സി. സന്തോഷ് കുമാർ എഴുതിയ കഥ : കിഴക്കേതിലെ വീട്

സി. സന്തോഷ് കുമാർ എഴുതിയ കഥ : കിഴക്കേതിലെ വീട്

മന്മഥന്റേതെന്നു പറയാവുന്ന രണ്ടേരണ്ടു സാധനങ്ങളേ ആ അലമാരയിലുണ്ടായിരുന്നുള്ളൂ. അതിലൊന്ന് തുണികൾക്കിടയിൽ ലതിക ഭദ്രമായി ഒളിപ്പിച്ചു വെച്ചിട്ടുള്ള ഗർഭനിരോധന ഉറകളുടെ പായ്ക്കറ്റ് ആയിരുന്നു.
Published on

കിടപ്പുമുറിയിലെ പ്ലാവിൻ കാതലിൽ തീർത്ത അലമാരയുടെ ഏറ്റവും താഴത്തെ കള്ളിയിലാണ് മന്മഥൻ ആ താക്കോൽക്കൂട്ടം കണ്ടത്. ഇരുപത് വർഷം മുന്‍പ്, വിവാഹത്തിനു തൊട്ടു പിന്നാലെയുള്ള അടുക്കള കാണൽ ചടങ്ങിന് ലതികയുടെ വീട്ടിൽനിന്നു സമ്മാനിച്ചതാണ് ആ അലമാര. മന്മഥന്റേയും ലതികയുടേയും ദാമ്പത്യത്തിന്റെ പ്രായമാണ് ആ അലമാരയ്ക്കും. പക്ഷേ, ഇപ്പോഴും അത് പുത്തനായിത്തന്നെ ഇരിക്കുന്നു. മൂന്നു വർഷത്തിലൊരിക്കൽ വീട് പെയിന്റ് ചെയ്യുമ്പോൾ മറ്റ് തടിയുരുപ്പടികളോടൊപ്പം അലമാരയും ഒന്ന് വാർണീഷ് ചെയ്യും, അത്രമാത്രം. ആ അലമാരയെ ലതികയുടെ അലമാര എന്നാണ് മന്മഥൻ വിളിച്ചിരുന്നത്. ലതികയുടെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, മേയ്ക്കപ്പ് സാമഗ്രികൾ തുടങ്ങിയവയാണ് അതിനുള്ളിലുണ്ടായിരുന്നത്. ലതികയുടേതല്ലാത്ത, അഥവാ മന്മഥന്റേതെന്നു പറയാവുന്ന രണ്ടേരണ്ടു സാധനങ്ങളേ ആ അലമാരയിലുണ്ടായിരുന്നുള്ളൂ. അതിലൊന്ന് തുണികൾക്കിടയിൽ ലതിക ഭദ്രമായി ഒളിപ്പിച്ചു വെച്ചിട്ടുള്ള ഗർഭനിരോധന ഉറകളുടെ പായ്ക്കറ്റ് ആയിരുന്നു.

“പ്രസവം നിറുത്താനുള്ള ഓപ്പറേഷനു സമ്മതിച്ചില്ലല്ലോ” ഉറയണിയിക്കുമ്പോൾ ലതിക മന്മഥനോടു പറയും: “ഈ നാല്‍പ്പത്തിമൂന്നാം വയസ്സിൽ മൂന്നാമതും അമ്മയാകാൻ എന്നെക്കൊണ്ട് വയ്യ.”

പ്രത്യുല്പാദനശേഷി അമൂല്യമാണെന്നും പ്രപഞ്ചത്തിലെ ജീവന്റെ നിലനില്‍പ്പുതന്നെ അതിനെ അധികരിച്ചാണെന്നുമുള്ള കാര്യത്തിൽ മന്മഥനു സംശയമൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അതിനെ പൂർണ്ണമായി ഇല്ലായ്മ ചെയ്യുന്നതിനോട് മന്മഥന് കടുത്ത വിയോജിപ്പായിരുന്നു. പതിനഞ്ചും പതിനേഴും വയസ്സിലെത്തിനിൽക്കുന്ന രണ്ട് ആൺമക്കളെ സൃഷ്ടിച്ച് തന്റെ വംശത്തിലേക്കും അതുവഴി ജീവന്റെ തുടർച്ചയിലേയ്ക്കുമുള്ള സംഭാവന അതിനകം നൽകിയിട്ടുണ്ടായിരുന്നതിനാൽ താല്‍ക്കാലികമായ സുരക്ഷാമാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനോട് മന്മഥന് എതിർപ്പുമില്ലായിരുന്നു.

മന്മഥന്റേതെന്നു പറയാവുന്ന, അലമാരയിലെ രണ്ടാമത്തെ സാധനം ഏറ്റവുമടിയിലത്തെ കള്ളിയിൽ അയാൾ സൂക്ഷിച്ചിട്ടുള്ള ഒരു റബ്ബർ ടാപ്പിങ്ങ് കത്തിയായിരുന്നു. പറമ്പിലുണ്ടായിരുന്ന റബ്ബറത്രയും വെട്ടി വിറ്റ് കപ്പക്കൃഷി തുടങ്ങിയതോടെ ഉപയോഗശൂന്യമായിപ്പോയ ഒരു വസ്തുവായിരുന്നു അത്. ടൗണിൽ ‘ഡിജിറ്റൽ സൊല്യൂഷൻസ്’ എന്ന പേരിൽ ഒരു കംപ്യൂട്ടർ റിപ്പയർ സ്ഥാപനം നടത്തുകയാണ് മന്മഥനെങ്കിലും ആത്യന്തികമായി അയാൾ ഒരു കൃഷിക്കാരനായിരുന്നു.

റബ്ബർ ടാപ്പിങ്ങ് കത്തിയോടൊപ്പം അയാൾ കല്ലുസ്ലേറ്റിന്റെ ഒരു കഷണം കൂടി സൂക്ഷിച്ചിരുന്നു.

മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച അലമാരയിൽനിന്ന് റബ്ബർ ടാപ്പിങ്ങ് കത്തി പുറത്തെടുത്ത്, കല്ലുസ്ലേറ്റിന്റെ കഷണം കൊണ്ടുരച്ച് മൂർച്ചകൂട്ടി തിരിച്ചുവയ്ക്കുക എന്നത് അയാൾ ഒരനുഷ്ഠാനംപോലെ ചെയ്തുപോന്നിരുന്ന കാര്യമായിരുന്നു.

അതു കാണുമ്പോൾ ലതികയ്ക്ക് ചിരിവരും.

“പൊഴ വറ്റീം തൊടലറ്റും പോയാലല്ലേ കടി പറ്റൂ” -ലതിക ചോദിക്കും: “അതിനിപ്പൊഴേ കൊട വടിയാക്കി പിടിക്കണോ?”

മന്മഥൻ അതിനു മറുപടിയൊന്നും പറയാറില്ല. വീടിന്റെ അധിക സുരക്ഷയ്ക്ക് ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകളും പ്രിൻസ് എന്നു പേരുള്ള ലാബ്രഡോർ ഇനത്തിൽപ്പെട്ട ഒരു വളർത്തു നായയുമൊക്കെയുണ്ട് എന്നതു ശരിതന്നെ. എങ്കിലും രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കയ്യെത്തുന്നിടത്ത് ഒരു ആയുധമുണ്ടായിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഒരു രണ്ടാം ഞായറാഴ്ച പതിവുപോലെ, റബ്ബർ ടാപ്പിങ്ങ് കത്തി പുറത്തെടുത്ത് മൂർച്ച കൂട്ടുന്നതിനുവേണ്ടി അലമാരയുടെ ഏറ്റവുമടിയിലത്തെ കള്ളി തുറന്നപ്പോഴായിരുന്നു മന്മഥൻ ആ താക്കോൽക്കൂട്ടം കണ്ടത്.

രണ്ട് നീളൻ താക്കോലുകൾ, താരതമ്യേന ചെറുതും ഒരേ വലിപ്പത്തിലുള്ളതുമായ ആറ് താക്കോലുകൾ, പിത്തളയിൽ തീർത്ത രണ്ടു താക്കോലുകൾ എന്നിവയടങ്ങുന്നതായിരുന്നു ആ താക്കോൽക്കൂട്ടം. ഏതോ വീടിന്റെ പുറംവാതിലുകളുടേയും മുറികളുടേയും മറ്റും താക്കോലുകൾ പോലെയുണ്ടായിരുന്നു അവ. ഏതായാലും തന്റെ വീടിന്റേതല്ല അവയെന്ന് ഒറ്റനോട്ടത്തിൽത്തന്നെ മന്മഥൻ തിരിച്ചറിഞ്ഞു. മന്മഥന്റെ വീടിന്റെ താക്കോലുകൾ സൂക്ഷിച്ചിരിക്കുന്നത് സ്വീകരണമുറിയിലെ ഷോ കെയ്‌സിനുള്ളിൽ പ്രത്യേകം സ്ഥാപിച്ചിട്ടുള്ള ഹുക്കുകളിലാണ്.

അപരിചിതമായ ആ താക്കോൽക്കൂട്ടവുമായി മന്മഥൻ അടുക്കളയിലേയ്ക്ക് നടന്നു.

“ഓ ഇതോ” ഉച്ചയൂണ് തയ്യാറാകുന്നതിന്റെ വേവിലും ചൂടിലും നിന്നുകൊണ്ട് ലതിക പറഞ്ഞു: “ഇതാ കിഴക്കേതിലെയാ.”

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

“കിഴക്കേതിലെയോ?” മന്മഥൻ ചോദിച്ചു: “ഇതെങ്ങനെയാ ഇവിടെ വന്നേ?”

“ഇപ്പത്തന്നെ പറയണോ? അതോ ഈ ചോറൊന്ന് വാർത്തിട്ട് മതിയോ?”

ലതിക തന്റെ ജിജ്ഞാസയെ മുഖവിലയ്ക്കെടുക്കാതിരുന്നത് മന്മഥനു തീരെ രസിച്ചില്ല. എങ്കിലും അടുക്കളയിലെ അവളുടെ തിരക്കു മാനിച്ച്, മറുത്തൊന്നും പറയാതെ അയാൾ ടാപ്പിങ്ങ് കത്തി മൂർച്ചകൂട്ടുന്ന പ്രവൃത്തിയിലേയ്ക്ക് മടങ്ങി.

ഊണുകഴിഞ്ഞ് അരമണിക്കൂർ ഉച്ചമയങ്ങുന്ന പതിവുണ്ട് ലതികയ്ക്ക്. മന്മഥൻ ആ സമയം സ്വീകരണമുറിയിലെ ദിവാൻ കോട്ടിൽ കിടന്ന് ടി.വി കാണും. ദിവാൻ കോട്ടിനു താഴെക്കിടന്ന് പ്രിൻസും ഉച്ചമയങ്ങും. പ്രിൻസ് മയക്കം പിടിക്കുന്നതുവരെ മന്മഥൻ കൈ താഴേയ്ക്കു നീട്ടി അവന്റെ നെറ്റിയിൽ തടവിക്കൊടുത്തുകൊണ്ടിരിക്കും.

അന്ന് മന്മഥൻ ടി.വി കാണേണ്ടെന്നു തീരുമാനിച്ചു. പകരം കിടപ്പുമുറിയിൽ ലതികയ്ക്കൊപ്പം ഉച്ച മയങ്ങാൻ ചെന്നു. മന്മഥന്റെ പതിവില്ലാത്ത ആ പ്രവൃത്തി പ്രിൻസിനെ അസ്വസ്ഥനാക്കി. അവൻ കിടപ്പുമുറിയുടെ വാതിൽക്കൽ ചെന്ന് കുറച്ചുനേരം ഉള്ളിലേയ്ക്കു നോക്കിനിന്നു. തുടർന്നു രണ്ടു മൂന്നു തവണ കുരച്ചു. പ്രയോജനമില്ലെന്നു കണ്ടതോടെ കിടപ്പുമുറിയുടെ വാതിൽക്കൽത്തന്നെ കമിഴ്ന്നു കിടന്നു മയങ്ങാൻ തുടങ്ങി. മയക്കത്തിലും ഒരു നായയുടെ ജാഗ്രത അവന്റെ ഇന്ദ്രിയങ്ങളെ ചൂഴ്ന്നു നിന്നു.

മന്മഥന്റേയും ലതികയുടേയും കിഴക്കേ അയൽപ്പക്കം ഔസേപ്പു മാപ്പിളയുടേയും കത്രീനച്ചേടത്തിയുടേതുമായിരുന്നു. അവരിരുവരും കാലാവശേഷരാവുകയും മക്കളെല്ലാം ജോലിയും കുടുംബവുമായി അന്യരാജ്യങ്ങളിൽ സ്ഥിരവാസമാക്കുകയും ചെയ്തതോടെയാണ് കിഴക്കേ അയല്‍പ്പക്കത്ത് വാടകക്കാർ പാർപ്പു തുടങ്ങിയത്. ഒരു കൂട്ടരൊഴിയുമ്പോൾ മറ്റൊരു കൂട്ടർ എന്ന നിലയ്ക്കായിരുന്നു അവിടെ വാടകക്കാർ. ആരും തന്നെ ദീർഘകാലം തങ്ങിയില്ല. ഏറ്റവും കൂടുതൽ കാലം - ഏതാണ്ട് രണ്ടര വർഷമായി - തുടർന്നത് നിലവിലെ വാടകക്കാരായ ദത്തനും അനുശ്രീയുമാണ്. ഇതുവരെയുള്ള വാടകക്കാരിൽ മന്മഥനും ലതികയ്ക്കും അല്പമെങ്കിലും അടുപ്പമുണ്ടായിരുന്നതും അവരോടായിരുന്നു.

നാല്‍പ്പതുകളിലെത്തിനിൽക്കുന്ന ദമ്പതികളായിരുന്നു ദത്തനും അനുശ്രീയും. കാഴ്ചയിൽ പക്ഷേ, അത്രയൊന്നും പറയുമായിരുന്നില്ല. ഒരു നർത്തകിയുടെ ഉടലും ചലനങ്ങളുമാണ് അനുശ്രീക്കെങ്കിൽ ഒരു കായികാഭ്യാസിയുടെ ആകാരസൗഷ്ഠവമാണ് ദത്തന്. ദത്തൻ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ റീജ്യണൽ മാനേജരാണ്. അനുശ്രീ ഒരു ഫാഷൻ ഡിസൈനറും. ഇരുവരും മിക്കവാറും ജോലിസംബന്ധമായ യാത്രകളിലായിരിക്കും. വീട്ടിലുണ്ടാകുന്ന സന്ദർഭങ്ങൾ നന്നെ അപൂർവ്വമാണ്. വീട്ടിലുള്ളപ്പോഴാകട്ടെ, അവർ തങ്ങളുടെ ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ അതിരാവിലെ തന്നെ ടൗണിലെ ‘എനി ടൈം ഫിറ്റ്‌നെസ്സ്’ എന്നു പേരുള്ള ജിമ്മിലേയ്ക്ക് യാത്രയാകും. ഉച്ചയാകും മടങ്ങിവരാൻ.

പ്രസരിപ്പു നിറഞ്ഞതും ആകർഷകവുമായിരുന്നു ദത്തന്റേയും അനുശ്രീയുടേയും ജീവിതമെങ്കിലും വലിയൊരു കുറവായി മന്മഥനു തോന്നിയിരുന്നത് അവർക്കു കുട്ടികളില്ല എന്നതായിരുന്നു.

“വേണ്ടെന്നു വച്ചിട്ടായിരിക്കും” -മന്മഥൻ ലതികയോടു പറയും.

അയാളുടെ ആ നിഗമനത്തിനു കാരണം അനപത്യതയുടെ ദുഃഖം പോയിട്ട് അതിന്റെ ലാഞ്ഛന പോലും അവരുടെ ഭാവത്തിലോ പ്രവൃത്തിയിലോ നിഴലിച്ചിരുന്നില്ല എന്നതായിരുന്നു.

“ഇനി ഒണ്ടാകാഞ്ഞിട്ടാണെങ്കിലോ?” അപ്പോൾ ലതിക ചോദിക്കും.

“എങ്കിൽ ആർക്കായിരിക്കും കൊഴപ്പം?”

“ആർക്കായാലെന്നാ, ഇവിടുത്തെ സഹായം ആരേലും ചോദിച്ചോ” ഒന്നു നിർത്തി ലതിക തുടരും: “മധുവിധു കഴിഞ്ഞിട്ടില്ലാത്ത യുവമിഥുനങ്ങളാന്നല്ലേ ഇപ്പളും രണ്ടിന്റേം വിചാരം. ചെലപ്പോ സമയായിട്ടില്ലെന്ന തോന്നലായിരിക്കും.”

ലതിക പറഞ്ഞതാണ് സത്യമെങ്കിൽ മന്മഥന് അതിനോട് ഒട്ടും യോജിപ്പില്ലായിരുന്നു. ഓരോന്നിനും ഓരോ കാലമുണ്ട് എന്നായിരുന്നു മന്മഥന്റെ അഭിപ്രായം. പ്രകൃതിയുടെ നിശ്ചയമാണത്. അതൊക്കെ ലംഘിക്കാമെന്നോ നീട്ടിവയ്ക്കാമെന്നോ ഉള്ള വിചാരം ബുദ്ധിശൂന്യതയാണ്. ഇണചേരാൻ ഒരുകാലം, മക്കളുണ്ടാകാൻ ഒരുകാലം, മക്കൾ തന്നോളമാകാൻ ഒരുകാലം, തലയിൽ നര പടർന്നു തുടങ്ങാൻ ഒരുകാലം, കുടവയർ ചാടാൻ ഒരു കാലം, ഇണയെ മടുക്കാൻ ഒരുകാലം... അങ്ങനെ പോകുമത്.

തനിക്കൊപ്പം പതിവില്ലാതെ ഉച്ചമയങ്ങാൻ വന്ന മന്മഥന്റെ ജിജ്ഞാസയെ ഇനിയും പരീക്ഷിക്കേണ്ടതില്ലെന്ന് ലതിക തീരുമാനിച്ചു.

“കൂട്ടുകാരാരാണ്ട് താമസിക്കാൻ വരുമെന്നും അപ്പോ കൊടുക്കണോന്നും പറഞ്ഞു കഴിഞ്ഞ മാസം ഒരു യാത്ര പോകാൻ നേരം ദത്തനും അനുശ്രീം കൂടി തന്നിട്ട് പോയതാ താക്കോൽ” -ലതിക പറഞ്ഞു: “താമസിക്കാൻ ആരും വരികേം മറ്റുമുണ്ടായില്ല. വേറെ ജോഡിയൊള്ളതു കൊണ്ടായിരിക്കും യാത്ര കഴിഞ്ഞു തിരിച്ചെത്തീട്ടും താക്കോലന്വേഷിച്ച് അവരൊട്ട് വന്നുമില്ല.”

“തിരിച്ചു കൊടുത്തേക്കാൻ മേലാര്‌ന്നോ?” മന്മഥൻ ചോദിച്ചു: “വല്ലോര്‌ടേം വീടിന്റെ താക്കോൽ നമ്മളെന്നാത്തിനാ വെറുതെ സൂക്ഷിക്കുന്നേ.”

“അതിനെന്നാ, എപ്പൊ വേണേ തിരിച്ചു കൊടുക്കാല്ലോ?” ലതിക പറഞ്ഞു.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

എപ്പോൾ വേണമെങ്കിലും ചെയ്യാമെന്നു കരുതുന്ന കാര്യങ്ങൾ ഒരിക്കലും ചെയ്യലുണ്ടാവില്ല എന്ന് മന്മഥനു പറയണമെന്നുണ്ടായിരുന്നു. അയാൾ പക്ഷേ, അതു പറഞ്ഞില്ല. അയാളെ അസ്വസ്ഥനാക്കിയത് മറ്റൊന്നായിരുന്നു. ഒരു താക്കോലിന്റെ കൈവശാവകാശം അതുകൊണ്ട് തുറക്കാവുന്ന രഹസ്യങ്ങളിലേക്കുള്ള അനുമതിയാണെന്ന തോന്നലായിരുന്നു അത്. ആ തോന്നൽ അയാൾ പങ്കുവയ്ക്കാൻ തുടങ്ങും മുന്‍പ് ലതിക മയക്കം പിടിച്ചിരുന്നു.

തുടർന്നും മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചകളിൽ റബ്ബർ ടാപ്പിങ്ങ് കത്തി മൂർച്ചകൂട്ടാൻ വേണ്ടി അലമാരയുടെ താഴത്തെ കള്ളി തുറന്നപ്പൊഴൊക്കെ മന്മഥൻ ആ താക്കോൽക്കൂട്ടം അവിടെത്തന്നെ കണ്ടു. അപ്പോഴൊക്കെ അതു തിരിച്ചുകൊടുക്കുന്ന കാര്യം ലതികയെ ഓർമ്മിപ്പിക്കണമെന്ന് അയാൾ നിശ്ചയിച്ചുറപ്പിക്കുകയും ഒരു വീണ്ടുവിചാരത്തിൽപ്പെട്ട് പിന്നീടാകാം എന്നു തീരുമാനിക്കുകയും ചെയ്തു. ദത്തനും അനുശ്രീയും യാത്ര പോകുന്നതോടെ വെളിച്ചവും ആളനക്കവുമില്ലാതാകുന്ന കിഴക്കേ അയല്‍പ്പക്കത്തെ ചൂഴുന്ന ദുരൂഹത, അലമാരയുടെ താഴത്തെ കള്ളിയിൽ ആ താക്കോൽക്കൂട്ടം പ്രത്യക്ഷപ്പെട്ടതോടെയാണ് ഇല്ലാതാകാൻ തുടങ്ങിയതെന്ന് മന്മഥൻ ഓർത്തു. അതുകൊണ്ടുതന്നെ ആ താക്കോൽക്കൂട്ടം പെട്ടെന്നൊരു ദിവസം അപ്രത്യക്ഷമാകുന്നത് അയാൾക്ക് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. റബ്ബർ ടാപ്പിങ്ങ് കത്തി മൂർച്ചകൂട്ടാൻവേണ്ടി മാസത്തിലൊരിക്കൽ അലമാരയുടെ താഴത്തെ കള്ളി തുറക്കുന്ന പ്രവൃത്തി അതോടെ അയാളുടെ നെഞ്ചിടിപ്പേറ്റുന്ന ഒന്നായി മാറി.

അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച രാവിലെ അപ്രതീക്ഷിതമായി മന്മഥന്റെ വീട്ടിൽ ദത്തനും അനുശ്രീയുമെത്തി.

ഒരാഴ്ചയായി യാത്രയിലായിരുന്ന അവർ തലേന്നു രാത്രിയായിരുന്നു മടങ്ങിയെത്തിയത്.

വല്ലപ്പോഴും മതിലിന്നപ്പുറവും ഇപ്പുറവും നിന്നുള്ള കുശലാന്വേഷണങ്ങളല്ലാതെ പരസ്പരം ഗൃഹസന്ദർശനം നടത്തുന്ന പതിവൊന്നും അവർക്കിടയിലില്ലായിരുന്നു.

അനുശ്രീ അപ്പോൾ കുളിച്ചിറങ്ങിയതുപോലെയുണ്ടായിരുന്നു. ബാത് ടൗവലിനോടൊപ്പം പിരിച്ച് പിന്നിൽ കെട്ടിവച്ച നനഞ്ഞ മുടി. ഈർപ്പം വിട്ടുമാറിയിട്ടില്ലാത്ത ശുദ്ധശുഭ്രമായ മുഖം. പച്ചയിൽ ഓറഞ്ചു പൂക്കളുള്ള നീളൻ കൂർത്തയും പൈജാമയുമായിരുന്നു അവളുടെ വേഷം. ഉയരമുള്ള അവളുടെ ഉടലിന് അതു നന്നായി ചേരുന്നുണ്ടെന്ന് മന്മഥനു തോന്നി.

ബർമുഡയിലും ടീഷർട്ടിലുമായിരുന്ന ദത്തൻ അപ്പോൾ ഉറക്കമുണർന്നതേയുള്ളൂ എന്നും തോന്നി.

സാധാരണ ഈ സമയത്ത് ട്രാക്ക് സ്യൂട്ടണിഞ്ഞ് മോട്ടോർ സൈക്കിളിൽ ടൗണിലെ ജിമ്മിൽ പോകാറുള്ള അവർ അതെല്ലാം മാറ്റിവെച്ച് എന്തിനായിരിക്കും വന്നിട്ടുണ്ടാവുക എന്ന് മന്മഥൻ ആലോചിച്ചു.

അയാൾ ലതികയുടെ കണ്ണുകളിൽ നോക്കി. അവിടെയും അതിന് ഉത്തരമൊന്നുമില്ലായിരുന്നു.

ഇനി താക്കോലെങ്ങാൻ തിരിച്ചു വാങ്ങാൻ വന്നതായിരിക്കുമോ?

“ഒര് സഹായം വേണ്ടീര്ന്നു” -അനുശ്രീയാണ് പറഞ്ഞുതുടങ്ങിയത്. “ഇന്നലെ രാത്രി പന്ത്രണ്ട് മണിക്കല്‌ത്തെ സി.സി.ടി.വീ റെക്കോഡിങ് ഒന്നു നോക്കാമ്പറ്റ്വോ? നിങ്ങടെ മുൻവശത്തെ ഈ ക്യാമറേൽ ഞങ്ങടെ വീടിന്റെ പിൻഭാഗോം കിട്ടണുണ്ടാവ്വല്ലോ അല്ലേ?”

ബാക്കി ദത്തനാണ് പൂരിപ്പിച്ചത്: “ഇന്നലെ രാത്രി അടുക്കളപ്പൊറത്ത് ആര്‌ടെയോ കാൽപ്പെര്മാറ്റം കേട്ടപോലെ ഇയാൾക്കൊര് തോന്നൽ.”

“തോന്നലൊന്ന്വല്ല, ഞാൻ കേട്ടതന്ന്യാ” -അനുശ്രീ പറഞ്ഞു. “ലൈറ്റിടുമ്പ്‌ളയ്ക്കും ആളെ കാണാണ്ടായി.”

മന്മഥനും ലതികയും പരസ്പരം നോക്കി.

മന്മഥനു വേണ്ടിയിട്ടെന്നോണം ലതികയും ലതികയ്ക്കു വേണ്ടിയിട്ടെന്നോണം മന്മഥനും ഏർപ്പെട്ട ഒരു രതിക്രീഡയ്ക്കുശേഷം തലേന്നു രാത്രി പതിനൊന്നു മണിയോടെ തങ്ങൾ പരസ്പരം പുറം തിരിഞ്ഞു കിടന്ന് ഉറക്കം പിടിച്ചിരുന്നുവല്ലോ എന്ന് അവരോർത്തു.

ഉറങ്ങിക്കഴിഞ്ഞാൽ ആന കുത്തിയാലും അറിയാത്ത പ്രകൃതമാണല്ലോ തന്റേതെന്ന കാര്യമോർത്ത് ലതികയ്ക്ക് ആധി തോന്നുകയാണുണ്ടായതെങ്കിൽ ചുറ്റുവട്ടത്തെ വീടുകളിലൊന്നുമില്ലാത്ത ക്ലോസ്ഡ് സർക്യൂട്ട് ക്യാമറ തന്റെ വീട്ടിൽ മാത്രം സ്ഥാപിച്ചപ്പോൾ പരിഹസിച്ച, ലതികയുൾപ്പെടെയുള്ളവർക്കുള്ള മറുപടിയാണ് ആ സംഭവമെന്നോർത്ത് മന്മഥന്റെ മുഖത്ത് ഗൂഢമായ ഒരു പുഞ്ചിരി വിരിയുകയാണുണ്ടായത്.

കംപ്യൂട്ടർ സ്‌ക്രീനിൽ മന്മഥന്റെ വീടിനു മുന്നിലെ ഒന്നാം നമ്പർ ക്യാമറ ഒപ്പിയെടുത്ത, തലേ രാത്രി പന്ത്രണ്ട് മണി മുതലുള്ള ദൃശ്യങ്ങളും ശബ്ദങ്ങളും പുനരാവിഷ്‌കരിക്കപ്പെട്ടു. നരച്ച രാത്രിയാകാശം. ക്യാമറയ്ക്ക് കുറുകെ പറക്കുന്ന ചെറുതും വലുതുമായ പ്രാണികൾ. ചീവിടിന്റെ ശബ്ദം. ദൂരെനിന്ന് ഒരു പാതിരാക്കോഴിയുടെ കൂകൽ. പ്രാണികളുടെ ചലനവും രാത്രിയുടെ ശബ്ദങ്ങളും തുടർന്നുവെങ്കിലും നരച്ച രാത്രിയാകാശത്തിന്റെ പശ്ചാത്തലം മാത്രം അനങ്ങാതെ നിന്നു.

മന്മഥൻ ഉടൻ തന്നെ ക്യാമറയുടെ തത്സമയ ദൃശ്യത്തിലേയ്ക്ക് കടന്നു. കംപ്യൂട്ടർ സ്‌ക്രീനിൽ പ്രഭാതത്തിന്റെ തെളിനീല ആകാശം നിറഞ്ഞു. രണ്ടു പക്ഷികൾ ഒരു തവണ സ്‌ക്രീൻ മുറിച്ചു പറന്നതൊഴിച്ചാൽ അപ്പോഴും ആകാശത്തിന്റെ പശ്ചാത്തലം അനങ്ങാതെ തന്നെ നിന്നു.

“ആണ്ടെ കെടക്കണ്” -മന്മഥൻ പറഞ്ഞു. “ഒരാവശ്യം വന്നപ്പം പ്രയോജനമില്ലാണ്ടായി.”

“എന്നാ പറ്റി?” -ലതിക ചോദിച്ചു.

“ക്യാമറ സ്റ്റക്കായിരിക്കുവാ” -മന്മഥൻ പറഞ്ഞു.

അനുശ്രീ ദത്തനെ നോക്കി. ദത്തൻ തിരിച്ചും.

അവർ മടങ്ങിയതും ലതിക മന്മഥനോടു പറഞ്ഞു: “ഇന്നുതന്നെ ഈ ക്യാമറ ശരിയാക്കിക്കോണം. അതിൽ കിഴക്കേതിലെ വീട് മുഴുവൻ കിട്ടുകേം വേണം.”

ഒരാഴ്ചകൊണ്ട് തെക്കേയിന്ത്യയിലെ പുണ്യസ്ഥലങ്ങളെല്ലാം സന്ദർശിച്ചു മടങ്ങുന്ന തീർത്ഥയാത്രയായിരുന്നു റസിഡന്റ്‌സ് അസോസിയേഷന്റെ ആ വർഷത്തെ ടൂർ പ്രോഗ്രാം.

“ഞാനില്ല” -മന്മഥൻ ലതികയോടു പറഞ്ഞു. “ഇനീം പാപം വല്ലോം ബാക്കിയുണ്ടെങ്കിലോ ചെയ്യാൻ. പുണ്യസ്ഥലങ്ങളി പോണോന്നൊക്കെ അതു കഴിഞ്ഞാലോചിക്കാം.”

അവിശ്വാസിയായ മന്മഥൻ അങ്ങനെയെന്തെങ്കിലും ഒഴിവുകഴിവ് പറയുമെന്ന് ലതികയ്ക്ക് അറിയാമായിരുന്നു. എന്തായാലും ലതിക തീർത്ഥയാത്രയ്ക്ക് പോവുകതന്നെ ചെയ്തു.

എല്ലാവരേയും അദ്ഭുതപ്പെടുത്തിയ കാര്യം ദത്തനും അനുശ്രീയും ആ തീർത്ഥയാത്രയിൽ പങ്കെടുക്കാൻ തീരുമാനിച്ചതായിരുന്നു. അവർ ഒരിക്കൽപോലും റസിഡന്റ്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല. വാടകക്കാരുടെ അന്യതാബോധത്തോടെ എല്ലാറ്റിൽനിന്നും ഒഴിഞ്ഞുനിൽക്കുകയായിരുന്നു പതിവ്.

അനുകൂലമായ മറ്റൊരവസരം ഇനി ഉണ്ടാകാനിടയില്ലെന്ന് മന്മഥനു തോന്നി. ഒരുച്ചതിരിഞ്ഞ നേരത്ത് അയാൾ കിടപ്പുമുറിയിലെ അലമാരയുടെ താഴത്തെ കള്ളിയിൽനിന്നു താക്കോൽക്കൂട്ടവുമെടുത്ത് കിഴക്കേതിലേയ്ക്കു നടന്നു.

അയാളുടെ ഊഹം ശരിയായിരുന്നു. നീളമുള്ള താക്കോലുകളിലൊന്ന് പിൻവാതിലിന്റേതായിരുന്നു. ജാരന്മാർ അല്ലെങ്കിലും മുൻവാതിലിലൂടെ പ്രവേശിക്കാറില്ല എന്ന് അയാൾ തമാശയോടെ ഓർത്തു.

പിൻവാതിൽ തുറന്നത് അടുക്കളയിലേക്കായിരുന്നു. മഞ്ഞളിന്റേയും കുരുമുളകിന്റേയും കുടമ്പുളിയുടേയും ഏലയ്ക്കയുടേയുമൊക്കെ സമ്മിശ്ര ഗന്ധം, ഒരു മലഞ്ചരക്ക് കടയിലെന്നതുപോലെ അവിടെ നിറഞ്ഞുനിന്നു. ഫ്രിഡ്ജ് മുരണ്ടുകൊണ്ടിരുന്നു. പച്ചക്കറി ട്രേയുടെ തട്ടുകളിൽ കിടന്ന ഉരുളക്കിഴങ്ങുകളിൽ ചിലത് മുളച്ചുതുടങ്ങിയിരുന്നു. ക്രോക്കറി സൂക്ഷിച്ചിരുന്ന കബോഡുകളിലൊന്നിൽ പാതിയൊഴിഞ്ഞ ഒരു ജോണി വാക്കർ റെഡ് ലേബൽ.

മനുഷ്യസാന്നിധ്യം തിരിച്ചറിഞ്ഞതും അടുക്കളയിൽ വിഹരിച്ചിരുന്ന അസംഖ്യം പാറ്റകൾ ഒറ്റനിമിഷം കൊണ്ട് സിങ്കിന്റെ ഡ്രെയ്ൻ പൈപ്പിനുള്ളിൽ അപ്രത്യക്ഷരായി.

തുടർന്ന് മന്മഥൻ ഡൈനിങ്ങ് ഹാളിലേക്കു കടന്നു. ഒരു കസേര വലിച്ചിട്ട് അവിടെ അല്പനേരം ഇരുന്നു. അടച്ചിട്ട വീടുകൾക്കുള്ളിലെ മുഴങ്ങുന്ന നിശ്ശബ്ദത എന്താണെന്ന് അയാൾ തിരിച്ചറിഞ്ഞു. അതു തന്നെ ബധിരനാക്കുകയാണെന്നു തോന്നിയ നിമിഷം വാൾ ക്ലോക്കിന്റെ ടിക് ടിക് ശബ്ദം അയാൾ കേൾക്കാൻ തുടങ്ങി.

കിടപ്പുമുറി അതിഥികൾക്കുവേണ്ടി തയ്യാറാക്കിയിട്ടെന്നതുപോലെയുണ്ടായിരുന്നു. വൃത്തിയിൽ വിരിച്ച വെളുത്ത കിടക്കവിരി. അതേ നിറമുള്ള തലയിണകൾ. ഇളംനീല ജനൽ കർട്ടനുകൾ. ഒരു മൂലയ്ക്ക് ഡ്രെസിങ്ങ് ടേബിൾ. ഡ്രെസിങ്ങ് ടേബിളിലെ ആൾപ്പൊക്കമുള്ള കണ്ണാടിയിൽ തന്റെ പ്രതിബിംബം കണ്ടതും ഒറ്റപ്പെട്ട സ്ഥലത്ത് ഒരപരിചിതനെ കണ്ടതുപോലെ മന്മഥൻ ഞെട്ടി.

കിടപ്പുമുറിയുടെ മറ്റൊരു മൂലയിൽ ഗോദ്‌റെജിന്റെ ഒരലമാര. ഈ അലമാരയ്ക്കുള്ളിൽ അനുശ്രീയുടെ മാത്രം വസ്തുവകകളായിരിക്കുമോ? അനുശ്രീയുടെ അലമാര എന്നാവുമോ ദത്തൻ ഇതിനെ വിളിക്കുന്നുണ്ടാവുക. ഇതിനുള്ളിലെ തുണികൾക്കിടയിൽ അനുശ്രീയും ഗർഭനിരോധന ഉറകൾ സൂക്ഷിക്കുന്നുണ്ടാവുമോ? ഇതെല്ലാം വേണമെങ്കിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതേയുള്ളൂ എന്ന് മന്മഥൻ ഓർത്തു. താക്കോൽക്കൂട്ടത്തിലെ പിത്തള താക്കോലുകളിലൊന്ന് ഈ അലമാരയുടേതായിരിക്കണം. അയാൾ പക്ഷേ, അതിനു മുതിരുകയുണ്ടായില്ല. ചില കാര്യങ്ങൾ സുന്ദരമാവുക അവ ഗുപ്തമായിരിക്കുമ്പോഴാണ് - നല്ല കഥകളിലേതുപോലെ.

അയാൾ കുളിമുറിയിൽ കയറി കാലും മുഖവും കഴുകി കിടപ്പുമുറിയിലെ കട്ടിലിൽ വന്നു നീണ്ടു നിവർന്നു കിടന്നു. അതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സ്വാസ്ഥ്യവും ആലസ്യവും അയാളെ വന്നു പൊതിഞ്ഞു. അയാൾ ഗാഢമായ ഒരു മയക്കത്തിലേയ്ക്കു വീണു.

അയാൾ ഉണരുമ്പോൾ നേരം താഴാൻ തുടങ്ങിയിരുന്നു.

വാഷ്ബേസിനിൽ മുഖം കഴുകി കണ്ണാടിയിൽ നോക്കെ അയാൾ വീണ്ടും ആ അപരിചിതനെ കണ്ടു.

അയാൾ അടുക്കളയിൽ ചെന്ന് ഒരു ക്രിസ്റ്റൽ ഗ്ലാസ്സിൽ ജോണി വാക്കർ പകർന്നു. ഫ്രിഡ്ജിൽ ഐസ് ക്യൂബുകളുണ്ടായിരുന്നില്ല. പകരം തണുത്ത വെള്ളമൊഴിച്ചു. ഗ്ലാസ്സുമായി സ്വീകരണ മുറിയിൽ വന്നിരുന്ന് അയാൾ ടി.വി ഓൺ ചെയ്തു. ശബ്ദങ്ങളുടേയും ദൃശ്യങ്ങളുടേയും കുത്തൊഴുക്കിലേയ്ക്ക് അയാൾ തന്നെത്തന്നെ വിട്ടുകൊടുത്തു. ഗ്ലാസ്സ് രണ്ടുതവണകൂടി നിറഞ്ഞൊഴിഞ്ഞു. ഒടുവിൽ ടി.വി നിറുത്തി അയാളെഴുന്നേറ്റു.

വാഷ്ബേസിനു മുന്നിൽ വന്ന് അയാൾ ഒന്നുകൂടി കണ്ണാടിയിൽ നോക്കി. ഇപ്പോൾ അവിടെ ആ അപരിചിതനായിരുന്നില്ല. പകരം അയാൾക്കു മാത്രം പരിചയമുള്ള ഒരാളായിരുന്നു.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

അടുക്കള വാതിൽ പൂട്ടി പോകാനിറങ്ങും മുന്‍പ് അയാൾ ജനലിലൂടെ തന്റെ വീടിനുനേർക്ക് നോക്കി. സന്ധ്യയുടെ പിൻവെളിച്ചത്തിൽ ഇരുണ്ടുനിന്ന അതിനെ അജ്ഞാതമായ ഒരു ദുരൂഹത ചൂഴ്ന്നുനിൽക്കുന്നതായി അയാൾക്കു തോന്നി.

വേനലും മഴയും ഗ്രീഷ്മവും വസന്തവുമായി വർഷങ്ങൾ രണ്ട് കടന്നുപോയി.

വാടകക്കാരെ കാത്തിരിക്കുന്ന അനിവാര്യത ഒടുവിൽ ദത്തനേയും അനുശ്രീയേയും തേടിയെത്തി. പെട്ടെന്നൊരു ദിവസം അവർ വീടൊഴിഞ്ഞുപോയി.

അന്നു രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മന്മഥൻ ലതികയോടു പറഞ്ഞു:

“ഞാനൊരു കാര്യം പറഞ്ഞാ നിനക്കൊന്നും തോന്നരുത്.”

“പറ. എന്നിട്ടല്ലേ.”

“അവർക്ക് പിള്ളേരില്ലാത്തത് അനുശ്രീയുടെ കൊഴപ്പം കൊണ്ടാ.”

തുടർന്ന് മന്മഥൻ ഇരുട്ടിൽ ലതികയുടെ പ്രതികരണം കാത്തുകിടന്നു.

“ഞാനൊരു കാര്യം പറഞ്ഞാ നിങ്ങക്കും ഒന്നും തോന്നരുത്” അല്പനേരത്തിനു ശേഷം ലതിക മന്മഥനോടു പറഞ്ഞു. “അവർക്ക് പിള്ളേരില്ലാത്തത് ദത്തന്റെ കൊഴപ്പം കൊണ്ടാ.”

ഇരുട്ടും നിശ്ശബ്ദതയുമായി കുറച്ചു നിമിഷങ്ങൾ കൂടി കടന്നുപോയി. തുടർന്ന് അതുവരെയുണ്ടായിട്ടില്ലാത്ത ഒരാവേശത്തോടെ മന്മഥനും ലതികയും പരസ്പരം ആലിംഗനം ചെയ്തു. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. ഒരിക്കലുമവസാനിക്കാതെ നീണ്ടു പോകുമെന്നു തോന്നിയ ഒരു ചുംബനം അവരെ ശ്വാസം മുട്ടിക്കാൻ തുടങ്ങി. അന്ന്, തുടർന്നങ്ങോട്ടും മന്മഥനെ ഉറയണിയിക്കേണ്ടതില്ലെന്ന് ലതിക തീരുമാനിച്ചിരുന്നു. മന്മഥനാകട്ടെ, അതിനു വേണ്ടിയൊട്ട് കാത്തതുമില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com