റെയ്‌ക്കാഡ് അപ്പു ജോർജ് എഴുതിയ കഥ ‘തന്തവൈബ്’

Illustration
ചിത്രീകരണംസചീന്ദ്രന്‍ കാറഡുക്ക
Updated on
11 min read

“മമ്മീ... വെശക്കുവാ...” ടി.വിയിൽ വാർത്തവെച്ച് ദിവാനിൽ കെടന്ന് മൊബൈലിൽ റീൽസ് കാണുന്നതിനിടെ ബേസിൽ വിളിച്ചുപറഞ്ഞു. വാർത്താചാനലുകളിൽ മിക്കതിലും ഒരുമിച്ച് ആദ്യ പരസ്യം വരുമ്പോൾ അവൻ മൊബൈലെടുക്കും. മേരിക്ക് അത്താഴത്തിനുള്ള അറിയിപ്പ് വിടാൻ മൊബൈൽ സ്‌ക്രീനിൽ ഒന്നുകിൽ സ്‌കിപ്പ് ചെയ്യാൻ പറ്റാത്ത രണ്ട് പരസ്യങ്ങൾ അടുപ്പിച്ച് വരണം, അല്ലെങ്കിൽ നല്ലൊരു ഫുഡ് വ്‌ലോഗ്... അതുമല്ലെങ്കിൽ മേരി അടുത്തുവന്ന് ഇതിൽ ഏതെങ്കിലും വാചകം ഒന്നുരണ്ട് തവണ പറയണം. “ചൂടാറണേനും മുന്‍പ് ചോറെടുത്തുണ്ണ്...”, “ഈച്ച തൂറണേനും മുന്‍പ് വന്ന് അത് തിന്ന്...” എത്ര പറഞ്ഞിട്ടും ഒൻപതര കഴിഞ്ഞിട്ടും മകൻ കഴിച്ചില്ലെങ്കിൽ “എടാ ബേസിലേ... നേരം എത്രയായെടാ... ചോറെടുത്തുണ്ടേ... എനിക്ക് വല്ലേടത്തും കെടക്കാല്ലോ...” അപൂർവമായി ഡയലോഗിൽ മാറ്റം വരാറുമുണ്ട്.

“ചോറെടുത്ത് വെച്ചിട്ട് എത്ര നേരായി. അങ്ങട് വന്ന് വാരിത്തരണോ?”

ബേസിൽ എഴുന്നേറ്റ് മുണ്ട് അഴിച്ച് ഉടുത്തു. ഇടത് തോൾ ആവശ്യത്തിലധികം ചരിച്ച് മോഹൻലാലിനെ അനുകരിക്കാൻ ശ്രമിച്ചുകൊണ്ട് അവൻ പറഞ്ഞു:

“മേരി അങ്ങനെ ചെയ്തു തന്നാൽ സന്തോഷം...” കുറച്ചുകാലം മുന്നേവരെ മോന്റെ ഇത്തരം കോപ്രായങ്ങൾ അവൾ ആസ്വദിക്കുമായിരുന്നു. 40-നോട് അടുക്കുന്ന ‘ചെറുക്കൻ’ പുള്ള കളിക്കുമ്പോൾ ഇപ്പോൾ മേരിക്ക് ആധിയാണ്.

“വേണെങ്കി എടുത്ത് ഉണ്ണെടെർക്കാ...” സമയം നോക്കുന്നതിനിടെ അവൾ ദേഷ്യപ്പെട്ടു. ക്ലോക്കിനോട് ചേർന്നാണ് വർഗീസിന്റെ ചിത്രം. നല്ല എച്ച്.ഡി ക്ലാരിറ്റിയിൽ, ക്ലോക്കിനെക്കാൾ വലുപ്പത്തിൽ. “ഒന്നുകിൽ

ക്ലോക്ക് അവിടെനിന്നു മാറ്റണം, അല്ലെങ്കിൽ ഫോട്ടോ.” മേരി ആലോചിച്ചു. പക്ഷേ, മകനോട് അതു പറയാൻ അവൾക്കു പേടിയുണ്ട്. സാധാരണ ഇങ്ങനെ ഒരു വീട്ടിലും കാണാറില്ല. ഓരോ തവണ സമയം നോക്കുമ്പോഴും കെട്ടിയോൻ മേരിയെ നോക്കി ചിരിക്കും. അവൾക്ക് പലപ്പോഴും മേല് പൂത്തുകയറും. ഇത്രയും തെളിമയുള്ള ചിത്രം വേണ്ടായിരുന്നു എന്നാണ് അവളുടെ മനസ്സിൽ. ഹാളിലൂടെ നടക്കുമ്പോഴും ഡൈനിങ്ങ് ടേബിളിൽ ഇരിക്കുമ്പോഴും ആരോടെങ്കിലും വർത്താനം പറയുമ്പോഴും എല്ലാം വർഗീസിന്റെ കണ്ണ് മേരിയിലാണ്. “ഇത് ബേസിലിന്റെ മുറിയിലേയ്ക്ക് മാറ്റി പകരം ഒരു പടം വരപ്പിച്ച് വെച്ചാൽ കുഴപ്പോല്ല. തൽക്കാലം ഒരു ടൈംപീസ് മേടിച്ച് ഡൈനിങ്ങ് ടേബിളിൽ വെയ്ക്കാം”, പുതിയ ഐഡിയയിൽ അവൾക്ക് അല്പം ആശ്വാസം തോന്നി.

വാഷ്ബേസിനു മുന്നിൽ തൂണുപോലെ നിന്ന മകന്റെ കയ്യിൽനിന്ന് അവർ ഫോൺ പിടിച്ചുവാങ്ങി ഡൈനിങ്ങ്

ടേബിളിൽവെച്ചു. ബേസിൽ കൈ കഴുകി ഉണ്ണാനിരുന്നപ്പോഴേക്കും മൊബൈൽ റിങ്ങ് ചെയ്തു. മൂന്നു പേരും സ്‌ക്രീനിലേയ്ക്ക് എത്തി നോക്കി. “കുഞ്ഞെൽദോ കോളിങ്ങ്...” മേരി കട്ട് ചെയ്തു.

ബേസിൽ ഒറ്റനോട്ടത്തിൽ അത്താഴനിരീക്ഷണം നടത്തി. ഒരു പ്ലേറ്റ് നിറയെ ചോറ്. ചോറ് കൂനയുടെ നടുക്കൊരു കുഴി, മോര് കാച്ചിയത്, കപ്പപ്പുഴുക്ക്, രണ്ട് മുട്ട കാന്താരി മുളക് മാത്രമിട്ട് ചിക്കിപ്പൊരിച്ചത്, ചെറിയ വെളിച്ചെണ്ണക്കുപ്പി, ഡൈനിങ്ങ് ടേബിളിനു നടുവിലെ ഗ്ലാസ് സ്റ്റാൻഡിനരികിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള കോംപ്ലാന്റെ ചില്ലുഭരണിയിൽ കുനുകുനെ അരിഞ്ഞ മാങ്ങ അച്ചാറിട്ടത്, അവന്റെ ഇടതുവശത്ത് ഉപ്പുവെള്ളം നിറച്ച പീച്ചാൻ കുപ്പി.

ചോറുപാത്രത്തിൽ മേരി തവികൊണ്ടുണ്ടാക്കിയ കുഴി കൈകൊണ്ട് വലുതാക്കുന്നതിനിടെ ബേസിൽ ചോദിച്ചു: “അമ്മ ഉണ്ടോ?” മോന്റെ ഈ ചോദ്യത്തോടുള്ള ആവർത്തനവിരസത മേരി ഇടയ്ക്ക് പ്രകടിപ്പിക്കാറുണ്ട്. “കൊടുത്തില്ല. മറന്നുപോയി...” ഇല്ലെടാ... നിന്റെ വെല്യാമയെ പട്ടിണിക്കിട്ടേക്കുവാ”, “തീട്ടോം മൂത്രോം കോരുന്ന എന്നെ നീ ഓർപ്പിച്ചിട്ട് വേണം കഞ്ഞി കൊടുക്കാൻ.” ഒരു മൂളൽ മാത്രമാണ് ഇന്നത്തെ മറുപടി. ലൈറ്റിടാത്ത മുറിയിലേയ്ക്ക് അവൻ ഒന്ന് നോക്കി. അമ്മയെ കുറച്ച് ദിവസമായി കണ്ടില്ലല്ലോ എന്നാലോചിച്ചു. മുറിയുടെ വാതിൽക്കൽ നിന്നുള്ള എത്തിനോക്കൽപോലും ഇല്ലാതായിത്തുടങ്ങി. മറവി. അത്താഴം മുന്നിൽ വരുമ്പഴാണ് അമ്മയുണ്ടെന്ന കാര്യം ഓർമവരിക. “അമ്മ ഉണ്ടോ?” എന്ന ചോദ്യം അപ്പന്റേതായിരുന്നു. അറിയാതെ എപ്പഴോ ആണ് അത് അവന്റെ വായിൽ വന്നുതുടങ്ങിയത്. ഇനി മുതൽ ബെഡ് ക്ലീൻ ചെയ്യുമ്പോ മമ്മിയെ സഹായിക്കണമെന്ന് എപ്പോഴും കരുതും. എന്നാൽ, ഇത്രയും നാളുകൾക്കിടെ ഒന്നോ രണ്ടോ തവണ മാത്രമാണ് അതു ചെയ്തിട്ടുള്ളതെന്നും അവനോർത്തു.

ബേസിൽ ചോറിനു നടുവിലേയ്ക്ക് കപ്പപ്പുഴുക്ക് ഇട്ട് പച്ചവെളിച്ചെണ്ണ ഒഴിച്ചു. ഉപ്പുനീര് കൂടി ഒഴിച്ച് കൈ ഇട്ട് ഇളക്കാൻ തുടങ്ങുമ്പോൾ മേരി ഒരു സ്പൂൺ അച്ചാറിട്ടുകൊണ്ട് ഡൈനിങ് ടേബിൾ എൻകൗണ്ടർ ആരംഭിച്ചു.

“വെല്ലി പപ്പ എന്തു പറഞ്ഞു?”

“എന്നാ പറയാൻ...” സാധാരണ നമ്മൾ അങ്ങോട് പോയിട്ടല്ലേ പെണ്ണിന്റെ വീട്ടുകാർ ഇങ്ങോട്ടു വരിക, അതല്ലേ രീതി” എന്ന് ചോദിച്ചു.

“നീയെന്നാ പറഞ്ഞേ?” മേരി ഉള്ള കൗതുകം കുറച്ച് ഇല്ലാത്ത ഗൗരവം കൂട്ടി.

“ആര് എങ്ങോട്ട് വന്നാലും പോയാലും എങ്ങനേലും ഇതൊന്ന് നടന്ന് കിട്ടിയാ മതീന്ന്...”

“പുള്ളിക്ക് വരാൻ പറ്റില്ലെങ്കിൽ വേണ്ട, എന്റെ ആങ്ങള വരും.”

“അതിനു വരില്ലെന്ന് വെല്ലി പപ്പ പറഞ്ഞില്ലല്ലോ.” തന്റെ ദേഷ്യം നിയന്ത്രിക്കാനും ശബ്ദം ഉയരാതിരിക്കാനും

ശ്രമിച്ചുകൊണ്ട് അവൻ പറഞ്ഞു.

“നീ ചാച്ചനെ വിളിച്ചേർന്നോ.”

“മമ്മി വിളിച്ച് കാര്യങ്ങൾ സൂചിപ്പിച്ചിട്ടില്ലേ. ഇനി അവർ വന്നുപോയിട്ട് ഞാൻ വിളിച്ചാ പോരേ.”

“അല്ല നീയും കൂടി ഒന്നു പറയേണ്ട കടമയുണ്ട്. അറിയിച്ചാ മതി.”

“എന്നാന്ന് പറയണം. ചാച്ചാ നാളെ കഴിഞ്ഞ് എന്നെ ഒരു പാർട്ടി ചെക്കൻ കാണാൻ വരുന്നുണ്ട്. പക്ഷേ, ചാച്ചൻ വരണ്ടാന്നോ?” അവന്റെ ഒച്ച പൊങ്ങി.

“നിനക്ക് അപ്പന്റെ വീട്ടുകാരാണ് എപ്പഴും ദൈവം.”

“എന്റെ പൊന്നുചങ്ങാതീ ഞാനിതൊന്ന് ഉണ്ടോട്ടെ. എന്നും ചോറുണ്ണണ കൃത്യസമയത്ത് എന്തെങ്കിലും കോച്ചറാക്കൊള്ളിയായിട്ട് വരും. ചാച്ചനെ വിളിച്ചാ അന്നംകുഞ്ഞാന്റീനേം ഏലുആന്റീനേം വിളിക്കാതെ പറ്റുവോ? ചെക്കൻ കാണാൻ വരുമ്പോ എന്തിനാ അതിനുമാത്രം ആളിവിടെ?” മേരി തൽക്കാലത്തേക്ക് പിൻവാങ്ങി.

അവൻ കൈ പാത്രത്തിലിട്ട് ആവശ്യത്തിലധികം ഇളക്കി ഒരു ഉരുളയെടുത്ത് വായിൽ വെയ്ക്കാൻ തുടങ്ങിയപ്പോൾ വീണ്ടും കുഞ്ഞെൽദോയുടെ കോൾ വന്നു. മേരി ഫോൺ ചാടി എടുത്ത് സംസാരിക്കാൻ വാ തുറന്നപ്പോഴേക്കും അവൻ ഇടത് കൈകൊണ്ട് ഫോൺ തട്ടിപ്പറിച്ചെടുത്തു. അപ്പുറത്ത് ശബ്ദമില്ല. പിണക്കമറിയിക്കാനാണ് കുഞ്ഞെൽദോ മിണ്ടാതിരിക്കുന്നതെന്ന് ബേസിലിന് അറിയാം.

“ആ... എണീറ്റോ?” ബേസിൽ ചോദിച്ചു.

“ആശാനേ... വീട്ടിൽ കേറിയോ?” മോട്ടോർപുരയുടെ മുന്‍പിലെ ജാതിമരത്തിൽ ചാരിയിരിക്കുകയായിരുന്നു കുഞ്ഞെൽദോ. കാലിയായ

പാത്രങ്ങൾ കാലുകൊണ്ട് ഒരു വശത്തേയ്ക്ക് തട്ടിമാറ്റുന്നതിനിടയിൽ ഫോൺ സ്‌ക്രീനിൽ അവൻ സമയം ഒന്നുകൂടി നോക്കി. ഒന്‍പതരയാകാറായി.

“ആടാ... നീ വൈകിട്ട് വിളിക്കാന്ന് പറഞ്ഞിട്ട് വിളിച്ചില്ലല്ലോ...”

“ഇച്ചിരി പരിപാടീലാർന്നു അതാ. ചേട്ടായി ചോറുണ്ടില്ലല്ലോ?”

“ദേ ഉണ്ണാൻ പോവ്വാ...”

“ഉണ്ണണ്ട... ഇവിടെ പിടീം കോഴീം പോത്തും ഏഷ്യാഡും ഒക്കേണ്ട്.”

ബേസിലിന് ഇച്ചിരി കൊതി തോന്നി. അവൻ മേരിയുടെ നേരെ ഒന്നു നോക്കി:

“ഏയ്... അതൊന്നും

വേണ്ട്രാ... നാളെ കാണാം...”

“അതെന്നാടാവേ അങ്ങനൊരു ടോക്ക്. എല്ലാരേം ഒഴിവാക്കി ഒരു ബോട്ടിൽ മങ്കി ഷോൾഡർ വിസ്‌കിയായിട്ട് ഞാൻ മോട്ടോർപെരേൽ ആശാനെ നോക്കി ഇരിക്കുവാണ്. ആശാൻ വരുന്നൂ. പോത്തും കൂട്ടി രണ്ട് ഒന്നര വിസ്‌കിയടിക്കുന്നു. നമ്മൾ പിരിയുന്നു. ഒരു പത്ത് മിനുട്ട് സമയം ഇയ്യാക്ക് മാറ്റിവെയ്ക്കാനില്ലേ?”

“വന്നാ ശരിയാവില്ല. രാവിലെ എണീച്ച് വെട്ടാൻ പോണം. ഒന്നരാടമൊള്ളൂ. ഇന്ന് വെട്ടീല.”

“ഓ... ആയിക്കോട്ടെ അന്നാ... കുഴപ്പോല്ല... ഓക്കെ... ശരി.” കുഞ്ഞെൽദോ സ്ഥിരം നമ്പർ ഇറക്കിയ ശേഷം ഫോൺ കട്ട് ചെയ്യാതെ കാതോർത്തു.

ബേസിൽ അമ്മയുടെ നേരെ ഒന്നുകൂടി നോക്കി.

“എടാ... ഞാൻ വരാം. പക്ഷേ, പെട്ടെന്ന് പോരും ഞാൻ.”

“പോസ്റ്റാക്കല്ലേ...”

കുഞ്ഞെൽദോ കട്ട് ചെയ്തു.

മേരിക്ക് ദേഷ്യം വന്നു. “നീ ഇപ്പ എന്ന കാണിക്കാൻ പോണതാ... ഈ ചോറുണ്ടേച്ച് വെല്ലോടത്തും കെടക്കാൻ ഒള്ളേന്.” “ഇപ്പവരാം... ഇപ്പ വരാം...” മമ്മിയുടെ മുഖത്ത് നോക്കാതെ അവൻ മുറിയിൽ കയറി ഷർട്ട് എടുത്ത് കുടഞ്ഞു. “നിന്നേക്കാളും എത്ര എളയതാ അവൻ? നല്ല പ്രായത്തിൽ പെണ്ണുംകെട്ടി രണ്ട് പിള്ളേരായി. നീ ഇങ്ങനെ നടന്നോ.” മേരി ഒച്ചയെടുത്തു. ബട്ടൻസ് ഇടുന്നതിനിടെ മരത്തിന്റെ സ്റ്റാൻഡിൽ മമ്മി അടുക്കി തൂക്കിയിട്ടിരിക്കുന്ന ഷഡ്ഡികളിലേയ്ക്ക് അവൻ നോക്കി. “ഏയ് വേണ്ടിവരില്ല.”

“എന്റെ മോനെ നീ പോവല്ലേ. ഞായറാഴ്ച അവര് വരാനൊള്ളതാ. നീ വെള്ളടിച്ചേച്ച് എന്തെങ്കിലും കൊഴപ്പത്തീ പോയീ ചാടും.” ഇറയത്തുനിന്ന് മേരി ഒന്നുകൂടി പറഞ്ഞുനോക്കി. പോർച്ചിലെ പഴയ ചൂരൽകൊട്ടയിൽ കിടന്ന ഉണ്ടപ്പൻ എഴുന്നേറ്റ് 5-6 തവണ വാലാട്ടിയ ശേഷം വീണ്ടും കിടന്നു. ബേസിൽ രണ്ട് തവണ കിക്കറടിച്ചെങ്കിലും ബൈക്ക് സ്റ്റാർട്ടായില്ല. സ്റ്റാർട്ട് ആകരുതേയെന്ന് മേരി പ്രാർത്ഥിച്ചു. അതു മനസ്സിലായിട്ടെന്നപോലെ അവൻ അമ്മയെ നോക്കി കളിയാക്കി ചിരിച്ചു.

Illustration
ചിത്രീകരണംസചീന്ദ്രന്‍ കാറഡുക്ക

ബൈക്കിന്റെ വെട്ടം റോഡിൽ തിരിഞ്ഞ് കാണാതാകും വരെ മേരി നോക്കിനിന്നില്ല. അകത്തേയ്ക്ക് കേറിപ്പോകുമ്പോൾ, മുൻവാതിലിനു മുകളിലെ ബസേലിയോസ് ബാവയുടെ കബറിട ചിത്രവും അതിനോട് ചേർന്ന് ഒലിവ് മലയിൽ പ്രാർത്ഥിക്കുന്ന യേശുവിന്റെ പടവും നടുവിൽ ഉണങ്ങിയ കുരുത്തോലയും നോക്കാതെ തന്നെ അവളുടെ മനസ്സിൽ തെളിഞ്ഞു. വിളമ്പിവെച്ച ചോറ് മൂടിവെയ്ക്കുന്നതിനിടെ മോളിയുടെ മകനെ അവൾ പലവട്ടം പ്രാകുകയും തിരിച്ചെടുക്കുകയും ചെയ്തു.

മരത്തിൽ ചാരി കാലും നീട്ടി കണ്ണടച്ച് ‘ഹോട്ടൽ കാലിഫോർണിയ’ കേൾക്കുകയായിരുന്നു കുഞ്ഞെൽദോ. ‘ജെത്രോ ടൾ’ എന്നൊരു ബാൻഡിന്റെ പാട്ട് ‘ഈഗിൾസ്’ മാറ്റിയടിച്ചതാണെന്ന ഇൻസ്റ്റ റീൽ കണ്ടത് അബദ്ധായി. പിന്നെ കേക്കുമ്പോൾ എന്തോ ഒരു കുറവ് പോലെ. കോപ്പിയടിയും ഇൻസ്പിരേഷനും റീലാക്കുന്ന ഇൻസ്റ്റ ഹാൻഡിലുകൾ അവൻ അൺ ഫോളോ ചെയ്തു. ബേസിലിന്റെ കാൽപെരുമാറ്റം കേട്ട് അവൻ കണ്ണുതുറന്നു. നല്ല എൻട്രി. ഏറെക്കുറെ സൗണ്ട് ട്രാക്കിനു ചേർന്ന നടത്തം. ഈ വിഷ്വൽ മനസ്സിൽനിന്നു പോകാതിരുന്നെങ്കിൽ എന്ന് കുഞ്ഞെൽദോ ആഗ്രഹിച്ചു.

“നിങ്ങൾ വരുമെന്ന് എനിക്കറിയാമാരുന്നു...”

“ഉവ്വാ...” ബേസിൽ ചമ്രംപടിഞ്ഞ് കൈ പുറകോട്ടാക്കി ഇരുന്നു.

“ആശാൻ വലിയ റബ്ബർ ടാപ്പിങ്ങുകാരനൊക്കെ ആയല്ലേ...”

“അപ്പൻ വെട്ടിക്കൊണ്ടിരുന്നതാ. പത്ത് നൂറ്റന്‍പതെണ്ണേ ഒള്ളൂ.”

“150 മരം വെട്ടാനാണോ ഒന്നാം പെലാലയ്ക്ക് എണീക്കണത്?”

“വെട്ട് പഠിച്ച് വരണതേ ഒള്ളൂ. തീരുമ്പോഴേക്കും ഒരു സമയാവും. വെട്ടാൻ ആരേങ്കിലും ഏല്പിച്ചാ മൊതലാവില്ല. നിന്നേപ്പോലെ ഏക്കറുകണക്കിനു തോട്ടം ഒന്നും ഇല്ലല്ലോ.”

“ഏക്കറുണ്ടായിട്ടെന്താ? മണ്ണ് വാരി തിന്നാൻ പറ്റുവോ?”

“ഏ... നിന്റേം നിന്റപ്പന്റേമൊക്കെ തലയിൽ വരച്ച വടികൊണ്ട് ദൈവം എന്റെ ചന്തിക്കൊന്ന് അടിച്ചേർന്നെങ്കി ഞാനൊക്കെ രാജാവാ...” ബേസിൽ ജാതിത്തോട്ടമാകെ ഒന്ന് കണ്ണോടിച്ചുകൊണ്ട് പറഞ്ഞു. കുഞ്ഞെൽദോയുടെ മുഖം മങ്ങി.

“ഉവ്വാ...” ഒറ്റയടിക്ക് പറ്റ് മുഴുവൻ ഇറങ്ങിയപോലെ

കുഞ്ഞെൽദോ പതുക്കെ പറഞ്ഞു. വായിൽനിന്നു വീണത് അബദ്ധമാണെന്ന് ബേസിലിനു പെട്ടെന്നു മനസ്സിലായി. ഓനച്ചൻ ചേട്ടനു കാൻസറാണെന്ന കാര്യം അവൻ പെട്ടെന്ന് ഓർത്തില്ല. രണ്ട് മൂന്ന് തവണ ഓനച്ചനേയും മോളിയേയും കൊണ്ട് അവൻ ആശുപത്രിയിലും പോയിട്ടുള്ളതാണ്.

“ഇപ്പോ എങ്ങനേണ്ട്?”

“കൊടലിലല്ലേ... ഇങ്ങനെ കൂടിക്കൂടി വരും. വെല്ല്യ ബുദ്ധിമുട്ടാ... അതോണ്ടാ ഞാൻ പോന്നത് തന്നെ. ആശുപത്രിയിൽ കൊണ്ടുപോവാനും നോക്കാനും ഒക്കെ ആളുവേണ്ടേ? മമ്മിയാണെങ്കി വിളിക്കുമ്പഴൊക്കെ നൊലോളീം. എൽദോസേട്ടായി ജർമനിക്ക് പോവ്വാണ്. പുള്ളിയാലോ ആശുപത്രി കാര്യൊക്കെ നോക്കിക്കോണ്ടിരുന്നേ.”

“തടിയനോ? അവനെ ഞാൻ ഇന്നലേങ്കടെ കണ്ടതാണല്ലോ. ഒന്നും പറഞ്ഞില്ലല്ലോ.”

“അതൊക്കെ പോണതിന് ഒരാഴ്ച മുൻപല്ലേ പറയോള്ളൂ. അതൊക്കെ പോട്ടെ. ആശാൻ ഒരെണ്ണം അടിച്ചേ...” കുഞ്ഞെൽദോ പുറകിൽനിന്ന് എം.സി ബ്രാൻഡിയുടെ നിറഞ്ഞ ഒരു അരലിറ്റർ കുപ്പി എടുത്ത് വെച്ചു.

“ഇതാണോ നീ യുകേന്ന് കൊണ്ടോന്ന വിസ്‌കി?”

“ആശാനുവേണ്ടി ഊറ്റി മാറ്റിവെച്ചതാ. കുപ്പികള് തങ്കൻ ചാച്ചൻ കൊണ്ടോയി. ആ കൊരങ്ങന്മാരുടെ എംബ്ലം പുള്ളിക്ക് ഇഷ്ടായി.” കുഞ്ഞെൽദോ ഓരോ പെഗ് ഒഴിച്ചു.

“ഒറിജിനൽ കുപ്പീന്ന് ഒഴിച്ചടിക്കണതാണ് രസം. ആരൊക്കേണ്ടാർന്നു?”

“എല്ലാരുണ്ടാർന്നു. ഞാൻ അഞ്ച് ബോട്ടിൽ കൊണ്ടോന്നതാണ്. അവർക്ക് മൂന്ന്. ആശാനൊന്ന്. ഒരെണ്ണം അമ്മായപ്പന്. അവർടേം തീർന്ന് നിങ്ങടേം തീർന്നു. അമ്മായിപ്പന് ബിവറേജീന്ന് വാങ്ങിക്കൊടക്കാം.”

“എപ്പഴാ തൊടങ്ങീത്?”

“ഞാൻ അവിടന്ന് കേറിയപ്പഴേ തുടങ്ങി. എയർപോർട്ടീന്ന് കാറിൽ കേറിയപ്പോ ഒര് രണ്ടെണ്ണം. രാവിലെ കെടക്കണേന് തൊട്ടുമുൻപാ ചേട്ടായീനെ വിളിച്ചേ.”

നീറ്റടി കഴിഞ്ഞ് ബേസിൽ വെള്ളം തപ്പുന്നതിനിടെ കുഞ്ഞെൽദോ രണ്ടാമത്തെ പെഗും ഒഴിച്ചുവെച്ചു.

“പതുക്കെ ഒഴിയെടാ... പിള്ളേരെന്തിയേ?”

“ഒറങ്ങിക്കാണും. എന്തിണ്ട്? അലൂമിനിയം വർക്കൊക്കെ എങ്ങനേണ്ട്?”

“എന്നത്... കൊറവാ...”

“ദേ... ടച്ചിങ്ങെടുക്ക്... ഫുഡ് കഴിക്ക്. രണ്ട് കാസറോൾ നെറച്ച് പിടീം കോഴീം ഒണ്ടാർന്നൂലോ. അതും ആ പുള്ളി കൊണ്ടോയോ?”

“കൊഴപ്പോല്ല. നീ നല്ല പൂസാണല്ലോ.”

“ഇച്ചിരി.” കുഞ്ഞെൽദോ സ്ഥിരം കള്ളച്ചിരി ചിരിച്ചു.

“ഉവ്വാ...”

കുഞ്ഞെൽദോ പുറകിൽനിന്ന് ഒരു ചോറുപാത്രമെടുത്ത് തുറന്നു. പോത്ത് കറുപ്പിച്ച് വരട്ടിയതാണ്. ചൂടാറിയെങ്കിലും നെയ്യുറച്ച് തുടങ്ങിട്ടില്ല.

“അതെന്നാടാ നിലവറയോ? വേറെന്തേലും ഒണ്ടോ?” കുഞ്ഞെൽദോയുടേയും ജാതി മരത്തിന്റേയും ഇടയിലെ ഇരുട്ടിലേയ്ക്ക് എത്തിനോക്കിക്കൊണ്ട് ബേസിൽ ചോദിച്ചു. കുഞ്ഞെൽദോ ഒരു പാക്കറ്റ് മാൾബറോയും നക്ഷത്രത്തിന്റെ പടമുള്ള ഫോറിൻ ലൈറ്ററും ബേസിലിനു നീട്ടി.

“വേണ്ട്രാ... ഞാൻ വലി നിർത്തിയിട്ട് കൊറേ ആയി.”

“പിടിച്ചേ. ആർക്കെങ്കിലും കൊടുത്തോ...”

“ലൈറ്ററ് ഞാനാർക്കും കൊടുക്കൂല.” അല്പനേരം ഭംഗി ആസ്വദിച്ച ശേഷം അവനത് പോക്കറ്റിലേക്കിട്ടു.

“ആശാനിപ്പോ സന്ധ്യക്ക് മുൻപേ വീട്ടിൽ കേറുവോ?”

“ആം... കുറേ നാളായി. സനു എന്നും ഒരു അര കൊണ്ടുവരും. ഞാനും ബാബൂം അവനും കൂടി മൂന്നാക്കും. 150, 150, 150. വീട്ടിപ്പോകും.”

“അപ്പോ 50 മില്ലി എവിടെപ്പോവും?”

“അതല്ലെടാ. ഷെയർ 150 രൂപയാണെന്ന്. നിന്റെ റിലേ മൊത്തം പോയല്ലോ.”

“നല്ല നടപ്പാണോ?’

‘ആം. പഴയപോലെ കമ്പനിയൊന്നൂല്ല. വൈകിട്ട് ഷട്ടിൽ കളിക്കാൻ പോലും ഇവടെ ആരൂല്ല. നിന്റെ പ്രായത്തിലൊള്ളോര് തീരെ ഇല്ല. പിന്നേ...”

“പിന്നെ.”

“ഒരു ആലോചന വന്നണ്ട്.”

“കൊള്ളാലോ... ഇതെങ്കിലും നടക്കുവോ?”

“നടക്കണ്ടതാണ്. പിന്നെ നമ്മടെ നാടല്ലേ. മുങ്ങിക്കപ്പലുകൾ ഒരുപാടുണ്ടല്ലോ. ടോർപിഡോ പോവൂല്ലോ.”

“അത് എന്തായാലും ഒണ്ടാവും. ഈ കല്ല്യാണം മുടക്കി മയിരുകളുടെ കാല് തല്ലിയൊടിക്കണം.”

“ഏയ്... അവരെ കമ്മട്ടിപ്പത്തലിന് അടിച്ച് അടിച്ച് കൊല്ലണം.”

“കിട്ടീട്ട് വേണ്ടേ... ആശാനേ...”

“അതോണ്ടാണല്ലോ അന്തർവാഹിനികളെന്നു വിളിക്കണത്. പിന്നെ, നമ്മുടെ ഭാഗത്തും പോരായ്മയുണ്ട്. വിദ്യാഭ്യാസം കുറവ്, സമ്പാദ്യം ഇല്ല, നല്ല ജോലിയില്ല. ഇപ്പഴത്തെ പെണ്ണങ്ങള് ഡിമാൻഡ് ചെയ്യണ ഒന്നൂല്ല.”

“നിറോം സൗന്ദര്യോം ഇല്ല, പൊക്കമില്ലാ...”

“ഡാ... ഡാ... പേട്ടെർക്കാ... ഊക്കീത് മതി.”

“ഈ കേസ് എങ്ങനേണ്ട്?”

“ഓസ്‌ട്രേലിയയിൽ നഴ്‌സാ... പത്ത് മുപ്പത്താറ് വയസുണ്ട്... കാണാനും നല്ലതാ... കൂത്താട്ടുകുളം. ഇച്ചിരി പൈസക്കാരാ...” ബേസിൽ ഒരു ചെറിയ നാണത്തോടെ കൂട്ടിച്ചേർത്തു.

“ഇത്ര നല്ല ആലോചന നിങ്ങൾക്കെങ്ങനെ കിട്ടി? കൊച്ച് ഫ്രീയാണോ?”

“പ്ഭ... പട്ടീ...”

“ഫോട്ടോ കാണിച്ചേ. വെല്ല അമ്മായീം ആയിരിക്കും.”

“ഏയ്... നിന്നെ കാണിക്കില്ല... അമ്മായി ആടാ...” ബേസിൽ ഫോൺ തിരികെ പോക്കറ്റിലേക്കിട്ടു.

“ഒന്ന് കാണിച്ചേടാവേ... എന്നാ പറി...” കുഞ്ഞെൽദോ കൈ നീട്ടി. ബേസിൽ ഫോൺ കയ്യിൽ കൊടുക്കാതെ മിന്നായംപോലെ ഫോട്ടോ ഒന്നു കാണിച്ചു. കുഞ്ഞെൽദോ അത്രയും പ്രതീക്ഷിച്ചിരുന്നില്ല. ബേസിൽ അവന്റെ മുഖഭാവം കണ്ട് ആസ്വദിച്ചു.

“അമ്പോ... വൻ ആണല്ലോ... പണച്ചാക്കാണ്... ഒറപ്പാ... ഇവരെന്താ ഇത്ര നാളും കല്ലാണം കഴിക്കാഞ്ഞേ?”

“ആ... ഞാൻ ചോദിക്കാനൊന്നും പോയില്ല.”

“അത് സാരല്ല. നിങ്ങടെ വീട്ടുകാര് കിള്ളിക്കിള്ളി ചോദിച്ചോളും.”

“പിന്നേ... പെണ്ണിന്റെ വീട്ടുകാര്‌ടെ അടുത്ത് പോയി എന്തെങ്കിലും നെഗറ്റീവ് അടിച്ചാ കൊന്നും കളയൂംന്ന് എല്ലാരോടും പറഞ്ഞിട്ടിണ്ട്. പെണ്ണിന്റെ ഒറ്റ താല്പര്യത്തിലാ ആലോചന നിക്കണത് തന്നെ. ഞങ്ങള് ഒരു തവണ നേരിൽ കണ്ട് സംസാരിച്ചേർന്നു...”

“ഇതു പുള്ളിക്കാരി നിങ്ങളേം കൊണ്ട് പോകാനൊള്ള പരിപാടിയാ... പാവാട വിസ സ്‌കീമാണല്ലേ..?”

“പാവാടയോ പെറ്റിക്കോട്ടോ എന്ത് കോപ്പാണേലും വേണ്ടില്ല. പെണ്ണുകെട്ടണം. ഇനിയെങ്കിലും ഒന്ന് രക്ഷപ്പെടണം. മമ്മിയേം കൊണ്ടോണം. പിന്നെ.., ചുമ്മാ കൊറേ സിനിമേം കണ്ട് നടന്ന്, എന്‍ജിനീയറിങ്ങ് തോറ്റ്, ഊമ്പിത്തെറ്റിനിന്ന നീ എങ്ങനെയാ യുകേൽ പോയത്?”

Illustration
ചിത്രീകരണംസചീന്ദ്രന്‍ കാറഡുക്ക

“അത് വെറും പാവാടയല്ല... പ്രാഡ... പ്രാഡ...”

“എന്ത്?”

“നിങ്ങൾ ഇവിടെ ഒണ്ടല്ലോന്ന് വിചാരിച്ച് ഇരിക്കുവായിരുന്നു... കട്ട പോസ്റ്റാവൂല്ലോ ഞാൻ...”

“സാരല്ല... ശീലായിക്കോളും...” ബേസിൽ നിസ്സാരമായി അത് പറഞ്ഞത് കുഞ്ഞെൽദോയ്ക്ക് കൊണ്ടു.

“എന്തായാലും അവിടത്തെ പണി ഇവിടെ എടുക്കണ്ട. ചുറ്റിപ്പായേർന്നു... ഉഫ്...”

‘അതിനു നീ അവിടെ കുറച്ച് മാസല്ലേ പണിക്ക് പോയൊള്ളൂ..?”

“സായിപ്പിന്റെ ഡയപ്പർ മാറ്റണ പണി പിന്നേം സഹിക്കാം. ഇത് രണ്ടെണ്ണല്ലേ ഒറ്റയടിക്ക് ഉണ്ടായത്. പിള്ളേര്‌ടെ കൊതം കഴുകി മടുത്തു.”

“ശരിക്കും ആ പണി എങ്ങനേണ്ട്രാ?”

“എന്ത്? പിള്ളാര്‌ടെ അപ്പി വാരലോ? നല്ല മണോണ്ട്...” കുഞ്ഞെൽദോ കണ്ണിറുക്കി.

“അതല്ലടാ...”

“നഴ്‌സിങ്ങ് അസിസ്റ്റന്റോ. എന്നാ കൊഴപ്പം? നമ്മടെ ചിന്താഗതി അനുസരിച്ചിരിക്കും. ഞാൻ അതൊരു ശുശ്രൂഷേം കൂടി ആയിട്ടാണ് കാണണത്. ശിഷ്യന്മാരുടെ കാൽ കഴുകിത്തുടച്ചയാളല്ലേ നമ്മടെ യേശു.”

“എന്റെ കർത്താവേ...”

“എന്തോ...” കുഞ്ഞെൽദോ വിളി കേട്ടു.

“കനം ഡയലോഗൊക്കെ ആണല്ലോ...”

“ജീവിതത്തിനും കനം കൂടുവല്ലേ ആശാനെ.”

“മതി... ഇത്രേം കനം മതി. ഇനി നീ ശോകോം തത്വോം പറയരുത്. മൂഡ് ഒന്ന് ഓണാക്ക്...”

“ശരിയാ... മൊത്തം പണ്ടപ്പരപ്പും പരാതീം ആണ് നമ്മള് ഇത്രേം നേരം പറഞ്ഞോണ്ടിരുന്നത് അല്ലേ. അയ്യേ...”

“അയ്യയ്യേ...”

“ശെ...”

“ശ്ശേ...” ബേസിൽ പിന്നേം നീട്ടി. രണ്ടാമത്തെ പെഗ് കഴിഞ്ഞ് അവൻ എന്തോ ആലോചനയിലേക്ക് കടന്നു.

“ആശാനെ... മ്പക്കേ...”

“ഉം... മ്പക്ക്.”

“മ്പക്കേ... കോഴി പിടിക്കാൻ പോയാലോ. ഒരു രസത്തിന്...”

“ഒന്ന് പോയേടെർക്കാ...”

‘ഓ ഇയാള് വെല്ല്യ മജിസ്‌ട്രേട്ട്... പഴയ ബേസിലായിരുന്നെങ്കി ഇപ്പൊ ബൈക്ക് സ്റ്റാർട്ടായേനെ.”

“അമ്മാതിരി നാണം കെട്ട ഇടപാടിനൊന്നും ഞാനില്ല.”

“എങ്ങനെ? ‘ഇനി’ എന്നൊരു വാക്ക് ചേർത്ത് ആ സെന്റൻസ് ഒന്നൂടെ പറഞ്ഞേ.”

‘അതൊക്കെ അന്ത കാലത്തെ കഴപ്പ്... അന്യംനിന്നുപോയ കലാരൂപം. അതൊക്കെ സംഘടനേല് വരണേനും മുന്‍പല്ലാർന്നോ. ഇപ്പോ ഒന്നിനും ഇല്ല. ഒന്നിലും ഇല്ല. താല്പര്യമില്ല. പുതിയ പിള്ളേര് വരട്ടെ. പാർട്ടി കേസൊക്കെ ഇപ്പഴാ തീർന്നത്. പി.സി.സിക്ക് കൊടുത്തേക്കുവാണ്. ആവശ്യത്തിനു ചീത്തപ്പേര് എനിക്കുണ്ട്. അത് മാറിവരുവാ. ദൈവത്തെയോർത്ത് നീ എന്നെ ചിറ്റിക്കല്ലേ.” ബേസിൽ കൈ കൂപ്പി.

“പഞ്ചായത്തില് വെച്ച് പ്രസിഡന്റിനെ കയ്യേറ്റം ചെയ്ത കേസ് എന്തായി? അതും തീർന്നോ.”

“എന്റെ പൊന്നോ. അതാണ് അവസാനം തീർത്തത്. അതും അവര് ഞങ്ങടെ മുന്നണീല് വന്നതോണ്ട് മാത്രം. പാതി ഫിലിപ്പ് കുറേ നടത്തിച്ചു. പുള്ളിക്ക് ഇപ്പോഴും എന്നോട് നല്ല കലിപ്പുണ്ട്.”

“സ്വാഭാവികം...” കുഞ്ഞെൽദോ ഒരു പോത്തിൻ കഷണം വായിലിട്ട് ചവച്ചു. ബേസിൽ വീണ്ടും ആകാശം നോക്കി ഇരിപ്പായി. കുഞ്ഞെൽദോ മരച്ചുവട്ടിൽനിന്ന് ഒരു അഡിഡാസ് ഷോപ്പിങ്ങ് കവർ എടുത്ത് ബേസിലിനു നേരെ നീട്ടി. “അർജന്റീനയുടെ ഖത്തർ വേൾഡ് കപ്പ് വിന്നർ ജേഴ്‌സി. നിക്കറും ഒണ്ട്. അഡിഡാസ് ഒറിജിനൽ.” പേപ്പർ കവറിലെ ലോഗോയിൽ കുഞ്ഞെൽദോ രണ്ട് തട്ട് തട്ടി. അപ്രതീക്ഷിതമായി കളിപ്പാട്ടം സമ്മാനം കിട്ടിയ കുട്ടിയെപ്പോലെ

ബേസിലിന്റെ മുഖം തെളിഞ്ഞു.

“മൂന്ന് സ്റ്റാർ ഉണ്ടല്ലോലേ...”

“എണ്ണിനോക്ക്.”

“ഇപ്പോ തുറക്കണില്ല. കൂട്ടാൻ ചാറാകും. ഡി മരിയേടേം എമിയുടേം കൂടി ജേഴ്‌സി ഞാൻ ഒപ്പിക്കും. ചാത്തനല്ല. ഒറിജിനൽ.”

“ബ്രസീൽ ഫാൻസിനൊന്നും ക്ലബ്ബ് ഗ്രൂപ്പിൽ മിണ്ടാട്ടമില്ലല്ലോ. ഇത്ര നാളായിട്ടും.”

“അവർക്ക് വംശനാശം വന്നെടാ... കോപ്പ പിന്നേം അടിച്ചില്ലേ. ഇനി നമ്മടെ കാലം.” മൂന്നാമത്തെ പെഗ് അടിച്ച ശേഷം ബേസിൽ ചമ്രംപടിഞ്ഞിരുന്ന് ഒരു മൂളിപ്പാട്ട് പാടി.

“ആശാനെ...”

“എന്നാടാ...”

“നമുക്ക് റമ്പൂട്ടാൻ പറച്ചാലോ?”

“പറയ്ക്കാലോ... ഈ നട്ടപ്പാതിരാക്ക് വേണോ?”

“വേണം.”

“എന്നാ നീ വീട്ടിലേയ്ക്ക് പോരേ... ഇഷ്ടം പോലുണ്ട്. നീ വേണോങ്കി മൊത്തം പറച്ചെടുത്തോ.”

“അതൊരു സുഖോല്ല.”

“നിനക്കെന്ത്യേ? നല്ല ചൊവന്ന മധുരോള്ള പഴം.”

“നമുക്ക് കട്ട് പറിക്കാം. പാതി ഫിലിപ്പിന്റെ വീട്ടീന്ന്...”

“ചുമ്മായിരി. നീ എന്റെ ജീവിതം തൊലയ്ക്കാൻ വന്നതാണോ ഇങ്ങോട്ട്. കക്കൂസ് കുത്തി ജയിലിൽ പോണോ?”

“പിന്നെ എ.ടി.എം കുത്താൻ പോണോ? ഇതു ചുമ്മാ ഒരു ഓളം. ഒരു മെമ്മറി. വരണ വഴിക്ക് ഞാൻ കണ്ടേർന്നു. നെറച്ചും കാച്ച് കിടപ്പുണ്ട്. പാതിയച്ചൻ കാക്കക്ക് പോലും കൊടുക്കാതെ നെറ്റിട്ട് മൂടിയേക്കുവാ.”

“അത് മഞ്ഞനിറത്തിലൊള്ളതാ. പുളി കാണും.”

“നന്നാവാൻ ശ്രമിക്കുവാന്ന് മനസ്സിലായി. പക്ഷേ, ഇത്ര നിലവാരത്തകർച്ച പാടില്ല.”

“പട്ടിയുണ്ട്. അയാള് ഒരു ദാക്ഷിണ്യോം കാണിക്കില്ല. അഴിച്ചുവിടും.”

“പട്ടി വന്നാൽ മതിലുചാടിയാൽ പോരേ. എന്ന് മുതലാ ഇയാൾക്ക് പട്ടിയെ പേടി തുടങ്ങിയത്?”

“ഏയ് അതൊന്നും ശരിയാവൂല.”

“ഒരു കൊഴപ്പോല്ല. നമ്മള് പോകുന്നു. മൂന്ന് നാലെണ്ണം പറിക്കുന്നു. പോരുന്നു. അത്രേയുള്ളൂ...”

‘ഇതിലൊന്നും ഒരു കാര്യോം ഇല്ല മോനെ... എന്തിനാ വെറ്‌തെ...”

“ഇയാള് തനി തന്ത വൈബ് ആയല്ലോ...”

ബേസിൽ മിണ്ടാതിരുന്നു. ഇയാള് എന്ന അഭിസംബോധന അവന് പണ്ടേ ഇഷ്ടമല്ല. ആദ്യം പറഞ്ഞത് അവൻ കേട്ടില്ലെന്നു വെച്ചതാണ്.

“ബേസിലേട്ടായി...” കുഞ്ഞെൽദോ ബേസിലിന്റെ കയ്യെടുത്ത് തന്റെ കൈക്കുള്ളിൽ വെച്ച് മറ്റേ കൈക്ക് പതുക്കെ ഒരു അടി അടിച്ച് മുഖത്തോട്ട് നോക്കി.

“ഇനി എന്നാണ് ഇങ്ങനെയൊക്കെ. നമ്മളിനി നേരിൽ കാണണമെങ്കിൽ 5-6 വർഷമെങ്കിലും കഴിയണം. ബാക്കിയുള്ള ജീവിതത്തിൽ മൂന്നോ നാലോ തവണ മാക്സിമം കണ്ടാ കണ്ടു. എന്റെ ഒരു ചെറിയ ആഗ്രഹല്ലേ.”

ബേസിൽ പതുക്കെ കൈ വലിച്ച് അല്പം നേരം ആലോചിച്ചിരുന്നു. “ഉം... പെട്ടെന്ന് പോരണം. അവടെച്ചെന്ന് ആടിത്തൂങ്ങിയാൽ പട്ടിക്കിട്ട് കൊടുത്തിട്ട് ഞാൻ വീട്ടിപ്പോകും.”

“എന്നാ ഒരെണ്ണം കൂടി അടിക്കാല്ലേ.” കുഞ്ഞെൽദോ കുപ്പിയിൽ ബാക്കിയുള്ളത് രണ്ടാക്കി ഒഴിച്ചു.

“എനിക്കിനി വേണ്ട.” ബേസിൽ തടയും മുന്നേ

കുഞ്ഞെൽദോ രണ്ടും പട പടാന്ന് അടിച്ചു.

“ദേ... നീ എന്നാ ഈ കാണിക്കണേ?”

“ആശാൻ വന്നേ... ഇന്നാ മെസ്സിയെ മറക്കല്ലേ.” കുഞ്ഞെൽദോ കവറെടുത്ത് നീട്ടി.

“നിന്നെ തിരിച്ചാക്കാൻ വരുമ്പോ എടുത്തോളാം.” ബേസിൽ പാത്രങ്ങൾ മൂടി ഒതുക്കി വെയ്ക്കുന്നതിനിടെ മേരിയുടെ കോൾ വന്നു. അവൻ ഫോൺ സൈലന്റാക്കി.

ഫിലിപ്പിന്റെ വീടിനു മുന്നിലെ റോഡ് മുഴുവൻ വെളിച്ചമാണ്. മുൻ പ്രസിഡന്റ് ആയതുകൊണ്ട് സ്ട്രീറ്റ് ലൈറ്റുകൾക്ക് പഞ്ഞമില്ല. വീടെത്തുന്നതിന് ഒരു അന്‍പത് മീറ്റർ മുന്നേ ബേസിൽ വണ്ടി നിർത്തി. കുഞ്ഞെൽദോയെ ഇരുത്തി ബൈക്ക് തള്ളി. വെളിച്ചത്തിനു പുറത്തുള്ള പോസ്റ്റിനു കീഴിൽ നിർത്തി ചുറ്റും നോക്കി. ഫിലിപ്പിന്റെ മതിലിന്റെ എതിർവശത്ത്, വന്ന ദിശയിലേയ്ക്ക് തിരിച്ച് ബൈക്ക് ഇരുട്ടിൽ ചാരിവെച്ചു. “നീ ഇങ്ങനെ ടാങ്കിൽ ചാരി കിടന്നോ... ഞാൻ പറിച്ചിട്ട് വരാം.” മുണ്ട് അഴിച്ച് മുറുക്കിയുടുത്ത് മടക്കിക്കുത്തുന്നതിനിടെ ബേസിൽ പറഞ്ഞു.

“അത് പറ്റില്ലാ... എനിക്കു പറിക്കണം. അല്ലെങ്കി ഞാനീ റോട്ടിൽ കെടക്കും.” ബേസിൽ കുഞ്ഞെൽദോയെ രൂക്ഷമായി നോക്കി. അവൻ അങ്ങനെ ചെയ്യുമെന്ന് ബേസിലിന് അറിയാം. ഇരുട്ടാണെങ്കിലും ബേസിലിന്റെ കലിപ്പ് നോട്ടം കുഞ്ഞെൽദോ വ്യക്തമായി കണ്ടു.

ഉന്തിയുന്തി ബേസിൽ അവനെ മതിലിനു മുകളിൽ കയറ്റി. ബേസിൽ കേറിയപ്പോഴേയ്ക്കും കുഞ്ഞെൽദോ തനിയെ ചാടി. കുഞ്ഞെൽദോ വീണ ശബ്ദം കേട്ടതോടെ ഫിലിപ്പിന്റെ പട്ടി കൊര തുടങ്ങി. ബേസിൽ മൊബൈൽ ഡിസ്‌പ്ലേയുടെ വെളിച്ചത്തിൽ റമ്പൂട്ടാൻ പറിച്ചെടുത്ത് മുണ്ടിലേക്കിട്ടു. കൊറച്ച് നേരം അനങ്ങാതിരുന്നു. പട്ടി കൊര നിർത്തണ ലക്ഷണമില്ല. കുഞ്ഞെൽദോ ഇതിനിടെ എളുപ്പമുള്ള ഒരു മരത്തിൽ പിടിച്ച് മുകളിൽ കയറി. മോളിലെ കമ്പുകളിലെത്തിയിട്ടും ഒരു റമ്പൂട്ടാൻപോലും കാണാത്തതിൽ അമ്പരന്ന ശേഷം അവൻ ഓഫായി.

Image of Illustration
ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക

മുണ്ടിൽ ആവശ്യത്തിനു കനം തോന്നിയപ്പോൾ ബേസിൽ പറിക്കൽ നിർത്തി കുഞ്ഞെൽദോയെ നോക്കി. ഇടി കുടുങ്ങുന്നുണ്ട്. മിന്നലും തണുത്ത കാറ്റും. നല്ലൊരു മഴയാണ് വരണത്.

“നീയെവിടാ. വാ പോവാം. പോവാം.” അവൻ ശബ്ദം താഴ്ത്തി നിലത്ത് പരതി. പിന്നെ ഫോൺ ചെയ്തു.

“ഇവിടെ മോളില്.”

കുഞ്ഞെൽദോ വിളിച്ചുപറഞ്ഞു.

“നീയെന്തിനാ മോളിൽ കയറിയേ. താഴെ ഇഷ്ടംപോലെ ഇണ്ടാർന്നൂലോ. വേഗം ഇറങ്ങിക്കേ. എറങ്ങെറങ്ങ്.”

“പറ്റണില്ലാശാനേ.”

“നീ കളിക്കല്ലേ. രസിക്കാൻ പറ്റിയ സമയല്ലാ.”

ബേസിൽ മതിൽ ചാടി ബൈക്ക് തള്ളി തിരിച്ച് മതിലിൽ ചാരിവെച്ചു.

“നീ വേഗം വന്നേ. ഇനി ഇവിടെ നിന്നാ പ്രശ്നാവും.”

“പറ്റണില്ല. ഞാൻ വീഴും.”

കുഞ്ഞെൽദോ റമ്പൂട്ടാനുകൾക്കിടയിലെ ഒരേയൊരു മാംഗോസ്റ്റീൻ മരത്തിന്റെ തുഞ്ചത്ത് ഇരുന്നാടുന്നത് ബേസിൽ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ കണ്ടു. ഫിലിപ്പിന്റെ പട്ടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മേഖലയിലെ പട്ടികൾ പാർട്ടി-മുന്നണി വ്യത്യാസമില്ലാതെ മുദ്രാവാക്യം വിളി തുടങ്ങി. ബേസിൽ മരത്തിൽ കയറി കുഞ്ഞെൽദോയെ ഇറക്കാൻ നോക്കി. അവൻ ഉടുമ്പ്പോലെ പിടിച്ചിരിക്കുവാണ്. ഉറക്കത്തിൽ എങ്ങാനും പിടുത്തം വിട്ടാൽ താഴെപ്പോകും. ബേസിൽ അവന്റെ കാലിൽ പിടിച്ച് വലിച്ചു. പൊള്ളുന്നവിധം തുടയ്ക്ക് രണ്ട് അടിയും കൊടുത്തു.

“എന്നെ തല്ലല്ലേ... ആശാനേ... ഞാനിവിടെ ഇരുന്നോളാം...”

ബേസിൽ ലുങ്കിയഴിച്ചു. “ഗുളു... ഗുഗ്ഗുളു. ഗുളു... ഗുളു” മാംഗോസ്റ്റീൻ മരത്തിൽനിന്ന് റമ്പൂട്ടാൻ വീഴുന്ന ശബ്ദംകേട്ട് കുഞ്ഞെൽദോ പാടി. അവനെ മരത്തോട് ചേർത്തു കെട്ടിവെച്ച് ബേസിൽ ഇറങ്ങിപ്പോന്നു. ഫിലിപ്പിന്റെ വീടിനു മുന്നിലെ ലൈറ്റുകൾ ഓണായി. ബ്രൈറ്റ് ലൈറ്റ് ടോർച്ച് തെളിച്ച് പാതിയച്ചൻ മുറ്റത്തേക്കിറങ്ങുന്നത് ബേസിൽ കണ്ടു.

“ആരാണ്ട് കട്ടുപറിക്കാൻ വന്നണ്ട്. നീ ടീവി ഓണാക്കി ക്യാമറേല് നോക്ക്.” സിറ്റൗട്ടിൽനിന്ന് എത്തിനോക്കിക്കൊണ്ടിരുന്ന കൊച്ചുറാണിയോട് അയാൾ പറഞ്ഞു. “ആര്ടാ അത്...” ഇച്ചിരി പേടി തോന്നിയെങ്കിലും പറമ്പിലേക്ക് ഇറങ്ങുന്നതിനിടെ ഫിലിപ്പ് ഒച്ചയെടുത്തു. കക്കാൻ വന്നവർ ഉള്ള നേരത്ത് ഓടിപ്പൊക്കോട്ടെ എന്നു കരുതി അയാൾ പതുക്കെയാണ് നടന്നത്. ചുവന്ന റമ്പൂട്ടാൻ കിലോ 200 രൂപയാണല്ലോ എന്നോർത്തപ്പോൾ ഫിലിപ്പിന്റെ പേടി പോയി. അഞ്ച് കിലോ കട്ടാൽ ആയിരം. ഒരു ചാക്ക് പോയാലോ? ടോർച്ചിൽ അയാൾ മുറുകെ പിടിച്ചു. വേഗം നടന്നു. “നേരെ വന്നാൽ തലമണ്ട നോക്കി കൊടുക്കാം.”

ഫിലിപ്പിന്റെ ഒച്ചകേട്ട് മരത്തിനു മുകളിലിരുന്ന കുഞ്ഞെൽദോ വീണ്ടും മയക്കം വിട്ടു. “നിന്റെ അപ്പൻ... രണ്ട് പഴം കിളിക്കുപോലും കൊടുക്കാത്ത നാണംകെട്ട തെണ്ടീ. കൊടുത്ത് തിന്നടാ. അവൻ ആകാശത്ത് വല വിരി ച്ചേക്കണു. ആകാശത്തിലെ പറവകളെ നോക്കുവിൻ... അവ വിതയ്ക്കുന്നില്ല. കൊയ്യുന്നില്ല. കളപ്പുരയിൽ ശേഖരിക്കുന്നുമില്ല...”

ഫിലിപ്പ് റമ്പൂട്ടാൻ മരങ്ങൾക്കു മുകളിലേക്കും താഴേക്കും ടോർച്ചടിച്ച് നോക്കി. മാംഗോസ്റ്റീന്റെ ചുവട്ടിൽ റമ്പൂട്ടാൻ കിടക്കുന്നതു കണ്ട് അയാൾ മരത്തിലേയ്ക്ക് വെട്ടമടിച്ചു. നാടോടിക്കൊച്ചിനേപ്പോലെ ഒരുത്തൻ മുകളിൽ തൊട്ടിൽ കെട്ടി ഇരിക്കുവാണ്. “ചേട്ടാ...” മുണ്ടില്ലാതെ, ഇറക്കം കുറഞ്ഞ ഷർട്ട് താഴ്ത്തി നാണം മറച്ച് ബേസിൽ മരത്തിന്റെ മറവിൽനിന്ന് പുറത്തേക്ക് വന്നു.

“ആ... നീയാണ്‌ല്ലേ.” ഫിലിപ്പിന്റെ ഉള്ളൊന്ന് കാളി. ബേസിലിന്റെ പരുങ്ങൽ കണ്ടപ്പോൾ അയാൾക്ക് ആത്മവിശ്വാസമായി.

“നിനക്ക് മതിയായില്ലല്ലേ... മരത്തിൽ ആരാടാ?” ഫിലിപ്പിനു വീര്യം കൂടി.

“ചേട്ടാ ഒരബദ്ധം പറ്റി. ഒരു രണ്ട് പെഗ് അടിച്ചപ്പോ ഒരു... രസത്തിനു ചെയ്തതാണ്. അവന് ഇറങ്ങാൻ പറ്റണില്ല. ചേട്ടൻ പ്രശ്നാക്കരുത്.” ബേസിൽ തൊഴുത് കാണിച്ചു. ഫിലിപ്പ് മടിയിൽനിന്നു ഫോണെടുത്ത് വീഡിയോ ക്യാമറ ഓണാക്കി. “ചേട്ടാ. എന്താന്ന് വെച്ചാ ചെയ്യാം. വീഡിയോ പിടിക്കല്ലേ. പ്ലീസ്.” ഒരു കൈകൊണ്ട് മുഖവും മറുകൈകൊണ്ട് നാണവും മറച്ച് ബേസിൽ മരത്തിനു പിന്നിലേയ്ക്ക് മാറി. ഫിലിപ്പ് ബേസിലിന്റെ മുഖത്തേക്കും അരയിലേക്കും ടോർച്ചടിച്ചു. “ചേട്ടാ... ഞാൻ മര്യാദയ്ക്ക് പറഞ്ഞു... വിട്ടേരെ... അതാ നല്ലത്...” മുഖത്തുനിന്ന് വെട്ടം മാറിയപ്പോൾ ബേസിൽ ഫോൺ തട്ടിപ്പറിക്കാൻ നോക്കി. ഫിലിപ്പ് ടോർച്ച് വീശി. അവൻ ടോർച്ച് പിടിച്ചെടുത്തപ്പോഴേയ്ക്കും ഫിലിപ്പ് തിരിഞ്ഞോടി. ബേസിൽ ടോർച്ചിന് ഒരു ഏറ് എറിഞ്ഞു. ബ്രൈറ്റ് ലൈറ്റ് അതിന്റെ നാഥനെ കണ്ടെത്തി. വീണുപോയെങ്കിലും ഫിലിപ്പ് ചാടിയെണീറ്റ് ഓടി. എത്ര ഇരുട്ടായാലും സ്വന്തം പറമ്പ് അയാൾക്ക് അറിയാം.

“എന്റെ വീട്ടിൽ കക്കാൻ കേറീതും പോരാ എന്റെ മെക്കിട്ടും കേറണോ. ആഹ... ക്യാമറയിൽ കിട്ടിയോടീ.” മുറ്റത്തുനിന്നു വീട്ടിലേയ്ക്ക് കേറുന്നതിനിടെ അയാൾ ഒച്ചയിട്ടു.

“അതാ ബേസിലല്ലേ. ഒരുത്തൻ മരത്തിലിരുന്ന് ആട്ടുന്നുണ്ട്. നിങ്ങളെന്നാ ചെയ്യാൻ പോവ്വാ.” വലത്തേ മൂലയിലെ ക്യാമറയുടെ തൊട്ടടുത്തുനിന്ന് തന്നെ ബേസിൽ മതിൽ ചാടണ വിഷ്വൽ കൊച്ചുറാണി കെട്ടിയോന് കാണിച്ച് കൊടു ത്തു. മൊബൈലിൽ അത് പകർത്തി സൂം ചെയ്തപ്പോൾ അയാൾക്കു സന്തോഷായി. “നല്ല ക്ലാരിറ്റിയുണ്ട്... കാട്ടി വർഗീസിന്റെ മോൻ അല്ലെന്ന് ആരും പറയില്ല...”

“ലൈവ് കാണിക്ക്...” മുകളിലത്തെ നിലയിൽ വെച്ചിരിക്കുന്ന ക്യാമറയിൽ മാംഗോസ്റ്റീൻ തലയ്ക്കം ആടുന്നത് അവൾ സെലക്ട് ചെയ്ത് വലുതാക്കി.

“മറ്റവൻ ഓടിപ്പോയോ?” കൊച്ചുറാണി ചോദിച്ചു. ഫിലിപ്പ് സി.ഐയുടെ നമ്പർ ഡയൽ ചെയ്തു.

“മരത്തിലുള്ളവനെ ഇട്ടിട്ട് അവൻ പോവൂല... അയിന്റെ ചോട്ടീത്തന്നെ കാണും.” ഫിലിപ്പ് സംസാരിക്കരുതെന്ന് ആംഗ്യം കാട്ടി ഫോൺ ചെവി യിൽവെച്ചു. കൊച്ചുറാണി അടുത്തെത്തി ചെവി വട്ടം പിടിച്ചു.

“സർ... ഒരത്യാവശ്യ കാര്യമുണ്ട്...”

“എന്താ?”

“എന്റെ വീട്ടിൽ കള്ളൻ കയറി. രണ്ട് കള്ളന്മാർ കേറി. എന്നെ ആക്രമിച്ചു. അവർ ഇവിടെ കോമ്പൗണ്ടിൽ തന്നെയുണ്ട്. പെട്ടെന്നു വന്നാൽ പിടിക്കാം.”

“ഓ... എന്തെങ്കിലും പറ്റിയോ?”

“എന്നെ ടോർച്ചിനടിച്ച് കൊല്ലാൻ നോക്കി.”

“ഞാനിപ്പോൾ തന്നെ

സ്റ്റേഷനീന്ന് ആളെ വിടാം. അവർ വരുന്നത് വരെ ഒരു കാരണവശാലും ആരും വീടിനു പുറത്തിറങ്ങരുത്. കതകടച്ച് കുറ്റിയിട്ട് അകത്തിരിക്കണം. അടുക്കള വാതിലും ടെറസിലെ വാതിലും ഭദ്രമായി അടച്ചെന്ന് ഉറപ്പ് വരുത്തണം. നെയ്‌ബേഴ്‌സിനെ അറിയിക്ക്. 112-ൽ കൂടി ഒന്നു വിളിച്ചേക്ക്. എന്തുണ്ടായാലും എന്നെ അറിയിച്ചുകൊണ്ടിരിക്കണം. ശരി.” സി.ഐ കട്ട് ചെയ്തു.

അയൽപ്പക്കക്കാരുടെ ഫോൺ തുരുതുരാ വരുന്നുണ്ട്. എടുക്കണോ വേണ്ടയോ എന്ന് ഫിലിപ്പ് ആലോചിച്ചു. “അറ്റൻഡ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. എല്ലാരും വേഗം വന്നോളും.”

“ആ കേബിൾ ചാനലുകാരേം കൂടി വിളിച്ച് വരാൻ പറ. അന്നവൻ നിങ്ങടെ കഴുത്തിനു പിടിക്കണത് നാട്ടുകാര് മൊത്തം ടി.വിക്കടെ കണ്ടതല്ലേ.” കൊച്ചുറാണി മൂഡായി.

“അത് നല്ലതാണല്ലോ. അവര് രാത്രി വരുവോ? എടീ... അവനു മുണ്ടില്ല... ഷഡ്ഡീം ഇട്ടട്ടില്ല. ഇവനെ പൊലീസ് ജീപ്പിൽ കയറ്റണത് ചാനലിൽ വരണം. മൊബൈലിലേം സി.സി.ടീ.വീലേം വീഡിയോ അവർക്കു കൊടുക്കാം.”

“പരമാവധി നാണം കെടുത്താനെ പറ്റുവൊള്ളൂ. തല്ലൊന്നും നടക്കില്ല. അവന്റെ ആൾക്കാര് ഇപ്പോ പാഞ്ഞ് വരും. പാർട്ടിക്കാര് ഇപ്പത്തനെ ഇത് കോംപ്രമൈസാക്കും. അയിനുമുന്‍പ് നിങ്ങള് മൊബൈലിലെടുത്ത വീഡിയോ വാട്‌സാപ്പിലും ഫേസ്ബുക്കിലും ഇട്. പെട്ടെന്ന്... അവന്റെ രണ്ട് റമ്പൂട്ടാൻ എല്ലാരും കാണട്ടെ. ഞാൻ പട്ടിയെ അഴിച്ചുവിടാം.”

ഫിലിപ്പ് രണ്ട് വീഡിയോയും പഞ്ചായത്ത് വാട്‌സാപ്പ് ഗ്രൂപ്പിലേക്കിട്ടു. പിന്നെയാണ് ക്യാപ്ഷൻ അടിച്ചത്. “എന്റെ വീട്ടിൽ കയറിയ കള്ളനെ കണ്ടോ?” എന്ന് ആദ്യം ടൈപ്പ് ചെയ്തു. സെൻഡ് ചെയ്യുന്നതിനു മുൻപ് അത് ‘പറമ്പിൽ’ എന്നാക്കി. കൊച്ചുറാണി വിളിച്ചിട്ടാണ് ബേസിൽ വന്നതെന്നു ചിലപ്പോൾ നാട്ടുകാര് പറഞ്ഞുണ്ടാക്കും. ഫേസ്ബുക്കിലും അപ് ചെയ്ത ശേഷം അയാൾ പുറത്തേയ്ക്കിറങ്ങി. മുറ്റത്ത് വന്നവരോട് കൊച്ചുറാണി എന്തൊക്കെയോ പറയുന്നുണ്ട്.

“നമ്മടെ കാട്ടി ബേസിലിന്റെ ബൈക്ക് റോട്ടിൽ ഇരിക്കണ്ട്. ബഹളം കേട്ട് അവൻ കള്ളനെ പിടിക്കാൻ വന്നതാണോ?” ആരോ ഒരാൾ ചോദിച്ചു. ഫിലിപ്പ് ആ വാചകങ്ങൾ ഒന്നൂടെ ഓർത്ത് നോക്കി. മത്തായിയുടെ ശബ്ദമാണത്. ആ പറഞ്ഞതിൽ രണ്ട് അർത്ഥമുണ്ട്.

“ആരും തോട്ടത്തിലേക്ക് ഇറങ്ങണ്ട. പട്ടിക്ക് കള്ള്മാരേതാ നാട്ടുകാരേതാ എന്നൊന്നും അറിയില്ല. പൊലീസ് ഇപ്പോ വരും...” ഫിലിപ്പ് കൊച്ചുറാണിയുടെ മുന്നിൽ കേറിനിന്ന് പ്രസ്താവന നടത്തി.

തോട്ടത്തിന്റെ മൂലയിൽ കുഞ്ഞെൽദോയെ കാണാവുന്ന സ്ഥലത്തേയ്ക്ക് മാറി മതിലിൽ ചാരി നിൽക്കുകയായിരുന്നു ബേസിൽ. അവൻ വീർത്ത് ടൈറ്റായിരുന്ന പോക്കറ്റിൽ തപ്പി. ബൈക്കിന്റെ താക്കോലാണ് ആദ്യം കിട്ടിയത്. അതിന്റെ റിങ്ങ് മോതിരവിരലിൽ കയറ്റിയിട്ട് അവൻ ലൈറ്ററും സിഗരറ്റ് പാക്കറ്റും പുറത്തെടുത്തു. ഒരെണ്ണമെടുത്ത് കത്തിച്ചു. മരത്തിൽനിന്നു താഴേയ്ക്ക് നോക്കിയ കുഞ്ഞെൽദോ സിഗരറ്റ് എരിയുന്നത് മാത്രം കണ്ടു. ബെൻ അഫ്ലക്ക് കണ്ണടച്ച് സിഗരറ്റ് വലിക്കുന്ന മീം അവന്റെ മനസ്സിൽ തെളിഞ്ഞു. അവന് ആദ്യം ചിരിയും പിന്നെ കരച്ചിലും വന്നു. ഫിലിപ്പിന്റെ ഹാളിലെ 55 ഇഞ്ച് ഒ.എൽ.ഇ.ഡി ടി.വിയിൽ ഏതോ ഫോറിൻ പടത്തിലെ നായകനെപ്പോലെ ബേസിൽ സിഗരറ്റ് വലിക്കുന്ന ഷോട്ട് വ്യക്തമായിരുന്നു. ഫ്രെയിമിൽ മതിൽ, മൂലയിൽ ഇലകളുടെ നിഴലനക്കം... റൂൾ ഓഫ് തേഡ് കൃത്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com