

ഇരുട്ടില് റെയിൽപ്പാളത്തിലൂടെ നടക്കുമ്പോ പേടിക്കേണ്ടത് ചാവിനു പ്രാർത്ഥിക്കുന്ന മനുഷ്യന്മാരെയാണ്. തീവണ്ടി തലേല് തട്ടുന്നതും കാത്ത് പാളത്തിന്റെ തണുപ്പ് മുട്ടി കിടക്കുന്നോരുണ്ടാകും. പാളം കടക്കുമ്പോ കിടക്കുന്നവരെയെങ്ങാനും തട്ടി, ബാലൻസ് തെറ്റി വീണാൽപ്പിന്നെ നോക്കേണ്ടി വരൂല. പാളത്തീന്ന് പെറുക്കിയെടുക്കേണ്ടിവരും. അതങ്ങനെ ഓർത്ത് നടക്കുമ്പോ പെട്ടെന്ന് ആര്യേടെ മുഖം ഓർമ്മയിലെത്തി. പാളത്തിന്റെ തണുപ്പില് ജീവിതം വിട്ടുപോയോള്.
“ആര്യ പെണ്ണ് പോയേപ്പിന്നെ ആ സതി ചിരിച്ച് കണ്ടിട്ടില്ല...” അമ്മേടെ ഒച്ച കേട്ടപ്പോ, ഈ സ്ത്രീക്ക് ഇത്ര കൃത്യായിട്ട് എങ്ങനെ എന്റെ മനസ്സ് പിടിക്കാൻ പറ്റുന്നു എന്ന അതിശയത്തോടെ മൊബൈൽ വെളിച്ചത്തിൽ അമ്മയുടെ മുഖം പരതി.
“നീയിപ്പം ചിന്തിച്ചത് ആര്യേനെയാന്ന് എനിക്കറിയാരുന്ന്...” അമ്മ മുഖം തരാതെ പറഞ്ഞു.
“അല്ല” ഞാൻ ഒച്ച കടുപ്പിച്ചു. “അമ്മേടെ ഈ ഭ്രാന്തിനെക്കുറിച്ചാ. ലീവില്ലാന്ന് പറഞ്ഞിട്ടും വിളിച്ചുവരുത്തീട്ട്...”
തൊട്ടുമുൻപ് കടന്നുപോയ ട്രെയിനിൽനിന്നും ആരോ വലിച്ചെറിഞ്ഞ ബിരിയാണിയുടെ മണം ഞങ്ങൾക്കു ചുറ്റിനും പരന്നു. അന്നേരം ചെറു പ്പത്തിൽ ആര്യയോടൊപ്പം മുസ്തൂക്കയുടെ മോളുടെ കല്യാണത്തിനു പോയത് ഓർമ്മവന്നു. മുസ്തൂക്കയുടെ മീൻവണ്ടീടെ പിറകേ ഓട്ടമത്സരം നടത്താറുള്ള എന്നെയും ആര്യയേയും കല്യാണത്തിനു പ്രത്യേകം വിളിച്ചിരുന്നു.
“രണ്ട് കുഞ്ഞുമക്കളും കൂടെ പൊരേല് വന്നോളണം. ഈ ഞായറാഴ്ചയാ നിക്കാഹ്. വന്നിട്ട് ബിരിയാണി വയറ് നിറയെ കഴിച്ചോ...”
ബിരിയാണിയുടെ മണത്തില് അപ്പൊത്തന്നെ ആര്യേടെ നാക്ക് മുങ്ങി. കുഞ്ഞിക്കണ്ണൻ ജ്യുവലറിയുടെ പേരും പടവുമുള്ള ഒരു ഡയറി ഒട്ടിച്ചിട്ടുണ്ടായിരുന്നു അവളുടെ വീടിന്റെ ചുമരില്. അവളുടെ അമ്മ പണ്ടെപ്പഴോ മോതിരം വാങ്ങിയപ്പോ ജ്യൂവലറിക്കാര് വിലാസം എഴുതി മേടിച്ചതാണ്, അതിൽപ്പിന്നെ എല്ലാ പുതുവർഷത്തിലും അവരുടെ വക ഗ്രീറ്റിംഗ് കാർഡും കലണ്ടറും മുടങ്ങാതെ എത്തും. ആ കലണ്ടറില് മുസ്തൂക്ക പറഞ്ഞ ദിവസത്തിന് അവള് ചോന്ന മഷിപ്പേനകൊണ്ട് ഗുണനചിഹ്നം ഇട്ടു. ഇതൊക്കെ ഇവളെവിടുന്ന് പഠിച്ചെടുത്തു എന്ന മട്ടില് ഞാൻ അന്തിച്ചപ്പോ അവളെന്നെ നോക്കി കണ്ണിറുക്കി.
“ഞായറാഴ്‌ചേല് സിനിമ കാണാൻ ടീച്ചറുടെ വീട്ടിലേയ്ക്ക് വിളിക്കുമ്പോ നീ വരാറില്ലല്ലോ...?” എന്നൊരു ചോദ്യവും. അമ്മ വിടാത്തതാണെന്ന് ഞാനവളോട് പറഞ്ഞില്ല. മിക്ക ശനിയാഴ്‌ചേലും രാത്രീല് അമ്മയോട് കെഞ്ചാറുണ്ട്. പിറ്റേന്ന് കുടുംബശ്രീടെ കുറിക്കുള്ള പൈസ എണ്ണി വെക്കുന്നേന്റെടേക്കൂടെ അമ്മ കണ്ണുരുട്ടും.
“സിനിമ കണ്ട് തുള്ളാനും കരയാനുമൊന്നും പോണ്ടാ... അടുത്ത കൊല്ലം എങ്ങനെങ്കിലും സ്കൂളില് വിടാൻ പറ്റോന്ന് നോക്കട്ട്” പൈസ, അടുപ്പിന്റെ അടീലുള്ള ടിന്നിന്നുള്ളില് വെയ്ക്കുമ്പോൾ അമ്മ പറയും. എന്നിട്ടും ചോദിക്കാൻ മുതിരുവാണേല് കയ്യെത്തുന്നിടത്ത് കീറ് കിട്ടും. ചുമ്മാ എന്തിനാ മേല് നോവിക്കുന്നേന്ന് വിചാരിച്ചു കിടന്നാ മതി, അപ്പൊ സിനിമാപ്പൂതി താനേ മനസ്സീന്ന് ഇറങ്ങി കോളനീടെ വെളീലോട്ട് പാട്ടുംപാടിപൊയ്ക്കോളും. അതൊക്കെ പറഞ്ഞാ ആര്യക്ക് മനസ്സിലാവൂല.
“സിനിമേല് ഇതേപോലെ വരയിട്ട് വെക്കും നായികമാര്” കലണ്ടറിലേയ്ക്ക് നോക്കീട്ട് കള്ളച്ചിരിയോടെ ആര്യ പറഞ്ഞു. അന്നേരത്താണ് അമ്മ ഇനിപ്പോ കല്യാണത്തിനു പോണ്ടാന്നും പറയോന്ന് എനിക്ക് സംശയം തോന്നിയത്. മുന്നേ രണ്ടുവട്ടം ദൂരത്തെങ്ങോ വാർക്കപ്പണി കഴിഞ്ഞ് വരുമ്പോ പ്ലാസ്റ്റിക്കവറില് അമ്മ കൊണ്ടുതന്ന തണുത്ത ബിരിയാണിയുടെ രുചി നാവിലേയ്ക്ക ഓടിവന്നു. ചൂടോടെ വയറ് നിറച്ച് ബിരിയാണി തിന്നാനുള്ള ക്ഷണം കിട്ടീട്ടും പോവാൻ പറ്റൂലേന്നുള്ള സംശയം മുഖത്തപ്പാടെ നിറഞ്ഞ്, മുഖംവാടി.
മുസ്തൂക്ക കല്ല്യാണം വിളിച്ചൂന്നും അന്നു വാർക്കപ്പണി ഉള്ളോണ്ട് നീ ആര്യേടേം അവൾടമ്മേടേം കൂടെ പോണമെന്നും അമ്മ ഇങ്ങോട്ട് പറഞ്ഞപ്പോ സന്തോഷത്തില് തലകുത്തി മറിയാൻ തോന്നി. രാത്രീല് കിടക്കാൻ നേരത്താണ് അമ്മ അതു പറഞ്ഞത്. ചിമ്മിണിക്കൂട് കെടുത്തിയിരുന്നില്ല, അതിന്റെ വെട്ടത്തില് അമ്മയ്ക്ക് എന്റെ മുഖത്തെ ചിരി കാണാമാരുന്നു. ഉണങ്ങിയിട്ടില്ലാത്ത മുടി മൂർത്തിയില് ചുരുട്ടിക്കെട്ടിക്കൊണ്ട് അമ്മ കണ്ണ് കൂർപ്പിച്ചു.
“പോയിട്ട് ആരോടും താളം വിടാനൊന്നും നിക്കണ്ട. ഒരുപാട് നേരം വയ്യിക്കാണ്ട് തിരിച്ച് വന്നോണം...”
ബിരിയാണി തിന്നിട്ട് അപ്പൊത്തന്നെ ഓടിവന്നോളും എന്നു പറയാൻ നാക്ക് തുറന്നതാ. പിന്നെ തോന്നി വേണ്ടെന്ന്, തകരഷീറ്റോണ്ട് കെട്ടിയ ചുമര് നോക്കിയപ്പോ ഒരു കലണ്ടർ കിട്ടിയെങ്കില്ലെന്ന് അപ്പൊ തോന്നി. ആര്യ ഇട്ടത് മാതിരി വരകള് ഇട്ട് വെക്കാരുന്നു. ഇവിടെ അമ്മ ഒട്ടിച്ചുവെച്ചേക്കുന്നത് ചന്ദനത്തിരിയുടെ കവറീന്ന് മുറിച്ച ദൈവങ്ങളുടെ ചിത്രങ്ങളാണ്.
തകരയുടെ ചൂടില് ചിരിച്ചോണ്ട് നിക്കുന്ന കൃഷ്ണനെ നോക്കീട്ട് നിനക്ക് ബിരിയാണി വേണോന്ന് ചോദി ക്കാൻ തോന്നിയപ്പഴേക്കും അമ്മ ചിമ്മിണിക്കൂട ഊതി. പായേടെ അടിയില് വെച്ച കത്തിക്കടുത്തോട്ട് അതിനെ ഉന്തി. കത്തിയും ചില്ലും മുട്ടുന്ന ഒച്ചയ്ക്കും മീതേ കണ്ണൂരേക്ക് പോവുന്ന മാവേലി വണ്ടീടെ ചൂളംവിളി പൊന്തിവന്നു. ബിരിയാണീടെ രുചി ഉള്ളില് വലിച്ചെടുത്ത് ഞാൻ അമ്മയെ കെട്ടിപ്പിടിച്ചു. കൃത്യം പത്താംദിവസം അമ്മേടെ പഴയസാരികൊണ്ട് കോളനീലെ തെരേസ വല്ല്യമ്മ തയ്‌ച്ചുതന്ന പാവാടേം കുപ്പായോമിട്ട് ആര്യേടെ കൂടെ മുസ്തൂക്കയുടെ വീട്ടില് പോയി വയറുനിറയുവോളം ബിരിയാണി തിന്നു. ഇനിയുമിനിയും എന്നു വിളമ്പാൻ വന്ന ഇത്തയോട് പറയുന്നതു കേട്ട ഈ പെണ്ണിന്ന് വയറ് പൊട്ടി ചാവുമെന്ന് ആര്യ കളിയാക്കി.
“നിന്റെ അച്ഛൻ നിന്നേം കൂട്ടി ഇടയ്ക്കിടയ്ക്ക് കോഴിക്കോട് പോയി ബിരിയാണി തിന്നുന്നതല്ലേ... അതോണ്ടാ നിനക്ക് ഇത്ര കൊതി ഇല്ലാത്തെ...” ചള്ളാസില് കുഴച്ച് വായില് വയ്ക്കുമ്പോ ഞാൻ പറഞ്ഞു. അവൾടെ വെളുത്ത് തുടുത്ത മുഖത്തന്നേരം സങ്കടത്തിന്റെ രുചി വന്ന് ഒട്ടിപ്പിടിച്ചു. എന്റെ അച്ഛനെക്കുറിച്ചാരിക്കും ചിലപ്പോ അവളന്നു ചിന്തിച്ചത്. എന്തോ, നാവില് പറ്റിയ അസാധ്യരുചിയുടെ ലഹരിയില് ഞാനത് അന്വേഷിച്ചില്ല.
“നോക്കീം കണ്ടും നടക്ക്” മൊബൈൽ ഫ്ലാഷ് പിന്നിലേയ്ക്കടിച്ചുകൊണ്ട് അമ്മ പറഞ്ഞു. അപ്പോഴേക്കും ബിരിയാണീടെ മണത്തേയും കൂട്ടി കാറ്റ് പരിസരം വിട്ടിരുന്നു.
ഞാൻ ആകാശത്തോട്ട് നോക്കി. കളിയൊഴിഞ്ഞ ഗ്രൗണ്ടില് അവിടവിടെ പ്ലാസ്റ്റിക് കുപ്പികള് വീണുകിടക്കുന്നതുപോലെ നക്ഷത്രങ്ങള് ചിന്നിച്ചിതറി കിടപ്പുണ്ട്.
“മത്തി തേങ്ങ അരച്ച് വെച്ചിട്ടുണ്ട്...” ഞാൻ ഒന്നും മിണ്ടാതെ നടക്കുന്നത് കണ്ടിട്ടാകണം, അമ്മ പറഞ്ഞു. കേട്ടപ്പോൾ ചിരിയാണ് വന്നത്. പണ്ടും അമ്മയ്ക്ക ഈ കള്ളത്തരം ഉണ്ട്. ഞാൻ പിണങ്ങി മുഖം വീർപ്പിച്ചിരിക്കുമ്പോൾ എനിക്കിഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കിത്തരുന്നതിനെക്കുറിച്ച് സംസാരിക്കും.
ഭക്ഷണത്തിന്റെ കാര്യം കേൾക്കുമ്പോ എന്റെ ദേഷ്യം മംഗലാപുരം കടന്നുപോകുമെന്ന് അമ്മയ്ക്കറിയാം.
“എന്നാലും അമ്മ എന്നെ വിളിച്ചുവരുത്തിയ കാര്യം പറയാത്തതെന്താ...?” റെയിൽപ്പാളം കഴിഞ്ഞ് കുത്തനെ ഇറങ്ങുമ്പോ നിരങ്ങാതിരിക്കാൻ ശ്രദ്ധിച്ച് ഞാൻ ചോദിച്ചു. ലക്ഷം വീടുകളിലെ വെളിച്ചം പൊട്ടുപൊട്ടുകളായി തിളങ്ങുന്നുണ്ടായിരുന്നു. അമ്മ അതിലേയ്ക്ക് നോക്കി ഒന്നും മിണ്ടാതെ നടന്നു. അമ്മേടെ ഈ മിണ്ടാമുഖത്തിനു പിറകിൽ നന്നേ ഗൗരവമുള്ള എന്തോ കാര്യമുണ്ടെന്ന് അപ്പോഴെനിക്ക് തീർച്ചയായി. മനസ്സിലുള്ളത് പറയാൻ അമ്മ ഒട്ടും പാകപ്പെട്ടിട്ടില്ല.
“വീടെത്തിട്ട് പറയാം...” അമ്മ പിറുപിറുത്തു. പിന്നൊന്നും ചോദിക്കാൻ തോന്നിയില്ല. മൊബൈലിന്റെ ഫ്ലാഷ്‌ലൈറ്റിൽ അമ്മയുടേം എന്റേം നിഴല് റെയിൽപ്പാളത്തിൽനിന്നും കുത്തോട്ട് ഇഴഞ്ഞിറങ്ങി.
കുത്തനിറക്കം കഴിഞ്ഞാൽപ്പിന്നെ എല്ലുപൊടി കമ്പനിയാണ്. കമ്പനീടെ എടേക്കൂടെയുള്ള കുന്നിറങ്ങിയാല് കോളനിയായി. മൂക്ക് പൊത്താതെ ആ വഴി നടക്കാൻ പറ്റൂല, എല്ലുപൊടീടെ നാറ്റം കടുപ്പമാണ്. തൊണ്ടക്കുഴി വരെ ഇറങ്ങിച്ചെന്ന് ശ്വാസം മുട്ടിക്കും. ജീൻസിന്റെ പോക്കറ്റിൽ തിരുകിയ കർച്ചീഫ് വലിച്ചെടുക്കുമ്പോ അമ്മ എന്നെ തുറിച്ചുനോക്കി. എന്താ എന്ന ഭാവത്തില് ഞാൻ താടിപൊക്കിയപ്പോൾ അമ്മ കയ്യിലെ ടോർച്ച്, കമ്പനിയുടെ മുറ്റത്തേയ്ക്ക് നീട്ടിയടിച്ചുകൊണ്ട് പിറുപിറുത്തു.
“ഏടെ പോയാലും മനിഷ്യർക്ക് സ്വന്തം നാട്ടിലെത്തിയാ നാടിന്റെ മണം ഇഷ്ടാവും... നിനക്കെന്താ പെണ്ണേ ഈ മൂക്ക് ചുളിപ്പ്...?”
ഞാനൊന്നും മിണ്ടാൻ പോയില്ല. ബാഗ് നേരെയിട്ട് മൊബൈലിലെ ഫ്ലാഷ് ഓഫ് ചെയ്തു. ഇനിയങ്ങോട്ട് തെരുവ് വിളക്കിന്റെ വെളിച്ചം കിട്ടിക്കോളും. കമ്പനിയുടെ പിറകിലൂടെയുള്ള ഇടവഴി പിടിച്ചാൽ കോളനിയിലെത്തും. അറുപതോളം വീടുകള് തീവണ്ടി ബോഗികള് പോലെ ഒട്ടിയൊട്ടി കിടന്നിരുന്ന സ്ഥലമാണ്. ഇപ്പൊ കൂടിപ്പോയാൽ ഇരുപതോളം വീടുകളുണ്ട്. മറ്റുള്ളോരൊക്കെ സ്ഥലം വിറ്റ് മാറിപ്പോയി. സർക്കാർ വക ജോലിയും മറ്റും കിട്ടിയപ്പോഴാണ് ചിലർ മാറിയത്. അതെല്ലാ കൂട്ടർക്കും കിട്ടിയിട്ടും ഇല്ല, ഏതു കൂട്ടത്തിലും കാണുമല്ലോ ഭാഗ്യം തൊട്ടിട്ടില്ലാത്ത കുറച്ചുപേര്. അമ്മ പറയുന്നതുപോലെ ഞാനും അമ്മയും ഇപ്പൊ കോളനീലുള്ള മറ്റു കുടുംബങ്ങളും ആ കൂട്ടത്തില് പെടുന്നതാണ്. അപ്പന്റെ നാട്ടില് താമസിച്ചിരുന്ന കാലത്ത് അമ്മയ്ക്ക് ഒന്നിനും മുട്ടില്ലായിരുന്നു, ഇരുട്ടില് വേട്ടയ്ക്ക് പോയപ്പോ പന്നി കുത്തി അപ്പന്റെ പ്രാണൻ പോവുന്നതുവരെ അമ്മ ഒന്നാന്തരമൊരു വീട്ടില് നാല് നേരം ചോറും കഴിച്ച് ജീവിച്ചവളാണ്. അപ്പൻ പോയതീപ്പിന്നെ എല്ലാടത്തും കാണുന്നതുപോലെയായി സംഭവങ്ങള്, അവിടേം നിക്കാൻ വയ്യ ഇവിടേം നിക്കാൻ വയ്യാന്നുള്ള അവസ്ഥ എത്തിയപ്പോ മൂന്ന് വയസ്സുള്ള പെണ്ണിനേം ഒക്കത്തെടുത്ത് അമ്മ വാർപ്പ് പണിക്ക് പോയിത്തുടങ്ങി. പണി പിടിച്ച് കൊടുക്കുന്ന വർക്കിച്ചായന്റെ സഹായത്തില് കോളനീല് നാല് സെന്റ് സ്ഥലം വാങ്ങി. ഒരു കൂരകെട്ടി താമസമായി.
“നിന്റെ മാപ്പിളച്ചെക്കൻ വിളിക്കാറില്ലേ?” ഇടവഴീലെ മൂത്രവാടയും സഹിച്ച് ഞാൻ നടക്കുമ്പോ അമ്മ ചോദിച്ചു. ബസ് ഇറങ്ങിയപ്പോ വിളിച്ചതീപ്പിന്നെ അമൽ വിളിച്ചില്ലല്ലോ എന്ന്
ഞാനപ്പോഴാണ് ഓർത്തത്. ഷോപ്പ് അടച്ചുകാണില്ല. തിരക്കുണ്ടാവും.
“വിളിച്ചോളും...” കോളനീലെ വീടുകളിലേയ്ക്ക് നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു.
“ഈ വരവിന് അവനേം കൂടെ കൂട്ടാൻ പറയണമെന്ന് കരുതിയതാ ഞാൻ...” അമ്മ തീരെ ഉറപ്പില്ലാത്ത ഒച്ചയിൽ പറഞ്ഞു. ഞാൻ നടത്തത്തിനിടയിൽ ഫോണിന്റെ ലോക്ക് തുറന്നു. അമലിന്റെ ക്ലോസപ്പിലുള്ള ഫോട്ടോ. അവനേയും കൂടെ കൂട്ടാമായിരുന്നു എന്ന് അപ്പോൾ തോന്നി.
അമൽ മുസ്തഫ
ഡിഗ്രിക്ക് ജോയിൻ ചെയ്തപ്പോഴാണ് അമലിനെ പരിചയപ്പെടുന്നത്. പ്ലസ്‌ടുവിന് അത്യാവശ്യം നല്ല മാർക്കോടെ പാസ്സായതോണ്ട് ബി.എ ഇംഗ്ലീഷിന് ടൗണിലെ കോളേജിൽ സീറ്റ് കിട്ടി. അപ്പോഴേയ്ക്കും വീടൊക്കെ തകരം മാറ്റി കോൺക്രീറ്റാക്കി മെച്ചപ്പെടുത്തിയിട്ടുണ്ടാരുന്നു. കോളനീലെ വീടുകളൊക്കെ ഒരുവിധം കോൺക്രീറ്റ് ചെയ്തു കഴിഞ്ഞിരുന്നു. എന്നാലും കോളനീന്ന് ആദ്യമായിട്ടാണ് ഒരു പെണ്ണ് ടൗണിലോട്ട് പഠിക്കാൻ പോകുന്നത്. ഒന്നോ രണ്ടോ പേര് എതിര് പറഞ്ഞെങ്കിലും ബാക്കിയുള്ളോരൊക്കെ സന്തോഷത്തോടെ പൊക്കോളാൻ പറഞ്ഞത് എന്നെ അതിശയിപ്പിച്ചു. അതിലുമേറെ അതിശയിപ്പിച്ചത് കോളേജിലെ പിള്ളേരുടെ
പെരുമാറ്റമായിരുന്നു. റെയിൽവേ കോളനീലെ പെണ്ണാണെന്നുള്ള പരിഹാസമോ റാഗിങ്ങോ ഉണ്ടായില്ല. കാലം പുരോഗമിച്ചിട്ടുണ്ടെന്നും മനുഷ്യർക്ക് വിദ്യ കിട്ടീട്ടുണ്ടെന്നും ഉറപ്പായത് അവിടെത്തിയപ്പോഴാണ്. ഹോസ്റ്റലും കോളേജും വല്ലാതെ ഇഷ്ടപ്പെട്ടു. അതിനിടേല് അമ്മ ഒരു മൊബൈലും വാങ്ങിത്തന്നതോടെ സംഗതി കളറായി. ഹോസ്റ്റലീന്ന് ശനിയാഴ്ച വൈകുന്നേരം കോളനീലോട്ട് വരും, തിങ്കളാഴ്ച രാവിലെ മടങ്ങും. അങ്ങനൊരിക്ക വന്നു മടങ്ങിയേന്റെ പിറ്റേന്നത്തെ ചൊവ്വാഴ്ചയിലാണ് അമ്മേടെ വിളിവരുന്നത്. പെട്ടെന്നൊന്ന് വാ എന്ന ഒറ്റവാചകത്തില് അമ്മ കാര്യമൊതുക്കി. ബസിറങ്ങി റോഡ് കേറി പാളം മുറിച്ച് കടക്കുമ്പോത്തന്നെ അപകടം മനസ്സിലായി. ആരാണെന്നു മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. എല്ലുപൊടി കമ്പനീടെ മുറ്റത്തെത്തിയപ്പോ നിന്റെ കൂട്ട് പോയല്ലോ പെണ്ണേ എന്ന സാവിയമ്മാമയുടെ നിലവിളീന്നു തന്നെ സംഗതി പിടികിട്ടി. കയ്യും കാലും വിറച്ചുകേറി. തുന്നിക്കെട്ടിവെച്ച അവളുടെ മുഖം നോക്കി നീ എന്തിനാ മോളേ ഇതു ചെയ്തേന്ന് അലറിവിളിക്കുമ്പോ പിടിച്ചുമാറ്റാൻ ആരും വന്നില്ല. എന്തിനാ അവളത് ചെയ്തേന്നും ആരും പറഞ്ഞുതന്നില്ല. അവളെ പൊതിഞ്ഞ് ചുടുകാട്ടിലോട്ട് കൊണ്ടോയതും ഈ റെയിൽപ്പാളത്തിലൂടെയാണ്. സതിയമ്മയുടെ കട്ടിലിന്റെ ചോട്ടില് രണ്ട് ദിവസം ഉറക്കമില്ലാണ്ട് കണ്ണും തുറന്ന് ഒരേ കിടപ്പാരുന്നു. മൂന്നാമത്തെ ദിവസം രാവിലെയാണ് അമ്മ ഉന്തിത്തള്ളി കോളേജിലേയ്ക്ക് വിട്ടത്. അന്നാണ് അമലിനെ കണ്ടത്. സീനിയർ സ്റ്റുഡന്റ്. ഉച്ചയ്ക്ക് കണ്ണ് നിറച്ച് വലിയ മൈതാനത്തിന്റെ ഒരു മൂലയ്ക്ക് ഒറ്റയ്ക്കിരിക്കുമ്പോഴാണ് അവൻ മിണ്ടിയത്. എന്തിനാ കരയുന്നേന്ന് രണ്ടുവട്ടം ചോദിച്ചു. രണ്ടാമത് ചോദിച്ചപ്പോ ഞാൻ പൊട്ടിപ്പോയി. ആരോടേലും പറയണമെന്ന് കരുതിവെച്ചത് മുഴുവൻ അവനോട് പറഞ്ഞു. പറച്ചിലിനൊടുക്കം ആശ്വാസം തോന്നി. അതായിരുന്നു തുടക്കം. പിന്നങ്ങോട്ട് കൂട്ടായി, ഇഷ്ടമായി, അവസാനം എന്നെങ്കിലുമൊരു പാർട്ണർ വേണമെന്നു തോന്നിയാൽ അത് അവനായാൽ മതിയെന്നു മനസ്സ് പറഞ്ഞു. ഡിഗ്രി കഴിഞ്ഞ് അവൻ മൊബൈൽ ഷോപ്പ് ഇട്ടു. ആദ്യത്തെ ലാഭത്തീന്ന് ഒരു തുക തന്നു. അതു മുടക്കി വാങ്ങിയ സാരി കൊടുക്കുമ്പോഴാണ് അമൽ മുസ്തഫ എന്ന പേര് അമ്മയോട് പറയുന്നത്. പൊട്ടിത്തെറിയൊന്നുമുണ്ടായിരുന്നില്ല. “പറ്റൂലെങ്കില് എറങ്ങി നടക്കാനുള്ള വഴി ആദ്യംതന്നെ വെട്ടിവെച്ചേക്കണം...” എന്നു മുഖത്തു നോക്കിത്തന്നെ പറഞ്ഞു. ആ പറച്ചിലിലാണ് അമ്മയോട് പിന്നെയും പിന്നെയും ഇഷ്ടം കൂടിയത്, ആ പറച്ചില് കേട്ടപ്പോ ചിരിച്ച ചിരി കണ്ടിട്ടാണ് അമല് തന്നെ മതി കൂടെയെന്ന് ഉറപ്പിച്ചത്.
അപ്പൻ
വീട്ടിലെത്തി കുളികഴിഞ്ഞ് ചോറുണ്ണാനിരുന്നിട്ടും അമ്മ ഒന്നും മിണ്ടിയില്ല. മീൻകറിക്ക് പതിവ് രുചി തോന്നിയില്ല. കെട്ടത്തേങ്ങയുടെ ചുവ നാവിനെ അലട്ടി. പാത്രത്തിൽ കയ്യിട്ടിളക്കുമ്പോൾ അമ്മ എന്റെ മുഖത്തേയ്ക്കുതന്നെ നോക്കുകയായിരുന്നു.
“നീ അപ്പനെ ഇപ്പോഴും സ്വപ്നം കാണാറുണ്ടോ...?” അമ്മയുടെ ഒച്ചയ്ക്ക് പതിവില്ലാത്ത തണുപ്പ്.
“അന്നൊരു ദിവസം കണ്ടതേയുള്ളൂ... പിന്നെ കണ്ടിട്ടില്ല” ഞാൻ ചോറ് മതിയാക്കി എഴുന്നേറ്റു.
“അന്ന് ശരിക്കും എന്താ കണ്ടേ...?” അമ്മ പിന്നെയും ചോദിച്ചപ്പോൾ അപ്പനെ ഓർത്ത് കരയാനുള്ള മട്ടാണെന്ന് എനിക്കു മനസ്സിലായി. അതിനുത്തരം പറയാതെ നിങ്ങൾക്ക് ചോറ് വേണ്ടേന്നു ചോദിച്ചപ്പോൾ വേണ്ടെന്ന് അമ്മ തലയാട്ടി. നിർബ്ബന്ധിക്കാൻ തോന്നിയില്ല. മുറ്റത്തിറങ്ങി കയ്യും വായും കഴുകി വരുമ്പോഴേയ്ക്കും അമ്മ അടുക്കളയിലേയ്ക്ക് നടന്നിരുന്നു. വാട്‌സാപ്പ് നോക്കിയപ്പോ അമലിന്റെ മെസ്സേജ് കണ്ടു. രാത്രി വിളിക്കാമെന്ന് റിപ്ലൈ കൊടുത്ത് ഇറയത്തെ പെയിന്റ് ഇളകിയ കസേരയില് ഇരിക്കുമ്പോൾ സീതമ്മയുടെ വീട്ടിലെ ലൈറ്റ് കണ്ടു. ആര്യേടെ അച്ഛൻ മുറ്റത്തൂടെ നടക്കുന്നുണ്ട്. സീതമ്മയ്ക്ക് ആര്യ പോയപ്പോ അവളുടെ അച്ഛൻ കൂട്ടുണ്ട്. ഞാനെങ്ങാനും പോയാ അമ്മയ്ക്ക് ആരുണ്ടെന്നുള്ള ആധി പെട്ടെന്നെന്റെ നെഞ്ചിൻകൂട്ടിനുള്ളില്
കിടന്നു പിടഞ്ഞു. അപ്പനെ കൊന്ന പന്നിയോട് എന്നത്തേയുംപോലെ ദേഷ്യവും പകയും മൂത്തു കേറി.
പീരുമേട്ടിലായിരുന്നു അപ്പന്റെ വീട്, അപ്പനും അമ്മയും ബന്ധുക്കാരായിരുന്നു. കല്യാണം കഴിഞ്ഞ് എനിക്ക് മൂന്നു വയസ്സായപ്പോഴാണ് പമ്പനാർ കാട്ടില് വേട്ടയ്ക്ക് പോയ അപ്പനെ പന്നി കുത്തുന്നത്. രായ്ക്ക്‌രാമാനമുള്ള ആക്രമണം. ചോരയൊലിപ്പിച്ചുകൊണ്ട് ഏതൊക്കെയോ വഴിലൂടെ അപ്പൻ വീടിന്റെ അടുത്തുവരെ എത്തി, വീട്ടിലേയ്ക്ക് കേറുന്നേനു മുന്നേ പ്രാണൻ പോയി. അപ്പന് കരാറുപണിയാരുന്നു, പണിയില്ലാത്ത ദിവസങ്ങളില് ഒറ്റയ്ക്ക് വേട്ടയ്ക്ക് പോകുന്നത് അപ്പനു ലഹരിയായിരുന്നു. ആ ലഹരിയെയാണ് ഒരു മുഴുത്ത കാട്ടുപന്നി തേറ്റകൊണ്ട് ഒടുക്കിയത്. വയറ്റിലായിരുന്നു കുത്തിയത്.
അപ്പന്റെ മുഖമൊന്നും ഓർമ്മയില്ലെങ്കിലും വല്ലപ്പോഴുമൊക്കെ ഒരു കൂറ്റൻ പന്നി അതിന്റെ തേറ്റകൊണ്ട് മെലിഞ്ഞ ഒരു മനുഷ്യനെ കുത്തിക്കുത്തി ഇല്ലാണ്ടാക്കുന്ന സ്വപ്നം ഞാൻ കാണാറുണ്ട്. അന്നേരം ആ പന്നിയുടെ വായക്കുള്ളിലെ തീട്ടത്തിന്റേയും ചളിയുടേയും മണം എനിക്കു കിട്ടും, ഓക്കാനവും പേടിയും കരച്ചിലും ഒന്നിച്ചുവരും. അങ്ങനൊരു സ്വപ്നമാണ് ഒരാഴ്ച മുന്നേ കണ്ടത്. കോളനി വിട്ട് ഹോസ്റ്റലില് നിക്കാൻ തൊടങ്ങിയേപ്പിന്നെ ആദ്യായിട്ടാരുന്നു ആ സ്വപ്നം കണ്ടത്. അതോണ്ടാണ് പിറ്റേന്നു തന്നെ അമ്മേനെ വിളിച്ചു കാര്യം പറഞ്ഞത്. ഇപ്പൊ അമ്മ അതു ചോദിച്ചപ്പോ ആ സ്വപ്നം പിന്നേം പിന്നേം കാണുന്നു. ആർത്തി മാറാതെ ആ പന്നി ഇരുട്ടിലൂടെ ഓടുന്ന ഒച്ചയും അപ്പന്റെ കരച്ചിലും കണ്ണിലേയ്ക്ക് കേറി. കസേരയിലിട്ട മുഷിഞ്ഞ തോർത്ത് എടുത്ത് കണ്ണ് തുടക്കുമ്പോ സതിയമ്മയുടെ വീട്ടിലെ ലൈറ്റ് കെട്ടു. അപ്പോഴത്തേയ്ക്കും അമ്മ ഇറയത്തേയ്ക്ക് വന്നിരുന്നു.
“നിന്നെ കരയിപ്പിക്കാൻവേണ്ടി പറഞ്ഞതല്ല പെണ്ണേ...” എന്റെ മുഖത്തേയ്ക്ക് നോക്കിക്കൊണ്ട് അമ്മ പിറുപിറുത്തു.
“അപ്പനെ കണ്ട ഓർമ്മയില്ലെങ്കിലും നിനക്ക് ഇപ്പോഴും അപ്പൻ പ്രാണനാന്നല്ലോന്ന് ഓർത്തപ്പോ ചോദിച്ച് പോയതാ...”
“അങ്ങനല്ലമ്മാ... അപ്പൻ ഉണ്ടാരുന്നെങ്കീന്ന് ഇടയ്ക്കിടെ ചിന്തിച്ചുപോകുന്നതാ... എങ്കി നമ്മുടെ ജീവിതം എന്തു മേളമായിരിക്കും...” ഞാൻ അമ്മയുടെ മുഖത്തു നോക്കാതെ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു.
“അപ്പന്റെ കൊറവ് അറീക്കാതെ ഞാൻ വളർത്തീലാന്ന് തോന്നുന്നുണ്ടോ നിനക്ക്?” അമ്മ ഇറയത്തേയ്ക്ക് ഇരിക്കുമ്പോൾ ചോദിച്ചു.
“അങ്ങനൊന്നും ഞാൻ പറഞ്ഞില്ല... ഇടയ്ക്കിടയ്ക്ക് അപ്പനെ ഓർക്കും, ആ പന്നി ഇത്തിരി മനസ്സ് കാണിച്ചിരുന്നെങ്കി അപ്പൻ ഇപ്പോഴും നമ്മടെ കൂടെയുണ്ടാവില്ലായിരുന്നോ എന്നു തോന്നും...”
“നിന്റപ്പൻ മുന്തിയ നായാട്ടുകാരനാരുന്നു... ഇണചേരുന്നിടത്തൂന്നു വരെ അയാള് പന്നീനെ വെടിവെച്ചിട്ടിട്ടുണ്ട്. പന്നീന്റെ കണ്ണ് വരെ ചുട്ട് തിന്നിട്ടുണ്ട്. പന്നിക്കും പകയുണ്ടാവുമെന്നും അതിനും ഒരു കുടുംബമുണ്ടെന്നും നിന്റപ്പൻ ഓർത്തിട്ടില്ല. അങ്ങോട്ട് കാണിക്കാത്ത ദയ ഒരു പന്നിയും തിരിച്ചു കാണിക്കൂലാ പെണ്ണേ...”
“അമ്മ എന്തൊക്കെ പറഞ്ഞാലും എനിക്കാ പന്നിയോട് കലിയാ. ആ ജന്തു കാരണാ അപ്പന്റെ സ്നേഹം ഞാൻ അറിയാണ്ട് പോയത്... അപ്പനില്ലാണ്ട് നമ്മള് എത്ര നരകിച്ചിട്ടുണ്ട്...” അമ്മയുടെ മുഖത്തേയ്ക്ക് നോക്കിക്കൊണ്ട് അതു പറയുമ്പോ എനിക്കെന്റെ കണ്ണ് നീറുന്നുണ്ടായിരുന്നു.
“അമ്മ എന്നെ വിളിച്ചുവരുത്തിയ കാര്യം പറയാണ്ട് ഇപ്പൊ എന്തിനാ ഇതൊക്കെ പറയുന്നേ...?” ഇത്തവണ അമ്മയെക്കൊണ്ടത് പറയിപ്പിക്കണമെന്ന മട്ടിൽ ഞാൻ കുറച്ച് കനത്തോടെ ചോദിച്ചു. വന്നപ്പോ തൊട്ട് അസ്വാഭാവികമായി അമ്മ പെരുമാറുന്നതിന്റെ കാരണം കിട്ടാണ്ട് ഞാൻ കുഴങ്ങിത്തുടങ്ങിയിരുന്നു.
“നാളെ പറയാം...” ഇരുട്ടില് ആണ്ടുനിൽക്കുന്ന സതിയമ്മയുടെ വീട്ടിലേയ്ക്ക് നോക്കിക്കൊണ്ട് അമ്മ മെല്ലെ പറഞ്ഞു. അപ്പൊ മൊബൈലില് മെസ്സേജ് വരുന്ന ഒച്ച കേട്ടു. അമ്മയോട് ഒന്നും മിണ്ടാതെ ഞാൻ ഉള്ളിലേയ്ക്ക് നടന്നു.
അമലായിരുന്നു മെസ്സേജ് അയച്ചത്. തിരിച്ചുവിളിച്ചപ്പോൾ കിട്ടിയില്ല. നാളെ വിളിക്കാം എന്ന് മറുപടി അയച്ച് മുറിയിലേയ്ക്ക് ചെന്നു കട്ടിലിൽ മലർന്നുകിടക്കുമ്പോൾ കരച്ചില് വന്നു. അപ്പനെ ഇനി സ്വപ്നത്തില് കാണിക്കല്ലേ എന്ന് ഉറുവാടിയോട് പ്രാർത്ഥിച്ചു. അമ്മ ഉമ്മറത്തെ വാതില് അടക്കുന്ന ഒച്ചകേട്ടു. കിടക്കേടെ അടിയില് അമ്മേടെ കത്തി ഇല്ലേന്ന് ഞാൻ തപ്പിനോക്കി. അതവിടെത്തന്നെയുണ്ടെന്ന് ഉറപ്പ് വരുത്തുമ്പോഴേയ്ക്കും അമ്മ വന്നു. ഒന്നും മിണ്ടാതെ ലൈറ്റും ഓഫാക്കി അമ്മ കട്ടിലില് എന്നെ മുട്ടാണ്ട് കിടന്നു. അമ്മയ്ക്കെന്തു പറ്റിയെന്ന ചോദ്യം എന്നെ ശ്വാസം മുട്ടിച്ചോണ്ടിരുന്നു. കരച്ചിലിന്റെ ഒച്ച പുറത്തുവരാതിരിക്കാൻ പാട്‌പെട്ട് ഞാൻ കണ്ണ് ഇറുക്കിയടച്ചു. അന്നേരം കോളനീലെ ഏതോ പട്ടി പേറ്റുനോവിന്റെ മൂർദ്ധന്യത്തിൽ അലറിക്കരയുന്നുണ്ടായിരുന്നു. ആ കരച്ചിലിനിടയിലൂടെ അമ്മയുടെ ഒച്ച കേട്ടു.
“നാളെ പൊലർച്ചയ്ക്ക് എഴുന്നേക്കണം. ഉറുവാടീടെ തറമ്മല് പോവണം.”
ഞാൻ പെട്ടെന്ന് തലയുയർത്തി അവിശ്വാസത്തോടെ അമ്മയെ നോക്കി. അമ്മയത് കണ്ടില്ലെന്ന മട്ടിൽ കണ്ണടച്ച് എന്റെ തലയിൽ വിരലുകൾ ഉഴിഞ്ഞു. ഉറുവാടിയുടെ തറമ്മല്... മൂന്ന്
പാളിയുള്ള ജനലിന്റെ തുറന്നിട്ട പാളിയിലൂടെ ഞാൻ പുറത്തെ ഇരുട്ടിലേയ്ക്ക് നോക്കി. പകല് പോലും ഇത്രേം ഇരുട്ട് നിറഞ്ഞ സ്ഥലമാണ് ഉറുവാടിത്തറ എന്നു കേട്ടിട്ടുണ്ട്. ആ തറമ്മല് പോവാൻ പണ്ടൊക്കെ എത്ര ആശിച്ചിരുന്നു...? ഒരിക്കലും പോവാൻ കഴിഞ്ഞില്ല, ഇപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത്, ആശവറ്റിയ നേരത്ത് അമ്മ പറയുന്നു ഉറുവാടീടെ തറമ്മല് പോവാന്ന്... ഏതായാലും ഈ രാത്രിയിലിനി അതിന്റെ പിറകിലെ കാരണം ചോദിച്ചിട്ട് യാതൊരു ഫലവും കിട്ടില്ലെന്നുറപ്പായതുകൊണ്ട് ഞാൻ അമ്മയെ കെട്ടിപ്പിടിച്ച് ഉറങ്ങാൻ ശ്രമിച്ചു. അല്പം കഴിഞ്ഞപ്പോൾ അമ്മയുടെ വിതുമ്പലിന്റെ ഒച്ച കേട്ടു. പെണ്ണുങ്ങള് കരയുമ്പോഴൊക്കെ ഈ കോളനിക്കാര് പറയുന്ന പതിവ്വാചകം എനിക്കോർമ്മ വന്നു. “ഉറുവാടീനെപ്പോലെ കള്ളക്കരച്ചില് കരയാതെടീ...!”
ഉറുവാടി
ഈ കോളനിയോളം പഴക്കമുണ്ട് കോളനിക്കാര് പറഞ്ഞുനടക്കുന്ന ഉറുവാടിയുടെ കഥയ്ക്കും. കോളനീല് കല്ല്യാണം കഴിച്ചുകൊണ്ടുവന്ന പെണ്ണുങ്ങളിൽവെച്ച് ഏറ്റവും സുന്ദരിയായിരുന്നു ഉറുവാടി. അമ്മി കൊത്താൻ നടക്കുന്ന ശക്തിവേലാണ് തമിഴ്‌നാട് അതിർത്തിയിലുള്ള ചെറിയൊരു നാട്ടീന്ന് ഉറുവാടിയെ കല്യാണം കഴിച്ചുകൊണ്ടുവന്നത്. കാഴ്ചയ്ക്ക് ഉറുവാടിയും ശക്തിവേലും പൊരുത്തം തീരെ ഉണ്ടായിരുന്നില്ല. പക്ഷേ, രണ്ടുപേരും അങ്ങേയറ്റം സ്നേഹത്തോടെയാണ് ജീവിച്ചത്. കല്ല്യാണം കഴിഞ്ഞതിന്റെ മൂന്നാംകൊല്ലം ഒരു കുംഭമാസത്തിലാണ് ഉറുവാടിക്ക് പേറ്റുനോവ് തുടങ്ങിയത്. സൂര്യൻ തന്നാലാവുംവിധം ചൂടോടെ ആകാശത്തിന്റെ നേരെ മധ്യത്തിൽ നിൽക്കുന്ന ഉച്ചനേരത്ത് പല്ലുകളും എല്ലുകളും ഒരുപോലെ നുറുങ്ങുന്ന വേദനയ്ക്കൊടുവിൽ ഉറുവാടി ഒരു പെൺകുഞ്ഞിനെ പെറ്റു. പതിച്ചി ചോരക്കുഞ്ഞിനെ ഉറുവാടിയുടെ അമ്മയുടെ കയ്യിലേക്കാണ് കൊടുത്തത്, കൗതുകത്തോടെ കുഞ്ഞിമുഖത്തേയ്ക്ക് എത്തിനോക്കിയ ശക്തിവേല് നടുങ്ങിപ്പോയി. ആ നടുക്കത്തിന്റെ മീതേ പതിച്ചിയുടെ ഒച്ച കോളനിക്കാര് മുഴുവൻ കേട്ടു.
‘മുറിച്ചുണ്ടി...”
ആ വാക്ക് കേട്ടവരൊക്കെ അത്ഭുതത്തോടെയും സംശയത്തോടെയും പരസ്പരം നോക്കി. ഉറുവാടിക്കോ ശക്തിവേലിനോ ഇല്ലാത്ത മുറിച്ചുണ്ട് കുഞ്ഞിനെങ്ങനെയെന്ന സംശയത്തിനു മറുപടിയായി കോളനിക്കാർക്ക് കിട്ടിയ ഉത്തരം ശക്തിവേലിന്റെ തമിഴ്‌നാട്ടുകാരനായ കൂട്ടുകാരന്റെ മുറിച്ചുണ്ടുള്ള മുഖമാണ്. ശക്തിവേൽ അമ്മികൊത്താൻ ദൂരനാടുകളിലേയ്ക്ക് പോകാറുള്ളപ്പോൾ ഇടയ്ക്കിടയ്ക്ക് ആ കൂട്ടുകാരൻ കോളനിയിലും ശക്തിവേലിന്റെ വീട്ടിലും വരാറുള്ള കാര്യം കോളനിക്കാർ ഓർമ്മിച്ചു. കേൾവിയും കാഴ്ചയും കുറവുള്ള അയാളുടെ അമ്മയ്ക്ക് വീട്ടിൽ ആരൊക്കെ വരുന്നു, പോകുന്നു എന്നറിയാനുള്ള ബോധംപോലും ഇല്ല എന്ന കാര്യം കൂടി കോളനിയിൽ ചർച്ചയായതോടെ ഉറുവാടിയുടെ തെറ്റ് ശക്തിവേലിനു ബോധ്യപ്പെട്ടു. ചോരക്കുഞ്ഞിനു നേരെ രൂക്ഷമായ നോട്ടം പായിച്ച് ശക്തിവേൽ ഉറുവാടി കിടക്കുന്നിടത്തേയ്ക്ക ഓടി. കോളനിക്കാർ മുഖത്തോട് മുഖം നോക്കി അമ്പരന്നുനിൽക്കുമ്പോഴേക്കും വീടിനുള്ളിൽനിന്ന് ഉറുവാടിയുടെ പ്രാണൻ പൊളിയുന്ന കരച്ചിൽ കേട്ടു. പതിച്ചിയും ഉറുവാടിയുടെ അമ്മയും അകത്തേയ്ക്ക ഓടാൻ ഒരുമ്പെടുമ്പോഴേയ്ക്കും ഉറുവാടിയുടെ മുടിക്ക് പിടിച്ച് ശക്തിവേൽ അവളെ വീടിനു പുറത്തേയ്ക്ക് എത്തിച്ചിരുന്നു. തുടയിൽനിന്നും ചോരയൊലിപ്പിച്ചുകൊണ്ട് പേറ്റുനോവിന്റേയും ശക്തിവേലിന്റെ അടിയുടേയും വേദന സഹിക്കാനാകാതെ അവൾ കുഴഞ്ഞ് നിലത്തേയ്ക്കിരുന്നു. മുലപ്പാലിനുവേണ്ടി കരയുന്ന കുഞ്ഞിനെപ്പോലും നോക്കാതെ കോളനിക്കാർ മുഴുവൻ ഒരു വിചിത്രവസ്തുവിനെപ്പോലെ അവളെ നോക്കി. കോളനിയിലെ കാരണവർ കാരാസ്വാമിയാണ് ശക്തിവേലിനെ സമാധാനിപ്പിച്ച് ഒരുവശത്തേയ്ക്ക് മാറ്റിനിർത്തി രംഗം ശാന്തമാക്കിയത്. നിലത്ത് വീണുകിടന്ന ഉറുവാടിയെ ആ വൃദ്ധൻ പിടിച്ചെഴുന്നേല്പിച്ചു. കുഞ്ഞിന്റെ അടുത്തേയ്ക്ക് നടക്കാനൊരുങ്ങിയ ഉറുവാടിയോട് സത്യം തുറന്നു പറയണമെന്ന് കാരാസ്വാമി പറഞ്ഞു.
അയാളുടെ കൂർത്ത നോട്ട ത്തിനു മുന്നിൽ തലകുനിച്ചു നിൽക്കാനേ ഉറുവാടിക്കു കഴിഞ്ഞുള്ളൂ. നിസ്സഹായനായി നിലത്ത് കൂനിക്കൂടിയിരുന്ന ശക്തിവേലിനേയോ തന്റെ അമ്മയുടെ കയ്യിൽ കിടന്നു കരയുന്ന കുഞ്ഞിനേയോ നോക്കാതെ ഉറുവാടി പാതി തമിഴിൽ സത്യം വെളിപ്പെടുത്തി. കുഞ്ഞിന്റെ അച്ഛൻ ശക്തിവേലിന്റെ കൂട്ടുകാരനാണെന്ന് കുറ്റബോധത്തിന്റെ ഒച്ചയിൽ ഉറുവാടി പറഞ്ഞു. ശക്തിവേലിന്റെ കൈകൊണ്ട് ഉറുവാടി മരണപ്പെടുമെന്നു കരുതിയ കോളനിക്കാരേയും കാരാസ്വാമിയേയും വിശന്നു കരയുന്ന തന്റെ ചോരക്കുഞ്ഞിനേയും അമ്പരപ്പെടുത്തിക്കൊണ്ട് പറച്ചിലിനൊടുവിൽ ഉറുവാടി വീടിനകത്തേയ്ക്ക ഓടി വാതിലടച്ചു. പിന്നാലെ ഓടിയ കോളനിക്കാർ ബലം പ്രയോഗിച്ചു വാതിൽ തുറക്കുമ്പോഴേക്കും ഉറുവാടി ദേഹത്ത് തീ കൊളുത്തിയിരുന്നു. പിഴച്ചതിന്റെ തെറ്റ് പെണ്ണ് സ്വയം അനുഭവിച്ചുതീർത്തെന്നും അതോർത്ത് ഒരാള് പോലും കരയരുത് എന്നും കാരാസ്വാമി പറഞ്ഞെങ്കിലും അമ്മയുടെ മുലപ്പാല് കുടിക്കാൻപോലും ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത ആ കുഞ്ഞിന്റെ കരച്ചിൽ മാത്രം കോളനിക്കാരുടെ ഉള്ള് പൊള്ളിച്ചു.
ഉറുവാടിയെ ദഹിപ്പിച്ചത് കോളനിക്ക് പിന്നിലുള്ള ചുടുകാട്ടിലാണ്. അക്കാലത്ത് അതിലൂടെ റെയിൽപ്പാളം വന്നിട്ടില്ല. ഉറുവാടിയുടെ ചിത കത്തിയൊടുങ്ങും മുൻപേ ശക്തിവേൽ ആരോടും
പറയാതെ കോളനിയിൽനിന്നു പോയി. തന്റെ ഭാര്യ പ്രസവിച്ച കുഞ്ഞിനേയോ അമ്മയേയോ കാണാൻ പിന്നീടൊരിക്കലും അയാൾ തിരിച്ചുവന്നിട്ടില്ല. മുറിച്ചുണ്ടുള്ള കുഞ്ഞിനെ ഉറുവാടിയുടെ വീട്ടുകാർ തമിഴ്‌നാട്ടിലേയ്ക്ക് കൂട്ടി. ഉറുവാടിയെ അടക്കിയ സ്ഥലത്തിന് ഉറുവാടിത്തറ എന്നു പിൽക്കാലത്ത് പേര് വന്നു. അതിസുന്ദരിയായിരുന്ന ആ യുവതിയുടെ പ്രേതം പിന്നെ അവിടവിടെ അലഞ്ഞുതിരിയുന്നുണ്ടെന്നും കോളനിക്കാരോട് പകവീട്ടാൻ നടക്കുന്നുണ്ടെന്നുമൊക്കെ കഥകൾ പിറന്നു. അതോടെ അവിടേയ്ക്ക് കോളനിക്കാർ പോകാ തായി, ആരും കടക്കാതെ കാട് മൂടിയ സ്ഥലം റെയിൽപ്പാളം വന്നപ്പോൾ പാളത്തിലെ മനുഷ്യവിസർജ്യവും മറ്റു മാലിന്യങ്ങളും കോരിക്കൊണ്ടിടാനുള്ള കപ്പണയായി. കോളനിയിലെ ഏറ്റവും വൃത്തിഹീനവും കാട് മൂടിയതുമായ സ്ഥലം, ഒരുകാലത്ത് കോളനിയിലെ ആൾക്കാർ മുഴുവൻ അസൂയയോടെ നോക്കിയിരുന്ന അംഗലാവണ്യം തികഞ്ഞ പെണ്ണൊരുത്തി ചെയ്തുപോയ പിഴവീട്ടി മരണത്തിലേക്കാണ്ട് കിടക്കുന്ന സ്ഥലം. അതാണ് ഉറുവാടിത്തറ. പേറ്റുനോവും മരണനോവും ഒന്നിച്ചറിഞ്ഞ ശരീരമാണ് ആ തറയ്ക്കുള്ളിൽ മണ്ണോട് അലിഞ്ഞുകിടക്കുന്നത്.
യാത്ര
കോളനിയുടെ അവസാനത്ത് മാലിന്യക്കൂമ്പാരമാണ്. അതിനപ്പുറം വെള്ളച്ചാലും. കറുകറുത്ത വെള്ളമല്ലാതെ തെളിവെള്ളം ഇന്നേവരെ ആ മണ്ണിലൂടെ ഒഴുകിയിട്ടില്ല. കോളനിയിൽ കിണറ് കുഴിക്കുന്നതിനുമൊക്കെ മുൻപ് ഈ ചാലിലെ വെള്ളം എടുത്ത് കുടിക്കാറുണ്ടായിരുന്നെന്ന് പറഞ്ഞു തന്നത് ആര്യയുടെ അമ്മാമയാണ്. വെള്ളച്ചാല് മുറിച്ച് കടക്കുമ്പോൾ എനിക്കത് ഓർമ്മവന്നു. മുന്നില് നടക്കുന്ന അമ്മ പക്ഷേ, മറ്റേതോ ലോകത്തായിരുന്നു. ഇന്നലെ രാത്രിതൊട്ട് അമ്മ അങ്ങനെത്തന്നെയാണ്. ഉറുവാടിയുടെ തറ കാണാൻ പോകുന്നതിന്റെ ആവേശവും അതെന്തിനാണെന്നുള്ള സംശയവും ഒരുപോലെ ബലപ്പെട്ടതുകൊണ്ട് പുലർച്ചയോളം ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞുമാണ് ഞാൻ കിടന്നത്. അമലിനു മെസ്സേജ് അയച്ചെങ്കിലും അവൻ ഓൺലൈനിൽനിന്നും പോയിരുന്നു. സ്‌ക്രീൻ സ്‌ക്രോൾ ചെയ്ത് ഓരോ റീൽസിലൂടെ കണ്ണോടിച്ചെങ്കിലും ഉറുവാടിയിൽനിന്നും വിടുതൽ കിട്ടിയില്ല. രാവിലെ ഇറങ്ങുമ്പോഴും അമ്മയോടത് ചോദിച്ചതാണ്.
“നമ്മള് എന്തിനാ അങ്ങോട്ട് പോവുന്നെ...?”
“അവിടെയെത്തീട്ട് പറയാം...” താക്കോലുംകൊണ്ട് സതിയമ്മയുടെ വീട്ടിലേയ്ക്ക് നടക്കുമ്പോ അമ്മ പറഞ്ഞു. സതിയമ്മ എന്നോട് വിശേഷങ്ങള് ചോദിക്കുമ്പോഴും ഇടയ്ക്കിടയ്ക്ക് ഓരോന്നോർത്തു കരയുമ്പോഴും അമ്മ ഒന്നും മിണ്ടാതെ നിൽക്കുകയായിരുന്നു. എങ്ങോട്ടാണ് പോക്കെന്ന സതിയമ്മയുടെ ചോദ്യത്തിനും അമ്മ പതിവില്ലാതെ നുണ പറഞ്ഞു.
“ഇവള് വന്നതല്ലേ, മാർക്കറ്റ് വരെ പോവാന്ന് കരുതി...”
അവിടുന്നിറങ്ങി ഈ നടത്തം വരെയുള്ള ദൂരം അമ്മ ഒന്നും മിണ്ടിയിട്ടില്ല. വെള്ളച്ചാല് കടന്ന് ചവറുകള് കൂട്ടിയിട്ടതിന്റെ സൈഡിലൂടെ നടക്കുമ്പോൾ എനിക്ക് ഛർദ്ദിക്കാൻ തോന്നി. ഇതിന്റെയൊക്കെ ഒരു ഫോട്ടോ എടുത്ത് അമലിന് അയച്ചുകൊടുക്കാമെന്നോർത്തപ്പോൾ മൊബൈലിൽ റേഞ്ച് തീരെ ഇല്ല. ഇത്രയും വൃത്തികെട്ട വഴിയാണെന്ന് അറിഞ്ഞിരുന്നില്ലെങ്കിൽ ഈ വരവൊന്നും വേണ്ടായിരുന്നു എന്ന് ഓർത്തു. അമ്മയുടെ ഓരോ പ്രാന്ത് എന്നു മനസ്സ് പുലമ്പി.
ആ വഴിയിലൂടെ നടക്കുമ്പോൾ അറപ്പ് തോന്നി. മനുഷ്യമലവും ജന്തുക്കളുടെ മലവും നിലത്ത് ഉണങ്ങിപ്പിടിച്ചിരുന്നു. പച്ച മലത്തിന്റെ നാറ്റം മൂക്കില് ഇരച്ചുകേറി.
“തിരിച്ചു പോവാമ്മേ...” മൂക്ക് പൊത്തിക്കൊണ്ട് ഞാൻ പറഞ്ഞു.
“എത്തി...” അമ്മ പറഞ്ഞു. അപ്പോഴാണ് ഞാനും ശ്രദ്ധിച്ചത്. നേരെ മുന്നില് നാല് ചുറ്റിലും ചെങ്കല്ല് കെട്ടിയ ഒരു തറ. ഈ കോളനിയില് ആദ്യമായി പിഴച്ചുപെറ്റ പെണ്ണിന്റെ ശവം ദഹിപ്പിച്ചിടം... അത്രയും ഓർത്തപ്പോൾ ചെറിയൊരു പേടി തോന്നി. ഫോൺ ജീൻസിന്റെ പോക്കറ്റിൽ തിരുകി ഞാൻ അമ്മയുടെ കൈ എത്തിപ്പിടിച്ചു. അമ്മയുടെ മുഖത്തേയ്ക്ക് അപ്പോഴാണ് നോക്കിയത്. കണ്ണ് നിറഞ്ഞിരുന്നു.
“ഉറുവാടി...” അമ്മ പിറുപിറുത്തു.
“ഇനിയെങ്കിലും അമ്മയൊന്ന് കാര്യം പറയ്യോ...? നാറീട്ട് ഇവിടെ നിൽക്കാൻ പറ്റുന്നില്ല.” എനിക്കു ദേഷ്യം വന്നു തുടങ്ങിയിരുന്നു.
“ഈ നാറ്റോം സഹിച്ചോണ്ട് എത്ര കൊല്ലായി ആ പാവം പെണ്ണിവിടെ കിടക്കുന്നു...?” അമ്മയുടെ ഒച്ചയ്ക്ക് കനം ഉണ്ടായിരുന്നു.
“പാവമോ...?” ഞാൻ ഞെട്ടിത്തിരിഞ്ഞ് അമ്മയെ നോക്കി.
“ഉറുവാടി ഈ കോളനീലെ ഏറ്റോം മോശം പെണ്ണാരുന്നില്ലേ...?”
“മോശം പെണ്ണോ...?” എണ്ണമെഴുക്ക് പിടിച്ച അമ്മയുടെ മുഖം വല്ലാതെ ഇരുണ്ടു.
“നീ വലിയ പഠിപ്പുള്ള ആളല്ലേ...? മോശം പെണ്ണിന്റെ അർത്ഥം പറഞ്ഞേ, ഞാൻ കേക്കട്ടെ...”
അമ്മയെ അത്രയും ദേഷ്യപ്പെട്ട് ഞാനതുവരെ കണ്ടിരുന്നില്ല. എനിക്ക് വല്ലാത്ത പ്രയാസം തോന്നി. കൃത്യസമയത്ത് ജീൻസിന്റെ പോക്കറ്റിൽ വീർപ്പുമുട്ടി കിടന്ന ഫോൺ പിടയാൻ തുടങ്ങി. അമലാണ്. ഫോൺ അറ്റൻഡ് ചെയ്ത് മാറിനിന്നാലോ എന്ന ചിന്തയോടെ അമ്മയെ
നോക്കിയപ്പോൾ, അമ്മ ശാസനയോടെ തിരിച്ചു നോക്കുന്നതാണ് കണ്ടത്. ഞാൻ മൊബൈൽ ഓഫ് ചെയ്ത് തിരികെ പോക്കറ്റിലിട്ടു.
“മോശം പെണ്ണ് എന്താന്ന് കോളേജുകാരി പറഞ്ഞുതാ...” അമ്മ വിടാനുള്ള ഭാവമല്ല. അതിനുള്ള ഉത്തരമൊട്ട് എനിക്ക് പറയാനും കിട്ടിയില്ല. മോശം പെണ്ണ് എന്ന പ്രയോഗം തന്നെ തെറ്റായിരുന്നു എന്ന് എനിക്കപ്പോൾ തോന്നി.
“ഈ കോളനിക്കാര് പറയുന്ന സകല കള്ളക്കഥയും പെണ്ണ് വിശ്വസിച്ചുപോയി...” അമ്മ ഇത്തവണ കുറച്ച് ഉറക്കെത്തന്നെയാണ് പറഞ്ഞത്. പകച്ചുപോയത് ഞാനാണ്, കള്ളക്കഥ എന്നു പറഞ്ഞത് എനിക്കെത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.
“ഉറുവാടി പെഴച്ചൊന്നും പോയിട്ടില്ല പെണ്ണേ...” നാറുന്ന മാലിന്യങ്ങളിലേയ്ക്ക് നോക്കിക്കൊണ്ട് അമ്മ പറഞ്ഞു.
“അതൊരു പാവം പെണ്ണാരുന്നു. ആ ശക്തിവേലിനു സംശയമാരുന്നു. സംശയം മൂത്ത്മൂത്ത് അവനാ പെണ്ണിനെ കൊല്ലാക്കൊല ചെയ്യുവാരുന്നു. ഗതികെട്ടപ്പം ആ പെണ്ണ് തൂങ്ങിയങ്ങു ചത്തതാ... അല്ലാണ്ട് കോളനിക്കാര് പറയുന്നതൊന്നുവല്ല സത്യം...”
ചരക്ക് തീവണ്ടി വരുന്ന ശബ്ദം എന്റെ ചെവിയില് തുളഞ്ഞുകേറി. അമ്മ ഉറുവാടിത്തറ നോക്കിനിൽക്കുകയായിരുന്നു. ഞാൻ അമ്മയുടെ മുഖത്തേയ്ക്ക് നോക്കി, വല്ലാത്തൊരു പക ആ മുഖത്തുള്ളതുപോലെ.
“അപ്പൊ കോളനിക്കാര് പറയുന്ന കഥ...?” ഞാൻ സംശയത്തോടെ ചോദിച്ചു.
“പെരും നൊണ. ആണുങ്ങള് ഉണ്ടാക്കിവെച്ച പെരുംനൊണ...” അമ്മ അമർഷത്തോടെ പല്ല് കടിച്ചു.
“അതെന്തോ ആയിക്കോട്ടെ...” അവിടെ നിൽക്കുന്നതിലുള്ള അസ്വസ്ഥത മറച്ചുപിടിക്കാതെ ഞാൻ ചോദിച്ചു:
“അമ്മ എന്തിനാ ഇപ്പൊ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്...?”
“നിനക്ക് നിന്റെ അപ്പനെ ഓർത്ത് സങ്കടം തോന്നുന്നുണ്ടോ...?” ഒട്ടും പ്രതീക്ഷിക്കാത്ത മറുചോദ്യത്തോടെ അമ്മ എന്നെ നോക്കി.
“നിന്റെ അപ്പനെ കൊന്ന പന്നിയോട് നിനക്ക് ദേഷ്യം തോന്നുന്നുണ്ടോ...?”
ഞാൻ അമ്മയെത്തന്നെ നോക്കിനിൽക്കുകയായിരുന്നു. അമ്മയ്ക്ക് എന്തൊക്കെയോ പറയാനുണ്ടെന്ന് ആ കണ്ണുകളിലെ ചോപ്പ് നിറത്തീന്ന് എനിക്ക് പിടികിട്ടി. അത് നിറഞ്ഞിട്ടുണ്ടായിരുന്നു.
“അന്ന് ആ പന്നി നിന്റപ്പനെ കുത്തീലാരുന്നെങ്കിൽ നിന്റമ്മയും ഈ ഉറുവാടീനെപ്പോലെ തീർന്നേനേ പെണ്ണേ... അതോണ്ട് ആ പന്നീനെ നീ വെറുക്കല്ലട്ടാ...”
അവസാനത്തെ വാചകം പറയുമ്പോ അമ്മയുടെ ഒച്ച ഇടറിയിരുന്നു. അമ്പരപ്പും സംശയങ്ങളും ഒരുപോലെ വന്നുമൂടിയതുകൊണ്ട് എനിക്കൊന്നും മനസ്സിലായില്ല. അമ്മ അഴുക്കുകൾക്കിടയിലൂടെ അല്പം കൂടെ മുന്നോട്ട് നടന്നു, ഉറുവാടീടെ തറേല് തൊട്ട് കുറച്ച് നേരം നിന്നു.
“പോവാം...” എന്റെ മുഖത്തേയ്ക്ക് നോക്കാതെ അമ്മ പറഞ്ഞു. എന്നെ കാക്കാതെ തന്നെ അമ്മ തിരിഞ്ഞു നടന്നുതുടങ്ങി. വടക്കോട്ടുള്ള ഏതോ തീവണ്ടിയുടെ ചൂളം വിളി കേട്ടു. അന്നേരം മറ്റൊരു ചൂളം എന്റെ തലയിലൂടെ പാഞ്ഞു. അമ്മയുടെ തലയണക്കീഴിലെ കത്തിക്ക് ഒരു പന്നിത്തേറ്റയുടെ ആകൃതിയായിരുന്നെന്ന ഓർമ്മ തലയിലേയ്ക്ക് പാഞ്ഞുകയറി. വിറയലോടെ ഞാൻ മുന്നിലേയ്ക്ക് നോക്കി. ഒരു പൊട്ട് പോലെ കോളനീടെ അങ്ങേ അറ്റത്ത് അപ്പോൾ അമ്മയുടെ നിഴല് കണ്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates