

അച്ഛന് എഴുപത്തിയൊന്നാമത്തെ വയസ്സിലും അച്ഛന്റെ അച്ഛന് അറുപത്തിയൊന്നാമത്തെ വയസ്സിലും പിടികൂടിയ ബാധ, അത്രയും കാലത്തെ ജീവിതം മറന്ന് മറ്റേതോ ജീവിതം ജീവിക്കാൻ തുടങ്ങുക എന്ന വേറൊരു കാലം, അൻപത്തിയൊന്നാം വയസ്സിൽ, ആ രാവിലെ എന്നെയും സന്ദർശിക്കുകയായിരുന്നു, എനിക്ക് പേടി തോന്നി. ആ സമയം, ഞാൻ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽനിന്ന്, എന്തുവന്നാലും മറ്റൊരു ജീവിതത്തിലേയ്ക്ക് പോകരുത് എന്ന നിശ്ചയത്തോടെ, വാതിൽ പൂട്ടി ഞാൻ പുറത്തേയ്ക്കിറങ്ങി. അല്ലെങ്കിൽ, ആ പകലും, കഴിഞ്ഞ ദിവസങ്ങളിൽ എന്നപോലെ ഞാൻ ചെയ്യേണ്ടിയിരുന്നത്, ഇത്രയും കാലത്തിനിടയ്ക്ക് എഴുതിയ കഥകളുടെ മുഴുവൻ സമാഹാരത്തിന്റെ പകർപ്പുകൾ നോക്കിയും തിരുത്തിയും ഇരിക്കുകയാണ്: ജീവിതത്തിന്റെ ഒരു വലിയ ആയുസ്സിലേക്ക് ചിതറിയ എന്റെ തന്നെ പ്രപഞ്ചത്തെ സ്നേഹത്തോടെ ഓർക്കുകയാണ്. ഇനി അങ്ങനെയൊന്നുമായിരുന്നില്ലെങ്കിൽത്തന്നെ, ഇത്രയും വർഷങ്ങൾകൊണ്ട് എഴുതിയ കഥകളോ ചിലപ്പോൾ എനിക്കൊപ്പം കഴിയുന്ന എന്റെ കഥാപാത്രങ്ങളേയോ ആ ദിവസവും ഞാൻ ഓർക്കുകയായിരുന്നിരിക്കണം; അങ്ങനെയൊരു നിമിഷത്തിലാണ്, അച്ഛന് എഴുപത്തിയൊന്നാമത്തെ വയസ്സിലും അച്ഛന്റെ അച്ഛന് അറുപത്തിയൊന്നാമത്തെ വയസ്സിലും സന്ദർശിച്ച ബാധ, അത്രയും ആയുസ്സ് മറന്ന് മറ്റൊരാളെപ്പോലെ ജീവിക്കാൻ തുടങ്ങുക എന്ന കാലം, ഇപ്പോൾ അൻപത്തിയൊന്നാം വയസ്സിൽ എന്നെയും സന്ദർശിക്കാനെത്തിയത്.
ശരിക്കും എനിക്കു പേടി തോന്നി.
റിസപ്ഷനിൽ മുറിയുടെ താക്കോൽ നൽകുമ്പോൾ മറ്റൊന്നും പറയാൻ തോന്നരുതേ എന്നു ഞാൻ എന്നോടുതന്നെ പറഞ്ഞു. വാക്കുകൾക്കു സ്വന്തം ഉറവകളുണ്ട്, ഉദ്ദേശ്യങ്ങളുണ്ട്, ചിലപ്പോൾ അവ നമുക്കും മുന്‍പേ നമ്മെപ്പറ്റി ഓർക്കുകയും പറയുകയും ചെയ്യുന്നു, ചിലപ്പോൾ നമ്മെ കഥപോലുമാക്കുന്നു. ഞാൻ എന്നെ കരുതലിൽത്തന്നെ വെച്ചു. “ഞാൻ പുറത്തേയ്ക്ക് ഇറങ്ങുകയാണ്.” റിസപ്ഷനിലെ ചെറുപ്പക്കാരനെ അഭിവാദ്യം ചെയ്തുകൊണ്ട് ഞാൻ പറഞ്ഞു: “ചിലപ്പോൾ വൈകുന്നേരമാകാനും മതി.” അയാളുടെ അരികിൽ, തന്റെ മുന്‍പിലെ കംപ്യൂട്ടർ സ്‌ക്രീനിൽ എന്തോ നോക്കുകയായിരുന്ന യുവതി, ഇപ്പോൾ തലയുയർത്തി എന്നെ നോക്കി. പുസ്തകങ്ങളെപ്പറ്റിയോ ആ ഹോട്ടലിൽ എത്താറുള്ള ചില എഴുത്തുകാരെപ്പറ്റിയോ മുന്‍പൊരു ദിവസം അവൾ എന്നോട് സംസാരിച്ചിരുന്നു. ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു. താക്കോൽ വാങ്ങി പിറകിലെ ബോർഡിൽ തൂക്കിയിട്ട ശേഷം ചെറുപ്പക്കാരൻ എനിക്ക് ഒരു നല്ല ദിവസം ആശംസിച്ചു.
“കുറച്ചു കഴിയുമ്പോൾ പുറത്ത് ഉഷ്ണം കൂടിയേയ്ക്കും” -ചെറുപ്പക്കാരൻ പറഞ്ഞു. “ഞാൻ താങ്കൾക്ക് ഒരു ടാക്സി പറയട്ടെ?”
“നന്ദി” ഞാൻ പറഞ്ഞു: “ഇന്ന് ഈ പട്ടണം മുഴുവൻ ഞാൻ നടന്നു കാണുകയാണ്. ചിലപ്പോൾ നാളെ പുലർച്ച വരെ.”
ഇപ്പോൾ യുവതിയും എഴുന്നേറ്റുനിന്നു. “ഇതൊരു നല്ല ദിവസമാകട്ടെ” എന്ന് അവളും ആശംസിച്ചു.
“നിങ്ങൾ രണ്ടുപേരും എന്നെ യാത്രയാക്കുകയാണ്”, ഞാൻ അവരെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. “വൈകിയാലും ഇവിടെയ്ക്കുതന്നെ ഞാൻ മടങ്ങിവരും.”
“അതല്ല സർ!” യുവതി പറഞ്ഞു. “ഈ ഹോട്ടലിൽ താങ്കൾ എത്ര ദിവസം വേണമെങ്കിലും താമസിക്കുന്നതാവും ഞങ്ങൾ ഇഷ്ടപ്പെടുക.”
അവൾ ചെറുപ്പക്കാരനെ നോക്കി. അയാളും അത് സമ്മതിക്കുന്നു എന്നു പറയാൻ തലയാട്ടി.
തെരുവിൽ വാഹനങ്ങളും കാൽനടയാത്രക്കാരും എത്താൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ, കടകൾ തുറക്കുന്നതേ ഉണ്ടായിരുന്നുള്ളൂ, എവിടെയോ മഴക്കോള് പ്രത്യക്ഷപ്പെട്ടിരിക്കാനും മതി, ഇളം തണുപ്പുള്ള ഒരു കാറ്റ് പട്ടണത്തെ ചുറ്റുന്നുണ്ടായിരുന്നു, ഞാൻ എന്റെ നേരെ എതിരെ കണ്ട തെരുവിലേയ്ക്ക് ഇറങ്ങി, റോഡിനോട് ഓരം ചേർന്ന്, പതുക്കെ നടക്കാൻ തുടങ്ങി.
വലിയ പട്ടണമൊന്നുമായിരുന്നില്ല അത്. എങ്കിലും വളരെ പിറകിൽനിന്നുമുള്ള ഒരു ചരിത്രം ആ പട്ടണത്തിനും ഉണ്ടായിരുന്നു. അതിനാൽ പ്രശസ്തിയും. അത്രയും ദിവസങ്ങൾ ആ പട്ടണത്തിൽ ഉണ്ടായിരുന്നിട്ടും ഞാൻ എത്താത്ത മൂലകളും കാണാത്ത കാഴ്ചകളും ഇപ്പോൾ എന്നെ മറ്റൊരു രീതിയിൽ സന്ദർശിക്കാൻ തുടങ്ങിയിരുന്നു. കുറച്ചു നേരംകൂടി അങ്ങനെ അലഞ്ഞ്, ഒടുവിൽ, അധികം തിരക്കില്ലാത്ത ഒരു ചെറിയ ഹോട്ടലിൽ, ഒരു മൂലയിൽ, ആരുമില്ലാത്ത ഒരിടത്ത്, ഞാൻ പ്രാതൽ കഴിക്കാൻ ഇരുന്നു. തൊട്ടുമുന്‍പേ തുടങ്ങിയ എന്റെ ആ ദിവസം ഓർത്തുകൊണ്ട്.
വാസ്തവത്തിൽ, ഞാൻ എഴുതിയ കഥകളെക്കാൾ ഞാൻ വായിച്ച കഥകളോ പറഞ്ഞുകേട്ട കഥകളോ ആയിരുന്നു ആ ദിവസങ്ങളിൽ എന്നോടൊപ്പം ഉണ്ടായിരുന്നത്. ആദ്യം എഴുതിയ കഥ, അത് എന്തായിരുന്നു എന്നോ എന്തിനെപ്പറ്റിയായിരുന്നുവെന്നോ ഓർമിക്കുക എപ്പോഴും പതിവായിരുന്നു: ആ സമയം, വളരെ ദൂരെ, കാഴ്ചയുടെ അങ്ങേ അറ്റത്ത്, നിഴൽപോലെ നോക്കി നിൽക്കുന്ന ഒരാളെ കാണുകയും ചെയ്യും. കഥപറച്ചിലുകാരൻ. ഞാൻ അയാളെ നോക്കി പറയും. പിന്നെ പുഞ്ചിരിയോടെ തല താഴ്ത്തും. എല്ലാം ഒരു കഥാപാത്രം ചെയ്യുന്നപോലെ. മറ്റു ചിലപ്പോൾ, അതേ ഓർമയിൽ, രാത്രി വൈകുവോളം ഇരുന്ന്, ഇതേസമയം, ലോകത്തെ പല ഇടങ്ങളിലിരുന്നു പല ഭാഷകളിൽ കഥകൾ എഴുതുന്നവരെ ഞാൻ സങ്കല്പിച്ചു. ചിലരെ, അവർ മരിച്ച് വർഷങ്ങൾതന്നെയായിരുന്നിട്ടും കണ്ടു. തങ്ങളുടെ വീടിന്റെ ജനാലയ്ക്കരികിൽ. ചിലരെ അവരുടെ സെമിത്തേരികളിൽ. അപ്പോൾ എനിക്ക് അത്ഭുതം തോന്നും: ജീവിതത്തെ സഹ്യമാക്കുന്ന നിമിഷങ്ങൾ സമ്മാനിക്കാൻ കഥകൾക്കുള്ള ശേഷിയെപ്രതി. അങ്ങനെയൊരു സന്ദര്‍ഭത്തിൽനിന്നാകണം, അച്ഛനും അച്ഛന്റെ അച്ഛനും അവരുടെ സ്വന്തം മറവികൾ സമ്മാനിച്ച അവരുടെ രണ്ടാം ജീവിതവുമായി എന്റെ പ്രഭാതത്തിലേയ്ക്ക് മുന്നറിയിപ്പുകൾ ഒന്നുമില്ലാതെ വന്നത്.
അഥവാ, മറ്റൊരു ലോകത്തേയ്ക്ക്, ഒരുപക്ഷേ, കഥകളിലൂടെത്തന്നെ, ഞാൻ വഴുതി വീഴുകയായിരുന്നു.
ഞാൻ അച്ഛന്റെ അച്ഛനെ ഓർത്തു:
തന്റെ അറുപത്തിയൊന്നാം പിറന്നാൾ കഴിഞ്ഞ അതേ ആഴ്ച, ഒരു ദിവസം രാവിലെ, അച്ഛന്റെ അച്ഛൻ, വീട്ടുമുറ്റത്ത് തന്നെ കാണാനെത്തിയ ആളുകളോട് ഉച്ചത്തിൽ, ചിലപ്പോൾ കയർത്തും, സംസാരിക്കാൻ തുടങ്ങുകയായിരുന്നു. അതായിരുന്നു അച്ഛന്റെ അച്ഛനു സ്വന്തം മറവി നൽകിയ രണ്ടാമത്തെ ജീവിതം. അതോ ഇഷ്ടം. തന്റെ വീട്ടുമുറ്റത്ത് വന്നുനിന്ന ആളുകളോട്, അവരുടെ ആവശ്യങ്ങളോ പരാതികളോ ചോദിച്ചറിഞ്ഞ്, ചിലപ്പോൾ അതെല്ലാം ഒരു നോട്ടുബുക്കിൽ എഴുതി, അച്ഛന്റെ അച്ഛൻ അവരെ ഓരോരുത്തരേയും നോക്കി സംസാരിച്ചുകൊണ്ടിരുന്നു. അതും മണിക്കൂറുകളോളം. ചിലപ്പോൾ ഒരു നാട്ടുപ്രമാണിയെപ്പോലെ. ചിലപ്പോൾ തന്റെ മുന്‍പിൽ നിൽക്കുന്ന മനുഷ്യർക്കും അവരുടെ പ്രശ്നങ്ങളുടെ എല്ലാം കാരണക്കാരനായ ഉദാസീനനായ ദൈവത്തിനും ഇടയിലെ ഇടനിലക്കാരനെപ്പോലെ.
“തന്റെ മുന്‍പിൽ ഒരിക്കലും ഇല്ലാതിരുന്ന സന്ദർശകരെ അച്ഛൻ ആദ്യം പരിചയപ്പെട്ടു, പിന്നെ അവരുടെ ഒരോരുത്തരുടേയും പേര് വിളിച്ച് തന്റെ മുന്നിലേയ്ക്കു നീങ്ങി നിൽക്കാൻ പറഞ്ഞു. അവരുടെ വിഷമമോ പരാതിയോ കേട്ടു, ചിലപ്പോൾ പരിഹാരങ്ങൾ നിർദേശിച്ചു.” അച്ഛന്റെ അച്ഛനെ പിടികൂടിയ ‘ബാധ’യെപ്പറ്റി, അല്ല, ‘ഇഷ്ടം’ എന്നു തിരുത്തി, ഒരിക്കൽ അച്ഛൻ എന്നോട് അച്ഛന്റെ അച്ഛന്റെ രണ്ടാമത്തെ ജീവിതത്തെപ്പറ്റി പറഞ്ഞു. “തന്റെ മുന്‍പിൽ ഒരിക്കലും ഇല്ലാതിരുന്ന സന്ദർശകരെ അച്ഛൻ ആദ്യം എണ്ണി, പിന്നെ ഒരോരുത്തരുടേയും പേര് വിളിച്ച് തന്റെ മുന്നിലേയ്ക്ക് നീങ്ങിനിൽക്കാൻ പറഞ്ഞു.”
ഞാൻ എന്റെ പഠനസ്ഥലത്തെ ഹോസ്റ്റലിൽനിന്ന് അവധിക്കു വന്ന നാളുകളിൽ ഒന്നായിരുന്നു അത്. ഞങ്ങൾ, ഞാനും അച്ഛനും, അച്ഛന്റെ നാട്ടിലെ വീട്ടിൽ പോയി മടങ്ങിവരുകയായിരുന്നു,
വൈകുന്നേരങ്ങൾ നാട്ടുമ്പുറങ്ങൾക്കു സമ്മാനിക്കുന്ന അതിരറ്റ നിശ്ശബ്ദതയിൽ, കാലടികൾക്കു താഴെ തേയാൻ തുടങ്ങുന്ന ഞങ്ങളുടെ നിഴലുകൾക്കും ഒപ്പം, അച്ഛനു പിറകിലായി, ഞാൻ നടക്കുകയായിരുന്നു, അതിനും എത്രയോ വർഷങ്ങൾക്കു മുന്‍പ് അച്ഛന്റെ അച്ഛൻ മരിച്ചിരുന്നുതാനും.
അച്ഛന്റെ അച്ഛന്റെ രണ്ടാം ജീവിതത്തെപ്പറ്റി അച്ഛൻ എന്നോട് പറയുമ്പോൾ എനിക്ക് ഇരുപത്തിയൊന്നു വയസ്സാണ്. ആദ്യമായി ഒരു പെൺകുട്ടിയോട് പ്രേമം പറയുകയും ആദ്യമായി ഒരു സ്ത്രീയുടെ ഉപ്പുമണമുള്ള നഗ്നതയിൽ മുഖം പൂഴ്ത്തിയതും ഒരു സ്കൂൾ ചെങ്ങാതി ഞങ്ങളുടെ ഗ്രാമത്തിലെ പുഴയിൽ ഒലിച്ചുപോവുകയും ചെയ്തതും എന്റെ ആ വയസ്സിലാണ് - മറ്റ് ഏതൊരു വയസ്സിനെക്കാളും നീണ്ടുനിന്ന ആ പ്രായത്തിൽ. അതിനാൽ ഞാൻ അച്ഛനെ ശ്രദ്ധയോടെ കേൾക്കുകയായിരുന്നു. എങ്കിലും ഞാൻ എന്റെ ആ പ്രായമോർത്തു: ഞാൻ പ്രേമം പറഞ്ഞ പെൺകുട്ടി മറ്റൊരാളോടൊപ്പമാവും താൻ ജീവിക്കുക എന്നു പറഞ്ഞതും എന്റെ ആ പ്രായത്തോടായിരുന്നു. “പക്ഷേ, ഞാനിത്
ഒാര്‍ത്തുവെയ്ക്കും.” അവൾ എനിക്കു വാക്ക് തന്നു. എങ്കിലും ഞാൻ ദുഃഖിച്ചു. ഉപ്പുമണമുള്ള നഗ്നത, എന്റെ നാവിനടിയിൽ, ഒരു രാജ്യമായി, ഇനിയും ഞാൻ കാണാനിരിക്കുന്ന ഉടലുകളിലേയ്ക്ക് എപ്പോൾ വേണമെങ്കിലും ഒരു ഭൂഖണ്ഡമായ് ചേരാൻ ഇതിനകം ഒഴുകാൻ തുടങ്ങിയിരുന്നു. എങ്കിലും ഞാൻ ദുഃഖിച്ചു. പുഴയിൽ കാണാതായ ചെങ്ങാതി അവൻ പ്രത്യക്ഷപ്പെട്ട എന്റെ എല്ലാ സ്വപ്നങ്ങളിലും തിരിച്ചു നീന്താൻ തുടങ്ങിയിരുന്നു. പുഴ കഴുകിയെടുത്ത ഒച്ചയിൽ, എന്തോ വിളിച്ചുപറഞ്ഞുകൊണ്ട്. അവനെ ഓർത്തും എന്നെ ഓർത്തും ഞാൻ ദുഃഖിച്ചു. പിന്നീട് വീടും നാടും വിടാൻ ഞാൻ തിരഞ്ഞെടുത്തതും ആ പ്രായമാണ്. അല്ലെങ്കിൽ, എല്ലാ ആണുങ്ങൾക്കും എന്നപോലെ, എനിക്കും ആ വയസ്സ്, എന്റേയും ആയുസ്സിലേയ്ക്ക് പടർന്നുനിന്ന ഒരേയൊരു കാലമാണ്. എങ്കിൽ, എനിക്കു തോന്നി, അതേ ഇരുപത്തിയൊന്നാം വയസ്സുതന്നെയാകും, ആ ദിവസം, തെറ്റാതെ, അച്ഛന്റെ അച്ഛന്റെ മുന്‍പിലും വന്നു നിന്നത്. അതും തന്റെ അറുപത്തിയൊന്നാം വയസ്സിൽ.
ഞങ്ങളെ ഇരുട്ടു മൂടാൻ തുടങ്ങിയിരുന്നു. അതുവരെയും കൂടെയുണ്ടായിരുന്ന ഞങ്ങളുടെ നിഴലുകൾ ഇതിനകം എന്നെ വിട്ടുപോയിരുന്നു. എന്റെ നടത്തം, ഇപ്പോൾ, അച്ഛന്റെ തൊട്ടുപിറകിലായിരിക്കുന്നു. കൈ നീട്ടി എനിക്ക് അച്ഛനെ തൊടാവുന്നത്ര അകലത്തിൽ.
“അന്ന്, ആ രാവിലെ, അച്ഛന്റെ മുന്‍പിലേയ്ക്ക് ഒരു സ്ത്രീ നീങ്ങിനിന്നു.” അച്ഛന്റെ അച്ഛന്‍ രണ്ടാമത്തെ ജീവിതം തുടങ്ങിയതിനെപ്പറ്റി അച്ഛൻ പറഞ്ഞു. “അച്ഛൻ അവളെ കാണുകയോ തിരിച്ചറിയുകയോ അവളുടെ പേര് വിളിക്കുന്നതിനോ മുന്‍പുതന്നെ.”
അവരാരും ഇപ്പോൾ ജീവി ച്ചിരിപ്പില്ല. എന്റെ അച്ഛനോ അച്ഛന്റെ അച്ഛനോ. പിന്നൊരിക്കൽ എന്റെ അമ്മയും മരിച്ചു. ഒരൊറ്റ ജീവിതത്തിൽ രണ്ടോ മൂന്നോ ജീവിതങ്ങൾ, എല്ലാ ആളുകളേയുംപോലെ അവരൊക്കെ ജീവിക്കുകയും ചെയ്തു. അവർ അന്ത്യമായി ഉറങ്ങിയ വീട്ടിലോ അവരുടെ നാടുകളിലോ ഞാൻ പാർത്തിട്ടില്ല. ഇതുപോലെ അവരുടെ ഓർമകളിലല്ലാതെ. ഇപ്പോഴാകട്ടെ, മറ്റൊരു പട്ടണത്തിൽ, എഴുത്തുകാരൻ എന്ന എന്റെ ജീവിതത്തിന്റെ ചില വർഷങ്ങൾ കഥകളിലൂടെ ഞാൻ കൂട്ടിക്കെട്ടുകയുമാണ്. പക്ഷേ, അപ്പോഴും അതേ വിചാരത്തിൽ ഞാൻ കറങ്ങുന്നുമുണ്ടായിരുന്നു: അവർ, മരിച്ചുപോയ എന്റെ രക്തബന്ധുക്കൾ, തങ്ങളുടെ മരണങ്ങൾകൊണ്ടുകൂടി എന്നെ അവരുടേതുകൂടി ആക്കിയവർ, അവരുടെ ആയുസ്സിന്റെ ബാക്കി ഇപ്പോൾ എന്റെ ജീവിതത്തിലേയ്ക്ക് തൂവിപ്പോയിരിക്കുന്നു. അങ്ങനെയൊരു ശ്രമം മാത്രമാണ് മരിച്ചുപോയ എല്ലാ മനുഷ്യർക്കും അവസാനമായി ഉള്ളത് എന്നപോലെ.
അതാണ് എന്നെ പേടിപ്പിച്ചത്.
അച്ഛന്റെ ഒരു ഫോട്ടോ, എന്റെ ഒരു കസിൻ എടുത്തത്, എന്റെ ബുക്ക്ഷെൽഫിൽ വർഷങ്ങളായി ഉണ്ട്. അതിൽ അച്ഛൻ പുഞ്ചിരിച്ചുകൊണ്ട് ഇരിക്കുന്നു. ഞങ്ങളുടെ വീടുമാറ്റങ്ങൾക്കും പുസ്തകങ്ങൾക്കും ഒപ്പം അച്ഛന്റെ ആ ഫോട്ടോയും എന്റെ കൂടെ സഞ്ചരിച്ചു. അച്ഛന്റെ അച്ഛന്റെ ഫോട്ടോ ഞാൻ കണ്ടിട്ടില്ല. അങ്ങനെ ഒന്ന് ഒരിക്കലും ഉണ്ടായിരുന്നിരിക്കാനും വഴിയില്ല. പക്ഷേ, അച്ഛന്റെ അച്ഛന്റെ പേരാണ് എന്റെ അച്ഛൻ, അമ്മയുടെ ഇഷ്ടക്കേട് നോക്കാതെ, എനിക്കു നൽകിയത്. അല്ലെങ്കിൽ, ഒരിക്കൽ വേർപിരിഞ്ഞുപോയവർ, തങ്ങളുടെ പരമ്പരയുടെ നിരയിൽ വീണ്ടും വന്നുനിൽക്കുന്നത് അങ്ങനെയാണ്.
ഇപ്പോൾ വീണ്ടും ഞാൻ തെരുവിൽ എത്തിയിരുന്നു. നിരത്തിൽ വാഹനങ്ങളുടേയും യാത്രക്കാരുടേയും എണ്ണം കൂടാൻ തുടങ്ങിയിരുന്നു. പട്ടണത്തിന്റെ ഒച്ച വർദ്ധിച്ചിരുന്നു. തെരുവിലെ പ്രാവുകൾ കെട്ടിടങ്ങളിലേയ്ക്ക് മാറിമാറി പറക്കുന്നുണ്ടായിരുന്നു. പ്രസിദ്ധമായ ഒരു ക്ഷേത്രം അവിടെ എവിടെയോ ഉണ്ട് എന്ന് എനിക്ക് അറിയാമായിരുന്നു. രണ്ടോ മൂന്നോ പുസ്തകശാലകളുമുണ്ട്. ഈയിടെ തുടങ്ങിയ ഒരു
ഷോപ്പിംഗ് മാളും. എന്നാൽ, എവിടേക്കും പോകാതെ, വീണ്ടും, തെരുവിൽ അലയാൻതന്നെ ഞാൻ തീരുമാനിച്ചു. എപ്പോഴോ ഒരു തെരുവുനായയും എന്റെ പിറകിൽ കൂടി. തന്റെ അപരിചിതത്വത്തെ കാണിക്കാനുള്ള അകലം കൃത്യമായും വിനയത്തോടും പാലിച്ചുകൊണ്ട്.
ഞാൻ എന്റെ അച്ഛനെ ഓർത്തു.
അച്ഛൻ എപ്പോഴും എന്നോട് ധാരാളം സംസാരിച്ചു. താൻ പാർത്ത സ്ഥലങ്ങൾ. താൻ പരിചയപ്പെട്ട ആളുകൾ. ചിലപ്പോൾ നേരോ നുണയോ എന്നുപോലും വേർതിരിക്കാനാകാതെ അവ കഥകൾ പോലുമായി. അതിനാൽ, അന്ന്, അച്ഛന്റെ അച്ഛന്റെ മുന്‍പിൽ പ്രത്യക്ഷപ്പെട്ട സ്ത്രീയെപ്പറ്റി അച്ഛൻ പറഞ്ഞത് നേരോ നുണയോ എന്ന് എനിക്കിപ്പോഴും തീർച്ചയുണ്ടായിരുന്നില്ല. എന്നാൽ, ആ ഓർമയോ ആ കഥയോ എന്നെ വിട്ടുപോയിട്ടും ഉണ്ടായിരുന്നില്ല.
അന്നു വൈകുന്നേരത്തോടെ തിരിച്ച് ഹോട്ടലിലേയ്ക്ക് ഞാൻ കയറിച്ചെല്ലുമ്പോൾ ധൃതിയിൽ പുറത്തേയ്ക്ക് ഇറങ്ങുകയായിരുന്നു രാവിലെ റിസപ്ഷനിൽ ഉണ്ടായിരുന്ന യുവതി. അവൾ എനിക്കുവേണ്ടി വാതിൽ തുറന്നുപിടിച്ചു. “താങ്കൾ ഇന്നു കാര്യമായി എന്തോ പർച്ചേസ് ചെയ്തിരിക്കുന്നുവല്ലോ” എന്ന് എന്റെ കയ്യിലെ ബാഗിൽ നോക്കി ചിരിച്ചു. ഞാൻ എന്റെ കയ്യിലെ ഷോപ്പിംഗ് ബാഗ് അവൾക്കു നേരെ ഉയർത്തിപ്പിടിച്ചു. “ഒരു സാരി!” ഞാൻ പറഞ്ഞു. “താങ്കളുടെ സുന്ദരിയായ ഭാര്യക്ക്”, അവൾ ചിരിച്ചു. പിന്നെ വാതിലടച്ച് തെരുവിലേയ്ക്ക് ഓടി. അവളെ കാത്ത് നിന്നിരുന്ന ആളുടെ മോട്ടോർ ബൈക്കിനു പിറകിലിരുന്ന് അവൾ ഒരിക്കൽക്കൂടി എന്നെ തിരിഞ്ഞുനോക്കി. കൈവീശി കാണിച്ചു.
റിസപ്ഷനിൽനിന്നും എന്റെ മുറിയുടെ ചാവി വാങ്ങി ഏഴാംനിലയിലുള്ള മുറിയിലേയ്ക്ക് പടികൾ കയറുമ്പോൾ ആ ദിവസം, പകൽ കഴിയുന്നതിനും മുന്‍പ്, എന്നെ സന്ദർശിച്ച രണ്ടു സന്ദർഭങ്ങൾ, അവ ഒരിക്കൽക്കൂടി തീര്‍ച്ചയാക്കാൻ എന്നപോലെ, ഞാൻ ഓർത്തു. നിരാലംബമായിത്തന്നെ.
ആ പകൽ തെരുവിലെ നടത്തത്തിനിടയിൽ എപ്പോഴോ ഭംഗിയായി അലങ്കരിച്ച ഒരു വസ്ത്രക്കടയിൽ ഞാൻ കയറിയതും പ്രിയപ്പെട്ട ഒരാൾക്ക് സമ്മാനമായി കൊടുക്കാൻ അതിമനോഹരമായ ഒരു സാരി വേണമെന്നു പറഞ്ഞതും അതേപോലെ ഒരിക്കൽക്കൂടി കണ്ടു. സാരിയുമായി ട്രയൽറൂമിൽ കയറിയതും പിന്നീട് എന്നെത്തന്നെ അമ്പരപ്പിക്കുകയോ ലജ്ജിപ്പിക്കുകയോ ചെയ്തുകൊണ്ട് അതേ സാരി ധരിച്ച് ട്രയൽറൂമിൽനിന്നും പുറത്തേയ്ക്ക് ഇറങ്ങി വന്നതും അതേപോലെ ഒരിക്കൽക്കൂടി കണ്ടു. സാരിക്കടയിലെ യുവതികൾ എന്നെ ആശ്ചര്യത്തോടെ നോക്കിനിന്നതും വരെ.
ഞാൻ കോണിപ്പടിയിൽ, ഏതാനും നിമിഷം തളർന്നപോലെ നിന്നു.
രണ്ടാമതായി ഞാൻ ഓർത്തത് വഴിയിൽ എന്റെ പിറകെ കൂടിയ ആ നായയെപ്പറ്റിയായിരുന്നു. പക്ഷേ, അത് എനിക്ക് ഉറപ്പില്ലാത്ത ഒന്നായിരുന്നു. അതുവരെയും എന്റെ പിറകിൽ നടന്നിരുന്ന, ഒരുവേള എന്റെ മുന്‍പിൽ നടന്ന് എന്നെ മറവിയിലേയ്ക്കോ അതോ എന്റെ രണ്ടാമത്തെ ജീവിതത്തിലേയ്ക്കോ നയിക്കാൻ ഒരു നായ ഉണ്ടായിരുന്നു എന്നത് എത്ര ആലോചിച്ചിട്ടും എനിക്ക് ഉറപ്പാക്കാൻ പറ്റിയില്ല.
ഞാൻ വീണ്ടും കോണിപ്പടികൾ കയറാൻ തുടങ്ങി.
തെരുവിൽ പ്രാവുകൾ തീര്‍ച്ചയായും ഉണ്ടായിരുന്നു. ഞാൻ എന്നോട് പറഞ്ഞു. പക്ഷേ, ഒരു നായപോലും ഉണ്ടായിരുന്നില്ല. ഇപ്പോൾ, ഇതെല്ലാം ഓർത്തു പറയുമ്പോൾ മാത്രം വന്നുപെട്ട ഒരു എളിയ ജീവിയാണ്, ആ നായ. ഒരുപക്ഷേ, ഈ കഥയ്ക്കുവേണ്ടി.
എന്തുകൊണ്ടോ അതെന്നെ ആശ്വസിപ്പിച്ചു.
വീണ്ടും ഞാൻ അച്ഛനെ ഓർത്തു.
എഴുപത്തിയൊന്നാം വയസ്സിൽ മറവിരോഗം ബാധിക്കാൻ തുടങ്ങിയതിന്റെ ആദ്യനാളുകളിൽ അച്ഛന്‍ പുതുവസ്ത്രങ്ങൾ ധരിച്ച്, കൃത്യം സമയം നോക്കി, പുറത്തേയ്ക്ക് ഇറങ്ങുമായിരുന്നു. ഒരു ദിവസം കഴുത്തിൽ വലിയ പൂക്കൾകൊണ്ടുള്ള മാലയണിഞ്ഞ് നെഞ്ചോട് ചേർത്ത കൈകളിൽ ബൊക്കെയുമായി അച്ഛൻ പടികടന്നു വീട്ടിലേയ്ക്കു വരുന്നത് സങ്കടത്തോടെ അമ്മ പറഞ്ഞത്, അതേപോലെയോ അല്ലെങ്കിൽ മറ്റെന്തൊക്കയോ ചേർത്തോ ഞാൻ സ്വപ്നം കാണുമായിരുന്നു. ഇപ്പോഴാകട്ടെ, ഇതിനെയെല്ലാം മായ്‌ചുകൊണ്ട് എന്റെ ഓർമയിലുള്ളത്, അച്ഛന്റെ ശവശരീരത്തിനു മുന്‍പിൽ നമസ്കരിച്ച് എഴുന്നേൽക്കുമ്പോൾ എന്റെ നെറ്റിയെ വേദനിപ്പിച്ചുകൊണ്ട് സ്പർശിച്ച അച്ഛന്റെ ഇടത്തേ കാലിലെ തള്ളവിരലിലെ നഖവും.
ആ ഓർമ, പക്ഷേ, ഇപ്പോഴും എന്നെ പുഞ്ചിരിപ്പിക്കുന്നുമുണ്ടായിരുന്നു.
പിറ്റേന്ന് പുലര്‍ച്ചയോടെ
ആ ഹോട്ടൽമുറി വിട്ട്, തലേന്നു വാങ്ങിയ സാരി വെച്ച ഷോപ്പിംഗ് ബാഗുമായി റെയിൽവേ സ്റ്റേഷനിൽ നാട്ടിലേക്കുള്ള വണ്ടിയും കാത്ത് ഇരിക്കുമ്പോൾ, സ്റ്റേഷൻ വിട്ട് വണ്ടി അതിവേഗം മുന്നോട്ട് നീങ്ങുമ്പോൾ, ആരുമറിയാതെ ആ സാരിയോടൊപ്പം ഷോപ്പിംഗ് ബാഗ് വണ്ടിയുടെ ജനലിലൂടെ ഉപേക്ഷിക്കുമ്പോൾ, ഞാൻ അച്ഛൻ, അച്ഛന്റെ അച്ഛനെപ്പറ്റി പറഞ്ഞ കഥയിലെ സ്ത്രീയെ രണ്ടാമത്തേയോ മൂന്നാമത്തേയോ തവണ ഓർക്കുന്നുണ്ടായിരുന്നു. ഒപ്പം, തലേന്നു സാരി വാങ്ങിച്ച കടയിലെ യുവതി പറഞ്ഞതും ഓർത്തു. അവൾ എന്നെ നോക്കി പറഞ്ഞു: “സാർ താങ്കൾ ഈ വേഷത്തിൽ പഴയകാലത്തെ ഒരു നടിയെ ഓർമിപ്പിക്കുന്നു.”
പിന്നെ അവൾ തന്റെ സഹപ്രവർത്തകരെ നോക്കുന്നു. “എന്തായിരുന്നു ആ നടിയുടെ പേര്” എന്നു ചോദിക്കുന്നു.
ഇപ്പോൾ അവരെല്ലാവരും ആ പേരിനുവേണ്ടി എന്നെ ഉറ്റുനോക്കുന്നു.
ട്രയൽറൂമിൽ വീണ്ടും എത്തി എന്റെ ഉടലിൽനിന്നും ലജ്ജയോടെ ആ സാരി അഴിച്ചുമാറ്റുമ്പോൾ, സമയമെടുത്ത് സാരി മടക്കുമ്പോൾ, സാരിയുടെ പണം നൽകി കടയിൽനിന്നും വീണ്ടും പുറത്ത് എത്തുമ്പോൾ, തെരുവിന്റെ നേരെ എതിരിൽ എന്നെയും കാത്ത് എന്നപോലെ അതേ നായ നിൽക്കുമ്പോൾ, അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞത് ഇപ്പോൾ, ഈ കഥ എഴുതുമ്പോൾ, ഞാൻ വീണ്ടും ഓർക്കുന്നു. ആ സമയം ചെയ്തപോലെ, ഒരു കഥാകൃത്ത് എന്ന നിലയിലുള്ള എന്റെ ഇതുവരെയുമുള്ള ജീവിതം കൈവിട്ടുപോകരുതേ എന്ന് ഇപ്പോഴും പ്രാർത്ഥനപോലെ ഉരുവിടുന്നു. മേശപ്പുറത്തെ തോൾബാഗിൽ ഭദ്രമായി ഇരിക്കുന്ന കഥകളുടെ പകർപ്പിൽ സ്നേഹത്തോടെ കൈവെയ്ക്കുന്നു.
അല്ലെങ്കിൽ, ആ ദിവസം, എന്റെ രണ്ടാമത്തെ ജീവിതംതന്നെയായിരുന്നു. ഏറെക്കാലം എന്നോടൊപ്പം കഴിയാൻ വന്ന എന്റെ അതിഥി. ഞാൻ വാതിൽ തുറക്കാതിരുന്നാലും എന്നെ കാത്തുനിൽക്കുന്ന ആൾ.
അതിഥി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates