സി.വി. ബാലകൃഷ്‌ണന്‍ എഴുതിയ കഥ: ആവര്‍ത്തനക്കാഴ്‌ച

തെരേശാമ്മ ഇക്കോപ്പായി ഒഴിച്ചുകൊടുത്ത കള്ള്, പതിവിന്‍പടി കണ്ണടച്ചുള്ള ചെറുപ്രാര്‍ത്ഥനയ്ക്ക് ശേഷം, ഒറ്റ വലിക്കു തീര്‍ത്തു. അപ്പോഴേയ്ക്കും ലില്ലിക്കുട്ടി മഞ്ഞക്കൂരിയും മീന്‍പീരയുമായി വന്നു.
സി.വി. ബാലകൃഷ്‌ണന്‍ എഴുതിയ കഥ: ആവര്‍ത്തനക്കാഴ്‌ച
Updated on
3 min read

ക്കോപ്പായി, ഷാപ്പുടമ എല്ലാവരോടുമായി പറഞ്ഞു: “ഇനിയാരും ഒച്ചയിടല്ലേ. തെരേശ വല്യമ്മച്ചി വരുന്നുണ്ട്.”

പന്ത്രണ്ടു മണി നേരം. സൂര്യന്‍ ഉച്ചിയിലെത്തിയിട്ടില്ല.

ടാറിട്ട റോഡില്‍നിന്നിറങ്ങിയുള്ള ചരലുവഴിയില്‍ തെരേശാമ്മയുടെ രൂപം തെളിഞ്ഞു. അരക്കയ്യന്‍ ചട്ടയും ഞൊറിച്ചിലിട്ട വെള്ളമുണ്ടും കഴുത്തില്‍ കാശുരൂപവും രണ്ടു കാതിലും ഞാത്തിയിട്ട വലിയ കുണുക്കുകളുമായി തെരേശാമ്മ നടന്നടുത്തു. എന്നത്തേയും പോലെ ഒറ്റാംതടി. കുട ചൂടുന്ന പതിവില്ല.

“തൂക്ഷിച്ച്.” ഇക്കോപ്പായി കരുതല്‍ കാട്ടി.

“ഞാനിന്നലേം വന്നതല്ലേടാ.” തെരേശാമ്മ അകത്തോട്ടു കാല്‍വെച്ചു.

ഷാപ്പിലുള്ളോര് ഒന്നടങ്കം ഒരു പുണ്യാളത്തിയെ കണ്ടതുപോലെ എഴുന്നേറ്റു. തെരേശാമ്മ ആകെയൊന്നു നോക്കി തൃപ്തിപ്പെട്ട് ശിരസ്സിളക്കിക്കൊണ്ട് ഷാപ്പില്‍ തനിക്കു മാത്രമായുള്ള മുറിയിലേക്കു നടന്നു.

തെരേശ വല്യമ്മച്ചിക്കു കഴിക്കാനുള്ളത് ഷാപ്പ് തുറന്ന് ചെത്തുകാര്‍ ഓരോരുത്തരില്‍നിന്നും കള്ളളന്നു വാങ്ങിയപ്പോള്‍തന്നെ മൂന്നു മണ്‍കുടങ്ങളിലായി പകര്‍ന്നുവെച്ചിട്ടുണ്ട്. ഒരു തുള്ളിപോലും വെള്ളം തൊടുവിക്കാതെ. ഇക്കോയി നേരുള്ളവനാണേ. കളിപ്പീര് കാട്ടില്ലേ. മറ്റുള്ളോരോട് സ്വല്പിച്ചേ.

“ഇക്കോയിയേ.”

“എന്നാ വല്യമ്മച്ചീ.”

“മീനെന്നതാ?”

“മഞ്ഞക്കൂരിയൊണ്ട്. വറ്റയൊണ്ട്. മോതയൊണ്ട്.”

“പീരയോ?”

“നെത്തോലിയല്ല. ചെറിയ ചാളയാ.‌”

“ഓരോന്നായി എട്ത്തോ.”

തെരേശാമ്മ ഇക്കോപ്പായി ഒഴിച്ചുകൊടുത്ത കള്ള്, പതിവിന്‍പടി കണ്ണടച്ചുള്ള ചെറുപ്രാര്‍ത്ഥനയ്ക്ക് ശേഷം, ഒറ്റ വലിക്കു തീര്‍ത്തു. അപ്പോഴേയ്ക്കും ലില്ലിക്കുട്ടി മഞ്ഞക്കൂരിയും മീന്‍പീരയുമായി വന്നു. തെരേശാമ്മ അവളെ വിളിക്കുക ലില്ലിക്കൊച്ചേ എന്നാണ്. അവള് വെച്ചുണ്ടാക്കുന്ന താറാവ് വിഭവങ്ങള്‍, റോസ്റ്റും മപ്പാസും തെരേശാമ്മയ്ക്കു വല്യ പ്രിയം. അവളുടമ്മച്ചി ഏലീശ്വയുടെ കൈപ്പുണ്യം.

“എന്റെ ലില്ലിക്കൊച്ചേ രാത്രീലിന്നലെ ഏലീശ്വയെ ഞാന്‍ കണ്ടു. കട്ടിലിനടുത്തുവന്നുനിന്ന് അവള് എന്നോടു ചോദിക്കുവാ, വരുന്നില്ലേന്ന്.”

ലില്ലിക്കുട്ടി ചിരിച്ചപ്പോള്‍, ഉള്ളില് മിനുമിനുത്ത ബ്രായും പുറമേ റവുക്കയുമുണ്ടായിട്ടും, മുല രണ്ടും ഇളകി.

“പഴേ കൂട്ടുകാരിയല്ല്യോ, ഞാന്‍ പറഞ്ഞു ഇങ്ങോട്ട് തിര്യേപ്പോരാന്‍. കളീം ചിരീയ്വായി ഇവ്ടെ കഴിയാംന്ന്.”

“എന്നിട്ട് അമ്മച്ചിയോ?”

“അവള് കര്‍ത്താവിനോട് വല്ലാതങ്ങ് അടുത്തത്രെ. പിരിയാന്‍ മേലാന്ന്.”

“ഓ. വന്നാ നന്നാര്ന്നു. വേണേല്‍ പ്രാര്‍ത്ഥിക്കാം.”

“ഉം. പ്രാര്‍ത്ഥിച്ചോ. പക്ഷേങ്കില് ലില്ലിക്കൊച്ചേ, എല്ലാ പ്രാര്‍ത്ഥനയ്ക്കും മറുപടി കിട്ടുകേല.”

“അതു നേരാ. കര്‍ത്താവിന് തോന്നണമല്ലോ.”

“അവ്ടെ എന്നതാ? ഉറക്കമല്ല്യോ. ഏതു നേരത്തും ഉറക്കം.”

പക്ഷേ, അഗസ്‌തീഞ്ഞിന്റെ കാര്യത്തില്‍ ഒരു വേര്‍തിരിവുണ്ടെന്ന് തെരേശാമ്മയ്ക്കു നല്ലതിന്‍വണ്ണം ബോദ്ധ്യമുണ്ട്. അഗസ്‌തീഞ്ഞ് ഉറങ്ങുകയല്ല. ഇഷ്ടസംഗീതോപകരണമായ റവെക്ക വായിക്കുകയാണ്. അഗസ്‌തീഞ്ഞ് കള്ള് തൊടില്ല. ദ്രാക്ഷാരക്തമായ വീഞ്ഞ് തൊടില്ല. പക്ഷേ, സിരകളിലുണ്ട് സംഗീതത്തിന്റെ തീരാലഹരി.

തെരേശാമ്മയെ കള്ളിന്റെ രുചിയറിയിച്ചത് അപ്പനായ കൊച്ചുവറിയതാണ്. ലോകര് കൊച്ചുവറിയതിനെ ബഹുമാനപൂര്‍വ്വം വിളിച്ചിരുന്നത് വറീതപ്പാപ്പനെന്ന്. അവസാനകാലത്ത് നടക്കാന്‍ മേലാതായി. കാല് നിലം തൊടില്ല. കള്ള് വേണം താനും. ഇട്ട്യേനം ഷാപ്പില്‍ പോവില്ല. വല്യ കുടുംബക്കാരിയാണ്. പിന്നെയുള്ളത് തെരേശ. കൊച്ചുവറിയത് മോളെ അരുമയോടെ വിളിക്കും. തരേശ, ഒരു കന്നിയാവ്, ഷാപ്പില്‍ പോണത് ഇട്ട്യേനത്തിന് താങ്ങാവുന്നതിനപ്പുറമാണ്.

ചിത്രീകരണം: ചന്‍സ്
ചിത്രീകരണം: ചന്‍സ്

“എടിയേ, മുട്ടായുക്തീം തറുതലേം പറയാതെ. അവള് പോയാല് ആരും പിടിച്ച് വിഴ്ങ്ങത്തൊന്നുമില്ല.” കൊച്ചുവറിയത് കയറ്റുകട്ടിലില്‍ കിടന്ന് ഒച്ചയിടും. ഭുജവീര്യം പാടെ ചോര്‍ന്നിരുന്നില്ല.

ഇക്കോപ്പായി തെരേശാമ്മയെ നോക്കി. എന്തോ ഓര്‍ച്ചയിലാണ്. വല്യമ്മച്ചിയുടെ മനസ്സ് ആര്‍ദ്രമാവുക തന്റെ മരിച്ചുപോയവരെ ഓര്‍ക്കുമ്പോഴാണ്. ഒത്തിരിപ്പേരുണ്ട്. അവരില്‍, ഓര്‍മ്മയുടെ കടിഞ്ഞൂല്‍, അഗസ്‌തീഞ്ഞു തന്നെ.

അതെ. റവെക്കയുടെ നാദം തെരേശാമ്മയുടെ കാതുകളില്‍, ഹൃദയത്തിലും, തേനിനെക്കാളും മധുരിമയോടെ, കിനിഞ്ഞിറങ്ങുകയാണ്. പച്ചപ്പുല്ലിന്റെ താഴ്‌വാരത്തേയ്ക്ക് ഇളവെയിലില്‍ ആകാശങ്ങളുടെ അതിരറ്റ വാത്സല്യം പോലെ ഒരു മഴ.

“ഇക്കോയി കേക്കുന്നില്ലേ?”

ചെവി കൂര്‍പ്പിച്ച് ഇക്കോപ്പായി ഒരു ശ്രോതാവായി.

“ഒണ്ട്. ഒണ്ട്.”

“കേമമല്ല്യോ?”

“ഞാമ്പറയണോ?”

തെരേശാമ്മ കണ്ണടച്ചിരുന്നു. അഗസ്‌തീഞ്ഞിന്റെ കയ്യിലെ റവെക്ക ഒരു നിമിഷം പോലും നിശ്ശബ്ദമായില്ല. അതിന്റെ അനുസ്യൂതി കാലവുമായി ഇടകലര്‍ന്നു.

തിടുക്കനെ നാദം മുറിഞ്ഞു. തെരേശാമ്മയുടെ കാതുകളിലെ കുണുക്കുകള്‍ വിറകൊണ്ടു. പരുക്കനായൊരു ആരവം, ഒത്തുചേര്‍ന്ന കൂക്കുവിളികള്‍, ചെവിപ്പാടകളെ തുളച്ചു. തെരേശാമ്മ അന്ധാളിപ്പോടെ കണ്ണുമിഴിച്ചു. ഒന്നും കാണുന്നില്ലെന്നു തോന്നി. കണ്ണു മങ്ങിയപോലെ.

“മ്ലേച്ഛതകളുടെ ജനമേ! വക്രതകളുള്ള ജനമേ! നേരില്ലാത്ത ജനമേ! ഭോഷത്തവും അജ്ഞാനവും മാത്രം കൈമുതലായ ജനമേ!” വെളിയില്‍ ആരുടെയോ ശാപം ചൊരിച്ചില്.

“ഇക്കോയിയേ” തെരേശാമ്മ ഒച്ചയുയര്‍ത്തി വിളിച്ചു.

പാഞ്ഞുവന്നത് ലില്ലിക്കുട്ടിയാണ്. മീനിനുള്ള് അരപ്പ് കൈകളില്‍.

“ലാസറുപദേശിയാ. അവരാണ്ടം പിടിച്ച ചെറുക്കന്മാര് കല്ലെറിയുന്നു. ഓടിച്ച് ഇവ്ടംവരെയായി.” ലില്ലിക്കുട്ടി തിടുക്കത്തില്‍ പറഞ്ഞുതീര്‍ത്ത് തിരികെപ്പോയി.

“ശ്ശെ.” തെരേശാമ്മ കടുത്ത ഇച്ഛാഭംഗത്തോടെ മുഖം വക്രിപ്പിച്ചു. കുടത്തില്‍ ശേഷിച്ച കള്ള് ഗ്ലാസിലൊഴിക്കാതെ വായില്‍ കമഴ്‌ത്തി. മേമ്പൊടിയായി ചുട്ട മീനിന്റെ ഒരു തുണ്ട്.

ലാസറുപദേശി അക്രമികളുടെ നേര്‍ക്കുള്ള ശാപം ചൊരിച്ചില് തുടരുകയായിരുന്നു:

“ദുര്‍ഭൂതങ്ങളേ! മിത്ഥ്യാമൂര്‍ത്തികളേ!”

എതിര്‍പക്ഷത്തുനിന്ന് കൂക്കും കല്ലേറും. ഇക്കോപ്പായിയുടെ സന്ധിശ്രമം വൃഥാ. ഷാപ്പിലുണ്ടായിരുന്നവരത്രയും പിറകിലുണ്ട്. അവരുടെ നേര്‍ക്കു തിരിഞ്ഞപ്പോള്‍ ലാസറുപദേശിയുടെ സ്വരത്തിന് നേര്‍മ്മയായി.

“രക്ഷിക്കപ്പെട്ട ജനമേ!”

തെരേശാമ്മ പുറത്തേയ്ക്കു വന്നത് അതും കേട്ടുകൊണ്ടാണ്.

അറച്ചുനിന്നില്ല. കല്ലേറിന്റെ ക്ഷതങ്ങളോടെ നില്‍ക്കുന്ന ലാസറുപദേശിയുടെ അടുത്തേയ്ക്കു ചെന്ന് ബലം ക്ഷയിച്ച മെലിഞ്ഞ ദേഹം തെരേശാമ്മ തന്റെ ദേഹത്തോട് ചേര്‍ത്തു. അതിനിടയില്‍ രണ്ടു മൂന്നു കല്ല് തെരേശാമ്മയെയും നൊമ്പരം കൊള്ളിച്ചു.

ചിത്രീകരണം: ചന്‍സ്
ചിത്രീകരണം: ചന്‍സ്

“കണ്ണീച്ചോരയൊണ്ടോടാ നിങ്ങക്ക്.” തെരേശാമ്മ അലറി. അതൊരു പറപ്പന്‍ കാറ്റായി. കാറ്റില്‍ കരിയിലകള്‍ പാറുംമട്ടില്‍ അക്രമികള്‍ ചിതറി. ഉപേക്ഷിക്കപ്പെട്ട കല്ലുകള്‍ പാഴ്‌മണ്ണില്‍ വീണുകിടന്നു. ലാസറുപദേശി വിതുമ്മി.

തെരേശാമ്മ ഇക്കോപ്പായിയെ അടുത്തേയ്ക്കു വിളിച്ചു.

“എടാ, അടുത്തെങ്ങാനും മുറികൂടിപ്പച്ചയൊണ്ടോ?”

“കെണററിനപ്രത്തൊണ്ട്.”

“പിഴിഞ്ഞ് ഇക്കാണ്ന്ന മുറിവിലൊക്കെ പുരട്ട്.”

“ഓ.”

“ഉപദേശിയെ കാണുമ്പം രണ്ടു നാളായി ഒന്നും കഴിക്കാത്തപോലാണല്ലോ.”

ലാസറുപദേശി തല താഴ്‌ത്തി.

“അപ്പം കൊണ്ട് മാത്രമല്ലാന്നൊക്കെ ഒര് ഊറ്റത്തിന് പറയാം. പക്ഷേങ്കില് എല്ലാരും ക്രിസ്തുവല്ല. ഞാന്‍ പറയേണ്ടല്ലോ, ക്രിസ്തു ചെയ്ത വല്യ കാര്യം എത്രയോ പേര്ടെ വെശപ്പ് മാറ്റീതാണ്. വെള്ളത്തിനു മീതെക്കൂടി നടന്നതല്ല. വായിച്ചിട്ടില്ലേ. എല്ലാവരെയും പുല്‍ത്തകിടിയില്‍ കൂട്ടംകൂട്ടമായി ഇരുത്തുവാന്‍ അവന്‍ അവര്‍ക്കു നിര്‍ദ്ദേശം നല്‍കി. നൂറും അന്‍പതും വീതമുള്ള കൂട്ടങ്ങളായി അവര്‍ ഇരുന്നു. അവന്‍ അഞ്ചപ്പവും രണ്ടു മീനും എടുത്ത് സ്വര്‍ഗ്ഗത്തിലേക്കു നോക്കി, കൃതജ്ഞതാ സ്തോത്രം ചെയ്ത്, അപ്പം മുറിച്ചശേഷം ജനങ്ങള്‍ക്കു വിളമ്പുവാന്‍ ശിഷ്യന്മാരെ ഏല്പിച്ചു. ആ രണ്ടു മീനും അവന്‍ എല്ലാവര്‍ക്കുമായി വിഭജിച്ചു. അവരെല്ലാവരും ഭക്ഷിച്ച് സംതൃപ്തരായി. ബാക്കിവന്ന അപ്പക്കഷണങ്ങളും മീനും കൂടെ പന്ത്രണ്ടു കുട്ട നിറയെ അവര്‍ ശേഖരിച്ചു. അപ്പം ഭക്ഷിച്ചവര്‍ അയ്യായിരം പുരുഷന്മാരായിരുന്നു.”

ചിത്രീകരണം: ചന്‍സ്
ചിത്രീകരണം: ചന്‍സ്

തെരേശാമ്മ പറഞ്ഞുനിര്‍ത്തുന്നതിനുമുമ്പേ ലാസറുപദേശിയുടെ കണ്ണു തള്ളിയിരുന്നു. മുറിവുകളില്‍ ചോര പൊടിയുന്നുണ്ടായിരുന്നെങ്കിലും നോവ് തോന്നിയില്ല.

“ഇക്കോയിയേ, ഉപദേശിക്ക് കഴിക്കാന്‍ എന്താ വേണ്ടത്‌ന്നു്ച്ചാ കൊട്ക്ക്. എന്റെ പറ്റില്.” തെരേശാമ്മ പറഞ്ഞു. പോകാറായി.

തെരേശാമ്മ നടന്നു. റവെക്ക ശ്രുതിമധുരമായി വായിച്ചുകൊണ്ട് അഗസ്‌തീഞ്ഞ് പിറകെ.

പപ്പു പോലത്തെ മേഘങ്ങള്‍ക്കപ്പുറത്തുനിന്ന് ഒരു ചിരി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com