

ഓമല്ലൂർ ബ്രാഞ്ചിലേക്ക് എനിക്ക് സ്ഥലംമാറ്റം വന്നു.
ആ സ്ഥലപ്പേര് മുൻപൊന്നും കേട്ടിട്ടുണ്ടായിരുന്നില്ല. ജില്ല ഏതെന്നുപോലും കുറെ കഴിഞ്ഞാണ് മനസ്സിലായത്. പ്രൊമോഷനോടുകൂടിയുള്ള സ്ഥലം മാറ്റമായതിനാൽ ദൂരം അത്ര പ്രശ്നമായി തോന്നിയില്ല. ജില്ലവിട്ടുള്ള സ്ഥലംമാറ്റത്തിൽ വീട്ടുകാർക്ക് നിരാശയുണ്ട്. അച്ഛനും അമ്മയും പ്രായമായവർ. വീട്ടിൽ തന്നെയുണ്ട്. നിലവിൽ ആരോഗ്യപ്രശ്നമൊന്നുമില്ല. എന്തെങ്കിലുമുണ്ടെങ്കിൽ അത്യാവശ്യത്തിന് ഓടിവരാൻ അടുത്ത ബന്ധുക്കളൊക്കെയുണ്ട്. കല്യാണം കഴിക്കാതിരുന്നത് എത്ര നന്നായെന്നു തോന്നി. അങ്ങനെകൂടി സംഭവിച്ചിട്ടുണ്ടായിരുന്നെങ്കിൽ സ്ഥലംമാറ്റം വലിയ പ്രശ്നം ആകുമായിരുന്നല്ലോ.
അവിടെ ചെന്നാൽ ഭക്ഷണത്തിന്റെ കാര്യത്തിനൊക്കെ എന്തുചെയ്യുമെന്നായിരുന്നു അമ്മയുടെ ഉല്‍ക്കണ്ഠ. അതിനെക്കുറിച്ചൊന്നും ഭയപ്പെടേണ്ടന്നും ഓമല്ലൂരുള്ളവരും അരിഭക്ഷണം കഴിക്കുന്നവരല്ലേയെന്നും ഞാൻ അമ്മയോടു തമാശയിൽ ചോദിച്ചു. അടൂരിൽനിന്നും അരമണിക്കൂർ ബസിലിരുന്നാൽ ഓമല്ലൂരിൽ എത്താമെന്ന് അച്ഛൻ ഓർമ്മിപ്പിച്ചു. ജില്ലാ ആസ്ഥാനത്തോടു ചേർന്നാണ്. ഞാൻ ജനിക്കുന്നതിനും മുൻപ് അച്ഛൻ അടൂരിൽ കോൺസ്റ്റബിളായി ജോലി ചെയ്തിട്ടുണ്ട്; മൂന്നു കൊല്ലം.
ഇപ്പം അവിടെയൊക്കെ അങ്ങ് തെളിഞ്ഞുകാണും.
എവിടാ അച്ഛാ ഇപ്പം തെളിയാത്തെ...?
അച്ഛൻ അതും ശരിവെച്ചു. സെന്റിന് അയ്യായിരം മാത്രം വിലയുണ്ടായിരുന്നപ്പോൾ പത്തു സെന്റ് വാങ്ങി ഞങ്ങൾ വീടുവെച്ചിടത്ത് ഇപ്പോൾ അഞ്ചുലക്ഷം കഴിഞ്ഞു; മാറ്റമില്ലാത്തതെല്ലാം മാറ്റത്തിന്...
അവിടുത്തുകാരൊക്കെ സ്വന്തം കാര്യം നോക്കി ജീവിക്കുന്നവരാ; നമ്മൾടെ ഇവിടെ കാണുംപോലെ രാഷ്ട്രീയം തലയ്ക്കു പിടിച്ചവരല്ല.
അച്ഛന്റെ ആ നിരീക്ഷണം എനിക്കിഷ്ടമായി. മര്യാദയുള്ള കസ്റ്റമേഴ്‌സ് ആയിരിക്കും. നിക്ഷേപത്തിനു ന്യായമായ പലിശ കിട്ടണം. അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന മട്ടിൽ ജീവിക്കുന്നവരായിക്കുമല്ലോ എന്ന് ഞാനോർത്തു.
പങ്കജാക്ഷൻ പിള്ള എന്നൊരു ഹെഡ്‌കോൺസ്റ്റബിൾ അന്ന് എന്റെ കൂട്ടുകാരനായിരുന്നു; ഓമല്ലൂരുകാരൻ.
അച്ഛൻ പക്ഷജാക്ഷൻ പിള്ളയുടെ സത്യസന്ധതയും ദേശസ്നേഹവും വിശദമാക്കി ചിലതു സംസാരിക്കാൻ തുടങ്ങി. തീർച്ചയായും കാലഗണനപ്രകാരം പങ്കജാക്ഷൻ പിള്ള ജീവിച്ചിരിക്കാനിടയില്ല.
വിലാസം എന്റെ ഡയറീലുണ്ട്. ഞാനൊന്നെഴുതാം; നെനക്ക് താമസസൗകര്യം വല്ലതും വേണമെങ്കിൽ ഒരാളായല്ലോ.
പങ്കജാക്ഷൻ പിള്ള മരിച്ചത് ഓർക്കാതെ അച്ഛൻ പറഞ്ഞു. ഞാൻ നിരുത്സാഹപ്പെടുത്തി. ഓഫീസേഴ്‌സ് അസോസിയേഷന്റെ ജില്ലാ ഭാരവാഹികളിൽ ചിലർ ആ ഉത്തരവാദിത്വം ഏറ്റെടുത്തുകഴിഞ്ഞു. ഓമല്ലൂരിന്റെ ചില വീഡിയോ ക്ലിപ്‌സും ഒഴിവുള്ള രണ്ടു മൂന്നു ഫ്ലാറ്റുകളുടെ വിഷ്വൽസും വാട്‌സ് ആപ്പിൽ കിട്ടിയിട്ടുമുണ്ട്.
“അവിടുത്തെ ഭക്ഷണത്തിനൊക്കെ വലിയ രുചിവ്യത്യാസം കാണു”മെന്നായിരുന്നു അമ്മയുടെ കണ്ടെത്തൽ. ഭക്ഷണക്കാര്യത്തിലൊന്നും ഒരു ബുദ്ധിമുട്ടും ഉണ്ടാകുകയില്ലെന്നു ഞാൻ അമ്മയ്ക്ക് ഉറപ്പുകൊടുത്തു. ഇപ്പോൾ എല്ലാ ഭക്ഷണവും എല്ലായിടത്തും കിട്ടും. അച്ഛൻ പക്ഷജാക്ഷൻ പിള്ളയുടെ കാര്യം എടുത്തിട്ടു. ഓമല്ലൂരിൽ ചെന്ന് ചാർജ്ജെടുത്തശേഷം പക്ഷജാക്ഷൻ പിള്ളയെ ഒന്നന്വേഷിക്കണം. മക്കളും കൊച്ചുമക്കളുമൊക്കെ കാണും. പങ്കജാക്ഷൻ പിള്ളക്കൊപ്പം അച്ഛൻ പുഴയിൽ മീൻപിടിക്കാനും തോട്ട പൊട്ടിക്കാനും പോയിട്ടുണ്ട്. ശബരിമലക്കും ഒരുമിച്ചു പോയി. അന്ന് കന്നിസ്വാമിയായി മൂത്തകുട്ടിയേയും ഒപ്പം കൊണ്ടുപോയത് അച്ഛനു നല്ല ഓർമ്മയുണ്ട്; അങ്ങനാന്നേൽ ആ മൂത്തകുട്ടിക്കിപ്പോൾ നാല്‍പ്പതു കാണും.
ഡയറിയിൽനിന്ന് പക്ഷജാക്ഷൻ പിള്ളയുടെ മേൽവിലാസം വേറൊരു കടലാസിൽ പകർത്താൻ അച്ഛൻ ബുദ്ധിമുട്ടുന്നതു കണ്ട് ഞാൻ ഡയറി താൾ ഫോണിൽ പകർത്തി.
ഓമല്ലൂർ എന്ന് കേട്ടപ്പോൾ മുതൽ അച്ഛൻ പങ്കജാക്ഷൻ
പിള്ളയെ പിന്തുടരുകാണ്. പിള്ള ഒന്നാന്തരം വെടിക്കാരനായിരുന്നുവത്രേ. അന്നു വേട്ടക്കൊന്നും ഇത്രമാത്രം നിയന്ത്രണങ്ങളുമില്ലായിരുന്നു. മാത്രവുമല്ല, അവർ പൊലീസ് ആയിരുന്നല്ലോ. അച്ചൻകോവിലാറിന്റെ തീരത്തായിരുന്നുവെത്രേ പങ്കജാക്ഷൻ പിള്ളയുടെ വീട്. തടിച്ചങ്ങാടത്തിൽ പോകുന്ന കൂട്ടുകാരെ വീട്ടുപടിക്കലിരുന്നു കൈവീശി യാത്രയാക്കുന്ന പങ്കജാക്ഷൻ പിള്ളയെ അച്ഛൻ ഓർക്കുന്നുണ്ട്. ആ ചങ്ങാട സംഘമാണത്രേ വെടിയിറച്ചി കൊണ്ടു വരുന്നത്. അച്ഛനും തടിച്ചങ്ങാടത്തിൽ കുറച്ചുദൂരം യാത്ര ചെയ്തിട്ടുണ്ട്. നീന്ത് അറിയാത്തതിനാൽ അധികം പോയില്ല. അന്നത്തെ അച്ചൻകോവിൽ ആറ് ചുഴികളും മലരികളും നിറഞ്ഞ് ഒരു കാട്ടുജന്തുവിനെപ്പോലെ വെപ്രാളപ്പെട്ടുകൊണ്ടിരുന്നു.
മറ്റൊരു പേര് ഓർത്തെടുക്കാൻ അച്ഛൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.
അതെന്റെ നാവില് തെന്നിപ്പോകുന്നു.
ആൾ വലിയ നടനായിരുന്നുവത്രെ; പങ്കജാക്ഷൻ പിള്ളയുടെ സ്നേഹിതനായിരുന്നു. അച്ഛനൊപ്പവും കൂടിയിട്ടുണ്ട്; പലവട്ടം.
സിനിമയിലോ നാടകത്തിലോ?
ഞാൻ തിരക്കി.
രണ്ടിലും; രണ്ടിലും മിടുക്കനായിരുന്നു.
പങ്കജാക്ഷൻ പിള്ളയുടെ സതീർത്ഥ്യനായിരുന്നു. പലപേരും അച്ഛനെ കേൾപ്പിച്ചു. അതൊന്നുമല്ല, ഓമല്ലൂർ കാലം അച്ഛനിൽനിന്നും മായുന്നില്ലെങ്കിലും പേര് തെളിയുന്നില്ല.
അന്ന് വയൽവാണിഭം കെങ്കേമമായി നടന്നിരുന്നു.
അച്ഛനും പങ്കജാക്ഷൻ
പിള്ളയും പിന്നെ ആ നടനും ഒത്തുചേരുന്നത് കൂടുതലും വയൽവാണിഭ കാലത്തായിരുന്നു.
അന്നുപിന്നെ പെണ്ണും പിടക്കോഴിയുമൊന്നുമില്ലാതെ നടക്കുന്ന പ്രായമായിരുന്നല്ലോ.
പെണ്ണുകെട്ടിയതിൽ
പിന്നെയാണ് അച്ഛന്റെ അലച്ചിൽ തീർന്നത്. ഓമല്ലൂർ അച്ഛന്റെ ഓർമ്മകൾ ഉണർത്തിക്കൊണ്ടേയിരുന്നു. അത്ര പറയാൻ വേണ്ടി എന്തു പെരുമയാണ് ഓമല്ലൂരിനുള്ളത്? പറഞ്ഞുകേട്ടിടത്തോളം അച്ചൻകോവിലാറും അതിനാൽ ചുറ്റപ്പെട്ട ചെറിയ നാട്ടിൻപുറവും.
ഞാൻ ഓമല്ലൂരിലെത്തി ആദ്യദിവസം ജോലി തുടങ്ങുംമുൻപ് അച്ഛന്റെ വിളിവന്നു. താമസവും ഭക്ഷണവുമൊക്കെ സുഖം, സുഖകരം; ഉല്‍ക്കണ്ഠ വേണ്ടെന്നും പറഞ്ഞു. ഞാൻ പറഞ്ഞതല്ല അച്ഛൻ ശ്രദ്ധിച്ചത്:
പ്രതാപചന്ദ്രൻ, പ്രതാപചന്ദ്രൻ...
അതാരാ അച്ഛാ...
നടൻ; പങ്കജാക്ഷൻ പിള്ളയുടെ ബന്ധു; ഞങ്ങൾ ഒന്നിച്ച്...
എനിക്ക് അയാളെ മനസ്സിലായില്ലെന്നു പറഞ്ഞപ്പോൾ പ്രതാപചന്ദ്രനെ അറിയാത്ത മലയാളികൾ ഉണ്ടോ എന്നായി അച്ഛന്റെ മറുചോദ്യം. പങ്കജാക്ഷൻ പിള്ളയുടെ ബന്ധുക്കളെ കണ്ടെത്താൻ നോക്കണമെന്നായി അടുത്ത ആവശ്യം. ഇപ്പോൾ നാൽപ്പതു കഴിഞ്ഞേക്കാവുന്ന പങ്കജാക്ഷൻ പിള്ളയുടെ മകന്റെ പേര് അച്ഛന്റെ ഓർമ്മയിലില്ല. പ്രതാപചന്ദ്രനെ ഓർത്തെടുത്തപോലെ അച്ഛൻ വൈകാതെ അതു കണ്ടെത്താതിരിക്കില്ല.
നേരത്തെ കേട്ടതൊന്നുമല്ല ഓമല്ലൂർ. എവിടെയും കാണപ്പെടുന്ന ഒരു പഞ്ചായത്ത്. നെൽകൃഷി മറന്ന പാടങ്ങളിൽ പച്ചക്കറി ഇനങ്ങൾ പന്തൽ കെട്ടിക്കഴിയുന്നു. ഓരോ പറമ്പിലും പള്ളികൾ, പല്ലും നഖവും പോയ പഴയ കെട്ടിടങ്ങൾ,
കൂട്ടിയിടി ഒഴിവാക്കാൻ പാത്തും പതുങ്ങിയും വഴിതിരിയുന്ന വാഹനങ്ങൾ, മഹാമാന്ത്രികനെപ്പോലെ മത്സ്യവണ്ടിക്കാരൻ, മനമങ്ങും മിഴിയിങ്ങുമായി കാൽനടക്കാർ... പങ്കജാക്ഷൻ പിള്ളയുടെ മുഖച്ഛായയുള്ള ആരെയെങ്കിലും കാണാൻ കഴിയുമോ എന്നായി അച്ഛന്റെ അന്വേഷണം. അതിന് പങ്കജാക്ഷൻ പിള്ളയെ ഞാൻ കണ്ടിട്ടില്ലല്ലോ. ഫോട്ടോയിൽപോലും കണ്ടിട്ടില്ല. അച്ഛന്റെ കൈവശം ആത്മസ്നേഹിതന്റെ ഫോട്ടോകൾ ഇല്ല. ഉണ്ടായിരുന്നെന്നും എപ്പഴോ നഷ്ടമായെന്നും അച്ഛൻ പറഞ്ഞു.
ഓമല്ലൂർ ബ്രാഞ്ചിൽ അത്ര തിരക്കൊന്നും കണ്ടില്ല. ഉച്ചയ്ക്കു പന്ത്രണ്ടുവരെയെ തിരക്കെന്ന് തോന്നാവുന്നവിധം ആളുകൾ എത്തുകയുള്ളൂ. അവരും തികഞ്ഞ ശാന്തശീലരാണ്. പലിശ എടുക്കാനായി വരുന്നവരോ അക്കൗണ്ട് പുതുക്കാനെത്തുന്നവരോ ആണ്. പൊതുവെ എല്ലാവരും പരസ്പരം “സാറേ” എന്നാണ് വിളിക്കുക. പ്രായഭേദമില്ലാത്ത ഏകവിളി എക്കാലത്തും എവിടെയും “സാർ” എന്നുതന്നെയാണല്ലോ. കഴിഞ്ഞിടെ ഒരു “സാർ” ബാങ്കിൽ വന്നത് സ്വന്തം വളർത്തുനായയുമായിട്ടായിരുന്നു. ബാങ്ക് കെട്ടിടത്തിൽ നിന്നുതിരിയാൻ ഇടമില്ല. കാറും ബൈക്കും
നേരിട്ടാക്രമണം നടത്തിക്കൊണ്ടിരിക്കുമ്പോൾ നായയ്ക്ക് എവിടെ നിൽക്കാൻ കഴിയും. “സാർ” വന്നു പരാതി പറഞ്ഞു. സെക്യൂരിറ്റിക്കാരിലൊരാൾ തങ്ങളുടെ പണി നായനോട്ടമല്ലെന്നു പറഞ്ഞത് സാറിനെ പ്രകോപിപ്പിച്ചു. അതിനെ കണ്ടാൽത്തന്നെ മനുഷ്യന്റെ പകുതി ജീവൻ പോകും. ഒടുവിൽ അതിനെ കാർ പാർക്കിംഗിലെ ഗ്രില്ലിൽ കെട്ടിയിട്ടു. വിചിത്രമായ ഒരാശയവുമായാണ് നായയുടെ ഉടമ “സാറി”ന്റെ വരവ്. കണ്ടാൽ വിരമിച്ച ഒരു ആർമി ഓഫീസറെപ്പോലെ തോന്നും. തന്റെ അക്കൗണ്ട് മകൾ ഡാലിയയേകൂടി ചേർത്ത് ജോയ്‌ന്റ് അക്കൗണ്ടാക്കി മാറ്റണം. അതിനെന്താണ് ബുദ്ധിമുട്ട്? ‘സാർ’ പേരെഴുതി:
ഡാലിയ.
ഡാലിയ വന്നിട്ടുണ്ടോ സാർ?
യേസ്, സർ; പാർക്കിംഗിൽ കെട്ടിയിട്ടിട്ടുണ്ട്. ‘സാർ’ അറിയിച്ചു.
ഡാലിയയെ കണ്ട് ബോധ്യപ്പെടണമെന്നായി അയാൾ. ഡാലിയ പാവമാണ്; ശാന്തയാണ്.
ഉത്തരവാദിത്വബോധവുമുണ്ട്. സംരക്ഷിക്കുന്നവരെ സ്നേഹിക്കാൻ മാത്രമേ അറിയൂ; ആവശ്യമില്ലാതെ ഒരു കുര... ഏയ് അത്രപോലുമില്ല.
അയാൾ ഒന്നടങ്ങിയപ്പോൾ ചോദിച്ചു:
ആരാണ് ഡാലിയ?
അയാൾ നിസ്സംഗതയോടെ പറഞ്ഞു; ഡാലിയ ഏക മകളായിരുന്നു... അപകടത്തിൽ... രണ്ടു കൊല്ലം മുൻപ്...
‘വളർത്തുമകൾ ഡാലിയ’യെ ചെന്നുകണ്ട് അയാളെ ആശ്വസിപ്പിക്കാൻ നോക്കി. വേണ്ട; ഇതൊക്കെ എത്ര കേട്ടിരിക്കുന്നുവെന്ന മട്ടിൽ അയാൾ നായയെ അഴിച്ച് സ്ഥലംവിട്ടു. ശരിയാണയാൾ പറഞ്ഞത്. ഡാലിയ പാവമാണ്; സ്നേഹിക്കാൻ മാത്രമേ അറിയൂ.
വൈകിട്ട് ഫ്ലാറ്റിലെത്തിയപ്പോഴും ഡാലിയ ഓർമ്മയിൽ നിറഞ്ഞുനിന്നു. പതിവ് വിളിയിൽ അച്ഛനോടും അമ്മയോടും ഡാലിയയെപ്പറ്റി പറഞ്ഞുകേൾപ്പിച്ചു... ഓമല്ലൂരുകാർ അത്രത്തോളം വ്യത്യസ്തരാണെന്ന് അച്ഛൻ അഭിമാനിച്ചു; പങ്കജാക്ഷൻ പിള്ളയെപ്പോലെ. സർവ്വീസിലുള്ളപ്പോൾ കൈക്കൂലി, സ്വജനപക്ഷപാതം, നാലാംമുറ... ഏയ് അങ്ങനെയൊന്നും ചിന്തിക്കുന്ന ആളായിരുന്നില്ല. സൽക്കാര പ്രിയനായിരുന്നു; ആത്മാഭിമാനം പണയംവച്ച് ഒന്നിനുമില്ല. ശീട്ടുകളി ഭ്രാന്തുണ്ട്; പണംവച്ചല്ല.
സൽക്കാരം നമ്മുടെ നാടിന്റെ മാത്രം പൈതൃകമല്ല; അവിടുത്തുകാരിലും അങ്ങനുള്ളവർ ഉണ്ട്.
അച്ഛൻ ഓമല്ലൂരിനെ വിടുന്ന മട്ടില്ല; അമ്മ ഓമല്ലൂർ കണ്ടിട്ടില്ലാത്തത് ഭാഗ്യമായെന്നു തോന്നി.
ഒരു വൈകുന്നേരം അച്ചൻകോവിലാറിന്റെ തീരത്തു ചെന്നുനിന്നു നോക്കി; കാനനസ്മരണകളുമായി
കാലംപോലെ ഒഴുകിപ്പോകുന്നു. കാട്ടുതടികളെ കൊണ്ടുപോകാനുള്ള ശേഷി നഷ്ടപ്പെട്ട ഒഴുക്ക്... പരാക്രമങ്ങളില്ല, പരിരംഭണങ്ങളില്ല, പരിഭവങ്ങളുമില്ല... അച്ചൻകോവിലാർ ഒഴുകുന്നു... അച്ഛനും പങ്കജാക്ഷൻ പിള്ളയും അവരുടെ സ്നേഹിതൻ ഏതോ നടനും ചേർന്നു ജീവിതാഘോഷം നടത്തിയത് ഇവിടെയായിരിക്കുമോ?
താമസസ്ഥലത്തുനിന്നും ബാങ്കിലേക്ക് പോകാനും വരാനും ഒരു ഓട്ടോറിക്ഷ റെഡി- കാഷ്യർ മധു ഏർപ്പെടുത്തിയിരിക്കുന്നു. പരോപകാരമേ പുണ്യമെന്നു കരുതി ജീവിക്കുന്നു മധു; ഓമല്ലൂരിൽനിന്നും ഇരുപതു കിലോമീറ്റർ കിഴക്കോട്ട് മാറി ഊന്നുകൽ എന്ന സ്ഥലത്താണ് മധുവിന്റെ വീട്. ഊന്നുകൾ എന്ന പേരെങ്ങനെയുണ്ടായിക്കാണുമെന്നോർത്ത് നോക്കി. ഒരിക്കൽ മധുവിനോട് തിരക്കണം. പങ്കജാക്ഷൻ പിള്ളയുടെ വിലാസം മധുവിനോട് തിരക്കാമെന്നു കരുതി; സമയംപോലെയാകാം. വടക്കുനിന്നും വന്ന ഒരാൾ വന്ന ഉടൻ തെക്കുള്ള ഒരു പഴയ വിലാസം തപ്പിപ്പിടിക്കാൻ തിടുക്കം കാണിക്കുന്നതെന്തിനെന്ന് മധു വിചാരിക്കുമോ? സ്നേഹത്തിനു തെക്കും വടക്കുമൊന്നുമില്ലെന്ന് മധുവും ഓർമ്മിപ്പിക്കാറുണ്ട്. മധു “സാർ” എന്നു വിളിച്ചു തുടങ്ങിയപ്പോഴേക്കും വിലക്കി.
അയ്യോ, അതെന്താ സാർ...
മാഷ് എന്നു വിളിച്ചാൽപോലും സഹിക്കാം. ഇവിടെ പക്ഷേ, അങ്ങനെയുള്ള വിളി കേൾക്കാറില്ല.
മധുവിനെ ബോധ്യപ്പെടുത്തി; എങ്കിലും മുഖത്തുനോക്കി പേരു വയ്യത്രെ; മുപ്പതു തികയാത്തയാൾ മുപ്പത്തിയഞ്ചുകാരനെ പേര് വിളിക്കുന്നതിന്റെ പൊരുത്തക്കേട് പറഞ്ഞു. ഒടുവിൽ “മാഷി”ലെത്തി; തീരുമാനമായി.
ഓട്ടോറിക്ഷക്കാരൻ മനോഹരൻ പിള്ള കൃത്യം അഞ്ചുമിനിറ്റ് വൈകിയേ വരാറുള്ളൂ. ക്ഷമ പറഞ്ഞ് നീണ്ട ഒരു ചിരിചിരിക്കും. ഓട്ടോറിക്ഷയേക്കാൾ വലുപ്പത്തിൽ, ‘മലയാലപ്പുഴ ദേവി’ എന്നൊരു ബോർഡ് എഴുതി പിടിപ്പിച്ചിട്ടുണ്ട്. എന്നും അമ്പലത്തിൽ പോയി വരുന്നതുകൊണ്ട് അല്പസ്വല്പം വൈകുന്നുവെന്ന് മനോഹരൻ പിള്ളയുടെ സംഭാഷണത്തിൽനിന്നും മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ഒരു യാത്രയിൽ മനോഹരൻ പിള്ള ആത്മഗതംപോലെ പറഞ്ഞു:
വിചാരിച്ചാൽ അതുപോലെ നടക്കും.
എന്ത്?
പറഞ്ഞാ പറഞ്ഞതാ.
ആര്?
മലയാലപ്പുഴ ദേവി.
ഇതൊന്നും ശീലമല്ലെന്നു പറഞ്ഞപ്പോഴും മനോഹരൻ പിള്ള അതിമനോഹരമായി ചിരിച്ചു. ദൈവനിഷേധിയേയും സൃഷ്ടിച്ച് പരിപാലിക്കുന്നത് ഈശ്വരൻ തന്നെയല്ലേയെന്ന ചിന്ത ഒരു വളവ് തിരിയുന്നതിനിടയിൽ മനോഹരൻ പിള്ള ചിരിയിൽ പൊതിഞ്ഞു സംസാരിക്കുകയും ചെയ്തു.
ദൈവനിഷേധിയൊന്നുമല്ല.
മനോഹരൻ പിള്ളക്ക് വിഷമമുണ്ടാകേണ്ടന്നു കരുതിയാണ് പറഞ്ഞത്.
ആർക്കും നിഷേധിക്കാൻ പറ്റത്തില്ല സാറേ...
അതെന്താ മനോഹരൻ പിള്ളേ...?
അഹം ബ്രഹ്മാസ്മി...
എന്റെ മനസ്സറിയാൻ മനോഹരൻ പിള്ള തിരിഞ്ഞൊന്നു നോക്കി. ഞാൻ ചിരിക്കുകയായിരുന്നോ? ഗൗരവത്തിലായിരുന്നോ? “നേരെ നോക്കിപ്പോടെ” എന്നൊരലർച്ചയാണ് തൊട്ടുമുന്നിൽ കേട്ടത്. ഓട്ടോ ഒന്നു വളഞ്ഞു. എതിരെ വന്ന ബൈക്കുകാരൻ ഒന്നു പുളഞ്ഞു; അത്രയേ സംഭവിച്ചുള്ളു.
മറ്റൊരു ദിവസത്തെ യാത്രയിൽ മനോഹരൻ പിള്ളയോട് പങ്കജാക്ഷൻ
പിള്ളയെ തിരക്കി. ഓർമ്മയില്ല. വീട്ടുപേര് ഓർത്തെടുത്ത് പറഞ്ഞു. അങ്ങനൊരു വീട്ടുപേര് എവിടെയോ കേട്ടതുപോലെ. ഒരു പേരിനുതന്നെ ഒരുപാട് തായ്‌വഴികൾ കാണുമല്ലോ; അന്വേഷിക്കാമെന്നു പറഞ്ഞു. മനോഹരൻ പിള്ള വെറുതെയൊന്നും പറയുകയില്ല.
അച്ഛൻ പറയാറുള്ള ആ നടന്റെ കാര്യവും മനോഹരൻ പിള്ളയോട് ചോദിച്ചു. അതറിയാം. ജീവിച്ചിരിപ്പില്ല. നാടിന്റെ അഭിമാനമായിരുന്നു. വേണമെങ്കിൽ അദ്ദേഹത്തിന്റെ കുടുംബവീട് കാണിച്ചുതരും. പക്ഷേ, എനിക്കിപ്പോഴും ആളിന്റെ മുഖം ഓർമ്മയില്ലെന്നു പറഞ്ഞപ്പോൾ മനോഹരൻ പിള്ള ഓട്ടോറിക്ഷയുടെ വേഗത ഒന്നു കുറച്ചുകൊണ്ട് രഹസ്യം പറഞ്ഞു:
ബലാത്സംഗ റോളൊക്കെ ഭംഗിയായി ചെയ്തു കാണിച്ചിരുന്നു...
അച്ഛനോട് ഇക്കാര്യം പറയാം. ഒരുപക്ഷേ, ആൾ ഇതുതന്നെ ആയിരിക്കും. രാത്രിയിൽ അച്ഛൻ പതിവില്ലാത്തപോലെ മൂന്നുനാല് തവണ വിളിച്ചു. ഈ അച്ഛന് ഉറക്കമില്ലേ? എന്തിനാ അച്ഛാ ഈ എൺപത്തിനാലാം വയസ്സിലും ഉറങ്ങാതിരുന്ന് ഫോൺ
ചെയ്യുന്നത്. അച്ഛനും അച്ഛന്റെ ഒരു ഓമല്ലൂരും. അടുത്ത ദിവസവും ഇതുതന്നെ. ഞാൻ ഓമല്ലൂരിൽ വന്നശേഷം അച്ഛന്റെ ഫോൺവിളി കൂടിയിട്ടുണ്ട്; അമ്മയുടെ കണ്ണുവെട്ടിച്ചായിരിക്കും വിളി മുഴുവൻ; അല്ലേൽ അർദ്ധരാത്രിക്കും ഫോൺചെയ്യുന്ന അച്ഛനെ അമ്മ കാണാതിരിക്കുമോ? അച്ഛനെ ഒന്നു ശ്രദ്ധിക്കാൻ അമ്മയോടു പറയുന്നുണ്ട്.
ഒരു ദിവസം രാത്രി ഏതാണ്ട് ഒന്നൊന്നരയായി കാണും. അച്ഛനുണ്ട് ഫോണിൽ.
അച്ഛാ ഇങ്ങനെ ശല്യം ചെയ്യല്ലേ; നമ്മള് പകല് പലവട്ടം വിളിച്ചതല്ലെ. എനിക്കൊന്ന് ഉറങ്ങണ്ടെ; അച്ഛനും കിടക്കണ്ടെ?
അച്ഛനാകെ വിഷമിച്ചപോലെ. ശബ്ദം താണിരിക്കുന്നു.
വന്നുവന്നു ഞാൻ നെനക്കു ശല്യമായോ മോനെ, എങ്കി ഇനി വിളിക്കുന്നില്ല. ഒരുകാര്യം കൂടി പറയാനാ വിളിച്ചെ; നീ ഓമല്ലൂരിൽ ചെന്നിട്ട് ആ പാലക്കടവിൽ ഇതുവരെയും പോയില്ലല്ലോ. കഷ്ടമായിപ്പോയി. എത്രവട്ടം ഞാൻ പറഞ്ഞിട്ടുള്ളതാ; വലിയൊരു പാലമരം അവിടെയുണ്ട്. തൊട്ടുമുന്നിൽ പുഴക്കടവ്. ഞാനും പങ്കജാക്ഷൻ പിള്ളയുംകൂടെ എത്രയെത്ര ദിവസങ്ങൾ അവിടെ കൂടിയിരിക്കുന്നു. ഒരിക്കൽ ഞങ്ങളവിടെ ഇരുന്നപ്പം...
അച്ഛനൊന്നു നിർത്തി.
എന്താ അച്ഛാ ഇരുന്നപ്പോൾ...
നെനക്ക് ബുദ്ധിമുട്ടാന്നേൽ ഞാൻ നിർത്തിയേക്കാം...
എന്തായാലും അച്ഛൻ പറഞ്ഞു തുടങ്ങിയതല്ലേ തീർത്തേക്ക്...
ഇതൊന്നും അങ്ങനെ പറഞ്ഞാൽ തീരുന്നതല്ല മോനെ; ചിലത് നമ്മളെ വിട്ട് പോകത്തില്ല...
അച്ഛൻ ബാക്കി പറയൂ...
ഒരിക്കൽ ഞങ്ങൾ അവിടെ ഇരുന്നപ്പോൾ... ദൂരേന്നൊരു തോണി പാലക്കടവിനെ ലാക്കാക്കി വരുന്നപോലെ തോന്നി. തോണിയിൽ ഒത്ത നീളവും അതീവ സൗന്ദര്യവുമുള്ള മൂന്നുപേരുണ്ടായിരുന്നു. ഒന്ന് ഒരു സ്ത്രീയായിരുന്നു. ആ സ്ത്രീയായിരുന്നു തോണി അതിവേഗം തുഴഞ്ഞിരുന്നത്.
എന്നിട്ട്...?
അവരെ നോക്കി പങ്കജാക്ഷൻ പിള്ള കവിത ചൊല്ലി:
കരുതുവതിഹ ചെയ്യ വയ്യ, ചെയ്യാൻ
വരുതി ലഭിച്ചതിൽ നിന്നിടാ വിചാരം
പരമഹിതമറിഞ്ഞുകൂടാ
ആയുസ്ഥിരതയുമില്ലതി നിന്ദ്യമീ നരത്വം...
അവരതു കേട്ടോ അച്ഛാ...
മോനെ, കേഴ്‌വിയും കാഴ്ചയും നഷ്ടപ്പെട്ടവരല്ലേ പാല പൂത്തുനിൽക്കുന്ന കടവിലേയ്ക്ക് തോണി തുഴഞ്ഞുവരികയുള്ളൂ.
എന്നിട്ടെന്തായച്ഛാ...
അസമയത്ത് നിന്നെ ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചു; ഇനി ഒരിക്കലും ചെയ്യില്ല മോനെ... അച്ഛന്റെ ഫോൺ കട്ടായി. എന്തോ എനിക്കുറങ്ങാൻ കഴിഞ്ഞില്ല.
അടുത്ത ദിവസം അമ്മയോട് അച്ഛൻ വിളിച്ച കാര്യമൊക്കെ പറഞ്ഞു; അമ്മയ്ക്കും കാര്യങ്ങളറിയാം. അച്ഛൻ എല്ലാം പറഞ്ഞിട്ടുണ്ടത്രേ; കല്യാണമൊക്കെ കഴിഞ്ഞ് ഒരു കൊല്ലം തികയും മുൻപ് കൂട്ടുകാരെയൊക്കെ വീണ്ടും കണ്ടുവരാൻ അച്ഛൻ ഓമല്ലൂർക്ക് പോയതാണല്ലോ; അമ്മ എത്ര നിർബ്ബന്ധിച്ചിട്ടും കൂടെ കൂട്ടിയില്ലത്രെ; മൂന്നുമാസം ഗർഭിണിയായ അമ്മയെ യാത്ര ചെയ്യിപ്പിക്കേണ്ടെന്നു കരുതിയതാവും.
അമ്മേ അച്ഛൻ കാരണം ഉറങ്ങാൻ പറ്റുന്നില്ല.
അമ്മ ഒറ്റക്കരച്ചിൽ;
അമ്മ നിർത്തുന്നില്ല.
സോറി പറഞ്ഞിട്ടും നിർത്തുന്നില്ല.
അവിടെ ചെന്ന് മുങ്ങിമരിക്കുമ്പോൾ നീ വയറ്റിൽ മൂന്നുമാസം... കൊതി തീരത്തില്ല മോനേ... അതാ എപ്പഴും നിന്റെ കൂടെ...
അമ്മയെ കരയിപ്പിച്ചിട്ട് ഓഫീസിലേയ്ക്ക് പോകാൻ തോന്നിയില്ല. മനോഹരൻ പിള്ള വന്നു ഹോണടിച്ചു. കുറച്ചു കഴിഞ്ഞിറങ്ങി ചെന്നിട്ട് പാലക്കടവ് വരെ ഒന്നു പോയാലോയെന്നു തിരക്കി. മനോഹരൻ പിള്ളയ്ക്ക് സംശയം:
അതു വേണോ?
അതെന്താ?
അങ്ങോട്ടൊന്നും മനുഷ്യരു പോവത്തില്ല.
വെറുതെ ഒന്നു കാണാം
മനോഹരൻ പിള്ള സമ്മതിച്ചു.
പാല ഇന്നില്ല കടവുണ്ട്. ആരും ഇറങ്ങാറില്ല. തോണികൾ എത്താറുമില്ല. ജീവനിൽ കൊതിയുള്ളവരാരും പാലക്കടവിൽ തോണി അടുപ്പിക്കാറില്ലെന്ന് മനോഹരൻ പിള്ള പറഞ്ഞു. അപകടമരണങ്ങൾ പതിവായിരുന്നു. പാല മുറിച്ചുകളഞ്ഞാൽ പ്രശ്നം തീരുമെന്ന് ആരൊക്കെയോ പറഞ്ഞുപരത്തി. പാല വെട്ടിയിട്ടു. ഇതെല്ലാമാണ് അന്ധവിശ്വാസം...
പാലപോയിട്ടും... കഴിഞ്ഞ കൊല്ലം മാത്രം ഏഴുപേർ ഇവിടെ മുങ്ങിച്ചത്തു.
മനോഹരൻ പിള്ള പറഞ്ഞു.
ആഴത്തിൽ പാറക്കൂട്ടങ്ങളുണ്ടെന്നു തോന്നുന്നു; അതായിരിക്കും കാരണം.
പാലക്കടവിൽ ഒഴുക്ക് തീരെയില്ല. ഓളങ്ങളിൽ കാട്ടുപൂക്കൾ ചുറ്റിക്കറങ്ങുന്നു. പാല നിന്നിടത്ത് ചെറിയ കരിമ്പാറക്കുമേൽ ഞങ്ങൾ കയറിയിരുന്നു. വീണുകിടന്നുണങ്ങി ദ്രവിച്ച മരങ്ങളും തൊട്ടടുത്ത് മുളങ്കാടും കണ്ടു. വഴി തീരുന്നു. കടവ് കരയോട് മുഖംതിരിച്ചു നില്‍ക്കുന്നു. മനോഹരൻ പിള്ള ഒരു മന്ത്രം ചൊല്ലി...
പരമഹിതമറിഞ്ഞുകൂടാ
ആയുസ്ഥിരതയുമില്ല;
അതിനിന്ദ്യമീ നരത്വം...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates