

ഗ്രാമ പഞ്ചായത്ത് പുതുതായി തുടങ്ങിയ ഓപ്പൺ ജിമ്മിൽ വ്യായാമം ചെയ്യുന്നവരുടെ കൂടെ മഹേശനും കാണുമെന്ന് സുരാജൻ വിചാരിച്ചതല്ല. നിലത്തുറപ്പിച്ച പച്ച പെയിന്റടിച്ച സൈക്കിളിലിരുന്ന് അവൻ അതിരാവിലെ ആഞ്ഞുചവിട്ടുന്നതുകണ്ട് അയാൾ അത്ഭുതപ്പെട്ടു. നീയിതെന്നു തുടങ്ങിയെന്ന അയാളുടെ ചോദ്യത്തെ അവഗണിച്ച് അവൻ ജിമ്മിൽനിന്നിറങ്ങി വഴിയിലേയ്ക്കു വന്നു. കട്ടിപിടിച്ചു കിടന്ന ഇരുട്ട് ഒഴിഞ്ഞുപോയ ചെമ്മൺനിരത്തിലൂടെ അവർ പുഴക്കരയിലേയ്ക്ക് നടന്നു.
കഴിഞ്ഞ വർഷം ഉദ്ഘാടനം നടന്ന പാലത്തിലൂടെ കരിങ്കൽ മടകളിലേക്കുള്ള ടോറസ് ലോറികൾ അമിതവേഗത്തിൽ പോകുന്നുണ്ട്. പായുന്നതിന്റെ മികവനുസരിച്ചാണ് അവയ്ക്ക് ഒരു ദിവസം കിട്ടുന്ന ട്രിപ്പുകളുടെ എണ്ണം തീരുമാനിക്കപ്പെടുന്നത്.
പാലത്തിലേക്കുതന്നെ നോക്കിനിന്ന അയാൾക്ക് ഓർമ്മ വന്നത് കഴിഞ്ഞ വർഷം വരെ അതിനിപ്പുറത്ത് കടത്തുവഞ്ചി സർവ്വീസ് നടത്തിയിരുന്ന അച്ഛനെയാണ്. നല്ലൊരു തുകയ്ക്ക് ലേലം പിടിച്ചാണ് അച്ഛൻ കടത്തുവഞ്ചി സർവ്വീസ് നടത്തിയിരുന്നത്. പാലം തുറന്ന ദിവസം നാട്ടിൽ ഉത്സവമായിരുന്നു. പാലം അലങ്കരിച്ചും പടക്കം പൊട്ടിച്ചും മധുരം വിളമ്പിയുമൊക്കെ അളുകൾ ആ ദിവസത്തെ ഗംഭീരമാക്കി. അവർക്ക് അതുവഴി കിട്ടിയ സൗകര്യങ്ങളുടെ ആഹ്ലാദം മുഴുവൻ ആഘോഷങ്ങളിൽ പ്രകടമായി. എന്നാൽ, അച്ഛന്റെ മുഖം മ്ലാനമായിരുന്നു.
പിറ്റേന്നുതന്നെ അച്ഛൻ കടത്തുവഞ്ചി പുഴയിൽനിന്നും വലിച്ചുകയറ്റി ഒരു ലോറിയിൽ വീട്ടുമുറ്റത്ത് കൊണ്ടുവന്നു. പിന്നീടതിനു വലിയ ഉപയോഗമൊന്നും വരില്ലെന്ന് അച്ഛന് ഉറപ്പായിരുന്നു. എങ്കിലും വേണ്ടപ്പെട്ടൊരാളെ പരിചരിക്കുന്ന മട്ടിൽ വലിയ കല്ലുകൾ ഉരുട്ടിക്കൊണ്ടുവന്ന് അച്ഛൻ അയൽക്കാരുടെ സഹായത്തോടെ വഞ്ചി അതിനു മുകളിൽ കയറ്റി വച്ചു. തുടർന്നുവന്ന മഴക്കാലത്ത് കല്ലിന്മേലിരുന്ന വഞ്ചിയുടെ അടിയിൽക്കൂടി വെള്ളമൊഴുകി പോകുമ്പോൾ അച്ഛന്റെ മുഖത്തെ ഭാവം ശ്രദ്ധിക്കാൻ അയാൾക്ക് ധൈര്യമുണ്ടായില്ല.
അതോടെ തൊഴിലും വരുമാനവും നഷ്ടപ്പെട്ട് അച്ഛൻ മൗനത്തിലായി. ഒരക്ഷരം മിണ്ടാതെ മണിക്കൂറുകളോളം അച്ഛൻ ഇറയത്ത് ചടഞ്ഞിരുന്നു. സ്വതവേ മെലിഞ്ഞിരുന്ന അച്ഛൻ കൂടുതൽ മെലിഞ്ഞു. ഇറയത്തിരുന്നുതന്നെ അച്ഛൻ സ്വർലോകത്തേയ്ക്കൊരു പാലം പണിതു. പിന്നെ അതിലൂടെ നടന്ന്, വഞ്ചിയും തുഴയുമൊക്കെ കരയിലുപേക്ഷിച്ച്, അപ്രത്യക്ഷനായി.
അതും കഴിഞ്ഞിട്ടിപ്പോൾ ആറുമാസമാകുന്നു. താനും അമ്മയും മാത്രമുള്ള ചെറുകുടുംബത്തിനു ജീവിക്കാൻ വഴിയൊന്നും തുറക്കുന്നില്ലെന്ന് അയാൾ ഇടയ്ക്കു കാണുമ്പോഴൊക്കെ മഹേശനോട് പറയാറുണ്ടായിരുന്നു.
ഒട്ടും ഇഷ്ടമില്ലാതെ അച്ഛൻ തനിക്കു വഴങ്ങിത്തന്ന ഒരേയൊരവസരം മാത്രമാണ് ഓർമ്മയിലുള്ളത്. മാജിക് പഠിക്കണമെന്നു പറഞ്ഞപ്പോഴായിരുന്നു അത്. അങ്ങനെയൊരു ആഗ്രഹം സുരാജന് അടക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു തുമ്പി അതിന്റെ നേർത്ത കൈകാലുകൾ കൊണ്ട് കല്ലെടുത്തു പൊക്കുന്നത്, ഒരു ചിലന്തി അസാദ്ധ്യമെന്നു തോന്നുന്ന രീതിയിൽ ഞാന്നുകിടന്നുകൊണ്ട് വല നെയ്യുന്നത്, ഒരു കുരുവി അതീവ ഭംഗിയിൽ അതിന്റെ കൂടൊരുക്കുന്നത് ഒക്കെ കണ്ടപ്പോഴാവും മറ്റുള്ളവരെ അതിശയിപ്പിക്കുന്നത് ചെയ്യണമെന്ന വിചാരം തലയിൽ കയറിക്കൂടിയത്. അതിനും മുൻപു വായിച്ച മാന്ത്രിക ചിത്രകഥകളാണ് അത്തരം അത്ഭുതങ്ങൾ ഉള്ളിലേയ്ക്ക് കടത്തിവിട്ടത്. ആദ്യമൊന്നും അച്ഛൻ അടുത്തതേയില്ല. ഒടുവിൽ ഹയർ സെക്കന്ററിയിൽ പഠിക്കുമ്പോൾ അമ്മയുടേയും ആവർത്തിച്ചുള്ള നിർബ്ബന്ധങ്ങൾക്കു കീഴടങ്ങിയാണ് അച്ഛൻ വഞ്ചിയിൽ പുഴകടന്ന് അകലെയുള്ള മജീഷ്യൻ ഭാർഗ്ഗവൻ മാസ്റ്ററുടെ അടുത്ത് കൊണ്ടുപോയത്. മാസ്റ്ററുടെ വീടിന്റെ പടികയറുമ്പോഴും അച്ഛൻ ദയനീയമായി ചോദിച്ചിരുന്നു:
“നെനക്ക് പത്തു രൂപ ശമ്പളം കിട്ടണ ന്തെങ്കിലും പഠിച്ചൂടെ?”
പണം ശമ്പളമായിത്തന്നെ കിട്ടണമെന്ന് അച്ഛനെന്താണ് വാശിയെന്നു ചോദിക്കണമെന്നു തോന്നിയതാണ്. അതൊന്നും ചോദിക്കാൻ ഒരിക്കലും തന്റേടം കിട്ടില്ല. അമ്മ പഠിപ്പിച്ചു വെച്ചിട്ടുള്ളതനുസരിച്ച് അതൊക്കെ ധിക്കാരങ്ങളുടെ പട്ടികയിലാണ് പെടുന്നത്. കൂടാതെ എങ്ങനേയും മാസ്റ്ററുടെ ശിഷ്യനാവുകയും വേണം.
മാസ്റ്ററുടെ വീട്ടിലെ വലിയൊരു മുറി നിറയെ മാജിക്കിനുള്ള സാധനങ്ങളാണ്. പല നിറത്തിലും അളവിലുമുള്ള നിരവധി പെട്ടികൾ, തൊപ്പികൾ, വർണ്ണത്തൂവാലകൾ, മാന്ത്രികവടികൾ, ചാക്കുകൾ, വസ്ത്രങ്ങൾ, അങ്ങനെ നീണ്ടുപോകുന്നു അവയുടെ നിര. മാസ്റ്റർ അയാളോട് ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു. മാജിക് പഠിക്കുമ്പോൾ പുലർത്തേണ്ട നിഷ്ഠകളെപ്പറ്റി പറഞ്ഞു. മറ്റുള്ളവരെ കബളിപ്പിക്കാനോ വഞ്ചിക്കാനോ വേണ്ടി ഒരിക്കലും അത് ഉപയോഗപ്പെടുത്തരുതെന്ന് അടിവരയിട്ടു.
അടുത്ത മാസം മുതൽ പഠനത്തിനു വന്നുകൊള്ളാൻ അദ്ദേഹം പറഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്. പുറത്തിറങ്ങി നടക്കുമ്പോൾ തോന്നിയ സന്തോഷം ഒന്നുകൊണ്ടും അളക്കാൻ പറ്റുന്നതായിരുന്നില്ല.
ബി.എ കോഴ്‌സിന്റെ കാലത്തും മാജിക് പഠനം തുടർന്നു. മനസ്സ് ഏകാഗ്രമാക്കാൻ വലിയ പരിശീലനങ്ങൾ വേണമെന്നു ബോദ്ധ്യപ്പെട്ടു. ഉള്ളിൽ ഒരു സൂചിമുന എപ്പോഴും ഉയർന്നിരിക്കുന്നത് അനുഭവിച്ചറിഞ്ഞു. പഠനങ്ങൾ അവസാനിക്കുന്നില്ല.
ഇതിനൊക്കെയിടയിലാണ് അച്ഛന്റെ മരണം. ശമ്പളമില്ലെങ്കിലും ജീവിക്കുമെന്ന് അച്ഛന് ഇനി മറുപടി കൊടുക്കേണ്ട സമയമാണ്.
പുഴക്കരയിലൂടെയുള്ള നടത്തത്തിനിടയിൽ മഹേശനോട് ഇക്കാര്യങ്ങൾ തന്നെയാണ് പറഞ്ഞുകൊണ്ടിരുന്നത്. സ്വന്തമായി പ്രകടനങ്ങൾ നടത്തിത്തുടങ്ങാമെന്ന് അച്ഛന്റെ മരണ വിവരമറിഞ്ഞശേഷം മാസ്റ്റർ തന്നെ അയാളോട് പറഞ്ഞു. അല്ലെങ്കിൽ അതെങ്ങനെ അദ്ദേഹത്തോടു ചോദിക്കുമെന്നു വിചാരിച്ചിരുന്ന നേരത്തുള്ള മാസ്റ്ററുടെ പറച്ചിൽ ഉള്ളിലേയ്ക്ക് ഒരുതുഴ പുഴവെള്ളം കോരിയൊഴിച്ചെന്ന് അയാൾ മഹേശനോട് പറഞ്ഞു. എന്നാൽ, അതിനുള്ള ഉപകരണങ്ങൾ എങ്ങനെ വാങ്ങുമെന്ന അവന്റെ ചോദ്യം ഉള്ളിലേയ്ക്കു വീണ തണുപ്പിനെ അപ്പോൾത്തന്നെ തിളപ്പിച്ചു.
മാസ്റ്ററെ കണ്ട് അത്യാവശ്യമായി എന്തൊക്കെയാണ് പ്രദർശനം തുടങ്ങാൻ വാങ്ങേണ്ടതെന്നുള്ള ഒരു പട്ടിക ഉണ്ടാക്കാൻ മഹേശൻ അയാളോടു പറഞ്ഞു. അതിന് ഏകദേശം എത്ര പണം വേണ്ടിവരുമെന്നും അദ്ദേഹത്തോട് ചോദിക്കണം.
“ചോദിച്ചറിഞ്ഞിട്ട് എന്താ കാര്യം? കാശുണ്ടാക്കാൻ ഒരു വഴീം ഇല്ല.”
അയാളുടെ സംശയം കേട്ട് അതിനൊക്കെ ചില വഴികൾ താൻ നോക്കാമെന്ന് മഹേശൻ മറുപടി പറഞ്ഞു. വായ്പ സംഘടിപ്പിക്കണം. തിരിച്ചടയ്ക്കാൻ പരമാവധി സമയം ചോദിക്കണം. അപ്പോൾ തവണകളുടെ തുക കുറഞ്ഞുകിട്ടും.
അയാൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അമ്മാവൻ അവിടെയുണ്ടായിരുന്നു. തീരാത്തത്ര ആശങ്കകൾ ഉള്ളിൽ കുത്തിനിറച്ചൊരാളാണ് അമ്മാവൻ. അതൊക്കെ പുറത്തെടുത്തുകാണുമെന്ന് ഉറപ്പാണ്. അല്ലെങ്കിൽ അമ്മയുടെ കണ്ണുകളിപ്പോൾ ഉപ്പന്റേതു മാതിരി ചുവക്കില്ലായിരുന്നു.
മുറ്റത്തു കിടക്കുന്ന വഞ്ചിയിലേയ്ക്കും അയാളുടെ മുഖത്തേയ്ക്കും മാറിമാറി നോക്കിക്കൊണ്ട് അമ്മാവൻ അടുത്ത സംഭ്രമത്തിന്റെ കെട്ടഴിച്ചു.
“നെനക്ക് തണ്ടും തടീമൊക്കെയായില്ലേ? ഇനി കല്ലുമ്പുറത്തിരിക്കണ ഈ വള്ളം താഴെയിറക്കി പാലോം വേറെ വഞ്ചീം ഒന്നൂല്ലാത്ത ഒരു കടവില് കൊണ്ടെയിട്ട് സർവ്വീസ് നടത്തി പത്തു രൂപ ഉണ്ടാക്കാൻ നോക്കരുതോ?”
അച്ഛനും അമ്മാവനുമൊക്കെ എവിടെനിന്നു കിട്ടിയതാണൊ ഈ പത്തു രൂപ ഉണ്ടാക്കുന്ന കണക്ക്. അയാളതിനു മറുപടിയൊന്നും പറഞ്ഞില്ല. അമ്മയുണ്ടാക്കിക്കൊടുത്ത തൊണ്ടു കാപ്പിയും കപ്പപ്പപ്പടം വറുത്തതും കഴിച്ചു മടങ്ങാൻ നേരത്ത് നീ അമ്മയെ കണ്ണീരു കുടിപ്പിക്കരുതെന്ന് അമ്മാവൻ പറഞ്ഞതിന്റെ പൊരുളും അയാൾക്കു മനസ്സിലായില്ല. അമ്മയ്ക്കെന്നല്ല, ആർക്കെങ്കിലും കണ്ണീര് ഉണ്ടാക്കിക്കൊടുത്ത ഒരോർമ്മയും ഇല്ല. എങ്കിലും ഇത്തരം കാരണവന്മാർ എവിടെ നിന്നെങ്കിലും കേട്ടുപഠിച്ചതൊക്കെ സംഭാഷണത്തിനിടയിൽ നാലുപാടും വിതറിക്കൊണ്ടിരിക്കും.
അമ്മാവൻ പോയിക്കഴിഞ്ഞ് അയാൾ അമ്മയോട് താൻ മാജിക്‌ഷോകൾ നടത്താൻ തീരുമാനിച്ച വിവരം പറഞ്ഞു. ഇക്കാര്യങ്ങളെക്കുറിച്ചൊന്നും വേണ്ടത്ര ധാരണയില്ലെങ്കിലും ഇതിനൊക്കെ ഒരുപാട് കാശുവേണ്ടേയെന്ന് അമ്മ ചോദിച്ചു. മഹേശൻ ചില വഴികളൊക്കെ നോക്കുന്നുണ്ടെന്ന് അയാൾ അമ്മയോട് പറഞ്ഞു.
പിറ്റേന്ന് മഹേശൻ രണ്ട് ഉദ്യോഗസ്ഥർക്കൊപ്പം വീട്ടിലേയ്ക്ക് വന്നു. അവർ വരുന്നതുകണ്ട് അമ്മ അകത്തുപോയി ഒരു കച്ചത്തോർത്തെടുത്ത് തോളിൽ ഇടതുനിന്നും വലത്തോട്ട് താഴ്ത്തിയിട്ടു. വാതിലിനു മറവിൽ അമ്മ നിശ്ശബ്ദം എല്ലം നോക്കിനിന്നു. ഭിത്തിയിലെ വാർക്കയാണിയിൽ ഒരു ഫ്രെയ്‌മിനുള്ളിൽ തൂങ്ങിനിന്ന് അച്ഛനും എല്ലാം കാണുന്നുണ്ട്. കയ്യിലൊരു പങ്കായം പിടിച്ച് തോണിക്കു മുന്നിൽനിന്നുകൊണ്ട് അച്ഛൻ എല്ലാം ശ്രദ്ധിക്കുന്നു.
വാതിലിനു പിന്നിൽ നില്‍ക്കുന്ന അമ്മയോടായി അതിലൊരു ഉദ്യോഗസ്ഥൻ പറഞ്ഞത് അവർ തനിക്കൊരു വായ്പ ഈ വീടിന്റേയും കെട്ടിടത്തിന്റേയും ഈടിൽ തരാൻ പോകുകയാണെന്നും അമ്മയും കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്നുമാണ്. പെട്ടെന്ന് അമ്മയിൽനിന്നും പ്രതികരണമൊന്നുമുണ്ടായില്ല. പിന്നെ അച്ഛന്റെ ചിത്രത്തിൽത്തന്നെ നോക്കിനിന്നു തിരിച്ചടവ് മുടങ്ങിയാൽ വീട് ജപ്തി ചെയ്യുമോയെന്ന് അമ്മ ചോദിച്ചു. അതിനവർ കൃത്യമായ മറുപടി പറയാതിരുന്നപ്പോൾ, വഞ്ചി കെട്ടിയിട്ട് രാത്രി കയറിവരുന്ന നേരത്ത് അച്ഛൻ ചുമയ്ക്കുന്നതോർമ്മിപ്പിച്ച് അമ്മ ചുമച്ചു.
ഒടുവിൽ വായ്പ അനുവദിച്ചുകിട്ടി. അയാൾ മഹേശനേയും കൂട്ടി പാലം കടന്ന് ഭാർഗ്ഗവൻ മാസ്റ്ററെ കാണാൻ പോയി. അവിടെയുണ്ടായിരുന്ന കൊച്ചുകുട്ടികൾക്കു രസിക്കാൻ ചില ചെറിയ ഇനങ്ങളൊക്കെ അദ്ദേഹം കാട്ടിക്കൊടുക്കുകയായിരുന്നു.
ഉദ്യോഗസ്ഥരെ യാത്രയാക്കിയശേഷം തിരിച്ചുവന്ന മഹേശൻ പറഞ്ഞത് ഒരാഴ്ച കഴിഞ്ഞു ചെന്നാൽ വിവരമറിയാമെന്നാണ്. അതു നടക്കുമെന്ന് ആരോടെന്നില്ലാതെ അവൻ രണ്ടുതവണ ആവർത്തിച്ചത് അയാൾക്കു സമാധാനമായിക്കൊള്ളട്ടെ എന്നു വിചാരിച്ചാവും. അവൻ പോയിക്കഴിഞ്ഞപ്പോൾ, എല്ലാം നുള്ളിപ്പെറുക്കിയും പഞ്ചായത്തിൽനിന്നും സഹായം വാങ്ങിയുമൊക്കെ അച്ഛൻ കെട്ടിയുണ്ടാക്കിയ നമ്മുടെ വീട് ജപ്തിചെയ്തു കൊണ്ടുപോകുന്ന സ്ഥിതി വരുമോയെന്ന് അമ്മ അയാളെ മുന്നിൽ വിളിച്ചുനിറുത്തി ചോദിച്ചു. മാജിക്‌ഷോകൾ വരികയാണല്ലൊയെന്നും നമ്മൾ വായ്പ കൃത്യമായി തിരിച്ചടയ്ക്കുമെന്നും ജപ്തിയുടെ പ്രശ്നമേയുണ്ടാകില്ലെന്നും അയാൾ അമ്മയുടെ പാദങ്ങളിൽ വിരൽ തൊട്ട് ആണയിട്ടു.
ഒടുവിൽ വായ്പ അനുവദിച്ചുകിട്ടി. അയാൾ മഹേശനേയും കൂട്ടി പാലം കടന്ന് ഭാർഗ്ഗവൻ മാസ്റ്ററെ കാണാൻ പോയി. അവിടെയുണ്ടായിരുന്ന കൊച്ചുകുട്ടികൾക്കു രസിക്കാൻ ചില ചെറിയ ഇനങ്ങളൊക്കെ അദ്ദേഹം കാട്ടിക്കൊടുക്കുകയായിരുന്നു. വസ്തുക്കൾ പ്രത്യക്ഷപ്പെടുത്തിയും ഉടൻതന്നെ അപ്രത്യക്ഷമാക്കിയും കയ്യടക്കത്തിന്റെ അപാരവേഗങ്ങൾ മാസ്റ്റർ അവതരിപ്പിക്കുന്നത് അയാൾ ഇമയടയ്ക്കാതെ നോക്കിനിന്നു. മുറ്റത്തു നിൽക്കുകയായിരുന്ന മാസ്റ്ററുടെ പിന്നിലെ നീല ആകാശം ആ പ്രകടനങ്ങൾക്ക് ബാക് കർട്ടനൊരുക്കി. കഴുത്തറ്റം നീണ്ടുകിടന്ന അദ്ദേഹത്തിന്റെ മുടി ചെറിയ തലയനക്കങ്ങളിൽ പിന്നിലേയ്ക്കു മറയുന്നതുപോലും ഒരു മാന്ത്രിക പ്രകടനമായി.
അയാൾക്കു തുടക്കത്തിൽത്തന്നെ വാങ്ങാനുള്ള ഉപകരണങ്ങളുടെ ലിസ്റ്റ് അദ്ദേഹം എഴുതിക്കൊടുത്തു. പിന്നെ അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി, സ്റ്റേജിൽ ചടുലമാകാറുള്ള ചലനങ്ങൾ ശാന്തമാക്കി, തിളങ്ങുന്ന ഒരു വടിയെടുത്ത് അയാളുടെ കൈകൾ ചേർത്തുപിടിച്ച് അതിൽ വെച്ചുകൊടുത്തു. എല്ലാവരേയും വിസ്മയത്തിന്റെ സൂചിമുനയിൽ നിറുത്തുന്ന ആയിരക്കണക്കിനു പ്രകടനങ്ങൾ നിനക്കു നടത്താൻ കഴിയട്ടെ എന്നനുഗ്രഹിച്ചു. തന്റെ കണ്ണുകളപ്പോൾ നനവു പിടിക്കുന്നത് അയാൾ അറിഞ്ഞു.
തുടർന്നുവന്ന പല ദിവസങ്ങളിലും അയാളും മഹേശനും ഓരോ വസ്തുക്കൾ സംഘടിപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു. പലയിടങ്ങളിൽനിന്നും സാധനങ്ങൾ വാങ്ങിക്കൊണ്ടുവന്നു. ചിലത് വീട്ടിൽ ഉണ്ടാക്കിയെടുത്തു. അയാളുടെ വീട്ടിലെ ഒരു ചെറിയ മുറി ഉപകരണങ്ങൾകൊണ്ട് നിറഞ്ഞു. അതൊക്കെ കണ്ടുകണ്ട് അമ്മയുടെ കണ്ണുകൾ മാജിക്കൊന്നും കാണാതെതന്നെ എപ്പോഴും വിസ്മയത്തിലായി.
ഏവരുടേയും അംഗീകാരം നേടാൻ പോന്ന അത്യത്ഭുതകരമായ ഒരു പ്രകടനത്തിലൂടെ തുടങ്ങണമെന്ന തന്റെ പദ്ധതി അയാൾ മഹേശനോടു പറഞ്ഞു. അതിനാവശ്യമായ പരിശീലനങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. നഗരത്തിലെ എം.ജി പാർക്കിലാവണം ആ പരിപാടിയെന്നാണ് അയാളുടെ ആഗ്രഹം. അതു കിട്ടാനുള്ള സൗകര്യമനുസരിച്ച് തീയതി തീരുമാനിക്കണം. ഉദ്ഘാടനത്തിനു പൗരപ്രമുഖരേയും ഉദ്യോഗസ്ഥരേയുമൊക്കെ കൊണ്ടുവരണം. ഒറ്റ പ്രകടനത്തിലൂടെത്തന്നെ കുറച്ചധികം ബുക്കിംഗുകൾ കിട്ടും. ക്രമേണ പരക്കെ അറിയപ്പെടുന്ന ഒരു വലിയ മാന്ത്രികനാവും. വായ്പ തീർക്കാനും അമ്മയ്ക്ക് കുറച്ചുകൂടി നല്ലൊരു ജീവിതം നൽകാനും കഴിയും. വാസ്തവത്തിൽ ആഗ്രഹങ്ങളാണ് വലിയ ഇന്ദ്രജാലം നടത്തുന്നത്. അവ ആരുടേയും കണ്ണുകെട്ടുന്നു. വർണ്ണാഭമായ ഒരു വലിയലോകം കാട്ടിത്തരാനെന്നോണം കണക്കറ്റനാൾ അവ ഒരോരുത്തരേയും ഇരുൾനടത്തുന്നു.
തന്റെ അത്യത്ഭുതകരമായ പ്രകടനത്തിന്റെ വിശദാംശങ്ങളൊന്നും അയാൾ മഹേശനോട് പറഞ്ഞില്ല. അതു രഹസ്യമാക്കുന്നു. അന്നത്തെ വലിയ സന്തോഷത്തിനുവേണ്ടി അതിപ്പോൾ മൂടിവയ്ക്കുന്നു. ഒപ്പം എല്ലാറ്റിനും ഓടിനടന്നിട്ടും എന്തുകൊണ്ടത് പറഞ്ഞില്ലെന്നു നീ പരിഭവിക്കില്ലെന്ന് ഉറപ്പുണ്ടെന്നും അയാൾ കൂട്ടിച്ചേർത്തു.
അടുത്ത പത്താം തീയതിക്ക് എം.ജി പാർക്ക് ബുക്ക് ചെയ്തെന്ന് അയാൾ പിന്നീട് മഹേശനെ കണ്ടപ്പോൾ പറഞ്ഞു. സമയമാവുമ്പോൾ പത്രത്തിനൊപ്പം ബിറ്റ് നോട്ടീസ് വയ്ക്കുന്നുണ്ട്. പ്രധാന ഇടങ്ങളിലൊക്കെ പോസ്റ്റർ പതിപ്പിക്കും. സ്ഥലത്തെ എം.എൽ.എയും മുനിസിപ്പൽ കൗൺസിലറുമാണ് പ്രധാന അതിഥികൾ. അതുകൊണ്ട് പത്രത്തിൽ വാർത്തയ്ക്ക് ഇടം കിട്ടിയേക്കാം.
തീയതി അടുക്കുന്തോറും അയാൾക്ക് സംഭ്രമം കൂടുന്നുണ്ടെന്ന് മഹേശനു തോന്നി. വീട്ടിൽ ചെന്നപ്പോൾ പരിപാടി അവതരിപ്പിക്കാൻ അയാൾ തയ്യാറാക്കിയ ചെറു പ്രഭാഷണം മഹേശനു വായിക്കാൻ കൊടുത്തു. അതിനെപ്പറ്റിയൊന്നും വലിയ പിടിപാടില്ലാത്തതുകൊണ്ട് ഒക്കെ നന്നായിട്ടുണ്ടെന്നു പറഞ്ഞ് അവൻ തടിതപ്പി. പരിപാടിക്ക് അമ്മയെ പാർക്കിലേയ്ക്ക് കൊണ്ടുവരുമോ എന്ന ചോദ്യത്തിന് അതു കാണാനുള്ള കരുത്ത് അമ്മയ്ക്ക് ഉണ്ടായേക്കില്ലെന്ന് അയാൾ മറുപടിനൽകി. എന്നാൽ തനിക്കും കരുത്തു കുറവാണെന്നും അതുകൊണ്ട് തന്നെയും ഒഴിവാക്കാനും മഹേശൻ പറഞ്ഞപ്പോൾ ഉറ്റ ചങ്ങാതിയുടെ മുഖത്തുനോക്കിക്കൊണ്ടുവേണം തനിക്കന്നു പാർക്കിലേയ്ക്ക് കയറാൻ എന്ന് അയാൾ പറഞ്ഞു. അതുകൊണ്ട് അവനില്ലെങ്കിൽ പിന്നെ പരിപാടിയുമില്ലെന്നയാൾ അവനെ വരിഞ്ഞുമുറുക്കി.
അങ്ങനെ പത്താം തീയതി വന്നെത്തി. അന്നു രാവിലെ മുതൽ നഗരത്തിലും പരിസരങ്ങളിലും പരിപാടിയെപ്പറ്റിയുള്ള മൈക്ക് അനൗണ്‍സ്‌മെന്റ് നടക്കുന്നുണ്ടായിരുന്നു. ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. നേരത്തേതന്നെ മഹേശനേയും രണ്ടു സഹായികളേയും കൂട്ടി അയാൾ എം.ജി പാർക്കിലേയ്ക്ക് പോകാനൊരുങ്ങി. അടുക്കളയിൽനിന്നും ഇറങ്ങി വന്ന അമ്മയോടും ഭിത്തിയിലെ ഫോട്ടോയിലുള്ള അച്ഛനോടും അയാൾ നിശ്ശബ്ദം സമ്മതം വാങ്ങി.
പാർക്കിനു നടുവിൽ നല്ലവണ്ണവും പൊക്കവുമുള്ള ഒരു മുളയുടെ തൂണ് ഉറപ്പിച്ചിരുന്നു. തൂണിൽ വലിയൊരു കപ്പിയും അതിൽനിന്നും താഴേയ്ക്ക് തൂക്കിയിട്ട ബലമേറിയ കയറുമുണ്ട്. താഴെ കട്ടി കൂടിയ വലിയൊരു ചാക്കും ഇരുമ്പിന്റെ ഉറപ്പുള്ള ഒരു ചങ്ങലയും കിടപ്പുണ്ടായിരുന്നു. ചങ്ങലയിൽ താഴും താക്കോലുമിട്ടിട്ടുണ്ട്.
രണ്ടു മണിയായപ്പോൾ പാർക്കിനുള്ളിലെ ഒരു മുറിയിൽ കയറി അയാൾ പ്രകടനം നടത്തുമ്പോൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ ധരിച്ചു. പാന്റ്‌സും ഷർട്ടും ഓവർകോട്ടുമണിഞ്ഞ അയാൾ ഒരു മജീഷ്യന്റെ ഗാംഭീര്യം ഉൾക്കൊണ്ടതായി മഹേശനു തോന്നി.
പാർക്കിലേയ്ക്ക് ആളുകൾ വന്നുതുടങ്ങി. അന്നേരം ആരോ റാസ്‌പുട്ടിനെപ്പറ്റിയുള്ള പഴയ പാട്ട് വെച്ചു. മാജിക്കിനു മുന്നോടിയായി മലയാളം പാട്ടുപോരെന്ന് പാട്ടു വെച്ചയാൾക്കു തോന്നിക്കാണും.
കുറച്ചുകഴിഞ്ഞു പാട്ട് നിര്‍ത്തി പരിപാടിയെപ്പറ്റിയുള്ള അനൗണ്‍സ്‌മെന്റുകൾ തുടങ്ങി. അയാളുടെ പേരിനൊപ്പം മജീഷ്യൻ എന്നുകൂടി ചേർത്തുള്ള വിളംബരങ്ങൾ മഹേശനെ നിറയെ സന്തോഷിപ്പിച്ചു. അതിന്റെയൊക്കെ ഒരുക്കങ്ങളിൽ കൂടെനിൽക്കാൻ കഴിഞ്ഞതിൽ മഹേശനു വലിയ അഭിമാനം തോന്നി. അനൗൺസ്‌മെന്റ് തീർന്നപ്പോൾ പാട്ട് തുടർന്നു.
എം.എൽ.എയും കൗൺസിലറും ഒന്നിച്ചാണ് എത്തിയത്. അവർ ഒരേ പാർട്ടിക്കാരുമായിരുന്നു. ഫുൾ സ്യൂട്ടിൽനിന്ന അയാൾക്ക് ഇരുവരും കൈകൊടുത്തു. പരിപാടിയെപ്പറ്റിയൊക്കെ അവർ കുശലം ചോദിച്ചു. പരിപാടിക്ക് റിസ്‌ക്കുണ്ടോയെന്ന കൗൺസിലറുടെ ചോദ്യത്തിനു ജീവിക്കുക എന്നതുതന്നെ വലിയ റിസ്‌ക്കല്ലേയെന്ന മറുപടി പറഞ്ഞത് എം.എൽ.എയാണ്. അതു കേട്ട കൗൺസിലർ തുടർന്നൊന്നും പറയാതെ റാസ്‌പുട്ടിന്റെ ഓർമ്മകൾക്കു ചെവി കൊടുത്തു.
അപ്പോഴേക്കും പാർക്ക് ആൾക്കാരെക്കൊണ്ട് നിറഞ്ഞു. അയാൾതന്നെ പരിപാടി ആരംഭിക്കുകയാണെന്നു മൈക്കിലൂടെ പറഞ്ഞു. എല്ലാവരും നിശ്ശബ്ദരായി സഹകരിക്കണമെന്ന് അപേക്ഷിച്ച് അയാൾ ഭാർഗ്ഗവൻ മാസ്റ്റർക്കും ഹാരി ഹൗഡിനിക്കും നമസ്കാരം അർപ്പിച്ചു. തുടർന്ന് എം.എൽ.എയോടും കൗൺസിലറോടും തൂണിനടുത്തേയ്ക്ക് വരാൻ നിർദ്ദേശിച്ചു. ഇതിനകം രണ്ടു പൊലീസുകാരും സ്ഥലത്തെത്തിയിരുന്നു.
തന്നെ ഇരുമ്പുചങ്ങലകൊണ്ട് ബന്ധിക്കാൻ അയാൾ രണ്ടു സഹായികളോട് ആവശ്യപ്പെട്ടു. അവർ അയാളുടെ കൈകാലുകൾ ശരീരത്തോടു ചേർത്തു വരിഞ്ഞു ബന്ധിച്ചു. അയാളെ കെട്ടിമുറുക്കിയിരുന്ന ചങ്ങല അവർ വലിയ താഴിട്ട് പൂട്ടി. പൂട്ട് പരിശോധിക്കാൻ ഒരു സഹായി കൗൺസിലറെ ക്ഷണിച്ചു. തുടർന്ന് അവർ അയാളെ കട്ടിയുള്ള ചാക്കിലേയ്ക്ക് ഇറക്കി. ചാക്കിലേക്ക് ഇറങ്ങും മുൻപ് കണ്ണുകൾകൊണ്ട് അയാൾ മഹേശന്റേയും മറ്റുള്ളവരുടേയും അനുമതി തേടി. സഹായികൾ തൂണിലെ കപ്പിയിൽനിന്നും തൂക്കിയിട്ടിരുന്ന കയർകൊണ്ട് ചാക്ക് പലതവണ വരിഞ്ഞുകെട്ടി.
എം.എൽ.എ പ്രകടനം താൻ ഉദ്ഘാടനം ചെയ്യുകയാണെന്ന് അറിയിച്ചു. അന്നേരം ഒരു സഹായി പാർക്കിന്റെ പിന്നിൽ സൂക്ഷിച്ചിരുന്ന വലിയ ഏറുപടക്കങ്ങളും ഗുണ്ടുകളും ചേർത്തുണ്ടാക്കിയ ഒരു മാല കൊണ്ടുവന്ന് അതു ചാക്കിനു പുറത്ത് പല അടരുകളായി കുറുകെയും നെടുകെയും കെട്ടി. അതിന്റെ വെടിമരുന്നു പുരട്ടിയ തുമ്പ് ഒരു തവിട്ട് പാമ്പിൻകുഞ്ഞായി താഴേയ്ക്ക് ഞാന്നുകിടന്നു.
സഹായികൾ രണ്ടുപേരും ചേർന്നു കപ്പിയിലെ കയർ വലിച്ചപ്പോൾ ചാക്ക് മെല്ലെ മുകളിലേയ്ക്ക് ഉയർന്നു. ഇതു കണ്ടുനിന്ന മഹേശനു തന്റെ ഹൃദയം ഇപ്പോൾ നിലച്ചുപോകുമെന്നു തോന്നി. അയാൾ തന്നോട് പ്രദർശനത്തിന്റെ വിശദാംശങ്ങൾ പറയാത്തതിന്റെ പൊരുൾ അവനു ശരിക്കും മനസ്സിലാവുന്നുണ്ടായിരുന്നു. അമ്മയെ കൊണ്ടുവരുമോയെന്ന തന്റെ ചോദ്യം എത്ര മണ്ടത്തരമായി പോയെന്നും അവനു ബോദ്ധ്യപ്പെട്ടു. തൂണിന്റെ മുകളിലെത്തിയ ചാക്ക്, വലിക്കൽ നിന്നപ്പോൾ ഒരു മാത്ര നിശ്ചലമായി. പിന്നെ അവിടെക്കിടന്ന് ഒരുവട്ടം കറങ്ങി. ആത്മഹത്യ ചെയ്തൊരാളെ ഓർമ്മിപ്പിച്ച ആ കിടപ്പ് മഹേശന് നെഞ്ച് പറിച്ചെടുക്കുന്ന കാഴ്ചയായി.
പാട്ട് നിലച്ചിരുന്നു. സഹായികളിലൊരാൾ സിഗ്നൽ പുറപ്പെടുവിച്ചപ്പോൾ മറ്റെയാൾ ഒരു തോട്ടിയുടെ അറ്റത്ത് തീ പകർന്നു. എല്ലാവരും ശ്വാസമടക്കി നിന്നു. തോട്ടി തൂണിനു മുകളിലേയ്ക്ക് നീണ്ടുചെന്നു. മഹേശൻ തന്റെ നെഞ്ചിൽ നാലഞ്ചു തവണ മുഷ്ടിചുരുട്ടി പതിയെ ഇടിച്ചു. പാമ്പിൻകുഞ്ഞിന്റ വാലിൽ തീ പിടിച്ചുകഴിഞ്ഞു. കാത് തകർക്കുന്ന ഒച്ചയിൽ പടക്കങ്ങളും ഗുണ്ടുകളും പൊട്ടി. എം.ജി പാർക്കിലാകെ മഞ്ഞിന്റെ വെണ്മയിൽ പുക പരന്നു.
നിമിഷനേരംകൊണ്ട് തൂണിൽ നിന്നല്പം മാറി കാണികളുടെയിടയിൽ ചിരിച്ചുകൊണ്ട് സുരാജൻ പ്രത്യക്ഷപ്പെട്ടു. അതുകണ്ട് ഭൂമിയിൽ ഏറ്റവും സന്തോഷിച്ചത് താനാണെന്ന് മഹേശന് ഉറപ്പായിരുന്നു. അയാൾ കൈവീശി കാണികളെ അഭിവാദ്യം ചെയ്യുന്നതിനിടയിലാണ് ഒരാൾ അയാളുടെ കോട്ടിന്റെ വലത് കൈപ്പത്തി ഭാഗത്ത് ചെറുതായി തീ പിടിച്ചിരിക്കുന്നത് കണ്ടത്.
പരിപാടി പൊളിഞ്ഞെന്ന് ഉടൻ അയാൾ വിളിച്ചുകൂവി. അതുകേട്ട് അടുത്തുനിന്നിരുന്ന ചിലരും കോട്ടിൻ തുമ്പിലേയ്ക്ക് നോക്കിയപ്പോഴേക്കും അയാൾ ഇടതുകൈകൊണ്ട് ഞെരിച്ച് തീ കെടുത്തിക്കഴിഞ്ഞിരുന്നു.
സമയക്കണക്കിൽ വന്ന നേരിയൊരു വ്യത്യാസമാണ് കോട്ടിന്റെയറ്റത്ത് തീ വരാനിടയാക്കിയതെന്ന് അയാൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ആരുമത് ഗൗനിച്ചില്ല. പരിപാടി പൊളിഞ്ഞെന്നുള്ള പറച്ചിൽ പലരുടെ നാവിൽനിന്നും ഉയരാൻ തുടങ്ങി. പതിയെ അതൊരാരവമായി വളർന്നു. അതിനിടെ മറ്റൊരാൾ തട്ടിപ്പുകാരനെ വെറുതെ വിടരുതെന്നും കേസെടുക്കണമെന്നും ഒരു പൊലീസുകാരനോട് പറയുന്നതു കേട്ട് മഹേശൻ വാപിളർത്തി. ചങ്ങലയിലും കയറിലും ബന്ധിക്കപ്പെട്ട് ചാക്കിൽ തൂണിനു മുകളിലായിരുന്ന ആൾ ഞൊടിയിടയിൽ വെടിക്കെട്ടിലെ പൊട്ടിത്തെറിയിൽ ചിതറിപ്പോവാതെ കാണികൾക്കിടയിൽ പ്രത്യക്ഷപ്പെട്ടതിലെ അത്ഭുതമൊക്കെ അതിലും ചെറിയ ഞൊടിയിടയിൽ മറന്നുകളഞ്ഞ എം.ജി പാർക്കിലെ ജനത്തെ മഹേശൻ അതിശയത്തോടെയും നിരാശയോടെയും രോഷത്തോടെയും നോക്കി. ഒരു രൂപപോലും ടിക്കറ്റ് വയ്ക്കാതെ അയാൾ പരിപാടി നടത്തിയതിൽ എന്തു തട്ടിപ്പാണുള്ളതെന്ന് അവന് ആരോടും ചോദിക്കാനില്ല. ജനക്കൂട്ടത്തിന്റെ ആരവം ഒരു വൻ മുഴക്കമായി മാറുന്നതിനിടയിൽ മഹേശൻ അയാളെ പതിയെ ബഹളത്തിൽനിന്നും ഊർത്തിയെടുത്ത് പാർക്കിന്റെ പിൻവശത്തേയ്ക്ക് കൊണ്ടുപോയി.
സുരാജന്റെ തോളിൽ കൈവയ്ക്കുമ്പോൾ അയാളുടെ മെല്ലിച്ച ശരീരം വിറകൊള്ളുന്നത് മഹേശനറിഞ്ഞു. അവന് അയാളുടെ മുഖത്തു നോക്കാനായില്ല. വലിയ മാന്ത്രികനാകാനും കടം വീട്ടാനുമൊക്കയുള്ള സ്വപ്നങ്ങൾ അയാളുടെ കണ്ണുകളിൽ ഇപ്പോൾ ചത്തുകിടക്കുന്നുണ്ട്. ജപ്തി ചെയ്യപ്പെട്ട വീട്ടിൽനിന്നും ഒരു ഫോട്ടോ മാത്രമെടുത്ത് പുറത്തുപോകുന്ന രണ്ടു പേരുടെ ചിത്രം തന്റെയുള്ളിൽ തെളിയാൻ തുടങ്ങിയത് മഹേശൻ കണ്ണുകൾ അമർത്തിത്തുടച്ച് തടയാൻ നോക്കി. ഭാർഗ്ഗവൻ മാസ്റ്ററെ കാണാതിരിക്കാൻ എങ്ങോട്ടെങ്കിലും ഒളിച്ചോടണമെന്ന ഒരു കൊച്ചു വാചകം അയാളിപ്പോൾ പറഞ്ഞേക്കുമെന്ന് മഹേശൻ പേടിച്ചു.
സഹനത്തിനും സമാധാനത്തിനും പുകൾപെറ്റ ഒരാളുടെ പേരിട്ട പാർക്കിൽനിന്നും അപ്പോഴും നിലയ്ക്കാത്ത ആക്രോശങ്ങൾ അവരുടെ കാതുകളിൽ വന്നുവീഴുന്നുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates