

എന്ത് ചോദിച്ചാലും “ഓ അങ്ങനെ മാത്രയിരിക്കില്ല” എന്നവർ എല്ലായ്‌പോഴും പറയും. എല്ലാത്തിനും മറ്റൊരു വശമുണ്ട് അല്ലെങ്കിൽ ഒരുപാട് വശങ്ങൾ ഉണ്ടെന്ന്. അവരങ്ങനെ സംസാരിക്കുമ്പോഴൊക്കെ ശൂന്യതയ്ക്ക് ത്രിമാന - ചതുര്‍മാന ഗ്രാഫുകൾ വരയ്ക്കുന്ന കുട്ടികളുടെ പെൻസിൽ തുമ്പുകൾ ഓർമ്മവരും. ഓർമ്മകളുടെ പകുതിയും ഞാൻ പഠിപ്പിച്ച കുട്ടികളുടെ മുഖങ്ങളാണ്. എന്റെ സത്യങ്ങളും മൂല്യങ്ങളും ഭയവുമെല്ലാം ആ മുഖങ്ങളാണ്. കഴിഞ്ഞ ദിവസം പനീർ പറാത്ത മടക്കി അടുക്കിയ കാസറോൾ തുറന്നപ്പോഴും അംബിക അത് വീണ്ടും പറഞ്ഞു: “അത് അങ്ങനെ തന്നെ ആവണം എന്നില്ല. ചില സത്യങ്ങൾ ഓർമ്മകൾ മാത്രമാണ്. അതിനു തെളിവുകൾ കാണണം എന്നില്ല. ഓർമ്മകൾക്ക് തെളിവുകൾ തേടുന്നത് മണ്ടത്തരമാണ്. മറ്റുള്ളവരെ വിശ്വസിക്കാനുള്ള ഭയം കൊണ്ടാണ് എല്ലാത്തിനും തെളിവുകൾ വേണം എന്നു പറയുന്നത്, അല്ലേ?”
ഒരു പ്ലേറ്റിലേക്ക് പറാത്തയും തൈരും വിളമ്പി അവരെനിക്ക് തന്നു. “എല്ലാരേയും വിശ്വസിക്കാൻ പറ്റില്ലല്ലോ.” ഞാൻ തിരികെ ചോദിച്ചു. എന്നെ നോക്കി ഒന്നു ചിരിച്ച ശേഷം അവർ അവരുടെ പ്ലേറ്റിലേക്കും അവർ പറാത്ത വിളമ്പി. മലയാളിയാണെങ്കിലും അവർക്ക് പല നോർത്ത് ഇന്ത്യൻ വിഭവങ്ങളും രുചികരമായി പാകം ചെയ്യാനറിയാം. ഇടയ്ക്ക് നമുക്ക് ഒരു കൊച്ചു ഭക്ഷണശാല തുറന്നാലോ എന്നവർ എന്നോട് ആവേശത്തോടെ ചോദിക്കുകയും ചെയ്തു. ഭാവിയിൽ ചിലപ്പോൾ അവരത് ചെയ്തേക്കും. ചെലവഴിക്കാൻ അത്രയും ഊർജ്ജവും കൊണ്ടുനടക്കുന്ന സ്ത്രീകളെ ഞാൻ അധികം കണ്ടിട്ടില്ല. ഇപ്പോൾത്തന്നെ നോക്കൂ, മുഴുവൻ സുഖപ്പെടാത്ത പൊട്ടലുള്ള കാൽപ്പാദവും ഊന്നിയാണ് അവർ പാർക്ക് വരെ വരുന്നത്.
എന്റെ ഫ്ലാറ്റിനെതിരെയാണ് അവർ താമസിക്കുന്ന ഫ്ലാറ്റ്. ഞങ്ങളുടെ ഫ്ലാറ്റുകൾക്കിടയിലെ തിരക്കുള്ള റോഡിൽ 24 മണിക്കൂറും വണ്ടികൾ ചീറിപ്പായുന്നു. എന്റെ ഫ്ലാറ്റ് താര തമ്യേന പുതിയ ഒന്നാണ്.
നാട്ടിലുള്ളതെല്ലാം വിറ്റുപെറുക്കി മകൾക്കായി വാങ്ങിയ ഫ്ലാറ്റ്. മകളും കുടുംബവും ജോലിയും മറ്റ് അഭിലാഷങ്ങളുമായി വിദേശത്തേയ്ക്ക് പോയപ്പോൾ കൂടെച്ചെല്ലാൻ നിർബ്ബന്ധിച്ചിട്ടും എനിക്ക് പോകാൻ തോന്നിയില്ല. എങ്ങനെ ഞാൻ ഇവിടെ ഒറ്റയ്ക്ക് കഴിയും എന്ന് മകൾ എല്ലാ ഫോൺ വിളികളിലും വിഷമിച്ചു. ഞാൻ ഒറ്റയ്ക്കാവരുത് എന്നവൾക്ക് നിർബ്ബന്ധമുണ്ട്. എന്നെ ഇവിടെ പിടിച്ചുനിർത്തിയിരിക്കുന്നത് ഇന്നാട്ടിലെ ദുർഗന്ധംപോലുമാണെന്ന് ചിലപ്പോൾ തോന്നും.
മകൾ പറഞ്ഞിട്ട് ഇവിടെ ഗർഭിണികളുടെ മനസികാരോഗ്യത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയിൽ പകൽ പോകാൻ തുടങ്ങി. അംബികയെ ഞാൻ അങ്ങനെയാണ് പരിചയപ്പെടുന്നത്. അവർ സ്വന്തം നിലയിൽ തുടങ്ങിവെച്ച ഒരു സ്ഥാപനമാണത്. സ്ഥാപനം എന്നു പറയുമ്പോൾ പത്തിൽ താഴെ സ്ത്രീകൾ പണിയെടുക്കുന്ന അയഞ്ഞ ഒരു കൂട്ടം. രണ്ടു പേർ മാത്രമാണ് സ്ഥിരമായി ശമ്പളത്തിൽ ജോലി ചെയ്യുന്നത്. ബാക്കിയുള്ളവർ സന്തോഷത്തിനോ കൂട്ടം ചേരലിനോ ഒക്കെയായി ആ ജോലിയെ കാരണമാക്കുന്നു. അംബിക ഒറ്റത്തടിയാണ് എന്നാണ് ഞാൻ ആദ്യം കരുതിയത്. ഭർത്താവുണ്ട്. മകൻ ഭർത്താവിനൊപ്പം ദുബൈയിലാണ്. മകനും അവിടെ ഭർത്താവിനൊപ്പം ബിസിനസിൽ ആണ്. ഇടയ്ക്ക് അവർ അവരോട് ഇംഗ്ലീഷിലും മലയാളത്തിലും ഹ്രസ്വമായി ഫോൺ സംസാരത്തിൽ ഏർപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്. കൂടുതൽ സമയവും അവർ ഗര്‍ഭിണികളുടെ മാനസികോല്ലാസത്തിനായി വിവിധതരം ക്ലാസുകൾ തരപ്പെടുത്തുന്നതിന്റെ തിരക്കിലായിരിക്കും. അല്ലാത്തപ്പോൾ ചേരികളിൽ പോയി പാവപ്പെട്ട ഗര്‍ഭിണികളോട് സംസാരിക്കുന്നു, കഴിയുന്ന സഹായങ്ങൾ തരപ്പെടുത്തിക്കൊടുക്കുന്നു. ഗര്‍ഭിണികളോട് അവരുടെ മകൾ എന്ന നിലയ്ക്കാണ് അവർ സംസാരിക്കുക. എനിക്ക്
പെണ്‍മക്കളില്ല, മകൻ വിവാഹം കഴിച്ചിട്ട് വേണം ഒരു മോളെ കിട്ടാൻ എന്നവർ എപ്പോഴും പറയും.
പരിചയപ്പെട്ട് രണ്ടാഴ്ചകൾക്കുശേഷം ഞങ്ങൾ ഈ പാർക്കിലെ കൂടിക്കാഴ്ച തുടങ്ങി. അംബികയ്ക്ക് തിരക്കില്ലാത്ത വൈകുന്നേരങ്ങളിൽ ആറര മണിയോടടുപ്പിച്ച് ഒത്തുകൂടും, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. ഏഴു മണിക്ക് മുന്നേ അത്താഴം കഴിക്കുന്നത് ആരോഗ്യത്തിനു ഗുണം ചെയ്യുമെന്ന് അവർ എന്നോട് പറഞ്ഞു. കേരളാ ശൈലിയിലുള്ള മീൻ, പച്ചക്കറി വിഭവങ്ങൾ ഞാൻ പാകം ചെയ്യുന്നത് അവർക്ക് വളരെ പ്രിയമാണ്. അവരോടൊത്ത് എത്ര സമയം ചെലവഴിക്കുന്നതും എനിക്ക് വളരെ ഇഷ്ടമാണ്. എന്റെ ചെറുപ്പകാലത്തുകൂടി എനിക്ക് ഇത്രയും നല്ലൊരു കൂട്ടുകാരിയെ കിട്ടിയിട്ടില്ല. പ്രായം ഞങ്ങളെ രണ്ടു പേരെയും സ്നേഹത്തോടെ ചേർത്തുവയ്ക്കുന്നു. അവരെ കണ്ടുമുട്ടുന്നതുവരെ അമ്പലത്തില്‍ പോക്കല്ലാതെ രാവിലെ എണീറ്റാൽ എന്തുചെയ്യണം എന്ന് എനിക്ക് ഒരു രൂപവും ഉണ്ടായിരുന്നുമില്ല. അവർ എന്നെപ്പോലെ അത്രയും ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ടാവില്ല എന്നാണ് ഞാൻ കരുതുന്നത്.
“കഴിയുന്നിടത്തോളം ആൾക്കാരെ അവിശ്വസിക്കുന്നത് കുറയ്ക്കണം. എപ്പോഴാണ് അനാവശ്യമായി നമ്മൾ ആൾക്കാരുടെ പ്രതീക്ഷകളെ തകിടംമറിക്കുന്നതെന്നു നമ്മൾ അറിയില്ല.”
“അവിശ്വസിക്കുന്നതും സംശ യിക്കുന്നതും നമ്മുടെ അതിജീവനത്തിന്റെ ഭാഗമല്ലേ? ഒരു ടീച്ചർ ആയിരുന്നതുകൊണ്ട് എനിക്കറിയാം കുട്ടികളെ വിശ്വസിക്കുമ്പോഴും സംശയത്തിന്റെ ഒരു മറ അവരുടെ സുരക്ഷിതത്വത്തിന് വളരെ അത്യാവശ്യം ആയിരുന്നെന്ന്. എന്നിട്ടും കുട്ടികൾ എത്രയാ എന്നെ പറ്റിച്ചിരിക്കുന്നത്.”
“എന്നാലും ഒരു സംശയത്തിന്റെ പേരിൽ ഏതെങ്കിലും കുട്ടിയെ ശകാരിച്ചിട്ടുണ്ടെങ്കിൽ ആ കുട്ടി ജീവിതകാലം മുഴുവൻ അത് മറക്കില്ല. ആ അദ്ധ്യാപികയേയും, അല്ലേ...?”
“അതു ശരിയാണ്...” ഞാൻ പാർക്കിലെ തിരക്ക് നോക്കിയിരുന്നു.
സ്ഥിരമായി ഒരുപാടു വസ്തുക്കൾ കടയിൽനിന്നും വാങ്ങി കൂട്ടുകാർക്ക് സപ്ലൈ ചെയ്തിരുന്ന പെൺകുട്ടിയെ എനിക്കോർമ്മ വന്നു. എന്നും അവളുടെ വീട്ടിൽനിന്നും കാശു കൊടുക്കും എന്നവൾ കൂട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചു. സ്റ്റാഫ്റൂമിൽ എന്റെ മുന്നിൽ അവൾ വിടർന്ന കണ്ണുകളോടെ വീണ്ടും കള്ളം പറഞ്ഞു. വീട്ടുകാരെ വിളിപ്പിക്കേണ്ടിവരും എന്നു പറഞ്ഞപ്പോൾ അവൾ കൂസലില്ലാതെ നിന്നു. അവൾക്കമ്മയില്ല. എന്തിനാണ് വീട്ടിൽനിന്നും കാശു മോഷ്ടിക്കുന്നതെന്ന് ഞാനവളോട് ചോദിച്ചു. ഞാൻ കാശ് എടുക്കുന്നു എന്ന കാര്യം ആർക്കും അറിയില്ല. പിന്നെയെങ്ങനെയാണ് അതു കളവാകുക? അവൾ എന്നോട് തിരികെ ചോദിച്ചു. ഒരിക്കൽ അതറിയുമെന്ന് ഞാൻ പറഞ്ഞപ്പോൾ ഒരിക്കൽ ആരെങ്കിലും അതറിയിക്കും എന്ന് അവൾ തർക്കുത്തരം പറഞ്ഞു. അപ്പോൾ ഞാൻ അതെടുത്തെന്നു സമ്മതിച്ചാലും അതു കളവാകുമോ? എന്റെ
വീട്ടിൽനിന്നു ഞാൻ കുടയെടുത്തു പോരുമ്പോൾ അതു കളവാണോ? നിഷ്‌കളങ്കതയാണോ അതോ തത്ത്വജ്ഞാനമാണോ അവളെക്കൊണ്ട് അങ്ങനെ പറയിച്ചതെന്ന് എനിക്കു പറയാനാവില്ല. ചെലവാക്കിയ പണം എങ്ങനെ തിരികെ ഉണ്ടാക്കുമെന്നു ചോദിക്കാൻ ഞാൻ മിനക്കെട്ടില്ല. ഞാൻ അവളുടെ അച്ഛനെ വിളിപ്പിച്ചു. അയാൾ എന്റെ മുന്നിൽ അമ്പരന്നുനിന്നു. അവൾക്കെടുക്കാൻ പാകത്തിന് അയാളുടെ പക്കൽ കാശൊന്നുമുണ്ടായിരുന്നില്ല.
ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരൻ ആയിരുന്ന ഒരാൾ. ആദ്യമായി ദേഷ്യപ്പെടുമ്പോലെ അയാളുടെ മുഖം കരച്ചിലിന്റെ വക്കത്തെത്തി. കുട്ടി ഒന്നു പതറി. ആരാണ് അവൾക്കു പണവും വസ്തുക്കളും കൊടുക്കുന്നതെന്നയാൾ ചോദി ച്ചു. അവൾ ഒരു പുരുഷന്റെ പേര് പറഞ്ഞു. അയാൾ വാ തുറന്നുനിൽക്കുന്നതു കണ്ട് അതാരാണെന്നു ഞാൻ ആരാഞ്ഞു. അവനെ ഞാൻ കൊല്ലും, അയാൾ അലറി. ആദ്യമായി അലറുംപോലെ. അയാളുടെ സുഹൃത്തായ ഒരാൾ വീട്ടിൽ സ്ഥിരം വരാറുണ്ട്. അയാൾ കുട്ടിയെ മയക്കിയെടുത്തിരിക്കുകയാണ്. പിന്നീട് അവളോട് സംസാരിച്ചതിൽനിന്നും അവളെ കല്ല്യാണം കഴിക്കാമെന്ന് വാക്കുകൊടുത്ത് തൊടുകയും മറ്റുമൊക്കെ ചെയ്യുന്നുണ്ട് എന്നവൾ സമ്മതിച്ചു. അമ്മയില്ലാത്ത കുട്ടി എന്ന് എനിക്ക് അവളോട് സങ്കടം തോന്നി. പിന്നീട് അവളുടെ അച്ഛൻ വന്നു ടി.സി വാങ്ങിപ്പോയി. കുട്ടിയെ അവളുടെ അമ്മൂമ്മയുടെ അടുത്തുകൊണ്ടാക്കി. ഞാൻ അവളെ കുറ്റക്കാരി ആക്കിയില്ലെങ്കിൽക്കൂടി എനിക്കവളെപ്പറ്റി ആലോചിക്കുമ്പോൾ ഇപ്പോഴും വിഷമം തോന്നും. അവളുടെ വിടർന്ന കണ്ണുകളും കൂസലില്ലായ്മയും അമ്മയുടെ സ്പർശം നഷ്ടപ്പെട്ട ബാല്യവും എന്നെ ഇപ്പോഴും വിഷമിപ്പിക്കുന്നു.
“അവളിപ്പോൾ വളർന്നു മിടുക്കിയായിക്കാണും. ചിലപ്പോൾ അവൾക്ക് മക്കളും കുടുംബവും ഒക്കെ കാണും.” അംബിക എന്നെ നോക്കി ചിരിച്ചു.
“നമ്മുടേതാണെങ്കിലും അന്യരുടേതാണെങ്കിലും കുട്ടികൾ വല്ലാത്തൊരു വർഗ്ഗമാണ്. അവരെക്കുറിച്ചുള്ള ഓർമ്മകൾ ഭൂമിയിലെ ജീവിതവുമായി ഒത്തുപോകാറില്ല. എന്റെ ജീവിതത്തിന്റെ വലിയൊരു പങ്ക് കുട്ടികളോടൊത്ത് പങ്കിട്ട ഒരാൾ എന്ന നിലയ്ക്ക് എനിക്കത് പറയാൻ കഴിയും. ഞാൻ എന്നോ ഒരു കുട്ടിയായിരുന്നെന്ന് അംഗീകരിക്കാൻ ഇപ്പോഴും കഴിയാറില്ല. ഒരൊറ്റ ദിവസംകൊണ്ട് ഞാൻ കുട്ടിയല്ലാതായി മാറുന്ന ഒരു മാജിക് ആരോ ചെയ്തു എന്ന തോന്നലാണിപ്പോൾ. മരണത്തിനപ്പുറം എന്റെ ബാല്യകാലജീവിതം ഇപ്പോഴും എന്നെ കാത്തിരിക്കുന്നെന്നു ഞാൻ വിചാരിക്കും. അല്ലാതെ മരണത്തിനപ്പുറം സ്വർഗ്ഗനരകങ്ങൾ ഒന്നും തന്നെയില്ല.”
ഞാനത്രയും പറഞ്ഞപ്പോൾ ഞാനറിയാതെ ദീർഘമായി നിശ്വസിച്ചുപോയി. എന്നെ കേൾക്കാൻ ഒരാളുണ്ടായിരിക്കുന്നു. ഭർത്താവിനോടുപോലും എനിക്കിങ്ങനെ തുറന്നു സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. എന്നെ നോക്കിയിരിക്കുന്ന അംബികയോട് എനിക്ക് അഗാധമായ സ്നേഹം തോന്നി. അങ്ങനെ അവർ നോക്കിയിരുന്നത് എന്നെയാണെന്ന് എനിക്കു തോന്നിയതാണ്. അവരുടെ ചിന്ത ദൂരെ മറ്റേതോ ലോകത്തായിരുന്നു.
“എന്ത് പറ്റി?” ഞാൻ പുഞ്ചിരിച്ചു.
അവർ കണ്ണുകൾകൊണ്ട് ഒന്നുമില്ലെന്നു കാണിച്ചു. ചെറുപ്പത്തിൽ അവർ അതിസുന്ദരി ആയിരുന്നിരിക്കുമെന്ന് എനിക്കു തോന്നി.
“റോസിലിയുടെ ഗര്‍ഭകാലം ഇപ്പോൾ ഓർമ്മയുണ്ടോ?”
അവർ പെട്ടെന്നു ചോദിച്ചു. ഞാനപ്പോഴാണ് കുറേക്കാലത്തിനുശേഷം അതേക്കുറിച്ച് ചിന്തിച്ചത്. ഒരു വിത്ത് മുളച്ച് ഫലമായതിനെക്കുറിച്ചുള്ള നേരിയ ഓർമ്മ മാത്രമേ ഇപ്പോഴുള്ളൂ. ഒരു കൊച്ചു ശരീരത്തെ കെട്ടിപ്പിടിച്ച് ലാളിച്ച മണങ്ങൾ. ജീവിതത്തിനകത്തും പുറത്തും കുട്ടികൾ മാത്രമായിരുന്നു എനിക്കെന്നും ഉണ്ടായിരുന്നത്. എന്റെ മകൾ വളർന്നു വലുതായപ്പോഴും ഞാൻ കുട്ടിക്കൂട്ടത്തിന്റെ കൗതുകങ്ങളിലും ഭയങ്ങളിലും ആണ്ടുകിടന്നു.
അംബിക എന്നെത്തന്നെ നോക്കിയിരിക്കുന്നു. അവരുടെ മുഖത്ത് ഭയമാണോ ദുഃഖമാണോ എന്ന് എനിക്കു മനസ്സിലായില്ല. അവർ സംസാരിക്കാനുള്ള പുറപ്പാടാണെന്നു തോന്നി.
“എനിക്ക് 32 വയസ്സുണ്ടായിരുന്നു അന്ന്. ഒരു ഇന്റർനാഷണൽ ന്യൂസ് പേപ്പറിൽ റിപ്പോർട്ടറായിരുന്നു. ഗര്‍ഭകാലത്തിന്റെ ആരംഭം മുതൽതന്നെ ഞാൻ ഛർദ്ദിച്ചു തുടങ്ങി. രാവും പകലും ഛർദ്ദി തന്നെ ഛർദ്ദി. ഇഷ്ടഭക്ഷണങ്ങൾ കണ്ടാൽത്തന്നെ ഓക്കാനിക്കും. നാട്ടിലെവിടെയെങ്കിലും അരി തിളയ്ക്കുന്നത് ഞാൻ ആദ്യം അറിയും. പലതരം ഭക്ഷണങ്ങൾ വേവുന്നത് കാറ്റായി എന്റെ മൂക്കിലെത്തും. എന്റെ മൂക്ക് എന്റെ ശരീരത്തിനും ഭൂമിക്കും മേലെ ചാരപ്പണി ചെയ്യു മ്പോലെയായിരുന്നു അത്. വയറ്റിൽ വളരുന്ന കുഞ്ഞിനു വെള്ളവും പോഷണവും വേണ്ട സമയത്ത് ഗർഭിണികൾ ഛർദ്ദിക്കുന്നത് എന്തുകൊണ്ടാണ്? വയറ്റിലെ കുട്ടിയെ കൊല്ലാൻ ശ്രമിക്കുംപോലെ!
എന്റെ ഭർത്താവ് വര്‍ഷം മുഴുവനും ഇന്ത്യയ്ക്കകത്തും പുറത്തുമായി യാത്രയിലായിരുന്നു. എനിക്കന്ന് അമ്മയില്ലായിരുന്നു. അദ്ദേഹത്തിന്റെ അമ്മ അവരുടെ മകളുടെ ഇരട്ടക്കുട്ടികളുടെ പരിപാലനത്തിലുമായിരുന്നു. മാത്രമല്ല, ഒരേ പ്രായമുള്ള എന്നെ കല്ല്യാണം കഴിച്ചതിൽ അദ്ദേഹത്തിന്റെ വീട്ടിൽ അത്ര നല്ല പ്രതികരണമല്ല ഉണ്ടായത്. ആകെ എനിക്ക് സഹായത്തിനുണ്ടായിരുന്നത് നാട്ടിൽനിന്നും വന്ന അകന്ന ബന്ധത്തിലെ ഒരു സ്ത്രീയായിരുന്നു. സുജാതച്ചേച്ചി. ഗർഭകാലത്തും പണിയെടുക്കുന്ന സ്ത്രീകളെപ്പോലെ ജോലിക്കു പോകാൻ ഞാൻ സന്നദ്ധയായിരുന്നു. ഒന്നാമത് നാട്ടിൽനിന്നും ദൂരെയുള്ള സ്ഥലത്ത് വീട്ടിൽ അടച്ചിരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. അന്ന് റിപ്പോർട്ടർ എന്ന നിലയ്ക്ക് എന്റെ ജീവിതവും തൊഴിലും ഞാൻ ആസ്വദിച്ചിരുന്നു എന്നത് മറ്റൊരു ഘടകമായിരുന്നു. എന്നാൽ, എന്നെ നിരാശയിലാഴ്ത്തിക്കൊണ്ട് ഛർദ്ദി എന്നെ തലങ്ങും വിലങ്ങും ആക്രമിച്ചു. ഞാൻ ലോംഗ് ലീവ് എഴുതിക്കൊടുത്ത് വീട്ടിലെ മുറിയിൽ അടച്ചിരുപ്പായി. വീർത്തുവരുന്ന വയറ്റിലെ അനക്കങ്ങൾ മാത്രമായിരുന്നു എന്റെ ആകെയുള്ള ആശ്രയം. സുജാതച്ചേച്ചി ഞാൻ ഓരോ തവണ ഛർദ്ദിക്കുമ്പോഴും പറയും, കുറച്ചു ദിവസം കൂടിയേ ഇതു കാണൂ. പിന്നെ പെട്ടെന്ന് ഒരു ദിവസം അങ്ങ് നിൽക്കും. പക്ഷേ, നാലും അഞ്ചും മാസം കടന്നിട്ടും ഞാൻ ഛർദ്ദിച്ചുകൊണ്ടേയിരുന്നു. രാത്രിയിലെ ഭക്ഷണം ഛർദ്ദിച്ച വിശപ്പുമായി ഉണർന്നെണീൽക്കുമ്പോൾ പുതിയൊരു ദിവസം ഉന്മേഷത്തിന്റേതായി ഞാൻ പ്രതീക്ഷിക്കും. എനിക്കിഷ്ടപ്പെട്ട ഇഡ്ഡലിയും സാമ്പാറും കഴിക്കാൻ പല്ലുതേച്ചുവെന്നു വരുത്തി ഞാൻ ഡൈനിങ്
ടേബിളിലേക്ക് ഓടും. ആസ്വദിച്ച് കഴിച്ച ഓർമ്മ മാത്രമേ എനിക്ക് ഉണ്ടാകൂ. അടുത്ത നിമിഷം ഞാൻ ടോയ്‌ലെറ്റിലേക്ക് ഓടും. തുറന്ന കമ്മോഡിലേയ്ക്ക് വായിലെത്തി നിൽക്കുന്ന ഛർദ്ദി കമഴ്ത്തും.
ടെററിസ്റ്റ് അറ്റാക്കുകൾ അക്കാലത്ത് നടന്നത് അമേരിക്കയിലോ ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിലോ ആയിരുന്നില്ല. എന്റെ വയറ്റിലാണെന്ന് എന്റെ സുഹൃത്തുക്കൾ ഫോൺ വിളിക്കുമ്പോൾ ഞാൻ തമാശയായി പറയാറുണ്ടായിരുന്നു. ഒരു ജീവനെ ഉരുവാക്കിയെടുക്കുന്ന വേളയിൽത്തന്നെ പ്രകൃതി എന്റെ ജീവനു തുരങ്കം വെച്ചുകൊണ്ടിരുന്നു. ജോലിസ്ഥലത്തെ എന്റെ സുഹൃത്തുക്കൾ എന്നെ വന്നു കാണുന്നത് ഞാൻ എന്തുകൊണ്ടോ എപ്പോഴും ഒഴിവാക്കി. സമ്മർദ്ദത്തിന്റെ ഒരു വാർത്തയും എനിക്ക് താങ്ങുമായിരുന്നില്ല. മാത്രമല്ല, ഗർഭം കറുപ്പിച്ച എന്റെ തൊലിയും ഛർദ്ദിയുടെ ആക്രമണങ്ങളും അവർ അറിയുന്നതിൽ എനിക്ക് കുറച്ചിൽ തോന്നി. എങ്കിലും എന്നത്തേക്കാളും എന്റെ ശരീരത്തെ എനിക്ക് അന്ന് ഇഷ്ടമായിരുന്നു. പാർക്കിൽ നടക്കുമ്പോൾ വീര്‍ത്ത വയറ്റിൽ ആൾക്കാർ ഉറ്റുനോക്കുന്നത് കാണുമ്പോൾ എനിക്ക് സന്തോഷം തോന്നുമായിരുന്നു. സമ്മാനം ഒളിപ്പിച്ച ഒരു പേടകവുംകൊണ്ട് നടക്കുമ്പോലെ. കൂടുതൽ സമയവും ആൾക്കാർ അനുകമ്പയുള്ളവരായി എനിക്ക് അനുഭവപ്പെട്ടു. എങ്കിലും ഉറക്കമില്ലായ്മ എന്നെ പലതരം വിഭ്രാന്തികളിലേയ്ക്കു തള്ളിയിട്ടു. തൈറോയ്ഡ് ഹോർമോൺ ഹൈപ്പർ ആണെന്ന് റിസൾട്ടുകൾ കാണിച്ചുകൊണ്ടിരുന്നു. ഗര്‍ഭകാലത്ത് ചിലർക്ക് അങ്ങനെ ഉണ്ടാകുമത്രേ. എന്റെ ഉറക്കമില്ലായ്മയും നിയന്ത്രണംവിട്ട കരച്ചിലും ബഹളവും കണ്ട സുജാതച്ചേച്ചി ഇതെന്തൊരു പെങ്കൊച്ച് എന്നും പറഞ്ഞ് വെപ്രാളപ്പെടും. എന്റെ പുറത്ത് തടവും. ഒരു ദിവസം അവർ പറഞ്ഞു: “വാ... ഒരിടം വരെ പോയി വരാം.” എവിടേയ്ക്കാണെന്ന് ഞാൻ ചോദിച്ചില്ല. കൂടെപ്പോയി.
ഓട്ടോയിൽ പോകും വഴി അവർ പലരോടായി ഏതോ സ്ഥലം ചോദിച്ചു മനസ്സിലാക്കിക്കൊണ്ടിരുന്നു. ഒരു പ്ലാന്റ് നഴ്‌സറിയിലേക്കാണ് അവർ എന്നെ കൊണ്ടുപോയത്. തിരികെ വരുമ്പോൾ ഓട്ടോ നിറയെ ചെടികളുമായാണ് ഫ്ലാറ്റിന്റെ മുന്നിലിറങ്ങിയത്.
ആ നഗരം ഒട്ടും തന്നെ അറിയുമായിരുന്നില്ലെങ്കിലും സമീപത്തുള്ളവരുടെ ദുരിതം വായിക്കാനുള്ള കഴിവ് സുജാതച്ചേച്ചിക്ക് ആവോളം ഉണ്ടായിരുന്നു. തിരികെ വന്ന അവരും ഞാനും ചേർന്ന് ബാൽക്കണിയിൽ ഒരു കൊച്ചു പൂന്തോട്ടം ഒരുക്കി. ബാൽക്കണിയിൽ വളരെയേറെ സമയം അന്നു ഞാൻ ചെലവഴിച്ചു. രാത്രിയായപ്പോൾ സുജാതച്ചേച്ചി ഉറങ്ങാൻ കിടന്നു. ഇതുപോലെ രണ്ടു ഫ്ലാറ്റുകൾ അന്ന് മുഖാമുഖം നിന്നിരുന്നു. ഒന്നിലായിരുന്നു എന്റെ താമസം. അടുത്ത ഫ്ലാറ്റിലെ അണയുന്ന ലൈറ്റുകൾ നോക്കി ഞാൻ അന്നു രാത്രി ഒരുപാടിരുന്നു. ചെടികൾക്കിടയിൽ ഞാൻ ഒരു കിടപ്പിടം ഒരുക്കി. മിക്കവാറും അവിടെത്തന്നെ ഇരുന്നു, കിടന്നു. എന്റെ ശാരീരിക അസ്വസ്ഥതകൾ കാരണം എനിക്ക് വായിക്കാനോ കാര്യമായി എന്തിലെങ്കിലും ശ്രദ്ധ പുലർത്താനോ കഴിഞ്ഞില്ല. വെറുതെ കണ്ണും തുറന്നു കിടക്കും. തല വേദനിക്കുമ്പോൾ കണ്ണടയ്ക്കും.
എതിരെയുള്ള ഫ്ലാറ്റിന്റെ ഏറ്റവും മുകളിലായി ഒരാൾ ഇരിക്കുന്നത് ഞാൻ കുറെയായി ശ്രദ്ധിച്ചിരുന്നു. ഞാനയാളെ മുന്നും കണ്ടിട്ടുണ്ട്. കുറച്ചടുത്തായുള്ള പബ്ലിക് പാർക്കിൽ അയാൾ പ്രാവുകളെ ഊട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട്. ദരിദ്രരും ദളിതരുമായ മനുഷ്യരുടെ കുട്ടികൾക്കായി പഠനസൗകര്യങ്ങൾ ചെയ്തുകൊടുക്കുന്ന ഒരു സംഘടന അയാൾ മുൻപ് നടത്തിയിരുന്നു. എന്റെ പത്രത്തിൽ ഒരിക്കൽ അയാളെപ്പറ്റി ഒരു ഫീച്ചർ ആർട്ടിക്കിൾ വന്നതോർക്കുന്നു. പ്രായമേറിയപ്പോൾ അയാൾ അതും നിർത്തി. വിമത സ്വഭാവമുള്ള പത്രങ്ങളിൽ ചിലപ്പോഴൊക്കെ അയാളുടെ ഇന്റർവ്യൂകൾ പ്രസിദ്ധീകരിച്ചിരുന്നു. ഒരു ദിവസം അലസമായൊരു വായനകൾക്കിടയിലാണ് അത്തരം ഒരെണ്ണം എന്റെ കണ്ണിൽപ്പെട്ടത്. ഇത്രയും നിശിതമായി ഇന്ത്യൻ സമൂഹത്തെ ഇഴകീറി വിമർശിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നൊരാളെ ഞാൻ ആദ്യമായി വായിക്കുകയായിരുന്നു. അയാളുടെ പാണ്ഡിത്യത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ മനസ്സിലായത് അയാൾ ഉന്നത വിദ്യാഭ്യാസം നേടിയ ഒരാളായിരുന്നു എന്നായിരുന്നു. അയാളുടെ ജാതി അയാളെ പല സ്ഥാനമാനങ്ങൾക്കും അനർഹനാക്കി. നേർച്ചപോലെ വെച്ചുനീട്ടിയത് അയാൾ സ്വീകരിച്ചതുമില്ല. ദളിതരുടെതന്നെ പിന്തിരിപ്പൻ നിലപാടുകൾക്കെതിരെ അയാൾ ആഞ്ഞടിച്ചു. ലിബറലുകളുടെ ഇരട്ടത്താപ്പ് നയങ്ങൾ അയാളെ ചൊടിപ്പിച്ചിരുന്നു. അയാളുടെ പ്രസക്തിയെക്കുറിച്ച് സമൂഹം തിരിച്ചറിഞ്ഞു തുടങ്ങിയപ്പോഴേക്കും അയാൾ പൊതുജീവിതത്തിൽനിന്നും ഏറെക്കുറെ പിൻവാങ്ങിയിരുന്നു. അയാൾക്ക് കുടുംബം ഉണ്ടായിരുന്നോ എന്നാർക്കും അറിയില്ല. അയാളെ കാണുമ്പോൾ പോയി സംസാരിക്കണം എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്റെ വിവരക്കേട് അയാളെ വെറുപ്പിച്ചാലോ എന്നു കരുതി എപ്പോഴും ഞാൻ വേണ്ടെന്നു വയ്ക്കും.
അങ്ങനെ ദൂരെനിന്നുമാത്രം കണ്ടിട്ടുള്ളയാൾ എതിരെയുള്ള ഫ്ലാറ്റിലാണ് താമസിക്കുന്നതെന്ന് അന്നാണ് ഞാൻ അറിഞ്ഞത്. അതിദരിദ്രമായ ഭൂതകാലമുള്ള അയാൾ പാണ്ഡിത്യം കൊണ്ടുമാത്രം സമ്പാദിച്ച സ്വത്തായിരുന്നു ആ പാർപ്പിടം. ആ ഫ്ലാറ്റ് സമുച്ചയത്തിന്റെ അവസാനത്തെ നിലയിലായിരുന്നു അത്. ഏറ്റവും ഉയരത്തിൽനിന്ന് അയാൾ ലോകം കാണുന്നു എന്നു ഞാൻ ചിന്തിക്കും. മിക്കവാറും അയാൾ ആ ബാൽക്കണിയിൽത്തന്നെയുണ്ട്. അയാൾ ഒരു തവണപോലും എതിരെയുള്ള ഫ്ലാറ്റിലേക്ക് നോക്കുന്നത് ഞാൻ കണ്ടില്ല. ആകാശത്തിന്റെ വിദൂരതയിലേക്കാണ് എപ്പോഴും ആ നോട്ടം. ആൾക്കാരിൽ അയാൾക്ക് താല്പര്യം നശിച്ചപോലെ. അയാളുടെ ഏകാന്തതയെ ഭഞ്ജിക്കാതെതന്നെ ഒരുകൂട്ടം പക്ഷികൾ എപ്പോഴും അയാളുടെ ബാൽക്കണിയിൽ തമ്പടിച്ചിരുന്നു. പാർക്കാൻ ഇടം കൊടുത്താൽ അഗതികൾക്കാണോ പഞ്ഞം! അയാളുടെ പക്ഷിപ്രേമം താഴെയുള്ള ഫ്ലാറ്റുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാൻ സാധ്യതയുള്ളത് അയാൾ ചിന്തിക്കുന്നില്ലേ എന്നു സംശയം തോന്നി. അയാൾ പക്ഷികൾക്കു കഴിക്കാൻ ഭക്ഷണം കൊടുക്കുന്നുണ്ടാവണം. വൈകുന്നേരങ്ങളിൽ പരുന്തുകൾ ഫ്ലാറ്റിനു മുകളിൽ ഇരുണ്ടുവരുന്ന ആകാശത്തിൽ വട്ടമിട്ടു പറന്നു. എനിക്ക് ആ കാഴ്ച കൂടുതൽ അസ്വസ്ഥത ഉണ്ടാക്കുമായിരുന്നു. അതൊരു സമാന്തരലോകം പോലെ തോന്നി യെങ്കിലും എനിക്കവിടെ പ്രവേശിക്കാൻ തോന്നിയില്ല. പരുന്തുകൾ വരുമ്പോൾ ഞാൻ കണ്ണടച്ച് കിടക്കും. ആ നഗരത്തിലെ മുഴുവൻ പരുന്തുകളും ആ ഫ്ലാറ്റിലാണ് ചേക്കേറുന്നത് എന്നെനിക്കു തോന്നി. ഉറങ്ങുമ്പോൾ പലപ്പോഴും ഞാൻ പക്ഷികളെക്കൊണ്ട് നിറഞ്ഞ ഒരു ഫ്ലാറ്റിനുൾവശം സ്വപ്നം കണ്ടു.
എന്റെ ബാൽക്കണിയിൽ നിറയെ ചെടി നിറഞ്ഞു. ഇടയ്ക്കും മുറയ്ക്കുമായി ഞാനും സുജാതച്ചേച്ചിയും ചെടികൾ വാങ്ങാൻ നഴ്‌സറിയിൽ പോയി. എനിക്ക് ശാരീരിക അസ്വസ്ഥതകൾ കൂടിക്കൂടി വന്നു. എന്റെ ഭർത്താവും എന്റെകൂടെ വന്നു നിൽപ്പായി. അദ്ദേഹം ഉണ്ടായിരുന്നത് കൂടുതൽ എന്തെങ്കിലും ആശ്വാസം നൽകിയില്ല. എന്റെ ശരീരവും മനസ്സും അതിന് അനുവദിക്കുന്നുണ്ടായിരുന്നില്ല. പനി പിടിച്ചതുപോലെ ദേഷ്യപ്പെട്ട് ഞാൻ ഫ്ലാറ്റിനകത്ത് ഉലാത്തുമായിരുന്നു. എന്തിനെന്നറിയാതെ ബാത്റൂമിൽ പോയിരുന്ന് പൈപ്പ് തുറന്നുവിട്ട് കരഞ്ഞുകൊണ്ടിരിക്കും. എന്റെ കുഞ്ഞു ജനിക്കുമ്പോൾ ഞാനുൾപ്പെടെയുള്ള അവന്റെ എല്ലാ ബന്ധുക്കളും മരിച്ചുപോകുമെന്ന് ഞാൻ വെറുതെ ഭയപ്പെട്ടു. ചിലപ്പോൾ തലയിലൂടെ വെള്ളം കോരിയൊഴിച്ച് ഞാൻ എന്റെ കുഞ്ഞിനുവേണ്ടി പാട്ടുപാടി. അങ്ങനെ സ്ഥലകാല ബോധമില്ലാത്ത ഒരു ഗർഭിണിയായി ഞാൻ മാറി. എന്റെ ഗർഭം മാത്രമായിരുന്നു ഞാൻ. കുറെ പെണ്ണുങ്ങൾ മാത്രമുള്ള ഒരു ദ്വീപിൽ കാച്ചെണ്ണകളുടേയും സുഗന്ധധൂപങ്ങളുടേയും ആഡംബരത്തിൽ ഞാൻ ശുശ്രൂഷിക്കപ്പെടുന്നത് ഞാൻ സിനിമപോലെ ഇടയ്ക്കിടെ കണ്ടു. സ്വപ്നമാവണം, അതോ പകൽഭ്രമമോ എനിക്കറിയില്ല. ഒൻപതാം മാസമായപ്പോൾ ഞാൻ തികച്ചും ഒരു ഭ്രാന്തിയെപ്പോലെയായിരുന്നു.
വൈകുന്നേരങ്ങളിൽ എതിരെയുള്ള ആ മനുഷ്യന്റെ ഫ്ലാറ്റ് നോക്കിയിരുന്ന് ആകാശത്ത് വട്ടമിടുന്ന പരുന്തുകളെ ഞാൻ എണ്ണിത്തുടങ്ങി. ഒരു ദിവസം സുജാതച്ചേച്ചി വൈകുന്നേരം പാല് വാങ്ങാനായി പുറത്തുപോയി. എന്റെ ഭർത്താവ് മുറിയിൽ ഉറങ്ങുകയായിരുന്നു. മഴ പെയ്യുമെന്നു തോന്നി. ആകാശം കുറേശ്ശേ കനത്തുവന്നു. കൊടുങ്കാറ്റടിക്കുമെന്ന പ്രതീതി ജനിപ്പിച്ചുകൊണ്ട് പക്ഷികൾ കൂടുതേടി പറന്നു. കെട്ടിടങ്ങൾക്കിടയിലുള്ള മരങ്ങളിൽ കാറ്റുപിടിച്ചിരുന്നു.
പെട്ടെന്ന് കറന്റ് പോയി. ഫ്ലാറ്റുകളിൽ ചിലതിൽ കുട്ടികൾ കൂകി. ഞാൻ ബാൽക്കണിയിൽ തന്നെയിരുന്നു. എതിരെയുള്ള ഫ്ലാറ്റിലെ അയാൾ അവിടെ ബാൽക്കണിയിലെ റെയിലിംഗ് പിടിച്ച് നിൽപ്പുണ്ടായിരുന്നു. അയാൾ മുകളിലേക്ക് നോക്കി കൈകൊണ്ട് ദൂരേക്ക് ആംഗ്യം കാണിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഓർക്കസ്ട്രാ കണ്ടക്ടറെപ്പോലെ. അയാളെ ചൂഴ്ന്നുകൊണ്ട് ചെറുപക്ഷികളുടെ ഒരു മേളം. രണ്ടു ഫ്ലാറ്റുകളുടേയുമിടയിലായുള്ള ആകാശച്ചാലിൽ പരുന്തുകളുടെ താളാത്മകമായ പറക്കൽ. അവ ഒരു വശത്തുനിന്നു പറന്ന് മറ്റേ അറ്റം എത്തുമ്പോഴേക്കും അയാൾ കൈകൾ വീശും. പരുന്തുകൾ തിരികെ പറക്കും. സ്വപ്നം കാണുകയാണോ എന്നെനിക്കു സംശയം തോന്നി. ഞാൻ കണ്ണടച്ചുപിടിച്ചു കുറച്ചുനേരമിരുന്നു. കണ്ണ് തുറന്നപ്പോൾ അയാളവിടെയില്ല. എനിക്കാശ്വാസം തോന്നി. എനിക്കു തോന്നിയതാണ്. എന്നാൽ, രണ്ടു നിമിഷം കഴിയുന്നതിനു മുന്നേ ഞാൻ ആ കാഴ്ച കണ്ടു. അയാളേയും തൂക്കി ഒരു പറ്റം പരുന്തുകൾ ആകാശത്തിലേക്ക് പറക്കുന്നു. അപ്പോഴേക്കും ആകാശം ഇരുണ്ടിരുന്നു. എങ്കിലും ഞാൻ വ്യക്തമായി അതു കണ്ടു. ചാടിയെഴുന്നേറ്റ് ഞാൻ എന്റെ ഫ്ലാറ്റിനു പുറത്തേയ്ക്കിറങ്ങി. വീർത്തവയറും ചുമന്ന് പടികൾ കയറി. എന്റെ ഹൃദയം എന്റെ കയ്യിലിരുന്നു പിടച്ചു.
ഞാൻ താമസിച്ചിരുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ ഏറ്റവും മുകളിലെ ടെറസിൽ കയറിനിന്ന് ഞാൻ ആകാശം നോക്കി. ഈ ഭൂഗോളത്തിൽ ഞാനും എന്റെ കുട്ടിയും ഒറ്റയ്ക്കാണെന്നു തോന്നി. ഞങ്ങളും പറന്നകലുന്നൊരു പക്ഷിക്കൂട്ടവും പക്ഷികൾ ചിറകുകൊടുത്തൊരു മനുഷ്യനും. ആകാശം പിന്നെയും ഇരുണ്ടു. എന്നാൽ, മഴ പെയ്തി ല്ല. കാറ്റും മെതുവേ നിലച്ചു. ടെറസിന്റെ ഒരു കോണിൽ ഞാൻ മെല്ലെ ചാഞ്ഞിരുന്നു. പുറത്ത് തണുപ്പുണ്ടായിട്ടും ഞാൻ വിയർത്തുകൊണ്ടിരുന്നു. അത്രയും ഇരുണ്ടൊരു രാത്രി ഞാൻ ഒരിക്കലും പിന്നീ ട് അനുഭവിച്ചിട്ടില്ല. എന്നെ കാണാഞ്ഞ് പരിഭ്രാന്തയായി ഓടിനടന്ന സുജാതച്ചേച്ചി ടെറസിൽ വരുമ്പോഴേക്കും ഞാൻ വിയർത്തുകുളിച്ച് ടെറസിൽ ഇരിപ്പുണ്ട്. ഗർഭപാത്രത്തിലെ ജലം കുറേശ്ശേയായി പുറത്തേയ്ക്ക് ഒഴുകിത്തുടങ്ങിയിരുന്നു. ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂറിനുള്ളിൽ എന്റെ പ്രസവവും നടന്നു.
അമ്മയായതിന്റെ തിരക്കുകൾക്കിടയിൽ ഞാൻ ഈ ഭൂലോകം തന്നെ മറന്നു. കുംഭകര്‍ണനെപ്പോലെ ഞാൻ ഭക്ഷണം കഴിച്ചു. മൂന്നാം ദിവസം വീട്ടിലെത്തിയപ്പോൾ ഞാനാദ്യം പോയത് ബാൽക്കണിയിലേക്കാണ്. എന്റെ ചെടികൾ നന്നായി പച്ചപിടിച്ചുതന്നെ നിൽക്കുന്നു. എന്റെ ഭർത്താവ് വീട്ടിൽ വരുന്ന മുറയ്ക്ക് അവയ്ക്ക് വെള്ളം ഒഴിച്ച് കൊടുത്തിരുന്നു. അപ്പുറത്തെ ഫ്ലാറ്റിലെ മനുഷ്യൻ അവിടെയുണ്ടോ എന്നു നോക്കി. എന്റെ പേ പിടിച്ച ദിനങ്ങളിൽ അയാൾ അഭിനയിച്ച വേഷങ്ങൾ എന്നെ ഒറ്റയ്ക്കാക്കിയില്ല എന്നൊരു തോന്ന ൽ എനിക്കുണ്ടായിരുന്നു. എന്നാൽ, അയാളെ കണ്ടില്ല. എല്ലാ ദിവസവും ഞാനയാളെ ആ ബാൽക്കണിയിൽ തിരഞ്ഞു. ഒരു ദിവസം ഉറങ്ങുന്ന കുഞ്ഞിനെ സുജാതച്ചേച്ചിയെ ഏല്പിച്ച് ഞാൻ ആ ഫ്ലാറ്റ് കെട്ടിടത്തിലേക്ക് ഓടി. താഴെ ഉണ്ടായിരുന്ന സെക്യൂരിറ്റിയോട് അയാളെക്കുറിച്ച് ചോദി ച്ചു. അയാൾ മരിച്ചുപോയി എന്നു പറഞ്ഞു. അയാൾക്കു വന്നിരുന്ന പത്രങ്ങൾ രണ്ടു ദിവസത്തിൽ കൂടുതലായി എടുക്കാതായപ്പോൾ സെക്യൂരിറ്റി തന്നെയാണ് അയാളുടെ ഫ്ലാറ്റിൽ പോയി നോക്കിയത്. അയാളുടെ ഫ്ലാറ്റിന്റെ വാതിൽ പൂട്ടാറുണ്ടായിരുന്നില്ല. പക്ഷികളുടെ മണമുള്ള ഫ്ലാറ്റിൽ ആരും കയറാറും ഉണ്ടായിരുന്നില്ലെന്ന് സെക്യൂരിറ്റി പറഞ്ഞു. സെക്യൂരിറ്റി ചെല്ലുമ്പോൾ അയാളുടെ ശരീരം ഹാളിൽ വായുവിൽ തൂങ്ങിയാടുകയാണ്. ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നുകിടന്നിരുന്നു. സെക്യൂരിറ്റി അകത്തു കടന്നപ്പോൾ ഒരുകൂട്ടം പ്രാവുകൾ പുറത്തേയ്ക്കു ചിതറിപ്പരന്നു. സെക്യൂരിറ്റി ഭയന്നു പുറത്തേയ്ക്കോടി. അയാളുടെ ബന്ധുക്കളെ തിരയാൻ മറ്റു ഫ്ലാറ്റിലെ ആൾക്കാർ ശ്രമിച്ചെങ്കിലും നടന്നില്ല.
ആശുപത്രിയിലെ ഔപചാരിക നടപടികൾക്കൊടുവിൽ അവർ അയാളെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. എന്നാൽ, അടുത്ത ദിവസത്തെ പത്രത്തിൽ അയാളെ വാഴ്ത്തി ഫീച്ചറുകൾ നിറഞ്ഞു. മരിച്ചയാൾ ആരാണെന്ന് മറ്റു ഫ്ലാറ്റ് വാസികൾപോലും അറിയുന്നത് അപ്പോഴാണ്.
74 വയസ്സുള്ള എക്കണോമിസ്റ്റ് എന്തിനു ജീവനൊടുക്കിയെന്നു സാംസ്കാരിക വിദഗ്ദ്ധരും രാഷ്ട്രീയ നേതാക്കളും മൂക്കത്ത് കൈവെച്ചു. അയാൾ എഴുതിയ പുസ്തകങ്ങൾ ചൂടപ്പംപോലെ വിറ്റഴിയാൻ തുടങ്ങി. മരണശേഷം ചില കോളേജ് വിദ്യാ ർത്ഥികൾ ആ ഫ്ലാറ്റ് തേടി വന്നിരുന്നെന്ന് സെക്യൂരിറ്റി പറഞ്ഞു. അയാളുടെ മരണക്കുറിപ്പിൽ ആകെ എഴുതിയിരുന്നത് അയാളുടെ ഫ്ലാറ്റിന്റെ ആകാശത്തേയ്ക്ക് തുറക്കുന്ന വാതിൽ പക്ഷികൾക്കായി തുറന്നിടണമെന്നു മാത്രമായിരുന്നു. എന്നാൽ, ഫ്ലാറ്റുകാർ അതു പൂട്ടിയിട്ടു. മരിച്ചവർക്ക് ആഗ്രഹങ്ങൾ ഉണ്ടാവാൻ പാടില്ലല്ലോ.
സെക്യൂരിറ്റിയോട് സംസാരിക്കുമ്പോൾ ഞാനനുഭവിച്ച ഗര്‍ഭാവസ്ഥയോട് എനിക്ക് ആദരവ് തോന്നിയെന്നോ! എന്റെ ഇന്ദ്രിയങ്ങൾ പ്രകൃതിയുടെ നിശ്ശബ്ദതയിലേക്ക് അലറി വിളിച്ചുകൊണ്ടിരുന്നത് മരിച്ചുപോയ ആ മനുഷ്യൻ കേട്ടു എന്നാണ് ഞാൻ ചിന്തിക്കാൻ ഇഷ്ടപ്പെട്ടത്. കെട്ടുകഥപോലെ ഭ്രമിപ്പിക്കുന്നതും എന്നാൽ, ഭയപ്പെടുത്തുന്നതുമായ ഒരു കഥയിൽ അയാൾ എന്നെയും കൂടെക്കൂട്ടി. ഏറ്റവും മനോഹരമായ മനസ്സുള്ളവർക്കു മാത്രം സാധിക്കുന്ന ഒന്ന്. അയാളുടെ മരണം എന്നെ ചെറുതായ സത്യങ്ങളിലേക്ക് അടുപ്പിച്ചു. തെളിവുകൾ അവശേഷിപ്പിക്കാത്ത യാഥാർത്ഥ്യങ്ങളിലേക്ക്. എത്ര ദുരിതത്തിലും ഈ ഭൂമിയിലെ ജീവിതമെന്ന അദ്ഭുതത്തിലേക്ക് എന്റെ മനസ്സ് ഉണരുകയായിരുന്നു. കണ്ണടച്ചാൽ ഇല്ലാതാകുന്ന ഒന്ന്.”
അംബിക എന്നെ നോക്കി പുഞ്ചിരിച്ചു. ഞാൻ എന്തെങ്കിലും തിരിച്ചു ചോദിക്കണമെന്ന് ഒരു നിര്‍ബ്ബന്ധവുമില്ലാത്ത പുഞ്ചിരി. എനിക്കും ഒന്നും തന്നെ അവരോട് ചോദിക്കാനുണ്ടായിരുന്നില്ല. മറുപടി, ഞാനും പുഞ്ചിരിക്കുക മാത്രം ചെയ്തു. ഞങ്ങളുടെ ഫ്ലാറ്റുകൾക്കു മുകളിലെ ആകാശപ്പൊഴിയിൽ പൂർണ്ണചന്ദ്രൻ. ആ പ്രഭാപൂരം രാത്രിനീലിമയിൽ പൊഴിയുടെ ഒരു ഭാഗം കയറിത്തുടങ്ങിയിരുന്നു. ഭൂമിയിലെ കൃത്രിമവെളിച്ചങ്ങൾ അതിന്റെ പ്രഭയെ ഒട്ടും തന്നെ കുറച്ചില്ല. ചന്ദ്രനെക്കുറിച്ചുള്ള എനിക്കറിയാവുന്ന എല്ലാ ശാസ്ത്രസത്യങ്ങളും കണക്കുകളും ആ പ്രഭയിൽ നിഷ്‌പ്രഭമായി. രണ്ടു ഫ്ലാറ്റുകൾക്കിടയിലൂടെയുള്ള അതിന്റെ ഒച്ചിഴയൽവേഗം ഞങ്ങൾക്കു കാണാനായില്ലെങ്കിലും അനുഭവിക്കാൻ കഴിയുന്നുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates