സി.വി. ബാലകൃഷ്ണന്‍ എഴുതിയ കഥ എഴുന്നരുളത്ത്
ഒന്നു തേങ്ങിയതുപോലെയായി ഭൂമി. ചെറിയ, തീരെച്ചെറിയ ഒരു മരണം.
വീടിന്റെ ഉമ്മറത്ത് തമ്പാന്‍കുട്ടി കണ്ണടച്ച് കിടന്നു. കാണാന്‍ ചുരുക്കം ചിലരേയുള്ളൂ. ആരും കരഞ്ഞില്ല.
വഴിപോക്കര്‍ എത്തിനോക്കി.
''എന്താ അവ്‌ടെ?''
ഈച്ചകള്‍ പാറുന്നുണ്ടായിരുന്നു. അവയിലൊന്ന് തമ്പാന്‍കുട്ടിയുടെ മൂക്കിന്‍തുമ്പത്തേയ്ക്ക് താഴ്ന്നു. ശരിയായ നടപടിയല്ല. പക്ഷേ, അരികെ കൈവീശാന്‍ ആളില്ലല്ലോ. ഈച്ചകള്‍ക്ക് കുശാല്‍.
പലരുടേയും ചിതറിയ ഓര്‍മകളില്‍ അങ്ങിങ്ങായി തമ്പാന്‍കുട്ടിയുണ്ട്, ജീവനോടെ. മഞ്ഞപ്പല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ട്. ഉന്തിയ നെഞ്ചിന്‍കൂട് പൊങ്ങിയും താണും കരഞ്ഞുകൊണ്ട്. പശുക്കളെ തീറ്റിക്കൊണ്ട്. അലൂമിനിയത്തിന്റെ പാല്‍പ്പാത്രം ഞേറ്റി പാതയോരത്തൂടെ നടന്നുകൊണ്ട്. മഴ നനഞ്ഞുകൊണ്ട്. വെയിലേറ്റുകൊണ്ട്. പെരുംകാറ്റില്‍ ആടിയുലഞ്ഞുകൊണ്ട്.
കുളങ്ങളില്‍ നീന്തിക്കൊണ്ട്. ഉത്സവപ്പറമ്പുകളില്‍ അലഞ്ഞുകൊണ്ട്. അങ്ങനെയങ്ങനെ ജീവിതത്തിന്റെ തുണ്ടുകള്‍.
ചാര്‍ച്ചക്കാര്‍ക്കൊക്കെയും തമ്പാന്‍കുട്ടിയുടെ ജീവിതം മണ്ടത്തരങ്ങളുടെ എഴുന്നരുളത്തായിരുന്നു. കിട്ടിയ തല്ലിനു കണക്കില്ല. അപ്പോഴെല്ലാം അലറിക്കരയും. മുറ്റത്തെ ചെമ്പരത്തികളും മഞ്ഞക്കോളാമ്പികളും ഹനുമാന്‍ കിരീടവും തുമ്പകളും നന്ത്യാര്‍വട്ടങ്ങളും നടുങ്ങും. പച്ചിലകള്‍ വിളറും. കാക്കകളും പൂച്ചകളും പേടിക്കും. ചാണോക്കിളികള്‍ പറപറക്കം. ദിക്കുകള്‍ ഇരുളും.
അച്ഛന്‍ മാത്രമല്ല, ഏട്ടന്മാരും തല്ലും. ഏട്ടന്മാരായി മൂവര്‍. ഏറ്റവും മൂത്തയാള്‍ ടൗണില്‍ കാര്‍ മെക്കാനിക്കാണ്. എണ്ണക്കറയും പൊടിയും തുരുമ്പും പറ്റിയ വേഷത്തിലാണ് എന്നും പോവുക. വേഷം അതിലേറെ മുഷിഞ്ഞതായിരിക്കും മടങ്ങിയെത്തുമ്പോള്‍. രണ്ടാമന് ജോലി ടൗണില്‍ത്തന്നെയുള്ള അച്ചടിശാലയില്‍. മൂന്നാമന്‍ പിരിവുകാരനാണ്. കൃഷ്ണാ ചിറ്റ് ഫണ്ട്‌സിന്റെ. സ്വന്തമായി സൈക്കിളുണ്ട്. സൈക്കിള്‍
വെയ്ക്കുക വീടിന്റെ തെക്കുഭാഗത്തുള്ള ചായ്പിലാണ്. അതിന്റെ ബെല്ലടിക്കാന്‍ തമ്പാന്‍കുട്ടി മുതിര്‍ന്നാല്‍ തല്ല് ഉറപ്പാണ്. ബെല്ലടിക്കാന്‍ എപ്പോഴും കൈ തരിക്കും. ചില വേളകളില്‍ ചുവന്ന് നീറും. എന്തൊരു നീറ്റല്!
ദേഷ്യം കയറിയാല്‍ അച്ഛന്‍ പുളിങ്കമ്പൊടിക്കും. ചോര കണ്ടാലും നിര്‍ത്തില്ല.
റെഡ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഒരു ഓണാഘോഷത്തിന് ആര്‍ക്കു വേണേലും പങ്കെടുക്കാവുന്ന ഒരു തീറ്റ മത്സരം സംഘടിപ്പിച്ചതില്‍ അന്‍പത് ഇഡ്ഢലി കഴിച്ച് ഒന്നാം സ്ഥാനത്തെത്തിയത് തമ്പാന്‍കുട്ടിയാണ്. അത്രയും ഇഡ്ഢലി തമ്പാന്‍കുട്ടി ഒരുമിച്ച് കാണുന്നത് നടാടെ. നല്ല വിശപ്പ്. മത്സരമാണെന്നൊന്നും ഓര്‍ത്തില്ല. ജയിച്ചേ തീരൂ എന്ന വാശിയും ഉണ്ടായിരുന്നില്ല. വിശപ്പ് മാറ്റണം. അതേ വേണ്ടൂ. അങ്ങനെ തിന്നുതുടങ്ങി. ആര്‍പ്പുവിളികളും കയ്യടികളുമായി ആള്‍ക്കൂട്ടം. അതിനു നടുവിലിരുന്ന് മറ്റൊന്നും ശ്രദ്ധിക്കാതെ തമ്പാന്‍കുട്ടി വിശപ്പാറ്റി. എണ്ണാനറിയില്ല. എണ്ണേണ്ട കാര്യവുമില്ലായിരുന്നു. എണ്ണാതെത്തന്നെ ഇഡ്ഢലി കുറഞ്ഞു കുറഞ്ഞ് വന്നു.
വീട്ടിലേയ്ക്കുള്ള മടക്കം ആരവത്തോടെ. ജേതാവിന്റെ കയ്യിലൊരു കപ്പ് തിളങ്ങി. ഓരോ കാല്‍വെയ്പിനും കുട്ടികളുടെ കൂക്ക്.
അച്ഛന്‍ പുളിങ്കമ്പ് ആദ്യം വീശിയത് അകമ്പടിക്കാരുടെ നേരെ.
അവര്‍ ചിതറിയോടിയപ്പോള്‍ കയ്യില്‍ കപ്പുമായി ജേതാവ് മാത്രമായി.
ചോദ്യമില്ല. അതിനാല്‍ത്തന്നെ മറുപടിയുമില്ല. കപ്പ് ജേതാവിന്റെ കയ്യില്‍നിന്നും വീഴാന്‍ അധികനേരമെടുത്തില്ല. അവനിപ്പോള്‍ പരാജിതനായി. ചോരയുടെ ഉറവകള്‍ പൊട്ടിത്തുടങ്ങി. ആക്രന്ദനമുയര്‍ന്നു. വീട് ക്രോധത്തിന്റെ പുകയ്ക്കുള്ളിലായി.
അങ്ങിങ്ങ് തൊലിയടര്‍ന്ന്, മാംസം മുറിഞ്ഞ്, എല്ലുകള്‍ നുറുങ്ങി മണ്‍പരപ്പില്‍ കിടന്ന് തമ്പാന്‍കുട്ടി കണ്ണുമിഴിച്ചു. ഒന്നും കണ്ടുകൂടാ. ആകെയൊരു മൂടല്‍. അതിലൊരു നിഴലനക്കം.
കുഞ്ഞാര്‍ച്ചയായിരുന്നു.
അവള്‍ നിലത്തിരുന്ന് ഏട്ടന്റെ പൊള്ളുന്ന നെറ്റിയില്‍ തൊട്ടു.
''എന്തിനാ, ഏട്ടനെന്തിനാ ഇങ്ങനെ തല്ല് കൊള്ളുന്നേ?''
അവളുടെ കൂറ്റ് ഇടറി.
''അനീത്തീ!'' അവന്‍ ചുണ്ടനക്കി.
അവള്‍ക്ക് കൈത്തലം പൊള്ളി.
''ഇത്തിരി വെള്ളം തര്വോ അനീത്തീ. ഇഡ്ഢലി കൊറേ തിന്നു. വെള്ളം കുടിച്ചില്ല.''
കുഞ്ഞാര്‍ച്ചയുടെ കണ്ണുനീര് അവന്റെ മുഖത്തേയ്ക്ക് പെയ്തിറങ്ങി.
സന്ധ്യയോടെ കാവിലെ മരങ്ങളില്‍നിന്ന് കടവാതിലുകള്‍ ഇരതേടി പറന്നു. കശുമാങ്ങകളും പിറുത്തിച്ചക്കകളും സീതാഫലങ്ങളും പപ്പായകളും പാളയങ്കോടന്‍ കുലകളും കണ്ടെത്താനായി അവ ആകാശവിസ്തൃതിയിലൂടെ ചിറകുവീശുമ്പോള്‍ തമ്പാന്‍കുട്ടി നോവോടെ എണീറ്റ് വടക്കിനിയില്‍ ചെന്ന് അമ്മയെ വിളിച്ചു:
''അമ്മേ, വെശക്കുന്നു.''
ഓര്‍മക്കുറവ് കലശലാണ്. തീറ്റ മത്സരത്തിനു പോയതും വേഗം വേഗം ഇഡ്ഢലി തിന്നതും അവന്‍ മറന്നിരുന്നു.
അവന്‍ ശ്വാസമെടുത്ത് മണം പിടിച്ചു. വാളന്‍പുളിയില്‍ മത്തി വേകുന്നു! അവന്റെ വിശപ്പ് ഏറി.
''അമ്മേ!''
അമ്മയ്‌ക്കോ അച്ഛനോ ഏട്ടന്മാര്‍ക്കോ അനിയത്തിക്കോ അസ്മാദികള്‍ക്കോ അയല്‍ക്കാര്‍ക്കോ തമ്പാന്‍കുട്ടി ഒരു പ്രതീക്ഷയ്ക്കും ഇട നല്‍കിയില്ല. ആരും അവനില്‍നിന്ന് വലുതായ ഒന്നും പ്രതീക്ഷിച്ചില്ല. അവന്‍ ഉദ്യോഗം വഹിക്കില്ല. പണം സമ്പാദിക്കില്ല. നിലമോ പുരയിടമോ വാങ്ങിക്കൂട്ടില്ല. വീടു പണിയില്ല. കല്ല്യാണപ്പന്തലിലേയ്ക്ക് നടന്നു കയറില്ല. ഏതെങ്കിലും പെണ്ണിന്റെ കഴുത്തില്‍ താലി ചാര്‍ത്തില്ല. ഒരു പെണ്ണിനേയും പുണരില്ല.
എന്നാല്‍ തെറ്റി, അവസാനത്തെ കണക്കുകൂട്ടല്‍. അവനൊരു പെണ്ണിനെ പൂണ്ടു.
പൂവാലന്‍ ചെമ്മീനും വെള്ളികണക്കെ മിന്നുന്ന നീണ്ടുമുഴുത്ത തളയന്‍ മീനുകളും കടല്‍ മുള്ളനും കൂന്തലും ചട്ടീപ്പറ്റിയും തൊലിയനും ചാണകം മെഴുകിയ പരന്ന കൂടയിലേറ്റി അക്കരെനിന്നും പുറപ്പെട്ട് മുട്ടോളം വെള്ളമുള്ള പുഴയിലിറങ്ങി പുഴയുടെ വീതി താണ്ടി ഇക്കരെയെത്തി കൈപ്പാട് നിലത്തൂടെ നടക്കുകയായിരുന്നു പൂമണി. കൈപ്പാടില്‍ കീച്ചിപ്പുല്ല് വളര്‍ന്നു നില്പുണ്ട്. അതിനിടയിലൂടെ ഒരു നടവഴി. ചെളി പിടിച്ചതാണ്. രണ്ടു വശത്തും എകരത്തില്‍ വളര്‍ന്ന കീച്ചിപ്പുല്ലിനിടയില്‍ ചെളിയാണ്. അതില്‍ നെയ്ച്ചിങ്ങകളുണ്ടാകും. ചെറുമീനുകളും വഴുക്കലുള്ള കയ്ച്ചലുകളുമുണ്ടാകും. നെയ്ച്ചിങ്ങകള്‍ പെറുക്കാം, എളുപ്പത്തില്‍. തമ്പാന്‍കുട്ടി കീച്ചിപ്പുല്ലരിയാന്‍ വരുന്നത് നെയ്ച്ചിങ്ങകളെ മനസ്സില്‍ കണ്ടാണ്. കയ്ച്ചലുകളെ കാണും. പക്ഷേ, അവയെ പിടിക്കാനാവില്ല. പെട്ടെന്ന് നീങ്ങിപ്പോകും. സാമര്‍ത്ഥ്യക്കാരാണ്. വല്ല വിധേനയും പിടിക്കാനായാല്‍ത്തന്നെ പെട്ടെന്ന് വഴുതും. കൈകളിലൊരു വഴുവഴുപ്പ് ബാക്കിയാകം. ലിംഗത്തില്‍നിന്നു തെറിച്ചുവരുന്ന വെളുത്ത ദ്രാവകംപോലെ. അത് ഓരോ മുഷ്ടി മൈഥുനത്തിന്റേയും ഒടുവില്‍ സംഭവിക്കുന്നതാണ്.
പൂമണി കീച്ചിപ്പുല്ലിന്നിടയിലുള്ള നടവഴിയില്‍നിന്ന് ചുറ്റും കണ്ണോടിച്ചു. ആരുമില്ല. കീച്ചിയുടെ കടുംപച്ചമാത്രം. പുഴയില്‍നിന്ന് തണുത്ത കാറ്റ് വീശി.
വശത്തേയ്ക്ക് ഒരു ചുവട് മാറി പൂമണി കൈലിമുണ്ടും അടിപ്പാവാടയും തെല്ല് നീക്കിപ്പിടിച്ചു. കീച്ചിപ്പുല്ല് വളര്‍ന്ന കൈപ്പാടിനു കാണാന്‍ ഒരു മൂത്രച്ചാല്. കേള്‍ക്കാന്‍ നേര്‍ത്ത ഒരൊച്ച. പ്രപഞ്ചം രണ്ടിലുമായി ഒതുങ്ങി.
കീച്ചിപ്പുല്ലില്‍ മറഞ്ഞിരുന്ന് തമ്പാന്‍കുട്ടി കാണുന്നുണ്ടായിരുന്നു.
പൂമണി അറിഞ്ഞില്ല.
ഓതാറുള്ള ശരീരമാണ് പൂമണിയുടേത്. കറുത്ത നിറം. മുലകള്‍ ഒട്ടും ചാഞ്ഞിട്ടില്ല. ഒതുങ്ങിയ അരക്കെട്ടാണ്. വാരിച്ചുറ്റിയ കൈലിമുണ്ടിനും വലിഞ്ഞുമുറുകിയ ബ്ലൗസിനുമിടയിലായി
പൊക്കിള്‍ച്ചുഴി തെളിഞ്ഞു കാണാം. തൊലി മിനുപ്പാര്‍ന്നതാണ്. ചുരുള്‍ മുടി. ഉമിനിരിന്റെ നനവ് തെല്ലു കറുത്ത ചുണ്ടുകളില്‍. അവയ്ക്ക് വടിവുണ്ട്. വിരലുകള്‍ വെടിപ്പുറ്റവ.
''പൂമണ്യേ...''
വിളികേട്ട് പൂമണി പകച്ചുപോയി. മൂത്രം അറച്ചു. ഏതാനും തുള്ളികള്‍ അടിപ്പാവാടയിലേയ്ക്കു തെറിച്ചുവീണു.
കീച്ചിപ്പുല്ലിന്നിടയില്‍ തമ്പാന്‍കുട്ടി നിവര്‍ന്നു.
''നീയാണോ?''
പൂമണി സ്വയം വീണ്ടെടുത്തു. ഏര്‍പ്പെട്ട പ്രക്രിയ നിറവേറ്റി. അടിപ്പാവാട നേരെയാക്കി. കൈലി കുടഞ്ഞുടുത്തു. അപ്പോഴേയ്ക്കും തമ്പാന്‍കുട്ടി ചെളിയിലൂടെ ചുവടുവെച്ച് അടുത്തെത്തിയിരുന്നു.
''പൂമണി ന്നെ കെട്ട്വോ...''
അവള്‍ അമ്പരന്നു.
''എനിക്കിഷ്ടാ.''
തലയിലെ മീന്‍കൂട എപ്പോഴാണ് താഴെപ്പോയതെന്നോ എങ്ങനെ മണ്ണില്‍ വീണുവെന്നോ കാലു രണ്ടും എങ്ങനെ അകന്നുവെന്നോ, തമ്പാന്‍കുട്ടി തന്നിലേയ്ക്കുള്ള രഹസ്യമാര്‍ഗം എങ്ങനെ കണ്ടെത്തിയെന്നോ പൂമണിക്ക് നിശ്ചയമുണ്ടായിരുന്നില്ല. അവള്‍ കണ്ണുകള്‍ തുറന്നുപിടിച്ച് ആകാശത്തെ നോക്കി. ആകാശമല്ലാതെ വേറൊന്നും അന്നേരത്ത് അവള്‍ കണ്ടില്ല.
തമ്പാന്‍കുട്ടി തന്റെ ഇംഗിതം അറിയിച്ചത് കുഞ്ഞാര്‍ച്ചയെയാണ്.
''അനീത്തീ.''
''എന്താ ഏട്ടാ?''
''എനിക്ക് പൂമണിയെ കല്ല്യാണം കഴിക്കണം.''
''ഇവ്ട് മീന്‍ കൊണ്ടുവരുന്ന പൂമണിയെയോ?''
''അതോ.''
''ഏട്ടന് ന്താ പ്രാന്ത്‌ണ്ടോ. ഓള് നമ്മക്ക് ചേര്വോ?. കീഴെക്കുറഞ്ഞോരല്ലേ?''
''എനിക്കറീല്ല. അമ്മയോട് പറയോ.''
''പറയാം. പക്ഷേങ്കില് അച്ഛന്‍ കലിതുള്ളില്ലേ?''
''അനീത്തീ, അനിക്ക് ഇത്രേം വയസ്സായില്ലേ? എന്ത് ജീവിതാ!''
കുഞ്ഞാര്‍ച്ച സങ്കടത്തോടെ ഏട്ടനെ കണ്ടു. അവളുടെ ഉള്ള് വല്ലാതെ നൊന്തു.
ശേഷം എന്തുണ്ടായി? പുളിമരം വേരറ്റു മറിഞ്ഞുവീണിട്ടില്ല. അതിന്റെ ചില്ലകള്‍ തളിര്‍ത്തു നില്പുണ്ട്. കമ്പുകള്‍ ദൃഢങ്ങളാണ്. അച്ഛന്റെ പേശികളും ബലമുറ്റവ.
''അനീത്തീ!''
ചരമവാര്‍ത്തയില്‍ തമ്പാന്‍കുട്ടിയുടെ വയസ്സ് എഴുപത്തിയാറാണ്. അത്രയുമായോ എന്നറിയില്ല. അച്ഛനോടോ അമ്മയോടോ ചോദിക്കാനാവില്ല. അവര്‍ പോയ്ക്കഴിഞ്ഞ് വര്‍ഷങ്ങളായി. ഇടതു മുലയ്ക്ക് അര്‍ബുദം പിടിപെട്ട് കുഞ്ഞാര്‍ച്ചയും പോയി.
ഈച്ചകള്‍ പറന്നു. ജഡം ചിതയിലെത്താനുള്ള നേരം കാത്തു. ഭൂമി തേങ്ങുന്നുണ്ടായിരുന്നു. പക്ഷേ, അതാരും കേട്ടില്ല.
CV Balakrishnan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

