

നടക്കുമെന്ന് യാതൊരുറപ്പുമില്ലെങ്കിലും അരക്കൊല്ല പരീക്ഷയ്ക്ക് നല്ല മാർക്ക് വാങ്ങിയാൽ, സൈക്കിൾ വാങ്ങിത്തരാമെന്ന് അമൃതിനെ മോഹിപ്പിച്ചത് സവിതതന്നെയാണ്. അവനത് ഒരിക്കലും ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും ചൂതുകാട്ടിലെ കുട്ടികളുടെ സൈക്കിളുകൾക്ക് പിറകേ ‘ഒര് റൗണ്ട് താടാ’ എന്ന് കെഞ്ചി ഓടുന്ന അമൃതിന്റെ ആഗ്രഹം എന്താണെന്ന് സവിതയ്ക്ക് നന്നായി അറിയാമായിരുന്നു. അങ്ങനെ പറഞ്ഞുപോയതിൽ പിന്നീടവൾ വിഷമിച്ചു. സൈക്കിളാണ് വാഗ്ദാനം എന്നതുകൊണ്ടുതന്നെ അമ്മയുടെ ആശയം മകൻ അനായാസം നടപ്പിലാക്കി. പ്രോഗ്രസ് കാർഡ് കയ്യിൽ കിട്ടിയതു മുതൽ അവൻ വാഗ്ദാനലംഘനത്തിനു പിണങ്ങിനടന്നു. എല്ലാ രാത്രിയിലും ഉറങ്ങാൻനേരം അവനെ കെട്ടിപ്പിടിച്ച് കഥകൾ പറഞ്ഞ് സവിത ആ പിണക്കം മാറ്റി. ശേഷം അവൾ എന്നത്തേയുംപോലെ രാജുവിനെ സ്വപ്നം കണ്ടു.
സ്വപ്‌നത്തിലെ ആമ്പൽക്കൈപ്പാടിന്റെ കരയിലെ ഒതളമരത്തിൻ കീഴിൽ, രാജുവിന്റെ കയ്യിൽ കൈകോർത്ത് അയാളുടെ ചുമലിൽ തലവെച്ച് അവൾ ഇരുന്നു. ഒതളമരത്തിന്റെ വെള്ളപ്പൂവുകളിലൊന്നിറുത്ത് അവൻ അവളുടെ ചെവിയിക്കു മുകളിലേയ്ക്ക് ചൂടി. അതിന്റെ കായകൾ വെള്ളത്തിലേയ്ക്ക് പൊഴിഞ്ഞുവീണ് ഒഴുകിനടന്നു. ആകാശത്തിൽ കിനാവുകളിൽ മാത്രമുണ്ടാകുന്ന തരം കടുംചുവപ്പ് പടർന്നിരുന്നു. കറുത്ത പക്ഷികൾ പണികഴിഞ്ഞു മടങ്ങുന്നു. കൂമ്പിയടയുന്ന ആമ്പലുകളിലൊന്ന് തണ്ടോടെ വലിച്ചെടുത്ത് രാജു ഒരു പൂത്താലിയുണ്ടാക്കി അവളുടെ കഴുത്തിലിട്ടു. അവളുടെ ചുണ്ടുകളുടെ നനവ് അവന്റെ കവിളിൽ പതിഞ്ഞു.
“മോന്തിയാവുമ്പോ എന്തേ ഈ പൂക്കള് കൂമ്പ്ന്നത് ന്നറി യ്വാ?” അവൻ അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് ചോദിച്ചു.
“പൂക്കള് ഒറങ്ങ്ന്നതാരിക്കും” അവൾ അവന്റെ കഴുത്തിലെ ആൺമുഴയിൽ വളർന്ന കുറ്റിരോമങ്ങളിൽ തലോടി.
“പകല് ഭൂമീന്റീം രാത്രി ആകാശത്തിന്റീം ആന്ന്. ആകാശത്ത് ആയിരം പൂത്താലികള് വിരിയുമ്പോ ഭൂമീലെ പൂത്താലികള് കണ്ണടക്കും.”
അവൻ ചെവിക്കു പിറകിൽ ഉമ്മവച്ചപ്പോൾ അവൾ ഒരോ രോമകൂപത്തിലും വിറയറിഞ്ഞു.
തെങ്ങിൻതോപ്പുകളിൽ കൈപ്പാട്ടിലെ കറുത്തചെളിപോലെ ഇരുട്ട് പടരുന്നു. ആകാശത്ത് ആയിരം ആമ്പലുകൾ വിരിയാൻ തുടങ്ങിയിരിക്കുന്നു. അകലെയകലെ ഏതോ ഗ്രഹത്തിൽ രണ്ടുപേർ നിറയെ പൂത്താലികളുള്ള പൊയ്കയുടെ കരയിൽ പ്രണയാസക്തരായിരിക്കുന്നു. അവൻ അടുത്തിരിക്കുമ്പോൾ അവൾക്കും അവളോട് ചേർന്നിരിക്കുമ്പോൾ അവനും കാലബോധമില്ലാതാകുന്നു.
പെട്ടെന്ന് ഏതോ മാന്ത്രികൻ ഒന്നു ഞൊടിച്ചതും ഭൂമിയിൽ ഇരുട്ടു മാത്രമായി. പതിവായുള്ള ഉമ്മപോലും കൊടുക്കാതെ അവളെഴുന്നേറ്റ് വീട്ടിലേക്കോടി.
“സവീ തന്നിട്ടു പോടീ കെടന്നാ ഒറക്കം വെരൂല പെണ്ണേ.”
വീട്ടിലെത്തി തിരിഞ്ഞുനോക്കുമ്പോൾ നിലാവിന്റെ വെള്ളിവെളിച്ചത്തിൽ രാജു നിസ്സഹായനായി നിൽക്കുന്നത് അവൾ കണ്ടു. പെട്ടെന്ന് അയാൾ കരഞ്ഞുകൊണ്ട് കൈപ്പാട്ടിലെ വെള്ളത്തിലേയ്ക്ക് വീണു. സവിത ഉറക്കം ഞെട്ടി.
കാശില്ലാത്തതിനാൽ സവിത തന്റെ വാഗ്ദാനം മറന്നതായി നടിച്ചെങ്കിലും അമൃത് ചൂതുകാട്ടെ സൈക്കിളുള്ള പിള്ളേരുടെ കണക്കെടുത്തും സ്കൂളിൽ പെരുകിവരുന്ന സൈക്കിളുകളെക്കുറിച്ച് പത്രങ്ങളിലും ടി.വിയിലും വരുന്ന വാർത്തകളെക്കുറിച്ച് സംസാരിച്ചും കൂട്ടുകാരൻ ഇഫ്തിക്കറിന് ഉമ്മ കുറിവിളിച്ച് സൈക്കിൾ വാങ്ങിക്കൊടുത്തതോർമിപ്പിച്ചും അമ്മയ്ക്കു പിറകേ നടന്നു.
സവിതയ്ക്ക് നെഞ്ചിൽ ഒരു കല്ലുകയറ്റിവെച്ചതുപോലെയായി. ഹരിതകർമസേനയ്ക്കുവേണ്ടി പ്ലാസ്റ്റിക്കെടുക്കാൻ പോകുന്ന വീടുകളിൽ സൈക്കിളുകൾ കാണുമ്പോൾ അവൾ കൊതിയോടെ നോക്കി. ചവറെടുക്കാൻ അൻപതു രൂപ കൊടുക്കേണ്ടതിനു സ്ഥിരമായി കയർക്കുന്ന പെരിയോത്തെ ഒരു വീട്ടിൽ ഉപയോഗിക്കാതെയിട്ട സൈക്കിളുണ്ടെന്ന് ശാന്തേട്ടിയാണ് കണ്ടുപിടിച്ചത്. എവിടെയും കയറി ഇടപെടാൻ ജന്മവാസനയുള്ള ശാന്തേട്ടി ഒടുക്കം അവളേയും കൊണ്ട് അവിടം വരെയെത്തി.
“അത് ഓൾഡ്ഫാഷൻന്ന് പറഞ്ഞിറ്റ് മോൻ എടുക്കാതെയായി, അപ്പോ പുതിയത് വാങ്ങിക്കൊടുത്തു. ഈട വെറുതേയിട്ട് തുരുമ്പ് പിടിക്കലായി. ആക്രിക്കാർക്കോ മറ്റോ കൊടുക്കണം.” പ്ലാസ്റ്റിക്കെടുക്കാൻ കാശുകൊടുക്കേണ്ടിവന്ന അനിഷ്ടത്തോടെ കഴുത്തിലെ കനമുള്ള സ്വർണമാലയിൽ ഇടയ്ക്കിടെ തൊട്ടുകൊണ്ട് വീട്ടുകാരൻ പറഞ്ഞു.
“ഇത് കൊട്ക്ക്ന്നാ സാറേ?” സവിതയുടെ മനസ്സിലുള്ള ചോദ്യം ശാന്തേട്ടി ചോദിച്ചു.
ആ ചോദ്യം പ്രതീക്ഷിച്ചില്ലെങ്കിലും അയാൾ താല്പര്യത്തോടെ ചോദിച്ചു:
“ആരിക്കാ?”
“ഇവളെ കുഞ്ഞിക്ക്. ഓൻ ഉസ്കൂളിലേയ്ക്ക് നടന്നിറ്റെന്നെ പോമ്പം ഇവക്കൊര് വെഷമം. ബാക്കി എല്ലാ മക്കളും സൈക്കളിലല്ലേ പോക്ക്.”
ശാന്ത അയാളിൽ എന്തെങ്കിലും മനസ്സലിവ് പ്രതീക്ഷിച്ചു. അയാൾ സവിതയെ ഒന്നു നോക്കി. പിന്നെ സൈക്കിളിന്റെ പഴക്കത്തിനു ചേരാത്ത ഒരു വില പറഞ്ഞു.
“ഓ എന്നാ സാറത് ആക്രിക്കാര്ക്ക് കൊട്‌ത്തോ അവരാവ്‌മ്പോ ഇര്മ്പിന്റെ വെല തെരും. ഞാങ്ങ ചോയ‌്ച്ചത് നിങ്ങളെ മോനപ്പോൽത്തെ ഒര് കുഞ്ഞിക്ക് ഓടിക്കാനും വേണ്ടീറ്റാന്ന്.”
ശാന്ത പ്ലാസ്റ്റിക്ക് കവറുകൾ ചാക്കിലേക്കിട്ട് കെട്ടിക്കൊണ്ട് പറഞ്ഞു. കവറുകളിൽ വൃത്തിയുള്ളതും ഇല്ലാത്തതും തിരയുന്നതിനിടയിലും സവിതയുടെ കണ്ണ് സൈക്കിളിൽ തന്നെയായിരുന്നു. കുറച്ചുനേരത്തെ വിലപേശലുകൾക്കുശേഷം അയാൾ ശാന്തേട്ടി പറഞ്ഞ തുകയ്ക്ക് സൈക്കിൾ കൊണ്ടുപോകാൻ സമ്മതിച്ചു.
“നിങ്ങ പറഞ്ഞ വെലക്ക് ഒക്ക്ന്നായിറ്റല്ല. ഇവള എനക്കറിയ ഇവളെ അമ്മ പാറു നമ്മളെ കണ്ടത്തിലെ പഴയ അടിയാന്ന്.”
സ്ത്രീകൾ സൈക്കിൾ ഉരുട്ടി ഗേറ്റ് കടക്കുമ്പോൾ അയാൾ എന്തോ സൗജന്യം ചെയ്തെന്നപോലെ പറഞ്ഞു.
ആദ്യ ദിവസം തന്നെ അമൃത് ഇഫ്തിക്കറിനൊപ്പം ചൂതുകാട്ട്ന്ന് തെക്കോട്ട് മുള്ളോട്ട്കടവ് വരെയും വടക്കോട്ട് കൊക്കാക്കടവും കഴിഞ്ഞ് എടച്ചാക്കൈ പാലം വരെയും പോയി വന്നു. വഴിയിൽ കണ്ട ചെക്കന്മാരോടെല്ലാം ഇഫ്തിക്കർ “അമൃതൂന് സൈക്കള് വാങ്ങീ” എന്ന് പറയുന്നുണ്ടായിരുന്നു. സൈക്കിൾ പലവട്ടം കഴുകുകയും തുടയ്ക്കുകയും ചെയ്തിട്ടും തൃപ്തിയാവാതെ അതിനു വരുത്തേണ്ട മാറ്റങ്ങൾ അവൻ ഇഫ്തിക്കറുമായി ചർച്ച ചെയ്തു. ഒടുക്കം ഇഫ്തിക്കറിനെ ഉമ്മ വന്നു വിളിച്ചുകൊണ്ടുപോയപ്പോഴാണ് അമൃത് മനസ്സില്ലാമനസ്സോടെ സൈക്കിളിനെ വിട്ട് അകത്ത് കയറിയത്. അന്നു രാത്രി അവൻ ശരിക്കുറങ്ങിയതുപോലുമില്ല. ഉറക്കത്തിലും അവൻ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു. സ്വപ്നത്തിൽ ആമ്പൽക്കൈപ്പാടിനു മുകളിലൂടെ അവൻ സൈക്കിളിൽ പറന്നു. അവനും സൈക്കിളിനും പിറകിൽ അസ്തമയസൂര്യനിപ്പോൾ ഒരു ചുവന്നവട്ടം. കൂട്ടമായി പറക്കുന്ന കറുത്തപക്ഷികൾക്കൊപ്പം അവൻ ശോണമേഘങ്ങൾക്കിടയിലൂടെ മുന്നോട്ടുപോയി. അങ്ങു തോഴെ കൂമ്പിയടയാറായ ആമ്പൽപൊയ്കയ്ക്കരികെ സവിത അവനെ നോക്കി കൈകൾ വീശി. അവളപ്പോഴും ജോലി ചെയ്യുമ്പോൾ ഇടാറുള്ള പച്ച യൂണിഫോമിലായിരുന്നു.
അതിനുശേഷം വളരെ പെട്ടെന്ന് അമൃത് വളർന്നതായി സവിതയ്ക്കു തോന്നി. ചതുപ്പിൽനിന്നും സ്കൂളിലേയ്ക്കും അതിനപ്പുറത്തുള്ള റേഷൻ കടയിലേയ്ക്കും പണികഴിഞ്ഞു വന്ന് സവിത തെറുക്കുന്ന ബീഡികൊടുക്കാൻ റെയിലും കടന്നുപോകേണ്ടുന്ന ബീഡിക്കമ്പനിയിലേയ്ക്കും ഒറ്റക്കോലത്തിനും ഫുട്‌ബോൾമാച്ച് കാണാനും നെരൂദാ തീയറ്റേഴ്‌സിന്റെ നാടകം കാണാനും അവൻ ഇഫ്തിക്കറിനൊപ്പം സൈക്കിളോടിച്ച് പോയി.
അങ്ങനെയൊരു ദിവസം രതീഷിന്റെ കഥയിൽ കുടുങ്ങിയാണ് അമൃതിനും ഇഫ്തിക്കറിനും വെടിക്കെട്ട് കാണണമെന്നു മോഹമുണ്ടായത്. അവരതുവരെ ഒരു വെടിക്കെട്ടെന്തെന്ന് കണ്ടിരുന്നില്ല. വൈകുന്നേരത്തെ കളികഴിഞ്ഞാൽ കൈപ്പാട്ടിൽ ചൂണ്ടയിട്ടിരിക്കുന്നവരുടെ കഥകൾ കേൾക്കാൻ അമൃതും ഇഫ്തിക്കറും കൈപ്പാടിനു കുറുകെയുള്ള റോഡിലെ കല്ലുങ്കിലേയ്ക്ക് ചെല്ലും. കഥ പറയാൻ രതീഷുണ്ടെങ്കിൽ അവർ ചുറ്റം ഇരുട്ട് പടരുന്നതുപോലുമറിയാതെ അങ്ങനെ കേട്ടിരിക്കും. പണ്ട് കണ്ണൂരിലെ എൻജിനീയറിംഗ് കോളേജിൽ അഡ്‌മിഷൻ കിട്ടിയ ആളാണ് രതീഷ് എന്നതാണ് കുട്ടികൾക്ക് അയാളോടുള്ള ആരാധന. പക്ഷേ, എത്ര നിർബന്ധിച്ചാലും അയാൾ ആ കഥ പറയില്ല. അതു ചോദിച്ചാൽ ഒരു വിഡ്ഢിച്ചിരി ചിരിച്ച് ദൂരേയ്ക്ക് നോക്കി മിണ്ടാതെയിരിക്കും. അപ്പോൾ അയാളുടെ ഉള്ളിൽ എന്താണെന്ന് കുട്ടികൾക്കു മനസ്സിലാകില്ല. രതീഷേട്ടൻ കഥപറയുന്നത് കേൾക്കാൻ അവർക്കിഷ്ടമാണ്. പൂഴിവണ്ടിയിൽ പണിക്കുപോയ സ്ഥലങ്ങളിലെ കഥകൾ അയാളെക്കൊണ്ട് പറയിക്കാൻ അവർക്കു പല സൂത്രങ്ങളുമുണ്ട്.
“മറ്റന്നാളാന്ന് കൊട്ടണക്കാവിലെ വെടിക്കെട്ട്. വെടിക്കെട്ട് കാണണോങ്കില് ആട്ത്തത് കാണണം. എന്ത്ന്ന് മോനേ അത്! എടനാട് ബാലാട്ടന്റെ കരിമരുന്ന് പ്രയോഗം! അല്ലാതെ കൂലോത്തെ പാട്ടിന് നാലമ്ട്ട് നെരത്തിവെച്ച് പൊട്ടിക്ക്ന്നതല്ല വെടിക്കെട്ട്” രതീഷേട്ടൻ കൈകൾകൊണ്ട് അമിട്ടുകൾ പൊട്ടുന്നതുപോലെ കാട്ടുമ്പോൾ അയാളുടെ മുഖത്തും ചുറ്റിലും പല വർണങ്ങൾ പടരുന്നുണ്ടെന്ന് കുട്ടികൾക്കു തോന്നി.
ലോകത്തിന്റെ പടിഞ്ഞാറേ അറ്റത്ത് ആർക്കും വേണ്ടാതായ കൈപ്പാടിനുമപ്പുറം പണ്ട് പഞ്ചാരമണലും വയലുകളും ചതുപ്പും ചൂതുപൂക്കളും നിറഞ്ഞതായിരുന്നു ചൂതുകാട്. കൈപ്പാടിൽ ഓർക്കൈമയും കുളിരിയനും കൃഷിചെയ്യുന്നവരുടെ അടിയാന്മാർ ചൂതുചെടികൾ വെള്ളപ്പൂപടർത്തി നിൽക്കുന്ന ആ ചതുപ്പിലും പൂഴിയിലും ചാപ്പകൾ കെട്ടി കഴിഞ്ഞുകൂടി. കൃഷിയുടെ കാലം കഴിഞ്ഞ് കെട്ടിടങ്ങളുടെ കാലം വന്നപ്പോൾ ദൂരെ മലകളിൽനിന്നുവരെ ആളുകൾ ചൂതുകാട്ടിൽ മണലന്വേഷിച്ചു വന്നു. വളരെപ്പെട്ടെന്ന് ചൂതുകാട് മണൽക്കുഴികളായി. പഞ്ചാരമണലരിച്ച തെളിവെള്ളം നഞ്ചായി. ഗതികേടുകൊണ്ട് തുച്ഛമായ പണത്തിനുവേണ്ടി മണ്ണുവിറ്റവരുടെ കുടിവെള്ളം മുട്ടി. ഇപ്പോൾ എടുക്കാൻ മണ്ണും കുടിക്കാൻ വെള്ളവും ഇല്ലാതായിട്ടുണ്ട്. രതീഷിനെ പോലുള്ളവർക്കു പണിയും. പലപ്പോഴുമയാൾ കാണാമറയത്തായിരിക്കും. അപ്പോഴൊക്കെ പൊലീസുവണ്ടികൾ കൈപ്പാടുകടന്ന് ചതുപ്പിലെ വീടുകളുടെ മുന്നിലൂടെ പതിയെ ഓരോ വീട്ടിലും എന്തുനടക്കുന്നു എന്നു നോക്കുന്നതുപോലെ കടന്നുപോകും.
പെട്ടെന്നൊരു ദിവസം ഇഫ്തിക്കറും അമൃതും കളികഴിഞ്ഞ് വരുമ്പോൾ രതീഷ് ഒന്നുമറിയാത്തതു പോലെ ചൂണ്ടയും കയ്യിൽപ്പിടിച്ച് കലുങ്കിൽ ഇരിപ്പുണ്ടാകും. പണ്ട് മനുഷ്യവിശപ്പടക്കിയ പാടമല്ല ഇപ്പോഴത്. ആയിരം കൊറ്റികളും നീലക്കോഴികളും വിഹരിക്കുന്ന കണ്ണെത്താദൂരം പരന്നുകിടക്കുന്ന ആമ്പൽപ്പാടവും ചതുപ്പുകളും മാത്രമാണ്. കുട്ടികളും മുതിർന്നവരും വേണ്ടുവോളം പിടിച്ചിരുന്ന കാടനും കുപ്പത്തിയും കൈച്ചലും മുശുവും അങ്ങനെ പലതരം മീനുകളൊന്നും ഇന്നില്ല. അതിന്റെയൊക്കെ അവസാനകാല ഓർമകളുമായി രതീഷ് അവരോട് കഥകൾ പറയും. ആമ്പലുകൾക്കിടയിൽ അനാബസ് പരലുകളെ വേട്ടയാടുന്ന പക്ഷികളെ പേരെടുത്ത് പറഞ്ഞുകൊടുക്കും.
“രതീഷേട്ടാ നമ്മക്കും വെടിക്കെട്ട് കാണണാര്ന്നു” അമൃത് കഥയിൽ കുടുങ്ങി.
“നിങ്ങവാടാ ഞാനാട ഇണ്ടാവും നമ്മളാട ചട്ടിക്കളി നടത്ത്ന്ന്ണ്ട്. രാത്രിയൊര് പന്ത്രണ്ട് മണിയാവുമ്പോ ഈട്ന്ന് കീഞ്ഞാല് ഒരുമണിയാവ്മ്പക്ക് ആടയെത്താ. അപ്പളേക്കും വെടിക്കെട്ട് തൊടങ്ങും.”
“എങ്ങന വെരല്?”
“സൈക്കളില്.”
“അത്ര്യും ദൂരാ!?”
“സൈക്കളില് ഹിമാലയത്തില് പോന്ന് പിള്ളമ്മാര്, പിന്നല്ലേ വെള്ളൂര്. ഈട്ന്ന് നേര നടക്കാവ്, ആട്ന്ന് എടാട്ട്മ്മലേ കേറി കുണിയൻ പാലം കൈഞ്ഞാല് കാറോല് വഴി വെള്ളൂര്. നിങ്ങ സൈക്കളെട്ത്ത് വാ. ഞാൻ കാവിന്റെ പടിഞ്ഞാറെ കണ്ടത്തില് ചട്ടിക്കളീരട്ത്ത്ണ്ടാവും.”
വെടിക്കെട്ടിന്റന്ന് പാതിരയായപ്പോൾ ഇഫ്തിക്കർ വരുന്നതും കാത്ത് അമൃത് സൂര്യകാന്തിപ്പൂക്കളുടെ ചിത്രമുള്ള തന്റെ ഓരേയൊരു ക്യൂബൻ കോളർഷർട്ടും കറുത്തബാഗി പാന്റുമിട്ട് നെറ്റിയിലേയ്ക്കു വീഴുന്ന മുടി ഇടയ്ക്കിടെ ഇടതുകൈകൊണ്ട് കോതി തയ്യാറായി നിന്നു. ടി.വിയും ചീപ്പുകളും അമൃതിന്റെ പുസ്തകങ്ങളും റേഷൻ കാർഡും സവിതയുടെ പൊട്ടുകളും വെച്ചിട്ടുള്ള മേശയുള്ളതുകൊണ്ട് നിന്നുതിരിയാൻ ഇടമില്ലാത്ത ചെറിയ ഹാളിന്റെ ഇടതുവശത്ത് കഷ്ടിച്ചൊരു കട്ടിലിടാനിടമുള്ള മുറിയും വലതുവശത്ത് വിറകുകൾ കത്തിക്കുന്ന അടുപ്പോടുകൂടിയ ഇടുങ്ങിയ ഒരു അടുക്കളയും ചേർന്നതായിരുന്നു ആ വീട്. കൃത്യം പതിനൊന്നരയ്ക്ക് പുറത്ത് കൂട്ടുകാരന്റെ
സൈക്കിൾ ബെല്ല് കേട്ടപ്പോൾ അവൻ അമ്മയെ വിളിച്ച് പോകുകയാണെന്നറിയിച്ചു.
മകൻ വിളിക്കുമ്പോൾ സവിത ഉറക്കത്തിന്റെ ഇരുണ്ട ഏതോ ദേശത്ത് കുഞ്ഞമൃതിനെയുമെടുത്ത് അലയുകയായിരുന്നു. ഇരുട്ട് മലവെള്ളംപോലെ ഒഴുകി നിറഞ്ഞുകൊണ്ടിരുന്നു. സവിത കുഞ്ഞിനേയുമൊക്കത്തിരുത്തി രാജുവിനെ വിളിച്ചുകൊണ്ട് നടന്നു. പെട്ടെന്ന് ആകാശത്തിന്റെ അങ്ങേയറ്റത്ത് ഒരു മിന്നൽപ്പിണറുണ്ടായി. അതിന്റെ വേരുകൾ ഭൂമിയിലേയ്ക്കിറങ്ങി. അപ്പോൾ ഇരുട്ടിനെ തുളച്ചുകൊണ്ട് കുറെ ചൂട്ടുവെട്ടങ്ങൾ കൈപ്പാടിനുനേരെ പാഞ്ഞുപോയി. സവിത അതിനു പിന്നാലെയോടി. ചൂട്ടുകളിലൊന്ന് നിലവിളിച്ചുകൊണ്ട് വെള്ളത്തിലേക്കിറങ്ങി. വെള്ളത്തിൽ വെളിച്ചങ്ങൾ ഇളകിയാടി. അപ്പോൾ പകുതിയും ചെളിയിൽ മുങ്ങിക്കിടക്കുന്ന ഒരാൺ ശരീരം അതിന്റെ വെട്ടത്തിൽ അവൾ കണ്ടു. വെളിച്ചം മുഖത്തു വീണപ്പോൾ അത് രാജുവായി മാറിയത് കണ്ട് അവൾ നിലവിളിച്ചുകൊണ്ട് ഞെട്ടിയെഴുന്നേറ്റു. അപ്പോൾ വെളിയിൽ ഇഫ്തക്കറിന്റെ സൈക്കിൾമണി അവൾ കേട്ടു.
അമൃതിന് ഒരു വയസ്സാകാറായിരുന്നു. ഒരു രാത്രി ചൂണ്ടയിടാനെന്നു പറഞ്ഞു കൈപ്പാട്ടിലേയ്ക്ക് പോയശേഷം സവിത രാജുവിനെ കണ്ടിട്ടില്ല. ദിവസങ്ങൾ കഴിഞ്ഞ് ഒരിക്കലും പോകാനിടയില്ലാത്ത ഒരു സ്ഥലത്ത് കണ്ണുകൾ തുറിച്ച് അയാൾ തോട്ടുവെള്ളത്തിൽ പൊങ്ങിക്കിടന്നു.
അയാളാണ് മകനെ അമൃതെന്നു പേരു വിളിച്ചത്.
‘അമൃത്’ രാജു അവന്റെ മുഖത്ത് കുറ്റിത്താടിയുരുമ്മി വിളിച്ചു. കുഞ്ഞ് ഇക്കിളികൊണ്ട് ചിരിച്ചു.
സവിതയ്ക്ക് ചിരിവന്നു ‘അമൃതാ.’
അവൾ പ്രസവക്ഷീണത്തിന്റെ ആലസ്യത്തിൽ കുഞ്ഞിനടുത്തു കിടന്നു.
“അതെണേ ഇവൻ നമ്മളെ അമൃതാന്ന്. നീ കത കേട്ടിറ്റേ മേലനങ്ങാതെ പിത്തംപിടിച്ച ദേവന്മാരും കരിങ്കല്ല് പോലത്തെ അസുരന്മാരും വാസുകിപ്പാമ്പിനക്കയറാക്കീറ്റ് പാൽക്കടലിലെ മന്ഥരമല കടഞ്ഞ് അമൃത് പൊറത്തെട്ത്ത കത.”
“അത് ഞാൻ കേട്ടിന്. എന്നിറ്റ് ഒരു തുള്ളിപോലും അസുരന്മാർക്ക് കൊട്ക്കാതെ പറ്റിച്ച കഥ” അവൾ കുഞ്ഞിനടുത്തേക്ക് പറ്റിക്കിടന്ന് അവനെ കൈവട്ടത്തിലാക്കി.
“എന്നാ ഇവൻ അസുരന്മാരെ അമൃത്” രാജു ചിരിച്ചുകൊണ്ട് അവളോട് ചേർന്നുകിടന്ന് അവളുടെ ഇടത്തേ ചെവിയ്ക്കു കീഴെ ചുണ്ടുകൾ ചേർത്തു.
“അമ്മേ ഇഫ്തു വന്നു ഞാൻ കീയ്ന്ന്ട്ടാ.”
ഇഫ്തിക്കറിനായി വാതിൽ തുറന്നുകൊണ്ട് അമൃത് വിളിച്ചുപറഞ്ഞു.
ആ രാത്രി രാജുവിന് എന്തായിരിക്കും സംഭവിച്ചിരിക്കുക എന്ന് പതിനാല് വർഷത്തിനിപ്പുറവും തനിക്കറിയില്ലല്ലോ എന്ന സങ്കടത്തോടെ അവൾ പുറത്തുവന്നു.
“ഇന്നാട്ടിലെത്ര തെയ്യും ഉത്സവും ഇണ്ട് അമൃതൂ. അത് കണ്ടാപ്പോരെ മോനേ. ഈ പാതിരക്ക് സൈക്കളും ചൌട്ടി അത്ര്യും ദൂരം പോണാ?”
അവൾ പേടി മറച്ചുവെച്ച് മകനോട് സ്നേഹത്തോടെ ചോദിച്ചു. അപ്പോൾ നാടെന്ന് അമ്മ ഉദ്ദേശിച്ചത് അവരുടെ ചൂതുകാടും കൈപ്പാടും സ്കൂളും അവനു പോകാനിഷ്ടമില്ലാത്ത അമ്പലവുമൊക്കെ ഉൾപ്പെട്ട മുഴുവൻ ഗ്രാമത്തേയുമാണെന്ന് അമൃതിനു മനസ്സിലായി. ആ ചതുപ്പിൽ തൊണ്ടച്ചൻ തെയ്യത്തിന്റെ ചെറിയ ഒരു അറ മാത്രമേയുള്ളൂ. കൊല്ലത്തിലൊരിക്കൽ ആദികാരണവരുടെ ഭൂതത്തെ കെട്ടിയാടിക്കുന്നതാണ് അവിടെ ആകെയുള്ള ആഘോഷം. തെയ്യമിറങ്ങുമ്പോൾ രണ്ടു വാണങ്ങൾ ആകാശത്തേയ്ക്ക് വിടും. അത്രതന്നെ.
“ഇത് വെടിക്കെട്ടാന്നമ്മേ. ഈ നാട്ടിലേട വെടിക്കെട്ടില്ലത്? ഏകദേശം തൃശൂർപ്പൂരത്തിന്റത്ര്യൂം വെരും. ആകാശത്ത് കളറമ്ട്ട് ഇങ്ങനെ പൊട്ടിക്കൊണ്ടിരിക്കും. നമ്മ അത് കണ്ടവാടും വെരും. അമ്മ കെടന്നോ” അവൻ അമ്മയെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മകൊടുത്തു.
അമൃത് പുറത്തിറങ്ങിയപ്പോൾ അവന്റെ സൈക്കിൾ ഒന്നു തലയാട്ടിയതായി സവിതയ്ക്ക് തോന്നി. മക്കൾ ഇരുട്ടിനകത്തേയ്ക്ക് മറയുംവരെ അവൾ വാതിൽക്കൽ നിന്നു. ശേഷം ഉറക്കം വരാതെ ഓർമകളിലും കിനാവുകളിലുമലഞ്ഞു.
കൈപ്പാടിനു മുകളിലെ ആകാശം നിറയെ പൂത്താലികൾ പൂത്തുനിന്നു. അതിനിടയിലൂടെ രണ്ടു ചെറിയവെട്ടങ്ങൾ പതിയെ സഞ്ചരിച്ചു.
“ഇഫ്തൂ രാത്രിയാവുമ്പോ പൂത്താലി വാട്ന്നത് എന്തെടാ?”
“ഒറങ്ങ്ന്നതായിരിക്കും ടാ. പകല് ഒറ്റ നിത്തല്ലേ ഷീണുണ്ടാവും.”
“ശേ... യു മീൻ വിശ്രമം.”
“യപ്.”
പാടങ്ങളും ചതുപ്പുകളും അവിടവിടെയായി ഉറങ്ങുന്ന വീടുകളും പകലും കുറുക്കൻമാർ കൂകുന്ന മാടുകളും പിന്നിട്ട് അവർ മുന്നോട്ട് പോയി. പെട്ടെന്ന് അല്പം മുന്നിലായി ഒരു കുറുക്കൻ റോഡിനു കുറുകെ പാഞ്ഞ് പൊന്തയിലേയ്ക്ക് കയറുന്നയിടത്ത് നിന്ന് അവരുടെ സൈക്കിളിലെ വെളിച്ചത്തെ തുറിച്ചുനോക്കി. ഒന്നു പതറിയെങ്കിലും കുട്ടികൾ അതിനു നേരെ ‘ഠ്യോ’ എന്നൊച്ചയിട്ടു. കുറുക്കൻ വാല് കാലുകൾക്കിടയിലേക്ക് തിരുകി പൊന്തയിലൊളിച്ചു. അതു കണ്ട് കുട്ടികൾ ചിരിച്ചു.
“കുഞ്ഞിക്കുഞ്ഞിക്കുറുക്കാ
നിനക്കെന്തു ബെരുത്തം
അയ്യോന്റേട്ടാ
തലക്കുത്തും പനിയും
അയിനെന്തു വൈദ്യം
അതിനുണ്ടു ബൈദ്യം
കണ്ടത്തിൽ പോണം
ഞണ്ടിന പിടിക്കണം
കറമുറ തിന്നണം
പാറമ്മ പോണം
പിരിപിരു തൂറണം
കൂക്കിവിളിക്കണം
കൂ കൂ കൂ കൂ കൂ കൂ...”
അവർ താളത്തിൽ പാടി. അതിന്റെ രസത്തിൽ ആർത്തുചിരിച്ചു. വയലുകളിൽനിന്നുള്ള തണുത്തകാറ്റ് അവരുടെ ആവേശം കൂട്ടി. അവിടവിടെയായി നിൽക്കുന്ന തെരുവുവിളക്കുകൾക്കു കീഴിലൂടെ കാറ്റിനോടൊപ്പം അവർ സന്തോഷത്തോടെ മുന്നോട്ട് പോയി. ആവേശത്തിൽ അമൃത് മണിയടിച്ചു.
റെയിൽവേ ഗേറ്റ് കഴിഞ്ഞാൽ നടക്കാവ്, പിന്നെ കൊയോങ്കര എടാട്ടുമ്മല്, അതും കഴിഞ്ഞ് കുണിയൻ പാലം, പിന്നെ കാറോല്, അതിന്റപ്പുറം വെള്ളൂര്, കുട്ടികൾ വഴികൾ പരസ്പരം പറഞ്ഞും വെടിക്കെട്ടിന്റെ വലിപ്പത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവച്ചും മുന്നോട്ട് പോകവേ ഇരുഭാഗത്തും അടുത്തടുത്തായി വീടുകളും അവയ്‌ക്കൊക്കെ മതിലുകളും ഗേറ്റുകളുമുള്ള സ്ഥലത്തെത്തിയപ്പോൾ റോഡിൽ നിറയെ അലങ്കാരവെളിച്ചങ്ങൾ കണ്ട് അവർ കൗതുകത്തോടെ നോക്കി.
മതിലുകൾക്കകത്തുള്ള വലിയ വീടുകൾ അവരെ അദ്ഭുതപ്പെടുത്തി. എല്ലാം ഇരുനിലകളിലാണ്. എല്ലാറ്റിന്റേയും മുന്നിൽ കാറുകളും ബൈക്കുകളുമുണ്ട്. അവിടത്തെ കുട്ടികൾ ടൈയ്യും ബൂട്ടുമിട്ട് മഞ്ഞനിറത്തിലുള്ള ബസുകളിൽ കയറി പട്ടണത്തിലെ സ്കൂളുകളിലായിരിക്കും പഠിക്കുന്നത്. റോഡിന്റെ ഇടതുഭാഗത്ത് ഇനിയും ആരും വീടുവയ്ക്കാത്ത ഒഴിഞ്ഞ സ്ഥലത്ത് താൽക്കാലികമായി ഉണ്ടാക്കിയ സ്റ്റേജിൽ ആർക്കോ വേണ്ടിയെന്നപോലെ ഒരാൾ പാട്ടുപാടുന്നു. അതു കാണാനായി കസേരകളിൽ ഇരിക്കുന്നവർ ഉറങ്ങുകയാണെന്ന് കുട്ടികൾക്കു തോന്നി. അവിടേക്കു കയറുന്നയിടത്ത് കെട്ടിയിരുന്ന ഫ്ലക്സ് അമൃത് വായിച്ചു: “മികച്ചേരി റെസിഡൻഷ്യൽ അസോസിയേഷൻ മൂന്നാം വാർഷികം.” പെട്ടെന്ന് ഒന്നാലോചിക്കാൻപോലും സമയം കിട്ടുന്നതിനു മുൻപ് റോഡിന്റെ വലത്തുഭാഗത്തുനിന്നും എന്തോ ഒന്ന് അമൃതിന്റെ സൈക്കിളിനു മുന്നിലൂടെ ഓടി റോഡ് കടക്കാൻ ശ്രമിക്കുകയും അതിൽ തട്ടാതിരിക്കാൻ അവൻ നിലവിളിച്ചുകൊണ്ട് ബ്രേക്ക് പിടിക്കുകയും ചെയ്തു. ബ്രേക്കുകട്ടകൾ റിമ്മിലുരഞ്ഞുള്ള ശബ്ദത്തിനു മുകളിൽ കേൾക്കുന്ന നിലവിളി ഒരു പെൺകുട്ടിയുടേതാണെന്നു തിരിച്ചറിയുന്നതിനു മുൻപ് ഭയത്തിൽ തട്ടി സൈക്കിളോടൊപ്പം അവൻ റോഡിലേയ്ക്ക് വീണു. ഷോക്കേറ്റതുപോലെ നിൽക്കുന്ന പെൺകുട്ടിയേയും വീണുകിടക്കുന്ന കൂട്ടുകാരനേയും നോക്കി എന്തു ചെയ്യണമെന്നറിയാതെ ഇഫ്തിക്കർ പകച്ചുനിന്നു.
ആ നിലവിളിയിൽ പരിപാടി അലങ്കോലമായി. ആളുകൾ കുട്ടികൾക്കു ചുറ്റും വളരെ വേഗം കൂട്ടം കൂടി. അവർ പെൺകുട്ടിക്ക് എന്തെങ്കിലും പറ്റിയോ എന്നു പരിശോധിച്ചു. അവർക്ക് പുത്തനുടുപ്പിന്റേയും സുഗന്ധദ്രവ്യങ്ങളുടേയും മദ്യത്തിന്റേയുമൊക്കെ മണങ്ങളുണ്ടായിരുന്നു.
“എന്ത് പറ്റി ബേബീ.”
പെൺകുട്ടിയുടെ അമ്മയായിരിക്കണം, ജീൻസും ടിഷർട്ടുമിട്ട ഒരു സ്ത്രീ അവൾ ഓടിവന്ന ഭാഗത്തുനിന്നും വിളിച്ചു ചോദിച്ചു. അപ്പോൾ അവർക്കു പിന്നിലെ വലിയ വീട് കുട്ടികൾ കണ്ടു. ചുറ്റും കൂടിനിൽക്കുന്ന കൊഴുത്ത മനുഷ്യരുടെ ദേഷ്യം കൂടിവരുന്നത് കണ്ടപ്പോൾ റോഡിൽ ശ്രദ്ധയില്ലാതെപോയ കുറച്ചു നിമിഷങ്ങളെ കുട്ടികൾ ശപിച്ചു.
“ടോയ്‌ലറ്റിൽ പോകാനായി വന്നതാണെന്റെ കുട്ടി.”
തേങ്ങലടങ്ങാത്ത മകളെ ചേർത്തുപിടിച്ച് അമ്മ വീടിനകത്തേയ്ക്ക് കയറി.
അപ്പോൾ തങ്ങൾക്കു ചുറ്റുമുള്ള കൂട്ടം കൂടുതൽ മുറുകുന്നത് കുട്ടികളറിഞ്ഞു.
“നീയെല്ലം ഈ പാതിരക്ക് ഏടറാ പോന്ന്?” അതിലൊരാൾ ദേഷ്യത്തോടെ ഇഫ്തിക്കറിന്റെ കോളറിൽ പിടിച്ചു വലിച്ചുകൊണ്ട് ചോദിച്ചു.
“നമ്മ കൊട്ടണക്കാവില് വെടിക്കെട്ട് കാണാൻ പോന്നതാന്നേട്ടാ” അവന്റെ ശബ്ദത്തിൽ വിറയലുണ്ടായിരുന്നു.
“എന്ത്ടാ നിന്റെ പേര്?”
“ഇഫ്തിക്കർ.”
സംശയങ്ങളുടെ ഇരുട്ട് അവിടെ പടർന്നുതുടങ്ങി.
“സൈക്കള് ഓളെ മേക്ക് മുട്ടീറ്റ ഏട്ടമ്മാരേ. ഞാൻ ബ്രേക്ക് പിടിക്കുമ്പോ വീണതാന്ന്” എഴുന്നേൽക്കാൻ ശ്രമിച്ചുകൊണ്ട് അമൃത് പറഞ്ഞു.
“നിന്റപേരെന്ന്ടാ?”
“അമൃത്.”
“ഏട്ന്ന്ടാ നിങ്ങ വെര്ന്ന്?”
“ചൂത്കാട്ട്ന്ന്”
അപ്പോൾ ആൾക്കൂട്ടം വളർന്നുവരുന്നതായും തങ്ങളിലെ എന്തോ ഒന്ന് അവരിൽ വെറുപ്പുണ്ടാക്കുന്നതായും കുട്ടികൾക്കു തോന്നി.
“ഇത്രയ്യ്യും ലൈറ്റ് ഇണ്ടാവുമ്പോ നിന്ക്ക് കണ്ണ് കാണ്ന്നില്ലടാ?”
“വർത്താനം പറയാൻ നിക്കണ്ട കൊട്ക്ക് മീട്ടത്ത് എന്നിറ്റ് ചോയ്ക്ക്.”
“ഈ പാതിരയ്ക്ക് ഈറ്റ്ങ്ങ ഏടപ്പോന്ന്? കക്കാനാരിക്ക്വാ?”
“ആരിടാ നിന്നയെല്ലം പറഞ്ഞയച്ചത്?”
“ഇഫ്തിക്കറിനെന്ത്ടാ കൊട്ടണക്കാവില്‍ കാര്യം?”
“കയിഞ്ഞായ്‌ച്ച ഈട്‌ത്തെ വീട്ടില് കേറീന് നിങ്ങളെ ആളല്ലെടാ?”
ചോദ്യങ്ങൾ അവരെ വരിഞ്ഞുമുറുക്കി; അതിലൊരെണ്ണം ഇഫ്തിക്കറിനെ സൈക്കിളിൽനിന്നും വലിച്ചു താഴെയിട്ടു. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ അമൃതിന്റെ പുറത്ത് ഒരു ചവിട്ടുവീണു. തന്റെ മുഖത്തിനേക്കാൾ വലിപ്പമുള്ള ഒരു കൈ ചെകിടടച്ച് തല്ലിയതും ചെവിയിൽനിന്നും ചീവീടിന്റേതുപോലുള്ള ശബ്ദം മുഖത്തെ തരിപ്പിനൊപ്പം പുറപ്പെടുന്നത് അമൃതറിഞ്ഞു. വീണിടത്തു നിന്നും എഴുന്നേൽക്കാൻ ശ്രമിക്കുന്ന ഇഫ്തിക്കറിന്റെ തല ഒരാൾ റോഡിലേയ്ക്ക് അമർത്തുന്നത് കണ്ടപ്പോൾ അമൃത് കരഞ്ഞു. അമൃതിനെ ടാർറോഡിലൂടെ വലിച്ച് അവന്റെ സൈക്കിളിനു മുകളിലേക്കെറിയുന്നത് കണ്ടപ്പോൾ ഇഫ്തിക്കറും. ആർത്തുകരഞ്ഞിട്ടും ഒരുതരി ശബ്ദംപോലും അവരിൽനിന്നും പുറത്തുവന്നില്ല.
“മതി” പെട്ടെന്നൊരധികാര ശബ്ദം ആൾക്കൂട്ടത്തെ തടഞ്ഞു.
“സൈക്കളിന്റെ കാറ്റഴിച്ച് വിട്ട് ഒഴിവാക്ക്. നല്ലൊരു ദെവസായിറ്റ് ശകുനം മൊടക്കികള്” ആ ശബ്ദം ഇരുട്ടിലേയ്ക്ക് കാർക്കിച്ചു തുപ്പിയ ശേഷം തിരികെപ്പോയി.
സൈക്കിൾ ടയറുകളിൽനിന്നും കാറ്റഴിഞ്ഞുപോകുന്ന ശബ്ദം കുട്ടികൾ നിസ്സഹായരായി കേട്ടുനിന്നു. ആൾക്കൂട്ടം കുറച്ചുനേരം കൂടി അവരെ പൂച്ച എലിയെന്നോണം കളിപ്പിച്ചു. ശേഷം സൈക്കിളുകളെ നിലത്തിട്ടു ചവിട്ടി നടുവൊടിച്ച് അവരോടൊപ്പം വെളിച്ചത്തിന്റെ അറ്റത്തുനിന്നും ഇരുട്ടിലേയ്ക്ക് വലിച്ചെറിഞ്ഞു. അവിടെനിന്നും ഒരു വേട്ടപ്പട്ടിയുടേതെന്നപോലെ ജനറേറ്ററിന്റെ മുരൾച്ച കേൾക്കാമായിരുന്നു. ഇരുട്ടിലേയ്ക്ക് വീഴുമ്പോൾ ദൂരെയെവിടെയോ അമിട്ടുകൾ പൊട്ടുന്നതായും ആകാശത്ത് അത് വർണപുഷ്പങ്ങൾ പൊഴിക്കുന്നതായും അമൃതിനു തോന്നി. കൂട്ടുകാരനേയും വലിച്ച് അതിനു നേരെയോടാൻ അവന്റെ ശരീരം വെമ്പി. തപ്പിത്തടഞ്ഞ് സൈക്കിളുകളെടുത്തപ്പോൾ അവയുടെ കോലം അവരെ വേദനിപ്പിച്ചു. വഴികൾ ചോദ്യചിഹ്നങ്ങളായി അവർക്കു മുന്നിലും പിന്നിലും ഇരുട്ടിലേയ്ക്ക് നീണ്ടുകിടന്നു. പിന്നിൽ അലങ്കാര വിളക്കുകളും തെരുവുവിളക്കുകളും ഓരോന്നായി അണയുന്നത് അവർ കണ്ടു. അവിടം പൂർണമായും ഇരുട്ടിലായപ്പോൾ വാർഷികാഘോഷത്തിന്റെ കലാശത്തിൽ തിരികൊളുത്തിയ ചൈനീസ് പടക്കങ്ങൾ ആകാശത്ത് വർണവെളിച്ചങ്ങൾ വിതറി. ഇരുട്ടിൽ എന്തുചെയ്യണമെന്നറിയാതെ വികൃതമാക്കപ്പെട്ട സൈക്കിളുകളുമായി നിന്ന കുട്ടികളെ ഒരു നിമിഷത്തേയ്ക്ക് അതിന്റെ വർണവെളിച്ചം അനാവൃതമാക്കി.
പുലരാനാകുന്നതിനു തൊട്ടുമുൻപെപ്പോഴോ ദൂരെയെവിടെയോ നിന്ന് വെടികൾ പൊട്ടുന്നതു കേട്ടതായി സവിതയ്ക്കു തോന്നി. അവൾ ഉറക്കം വരുമെന്ന പ്രതീക്ഷയിൽ തിരിഞ്ഞുകിടന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates