ഹരികൃഷ്ണൻ തച്ചാടൻ എഴുതിയ കഥ 'അശ്വഗന്ധി'

Illustration
കഥയുടെ ചിത്രീകരണംസചീന്ദ്രന്‍ കാറഡുക്ക
Updated on
7 min read

ഞാൻ ജോലികഴിഞ്ഞ് തിരിച്ചെത്തുമ്പോൾ സാഷ വരാന്തയിലുണ്ട്. അവൾ ദൂരെ ചക്രവാളത്തിലേയ്ക്ക് കണ്ണുനട്ടിരിക്കുകയായിരുന്നു. ചെറിയ കൃഷ്ണമണികളിലെ എരിയുന്ന അസ്തമയം കണ്ടുകൊണ്ട് ഞാൻ വീട്ടിലേയ്ക്ക് കയറി! ഈ വീടിന്റെ മുൻവാതിൽ സാധാരണയിൽനിന്നും വ്യത്യസ്തമായി പടിഞ്ഞാറ് ദിക്കിലേയ്ക്കാണ് തുറന്നിരുന്നത്. വാസ്തു ശരിയല്ലെന്ന് വീട് നോക്കാൻ വന്ന ദിവസം തന്നെ നീതുവിന്റെ അച്ഛൻ പറഞ്ഞിരുന്നു. ബ്രോക്കർ അതിനെന്തോ കാരണം പറഞ്ഞത് എന്താണെന്നു പിന്നീട് എത്ര ആലോചിച്ചിട്ടും എനിക്ക് ഓർത്തെടുക്കാൻ കഴിഞ്ഞില്ല. ചെറിയ മേടുകളും പരുക്കൻ കരിമ്പാറകളും തഴുകി, കടൽമണമുള്ള കാറ്റ് കയറിവരുന്നത് എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു. കടലിന്റെ മണം നേർത്തതായിരുന്നു. എങ്കിലും അപാരമായ ഘ്രാണശക്തിയോടെ അതിലടക്കം ചെയ്ത സൂക്ഷ്മമായ പഴുക്കപ്പായൽമണം ഞാൻ പിടിച്ചെടുത്തു. സാഷയുടെ നാസിക വിടർന്നിരിക്കുന്നു. അവൾക്കാ ഗന്ധം കിട്ടിക്കാണുമോ? പടിഞ്ഞാറൻ ആകാശം അവൾക്കിഷ്ടമുള്ള ഓറഞ്ച്നിറത്തിൽ കുതിരുകയാണ്. അവളുടെ ഉമിനീര് പുരണ്ട കോലുമിഠായിപോലെ സൂര്യൻ അലിഞ്ഞുപോകുന്നു. ഞാൻ വാങ്ങിക്കൊടുത്ത യൂണിക്കോൺ കോമിക്സ് മടിയിൽ നിവർത്തിവെച്ച് ചെറിയ കൈത്തലം മടക്കി, മമ്മി ഫിങ്കർ മാത്രം നിവർത്തി അവൾ പടിഞ്ഞാറേക്ക് ചൂണ്ടി:

“റെയ്ൻബോ ഇന്റ്...”

ശരിയാണ്. ഒരു മഴവില്ല് പതിയെ രൂപപ്പെടുന്നുണ്ട്. അന്തരീക്ഷത്തിൽ ഈർപ്പം നിറഞ്ഞ വായുവിന്റെ ഗന്ധം! മഴപെയ്യാൻ പോവുകയായിരിക്കും! പിന്നാമ്പുറത്ത് വിരിച്ചിട്ട തുണികൾ എടുത്തുകാണുമോ?

“വയ്‌ലറ്റ്, ഇന്റികോ, ബ്യൂ, ഗ്രീൻ, യ്യ്യെലോ, ഓരഞ്ച്...”

സാഷ ഓരോ നിറങ്ങളെയായി ചൂണ്ടിപ്പറഞ്ഞു.

“അച്ഛേ... കഥ പഞ്ഞ് തന്നണം.”

സാഷ പെട്ടെന്ന് ആ കാഴ്ച അവസാനിപ്പിച്ച് പുസ്തകവുമായി എന്റെ അടുത്തേയ്ക്ക് വന്നു. കൈപിടിച്ച്, ധൃതിയിൽ സോഫയിലേയ്ക്ക് എന്നെ നടത്തിച്ചു. മടിയിലിരുന്ന് തലചരിച്ച് അവൾ പറഞ്ഞു:

“യൂണികോണി കഥ പഞ്ഞ് തന്നണം.”

ഞാൻ പുസ്തകം തുറന്ന് ആദ്യ താൾ മറിച്ചു.

“Ten minutes to bed, the little unicorns Dad said.”

രാത്രിയിൽ നീതു ജാലകവിരിപ്പുകൾ നീക്കിയപ്പോൾ, സാഷ എഴുന്നേറ്റുവന്ന് ജനലഴികളിൽ പിടിച്ച്, ആകാംക്ഷയോടെ ഇരുട്ടിലേയ്ക്ക് നോക്കി. ജനാലകൾ നന്നേ ചെറുപ്പത്തിലേ അവളുടെ പ്രിയപ്പെട്ട ഇടമായിരുന്നു. തൊണ്ണുകാട്ടി അർത്ഥരഹിതമായ ശബ്ദവീചികൾ പുറപ്പെടുവിച്ച് അവൾ ജനൽപ്പാളികളിലേയ്ക്ക് നോക്കിക്കിടന്നു.

“അതിലൂടെ വരുന്ന വെളിച്ചം കണ്ടിട്ടാണ്.”

നീതു പതുക്കെ തൊട്ടിൽ ആട്ടിവിട്ടു.

“അശ്വകന്തിണ്ട്.”

സാഷ ഇരുട്ടിലേയ്ക്ക് നോക്കി പെട്ടെന്നു പറഞ്ഞു. സാധാരണ അവൾ അങ്ങനെ എന്തെങ്കിലും ഒക്കെ പറയാറുള്ളതാണ്. ഞങ്ങൾ ഒരുമിച്ചിരിക്കുമ്പോൾ പെട്ടെന്ന് അസാധാരണമായ ഒരു വാക്ക് അവൾ ഉച്ചരിക്കും. സംസാരിച്ചു തുടങ്ങിയ കാലത്ത് ഓരോ വസ്തുക്കളേയും അവൾ വിളിച്ചിരുന്ന വിചിത്രമായ പേരുകൾ ഞാൻ ഡയറിയിൽ കുറിച്ചിടുമായിരുന്നു. ഓരോ വാക്കിനും നേരെ അതിന്റെ അർത്ഥം കണ്ടെത്തി എഴുതിയിട്ടു. വിചിത്രപദങ്ങളുടെ ബാഹുല്യംകൊണ്ട് ഡയറി ഒരു പദകോശംപോലെ വളർന്നുവന്നു. നിഗൂഢമായ ഏതോ ഭാഷയിലേയ്ക്കുള്ള ഇടവഴികൾ! ഡയറി തുറക്കുമ്പോൾ ഒക്കെയും അതിനുള്ളിൽ മറ്റേതോ കാലം മണത്തു. പക്ഷേ, വളരുംതോറും ആ വാക്കുകളൊക്കെ സാവധാനം സാഷയിൽനിന്നു മാഞ്ഞുപോയി. അക്ഷരങ്ങൾക്കു വഴിതെറ്റാതായതോടെ അവളുടെ പദകോശം പിന്നെ ഒട്ടുമേ വളർന്നില്ല. എന്നാലും ഇടക്കെപ്പോഴെങ്കിലും നിനച്ചിരിക്കാതെ പുതിയൊരു വാക്ക് അവൾ പറഞ്ഞു. അശ്വകന്തി! ഞാനും സാഷയും ഒരുമിച്ച് ജനലഴികൾക്കിടയിലൂടെ തൊടിയിലേയ്ക്കു നോക്കി.

“അശ്വകന്തി... നീ എന്താണ് ?”

ഞാൻ പിറുപിറുത്തു.

“നാളെ സാഷയ്ക്ക് കുറച്ച് പച്ചക്കറികൾ കൊടുത്തുവിടണം.”

അവളുടെ അങ്കണവാടി വാട്‌സപ്പ് ഗ്രൂപ്പിൽ ലതടീച്ചറുടെ മെസ്സേജ് വന്നു: “രാവിലെ ആയാൽ മറക്കും” എന്നുപറഞ്ഞ് നീതു അപ്പോൾ തന്നെ അടുക്കളയിലേയ്ക്ക് പോയി. ഞാൻ ഗ്രൂപ്പിലെ മെസേജുകൾ വെറുതേ സ്‌ക്രോൾ ചെയ്തുവിട്ടു. ടീച്ചറും കുട്ടികളും പാട്ടുപാടുന്നതിന്റേയും പടംവരക്കുന്നതിന്റേയും കഥകൾ പറയുന്നതിന്റേയും ഒക്കെ വീഡിയോകളാണ് അതിൽ നിറയെ. അതെല്ലാം ഗ്രൂപ്പിൽ വരുന്ന മുറയ്ക്ക് നീതു എനിക്ക് ഫോർവേഡ് ചെയ്തിട്ടുള്ളതാണ്. സാഷ എന്റെ കക്ഷത്തിനിടയിലൂടെ നൂണ്ടുവന്ന് കയ്യിൽ തലവെച്ചുകിടന്നു. എല്ലാ വീഡിയോയിലും അവൾ ഏറ്റവും പിറകിലാണ് ഇരിക്കുന്നത്. എനിക്കെന്തോ അസ്വസ്ഥത തോന്നി. ചില പാട്ടുകൾക്കൊപ്പം അവൾ ചുണ്ടനക്കുന്നുണ്ട്.

“അശ്വകന്തിണ്ട്... അശ്വകന്തിണ്ട്...”

സാഷ പെട്ടെന്ന് ഒച്ചയിട്ടു.

“ആരാ ഈ അശ്വകന്തി? ഇപ്പൊ ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടല്ലോ.”

പച്ചക്കറികൾ ഇട്ടുകെട്ടിയ പ്ലാസ്റ്റിക് കവർ സാഷയുടെ ബാഗിലേയ്ക്ക് വയ്ക്കുമ്പോൾ നീതു ചോദിച്ചു:

‘അശ്വകന്തി’ ഞാൻ ഡയറിയെടുത്ത് കുറിച്ചുവെച്ചു. അർത്ഥം എന്തെഴുതണമെന്നറിയാതെ ഞാൻ സാഷയെ നോക്കി. അവൾ ഉറക്കം പിടിച്ചിരുന്നു.

“അശ്വകന്തി പുപ്പ്യാണ്.”

കാലത്ത് ഓറഞ്ചും കറുപ്പും നിറമുള്ള യൂണിഫോമിട്ടു കൊടുക്കുമ്പോൾ സാഷ പറഞ്ഞു. യൂണിക്കോൺ കോമിക്സ് അവൾ ബാഗിലെടുത്തു വെച്ചിരുന്നു. അങ്കണവാടിയിലേയ്ക്കുള്ള ഇടവഴി കയറുന്നതിനിടയിൽ തൊടികളിലേയ്ക്ക് ചൂണ്ടി സാഷ ആ വാക്ക് ആവർത്തിച്ചു. അങ്കണവാടിയിൽ ആ സമയം മറ്റു കുട്ടികളൊന്നും എത്തിയിട്ടില്ലായിരുന്നു. പതിവ് ചിണുങ്ങലുകൾ കഴിഞ്ഞ് ടീച്ചറുടെ സാരിയോടൊട്ടിനിന്ന് സാഷ കൈവീശി കാണിച്ചു. ഓഫീസിൽ അന്നെന്തോ പതിവില്ലാത്തവണ്ണം തിരക്ക് അനുഭവപ്പെട്ടു. ഏതോ ഒരു നിമിഷത്തിൽ എന്റെ അബോധത്തിൽ ഓടിക്കൊണ്ടിരുന്ന അശ്വകന്തി വായിൽനിന്ന് ഒരു കുതിരയെപ്പോലെ ചിനച്ച് പുറത്തേയ്ക്കു ചാടി. ചടച്ച പാണ്ടൻകുതിരയുടെ മുഖച്ഛായയുള്ള കാരണവർ അതുകേട്ട് ഒന്നന്താളിച്ചു.

“വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിനുള്ളിൽ പരമാവധി മൂന്ന് കുതിരശക്തിയുള്ള യന്ത്രങ്ങളെ പ്രവർത്തിപ്പിക്കാൻ പാടുള്ളു.”

പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത് ഞാനയാളോട് പറഞ്ഞു:

“കുതിരശക്തീന്ന് പറഞ്ഞാലെന്താ സാറേ...?”

മുന്നിൽനിന്ന കാരണവർ വിമ്മിട്ടപ്പെട്ടു.

“മൂന്ന് എച്ച്.പി, അഥവാ മൂന്ന് ഹോഴ്‌സ് പവർ... അത്രേ പാടുള്ളൂ.”

അയാൾ നിരാശനായി. ഒട്ടും കരുത്തില്ലാതെ വേച്ച് വേച്ച് നടന്നുപോകുന്ന വൃദ്ധനെ തിരിച്ചുവിളിച്ച് ഒന്നു സമാധാനിപ്പിച്ച് വിട്ടാലോ എന്നു ഞാനോർത്തു. അയാളുടെ പിന്നാലെ പോയാലോ എന്നാലോചിച്ചിരിക്കുമ്പോൾ വാട്‌സപ്പിൽ നീതു ഫോർവേഡ് ചെയ്ത പുതിയ വീഡിയോ വന്നു. സാഷ പതിവുപോലെ ഏറ്റവും പിറകിലായിരുന്നു. ലതടീച്ചർ ചൂടിക്കയറിലൂടെ പടർന്നുകയറിയ പാവൽവള്ളി കുട്ടികൾക്കു കാണിച്ചുകൊടുക്കുകയാണ്. സാഷയുടെ തൊട്ടടുത്തായി ആരോ ഉണ്ട്. അവളുടെ ചുണ്ടനക്കം ഞാൻ ശ്രദ്ധിച്ചു. അശ്വകന്തി എന്നാണോ അവൾ പറഞ്ഞത്?!

രാത്രിയിൽ ഞാനവൾക്കു ലിറ്റിൽ യൂണിക്കോണിന്റെ കഥ പറഞ്ഞു കൊടുത്തു. ഉറക്കത്തിന്റെ നാട്ടിലായിരുന്നു ലിറ്റിൽ യൂണിക്കോൺ ജീവിച്ചിരുന്നത്.

“യൂണിക്കോണി പേരെന്താ... ട്വിങ്കിള്...”

സാഷ പറഞ്ഞു. ചോദ്യവും അതിന്റെ ഉത്തരവും സ്വയം പറഞ്ഞുനോക്കുന്നത് അവളുടെ ശീലമാണ്. ലാന്റ് ഓഫ് നോഡിലേയ്ക്ക് ഞാൻ കണ്ണോടിച്ചു. കോട്ടകളും കൊടുങ്കാടുകളും അവയെ ചുറ്റിയൊഴുകുന്ന പുഴകളും പന്നൽപ്പൊന്തകളും ഗുഹകളും നിറഞ്ഞ ഉറക്കത്തിന്റെ വലിയ രാജ്യം! അതിനെ ചുറ്റിപ്പരക്കുന്ന അഗാധസമുദ്രം. ഉറങ്ങുന്നതിനു മുന്‍പ് അച്ഛൻ മകൾക്കു കഥ പറഞ്ഞു കൊടുക്കുന്നതായാണ് കഥയുടെ രീതി. ലിറ്റിൽ യൂണിക്കോൺ കാട്ടിലൂടെ ഓടുകയാണ്. അവൾ മുയലുകളേയും അണ്ണാന്മാരേയും കാണുന്നുണ്ട്. പിഗ്മികൾക്കൊപ്പം നൃത്തം ചെയ്തും പൂക്കളുടെ സുഗന്ധം ആസ്വദിച്ചും അവളിങ്ങനെ നടക്കുകയാണ്. “Five more minutes to bed” -അച്ഛൻ കുഞ്ഞു യൂണിക്കോണിനെ ഓർമ്മിപ്പിച്ചു. കുറേ നടന്നപ്പോൾ പാവം യൂണിക്കോണിനു വഴിതെറ്റി.

“പാവംലേ.”

സാഷ സങ്കടപ്പെട്ടു. കാട്ടിൽ വഴിതെറ്റിയ ലിറ്റിൽ യൂണിക്കോൺ ഒരു ഭീകരസത്വത്തിന്റെ കയ്യിലകപ്പെട്ടു. വെട്ടിത്തിളക്കുന്ന ചരുവത്തിലെ വെള്ളത്തിനു മുകളിൽ അതവളെ തൂക്കിയിട്ടു. സാഷ പേടിച്ച് കണ്ണുകളടച്ചു. “Three minutes to bed” അച്ഛൻ ഓർമ്മിപ്പിച്ചത് കുഞ്ഞുയൂണിക്കോൺ കേട്ടില്ല. അവൾ പേടിച്ചിരുന്നു. വഴിതെറ്റി ഏറെനേരം അലഞ്ഞുതിരിഞ്ഞൊടുക്കം ധ്യാനിച്ചപ്പോൾ യൂണിക്കോണിനു മുന്നിൽ ഒരു മഴവിൽ തെളിഞ്ഞു. യൂണിക്കോണുകൾ അങ്ങനെയാണ്. ആഗ്രഹിക്കുമ്പോൾ അവർക്കു മുന്നിൽ മഴവില്ലുകൾ തെളിയും. സാഷ കണ്ണുകൾ പതുക്കെ തുറന്നുനോക്കി.

“റെയ്ൻബോ ആണ്.”

അവൾ നിറങ്ങൾ ഓരോന്നായി പറഞ്ഞു. “Two minutes to bed” ലിറ്റിൽ യൂണിക്കോണിന്റെ അച്ഛൻ ഓർമ്മിപ്പിച്ചു. അത് മഴവില്ലിനു മുകളിലൂടെ പതുക്കെ നടന്നു. പോകുന്ന വഴിയിൽ അവൾ ആകാശത്ത് തന്റെ കൂട്ടുകാരനായ വ്യാളിയെ കണ്ടു.

“ഡ്രാഗണാണ്...”

Illustration
കഥയുടെ ചിത്രീകരണംസചീന്ദ്രന്‍ കാറഡുക്ക

തീ തുപ്പുന്ന വ്യാളിയുടെ ചിത്രത്തിൽ തൊട്ട് സാഷ എനിക്കു പറഞ്ഞുതന്നു. ലിറ്റിൽ യൂണിക്കോൺ വീട്ടിലെത്താറായിരുന്നു. “One minute to bed” അതിന്റെ അച്ഛൻ അവസാനമായി പറഞ്ഞു. ഞാൻ ആശ്വാസത്തോടെ ചിത്രത്തിലേയ്ക്കു നോക്കി. ഒടുക്കം അവൾ വീടെത്തിയിരിക്കുന്നു. ഉറക്കം അതിന്റെ വിടർന്ന കണ്ണുകളിലേയ്ക്ക് നക്ഷത്രങ്ങളിൽ തൂങ്ങിയിറങ്ങുകയാണ്. ഞാൻ സാഷയെ നോക്കി. അവൾ ഉറങ്ങിയിരിക്കുന്നു. നീലവെളിച്ചത്തിൽ ഉറക്കംപിടിച്ച നിദ്രയുടെ രാജ്യത്തിലേയ്ക്കു നോക്കി ഞാൻ കോട്ടുവായിട്ടു. അശ്വകന്തി...! സാഷ ഉറക്കത്തിൽ അരുമയോടെ പിറുപിറുത്തു.

പിറ്റേന്നു വൈകുന്നേരം സാഷ ഞങ്ങളെ കുറച്ചുസമയം പേടിപ്പിച്ചു. നീതു അവളെ കാണാനില്ലെന്നു വിളിച്ചുപറയുമ്പോൾ ഞാൻ ബാത്ത്‌റൂമിലായിരുന്നു. ഷവറിൽനിന്നു വെള്ളത്തിനൊപ്പം ഉതിർന്നുവന്നതാണ് അവളുടെ വിലാപമെന്ന് എനിക്കു തോന്നി. ഞങ്ങൾ എല്ലായിടത്തും നോക്കി. ഗെയ്റ്റ് അടഞ്ഞുകിടക്കുകയായിരുന്നു. കിണറിന്റെ ഗ്രില്ലിലൂടെ സർപ്പഗന്ധികളുടെ പടർപ്പിൽ അനക്കമുണ്ടോ എന്നു ശ്രദ്ധിച്ചു. പിന്നിലെ തൊടിയിലും വാഴക്കുണ്ടയിലും അലക്ക്കല്ലിനടുത്തും ബോധത്തിലേയ്ക്കു കയറിവരുന്ന സ്ഥലങ്ങളിലൊക്കെയും തിരഞ്ഞു. എന്തോ എനിക്കപ്പോൾ വേവലാതിയൊന്നും തോന്നിയില്ല. അടുത്ത ഞൊടിയിൽ അവളെ കാണുമെന്ന് എനിക്കുറപ്പായിരുന്നു. സാഷ എവിടെ പോവാനാണ്?! ഞാൻ എന്നോട് തന്നെ പറഞ്ഞു.

“ഇവിടെണ്ട്.”

നീതുവിന്റെ ശബ്ദം തലയ്ക്കുള്ളിൽ അലയടിച്ച് പടരാൻ തുടങ്ങുന്ന ആശങ്കകളെ പൊടുന്നനെ കെടുത്തിക്കളഞ്ഞതായി എനിക്കു തോന്നി. സാഷ വീടിനു കിഴക്കുവശത്ത് ചിമ്മിണി പിടിപ്പിച്ച വിടവിനുള്ളിൽ നിൽക്കുകയായിരുന്നു. അവളെപ്പോലെ ഒരു കുഞ്ഞിനു സുഖമായി കയറിനിൽക്കാൻ മാത്രം വിസ്താരമുള്ള ഒരു വിടവ്. എന്നെ കണ്ടപ്പോൾ അവൾ ചുമരിലേയ്ക്ക് ചൂണ്ടി! അസ്വസ്ഥത സൃഷ്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്. വിടവിലെ പായൽപറ്റിയ ചുമരിൽ നിറയെ അലമുറയിടുന്ന കുതിരകളെ വരച്ചുവെച്ചിരിക്കുന്നു. എം.എഫ്. ഹുസൈന്റെ കുതിരകൾ! വിഹ്വലത തിളയ്ക്കുന്ന കുതിരക്കണ്ണുകളെല്ലാം രക്തവർണ്ണത്തിലാണ് വരച്ചിരിക്കുന്നത്. ബാക്കിയെല്ലാം ചാർക്കോൾ സ്‌ട്രോക്കുകൾ. ഒരാൾ ആ ഇടുങ്ങിയ വിടവിലിരുന്ന് പണിപ്പെട്ട് കുതിരകളെ വരക്കുന്നത് ഞാൻ സങ്കല്പിച്ചു. വിലപിക്കുന്ന കുതിരകൾ. സാഷ ഒരു കയ്യിൽ തെച്ചിപ്പൂക്കളുമായി എന്റെ അടുക്കൽ വന്നു. ഞാനവളെ വാരിയെടുത്തു.

“ആരോടും പറയാതെ എങ്ങോട്ടാണ് പോയത്?”

അവൾ ചിരിച്ചു.

“അശ്വകന്തിക്ക് കൊറ്റ്ക്കാനാണ്.”

സാഷ തെച്ചിപ്പൂവുകൾ നെഞ്ചിലടുക്കി പിടിച്ചു.

ഞാൻ ഫോണെടുത്ത് ഞങ്ങളുടെ ഹൗസ് ഓണറെ വിളിച്ചു.

“കുറച്ച് തലതെറിച്ച പെൺപിള്ളാരായിരുന്നു സാറേ ഇതിനു മുന്‍പേ അവിടെ താമസിച്ചിരുന്നത്. ചിലതിനൊന്നും രാത്രിയിൽ ഒറക്കമില്ല. പോരാത്തതിനു ഭിത്തിയേലൊക്കെ കുതിര വരയോട് കുതിരവര. എന്നാ മനുഷ്യർക്കു കാണാൻ കൊള്ളാവുന്നത് വരച്ചൂടെ! ഇത് വൃത്തികേടല്ലാതെ വരക്കത്തില്ല. ചൊമര് വരച്ച് വൃത്തികേടാക്കരുതെന്ന് ഞാൻ പറഞ്ഞതാ. തലതെറിച്ചതുങ്ങൾ കേൾക്കണ്ടേ. അവസാനം ഞാൻ ഡെപ്പോസിറ്റ് കൊടുക്കാതെ പറഞ്ഞുവിട്ടു. ഉറങ്ങാതേയും കുളിക്കാതേയും അവറ്റകളുടെ കോലമായത് സാറൊന്ന് കാണേണ്ടതായിരുന്നു. പിന്നെ ഒന്നു വെള്ളവലിച്ച് വൃത്തിയാക്കിയപ്പോഴാണ് എനിക്കു സമാധാനമായത്.”

രാത്രിയിൽ ഞങ്ങൾ വീണ്ടും ലിറ്റിൽ യൂണിക്കോണിന്റെ കഥ വായിച്ചു. എനിക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നി. ഭീകരസത്വം വെള്ളം തിളയ്ക്കുന്ന ചരുവത്തിനു മുകളിൽ തൂക്കിയിട്ട യൂണിക്കോൺ എങ്ങനെയാണ് രക്ഷപ്പെട്ടത്? ഞാൻ ഓരോ താളും അരിച്ചുപെറുക്കി. അതിനെക്കുറിച്ച് പിന്നീടൊന്നും തന്നെ പറയുന്നില്ല. വഴിതെറ്റിയ യൂണിക്കോണിനു മുന്നിൽ ഒരു മഴവില്ല് പ്രത്യക്ഷപ്പെടുന്നതാണ് അടുത്ത താളിൽ. ഈ പുസ്തകം നിറയെ അസംബന്ധങ്ങൾ നിറഞ്ഞിരിക്കുകയാണെന്ന് എനിക്കു തോന്നി. കുറേ അസംബന്ധങ്ങൾ ചേരുമ്പോൾ ഒരു കോമിക് കഥയുണ്ടാകുന്നു.

സാഷ രാവിലെത്തന്നെ ഒരു കുതിരയെ വരച്ചുതരാൻ പറഞ്ഞ് കടലാസും പേനയുമായി എന്റെ അടുക്കൽ വന്നു. ഞാൻ വരച്ചുകൊടുത്ത കുതിരയിൽ അവൾ തൃപ്തയല്ലെന്നെനിക്കു തോന്നി. അന്നു വൈകുന്നേരം വീണ്ടും സാഷയെ കാണാതായി. അധികം തിരയേണ്ടിവന്നില്ല. ചിമ്മിണിക്ക് താഴെ കയ്യിൽ തെച്ചിപ്പൂക്കളും പിടിച്ച് അവൾ നിൽക്കുന്നുണ്ടായിരുന്നു. നീതു അവളെ കുറേ വഴക്കുപറഞ്ഞു. കരയാൻ തുടങ്ങിയപ്പോൾ ഞാനവളെ എടുത്തുതോളിലിട്ട് സമാധാനിപ്പിച്ചു. ഹുസൈന്റെ കുതിരകൾ ഇടുങ്ങിയ ചുവരിലൂടെ വിലപിച്ചു പായുന്നത് ഞങ്ങൾ കുറച്ചു സമയം നോക്കിനിന്നു. എങ്കിലും ആ സത്വത്തിന്റെ പിടിയിൽനിന്ന് യൂണിക്കോൺ എങ്ങനെയാകും രക്ഷപ്പെട്ടിട്ടുണ്ടാവുക? ആ ചോദ്യവും അതിന്റെ ഉത്തരവും സാഷ പറഞ്ഞില്ല.

രാത്രിയിൽ സാഷയ്ക്ക് പനിച്ചു.

“അശ്വകന്തി കാട്ടല്ലേ.” അവൾ പനിച്ച് വിറയ്ക്കുന്നതിനിടയിലും പിച്ചുംപേയും പറഞ്ഞു. ആശുപത്രിയിൽ പോകുന്ന വഴിക്കും “അശ്വകന്തി കാണണം” എന്നവൾ തളർന്ന ശബ്ദത്തിൽ ഉരുവിടുന്നുണ്ടായിരുന്നു.

“സാധാരണ ഫ്ലൂ ആണ്. പേടിക്കാനൊന്നുമില്ലട്ടോ സാഷ.”

ഡോക്ടർ അവളുടെ കവിളിൽ തലോടി. സാഷ ഒരു തളർന്ന ചിരി ഡോക്ടർക്ക് കൊടുത്ത് ഉദാരമതിയായി.

രാവിലേയ്ക്ക് പനി കുറഞ്ഞിരുന്നു. സാഷ ചുമരുചാരി ആരെയോ പ്രതീക്ഷിച്ചിട്ടെന്നപോലെ പുറത്തേക്ക് നോക്കി നിന്നു.

“അശ്വകന്തി വര്ണ്ട്.”

അവളുടെ തളർച്ച ബാധിച്ച ചിരി കണ്ടപ്പോൾ എനിക്കു മുന്‍പൊന്നുമില്ലാത്തവിധം സങ്കടം വന്നു. എടുത്തപ്പോൾ അവളെന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു. പെട്ടെന്നു മുറ്റത്തുനിന്നു ചെണ്ടകൊട്ട് കേട്ടു.

“കുഞ്ഞിക്കുതിരയ്ക്ക് വെള്ളം കൊടുക്കെടി കുഞ്ഞാഞ്ചീര്വോ പെണ്ണേ... ആ... കുഞ്ഞാഞ്ചീര്വോ പെണ്ണേ...

ചാലിയക്കാര് മരയ്ക്കാന്മാരുടെ തേങ്ങാക്കൂടു പൊളിച്ചേ... ആ... തേങ്ങാക്കൂടു പൊളിച്ചേ...”

മുളമ്പാത്തികളിൽ തീർത്ത് കുരുത്തോലകൾകൊണ്ട് കുഞ്ചിരോമങ്ങളിട്ട കളിയാട്ടക്കാവ് ഭഗവതിയുടെ കുതിരകൾ ചെണ്ടയുടെ ഉഗ്രതാളത്തിനൊപ്പം കുന്തിരിയെടുത്തു. അരിയും പൂവും എറിഞ്ഞ് വരവുകാർ ഇടവഴി കേറിമറിഞ്ഞപ്പോൾ സാഷ മുറ്റത്ത് ബാക്കിയായ കുരുത്തോലകൾ പെറുക്കിയെടുത്തു.

“അശ്വകന്തിക്ക് വെല്ലം കൊടുക്കണം.”

അവൾ ആരോടെന്നില്ലാതെ പറഞ്ഞു. വൈകുന്നേരം മുറ്റത്ത് നിൽക്കുമ്പോൾ അവൾ പെട്ടെന്ന് എന്റെ കൈവിടുവിച്ച് തൊടിയിലേയ്ക്ക് ഓടിപ്പോയി. പിന്നാലെ ഓടിച്ചെന്നപ്പോൾ അവൾ “അച്ഛേ... അശ്വകന്തി ദാ...” എന്ന് ഒച്ചയിട്ടു.

“എവിടെ?”

ഞാനവളുടെ മുന്നിൽ മുട്ടുമടക്കിയിരുന്നുകൊണ്ട് ചോദിച്ചു. അവൾ ചിരിച്ചതേയുള്ളു. തൊടിയിൽ പുല്ലുകൾ വകഞ്ഞ് ആരോ പോയതിന്റെ ലക്ഷണമുണ്ടായിരുന്നു. പുളിമരത്തിന്റെ കാനൽ വീണ് ചതുപ്പായിടത്ത് നേർത്ത കുളമ്പടിപ്പാടുകൾ. ചിതറിയ കുരുത്തോലകൾ! കാറ്റ് ചിനച്ചുകൊണ്ട് മാവിലകളിലേയ്ക്കു പറന്നുപോയി.

തിരിച്ചുചെന്നപ്പോൾ നീതു എന്നെ വാതിൽക്കൽ പിടിച്ചുനിർത്തി.

“ഹരിയേട്ടാ... നാളെ ലതടീച്ചറോട് ഒന്നു ചോദിക്കണം. അങ്കണവാടിയിൽ അശ്വകന്തീന്ന് പേരുള്ളൊരു കുട്ടിയില്ലെന്നാണ് ടീച്ചർ പറയുന്നത്! എനിക്കവൾ കൂടെക്കൂടെ അതുതന്നെ പറയുന്നത് കേട്ടിട്ട് എന്തോപോലെ തോന്നുന്നു.”

അന്ന് അങ്കണവാടിയിൽ പോകുന്ന വഴിക്ക് സാഷ ഒന്നും മിണ്ടിയില്ല. തൊടിയിൽ കളിയാട്ടവരവുകാരുടെ തോറ്റമുണ്ടോ? ഞാൻ ചെവിടോർത്തു. അവരുടെ കുതിരകൾ വിശ്രമിക്കുകയായിരിക്കും. ഈ കുന്നിൻമുകളിൽ പണ്ടൊരു കിണറുണ്ടായിരുന്നു. തുരന്ന പാറയിലൂടെ കേശികബലംകൊണ്ട് കയറിവന്ന ജലം. അത് തേൻപോലെ മധുരിച്ചു. ആ മേട് പിൽക്കാലം തേനേരിപ്പാറയായി. കൊടുംവേനലിൽ മൃഗതൃഷ്ണകളുയരുന്ന പാറകൾക്കിടയിൽ കിണർ സത്യമായി കിടന്നു. ടിപ്പുവാണ് അതു കുഴിച്ചതെന്നു പഴയ ആളുകൾ പറഞ്ഞു. അയാളുടെ പടക്കുതിരകൾ അനാദിയായ ദാഹം ശമിപ്പിച്ച് ഈ തൊടികളിലെ പച്ചയിൽ ആലസ്യം പൂണ്ടു.

അങ്കണവാടിയിൽ അശ്വകന്തിയെന്ന പേരിൽ ആരുമില്ലെന്നു ടീച്ചർ ഉറപ്പിച്ച് പറഞ്ഞു. ആ കെട്ടിടത്തിന്റെ മതിൽക്കെട്ടിനപ്പുറം ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്‌സാണ്. മീട്ടാപ്പാനിന്റെ ഗന്ധം വായുവിൽനിന്ന് ഇഴപിരിച്ചെടുക്കുന്നതിനിടയിൽ. അശ്വകന്തി... എന്നു ഞാൻ പുറപ്പെടുവിച്ച വിളിക്ക് ആരും ചെവി തന്നില്ല. ഞാൻ നാട്ടിലെ ഒരു സുഹൃത്തിനെ വിളിച്ചു.

“ഇവിടെ എവിടെയെങ്കിലും കുതിരയെ വളർത്തുന്ന ആരെങ്കിലും നിന്റെ പരിചയത്തിൽ ഉണ്ടോ?”

“കുതിരയോ.. എന്റെ ഓർമ്മയിൽ ഒന്നും വരുന്നില്ലെടാ... ഞാൻ ഒന്ന് അന്വേഷിച്ചിട്ട് വിളിക്കാം.”

അവൻ ഫോൺ വച്ച ഉടനെ ഞാൻ ഹൗസ് ഓണറെ വിളിച്ചു.

“സാറിനെന്തിനാ സാറേ ആ വെടക്കുകെട്ട പിള്ളേരുടെ നമ്പറ്. അവസാനം കോടാലിയാവുമേ... അത്രക്ക് അസത്ത് ജന്തുക്കളാണ്.”

കോളേജ് വിട്ടുവരുന്ന വഴിക്ക് ജംങ്ഷനിൽ വച്ച് കാണാമെന്നാണ് ആ പെൺകുട്ടി പറഞ്ഞത്. അവൾക്ക് എന്നെ കാണാൻ ഒട്ടും താല്പര്യമില്ലായിരുന്നു. സാഷയുടെ കാര്യം പറഞ്ഞപ്പോഴാണ് അവൾ സമ്മതിച്ചത്.

ജംങ്ഷനിൽ അവളെ കാത്തുനിൽക്കുമ്പോൾ അവൻ തിരിച്ചുവിളിച്ചു.

“എടാ... ഒരാളുണ്ട്. പക്ഷേ, കുതിരയെന്നൊന്നും പറഞ്ഞുകൂടാ... ഒരു പോണി. തേനേരിപ്പാറ, ആ കയറ്റത്തിൽ ആദ്യം കാണുന്നതാണ് വീട്. അല്ല നിനക്കിപ്പൊ എന്തിനാണ് കുതിര?”

Illustration
കഥയുടെ ചിത്രീകരണംസചീന്ദ്രന്‍ കാറഡുക്ക

“ആ കുതിരകളെ വരച്ചത് ഞാനാണ്.”

അവൾ നിസ്സംഗമായി പറഞ്ഞു. അവളുടെ കണ്ണിനുചുറ്റും ഉറക്കച്ചടവിന്റെ കരുവാളിപ്പ് പടർന്നിരുന്നു. നഖങ്ങളിലെ ചാർക്കോൾ മണം എന്റെ മൂക്കിൽ തൊട്ടു. വിളർച്ച ബാധിച്ച നെറ്റിയിൽ ഇരുപത്തഞ്ച് പൈസ വട്ടത്തിൽ ഒരുണൽ ഇനിയും ഉണക്കമായിട്ടില്ല.

“അശ്വകന്തി എന്ന പേരിൽ നിങ്ങൾക്കാരെയെങ്കിലും അറിയാമോ? അങ്ങനെ ആരെങ്കിലും നിങ്ങളുടെ ഒപ്പം താമസിച്ചിരുന്നോ?”

അവൾ രൂക്ഷമായി എന്നെ നോക്കി.

“എനിക്ക് കുറച്ച് തിരക്കുണ്ട്. പറ്റുമെങ്കിൽ ആ ചിത്രങ്ങൾ മായ്‌ച്ചു കളയൂ...”

അവൾ തിരിഞ്ഞുനടന്നു. പിന്നെ എന്തോ ഓർത്തിട്ടെന്നപോലെ തിരിച്ചുവന്ന്, ബാഗ് തുറന്ന് ഒരു ചെറിയപെട്ടി എടുത്ത് എനിക്കു നേരെ നീട്ടി.

“അവൾക്കു കൊടുക്കൂ...”

ഞാനതു തുറന്നുനോക്കി. ഒരു ചെറിയ കൂട് ക്രയോൺസ്. കൂടിനു മുകളിൽ ഒരു യൂണിക്കോണിന്റെ ചിത്രം!

കയറ്റത്തിലെ വലിയ വീടിനു മുൻവശം വിജനമായിരുന്നു. കരിയിലകൾ നിറഞ്ഞ് മുറ്റം അലങ്കോലമായി കിടക്കുന്നു. എന്നേ ജലാംശം നഷ്ടപ്പെട്ട ചെടികൾ മരണത്തെ പ്രതീക്ഷിക്കുയാണെന്നു തോന്നി. ആ വീടിനെയാകെ ഏതോ വിഷാദം ഗ്രസിച്ചിരിക്കുകയാണ്. കോളിംഗ് ബെല്ലടിക്കുമ്പോൾ ആരും വാതിൽ തുറക്കുമെന്നു ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഒരു മധ്യവയസ്‌കൻ. ഒരു ലുങ്കി മാത്രമായിരുന്നു അയാളുടെ വേഷം.

“ഉണ്ടായിരുന്നു. പക്ഷേ, കുതിരയല്ല. ഒരു പോണി. കുതിരയെ വേണമെന്നായിരുന്നു അവൾക്ക്. ഇതിനെ ഊട്ടിയിൽനിന്നാണ് കൊണ്ടുവന്നത്. അവളെപ്പോഴും അതിന്റെ ഒപ്പം തന്നെയായിരുന്നു. രണ്ടു മാസം കഴിഞ്ഞപ്പോൾ പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ അത് ചത്തു. ഈ കാലാവസ്ഥ അതിനു യോജിച്ചതായിരുന്നില്ല.”

“അതിന്റെ പേര് അശ്വകന്തി എന്നായിരുന്നോ?”

“പേരും നാളും വിശേഷവും ഒക്കെ അറിഞ്ഞിട്ടെന്തിനാ?”

അയാൾ പെട്ടെന്നു ദേഷ്യപ്പെട്ടു. ചെവിക്കുടകളിലെ രോമങ്ങൾ വിറച്ചു. അയാളുടെ അമേയശക്തിയാലെന്നപോലെ കാറ്റ് കുളമ്പടിച്ചുകൊണ്ട് മുറ്റത്തേയ്ക്ക് പറന്നുവന്നു. കരിയിലകൾ അതിനൊപ്പം പടക്കുതിരകളെപ്പോലെ പടിഞ്ഞാറേയ്ക്ക് കുതിച്ചു. തിരിഞ്ഞുനടക്കുമ്പോൾ അയാളുടെ വിരിഞ്ഞ മുതുകിൽ ചിറകുകളുള്ള ഒരു കുതിരയെ പച്ചകുത്തിയത് കണ്ട് എനിക്ക് രോമാഞ്ചമുണ്ടായി.

ഞാൻ വീട്ടിലെത്തി ചിമ്മിണിക്ക് പിറകിലെ കുതിരകളെ പരിശോധിച്ചു. അവയുടെ ചുവന്ന കണ്ണുകളിൽ മൂക്ക് ചേർത്തു ശ്വസിച്ചപ്പോൾ പഴകിയ രക്തത്തിന്റെ വാസന എനിക്കു കിട്ടി. തെച്ചിക്കാടിനു പിറകിൽ ഒരു മൃഗം കിതയ്ക്കുന്ന ശബ്ദം. ഞാൻ ഭീതിയോടെ സാഷയെ തിരഞ്ഞു.

സാഷ കോമിക് ബുക്കിൽ ലയിച്ചിരിക്കുകയായിരുന്നു. ക്രയോൺസ് കൊടുത്തപ്പോൾ അവളുടെ മുഖം പ്രകാശിച്ചു.

“അശ്വകന്തി പെൻശിലാണ്.”

ഓർക്കാപ്പുറത്ത് അത് കേട്ടപ്പോൾ എനിക്ക് ഉൾക്കിടിലമുണ്ടായി. ഞാൻ ഗൂഗിളിൽ യൂണിക്കോണുകളുടെ പുരാവൃത്തം തിരഞ്ഞു. പടിഞ്ഞാറൻ രാജ്യങ്ങളിൽ ഇപ്പോഴും ജീവിക്കുന്നുണ്ടെന്നു കരുതപ്പെടുന്ന ഒരു മൃഗമാണത്. അൽഭുതസിദ്ധികളുള്ള ആ ജീവിയെ വേട്ടയാടി പിടിക്കാൻ കന്യകകൾക്കു മാത്രമേ സാധിക്കൂ. ആളുകൾ ഇപ്പോഴും അതിനു മുതിരാറുണ്ട്. രാത്രിയിൽ തൊടിനിറയെ കുളമ്പടി ശബ്ദം കേട്ടു. സാഷ ഇറങ്ങിപ്പോയേക്കുമോ എന്നു ഞാൻ ഭയന്നു. ടീ.വിയിൽ അന്താരാഷ്ട്ര കായിക കോടതി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അപ്പീൽ തള്ളിയ വാർത്ത സ്‌ക്രോൾ ചെയ്തുപോയി. നാളെ അശ്വാഭ്യാസത്തിൽ ഇന്ത്യയ്ക്കുവേണ്ടി ആദ്യമായൊരു വനിത മത്സരിക്കാനിറങ്ങുന്നു. സാഷ ക്രയോണ്‍സ് കൊണ്ട് ചുവരിൽ L എന്ന ലെറ്റർ വരച്ചു. ആരോ ചിനയ്ക്കുന്നുണ്ടോ? ഞാൻ കാത് കൂർപ്പിച്ചു. ഉറക്കച്ചടവുള്ള കണ്ണുകളുമായി സാഷ അപ്പോൾ എന്റെ അരികിലേയ്ക്കു വന്നു.

“അച്ഛ വാ...”

സാഷ കയ്യിൽ പിടിച്ചു പുറത്തേയ്ക്കു നടന്നു. പുറത്ത് നിദ്രയുടെ രാജ്യമെന്നപോലെ രാത്രി കരിനീലയിൽ മുങ്ങിക്കിടക്കുന്നു. സാഷയും ഞാനും നടന്ന് ചിമ്മിണിക്കു പിറകിലെത്തി. കുതിരകൾ അക്ഷമരായിരുന്നു. അവൾ പെട്ടി തുറന്ന് ചുവന്ന നിറമുള്ളൊരു ക്രയോൺസ് പുറത്തെടുത്തു. “Five minutes to bed.” ഞാനവളുടെ ചെവിയിൽ അടക്കം പറഞ്ഞു. ചെറിയ വിരലുകളിൽ ക്രയോൺസ് ഇറുക്കിപ്പിടിച്ച് എല്ലാ കുതിരകളുടേയും നെറ്റിയിൽ അവൾ കൊമ്പു വരച്ചു ചേർത്തു. അവയുടെ വിലാപഭാവം പൊടുന്നനെ മാഞ്ഞുപോയി. സാഷ ആഹ്ലാദത്തോടെ തിരിഞ്ഞു നിന്നു. ‘അശ്വഗന്ധി’ അവൾ എന്നത്തേതിലും സ്ഫുടമായി പറഞ്ഞു. ഞാൻ കീശയിൽനിന്നു ഡയറി തപ്പിയെടുത്ത് അവസാനം എഴുതിയ വാക്കിനു നേരെ അതിന്റെ അർത്ഥമെഴുതി. അപ്പോൾ കുതിരകളെല്ലാം പിൻകാലുകളിൽ ഉയർന്നു ചിനയ്ക്കുകയും രാജ്യം ഉറക്കത്തിൽ നിന്നുണരുകയും ചെയ്തതായി എനിക്കു തോന്നി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com