്തിനു തണലു നല്‍കിയ സഫാരിക്കാര്‍ക്കു ഞങ്ങള്‍ അരമണിക്കൂറോളം കൂട്ടുകിടന്നു. ഡ്രൈവര്‍ വണ്ടി എരപ്പിക്കുന്നുണ്ട്. ആളുകള്‍ ജനാലിലൂടെ സിംഹത്തിനു മുകളിലേക്കു കുപ്പിവെള്ളം ഒഴിക്കുന്നുണ്ട്. ആനയുടെ ചിന്നംവിളി ശബ്ദം മൊബൈലില്‍നിന്ന് ഉറക്കെയിട്ടു നോക്കുന്നുണ്ട്. ഒരു യുവതി ഗെറ്റ് അപ്പ് ആന്‍ഡ് ഗോ, മൈഡിയര്‍ എന്നു കെഞ്ചുന്നുണ്ട്. സിംഹത്തിനൊരിളക്കവുമില്ല.
സിംഹിപ്പെണ്ണ് എഴുന്നേറ്റ് പോയില്ലെങ്കില്‍ സഫാരിക്കാര്‍ എന്തുചെയ്യുമെന്ന് അമ്മയുടെ ആശങ്ക. അവരിവിടെ കാട്ടില്‍ കിടക്കേണ്ടിവരുമെന്ന് റഷീദിന്റെ പേടിപ്പെടുത്തല്‍. എന്നാല്‍, സിംഹത്തിനെ നമ്മുടെ വണ്ടിക്കടിയിലേയ്ക്ക്
മാറ്റാമെന്ന അമ്മയുടെ കൗണ്ടറില്‍ റഷീദും ഞങ്ങളും ചിരിച്ചു കുഴഞ്ഞു. ആറുമണി കഴിഞ്ഞാല്‍ പുറത്തുപോകാത്തവരെ തേടി ഗാര്‍ഡുമാര്‍ ഇറങ്ങും. അപ്പോഴേക്കും സിംഹിക്കുറുമ്പി മാറിയിട്ടില്ലെങ്കില്‍ അവര്‍ക്കു പണിയാവും.
മറ്റു സഫാരിക്കാരെല്ലാം പോയിക്കഴിഞ്ഞിരുന്നു. 'പെട്ടുപോയ' സഫാരിക്കാരില്‍ ആകാവുന്നിടത്തോളം സഹാതാപം ചൊരിഞ്ഞു ഞങ്ങളും പോന്നു.
ഗോരംഗോരോ ക്രേറ്ററില്‍ നാലുമണിക്കൂര്‍ കറങ്ങിയിട്ട് ഞങ്ങളാകെ കണ്ടത് ഈ സിംഹദമ്പതികളെ മാത്രമാണ്. ഇവിടെത്തേക്കാള്‍ എത്രയോ പരന്നുകിടക്കുന്ന സെരങ്കട്ടിയില്‍ ഈ സമയംകൊണ്ട് നാലഞ്ചു സിംഹങ്ങളെയെങ്കിലും കണ്ടിരിക്കും. ക്രേറ്ററില്‍ സിംഹങ്ങള്‍ കുറവാണോ? ഞങ്ങള്‍ റഷീദിനോട് ചോദിച്ചു.
റഷീദ് പുല്‍പ്പരപ്പിനും ചെറുമരങ്ങള്‍ക്കുമിടയില്‍ പതുങ്ങിക്കിടന്ന പാതയോരത്ത് വണ്ടി നിര്‍ത്തി. ഇവിടെനിന്ന് ലെറായ്ക്കാടുകളും മഗാദി തടാകവും പച്ചയില്‍ ഒരുങ്ങിനില്‍ക്കുന്ന കുന്നുകളും കാണാം. ഏഴ് സംഘങ്ങളിലായി എഴുപതോളം സിംഹങ്ങളാണ് ഇപ്പോള്‍ ഇവിടെയുള്ളത്. റഷീദ് ഞങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം തുടങ്ങി. പഠിച്ചുറപ്പിച്ച ഉത്തരങ്ങള്‍ക്ക് അവസരം കിട്ടിയാല്‍ റഷീദ് ഇങ്ങനെയാണ്. നിയമനം ഉറപ്പിച്ച ജോലിയുടെ വായ്പരീക്ഷയ്ക്കിരിക്കുന്നവന്റെ ആത്മവിശ്വാസമാണപ്പോള്‍. വരാനുള്ളത് വ്യക്തവും ദീര്‍ഘവുമായ പ്രഭാഷണമാണ്.
അല്‍പ്പം മുന്‍പ് ഉച്ചഭക്ഷണം വൈകിക്കഴിച്ച അരുവിക്കരയില്‍വെച്ച് ക്രേറ്ററിലെ പ്രളയകഥ പറഞ്ഞിരുന്നു റഷീദ്. '61-ലെ വരള്‍ച്ച. '62-ലെ വെള്ളപ്പൊക്കം. ചത്തുചീഞ്ഞ മൃഗങ്ങള്‍.
സ്റ്റൊമാക്‌സിസ് ചെള്ളുകളുടെ (stomoxys ticks) ആക്രമണം. അവര്‍ ചോരയൂറ്റിക്കൊന്ന സിംഹങ്ങള്‍. ഇവിടെനിന്ന് റഷീദിന്റെ പുതിയ പ്രഭാഷണം ആരംഭിക്കുന്നു.
ഞാന്‍ പറഞ്ഞല്ലോ, അന്ന് ബാക്കിയായത് ഒന്‍പത് പെണ്ണും ഒരാണുമാണ്. അക്കാലത്ത് പുറത്തുനിന്ന് ഏഴു സിംഹങ്ങള്‍ക്കു മാത്രമാണ് അക്കൂട്ടത്തില്‍ ചേരാന്‍ കഴിഞ്ഞത്. പിന്നെ 1975 വരെ ക്രേറ്ററിലേക്ക് ഒരൊറ്റ സിംഹംപോലും ഇറങ്ങിവന്നില്ല. എങ്കിലും എണ്‍പതുകളില്‍ സിംഹങ്ങളുടെ എണ്ണം നൂറു കടക്കുന്നുണ്ട്. ആണ്‍സിംഹങ്ങളുടെ ഒരു ആറംഗസംഘത്തിന്റെ കഠിന പ്രയത്‌നമാണ് ഇതിലുള്ളത്. അടുത്ത ബന്ധുക്കളുമായിട്ടുള്ള ഇണചേരല്‍ നിഷിദ്ധ സംഗമങ്ങളായിത്തന്നെയാണ് സിംഹങ്ങളും കരുതുന്നത്. പക്ഷേ, കുലം നിലനിര്‍ത്താന്‍ ഗോരംഗോരോ കേസരികള്‍ക്ക് അതു വേണ്ടിവന്നു. ഏഴു പ്രൈഡുകളില്‍ (Pride- സിംഹ സംഘനാമം) തങ്ങള്‍ പിറന്ന ഒരെണ്ണമൊഴിച്ച് ആറിലും അവര്‍ കയറിയിറങ്ങി സന്താനോല്പാദനം നടത്തി. പെങ്ങന്മാരിലും കസിന്മാരിലും പലപ്പോളും സ്വന്തം മക്കളില്‍ തന്നെയും അവര്‍ക്കു കുഞ്ഞുങ്ങളുണ്ടായി. ക്രേറ്ററില്‍ സിംഹങ്ങളുടെ അംഗബലം കൂടിയെങ്കിലും അവരുടെ തലമുറകളെ തുലച്ച ജനിതകദുരന്തം സംഭവിക്കുകയായിരുന്നു. ക്രേറ്ററിനു പുറത്തുനിന്നു സിംഹങ്ങളെത്താത്തതും ബന്ധുത്വമില്ലാത്തവരുമായി സമ്പര്‍ക്കമില്ലാതെയായതും ജനിതക വൈവിധ്യമില്ലായ്മയ്ക്കും ജനറ്റിക്ക് ബോട്ടില്‍നെക്കിനും കാരണമായി. പുതുതലമുറയില്‍ രോഗപ്രതിരോധ - സന്താനോല്പാദന ശേഷികള്‍ കമ്മിയായി. കാടിന്റെ 'സിംഹഭാഗം' മെലിഞ്ഞു തുടങ്ങി. ക്രേറ്ററിലേക്കിറങ്ങിവന്ന
സാംക്രമിക രോഗങ്ങള്‍ കൂനിന്മേല്‍ മുഴുത്ത കുരുവായി, പ്രത്യേകിച്ചും 35 ശതമാനം കേസരികളെ കൊന്നുകളഞ്ഞ 2001-ലെ കനൈന്‍ ഡിസ്റ്റബര്‍. സര്‍ക്കാരും കോപ് ലയേണ്‍ പോലെയുള്ള സന്നദ്ധസംഘടനകളും ഇടപെട്ടു. ക്രേറ്ററില്‍നിന്നു മസായികളും അവരുടെ കന്നുകാലികളും നിഷ്‌കാസിതരായി. സെരങ്കട്ടിക്കും ഗോരംഗോരോയ്ക്കും ഇടയില്‍
സിംഹസഞ്ചാരം അപൂര്‍വ്വമായിരുന്നു. തങ്ങളുടെ ബോമകളേയും കന്നുകാലികളേയും സംരക്ഷിക്കാന്‍ സിംഹവധത്തിനുതന്നെ തയ്യാറായിനില്‍ക്കുന്ന മസായികളായിരുന്നു കാരണം. ഈ മസായികളുടെ കയ്യില്‍ത്തന്നെ ഗോരംഗോരോകുലത്തിന്റെ ഭാവി ഏല്‍പ്പിച്ചു കൊടുക്കുകയായിരുന്നു കോപ് ലയണ്‍ പദ്ധതി. അതിജീവിക്കുന്ന ഓരോ സിംഹത്തിന്റേയും പേരില്‍ കോപ് ലയണ്‍ മസായികള്‍ക്കു പാരിതോഷികങ്ങള്‍ നല്‍കി. (മസായികളുടെ കൊല്ലപ്പെടുന്ന ഓരോ കന്നുകാലിക്കും നഷ്ടപരിഹാരം നല്‍കുന്നതാണ് കെനിയന്‍ രീതി). സെരങ്കട്ടി ലയണ്‍ പ്രൊജക്ടിലെപ്പോലെ സിംഹങ്ങള്‍ക്ക് ജി.പി.എസ് കോളറുകള്‍ ഘടിപ്പിക്കുകയും അവരെ നിരീക്ഷണത്തില്‍ വെയ്ക്കുകയും ചെയ്തു കോപ്ലയേണ്‍. ഈ ശ്രമങ്ങളെല്ലാം പതിയെ വിജയിക്കുന്നുണ്ട്.
വന്നുപെട്ടവരുടെ താവളമാണ് ഗോരംഗോരേ ക്രേറ്റര്‍. തദ്ദേശീയരില്ല. വന്നുപെട്ടവര്‍ സമൃദ്ധിയുടെ അവകാശികളാവുകയും പുതിയ വരത്തന്മാരെ ചെറുക്കുകയും ചെയ്തു. സിംഹംപോലെയുള്ള സവര്‍ണ്ണരായിരുന്നു (മൃഗങ്ങള്‍ക്കിടയില്‍ സവര്‍ണ്ണ ദളിത് കുത്തിത്തിരിപ്പുണ്ടാക്കാനുള്ള എന്റെ എളിയ ശ്രമമാണ്) ഇതിനു മുന്‍പന്തിയില്‍. പലപ്പോഴും മുന്‍പ് വന്നവരും പിന്നെ വന്നവരും തമ്മില്‍ പോരാട്ടങ്ങളുണ്ടായി. ചിലര്‍ തോറ്റു പിന്‍വാങ്ങി. ചിലര്‍ പൊരുതിപ്പിടിച്ചു നിന്നു. പുതിയ ചാര്‍ച്ചക്കാരില്ലാത്തത് ഇന്‍ബ്രീഡിങ്ങിലേയ്ക്കും ജീന്‍ പൂളിന്റെ സ്തംഭനത്തിനും ഇടയാക്കുന്നുണ്ട്.
മൃഗങ്ങളുടെ അനാരോഗ്യത്തിനും രോഗപ്രതിരോധശേഷിക്കുറവിനും ഇതു കാരണമാകുന്നു. ക്രേറ്ററില്‍ ജനിതക വൈവിധ്യമില്ലാതെ സിംഹക്കൂട്ടങ്ങള്‍ പെരുകുമ്പോള്‍ അവര്‍ക്കിടയില്‍ അസുഖങ്ങള്‍ പകരാന്‍ സാധ്യത കൂടുന്നു. അസുഖങ്ങള്‍ മരണകാരണവുമാകും. ഇടവേളകളില്‍ ക്രേറ്ററിലെ സിംഹങ്ങളുടെ എണ്ണം പെരുകുകയും കുറയുകയും ചെയ്യുന്നത് ഇതുകൊണ്ടാണ്.
റഷീദിന്റെ ഗോരംഗോരോ ലയേണ്‍ ഡയലോഗ്സ് ഏതാണ്ടങ്ങനെ അവസാനിച്ചു. ലാന്‍ഡ് ക്രൂയിസര്‍ സസന്തോഷം മുരണ്ടുണര്‍ന്നു യാത്രയായി.
ഗോരംഗോരോയിലെ പച്ചപ്പിനെ അസ്തമയസൂര്യന്റെ കയ്യിലേല്‍പ്പിച്ചു ഞങ്ങള്‍ പോരുകയാണ്. ദൂരെ മൃഗരാജ-റാണിമാരുടെ തടവില്‍പെട്ടുപോയ സഫാരി വണ്ടി അവ്യക്തമായി കാണാം. അവരുടെ എത്ര സമയമാണ് ആ മൃഗരാജപ്പോക്കിരികള്‍ കളഞ്ഞത്!
ആ കപ്പിള്‍സിന്റെ പേരറിയാമോ റഷീദ്ക്ക? അമ്മു വീണ്ടും റഷീദിനെ ബുദ്ധിമുട്ടിക്കുകയാണ്. എങ്കിലും അമ്മുവിന്റെ ഇക്കാ വിളി റഷീദിനു പ്രിയപ്പെട്ടതായിരിക്കുന്നു. ജ്യേഷ്ഠനെ ഇഷ്ടത്തോടെ വിളിക്കുന്നതാണ് ഇക്കാ എന്നു ഞാന്‍ റഷീദിനെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. അമ്മുവിന്റെ ഇക്കാവിളി കേട്ട് റഷീദിന്റെ 'ശിശുമുഖം' ചുവന്നും ചിരിച്ചും സുന്ദരമാകുന്നത് ഞങ്ങളും ആസ്വദിച്ചിരുന്നു. ചിലപ്പോഴൊക്കെ മിനിയും ഒരു രസത്തിനായി അമ്മയും റഷീദ്ക്ക വിളി ഉപയോഗിച്ചിരുന്നു.
ഇവിടത്തെ സിംഹങ്ങളുടേയും പുള്ളിപ്പുലികളുടേയും റൈനോകളുടേയും പേരൊക്കെ കുറെയെനിക്കറിയാം. ഈ സിംഹത്തിന്റെ പേര് ഇന്നതാണെന്ന്, ഈ പുള്ളിപ്പുലി ഇന്നവനാണെന്ന് നാച്ചുറലിസ്റ്റികള്‍ക്കു പറയാന്‍ കഴിയും. അവര് നാലും അഞ്ചും കൊല്ലം പഠിച്ച് ഡിഗ്രിയെടുത്തവരാണ്. മുന്തിയ ഗൈഡുകള്‍. എനിക്കത്രയെന്നും അറിയില്ല. ഞാന്‍ സാദാ ഡ്രൈവര്‍ കം ഗൈഡല്ലേ. റഷീദ് വിനീതനും വിഷാദ പരവശനുമായി.
ഓ സാരമില്ല റഷീദ്ക്ക. അമ്മുവും മിനിയും റഷീദിനെ ആശ്വസിപ്പിച്ചു.
ക്രേറ്ററില്‍ നീളന്‍ നിഴലുകള്‍ നിറഞ്ഞുതുടങ്ങി. പോകാറായി, പോകാം, സമയമായി എന്നൊക്കെയുള്ള സൂചനകള്‍ റഷീദിന്റെ ഭാവങ്ങളിലും സൂര്യന്റെ മങ്ങലിലും ക്രൂയിസറിന്റെ മുരള്‍ച്ചകളിലും തെളിഞ്ഞുതുടങ്ങി. പുറത്തേക്കുള്ള വഴി തേടി വണ്ടി മണ്ടിത്തുടങ്ങി.
പക്ഷേ, വിടപറയാന്‍ തയ്യാറായിരുന്നില്ല ഗോരംഗോരോ. ഇടതുവശത്തെ വെള്ളക്കെട്ടില്‍നിന്നു ഹിപ്പോകള്‍ കയറിവരുന്നതു കണ്ടെത്തിയത് അമ്മയാണ്. കാട്ടില്‍ അമ്മയ്ക്ക് പരുന്തിന്റെ കണ്ണാണെന്നു പിറുപിറുത്ത് റഷീദ് വണ്ടിയങ്ങോട്ട് നീക്കിനിര്‍ത്തി. ഒരു കുടുംബജാഥ തന്നെയായിരുന്നു അത്. പത്തോളം ഹിപ്പോകള്‍. പടുതല മുതല്‍ ഇളംമുറക്കാര്‍ വരെയുണ്ട്. അവരങ്ങനെ കുളിച്ചീറനായി വരിവരിയായി കടന്നുപോകുന്നു.
(തുടരും)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates