

ബന്ധുവീട്ടിലെ നേർച്ച കളിയാട്ടത്തിന് സുധാരേട്ടൻ കലവറയിൽ സജീവമായി നിന്നു. ഇനി കുറച്ചുനേരം തെയ്യം കാണാമെന്നു കരുതി പാൽപ്പായസം ഇളക്കിയ ചട്ടുകം മറ്റൊരാളെ ഏല്പിച്ചു. പരദേവത അണിയറയിൽനിന്നിറങ്ങി. സുധാരേട്ടൻ ഉടുമുണ്ട് താഴ്ത്തി ഭവ്യതയോടെ കൈകൾ പിണച്ചുനിന്നു. കോലക്കാരൻ കൊടിയില വാങ്ങി പീഠത്തിലിരുന്നു. തോറ്റം തുടങ്ങി.
“പുലിമുതുകേറി പുലിവാൽ പിടിച്ചുടൻ
പ്രത്യക്ഷമാകിയ പരദേവതേ തൊഴാം...”
ചെണ്ടക്കൂറ്റിനൊത്ത് വിരലുകളിൽ താളം പിടിക്കുമ്പോഴാണ് സുധാരേട്ടനു പൊടുന്നനെ ഷാജിയെ ഓർമ്മവന്നത്.
പ്രതീക്ഷിച്ചതിലും ആൾക്കാർ വന്നപ്പോൾ അന്നദാന വിതരണം ചെറിയ തോതിൽ പ്രതിസന്ധിയിലായി. വേവ് കുറഞ്ഞ നൂറുജഹാന്റെ പതിനഞ്ച് അരികൂടി ധൃതിയിൽ കഴുകിയെടുക്കാൻ അയാൾ വീട്ടുകാരോട് പറഞ്ഞു. കായമൂറുന്ന സാമ്പാറിൽ കുറച്ചു കഞ്ഞി വെള്ളമൊഴിച്ച് കണക്കിന് ഉപ്പുകൂടി ചേർത്ത് ഇളക്കി സുധാരേട്ടൻ കവുങ്ങിൻ തോട്ടത്തിലൂടെ വലിഞ്ഞു.
അതേ നേരം ഇരുട്ട് ഒലിച്ചിറങ്ങിയപോലുള്ള ടാറിട്ട റോഡ് മാറി ഷാജിയും മനോജും സുനിയും ഇടവഴി ഇറങ്ങി. ഇടക്കാലത്ത് ലാഭനഷ്ടത്തിൽ വിറ്റുകൊണ്ടിരിക്കുന്ന നിലവിൽ ആരുടെ ഉടമസ്ഥതയിലെന്നറിയാത്ത കവുങ്ങ് വളപ്പിലെത്തി.
“നിൽപ്പനാണെങ്കിലും നമുക്ക് ഇരുന്നടിക്കാം.”
മനോജ് പുളിമരത്തിനു കീഴിൽ കുത്തിയിരുന്നു. സുനി ശ്രദ്ധയോടെ അരക്കെട്ടിൽനിന്നു മദ്യവും ഗ്ലാസും പുറത്തെടുത്തു.
ഷാജി തൊട്ടടുത്ത കുളത്തിൽ വെള്ളമെടുക്കാൻ പോയി. മൂവരും ടച്ചിംഗ്‌സായി വാളൻപുളികൾ പെറുക്കി തോട് പൊട്ടിക്കുമ്പോഴേക്കും സുധാരേട്ടൻ റബ്ബർ തോട്ടത്തിലൂടെ വന്നു.
“ഷാജി നീ നടന്ന കാര്യം പറ...”
സുധാരേട്ടൻ ചൂരിമുള്ള് ഒടിച്ചുകളഞ്ഞ് നിലത്തിരുന്നു.
ഷാജി നടന്ന സംഭവം വിശദമായി പറഞ്ഞു.
1
പത്ത് പതിനെട്ടേക്കറിനു ചുറ്റും ബൗണ്ടറിയായി കാടുകളുള്ള തോട്ടത്തിനു നടുക്കാണ് ഷാജിയുടെ വീട്. പൊതുവായിട്ടുളള അന്ധവിശ്വാസങ്ങളിലൊന്നും ഷാജി തലവെച്ചിട്ടില്ല. എന്തിന് ഒറ്റ മൈനയെ കണ്ട് സങ്കടമോ ഇരട്ട മൈനയെ കണ്ട് സന്തോഷമോ അയാളുടെ ജീവിതത്തിലുണ്ടായിട്ടില്ല. എന്നിട്ടും മറ്റെല്ലാർക്കും സംഭവിച്ചപോലെ അയാളും വിചിത്രമായ ഒരു അന്ധവിശ്വാസത്തിൽ കുരുങ്ങി. വീടിനു പിന്നാമ്പുറത്തെ ഒരു തെങ്ങിലായിരുന്നു അന്ധവിശാസം ഷാജിയെ പിടിച്ചുകെട്ടിയിട്ടത്. വെളിപ്പെടുത്തേണ്ട കാര്യമില്ലാത്തതിനാൽ ഇതുവരെയും അതു രഹസ്യമായിത്തന്നെ നിലനിന്നു.
പടയോട്ടക്കാലത്ത് ടിപ്പുവിന്റെ ആൾക്കാർ അതുവഴി വന്നെന്നും കുലുക്കിനോക്കി കൊള്ളൂലെന്നു പറഞ്ഞു വലിച്ചെറിഞ്ഞ ഏതോ കൊട്ടത്തേങ്ങ, വെള്ളം നനഞ്ഞപ്പോൾ മുളച്ചിട്ടാണ് ആ തെങ്ങുണ്ടായതെന്നും കഴിഞ്ഞയാഴ്ച തൊഴിലുറപ്പിക്കാൻ വന്ന സുമ തടമെടുക്കുന്നതിനിടെ പറഞ്ഞു ചിരിച്ചത് ഷാജിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല.
“അല്ലെങ്കിലും ഓൾക്കെല്ലം ഇൻസൾട്ടാണ്.”
സംസാരത്തിൽ കേറിവന്ന സുമയെ സുധാരേട്ടൻ അപ്പോൾ തന്നെ വഴി തിരിച്ചു വിട്ടു.
വീട്ടിൽ തന്നെയാണെങ്കിൽ വേനലിലും കുറഞ്ഞത് മൂന്നു തവണയും മഴ പെയ്താൽ പല തവണയും ഷാജി ആ തെങ്ങിന്റെ ചോട്ടിലേ മൂത്രമൊഴിക്കൂ.
അതിൽ കായിക്കുന്ന എട്ട് പത്ത് തേങ്ങകൾ തന്റെ മൂത്രത്തിന്റെ ഫലശ്രുതിയാണെന്ന് ഷാജി കരുതിപ്പോന്നു. ആകാശത്തു തലയാട്ടി ദൂരകാഴ്ചകളിൽ വ്യാപൃതനായ തെങ്ങാണെങ്കിൽ നല്ല കാലത്തുപോലും കുമ്മായമോ ചാരമോ വീഴാത്ത സ്വന്തം മൂട്ടിലുണ്ടാവുന്ന മൂത്രനനവിനെ കാര്യമാക്കിയില്ല. ഇനി വളരാനൊന്നും വയ്യെന്ന മട്ടിൽ ചെല്ലിക്ക് തുരന്നിടാൻ പാകത്തിൽ അഞ്ചാറ് നേർത്ത ഓലയും വിരലിലെണ്ണാവുന്ന വെളിച്ചെങ്ങയുമായി അതു കാലം കഴിച്ചു.
ഇന്നലെ രാത്രി ഷാജി തെങ്ങിൻ തടത്തിൽ ചെന്നു മുണ്ടുപൊക്കുമ്പോൾ ഒരു മുരൾച്ച കേട്ടു. ഇരുട്ടിന്റെ ഏതു ദിക്കിൽനിന്നാണ് കേട്ടതെന്നറിയാൻ ചെവി വട്ടം പിടിച്ചു. ഉള്ളതാണോ എന്നു തീർച്ചയില്ലാത്തപോലെ വീണ്ടും അതേ ശബ്ദം. ഷാജിയിൽ ഭയം കനത്തു. ഇടത്തേക്കാലിലൂടെ മൂത്രമിറങ്ങി. അതും ചവുട്ടിക്കുടഞ്ഞു ശബ്ദം കേട്ട ഭാഗത്തേയ്ക്ക് ഒരിക്കൽ കൂടി നോക്കി. ദൂരെ പാറക്കല്ലിൽ നിലാവിന്റെ നേർത്ത വട്ടത്തിൽ ഒരു രൂപം തിരിഞ്ഞുനിൽക്കുന്നത് കണ്ടു. നീണ്ട വാൽ... നാലു കാലുകൾ... ഷാജി നിന്ന ഭാഗത്തേയ്ക്ക് അത് ഒരു തവണ തിരിഞ്ഞുനോക്കി. ടോർച്ചടിച്ചെങ്കിൽ അതിന്റെ കണ്ണുകൾ തിളങ്ങുമെന്നു തോന്നി. പൊടുന്നനെ രൂപം പിറകിലുള്ള വള്ളിക്കാട്ടിലേയ്ക്ക് ആയാസത്തിൽ ചാടി മറഞ്ഞതും ഷാജി ഓടി വീടിനകത്തു കയറി. അമ്മിണിയോട് കാര്യം പറഞ്ഞാൽ പേടിച്ചു നിലവിളിയാവുമെന്ന് ഉറപ്പ്.
അതിനിടയിൽ പിന്നെയും രണ്ടു തവണ മുരൾച്ച കേട്ടതായി തോന്നി ഷാജിക്ക്. നെഞ്ചിടിപ്പ് കൂടി. ശ്വാസം മുട്ടി. മകൾ കുഞ്ഞാറ്റ പതിവുപോലെ നേരത്തേ ഉറങ്ങിയിരുന്നു. കുപ്പായവും കൈ തണ്ടയിലിട്ട് കുളിക്കാൻ പോവുന്ന അമ്മിണിയുടെ പിറകെ ഷാജി നടന്നു.
കുളിക്കുമ്പോൾ കുളിമുറിക്കു ചുറ്റിപ്പറ്റി നിന്നു. വിരിപ്പും പുതപ്പും വിരിച്ചു കുടയുമ്പോ അവിടെയും ഷാജി അമ്മിണിയെ മുട്ടിനിന്നു.
“എന്താണ് ഒരെളക്കം...”
ഷാജിയെ അമ്മിണി നോട്ടം കൊണ്ടുഴിഞ്ഞു.
അമ്മിണി പാനിക്കായാലോ എന്നു കരുതി അപ്പഴും കാര്യം പറഞ്ഞില്ല. വെളിച്ചമൊക്കെ കെടുത്തി കിടന്നെങ്കിലും
ഷാജിക്കെങ്ങനെ ഉറക്കം വരും. അമ്മിണിയോട് പറയാനും കേൾക്കാനും വയ്യെന്ന മട്ടിൽ തലവഴി പുതക്കുമ്പോൾ ചൂടെടുത്തു വിയർത്തു. എത്ര നേരം കണ്ണുതുറന്നു കിടന്നെന്ന് ഓർമ്മയില്ല. ഇടയ്ക്കെപ്പഴോ കണ്ണടച്ചപ്പോൾ നിഴൽരൂപം ഒരു നരിയായി തെളിഞ്ഞു ജനൽചില്ലിന് ഇടംകൈകൊണ്ട് തട്ടി. നിലാവെട്ടത്തിൽ ചില്ലിലൂടെ ഷാജിയെ നോക്കി നരി മീശരോമങ്ങൾ വിറപ്പിച്ചു. അമ്മിണിയെ ചേർന്നുകിടന്നപ്പോൾ ചെറിയൊരാശ്വാസം തോന്നിയെങ്കിലും കൂർക്കം വലിക്കുമ്പോൾ അമ്മിണിയാണ് നരിയെന്നു തോന്നി. ഷാജി എങ്ങനെയോ നേരം പുലർത്തി.
പല്ലുതേക്കുമ്പോഴും ചായ കുടിക്കുമ്പോഴും പിടിവിട്ട ആലോചനയിലായി ഷാജി. പ്രഭാത വാർത്തകൾ വകഞ്ഞ് ആനിമൽ പ്ലാനെറ്റിലെ റിപ്പീറ്റ് പരിപാടികളിലേയ്ക്ക് റിമോട്ട് ഉയർത്തി. തലേന്നു രാത്രി ഷാജിയിലുണ്ടായ പകപ്പ് മറ്റതിനല്ലെന്ന് അമ്മിണിക്കു വൈകാതെ മനസ്സിലായി.
രാവിലെ പത്തുമണി കഴിഞ്ഞ് ഷാജി മനോജിനേയും സുനിയേയും വിളിച്ച് നരിയെ കണ്ട കാര്യം പറഞ്ഞു. ഞായറാഴ്ചയെ വേണ്ടുവോളം ഉറങ്ങി തീർക്കാനുറപ്പിച്ച രണ്ടുപേരോടും നേരിട്ട് കാണാമെന്നു പറഞ്ഞു ഫോൺ കട്ട് ചെയ്യുകയായിരുന്നു.
“എന്നിട്ട് നിന്റോളും കുഞ്ഞീം ഈടന്യ ഇല്ലത്?”
സുധാരേട്ടൻ ചോദിച്ചു.
“രണ്ടാളേം ഇന്നു രാവിലെ അമ്മിണീരെ വീട്ടിലാക്കി.”
“അത് നന്നായി.”
“പിന്നെ ടാപ്പിങ്ങിന് വര്ന്ന പ്രഭാരേട്ടനോടും രണ്ടുമൂന്നു ദെവസത്തേയ്ക്ക് വരണ്ടാന്നു പറഞ്ഞിട്ട്ണ്ട്.”
“ഓനോട് നീ നരി എറങ്ങീന്ന് പറഞ്ഞിനാ?”
“ഇല്ലപ്പാ... മണ്ടലീനെ കണ്ടിന്ന്‌ന് പറഞ്ഞു. ഓർക്ക് പാമ്പിനെ പേടിയാന്ന്.”
“ഒന് എല്ലാത്തിനേം പേടിയാന്ന്.”
സുധാരേട്ടൻ ഒന്നൂടെ ഒഴിക്കാൻ ആംഗ്യം കാട്ടി.
“നരീനൊക്കെ വെടിവെക്കുന്നതിൽ റിസ്‌ക് ഇണ്ടാ സുധാരേട്ടാ?”
മനോജ് സുധാരേട്ടനെ വിഷയത്തിലേക്ക് അടുപ്പിച്ചു.
“എന്ത് റിസ്‌ക്ക്. സംഭവം നമ്മളെല്ലാതെ പൊറത്തറിയാണ്ട് നിന്നാ മതി.”
“പൊറത്തറിഞ്ഞാൽ ഫോറസ്റ്റ്കാറ് വരും... കൂടെറക്കും...” -സുനി ചിരിച്ചു.
“അതു വാലനക്കിയോ മീശ പിരിച്ചോ ന്നറിയാൻ ചാനല്‍കാറ് വരും. പിന്ന നമ്മക്കെല്ല ഈ നാട്ടിലേ സൈ്വര്യം കിട്ടൂല.”
മനോജ് കൂട്ടിച്ചേർത്തു.
“ഇതിപ്പം ഒന്ന് ചില്ലിട്ട് വെച്ചാ തീരുന്ന കാര്യേ ഉള്ളൂ.”
“പിന്നല്ലാ... ഇതൊക്കെ പണ്ടെല്ലം ഇവിടെ നടക്ക്ന്ന കാര്യല്ലേ...”
“ആണോ?”
“ആണോന്ന്...”
സുധാരേട്ടന് മൂഡായി തുടങ്ങിയെന്ന് ഷാജിക്ക് മനസ്സിലായി.
കയ്യിലുണ്ടായ തോർത്തുമുണ്ട് കുടഞ്ഞ് തലയിൽ കെട്ടി, മീശ പിരിച്ച്, ആവശ്യത്തിനു മാത്രം കൃഷ്ണമണികൾ ചലിപ്പിച്ച് സുധാരേട്ടൻ ചെറിയ നേരംകൊണ്ട് ഒരു നായാട്ടുകാരന്റെ തനി രൂപത്തിലേയ്ക്ക് വന്നു.
“നിങ്ങ പുലീന കണ്ടിറ്റ്ണ്ടാ?” മനോജ് വീണ്ടും ചൂണ്ടയിട്ടു.
സുധാരേട്ടൻ കുരുങ്ങി-
“സ്വയം സഹായസംഘം മൈസൂർക്ക് ടൂർ പോയപ്പോ മൃഗശാലയിൽ ഇണ്ടായിനും. അന്ന് ഞാൻ നല്ല ഫോമിലായിരുന്നോണ്ട് ശെരിക്കും ശ്രദ്ധിച്ചിറ്റ.”
അവസരം കിട്ടീട്ടും കള്ളം പറയാത്ത സത്യസന്ധനായ നായാട്ടുകാരൻ- ഷാജിക്ക് അത്ഭുതം തോന്നി.
“സുധാരേട്ടാ അങ്ങനെയെങ്കില് ഇന്നു രാത്രി നമ്മക്കതിനെ തീർത്താലോ?”
സുനി മുന്നോട്ടാഞ്ഞു.
“ഛേ... ഛേ... നരിനെല്ലം വെടിവെക്കുമ്പോ കൊറേ കാര്യം നോക്കാനുണ്ട്...”
സുധാരേട്ടൻ നിവർന്നിരുന്നു.
“എന്റെ കയ്യിലുള്ളത് ഒറ്റക്കൊഴലാണ്. രണ്ടാമതും പൊട്ടിക്കണം ന്ന് തോന്നിയാല് ആദ്യേ തെര നെറക്കാൻ സമയം കിട്ടീന്ന് വരൂല. അപ്പളേക്ക് ശരപഞ്ചരത്തിലെ ജയൻ കുതിരേനെ തടവുന്നപോലെ നരി നമ്മളെ എണ്ണയിടീപ്പിക്കും.”
സുധാരേട്ടൻ കുറച്ചുനേരം ആലോചിച്ചു. എന്നിട്ട് പറഞ്ഞു:
“ഈട ലോക്കലായി കിട്ടുന്ന തെരക്ക് പവറ് കൊറവാണ്. മംഗലാരം പോയി സാനം വാങ്ങണം. പിന്നെ ഒരു ആടിനെ വേണം.”
“അത് മനോജിന്റെ വീട്ടിന്നു കൊണ്ടരാലോ...”
അതാരാണ് പറഞ്ഞതെന്ന് സുധാരേട്ടനു മനസ്സിലായില്ല.
മനോജിന്റെ ഭാര്യ കുടുംബശ്രീന്ന് ലോണെടുത്ത് വാങ്ങിയ ആടാണ്. തെളിച്ചമില്ലെങ്കിലും എമർജൻസി
കേസല്ലേ കുഴപ്പമില്ലെന്നു സ്വയം സമാധാനപ്പെടലേ നിവൃത്തിയുള്ളൂ. മനോജ് നെടുവീർപ്പിട്ടു.
അങ്ങനെയെങ്കിൽ നാളെത്തന്നെ സുധാരേട്ടനും ഷാജിയും വെടിയുണ്ട വാങ്ങാൻ രാവിലെ ലോക്കലിന് മംഗലാപുരത്തേക്കും ഉചിതമെന്നു തോന്നുന്ന നേരം ഇടത്തരം മദ്യം വാങ്ങാൻ മനോജും സുനിയും വെള്ളരിക്കുണ്ട് ബീവറേജിലും പോവാൻ തീരുമാനമെടുത്തു. കുപ്പിയും ഗ്ലാസും പുളിമരത്തിനു ചാരിവെച്ച് അവർ എണീറ്റു...
രാത്രി പത്തുമണി കഴിഞ്ഞപ്പോൾ ഷാജി ഇറയത്തിരുന്ന് അമ്മിണിയെ വിളിച്ചു.
“അമ്മിണീ... എന്നെ നരി പിടിച്ചാല്... നമ്മളെ മോളെ നീ നോക്കൂലണേ...”
ഷാജിയുടെ കനപ്പെട്ട
സെന്റിമെൻസ് കേട്ട് അമ്മിണി കൊറേ സമയം മിണ്ടാതിരുന്നു.
ഷാജി ഹലോ പറഞ്ഞപ്പോൾ മറുതലക്കൽ വിതുമ്പി.
“അച്ചാച്ചന്റെ പഴയ തോക്ക് ഇണ്ടായിനെങ്കിൽ ഞാനെന്നെ നരിനെ കൊല്ലട്ടീനും.”
ഷാജി സിറ്റ്യുവേഷൻ മാറ്റിപ്പിടിക്കാൻ ശ്രമിച്ചു.
“മ്മ്...”
അമ്മിണിക്ക് സങ്കടം പോയിട്ടൊന്നുമില്ല.
“എന്നാ എന്റെ മോള് പോയി കെടന്നോ... ഞാൻ രാവിലെ വിളിക്കാ...”
അമ്മിണി വീണ്ടും മൂളി.
ഷാജി ഒരുമ്മം കൊടുത്തെങ്കിലും അതിനുമുന്‍പേ അമ്മിണി ഫോൺ കട്ട് ചെയ്തു. പിന്നെയും പലതും പിറുപിറുത്ത് ഷാജി ഇറയത്ത് തന്നെ ഓഫായി.
ഒന്നുരണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ അച്ചാച്ചൻ കൂർക്കം വലിക്കുന്ന ഷാജിയുടെ സ്വപ്നത്തിൽ കേറിവന്നു. കയ്യിലൊരു തോക്കും പിറകിലൊരു നരിയുമായിട്ടായിരുന്നു അച്ചാച്ചന്റെ വരവ്. കാക്കിഷർട്ടും പത്താം നമ്പർ മുണ്ടും വേഷം. അയഞ്ഞ ഷർട്ടിൽ മുള്ളുകൊണ്ടതിന്റെ കീറലും പലതരത്തിലുള്ള കറകളും ഷാജി ശ്രദ്ധിച്ചു.
തോക്കിന്റെ ചട്ടവും കൊത്തിയും തിളങ്ങുന്നു. നരി നായയെപ്പോലെ അവിടെയിവിടെയൊക്കെ മണം പിടിച്ചു നടന്നു.
“അതൊന്നും ചെയ്യൂലപ്പാ...”
ഷാജി നരിയെ കണ്ട് പേടിച്ചെന്ന് അച്ചാച്ചനു മനസ്സിലായി. നരി മുറ്റത്ത് ഒരു മൂലയിൽ ചെന്നു കിടന്നു. വട്ടം ചുറ്റി ശല്യമാക്കിയ ഈച്ചയെ വാല് ചുഴറ്റിയോടിച്ചു. ശേഷം കൺട്രോള് നഷ്ടപ്പെട്ട് അനങ്ങിക്കൊണ്ടിരുന്ന വാലിനെ കടിച്ചുപിടിച്ച് കാഴ്ചകളൊക്കെ നോക്കി അതങ്ങനെ കിടക്കുന്നത് ഷാജി കുറച്ചുസമയം നോക്കിനിന്നു. സ്വപ്നത്തിൽ അല്ലാതെ ജീവിതത്തിൽ ഷാജി അച്ചാച്ചനെ കണ്ടിരുന്നില്ല. ഷാജി അച്ചാച്ചനെ മതിവരുവോളം നോക്കിയിരുന്നു. അച്ചാച്ചൻ മുറുക്കാൻ കെട്ടിനൊപ്പം ചില നായാട്ടുകഥകളും തുറന്നു. അതിനിടയിൽ നരി തൊടിയിലേക്കിറങ്ങി ഏതോ തരം പുല്ല് അളന്നു തിന്നു.
“അയിന് വയറ് വേദനായാവ്ന്ന്ണ്ട് പ്പാ പാവം...”
അച്ചാച്ചന്റെ ശബ്ദം കേട്ട് നരി സ്നേഹപൂർവ്വം തിരിഞ്ഞുനോക്കി. അച്ചാച്ചൻ കഥ പറഞ്ഞു തുടങ്ങി. ഷാജി കഥകളിൽ തലവെച്ചു കിടന്നു.
2
രാവിലെ പാസഞ്ചറിനുതന്നെ സുധാരേട്ടനും ഷാജിയും മംഗലാപുരത്തേയ്ക്ക് പുറപ്പെട്ടു. ജനലിലൂടെ ഇളം വെയിലടിച്ചപ്പോൾ രണ്ടുപേരും മയങ്ങി. ഇടയ്ക്ക് തൊണ്ട വറ്റിയപ്പോൾ ഷാജി എണീറ്റു. ഇനിയും ഉറങ്ങിയാൽ അച്ചാച്ചനും നരിക്കും പണിയാവുമെന്നു കരുതി മുഖം തുടച്ചു. അപ്പഴേക്കും കൂർക്കം വലിച്ചു വലിച്ച് സുധാരേട്ടൻ യാത്രക്കാരുടെ ശ്രദ്ധയാകർഷിച്ചു.
“ഇന്നലെ നായാട്ടിന് പോയിനാ?”
സെൻട്രൽ സ്റ്റേഷനു പുറത്തിറങ്ങുമ്പോൾ ഷാജി ചോദിച്ചു:
“ആ ഇന്നലെ വെറ്‌തേയൊന്ന് എറങ്ങി...”
സുധാരേട്ടനപ്പോൾ സുമയെ ഓർമ്മിച്ചു. സ്ഥലകാലബോധം തിരിച്ചുവന്നപ്പോൾ ഒരു ഓട്ടോറിക്ഷ തടഞ്ഞുനിർത്തി. ഡ്രൈവറോട് നേരെ അട്ടവാറിലേയ്ക്ക് വിടാൻ പറഞ്ഞു. തിരക്കുകൾക്കിടയിലൂടെ ഓട്ടോ ചീറിയും വകഞ്ഞും പാഞ്ഞു. ഷാജിയും സുധാരേട്ടനും തല പുറത്തേക്കിട്ട് നഗരത്തെ കണ്ടു.
ഇതേ നേരം മനോജും സുനിലും വെള്ളരിക്കുണ്ട് ബീവറേജിലേയ്ക്ക് അക്ഷമരായി യാത്രയാരംഭിച്ചിരുന്നു. സ്ഥാപനം തുറക്കാൻ ഇനിയും സമയമുണ്ടെന്നോർത്ത് രണ്ടുപേരും ഒരു ഹോട്ടലിൽ കേറി മസാലദോശയ്ക്ക് ഓര്‍ഡറിട്ടു.
“ശെരിക്കും അതൊരു നരിയായിരിക്കുമോ?”
മനോജ് തുടക്കം തൊട്ടുള്ള സംശയം സുനിയോട് പറഞ്ഞു:
“പ്രളയം വരൂന്ന് നമ്മളാരെങ്കിലും വിചാരിച്ചിനോ? അത് വന്നൂലേ... അതിന്റെ പെറകെ മഹാമാരീന്നും പറഞ്ഞ് കൊറോണേം വന്നു... അപ്പോ നരിക്ക് വന്നൂടെ...”
സുനി അങ്ങനെയൊക്കെ മറുപടി പറയുമെന്നു വിചാരിച്ചില്ല. മനോജിനു പിന്നൊന്നും പറയാൻ തോന്നിയില്ല.
3
“ഓളെ അമ്മാവൻ മോളിൽ കെടപ്പുണ്ട്. എമ്പതൊക്കെ കയിഞ്ഞു. പ്രഷറ് കേറി തലേൽ കട്ടപിടിച്ചപ്പോ നേരെയിങ്ങ് വന്നതാ...”
ആശുപത്രി കാന്റീനിൽ കസേര വലിച്ചിരിക്കുമ്പോൾ സുധാരേട്ടൻ കൂസലില്ലാതെ പറഞ്ഞു:
“എല്ലം ഒരോരാളുടെ സമയത്തിന്റെ കളി.”
ബന്ധുക്കളോട് അത്രയും പറഞ്ഞു മടങ്ങുമ്പോൾ സുധാരേട്ടൻ പറഞ്ഞതു നേരാണെന്നു ഷാജിക്കും തോന്നി. അല്ലെങ്കിൽ തന്നെ നൂറ്റെട്ട്
പ്രശ്നങ്ങൾക്കിടയിൽ ഒരു നരിയെ കൊല്ലാനുള്ള മേൽത്തരം ഉണ്ട വാങ്ങാൻ മംഗലാപുരം വരേണ്ട ഗതികേടൊക്കെ വരുമെന്ന് ഷാജിയെന്നല്ല ആരും വിചാരിച്ചു കാണില്ല. ആശുപത്രിയിൽനിന്ന് അവർ ഒരു ഇടത്തരം ബാർ ലക്ഷ്യമാക്കി നടന്നു. അരമണിക്കൂർ അവിടെയും ചെലവഴിച്ച് ഒരു ഇടുങ്ങിയ കടയിൽനിന്നു മൂന്നു തിരകൾ വാങ്ങി. തിരിച്ചെത്തുമ്പോഴേക്കും വൈകുന്നേരം അഞ്ചുമണി കഴിഞ്ഞിരുന്നു.
ഇന്നു രാത്രി നരിക്ക് പിറകേ പോവണ്ടെന്ന് സുധാരേട്ടനു തോന്നിയെങ്കിലും ഷാജിയോട് പറഞ്ഞില്ല. ഒന്നുമില്ലെങ്കിലും ഷാജി കാരണം ഭാര്യയുടെ അമ്മാവനെ കാണാനും ബാറിൽ കേറി പൂസാവാനും കഴിഞ്ഞതല്ലേ.
“ഞാനൊരു ഏഴ് മണിയാവുമ്പോ വരാ... നീ അവരേം വിളിച്ച് സെറ്റാക്ക്.”
പറങ്കിമാവിന്റെ തടിയിൽ മരപ്പലക വലിച്ചുകെട്ടുന്നതിനെ സുധാരേട്ടൻ പറഞ്ഞു:
“വല്ലഭനു പുല്ലും ആയുധം ന്നല്ലേ.”
ആടിനൊപ്പം കാറിലിരിക്കുമ്പോൾ സുനി മനോജ് കാണാൻ വാക്കത്തി ഉയർത്തിപ്പിടിച്ചു.
കുളിച്ചു പുതിയ ഷർട്ടും മുണ്ടുമായിരുന്നു സുനിയുടെ വേഷം. ഇടയ്ക്ക് യൂറിക് ആസിഡ് കൂടുമ്പോൾ സ്വന്തം പ്രേരണയാൽ സുനി പ്രഭാതത്തിൽ നടക്കാനിറങ്ങാറുണ്ട്. അപ്പോഴിടാറുള്ള ഷൂസ് സുനിയുടെ കാലിലും ഷോർട്‌സ് മുണ്ടിനടിയിലും കണ്ടു. മുന്നൊരുക്കത്തിൽ അലസത കണിച്ചതിൽ മനോജിനു കുറ്റബോധം തോന്നി. രണ്ടുപേരും ഷാജിയുടെ വീട്ടിലെത്തി.
സുധാരേട്ടൻ വരുമ്പോൾ പതിവില്ലാതെ കുളിച്ചു കുറിയൊക്കെ തൊട്ടിരുന്നു. എണ്ണയിട്ട് തുടച്ച തോക്ക് അദ്ദേഹം ഇറയത്ത് ചാരിവെച്ചു.
“വിളക്ക് വെച്ചിനോ?”
“ഇല്ല.”
അമ്മിണി പോയാൽ പിന്നെ വിളക്കു കത്തിക്കാറില്ല. ഷാജിയോട് പടിഞ്ഞാറ്റ തുറക്കാൻ സുധാരേട്ടൻ പറഞ്ഞു. സുധാരേട്ടന്റെ ആറ്റിറ്റ്യൂട് കണ്ടു പടിഞ്ഞാറ്റ വൃത്തിയാക്കാമെന്നു ഷാജിക്കു തോന്നി. പഴയ വിളക്ക് തിരിയും കരിഞ്ഞു തലയൊടിഞ്ഞ തീപ്പെട്ടിക്കൊള്ളികളും ഷാജി സുനിയെ ഏല്പിച്ചു. മുത്തപ്പനും തിരുവപ്പനുമുള്ള ഫോട്ടോ ഷാജി മുണ്ടിനറ്റം കൊണ്ട് തുടച്ചുവെച്ചു. മുത്തപ്പൻ ഷാജിയെ നോക്കി ചിരിച്ചു. അപ്പോഴേയ്ക്കും സുധാരേട്ടൻ ചില്ലുഗ്ലാസ്സിൽ മദ്യം നിറച്ചു.
“കഴിക്കാനെന്തില്ലത്?”
“ബീഫുണ്ട് പൊറോട്ടയും.”
സുനിയുടെ ഉമിനീര് പറച്ചിലൊപ്പം താടിരോമങ്ങളിൽ തെറിച്ചു.
“ബീഫ് കൊറച്ച് എടുക്ക്.”
സുധാരേട്ടൻ മുണ്ട് താഴ്ത്തിയിട്ടു.
ഷാജി അതിഥികൾക്കുള്ള സെറാമിക് പ്ലേറ്റിൽ ബീഫ് ഫ്രൈ നിറച്ചു.
“സുധാരേട്ടാ...”
പടിഞ്ഞാറ്റയിൽ കേറാൻ നിന്ന സുധാരേട്ടനോട് സുനിക്ക് ഒരു സംശയം.
സുധാരേട്ടൻ എന്താണെന്ന് ആംഗ്യം കാട്ടി.
“അല്ലാ... പടിഞ്ഞാറ്റയിൽ ബീഫ് പറ്റോ?”
“അകത്തിരിക്കുന്നതാര്ന്ന് നോക്ക്. ഓർക്കെന്ത് വകബേധം സുനീ...”
സുധാരേട്ടൻ സ്വാതിക ഭാവത്തോടെ പറഞ്ഞു.
നിലവിളക്കിൽ തിരി രണ്ടോ മൂന്നോ എന്ന് സുധാരേട്ടന് ഉറപ്പില്ല. ഭംഗി തോന്നി മൂന്നു തിരിവെച്ചു കത്തിച്ചു. പടിഞ്ഞാറ്റയിൽ വെളിച്ചം നിറഞ്ഞു.
“അതിങ്ങെടുക്ക്...”
ഷാജി ഒഴിച്ച മദ്യം ബഹുമാനത്തോടെ എടുത്തുകൊടുത്തു. സുധാരേട്ടൻ പടിഞ്ഞാറ്റയിൽനിന്ന് ഇറങ്ങി. ഇറയത്തുവെച്ച തോക്ക് മൂന്നു വട്ടം തൊട്ട് തൊഴുത് പടിഞ്ഞാറ്റയിൽ കൊണ്ടുവെച്ചു.
“പ്രാർത്ഥിച്ചോ...”
സുധാരേട്ടൻ മുഖം
നോക്കാതെ പറഞ്ഞു. നാലുപേരും തൊഴുതു. പടിഞ്ഞാറ്റ വാതിൽ പാതി ചാരി സുധാരേട്ടൻ ഇറങ്ങിവന്നു. മൂന്നുപേരെയും ആദ്യമെന്നപോലെ നോക്കി മന്ദഹസിച്ചു. ഏവരും അടുക്കളയിലേയ്ക്ക് നീങ്ങി, കൂടെ മദ്യവും.
“ഇങ്ങനെയുള്ള കാര്യങ്ങൾക്ക് പിതൃക്കളെ ഓർക്കുന്നത് നല്ലതാ.”
സുധാരേട്ടൻ പത്ത് മില്ലി വീതം ഓരോരുത്തർക്കും പകർന്നുകൊടുത്തു.
പത്ത് മിനുട്ട് കഴിഞ്ഞപ്പോൾ സുധാരേട്ടൻ പടിഞ്ഞാറ്റ തുറന്നു കൈകൾ കൂപ്പി.
മുത്തപ്പനും തിരുവപ്പനും ഇതുവരെ കാണാത്ത മറ്റൊരു സുധാകരന്റെ ചെയ്തികൾ നോക്കിക്കണ്ടു. മദ്യത്തിനും ഇറച്ചിക്കുമൊപ്പം വെച്ച തോക്ക് കയ്യിലെടുക്കുമ്പോൾ സുധാരേട്ടന്റെ കണ്ണിൽ വെള്ളം നിറഞ്ഞു.
“പൊറപ്പെട്ടാലോ...”
സുധാരേട്ടൻ തലയിൽ ഹെഡ്‌ലാംപ് കെട്ടി. സുനി വാക്കത്തിയെടുത്ത് കയ്യിൽ പിടിച്ചു. വാക്കത്തി എന്തിനാണെന്ന മട്ടിൽ സുധാരേട്ടൻ മൂവരേം മാറി മാറി നോക്കി. എന്തോ ആലോചിച്ചെന്നപോലെ കയ്യിൽ കരുതിക്കോളാനും പറഞ്ഞു. അതിനിടയിൽ ഷാജി പിതൃക്കൾക്കു വിളമ്പിയ കറിപ്പാത്രവും ഗ്ലാസ്സും അടുക്കളയിലേയ്ക്കു മാറ്റിവെച്ചു. പുറപ്പെടുന്നെന്ന് അമ്മിണിയെ വിളിച്ചുപറഞ്ഞാലോ? ഷാജി ഒരുവട്ടം ആലോചിച്ചു. പിന്നെ വേണ്ടെന്നു കരുതി. മദ്യം തൊണ്ടയിലേയ്ക്ക് കമിഴ്ത്തി. ഒരു ഇറച്ചിക്കഷണം വായിലിട്ട് പാത്രം അടച്ചുവെച്ചു. വന്നിട്ടു കഴിക്കാനുള്ള പൊറോട്ട അടുക്കളത്തട്ടിൽ മലർന്നുകിടക്കുന്നുണ്ട്. ഒരു സ്റ്റീൽപാത്രം എടുത്ത് ഷാജിയതിനെ പുതപ്പിച്ചു. സുധാരേട്ടൻ മുന്നിലും പിറകിൽ മനോജും അതിനു പിറകിൽ ആടിനേയും വലിച്ച് സുനിയും നടന്നു. ഏറ്റവും പിറകിൽ ഷാജി അമ്മിണിയുടെ മിസ് കോളില്ലെന്നുറപ്പിച്ച് മൊബൈലിനെ സൈലന്റ് മോഡിലിട്ടു.
ഇരുട്ടിലൂടെ നടന്നുപോവുന്ന ആടിനു സംഭവങ്ങളുടെ ഗതി മനസ്സിലായില്ല. അത് ഉച്ചത്തിൽ കരഞ്ഞു.
“നരകം... അതിന്റെ
വാ പൊത്തിപ്പിടിക്ക്.”
സുധാരേട്ടനു ദേഷ്യം വന്നു.
സുനി ആടിന്റെ മൂക്കും വായയും അമർത്തിപ്പിടിച്ചു. ആട് അതും കുടഞ്ഞ് ഇനി ഞാൻ വഴി പറയാമെന്ന മട്ടിൽ മുന്നോട്ട് നടന്നു. പെട്ടെന്ന്
സുധാരേട്ടൻ നിന്നു. നരി വന്നെന്ന് ഉറപ്പിച്ച് ഷാജി രണ്ടു തവണ ചുവടുറപ്പിച്ചു. നിന്നനിൽപ്പിൽ ഉള്ളംകാലിലൂടെ എന്തോ മുകളിലേയ്ക്ക് പാഞ്ഞുകേറി. സുധാരേട്ടൻ ശ്രദ്ധാപൂർവ്വം തോക്കിന്റെ കുഴലൊടിച്ചു. സാവധാനം തിര നിറച്ചു. അപ്പോൾ നരി വന്നതല്ല. മുന്നൊരുക്കമാണ്. ഷാജി വിറയില്ലെന്ന മട്ടിൽ സുനിയെ നോക്കി.
പിന്നെയും മുന്നോട്ട് നടന്നു. റബ്ബർമരങ്ങളും കഴിഞ്ഞ് ഒരൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ സുധാരേട്ടൻ നിന്നു.
“സുനീ... ആടിനെ അവിടെയെവിടെങ്കിലും കെട്ടിക്കോ.”
തൊട്ടടുത്ത പറങ്കിമാവിൽ നേരത്തേ കെട്ടിവെച്ച മരപ്പലകയിൽ നാലുപേരും കയറിയിരുന്നു.
“നരിക്ക് പിന്നെ മണം പ്രശ്നല്ലാ...”
“എന്തു മണം?”
സുനി മിണ്ടിയും പറഞ്ഞുമിരിക്കാമെന്ന മട്ടിൽ സൗകര്യത്തിലിരുന്നു.
മനോജിനു സൗകര്യം തികയാതെ വന്നു.
“നമ്മള് മനുഷ്യന്മാരെ മണം.”
സുധാരേട്ടൻ ശ്രദ്ധാപൂർവ്വം തോക്ക് ഒതുക്കിവെച്ചു.
“പന്നിയോ എയ്യനോ ആണെങ്കിൽ കാറ്റിന്റെ ദിശ നോക്കണം. എയ്യന് മണം ദൂരന്നേ കിട്ടും.”
“അങ്ങനെല്ലം ഇണ്ടല്ലേ?”
“പിന്നല്ലാതെ. നായാട്ടെല്ലം കൊറേ പഠിക്കാനുണ്ട്.”
സുധാരേട്ടൻ പിന്നൊന്നും മിണ്ടാതായി.
എത്രനേരം അങ്ങനെ ഇരുന്നെന്ന് അറിയില്ല. ആട് വയറ് നിറയും വരെ തിന്നും ചെവിയിൽ കുളമ്പിട്ട് ചൊറിയുകയും ചെയ്ത് സമയത്തെ തള്ളിനീക്കി. മനോജ് ചന്തിവേദന സഹിക്കാൻ പറ്റാതെ ഇടയ്ക്കിടെ അനങ്ങിയിരുന്നു. ഷാജി മാത്രം ഏതു നിമിഷവും നരി ഇറങ്ങിവന്ന് ആടിനെ കയറിപ്പിടിക്കുമെന്നും സുധാരേട്ടൻ തക്കസമയത്ത് വെടിപൊട്ടിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. പരിചയമില്ലാത്ത ബ്രാൻഡാണോ എന്നറിയില്ല. സുധാരേട്ടന്റെ കയ്യിലുള്ള
തോക്കിനറ്റം കുലഞ്ഞു കൊണ്ടിരുന്നു. സുധാരേട്ടന്റെ ഉള്ളിൽ സുധാകരനെന്ന വേട്ടക്കാരൻ സുധാരാ... ശ്രദ്ധിക്ക് ശ്രദ്ധിക്കെന്നു പറഞ്ഞോണ്ടിരുന്നു. ശ്രദ്ധ പോവാണ്ടിരിക്കാൻ നരിയുടെ തവിട്ടു നിറവും കറുത്ത പുള്ളിയും സുധാരേട്ടൻ കൂടെക്കൂടെ ആലോചിച്ചു. ആലോചന തരം കിട്ടിയപ്പോൾ സുമയുടെ തവിട്ടു സാരിയിലേക്കും ചുരുണ്ടമുടിയിലേക്കും നടന്നുപോയി. സുധാരേട്ടൻ പറങ്കിമാവിന്റെ തടിയിലേയ്ക്ക് പതിയെ തല ചാരിവെച്ചു. മുന്നിൽ ആടിനു പകരം സുമ കിടക്കുന്നതായി സുധാരേട്ടനു തോന്നി. ഇരുട്ടിൽ പുല്ലാനിക്കാടിനിടയിലൂടെ നരിയായി സുധാരേട്ടൻ വന്നു. സുമയെ തൊടാൻ ആയുമ്പോഴേക്കും എന്തോ അനക്കമുണ്ടെന്ന് ഷാജി പിറകിൽനിന്നു തൊട്ടു. സുധാരേട്ടൻ ദേഷ്യത്തോടെ മിണ്ടരുതെന്നു പറഞ്ഞു. തൊട്ടടുത്ത ഇല്ലിക്കാട്ടിലെ അനക്കത്തിൽ നാലുപേരും ശ്രദ്ധകൂർപ്പിച്ചു. കുതിക്കാനുള്ള തയ്യാറെടുപ്പുപോലെ ഇലകൾ പിറകിലേയ്ക്ക് ഞെരിയുന്നു. സുധാരേട്ടൻ തോക്ക് നീട്ടി. ഷാജിക്ക് എവിടെന്നില്ലാത്ത വിറവന്നു. സുധാരേട്ടൻ കാഞ്ചിക്കു വിരൽവെച്ചു.
അതുവഴി സ്ഥിരമായി
പോകാറുള്ള കുറുക്കൻ പുതുതായി കണ്ട ആടിനോട് പല്ലിളിച്ചുകാണിച്ചു. അസഹ്യമായ നാണത്തോടെ വാൽ താഴ്ത്തി അതു കൂട്ടുകാരുടെ അടുത്തേയ്ക്ക് ധൃതിപ്പെടുന്നത് നാലുപേരും മുകളിൽനിന്നു നോക്കി. സുനിക്ക് ചിരിപൊട്ടി. മനോജ് കയ്യിലിരുന്ന ഒരു കൊതുകിനെ സാവധാനം കൈകൊണ്ട് ഞെരിച്ചു. അന്നേരം ദൂരെയെവിടെയോ വാങ്ക് വിളിയും തൊട്ടടുത്തുനിന്ന് ഓരിയിടലും കേട്ടു. സുധാരേട്ടൻ എല്ലാരോടും താഴെയിറങ്ങാൻ പറഞ്ഞു.
“നരിയുടെ ചൂരുണ്ടെങ്കിൽ കുറുക്കന്മാരിങ്ങനെ എറങ്ങിനടക്കൂല...”
സുനി വേദന സഹിക്കാൻ പറ്റാതെ കുറേ നേരം ഇരുകൈകളും നിതംബത്തിൽ അമർത്തി പിടിച്ചു. നരിയില്ലെന്നു പറഞ്ഞത് കേട്ട് ഷാജിക്ക് എന്തോപോലെയായി. അതു മനസ്സിലാക്കിയ മനോജ് സുധാരേട്ടനെ നോക്കി പറഞ്ഞു:
“എല്ലാ സമയത്തും നരി ഒരേ ഭാഗത്ത് നിക്കണം എന്നില്ലല്ലോ.”
“അതെ.”
സുധാരേട്ടൻ ചുറ്റുപാടും ടോർച്ചടിച്ചു നോക്കി. ഒരുകൂട്ടം കുറുക്കന്മാർ വെളിച്ചത്തിനെതിരെ ആകാംക്ഷയോടെ നോക്കി.
“നോക്കറാ... കുറുക്കന്റെ മക്കൾ നോക്കുന്നത്. പണ്ടത്തെപ്പോലെ പേടിണ്ടാ ഈറ്റിങ്ങക്ക്.”
സുധാരേട്ടനു ദേഷ്യം വന്നു. “രണ്ടാഴ്ച കഴിയട്ട് എല്ലാത്തിനും മത്തിത്തലയിൽ വെഷം കലക്കി കൊടുക്കണം.”
അതിനിടയിൽ സുധാകരേട്ടന് ഒരു മിന്നായംപോലെ തവിട്ടുസാരിയും ചുരുണ്ടമുടിയുമുള്ള സുമയെ ഓർമ്മവരികയും നായാട്ട് പെട്ടെന്നു മതിയാക്കുകയും ചെയ്തു.
ഇന്നിവിടെ കിടക്കാമെന്നു ഷാജി പറഞ്ഞിട്ടും മൂന്നുപേരും വീട്ടിലേയ്ക്ക് മടങ്ങി. ഒടുവിൽ ചായിപ്പിൽ ആടും വീട്ടിൽ ഷാജിയും മാത്രമായി.
ഷാജി അമ്മിണിയെ വിളിച്ചു. നടന്ന കാര്യമൊക്കെ പറഞ്ഞു. വൈകാതെ ഷാജി നിദ്രയിലേയ്ക്ക് ചെരിഞ്ഞുകിടന്നു. സമയമായെന്നറിഞ്ഞ് അച്ചാച്ചനും നരിയും പടിഞ്ഞാറ്റയിൽനിന്നിറങ്ങി വന്നു. അച്ചാച്ചനെ കണ്ടപാടെ ഷാജി എണീറ്റിരുന്നു. അച്ചാച്ചൻ പേരക്കുഞ്ഞിന്റെ വീടിനകമൊക്കെ നോക്കിക്കണ്ടു. നരി അടുക്കളയിലൊക്കെ മണം പിടിച്ചുനടന്നു.
4
രണ്ടാംദിനം. ദോശക്കല്ലിൽ ഒഴിച്ച അരിമാവ് ചട്ടുകംകൊണ്ട് വേർപ്പെടുത്തുന്നതിനിടെ സുധാരേട്ടന്റെ വിളി വന്നു.
“ഷാജി... എന്താക്ക്‌ന്നെടാ...”
“എണീറ്റതെയുള്ളൂ... സുധാരേട്ടാ...”
“അമ്മിണി ഇല്ലാത്തതിന്റെ വെഷമം ഇണ്ടല്ലെ...”
തലേന്നു രാത്രി സംഭവിച്ച കാര്യങ്ങളേയും തീവ്ര വേനൽക്കാലത്തും കൊതുകുകൾ പെരുകുന്നതിലെ അതിശയോക്തിയും കുറഞ്ഞ വാക്കിൽ സുധാരേട്ടൻ പറഞ്ഞുതീർത്തു.
“സാരമില്ല ഷാജീ... നരി ആദ്യമാദ്യം എറങ്ങിവരാൻ മടി കളിക്കും. എന്റെ കണക്കുകൂട്ടല് വെച്ച് ഇന്നവൻ എറങ്ങും. ഇന്നെറങ്ങിയാ ഞാനവനെ പരലോകത്തെത്തിക്കും.”
“ആം.” ഷാജി മൂളി.
സുധാരേട്ടൻ സപ്ലൈക്കോയിൽ അരി വന്നിട്ടുണ്ടെന്നു പറഞ്ഞു ഫോൺ വെച്ചു. അമ്മിണിയെ പലതവണ വിളിച്ചും സത്യൻ അന്തിക്കാടിന്റെ ഗോളാന്തര വാർത്ത നീണ്ട പരസ്യങ്ങൾക്കിടയിലായി കണ്ടും ഷാജി പകലിനെ മുക്കാലും വരുതിയിലാക്കി. നാല് മണിക്ക് ഷാജി ആടിനെ മേയ്ക്കാൻ വഴിയിലേക്കിറങ്ങി. ഇനിയൊന്ന് പാടൂ ഹൃദയമേയെന്ന് ആവർത്തിച്ചു പാടുന്നതിനിടെ സുനിയുടെ വിളി വന്നു.
“വാറുണ്ണിയെവിടെ?”
സുനി സുധാരേട്ടനെ അന്വേഷിച്ചു.
“ഏഴുമണിക്ക് വരാന്ന് പറഞ്ഞിട്ടുണ്ട്.”
കൃത്യസമയത്ത് വാറുണ്ണി... അല്ല... സുധാരേട്ടൻ വന്നു. എല്ലാവരേയും കണ്ട് ആടും ചായ്പ്പിൽ നിന്നെണീറ്റു. സുനി അതിന്റെ കയറഴിച്ചു പുറത്തിറക്കി. എല്ലാർക്കും മുന്നിലൂടെ അതു നടന്നു പതിവ് സ്ഥലത്തെത്തി.
“ഇന്ന് കൊറച്ചു മാറ്റി കെട്ടിക്കോ... ഇന്നലെ മേഞ്ഞിടത്ത് ഇനിയൊന്നും വളരാൻ ചാൻസില്ല.”
സുധാരേട്ടൻ ആടിനെ ദയയില്ലാതെ നോക്കി. പതിവുപോലെ നാല് പേരും പറങ്കിമാവിന്റെ കൊമ്പിൽ വലിഞ്ഞുകേറി. നരിയോർമ്മയ്ക്കു മുന്‍പേ സുധാരേട്ടന് സുമയോർമ്മ വന്നു. കൊതുകിനെ പേടിച്ച് കയ്യിലും കാലിലും കടുകെണ്ണ തേച്ചുപിടിപ്പിച്ചതിന്റെ നാറ്റം സുനിക്കു തന്നെ അസഹ്യമായി തോന്നി. വാങ്ക് വിളി കേട്ടപ്പോൾ ആട് പറങ്കിമാവ് നോക്കി സമയമായെന്നു കരഞ്ഞു. എല്ലാവരും താഴേക്കിറങ്ങി വന്നപ്പോൾ അതു വാലാട്ടി സ്നേഹം കാണിച്ചു. ലക്ഷ്യം കാണാതെ ഇന്നും നായാട്ട് അവസാനിപ്പിച്ചതിൽ ആടിനും ഷാജിക്കും നിരാശ തോന്നി.
അന്നു കിടക്കാൻ നേരം അമ്മിണി ഷാജിയെ വീഡിയോ കോൾ വിളിച്ചു.
“നരീനേം നായീനേം കിട്ടിയാലും ഇല്ലെങ്കിലും നാളെ ഞാൻ അങ്ങോട്ട് വെരും ഷാജിയേട്ടാ...” അമ്മിണി തറപ്പിച്ചു പറഞ്ഞു.
“നിങ്ങളെ കാണാണ്ടോന്നും എനക്ക് നിക്കാൻ പറ്റൂലാ...”
അമ്മിണി മുന്താണി പിടിച്ച് മൂക്ക് പിഴിഞ്ഞു.
“അമ്മിഴീ...”
മദ്യം ഷാജിയുടെ നാക്കിനെ പിടിച്ചുലച്ചു. കുഞ്ഞാറ്റ അച്ഛാന്നു വിളിച്ചപ്പോൾ ഷാജിയുടെ കണ്ണ് നിറഞ്ഞു. വിക്ഷേപിച്ച ഏതോ ഉപഗ്രഹത്തിൽ നിന്നെന്നപോലെ കരയുന്ന ഷാജിയെ അമ്മിണിയും മകളും മൊബൈൽ സ്ക്രീനിലൂടെ നോക്കി.
5
മൂന്നാം ദിവസം രാവിലെ ഏഴുമണിയോടെ മനോജും സുനിയും സുധാരേട്ടനും ഷാജിയറിയാതെ ഒരു രഹസ്യഫോൺ സംഭാഷണത്തിൽ ഏർപ്പെടുകയുണ്ടായി. അതുവരെയുണ്ടായിരുന്ന പ്ലാനുകളിൽ അതോടുകൂടി ചില മാറ്റങ്ങൾ വന്നു. രണ്ടു ദിവസങ്ങളായി കണ്ട സുധാരേട്ടനല്ല മൂന്നാം ദിവസം ഷാജിയുടെ വീട്ടിലെത്തിയത്. ഒരു കിലോ പോത്തിറച്ചിയും നാടൻ ചാരായവും അയാൾ കയ്യിൽ കരുതിയിരുന്നു. കുഞ്ഞുള്ളി ചതച്ചിട്ട് കുരുമുളകിട്ട് വറ്റിച്ച് സുധാരേട്ടൻ ഇറച്ചി കഴിക്കാൻ പാകമാക്കി കൊണ്ടിരുന്നു. മനോജും സുനിയുടേയും ശബ്ദം കേട്ട് ഷാജി മുറ്റത്തിറങ്ങി വന്നു. സുധാരേട്ടൻ മല്ലിപ്പൊടി കുറഞ്ഞുപോയോ എന്ന സംശയം തീർക്കാനായി തവിയുടെ വക്കു തൊട്ട് നക്കുന്നതിനിടെ ഇറയത്തേയ്ക്ക് ഒരു ഹായ് പറഞ്ഞു.
“ഇന്നലെ രാത്രി നരി നമ്മക്കടുത്തുണ്ടായിരുന്നു.”
കടുകും കറിവേപ്പിലയും താളിച്ചെടുത്ത് കറിയിലൊഴിക്കുന്ന എരിച്ചലും മണത്തിനുമൊപ്പം സുധാരേട്ടൻ അടുക്കളയിലുണ്ടെന്ന് ഉറപ്പിച്ച് സുനി ഷാജിയോട് പറഞ്ഞു
“സംഗതി സുധാരേട്ടനു നേരത്തെ മനസ്സിലായിനെങ്കിലും നരിയെ തീർക്കാനുള്ള പാങ്ങുണ്ടായില്ല. ഓറ് നായാട്ടിൽ അഗ്രഗണ്യൻ. നമ്മളങ്ങനെല്ലല്ലോ. നമ്മക്ക് തോക്കേത് നരിയേതെന്ന് അറിയോ...
നമ്മളെ ഓർത്തോണ്ട്
സുധാരേട്ടൻ റിസ്‌കിനു നിന്നില്ല. മടങ്ങുമ്പോ നരീന്റെ ചൂരും മണ്ണില് ചവിട്ടും കണ്ടിറ്റാണ് സുധാരേട്ടൻ ഞങ്ങളെ വയ്യേ നടന്നത്. വീട്ടിലെത്തിയപ്പാടെ സുധാരേട്ടൻ എന്നെ ഫോൺ വിളിച്ചിനും.”
മനോജ് കൂട്ടിച്ചേർത്തു.
“എന്നിട്ട് എന്നോടൊന്നും പറഞ്ഞിറ്റല്ലോ.”
ഭയം ഉള്ളം കാല് തൊട്ട് മേലേക്ക് പടർന്നിട്ടും ഷാജിക്ക് പരിഭവം തോന്നി.
“ഷാജി ഒരു കാരണവശാലും അറിയണ്ടന്ന് സുധാരേട്ടൻ പറഞ്ഞിനും.”
“ഉം.”
ഷാജി മൂളി.
“ഷാജീ... മോനേ...”
അപ്പഴേക്കും ബീഫ് വരട്ടിയതും പൊറോട്ടയും സുധാരേട്ടൻ ഇറയത്തേക്കിറക്കി. സുനി ഗ്ലാസും വെള്ളവും തയ്യാറാക്കി.
നാലുപേരും ഇറയത്ത് വട്ടമിരുന്നു.
“നമ്മളെ കയ്യില് നിക്കാത്ത ഒരു കളി മോളീന്ന് ആരോ കളിപ്പിക്ക്ന്ന്ണ്ട് മോനെ... അപ്പൊ നരിയല്ല ദിനോസറ് വരെ വേണെങ്കിൽ നമ്മളെ ജീവിതത്തിലേക്ക് എറങ്ങിവരും.”
എന്തുകൊണ്ടോ സുധാരേട്ടന് അപ്പോൾ ഫിലോസഫി പറയാമെന്നു തോന്നി.
മിഴിച്ചുനിന്ന മൂന്നു പേരോടും സുധാരേട്ടൻ കഴിക്കാൻ പറഞ്ഞു.
അതിനിടയിൽ ഉത്തരം താങ്ങിക്കൊണ്ടിരുന്ന ഒരു പല്ലി ഷാജിയുടെ തലയിൽ വഴുതിവീണു. ഷാജി കൈതട്ടിക്കളഞ്ഞപ്പോൾ നിലതെറ്റിയ പല്ലി നാലുപേർക്കും മുന്നിൽ തെറിച്ചുനിന്നു. മുകളിലേക്കും പല്ലിയേയും സുധാരേട്ടൻ മാറിമാറി നോക്കി. ഇനിയും ഇരുന്നാൽ പരിപാടി നടക്കില്ലെന്ന് സുധാരേട്ടനു തോന്നി. പുറപ്പെടാമെന്നും പറഞ്ഞ് അയാൾ നാല് കാലിൽ ശ്രമപ്പെട്ട് എണീറ്റു. സുനി മൂലയിലിരുന്ന തോക്കെടുത്ത് സുധാരേട്ടന്റെ കയ്യിൽ കൊടുത്തു. കുഴല് മടക്കി തിര നിറക്കുമ്പോ സുധാരേട്ടന്റെ ബാലൻസ് തെറ്റി.
“നടക്ക്... പന്നികളേ...” സുധാരേട്ടൻ ചെരിപ്പിട്ടു.
ഷാജി ആടിനെ മുറ്റത്തേക്കിറക്കി. ആട് തയ്യാറാണെന്ന മട്ടിൽ എല്ലാവരോടും തലകുലുക്കി.
“മരിക്കാൻ പോന്നതിനെങ്കിലും കൊറച്ചു സ്വാതന്ത്ര്യം കൊടുത്തൂടെ നിങ്ങക്ക്... അതിന്റെ കയറൂര്... പന്നികളേ...”
സുധാരേട്ടൻ ആടിന്റെ തലയിൽ സ്നേഹത്തോടെ തടവി. ആട് മുന്നിലും മറ്റുള്ളവർ പിറകിലുമായി നടന്നു.
“ഇന്ന് ഏറുമാടോം കൂറ്മാടോന്നും വേണ്ടാ... നെരത്തി പരതാം. ഏടെ നരീനെ കാണ്ന്ന് ആട വെടി...”
സുധാരേട്ടൻ ആടിക്കോണ്ടിരുന്നു.
“ഷാജി... സുനി... നിങ്ങ ആടിനേംകൊണ്ട് ആ ഭാഗത്തേക്ക് നടന്നോ... ഞാനും മനോജും ഇങ്ങോട്ട് നടക്കാ...”
സുധാരേട്ടൻ കൃത്യമായി പ്ലാനിട്ടു. നാലുപേരും ഇരുട്ടിലേക്കിറങ്ങി.
പരന്ന കൃഷ്ണമണിയിൽ ആട് ഇലകൾ തേടിപ്പിടിച്ചു കഴിച്ചുതുടങ്ങി. മറുദിശയിൽ ടോർച്ച്‌വെട്ടം വള്ളിപ്പടർപ്പിൽ തട്ടിച്ചിതറുന്നത് ഷാജി ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഇപ്പോൾ അതും കാണാനില്ല. ഷാജിക്കു വേവലാതിയായി. സമയമറിയാൻ സുനിക്കു മൊബൈൽ നോക്കണമെന്നുണ്ടായിരുന്നു. വെളിച്ചം കണ്ടാൽ നരി വരും- ഭയം സുനിയോട് വേണ്ടെന്നു തലയാട്ടി. ഷാജിയും സുനിയും ആടും ഉയരത്തിലുള്ള ഒരു പാറക്കല്ലിൽ കയറിനിന്നു. ഇടതൂർന്ന വള്ളിപ്പടർപ്പിനും മരങ്ങൾക്കും മീതെ ആകാശത്ത് പൂർണ്ണചന്ദ്രനും നക്ഷത്രങ്ങളും കാഴ്ചക്കാരായി. എത്ര നേരമെങ്ങനെ നിന്നെന്നറിയില്ല. ഇരുട്ടിൽനിന്നും ഏതു നിമിഷവും ചാടിവീഴാനിരിക്കുന്ന നരിയെ കാത്ത് ഷാജി ചിന്തിച്ചു: അമ്മിണി... മകൾ... ജീവിതം...
“സുനീ...”
ഷാജി വിളിച്ചു.
പൊടുന്നനെ ദൂരെനിന്ന് സുധാരേട്ടന്റെ തോക്ക് പൊട്ടി. ഷാജി സുനിയുടെ കയ്യിൽ മുറുകെ പിടിച്ചു. രണ്ടുപേരും പിറകിൽ ആടും ഒച്ചകേട്ട ഭാഗത്തേയ്ക്ക് കുതിച്ചു. കാടും കമ്പും പൊട്ടിച്ച് സുധാരേട്ടൻ മദയാനയെപ്പോലെ പാഞ്ഞുവന്നു. പിറകിൽ മനോജും.
“ഷാജീ...”
ആശ്വാസത്തിന്റെ വിളി.
“നരിക്ക് വെടികൊണ്ടു മോനേ...”
സുധാരേട്ടന്റെ കണ്ണിൽ തിളക്കം.
“വാ... ഇനിയാട നിക്കണ്ട.”
നാലുപേരും ആടും വീട്ടിലേയ്ക്ക് ധൃതിപ്പെട്ടു.
“അത് തീരും. രാവിലെ പോയി നോക്കാ...”
ഇറയത്ത് തോക്ക് വെച്ച് സുധാരേട്ടൻ മുഖം കഴുകി. തലയിൽ കെട്ടിയ തോർത്തൂരി വെള്ളം തുടച്ചു. ദീർഘനിശ്വാസം വിട്ടു. പേടിയും വേവലാതിയും തീർക്കാൻ അവർ വീണ്ടും കുടിച്ചു.
“നാളെന്നെ പോയി അമ്മിണിയെ വിളിച്ചുകൊണ്ട് വാടാ...”
സുധാരേട്ടൻ ഷാജിയുടെ പുറത്തു തട്ടി പറഞ്ഞു.
അളവില്ലാത്ത സ്നേഹം കണ്ട് ഷാജിക്ക് കണ്ണ് നിറഞ്ഞു.
നാലുപേരും ഇറയത്തുതന്നെ കിടന്നു. മൂന്നുപേരും കൂർക്കം വലിച്ചിട്ടും ഷാജിക്ക് ഉറക്കം വരുന്നില്ല. ഷാജി കൈകൾ കുത്തി എണീറ്റുനിന്നു. നരി വീണ ദിക്കിലേയ്ക്ക് പതുക്കെ നടന്നു. അർദ്ധരാത്രിയിൽ എലിയെ പിടിക്കാൻ പ്ലാനിട്ട രണ്ടുമൂന്നു കുറുക്കന്മാർ ഷാജിയെ കണ്ട് കുറ്റിക്കാട്ടിലേയ്ക്ക് മാറിനിന്നു. പിന്നെയും മുന്നോട്ട് നടന്നപ്പോൾ ഷാജിയുടെ മുഖത്ത് ബാറ്ററി ടോർച്ചിന്റെ വെളിച്ചം വന്നുവീണു. ഷാജി കൈകൊണ്ട് വെട്ടം മറച്ചപ്പോൾ വീണുകിടന്ന മരത്തിനു മുകളിൽ ഇരിക്കുകയായിരുന്നു അച്ചാച്ചൻ. വെറ്റിലയുടെ ഞരമ്പ് പൊട്ടിച്ച് നൂറു തൊട്ട് തേച്ച് അച്ചാച്ചൻ ഷാജിയെ നോക്കി ചിരിച്ചു. എന്നിട്ട് നരി വീണ ദിക്ക് ചൂണ്ടി കാണിച്ചു. അച്ചാച്ചൻ അടയ്ക്കാക്കഷണമെടുത്ത് വായിലിട്ട് മുറുക്കാൻ തുടങ്ങി. ഇലകളെ കൈകൊണ്ട് കോതി ഷാജി പിന്നെയും മുന്നോട്ട് നടന്നു. കല്ലുകൾക്കിടയിലോ കാടിനിടയിലോ തളർച്ചയും ഇടർച്ചയും ചേർന്ന പതിഞ്ഞ മുരൾച്ച കേട്ടു. ഷാജി നരിയെ പരതാൻ തുടങ്ങി. ഷാജിക്ക് ദാഹിച്ചു. വിശന്നു. കയ്യിലും കാലിലും വിറ വന്നപ്പോൾ മണ്ണിൽ മലർന്നുകിടന്നു. എത്ര നേരം അങ്ങനെ കിടന്നെന്ന് ഓർമ്മയില്ല. വരണ്ട ചുമ മറഞ്ഞുപോകുന്നത് കേട്ടപ്പോൾ ഷാജി കണ്ണ് തുറന്നു.
അച്ചാച്ചൻ ടോർച്ചും പിടിച്ച് കാട്ടിലൂടെ നടന്നുപോകുന്നു. തൊട്ടുപിറകിൽ അനക്കം കേട്ടപ്പോൾ ഷാജി തിരിഞ്ഞുനോക്കി. ഇരൂൾ മരത്തിന്റെ താഴെ തവിട്ടുനിറമുള്ള ഒരു പൂച്ച സ്വന്തം ശരീരം നക്കി വൃത്തിയാക്കുന്നു. നരി... ഷാജിയുടെ ഉള്ളിലാരോ പറഞ്ഞു.
അഭ്യാസിയെപ്പോലെ ശരീരം മുന്‍പോട്ടും പിറകിലോട്ടും നിവർത്തി പൂച്ച എണീറ്റിരുന്നു. നഖം പുറത്തേയ്ക്ക് നീട്ടി. കയ്യിൽ ഉമിനീര് പുരട്ടി മുഖം തുടച്ചു. അത് ഷാജിയെ നോക്കി ഒരു തവണ കരഞ്ഞു. ശേഷം വള്ളിപ്പടർപ്പിലേയ്ക്ക് നടന്നുപോയി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates