അവസാനത്തെ പക്ഷികള്‍

പ്രദീപിനൊപ്പം നവിമുംബൈയിലെ ഫ്ലെമിംഗൊ പോയന്റിലെത്തിയപ്പോൾ ഇടങ്ങൾ ഒത്തിരി മാറിയതായി തോന്നി. അവിടേക്കുള്ള വഴിയിൽ പലയിടങ്ങളിലും അരയന്നക്കൊക്കുകളുടെ പ്രതിമകളുണ്ട്.
അവസാനത്തെ പക്ഷികള്‍
Updated on
7 min read

പ്രദീപിനൊപ്പം നവിമുംബൈയിലെ ഫ്ലെമിംഗൊ പോയന്റിലെത്തിയപ്പോൾ ഇടങ്ങൾ ഒത്തിരി മാറിയതായി തോന്നി. അവിടേക്കുള്ള വഴിയിൽ പലയിടങ്ങളിലും അരയന്നക്കൊക്കുകളുടെ പ്രതിമകളുണ്ട്. പല വലിപ്പങ്ങളിലുള്ള പ്രതിമകൾ. മതിലുകളിൽ അവയുടെ വർണ്ണചിത്രങ്ങൾ വരച്ചിട്ടിരിക്കുന്നു. കണ്ടൽക്കാടുകൾ ഏതാണ്ട് ഇല്ലാതായ മട്ടുണ്ട്. മരക്കൂട്ടങ്ങളും കണ്ടില്ല. പുതിയ കെട്ടിടങ്ങൾ കാഴ്ചകളെ മറച്ചുപിടിച്ചു. ചുറ്റും വൻമതിലുകൾ! പെരുംപണക്കാർക്കു മേയാനുള്ള മൈതാനവും!

“പഴയപോലെ ഫ്ലെമിംഗൊ പക്ഷികൾ വരുമോ എന്നറിയില്ല. പക്ഷികൾക്കു പകരം നമുക്ക് പ്രതിമകളും ചിത്രങ്ങളും കണ്ടു മടങ്ങേണ്ടിവരും” -പ്രദീപ് പറഞ്ഞു.

അയാൾക്ക് അരയന്നക്കൊക്കുകളെക്കുറിച്ച് നല്ല അറിവുണ്ട്. ഉയർന്നൊരു തട്ടിൽ കേറിനിന്ന് മാലിന്യങ്ങൾ കെട്ടിക്കിടന്ന ജലാശയത്തിലേക്കു നോക്കി അയാൾ ഒരു ക്ലാസ്സ് എടുക്കുമ്പോലെ പറഞ്ഞു: “ഈ ഫ്ലെമിംഗൊ പോലുള്ള ചിലയിനം നീർപ്പക്ഷികൾക്ക് താറാവുകളെപ്പോലെ വെള്ളത്തിൽ പൊങ്ങിക്കിടക്കാനാകില്ല. നീർക്കെട്ടിന്റെ താഴ്ത്തറയിൽനിന്നാണ് അവ ഇര തേടുന്നത്. അതിനാൽ വേലിയേറ്റത്തിൽ ജലനിരപ്പുയരുമ്പോൾ അവയ്ക്ക് സമീപത്തുള്ള മരങ്ങളിൽ കുടിയേറേണ്ടതുണ്ട്. എന്നാൽ, ഈ തണ്ണീർത്തടങ്ങളുടെ ചുറ്റുമുള്ള കണ്ടൽക്കാടുകളും മരങ്ങളുമൊക്കെ വൻതോതിൽ മുറിച്ചുമാറ്റിയത് പ്രശ്നമായി. മറ്റൊരു പ്രശ്നം തണ്ണീർത്തടങ്ങളിൽ എത്തിച്ചേരുന്ന മാലിന്യങ്ങളാണ്. കണ്ടില്ലേ കെട്ടിക്കെടക്കുന്നത്...? ഇവിടെ ഇല്ലാത്തതൊന്നുമില്ല. വീട്ടുമാലിന്യങ്ങളും രാസശാലകളിലെ മാലിന്യങ്ങളുമെല്ലാം വൻതോതിൽ നഗരപരിധിയിലുള്ള ഇത്തരം ജലാശയങ്ങളിൽ ഒഴുകിയെത്തുന്നു. ഫ്ലെമിംഗോകളുടെ ഭക്ഷണമായ ജലജീവികൾ നല്ലൊരു ഭാഗം നശിച്ചുപോകുന്നു. അങ്ങനെ നമ്മുടെ രാജ്യത്തുടനീളമുള്ള മറ്റു പല ജന്തുക്കളെപ്പോലെ, ഈ പക്ഷികളുടെ ആവാസവ്യവസ്ഥ നശിച്ചു.”

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ഞാൻ ആകാശത്ത് പരതി. ഏതേലും കോണിൽനിന്ന് അരയന്നക്കൊക്കുകൾ പറന്നു വരുന്നുണ്ടോ? പുതിയ വിമാനത്താവളത്തിൽനിന്നു പറന്നുപൊങ്ങുന്ന വിമാനങ്ങൾ ഒന്നിനുപുറകെ ഒന്നായി പക്ഷികളൊഴിഞ്ഞ ആകാശം മുറിച്ചു പറന്നുപോകുന്നത് കണ്ടു.

“മുന്‍പിവിടെ സീസണിൽ പക്ഷികളെ കാണാൻ ഒരുപാടുപേർ വരുമാരുന്നു. അന്നൊക്കെ ധാരാളം പക്ഷികളും പറന്നെത്തുമാരുന്നു.”

പ്രദീപ് ആവേശത്തിൽ പറഞ്ഞുകൊണ്ടേയിരുന്നു. എനിക്കതറിയാം. കുറച്ചു വർഷങ്ങൾക്കു മുന്‍പ് സബിയുടെ കൂടെ ഞാനിവിടെ വന്നിട്ടുണ്ട്. പക്ഷിക്കൂട്ടങ്ങളെ കണ്ടിട്ടുമുണ്ട്. സബിക്കും പക്ഷികളെക്കുറിച്ചു പറയുമ്പോൾ ഇതേമട്ടിൽ ആവേശമായിരുന്നു.

എതിർവശത്തുള്ള ഫ്ലാറ്റിൽ പേയിംഗ് ഗസ്റ്റായി എത്തിയ സബിയെ പരിചയപ്പെടുന്നത് കുറച്ചു വർഷങ്ങൾക്കു മുന്‍പാണ്. അക്കാലത്താണ് എന്റെ ഭാര്യ നാട്ടിലേക്ക് മടങ്ങിയത്. തട്ടമൊക്കെയിട്ട് വന്ന സബിക്ക് ഒരു ഓർത്തഡോക്സ് കുടുംബാംഗത്തിന്റെ ഛായ തോന്നിയതിനാൽ ആദ്യം വലിയ അടുപ്പമൊന്നും തോന്നിയില്ല. അവളുടെ മുഖത്ത് ഒരുതരം ജാടയും തോന്നിയിരുന്നു. ദേവ്നാറിലെ ഗണപതിക്കോവിലിനടുത്തുള്ള കബൂത്തർഖാനയുടെ ചുറ്റും പ്രാവുകൾ നൃത്തം ചെയ്യുന്നതും ഇണ ചേരുന്നതുമൊക്കെ അവൾ വലിയൊരു ക്യാമറയിൽ പകർത്തുന്നതു കണ്ടപ്പോൾ അവളെ കൂടുതൽ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല.

ഒരിക്കൽ അപ്രതീക്ഷിതമായി അവളെന്നെ വിളിച്ചുനിർത്തി ചോദിച്ചു: “മാഷേ... നാട്ടിൽ നിങ്ങളെവിടാണ്?”

സ്ഥലം പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ തിളങ്ങി. ആ സ്ഥലം അറിയുമോ എന്ന് ഞാൻ തിരക്കി.

“ഉവ്വ്. അവിടെ എസ്സെന്നിലാണ് ഞാൻ ഡിഗ്രി ചെയ്തത്.”

എന്റെ ചേട്ടൻ അവിടെ പ്രൊഫസറാണ്. പേരു പറഞ്ഞപ്പോൾ ആൾ അവളുടെ പ്രിയപ്പെട്ട അദ്ധ്യാപകൻ. അങ്ങനെയാണ് ഞങ്ങടെ അടുപ്പം തുടങ്ങുന്നത്. വളരെവേഗം ഞങ്ങൾ വലിയ ചങ്ങാതിമാരായി.

“ജോലി കിട്ടിയപ്പോൾ മുംബൈയ്ക്ക് വിടാൻ വീട്ടിലാർക്കും സമ്മതമുണ്ടാരുന്നില്ല. വഴക്കിട്ടാണ് പോന്നത്. മടങ്ങിച്ചെല്ലാൻ ഉമ്മിച്ചി ഇപ്പോഴും നിർബ്ബന്ധിക്കുന്നു. പക്ഷേ, എനിക്കിവിടം ഇഷ്ടായി.”

കിലുകിലെ ചിലയ്ക്കുന്ന തട്ടമിട്ട ആ പെൺകുട്ടിയെ എനിക്കും ഇഷ്ടമായി.

ഒഴിവു ദിവസങ്ങളിൽ നഗരത്തിന്റെ തിരക്കുകളിലേക്ക് കടക്കാതെ അവൾ കിളികളുടെ പിന്നാലെ ക്യാമറയുമായി നടക്കും.

“നാട്ടുപക്ഷികളെപ്പോലെ നാണംകുണുങ്ങികളല്ല നഗരപ്പക്ഷികൾ. അവയ്ക്ക് എല്ലാ കൗശലങ്ങളുമറിയാം” -സബി അഭിപ്രായപ്പെട്ടു.

“എന്തേ കിളികളോടിത്ര താല്പര്യം...?”

“ഉപ്പ പക്ഷികളെ നല്ലപോലെ ഫോളോ ചെയ്തിരുന്നു. ഈ ക്യാമറ ഉപ്പേടേതാണ്. കണ്ടോ... ഉപ്പ പോയിട്ടും ഉപ്പേടെ മണം ഇതീന്ന് പോയിട്ടില്ല...” അവൾ ക്യാമറയിൽ ഉമ്മവച്ചു.

ബുൾബുൾ... റോസ് റിങ്ങ്ട് പാരക്കീറ്റ്... ഓറിയന്റൽ മാഗ്പീ റോബിൻ... സൺബേർഡ്... ലാർക്ക്... ഓരോ കിളിയേയും ചൂണ്ടിക്കാട്ടി അവളങ്ങനെ വലിയ വലിയ പേരുകൾ പറഞ്ഞു. എനിക്ക് അറിയാവുന്ന പേരുകൾ ഇരട്ടത്തലച്ചി, തത്ത, വാലാട്ടിക്കിളി എന്നൊക്കെയാണ്. പേരെന്തായാലെന്താ...? കിളി കിളിതന്നെയല്ലേ എന്നു ഞാൻ പറയുമ്പോൾ അവൾ കുലുങ്ങിച്ചിരിക്കും.

എന്റെ പിറന്നാളിന് അവൾ ഒരു സമ്മാനപ്പൊതിയുമായി എത്തി. വർണ്ണക്കടലാസ് കൊണ്ടു പൊതിഞ്ഞ ഒരു ചതുരപ്പെട്ടി. പൊതി അഴിച്ചപ്പോൾ ഒരു തടിയൻ പുസ്തകം. ‘ബേഡ്സ് ഓഫ് ദ ഇന്ത്യൻ സബ് കോണ്ടിനന്റ്’. ബഹുവർണ്ണ ചിത്രങ്ങളുള്ള ഒരു പുസ്തകം. വില ആയിരം രൂപയിലേറെ!

“സബീ... എനിക്കെന്തിനാണിത്?”

“അതിലെ ചിത്രങ്ങൾ കാണാം. വായിക്കാം. വേണോങ്കിൽ പക്ഷികളെക്കുറിച്ച് കൂടുതൽ അറിയാം... എനിവേ... ഇതെന്റെ ഗിഫ്റ്റാണ് മാഷേ... മാഷ് അതിവിടെ സൂക്ഷിക്കണം.”

ജൂലൈ മാസം മഴ കടുത്തപ്പോൾ അവൾ പുറത്തിറങ്ങാതെ വിഷമിച്ചിരുന്നു. മഴയ്ക്ക് ഏറ്റം വന്ന് വഴികൾ മുങ്ങി. ഫോണിൽ ജാലകത്തിലൂടെ മഴയുടെ ചിത്രങ്ങളെടുത്ത് അവൾ എനിക്കയച്ചു. അടുത്തടുത്ത രണ്ടു വീടുകളിലിരുന്ന് ഞങ്ങൾ രാവേറെ നേരം ചാറ്റു ചെയ്തു. ചില ദിവസങ്ങളിൽ വളരെ നേരം വൈകിയും അവളെന്റെ വീട്ടിലുണ്ടാകും.

ചിലപ്പോൾ അവളെന്നെ വീഡിയോ ചാറ്റിലൂടെ ഉമ്മിയെ കാണിക്കും. സ്‌ക്രീനിലെ ഉമ്മി, സംശയം നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി. അകലെ ഏതോ ദേശത്ത് മകൾ ഒരാണ് ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിൽ!

“മാഷിന്റെ നിക്കാഹ് കഴിഞ്ഞതാന്നു പറഞ്ഞിട്ട് ഉമ്മിക്ക് വിശ്വാസം പോരാ. നിക്കാഹ് കഴിഞ്ഞ ആണുങ്ങളേയാണ് കൂടുതൽ സൂക്ഷിക്കേണ്ടതെന്ന് ഉമ്മി പറേന്നു. ഉമ്മീ... ഇത് മുംബൈയാണ്. ഇവിടെ നാട്ടിലേപ്പോലെ ആളോൾക്ക് പെണ്ണുങ്ങടെമേൽ അത്തരം നൊസ്സുണ്ടാവില്ല എന്ന് ഞാൻ മറുപടിയും കൊടുത്തു.”

അവൾ സമ്മാനമായിത്തന്ന പുസ്തകം തുറന്ന് അതിൽ ചൂണ്ടി വിവിധതരം കിളികളുടെ വിശേഷങ്ങൾ എനിക്ക് പറഞ്ഞുതന്നു. മെല്ലെ എനിക്ക് ചില കിളികളെ തിരിച്ചറിയാമെന്നായി. നമുക്ക് എല്ലാം ഒരുപോലെ തോന്നുമെങ്കിലും തത്തകൾ പലതരമുണ്ടത്രെ. ഇരട്ടത്തലച്ചൻ റോബിനാണ്. അതുപോലെ കരീലക്കിളികളേയും കൽമണ്ണാത്തിയേയുമൊക്കെ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു. എല്ലാം പറവ വർഗ്ഗമാണെങ്കിലും ഓരോന്നിനും പ്രത്യേകതകളുണ്ട്. ഇര തേടുന്നതിലും കൂടുണ്ടാക്കുന്നതിലും പറക്കുന്നതിലും വ്യത്യസ്തതയുണ്ട്. ഞാൻ അത്ഭുതത്തോടെ സബിയെ നോക്കി.

അവളുടെ സൗഹൃദം ഒട്ടും വിരസമായില്ല. ഇടയിൽ ഞാൻ നാട്ടിൽ പോയി മടങ്ങിവരുമ്പോൾ അവൾക്കിഷ്ടമുള്ള കാന്താരി ഹൽവയും പ്ലംകേക്കുമൊക്കെ വാങ്ങിക്കൊണ്ടുവന്നു. പകരം അവളെനിക്ക് സ്വാദുള്ള പലയിനം മീങ്കറികൾ വച്ചുതന്നു. അതിന്റെ വിശേഷങ്ങൾ പറയുമ്പോൾ എന്നെ ഭാര്യ പരിഹസിക്കും.

“കൊച്ചുപെങ്കുട്ടികൾ കറിയുണ്ടാക്കിത്തന്നാൽ നിങ്ങക്കൊക്കെ വലിയ സ്വാദുണ്ടാകും” എന്നൊക്കെ പറഞ്ഞാകും ആ പരിഹാസം. ഒരുദിവസം സബി പറഞ്ഞു: “മാഷേ... നവിമുംബൈയിലെ ചതുപ്പുകളിൽ എല്ലാ വർഷവും പതിനായിരക്കണക്കിന് അരയന്നക്കൊക്കുകൾ പറന്നെത്തും. പിങ്കുനിറം വാരിവിതറി അവ വിശാലമായൊരു പിങ്കു പരവതാനി പോലുണ്ടാകുമത്രെ. നമുക്ക് പോയിക്കണ്ടാലോ? മാഷ് വണ്ടിയൊന്നെടുക്കുമോ?”

എനിക്ക് ഓഫീസിൽ തിരക്കുള്ള സമയമായിരുന്നു. ഓഫീസിലെ പല പണികളും വീട്ടിലിരുന്നാണ് തീർക്കുന്നത്. എങ്കിലും ഒരു സുന്ദരിപ്പെണ്ണിന്റെയൊപ്പം യാത്ര ചെയ്യുന്നത് സുഖമല്ലെ എന്ന ചിന്തയോടെ കൂടെ ചെല്ലാമെന്ന് സമ്മതം മൂളി. കാറിൽ ഇരിക്കുമ്പോൾ നവിമുംബൈയിലെ അരയന്നക്കൊക്കുകളെക്കുറിച്ച് അവൾ വിസ്തരിക്കാൻ തുടങ്ങി.

“താനെയിലെ ക്രീക്കിലും സിവിരിയിലുമൊക്കെ സീസണിൽ ഒത്തിരി ഫ്ലെമിംഗൊകൾ പറന്നെത്തും. ഡിസംബർ അവസാനം മുതൽ ഏപ്രിൽ മെയ് വരെ അവയുണ്ടാകുമത്രെ. അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ഗുജറാത്തിലെ റാൻ ഓഫ് കച്ച് തുടങ്ങിയ ഭാഗങ്ങളിലെ പ്രജനന കേന്ദ്രങ്ങളിൽനിന്ന് അവ മുംബൈയിലെ തണ്ണീർത്തടങ്ങളിലേക്ക് കൂട്ടമായി ഭക്ഷണം തേടി എത്തുന്നു. അവയുടെ പ്രധാന ഭക്ഷണം വെള്ളത്തിന്റെ അടിത്തട്ടിൽ വസിക്കുന്ന മോളസ്‌കുകൾ, ക്രസ്റ്റേഷ്യൻ, നീലയും പച്ചയും ആൽഗകൾ എന്നിവയൊക്കെയാണ്. താറാവിന്റെപോലെ പരന്ന കൊക്കുകളാണ് അവയ്ക്കുള്ളത്. തല മുഴുവനായി വെള്ളത്തിൽ താഴ്ത്തി അരിപ്പപോലെയുള്ള കൊക്കുകൾ കൊണ്ടവ ഇരതേടും. ഏപ്രിൽ അവസാനം മുതൽ അവ മടങ്ങിപ്പോകാൻ തുടങ്ങുന്നു. മെയ്‌മാസത്തോടെ ഭൂരിഭാഗവും മടങ്ങിയിട്ടുണ്ടാകും” -സബി ആവേശത്തോടെ പറഞ്ഞുകൊണ്ടിരുന്നു.

“ഇത്രയൊക്കെ വിവരങ്ങൾ ആരു നൽകി? ഇതൊക്കെ പുസ്തകത്തിലുള്ളതാണോ?”

“അത് ഗൂഗിൾ ചെയ്താലും കിട്ടും. പക്ഷേ, എന്റെ ഓഫീസിലെ അവിനാശ് പക്ഷിനിരീക്ഷകനാണ്. നാച്വറൽ ഹിസ്റ്ററി സൊസൈറ്റീടെ മെമ്പർ. അവൻ ഫ്ലെമിംഗൊ പോയിന്റിൽ എന്നെ കൊണ്ടുപോകാന്ന് പറഞ്ഞതാണ്. പക്ഷേ, പാവത്തിനു തിരക്കായി. അതാണ് ഞാൻ മാഷിനെ ബുദ്ധിമുട്ടിച്ചത്.”

ഞങ്ങൾ ചെല്ലുമ്പോൾ അവിടെ ധാരാളം ആളുകളുണ്ട്. മിക്കവരും വിവിധതരം ക്യാമറകൾ പിടിച്ചാണ് നിൽപ്പ്. ദൂരദർശിനിയിലൂടെ അവയുടെ ഭംഗി കാണുന്നവരുണ്ട്. വലിയ കൂട്ടമായി കാണുന്നത് രസകരമാണെങ്കിലും പറ്റങ്ങളിൽനിന്നു കുറച്ചു മാറി പ്രണയലീലകളിൽ മുഴുകി നിൽക്കുന്ന പക്ഷികളുടെ കാഴ്ചയാണ് എനിക്കിഷ്ടമായത്. അവ ആകാശത്തുകൂടി പറന്നു വരുമ്പോൾ പിങ്ക് നിറത്തിലുള്ള നാടകൾ പാറിപ്പറക്കുന്നതുപോലെ തോന്നി. വന്നത് ഏതായാലും നഷ്ടമായില്ല.

“ഇവിടുത്തെ ക്രീക്കുകൾ നീളമുള്ളതും ചുറ്റും ധാരാളം വൃക്ഷങ്ങൾ ഉള്ളവയുമാണ്. അതുകൊണ്ട് ഫ്ലെമിംഗൊകൾക്ക് യോജിച്ചതാണ് ഇവിടം. മുട്ട വിരിഞ്ഞുവരുന്ന കുഞ്ഞുപക്ഷികൾക്ക് യഥാർത്ഥത്തിൽ പിങ്ക് നിറമില്ല. അവ ചാരനിറമോ വെള്ളയോ ആയിരിക്കും. പിന്നീട് അവയുടെ തൂവലുകൾ പിങ്കുനിറമാകുന്നു. കഴിക്കുന്ന ആൽഗകളിലെ പിഗ്‍‌മെന്റുകൾ എന്ന കളറിംഗ് രാസവസ്തുക്കളിൽനിന്നാണ് നേരിയ ചുവപ്പുകലർന്ന പിങ്കുനിറം വരുന്നത്. അവിനാശിന്റെ അഭിപ്രായത്തിൽ ഫ്ലെമിംഗൊകൾ ശരിക്കും ദേശാടനപ്പക്ഷികളല്ല. എന്നാൽ, കാലാവസ്ഥയിലെ മാറ്റങ്ങൾ, ജലവിതാനത്തിലെ വ്യത്യാസങ്ങൾ, ഭക്ഷണലഭ്യതയിലെ പ്രശ്നങ്ങൾ തുടങ്ങിയ പല കാരണങ്ങളാൽ അവ ഒരേയിടങ്ങളിൽ സ്ഥിരമായി കോളനികൾ തീർക്കണമെന്നില്ല” -അവൾ വിവരണം തുടർന്നു.

മടക്കയാത്രയിൽ വാഷിയിലെ ടോൾപ്ലാസയിൽ കുരുങ്ങിക്കിടക്കുമ്പോൾ ഞാൻ അവിനാശിനെക്കുറിച്ച് വീണ്ടും ചോദിച്ചു.

“ഓ... അവൻ പാവമാണ് മാഷെ. കേരളോക്കെ വല്യ ഇഷ്ടമാണ്. നന്നായി വായിക്കും.”

“മഹാരാഷ്ട്രക്കാരനല്ലേ...?”

“അതെ. നാഗ്പൂരുകാരൻ. ആൾ നല്ലൊരു പരിസ്ഥിതി സ്നേഹിയാണെന്ന കാര്യം അടുത്ത കാലത്താണ് ഞാനറിഞ്ഞത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ റെഡ് ലിസ്റ്റിൽ ‘ഭീഷണി നേരിടുന്നവ’ എന്ന ക്ലാസ്സിൽ ഉൾപ്പെടുത്തിയ ഫ്ലെമിംഗൊകളെ എങ്ങനേയും സംരക്ഷിക്കണമെന്നു ഞങ്ങൾ വിചാരിക്കുന്നു. ചതുപ്പുനിലങ്ങളിൽ നടക്കുന്ന വികസന പദ്ധതികൾ ഫ്ലെമിംഗൊകൾക്കുള്ള ഏറ്റവും വലിയ ഭീഷണിയാണത്രെ. മുംബൈ ട്രാൻസ് ഹാർബർ ലിങ്കുതന്നെ ഉദാഹരണം. താനെ ക്രീക്കിൽനിന്ന് ഏതാനും കിലോമീറ്ററുകൾ മാറിയുള്ള സിവിരി ക്രീക്ക് ഫ്ലെമിംഗൊകൾ ഉൾപ്പെടെയുള്ള നിരവധി ദേശാടന പക്ഷികളുടെ പ്രധാന തീറ്റകേന്ദ്രമാണ്. അവിടെ വരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തീർച്ചയായും പക്ഷികളുടെ ജീവിതത്തിനു ഭീഷണിയാകും. മാഷ് കണ്ടില്ലേ... എന്തു ഭംഗിയാരുന്നു ആ കാഴ്ച. നാളെ അതൊക്കെ ഇല്ലാതാകുന്നത് കഷ്ടമല്ലേ...? കുറച്ചു കഷ്ടപ്പെട്ടാലും അവയെ സംരക്ഷിക്കേണ്ടേ മാഷേ...?”

മറുപടി പറയാതെ ഞാൻ മന്ദഹസിച്ചതേയുള്ളൂ.

“ഇങ്ങനെ വെറുതേ ചിരിക്കേണ്ട. മാഷിനറിയുമോ... ഗംഗാനദീലെ ഡോൾഫിനുകൾ വംശമറ്റുപോകുമാരുന്നു. ആ ദേശത്തെ പരിസ്ഥിതിസ്നേഹികൾ ഭരണകൂടത്തിന്റെ കണ്ണു തുറപ്പിച്ചതാണ് കുറച്ചെങ്കിലും അവയ്ക്ക് രക്ഷയായത്.”

ഞാൻ വീണ്ടും ചിരിച്ചു.

അടുത്തൊരു ദിവസം ഞങ്ങൾ താമസിക്കുന്നിടത്ത് സബിയെ കാണാൻ ഒരു ചെറുപ്പക്കാരനെത്തി. അത് അവിനാശാണെന്ന് ഞാൻ ഊഹിച്ചു. വിലയേറിയ ഒരു ബൈക്കിലായിരുന്നു അയാളെത്തിയത്. ക്ലീൻ ഷേവ് ചെയ്ത് സുമുഖനായ ഒരു ചെറുപ്പക്കാരൻ. അയാൾ സബിയുടെ വീട്ടിനുള്ളിൽ പ്രവേശിക്കാതെ കതകിനു വെളിയിൽനിന്നാണ് സംസാരിച്ചത്. ഞാൻ പീപ്പ് ഹോളിലൂടെ അവരെ നിരീക്ഷിച്ചുകൊണ്ടിരുന്നു. തൊട്ടുതൊട്ടുനിന്നാണ് അവർ സംസാരിക്കുന്നത്. എനിക്ക് അയാളോട് അസൂയ തോന്നി. അയാൾ ഇറങ്ങാൻ തുടങ്ങുമ്പോൾ സബി എന്റെ കതകിൽ മുട്ടി. ഞാൻ ഈർഷ്യ വെളിയിൽ കാട്ടാതെ കതകു തുറന്നു.

“മാഷേ... ഇതാണ് അവിനാശ്. ഞാൻ പറഞ്ഞിട്ടില്ലേ...” ഞാൻ മുഖത്ത് പരമാവധി സൗമ്യത വരുത്തി ചിരിച്ചു. അയാൾ കൈകൂപ്പിത്തൊഴുതിട്ട് ഞങ്ങളോട് യാത്ര പറഞ്ഞ് തിരക്കിട്ടിറങ്ങി.

“മാഷറിഞ്ഞോ... നവിമുംബൈയിലെ ചതുപ്പുകളൊക്കെ നികത്താൻ പോകുന്നത്രെ. കണ്ടൽക്കാടുകളും വെട്ടിക്കളയുന്നു. പാവം അരയന്നക്കൊക്കുകൾ ഇനി എവിടേക്ക് പറന്നിറങ്ങും?” സബിയുടെ മുഖത്ത് സങ്കടം ഇരുണ്ടുകൂടി. ചിലപ്പോൾ അവൾ കരഞ്ഞേക്കും. ചതുപ്പുകൾ നികത്തി അവിടെ വലിയ ഗോൾഫ് കോഴ്സ് മൈതാനമുണ്ടാക്കുകയാണ്. സർക്കാരിന്റെ തീരുമാനത്തിനെതിരെ പല സംഘടനകളും പരിസ്ഥിതിസ്നേഹികളായ വ്യക്തികളും പരാതികൾ നൽകിയിരുന്നു. കേസ് കോടതിയിലുമെത്തി. എന്നാൽ, സർക്കാരിന് അനുകൂലമായാണ് വിധി വന്നത്.

“അല്ലെങ്കിൽത്തന്നെ സർക്കാരിന് ഇക്കാര്യത്തിൽ മർക്കടമുഷ്ടിയാണ്. പരിസ്ഥിതി പ്രവർത്തകരെ കാണാനോ അവരുമായി ചർച്ച നടത്താനോ സർക്കാർ തയ്യാറായില്ല. ഒരുമാതിരി ഫ്യൂഡലിസ്റ്റ് രീതി. ഇവിടുത്തെ ആരെ കോളനിയിലെ പച്ചത്തുരുത്തുകളുടെ വിധിയാണ് ഈ നീർച്ചോലകൾക്കും വരാൻ പോകുന്നത്.” സബി കോപം കൊണ്ടു വിറച്ചു.

പിന്നെ കുറച്ചുകാലം അവൾ എന്തൊക്കെയോ തിരക്കിലാരുന്നു എന്നുതോന്നി. അതിനിടെ ഒന്നുരണ്ടുവട്ടം രാത്രി വൈകി അവൾ അവിനാശിന്റെ ബൈക്കിൽ വന്നിറങ്ങുന്നത് കണ്ടു. കിളി സ്നേഹം മാത്രമല്ല, രണ്ടും മുട്ടൻ പ്രേമത്തിലായിട്ടുണ്ടാകും എന്ന് ഞാനൂഹിച്ചു. എന്നാൽ, ചിലപ്പോൾ മറ്റു ചിലരേയും കണ്ടു. അവളോടു തോന്നിയിരുന്ന അടുപ്പവും സൗഹൃദവുമെല്ലാം എന്നിൽനിന്ന് മെല്ലെ പടിയിറങ്ങി.

അങ്ങനെയിരിക്കെ ഒരുനാൾ, സന്ധ്യ ഒടുങ്ങുന്ന നേരം, എനിക്കൊരു ഫോൺ വന്നു. സീവുഡ്സ് പൊലീസ് ഠാണയിൽനിന്നാണ്. സബി അറസ്റ്റിലാണത്രെ. അവളാണ് പൊലീസിന് നമ്പർ കൊടുത്തത്. അല്പം ഈർഷ്യയും താല്പര്യക്കുറവും തോന്നിയെങ്കിലും കാര്യത്തിന്റെ ഗൗരവം ഓർത്തപ്പോൾ ചെല്ലാതിരിക്കാൻ കഴിഞ്ഞില്ല. എന്തിനാണ് അവളെ അറസ്റ്റു ചെയ്തത് എന്നറിയില്ല.

ആദ്യമായാണ് മുംബൈയിലെ ഒരു പൊലീസ് സ്റ്റേഷനിൽ ഞാൻ ചെല്ലുന്നത്. സ്റ്റേഷന്റെ വെളിയിൽ കുറച്ചു പത്രക്കാരൊക്കെ കൂടിനിൽപ്പുണ്ട്. ആകെക്കൂടെ സുഖമില്ലാത്ത അന്തരീക്ഷം. ഒരു കുടുസുമുറിയിലെ മരബെഞ്ചിൽ തുടകളിലേക്ക് തല താഴ്ത്തി അവൾ ഇരിപ്പുണ്ട്. അടുത്ത് ഒരു വനിതാ പൊലീസുണ്ട്. പൊലീസുകാരി കാര്യങ്ങൾ എന്നോടു ചുരുക്കിപ്പറഞ്ഞു. വമൻദേവ് മൈതാനത്ത് പരിസ്ഥിതി പ്രവർത്തകർ സംഘം ചേർന്നു ധർണ്ണ നടത്തി. കൂട്ടത്തിൽ പെണ്ണായി അവൾ മാത്രം. ധർണ്ണക്കാരെ പിരിച്ചുവിടാൻ അവിടെയെത്തിയ പൊലീസുകാരെ സംഘം ആക്രമിച്ചു. പിടിയിൽ കിട്ടിയ ആണുങ്ങളെല്ലാരും ജയിലിലാണ്. പെണ്ണായതുകൊണ്ട് അവളെ അകത്തിട്ടില്ല. അവളെ കൊണ്ടുപൊയ്ക്കോളാൻ പൊലീസുകാരി എന്നോടു പറഞ്ഞു.

“മാഷേ... ഞാൻ വരില്ല.” അവൾ പെട്ടെന്നു നിവർന്നിട്ട് എന്നോടു ശബ്ദത്തിൽ പറഞ്ഞു. “ഒരു പെണ്ണ് എന്ന സൗജന്യത്തിൽ എനിക്ക് പോകേണ്ട. അല്ലെങ്കിൽ അവരെ എല്ലാവരേയും വിടണം. എങ്കിൽ ഞാനും വരാം.”

മലയാളത്തിൽ ഞങ്ങൾ സംസാരിക്കുന്നത് ഇഷ്ടപ്പെടാതെ പൊലീസുകാരി കണ്ണുരുട്ടി.

“തൽക്കാലം സബി വരൂ... രാത്രി ഇവിടെ സേഫല്ല. പുറത്തുനിന്ന് എന്തുചെയ്യാനാകുമെന്ന് നമുക്ക് നോക്കാം.”

“ഇല്ല മാഷേ... ഞാൻ വരില്ല. വെറുതെ നിർബ്ബന്ധിക്കേണ്ട.” ഞാനതുവരെ കണ്ടിട്ടില്ലാത്ത ഒരു ഭാവമായിരുന്നു അപ്പോളവൾക്ക്.

“അവിനാശുണ്ടല്ലേ ആ കൂട്ടത്തിൽ?”

“അവിനാശ് മാത്രമല്ല. അവർ അകത്തു പിടിച്ചിട്ടവരെല്ലാം എനിക്ക് വേണ്ടപ്പെട്ടവരാണ്.” അതു പറയുമ്പോൾ അവളുടെ മനോബലം മുഖത്തു തെളിഞ്ഞുകണ്ടു.

പൊലീസുകാരി എന്നെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ അടുക്കലേക്ക് കൂട്ടിക്കൊണ്ടുപോയി.

അയാൾ എന്നെ ആകെപ്പാടെ സൂക്ഷിച്ചുനോക്കി. എന്നിട്ട് എനിക്ക് സബിയുമായുള്ള ബന്ധമെന്തെന്ന് ചോദിച്ചു. ഞാൻ സുഹൃത്തും അയൽക്കാരനുമാണെന്ന് പറഞ്ഞു. അവളൊരു മുസ്‌ലിം പെണ്ണല്ലേ എന്നയാൾ ചോദിച്ചു. ഞാൻ തലയിളക്കി. എന്താണ് അവളെ കൂട്ടിക്കൊണ്ടുപോകാത്തത് എന്നയാൾ തുടർന്ന് അന്വേഷിച്ചു. ഞാൻ കാര്യം പറഞ്ഞപ്പോൾ അയാളുടെ ഭാവം പെട്ടെന്നു മാറി. എന്നെയും കൂട്ടി അവളിരിക്കുന്നിടത്തേക്ക് ചവിട്ടിത്തുള്ളി അയാൾ കടന്നുചെന്നു. സബി അതേയിരിപ്പുതന്നെ. മറ്റുള്ളവരെ വിട്ടാൽ അവൾ പോകാം എന്നവൾ ശബ്ദം കുറച്ച് ആവർത്തിച്ചു. ഉടൻ ഉദ്യോഗസ്ഥൻ അടവു മാറ്റി. അയാൾ എന്നെ ചൂണ്ടി അവളോടു പറഞ്ഞു: “നീ സ്റ്റേഷൻ വിട്ടുപോയില്ലെങ്കിൽ ഇയാളെയും പ്രതിയാക്കി അകത്തിടും. പോലീസിനെ നിനക്കറിയില്ല.”

ഞാൻ നടുക്കത്തോടെ അവളെ നോക്കി. പൊലീസ് ഉദ്യോഗസ്ഥൻ എന്റെ കോളറിൽ പിടിമുറുക്കി രണ്ടുവട്ടം ഉലച്ചു. ഇരുട്ടുമുഖമുള്ള രണ്ടുമൂന്ന് ആൺപൊലീസുകാർ എന്നെ വളഞ്ഞു.

“ഇതെന്ത് അന്യായമാണ്?” സബി ചാടിയെഴുന്നേറ്റു. അയാളുടെ കണ്ണുകളിലെ ക്രൗര്യം തിരിച്ചറിഞ്ഞ അവൾ മെല്ലെ വന്ന് എന്റെ കൈകളിൽ മുറുകെപ്പിടിച്ചു. കാറിൽ ഇരിക്കുമ്പോൾ ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല. അവൾ കരയുന്നുണ്ടെന്നു തോന്നി.

ഫ്ലാറ്റിന്റെ താഴെ എത്തിയപ്പോൾ അവൾ പറഞ്ഞു: “മാഷേ.. സോറി. എന്നോടു ക്ഷമിക്കണേ. ഞാൻ കാരണം മാഷും ബുദ്ധിമുട്ടി...”

“അതൊന്നും സാരമില്ല. നമുക്ക് നാളെത്തന്നെ ഒരു അഡ്വക്കറ്റിനെ കാണാം. സബി അവിനാശിന്റെ കാര്യമോർത്ത് വിഷമിക്കരുത്.”

അവൾ പുഞ്ചിരിച്ചു. “മാഷ് കരുതുന്നപോലെ എനിക്ക് അവിനാശുമായി പ്രണയമൊന്നുമില്ല. ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രം. പ്രകൃതിസ്നേഹത്തിന്റെ പേരിലുള്ള അടുപ്പം മാത്രം.”

ഞാനവളെ സഹതാപത്തോടെ നോക്കി. അവൾ വല്ലാതെ തളർന്നിട്ടുണ്ട്. പോയി വിശ്രമിക്കാൻ പറഞ്ഞു.

അടുത്ത ദിവസം രാവിലെ സബി എന്നെ വിളിച്ച് ഒരു വിശേഷം പറഞ്ഞു. കസ്റ്റഡിയിൽ വച്ച എല്ലാവരേയും തലേരാത്രിതന്നെ വിട്ടയച്ചത്രെ.

“പക്ഷേ, ആ മണ്ടൻമാർ മാപ്പെഴുതിക്കൊടുത്തു. ഇനി സംഘം ചേരില്ലെന്നും സർക്കാരിന്റെ വികസന പദ്ധതികൾക്കെതിരെ പ്രവർത്തിക്കില്ല എന്നും എഴുതി ഒപ്പിട്ടുകൊടുത്തു.”

“വലിയ ഭീഷണിയുണ്ടായിക്കാണും. നിവൃത്തികേടുകൊണ്ട് അവർ എഴുതിക്കൊടുത്തതാകും.”

“ഇത്തരം ഭീഷണികളുണ്ടാകുമെന്ന് അവർക്കറിയില്ലേ... മാഷിനറിയുമോ? ഇന്നലെ അവിടെ നടന്ന യോഗം തികച്ചും സമാധാനപരമാരുന്നു. ഞങ്ങൾ പ്രകോപനമുണ്ടാക്കുന്ന ഒന്നും ചെയ്തില്ല. പൊലീസാണ് ഞങ്ങളെ ആക്രമിച്ചത്. അവരുടേത് ഒരു പ്ലാൻഡ് അറ്റാക്കാരുന്നു. കള്ളക്കേസുണ്ടാക്കി ഞങ്ങളെ പേടിപ്പിച്ച് പിന്തിരിപ്പിക്കാൻ.”

“എന്നിട്ട് പൊലീസെന്താ സബിയോട് മാത്രം പോകാൻ പറഞ്ഞത്?”

“ഞാനായിരുന്നു മാഷേ അവരേയൊക്കെ ഒന്നിപ്പിച്ചു നിർത്തിയ ഘടകം. അതാ ഇൻസ്പെക്ടർക്കറിയാം. ഞാനവിടെയുണ്ടെങ്കിൽ അവർ ഒരുപക്ഷേ, മാപ്പെഴുതാനൊന്നും തയ്യാറാകില്ല. മാഷ് ഇന്നത്തെ പത്രങ്ങളിൽ നോക്കിക്കോളൂ... ഈ സംഭവത്തെക്കുറിച്ച് ഒരു ചെറിയ വാർത്തപോലും ഒന്നിലും കാണില്ല. അവർ മാധ്യമപ്രവർത്തകരേയും പറഞ്ഞു വിലക്കിയേക്കും... ചെറുശബ്ദങ്ങൾ പോലും ഇല്ലാതാക്കുകയാണിപ്പോൾ.”

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ശരിയായിരുന്നു. അന്നത്തെ പത്രത്തിൽ അത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നില്ല. തുടർന്നുള്ള കുറച്ചുദിവസം സബിയേയും അവളുടെ ക്യാമറയേയും പുറത്തെങ്ങും കണ്ടില്ല. സീവുഡ്സിലെ സംഭവങ്ങളുടെ ഓർമ്മകളിൽനിന്ന് അവൾ മെല്ലെ മുക്തയായി വരട്ടെ എന്നുകരുതി ഞാനും ശല്യപ്പെടുത്തിയില്ല. ഒരു ദിവസം വീണ്ടും തട്ടമിട്ട് അവൾ ഓഫീസിൽ പോകുന്നതു കണ്ടു. മുന്‍പ്, മുംബൈ ജീവിതവുമായി ഇഴുകിച്ചേർന്ന വഴി എവിടെയോ ഉപേക്ഷിച്ചതായിരുന്നു അത്. ഒരുപക്ഷേ, അവളിപ്പോൾ അനുഭവിക്കുന്ന ആന്തരിക സംഘർഷങ്ങൾക്ക് ഒരു മറയായി അത് വീണ്ടും അണിഞ്ഞതാകും.

ഒരു ദിവസം അവൾ വാതിലിൽ മുട്ടി. നിസ്തേജമായ ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു: “മാഷേ... ഞാനെന്റെ ജോലി വിട്ടു. ഇനി ചില പേപ്പർവർക്കുകളുണ്ട്. അതുകഴിഞ്ഞ് നാട്ടിലേക്ക് മടങ്ങും. ഇനി കുറച്ചുനാൾ ഉമ്മീടെ കൂടെ നാട്ടിൽ നിൽക്കാം. എനിക്കുവേണ്ടി ആരാണ്ടൊരാളെ ഉമ്മച്ചിയും ബന്ധുക്കളും കണ്ടുവച്ചിട്ടുണ്ട്. മനുഷ്യരുടെ കാര്യം ചിലപ്പോൾ അരയന്നക്കൊക്കുകളേക്കാൾ കഷ്ടമാണ്. യോജിച്ച ആവാസവ്യവസ്ഥകളിൽ ഒരിക്കലും അവർക്ക് കഴിയാനാകില്ല. എങ്ങോട്ടെങ്കിലും ദേശാടനവും സാധ്യമാകില്ല. ശരിയല്ലേ മാഷേ...?”

ഉത്തരമില്ലാതെ ഞാൻ അവളെ നോക്കി. എന്റെയുള്ളിൽ നൊമ്പരം വലകെട്ടി. അവൾ മിടുക്കത്തിയാണ്. പക്ഷേ, സമൂഹം അത്തരം മിടുക്കുകളെ നിരന്തരം തല്ലിക്കെടുത്തിക്കൊണ്ടിരിക്കും.

“മാഷേ... അടുത്ത സീസണിൽ മാഷ് നവിമുംബൈയിലെ ക്രീക്കുകളിൽ പോണം. അരയന്നക്കൊക്കുകൾ എത്തീട്ടുണ്ടോ എന്നു നോക്കണം. മനുഷ്യർ കയ്യൊഴിഞ്ഞാലും പക്ഷികൾ അതിജീവനത്തിന്റെ പാത സ്വയം കണ്ടെത്തിയേക്കും. അവ വന്നിട്ടുണ്ടെങ്കിൽ എനിക്ക് ചിത്രങ്ങളെടുത്ത് അയച്ചുതരണം. അതുകണ്ട് ലോകത്തിന്റെ ഏതേലും കോണിലിരുന്ന് ഞാൻ സന്തോഷിക്കും.”

അവൾ പോയിട്ടും കുറച്ചുനാൾ ഇടയ്ക്കിടെ ചില സന്ദേശങ്ങളൊക്കെ വന്നിരുന്നു. പിന്നെ അതൊക്കെ മെല്ലെ മറന്നു. അവൾ വിവാഹിതയായി ഗൾഫിലേക്കു പറന്നിട്ടുണ്ടാകുമെന്ന് കരുതി.

ഏതാനും വർഷങ്ങൾ കടന്നുപോയി. മുംബൈയുടെ ആകാശം വീണ്ടും മാറിമറിഞ്ഞു. രാഷ്ട്രീയമായ പുതുസമവാക്യങ്ങളും പുത്തൻ പരിഷ്‌കാരങ്ങളും വന്നു. അതിവേഗ പാതകളും നീണ്ട കടൽപ്പാലങ്ങളും വന്നു.

അങ്ങനെയിരിക്കെ ഒരുനാൾ സബിയുടെ ഓർമ്മകൾ തികച്ചും അപ്രതീക്ഷിതമായി മടങ്ങിയെത്തി. വീടുമാറുന്നതിനിടെ പഴയ പെട്ടികൾ അടുക്കിപ്പെറുക്കുമ്പോൾ ‘ബേഡ്സ് ഓഫ് ദ ഇന്ത്യൻ സബ് കോണ്ടിനന്റ്’ എന്ന പുസ്തകം കൈയിലെത്തി. അരയന്നക്കൊക്കുകൾ മനസ്സിൽ പറന്നിറങ്ങി. സബിയും. അവൾ ഇപ്പോഴും കിളികളെ പിന്തുടരുന്നുണ്ടാകുമോ? അതോ ജീവിതത്തിന്റെ തിരക്കുകളിൽ പെട്ട് അതൊക്കെ ഉപേക്ഷിച്ചിരിക്കുമോ?

സുഹൃത്ത് പ്രദീപിന് ഇത്തരം കാര്യങ്ങളിൽ താല്പര്യം ഉണ്ടെന്നറിയാം. അയാളോട് അരയന്നക്കൊക്കുകളെക്കുറിച്ച് ചോദിച്ചു. അങ്ങനെയാണ് ഞങ്ങൾ ഇവിടെയെത്തിയത്.

പ്രദീപ് എന്നെ തോളിൽ പിടിച്ചു വിളിച്ചു: “കുറച്ചുനേരമായി എന്തോ ഗാഢമായ ചിന്തേലാണല്ലോ...? ശല്യപ്പെടുത്തേണ്ട എന്നു ഞാനും കരുതി. വരൂ... നമുക്കിനി സിവിരിയിൽ പോയിനോക്കാം. അവിടെ കുറച്ചു പക്ഷികൾ വന്നെത്തിയിട്ടുണ്ട് എന്ന് എന്റെയൊരു സുഹൃത്ത് പറഞ്ഞു.”

ഞങ്ങൾ സിവിരിയിൽ എത്തുമ്പോൾ ഒരുപറ്റം അരയന്നക്കൊക്കുകൾ വെള്ളത്തിലുണ്ട്. ഞാൻ സെൽഫോണിൽ അവയുടെ ചിത്രങ്ങൾ എടുത്തു. കുറച്ചുനേരം ആ പക്ഷികളെ നോക്കി ഞങ്ങൾ അവിടെ നിന്നു. വേറെ കാഴ്ചക്കാർ ആരും അവിടെ ഉണ്ടായിരുന്നില്ല. കുറച്ചുകഴിഞ്ഞപ്പോൾ അവ ഉയർന്നുപൊന്തി ദൂരേക്ക് പറന്നുപോയി. നഗരത്തിന്റെ നരച്ച മേലാപ്പിൽ എവിടെയോ അവ മറയുന്നതുവരെ ഞങ്ങൾ നോക്കിനിന്നു. നമുക്ക് മടങ്ങാമെന്ന് പ്രദീപ് പറഞ്ഞു. നഗരം എത്ര വികസിപ്പിച്ചിട്ടും ഒടുങ്ങാത്ത തിരക്കിലൂടെ അയാൾ ബുദ്ധിമുട്ടി വണ്ടി തെളിച്ചുകൊണ്ടിരുന്നു. മടക്കയാത്രയ്ക്കിടെ ആ ചിത്രങ്ങൾ സബിയുടെ നമ്പരിലേക്ക് അയച്ചു. കാലം കുറച്ചായില്ലേ... ആ നമ്പർ അവളിപ്പോൾ ഉപയോഗിക്കുന്നുണ്ടോ എന്നുപോലും ഉറപ്പില്ല. പക്ഷേ, കുറച്ചുകഴിഞ്ഞപ്പോൾ അവളുടെ മറുപടി വന്നു.

“മാഷേ... ഈ ഫോട്ടോകൾ അമൂല്യമാണ്. മനുഷ്യർ അവയോട് ഇനിയെങ്കിലും കരുണ കാണിച്ചില്ലെങ്കിൽ ഒരുപക്ഷെ, അവിടെ പറന്നെത്തുന്ന അവസാനത്തെ പക്ഷികളാകും അവ.”

മറുപടി നൽകാനാവാതെ, ഒരു ഇമോജിപോലുമിടാനാകാതെ, ഞാനാ സന്ദേശം പലയാവർത്തി വായിച്ചു. അതിലെ അക്ഷരങ്ങളിൽ ഉത്കണ്ഠകളും വേവലാതികളും കെട്ടുപിണഞ്ഞുകിടക്കുന്നു.

നോട്ടുകൾ: സിവിരി- തെക്കൻ മുംബൈയുടെ കിഴക്കേമൂലയിലുള്ള ഒരു പ്രദേശം. മറാത്തിയിൽ ശിവ്ഡി എന്ന് ഉച്ചാരണമുണ്ട്. ക്രസ്റ്റേഷ്യൻ- ആർത്രോപോഡ് വിഭാഗത്തിലെ ജീവികൾ. ഞണ്ട്, ചെമ്മീൻ തുടങ്ങിയവ ഉദാഹരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com