

അന്തിവെളിച്ചം മാഞ്ഞിരുന്നു.
ചുറ്റും ഇരുട്ട് വ്യാപിച്ചു തുടങ്ങിയിരുന്നു.
രാമനാഥന്‍ നടത്തത്തിന്റെ വേഗം കുറച്ചു. പാമ്പുകളുള്ള വഴിയാണ്. മൊബൈല്‍ വെളിച്ചത്തില്‍ സൂക്ഷിച്ച് നടന്നു. വഴിക്കപ്പുറത്ത് പരതാളിക്കാവ്. ഇപ്പുറത്ത് ധൂമാതിക്കാവ്. നേരമിരുട്ടിയാല്‍ അങ്ങോട്ടുമിങ്ങോട്ടും നാഗങ്ങളുടെ സര്‍ക്കീട്ടുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും.
ഭാഗ്യം! പാമ്പുകളൊന്നും വഴി വിലങ്ങി കിടപ്പുണ്ടായിരുന്നില്ല.
കുറുക്കുവഴിയും കാരമുക്കും കഴിഞ്ഞ് രണ്ട് വാര നടന്നപ്പോഴേക്കും ദൂരെ ഗേറ്റ് വെളിച്ചം കണ്ടു. പത്തടി നടന്നപ്പോള്‍ ഗേറ്റില്‍ ആരോ നില്‍പ്പുണ്ടെന്ന് മനസ്സിലായി. കുറച്ചുകൂടി അടുത്തപ്പോള്‍ വ്യക്തമായി. നളിനാക്ഷിയാണ്.
രാമനാഥന് ആശങ്ക തോന്നി. പതിവില്ലാത്തതാണല്ലോ ഭാര്യയുടെ ഈ ഇറങ്ങിനില്‍പ്പ്. ഗേറ്റിനടുത്തെത്തിയപ്പോള്‍ മുഖം തെളിഞ്ഞു. നളിനാക്ഷി ആകെ വിരണ്ടിരിക്കുന്നു. ഇടയ്ക്കിടെ വീടിനു നേര്‍ക്ക് പരിഭ്രാന്തിയോടെ തിരിഞ്ഞ് നോക്കുന്നുണ്ട്. ഓടിച്ചെന്ന് അയാള്‍ ആന്തലോടെ ചോദിച്ചു.
'എന്താ നളിനേ?'
പരവേശപ്പെട്ട് നളിനാക്ഷിക്ക് വാക്കുകള്‍ കിട്ടുന്നുണ്ടായിരുന്നില്ല. തുറിച്ച കണ്ണുകളോടെ വീടിനു നേര്‍ക്ക് ചൂണ്ടുന്നതല്ലാതെ മിണ്ടാനാവുന്നില്ല. അയാള്‍ അവളെ ചുമലിലൂടെ ചുറ്റിപ്പിടിച്ച് ആശ്വസിപ്പിച്ചു.
'പറ... എന്താണ്ടായേ?'
രാമനാഥന്‍ തൊട്ടപ്പോഴേക്കും നളിനാക്ഷിക്ക് പകുതി ജീവന്‍ തിരിച്ചുകിട്ടിയപോലായി. അവള്‍ വിക്കിവിക്കിപ്പറഞ്ഞു.
'രാമേട്ടാ... അമ്മ വന്നിറ്റ്ണ്ട്...'
'ആര്‌ടെ അമ്മ?'
'നിങ്ങളെ അമ്മന്നെ'
രാമനാഥന്റെ കീഴ്ച്ചുണ്ടില്‍ വിളറിയ ചിരി പരന്നു.
'നളിനേ, നിന്റെ തലയ്ക്ക് പ്രാന്തായോ? എന്റമ്മ മരിച്ചിറ്റ് നാലഞ്ചാഴ്ചയായില്ലേ? നിന്‍ക്ക് തോന്നിപ്പോയതാവും.'
'ഞാനെന്തിന് കള് പറയ്ന്ന്. നിങ്ങൊ പോയി നോക്കറോ. അമ്മ ഉള്ളില് ഇരിക്ക്ന്ന്ണ്ട്.'
'ഏടാ?'
'അമ്മേന്റെ മുറീല്‌ന്നെ.'
രാമനാഥന്‍ പായുന്നതുപോലെ വീട്ടിലേക്ക് നടന്നു. ചാരിവെച്ച മുന്‍വാതില്‍ തള്ളിത്തുറന്നു. ഡ്രോയിംഗ് റൂം പിന്നിട്ട് അമ്മ കിടന്നുറങ്ങിയിരുന്ന മഞ്ഞമുറിയിലേക്ക് ഏന്തിനോക്കി.
രാമനാഥന്റെ നെരിയാണിയില്‍നിന്നും ഒരു വിറച്ചില്‍ തേള്‍പോലെ പൊങ്ങി ഉടലാകെ പടര്‍ന്നു. ആ തരിപ്പില്‍ അയാള്‍ കണ്ടു.
വെളുര്‍ക്കെ ചിരിച്ചുകൊണ്ട് അമ്മ ഇരിക്കുകയാണ്. അമ്മയ്ക്ക് പ്രിയപ്പെട്ടതായിരുന്ന അതേ ചൂരല്‍ക്കസേരയില്‍.
കണ്ണ് തിരുമ്പിത്തുറന്ന് ഒന്നുകൂടി നോക്കി. സത്യമാണ്. ആ നില്‍പ്പില്‍ നളിനാക്ഷിയുടെ വിറക്കുന്ന കൈ തന്റെ ചുമലില്‍ പതിയുന്നത് രാമനാഥനറിഞ്ഞു.
അമ്മ ലാഘവത്തോടെ മിണ്ടി.
'പേടിക്കണ്ടടാ. ഇത് ഞാന്‌ന്നെ. നിന്റെ അമ്മ. പി.വി. ഗോമതിയമ്മ.'
രാമനാഥന്‍ വിവശനായി ചോദിച്ചു:
'അമ്മ എന്ത്യേന് മടങ്ങിവന്നെ?'
അമ്മയുടെ ശബ്ദം ആര്‍ദ്രമായി.
'ഒരിക്കക്കൂടി നിങ്ങള കാണണംന്ന് ആശയായിറ്റ് വന്നോയതാടാ. പെട്ടെന്നങ്ങ് കുഴഞ്ഞുവീണ് തീര്‍ന്നുപോയതല്ലേ. രണ്ടിറ്റ് വെള്ളം പോലും നിന്റെ കയ്യീന്ന് വാങ്ങിക്കുടിക്കാനായില്ലല്ലോ.'
രാമനാഥന്‍ കുടിനീരിറക്കി.
അമ്മ നളിനാക്ഷിയെ അടിമുടി നോക്കി.
'നിന്‍ക്ക് സുകല്ലേ മോളേ? നീ വെല്ലാണ്ട് മെലിഞ്ഞോയല്ലോ.'
നളിനാക്ഷിയുടെ മനസ്സ് പെട്ടെന്ന് കുളിര്‍ത്തു. കല്യാണം കഴിഞ്ഞ് വന്നുകയറിയ ആദ്യ നാളുകളില്‍ മാത്രം മോളേന്ന് വിളിച്ച അമ്മയാണ്. പിന്നെ നളിനയായി. ദേഷ്യം ഉറയുമ്പോള്‍ ചാമുണ്ഡിയായി. ഇപ്പോഴിതാ തേന്‍പുരട്ടിയ ശബ്ദത്തില്‍ വീണ്ടും മോളേ.
അമ്മ ലാഘവത്തോടെ മിണ്ടി. 'പേടിക്കണ്ടടാ. ഇത് ഞാന്‌ന്നെ. നിന്റെ അമ്മ. പി.വി. ഗോമതിയമ്മ.' രാമനാഥന്‍ വിവശനായി ചോദിച്ചു: 'അമ്മ എന്ത്യേന് മടങ്ങിവന്നെ?' അമ്മയുടെ ശബ്ദം ആര്‍ദ്രമായി.
നളിനാക്ഷി തലയാട്ടി.
'സുകന്നെ അമ്മേ.'
'മോളേ, എനക്കൊരാശേണ്ട്. നിന്റെ മീങ്കറി കൂട്ടീറ്റ് ഒരിക്കക്കൂടി ചോറ് ബെയ്ക്കണം. ഇന്ന് മീന്‍ കിട്ടീനാ?'
'ഇല്ലമ്മേ. ഇന്നലത്തെ മീങ്കറി ഫ്രിഡ്ജിലിരിപ്പ്ണ്ട് കുറച്ച്. അതെട്ത്ത് ചൂടാക്കിത്തരാം.'
'ആയിക്കോട്ട്... പിന്നെ ഒര് സത്യം ഞാമ്പറയാട്ടോ. ഒടമ്പുളിയിട്ട് മങ്കലത്തില് നീ വറ്റിച്ച്ണ്ടാക്കുന്ന മീങ്കറി ഒര് സംഭവാട്ടോ. ലോകത്താരിക്കും ഇത്ര നല്ല മീങ്കറി ഉണ്ടാക്കാനാകീല. അത്ര കൈപ്പുണ്യം നിന്‍ക്ക്ണ്ട്. ഇന്നലത്തെ മീങ്കറിയാണെങ്കില് പസ്ട്. ഇന്നേക്ക് രുചി കൂടും.'
നളിനാക്ഷി പരിഭവിച്ചു.
'അമ്മ ഒരിക്കലെങ്കിലും എന്റെ മീങ്കറി നന്നായിനീന്ന് ഇന്നോളം ഒര് വാക്ക് പറഞ്ഞിറ്റില്ലാല്ലോ. പത്ത് മുപ്പത് കൊല്ലായില്ലേ ഈ കയ്യോണ്ട് ഞാന്‍ മീങ്കറി വെച്ച് തര്‌ന്നേ.'
അമ്മ പുഞ്ചിരിച്ചു.
'അത് പിന്നെ നിനക്ക് നെഗളിപ്പാവണ്ടാന്ന് കര്തീറ്റല്ലേ? പറഞ്ഞില്ലെങ്കിലും സത്യം സത്യാല്ലാണ്ടാവ്വോ? പിന്നെ ഒര് കാര്യം എനക്ക് മരിച്ചപ്പോ ബോധ്യായി മോളേ. നല്ലത്‌ണ്ടെങ്കില് ജീവിച്ചിരിക്ക്‌മ്പോന്നെ ഓരോരാളും പറഞ്ഞോള്‍ണം. അപ്പളേ ഒരാള് മനുഷ്യനാകൂ. പൊട്ട് കാര്യങ്ങളല്ല പറഞ്ഞോണ്ടിരിക്കണ്ടത്.'
അഭിമാനത്തോടെ നളിനാക്ഷി രാമനാഥന്റെ മുഖത്ത് നോക്കി. അയാള്‍ അടുക്കളയിലേക്ക് ചൂണ്ടി.
'നീയാ മീങ്കറിയെടുത്ത് പൊറത്ത് വെക്ക്. ഐസ് പോട്ട്.'
നളിനാക്ഷി അടുക്കളയിലേക്കോടി. ഫ്രിഡ്ജ് തുറന്ന് മത്തിക്കറിപ്പാത്രം പുറത്തെടുത്ത് മണപ്പിച്ചു. ഇല്ല, പൊട്ടായിട്ടില്ല.
മുഖം കുനിച്ച് മിണ്ടാട്ടം മുട്ടി നിന്ന രാമനാഥനോട് അമ്മ ഉരിയാടി:
'നീയെന്താടാ ആലോചിക്ക്‌ന്നേ? ഞാന് പൊലര്‍ച്ചെ എറങ്ങിപ്പോയ്‌ക്കോളും. നിന്‍ക്ക് എടങ്ങേറാക്കീല ഞാന്‍. പിന്നെ നാട്ടാരൊന്നും ഞാമ്പന്നത് അറിയണ്ടാട്ടോ. ജലജ മോളോടും വിളിച്ചുപറയണ്ട. അറിഞ്ഞാല് ഓള് മൂന്ന് കുഞ്ഞുങ്ങളേം വാരിയെടുത്ത് നാളെന്നെ ഓടിപ്പാഞ്ഞ് വരും.'
'ഇല്ലമ്മേ, പറീല.'
അമ്മ സ്‌നേഹത്തോടെ തുടര്‍ന്നു:
'മോനേ, ഒര് പ്രധാന കാരിയം എന്‍ക്ക് പറയാന്ണ്ട്.'
രാമനാഥന്‍ ആശ്ചര്യപ്പെട്ടു. രാമാ എന്നല്ലാതെ മോനേ എന്ന വിളി പതിവില്ലാത്തത്. തേന്‍പുരട്ടിയ അപ്പം പോലെ ആ വിളി രാമനാഥന് വല്ലാതെ മതിര്‍ത്തു.
'എന്താമ്മേ?'
'സാമൂഹ്യസേവനംന്നൊക്കെ പറഞ്ഞ്ള്ള അലച്ചില് നീയ് നല്ലോണം കൊര്‍ക്കണം. വയസ്സായി വര്യേല്ലേ? ആരോഗ്യം നോക്കണം. സമയാസമയത്ത് എന്തെങ്കിലും തിന്നണം. നിനക്കെന്തെങ്കിലും പറ്റിപ്പോയാല് നളിനക്ക് പിന്നാര്ണ്ട്? നിന്റെ മോള്‍ക്ക് ജോലി എളക്കീറ്റ് ഈ നാട്ടുമ്പറത്ത് വന്ന് നിക്കാമ്പറ്റ്വോ?'
'ആയമ്മേ. അമ്മ മരിച്ചേപ്പിന്ന ഞാനങ്ങനെ പൊര്‍ത്ത് അതികം പോലില്ല.'
'ആട്ട്. നീ ചെര്തിച്ചാ നിന്‍ക്ക് നല്ലത്. നിന്റെ നേരം കൊര്‍ച്ച് നളിനക്കും കൊട്ക്ക്. പകല് മുഴുവന്‍ എനി ഒറ്റക്കായാല് ഓക്ക് ജീവിതംന്നെ മട്‌ത്തോവില്ലേ.'
അത് നേരാണെന്ന് രാമനാഥന് തോന്നി. നേരം പുലരുമ്പോഴേക്കും ആവശ്യക്കാരുടെ വരവും വിളികളും തുടങ്ങും. പിന്നെ ഓരോന്നിന് പിന്നാലെ പാച്ചിലായി. പലപ്പോഴും പാതിരാത്രിയാകും വീട്ടിലെത്തുമ്പോള്‍. എന്തൊരു ജീവിതമാണ്!
നളിനാക്ഷി വന്ന് സന്തോഷത്തോടെ അമ്മയെ ക്ഷണിച്ചു.
'അമ്മ വന്നേ. ചോറ് വെളമ്പീറ്റ്ണ്ട്.'
അമ്മ ധൃതിയില്‍ എഴുന്നേറ്റു. അടുക്കളയിലേക്ക് കടക്കുമ്പഴേ മീന്‍കറിയുടെ മണം രാമനാഥന്റെ മൂക്കിലടിച്ചു. ആദ്യമായി ആ മണത്തിനുള്ളിലെ രുചി അയാളെ കൊതിപ്പിച്ചു. അയാള്‍ക്ക് മുന്നിലും അവള്‍ പ്ലേറ്റ് വെച്ച് ചോറും മീന്‍കറിയും വിളമ്പി. മീന്‍കറി തൊട്ട് നക്കിക്കൊണ്ട് അമ്മ അതിശയിച്ചു.
'ഹോ! ഈ മത്തിക്കറി സൂപ്പറാന്ന് മോളേ.'
അമ്മ കൈനീട്ടി ഒരു പ്ലേറ്റെടുത്ത് മേശപ്പുറത്ത് വെച്ചിട്ട് പറഞ്ഞു.
'നീയും കൂടി ഇരിക്ക് മോളേ. നമുക്ക് ഒന്നിച്ചിരുന്ന് ചോറ് ബെയ്ക്കാം.'
നളിനാക്ഷിയുടെ കണ്ണുകള്‍ പെട്ടെന്ന് നിറഞ്ഞു. തൊണ്ടയിടറി. ആദ്യമായിട്ടാണ്...
'വേണ്ടമ്മേ, ഞാന്‍ പിന്നെ കയിച്ചോളാം.'
രാമനാഥന്‍ വിളറിയ ചിരി ചിരിച്ചു.
'അമ്മ പറഞ്ഞതല്ലേ. നീയും ഇര്‌ന്നോ.'
അവള്‍ അയാളെ കൊല്ലുന്ന ഒരു നോട്ടം നോക്കി. രാമനാഥന്‍ തല കുനിച്ചു.
ചോറുണ്ട് കഴിഞ്ഞ് മീന്‍കറി വിളമ്പിയ കിണ്ണം കയ്യിലെടുത്ത് കറിപ്പശ വിരലുകൊണ്ട് വടിച്ചെടുത്ത് നക്കിക്കുടിച്ച് അമ്മ പുഞ്ചിരിച്ചു.
'എനക്ക് മനസ്സും വയറും നെര്‍ഞ്ഞു.'
അമ്മ എഴുന്നേറ്റ് ഇടംകൈ കൊണ്ട് ബോണിയിലെ ശേഷിച്ച മീന്‍കറി നളിനാക്ഷിയുടെ പ്ലേറ്റില്‍ വിളമ്പി. അവള്‍ അമ്മയുടെ കൈപിടിച്ചു.
'മതീമ്മേ.'
കഴിക്കും മുന്‍പേ നളിനാക്ഷിക്ക് വയര്‍ നിറഞ്ഞിരുന്നു. തൊണ്ടയടഞ്ഞതിനാല്‍ ആദ്യം വായിലേക്കുന്തിയ വറ്റുകള്‍ താഴോട്ടിറങ്ങാന്‍ വഴി കിട്ടാതെ വട്ടം ചുറ്റി.
അമ്മ കൈകഴുകാന്‍ പോയപ്പോള്‍ രാമനാഥന്‍ ദേഷ്യം ഭാവിച്ചു.
'നീയെന്താ ചോറ് തിന്നാത്തേ?... പകല് ഓരോന്ന് വാരിവലിച്ച് കേറ്റീട്ട്ണ്ടാവും.'
അവള്‍ മിണ്ടിയില്ല. വക്കുപൊട്ടിയ രണ്ട് ദോശ രാവിലെ കഴിച്ചതാണ്. പിന്നെ ജലപാനമില്ലായിരുന്നു. അമ്മ മരിച്ചതിനു ശേഷമുള്ള പതിവാണ്. ഉച്ചക്ക് പ്ലേറ്റെടുത്ത് വിളമ്പാനോങ്ങുമ്പോള്‍ അമ്മയെ ഓര്‍മ്മ വരും. പിന്നെ ഒന്നും തിന്നാന്‍ മനസ്സ് വരില്ല. അവളുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു. ഭര്‍ത്താവ് കാണാതിരിക്കാന്‍ അവള്‍ മുഖം പ്ലേറ്റിലേക്ക് ഒന്നുകൂടി താഴ്ത്തിപ്പിടിച്ചു.
ചായ നല്‍കിയ ശേഷം എതിരേയുള്ള സെറ്റിയില്‍ ഇരുന്ന് നളിനാക്ഷി ഭര്‍ത്താവിനെ ആദ്യമായി കാണുന്നതുപോലെ തുറിച്ചുനോക്കി. ചായ ഊതിയൂതിക്കുടിക്കുകയാണ്. അവളുടെ കണ്ണിലും കവിളിലും ദേഷ്യവും സങ്കടവും ഒന്നിച്ച് വിറകൊണ്ടു. ഉറച്ച സ്വരത്തില്‍ അവള്‍ കൂറ്റെടുത്തു.
സോഫാസെറ്റിയില്‍ ഇരുന്ന് അമ്മ രണ്ടാളോടുമായി പറഞ്ഞു:
'മീങ്കറി കൂട്ടാന്‍ മാത്രല്ല ഞാനിങ്ങോട്ട് വന്നത്. പ്രധാനപ്പെട്ട ഒന്ന് രണ്ട് കാര്യങ്ങള്‍ പറയാനിണ്ട്.'
രാമനാഥന്‍ ചെവി കൂര്‍പ്പിച്ചു.
'എന്താമ്മേ?'
'അത്, ഒര് പത്ത് കൊല്ലം മുമ്പ് നളിനേരെ അഞ്ചുപവന്റെ താലിമാല കാണാണ്ടീയിലേ? അത് കള്ളനൊന്നും കൊണ്ടേയതല്ല. രാമനാഥന്‍ ആരിക്കോ വേണ്ടി പണയം വെച്ചൂന്നും പറഞ്ഞ് നളിന അന്ന് ഈട കൊറേ ദെവസം ഒറഞ്ഞ് തുള്ളി.'
നളിനാക്ഷി പെട്ടെന്ന് കയറിപ്പറഞ്ഞു.
'അമ്മേന്നല്ലേ, അന്നെന്നോട് സ്വകാര്യത്തില് പറഞ്ഞത്. നിന്റെ പുര്വോന്‍ ഏടേങ്കിലും കൊണ്ട് പോയി മാല പണയം വെച്ചിട്ട്ണ്ടാകുംന്ന്?'
അത് കേള്‍ക്കാത്ത മട്ടില്‍ അമ്മ തുടര്‍ന്നു:
'ഒരീസം വെല്ലാണ്ട് ദേഷ്യം വന്നപ്പോ ഞാനാ അത് ഒളിപ്പിച്ചത്. സ്‌റ്റോര്‍ മുറിയിലെ മരപ്പത്തായത്തിന്റെ കാലിലൊന്നില് ഒര് ഓട്ടയില്ലേ. അത് അടച്ച മെഴുക് മാന്തിയെടുത്ത് ഞാനതില് മാല താത്തിവെച്ചിറ്റ്ണ്ട്. നാളെ പകല് എട്‌ത്തോ. ഇത് പറയാണ്ട് പോയാല് എനക്ക് സമാധാനം കിട്ടീല മക്കളേ.'
രാമനാഥനും നളിനാക്ഷിയും പരസ്പരം മിഴിച്ചുനോക്കി. അമ്മ രണ്ടാമത്തെ കാര്യത്തിലേക്ക് പുഞ്ചിരിയോടെ കടന്നു:
'ഈ വീട്ടിലെ സാധനങ്ങള്‍ ഓരോന്ന് കിണറ്റിലെ വെള്ളത്തില് പൊന്തുന്നില്ലേ? അത് അപ്പുറത്തെ കാവിലെ കരിങ്കുളിയനല്ലാട്ടോ. നിങ്ങള് ആ തെയ്യത്തിന് എത്ര കലശം കൊട്ത്തു. ഒരിക്ക ഈ മുറ്റത്ത് കരിങ്കുളിയനെത്തന്നെ കെട്ടിയാടിച്ചില്ലേ? എന്നിട്ടും കെണറ്റില് സാധനങ്ങള്‍ വീണോണ്ടിരുന്നു. അത് ഞാനായിര്ന്നു. ദേഷ്യം വര്‌മ്പോ നിങ്ങള് കാണാണ്ട് ഞാന്‍ ഓരോന്ന് പെറുക്കി കെണറ്റിലിടും.'
രാമനാഥന്‍ ഇരച്ചുകയറിവന്ന ദേഷ്യത്തെ തൊണ്ടയില്‍ പിടിച്ചുകെട്ടി.
'അത് സാരൂല്ല അമ്മേ.'
നളിനാക്ഷി അമ്മയെ തുറിച്ചുനോക്കി. അതൊന്നും ഗൗനിക്കാതെ അമ്മ എണീറ്റു.
'ഞാന് കൊര്‍ച്ചേരം കെടക്കട്ട്. നിങ്ങള് ഒര്‍ങ്ങ്ന്ന നേരായീലേ, പോയി കെട്‌ന്നോ.'
പുലര്‍ച്ചെ അമ്മ വിളിക്കുന്ന ശബ്ദം കേട്ടാണ് ഇരുവരും ഞെട്ടിയുണര്‍ന്നത്.
അമ്മ മുടി ചീകിക്കെട്ടിയിരുന്നു. കസവ് സാരി വൃത്തിയില്‍ ചുറ്റിയിരുന്നു. നെറ്റിയില്‍ പതിവ് പോലെ ചന്ദനക്കുറി തൊട്ടിരുന്നു.
'അമ്മ പോലായോ?'
അമ്മ തലയാട്ടി.
'ഉം'
കയ്യിലെ സഞ്ചി അമ്മ ഉയര്‍ത്തിക്കാട്ടി.
'ഞാനിതെട്ക്കുന്ന്‌ട്ട്വോ. ഇതില് എന്റെ കല്യാണ സാരീണ്ട്. ഇതാ.'
രാമനാഥന്‍ പെട്ടെന്ന് കൈ ചൂണ്ടി.
'എന്താമ്മേ സഞ്ചീല് മൊഴച്ച് നിക്ക്‌ന്നേ?'
ചമ്മിയ ചിരിയോടെ അമ്മ സഞ്ചിയില്‍നിന്നും റിമോട്ട് എടുത്ത് ടീപ്പോയിന്‍മേല്‍ വെച്ചു.
രാമനാഥന്‍ അന്ധാളിച്ചു.
'അമ്മക്കെന്തിനാ ടീവീടെ റിമോട്ട്?'
'അറിയാണ്ടായിപ്പോയതാടാ.'
അമ്മ രാമനാഥനെ ചേര്‍ത്തുപിടിച്ചു. യാത്ര പറഞ്ഞ് മുറ്റത്തിറങ്ങി. അമ്മ തിരിഞ്ഞുനിന്നു.
'നളിനേ, നീയിങ്ങോട്ട് ഒരിക്ക വന്നേ.'
സിറ്റൗട്ടില്‍ നില്‍ക്കുകയായിരുന്ന അവള്‍ പെട്ടെന്നിറങ്ങിച്ചെന്നു. അമ്മ അവളെ കെട്ടിപ്പിടിച്ച് ഇടര്‍ച്ചയോടെ പറഞ്ഞു:
'മോളേ, നിന്നെ ഞാന് പെറ്റിനില്ലാന്നേയുള്ളു....ഇത്രകാലം നീയെന്നെ നല്ലോണം നോക്കി. അരിശം വര്‌മ്പോ ഞാനെന്തെല്ലോ നിന്ന പറഞ്ഞിന്. ഒന്നും മനസ്സില് വെക്കലാട്ട്വോ.'
നളിനാക്ഷിക്ക് കരച്ചില്‍ വന്നു. ആദ്യമായിട്ടാണ് അമ്മ കെട്ടിപ്പിടിക്കുന്നത്.
'ഇല്ലാമ്മേ, എന്റെ മന്‍സ്സില് ഒന്നൂല്ലാ.'
'ഇനി ഞാമ്പോട്ടേ?'
രണ്ടാളും മനസ്സില്ലാമനസ്സോടെ തലയാട്ടി.
അമ്മ തിരിഞ്ഞ് നോക്കാതെ നടന്നു. ഗേറ്റ് കടന്ന് പുറത്തെ കൂരിരുട്ടിലേക്ക് അലിഞ്ഞു.
രാമനാഥനും നളിനാക്ഷിയും മുറ്റത്ത് സ്തംഭിച്ചുനിന്നു. സമയം പാമ്പിനെപ്പോലെ പതുക്കെ ഇഴഞ്ഞുനീങ്ങുമ്പോള്‍ രാമനാഥന്‍ ഭാര്യയുടെ കൈപിടിച്ചു.
'വാ, ഉള്ളിലേക്ക് വാ, എനി ഈട നിക്കണ്ട... എനക്ക് കടുപ്പത്തിലൊര് ചായ വേണം.'
വാതില്‍ ചാരി അയാള്‍ സോഫാസെറ്റിയില്‍ അമര്‍ന്നിരുന്നു.
ചായ നല്‍കിയ ശേഷം എതിരേയുള്ള സെറ്റിയില്‍ ഇരുന്ന് നളിനാക്ഷി ഭര്‍ത്താവിനെ ആദ്യമായി കാണുന്നതുപോലെ തുറിച്ചുനോക്കി. ചായ ഊതിയൂതിക്കുടിക്കുകയാണ്. അവളുടെ കണ്ണിലും കവിളിലും ദേഷ്യവും സങ്കടവും ഒന്നിച്ച് വിറകൊണ്ടു. ഉറച്ച സ്വരത്തില്‍ അവള്‍ കൂറ്റെടുത്തു.
'ഒര് കാര്യം എനക്ക് ബോധ്യായി. നിങ്ങള് എന്നേ മരിച്ചുപോയ ഒര് മനുഷ്യനാണ്!'
രാമനാഥന്‍ വിരണ്ടു. മുന്നിലിരിക്കുന്നത് നളിനാക്ഷി തന്നെയാണോ എന്ന് തുറിച്ചുനോക്കി. അവള്‍ തുടര്‍ന്നു:
'ജീവിതത്തില് ഒരിക്കലെങ്കിലും നിങ്ങളെന്റെ മീങ്കറിയെക്കുറിച്ച് നല്ല ഒര് വാക്ക് മിണ്ടീറ്റുണ്ടോ? ഇക്കണ്ടകാലത്തിനിടയില് നിങ്ങള് എനക്കൊരു കണ്മഷിക്കുപ്പിയെങ്കിലും വാങ്ങിച്ച് തന്നിനോ? പകലന്തി ഈ നരകത്തീക്കെടന്ന് വാലിന് തീ പിടിച്ചപോലെ വീടും തലയിലേറ്റി ഞാമ്പായുന്നത് അറിഞ്ഞിനോ? പാതിരാത്രീല് വീട്ടില് വന്ന് പൊലരുമ്പോ എറങ്ങിപ്പോകുന്ന ഒര് മരിച്ച മനുഷ്യനല്ലേ നിങ്ങള്‍? എന്നിട്ട് ഒര് നാണൂല്ലാണ്ട് ചായ ഊതിക്കുടിക്ക്ന്ന്...'
രാമനാഥന്‍ ചായക്കപ്പ് ടീപ്പോയിന്മേല്‍ വെച്ച് നളിനാക്ഷിയെ മിഴിച്ച് നോക്കി. ദേഷ്യം അപ്പോഴും അവളുടെ ചുണ്ടില്‍ വിറച്ചുതുള്ളുന്നുണ്ട്. മനസ്സിലേക്ക് എന്തെല്ലാമോ ഇരച്ചുകയറി വന്നെങ്കിലും അതെല്ലാം വിഴുങ്ങിക്കളഞ്ഞ് വിളറിയ ചിരിയോടെ അയാള്‍ ഇങ്ങനെ പറഞ്ഞു.
'നേരായിരിക്കും നളിനേ നീ പറഞ്ഞത്... പക്ഷേ, പൊറത്ത് കുറേ പാവങ്ങള്ണ്ട്. അവരിക്ക് ഞാന്‍ ജീവിച്ചിരിക്കുന്ന ഒര് മനുഷ്യനാണ്.'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
