

ഇതെങ്ങിനെ?”
കുട്ടിക്കാലത്ത് അപ്പാപ്പന്റെ പുകവലിയനുകരിക്കാൻ വാരികയുടെ ഏട് ചീന്തി ചുരുളാക്കിയുരുട്ടി തീക്കൊളുത്തി ചിറിയിലാളിപ്പടർന്നപ്പോൾ തീയണക്കുവാനായമർന്ന സഹോദരന്റെ ഇരുവിരലുകൾ, അന്നു മുതൽ ചുണ്ടിനരികിൽ മായാതെ നിൽക്കുന്ന ഒരു ക്ഷതം.
വർഷങ്ങളേറെ കഴിഞ്ഞും അവിടം ലാളിക്കാൻ ഭാര്യ തുനിയുമ്പോഴെല്ലാം മരണപ്പെട്ട സഹോദരനെ ഓർമവന്ന് വിയർപ്പിൽ നിന്നൂരി മാറി അടുക്കളയിൽ പോയി വെള്ളം കുടിച്ച് തിരികെ വരുമ്പോൾ ജനലിലേക്ക് ചൂണ്ടി അവൾ സമാധാനിപ്പിക്കും.
“നോക്ക്, നിലാവിൽ ചന്ദ്രന്റെ കവിളിലുമുണ്ടൊരു ചുണങ്ങ്.”
മുഖത്തെ ആ വടു, അതാണ് ചാർക്കോൾ കഷണംകൊണ്ട് ഒരുവൻ പരുപരുത്ത വെള്ളത്താളിൽ ഇതുവരേയ്ക്കുമില്ലാത്ത സാദൃശ്യത്തിൽ തെളിച്ച് വരച്ചിരിക്കുന്നത്.
“ഇതെങ്ങിനെ?”
ഇത്താഖ് ആശ്ചര്യംകൊണ്ടു. വരപ്പിനിടെ സെബാൻ അതു കേട്ടില്ല. അല്ലെങ്കിലും വരപ്പിനിടെ അവനൊന്നും കേൾക്കാറില്ല. ഈ വട്ടമത് കഴിഞ്ഞ രാത്രി സ്വപ്നത്തിൽ കണ്ട പാമ്പിനെ ഓർത്തു നിന്നതിനാലായിരുന്നു. വെറും പാമ്പല്ല, ശൽക്കങ്ങളിൽ ചുട്ടികളും പുള്ളികളും വളയങ്ങളും പച്ചയിലും ചുവപ്പിലും നീലയിലും അലങ്കാരപ്പണികൾ നടത്തിയ ഒരു അണലി. അതിന്റെ വർണങ്ങളിലുള്ള പുളയലോർത്ത് പേപ്പറിൽ കരിക്കട്ടയാൽ കനം കുറച്ചുരസിക്കൊണ്ടിരുന്നപ്പോൾ ഓമനിക്കപ്പെടുന്ന വളർത്തുമൃഗംപോലെ കടലാസതിൽ സുഖം പിടിച്ച് കിടന്നു.
അപ്പോഴാണ് ഇത്താഖിന്റെ അത്ഭുതം സെബാൻ കണ്ടത്.
അത്രനേരം വായിട്ടലയ്ക്കും മനുഷ്യനോട് ചെവിയിൽ മുഴങ്ങുന്ന സംഗീതമൂരിവച്ച് എന്താണെന്നു ചോദിക്കുംപോലെ സെബാൻ സ്വന്തം ലോകത്തുനിന്നും ഇറങ്ങിവന്ന് ഇത്താഖിന്റെ ലോകത്തിൽ ഒരു കാലുവച്ചു.
“സോറി കേട്ടില്ല എന്തായിരുന്നു?”
ഇത്താഖ് ചുണ്ടിനടുത്തുള്ള പൊള്ളലിൽ തൊട്ട് കാര്യം ഒരിക്കൽ കൂടെ ചോദിച്ചു. പക്ഷേ, ഒച്ച പുറത്തുവന്നില്ല. സെബാൻ അതു കണ്ട് കണ്ണിറുക്കിച്ചിരിച്ചു.
“മുന്തിരിവള്ളികളുടെ കരിക്കട്ടയാ, അതാ ഇത്ര തെളിച്ചം.”
അയാൾക്ക് മനസ്സിലാകാൻ പാകത്തിൽ സെബാൻ ചാർക്കോൾ കഷണം പൊന്തിച്ചുകാണിച്ചു.
വരയുടെ ആദ്യഘട്ടത്തിൽ കരി കടലാസ്സിൽ പടർത്താൻ ഉപയോഗിക്കുന്ന ഒരു കീറ് തുണി അവിടെ കാണാമെങ്കിലും സെബാന്റെ വിരൽമൊട്ടുകളിലെ മിഴിവ് കണ്ടപ്പോൾ ഇത്താഖിനു കാര്യം പിടികിട്ടി. അപ്പോൾ ക്ഷതത്തിന്റെ നിറഭേദങ്ങൾ വിടർത്താൻ അവനുപയോഗിച്ചത് തുണിയല്ല, വിരലാണ്; അതാണിത്ര കൃത്യത ലഭിച്ചത്. കാറ്റിലാടും പൂമൊട്ടുകൾപോലെയാ വിരൽപ്പാടുകൾ.
നന്ദി പറഞ്ഞ് ഇരുപത് രൂപയുടെ തന്റെ രേഖാച്ചിത്രവുമായി ഇത്താഖ് ഇറങ്ങി. സെബാൻ അത് ശ്രദ്ധിക്കാതെ നദിക്കരയിൽ താറാവുകൾക്ക് തീറ്റി കൊടുക്കാൻ വന്ന ഒരുവളുടെ ചിത്രീകരണത്തിലേക്ക് നീങ്ങി.
നടന്നകലുമ്പോഴും ഇടക്കിടെ ഇത്താഖ് സെബാനെ തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു. നദിക്കരയിൽ ഇരുന്ന് കാറ്റുകൊള്ളാനും പ്രേമം പങ്കുവയ്ക്കാനും ജലത്തിന്റെ താളത്തിൽ സങ്കടങ്ങളോർക്കാനും വരുന്ന ആളുകളുടെ രേഖാച്ചിത്രങ്ങൾ വരക്കുന്ന രണ്ടോ മൂന്നോ പേരിൽ സെബാനു മാത്രം എന്താണിത്ര പ്രത്യേകതയെന്ന് അയാൾ ആലോചിക്കാതെയിരുന്നില്ല.
ഇരുപത് രൂപ വച്ച് ഒരു ദിവസം എത്ര പടം വരക്കുന്നുണ്ടാകും? ഒരു പത്തുമുന്നൂറ് ഒപ്പിക്കാനുള്ള പണിയുണ്ടാകുമോ? അവധിദിനമൊഴിച്ച് അത്ര തിരക്കൊന്നുമില്ലാത്ത നദിക്കരയാണിത്. ഒരുപക്ഷേ, പാർക്കിലും മ്യൂസിയത്തിനു മുൻപിലുമൊക്കെ പോകുന്നുണ്ടാകും. അത്ര ദൂരെയല്ലാതെ കുത്തിയുയർത്തിയ കൂടാരങ്ങളിലൊന്ന് അവന്റേതാണെന്നുതോന്നുന്നു. അയാൾ ഒരിക്കൽക്കൂടി തിരിഞ്ഞുനോക്കി. കാറ്റിലുലഞ്ഞുതിർന്നുവീണ കാമുകിയുടെ മുടിയിഴകളെ വിരലുകളാൽ ഒതുക്കുന്നതുപോലെ യുവതിയുടെ നേർത്ത നൂലുകളുടെ കറുത്ത പോറലുകൾ കടലാസ്സിൽ കോറിക്കൊണ്ടിരിക്കുന്നു സെബാൻ.
മഴ കൂടുകെട്ടിയപ്പോൾ ചാഞ്ഞുവീണ ഒരു നീല ടാർപ്പായപ്പന്തൽപോലെ ആകാശം. അതിന്റെയൊരു തുഞ്ചത്ത് അടിഞ്ഞുകൂടിയ കാർമേഘങ്ങൾ സെബാന്റെ നഖങ്ങൾക്കരികുകളിൽ പറ്റിയ കരിയെ ഓർമിപ്പിച്ചതോടെ മറ്റേതോ വഴിക്കുനേരെയുള്ള ഉദ്ദേശ്യം തെന്നിച്ച് ഇത്താഖ് നേരെ സെബാന്റെ അരികിലേക്ക് നടന്നു.
വരയൊതുങ്ങും വരെ അരികിൽനിന്നു കാര്യങ്ങളറിഞ്ഞു. അനാഥത്വവും പട്ടിണിയും മൂലം സ്വന്തം ഗ്രാമത്തിൽനിന്നും ഒളിച്ചോടി വന്നതാണ് സെബാൻ. കൽക്കരി വാഗണിൽനിന്നും തെറിച്ച കരിക്കട്ടയിൽ തുടങ്ങിവെച്ച ഔദോഗിക ചിത്രകല. സിമന്റ് തറയിലെ ചിത്രം കണ്ട് ആകൃഷ്ടനായ പാട്ടപ്പെറുക്കി ലൂവീസ് അവനു കിടക്കാനൊരിടവും വരക്കാൻ കരിക്കട്ടകളും നൽകി. അതിൽ പിന്നെ നഗരത്തിന്റെ പലയിടങ്ങളിലായി ലൂവീസിനും കൂട്ടർക്കുമൊപ്പം കഴിഞ്ഞു. ഇടയ്ക്ക് പൊലീസുകാർ വന്ന് കൂടാരം പൊളിക്കും. അപ്പോൾ കിട്ടുന്നതെല്ലാം വാരിപ്പെറുക്കി നഗരത്തിന്റെ അടുത്ത മുക്കിലേക്ക് കടക്കും.
പണിയൊന്നൊതുങ്ങിയപ്പോൾ ഇത്താഖ് തിരിച്ചുവന്നതിന്റെ കാര്യം പറഞ്ഞു:
“ഇവിടിപ്പം നിന്നാ എന്നാ കിട്ടാനാ. ദിവസം ഒരു പത്തിരുന്നൂറു ഒപ്പിക്കാവോ? എന്നാ ഞാനൊരു കാര്യം പറയാം, മാസം പത്തായിരം കയ്യീ കിട്ടും, വരക്കാനും പ്രാക്ടീസ് ചെയ്യാനും സ്റ്റുഡിയോ, ഈ കറുപ്പല്ല നിറങ്ങൾ, ഏഴല്ല ഏഴായിരം. ഈ കരിക്കട്ടയല്ല ശരിക്കുവൊള്ള ചായക്കട്ടകൾ. താമസം, ഭക്ഷണം എല്ലാം അവിടെത്തന്നെ, മിണ്ടാനും പറയാനുമായി ചുറ്റിലും ആർട്ടിസ്റ്റുകള്‍.”
ആവേശത്തിൽ ഓരോന്ന് വിവരിക്കുന്നതിനിടെ ഇത്താഖിന്റെ നഖങ്ങൾക്കുള്ളിൽ പല നിറങ്ങളുടെ ചായപ്പൊടിപ്പുകൾ സെബാൻ കണ്ടു.
2
ഒരു കുന്ന് കയറണം ഗ്രാമത്തിലെത്താൻ. കുന്നിൽനിന്നു നോക്കിയാൽ കാണാം നിരന്നു നിൽക്കുന്ന കെട്ടിടങ്ങൾക്ക് ഇരുവശങ്ങളിലും സൂര്യകാന്തി തോട്ടങ്ങൾ. കാറ്റിൽ പാടം ഒട്ടാകെ ഉലയുന്നു. അതു കണ്ടപ്പോൾ സെബാൻ നടത്തത്തിന്റെ വേഗത കൂട്ടി. പോരെന്നു കണ്ട് ഓടി. അടുത്തു ചെന്നപ്പോഴാണത് ദൃശ്യമായത്. മൂന്നുനിരയിൽ കെട്ടിടങ്ങൾ. അതിനിടയിൽ സൂര്യകാന്തിത്തോട്ടങ്ങൾ. അല്ല, ഓരോ നിരയിലേയും കെട്ടിടങ്ങളിൽനിന്നും കെട്ടിടങ്ങളിലേയ്ക്ക് കനംകുറഞ്ഞ ഇരുമ്പ് പൈപ്പുകൾവെച്ച് അഴ കെട്ടിയിട്ടുണ്ട്. കെട്ടിടങ്ങളുടെ തണലിൽ ഉണക്കാനായി വിരിച്ചിട്ട വാൻഗോഗിന്റെ നൂറുകണക്കിനു സൂര്യകാന്തി ചിത്രങ്ങൾ. അതാണ് അകലെനിന്നു തോട്ടമായി തോന്നിയത്.
ഇത്താഖ് വന്നപ്പോൾ സ്റ്റുഡിയോയിൽ വരച്ചുകൊണ്ടിരുന്നവർ എഴുന്നേറ്റുനിന്നു. അയാളുടെ കയ്യിൽ സിഗററ്റ് ഉണ്ടായിരുന്നത് കയറും മുൻപ് കുത്തിക്കെടുത്തിയത് സെബാൻ ശ്രദ്ധിച്ചിരുന്നു. ചുമരിലെ പൈപ്പിൽ ഒന്നിനുമേൽ ഒന്നായി വിരിച്ചിട്ട ചിത്രങ്ങൾ അയാളോരോന്നായി മറിച്ചു നോക്കി. രണ്ട് വശങ്ങളിലായി ആറേഴ് പേർക്ക് ഒരേസമയം ചിത്രരചന നടത്താൻ പാകത്തിൽ വലിപ്പമുള്ള ഇടുങ്ങിയ ഒരു മുറിയാണ് സ്റ്റുഡിയോ. പെയിന്റിന്റെ മണം അവിടെ തിക്കുമുട്ടി.
“ഇത് ഈ മാസത്തേക്കല്ലേ?”
“അതെ.”
“ആ വലിയ കുഴപ്പമില്ല.”
മൂന്നു നാലെണ്ണം മറിച്ചുനോക്കിയ ശേഷം ഒരിടത്തെത്തിയപ്പോൾ അയാൾ നിന്നു. ചിത്രം സ്റ്റാറിനൈറ്റാണ്.
“ഇതിലെ മരം അത്ര ശരിയായിട്ടില്ലല്ലോ? നാല് നക്ഷത്രങ്ങൾക്കിടയിലൂടെ വേണം വളരാൻ. അതിന്റെ പകുതിയിലെ വളവ് ഇതു പോലല്ല. ആ ഭാഗം മാറ്റി വരപ്പിക്ക്.”
പുന്നൂസേട്ടൻ തലയാട്ടി. പുന്നൂസും ഇത്താഖും ബന്ധുക്കളാണ്. വരപ്പണി അവർ ഒരുമിച്ചാണ് തുടങ്ങിയത്. സ്റ്റുഡിയോ ഏറ്റെടുത്ത് പകർപ്പ് വരക്കുന്ന പരിപാടി തുടങ്ങിയപ്പോൾ ഇത്താഖ് ആദ്യം വിളിച്ചത്
പുന്നൂസേട്ടനെയാണ്. ഇക്കാര്യം കൂടെയുള്ളവരേയും പുതുതായി വരുന്നവരേയും ഇടക്കിടെ ഓർമിപ്പിക്കാൻ പുള്ളിക്കാരൻ ശ്രമിക്കാറുണ്ട്.
“ഒരൊറ്റ മാസം കൊണ്ട് അഞ്ഞൂറ് കോപ്പി വരച്ചവരാ ഞാനും ഇത്താഖും.”
അതു കേൾക്കുമ്പോൾ ആദ്യം ചിരിക്കുക ലൂക്കോച്ചനാണ്. ലൂക്കോച്ചൻ വന്നതിൽ പിന്നെയാണ് ഇവിടം പച്ചപിടിച്ചതെന്ന് അയാൾക്കറിയാം. ഇത്താഖിന്റെ സഹോദരി അന്നയുടെ ഭർത്താവാണ് ലൂക്കോ. വരയൊന്നും പരിചയമില്ലാതിരുന്ന അയാളുടെ കയ്യിൽ ബ്രഷ് പിടിപ്പിച്ചത് ഇത്താഖാണ്. ഇഷ്ടിക കളത്തിന്റെ ബിസിനസ്സിൽ നഷ്ടംപറ്റി പൈസയ്ക്കായി അളിയനെ സമീപിച്ചപ്പോഴായിരുന്നു സംഭവം. ചിത്രകലയിൽ ഒരു കഴിവുമില്ലാത്ത ഒരുത്തനെ പിടിച്ച് ഇമ്മാതിരി പണി ഏല്പിക്കുന്നതിൽ അന്നൊക്കെ പുന്നൂസിനു ഇത്താഖിനോട് ചെറിയ നീരസമുണ്ടായിരുന്നു. എന്നാൽ, ലൂക്കോച്ചൻ പണി പെട്ടെന്നുതന്നെ പഠിച്ചു എന്നു മാത്രമല്ല, വളരെ വേഗത്തിൽ കോപ്പികൾ വരച്ചുതള്ളി. അതിൽ പിന്നെ കടമെല്ലാം വീട്ടി, അങ്ങേര് കുടുംബമായി ഇവിടെത്തന്നെയങ്ങ് കൂടി.
“എത്ര സ്പീഡ് ഉണ്ടെന്നു പറഞ്ഞിട്ടെന്നാ, വരക്കണതില് ജീവനൊണ്ടോ അതില്ലാ കള്ളി കള്ളി വരച്ച് സീനറി ഒപ്പിക്കാം അല്ലാണ്ട് ഒരു മുഖം അതിന്റെ ഭാവം വരക്കാൻ പറ്റുവോ?”
പുന്നൂസേട്ടൻ ലൂക്കോച്ചന്റെ വര ഇതുവരേക്കും അംഗീകരിച്ചിട്ടില്ല.
“യന്ത്രം പോലെ വരക്കാനേയെന്നെക്കിട്ടില്ല.”
വരപ്പ് ലേറ്റാവുമ്പോഴൊക്കെ പുന്നൂസേട്ടൻ ന്യായം പറയും. എന്നാലും പുന്നൂസിനെവിടെയൊക്കെയോ ഇത്താഖിനെ ഭയമുണ്ട്. ഇത്താഖ് വന്നു കാര്യം ചോദിച്ചാൽ വരയുടെ വേഗത അറിയാതെ കൂടും.
“അത് ബഹുമാനവാ. ഒന്നില്ലേ കുടുംബക്കാരെ മൊത്തം രക്ഷപ്പെടുത്തിയവനല്ലേ അവൻ.”
ആരേലും ചോദിച്ചാ മുട്ടുന്യായം പറയും,
“ആകാശം ഓക്കെ ആണ്.”
മൊത്തത്തിലൊന്ന് ഓടിച്ചുനോക്കി തൃപ്തി വന്നപ്പോൾ ഇത്താഖ് ചിത്രങ്ങൾ ഒതുക്കി എല്ലാവരോടുമായി പറഞ്ഞു:
“നമുക്ക് പുതിയ ഒരു ഓർഡർ വന്നിട്ടുണ്ട്.”
“എത്ര?”
“തൊള്ളായിരം കോപ്പി.”
“ഈ മാസത്തെ ഓർഡർ തീർന്നോ?”
പുന്നൂസേട്ടൻ മൊത്തത്തിൽഒന്ന് കണ്ണോടിച്ചിട്ടാണ് അതിനുത്തരം പറഞ്ഞത്.
“ഒരുമാതിരിയൊക്കെ.”
“ആ, ഈ വട്ടം ‘ആൽമണ്ട് ബ്ലോസംസ്’ ആണ് കൂടുതൽ കോപ്പികൾ വേണ്ടത്. ഇരുന്നൂറെണ്ണം. എല്ലാ സൈസിലും. സൂര്യകാന്തി നൂറെണ്ണം. സ്റ്റാറിനൈറ്റ് നൂറ്റമ്പത്. നാൽപ്പത് ദിവസത്തിൽ കൊടുക്കാൻ പറ്റില്ലേ?”
പുന്നൂസേട്ടൻ കൂടെയുള്ളവരെ നോക്കി. ആരുമൊന്നും പറയുന്നില്ല.
“ഓവർടൈം ചെയ്യുന്നവർക്ക് ഈ വട്ടം ബോണസുണ്ട്.”
അത് കേട്ടിട്ടും ഒരു അനക്കവുമില്ല. ഒടുവിൽ മടിച്ചു മടിച്ച് പുന്നൂസേട്ടൻ കാര്യം അവതരിപ്പിച്ചു:
“അല്ലാ ജോയിക്ക് വീട്ടിലൊന്ന് പോകണമെന്ന് പറഞ്ഞിരുന്നു. ജോയിക്ക് മാത്രല്ല, ഈ വട്ടത്തെ ഓർഡർ തീർത്താൽ എല്ലാവർക്കും ലീവ് കൊടുക്കാമെന്ന് പറഞ്ഞിരുന്നു.”
“എത്ര ദിവസത്തേക്ക്?”
“രണ്ട് ദിവസത്തേക്ക്.”
“അതല്ലാ ജോയിക്ക് എത്ര ദിവസത്തേക്കെന്ന്?”
“രണ്ടാഴ്ചത്തേക്ക്. അവന്റെ വീട് കേറിത്താമസമാണല്ലോ.”
“ആ പോയിട്ട് വരുമ്പോ ഈ പണി ഇവിടെ കാണത്തില്ല. നാൽപ്പത് ദിവസത്തീ ഇത് തീർക്കണേലേ വേറെ ആളെ വക്കണം. പിന്നെയിപ്പോ അവനെന്നാത്തിനാ?”
മുറുമുറുപ്പുയർന്നപ്പോൾ പുന്നൂസേട്ടൻ ഒന്ന് തണുപ്പിക്കാനായി പറഞ്ഞു:
“ഒരു രണ്ടു ദിവസത്തേക്ക് പോയിട്ട് വന്നോട്ടെ അല്ലേ?”
“ആ പിന്നെ ഇവിടെ നിക്കുന്ന എല്ലാത്തിനോടും കൂടിയാ. മൂന്നും രണ്ടും അഞ്ച് കോപ്പി വരച്ചതോണ്ട് ഏതാണ്ട് ആയിപ്പോയെന്നൊന്നും കരുതണ്ട. ഇതൊക്കെ ഏത് പൊട്ടനും വരക്കാൻ പറ്റും. വരപ്പിക്കാനും പറ്റും. അറിയാലോ?”
അതും പറഞ്ഞ് ഇത്താഖിറങ്ങി. പോകും നേരം സെബാനെ കൂടെ വിളിച്ചു. കെട്ടിടങ്ങൾക്കും തണലിൽ ഉണങ്ങാൻ വിരിച്ച ചിത്രങ്ങൾക്കും ഇടയിലൂടെ അവർ നടന്നു.
“ബാഗ് അവിടെ വക്കാരുന്നില്ലേ?”
സെബാൻ ഒന്നും മിണ്ടിയില്ല. ചുറ്റിലും അപരിചിതത്വം.
“ഇത് നമുക്കു വന്നതാ.
മൊത്തത്തീ മൂവായിരം ഉണ്ടായിരുന്നു. ഒറ്റക്ക് കൂടിയാ കൂടത്തില്ല. അതാ എല്ലാവർക്കുമായി വീതിച്ചേ.”
സൂര്യകാന്തിത്തോട്ടത്തെക്കുറിച്ചാണ് പറയുന്നതെന്ന് അവ തട്ടിത്തഴുകി കടന്നുപോകുമ്പോൾ സെബാനു മനസ്സിലായി.
“സ്റ്റുഡിയോ കണ്ടുകാണുമല്ലോ. ഇതാണ് തല്‍ക്കാലത്തേയ്ക്ക് നമ്മുടെ ജോലി. പകർപ്പ്. വെറും പകർപ്പല്ല. ലോകത്തെ പോപ്പുലർ ആർട്ടുകളുടെ പകർപ്പുകൾ. പിക്കാസ്സോ, മൊനേ, ദാലി, ഫ്രിദ, മറ്റീസേ, വാൻഗോഗ്, ക്ലിംറ്റ് ഇവർക്കാണ് ഇന്ന് മാർക്കറ്റ്. ലോകമെമ്പാടുമുള്ള ഗ്യാലറി ഉടമസ്ഥർ ഇവിടെനിന്നും കോപ്പികൾ വാങ്ങിക്കൊണ്ട് പോകും. നാലിരട്ടി വിലയ്ക്ക് വിൽക്കും. അതുപോട്ടെ. അതൊന്നും നമ്മൾ ആലോചിക്കേണ്ട സംഗതിയല്ല. പറഞ്ഞുവന്നതെന്താണെന്നു വെച്ചാൽ അടുത്ത ഓർഡർ
മൊത്തമായി നെതർലാൻസിലെ ഒരു ഗ്യാലറിയുടമയ്ക്കുള്ളതാ. അതാണല്ലോ വാൻഗോഗിന്റെ സ്ഥലം. നല്ല ചെലവായിരിക്കും. നാൽപ്പത് ദിവസത്തിൽ തൊള്ളായിരം കോപ്പികളാണ് ഓർഡർ. അതായത് ഒരു ദിവസം ഇരുപത്തിരണ്ട്, ഇരുപത്തിമൂന്നെണ്ണം. ഇവിടിപ്പൊ ഏഴു പേരാണ് ഇപ്പോൾ നിന്നെക്കൂട്ടി എട്ട്. അപ്പോൾ ദിവസം മൂന്നെണ്ണം വച്ച് ഒരാൾ എന്നർത്ഥം.”
നടന്ന വഴികളിൽ ഒക്കെ പലതരം സ്റ്റുഡിയോകളാണ്. എല്ലാവരും ഇരുന്നും നിന്നും കോപ്പികൾ വരക്കുകയാണ്. ആയിരത്തോളം ആർട്ടിസ്റ്റുകൾ ജീവിക്കുന്ന പകർപ്പ് ഗ്രാമം. സൂര്യകാന്തി തട്ടിത്തട്ടി സെബാ ന്റെ തല തരിച്ചു. കണ്ണുകൾ മഞ്ഞപ്പിത്തം ബാധിച്ച് വാടി. അവനു തിരികെ ഓടിപ്പോയാലോയെന്ന തോന്നലുണ്ടായി. വിശപ്പുകാരണം കാലുകൾ തളർന്നു തുടങ്ങിയിരുന്നു. കണ്ണുകളിൽ പ്രകാശത്തിന്റെ മണൽത്തരികൾ തത്തിക്കളിച്ചു. വൈകാതെ സെബാന്റെ ശരീരം വഴിയിലെ ഒരു സൂര്യകാന്തിപ്പൂവിന്റെ ചിത്രത്തിലേയ്ക്ക് ചാഞ്ഞു. പിന്നെ കുഴഞ്ഞു വീണു.
3
“രണ്ട് രീതിയിലാണ് ഇവിടെയുള്ളവർ വരക്കുന്നത്. ഒന്ന് ഒരാൾ തന്നെ ഒരു പടം മുഴുവനായി വരക്കും. രണ്ട് ഒരു ചിത്രം നാലു പേർ ചേർന്നു വരക്കും. കാൻവാസ് നാലായി മുറിക്കുന്നപോലെ. ഓരോ പാർട്ടും ഓരോരുത്തർ. ഒരേ ഭാഗം തന്നെ ആവർത്തിച്ചു വരക്കുന്നതിനാൽ സ്വാഭാവികമായും വേഗത കൂടുതൽ ഈ രണ്ടാമത് പറഞ്ഞതിനാണ്. പക്ഷേ, നാലുപേർ ചേരുമ്പോൾ ചിത്രത്തിൽ ഇൻകൺസിസ്റ്റൻസി കൂടുതൽ ആയിരിക്കും. അതു ശ്രദ്ധിക്കാൻ ഒരാളുണ്ടാകും.”
സെബാൻ കയ്യിൽ കിട്ടിയ പേപ്പർ താഴെവെച്ച് ഇത്താഖിനെ ശ്രദ്ധിച്ചു. അയാൾ പുതുതായി വന്ന ആളുകൾക്ക് ക്ലാസ്സ് എടുക്കുകയാണ്.
“ഉദാഹരണത്തിനു സ്റ്റാറിനൈറ്റ് എടുക്കാം.”
ഇത്താഖ് സ്റ്റാറിനൈറ്റിന്റെ ഒരു കോപ്പി എല്ലാവർക്കും കാണാൻ പാകത്തിൽ ബോർഡിൽ വിരിച്ചുവെച്ചു. അതിൽ തൊടാതെ കയ്യിലുള്ള ബ്രഷ് വെച്ച് വായുവിൽ നെടുകേയും കുറുകേയും വരച്ചു. ഒന്നിൽ നഗരവും അതിന്റെ കെട്ടിടങ്ങളും അടുത്തതിൽ ചന്ദ്രനും നക്ഷത്രങ്ങളും മറ്റൊന്നിൽ സൈപ്രസ് മരങ്ങളുടെ അറ്റവും മറ്റു നക്ഷത്രങ്ങളും അവസാനത്തേതിൽ മരത്തിന്റെ കടഭാഗവും കെട്ടിടങ്ങളുടെ ബാക്കിയും.
“ഞാനിപ്പോ നാലു പാർട്ടുകളായേ മുറിക്കുന്നുള്ളൂ. നിങ്ങൾക്ക് ഇഷ്ടമുള്ളത്ര മുറിക്കാം കേട്ടോ. നാലോ ആറോ എത്രയാന്ന് വെച്ചാൽ.”
ഇതൊക്കെ എത്ര കണ്ടേക്കുന്നു എന്ന മട്ടിലാണ് പുന്നൂസേട്ടൻ നിൽക്കുന്നത്. സംഗതി ശരിയുമാണ്. വരയും കോപ്പി പരിപാടിയുമറിയുന്ന നാലു പേരുടെ കുടുംബമാണ് ഇതിന്റെ തറക്കല്ല്. ബാക്കിയുള്ളവർ വന്നും പോയുമിരിക്കും. ഒരുത്തനുമില്ലെങ്കിലും ഈ നാല് പേർക്കും കൂടെ കൈകാര്യം ചെയ്യാവുന്നതേയുള്ളൂ ഏതൊരു ഓർഡറും. ഈയൊരു ധൈര്യമുള്ളതുകൊണ്ടുതന്നെ ബലം പിടിക്കുന്നവരെല്ലാം സ്റ്റുഡിയോക്ക് പുറത്താണ്.
“അക്രിലിക് ജെസ്സൊ അടിച്ച് മിനുപ്പിച്ച കാൻവാസായിരിക്കും നിങ്ങൾക്കു ലഭിക്കുക. വാൻഗോഗിന്റെ പ്രത്യേകത എന്നു പറയുന്നത് തന്നെ കട്ടിയുള്ള ബ്രഷ് സ്ട്രോക്കുകളാണ്. അതിനു ഫ്ലാറ്റ് ബ്രഷാണ് വേണ്ടത്.”
അയാൾ മറ്റു ബ്രഷുകൾക്കിടയിൽനിന്നും കുറച്ച് വീതികൂടിയ ബ്രഷെടുത്ത് പൊക്കിക്കാണിച്ചു.
“ആദ്യം രൂപങ്ങളുടെ ഒരു ഔട്ട്‌ലൈൻ ഒരു പെൻസിൽ ഉപയോഗിച്ചോ അല്ലെങ്കിൽ ലൈറ്റ് കളറിൽ ലഘുവായിട്ടോ വരച്ചുവയ്ക്കുക. ശരിക്കുമുള്ള പെയിന്റ് വരുമ്പോൾ അതലിഞ്ഞുപോകണം, എടുത്തുപിടിക്കാത്ത തരത്തിലുള്ള ഏതെങ്കിലും നേർപ്പിച്ച നിറം. സ്റ്റാറിനൈറ്റിന്റെ പ്രധാന സംഗതി ചുഴലിയാണല്ലോ. ചുഴലിക്കാറ്റുള്ള ആകാശം, സൈപ്രസ് മരങ്ങൾ, ഗ്രാമം. ഇതൊക്കെയാണ് മുഖ്യം.”
ഇത്താഖ് കാൻവാസിനായി കണ്ണുകളാൽ പരതി. പുന്നൂസേട്ടനത് മനസ്സിലാക്കി സെറ്റ് ചെയ്തു വെച്ചിരുന്ന മുക്കാലിയിൽ സ്ഥാപിച്ച ചണത്തുണിയുമായി എത്തി. ഇത്താഖ് മുക്കാലിയെ മൊത്തത്തിലൊന്ന് പിടിച്ചിളക്കിവെച്ച് പിന്നെ വരകൊണ്ട് നാലായി ഭാഗിച്ച് പെൻസിൽകൊണ്ട് രൂപരേഖകൾ കോറിത്തുടങ്ങി.
“അടുത്തത് മിക്സിങ്ങ്. അത് ഈസിയായി ഞാൻ പറഞ്ഞുതരാം.
രണ്ട് മൂന്ന് തരം നീല നമുക്ക് ആവശ്യം വരും. അതിനു മിക്സ് ചെയ്യേണ്ടത് അൾട്രാമറൈൻ ബ്ലൂ, കോബാൾട്ട് ബ്ലൂ, ടൈറ്റാനിയം വൈറ്റ് ഈ മൂന്നു നിറങ്ങളാണ്.”
പറയുന്ന സമയം അയാൾ വിരലുകൾകൊണ്ട് എണ്ണി കാണിക്കുന്നുണ്ടായിരുന്നു
“ഇനി എല്ലാവരും കയ്യിലുള്ള പേപ്പറിലേക്ക് നോക്കിക്കൊള്ളൂ.”
സെബാൻ പോറലുകൾ വീണു പഴകിയ, ലാമിനേറ്റ് ചെയ്ത പേപ്പറിലേയ്ക്ക് നോക്കി.
ആകാശം വരയ്ക്കാൻ: അൾട്രാമറൈൻ ബ്ലൂ + ടൈറ്റാനിയം വൈറ്റ്. (ഫ്ലാറ്റ് ബ്രഷ്)
ഹൈലൈറ്റ്: കോബാൾട്ട് ബ്ലൂ
ചുഴലിക്കാറ്റ് വരയ്ക്കാൻ: അൾട്രാമറൈൻ ബ്ലൂ + കോബാൾട്ട് ബ്ലൂ + ടൈറ്റാനിയം വൈറ്റ് (മീഡിയം റൗണ്ട് ബ്രഷ്)
ഹൈലൈറ്റ്: വൈറ്റ്
നക്ഷത്രങ്ങളും ചന്ദ്രനും വരയ്ക്കാൻ: ടൈറ്റാനിയം വൈറ്റ് + കാഡ്മിയം യെല്ലോ (ചെറിയ റൗണ്ട് ബ്രഷ്)
ഹൈലൈറ്റ്: വെള്ളയിൽ കുറച്ച് മഞ്ഞേം ഓറഞ്ചും ചേർത്ത് ചുറ്റിലും ഒരു തിളക്കം ഉണ്ടാക്കുക.
സൈപ്രസ് മരങ്ങൾ വരയ്ക്കാൻ: ബേൺഡ് അംബർ + ബ്ലാക്ക് = ഡാർക്ക് ബ്രൗൺ (മീഡിയം റൗണ്ട് ബ്രഷ്)
ഹൈലൈറ്റ്: ലൈറ്റ് ബ്രൗൺ
ഗ്രാമം വരയ്ക്കാൻ: ബേൺറ്റ് അംബർ + ബ്ലാക്ക് + വൈറ്റ് (ചെറിയ ഫ്ലാറ്റ് ബ്രഷ്)
ഹൈലൈറ്റ്: ലൈറ്റ് വൈറ്റ്
ബ്ലെൻഡ്: ഫാൻ ബ്രഷ്
“സൈപ്രസ് വരക്കുമ്പോൾ താഴെനിന്നു മുകളിലേയ്ക്ക് വരക്കണം. ടെക്സ്ച്ചർ നന്നായി കിട്ടണമെങ്കിൽ അതാവും നല്ലത്.”
അതും പറഞ്ഞ് ഇത്താഖ് കാൻവാസിൽ വരതുടങ്ങി. നിറങ്ങൾ കൂട്ടിക്കലർത്താൻ അയാൾ കത്തി ഉപയോഗിക്കാഞ്ഞത് സെബാൻ ശ്രദ്ധിച്ചു. ചുറ്റിലുമുള്ള പലരും നോട്‌സ് എഴുതി എടുക്കുന്നുണ്ട്. ലൂക്കോച്ചനും പുന്നൂസും മാത്രം വരച്ചുവെച്ച പഴയ ചിത്രങ്ങൾ അടുക്കുന്ന പണികൾ നോക്കി.
“വരക്കുമ്പോൾ തെറ്റും.
സ്വാഭാവികം. അതു മാറ്റിവരക്കാൻ മടിക്കരുത്. വാൻഗോഗിൽ ചിത്രത്തിനു എത്ര കട്ടിയുണ്ടോ അത്ര നല്ലതാണ്.”
ഇത്താഖ് വരകൾക്കു മുകളിലൂടെ ചായം തേച്ച് മാറ്റി വരച്ചുകാണിച്ചു. കോടമഞ്ഞിൽനിന്നും മരങ്ങളേയും കെട്ടിടങ്ങളേയും തെളിയിച്ചെടുക്കുന്ന ജാലവിദ്യ.
“ചുഴലിക്കാറ്റ് സർക്കുലർ മോഷൻ ആണ്. അതുവെച്ച് പാറ്റേൺ ഉണ്ടാക്കിയാൽ മതി. ഹോക്കുസായിയുടെ തിരമാലയിൽനിന്നാണ് ഈ ചുഴലിക്കാറ്റ് വാൻഗോഗ് ഉണ്ടാക്കിയത്. നിറവും പാറ്റേണും.”
പിന്നെ ഒന്നു നിർത്തി തിരുത്തുവാൻ എന്നപോലെ തുടർന്നു:
“എന്നുവേണം കരുതാൻ.”
ഇത്താഖ് ഇടവിട്ട് ഇടവിട്ടുള്ള ബ്രഷ് സ്ട്രോക്കുകൾകൊണ്ട് കാറ്റിനെ മിനുക്കിക്കൊണ്ടിരുന്നു. വിശന്നപ്പോൾ സെബാൻ പോക്കറ്റിൽ തപ്പി. കയ്യിൽ തടഞ്ഞത് പഴയ ഏതാനും കരിക്കട്ടകളായിരുന്നു. അതിൽ ഏറ്റവും ചെറിയ ഒന്ന് അവൻ വായിലിട്ടു ചവച്ചരച്ചു.
4
ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും സെബാനു മുടിയും താടിയും വന്നു. ഗ്രാമത്തിലുണ്ടായ ഏക ബാർബർഷോപ്പിലേയ്ക്ക് സമയം കിട്ടിയിട്ടും അവൻ പോയിരുന്നില്ല. കിട്ടിയ സമയമെല്ലാം ആരോടോ ഉള്ള വാശി തീർക്കാനെന്നപോലെ വരയോട് വര. ആ വാശി ഹയറുന്നീസയോടായിരുന്നു. അവരൊരുമിച്ചാണ് വരപ്പണി തുടങ്ങിയത്. കോപ്പി പരിശീലനത്തിൽ അവനെ ഒട്ടൊക്കെ സഹായിച്ചതും അവളായിരുന്നു. കൂടെ വന്നവരിൽ ചിലർ പിടിച്ചുനിൽക്കാനാകാതെ ആദ്യ ആഴ്ചയിലേ മടങ്ങി. ആരുമറിയാതെ ഓടിപ്പോകാനായിരുന്നു സെബാന്റേയും തീരുമാനം. അതിനായി ഹയറുന്നീസയുമായി ഒരു പദ്ധതിയും അസൂത്രണം ചെയ്തിരുന്നു. എന്നാൽ, പറഞ്ഞതിനും ഒരു ദിവസത്തിനു മുൻപേ സെബാനെ കൂട്ടാതെ ഹയറുന്നീസ അവിടം വിട്ടു. അതിൽ പിന്നെ തന്റെ വിധി ഇതാണെന്നു വിശ്വസിച്ച് അവൻ കോപ്പി വരയെ സ്വമനസ്സാലെ സ്വീകരിച്ചു. അങ്ങനെ പോക്കറ്റിലെ കരിക്കട്ടകൾ തീർന്നപ്പോൾ സെബാൻ പെയിന്റ് കട്ടകൾ രുചിച്ചു തുടങ്ങി.
“ചെക്കനെ പെണ്ണുകെട്ടിക്കാനായി.”
താടിയും മുടിയും വളർന്നതോടെ പുന്നൂസേട്ടൻ കാണുമ്പോഴൊക്കെ അവനെ കളിയാക്കും. അതിനു കാരണമുണ്ട്. സെബാനെ, സ്വന്തം കുടുംബത്തിലേയ്ക്ക് കൂട്ടുവാനൊരു ആലോചന ഇത്താഖ് നടത്തുകയുണ്ടായി. ലൂക്കോച്ചന്റെ മകൾ സെലിനെയാണ് അതിനായി കണ്ടുവെച്ചിരുന്നത്. സെബാനെപ്പോലൊരുവൻ തന്റെ മരുമകനായി വരുന്നതിൽ ലൂക്കോച്ചനു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഒരു ദിവസം എട്ട് കോപ്പി എന്ന അയാളുടെ സർവകാല റെക്കോർഡ് പന്ത്രണ്ടിലേയ്ക്ക് മാറ്റി സ്ഥാപിച്ച ഒരുവനെ അല്പസ്വല്പം അഭിമാനത്തോടെയേ ലൂക്കോച്ചൻ കണ്ടിരുന്നുള്ളൂ. എണ്ണം കൊണ്ടല്ല, ചിത്രത്തിലെ ഭാവംകൊണ്ടാണ് അവനോടെനിക്ക് ബഹുമാനമെന്ന് പുന്നൂസേട്ടൻ പറഞ്ഞത് ഏവരും അംഗീകരിച്ച കാര്യമാണ്.
“പ്രകൃതി ദൃശ്യം വരക്കുമ്പോൾ അതിൽ ഭാവം കൊണ്ടുവരിക, ഇത്താഖേ ഇവനെ വിടണ്ട കൈ കൂട്ടി പിടിച്ചോ.”
സംഗതി രഹസ്യമായി സെലിൻ അറിഞ്ഞതിൽ പിന്നെ ദിനേന നൂഡിൽസ് മാത്രം കഴിച്ചു കൊണ്ടിരുന്ന സെബാന് സ്പെഷലായി മുട്ട പഫ്‌സും കേക്കും ചായക്കൊപ്പം വന്നുതുടങ്ങി. അത് മാത്രമല്ല, ഇടയ്ക്കിടെ വര പഠിക്കാനെന്ന പേരിൽ സ്റ്റുഡിയോയിലേക്കൊരു വരവുണ്ട് സെലിന്. അതും പറഞ്ഞ് സെബാനോട് ഒന്ന് രണ്ട് വാക്കുകൾ മിണ്ടുക എന്നതാണ് ഗൂഢോദ്ദേശ്യം.
“ഈ കാടും പടലവും ഒക്കെ ഒന്ന് വെട്ടിക്കൂടേ.”
അവൾ ഇടക്കിടെ ഉപദേശിക്കാൻ ശ്രമം നടത്താറുണ്ട്. അവനപ്പോൾ പോയി കണ്ണാടിയിൽ നോക്കും. മുടിയിഴകൾ വെള്ളം തൊട്ട് കോതും. മുടി വാൻഗോഗിന്റെ ബ്രഷ് തഴുകലായി തോന്നുമ്പോൾ അസ്വസ്ഥനായി വീണ്ടും തല ചപ്രയാക്കും. തന്റെ ജീവിതം ആവർത്തനങ്ങളുടെ ഈ വൃത്തത്തിൽ കുടുങ്ങിയതിന്റെ പ്രധാന കാരണക്കാരൻ വാൻഗോഗാണെന്നാണ് സെബാൻ ധരിച്ചുവെച്ചിരിക്കുന്നത്. ഇടയ്ക്ക് കണ്ണാടിയിൽ പ്രതിഫലിക്കുന്ന മെലിഞ്ഞ രൂപത്തെ പഴയ സെബാനുമായി അവനൊന്നു താരതമ്യം ചെയ്തു നോക്കും. സാദൃശ്യങ്ങളൊന്നും കാണാതാവുമ്പോൾ ചോദിക്കും:
“ആരുടെ കോപ്പിയാണ് നിങ്ങൾ?”
ഉത്തരം കിട്ടാതാകുമ്പോൾ താടിയിലൊന്നുഴിയും. പിന്നെ സെലിനടുത്തേയ്ക്ക് തിരികെപ്പോകും. ലൂക്കോച്ചനെപ്പോലെ തന്നെ മകൾക്കും വരയിൽ വലിയ അഭിരുചിയൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സ്വന്തം അപ്പച്ചന്റെ വഴിയേ കാൻവാസ്സിൽ ചെറിയ കള്ളികൾ വരച്ച്, അളവുകൾ പഠിച്ച് അവൾ ചിത്രരചന തുടർന്നു. അതിനിടയിലും സെബാനിരുന്നു വരക്കുന്ന മൂല അവളുടെ കാഴ്ചയുടെ ഒരു തുഞ്ചത്ത് എപ്പോഴും കളിയാടി.
“കാര്യം തെരുവീന്ന് കൊണ്ടുവന്നതാണേലും അവന്റെ ഇഷ്ടം കൂടെ നോക്കണ്ടേ?”
പുന്നൂസേട്ടന്റെ ഈയൊരു ചോദ്യത്തോടെ വിവാഹകാര്യം സൂചിപ്പിക്കാൻ ഇത്താഖിനു മടി തോന്നി. ഇതൊന്നും അറിയാതെ സ്ഥലകാലബോധമില്ലാത്ത വരപ്പിനിടെ വിരലുകളിൽ പറ്റുന്ന പെയിന്റ് നുണഞ്ഞുകൊണ്ട് സെബാൻ കാലം കഴിച്ചുകൂട്ടി. അവനൊഴിച്ചുള്ള പണിക്കാർ പലരും മാറിമാറി വന്നു. ഓരോരുത്തർ ഓടിപ്പോകുമ്പോഴും ഉള്ളിൽനിന്നും ആ ത്വര ഇടയ്ക്ക് നുരഞ്ഞു പൊന്തും. പക്ഷേ, പിടിച്ചുനിറുത്തിയത് ഒരൊറ്റ കാര്യമാണ്. ചായം, പെയിന്റ്.
വൃത്തിയുടെ കാര്യത്തിൽ ഇത്താഖൊരു കടുംപിടുത്തക്കാരനായിരുന്നു. എല്ലാ ദിവസവും സ്റ്റുഡിയോ ക്ലീൻ ചെയ്യണമെന്ന് ആളുടെ കർശന നിർദേശമുണ്ട്. ക്ലീനിങ്ങ് കഴിഞ്ഞ് വേസ്റ്റുകളെല്ലാം പെറുക്കിക്കൂട്ടി വലിയ പ്ലാസ്റ്റിക്ക് സഞ്ചിയിലാക്കി സ്റ്റുഡിയോക്ക് പിറകിലെ റോഡിനരികിൽ വെച്ചാൽ അതിരാവിലെ മാലിന്യവിമുക്തർ വണ്ടികളിലെത്തി കൊണ്ടുപോകും. വന്ന സമയത്ത് സ്റ്റുഡിയോ ക്ലീനിങ്ങിന്റേയും ട്രാഷ് ബാഗിന്റേയും ചുമതല സെബാനായിരുന്നു. രാത്രി പത്താകുമ്പോഴാണ് ഈ ക്ലീനിങ്ങ് പരിപാടി. വരച്ച് ശരിയാകാതെ കീറിക്കളഞ്ഞ ക്യാൻവാസുകൾ, പെയിന്റ് തീർന്നുപോയ ട്യൂബുകൾ, ഒടിഞ്ഞും പറിഞ്ഞും കേടായ ബ്രഷുകൾ ഒക്കെ ഈ കൂട്ടത്തിൽ കാണും. എല്ലാവരും പോയിക്കഴിഞ്ഞ് പണിതീർത്ത് സ്റ്റുഡിയോ അടച്ചതിനും ശേഷം പിറകിലെ റോഡിലൂടെ ചെന്ന് പ്ലാസ്റ്റിക്ക് കൂടഴിച്ച് പെയിന്റും ബ്രഷുകളും സെബാൻ കൊണ്ടുപോകും.
ഇത്താഖെല്ലാം താമസിക്കുന്നതിനു കുറച്ചകലെയായി ഉപേക്ഷിക്കപ്പെട്ട ഒരു വീടുണ്ട്. ഇടിഞ്ഞു പൊളിഞ്ഞതാണെങ്കിലും മൂലയിലെ ഒരു മുറി ശരിയാക്കിവെച്ചിട്ടുണ്ട്. വർഷത്തിൽ ഒരിക്കൽ മാത്രം വന്നുപോകുന്ന ഇതിന്റെ ഉടമസ്ഥനു രാത്രിയിൽ നിൽക്കാനാണെന്നു തോന്നുന്നു. പണി കഴിഞ്ഞാൽ മോഷ്ടിച്ച സാധനങ്ങളുമായി സെബാൻ അവിടേയ്ക്കു പോകും. ചെടിക്ക് പിറകിലൊളിപ്പിച്ച താക്കോൽവെച്ച് മുറി തുറക്കും. മോഷ്ടിച്ച പെയിന്റും ബ്രഷുകളും മേശമേൽ കുടയും. പിന്നെ അറ്റകുറ്റപ്പണികളാണ്. നാരുകൾ പരിശോധിച്ച് സ്വന്തമായി ഒരു ബ്രഷ് ശരിയാക്കിയെടുക്കും. കത്തിവച്ച് കീറി ട്യൂബിൽനിന്നും ചായങ്ങൾ വടിച്ചെടുക്കും. ഉപകരണങ്ങൾ തയ്യാറായിക്കഴിഞ്ഞാൽ പിന്നെ പരിശീലനമാണ്. പാതിയൊടിഞ്ഞ ബ്രഷും ചുരണ്ടിയുണങ്ങിയ ചായവും കൊണ്ട് തോന്നിയപോലെ വരക്കും. പോകുന്നതിനു മുൻപേ ചിത്രങ്ങളും ഉപകരണങ്ങളും ഒരിടത്ത് ഒളിപ്പിക്കും. ഉറക്കം വരുമ്പോൾ പോയി സ്റ്റുഡിയോയിൽ കിടക്കും.
വാൻഗോഗിന്റെ കോപ്പിവര തുടങ്ങിയപ്പോഴും അതിൽ പ്രാവീണ്യം നേടിയപ്പോഴും ഈയൊരു മോഷണം സെബാൻ തുടർന്നുകൊണ്ടിരുന്നു. ചെറിയ വ്യത്യാസം മാത്രം. ചായം മുക്കാലും തീരുമ്പോൾ അവൻ ട്യൂബെടുത്ത് ചവറ്റുകോട്ടയിൽ തട്ടും. ബാക്കി കാൽഭാഗം രാത്രിയിലെ അവനുള്ളതാണ്. സ്റ്റുഡിയോയിൽത്തന്നെ താമസിക്കുന്നതിനാലും അത് അടക്കുന്നതും തുറക്കുന്നതും അവൻ തന്നെയായിരുന്നതിനാൽ ആർക്കും അതിലൊന്നും ഒരു സംശയവും തോന്നിയില്ല.
ഇങ്ങനെയൊരു മോഷണത്തിനിടയിലായിരുന്നു സെബാൻ അലിയെ കണ്ടുമുട്ടുന്നത്. രാത്രി കുറച്ചധികം ട്യൂബുകൾ നെഞ്ചിലടക്കി ഓടുംവഴി ഒരു വളവിൽവെച്ച് അപ്രതീക്ഷിതമായി ഇരുവരും കൂട്ടിയിടിക്കുകയായിരുന്നു. അവരുടെ ഇടിക്കുശേഷം ചന്ദ്രൻ മേഘങ്ങളിൽനിന്നും പുറത്തു വന്ന് ചന്ദനനിറമുള്ള വെളിച്ചം വീശി. അതിൽ ഇരുവരും പരസ്പരം കണ്ടു. ധൃതിയിൽ എങ്ങോട്ടോ പോകുകയായിരുന്നു അലി. ഇടിച്ച ഇടിയിൽ ദുർബലനായ സെബാനിൽനിന്നും ട്യൂബുകളെല്ലാം തെറിച്ചുപോയി. അലി കുറച്ചുകൂടെ അരോഗദൃഢഗാത്രനാണ്. താടിയിൽ ഏതാനും വെള്ളിവരകൾ തെളിഞ്ഞിട്ടുണ്ട്. സെബാന്റെ പരിഭ്രമവും ആകുലതയും കണ്ട് രാത്രിയിലേക്ക് ചിതറിയ ട്യൂബുകൾ പെറുക്കാൻ അലിയും കൂടി. തെറ്റ് സെബാന്റെ ഭാഗത്തായിട്ടുകൂടി അലി സോറി പറഞ്ഞു. ഇടിച്ചുവീണ സെബാനു നടക്കാൻ ബുദ്ധിമുട്ടുണ്ടെന്നു കണ്ട് ചെയ്യാനുള്ള കാര്യം വിട്ട് പൊളിഞ്ഞ കെട്ടിടത്തിലേയ്ക്ക് അയാൾ കൂടെ ചെന്നു. സെബാന്റെ നെറ്റി പൊട്ടിയത് കണ്ടപ്പോൾ അയാൾക്കു പരിചയമുള്ള, അടുത്തുള്ള ഒരു വീട്ടിൽ പോയി മരുന്നും ബാൻഡ് ഐഡും തുണിയുംകൊണ്ട് വന്ന് നെറ്റി ഡ്രസ് ചെയ്തുകൊടുത്തു. മുറിവ് വൃത്തിയാക്കാൻ അണുനാശിനി പുരട്ടിയപ്പോൾ സെബാനു നൊന്തു. അതുകണ്ട് വിഷമം പിടിച്ച് അലി മുറിവിൽ കൊച്ചുകുട്ടികളോട് എന്നപോലെ ഊതിക്കൊടുത്തു. ആ സ്നേഹമാണ് മുറിവ് വേഗം ഉണക്കിയതെന്ന് സെബാനു പിന്നീട് തോന്നിയിട്ടുണ്ട്.
മുറിവ് എങ്ങനെയുണ്ടെന്നറിയാൻ പിറ്റേന്ന് സ്റ്റുഡിയോയിൽ വന്ന അലിയെ കണ്ട് ഇത്താഖ് വണങ്ങിനിൽക്കുന്നത് കണ്ടപ്പോഴാണ് സെബാന് ആളെ മനസ്സിലാവുന്നത്. പറഞ്ഞുതന്നത് പുന്നൂസേട്ടനാണ്.
“ഈ കോപ്പിഗ്രാമത്തിലെ ഏക ഒറിജിനൽ ദേ ആ പോയ മൊതലാ.”
അലി ചിത്രകാരനെന്ന നിലയിൽ പ്രശസ്തനാണ്. പലവട്ടം സിറ്റിയിൽ ചിത്രപ്രദർശനം നടത്തിയൊരാൾ. സ്വന്തമായി സ്റ്റുഡിയോ, വരക്കുന്നത് വാങ്ങാനായി കാത്തിരിക്കുന്ന സ്ഥിരം ഗ്യാലറികൾ. എന്തിനാണിവിടെ വന്ന് ഇങ്ങനെയൊരാൾ പെറ്റ് കിടക്കുന്നതെന്ന് പുന്നൂസേട്ടനും ചോദിച്ചു.
“ആ ഓരോരോ ഭ്രാന്തുകളേ.”
സെബാനെ അന്വേഷിച്ച് അലി വന്നതിൽ ഇത്താഖിനെക്കാൾ അഭിമാനം കൊണ്ടത് ലൂക്കോച്ചനാണ്. ചെക്കനു നല്ല ഭാവിയുണ്ടെങ്കിൽ അത് തന്റെ മകൾക്കും കൂടെയുള്ളതാണ്.
രണ്ടു ദിവസം കഴിഞ്ഞ് വൈകുന്നേരമായപ്പോൾ അലി അവനെ തിരക്കി പൊളിഞ്ഞ വീട്ടിലേയ്ക്കു വന്നു.
“സ്റ്റുഡിയോയിൽ പോയിരുന്നു. അവിടെ കാണാഞ്ഞപ്പോൾ തോന്നി.”
തന്റെ ഈ രഹസ്യ താമസസ്ഥലം അയാൾക്കു കാണിച്ചുകൊടുത്തതിൽ സെബാന് മനസ്താപം തോന്നി.
“വാൻഗോഗ് എന്നാണല്ലോ നിന്നെ എല്ലാവരും വിളിക്കുന്നേ.”
സെബാൻ ചൂളിപ്പോയി. പുന്നൂസേട്ടന്റെ പണിയാണ്. കാര്യം വാൻഗോഗിന്റെ കോപ്പികൾ വരക്കുന്നതിൽ സമർത്ഥനാണ് സെബാൻ. കഴിഞ്ഞവട്ടം വന്ന ഓർഡറിൽ നൂറ് കോപ്പി വാൻഗോഗും അഞ്ഞൂറ് കോപ്പി ക്ലിംറ്റും ആയിരുന്നു. അതോടെ അവനൊഴിച്ചുള്ള എല്ലാവരേയും ഇത്താഖ് പിടിച്ച് ക്ലിംറ്റ് വരക്കാൻ ഏർപ്പാടാക്കി. സെബാനു മാത്രമായി വാൻഗോഗിന്റെ ചുമതല ഏല്പിച്ചു കൊടുത്തു. അതിൽപ്പിന്നെ തുടങ്ങിയതാണ് ഈ വാൻഗോഗ് വിളി. കിളവന്റെ ഓരോ പരിപാടികൾ കാരണം. സെബാൻ മനസ്സിൽ പുന്നൂസിനെ ചീത്തവിളിച്ചു.
“സെബാൻ, സെബാസ്റ്റിൻ എന്നാ പേര്.”
“മുറിവ് ഉണങ്ങിയോ? നോക്കട്ടെ.”
അയാൾ ബാൻഡേജ് ചെറുതായി പൊളിച്ചുനോക്കി.
“ആ ഉണങ്ങിയല്ലോ.”
ഉണങ്ങിയെന്നു കരുതി ബാൻഡേജ് വലിച്ചപ്പോൾ പൊറുത്ത മുറിവിന്റെ മേലുണ്ടായിരുന്ന കറുത്ത തൊലി അതിൽ പറ്റിപ്പിടിച്ചിളകിപ്പോന്നു. വീണ്ടും രക്തം പൊടിഞ്ഞുവന്നു.
“അയ്യോ.”
അലിക്ക് അബദ്ധം പറ്റിയെന്നു മനസ്സിലായി. അയാൾ ക്ഷമ പറഞ്ഞുകൊണ്ട് കട്ടികുറഞ്ഞ ദ്രാവകം സ്വന്തം വസ്ത്രം വെച്ച് ഒപ്പി. ഇനിയും ഒട്ടിപ്പിടിക്കാതിരിക്കാൻ കഴിഞ്ഞ പ്രാവശ്യത്തിൽ ബാക്കിയുണ്ടായിരുന്ന പഞ്ഞിയിൽ തുണി ചുരുട്ടി, അതിനുമേൽ ബാൻഡ് ഐഡ് ചുറ്റി.
“ഇല്ലാ കുഴപ്പമൊന്നുമില്ല.”
സെബാൻ എത്ര പറഞ്ഞിട്ടും അലിക്ക് തൃപ്തിയായില്ല. അയാൾ വീണ്ടും വീണ്ടും നോവിനെപ്പറ്റി ചോദിച്ചുകൊണ്ടിരുന്നു.
“സാരമില്ല, വിഷമിപ്പിക്കണ്ട.” ഒടുക്കം സെബാന് അലിയെ ആശ്വസിപ്പിക്കേണ്ടിവന്നു. ഈ വട്ടം പോകാൻ നേരം അയാളാ തുണിക്കെട്ടിനുമേൽ വേദനിപ്പിക്കാതെ ചുണ്ടുകൾ മുട്ടിച്ചു.
5
“മൺപ്പാത്രങ്ങളിൽ പൂക്കൾ വരക്കുന്ന, കിടക്കവിരികൾക്കായി പല മാതൃകകൾ രൂപകല്പന ചെയ്യുന്ന ഒരാളായിട്ടായിരുന്നു എന്റെ തുടക്കം പിന്നീടത് കണ്ണാടികളുടെ മൂലകളിൽ പടർന്നിറങ്ങും മുന്തിരിവള്ളികളായി. വലിയ തൂണുകളിലും ഭിത്തികളിലും പുരാണ കഥാപാത്രങ്ങളെ വരക്കുന്നതായുമൊക്കെ മാറി. അന്നും ഓർമയിൽനിന്നായിരുന്നു ഞാൻ വരച്ചുകൊണ്ടിരുന്നത്. കണ്ണുകൾ സത്യവും ഓർമകൾ കലയുമാണ്.”
ആദ്യമായാണ് സെബാൻ അലിയുടെ സ്റ്റുഡിയോ സന്ദർശിക്കുന്നത്. അവിടെ അവരല്ലാതെ ആരുമില്ല. വാൻഗോഗില്ല, ക്ലിംറ്റ് ഇല്ല, ഫ്രിദ ഇല്ല, അലിയും സെബാനും മാത്രം. അവൻ അയാളുടെ സ്റ്റുഡിയോയിലെ ചിത്രങ്ങൾ നോക്കാതെ തൂണുകളിലെ അലങ്കാരപ്പണികൾ മാത്രം ശ്രദ്ധിച്ച് നടന്നു. അതിൽ ഇലകളും വള്ളികളും മാൻപേടകളുടെ മിഴികളും കാണായി. ചെറിയ ചിത്രപ്പണികൾക്ക് കുട്ടിത്തമുണ്ടെന്ന് അവനു തോന്നി. അലി പറയുന്ന താളത്തിനനുസരിച്ച് അവൻ വരകളിലൂടെ കൈകളോടിച്ചു.
“എന്തെങ്കിലും ആവശ്യമുണ്ടെങ്കി പറയൂ.”
പോകും നേരം യദൃച്ഛ്യാ അലിയിൽനിന്നുമുണ്ടായ ചോദ്യമാണ് ഈ സ്റ്റുഡിയോ സന്ദർശനത്തിനു കാരണമായത്. സന്ദർശനം മാത്രമല്ല, ചിത്രകലാചരിത്രത്തെക്കുറിച്ചും അറിയണമെന്ന ആഗ്രഹം സെബാൻ സൂചിപ്പിച്ചിരുന്നു.
“ചരിത്രം പരിശോധിച്ചാൽ കലയിലുണ്ടായിട്ടുള്ള ഏതൊരു മൂവ്‌മെന്റുകളും അതിന്റെ തൊട്ട് മുൻപുള്ള, എക്‌സിസ്റ്റിംഗ് ആയ മൂവ്‌മെന്റുമായി കലഹിച്ചിട്ടുണ്ട്. അതിപ്പോൾ വാൻഗോഗിനെയെടുത്താലും അയാളുടെ സുഹൃത്ത് പോൾ ഗൗഗിനെയെടുത്താലും.”
“നിങ്ങൾ പറഞ്ഞല്ലോ ഓർമയാണ്, ഓർമയിൽനിന്നും വരക്കുന്നതാണ് കലയെന്ന്. പക്ഷേ, അതേ സമയം ഈ ഓർമയെന്നത് കലാകാരന്റെ അനുഭവങ്ങളിൽനിന്നും വരുന്നതാണല്ലോ. കല ഈ അനുഭവത്തേയും മറികടക്കേണ്ടതില്ലേ?”
അലിക്ക് സെബാന്റെ ചോദ്യത്തിൽ അതിശയവും സന്തോഷവും തോന്നി.
“ശരിയാണ്. ഈ അനുഭവങ്ങളിൽനിന്നും ഓർമകളിൽനിന്നും എത്രത്തോളം അകലാൻ സാധിക്കുന്നുവോ അത്രത്തോളം സൗന്ദര്യം കലയ്ക്ക് കൈവരും. അതു സ്വാഭാവികമായി ഒരു കലാകാരനിൽ സംഭവിക്കും എന്നാണ് ഞാൻ കരുതുന്നത്. ആദ്യകല ആത്മപരമായിരിക്കും. ക്രമേണ ഉന്നതമാർന്ന തലത്തിലേക്ക് നാം ഉയരുകയും ചെയ്യും. അതിനുപറ്റിയ ഏറ്റവും നല്ല പരിശീലനമാണ് നീയിപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.”
“ഏത്? പകർപ്പോ? വരച്ചുവരച്ച് ഞാനെന്റെ തന്നെ ഒരു പകർപ്പായി മാറിയിരിക്കുന്നു. വാൻഗോഗിനോട് എനിക്ക് ഒരുതരം വെറുപ്പാണ് ഇപ്പോൾ.”
“ആരാണ് പകർപ്പല്ലാത്തത്.”
അലി തന്നെ സമാധാനിപ്പിക്കാനാണ് അതു പറഞ്ഞതെന്ന് സെബാൻ കരുതി.
“നിങ്ങൾക്കതു പറയാം. കോപ്പി വരക്കുവൊന്നും വേണ്ടല്ലോ.”
അലി ചിരിച്ചു.
“പകർപ്പിൽ കലയില്ലെന്ന് ആരു പറഞ്ഞു? പകർപ്പ് ഒരർത്ഥത്തിൽ മികച്ച കലയാണ്. അതിൽ ന്യൂനതകളില്ലല്ലോ. എന്തിനു വാൻഗോഗിൽപോലും അദ്ദേഹത്തിന്റെ ന്യൂനതയല്ലേ ശൈലിയായി രൂപപ്പെട്ടത്. ആവർത്തിച്ചുള്ള പരിശീലനമാണ് പരിപൂർണതയിലേക്കുള്ള വഴി. എന്നാൽ അതുകൊണ്ട് മാത്രമല്ല ചിത്രകാരന്മാർ പകർപ്പ് പരിശീലനത്തിൽ ഏർപ്പെടുന്നത്. സ്വന്തം അഹന്തയെ ഇല്ലാതാക്കി ശൈലിയെ ഉടച്ചുവാർക്കുന്നതിനും കൂടെയാണ്.”
“സ്വന്തം ശൈലി ഇല്ലാതായാൽ അയാളെ എങ്ങനെ ആളുകൾ തിരിച്ചറിയും?”
“ചിത്രകലയ്ക്ക് ആവശ്യമായ വഴക്കം ഉള്ളയാളാണ് മികച്ച ചിത്രകാരനാകാൻ പോകുന്നത്, അല്ലാതെ തനിക്കായി ചിത്രകലയെ മാറ്റുന്നയാളല്ല. മനുഷ്യചരിത്രവും അതുതന്നെയല്ലേ ഫ്ലക്സിബിളായ മനുഷ്യൻ അതിജീവിക്കും എന്നല്ലേ? അല്ലാതെ ഏറ്റവും ശക്തനല്ലല്ലോ. കലയിലും അതുതന്നെ.”
“എന്താ എന്താ? ഒന്നൂടെ പറയാമോ?”
സെബാനു കാര്യം പിടികിട്ടിയില്ലയെന്ന് അലിക്കു മനസ്സിലായി. അയാൾ വിശദീകരിക്കാനായി അവനരികിലേയ്ക്കു നടന്നു.
“ലളിതമായി പറഞ്ഞുതരാം. ഇപ്പോൾ സിനിമയെടുക്കാം. ഒരേ മാനറിസം, ഭാവഭേദങ്ങളോടെ ഒരു നൂറ് സിനിമയിൽ അഭിനയിക്കുന്നതോ അതോ കഥാപാത്രത്തിനാവശ്യമായ ഭാവഭേദങ്ങൾ നൽകുന്നയാളോ?”
“രണ്ടാമത്തെയാൾ.”
സെബാൻ തോൽവി സമ്മതിച്ചതുപോലെ അയാളെ നോക്കി ചിരിച്ചു.
“നീയെങ്ങനെയാ വരക്കാൻ പോകുന്നതെന്നു പറയട്ടെ?”
“പറ.”
സെബാന്റെ കണ്ണുകളിൽ കൗതുകം. അവൻ അയാൾക്കരികിലേക്ക് വന്ന് കാതോർത്തു.
“വാൻഗോഗിനെ വരക്കുന്നു,
വാൻഗോഗിനെപ്പോലെ വരക്കുന്നു,
വാൻഗോഗിൽ നിന്നകന്ന് വരക്കുന്നു,
മറ്റാരെയോ വരക്കുന്നു,
മറ്റാരെപ്പോലെയോ വരക്കുന്നു,
അവരിൽ നിന്നകന്ന് വരക്കുന്നു,
സെബാനായി വരക്കുന്നു,
സെബാനിൽനിന്നകന്ന് വരക്കുന്നു”
സെബാൻ പെട്ടെന്ന് അലിയുടെ കൈകൾ പിടിച്ചുയർത്തി ചുംബിച്ചു.
“നിങ്ങളുടെ നാക്ക് പൊന്നാവട്ടെ”
“നമ്മളനേകർ, നമ്മളിലനേകർ”
അതു പറഞ്ഞ് അവസാനിപ്പിക്കുന്നതിനിടെ അലി സെബാനെ കൈകളിൽ പിടിച്ചടുപ്പിച്ചു ചോദിച്ചു:
“നിന്റെ മേൽ ഞാൻ പെയിന്റ് ചെയ്തോട്ടെ?”
ഉത്തരത്തിനായി അയാൾ കാത്തുനിന്നില്ല. അലി അവന്റെ ടീ ഷർട്ട് മാത്രം ഊരി നിലത്ത് കമിഴ്ത്തിക്കിടത്തി. പാലറ്റിൽ അൾട്രാമറൈൻ ബ്ലൂവും കാഡ്മിയം ലെമൺ യെല്ലോയും കൂട്ടിക്കലർത്തി. ബ്രഷ് വെച്ച് കുഴഞ്ഞനിറം തൊലിയിൽ ഉരസുമ്പോൾ ഇക്കിളിയായിട്ടും സെബാൻ അടങ്ങിക്കിടന്നു.
6
കണ്ടുപിടിച്ചത് സെലിനാണ്, കഴുത്തിലെ പച്ചനിറം. എത്ര ഉരച്ചുകുളിച്ചിട്ടും ഒരു പാടമാത്രം പോകാതെ നിന്നു. കഴുത്തിനു പിറകിലായതിനാൽ സെബാനത് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.
“ഇതെന്നാ രാത്രി വല്ല തുരിശടിക്കാൻ പോയാരുന്നോ?” എന്നൊരു ചോദ്യം മനസ്സിൽ പൊന്തി വന്നെങ്കിലും അവളത് ചോദിച്ചില്ല. ഇത്താഖറിഞ്ഞാൽ പ്രശ്നമാകുമെന്ന് അറിയാവുന്നതിനാൽ സെലിൻ അതു ചിരിച്ചുതള്ളി. എന്നാലും തുണിവെച്ച് കഴുത്ത് തുടക്കുന്നതിനിടെ അവൾ രഹസ്യമായി ചോദിച്ചു,
“എന്താണ് കൃഷ്ണൻ ആവാനുള്ള പരിപാടിയാണോ? രാധമാർ ആരെങ്കിലും കൂടെയുണ്ടോ?”
ചോദ്യത്തിന്റെ കൂടൊരു പിച്ചും വെച്ചുകൊടുത്തു. സെബാനും അതു ചിരിച്ചുവിട്ടു. സെലിൻ എല്ലായ്പ്പോഴും കാരുണ്യത്തോടെ പെരുമാറുന്നത് വര പഠിക്കുന്നതിനുള്ള ആഗ്രഹമല്ലെന്ന് അപ്പോൾ മുതൽ അവനു തിരിഞ്ഞു. അന്ന് ഉച്ചയ്ക്ക് ഇത്താഖ് അവനെ
കാണാനായി വന്നു. നെതർലാൻഡ്‌സിലെ ഗ്യാലറിയിലേയ്ക്ക് കോപ്പികൾ വാങ്ങുന്ന കസ്റ്റമർ അയാൾക്ക് ഒരു വിസിറ്റ് വിസ നൽകിയിരിക്കയാണ്. പോകുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. ഏറെക്കാലമായുള്ള ഇത്താഖിന്റെ ആഗ്രഹമാണ് നടക്കാൻ പോകുന്നത്. പോകുന്നതിനു മുൻപ് അയാൾ സെലിന്റെ കാര്യം സൂചിപ്പിച്ചു.
“നിന്റെ തീരുമാനം അറിയാനാണ് ഞങ്ങൾ കാത്തിരിക്കുന്നത്, ഞാൻ ട്രിപ്പ് കഴിഞ്ഞ് വരുമ്പോൾ പറഞ്ഞാൽ മതി. അതുവരെ സമയമെടുത്ത് ആലോചിക്ക്.”
സെബാനൊന്നും പറഞ്ഞില്ല. എന്നാലും ഇറങ്ങിയപ്പോൾ ഇത്താഖ് ചോദിച്ചു:
“നിനക്ക് എന്തെങ്കിലും സ്‌പെഷ്യൽ ആയി അവിടുന്ന് കൊണ്ടുവരണോ?”
സെബാൻ വേണ്ടെന്നു മാത്രം തലകുലുക്കി.
ഇത്താഖ് പോയതോടെ സ്റ്റുഡിയോയിൽ കളിയും ചിരിയും കൂടി. പുന്നൂസേട്ടൻ പലർക്കും വീട്ടിൽ പോകാനുള്ള അനുവാദം നൽകി. സ്റ്റുഡിയോ നേരത്തെ പൂട്ടിത്തുടങ്ങി. അതിനായി കാത്തിരിക്കുകയായിരുന്നു സെബാൻ. അവൻ പാതിയൊഴിഞ്ഞ ട്യൂബുകളുമെടുത്ത് നേരെ പൊളിഞ്ഞ കെട്ടിടത്തിലേക്കോടി. പാലറ്റിൽ ചായങ്ങൾ വിതറി അലിയവിടെ ഇരിപ്പുണ്ടായിരുന്നു. നീരണ്ണാന്റെ വാലിൽനിന്നും ശേഖരിച്ച ഏറ്റവും മൃദുവായ രോമങ്ങളാണ് അയാൾ ബ്രഷിന്റെ തന്തുക്കളായി ഉപയോഗിച്ചിരുന്നത്. അയാളത് സ്വന്തം മുഖത്തു കൂടെ ഓടിച്ച് സുഖം പിടിച്ചുകിടക്കുകയായിരുന്നു. കൂടിയ വിലയുടെ ചായങ്ങളാണ് അയാൾ കൊണ്ടു വന്നിട്ടുള്ളത്. കണവയുടെ സഞ്ചിയിൽനിന്നും ശേഖരിച്ച സേപ്പിയ, കടലൊച്ചുകളിൽനിന്നും പുറത്തെടുത്ത ടിറിയൻ പർപ്പിൾ എല്ലാം സെബാന് അയാൾ പറഞ്ഞുകൊടുക്കാറുണ്ട്.
റൂമിന്റെ താക്കോൽ എവിടെ ഒളിപ്പിക്കുന്നതെന്ന് സെബാൻ മുൻപേ കാണിച്ചു കൊടുത്തിരുന്നതുകൊണ്ട് അയാൾ നേരത്തെ വന്നു മുറിക്കകത്ത് കടന്നുകൂടി. അയാളെ കണ്ടതും വസ്ത്രങ്ങളൂരി നഗ്നനായി സെബാൻ താഴെ കിടന്നു. അയാളവനെ നിറങ്ങളിൽ മുക്കി. ബ്രഷ് കൊണ്ട് തലങ്ങും വിലങ്ങും പൂശി. ചെറിയ രോമങ്ങൾ അതുകൊണ്ട് എഴുന്നേറ്റു. ചൂടുകുരുക്കൾ പതുങ്ങി. കുറച്ച് കഴിഞ്ഞ് അലി ബ്രഷ് ഉപേക്ഷിച്ച് കൈവിരലുകളാൽ ദേഹത്ത് ചായം തേച്ചു. പണ്ട് കണ്ണാടികളുടെ മൂലകളിൽ അലങ്കാരം ചെയ്തിരുന്ന മുന്തിരിവള്ളികൾ സെബാനെ വന്നുമൂടി. അപ്പോഴാണയാൾ അവന്റെ നെറ്റിയിലെ മുറിവ് ശ്രദ്ധിച്ചത്. ക്ഷതത്തെ ഓമനിച്ചുകൊണ്ട് ചോദിച്ചു:
“വേദനയുണ്ടോ?”
“ഇല്ല.”
“പിന്നെന്താണുള്ളത്?”
“സ്നേഹം.”
അപ്പോൾ അയാൾ എന്നന്നേക്കുമെന്നപോൽ ചെവിയിൽ രഹസ്യമായി മന്ത്രിച്ചു.
“നിന്നെ നിറങ്ങളിൽ അലിയിച്ച് എടുക്കട്ടെ?”
7
“എന്തിനാണീ ഈ നശിച്ച നാട്ടിൽ നിൽക്കുന്നേ? എങ്ങോട്ടെങ്കിലും പോയിക്കൂടെ?”
സെബാനറിയാൻ കൗതുകമുണ്ടായിരുന്നു. അലി സിഗററ്റ് പുക ജനലിനരികിലേയ്ക്ക് ഊതി. ചാരം പകുതി മുറിച്ച പ്ലാസ്റ്റിക് കുപ്പിയിലേക്ക് തട്ടി.
“കല സ്വയം നശീകരണശേഷിയുള്ള ഒന്നാണ്. ഇപ്പോഴല്ലെങ്കിൽ പിന്നീട് അത് ഒരു തരത്തിലുള്ള സാക്രിഫൈസ്, പരിത്യാഗം എന്നൊക്കെ പറയില്ലേ, അത് ആവശ്യപ്പെടും. നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ളത് അതുകൊണ്ട് പോകും. അത് പ്രേമമാകാം, ഉദ്യോഗമാകാം, സമ്പത്താകാം, ചിലപ്പോൾ കല തന്നെയാകാം. അതിനെ നേരിടാൻ ഏറ്റവും എളുപ്പം ഒറ്റയ്ക്കാണ്. അല്ലെങ്കിൽ അതു കൂടെയുള്ളവരേയും വേദനിപ്പിക്കും. മനസ്സിലായില്ലേ? അവനവന്റെ വേരുകളിൽ തന്നെ ജീവിക്കുന്നതാണ് നല്ലതെന്ന്.”
“ഇവിടാണോ അപ്പോൾ ജനിച്ചതെല്ലാം?”
“അതൊക്കെ പോട്ടെ. പുതുതായി എന്തെങ്കിലും വരച്ചോ?”
അലി വിഷയം മാറ്റാൻ മനപ്പൂർവം ശ്രമിച്ചതാണെന്ന് സെബാനു മനസ്സിലായി. സെബാൻ അലിയെ കുസൃതിയുള്ള കണ്ണുകളാൽ നോക്കി.
“വാൻഗോഗല്ലാതെ?”
“അതിപ്പോൾ പറയില്ല.”
സെബാന്റെ കവിളിൽ കള്ളത്തരം. പലതരത്തിലുള്ള ശൈലികളെപ്പറ്റിയും കലാചരിത്രത്തെപ്പറ്റിയുമുള്ള ചർച്ചകൾ ഒടുവിൽ ഫലം കണ്ടിരിക്കുന്നു. അലിക്ക് സന്തോഷം തോന്നി. സെബാൻ വരച്ചത് എന്താണെന്ന് അറിയാൻ അയാൾക്ക് ആകാംക്ഷയായി.
“മുഴുമിപ്പിച്ചിട്ട് കാണിക്കാം.”
സെബാന്റെ ആവശ്യം അയാൾ അംഗീകരിച്ചു. അവർ വീണ്ടും പതിവുപോലെ ദേഹത്തിൽ തൊട്ടു തലോടിക്കൊണ്ട് പാലറ്റിലേക്ക് ചായം ട്യൂബിൽ നിന്നും പകർന്നു
“ഇന്നാരാണ്.”
“ഹിരോഷിഗേ.”
ഉണർന്നപ്പോൾ കിടക്കയിൽ സെബാൻ പുതപ്പിനുള്ളിലാണ്. അലി എഴുന്നേറ്റ് മുഖം കഴുകി വന്നു. സാധാരണ പുലർച്ചയ്ക്ക് എഴുന്നേറ്റ് അലി സ്വന്തം സ്റ്റുഡിയോയിലേയ്ക്കു തന്നെ തിരികെ പോകും. അതിനായുള്ള തയ്യാറെടുപ്പിലായിരുന്നു. പെട്ടെന്നാണ് മുറിയുടെ മൂലയ്ക്ക് മുക്കാലിയിൽ ഉറപ്പിച്ചുവച്ച കാൻവാസ്സ് കണ്ടത്. ഇരുണ്ട ഒരു തുണികൊണ്ട് അത് മൂടിയിട്ടുണ്ട്. അലി ശബ്ദമുണ്ടാക്കാതെ മെഴുകുതിരി കത്തിച്ച് പൂച്ചയുടെ കാലടികൾ വെച്ച് നടന്നു. തുണി വലിച്ച് മാറ്റിയപ്പോൾ കാൻവാസ്സിൽനിന്നുമുള്ള പ്രഭ അയാളുടെ കണ്ണുകൾ ചിമ്മിച്ചു. മുറി കുറച്ചുകൂടി പ്രകാശമാനമായി.
“അസാധ്യം.”
ആ വാക്കാണ് അയാൾക്ക് ഓർമവന്നത്. ഈ സ്വർണവർണമായ പ്രകാശം ഇതെങ്ങനെ നേടിയെടുത്തു. ബൈസന്റൈൻ കലാകാരന്മാരെ ഓർമിപ്പിക്കുന്ന ഈ നിറം, ഈ തിളക്കം നേടാൻ ശ്രമിച്ച് പരാജയപ്പെട്ടവരിലൊരാളായിരുന്നു അലിയും.
“ഏതൊക്കെ നിറങ്ങൾ ഏതൊക്കെ അനുപാതത്തിൽ?”
അയാളുടെ തല പുകഞ്ഞു. അതിൽ തീർന്നില്ല. ഒറ്റനോട്ടത്തിൽ അനുരക്തനായിപ്പോയ കാമുകനെപ്പോലെ അത്യധികം പ്രേമത്തോടെ ആ ചിത്രത്തിലേക്കയാൾ ഉറ്റുനോക്കി. ആ ചിത്രമയാളെ മയക്കി. ഒരു സ്വപ്‌നാടനത്തിലെന്നപോലെ അയാളാ പ്രഭാവലയത്തിൽപ്പെട്ടു കിടന്നു.
പതിവിലധികം വലിപ്പമുള്ള കാൻവാസ്സ്. ഏറ്റവും മുകളിൽ വീഴുന്ന സൂര്യരശ്മികൾ ജലോപരിതലത്തെ സ്വർണവർണ നിറമാക്കിയിരിക്കുന്നു. ചിത്രത്തിന്റെ പ്രകാശം അവിടെ നിന്നാണ്. ചെറുതും വേഗതയേറിയതുമായ ബ്രഷ് സ്‌ട്രോക്കുകൾ. തൊലിപ്പുറത്ത് സൂര്യന്റെ കതിരുകൾ ചിന്നിച്ചിതറുന്നു, തിളങ്ങുന്ന സ്വർണമഷിപോലെ. അവിടുത്തെ വെളിച്ചവും സൂര്യരശ്മിയുടെ സഞ്ചാരവും വ്യതിയാനവും വെള്ളത്തിനുള്ളിലെ മങ്ങലും കിറുകൃത്യം. അലിക്ക് രോമാഞ്ചം വന്നു.
നീല, പച്ച, മഞ്ഞ നിറങ്ങളുടെ ചെറിയ സ്ട്രോക്കുകൾ ആമ്പലുകൾക്ക് ചുറ്റും ചേരുകയും സൂര്യന്റെ മൃദുവായ വെളിച്ചത്തിൽ അവ മിനുങ്ങിയതായി തോന്നുകയും ചെയ്യുന്നു. കുഞ്ഞുങ്ങളുടെ മണ്ടയിലെ കുനുകുന്നിനെയുള്ള കുറുനിരകളുടെ ചെറുചുഴികൾ. ചെളിയിൽ പുതഞ്ഞ ആനയുടെ കാൽപ്പാടുകൾ പോലുള്ള ആമ്പൽ ഇലകൾ, അതിന്റെ ചുളുക്കുകൾ. പാതികൂമ്പിയ മൊട്ടുകൾ, വൈകുന്നേരം അവ വിടരും. അലി തൊട്ടുനോക്കി. നിറങ്ങളുടെ പാളികൾ. മോഷ്ടിക്കുന്നതനുസരിച്ച് ചായങ്ങൾ കാൻവാസിൽ തേച്ച് ഉണങ്ങാൻ വിട്ടതാകണം. പെയ്‌ന്റ് ലഭിക്കുന്നതനുസരിച്ച് പൂർത്തീകരിക്കുന്ന ശൈലി. ഏതു മഞ്ഞയും നീലയും കൊണ്ടാണാ ആമ്പൽത്തണ്ടുകൾ. ജലത്തിന്റെ ഇളക്കം. അതിനുള്ളിലെ ജലസസ്യങ്ങളുടെ നിഴലുകൾ. നോട്ടം മാറുന്നതനുസരിച്ച് പുറത്തുവരുന്ന ജല ജീവികൾ. ജലത്തിന്റെ തൊലിയുടെ ചളുക്കം. ജലത്തിനുള്ളിൽ വെച്ച് കണ്ണു തുറന്നാൽ കാണാവുന്ന കാഴ്ചയല്ല. അതിനിത്ര സൂക്ഷ്മത കിട്ടില്ല. പായലുകളുടെ, പരാദങ്ങളുടെ ശേഷിപ്പ്. ഉരുളങ്കല്ലിൽ വഴുവഴുക്കൽ. ജലസസ്യങ്ങളുടെ വെളുത്ത തണ്ടുകളിൽ കാലങ്ങൾകൊണ്ട് അടിഞ്ഞ അഴുക്ക്. അതിനെല്ലാം മേലെയായിരുന്നു ജലത്തിൽ പൂക്കളുടെ, ഇലകളുടെ പ്രതിഫലനം. അസാധ്യം.
ജലത്തിനടിയിൽനിന്നുള്ള കാഴ്ച എന്നാൽ, മനുഷ്യനസാധ്യമായത്. കുട്ടിക്കാലത്ത് കുളത്തിൽ വീണ അനുഭവത്തിലെന്നപോലെ അയാൾക്കു ശ്വാസംമുട്ടി. ഒരിറ്റ് ശ്വാസത്തിനായി അയാൾ കാലുകളും കൈകളുമിട്ടടിച്ചുകൊണ്ട് കണ്ണുകളടച്ചു. ഭാവനയിൽനിന്നല്ലാതെ ഏത് ഓർമയിൽ നിന്നാണിത് അവൻ വരച്ചുകാണുക. ഏത് ജന്മത്തിലവൻ ഒരേ ജീവനായ്, ഒരേ നൊടിയിൽ മീനായും പക്ഷിയായും ഈ കാഴ്ച കണ്ടു?
അലിയുടെ അതുവരെയുള്ള അഹന്ത കുത്തിയൊലിച്ചുപോയി. അയാൾ പതിയെ, ഉറങ്ങിക്കൊണ്ടിരിക്കുന്ന സെബാനരികിലെത്തി. കാൻവാസ്സിലെ തുണി മാറ്റിയപ്പോൾ വാൻഗോഗ് ശൈലിയുടെ അതിപ്രസരമുള്ള ഒരു ചിത്രമായിരുന്നു പ്രതീക്ഷിച്ചത്. പക്ഷേ, ഇത്. അയാൾ കുളത്തിനു മേൽപ്പാളിയിലേയ്ക്ക് തലയിട്ട് ഒരു കവിൾ ശ്വാസമെടുത്തു. ജീവിതത്തിൽ വരക്കാൻ സാധിക്കുമോ ഇതുപോലൊന്ന്. ഒന്നുമറിയാതെ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ചിത്രകാരനതാ ഉറങ്ങിക്കൊണ്ടിരിക്കുന്നു. കണ്ണുകൾ നിറഞ്ഞപ്പോൾ ഒന്നുകൂടി അടുത്തുപോയി ആ മുഖത്തെ ലാളിച്ചു. കഴിഞ്ഞ ദിവസം വരച്ച ആൺമയിലിന്റെ കൺപീലികളും കൊമ്പുകൾപോലുള്ള നീളൻ തൂവലുകളും അവനിൽനിന്നും ഇനിയും മാഞ്ഞിട്ടില്ല. നീലനിറത്തിന്റെയൊരു കതിർപ്പ് പുരികത്തിൽനിന്നും തുടച്ചപ്പോൾ അതിലൊരു പൊടി അയാളുടെ വിരലിലും പറ്റി. അലിയിറങ്ങി.
8
അലിയെ കാണാഞ്ഞ് ദിവസങ്ങളായപ്പോൾ സെബാൻ അന്വേഷിച്ച് അയാളുടെ സ്റ്റുഡിയോയിൽ ചെന്നു. പൂട്ടിയിട്ടിരിക്കുന്നു. തിരികെ നടക്കുമ്പോഴാണ് പുന്നൂസേട്ടനെ കാണുന്നത്.
“എടാ ഇത്താഖ് എത്തിയിട്ടുണ്ട്. നിന്നെ അന്വേഷിക്കണുണ്ട്.”
പറഞ്ഞ ദിവസത്തിനും നേരത്തെയാണല്ലോ. വേഷം കണ്ടപ്പോഴേ മനസ്സിലായി, യാത്ര കഴിഞ്ഞ് നേരെ വന്ന വരവാണ്. കണ്ടപാടെ സെബാന്റെ കയ്യിൽ ഒരു പെട്ടി കൊടുത്ത് ഇത്താഖ് ആഞ്ഞ് നടന്നു. പുന്നൂസ് കൂടെ നടക്കാനാഞ്ഞപ്പോൾ അയാൾ തടഞ്ഞു.
“മരുമോന് ഗിഫ്റ്റ് കൊടുത്താ എന്നാ, നമ്മക്ക് കാണാൻ പാടില്ലേ ശെടാ.”
അവർ പോയിക്കഴിഞ്ഞ് പുന്നൂസ് പരാതിക്കെട്ടഴിച്ചു. വീട്ടിലേക്കെന്ന് കരുതിയാണ് സെബാൻ കൂടെ ചെന്നത് എന്നാൽ, ആ നടപ്പ് വീടിനേയും മറികടന്നു പോയപ്പോൾ അവന്റെ നെഞ്ചൊന്നാളി..
“എങ്ങോട്ടാണിത്?”
നേരെ വന്ന് നിന്നത് ഇടിഞ്ഞുപൊളിഞ്ഞ വീട്ടിലായിരുന്നു. ഏറെ പരിചയമുള്ളപോലെ ഒളിപ്പിച്ചുവെച്ചിരുന്ന താക്കോലെടുത്ത് മുറി തുറന്നു. ചോദിക്കാനും പറയാനും ഒന്നും നിന്നില്ല. അവൻ വരച്ചുകൂട്ടിയതും ശേഖരിച്ചതും മോഷ്ടിച്ചതുമായ എല്ലാം, അവന്റേതായി ഉണ്ടായിരുന്ന എല്ലാം തന്നെ അയാൾ വാരിക്കൂട്ടി പുറത്തിട്ടു. പിന്നെ യാത്രയിൽ കൊണ്ടുവന്ന പെട്ടിക്കായി സെബാനു നേരെ കൈനീട്ടി. അവൻ പെട്ടികൊടുത്തു. അയാളത് തുറന്നു. അതിൽ മേൽത്തരം പെയിന്റുകൾ, ബ്രഷുകൾ എല്ലാം കാണാനായി. പലതരം ഗിഫ്റ്റുകൾ ചിതറി. ഇത്താഖിനു അതൊന്നുമായിരുന്നില്ല വേണ്ടിയിരുന്നത്. മദ്യത്തിന്റെ കുപ്പി. ആബ്‌സിന്ത്. വാൻഗോഗിന്റെ ഇഷ്ട മദ്യം. എഴുപത് ശതമാനം ആൽക്കഹോൾ. അയാളത് തുറന്ന് ഒരു ചെറുകവിൾ വിഴുങ്ങി. അത് തൊണ്ടയിലൂടിറങ്ങിയപ്പോഴുള്ള ഉൾക്കിടിലം പുറത്തു കാണിക്കാതെ പിടിച്ചുനിന്നു. പിന്നെ സമയമെടുത്ത് അവിടമാകെ തൂവി. ആദ്യം കത്തിപ്പിടിച്ചത് ക്യാൻവാസായിരുന്നു. അതിലെ സ്വർണനിറത്തിൽനിന്നും അഗ്നി ഒരു ചുവന്ന പൈൻ മരത്തിന്റെ ആകൃതിയിലാളി. സെബാൻ എതിർക്കാൻ പോയില്ല.
“കത്തിക്കേണ്ടിയിരുന്നത്” പാതിയിൽ നിർത്തി അയാളവനെ നോക്കി. അമർഷമൊതുക്കി സിഗററ്റ് ലൈറ്റർ ആഞ്ഞൊരു വീക്ക് വെച്ചു കൊടുത്തു. അയാൾ കുറച്ചുനേരം ആ തീയ്ക്ക് മുൻപിൽ മുട്ടുകുത്തിനിന്നു കരഞ്ഞു. കരയേണ്ടിയിരുന്നയാൾ ഇത്താഖായിരുന്നില്ല. കരയേണ്ടിയിരുന്നയാൾ കരയുന്നുമില്ല.
“ഇതിവിടെക്കഴിഞ്ഞു. കഴിഞ്ഞു എന്നു തോന്നിയാൽ മാത്രം തിരിച്ചു വരാം.”
അതും പറഞ്ഞ് ഇത്താഖ് അകത്തുപോയി ചായങ്ങളൊട്ടി ചുളുങ്ങിയ കിടക്കവിരി കൂടി എടുത്തു കൊണ്ട് വന്ന് തീയിലേക്കിട്ടു. മുറി പൂട്ടി താക്കോൽ കീശയിലിട്ട് പെട്ടിയുമായി ഇത്താഖ് നടന്നപ്പോൾ കിടക്കവിരി കത്തിയ ചാരത്തിന്റെ ഒരു കുഞ്ഞുപാളി തീയിൽനിന്നും ഉയർന്നു പൊങ്ങി സെബാന്റെ തോളിൽ കൈകൾ വെച്ചു.
9
മാസങ്ങൾ കഴിഞ്ഞുപോയി. അന്നിറങ്ങിപ്പോയ അലിയെ സെബാൻ പിന്നീട് കണ്ടിട്ടില്ല. അയാൾ ഒരിക്കൽ തിരികെ വന്നേക്കും എന്ന തോന്നലിൽ പകർപ്പ് ഗ്രാമം വിടുവാനും സെബാൻ കൂട്ടാക്കിയില്ല. അവൻ ഇടതടവില്ലാതെ പലരേയും പകർത്തി വരച്ചുകൊണ്ടിരുന്നു. അത്തരത്തിലൊരു കോപ്പി വരച്ചുകൊണ്ടിരുന്ന വൈകുന്നേരമാണ് പുന്നൂസേട്ടൻ പുറത്തു കാപ്പി കുടിക്കാൻ പോയി വന്നത്. സ്റ്റുഡിയോയിൽ വരുന്ന ചായയും കടിയും പുന്നൂസേട്ടനിഷ്ടമല്ല..
“ഫ്രണ്ട് തിരിച്ച് വന്നിട്ടുണ്ടല്ലോ കാണാൻ പോകുന്നില്ലേ?”
“ഏത് ഫ്രണ്ട്?”
അനൈച്ഛികമായി അങ്ങനെ ചോദിച്ചെങ്കിലും അതാരാണെന്ന് അവനു മനസ്സിലായി. ആഹ്ലാദവുമാശങ്കകളും കൊണ്ട് ബ്രഷ് കാൻവാസ്സിൽ ഒഴുകിനീങ്ങി. വര പകുതിയാക്കി കാൻവാസ്സ് എടുത്തുവെച്ച് സെബാൻ, അലിയുടെ സ്റ്റുഡിയോവിലേയ്ക്ക് നടന്നു. അവിടെ ചെല്ലുമ്പോൾ അലി പുറപ്പെടുവാനായി സ്റ്റുഡിയോ പൂട്ടുകയായിരുന്നു. സെബാനെ കണ്ടതും ലജ്ജയാൽ അയാളുടെ തല താഴ്ന്നു. ഇടയ്ക്ക് ചിരിക്കാനൊരു ശ്രമം നടത്തിനോക്കി, കഴിയാഞ്ഞ് പിൻവലിഞ്ഞു. എന്തു സംസാരിക്കണം എന്നറിയാതെ ഇരുവരും പരുങ്ങി. ചെറുപ്പത്തിൽ ഉപേക്ഷിച്ചുപോയ അപ്പച്ചനേയും അമ്മച്ചിയേയും പ്രതീക്ഷിച്ച് ജനൽക്കമ്പികളിൽ മുഖമമർത്തിയ കുട്ടിയായി സെബാൻ അലിയെ കാത്തുനിന്നു. മകൾ മരിച്ച വൈകുന്നേരത്തെ നിസ്സംഗത അലിയിൽ നിറഞ്ഞു. ഏറെ നേരത്തിനൊടുവിൽ അലി അനങ്ങി. ബാഗ് താഴെവെച്ച് സെബാനരികിൽ കുനിഞ്ഞുനിന്ന് അവന്റെ വിരലുകളിൽ ചുംബിച്ചു. അയാളുടെ കണ്ണുകളിൽനിന്നും വന്ന നീര് വിരലുകളെ കുതിർത്തു.
“സോറി.”
മറ്റൊന്നും പറയാനില്ലാതെ അലി എഴുന്നേറ്റ് ബാഗും തൂക്കി പതിയെ ബസ് സ്റ്റോപ്പിലേയ്ക്ക് നടന്നുനീങ്ങി. സെബാൻ തണുത്തുറഞ്ഞു. അയാളിൽ രക്തമില്ലാതായി. അത്ര നാളും വഹിച്ചു കൊണ്ടിരുന്ന ഹൃദയത്തിലെ ഭാരം ചോർന്ന് തൂവലുപോലെ തീരെ കനമില്ലാതായി. അടുത്ത കാറ്റിലവനൊഴുകി.
തിരികെ സ്റ്റുഡിയോയിൽ എത്തിയപ്പോഴാണ് സെബാനിൽ പിന്നീട് മാനുഷിക വികാരങ്ങൾ തിരികെ വന്നത്. അതോടെ കണ്ണുനീർ അവനിൽനിന്നും ധാരധാരയായി ഒലിച്ചിറങ്ങി. അത് പൊഴിഞ്ഞ് പാലറ്റിലെ ചായങ്ങൾ നേർത്തു. അവൻ ബ്രഷെടുത്ത് നിറങ്ങൾ ചാലിച്ച് വര തുടങ്ങി. പകർപ്പുകളിൽ വെട്ടും കുറികളും വന്നുവീണു. അതിന്റെ പകുതിയിലവൻ വലിയ ശബ്ദത്തിൽ അലറി, ശബ്ദമില്ലാതെ കരഞ്ഞു, ഭ്രാന്തമായ വേഗത്തിൽ നാരുകളുടെ കൂട്ടത്തെ ചലിപ്പിച്ചു. പിന്നെ കയ്യിൽക്കിട്ടിയതെല്ലാം വലിച്ചെറിഞ്ഞു. കാര്യമെന്തെന്ന് തിരിയാതെ കോപ്പി വരക്കുന്ന മറ്റാളുകൾ ഒരു മൂലയിലേയ്ക്ക് ഒഴിഞ്ഞുമാറി. സെബാൻ കിതച്ചു. കിതപ്പിൽ മുഴുവൻ ശരീരവും താളത്തിലാടി. കിതപ്പണഞ്ഞപ്പോൾ അവൻ എഴുന്നേറ്റു. അടുത്തിരിക്കുന്നുണ്ടായിരുന്ന ചായം കുഴക്കുന്ന കത്തി ഇടതു കയ്യാലെടുത്ത്, വലതു കൈമേശയിൽ വിടർത്തി വച്ചു. ഒരൊറ്റ വെട്ട്. തള്ളവിരൽ മുറിഞ്ഞു വീണു. അവനത് ഉപ്പേരിക്കായി കോവക്കാ മുറിക്കുന്ന ലാഘവമേ തോന്നിയുള്ളൂ. വേദനയില്ല. വേദനിക്കില്ല. സ്റ്റുഡിയോയിലെ ആളുകൾ ചകിതരായി ഓടിമാറി. അവിടം രക്തം പടർന്നു. അലിസറിൻ ക്രിംസണിൽ ബേൺറ്റ് അംബർ കൂട്ടിക്കലർത്തിയപോലെ. ആഴത്തിനായി ഒരു പൊടിക്ക് ഫലോ ബ്ലൂ കൂടെ ചേർക്കാം. അവനോർത്തു. ഉണക്കാൻ തയ്യാറാക്കി വെച്ച സ്റ്റാറിനൈറ്റ് കോപ്പികളൊന്നിൽ മുറിഞ്ഞ വിരൽ പൊതിഞ്ഞുപിടിച്ച് സെബാൻ സ്റ്റുഡിയോയിൽനിന്നും ഇറങ്ങിപ്പോയി.
അലി വണ്ടി കാത്തുനിൽക്കുന്ന ബസ് സ്റ്റോപ്പായിരുന്നു ലക്ഷ്യം. ഓടി. ഉണക്കാൻ വിരിച്ചിട്ട സൂര്യകാന്തിത്തോട്ടങ്ങളെ വകഞ്ഞുമാറ്റിയോടി. ഭ്രാന്തമായി ഓടി. ഓട്ടത്തിനിടെ പടലങ്ങളായ് താൻ പൊടിഞ്ഞുപോയേക്കുമെന്ന് അവനു തോന്നി. എന്നാൽ, അവന്റെ വിയർപ്പാറ്റി വായു ഉപ്പുരസം മാത്രം രുചിച്ചു. അവിടെ എത്താൻ നേരം ബസ് പുറപ്പെട്ടു തുടങ്ങിയിരുന്നു. അലിയുടെ പേര് വിളിച്ചുകൊണ്ട് സെബാൻ ബസിനു പിറകേ പാഞ്ഞു. കുഞ്ഞിലേ പെരുന്നാളിനു കൂട്ടം തെറ്റിയപ്പോൾ അമ്മച്ചിയേം വിളിച്ചു കരഞ്ഞുകൊണ്ട് അമ്മച്ചിയുടെ സാരി തിരക്കിയോടിയപ്പോളെന്നപോലെ കണ്ണിൽനിന്നും മൂക്കിൽനിന്നും വായിൽനിന്നും ദ്രവങ്ങൾ തൂങ്ങിയൊലിച്ചു. മരണത്തിനു തൊട്ടുമുൻപ് തലച്ചോറിൽ തെളിയുന്ന ഓർമകളെപ്പോലെ അലിക്കൊപ്പമുള്ള പ്രിയതരമായ നിമിഷങ്ങൾ അവനിൽ മിന്നിച്ചിന്നി. വിരലിനെ പൊതിഞ്ഞു പിടിച്ച കട്ടിയുള്ള കടലാസുതുണി ഓട്ടത്തിനിടെ പറന്നുപോയത് അവനറിഞ്ഞില്ല. മുറിച്ച വിരലും പിടിച്ച് ബസിനു പിറകെ ഓടുന്ന മനുഷ്യനെ പിൻസീറ്റിലിരിക്കുന്ന ഏതാനും യാത്രക്കാർ മാത്രമേ കണ്ടുള്ളൂ. വഴിയിലെ കല്ലിൽ തട്ടി അയാൾ തെറിച്ചുവീഴുന്നത് അതിലും കുറച്ചാളുകളേ കണ്ടുള്ളൂ. വീഴ്ചയിൽനിന്നും സെബാൻ മുഖമുയർത്തി നോക്കിയപ്പോൾ അപ്രതീക്ഷിതമായ ഒരു ചെറുചുഴലിക്കാറ്റിൽ പൊങ്ങിപ്പറന്ന ചിത്രത്തിൽനിന്നും വാൻഗോഗിന്റെ നീല, ആകാശത്തേക്കൊഴുകുന്നു. ചന്ദ്രനേയും നക്ഷത്രങ്ങളേയും ചുറ്റി ആ ദ്യുതി. കാറ്റിന്റെ ചുരുളി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates