

ഞാൻ ഉജ്ജയിനിയിലെ ചക്രവർത്തി വിക്രമാദിത്യനാണെന്ന് അനിയൻ അഭിനവ് കണ്ടെത്തിയ ദിവസം ഇന്നും എന്റെ ഓർമ്മയിലുണ്ട്. ഞങ്ങളുടെ വീടിന്റെ കാർപോർച്ച് വിശാലമായിരുന്നു. തറയോട് പാകിയ അതിന്റെ ഇറയത്ത് നാലോ അഞ്ചോ കസേരകളും ഒരു ടീപ്പോയിയും ഇട്ടിരുന്നു. ഞായറാഴ്ചകളിൽ വീട്ടിലുള്ളപ്പോഴൊക്കെ അച്ഛൻ ഈ കസേരകളിലൊന്നിലിരുന്നു പത്രം വായിക്കും. അച്ഛൻ വീട്ടിലില്ലാത്ത ദിവസങ്ങളിലാണ് സാധാരണയായി ഞാൻ ഈ പോർച്ചിൽ വന്നിരിക്കുക. പത്രം വായിക്കാനൊന്നുമല്ല. വെളിച്ചമണച്ച് ഇരുട്ടിൽ തനിച്ചങ്ങനെ ഞാനിരിക്കും. അങ്ങനെയിരിക്കുമ്പോൾ എതിരെയുള്ള റോഡിലൂടെ തീക്കണ്ണുകൾ പായിച്ച് വാഹനങ്ങൾ കടന്നുപോകുന്നതു കാണാം. ടയറുകൾ റോഡിലുരയുന്ന ഇരമ്പങ്ങൾ വായുവിലുയർന്ന് എന്റെ കാതുകളിലേയ്ക്ക് വീഴും. റോഡിനപ്പുറത്ത് അകലെ ചക്രവാളത്തെ തൊടുന്ന തരിശിട്ട പാടത്ത് മിന്നാമിന്നികളുടെ നൃത്തം കാണാം. അങ്ങനെ നോക്കിയിരിക്കെ എനിക്കു തന്നെ തിരിച്ചറിയാൻ കഴിയാത്ത ഒരു മാത്രയിൽ ഉജ്ജയിനിയിലെ മഹാരാജാവ് എന്നിലേയ്ക്ക് പ്രവേശിക്കും. അപ്പോൾ എന്റെ ശരീരത്തിലാകമാനം ഒരു വിറയൽ പടരും. തൊണ്ട വരളും. എന്റെ കാഴ്ചയുടെ ചുറ്റുവട്ടത്തിൽ കാടും മലകളും താണ്ടി കുതിരകൾ പോരാളികളുമായി സഞ്ചരിച്ചു തുടങ്ങും. കാടും മേടും യുദ്ധഭൂമികളും കീഴടക്കിയ വിക്രമാദിത്യ ചക്രവർത്തിയായി ഞാൻ പടക്കുതിരകളെ നയിക്കും. കിഴക്കു നിന്നെത്തുന്ന കാറ്റിൽ കുതിരക്കുളമ്പുകൾ ഭൂമിയിൽ പതിയുമ്പോഴുള്ള പൊടിപടലങ്ങൾ വായുവിലേക്കുയരും. ശരിക്കും ശ്വാസംമുട്ടുന്ന ഒരനുഭവം തന്നെയായിരുന്നു അത്. ചില ദിവസങ്ങളിൽ എന്നിലേയ്ക്ക് പ്രവേശിക്കുന്ന ചക്രവർത്തിക്കൊപ്പം വേതാളവുമുണ്ടാകും. എന്റെ ചുമലിൽ കിടന്ന് ഒരു കഥ പറഞ്ഞു തീർക്കവേ കുതിരയുടെ ചിനപ്പുപോലുള്ള ചിരിയോടെ അതു പ്രശ്നം കാതിൽ മന്ത്രിക്കും: “രാജൻ, അമർത്യാപുരിയിലെ ശശീന്ദ്രനാണോ ശിശുപാലനാണോ നീതി നിർവ്വഹിച്ചതെന്നു പറയാമോ?”
വേതാളത്തിന്റെ കുഴക്കുന്ന ചോദ്യങ്ങൾക്കു പിറകേ ഞാൻ സഞ്ചരിച്ചു തുടങ്ങും. പടിഞ്ഞാറൻ കാറ്റിൽ ക്ഷേത്രമുറ്റത്തെ ഒരാൽമരത്തിൽനിന്നു പാറിവീഴുന്ന ഇലകൾപോലെയാണ് ഒരു കഥയ്ക്കുശേഷമുള്ള ചോദ്യങ്ങൾ. കഥയുടെ ഇരുണ്ട ഗുഹാമുഖങ്ങളിൽ ഉത്തരങ്ങളൊളിച്ച് കിടക്കുന്നുണ്ടാകും. എല്ലാ ചോദ്യങ്ങളേയും ബുദ്ധിപൂർവ്വമാണ് നേരിടേണ്ടത്. എന്നാൽ, ഉത്തരത്തിൽ ധർമ്മവും നീതിയും നിഴലിക്കണം. അത്തരം ഉത്തരങ്ങൾ മാത്രമേ വേതാളത്തെ സംതൃപ്തനാക്കൂ. ഇനി ഉത്തരം കിട്ടാത്ത അവസ്ഥ വന്നാൽ വേതാളം അതിന്റെ വനഗൃഹത്തിലെ വൃക്ഷശിഖിരത്തിലേയ്ക്ക് ഉറക്കത്തിനായി, എന്നിൽനിന്നു സ്വതന്ത്രനായി യാത്രയ്ക്കൊരുങ്ങും. പിന്നെ വീണ്ടും കാതങ്ങൾ താണ്ടിയുള്ള സാഹസിക യാത്രയിലൂടെ അതിനെ അവിടെനിന്ന് ഉണർത്തി കൊണ്ടുവരേണ്ടിവരും. വലിയ ആയാസമുള്ള ജോലിത്തന്നെയാണത്.
വേതാളവുമായുള്ള എന്റെ സംവാദത്തിനിടയിലേക്കാണ് ഒരുനാൾ അഭിനവിന്റെ വരവ്. വീട്ടിൽ രാത്രിവിളക്കുകൾ മുഴുവനും തെളിഞ്ഞുനിന്നിരുന്നു. പോർച്ചിലിട്ട വെളുത്ത പ്രകാശമുതിർക്കുന്ന എൽ.ഇ.ഡി ലാമ്പിന്റെ ഒരു നിഴൽ അഭിനവിന്റെ നെറുകയിലേയ്ക്ക് പതിച്ചപ്പോൾ അവന്റെ മുടിയിഴകൾ കിരീടംപോലെ തിളങ്ങി. തീർത്തും രഹസ്യപൂർവ്വമായ ഞങ്ങളുടെ സംവാദത്തിന് ഭട്ടി എന്തിനാണ് കാവൽനിൽക്കുന്നതെന്ന് എനിക്കു മനസ്സിലായില്ല. ഭട്ടിയുടെ മുഖത്ത് എന്തൊക്കെയോ സംശയങ്ങളുടെ നിഴലുകളുണ്ടായിരുന്നു.
“ഭട്ടീ, പുറത്തുപോകൂ...”
ഞാൻ കല്പിച്ചു.
എന്റെ കല്പന പുറപ്പെട്ടതും ഭട്ടിയുടെ മുഖം ചുളിഞ്ഞുവിറങ്ങലിച്ചതും ഒപ്പം. അവന്റെ ശബ്ദത്തിൽ ഭയാക്രാന്തമായൊരു നിലവിളി പോർച്ചിൽ വീണുടഞ്ഞു. അവൻ “അമ്മേയെന്ന്” വിളിച്ചുകൊണ്ട് അകത്തേക്ക് ഓടിക്കയറുന്നത് ഞാൻ കണ്ടു.
വേതാളവുമായി ഞാൻ നടത്തിയ അന്നത്തെ സംവാദത്തിന്റെ മൂന്നാംനാൾ അച്ഛൻ എന്നെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ഡോക്ടർ അബ്ദുള്ളയുടെ സൈക്കാട്രിക് ക്ലിനിക്കിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഞാൻ അബ്ദുള്ളയങ്കിൾ എന്നു വിളിച്ചിരുന്ന ഒരു വിചിത്ര മനുഷ്യനായിരുന്നു അദ്ദേഹം. ആയിരക്കണക്കിനു മാനസികരോഗികളുടെ ആശയും ആലംബവുമായിരുന്ന അദ്ദേഹം ഒരിക്കൽപോലും ചിരിച്ചുകണ്ടിട്ടില്ലാത്ത ഒരാളായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ കണ്ണുകളിൽ ഒരു നീലക്കടലിലെ ഉപരിജലംപോലെ കരുണയുടെ ഓളങ്ങൾ തുടിച്ചുകൊണ്ടിരുന്നു. ഏതൊരു അസ്വസ്ഥനായ മനുഷ്യനും ആ നോട്ടത്തിലെ നനവേറ്റാൽ മതി പതുക്കപ്പതുക്കെ ശാന്തനാകും.
ഡോക്ടർ എന്നെ അദ്ദേഹത്തിന്റെ പരിശോധന മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. എനിക്ക് പിറകെ എന്റെ നിഴലുപോലെ അച്ഛൻ നടന്നുകൊണ്ടിരുന്നു. പരിശോധനാമുറിയിൽ വൃത്തിയായി സജ്ജീകരിച്ച ഒരുയർന്ന കസേരയിൽ ഡോക്ടർ എന്നോടിരിക്കാൻ പറഞ്ഞു. മുറിയിലെ ടേബിളിൽ പ്രകാശിച്ചുനിന്നിരുന്ന ഒറ്റവെളിച്ചമൊഴിച്ച് എല്ലാ വിളക്കുകളും അദ്ദേഹം കെടുത്തി. അപ്പോൾ ഡോക്ടറുടെ കണ്ണുകൾ ഹൈവോൾട്ട് പ്രകാശമുള്ള സ്റ്റുഡിയോ ലൈറ്റുകൾപോലെ എന്റെ മുഖത്തേക്ക് പ്രകാശിച്ചു.
“എന്റെ കുഞ്ഞേ നിനക്കെന്താണ്?”
ഡോക്ടർ ചോദിച്ചു.
ഞാൻ അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല. ഡോക്ടറുടെ കരുണപൊഴിക്കുന്ന കൺമുനകളുടെ വെട്ടത്തിലേക്കലിഞ്ഞു വീഴാൻ എന്റെ പ്രജ്ഞ വിസ്സമ്മതിച്ചു.
“അർജുൻ ആലോചിച്ചു പറയൂ... എന്താണ് അർജുനെ അലട്ടുന്നത്?”
ഡോക്ടറുടെ സ്വരത്തിൽ അനുകമ്പയുണ്ടായിരുന്നു. എനിക്ക് ഓർക്കാനൊന്നുമുണ്ടായിരുന്നില്ല. എനിക്കുതന്നെ പിടികിട്ടാത്ത ഏതോ സന്ധിയിൽവെച്ച് ഞാൻ വിക്രമാദിത്യ ചക്രവർത്തിയെപ്പോലെ സംസാരിക്കുന്നു എന്നതായിരുന്നുവല്ലോ എന്റെ അസുഖം.
അച്ഛൻ പതുക്കെ എന്റെ കയ്യിൽ തൊട്ടു. അച്ഛന്റെ വിരലുകൾ വിറയ്ക്കുന്നത് ഞാനറിഞ്ഞു.
“പറയ് മോനെ... എന്താണ് നിന്റെ വിഷമം?”
അച്ഛന്റെ സ്വരം ഇടറുന്നതുപോലെ എനിക്ക് തോന്നി.
ഡോക്ടർ അബ്ദുള്ളയുടെ കണ്ണുകൾ അദൃശ്യമായ രശ്മികളുടെ തീക്ഷ്ണതയോടെ എന്റെ കണ്ണുകളിലേക്കും അതുവഴി ഹൃദയത്തിലേക്കും ആഴ്ന്നിറങ്ങാൻ തുടങ്ങിയിരുന്നു. ഒരക്ഷരംപോലും പറയാതിരിക്കാൻവേണ്ടി ഞാനപ്പോൾ ചുണ്ടുകൾ ബലമായി പൂട്ടി. എനിക്കെന്തിനോടൊക്കെയോ ദേഷ്യം തോന്നി. ഡോക്ടർ അബ്ദുള്ളയോട് അദ്ദേഹം ഞങ്ങളുടെ കുടുംബസുഹൃത്ത് ആയിരുന്നിട്ടുകൂടി ഒരക്ഷരം സംസാരിക്കേണ്ട എന്ന് ഞാനുറപ്പിച്ചു.
എന്തോ എനിക്കപ്പോൾ രാഘവൻ മാഷെ ഓർമ്മവന്നു. ഞങ്ങളുടെ വീടിന്റെ തൊട്ടടുത്തുള്ള സർക്കാർ വിദ്യാലയത്തിലെ മലയാളം അദ്ധ്യാപകനായിട്ടാണ് മാഷ് വിരമിച്ചത്. അമ്പലപ്പറമ്പിൽ വില്പനക്കാരൻ അടുക്കിവെച്ച കുപ്പിവളകൾപോലെ വിവിധ നിറങ്ങളിലുള്ള ചട്ടകളുള്ള
പുസ്തകങ്ങൾ മാഷിന്റെ വീട്ടിലെ അലമാരയിൽ നിരന്നിരുന്നത് ഞാൻ ബാല്യത്തിലേത്തന്നെ കണ്ടിരുന്നു. ‘വിക്രമാദിത്യ കഥകൾ’ എന്നെക്കൊണ്ട് വായിപ്പിച്ചത് മാഷായിരുന്നു. അന്ന് യു.പി ക്ലാസ്സിലായിരുന്നു ഞാൻ. മാഷിന്റെ വീട്ടിലെത്തുമ്പോഴൊക്കെ ഒരു മുതിർന്ന മനുഷ്യനെപ്പോലെ മാഷ് എന്നെ സ്വീകരിച്ചു. എപ്പോഴും ചിരിച്ചുകൊണ്ടായിരുന്നു മാഷ് സംസാരിച്ചത്. ഇപ്പോൾ ഈ ലോകത്തിന്റെ നീതി സമ്പന്നന്റെ നീതിയാണെന്നും പാവപ്പെട്ടവരുടെ നീതിയും ധർമ്മവും പുന:സ്ഥാപിക്കുകയാണ് ഒരു ഭരണാധികാരിയുടെ യഥാർത്ഥ ജോലിയെന്നും മാഷ് എന്നോട് പറഞ്ഞു. മാഷിന്റെ വാക്കുകൾക്ക് എരിവും ബീഡിപ്പുകയുടെ മണവുമുണ്ടായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മാഷ് നിലത്തേക്ക് വലിച്ചെറിയുന്ന ബീഡിക്കുറ്റികൾ ഞാൻ എണ്ണിനോക്കി.
ഡോക്ടർ എനിക്കു മുന്നിലെ ടേബിളിലെ ചുവന്ന ബൾബ് തെളിയിച്ചു. എല്ലാ വിളക്കുകളും അണച്ച് ഒരു ചുവന്ന വെളിച്ചപ്പൊട്ടിലേക്ക് ചുരുങ്ങിയ നാടകവേദിയായി ഡോക്ടറുടെ പരിശോധ മുറി മാറുന്നത് ഞാൻ കണ്ടു. പൊടുന്നനെ ഡോക്ടർ ചുവന്ന ബൾബണച്ച് ഒരു പച്ചബൾബ് പ്രകാശിപ്പിച്ചു.
“അർജുൻ, എന്തെങ്കിലും തോന്നുന്നുണ്ടോ?”
ഡോക്ടർ ചോദിച്ചു.
“ഇല്ല.”
ഞാൻ പറഞ്ഞു. പക്ഷേ, ഞാൻ പറഞ്ഞത് കളവായിരുന്നു.
പച്ചപ്പുല്ല് നിരന്ന ഒരു കുന്നിൻചെരുവിലൂടെ തന്റെ ചെമ്പൻകുതിരയുടെ പുറത്ത് ചക്രവർത്തി വടക്കേ ദിക്കിലേക്ക് സഞ്ചരിക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. അന്തരീക്ഷമാകെ ഒരു മഞ്ഞവെളിച്ചം പൊതിഞ്ഞ് നിന്നിരുന്നു. അതിന്റെ സുതാര്യതയിൽ ചക്രവർത്തിയുടെ സ്വർണ്ണക്കിരീടം തീക്കനൽപോലെ തിളങ്ങി. പെട്ടെന്ന് ചക്രവർത്തി കുതിരയെ നിർത്തുകയും എന്നെ നോക്കി പുഞ്ചിരിക്കുകയും ചെയ്തു.
“മോനെ, നീയെന്തോ കാണുന്നുണ്ടെന്ന് എനിക്കറിയാം. ഞാനെത്രയോ കുട്ടികളെ കാണുന്നതാണ്.”
അബ്ദുള്ള ഡോക്ടർ എന്റെ തലമുടിയിഴകളിലൂടെ വിരലോടിച്ചു.
ഞാൻ എയർകണ്ടീഷണർ തണുപ്പിച്ച പരിശോധന മുറിയിലെ കുഷ്യൻബാക്ക് കസേരയിൽ ചാരിക്കിടന്നു. എന്റെ ഓർമ്മകളുടെ ചില്ലുപാളി തുറന്ന് രാഘവൻ മാഷ് ഉടവാളും കിരീടവും ധരിച്ച വിക്രമാദിത്യ ചക്രവർത്തിയുടെ ചിത്രമുള്ള ഒരു പുസ്തകമെടുത്ത് എനിക്ക് നേരെ നീട്ടി. എന്റെ ശരീരം വിറയ്ക്കാൻ തുടങ്ങി. തൊണ്ട വരണ്ടു. ഒരായിരം കുതിരക്കുളമ്പടിയൊച്ചകൾക്കൊപ്പം യുദ്ധഭൂമിയെ നടുക്കുന്ന പോർവിളികൾ എന്റെ തലച്ചോറിനെ പൊതിഞ്ഞു. അടുത്ത മാത്രയിൽ ഒരലർച്ചയോടെ പരിശോധനാമുറിയിലെ കസേരയിൽനിന്ന് ഞാൻ ചാടിയിറങ്ങി. മുറിയിൽ ഉത്തേജിതനായൊരു മദയാനയെപ്പോലെ കയ്യും കാലും വീശി ഞാൻ അങ്ങോട്ടുമിങ്ങോട്ടും നടന്നു. എന്റെ ശിരസ്സിൽ വിക്രമാദിത്യ ചക്രവർത്തിയുടെ കിരീടം തിളങ്ങി. എന്റെ വലതുകയ്യിൽ തേച്ചുമിനുക്കിയിട്ടെന്നവണ്ണം ചക്രവർത്തിയുടെ ഉടവാൾ മിന്നൽപോലെ ജ്വലിച്ചു.
“എന്റെ മുന്നിൽനിന്നു കടന്നുപോകൂ. അനുവാദമില്ലാതെ എനിക്കു മുന്നിൽ വരാൻ ഞാൻ ഭട്ടിയെ മാത്രമേ അനുവദിക്കാറുള്ളൂ.”
കടുത്ത ക്ഷോഭമുറഞ്ഞ ഒരലർച്ചയോടെ ഞാൻ അച്ഛനേയും ഡോക്ടറേയും വശങ്ങളിലേക്ക് തള്ളി. പാവം ഡോക്ടർ. അദ്ദേഹം ഒരു നിലവിളിയോടെ ചുമരിൽ ചെന്നിടിച്ച് നിലത്തുവീണു. അച്ഛനാകട്ടെ, അവിശ്വസനീയതയോടെ, തുറിച്ച കണ്ണുകളോടെ എന്നെ നോക്കിക്കൊണ്ടിരുന്നു.
ഡോക്ടറുടെ ക്ലിനിക്കിൽനിന്നു ഞാനും അച്ഛനും മടങ്ങുമ്പോൾ മൂന്നാഴ്ച പിന്നിട്ടിരുന്നു. കാറിന്റെ പിൻസീറ്റിൽ അച്ഛനോട് ചേർന്നിരിക്കുമ്പോൾ കഴിച്ചുതീർത്ത മരുന്നുകളുടെ ഗാഢമായ മണവും ലഹരിയും എന്റെ ശ്വാസകോശങ്ങളിൽ അപ്പോഴും തങ്ങിനിൽക്കുന്നതുപോലെ തോന്നി. കാർ ഒരു വളവു തിരിഞ്ഞപ്പോൾ അച്ഛൻ എന്റെ കൈകളിൽ മുറുകെ
പിടിച്ചു. ഞാൻ അച്ഛന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നതുപോലെ തോന്നി.
വീട്ടിലെത്തിയിട്ടും മാസങ്ങളോളം എനിക്ക് ധാരാളം മരുന്നുകൾ കഴിക്കേണ്ടതുണ്ടായിരുന്നു. ദിവസവും ഒരു ഡസനിലേറെ ടാബലറ്റുകൾ. മാസങ്ങൾ പിന്നിട്ടപ്പോൾ ഡോക്ടർ അബ്ദുള്ള അവയുടെ എണ്ണം കുറച്ചു. രാത്രികളിൽ ഞാൻ സ്വപ്നങ്ങളില്ലാതെ ഉറങ്ങിത്തുടങ്ങിയ കാലമായിരുന്നു അത്. എന്റെ മുഖത്തെ ക്ഷീണവും കൺതടങ്ങളിലെ കറുപ്പും പതുക്കെപ്പതുക്കെ മാഞ്ഞുതുടങ്ങി. ഒരു ദിവസം അഭിനവ് അവന്റെ മോട്ടോർബൈക്കിന്റെ പിറകിലിരുത്തി തൊട്ടടുത്ത ടൗണിലെ തിയേറ്ററിൽ എന്നെയൊരു സിനിമ കാണിക്കാൻ കൊണ്ടുപോയി. എനിക്ക് ആസ്വദിച്ചു കാണാൻ കഴിഞ്ഞ സിനിമകളിൽ ഒന്നായിരുന്നു അത്. ആറുമാസം കഴിഞ്ഞപ്പോൾ അച്ഛൻ എന്നെ ഡോക്ടർ അബ്ദുള്ളയുടെ ക്ലിനിക്കിലേക്ക് വീണ്ടും
കൊണ്ടുപോയി. ക്ലിനിക്കിൽ നന്നേ തിരക്കുണ്ടായിട്ടും എന്നേയും അച്ഛനേയും പുറത്തിറങ്ങിവന്നാണ് അദ്ദേഹം
സ്വീകരിച്ചത്. അഭിനവിനൊപ്പം ജിമ്മിൽ പോയി കൃശമാക്കിയ എന്റെ ശരീരവും പ്രകാശമുതിരുന്ന കണ്ണുകളും കണ്ട് ഡോക്ടറുടെ മുഖത്ത് സന്തോഷം ഇരച്ചെത്തി.
“വിക്രമാദിത്യൻ ഇനി വരില്ല.”
സ്വീകരണമുറിയിലെ കസേരയിലിരിക്കുമ്പോൾ ഡോക്ടർ എന്റെ പുറത്തുതട്ടി. ഞാൻ ചിരിച്ചു.
“ചക്രവർത്തി ഇപ്പോൾ ദൂരെ ഒരു യുദ്ധക്കളത്തിലാണ്. ഇനിയദ്ദേഹം നിന്നെ ശല്യപ്പെടുത്തില്ല.” ഡോക്ടറുടെ മുഖത്തെ പ്രത്യാശ കണ്ടപ്പോൾ അച്ഛൻ പുഞ്ചിരിച്ചു.
വാസ്തവത്തിൽ ഡോക്ടറുടെ പ്രവചനം സത്യമായിരുന്നു. മാസങ്ങൾ കഴിഞ്ഞുപോയത് ഞാനറിഞ്ഞില്ല. ചിങ്ങമാസത്തിലെ എന്റെ ഇരുപത്തിയേഴാം പിറന്നാൾ ആഘോഷിച്ചതിന്റെ പിറ്റേന്ന് അമ്മ അച്ഛനോട് എന്നെയൊരു വിവാഹം കഴിപ്പിക്കുന്നതിനെപ്പറ്റി സംസാരിക്കുന്നത് ഞാൻ കേട്ടു.
“പെണ്ണ് കെട്ടിച്ചാൽ പ്രാന്ത് മാറുമെന്ന് പറയുന്നത് ഒരു പഴയ വിശ്വാസമാണ്.”
അച്ഛൻ പറഞ്ഞു.
അമ്മയുടെ മറുപടി ഞാൻ കേട്ടില്ല. പക്ഷേ, എനിക്ക് ഭ്രാന്തുണ്ടെന്ന അച്ഛന്റെ പ്രസ്താവന എന്നെ തരിമ്പും ദുഃഖിപ്പിച്ചില്ല. എന്തുകൊണ്ടോ ഒരു തമാശ എന്റെയുള്ളിൽ നിറഞ്ഞു. വീടു മുഴുവൻ കേൾക്കെ ഒന്നു പൊട്ടിച്ചിരിക്കണമെന്ന് ഞാനാഗ്രഹിച്ചു.
അഭിനവ് പിറന്നപ്പോൾ കൊച്ചിയിൽ അച്ഛനാരംഭിച്ച അഭിനവ് ഫിനാൻസിന്റെ ചുമതല ഞാനേറ്റെടുത്തപ്പോൾ അച്ഛനും അമ്മയും ഒരുപോലെ സന്തോഷിച്ചു. ചരിത്രത്തിൽ മാസ്റ്റർ ബിരുദമുള്ള എനിക്ക് ഒരു ഫിനാൻസ് നടത്താൻ കഴിയുമോയെന്ന് അച്ഛന് ഭയമുണ്ടായിരുന്നു. പക്ഷേ, അച്ഛന്റെ എല്ലാ ഭയങ്ങളേയും അസ്ഥാനത്താക്കിക്കൊണ്ട് അഭിനവ് ഫിനാൻസ് ഞാൻ ചുമലിലേറ്റി. സ്ഥാപനത്തിലെ അക്കൗണ്ടുകളൊക്കെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ അഭിനവ് ഫിനാൻസ് നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന അവസ്ഥ. ലോൺ കൊടുത്ത അക്കൗണ്ടുകളിൽ കൃത്യമായ വരവുണ്ടായിരുന്നില്ല. അപേക്ഷയ്ക്കനുസരിച്ച് കടം കൊടുക്കാൻ സ്ഥാപനത്തിൽ വേണ്ടത്ര മൂലധനമുണ്ടായിരുന്നില്ല. ഇതിനെക്കുറിച്ച് ഞാൻ അച്ഛനോട് ചോദിച്ചപ്പോൾ പ്രധാന കാരണം കൊവിഡാണെന്നായിരുന്നു മറുപടി. കൂടാതെ എന്റെ രോഗവും. അച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്കെന്തോ വിഷമം തോന്നാതിരുന്നില്ല. ഞാൻ സ്ഥാപനത്തിന്റെ പ്രവർത്തനം ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ക്രോഡീകരിച്ചു. വാസ്തവത്തിൽ ഒരു ഫിനാൻസ് സ്ഥാപനത്തിന്റെ ആത്മാവ് കണക്കുകളും പലിശയുമാണ്. ചരിത്രത്തിലും ദർശനങ്ങളിലും ആണ്ടുപോയിരുന്ന എനിക്ക് ആദ്യഘട്ടങ്ങളിൽ കണക്കുകളോട് പെരുത്തപ്പെടാൻ പ്രയാസം തോന്നി. പക്ഷേ, അച്ഛന്റെ അക്കൗണ്ടന്റ് മഹേശൻ അയ്യർ മിടുക്കനായിരുന്നു. ഞങ്ങളുടെ പഴയ കണക്കു മാഷ് ഇട്ടിക്കുരുവിനെപ്പോലെ മുഖത്ത്
കൊമ്പൻമീശ വെച്ച അയ്യർ എന്നെ കണക്കുകളിലൂടെ കൈപിടിച്ചു നടത്തി. വടിവൊത്ത കയ്യക്ഷരത്തിലെഴുതിയ കുറിപ്പുപോലെ സ്ഥാപനത്തിലെ കണക്കുകൾ എനിക്ക് വഴങ്ങിത്തുടങ്ങി. ഓരോ അക്കൗണ്ടുകളിലേയും അകവും പുറവും എനിക്ക് വ്യക്തമായിത്തുടങ്ങി.
കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിലെ വേണ്ടത്ര പണമടവില്ലാത്ത നൂറിൽപ്പരം അക്കൗണ്ടുകളിൽ ഞാൻ പ്രത്യേക ശ്രദ്ധവെച്ചു. പണം വസൂലാക്കുന്നതിന് കേസ് ഫയൽ ചെയ്യാൻ വളരെ വേഗത്തിലാണ് ഞാൻ തീരുമാനമെടുത്തത്. അതുകൊണ്ട് ഉണ്ടായ ഒരു ഗുണം വീണ്ടും ഈ അക്കൗണ്ടുകൾ സജീവമായിത്തുടങ്ങി എന്നതാണ്. വക്കീൽനോട്ടീസ് കിട്ടിയ ഉടനെത്തന്നെ ലോണെടുത്ത ഭൂരിപക്ഷംപേരും എന്നെ കാണാനെത്തി. പലരും പണമടയ്ക്കാനുള്ള സാവകാശമാണ് ചോദിച്ചത്. ഒരാഴ്ചപോലും സമയം നീട്ടിത്തരാൻ കഴിയില്ലായെന്ന് ഒച്ചയുയർത്തി ഞാൻ പറഞ്ഞപ്പോൾ ചീഫ് അക്കൗണ്ടന്റിന്റെ ക്യാബിനിലിരുന്നുകൊണ്ട് മഹേശൻ അയ്യർ എന്റെ മുറിക്കകത്തേക്ക് തലനീട്ടി. അദ്ദേഹത്തിന്റെ കണ്ണുകളിൽ ആഹ്ലാദത്തിന്റെ ഒരു തിര മറിഞ്ഞുവീഴുന്നത് ഞാൻ കണ്ടു.
“കൃഷ്ണദാസ് സാറിനെക്കൊണ്ടൊന്നും ഒരു കാര്യവുമില്ല. ഒരു ഫിനാൻസ് നടത്താൻ പഠിക്കേണ്ടത് അർജുൻകുഞ്ഞിന്റെ കയ്യിൽ നിന്നാണ്. മിടുമിടുക്കൻ.”
ഫിനാൻസിന്റെ കാന്റീനിലിരുന്ന് മഹേശൻ അയ്യർ പൊട്ടിച്ചിരിച്ചു.
എന്തായാലും കടക്കാരോടുള്ള എന്റെ ഭീഷണിക്ക് ഫലമുണ്ടായി. ഒന്നോരണ്ടോ മാസത്തിനുള്ളിൽ
ഫിനാൻസിലെ വരവ് നേരെ ഇരട്ടിയായാണ് വർദ്ധിച്ചത്. സ്ഥാപനത്തിന്റെ മാസാവലോകനയോഗത്തിൽ അച്ഛൻ അധ്യക്ഷക്കസേരയിലിരിക്കെ പെരുകിയ വരവുകണക്കുകൾ വായിക്കപ്പെട്ടു. അപ്പോൾ അഭിനന്ദനസൂചകമായി അച്ഛന്റെ കണ്ണുകൾ എനിക്കു നേരെ വിടർന്നു. അച്ഛന്റേയും മറ്റു ഡയറക്ടർമാരുടേയും അഭിനന്ദനം ഞാൻ വിനയത്തോടെ സ്വീകരിച്ചു.
അവർ വന്നത് വെള്ളിയാഴ്ചയാണോ ശനിയാഴ്ചയാണോ എന്നെനിക്കോർമ്മയില്ല. ഒരു മധ്യവയസ്‌കനും അയാളുടെ ഭാര്യയും രണ്ടു പെൺകുട്ടികളും. എന്റെ തണുത്തുറഞ്ഞ ക്യാബിനുള്ളിലേക്ക് അവർ കടന്നപ്പോൾ ഞാൻ അധികാരഭാവത്തിൽ അവർക്കു നേരെ മുഖമുയർത്തി. ആഗതരിൽ പ്ലസ്‌ടുവിനു പഠിക്കുന്ന മൂത്തമകൾ മിടുക്കിയായിരുന്നു. ഞങ്ങളുടെ സ്ഥാപനം അവളോടും അവളുടെ കുടുംബത്തിനോടും എന്തോ അന്യായം പ്രവർത്തിച്ചു എന്നൊരു ഭാവം അവളുടെ ചലനങ്ങളിലുണ്ടായിരുന്നു.
“സർ, ഞങ്ങൾ അഞ്ചുലക്ഷമാണ് വായ്പയെടുത്തത്. ഇപ്പോൾ ഇരുപത്തിമൂന്ന് ലക്ഷം അടയ്ക്കാനാണ് നോട്ടീസ്. ഇതെന്തൊരു കണക്കാണ് സർ?”
ഞാൻ ആ പെൺകുട്ടിയെ സൂക്ഷിച്ചുനോക്കി. പതിനേഴു വയസ്സിന്റെ ത്രസിപ്പും ചുറുചുറുക്കും. അവളുടെ കഴുത്തിൽ ഒരു കറുത്ത ചരട് വിയർപ്പിലൊട്ടിക്കിടന്നു. അവളുടെ അച്ഛനും അമ്മയും ഇളയ സഹോദരിയും അവൾക്ക് പിറകിൽ എനിക്കു നേരെ കൂപ്പുകയ്യോടെ നിന്നു.
എനിക്ക് രസം പിടിച്ചു. എന്തായാലും ഈ പെൺകുട്ടി കൊള്ളാം.
“പണമടയ്ക്കാൻ നിങ്ങൾക്കയച്ചുതന്ന നോട്ടീസിൽ രണ്ടുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതിനുള്ളിൽ നോട്ടീസിൽ പറഞ്ഞ തുക അടയ്ക്കുക.”
ഒരു സംശയത്തിനും ഇടനൽകാതെ ഞാൻ പറഞ്ഞു.
“രണ്ടു മാസത്തിനുള്ളിൽ പണം അടച്ചില്ലെങ്കിലോ?”
പെൺകുട്ടി ചോദിച്ചു.
അവളുടെ ശബ്ദത്തിൽ നിഷ്‌കളങ്കതയുടെ ഒരു കിലുക്കമുണ്ടായിരുന്നു.
“പണമടച്ചില്ലെങ്കിൽ അറുപത് ദിവസം കഴിഞ്ഞ് ആദ്യ പത്തു ദിവസത്തിനുള്ളിൽ നിങ്ങളുടെ വീട് അഭിനവ് ഫിനാൻസിന്റേതാകും.”
വാക്കുകൾ നിർത്തിയപ്പോൾ ഞാൻ പുഞ്ചിരിച്ചു.
പെൺകുട്ടി അവൾക്ക് ഭൂമിയിലെ ഏറ്റവും അപരിചിതനായ ഒരു മനുഷ്യനെന്നപോലെ എന്റെ നേരെ നോക്കി. അവളുടെ കണ്ണുകൾ വികസിച്ചിരുന്നു. അടുത്ത നിമിഷം ഉല്‍ക്കണ്ഠയുടെ ഒരു കാർമേഘത്തുണ്ടുടഞ്ഞിട്ടെന്നപോലെ അവളുടെ കണ്ണുകളിൽനിന്ന് ഒരുതുള്ളി കണ്ണുനീർ ആദ്യപെയ്ത്തുപോലെ എന്റെ മുറിയുടെ കാർപ്പെറ്റിൽ വീണു.
ഞാൻ അസ്വസ്ഥനായി.
“നിങ്ങൾക്ക് പോകാം. എനിക്കിനി കൂടുതലൊന്നും പറയാനില്ല.”
അവരെ ഒഴിവാക്കാനെന്നവണ്ണം ഞാൻ പറഞ്ഞു. എന്റെ ശബ്ദത്തിൽ കാർക്കശ്യത്തിന്റെ ഒരു വരൾച്ചയുണ്ടായിരുന്നു.
മുറിയുടെ ഹാഫ്‌ഡോർ തുറന്ന് പുറത്തുപോകുന്നതിനു മുൻപ് മുഷിഞ്ഞ് തുന്നലടർന്ന തന്റെ ബാഗിൽനിന്നു തവിട്ടുനിറത്തിലുള്ള ഒരു കവർ പുറത്തെടുത്ത് പെൺകുട്ടി എന്റെ മേശപ്പുറത്ത് വച്ചു. പുറത്തെ ദൃശ്യങ്ങൾ മാത്രം ഗോചരമാക്കുന്ന കണ്ണാടിച്ചില്ലിന്റെ ദൃശ്യസാധ്യതയിൽ താറാവിൻകൂട്ടങ്ങൾപോലെ ആ കുടുംബം പുറത്തേക്ക് പോകുന്നത് ഞാൻ നോക്കിക്കണ്ടു.
പെൺകുട്ടി എനിക്ക് മുൻപിൽ വച്ച കവറിനുള്ളിലെ കടലാസിൽ അവളുടെ ജീവിതവേദനകളുടെ ശിഥിലചിത്രങ്ങൾ പടരാത്ത മഷിയിൽ ഘനീഭവിച്ചു കിടന്നു. വീടു നഷ്ടപ്പെട്ടാൽ എൺപത്തിയൊന്‍പത് വയസ്സുള്ള തന്റെ അച്ഛാച്ഛൻ ഇക്കാര്യം എങ്ങനെ ഉൾക്കൊള്ളും എന്നായിരുന്നു അവളുടെ ഭയം. അച്ഛാച്ഛനുവേണ്ടിയുള്ള അവളുടെ ഉല്‍ക്കണ്ഠയിലും യാചനയിലും എന്റെ മനസ്സൊന്ന് പിടഞ്ഞുവെന്നു തോന്നിയപ്പോൾ ഒരു കാപ്ലിറ്റ ടേബ്‌ലറ്റ് പോക്കറ്റിൽ നിന്നെടുത്ത് ഞാൻ വായിലിട്ടു. അപ്പോൾ എന്റെ കൈത്തലങ്ങൾ വിയർത്തു.
അന്നു രാത്രി ഏറെ വൈകി ഞാൻ ഓഫീസിൽ നിന്നിറങ്ങിയപ്പോൾ എന്റെ കാറിനടുത്തുവരെ മഹേശൻ അയ്യർ കൂടെ വന്നു.
“കുഞ്ഞേ, കടലിലും കണ്ണീരിലും ഉപ്പുണ്ട്. കടലും കണ്ണീരും നമ്മൾ സൃഷ്ടിക്കുന്നതല്ല. അത് അതിന്റെ പ്രകൃതമാണ്. കണ്ണീര് അത് വീഴ്ത്തുന്നവരുടെ വിധിയാണ്. ഒരു ഫിനാൻസുകാരന്റെ ഹൃദയം കണ്ണീരിൽ നനയരുത്.”
ഞാനത്ഭുതത്തോടെ അയ്യരുടെ മുഖത്ത് നോക്കി. ഒരു സ്കൂൾ വെക്കേഷന് അമ്മയുടെ വീട്ടിൽ പോയപ്പോൾ കണ്ട ഒരു പ്രൊഫഷണൽ നാടകത്തിലെ വില്ലന്റെ വാചകമാണോ അയ്യർ ഉരുവിട്ടതെന്നു ഞാൻ സംശയിച്ചു.
എന്റെ ഓഫീസ് ദിനങ്ങളുടെ നൈരന്തര്യങ്ങൾക്കിടയിലായിരുന്നു ഞായറാഴ്ചയിലെ ആ സംഭവം. വീട്ടിലെ ഒരു ഞായറാഴ്ചപ്പുലരിയുടെ ആലസ്യത്തിൽ കിടക്കയിൽ നിന്നെഴുന്നേൽക്കാത്ത എനിക്കു നേരെ അമ്മ പത്രം നീട്ടി. യാതൊരു ഉദ്വേഗവുമില്ലാതെ കിടക്കയിൽ എണീറ്റിരുന്നു ഞാൻ പത്രത്താളുകളിലൂടെ കടന്നുപോയി. നിരവധി മനുഷ്യർ ഭൂമി വിട്ടുപോയ വാർത്തകളറിയിക്കുന്ന പേജിനു താഴെ നാലുകോളം തലക്കെട്ടിൽ ഒരു കുടുംബം കൂട്ട ആത്മഹത്യ ചെയ്ത വാർത്തയുണ്ടായിരുന്നു. ഞാൻ ആ വാർത്തയിൽ കണ്ണുകളുറപ്പിച്ചപ്പോൾ മരിച്ച കുടുംബത്തിന്റെ ഫോട്ടോ പതിഞ്ഞ ഭാഗത്തുനിന്ന് എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെ ചടുലമായ നോട്ടം ഒരു വാൾമുനപോലെ എനിക്ക് നേരെ ഉയർന്നു. പെൺകുട്ടിയുടെ ചുണ്ടുകളുടെ നേർത്ത വിടവിൽ ഒരു വിഷാദാർദ്രമായ പുഞ്ചിരി ഒളിച്ചുകളിക്കുന്നത് ഞാനറിഞ്ഞു.
“അവർക്ക് ആ തന്തയ്ക്കുകൂടി വിഷം കൊടുക്കാർന്നു. പാവം.”
അമ്മ ആ വാർത്ത പകർന്ന തീയിൽനിന്നു പൊള്ളലേറ്റിട്ടെന്നപോലെ പറഞ്ഞു.
വാർത്തയിൽ പരാമർശിക്കുന്ന സ്വകാര്യ ഫിനാൻസ് സ്ഥാപനം അഭിനവ് ഫിനാൻസാണെന്ന് അമ്മയ്ക്ക് വ്യക്തമായിരുന്നില്ല. അമ്മയുടെ മുഖത്തു നോക്കാതെ പത്രവാർത്തയിലൂടെ ഞാൻ രണ്ടോ മൂന്നോ തവണ കടന്നുപോയി. ഓരോ തവണ വായിക്കുമ്പോഴും എന്റെ കയ്യിൽനിന്ന് എന്തെങ്കിലും നീതികേട് സംഭവിച്ചിട്ടുണ്ടോ എന്നു ഞാൻ സ്വയം ചോദിച്ചു. എന്തോ എന്റെ ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം നിർമ്മിച്ചെടുക്കാൻ എനിക്കു കഴിഞ്ഞില്ല. എന്നോട് സംസാരിച്ചതിനുശേഷം ഹാഫ്‌ഡോർ തുറന്ന് പുറത്തുപോകുമ്പോൾ ആ പെൺകുട്ടി എനിക്കു നേരെയുതിർത്ത ശിരസ്സു ചെരിച്ചുള്ള നോട്ടം ക്ഷോഭമുറഞ്ഞ ഒരു കടൽത്തിരപോലെ എന്നെ പലവട്ടം തൊട്ടു. അന്നു പ്രാതൽ കഴിക്കാനിരുന്നപ്പോൾ ഇഡ്ഢലിക്കായി വിളമ്പിയ ചട്‌നിയിൽ ഉപ്പ് ചേർക്കാൻ അമ്മ മറന്നുപോയതായി ഞാനറിഞ്ഞു.
രാത്രിയിൽ അച്ഛൻ എന്റെ മുറിയിലേയ്ക്ക് വന്നപ്പോൾ ഞാൻ ഉറക്കം കാത്തു കിടക്കുകയായിരുന്നു. എന്റെ കട്ടിലിനു താഴെ വലിച്ചിട്ട സിഗരറ്റുകുറ്റികളിലേക്ക് നോക്കാതിരിക്കാൻ അച്ഛൻ വിഫലമായി ശ്രമിക്കുന്നത് ഞാൻ കണ്ടു. അച്ഛനത് കണ്ടതിൽ എനിക്ക് ഖേദം തോന്നി.
“നാളെ ഓഫീസിലേക്കൊന്ന് വരാൻ നിന്നോട് ഡി.വൈ.എസ്.പി പറഞ്ഞിട്ടുണ്ട്. അവർക്ക് നിന്റെ മൊഴിയെടുക്കണമത്രേ.”
അച്ഛന്റെ ശബ്ദത്തിലൊരു സങ്കോചമുണ്ടായിരുന്നു.
“ആ മരിച്ച കുടുംബം എഴുതിവച്ച കത്തിൽ എന്റെ പേരുണ്ടോ?”
ഞാൻ നിസ്സംഗതയോടെ ചോദിച്ചു.
“ഇല്ല.”
“പിന്നെന്തിനാണ് ഞാൻ ഡി.വൈ.എസ്.പി ഓഫീസിലേക്ക് കെട്ടിയെടുക്കുന്നത്?”
“അതവർക്ക് ചില ഫോർമാലിറ്റീസ് മുഴുമിപ്പിക്കാനാണ്.”
അച്ഛൻ പറഞ്ഞു.
“ആ കുടുംബത്തിന്റെ സംസ്‌കാരത്തിന് അഭിനവ് ഫിനാൻസുമായി ബന്ധപ്പെട്ട ആരെങ്കിലും പോയിരുന്നോ?”
“നമ്മളതിന് എന്തിനു പോകണം?” അച്ഛൻ മറുചോദ്യമുയർത്തി; “അവരോട് നമ്മളെന്ത് തെറ്റാണ് ചെയ്തത്? ഫിനാൻസ് കമ്പനികളാകുമ്പോ കൊടുത്തപണം തിരിച്ചുപിടിക്കാൻ ചിലപ്പോ അല്പം ബലം പ്രയോഗിക്കേണ്ടിവരും. ചിലപ്പോ നമ്മള് ഭീഷണിപ്പെടുത്തും. ആളുകള് ചാവാൻ തീരുമാനിച്ചാ നമുക്കെന്ത് ചെയ്യാൻ പറ്റും?”
അച്ഛൻ ഒരു തത്ത്വജ്ഞാനിയെപ്പോലെ എന്നെ സൂക്ഷ്മമായി നോക്കി.
“അച്ഛാ, കടം വാങ്ങണത് ഒരു തെറ്റാണോ? അച്ഛൻ എവിടെയെങ്കിലും അതിനെക്കുറിച്ച് വായിച്ചിട്ടുണ്ടോ?”
എന്റെ ചോദ്യം അച്ഛനെ അസ്വസ്ഥനാക്കിയിട്ടുണ്ടാകണം. അച്ഛന്റെ കണ്ണുകളിൽനിന്നു കാർക്കശ്യത്തിന്റെ ഒരു നിഴൽ എനിക്കുനേരെ പതിഞ്ഞു. അച്ഛൻ എനിക്ക് വീണ്ടും ഭ്രാന്ത് വരുന്നുണ്ടോയെന്ന് സൂക്ഷ്മപരിശോധന നടത്തുകയാണെന്നു തോന്നി.
“ചാണക്യസംഹിതയിൽ കടം വാങ്ങിച്ചാൽ തിരിച്ചുതരാത്തവരോട് എങ്ങനെ പെരുമാറണമെന്നാണ് പറയുന്നത്?”
“ഞാനത് വായിച്ചിട്ടില്ല.”
അച്ഛന്റെ കണ്ണുകൾ ഒരു നിമിഷം പുറത്തേക്ക് വന്നു.
“മനുസ്മൃതിയിൽ അധമർണ്ണരെക്കുറിച്ച് എന്താണ് പറയുന്നത്?”
“ഞാനതും വായിച്ചിട്ടില്ല.”
അച്ഛന്റെ ശബ്ദം ദയനീയമായി.
“പണം കടമെടുത്ത ആ കുടുംബത്തിനു നേരെ ഞാൻ നടപ്പാക്കിയത് കാട്ടുനീതിയാണ്.
സോ ക്രൂവൽ. അഭിനവ് ഫിനാൻസ് ചെയ്തത് മാപ്പർഹിക്കാത്ത കുറ്റമാണ്.”
ഞാൻ പറഞ്ഞു.
ഉള്ളിലെ തീവ്രമായൊരു
വേദനയിൽ എന്റെ വാക്കുകൾക്ക് മുറുക്കമുണ്ടായിരുന്നു.
അച്ഛൻ എന്റെ മുഖത്തേക്ക് നോക്കിയില്ല. അച്ഛന്റെ കണ്ണുകൾ നിലത്ത് പതിഞ്ഞിരുന്നു. മുറിവിട്ടു പോകുമ്പോൾ അച്ഛന്റെ കാലുകൾ ഇടറി.
ഞാൻ വീണ്ടും ഉറക്കം കാത്ത് കിടക്കയിലേക്ക് വീണു. എന്റെ ശരീരം വെട്ടിവിയർക്കുന്നത് ഞാനറിഞ്ഞു. പെട്ടെന്ന് ജനൽവാതിൽക്കൽ ഒരു മുട്ടുകേട്ടു. ഞാൻ ധൃതിയിലെഴുന്നേറ്റ് ജനൽവാതിൽ തുറന്നു. പുറത്ത് നല്ല നിലാവുണ്ട്. വീട്ടുപറമ്പിലെ കുലച്ചവാഴകൾ നൃത്തച്ചുവടിലെന്നപോലെ കാറ്റിൽ കൈകളിളക്കുന്നു. അടുത്ത നിമിഷം നിലാവിന്റെ വെൺമയുള്ള ചിരിയുമായി വേതാളം എന്നെ അഭിമുഖീകരിച്ചു. ജനലിനോട് ചേർന്ന് മുഖമമർത്തി അത് ചിരിച്ചപ്പോൾ എപ്പോഴെത്തേയും പോലെ ഒരു കുതിരയുടെ ചിനപ്പ് ഞാൻ കേട്ടു.
“രാജൻ, വൈശാലിയിലെ അമരസിംഹനെ കടംവാങ്ങിയ രത്നങ്ങൾ തിരിച്ചുനൽകാത്തതിനാൽ കോസലത്തെ ധർമ്മസേനൻ വധിച്ചത് ശരിയോ?”
പെട്ടെന്ന് വേതാളത്തിന്റെ ചോദ്യം എന്നെ കീഴടക്കി. കഥകളിലെ കടത്തിന്റെ ധർമ്മാധർമ്മങ്ങളും ന്യായശാസ്ത്രങ്ങളും എന്റെ ബോധത്തെ സ്പർശിച്ചില്ല. ഞാനാദ്യമായി വേതാളത്തിനു മുൻപിൽ ഒരു വിഡ്ഢിയെപ്പോലെ നിന്നു. എന്റെ കൈവിരലുകളിൽ ഒരു വിറയൽ ബാധിച്ചിരുന്നു. ഉമിനീർ വറ്റിയ തൊണ്ടയിൽ എനിക്കുതന്നെ അജ്ഞാതമായ വറ്റിപ്പോയ ഉത്തരങ്ങൾ കുടുങ്ങി. ഒരു കാപ്ലിറ്റ ടേബ്‌ലറ്റ് പകരുന്ന ആത്മശാന്തിക്കുവേണ്ടി എന്റെ ഹൃദയപേശികൾ ദാഹിച്ചു.
“നിന്റെ ചോദ്യത്തിന് ഇപ്പോഴെന്റെ കയ്യിൽ ഉത്തരമില്ല. കഴിയുമെങ്കിൽ എനിക്കല്പം സമയംകൂടി അനുവദിക്കൂ.”
എന്റെ നിസ്സഹായമായ മുഖത്തേക്കുറ്റുനോക്കി വേതാളം ഏതാനും നിമിഷങ്ങൾകൂടി നിന്നു. എന്നിൽനിന്നു സ്വതന്ത്രനാകുന്നതിന്റെ ഗാഢമായൊരു ഹർഷോന്മാദം അതിന്റെ മുഖത്ത് നിറയുന്നത് ഞാൻ നിലാവെട്ടത്തിൽ കണ്ടു.
ഞാൻ ജനൽവാതിൽ ചേർത്തടയ്ക്കാൻ ശ്രമിച്ചപ്പോൾ സ്വാതന്ത്ര്യം വിളംബരപ്പെടുത്തുന്ന പൈശാചികമായൊരു പൊട്ടിച്ചിരി വേതാളം എന്റെ കാതുകളിലേക്കെറിഞ്ഞു. എന്റെ കണ്ണുകളടഞ്ഞുപോയി. പൊടുന്നനെ യുദ്ധഭൂമിയിൽ ഉറയുന്ന ഭേരികൾ എന്റെ തലയിൽ മുഴങ്ങി. അപ്പോൾ ഇരുട്ടും നിലാവും നിഴലുകളും മറഞ്ഞു. പുറത്തെ വായുവിൽ കൂക്കിവിളിച്ചുകൊണ്ട് വേതാളം കൈകൾ വീശി അതിന്റെ വനഗൃഹത്തിലേക്ക് പറന്നുതുടങ്ങിയപ്പോൾ ഞാൻ പരാജിതനെപ്പോലെ നിലത്തേക്ക് കുഴഞ്ഞുവീണു.
ബോധത്തിലേക്ക് വരുമ്പോൾ ഞാൻ നിലത്ത് കമിഴ്ന്നുകിടക്കുകയായിരുന്നു. മുറിയിലേക്ക് ചിതറിവീണ വെളിച്ചപ്പൊട്ടുകൾ അപ്പോഴും കത്തിനിൽക്കുന്ന നിലാവിനെ ഓർമ്മിപ്പിച്ചു.
നിലത്തുനിന്ന് എഴുന്നേറ്റപ്പോൾ എന്റെ കാലുകൾ പെരുത്തു. കടുത്ത തലവേദനയിൽ വിങ്ങിയ കണ്ണുകൾ നീറി. എനിക്കുതന്നെ അപ്രതീക്ഷിതമായ ആയൊരു നിമിഷത്തിൽ യാതൊരു മുന്നറിയിപ്പും നൽകാതെ
വിക്രമാദിത്യ ചക്രവർത്തി എന്റെ ശരീരത്തിലേക്ക് പ്രവേശിച്ചു. മേശപ്പുറത്തിരുന്ന കിരീടമെടുത്ത് ഞാൻ ശിരസ്സിൽവച്ചു. എന്റെ ഉടവാളിന്റെ വായ്ത്തല നിലാവിന്റെ ശോഭയിൽ കൂടുതൽ തിളങ്ങി. അപ്പോൾ പോർട്ടിക്കോവിൽനിന്ന് എന്റെ ചെമ്പൻ കുതിരയുടെ
ചിനപ്പ് കേട്ടു. എന്റെ കാലുകളിൽ ഒരു കൊടുങ്കാറ്റിന്റെ പ്രവേഗമുണർന്നു. വേതാളത്തിന്റെ വനഗൃഹത്തിലെത്തി ഉത്തരമറിയാതെപോയ ചോദ്യത്തിന്റെ നേരുത്തരം മന്ത്രിച്ച് അതിനെ തിരികെ കൊണ്ടുവരാൻ എന്റെ ശരീരം ത്രസിച്ചു.
എന്റെ വഴിയിൽനിന്ന് ഇരുട്ടിന്റെ കറുത്ത തൊങ്ങലുകൾ മറഞ്ഞുപോയിരുന്നു. മേഘങ്ങൾക്ക് മുകളിൽ പൂർണ്ണചന്ദ്രന്റെ വിസ്തൃതമായ ചിരി എനിക്കും എന്റെ കുതിരയ്ക്കും വഴികാട്ടി. വയലുകളിൽനിന്നു നെല്ലിൻപൂവിന്റെ മണം ഉന്മത്തമായി വായുവിൽ പടരുന്നത് ഞാനറിഞ്ഞു. മലകളും കുന്നുകളും ഉൾക്കാടുകളും ഞാൻ പിന്നിട്ടു. പിന്നെ, വേതാളം തൂങ്ങിക്കിടക്കുന്ന മരക്കൊമ്പിനു ചുവടെ എന്റെ ചെമ്പൻകുതിര ഒരണപ്പോടെ നിന്നു.
എന്റെ കണ്ണുകളിൽ തൂങ്ങിക്കിടക്കുന്ന ഒരു കയറിന്റെ കുരുക്ക് തെളിഞ്ഞു. കുരുക്കിലേക്ക് കയറാൻ വെമ്പിനിന്ന ഒരു വൃദ്ധന്റെ കണ്ണുകൾ എന്നെ സംഭ്രാന്തിയോടെ നോക്കി.
“വേതാളമേ, താഴെയിറങ്ങ്.” ഞാൻ കല്പിച്ചു. എന്റെ ശബ്ദത്തിൽ ഒരു ചക്രവർത്തിയുടെ ദാർഢ്യത്തിന്റെ ഇടിമുഴക്കമുണ്ടായിരുന്നു.
ഞാൻ അതിന്റെ മുഖത്ത് ഇതുവരെ കാണാത്ത പേടി കണ്ടു.
വേതാളത്തിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. അടക്കിവച്ച ഏതോ സങ്കടങ്ങളുടെ വീർപ്പിൽ അതിന്റെ ചുണ്ടുകൾ വിറയ്ക്കുന്നു.
“വേതാളമേ, ഉജ്ജയിനിയുടെ ഉടയോനെ നിനക്ക് ഭയമാണോ?”
ഞാൻ ചോദിച്ചു.
പഴയ കുഞ്ഞുവീടിന്റെ
പൊട്ടിപ്പൊളിഞ്ഞ ഉത്തരത്തിൽ ഞാത്തിയ കയർ കുരുക്കിന്റെ പരുക്കൻ വൃത്തത്തിനപ്പുറത്തുനിന്ന് രണ്ടു കണ്ണുകൾ മരിക്കാൻ പോയവന്റെ മരവിപ്പോടെ എന്നെ അഭിമുഖീകരിച്ചു. പെട്ടെന്ന് ഞാൻ വേതാളത്തിനെ കടന്നുപിടിച്ചു. പിന്നെ ആ കനംകുറഞ്ഞ ശരീരത്തെ ഒരു ഭാണ്ഡംപോലെ എന്റെ തോളിലേക്കിട്ടു.
എന്റെ ചെമ്പൻകുതിര കാടുംമേടും പിന്നിടുമ്പോൾ നിലാവ് മാഞ്ഞിരുന്നു. ആകാശത്ത് ജ്വലിച്ചുനിന്നിരുന്ന നക്ഷത്രങ്ങൾ ഏതോ ഗർത്തങ്ങളിൽ ഒളിച്ചു. വിരിയാൻപോകുന്ന പുലരിയിലെ ശീതക്കാറ്റിൽ എന്റെ ശരീരം കിടുകിടുത്തു. എന്റെ ചെമ്പൻകുതിരയുടെ വേഗത അല്പം കുറഞ്ഞപ്പോൾ ചുമലിൽ അമർന്നുകിടന്നിരുന്ന വേതാളം എന്തിനോവേണ്ടി തേങ്ങി കരയുന്നതുപോലെ എനിക്കു തോന്നി.
വീടിന്റെ പോർട്ടിക്കോവിൽ എന്റെ കുതിരയുടെ കുളമ്പടിയൊച്ചകൾ പടർന്നപ്പോൾ വീട്ടിലെ മുഴുവൻ ലൈറ്റുകളും ഒരുമിച്ച് തെളിഞ്ഞു. വേതാളവുമായി ഞാൻ അകത്തേക്ക് കടന്നപ്പോൾ അമ്മ വായപൊത്തി ഒരലറിക്കരച്ചിൽ അടക്കുന്നത് ഞാൻ കണ്ടു. അച്ഛൻ വിവരണാതീതമായൊരു സ്തോഭത്തിൽ രണ്ടു കണ്ണുകളും തുറിച്ച് ഒരു ശിലപോലെ എനിക്ക് മുന്നിൽ നിന്നു.
ഞാൻ വേതാളവുമായി എന്റെ കിടപ്പുമുറിയിൽ പ്രവേശിച്ചു. പിന്നെ, വൃത്തിയായി വിരിച്ച എന്റെ മെത്തയിൽ ചുമലിൽ നിന്നിറക്കിയ വേതാളത്തെ കിടത്തി. കാലുകൾ നീട്ടിനിവർത്തി ഒരു ഞരക്കത്തോടെ അത് ഒരപരിചിതനെപ്പോലെ എന്നെ നോക്കി. അപ്പോഴും അതിന്റെ കണ്ണുകളിൽ കണ്ണീരുണ്ടായിരുന്നു.
“വേതാളമേ, നിന്റെ ചോദ്യത്തിന് ഇപ്പോഴെന്റെ പക്കൽ ശരിയായ ഉത്തരമുണ്ട്. കടംവാങ്ങിയ രത്നങ്ങൾ തിരിച്ചുനൽകാൻ കഴിയാത്തതിന് വൈശാലിയിലെ അമരസിംഹനെ കോസലത്തെ ധർമ്മസേനൻ വധിച്ചത് പൂർണ്ണമായും തെറ്റാണ്. ഇവിടെ യഥാർത്ഥത്തിൽ കൊലചെയ്യപ്പെട്ടത് ധർമ്മമാണെന്നാണ് എന്റെ പക്ഷം.”
ഞാൻ പറഞ്ഞു. പിന്നെ, വേതാളപ്രശ്നത്തിന് ഉത്തരം പറഞ്ഞ സംതൃപ്തിയോടെ അതിനെ നോക്കി.
അത് മറുപടിയൊന്നും പറഞ്ഞില്ല.
ഞാൻ കട്ടിലിൽ വിരിച്ച പുതപ്പെടുത്ത് വേതാളത്തിനെ പുതപ്പിച്ചു.
“ഉറങ്ങിക്കോളൂ. സങ്കടപ്പെടാതെ ഉറങ്ങിക്കോളൂ. കാവലായി ഇവിടെ ഉജ്ജയിനിയുടെ ചക്രവർത്തി നിനക്കരികിലുണ്ട്.”
ഞാൻ ഒരു കല്പനപോലെ ഉറച്ച ശബ്ദത്തിൽ അതിനെ സാന്ത്വനിപ്പിച്ചു. പിന്നെ, കട്ടിലിനരികിലെ ചാരുകസേരയിലിരുന്നു. ഒരു കാവൽക്കാരനെപ്പോലെ ചക്രവർത്തിയുടെ ഉടവാൾ ഞാൻ വായുവിലേക്ക് ഉയർത്തിപ്പിടിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates