ചാവരുകാവ്

By ആര്‍. അനന്തകൃഷ്ണന്‍  |   Published: 25th October 2023 10:50 AM  |  

Last Updated: 25th October 2023 10:52 AM  |   A+A-   |  

മഴ

 

ചാവരുകാവിന്റെ ജടയിൽനിന്ന് ഇയാംപാറ്റകളെപ്പോലെ കാറ്റുകൾ ജനിച്ചുകൊണ്ടേയിരുന്നു.

ചിറക് മുളച്ച് പറന്ന് പറന്ന് കുന്നും കണ്ടവും കടന്ന് കാറ്റ് വീശി...

ദേശമാകെ കാറ്റിന്റെ മുരൾച്ചയാണ്. ആകാശത്തേക്ക് നീണ്ടുപോയ കൊന്നത്തെങ്ങുകൾ.

ഉലഞ്ഞ് മറിഞ്ഞു. പുളിമരങ്ങളുടെ ശിഖരങ്ങൾ തലങ്ങും വിലങ്ങും പുളഞ്ഞു.

കല്ലമ്പലത്തിനു മുന്നിലെ ആൽമരം മാത്രം അഷ്ടബന്ധം ഉറപ്പിച്ചപോലെ കല്ലിച്ചു നിന്നു.

പോറ്റൂക്കാർക്ക് എല്ലാക്കൊല്ലവും കൊല്ലിയാനും കാറ്റും തോരാമഴയും.

ഇപ്രാവശ്യവും കർക്കടകം മുറ്റാണല്ലോ...”

മഴ കനം വെയ്ക്കുന്ന ഇരുട്ടിലേക്കു നോക്കി പൂച്ചക്കണിയാൻ എറായത്തിരുന്ന് പറയുന്നുണ്ടാകും. കല്യാണി ഓർത്തു.

കമ്പിളി തലയ്ക്ക് മേലെ വലിച്ചിട്ട് കല്യാണി തിരിഞ്ഞുകിടന്നു.

തട്ടൂടിയുടെ മുളങ്കാലുകൾ ഉറപ്പിച്ച മുട്ട് ഞരങ്ങി.

മുറിയിലെ വെട്ട്കല്ല് ചുവരുകളിലേക്ക് മിഴിയുറപ്പിച്ചാൽ വിചിത്രമായ ഒരുപാട് ആകൃതികൾ പെരുകിക്കൊണ്ടേയിരിക്കും.

കണ്ണിനു മുന്നിൽ നൃത്തം വയ്ക്കും. അവ രൂപം മാറിമാറി വലിയ അണ്ഡാവുപോലത്തെ വാ പിളർന്ന് വിഴുങ്ങാൻ വരും.

ഒന്നനങ്ങാൻപോലുമാകാതെ ശരീരം ആകെ മരവിക്കും.

ഉറക്കെയുള്ള നിലവിളി തൊണ്ടയിൽ കുടുങ്ങി ശ്വാസം പിടയും.

അന്നേരം തുടയുടെ മുകളിൽനിന്ന് ഒരു ചൊറിച്ചിൽ തുടങ്ങും.

മാന്തിയാലും മാന്തിയാലും മാറാത്ത, നീറുന്ന, പൊള്ളിക്കുന്ന ചൊറിച്ചിൽ.

ഒടുക്കം സർവ്വശക്തിയുമെടുത്ത് കണ്ണ് വലിച്ചടയ്ക്കുമ്പോഴേക്കും പാതി ജീവൻ പോകും...

ഇച്ചിരി ഉറങ്ങിപ്പോയാലും അങ്ങനെയാണ്, എപ്പോഴെങ്കിലും ഉറക്കത്തിനുള്ളിലേക്ക് ഉണർന്നു പോകും.

കണ്ണ് തുറന്നുപോകും.

സചീന്ദ്രന്‍ കാറഡുക്ക

 

പിന്നെ നിഴലും വെളിച്ചവും ചേർന്നു പരസഹസ്രം ഊടിലും പാവിലും തീർത്ത കെണിയിൽ കുരുങ്ങി കുരുങ്ങി പിടയും.

അതുകൊണ്ട് കല്യാണി ഉറങ്ങത്തില്ല. കണ്ണ് തുറന്നു കിടക്കത്തുമില്ല.

കണ്ണ് തുറക്കാൻ തോന്നിയാൽ കമ്പിളികൊണ്ട് തല മൂടും.

എന്നിട്ട് ആ ഇരുട്ടിന്റെ കൊച്ചു കൂടിലേക്കു മാത്രം കണ്ണ് തുറന്നുവയ്ക്കും.

കുഞ്ഞനൊരു ഇരുട്ടുകുളത്തിൽ കൃഷ്ണമണി ഓടിക്കളിക്കും.

ചിലന്തിവലപോലെ നെയ്ത് കയറുന്ന കെണികൾ വരില്ലല്ലൊ...

പേപ്പിടിയാക്കത്തില്ലല്ലോ...

ചാവരുകാവിന്റെ ഉൾക്കഴമ്പ് പോലെയാണ് കല്യാണിയുടെ മനസ്സും.

ജനിമൃതികളുടെ അനേക കോടി പരമ്പരകൾ കെട്ടുപിണഞ്ഞു കിടക്കുന്ന ചാവരുകാവ്.

കാവിന്റെ അനക്കങ്ങളാണ് കല്യാണിയുടെ വെപ്രാളം. കാവിന്റെ വേരറ്റങ്ങൾ നീണ്ടുപടർന്നു കിടക്കുന്നത് കല്യാണിയുടെ മനസ്സിന്റെ മണ്ണടരുകളിലേക്കാണ്. കാവിനും കല്യാണിക്കും മാത്രം അറിയുന്ന രഹസ്യങ്ങളുടെ പുറ്ററകൾ. അതിലാണ് പോറ്റൂർ ദേശത്തിന്റെ ജൈവരസത്തിന്റെ തുടിപ്പുകളത്രയും പകർന്നുവച്ചിരിക്കുന്നത്. ചാവരുകാവും കല്യാണിയും പൂച്ചക്കണിയാനും തുടർച്ചകളാണ്.

മഴ തിമിർക്കുകയാണ്. കല്യാണി പുതപ്പിനുള്ളിലെ ഇരുട്ടിന് തുളയിട്ട് മിഴിച്ച് നോക്കി കിടന്നു.

 

കല്യാണി

മേൽക്കൂരയിലെ മേച്ചിൽ കുഴിയിലൂടെ വെളിച്ചം കണ്ണിൽ കുത്തിനോവിച്ചപ്പോൾ കല്യാണി തട്ടൂടിയിൽനിന്ന് എഴുന്നേറ്റു. കല്യാണിയുടെ ദിവസങ്ങൾ എഴുതിവെച്ചപോലെ കിറുകൃത്യമാണ്.

ചൊരയ്ക്കാ കൂട്ടിൽനിന്ന് ഉമിക്കരി എടുത്ത് പല്ല് തേക്കും. കിണറ്റിറമ്പിൽനിന്നുകൊണ്ട് തന്നെ മുഞ്ഞി കഴുകും.

പിന്നെ വീടിരിക്കുന്ന പൊക്കത്തിൽനിന്ന് എടുത്തു ചാടി ഒരു പോക്കാണ്.

കല്യാണിക്ക് ആരെയും കൂസലില്ല. ഒരിത്തിരി വെല്ലുവിളിച്ചുവടോടെ തെറിച്ചു തെറിച്ചാണ് നടപ്പ്.

കറുത്തതാണ്. പല്ലൊരല്പം ഉന്തിയതാണ്. പോന്നപോക്കിൽ വാരിയിലിരിക്കുന്ന കൊങ്കിയിരുമ്പെടുത്ത് നടുവിനു തിരുകാൻ മറക്കത്തില്ല.

തച്ചൻമുക്കിലെ ദിവാകരന്റെ കടയിൽ തലേ രാത്രിയിലെ മഴ കൊച്ചുവർത്തമാനമായി പെയ്യുന്നതിനിടയിലേക്കാണ് കല്യാണി ചെന്നു കയറിയത്. പതിവു ചായ അടിച്ചു പതപ്പിച്ച് പാതാമ്പുറത്ത് തന്നെ വെച്ചിട്ടുണ്ട്. ഒരു മൊന്ത നിറയെ ചായ വേണം കല്യാണിക്ക്. അടുപ്പിന്റെ അരികിലിരുന്ന് ഓട്ടച്ചായ കുടിക്കുമ്പോഴാണ് കല്യാണിയുടെ മുഖത്ത് ഒരു ചിരി പരക്കുന്നത്. ഒട്ടിയ കവിളിലെ ചില ഞരമ്പുകൾ വലിയുന്നതിനെയാണ് കല്യാണിയുടെ ചിരിയെന്നു പറയുന്നത്.

ചായകുടിച്ചു കഴിഞ്ഞാൽ കട വരാന്തയിൽനിന്നു ചാടി എഴുന്നേറ്റ് ധൃതിയിൽ ഒരു നടപ്പാണ്. പൂച്ചക്കണിയാന്റെ വളപ്പിലേക്കാണ് പിന്നത്തെ പോക്ക്. അവിടെ കണിയാന് മരുന്നിനും മന്ത്രത്തിനും കല്യാണിയുടെ കൈസഹായം വേണം. അരിവെയ്പു കൂടി കഴിഞ്ഞാൽ കല്യാണി അവിടെനിന്നിറങ്ങും.

പൂച്ചക്കണിയാന്റവിടെ ചോറ് വെന്തുകഴിഞ്ഞാൽ കല്യാണി തെറിച്ച് ഓടുന്നത് മഠത്തിലങ്ങുന്നിന്റെ തറവാട്ടിലേക്കാണ്. അന്തിയോളമുണ്ട് പണി. ചെയ്യാനില്ലാത്തതായി ഒന്നുമില്ല അവിടെ. പക്ഷേ, കൊയ്യാനോ ചവിട്ടാനോ വിളിച്ചാൽ കല്യാണി പോകത്തില്ല.

ചുത്തോം വൃത്തീം പോകുമെന്നാണ് ന്യായം...

സചീന്ദ്രന്‍ കാറഡുക്ക

 

മഠത്തിലങ്ങുന്നിന്റെ അടുക്കളേന്ന് വാട്ടിയ വാഴയിലയിൽ അത്താഴത്തിനു ചോറും പൊതിഞ്ഞാണ് കല്യാണി ഇരുട്ടുവാക്കിന് വീട്ടിലേക്കു പോകുന്നത്. പോന്ന പോക്കിൽ പോറ്റൂ ചന്തേന്ന് മീനും വാങ്ങും. സോമൻപുള്ളേടെ റേഷൻ കടേന്ന് മണ്ണെണ്ണയും.

എത്ര ഇരുട്ടിയാലും കല്യാണിക്ക് ചൂട്ടുവെളിച്ചം ലവലേശം വേണ്ട.

ലാ വെളിച്ചമുണ്ടെങ്കിൽ അത്. ഇല്ലെങ്കിൽ നാട്ടുവെളിച്ചം.

കണ്ണ് അതിലൊക്കെയങ്ങ് തെളിഞ്ഞോളും.

ഇടോഴിയിലെങ്ങാനും വെച്ച് നിഴൽരൂപമായി കൊച്ച് കുഞ്ഞ് കടന്നുപോകും. ആളെ തിരിച്ചറിഞ്ഞാലും കല്യാണി ചുമ്മാതെ ചോദിക്കും.

ആരാ പുള്ളേ അത്.”

കാർക്കിച്ച് തൊണ്ടയൊന്ന് ശരിപ്പെടുത്തുന്നതാണ് കൊച്ചുകുഞ്ഞിന്റെ മറുപടി.

നിറയെ ചൂരലും ഇഞ്ചയും മരോട്ടിയും കാട് പിടിച്ചുനിൽക്കുന്ന ചൂരക്കുഴി തിരിഞ്ഞ് ഇച്ചിരി ചുറ്റി തേരി കേറിവേണം കല്യാണിക്ക് വീട്ടിലേക്കു കയറാൻ. ചൂരക്കുഴി തിരിയുമ്പോ തന്നെ കല്യാണി നടപ്പിന്റെ ആയം ഒന്നൂടെ കൂട്ടും. അങ്ങോട്ട് നോട്ടം തിരിയാതിരിക്കാൻ വല്ലാണ്ട് പാടുപെടും. ഇഞ്ച പടർന്നുപിടിച്ച മരോട്ടിക്കൊമ്പിൽ ഭൂതത്താൻ ഇറങ്ങിയിരിക്കുന്ന നേരമാണ്. പോറ്റൂപൊന്നമ്മയുടെ ദീപാരാധന കഴിഞ്ഞാൽ ഭൂതത്താൻ പുറത്തിറങ്ങും. ചൂരക്കുഴി വിട്ടു വെളിയിൽ പോകത്തില്ല. മിണ്ടാതെ മിണുങ്ങാതെ പോയാൽ കുഴപ്പമില്ല. രാത്രി പട്ടയടിച്ച് പേച്ചും വിളിയുമായി ഇതിലേ പോയ എത്രയെണ്ണമാ ചോരകക്കി ചത്തത്. മണ്ണടി പൊന്നമ്മയുടെ പറയെഴുന്നള്ളിപ്പ് വരുമ്പോ പോലും ചൂരക്കുഴിയുടെ നിഴല് കണ്ടുതുടങ്ങുമ്പോഴേ കൊട്ടും വിളിയും നിർത്തും. കല്ലമ്പലത്തിന്റെ വളവ് കയറിക്കഴിഞ്ഞാലെ പിന്നെ ചെണ്ടപ്പുറത്ത് കമ്പ് വീഴു.

ശ്വാസം കൊണ്ടുപോലും ഒരു ഒച്ച വിട്ട് ഭൂതത്താന്റെ കണ്ണ് വീഴാതെ നടക്കുമ്പോൾ ഇത്രേം ഓർക്കാതെ കല്യാണി വീടെത്തില്ല.

പക്ഷേ, ചൂരക്കുഴിയിലൂടെ നടക്കാനൊന്നും കല്യാണിക്ക് ഒട്ടും പേടിയില്ല. ഇഞ്ചപ്പൊന്തകളുടെ അരികെ നിൽക്കുന്ന വാഴക്കൈ കണ്ട് പേടിച്ച് നെലവിളിച്ച് എത്രണ്ണം ഓടിയിട്ടുണ്ട്. ബോധോം പൊക്കണോം മറിഞ്ഞ് വീണിട്ടൊണ്ട്.

ചൂരക്കുഴിയെ കല്യാണിക്ക് പേടിയില്ല.

പകലൊക്കെ അവിടെ ചെന്ന് ചുള്ളിപെറുക്കാനൊക്കെ പറ്റുന്നത് പേടിയില്ലാത്തോണ്ടല്ലിയോ.

ചിലപ്പോഴൊക്കെ കരിയിലയനക്കം വരാറൊണ്ട്. അപ്പോഴൊന്ന് ഉള്ള് കാളുമെന്നല്ലാതെ നെഞ്ചുരുക്കമുണ്ടാകത്തില്ല.

വീടിരിക്കുന്ന പൊക്കത്തിൽ നിന്നാൽ ചാവരുകാവും കാണാം.

ചത്തുപോയ പോറ്റൂക്കാരുടെ ആത്മാക്കൾ വസിക്കുന്നിടം.

കല്യാണിയുടെ രണ്ട് ചെറുക്കന്മാരുടെ ആത്മാക്കളും അവിടെയുണ്ട്.

അനദാരത്തിന്റെയന്ന് കല്യാണി പന്തോം കത്തിച്ച് സന്ധ്യയ്ക്ക് കാവുകയറും.

ഉള്ളുനീറി മക്കളെ വിളിച്ചു കരയും.

അവർക്ക് പാലിൽ പഴവും പഞ്ചാരയും ചേർത്തിളക്കി വിളമ്പും.

ഭസ്മം കല്ലിൽ തേച്ച് ആവാഹിക്കും.

തിരിച്ചിറങ്ങുമ്പോൾ കല്യാണി ഉറഞ്ഞ് പോകും.

രണ്ട് തവണ പെറ്റതാണ് കല്യാണി. രണ്ട് പിള്ളേരും കമഴ്ന്ന് വീഴും മുന്‍പ് ചത്തു.

ഒന്നിനെ അടുക്കളയിറമ്പത്ത്നിന്ന് കാടൻ കടിച്ചെടുത്തോണ്ട് ഓടിയതാ.

അലറിക്കൊണ്ട് പിറകേ ഓടിയെങ്കിലും അഞ്ചക്കൊളം വയലിലെ

തോട്ടിൽനിന്ന് പാതി തിന്ന് ഇട്ടേച്ച് പോയ ഇറച്ചി പിറ്റേന്നാ കിട്ടിയത്.

രണ്ടും കൊച്ചുകുഞ്ഞിന്റെ ചോരകാച്ചിയുണ്ടായത്.

കല്യാണിയുടെ അമ്മ അഞ്ചാണ് പെറ്റത്. കൂടെ പിറന്നതൊന്നും ചത്തിട്ടില്ല. കല്യാണിക്ക് ചാവരുകാവിൽനിന്നു വിളി കിട്ടിയതിൽ പിന്നെ ഒടപ്പെറന്നോരൊന്നും തിരിഞ്ഞു നോക്കാതായി. കൊച്ചുന്നാളു മുതലേ ചാവരുകാവും കയറി നടക്കുന്ന പെണ്ണാ. പിന്നെങ്ങനെ ഇട്ടേച്ച് പോകാതിരിക്കും.

പ്രേതാത്മക്കളോട് കൂട്ടുകൂടിയിരിക്കുന്നവളെ ബാക്കിയുള്ളവർക്ക് പേടികാണത്തില്ലിയോ.

നൊന്ത് പെറ്റത് രണ്ടും പരുന്തുംകാലേ പോയപ്പോ ഇനി പെറേണ്ടെന്നാണ് കല്യാണി തീരുമാനിച്ചത്. പക്ഷേ, കൊച്ച്കുഞ്ഞ്...

ചന്തേന്ന് വാങ്ങിച്ച മീൻ കണ്ടിച്ച് അടുപ്പേ വെച്ച്, വാഴയിലിയിൽ പൊതിഞ്ഞ ചോറ് ചട്ടിയിലോട്ട് ഇട്ട് കിണറ്റിൻകരയിൽ പോയൊന്നു കുളിക്കും.

തേച്ച് കുളിയൊന്നുമല്ല. കൈലി മാത്രമുടുത്തോണ്ട് തലോഴിങ്ങെ രണ്ട്പാള വെള്ളം കോരിയൊഴിക്കും. കൈലി ഊരി ദേഹമൊന്നു തുടച്ച് പെരയ്ക്കകത്തോട്ട് കയറും.

അപ്പോളേക്കും മീൻ തിളച്ച് വറ്റിയിട്ടുണ്ടാകും. അതു കോരി ചട്ടിയിലെ ചോറിലിട്ട് കുഴച്ചു തിന്നുമ്പോൾ ചാവരുകാവിൽ ആദ്യത്തെ പന്തം തെളിയും പിന്നാലെ കൂക്കിവിളിയും. പന്തം ഒന്നൊന്നായി ഇരട്ടിക്കും. കൂക്കിവിളിയുടെ എണ്ണവും കൂടും. അറുകൊലയാണ്.

കല്യാണി അതും നോക്കിയിരിക്കും. പോറ്റൂക്കാരിൽ അറുകൊലയെ നോക്കിയിരിക്കാൻ മനത്രാണിയുള്ള ഒറ്റയാൾ കല്യാണി മാത്രമായിരിക്കും.

 

പൂച്ചക്കണിയാൻ

ചുറ്റും കയ്യാല കോരി, അതിൽ മുളവേലി കെട്ടി കോട്ടപോലാക്കി വെച്ചിട്ടൊണ്ട്. അതിനുള്ളിലെ ചെറിയ ഓലപ്പുരയാണ് പൂച്ചക്കണിയാന്റെ വീടും വൈദ്യശാലയും. മുറ്റത്ത് നിറയെ കായ്‌ച് നിൽക്കുന്ന ഞാവലുണ്ട്. അതിനു ചുറ്റും ഒരു കെട്ടും. ആ കെട്ടിൽ കുറച്ച് മരക്കുറ്റി കുത്തിവെച്ചിട്ടുണ്ട്. ഒരു കൽവിളക്കും. അന്തിക്ക് ആ കൽവിളക്ക് കത്തിച്ച് മരക്കുറ്റിയിൽ പൂവിട്ട് പൂച്ചക്കണിയാൻ പൂജിക്കും. അതാണ് പൂച്ചക്കണിയാന്റെ ദൈവം.

വല്ല്യപ്പന്റെ പേരെന്തുവാന്ന് ആർക്കും അറിയത്തില്ല. വളപ്പ് നിറയെ പൂച്ചയാണ്. കണിയാനും പൂച്ചകളും ഒന്നിച്ചപ്പോൾ പൂച്ചക്കണിയാനായി. കല്യാണി കൊച്ചായിരിക്കുമ്പോഴും പൂച്ചക്കണിയാൻ ഇതേ രൂപത്തിൽ തന്നായിരുന്നു. വയസൻ. അങ്ങേര് ചാകത്തില്ലെന്ന് തോന്നുന്നു.

ചാവരുകാവിന്റെ അടരുകളിൽ പമ്മിവച്ചിരിക്കുന്നതാണ് പൂച്ചക്കണിയാന്റെ മരുന്ന്. അതെടുക്കാൻ കല്യാണിക്കേ അറിയത്തൊള്ളൂ.

കൊച്ചുന്നാളിൽ അപ്പൂപ്പന്റെ നെഞ്ചിൽ കെടക്കുമ്പോ കല്യാണി കേട്ടിട്ടുണ്ട് പൂച്ചക്കണിയാന്റെ അത്ഭുതസിദ്ധി. പച്ചമരത്തിന്റെ മണമാണ് അപ്പൂപ്പന്റെ നെഞ്ചിന്. ആ നെഞ്ച് കുറുകും. അപ്പോൾ കല്യാണി കേൾക്കും. നീ ചാവരുകാവ് കേറണം. പൂച്ചക്കണിയാന് മരുന്നു പിച്ചണം. പോറ്റൂക്കാരുടെ വ്യാധിക്ക് അറുതിയുണ്ടാക്കണം. അപ്പോൾ ഇല്ലാത്ത തണുപ്പനുഭവിച്ച് കല്യാണി അടിമുടിയൊന്നു കിടുങ്ങും.

എത്ര വലിയ സൂക്കേടാണേലും പൂച്ചക്കണിയാന് ഒറ്റ മരുന്നേയുള്ളൂ. ഉടുത്തേക്കുന്ന ചുട്ടിത്തോർത്തിൽ എളിഭാഗത്ത് ചുരുട്ടിവെച്ചിരിക്കുന്ന പേനാക്കത്തിയുണ്ട്. അതെടുത്ത് ഡപ്പിയിൽനിന്ന് ഒരു നുള്ള് പൊടിയെടുത്ത് കൊരണ്ടിപോലത്തെ പലകേലിടും. അതു നാലായി ഭാഗിക്കും. പേനാക്കത്തികൊണ്ട് തന്നെ അതിലൊരു നുള്ളെടുത്ത് വെള്ളത്തിൽ കലക്കി കുടിക്കാൻ കൊടുക്കും. അടുത്ത ഭാഗം പാലിൽ കലക്കി കുടിക്കാൻ കൊടുക്കും. പിന്നൊള്ള രണ്ടു നുള്ളിൽ ഒന്ന് പാവലിന്റെ ഇലയ്ക്കൊപ്പം ചവച്ചിറക്കാനാ. നാലാമത്തതിന് മൊലപ്പാല് വേണം. അതിച്ചിരി ഇറ്റിച്ചാ മതി. ഒന്നു കുഴച്ച് പേനാക്കത്തിയുടെ അറ്റം കൊണ്ട് നാവിൽ തേച്ച് കൊടുക്കും. അതുകൊണ്ട് ദെണ്ണക്കാർ വരുമ്പോൾ മുലയിൽ പാലുള്ള പെണ്ണിനേയും കൂട്ടണം. എഴുന്നേൽക്കാൻപോലും വയ്യാതെ വരുന്നവൻ പൂച്ചക്കണിയാന്റവിടുന്ന് തുള്ളിച്ചാടിയാ തിരിച്ചു പോവുന്നത്.

ചാവരുകാവിൽ കയറി മഞ്ചാടിക്കുരു പറക്കിയപ്പോഴാണ് കല്യാണിക്ക് വിളി കിട്ടിയത്. അവിടെനിന്നു തുള്ളിയുറഞ്ഞ് കല്യാണി പോയത് പൂച്ചക്കണിയാന്റെ വളപ്പിലേക്ക്. അന്നാണ് പൂച്ചക്കണിയാൻ കല്യാണിക്ക് മൂലമന്ത്രംപോലെ മരുന്നിന്റെ രഹസ്യം അരുളിക്കൊടുത്തത്. പൂച്ചക്കണിയാൻ പറഞ്ഞു:

മരുന്നെന്തിനാ പെണ്ണേ..., മരിക്കാതിരിക്കാനല്ലിയോ...”

അപ്പോ മരിച്ചവർക്ക് അറിയാമല്ലോ മരിക്കാതിരിക്കാനുള്ള മരുന്ന്.”

അവര് പറഞ്ഞുതരും.”

ചാവരുകാവ് നിനക്ക് കാണിച്ചുതരും മൃതസഞ്ജീവനി... അത്രയും പറഞ്ഞ് വല്ല്യപ്പൻ കാതിലോട്ട് ചേർത്തുവെച്ച വായ് മാറ്റിയപ്പോഴാണ് കല്യാണി തുള്ളൽ നിർത്തി ഒരു ശീൽക്കാരം പുറപ്പെടുവിച്ച് നിലത്ത് വീണത്. ആ സമയം മുളവേലിക്ക് അപ്പുറം ചെമ്മൺവഴിയിൽ പോറ്റൂക്കാർ മൊത്തം സാക്ഷികളായി നിൽക്കുന്നുണ്ടായിരുന്നു.

 

സചീന്ദ്രന്‍ കാറഡുക്ക

ജനിതകം

പോറ്റൂക്കാരുടെ ജീവന്റേയും മരണത്തിന്റേയും അനാദിയായ മൂലമാണ് ചാവരുകാവ്. ജനനവും മരണവും ചാവരുകാവിന്റെ ശ്വാസോച്ഛ്വാസങ്ങൾ പോലെയാണ്. പ്രാണന്റെ രസമുണ്ട്. മദിച്ച് വളരുന്ന മരങ്ങളാണ് ചാവരുകാവ് നിറയെ. മരിച്ചാൽ പോറ്റൂക്കാർ ശവം ചാവരുകാവിലാണ് കുഴിച്ചിടുന്നത്. കാവിന്റെ നാഡിയായ വേരുകൾ ശരീരങ്ങളിൽനിന്നു പ്രാണനെ ഊറ്റിയെടുക്കും. അതു തടിയിലൂടെയും ശിഖരങ്ങളിലൂടെയും സഞ്ചരിച്ച് ഇലനാമ്പുകളിൽ നിറയും. ആത്മാക്കൾ പൂക്കളായി വിടരും. ജീവരഹസ്യം ഉൾനിറച്ച കായ്കൾ പഴുത്ത് അടർന്നുവീണ് മണ്ണിൽ ലയിക്കും. അവിടെ കുമിളുകളായി ജീവരഹസ്യം നാമ്പിടും. കർക്കിടകത്തിന്റെ ഇരുട്ട് പടരും മുന്‍പ് അവസാന വെയിൽവെട്ടങ്ങൾ അഴുകിയ ഇലക്കൂമ്പാരങ്ങൾക്ക് ഇളംചൂട് പകരുമ്പോഴാണ് കുമിളുകൾ മണ്ണിന്റെ അടരുകൾക്കു മുകളിലേക്ക് തലനീട്ടുക. ആ കുമിളുകളാണ് പൂച്ചക്കണിയാന്റെ മരുന്ന്. ജീവന്റെ ഉറയായ ശരീരത്തിന്റെ എല്ലാ കേടുകളും തീർക്കുന്ന ദിവ്യഔഷധം. ചാവര് കാവ് കല്യാണിക്കു മാത്രമാണ് കുമിളുകൾ കാട്ടിക്കൊടുക്കുന്നത്. വെയിൽ പോകുംമുന്‍പ് കല്യാണി കുമിളുകൾ തേടിയെത്തും. അന്തിവെയിൽ കഴിയുന്നതോടെ കർക്കിടകക്കാർ മാനത്ത് ഇരുണ്ടു കൂടുമ്പോഴേക്കും നാമ്പിട്ട് കൂമ്പിനിൽക്കുന്ന, കല്യാണി ബാക്കിവെച്ച കുമിളുകളെല്ലാം ഈയാംപാറ്റകളായി പറന്നുയരും. കാവിന്റെ ജഡയിൽ ലയിച്ച് അവ കാറ്റുകളായി രൂപാന്തരം പ്രാപിച്ച് ദേശമാകെ വീശും. കാവ് ജനിപ്പിച്ചു വിടുന്ന കാറ്റ്.

കുമിളുകൾ പറിക്കാനായി കല്യാണി പോകുമ്പോഴെല്ലാം ചാവരുകാവിനുള്ളിൽ കൊച്ചുകുഞ്ഞുണ്ടാകും. കല്യാണിയുടെ കരളിൽ കൊത്തിവലിക്കുന്ന ചൂണ്ടയാണ് കൊച്ച്കുഞ്ഞ്. ഒർമ്മവെച്ച നാൾ മുതൽ കല്യാണിക്കു മുന്നിൽ ഈ രൂപം തന്നെയാണ് കൊച്ച്കുഞ്ഞിന്. എന്നോ മുറിച്ചുകളഞ്ഞ മരക്കുറ്റിപോലെ കറുത്ത് മുഴച്ച രൂപം. ഒരിക്കലും തമ്മിൽ സംസാരിച്ചിട്ടില്ല. കൊച്ച് കുഞ്ഞ് കയറിപ്പിടിച്ചപ്പോഴൊന്നും കല്യാണി എതിർത്തിട്ടുമില്ല.

തന്റെ കൂടെ കൊച്ചുകുഞ്ഞ് പൊറുതി തുടങ്ങിയെങ്കിൽ എന്ന് കല്യാണി ആഗ്രഹിക്കാറുണ്ട്. ഉള്ളിൽ പോറൽ വീഴ്ത്തി നീറ്റലുണ്ടാക്കുന്ന ഒരു ആഗ്രഹം.

സ്വയം അറിയാതെ മനസ്സിന്റെ ഉള്ളിൽ തളച്ചിട്ടിരിക്കുന്ന ഒരു മോഹം.

ഒരിക്കലും കല്യാണി അതു കൊച്ചുകുഞ്ഞിനോട് പറയത്തില്ല...

കൊച്ചുകുഞ്ഞ് തന്റെ കൂടെ പൊറുതിക്കായി വരത്തില്ലെന്ന് കല്യാണിക്കും നന്നായി അറിയാം.

കൊച്ചുകുഞ്ഞിന്റെ പൊറുതിക്കാരി അതു സമ്മതിക്കത്തില്ല.

ചാവരുകാവിന്റെ അകത്തുനിന്ന് കൊച്ചുകുഞ്ഞിന്റെ വാടയും പേറി വേച്ചുനടന്നുപോകുന്ന തന്നെ ആ അറുവാണി കണ്ടിട്ടുണ്ട്.

ഒരിക്കൽ നേർമുന്നിൽ വന്ന് അലറി.

നിനക്ക് കഴപ്പ് മാറ്റാൻ കണ്ട പ്രേതങ്ങൾ പോരേടി.

ഒന്നീ നിന്നെ അല്ലെങ്കിൽ അയാളെ തീർക്കും പറഞ്ഞേക്കാം.

ഇരുട്ട് വാക്കിന് ചാവരുകാവിൽ തെളിയുന്ന അറുകൊലവെട്ടത്തിന്റെ ചുവപ്പുണ്ടായിരുന്നു അവളുടെ കണ്ണുകൾക്ക് അന്നേരം.

തെക്കേ മുറ്റത്തെ ചായ്പിന്റെ അരികിൽ പോയിരുന്ന് പെടുത്തിട്ടേ കല്യാണി കെടക്കാൻ പോകൂ.

മണ്ണെണ്ണ വിളക്ക് ഊതിക്കെടുത്തി തട്ടൂടിയിലേക്ക് ചായും. കമ്പിളി വലിച്ച് തലമൂടും.

കൊച്ചുന്നാളു മുതലുള്ള ശീലമായോണ്ട് കണ്ണടച്ചാലും ഉറക്കം വരത്തില്ല.

ഒന്നും ചിന്തിക്കത്തുമില്ല. ആലോചനയൊന്നും വരത്തില്ല.

കൊടുംശൂന്യമായിരിക്കും മനസ്സപ്പോൾ.

കണ്ടാ ചത്ത് കിടക്കുവാണെന്നു തോന്നും.

കാറ്റിന്റെ ചൂളംകുത്ത് നിന്നപ്പോ മഴ തിമിർക്കുവാണ്. കർക്കടകം വെട്ടിത്തകർക്കുകയാണ്. അന്തിവെയിൽ പോകും മുന്‍പേ ചാവരുകാവ് കയറിയിരുന്നു കല്യാണി. കുമിളുകൾ പറിച്ചെടുക്കാൻ. ബാക്കിയായ കുമിളുകൾ ഇപ്പോൾ ഇയാംപാറ്റകളായും പിന്നെയത് കാറ്റായും പറന്നു പറന്ന് പോയിട്ടുണ്ടാകും. അതോർക്കുമ്പോൾ കല്യാണിയുടെ മൂക്കിൽ കൊച്ചുകുഞ്ഞിന്റെ ശ്വാസം അനുഭവപ്പെട്ടു. മഴ നനഞ്ഞാണ് കാവിറങ്ങിയത്. ഇറക്കത്തിൽ നടുവിനു കൈകൊടുത്ത് കൊച്ചുകുഞ്ഞിന്റെ പൊറുതിക്കാരി നിൽക്കുന്നുണ്ടായിരുന്നു. ദഹിപ്പിക്കുന്ന നോട്ടം. കണ്ണുകൾ ചൂട്ടുകത്തിച്ച മാതിരി കത്തുന്നുണ്ടായിരുന്നു. ജീർണ്ണിച്ച തെറിവാക്കുകൾ ശബ്ദശരങ്ങളായി തന്റെ മേൽ ഇപ്പോൾ കുത്തിയിറങ്ങും എന്നു പേടിച്ചു പേടിച്ചാണ് കല്യാണി ചാവരുകാവിന്റെ കുന്നിറങ്ങിയത്. എന്നാൽ, ഒന്നും കേട്ടില്ല. ചെറുതായൊന്നു തിരിഞ്ഞുനോക്കിയപ്പോൾ പൊറുതിക്കാരി പന്തംപോലെ നിന്നു കത്തുകയാണ്.

ഓലമേച്ചിലിനിടയിൽനിന്നു പൊട്ടിവീഴുന്ന വെള്ളത്തുള്ളി തൊട്ട് തണുത്തപ്പോഴാണ് കല്യാണി പുറത്ത് കിണറ്റ് കപ്പിയുരയുന്ന ശബ്ദം കേട്ടത്. ചെലപ്പോ തോന്നിയതാണെന്നു കരുതി കമ്പിളിക്കുള്ളിലെ ഇരുട്ടിലേക്ക് ഊളിയിട്ടു.

 

ശവം

ചൂരക്കുഴിക്കകത്ത് നിന്നുള്ള കാറ്റിന് അളിഞ്ഞ വാടയുണ്ടെന്ന് ആദ്യം കണ്ടെത്തിയത് രാമച്ചാരാണ്. ക്ഷൗരപ്പണി കഴിഞ്ഞു മടങ്ങുമ്പോ രണ്ട് വട്ടയില പൊട്ടിക്കാനൊന്ന് ആഞ്ഞതാണ്. കനത്തിലൊരു കാറ്റ് മൂക്ക് തുളച്ച് കയറി. ഓക്കാനിച്ച് മറിഞ്ഞുപോയി രാമച്ചാര്. വാടയുടെ മണം പിടിച്ച് പിന്നെയും വന്നു ഒന്നു രണ്ട് പേര്. പിന്നെയത് രണ്ടും നാലും എട്ടും പത്തുമായി പെരുകി.

പൊക്കത്തിലെ വീട്ടിൽനിന്ന് കല്യാണി നോക്കുമ്പോൾ ആരൊക്കെയോ ചൂരക്കുഴിക്കകത്തോട്ടും പുറത്തോട്ടുമൊക്കെ കയറിയേം ഇറങ്ങിയേം ഒക്കെ ചെയ്യുന്നു.

താഴേക്കൂടെ പോയ പയ്യന്മാരാരാണ്ട് പൊക്കത്തേക്ക് നോക്കി പറഞ്ഞു:

ഇച്ചെയ്യേ ദോണ്ടേ ഒരുത്തനെ വെട്ടിക്കൊന്നു കുഴിച്ചുമൂടിയിട്ടേക്കുന്നു.

ചാവരുകാവിൽ ആളിന്റെണ്ണം കൂടുവാണല്ലോ ഇച്ചയ്യെ...”

ഉച്ചയോടെ പൊലീസ് എത്തി. കൂടെ പട്ടിയും. മണം പിടിച്ചോടിയ പൊലീസ് പട്ടി ആദ്യം ചെന്നു കയറിയത് കല്യാണിയുടെ വീട്ടുമുറ്റത്തേക്കാണ്. കിണറ്റ് വക്കിൽ ചെന്നു കപ്പിയിൽ നോക്കി കുരയോടു കുര.

തൊട്ടു പിറകെ വന്ന പൊലീസുകാരൻ ഒരു പിടി കയറ് കാണിച്ച് കല്യാണിയോട് ചോദിച്ചു:

പഫ്ഭ അറുവാണി നിന്റെ കയറാണോടീ ഇത്.”

ചെവിവട്ടത്തിലേക്ക് തീക്കാറ്റ്പോലെ തെറിപാഞ്ഞു കയറുമ്പോഴേക്കും ചെവിക്കുറ്റിക്കു കിട്ടി കനത്തിലൊരെണ്ണം.

ഏതവനെയാടീ പൊലയാടി മോളെ നീ വെട്ടിക്കൊന്ന് കുഴിച്ചുമൂടിയത്.”

കല്യാണിയെ തേടി പിന്നെ പൊലീസ് വന്നില്ല. കൊച്ചുകുഞ്ഞ് കൊലക്കേസ് കുറച്ച് ദിവസം കൊണ്ടു തന്നെ തെളിഞ്ഞു. പൊറുതിക്കാരിയും ചെറുക്കനും ചേർന്നു കൊന്നതാണ്. വീടിനു പുറത്തൂടെ ഒരു ചുറ്റ് ഓടിച്ചിട്ടാണ് മകൻ വേലായുധൻ കൊച്ചുകുഞ്ഞിന്റെ കഴുത്ത് ലാക്കാക്കി കയ്യിൽ കിട്ടിയ കോടാലികൊണ്ട് ഒറ്റ കാച്ച് കാച്ചിയത്. ചാക്കിലാക്കി സൈക്കിളിൽ വെച്ചു കെട്ടിയാണ് മഴയത്ത് ചൂരക്കുഴിയിൽ എത്തിച്ചത്. കല്യാണിയുടെ കിണറ്റ് പാലത്തിൽ കപ്പിയിൽ ചുറ്റിയിട്ടിരുന്ന കയർ അഴിച്ച് ചാക്കിന്റെ വാ കെട്ടി കുഴിച്ചിട്ടതാണ്. കാടന്മാർ മാന്തിയെടുത്ത് തിന്നു തുടങ്ങിയപ്പോഴാണ് വാട രാമച്ചാരുടെ മൂക്ക് തേടിയെത്തിയത്.

 

ചത്തത് കൊച്ചുകുഞ്ഞാണെന്ന് അറിഞ്ഞേ പിന്നെ കല്യാണിയുടെ തൊണ്ടയിൽ ഒരിറ്റ് തുപ്പൽ കീഴോട്ടിറങ്ങാതെ കിടന്നു തിളച്ചു. നെഞ്ചത്ത് ഒരു പച്ചപ്പലക എടുത്ത് കെട്ടിവെച്ചപോലെ കനം.

കൊച്ചുകുഞ്ഞിന്റെ വായിൽ നിന്നടിച്ച പുകഞ്ഞ ഗന്ധം ഇപ്പോഴും കല്യാണിയുടെ ശ്വാസകോശത്തിൽ കുമിഞ്ഞു മണക്കുന്നുണ്ട്. ചാരായത്തിന്റേയും ബീഡിയുടേയും ഇഴചേർന്ന ഗന്ധം.

അന്നു രാത്രി ആ മണം ഓർത്തോർത്ത് എടുത്താണ് കല്യാണി നേരം വെളുപ്പിച്ചത്.

അന്നേരമെല്ലാം വെട്ടുകൊണ്ട് മുറികൂടാതെ കൊച്ചുകുഞ്ഞ് കിടന്നു പിടയുകയായിരുന്നെന്ന് ഓർത്തപ്പോൾ കല്യാണിയുടെ ചങ്ക് നീറി.

കർക്കിടക കാറ് മാനത്ത് കൂടുന്നത് കണ്ടപ്പോൾ പൂച്ചക്കണിയാൻ ഓർമ്മിപ്പിച്ചതാണ്.

കുമിളുകൾ തെളിഞ്ഞു കാണണം. മഴക്കോള് പിടിക്കും മുന്‍പ് നീ ചാവരു കാവ് കേറണം.”

ചാവരുകാവിൽ കയറിയപ്പോൾ തൊട്ടാൽ ചൊറിയുന്ന ചാര് മരത്തിന്റെ കീഴെ കൊച്ചുകുഞ്ഞ് കുത്തിയിരിക്കുന്നുണ്ട്. കൊച്ചുകുഞ്ഞ് അങ്ങനെ ഇരിക്കത്തേയൊള്ളൂ. കണ്ടാൽ അനങ്ങത്തേയില്ല. കല്യാണിയും കണ്ട മട്ട് കാണിക്കത്തില്ല. നേരെ ഇരുണ്ട പൊന്തകളിലേക്കു പോകും. നിലത്ത്, അളിഞ്ഞ കരിയിലകൾക്കിടയിൽ മുളപൊട്ടിയ കൂണുകൾ തേടി. പക്ഷേ, കൊച്ചുകുഞ്ഞിനെ കാണുമ്പോഴൊക്കെ അദൃശ്യമായ ഒരു ചൂണ്ട ഉള്ളിൽ കൊളുത്തിവലിക്കുന്നതായി കല്യാണിക്ക് തോന്നിപ്പോകും. അതിന്റെ ചരടിൽ അവൻ പിടിച്ചുവലിക്കുന്നതുപോലെ തോന്നും.

അങ്ങനെ ചൂണ്ട പിടിച്ചുവലിക്കുന്നതുപോലെ തോന്നിക്കൊണ്ടിരിക്കുമ്പോഴാണ് തഴമ്പ് മുറ്റിയ കൈകൾ നടുവിലമർന്നത്. ഒന്നും തോന്നിയില്ല. അവൻ പിടിച്ച് ചരിഞ്ഞുനിന്ന പാറയിലേക്ക് കിടത്തി. അരക്കെട്ടിലാകെ വലിയ ചാരുമരത്തിന്റെ തായ്‌വേരുകൾ പടർന്ന് ഇറുകുന്നതായി തോന്നി കല്യാണിക്ക്. ഉള്ളിലേക്ക് ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന വേരുകൾ. പകുതി തുറന്ന കണ്ണുകളിൽ ചാവരുകാവിന്റെ ഊട്ടകളിലൂടെ സൂര്യപ്രകാശം ഇറുന്നുവീണു. അലക്ഷ്യമായി കാർക്കിച്ചു തുപ്പിക്കൊണ്ട് കൊച്ചുകുഞ്ഞ് നടന്നകന്നുപോകുന്ന അനക്കം മാത്രമേ കല്യാണി കേട്ടുള്ളൂ. കയ്യിരുമ്പുകൊണ്ട് പുല്ലറക്കുന്ന ഒരു വേദന തോന്നി കല്യാണിക്ക്. നടുവിന്റെ ഭാരം ഒഴിഞ്ഞ് ചാവരുകാവിൽനിന്ന് എഴുന്നേറ്റു പോരുമ്പോൾ ഇരുട്ടിന്റെ കനം കൂടി. കൊച്ചുകുഞ്ഞിന്റെ പുകഞ്ഞ നാറ്റം തൊണ്ടയിൽ കുടുങ്ങിനിന്നു. പൊറുതിക്കാരിയുടെ കണ്ണിലെ ചൂട്ടെരിച്ചിൽ കൊച്ചുകുഞ്ഞിന്റെ ചാവാണെന്ന് ഓർത്ത പോലുമില്ല കല്യാണി...

ചൂരക്കുഴിക്കാവിന്റെ അങ്ങോട്ട് പിന്നെ കല്യാണി നോക്കിയിട്ടേയില്ല. വീടിനു പുറത്തേക്കുപോലും ഇറങ്ങിയില്ല.

ഓക്കാനം വരുന്ന വാടയാണ് ചുറ്റും. അളിഞ്ഞ മാംസത്തിന്റെ ഗന്ധം. ഇരുട്ടിയാൽ കണ്ണടച്ച് ഉറങ്ങാതെ കിടക്കാനും കല്യാണി പേടിച്ചു. വെട്ടുകൊണ്ട് പിളർന്ന തൊണ്ടയിൽനിന്നുള്ള നിലവിളി കാതിൽ അലച്ചുകൊണ്ടേയിരിക്കും. പിന്നെ വന്ന മഴരാത്രിയിലും കിണറ്റ്കപ്പി തിരിയുന്ന ഒച്ച വീണ്ടും വീണ്ടും കേട്ടു കല്യാണി...

ഒച്ച നേർത്ത് നേർത്ത് രഹസ്യംപോലെ കല്യാണിയുടെ കാതിൽ മന്ത്രിച്ചു...

ഞാൻ ചാവരുകാവിലുണ്ട്...”

നിന്റെ കൊച്ചുങ്ങടെ അടുത്തുണ്ട്...”

പൂച്ചക്കണിയാന്റെ മരുന്നിന്റെ രഹസ്യമാകും ഞാൻ...”

മരിക്കാതിരിക്കാനുള്ള മരുന്ന്...”

മരിച്ചവർക്ക് മാത്രം അറിയാവുന്ന രഹസ്യം...”

ചാവര് കാവിലോട്ട് വാ...”

അലറിത്തിമിർത്തുകൊണ്ടിരിക്കുന്ന മഴക്കടുപ്പത്തിലേക്ക് കല്യാണി ഓടി... ചാവരുകാവിന്റെ ഇരുണ്ട അറകളിലേക്ക്... കൊച്ചുകുഞ്ഞിന്റെ ജീവരസം നുകർന്ന മരവേരുകൾ നിലത്ത് അഴുകിയിറങ്ങുന്ന കല്യാണിയുടെ ദേഹത്ത് പറ്റിപ്പിടിച്ചു. പഴുത്തടർന്ന പഴങ്ങൾ മണ്ണിൽ ചേർന്ന് അടുത്ത കർക്കിടക തുടക്കത്തിൽ കുമിളായി ഉയിർക്കുമ്പോൾ പുച്ചക്കണിയാൻ മറ്റൊരു കല്യാണിയെ പറഞ്ഞ് വിടും...

ഈ കഥ കൂടി വായിക്കാം
കബീറിന്റെ അച്ഛന്‍