ധന്യാരാജ് എഴുതിയ കഥ 'വനാന്തരങ്ങള്‍'

ധന്യാരാജ് എഴുതിയ കഥ 'വനാന്തരങ്ങള്‍'
Updated on
8 min read

ടാറ്റാ സുമോ മുറ്റത്തുവന്നു നിന്നപ്പോൾ പ്രദീപനും ഭാര്യ റാണിയും ഉദ്വേഗത്തോടെ വരാന്തയിലേക്കു പാഞ്ഞുചെന്നു. സമയം വൈകുന്നേരം അഞ്ചുമണിയാകുന്നതേ ഉണ്ടായിരുന്നുള്ളൂ. ചുറ്റുപാടുനിന്നും ഏതോ സി.സി.ടി.വിയുടെ ക്യാമറാക്കണ്ണുകൾ തങ്ങളുടെ ഓരോ ചലനവും ഒപ്പിയെടുക്കുന്നുവെന്ന് അവർ ഭയക്കുന്നതുപോലെ തോന്നി. ആരുടേയോ നോട്ടത്തിൽനിന്നും രക്ഷപ്പെടാനെന്നവണ്ണം അവർ മുഖത്തെ മാസ്‌കിന്റെ സ്ഥാനം ഒരിക്കൽക്കൂടി ക്രമീകരിച്ചു.

“സംഗതി സക്സസ്.” ടാറ്റാ സുമോയിൽനിന്നും പുറത്തുവന്ന സഹായികളിലൊരാൾ വലംകയ്യുടെ തള്ളവിരൽ ഉയർത്തിക്കാട്ടി. മറ്റേയാൾ ജാഗ്രതയോടെ പരിസരം വീക്ഷിച്ചു.

നട്ടുച്ചയ്ക്കുപോലും പ്രകാശം കടന്നുവരാത്തവിധം പലജാതി മരങ്ങളും ചെടികളും തഴച്ചു വളർന്നുനിൽക്കുന്ന ഒരിടമായിരുന്നു അത്. അന്തരീക്ഷത്തിൽ സദാ ഇരുട്ടും തണുപ്പും തങ്ങിനിന്നിരുന്നു. റബ്ബർ എസ്റ്റേറ്റ് മേഖലയിലെ വിജനമായൊരു പ്രദേശത്തായിരുന്നു ആ വാടക വീട്. അവരവിടെ താമസമാരംഭിച്ചിട്ട് രണ്ടു മാസമേ ആയിരുന്നുള്ളൂ. പൊന്തക്കാടുകൾക്കിടയിൽ അപകടകാരിയായ ഒരു കാട്ടുമൃഗമെന്നതുപോലെ ആ വീട് പുറംലോകത്തിന്റെ ദൃഷ്ടികൾ പതിയാത്തവിധം മരങ്ങൾക്കിടയിൽ പതുങ്ങിനിന്നു.

വാഹനത്തിന്റെ പിൻവാതിൽ തുറന്ന പ്രദീപൻ തിടുക്കത്തിൽ അകത്തേക്കു നോക്കി. സീറ്റിൽ മയങ്ങിക്കിടന്ന കുട്ടിയെ പ്രദീപന്റെ സഹായികൾ എടുത്തുകൊണ്ടു വീട്ടിനകത്തേക്കു കയറ്റി.

“അഞ്ചു വയസ്സേ ഉള്ളുവെങ്കിലും മുടിഞ്ഞ വെയിറ്റാണ്.” ഒരുവൻ അഭിപ്രായപ്പെട്ടു.

“ഒന്നു പതുക്കെ.” രണ്ടാമൻ കാരണമില്ലാതെ പേടിച്ചു.

“സൂക്ഷിച്ച് കയറ്റണം... ഉം... വേഗം.” പ്രദീപൻ തിടുക്കം കൂട്ടി.

“ഇപ്പോഴാണ് കുറച്ച് ആശ്വാസമായത്.” പ്രദീപൻ തുടർന്നു.

“ഉച്ചമുതലേ ടെൻഷനായിരുന്നു.”

“ഇന്നലെ രാത്രിയിൽ ഞാൻ ഒട്ടും ഉറങ്ങിയില്ല.” പ്രദീപന്റെ ഭാര്യ റാണി പറഞ്ഞു.

“എല്ലാം വിചാരിച്ചതുപോലെ നടന്നാൽ മതിയായിരുന്നു. ഇല്ലെങ്കിൽ...”

പെട്ടെന്നൊരു പരിഭ്രമം അവളുടെ വാക്കുകളെ തടഞ്ഞു. പ്രദീപൻ താക്കീതിന്റെ മട്ടിൽ അവളെ രൂക്ഷമായി നോക്കി.

“കുട്ടിയെ താഴത്തെ റൂമിൽ കിടത്തിയാൽ പോരേ?”

അകത്തെ മുറിയിലേയ്ക്കു കടന്നപ്പോൾ സഹായികളിലൊരാൾ ചോദിച്ചു.

“പോരാ.” പ്രദീപൻ തറപ്പിച്ചു പറഞ്ഞു.

“മുകളിലത്തെ ബെഡ്‌റൂമിൽത്തന്നെ കിടത്തണം. അതാണ് സേഫ്.”

കുട്ടിയെ ഗോവണി കയറ്റി

മുകളിലെത്തിക്കാൻ അവർക്കൊപ്പം അയാളും കൂടി. പ്രദീപന്റെ മക്കൾ - എട്ടു വയസുകാരൻ അച്ചുവും അഞ്ചു വയസ്സുകാരി ലച്ചുവും അവധി ദിവസത്തിന്റെ ഉത്സാഹ തിമിർപ്പിലായിരുന്നു. പുതുതായെത്തിയ അതിഥിയെ അവർ അമ്പരപ്പോടെ നോക്കി. അയാളുടെ മൂത്തമകൻ - പത്താം ക്ലാസുകാരനായ രോഹൻ എപ്പോഴുമെന്നതുപോലെ പഠനമുറിയിലായിരുന്നു.

“ഇവന് എന്തു പറ്റീതാ?” അച്ചു കൗതുകത്തോടെ ചോദിച്ചു.

“ശ്ശ്... ഒച്ചവെച്ച് അവനെ ഉണർത്തരുത്.” റാണി കുട്ടികളെ താക്കീത് ചെയ്തു.

പ്രദീപനും സഹായികളും സോഫയിൽ ഇരുന്ന് പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചുകൊണ്ടിരുന്നു. സഹായികളിലൊരാൾ പുറത്തേക്കുള്ള വാതിൽ ചേർത്തടച്ചു കുറ്റിയിട്ടു. കുട്ടിയെ തട്ടിക്കൊണ്ടു പോയപ്പോൾത്തന്നെ അവന്റെ അച്ഛൻ ശ്യാംകുമാറിനെ വിളിച്ച് താൻ 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കാര്യം സഹായികളിലൊരാൾ വിവരിച്ചു.

“ആറുമണിക്ക് നമ്മൾ പറയുന്ന സ്ഥലത്തു വരാനാണ് പറഞ്ഞത്. പൊലീസിൽ അറിയിക്കാൻ ശ്രമിച്ചാൽ കുട്ടിയെ ജീവനോടെ കിട്ടില്ലെന്നും പറഞ്ഞു.”

“ശ്യാംകുമാർ എന്തു പറഞ്ഞു?” പ്രദീപനും ഭാര്യയും ആകാംക്ഷയോടെ ഒരുമിച്ചു ചോദിച്ചു.

“ശ്യാംകുമാർ ആദ്യമൊന്നും മിണ്ടിയില്ല. അയാൾ ഞെട്ടിപ്പോയിക്കാണണം. പിന്നീ ട് ഒന്നു മൂളുകമാത്രം ചെയ്തു” -അയാൾ പറഞ്ഞു.

പ്രദീപൻ തലയാട്ടി. റാണി എന്തോ ആലോചിച്ച് നിശ്ശബ്ദയായിരുന്നു. സഹായി

ആ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ അവരെ കേൾപ്പിച്ചു.

പ്രദീപൻ പെട്ടെന്നെഴുന്നേറ്റ് ഒരു നമ്പർ ഡയൽ ചെയ്തു. കുറച്ചുസമയം എന്തോ അടക്കി സംസാ രിച്ചതിനുശേഷം അയാൾ തിരികെയെത്തി. കുട്ടിയുടെ വീട്ടിലെ തോട്ടക്കാരനിൽനിന്നും അവിടത്തെ വിവരങ്ങൾ അയാൾ അറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

“ശ്യാംകുമാർ വാർത്തയറിഞ്ഞപ്പോൾത്തന്നെ വീട്ടിലേക്കു തിരിച്ചുവന്നുവെന്ന്‌ തോട്ടക്കാരൻ ബാബു പറഞ്ഞു. പക്ഷേ, പൊലീസിനെ അറിയിക്കാനുള്ള ശ്രമമൊന്നും കാണുന്നില്ലത്രെ. ശ്യാംകുമാറും ഭാര്യയും വലിയ വിഷമത്തിലാണെങ്കിലും മറ്റാരേയും ഇക്കാര്യം ഇതുവരെ അറിയിച്ച മട്ടില്ല.”

“അപ്പോൾ കാര്യങ്ങളൊക്കെ നമ്മൾ പ്ലാൻ ചെയ്തതുപോലെ നടക്കുന്നു എന്നു ചുരുക്കം.” സഹായികളിലൊരാൾ ആവേശത്തിലായി.

“അതങ്ങനെയേ വരൂ.” പ്രദീപൻ ഉറപ്പിച്ചു പറഞ്ഞു.

“ശ്യാംകുമാറിനെ എനിക്ക് കഴിഞ്ഞ പത്ത് വർഷമായിട്ടറിയാം. അയാൾ ജീവിതത്തിൽ ഒരു റിസ്‌കും എടുക്കാൻ താല്പര്യപ്പെടാത്തയാളാണ്. പിന്നെ സ്വന്തം കുട്ടിയുടെ കാര്യത്തിൽ അയാൾ ഒരിക്കലും റിസ്‌ക് എടുക്കില്ല.”

പിന്നീട് കുറേ സമയം ആരും ഒന്നും മിണ്ടിയില്ല. പെട്ടെന്ന് മുകൾനിലയിൽ കുട്ടികളുടെ ശബ്ദം കേട്ടു.

“അച്ഛാ... ദാ... ഇവൻ ഉണർന്നു ബഹളം വയ്ക്കുന്നു.” അച്ചു കോണിപ്പടികൾ ചാടിയിറങ്ങിക്കൊണ്ടു പറഞ്ഞു.

“ങ്‌ഹേ...” പ്രദീപനും റാണിയും ഞെട്ടലോടെ എഴുന്നേറ്റു.

“ഇത്ര പെട്ടെന്ന് മയക്കം വിട്ടെഴുന്നേൽക്കുമോ?” പ്രദീപൻ സംശയത്തോടെ സഹായികളുടെ നേർക്കു തിരിഞ്ഞു. റാണി വെപ്രാളത്തോടെ ഗോവണി കയറി മുകളിലേക്ക് പോയി.

“നമ്മൾ ഉറക്കഗുളികയൊന്നും കൊടുത്തിട്ടില്ലല്ലോ. ക്ലോറോഫോം മണപ്പിക്കുകയല്ലേ ചെയ്തുള്ളൂ.” അയാൾ വിജയഭാവത്തോടെ തുടർന്നു.

“ഞങ്ങൾ പിന്നിലൂടെ ചെന്ന് അവനെ ബലമായി പിടിച്ചു വണ്ടിയിൽ കയറ്റുകയായിരുന്നു. കുട്ടിയുടെ കൂടെയുണ്ടായിരുന്ന സർവന്റ് കുറച്ചു മുന്‍പിലായിരുന്നു നടന്നത്. അവർ ഇതറിഞ്ഞതു പോലുമില്ല.”

“മിക്കവാറും ആറു മണിക്കുതന്നെ അവനെ തിരികെ ഏല്പിക്കേണ്ടതാണ്.” പ്രദീപൻ പറഞ്ഞു.

“അതിനിടയിൽ ഉറക്കഗുളികയൊന്നും വേണ്ടെന്നു വിചാരിച്ചു. ഇതിപ്പോൾ ആകെ പ്രശ്നമാകുമോ എന്തോ? ഞാനൊന്നു നോക്കിയിട്ടു വരാം.” അയാൾ ഉദ്വേഗത്തോടെ കോണിപ്പടി കയറി മുകൾനിലയിലേക്കു പോയി.

പ്രദീപൻ ചെന്നപ്പോൾ അച്ചുവിന്റെ മുറിയിൽ കുറെ കളിപ്പാട്ടങ്ങൾക്കു നടുവിൽ ശാഠ്യം പിടിച്ചിരിക്കുകയായിരുന്നു കുട്ടി. അവന്റെ കവിളിൽ കണ്ണീരിന്റെ അടയാളങ്ങളുണ്ടായിരുന്നു.

“വീട്ടിൽ പോകണമെന്നു പറഞ്ഞ് ഒരു വാശിയും കരച്ചിലും കഴിഞ്ഞു.” റാണി പ്രദീപിനോടു പറഞ്ഞു.

“ഒരുവിധത്തിലാണ് ഒന്നു സമാധാനിപ്പിച്ചിരുത്തിയത്.”

“ഇവൻ കുഴപ്പമുണ്ടാക്കുമോ? കുറച്ചുസമയം നോക്കാം. നീ ഇവിടെത്തന്നെ നിൽക്കണം.” പ്രദീപൻ റാണിയോടു പറഞ്ഞു.

റാണി ജാഗ്രതയോടെ കുട്ടിയെത്തന്നെ നിരീക്ഷിച്ചുകൊണ്ട് അവിടെ നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൻ അച്ചുവുമായി ഗുസ്തിപിടിക്കുന്നതു കണ്ടു. വിചാരിച്ചതിലും വേഗത്തിൽ അവൻ അവിടത്തെ കുട്ടികളുമായി ഇണങ്ങി.

“കിച്ചൂ... ഇവിടെ വാ... നീ ഈ ബാറ്റ് കണ്ടോ?” ലച്ചു അവനെ വിളിച്ചു. പിന്നീട് കുറച്ചു സമയം പന്ത് ഭിത്തിയിലേക്ക് അടിക്കുന്നതിന്റെ ശബ്ദം കേട്ടു.

“ദേ... പിള്ളേരേ... രണ്ടുപേരും മാസ്‌ക് ശരിക്ക് പിടിച്ചുവയ്ക്ക്” റാണി പെട്ടെന്ന് എന്തോ ഓർമ്മിച്ചുകൊണ്ടു പറഞ്ഞു. അച്ചുവും ലച്ചുവും അവരുടെ മാസ്‌ക് മൂക്കിനു മുകളിലേക്ക് വലിച്ചിട്ടു.

“നിങ്ങളെന്തിനാ ഇപ്പോഴും മാസ്‌ക് വയ്ക്കുന്നേ? കൊറോണയൊക്കെ പോയല്ലോ?” കിച്ചു കൗതുകത്തോടെ ഇരുവരുടേയും മാസ്‌കിലേക്ക് നോക്കിക്കൊണ്ടു ചോദിച്ചു.

“ഞങ്ങൾക്ക് മാസ്‌ക് വയ്ക്കുന്നതാ ഇഷ്ടം.” അച്ചു പെട്ടെന്നു പറഞ്ഞു.

“എനിക്കും മാസ്‌ക് വേണം.” അടുത്ത നിമിഷത്തിൽ കിച്ചു ബഹളം കൂട്ടി.

“ഡാ... അച്ചൂ... ഒരെണ്ണം അവനും എടുത്തുകൊടുക്കെടാ.” റാണി തിടുക്കത്തിൽ പറഞ്ഞു.

“ഇല്ലെങ്കിൽ അവൻ അടുത്ത കരച്ചിൽ ഇപ്പോൾ തുടങ്ങും.”

അച്ചു അലമാര തുറന്ന് അതിൽനിന്നും ഒരു ചുവന്ന മാസ്‌കെടുത്ത് കിച്ചുവിനു കൊടുത്തു.

“ദാ... കണ്ടോ? സ്പൈഡർമാൻ...” മാസ്‌ക് വെച്ചിട്ട് മുറിയിൽ അങ്ങുമിങ്ങും ഓടുന്നതിനിടയിൽ കിച്ചു വിളിച്ചുപറഞ്ഞു.

“നീ അവനു കഴിക്കാനെന്തെങ്കിലും കൊടുക്ക്. ചിലപ്പോൾ വിശക്കുന്നുണ്ടായിരിക്കും.” ഇടയ്ക്ക് മുകൾനിലയിലേക്കു വന്ന പ്രദീപൻ റാണിയോട് നിർദ്ദേശിച്ചു.

“കിച്ചൂ... ചായ കുടിക്കാൻ വാ...” റാണി അവനെ വിളിച്ചു. അച്ചുവും ലച്ചുവും അവിടേക്ക് ചാടിക്കുതിച്ചെത്തി.

“എനിക്കിതൊന്നും വേണ്ട.” ചായയും ബിസ്‌കറ്റും കേക്കുമൊക്കെ നീക്കിവച്ചുകൊണ്ട് കിച്ചു മടുപ്പോടെ പറഞ്ഞു.

“പിന്നെ മോനെന്താണ് വൈകുന്നേരം വീട്ടിൽ കഴിക്കുന്നത്?” റാണി കുട്ടിയോടു ചോദിച്ചു.

“എനിക്ക് ചിക്കിങ്ങും

ഫ്രെഞ്ച് ഫ്രൈസും പിസയും മതി.” കിച്ചു വാശിപിടിച്ചു.

“എനിക്കും അതു വേണം.” അടുത്ത നിമിഷത്തിൽ അച്ചുവും ലച്ചുവും ബഹളം വെച്ചു.

റാണി ഒരു നിമിഷം അതിശയിച്ചുപോയി.

“അവരു ചെറുക്കനെ വേണ്ടാത്ത ശീലങ്ങളൊക്കെ പഠിപ്പിച്ചു വച്ചേക്കുവാ.” കിച്ചുവിന്റെ നേർക്ക് ഈർഷ്യയോടെ നോക്കിക്കൊണ്ട് റാണി പറഞ്ഞു.

“കണ്ടില്ലേ, തടിച്ച് കുട്ടിയാനയെപ്പോലെയായി.”

“ഹായ്... കുട്ടിയാന... കുട്ടിയാന...” ലച്ചു കയ്യടിച്ചുകൊണ്ടു തുള്ളിച്ചാടുന്നതിനിടയിൽ പറഞ്ഞു.

അപ്പോൾ റാണിയെ പ്രദീപൻ വിളിക്കുന്നതു കേട്ടു. അവൾ ആകാംക്ഷയോടെ താഴത്തെ നിലയിലേക്കു പോയി.

“എന്താ നിന്റെ സ്കൂളിലെ പേര്?” റാണി പോയിക്കഴിഞ്ഞപ്പോൾ അച്ചു കുട്ടിയോടു ചോദിച്ചു.

“കൃഷ് ശ്യാംകുമാർ.” കിച്ചു ബുദ്ധിമുട്ടി ഉച്ചരിച്ചു.

“കൃഷ് അല്ല ക്രഷ്...” അച്ചു അന്തരീക്ഷത്തിൽ മുഷ്ടിചുരുട്ടി ഇടിക്കുന്ന ആംഗ്യം കാണിച്ചു.

“ഞങ്ങളുടെ വീട്ടിൽ ജിമ്മുണ്ടല്ലോ.” കിച്ചു പെട്ടെന്ന് അഭിമാനത്തോടെ അറിയിച്ചു.

“ങേ... ജിമ്മോ?” അച്ചുവും ലച്ചുവും ഒന്നമ്പരന്നു.

“ഞാൻ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുമല്ലോ.” കിച്ചു വായുവിൽ ഇരു കൈകൊണ്ടും ഇടിച്ചുകൊണ്ട് പറഞ്ഞു.

“ങ്‌ഹേ!..” അച്ചു ഒരു നിമിഷം എന്തോ ആലോചിച്ചുകൊണ്ടു ചോദിച്ചു.

“എത്ര സമയം?”

“പത്തു മണിക്കൂർ.” കിച്ചു രണ്ടു കൈപ്പത്തികളും ഉയർത്തി പത്ത് എന്നു കാണിച്ചു.

“പത്തു മണിക്കൂറോ? പോടാ നുണയാ...” അച്ചു ഉറക്കെ ചിരിച്ചുകൊണ്ടു പറഞ്ഞു.

“അത്ര സമയമൊന്നും

ചെയ്യാൻ ആർക്കും പറ്റില്ല.”

“ഹേയ്... നുണയൻ... നുണയൻ...” ലച്ചു വീണ്ടും കയ്യടിച്ചുകൊണ്ടു തുള്ളിച്ചാടി.

കിച്ചു അവളെ അടിക്കാനോടി. അവൾ ഒഴിഞ്ഞുമാറിയിട്ട് ഗോവണി ചാടിയിറങ്ങാൻ തുടങ്ങി. മറ്റു രണ്ടുപേരും അവളുടെ പിന്നാലെ കുതിച്ചു.

“ഡാ... അച്ചൂ എന്തായിത്?” റാണി മൂത്തയാളെ ശാസിച്ചു.

“കിച്ചു വീണു തല പൊട്ടിയാൽ നിന്നെ ഞാൻ ശരിയാക്കും നോക്കിക്കോ. അവനെ ശ്രദ്ധിക്കാൻ ഞാൻ നിന്നോടു പറഞ്ഞതാണ്.”

അച്ചു പെട്ടെന്നുണ്ടായ ഒരു വീണ്ടുവിചാരത്തോടെ രണ്ടു പേരെയും ഗോവണിയിൽ പിടിച്ചു നിർത്തി.

“വാ... നമുക്ക് മുകളിലത്തെ മുറിയിലേക്കു പോകാം.” അവൻ പറഞ്ഞു. മൂവരും മുകളിലേക്കുള്ള സ്റ്റെപ്പുകൾ ഓടിക്കയറി. കുറച്ചു സമയം കഴിഞ്ഞപ്പോൾ മുകളിലത്തെ മുറിയിൽ എന്തോ പൊട്ടിത്തകരുന്ന ശബ്ദം കേട്ടു. റാണിയും പ്രദീപനും ഒരുമിച്ചു ഞെട്ടി.

“അമ്മേ...” അച്ചു ഉറക്കെ വിളിച്ചുകൊണ്ടു സ്റ്റെപ്പിറങ്ങി വന്നു.

“കിച്ചു എന്റെ മുറിയിലെ ഷോകേസ് പൊട്ടിച്ചു.”

“ഞാൻ ഫുട്‌ബോൾ കളിച്ചതാ.” കിച്ചു താഴേക്കു നോക്കി വിളിച്ചുപറഞ്ഞു.

“എത്രയും പെട്ടെന്ന് കാര്യങ്ങൾക്ക് ഒരു തീർപ്പുണ്ടാക്കണം. ഇതിങ്ങനെ മുന്നോട്ടു കൊണ്ടുപോകാൻ പറ്റില്ല.” റാണി മുഖം കടുപ്പിച്ചുകൊണ്ട് പ്രദീപനോടു പറഞ്ഞു.

“ആ ചെറുക്കനെ അടക്കിനിർത്താൻ ചില്ലറ പണിയല്ല.”

“അവിടെ അവനെ നോക്കാൻ പ്രത്യേകിച്ചൊരു സെർവന്റുണ്ട്.” പ്രദീപന്റെ സഹായികളിലൊരാൾ പറഞ്ഞു.

“കുട്ടിയെ നോക്കാൻ ഒരാൾ, പാചകത്തിനു രണ്ടു പേർ, പുറംപണിക്ക് ഒരാൾ...”

“പിന്നെയൊരു തോട്ടക്കാരൻ, വാച്ച്മാൻ, ഡ്രൈവർ...” രണ്ടാമൻ പൂരിപ്പിച്ചു.

“ഇവനെ നോക്കാൻ ഒരാളൊന്നും മതിയാകില്ല.” റാണി പറഞ്ഞു.

“നമ്മുടെ പിള്ളേരെക്കാളും കുരുത്തക്കേടുണ്ടെന്നു തോന്നുന്നു.”

“എന്തായാലും ഇവിടെ ഒരുപാടു സമയമൊന്നും തങ്ങുന്നത് സുരക്ഷിതമല്ല.” സഹായികളിലൊരാൾ പറഞ്ഞു.

“ഇനി കിച്ചു ഈ സ്ഥലമെങ്ങാനും തിരിച്ചറിയുമോ? നമ്മളൊക്കെ മാസ്‌ക് വെച്ചിട്ടുണ്ടെങ്കിലും ഒരുപക്ഷേ...” റാണി ഭീതിനിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“ഏയ്, അങ്ങനെയൊന്നും വരില്ല.” പ്രദീപൻ പറഞ്ഞു.

“പിന്നെ ഈ സ്ഥലവും വീടും അധികമാർക്കും അറിയില്ല. അത്ര പെട്ടെന്ന് എത്തിച്ചേരാൻ പറ്റുന്ന ഒരിടമല്ല ഇത്.”

“നമ്മൾ രണ്ടു മാസത്തേക്ക് ഈ വാടകവീട്ടിലേക്ക് താമസം മാറിയതെന്തിനെന്ന് ആരെങ്കിലും സംശയിച്ചാലോ?” റാണി ചോദിച്ചു.

“ഇപ്പോൾ നമ്മുടെ വീട് പുതുക്കിപ്പണിയുന്ന സമയമല്ലേ?” പ്രദീപൻ പറഞ്ഞു.

“ആ സമയത്ത് ആർക്കെങ്കിലും അവിടെ താമസിക്കാൻ പറ്റുമോ? പിന്നെ ഈ വീട് രോഹ ന്റെ സ്കൂളിന്റെ അടുത്താണ്. അവൻ ടെൻതിലായതുകൊണ്ട് അവന്റെ യാത്രാസൗകര്യത്തിനുവേണ്ടി നമ്മൾ ഇങ്ങോട്ടു താമസം മാറി. അത്രതന്നെ.”

റാണിയൊന്നും മിണ്ടിയില്ല.

“പണംകൊണ്ട് നൂറായിരം ആവശ്യങ്ങളുണ്ട്.” പ്രദീപൻ തുടർന്നു.

“എന്നാലും രോഹന്റെ പഠിത്തം തന്നെയാണ് നമുക്കു പ്രധാനം. അവനെപ്പോലെ ഇന്റലിജന്റായ ഒരു കുട്ടി ആ സ്കൂളിലില്ല.” അയാൾ അഭിമാനത്തോടെ പറഞ്ഞു.

“അയ്യോ! രോഹന്‍ പഠിക്കുന്നതിനിടയിൽ കട്ടൻ കാപ്പി കൊടുക്കണമെന്ന് അവൻ പറഞ്ഞിരുന്നു.” റാണി തിടുക്കത്തോടെ രോഹന്റെ പഠനമുറിയിലേക്ക് നടന്നു. തിരി ച്ചു വന്നതിനുശേഷം അവൾ ആശങ്കയോടെ മൊബൈൽ തുറന്നു.

“ഭാഗ്യം! ഇതുവരെ ഇക്കാര്യം ആരും അറിഞ്ഞമട്ടില്ല.” അവൾ പറഞ്ഞു.

“കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം സോഷ്യൽ മീഡിയയിലൊക്കെ വന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ല. കാര്യങ്ങൾ മൊത്തം കൈവിട്ടുപോകും.”

“ഞാൻ പറഞ്ഞില്ലേ, അങ്ങനെയൊന്നും സംഭവിക്കില്ല.” പ്രദീപൻ സമാധാനിപ്പിക്കുന്ന മട്ടിൽ പറഞ്ഞു.

“ശ്യാംകുമാർ ആരെയും അറിയിക്കാതെ പ്രശ്നം സോൾവ് ആക്കാനേ ശ്രമിക്കൂ.” സഹായികൾ തലകുലുക്കി സമ്മതിച്ചു.

പ്രദീപൻ ലാപ്‌ടോപ് തുറന്നു. അതിൽ കുട്ടിയുടേയും അവന്റെ അച്ഛൻ ശ്യാംകുമാറിന്റേയും അവരുടെ കൊട്ടാരസദൃശമായ ബംഗ്ലാവിന്റേയും പല പോസിലുള്ള ഫോട്ടോകളുണ്ടായിരുന്നു. ഒപ്പം മറ്റനേകം രഹസ്യ വിവരങ്ങളും.

ഏതാനും വർഷങ്ങൾക്കു മുന്‍പു വരെ ശ്യാംകുമാറിന്റെ ‘ഓർബിറ്റ് ഇലക്ട്രിക്കൽസ്’ എന്ന ഇലക്ട്രിക്കൽ ഷോപ്പിലെ ജീവനക്കാരനായിരുന്നു പ്രദീപൻ. കടയിലെ അമിതമായ ജോലിഭാരവും തുച്ഛമായ ശമ്പളവും അയാളെ അസ്വസ്ഥനാക്കിയിരുന്നു. ആയിടക്കാ ടൗണിൽ പുതുതായി പ്രവർത്തനമാരംഭിച്ച ഓർബിറ്റിന്റെ പുതിയ ഷോറൂമിലേക്ക് പ്രദീപനേക്കാൾ പ്രവർത്തന പരിചയം കുറഞ്ഞ ഒരു ചെറുപ്പക്കാരനെ മാനേജരായി നിയമിച്ചത്. തീർത്തും അപ്രതീക്ഷിതമായ ഈ നീക്കത്തിൽ പ്രദീപൻ പതറി. അയാളുടെ മനസ്സിൽ അതൃപ്തിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടി. അവയ്ക്കിടയിൽ പകയുടെ മിന്നൽ പിണരുകൾ ചിതറി.

പ്രദീപൻ ഓർബിറ്റ് ഇലക്ട്രിക്കൽസിലെ ജോലി ഉപേക്ഷിച്ചു. ആരുടേയും ശ്രദ്ധ പതിയാത്ത ഒരു വിടവാങ്ങലായിരുന്നു അത്. അയാൾ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി പ്പോയി. ഓഹരി വിപണിയിലെ ഊഹക്കളികളും ചെറിയ രീതിയിലുള്ള റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി അയാളുടെ ഭാഗ്യാന്വേഷണങ്ങൾ നീണ്ടു പോയി. ഒന്നും അയാളെ കാര്യമായി സഹായിച്ചില്ല.

ഒന്നോ രണ്ടോ വർഷങ്ങൾ അങ്ങനെ കടന്നുപോയി. ഇക്കാലത്ത് സാമ്പത്തിക

പ്രതിസന്ധികളിൽപെട്ട് അയാൾ വലഞ്ഞു. പെട്ടെന്ന് പണം സമ്പാദിക്കാനുള്ള കുറുക്കുവഴികൾ തേടി അലയുന്നതിനിടയിലാണ് അയാൾ യാദൃച്ഛികമായി ശ്യാംകുമാറിന്റെ വീട്ടിലെ തോട്ടക്കാരൻ ബാബുവിനെ പരിചയപ്പെടുന്നത്. ആ അടുപ്പം വളർന്നു. ശ്യാംകുമാറിനെപ്പറ്റി വീണ്ടും ഓർത്തപ്പോൾ ശമനമില്ലാതെ അസൂയകളും അസംതൃപ്തികളുംകൊണ്ട് തന്റെ മനസ്സ് ഒരു അഗ്നിപർവ്വതംപോലെ പുകയുന്നത് പ്രദീപൻ അറിഞ്ഞു. തോട്ടക്കാരനിൽനിന്നും അയാളെപ്പറ്റി കഴിയുന്നത്ര വിവരങ്ങൾ പ്രദീപൻ ശേഖരിച്ചു. പ്രദീപന്റെ ശ്രദ്ധ ശ്യാംകുമാറിൽനിന്നും അയാളുടെ ഏക മകനായ അഞ്ചു വയസ്സുകാരനിലേക്ക് തിരിഞ്ഞു. അയാളുടെ മനസ്സിൽ പുതിയൊരു പദ്ധതി ചുരുൾ നിവർത്തി. അയാൾ ഇന്നുവരെ ചിന്തിക്കുകപോലും ചെയ്യാത്തത് - അതേസമയം ഏറ്റവും വിജയസാധ്യതയുള്ളത്.

പിന്നെയും ഒരു വർഷം നീണ്ട തയ്യാറെടുപ്പുകൾക്കുശേഷമാണ് അയാൾ ആ കുറ്റകൃത്യം ആസൂത്രണം ചെയ്തത്. അഞ്ചാറു വർഷങ്ങൾക്കു മുന്‍പ് ഒരു ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ ഒരു ശത്രുവിനെ അടിച്ചു നിലംപരിശാക്കിയതിന്റെ ആത്മവിശ്വാസം അയാൾക്കുണ്ടായിരുന്നു. ഇത്തവണയും ഭാഗ്യം തനിക്കൊപ്പമുണ്ടാകുമെന്ന് പ്രദീപൻ വിശ്വസിച്ചു.

ശ്യാംകുമാറിന്റെ മകൻ കിച്ചു എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്കുശേഷം വയലിൻ ക്ലാസ്സിനു പോകാറുണ്ടെന്ന് പ്രദീപൻ മനസ്സിലാക്കി. അവരുടെ വീടിന്റെ എതിർവശത്തെ റോഡിനോടു ചേർന്നാണ് ആ സ്ഥാപനമെന്നും ഈ അവസരങ്ങളിലൊക്കെ ഒരു ജോലിക്കാരി മാത്രമാണ് കുട്ടിയോടൊപ്പമുണ്ടാകുന്നതെന്നും അയാൾക്കു വിവരം കിട്ടി. അത്തരമൊരു ശനിയാഴ്ച തന്നെ കൃത്യം നടപ്പാക്കാനായി അയാൾ തെരഞ്ഞെടുത്തു. ഇത്തവണ പ്രദീപൻ ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടിപ്പോയില്ല. അയാളുടെ വിശ്വസ്തരായ രണ്ട് അനുചരന്മാർ തന്നെ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.

വീണ്ടും കുട്ടികളുടെ ബഹളങ്ങൾ കേട്ട് പ്രദീപൻ ഞെട്ടി യെഴുന്നേറ്റു. അവരുടെ കളിക്കളം ഇത്തവണ താഴത്തെ നിലയിലേക്കു മാറ്റിയിരിക്കുന്നുവെന്ന് അയാൾ ഈർഷ്യയോടെ കണ്ടു. പെട്ടെന്ന് കിച്ചു അടിച്ചുതെറിപ്പിച്ച ഒരു പന്ത് രോഹന്റെ മുറിയുടെ വാതിലിൽ ഊക്കോടെ വന്നുവീണു. ഒരു നിമിഷം കഴിഞ്ഞപ്പോൾ രോഹൻ വാതിൽ തുറന്നു.

“ദേ... പിള്ളേരെ, എന്നെ ശല്യം ചെയ്യരുതെന്നു പറഞ്ഞിട്ടില്ലേ? ദൂരെയെവിടെയെങ്കിലും പോയി കളിച്ചേക്കണം.” രോഹൻ ഗൗരവത്തോടെ പറഞ്ഞു.

കുട്ടികൾ ഒന്നു പരുങ്ങി. രോഹന്റെ കണ്ണുകൾ കിച്ചുവിൽ തങ്ങിനിന്നു.

“രോഹൻ ചേട്ടാ, ഇതാണ് കിച്ചു.” കിച്ചുവിനെ മുന്നിലേക്കു നീക്കിനിറുത്തിയിട്ട് അച്ചു വിക്കിവിക്കിപ്പറഞ്ഞു. രോഹൻ വലതു കയ്യുടെ ചൂണ്ടുവിരൽകൊണ്ട് അവരോട് പോകാനുള്ള ആംഗ്യം കാട്ടിയിട്ട് വാതിൽ ചേർത്തടച്ചു.

തിരിച്ചു നടക്കുന്നതിനിടെ പ്രദീപനെ കണ്ട് മൂവരും ഒന്നുനിന്നു.

“അച്ഛാ, രോഹൻ ചേട്ടൻ ഒരിക്കലും ഞങ്ങളുടെ കൂടെ കളിക്കാൻ വരില്ല. എപ്പോഴും ദേഷ്യപ്പെടുകയും ചെയ്യും.” അച്ചു പ്രദീപന്റെ കയ്യിൽ തൂങ്ങിക്കൊണ്ടു പരാതി പറഞ്ഞു.

“നമുക്ക് രോഹൻ ചേട്ടനെ വേണ്ടച്ഛാ, നമുക്ക് കിച്ചുവിനെ മതി.” അയാൾ മനസ്സിലാകാത്ത മട്ടിൽ അച്ചുവിന്റെ മുഖത്തേക്ക് നോക്കി.

“കിച്ചുവിനെ മതിയച്ഛാ.” അച്ചു ആവർത്തിച്ചു.

“ഞങ്ങളുടെ പേരുകൾ തമ്മിലും എന്തൊരു മാച്ചാണ്. അച്ചു, ലച്ചു, കിച്ചു.”

അതൊരു എട്ടു വയസ്സുകാരനാണ് പറഞ്ഞതെന്നു വിശ്വസിക്കാൻ പ്രയാസമായിരുന്നു. പ്രദീപന് അത്ഭുതം തോന്നി.

“എന്താടാ, ഈ പറയുന്നത്?” പ്രദീപൻ ദേഷ്യപ്പെട്ടു.

“എല്ലാവരും മുകളിലത്തെ മുറിയിലേയ്ക്കു പൊയ്ക്കോണം പെട്ടെന്ന്...” കുട്ടികളെ അവിടെനിന്നും ഓടിച്ചുകൊണ്ട് അയാൾ പറഞ്ഞു.

പ്രദീപൻ അസ്വസ്ഥതയോടെ കൈ പിന്നിൽ കെട്ടിക്കൊണ്ട് മുറിയിൽ അങ്ങുമിങ്ങും നടന്നു. അയാളുടെ കണ്ണുകൾ ചുവരിലെ ക്ലോക്കിൽ തറഞ്ഞുനിന്നു.

“സമയം ആറു മണിയായി.” സോഫയിൽ നിന്നെഴുന്നേറ്റിട്ട്‌ സഹായികളിലൊരാൾ ഓർമ്മിപ്പിച്ചു. പ്രദീപൻ അയാളോട് ഫോൺ വിളിക്കാൻ ആംഗ്യം കാണിച്ചു. അയാൾ മൊബൈലിന്റെ സിംകാർഡ് മാറ്റിയിട്ടിട്ട് ശ്യാംകുമാറിനെ വിളിച്ചു. പ്രദീപനും റാണിയും ആകാംക്ഷയോടെ അയാളുടെ സമീപം നിലയുറപ്പിച്ചു. വെറും രണ്ടു മിനിറ്റുകൊണ്ട് ഫോൺ സംഭാഷണം അവസാനിച്ചു.

“എന്തു പറഞ്ഞു ശ്യാംകുമാർ?” പ്രദീപൻ ചോദിച്ചു. ഉദ്വേഗംകൊണ്ട് അയാളുടെ ശബ്ദം മുറിഞ്ഞു.

“അയാൾക്ക് ആലോചിക്കാൻ ഒരു മണിക്കൂർകൂടി സമയം വേണമെന്ന്.” പതർച്ചയോടെ സഹായി പറഞ്ഞു. റെക്കോർഡു ചെയ്ത ഫോൺ സംഭാഷണം രണ്ടോ മൂന്നോ തവണ അവർ ആവർത്തിച്ചു കേട്ടു.

“ഇനിയെന്തിനാണ് അയാൾക്ക് സമയം?” രണ്ടാമത്തെയാൾ അക്ഷമനായി.

“ഇക്കാര്യത്തിൽ ഇനിയെന്താണ് അയാൾക്ക് ആലോചിക്കാനുള്ളത്?”

“എവിടെയോ എന്തോ പ്രശ്ന മുണ്ട്.” പ്രദീപൻ ഗാഢമായ ചിന്തയ്ക്കുശേഷം പറഞ്ഞു.

“ഇനി പൊലീസിനെ അറിയിക്കാനോ മറ്റോ...”

“അയ്യോ! നമ്മൾ ഇനി എന്തുചെയ്യും?” റാണി പരിഭ്രമിച്ചു.

“ഏയ്, അയാൾ അങ്ങനെയൊന്നും ചെയ്യില്ല. പക്ഷേ...” സഹായികളിലൊരാൾ പകുതിയിൽ നിർത്തി.

“നിൽക്ക്... ഞാൻ ബാബുവിനെ ഒന്നുകൂടി വിളിച്ചുനോക്കട്ടെ.” പ്രദീപൻ ചാടിയെഴുന്നേറ്റിട്ട്‌ മൊബൈലിൽ വിരലമർത്തി.

ശ്യാംകുമാറിന്റെ വീട്ടിലെ തോട്ടക്കാരൻ ബാബുവുമായി അഞ്ചു മിനിറ്റ് നീണ്ട സംസാരത്തിനുശേഷം പ്രദീപൻ തിരിച്ചെത്തി.

“അവിടെ ഇപ്പോഴും മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നാണ് അയാൾ പറഞ്ഞത്.” പ്രദീപൻ അറിയിച്ചു.

റാണിയും മറ്റുള്ളവരും അയാളെ ചോദ്യഭാവത്തിൽ നോക്കി.

“പൊലീസിനെ അറിയിക്കാനുള്ള നീക്കങ്ങളൊന്നും ഇതുവരെയില്ല. ശ്യാംകുമാറും ഭാര്യയും ഇപ്പോഴും മുറിയടച്ചിരിപ്പാണത്രെ. പിന്നെ...” പ്രദീപൻ ഒരു നിമിഷം നിർത്തി. എല്ലാവരും അയാളെ ആകാംക്ഷയോടെ ഉറ്റുനോക്കി.

“ശ്യാംകുമാറിന്റെ അളിയൻ - അതായത് അയാളുടെ ഭാര്യയുടെ ആങ്ങള ഇപ്പോൾ അവിടെ എത്തിയിട്ടുണ്ടത്രെ.”

അപ്പോൾ സഹായികളിലൊരാളുടെ മൊബൈൽ അടിച്ചു. അയാൾ ഫോണുമായി തിടുക്കത്തിൽ പുറത്തേക്കു പോയി. കുറച്ചു സമയത്തിനുശേഷം തിരിച്ചു വന്നപ്പോൾ അയാളുടെ മുഖം വിളറിയിരുന്നു.

“പ്രദീപൻ സാറേ, ഒരു ചെറിയ പ്രശ്നമുണ്ട്. നമ്മുടെ ചന്ദ്രൻ ഇപ്പോൾ വിളിച്ചുപറഞ്ഞതാണ്.” അയാൾ പറഞ്ഞു.

“ശ്യാംകുമാറിന്റെ ബിസിനസ് ആകെ തകർച്ചയിലാണത്രെ. അയാൾക്ക് കുറെ കടബാധ്യതകളുമുണ്ടെന്നു കേൾക്കുന്നു.”

“ങ്‌ഹേ... അങ്ങനെയൊരു കാര്യം ആരും പറഞ്ഞുകേട്ടില്ലല്ലോ”’ പ്രദീപൻ അമ്പരപ്പോടെ ചോദിച്ചു.

“പുറത്താരും ഇത് അറിഞ്ഞിട്ടില്ലെന്നാണ് ചന്ദ്രൻ പറഞ്ഞത്. പക്ഷേ, സംഗതി സത്യമാണത്രെ.” സഹായി പറഞ്ഞു.

“അതെങ്ങനെയാണ്?” റാണി ആശയക്കുഴപ്പത്തോടെ ചോദിച്ചു.

“അവരുടെ ആഡംബരങ്ങൾക്കൊന്നും ഇപ്പോഴും ഒരു കുറവുമില്ലല്ലോ.”

“ഇനി... അതുകൊണ്ടാകുമോ അയാൾ... നമുക്ക് കാശുതരാതെ... സമയം നീട്ടുന്നത്?” പ്രദീപൻ നിർത്തിനിർത്തി ചോദിച്ചു.

“എന്നാലും കുട്ടിയെ തിരിച്ചുകിട്ടാൻ മുപ്പതു ലക്ഷം രൂപ അയാളുടെ കയ്യിൽ ഉണ്ടാകാതിരിക്കുമോ?” റാണി സംശയിച്ചു.

“അങ്ങനെയെങ്കിൽ...” സഹായികളിലൊരാൾ പറഞ്ഞു.

“നമ്മൾ കുടുങ്ങി എന്നർത്ഥം. ചിലപ്പോൾ അതുകൊണ്ടായിരിക്കാം ശ്യാംകുമാർ അയാളുടെ അളിയനെ വിളിച്ചുവരുത്തിയത്. ഇക്കാര്യം ചർച്ച ചെയ്യാൻ.”

“അപ്പോൾ...” രണ്ടാമത്തെയാൾ പറഞ്ഞു.

“കാര്യങ്ങൾ എളുപ്പം അവസാനിക്കുന്ന മട്ടില്ല.”

“കുട്ടിയെ എത്രയും പെട്ടെന്ന് ഇവിടെനിന്നും മാറ്റിയേ പറ്റൂ.” പ്രദീപൻ ചാടിയെഴുന്നേറ്റിട്ടു പറഞ്ഞു.

“ഇനി വൈകുന്ന ഓരോ നിമിഷവും റിസ്‌കാണ്. ഇതൊക്കെ മുൻകൂട്ടി കണ്ടിട്ടാണ് ഞാൻ പറഞ്ഞത് കുട്ടിയെ താമ സിപ്പിക്കാൻ സുരക്ഷിതമായ മറ്റൊരിടംകൂടി തയ്യാറാക്കണം എന്ന്.”

“അവിടെ എല്ലാം റെഡിയാണ് സാറേ.” ആദ്യത്തെയാൾ പറഞ്ഞു.

“ഇപ്പോൾത്തന്നെ അങ്ങോട്ട് കൊണ്ടുപോകാം.”

“ഇനി അവനെ ഇവിടെനിന്നും കൊണ്ടുപോകാൻ ബലം പ്രയോഗിക്കേണ്ടിവരുമോ? നിവൃത്തിയില്ലെങ്കിൽ ഉറക്കഗുളിക കൊടുക്കേണ്ടിവരും.” രണ്ടാമത്തെയാൾ പറഞ്ഞു.

“മോനേ... കിച്ചൂ... ഇങ്ങോട്ടൊന്നു വാടാ.” റാണി മുകൾനിലയിലേക്കു നോക്കി ഉറക്കെ വിളിച്ചു.

കിച്ചു ഒരു ബാറ്റും കയ്യിലെടുത്ത് അങ്ങോട്ട് ഓടിവന്നിട്ട് എല്ലാവരേയും ചോദ്യഭാവത്തോടെ മാറിമാറി നോക്കി.

“മോൻ ഈ അങ്കിളിന്റെ കൂടെ കാറിലോട്ടു കയറിക്കേ. നമുക്കൊരിടം വരെ പോകണം.” പ്രദീപൻ കിച്ചുവിന്റെ ചുമലിൽ കൈവച്ചുകൊണ്ട് മൃദുവായ ശബ്ദത്തിൽ പറഞ്ഞു. കിച്ചു ആശയക്കുഴപ്പത്തോടെ അയാളെ നോക്കിക്കൊണ്ടു മടിച്ചുനിന്നു.

പെട്ടെന്ന് രോഹന്റെ മുറി തുറക്കുന്ന ശബ്ദം കേട്ടു. എല്ലാവരും അമ്പരപ്പോടെ അങ്ങോട്ട് നോക്കി. രൂക്ഷമായ ഒരു നോട്ടത്തോടെ രോഹൻ നടന്നടുക്കുന്നത് അവർ കണ്ടു.

“എന്താ മോനേ?” റാണി വേവലാതിയോടെ ചോദിച്ചു.

“നിനക്ക് ഇനിയും ചൂട് കാപ്പിയോ മറ്റോ വേണോ?”

“കിച്ചുവിനെ തിരികെക്കൊണ്ടുവിട്.” ഒരു ഗർജ്ജനംപോലെ രോഹന്റെ ശബ്ദം ഉയർന്നു. അവന്റെ കണ്ണുകളിൽനിന്ന് തീ പാറി. എല്ലാവരും ഒരു നിമിഷം സ്തബ്ധരായി.

“മോനേ... നീയെന്തായീ...” പ്രദീപന്റെ ശബ്ദം പുറത്തുവരും മുന്‍പേ ഇടിവെട്ടുന്നതുപോലെ രോഹന്റെ അലർച്ച കേട്ടു.

“കിച്ചുവിനെ അവന്റെ വീട്ടിൽ കൊണ്ടുവിടാൻ!”

പ്രദീപനും റാണിയും വിശ്വാസം വരാതെ രോഹനെ തുറിച്ചുനോക്കി. അവർക്കു മുന്നിൽ രോഹൻ നീണ്ടുനിവർന്നു നിന്നു. അവന് ആറടിയോളം പൊക്കം വെച്ചിരുന്നു. അവന്റെ മേൽച്ചുണ്ടിൽ മീശ കറുത്തു തുടങ്ങിയിരുന്നു. അവന്റെ ശബ്ദത്തിന് അവരുടെ കാതടപ്പിക്കുന്നത്രയും കനമുണ്ടായിരുന്നു. രോഹനെ ആദ്യമായി കാണുകയാണെന്ന് അവർക്കു തോന്നി.

രോഹൻ കയ്യുയർത്തി ഡൈനിങ്ങ്‌ടേബിളിൽ ആഞ്ഞടിച്ചു. അവിടെ അടുക്കിവെച്ചിരുന്ന ഗ്ലാസ്സുകളിലൊരെണ്ണം നിലത്തുവീണു ചിതറി. അതിന്റെ മുഴക്കം അവിടെ പലതായി പ്രതിധ്വനിച്ചു.

“ഇപ്പോൾത്തന്നെ വേണം... ഇല്ലെങ്കിൽ...” രോഹൻ അവന്റെ ചൂണ്ടുവിരൽ ഭീഷണിപ്പെടുത്തുന്ന മട്ടിൽ അച്ഛന്റെ നേരെ ഉയർത്തി. അപകടകരമായ ഒരർത്ഥം അതിലുണ്ടായിരുന്നു. അയാൾ വിറച്ചുപോയി.

സഹായികൾ നടുക്കത്തോടെ പ്രദീപനെ നോക്കി. അയാൾ സമ്മതം സൂചിപ്പിക്കുന്ന മട്ടിൽ ദുർബ്ബലമായി തലയാട്ടി. അവർ കിച്ചുവിനേയും കൊണ്ട്‌ നിശ്ശബ്ദരായി കാറിൽ കയറി.

രോഹൻ ഗാംഭീര്യമാർന്ന ചുവടുവയ്പുകളോടെ സാവധാനം അവന്റെ മുറിയിലെ ഇരുട്ടിലേക്കു കയറി അപ്രത്യക്ഷനാകുന്നത് പ്രദീപനും റാണിയും നെഞ്ചിടിപ്പോടെ നോക്കിനിന്നു. ഒരു സിംഹം അതിന്റെ ഗുഹയിലേക്ക് തിരിച്ചുകയറുന്നതുപോലെയാണ് അവർക്കു തോന്നിയത്. അവൻ വാതിൽ ചേർത്തടയ്ക്കുന്ന ശബ്ദം കേട്ട് അവർ ഒരിക്കൽക്കൂടി നടുങ്ങി.

പുറത്ത്, ഇടതിങ്ങിയ മരങ്ങളുടെ നിഴലുകൾക്കിടയിലൂടെ കാർ ഓടിമറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com