

സമവാക്യങ്ങളിലെ എക്‌സിന്റെ വില കണ്ടുപിടിക്കുന്നത് കുട്ടിക്ക് രസമുള്ള കാര്യമായിരുന്നു. ചരമായി ഒരു എക്‌സ് മാത്രമുള്ള രേഖീയ സമവാക്യമാണെങ്കില്‍ മിക്കവാറും ഒറ്റനോട്ടത്തില്‍ അവള്‍ക്ക് ഉത്തരം പിടികിട്ടും. ദ്വിമാനത്തില്‍ എക്‌സ് വരുന്ന ഗണിതപ്രശ്‌നങ്ങളുടെ കുരുക്കഴിക്കേണ്ട ചോദ്യങ്ങളുമുണ്ട്. അന്നേരം സൂത്രവാക്യം പ്രയോഗിക്കണം. കണക്ക് എഴുതി ചെയ്യേണ്ടിവരും. ചിലപ്പോള്‍ വാസ്തവത്തിലുള്ള സംഖ്യയായി എക്‌സ് പ്രത്യക്ഷപ്പെടുന്നു. മറ്റു ചിലപ്പോള്‍ സാങ്കല്പികത കലര്‍ന്ന സമ്മിശ്ര സംഖ്യകളാകും കിട്ടുക. അത്തരത്തിലുള്ള എക്‌സിനെക്കുറിച്ച് ആലോചിച്ചിരിക്കുകയായിരുന്നു അവള്‍. യഥാര്‍ത്ഥത്തില്‍ അക്കങ്ങള്‍ക്കു തൊട്ടറിയാവുന്ന നിലനില്‍പ്പില്ല. അതു പോരാഞ്ഞിട്ടാണ് അവയ്ക്കിടയില്‍ പിന്നെയും സാങ്കല്പിക സംഖ്യകളുടെ അനന്തഗണം! ആലോചിക്കുന്തോറും നേരിയ തലചുറ്റല്‍പോലെ.
വീടിന്റെ മുകളിലത്തെ നിലയിലുള്ള മുറിയില്‍ ഇരിക്കുകയായിരുന്നു കുട്ടി. മേശപ്പുറത്ത് നിരത്തിയിട്ട പാഠപുസ്തകങ്ങള്‍ക്കു മുന്നില്‍. ഉറങ്ങുന്നതിനു മുന്‍പ് നാളേക്കുള്ള പണികള്‍ ചെയ്തു തീര്‍ക്കാനുണ്ട്.
അവള്‍ കസേരയില്‍നിന്നെഴുന്നേറ്റ് പഠനമുറിയുടെ ജനല്‍ തുറന്നിട്ടു. പുറത്ത് വേനല്‍രാത്രിയുടെ ചൂടും അനക്കമില്ലായ്മയും. മുന്‍വരാന്തയില്‍നിന്നും മുറ്റത്തേയ്ക്ക് നീളുന്ന വെളിച്ചം. പുല്ല് പടര്‍ന്ന പൂച്ചട്ടികള്‍. മതിലിനോട് ചേര്‍ന്നുനില്‍ക്കുന്ന ഒട്ടുമാവിന്റെ തൈ. അടച്ചിട്ട ഗേറ്റ്. അതിനരികിലെ പാതവിളക്ക്. ഇടവഴിയിലൂടെ പോകുന്ന അടുത്ത വീട്ടിലെ പൂച്ച. വഴിക്കപ്പുറത്തുള്ള അയല്‍വീടുകളുടെ അടഞ്ഞ വാതിലുകളും കര്‍ട്ടനിട്ട ജാലകങ്ങളും കുട്ടിയെ മൂകമായി നോക്കി. ഉഷ്ണകാലത്തിന്റെ തളര്‍ച്ചയില്‍ എല്ലാം മയക്കത്തിലേക്കു വീഴുന്ന സമയം.
ജനലഴികളില്‍ പിടിച്ച് കുട്ടി മുഖമുയര്‍ത്തി. നിലാവില്ലാത്ത ആകാശത്തില്‍ ഒട്ടേറെ നക്ഷത്രങ്ങള്‍ വിതറിക്കിടപ്പുണ്ട്. സാങ്കല്പിക സംഖ്യകളുടെ അപാരശ്രേണികളെ ഓര്‍മ്മിപ്പിച്ച്.
ജനാലയില്‍നിന്നു തിരിഞ്ഞപ്പോള്‍ വസ്ത്രങ്ങള്‍ അടുക്കിയ അലമാരയില്‍ പതിച്ച കണ്ണാടിയില്‍ കുട്ടി തന്നെ കണ്ടു. നീലപ്പുള്ളിക്കുത്തുകളുള്ള ഉടുപ്പിട്ട് മുടി രണ്ടായി പിന്നിയിട്ട മെലിഞ്ഞ രൂപം കുട്ടിയെ ശാസിച്ചു: നീയെന്താണ് ഇത്രമാത്രം ചിന്തിക്കുന്നത്? വേഗം കണക്ക് ചെയ്തു മുഴുമിപ്പിക്കാന്‍ നോക്ക്.
അവള്‍ മേശക്കരികിലേക്കു മടങ്ങി.
താഴത്തെ നിലയിലെ സ്വീകരണമുറിയില്‍ ടി.വിയിലെ പാട്ട് കേള്‍ക്കാം. ആ സ്ത്രീ-അമ്മ- കിടന്നിട്ടില്ല. ഇന്നും അവര്‍ക്ക് ഉറക്കമില്ലാത്ത ദിവസമാകുമോ? ചില രാവുകളില്‍ അമ്മ അങ്ങനെയാണ്. മരുന്നു കഴിച്ചാലും ഉറക്കം കിട്ടാതെ വീട്ടിനുള്ളില്‍ പുലരുംവരെ പിറുപിറുത്തു നടക്കും.
ഗേറ്റിന്റെ മുന്‍പില്‍ ഇരമ്പലോടെ ബൈക്ക് വന്നുനിന്നു. അയാള്‍ -അച്ഛന്‍- എത്തിക്കഴിഞ്ഞു. കിളിയുടെ കൂവലായി കാളിംഗ് ബെല്‍ മുഴങ്ങുന്നത് കുട്ടി കേട്ടു. ഉമ്മറവാതില്‍ തുറക്കുന്നതിന്റേയും കൊട്ടിയടക്കുന്നതിന്റേയും ശബ്ദങ്ങളും.
പഠനമുറിയുടെ പാതി ചാരിയിട്ട വാതിലിലൂടെ അവരുടെ സംഭാഷണങ്ങള്‍ അവ്യക്തമായി മുകളിലേക്കെത്തുന്നു. കുട്ടി എവിടെയെന്ന് അയാള്‍ ചോദിക്കുന്നു. ഉറങ്ങാന്‍ പോയെന്ന് അമ്മ പറയുന്നു. തുടര്‍ന്ന് വര്‍ത്തമാനങ്ങളൊന്നുമില്ല. ടി.വിയില്‍ പട്ടുവസ്ത്രങ്ങളുടെ പരസ്യം.
അല്പം കഴിഞ്ഞ് അത്താഴമേശയില്‍ പാത്രങ്ങളുടെ കലമ്പല്‍ ഉയര്‍ന്നു. ഇന്നു കുഴപ്പങ്ങളൊന്നുമില്ലെന്നു തോന്നുന്നു. അയാള്‍ കുടിച്ചിട്ടില്ല. ആ സ്ത്രീ ഒന്നും പറയുന്നില്ല. ഹോം വര്‍ക്ക് തീര്‍ത്താല്‍ പേടിക്കാതെ കിടന്നുറങ്ങാം.
കുട്ടി ബീജഗണിത സമവാക്യങ്ങളുടെ ഏടുകള്‍ നിവര്‍ത്തി. ആറ് സമീകരണങ്ങളില്‍ വഴുതിമാറാന്‍ ശ്രമിക്കുന്ന എക്‌സിനെ തേടിപ്പിടിച്ച് ഉത്തരങ്ങള്‍ കണ്ടെത്തി. ഗൃഹപാഠം തീര്‍ന്നപ്പോള്‍ മുഖം മേശയിലേയ്ക്ക് ചായ്ചുവെച്ച് അവള്‍ കണ്ണടച്ചു. കണ്‍പോളകള്‍ അല്പാല്പമായി തൂങ്ങി. സ്‌കൂള്‍ മുറ്റത്ത് കൂട്ടുകാര്‍ക്കൊപ്പമുള്ള ഓടിക്കളിയും പാതയില്‍ കുതിക്കുന്ന വാഹനങ്ങളും അയലത്തെ പാണ്ടന്‍പൂച്ചയും ഇടകലര്‍ന്ന ഒരു സ്വപ്നം ആരംഭിച്ചു. സ്‌കൂള്‍ പറമ്പിലെ പൂവരശിന്റെ തണലില്‍ അവള്‍ ഒളിച്ചിരിക്കുകയായിരുന്നു. കൂട്ടുകാര്‍ അവളെ പേരുവിളിച്ചു തേടിനടന്നു. അപ്പോള്‍ നട്ടുച്ചയുടെ മാനത്തുനിന്നും മിന്നിത്തിളങ്ങുന്ന ഒരു എക്‌സ് അവളുടെ മുടിയിഴകളിലേക്കു പാറിവീണു. പിന്നെ വലിയ ഹുങ്കാരത്തോടെ അതു പൊട്ടിത്തെറിച്ചു.
കുട്ടി ഞെട്ടലോടെ ഉണര്‍ന്നു. പൊട്ടിത്തെറിയുടെ ബഹളം താഴത്തെ ഹാളില്‍ നിന്നായിരുന്നു. പാത്രങ്ങള്‍ എറിഞ്ഞുതകര്‍ത്തതാണ്. അവര്‍ തുടങ്ങിക്കഴിഞ്ഞു.
''എടീ... നശിച്ച ജന്തു... നീയെനിക്ക് ഒരിക്കലും മനഃസമാധാനം തരില്ലേ?''
''അതിനു ഞാന്‍ ചാവണം.''
സ്ത്രീ ഉറക്കെ ചിരിക്കുന്നു. അയാള്‍ അലറുന്നു.
കുട്ടി എഴുന്നേറ്റ് മുറിയില്‍ ചുറ്റിനടന്നു. തുറന്നിട്ടിരുന്ന ജനല്‍പാളി അടച്ചു. വീണ്ടും മേശയ്ക്കു മുന്നിലെ കസേരയില്‍ വന്നിരുന്നു. അവള്‍ പെന്‍ ഹോള്‍ഡര്‍ എടുത്തു. അതിലെ പേനകളും പെന്‍സിലുകളും മാറ്റിവെച്ചു. കാലിയായ പെന്‍ ഹോള്‍ഡര്‍ മേശയുടെ നടുവില്‍ കറക്കിവിട്ടു. ചുവന്ന വര്‍ണ്ണത്തിലുള്ള അതിന്റെ വട്ടംകറങ്ങലില്‍ അവള്‍ മനസ്സുറപ്പിച്ചു. ആ ചലനത്തിലേക്ക് ഇമവെട്ടാതെ നോക്കുന്തോറും കുട്ടി സര്‍വ്വവും മറന്നുപോകും. രാത്രിയെ, എക്‌സിനെ, പഠനമുറിയെ, താഴെ അരങ്ങേറുന്ന കോലാഹലങ്ങളെ. സിലിണ്ടര്‍ ആകാരത്തിന്റെ ഭ്രമണത്തിലേയ്ക്ക് ഓരോന്നായി വിഷാദത്തോടെ കൂപ്പുകുത്തുന്നു.
ഇന്‍സ്ട്രുമെന്റ് ബോക്‌സിനരികില്‍ വെച്ച പച്ചനിറമുള്ള ചുറ്റുവളകളില്‍ തട്ടി പെന്‍ ഹോള്‍ഡര്‍ കറക്കം നിര്‍ത്തി ചെരിഞ്ഞുവീണു. അവള്‍ പുസ്തകങ്ങള്‍ പെറുക്കിയടുക്കി.
സ്വീകരണമുറിയില്‍ വഴക്ക് മുറുകിക്കഴിഞ്ഞിരുന്നു. ആ സ്ത്രീ അട്ടഹസിക്കുന്നു. കയ്യില്‍ കിട്ടിയതെല്ലാം അയാള്‍ക്കുനേരെ വലിച്ചെറിയുന്നു.
അയാള്‍ ആക്രോശിക്കുന്നു.
''നിന്നെ കണ്ട ദിവസംതൊട്ട് എന്റെ നാശമാണ്.''
''എന്നാല്‍, നീയെന്നെ കൊല്ലെടാ...''
''എല്ലാറ്റിനേയും ഞാന്‍ കൊല്ലും.''
കുട്ടി ഏതാനും നിമിഷത്തേയ്ക്ക് വെറുങ്ങലിച്ചു. അയാള്‍ കൊല്ലുമോ?
ഇല്ല... അയാള്‍ക്ക് കുട്ടിയെ ഇഷ്ടമാണെന്നു പറഞ്ഞിട്ടുണ്ട്.
ആ സ്ത്രീ എന്നെ കൊല്ലുമോ?
ഇല്ല... കുട്ടിയെ ഇറുകെ പുണര്‍ന്നു മോളെ എന്നു വിളിക്കാറുണ്ട്.
കുട്ടി പിറ്റേന്നേയ്ക്കുള്ള പുസ്തകങ്ങള്‍ ബാഗിലാക്കി. വശത്തുള്ള അറയില്‍ ഇന്‍സ്ട്രുമെന്റ് ബോക്‌സ് തിരുകി. അന്നേരം അവള്‍ക്കുള്ളില്‍ ഒരു വിചാരം മിന്നി. നാളെ സ്‌കൂള്‍ വിട്ടശേഷം ഇങ്ങോട്ട് വരാതെ എങ്ങോട്ടെങ്കിലും പോയാലോ? പക്ഷേ, എവിടേയ്ക്ക് പോകും? ഇവിടംവിട്ട് മറ്റൊരിടത്തേയ്ക്ക്. എങ്ങനെ പോകണം? തീവണ്ടികള്‍ മാറിമാറി കയറി ദൂരെ ദൂരെ എവിടേക്കെങ്കിലും. കാടുകളും കുന്നുകളും പട്ടണങ്ങളും പിന്നിട്ട് ദിവസങ്ങളോളം നീളുന്ന യാത്ര. അനേകം നാടുകള്‍ താണ്ടി അവള്‍ ഒരിടത്ത് എത്തിച്ചേരും. വേറെ സ്ഥലം, വേറെ ആളുകള്‍. അവിടെയുള്ളവര്‍ അവളെ എന്തെങ്കിലും ചെയ്യുമോ? കൊല്ലുമോ? ഇല്ല... പരിചയമില്ലാത്ത ആ ഇടത്തിലെ ആളുകള്‍ നല്ലവരായിരിക്കണം. അവര്‍ കുട്ടിയെ ഉപദ്രവിക്കാനിടയില്ല.
അജ്ഞാതമായ വിദൂരദേശത്തിലെ സ്‌നേഹമുള്ള മനുഷ്യരെ സങ്കല്പിച്ച് കുട്ടി കണ്ണടച്ചിരുന്നു.
സ്വീകരണമുറിയിലെ വാക്കേറ്റം മൂര്‍ദ്ധന്യത്തിലെത്തി. അലര്‍ച്ചയും കരച്ചിലും ശാപവാക്കുകളും. കുറ്റപ്പെടുത്തലും ക്രൂരമായ പരിഹാസവും. വസ്തുക്കള്‍ ഉടഞ്ഞുചിതറുന്നു. ഒട്ടുമിക്ക രാത്രികളിലും അങ്ങനെയാണ്. കുറേക്കഴിഞ്ഞു പാതിരാവാകുമ്പോള്‍
ആ സ്ത്രീയുടെ വിചിത്രമായ ഏങ്ങലുകളില്‍ കലഹം ഒടുങ്ങിത്തീരും. സകലതും ശാന്തമാകും. അപ്പോഴാണ് കുട്ടി ഉറങ്ങാന്‍ പോകാറുള്ളത്. ഇനിയൊന്നും സംഭവിക്കില്ല എന്ന ആശ്വാസത്തില്‍ അവള്‍ പതുപതുത്ത കരടിപ്പാവയെ കെട്ടിപ്പിടിച്ചു തലവഴി മൂടിപ്പുതച്ചു കിടക്കും. യാതൊന്നും ചെയ്യാന്‍ പറ്റാത്തതിലുള്ള കുറ്റബോധത്തോടെ. സ്വയം മാഞ്ഞുപോകാന്‍ കഴിവുള്ള മന്ത്രവിദ്യ കൈവശമാക്കാന്‍ കൊതിച്ച്. അദൃശ്യനാകാന്‍ പുതയ്ക്കുന്ന മേലങ്കി ഹാരി പോട്ടര്‍ അവള്‍ക്ക് നല്‍കിയിരുന്നെങ്കില്‍.
കുട്ടിയുടെ അമ്മയ്ക്ക് ഭ്രാന്താണെന്നു കൂട്ടുകാര്‍ അവളെ കളിയാക്കാറുണ്ട്. അമ്മ ഡോക്ടറെ കാണുന്നുണ്ടെന്നും മരുന്നു കഴിക്കുന്നുണ്ടെന്നും കുട്ടിക്ക് അറിയാം. അയാള്‍ ആ സ്ത്രീയെ എപ്രകാരമോ ചതിച്ചെന്നും അങ്ങനെ ഭ്രാന്തായതാണെന്നും അവരുടെ തര്‍ക്കങ്ങളില്‍നിന്നും കുട്ടി ഊഹിച്ചിട്ടുണ്ട്. കുട്ടിയാണ് അവര്‍ക്കിടയിലെ ഒരേയൊരു തടസ്സം. ഇല്ലെങ്കില്‍ എന്നേ പിരിഞ്ഞു പോകുമായിരുന്നെന്ന് അയാള്‍ പറയുന്നത് അവള്‍ പലതവണ കേട്ടിട്ടുണ്ട്.
ഒരിക്കല്‍ കുട്ടി അയാളോട് ചോദിക്കുകയും ചെയ്തു: ഞാന്‍ ജനിച്ചിട്ടില്ലെങ്കില്‍ അച്ഛനു പോകാമായിരുന്നു അല്ലേ?
അയാള്‍ കരഞ്ഞു. കുട്ടിക്കും സങ്കടം വന്നു.
വേറൊരിക്കല്‍ കുട്ടി ആ സ്ത്രീയോട് ചോദിച്ചു:
എന്റെ കൂട്ടുകാരുടെ വീട്ടിലൊക്കെ സന്തോഷം ഉണ്ടല്ലോ. നമ്മുടെ വീട്ടില്‍ മാത്രം എന്താ സന്തോഷം ഇല്ലാത്തത്, അമ്മേ?
ആ സ്ത്രീ തേങ്ങി. കുട്ടിക്കും കരച്ചില്‍ വന്നു.
മേശപ്പുറത്തു തിരിച്ചുവിട്ട ചുവന്ന പെന്‍ ഹോള്‍ഡര്‍ കറങ്ങിക്കറങ്ങി മേശയുടെ വക്കിലേക്ക് നീങ്ങി. അറ്റത്ത് ചാഞ്ഞും ചെരിഞ്ഞും ആടിക്കൊണ്ടിരിക്കുകയാണ്. വക്കില്‍നിന്നും അതു തെന്നിവീഴുമോ? ആകാംക്ഷയോടെ ശ്വാസമടക്കി കുട്ടി നോക്കിയിരുന്നു. ക്രമേണ കറക്കത്തിന്റെ വേഗത കുറഞ്ഞ് അതു മേശപ്പുറത്തുതന്നെ പതിച്ചു. പെന്‍ ഹോള്‍ഡര്‍ സാവകാശം അങ്ങോട്ടും ഇങ്ങോട്ടും ഉരുണ്ട് നിശ്ചലമായി. കുട്ടിക്ക് സമാധാനമായി.
അപ്പോഴാണ് താഴത്തുനിന്നു വലിയൊരു നിലവിളി കേട്ടത്.
അയ്യോ... കൊല്ലുന്നേ...
ഉടനെത്തന്നെ ആ നിലവിളി നിലച്ചു.
കുട്ടി അനക്കമറ്റിരുന്നു. സ്വീകരണമുറിയില്‍ ഒച്ചയൊന്നുമില്ല. ടി.വിയുടെ ശബ്ദം പോലുമില്ല. പരിപൂര്‍ണ്ണ നിശ്ശബ്ദത.
കുട്ടി ചാരിയ വാതില്‍ സാവകാശം തുറന്നു. തളത്തിലേക്കു കടന്നു. കോണിപ്പടികളിലെ അരണ്ട ഇരുട്ടിലൂടെ കീഴേയ്ക്ക് നോക്കി. ആരെയും കണ്ടില്ല. യാതൊരു അനക്കവുമില്ല. ഹാളിലെ വെട്ടിത്തിളങ്ങുന്ന വെളിച്ചം മാത്രം.
ആ വെളിച്ചത്തില്‍ കോണിപ്പടിയുടെ ചുവട്ടിലേയ്ക്ക് തറയിലൂടെ ഒഴുകിപ്പരക്കുന്ന ചോരയെത്തി.
കുട്ടി കാലടികള്‍ സൂക്ഷിച്ചു നിലത്തുകുത്തി തന്റെ മുറിയിലേയ്ക്ക് തിരിച്ചുപോയി. വാതില്‍ മുറുകെയടച്ച് കുറ്റിയിട്ടു. താക്കോലെടുത്ത് താഴ് പൂട്ടി. ലൈറ്റ് കെടുത്തി. കുറച്ചുനേരം ചെവി വാതില്‍പാളിയോടു ചേര്‍ത്തുവെച്ചു നിന്നു. എന്തെങ്കിലും കേള്‍ക്കാനുണ്ടോ?
ആദ്യമൊന്നും കേട്ടില്ല. പിന്നീട് ഗോവണിയുടെ മരപ്പടികളില്‍ കാലുകള്‍ അമരുന്ന ഞരക്കം കേട്ടു. അതിനൊപ്പം കുട്ടി വിറച്ചു. എങ്ങോട്ട് രക്ഷപ്പെടും? കട്ടിലിനടിയിലെ പെട്ടികള്‍ക്കിടയില്‍ ചുരുണ്ടുകിടന്നാലോ? പുഴുവോ പഴുതാരയോ പൂച്ചിയോ ആയി കട്ടില്‍ക്കാലിനും നിലത്തിനും ഇടയിലുള്ള നേര്‍ത്ത വിടവില്‍ എന്നന്നേക്കുമായി മറഞ്ഞിരിക്കാന്‍ കുട്ടിയുടെ മനസ്സ് വെമ്പി. അല്ല, അതുപോരാ... പേരും ശരീരവുമില്ലാത്ത പ്രാണിയായി മാറണം.
പഠനമുറിയുടെ വാതിലില്‍ പതുക്കെയുള്ള മുട്ടലുകള്‍. അവ അക്ഷമയോടെ ഉച്ചത്തിലാവുകയാണ്.
അവള്‍ കുളിമുറിയില്‍ കയറി. അതിന്റെ വാതിലും കൊളുത്തിട്ട് ഭദ്രമാക്കി. വെള്ളം നിറച്ച ബക്കറ്റ് നിരക്കി വാതിലിലേക്ക് അമര്‍ത്തിവെച്ചു.
കൊല്ലുകയാണെങ്കില്‍ എങ്ങനെയായിരിക്കും കൊല്ലുക? മടവാള്കൊണ്ട് കഴുത്തില്‍ വെട്ടി? കയറ് മുറുക്കി ശ്വാസംമുട്ടിച്ച്? അതോ തീ കൊളുത്തി? കൊടുംഭയത്തിന്റെ ചുഴിയില്‍ മുങ്ങിപ്പൊങ്ങുമ്പോള്‍ പലതരം മരണങ്ങള്‍ കുട്ടിക്കുള്ളില്‍ ഭീകരാകൃതികളില്‍ വന്നുനിരന്നു.
കുളിമുറിയുടെ ഇരുണ്ട മൂലയില്‍ കിതയ്ക്കുന്ന ഹൃദയവുമായി കുട്ടി കൂനിയിരുന്നു. ഏതു നിമിഷവും എല്ലാ വാതിലുകളും പൊളിച്ചു വരാവുന്ന എക്‌സിനെ കാത്തിരിക്കുന്ന നേരത്ത് - അന്നത്തെ രാത്രിയില്‍ - അവള്‍ പെട്ടെന്ന് മുതിര്‍ന്ന പെണ്ണായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates