

ഒരാൾ മറ്റൊരാൾക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന് തിരിച്ചറിയണമെങ്കിൽ അയാൾ ജീവിക്കുന്ന ജീവിതത്തിലേക്ക് പിന്തിരിഞ്ഞു നോക്കണം. വെറുതെ എഴുതിയ വാക്കുകളിലോ ഏർപ്പെട്ട വർത്തമാനത്തിലോ ചിലപ്പോൾ അയാളെ കണ്ടിരിക്കാം.
എന്നാൽ, അതൊന്നും തന്നെ അയാളെ അടയാളപ്പെടുത്താൻ പ്രാപ്തമല്ല. ജീവിച്ചുതീർത്തത് എന്നത്, ഒരിടത്ത് വച്ച് എന്നു പറഞ്ഞേക്കാം. ഒരിടം, അതൊരു പൂർണവിരാമമല്ല. ഇനിയും തുടർന്ന് സഞ്ചരിക്കുന്നതിനിടയിലെ ഒരു വഴിയമ്പലം. അത് ചിലപ്പോൾ സഞ്ചാരത്തിന്റെ ആയാസമകറ്റാൻ ഒരിടവേള. ഒരു പാത്രം വെള്ളത്തിന്റെ ഊർജം.
അയാൾ പല പ്രാവശ്യം എഴുതിത്തീർത്ത ചില വാക്കുകളുണ്ട്. അതൊക്കെത്തന്നെ കൂട്ടിവായിച്ചാൽ അയാൾ ജീവിച്ച ജീവിതത്തിന്റെ അവസ്ഥ മനസ്സിലാകും. എന്നാൽ, ആ വാക്കുകൾ എങ്ങനെയാണ് കൂട്ടിവായിക്കേണ്ടത് എന്നുമാത്രം വ്യക്തമാവില്ല. കാരണം അതൊരു ഭ്രമസൂത്രമാണ്. ഇനിയും പറഞ്ഞുതീർന്നിട്ടില്ലാത്ത വിഷമപ്രശ്നം.
അയാൾ കഥാകൃത്താണ് എന്നാണ് ആദ്യം പറഞ്ഞത്. അയാളെഴുതിയ കഥകൾ ചിലരൊക്കെ വായിച്ചിട്ടുണ്ട്. പല കഥകളിലും മറ്റുള്ളവരുടെ ജീവിതമുണ്ട്. ചിലതൊക്കെ പരിചിതവും. എന്നാൽ, അപരിചിതമായ കഥകളെഴുതുന്നതിലാണ് അയാൾക്ക് താല്പര്യം എന്നും അതൊന്നും തന്നെ സംഭവിച്ചിട്ടില്ലാത്ത, ഒരിക്കലും സംഭവിക്കാൻ സാദ്ധ്യതയില്ലാത്ത കല്പനകളാണെന്നും ചിലർ പറയാറുണ്ട്.
ഇന്നലെ രതീഷ് മേനോന്റെ പുസ്തകപ്രകാശന ചടങ്ങിൽ അയാൾ ആൾക്കൂട്ടത്തിന്റെ പിന്നിലെ വരിയിൽ ഇരിക്കുന്നത് ഒരു മിന്നായംപോലെ കണ്ടിരുന്നു. ചടങ്ങ് പിരിഞ്ഞതിനുശേഷം ഒടുവിലത്തെ കാണിയും ഇടം വിട്ടപ്പോൾ അയാൾ എന്റെ അടുത്തേക്ക് വന്നു. ഹാളിന്റെ വാടകയും ചെലവും മറ്റും കൊടുത്ത് ഞാനും രതീഷും കാറിനടുത്തേക്ക് വന്നുനിന്ന് കൊളുത്തിയ സിഗരറ്റിന്റെ അവസാന പുകയും തീർത്ത് കുറ്റി കളഞ്ഞ് കാറിനകത്തേക്ക് കയറിയ നിമിഷമായിരുന്നു അന്നേരം. വന്നപാടെ രതീഷിന്റെ പുസ്തകം നീട്ടിയിട്ട് പറഞ്ഞു: ഇതിലൊന്ന് ഒപ്പിട്ടേക്ക്...
രതീഷ് പുസ്തകം വാങ്ങിയിട്ട് അതിൽ എഴുതാനായി പേരു ചോദിച്ചു. ആ നിമിഷം അയാൾ രതീഷിന്റെ കയ്യിൽനിന്നും പുസ്തകം തട്ടിപ്പറിച്ച് വാങ്ങിയിട്ട് ഒന്നും മിണ്ടാതെ അതിവേഗത്തിൽ നടന്നുപോയി. രതീഷ് എന്താണ് സംഭവിച്ചതെന്നറിയാതെ അന്ധാളിച്ച് നോക്കി. ഇതൊന്നും സാരമില്ല എന്ന മട്ടിൽ ഞാൻ രതീഷിനോട് കാറിൽ കയറാൻ പറഞ്ഞു. രതീഷിനു അതൊരാദ്യാനുഭവമായിരുന്നു. എത്രയോ ആളുകൾ എന്തെല്ലാം ചെയ്തും പറഞ്ഞും പോകുന്നു. കാര്യമാക്കണ്ട.
എന്നാൽ, ആദ്യമായി ഒരു പുസ്തകം വന്നതിന്റെ, പ്രകാശന ചടങ്ങിന്റെ അവസാനം ഇങ്ങനെയായല്ലോ എന്നവൻ ആധിപ്പെട്ടു.
“തനിക്ക് അയാളെ അറിയാത്തതുകൊണ്ടാ... ഇങ്ങനെയുള്ള ആളുകളിപ്പോഴും ഉണ്ടോ എന്ന് തോന്നിയേക്കാം. ഇത് വേറെയൊരു ജന്മമാ... കുറെ ആയി ഇങ്ങനെ തന്നെയാ... ലോകത്തുള്ള മുഴുവൻ എഴുത്തുകാരേയും എല്ലാവരും അറിയണമെന്നില്ല, എന്നാൽ എഴുത്തുകാരന്റെ വിചാരം അയാളറിയാതെ ഈ പ്രപഞ്ചം സ്പന്ദിക്കുന്നില്ല എന്നാണ്.”
“അയാൾ എഴുത്തുകാരനാണോ... സോറി, എനിക്കറിയില്ലായിരുന്നു. അയാളെഴുതിയത് ഏതൊക്കെയാണ്... കഥയാണോ കവിതയാണോ...”
“അയാളൊരു കഥാകൃത്താണ്. കവിയാണ്... അയാൾ എഴുതിയതൊക്കെ മനുഷ്യനപരിചിതമായത് എന്നാണ് അയാൾ തന്നെ പറയുന്നത്...”
*
അയാൾക്ക് കഥകളെഴുതുവാനൊന്നും താല്പര്യമുണ്ടായിരുന്നില്ല. പക്ഷേ, അയാൾക്ക് ഒരുപാട് എഴുത്തുകാരെ പരിചയമുണ്ടായിരുന്നു. അവരെഴുതിയതൊക്കെ അയാൾ വായിച്ചിരുന്നു. ചിലപ്പോഴൊക്കെ ഒരു കൂട്ടമായിരുന്ന് അവരുടെ കയ്യെഴുത്തു പ്രതിയുടെ വായന അയാളും കേട്ടിരുന്നു. എല്ലാ കഥകളും വായിച്ചപ്പോഴും കേട്ടപ്പോഴും ഇതിനെക്കാൾ വ്യത്യസ്തമായ ഒരു ജീവിതം എനിക്കറിയാമല്ലോ, അല്ലെങ്കിൽ ഇതിലും പുതിയതും മറ്റൊരാൾക്കും അറിയാത്തതുമായ കഥകൾ ഞാൻ അറിയുന്നുവല്ലോ, അതല്ലേ കേൾക്കേണ്ടതും വായിക്കേണ്ടതും എന്നൊരു ചിന്ത അയാൾക്കുണ്ടായി. അത് മഴ പെയ്തു തീർന്ന ഒരു വൈകുന്നേരം ഒരു മിന്നലുപോലെ മഴവില്ല് തെളിഞ്ഞ് മാഞ്ഞപ്പോഴായിരുന്നു. അയാൾ പതുക്കെ ആ കഥ എഴുതിത്തുടങ്ങി. അതാരേയും കേൾപ്പിച്ചില്ല. ആരും ആദ്യം അത് വായിച്ചില്ല. എഴുതിയ കഥകൾ ആർക്കെങ്കിലും വായിക്കാൻ പറ്റിയാലല്ലേ അത് മറ്റുള്ളവർ കൂടി വായിക്കുകയുള്ളൂ എന്നാലോചിച്ചപ്പോൾ അയാൾ എഴുതിയ പന്ത്രണ്ടാമത്തെ കഥ, കൂട്ടത്തിലിരുന്ന് വായിക്കുന്നത് കേൾക്കുകയും കേട്ടതിനെപ്പറ്റി ഒന്നും പറയാതെ എഴുന്നേറ്റ് പോവുകയും ചെയ്യാറുള്ള, ചന്ദ്രബോസിനെ കേൾപ്പിച്ചു. ചന്ദ്രബോസ് അഭിപ്രായങ്ങളൊന്നും തന്നെ പറയാത്തവനായിരുന്നു. എല്ലാ കഥകളും കേട്ടുകഴിഞ്ഞ് ചിലതൊക്കെ കയ്യെഴുത്തു പ്രതി വാങ്ങി വായിച്ച് ചില വെട്ടും തിരുത്തലും നടത്തി ഒന്നും മിണ്ടാതെ ഇറങ്ങിനടക്കുമ്പോൾ ചന്ദ്രബോസ് കേൾക്കാതെ പിറകിലുള്ളവർ പറയും: അയാള്‍ക്കതിനെക്കുറിച്ച് ഒന്ന് മിണ്ടിയാലെന്താ... ചിലപ്പോ അയാൾടെയുള്ളിൽ മുഴുത്ത അസൂയ കാണും... അല്ലെങ്കിൽ അയാള് ചിലപ്പോ പ്രസിദ്ധനാകാൻ പറ്റാത്ത എഴുത്തുകാരനായിരിക്കും... മുഴുത്ത് നരച്ച അവന്റെ അഭിപ്രായത്തിനു ഈ ആൾക്കാരൊക്കെ എന്തിനാ ഇങ്ങനെ വാലും ചുരുട്ടി ഓച്ചാനിച്ച് നിക്കുന്നേ...
ചന്ദ്രബോസിന് അസൂയ ഉണ്ടാവും എന്നുതന്നെയാണ് അയാൾക്ക് തോന്നിയിട്ടുള്ളത്. കാരണം ഒരു കഥയോ ഒരു വാക്കോപോലും ചന്ദ്രബോസ് എഴുതുകയോ പറയുകയോ ചെയ്തിട്ടില്ലല്ലോ. എന്നിട്ടും ചന്ദ്രബോസിനെ ഈ കൂട്ടത്തിൽ പ്രാധാന്യത്തോടെ എന്തിനാണ് കരുതുന്നതെന്ന് അയാളും ചിന്തിച്ചിരുന്നു.
സത്യത്തിൽ ചന്ദ്രബോസ് നല്ല വായനക്കാരനായിരുന്നു. ഓരോ വരവിലും അയാൾ കൊണ്ടുവരുന്ന പുസ്തകങ്ങൾ കൂട്ടത്തിൽ മുന്‍പാരും കണ്ടിട്ടില്ലാത്തതും വായിച്ചിട്ടില്ലാത്തതുമായിരുന്നു. പുസ്തകങ്ങൾ വായിച്ചവന്റെ വാക്കുകൾക്ക് എഴുത്തുകാരനെക്കാൾ ശക്തി തോന്നിച്ചിരുന്നു.
-ലോകത്ത് പലതരത്തിലുള്ള അറിവുകളുണ്ട്. അത് മനസ്സിലാകണമെങ്കിൽ പുസ്തകങ്ങൾ വായിക്കേണ്ടിവരും. പല പുസ്തകങ്ങളും ഒരുപാട് ജീവിതങ്ങളാണ്. ഒരാൾ ഭക്ഷണശാല തുടങ്ങിയാൽ പിന്നീടയാൾ ഉപയോഗിക്കപ്പെടുന്ന ഭാഷ ഭക്ഷണനിർമാണത്തിനും അതിനോട് ചേർന്നുള്ള രീതികളിലുമാവും. മസാലക്കൂട്ട് ചേർത്ത് പൊതിഞ്ഞ മീനിനെ മാരിനേറ്റ് ചെയ്തെന്നും അധികം വേവിച്ചാൽ റബ്ബർപോലെ കട്ടിയാവുന്നതിനാൽ അധികം വേവിക്കാതെയിരിക്കാൻ ശ്രദ്ധിക്കണമെന്നും ജീവിതത്തിൽ വെന്തുകഴിഞ്ഞതിനുശേഷം ചേരുവകൾ ചേർത്താൽ അത് ഒട്ടും സ്വാദിഷ്ടമാവില്ലെന്നും മറ്റുമായി അത് നീളും. അപ്പോൾ ചിലതൊന്നും നമുക്ക് മനസ്സിലാക്കാൻ പറ്റില്ല. അന്നേരങ്ങളിൽ ആ വാക്കുകൾ എന്താണെന്നറിയാൻ ഗൂഗ്ല് ചെയ്ത് നോക്കേണ്ടിവരും. കഥ എഴുതുന്നവർ ഇതൊന്നും തന്നെ അറിയണമെന്നില്ല. ആവശ്യമെങ്കിൽ മാത്രം അത് പഠിച്ചെടുക്കാം. ജീവിച്ചതും നടന്നതുമായ ഇടങ്ങളിലെ വാക്കുകൾകൊണ്ട് പലതും പറയുകയും എഴുതുകയും ചെയ്യും. കമ്മ്യൂണിക്കേഷൻ ആണല്ലോ പ്രധാനം.
ചന്ദ്രബോസ് കഥ വായിച്ച ദിവസം അയാളേയും കൂട്ടി വാൻ റോസ് റോഡിലെ കഫേയിലേക്ക് വിളിച്ചുകൊണ്ടുപോയി ഇത്രയും പറഞ്ഞപ്പോൾ അയാൾ കഥകളെഴുതുവാൻ തന്നെ തീരുമാനിച്ചു. എന്നിട്ട് അയാൾ ചന്ദ്രബോസിനോട് ചോദിച്ചു: ഞാൻ എന്താണ് എഴുതേണ്ടത്? ജീവിച്ച ജീവിതം ഏത് രീതിയിലാണ് മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കുക.
നിങ്ങൾ ജീവിച്ചു, മരിച്ചു അതൊക്കെ ശരി, പറയൂ, നിങ്ങൾ പ്രവർത്തിച്ച അത്ഭുതമെന്ത് എന്ന് ഒരിക്കൽ ഒരാൾ ചോദിച്ചത് വായിച്ചിട്ടുണ്ട്. ജീവിച്ച ജീവിതത്തിൽ അത്ഭുതങ്ങൾ കാണിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെയെന്തിനാണ് നാം ജനിച്ചത്...
അയാൾ എഴുതിയ കഥകൾ അച്ചടിച്ചുവന്നത് അയാൾക്കു തന്നെ അത്ഭുതമായിരുന്നു. അയാളുടെ കഥകൾ വായിച്ചവർ പറഞ്ഞു ഇതിനു മുന്‍പൊരിക്കലും ആരും പറഞ്ഞിട്ടില്ലാത്ത ജീവിതം അയാൾക്ക് എവിടെനിന്നാണ് കിട്ടുന്നത്. അല്ലെങ്കിൽ അയാൾക്ക് മാത്രമായി വേറെയൊരു ജീവിതം ആരോ ജീവിക്കുന്നുണ്ട്. അയാൾ കൊത്തിയെടുക്കുന്ന അത്ഭുതശില്പം മുന്‍പെവിടേയും പ്രദർശിപ്പിക്കാത്തത് എന്ന് ചിത്രകാരന്മാരും ശില്പികളും ഭാഷയെ തിരിച്ചറിഞ്ഞ നിരൂപകരും പറഞ്ഞു. ഇന്നത്തെക്കാലത്തെ നിരൂപകരൊന്നുമായിരുന്നില്ല അന്നുണ്ടായിരുന്നത്.
“അല്ല പറയൂ... അയാളുടെ പേരുമാത്രം പറഞ്ഞില്ലല്ലോ...”
“അതറിയാഞ്ഞിട്ട് രതീഷിനിരിപ്പുറക്കുന്നില്ലേ...?”
കാറിന്റെ വേഗത നിയന്ത്രിച്ചുകൊണ്ട് ഞാൻ അയാളെക്കുറിച്ചോർത്തു. ഈ വഴിയിലൊരിടത്ത് ഇപ്പോൾത്തന്നെ അയാളെ കാണും. മിക്കവാറും ഏതെങ്കിലും ബസ്‌സ്റ്റോപ്പിൽ നില്‍ക്കുന്ന രൂപത്തിലാവും. അല്ലെങ്കിൽ നഗരത്തിലെ എല്ലാ വൈകുന്നേരങ്ങളിലും ഏതെങ്കിലും പരിപാടികളിലെ ഒടുക്കത്തെ പ്രേക്ഷകനായി കേട്ടതൊക്കെ ചിലപ്പോൾ ഉച്ചത്തിൽ പറഞ്ഞ് നടന്നുനടന്നു വഴിയിലെവിടെയെങ്കിലും പാർക്ക് ചെയ്ത കാറുവരെ ചെന്ന് ചിലപ്പോൾ വെളുപ്പിനുവരെ ആ കാറിൽ കിടന്നുറങ്ങിയേക്കും. കാണുകയാണെങ്കിൽ അയാളേയും വിളിച്ചുകൊണ്ട് യാത്ര തുടരണം എന്നുതന്നെ തീരുമാനിച്ചു. അത് രതീഷിനോട് പറയുകയും ചെയ്തു. അവനുമത് സമ്മതമായിരുന്നു. അയാളെഴുതിയത് ഒന്നും തന്നെ വായിച്ചിട്ടില്ലെങ്കിലും അയാൾ പറയുന്നത് കേൾക്കാമല്ലോ എന്നുറക്കെ പറഞ്ഞു:
“എന്നാലും അയാൾടെ പേരെന്താന്ന് ഒന്നുപറഞ്ഞൂടേ...”
മുന്നിലെ വഴിയിൽ ഒരിടത്ത് ഇപ്പോൾ അയാൾ പ്രത്യക്ഷപ്പെടും എന്നു കരുതിക്കൊണ്ട് വണ്ടിയോടിച്ച ആ നിമിഷം ഞാനയാളുടെ പേരു പറഞ്ഞു. പിന്നയതേ നിമിഷത്തിൽ തന്നെ പാതയുടെ മീഡിയനിൽനിന്ന് അയാൾ ഓടുന്ന വാഹനങ്ങൾക്കു നേരെ കൈ കാണിക്കുന്നതും കണ്ടു.
“രതീഷേ, അയാൾടെ പേര് നവീൻ ലോപ്പസ്സ്.”
*
വീട്ടിൽനിന്നും ഒരു യാത്ര പുറപ്പെടുന്നതിനു മുന്നെ നവീൻ ലോപ്പസ്സ് അമ്മയെ ചെന്നുകാണും. തൊട്ടടുത്ത് രണ്ടുമുറികളുള്ള ഒരു വീട്ടിലാണ് അമ്മ കിടന്നുറങ്ങുന്നത്. അമ്മയ്ക്ക് വേണ്ടതെല്ലാം തന്നെ കൊണ്ടുവന്ന് കൊടുക്കും. രണ്ട് നേരം മാത്രമേ അമ്മ എന്തെങ്കിലും കഴിക്കൂ. തൊണ്ണൂറ് വയസ്സ് കഴിഞ്ഞു. സ്വന്തം കാര്യം നോക്കി നടക്കും, ആരെയും ഒന്നിനും ശല്യപ്പെടുത്തുകയില്ല. ആവുന്നത് ചെയ്യും. പകൽ എഴുന്നേല്‍ക്കുന്നതു മുതൽ രാത്രി ഉറങ്ങുന്നതുവരെ പുസ്തകങ്ങൾ വായിക്കും. കാണുമ്പോൾ ആദ്യം പറയുന്നത്, നീ തന്ന പുസ്തകങ്ങൾ തീർന്നു. ഇനി നീ എപ്പഴ വരുന്നത്... വായിക്കാൻ ഉള്ളത് എടുത്തുവച്ചേക്ക്... ഒരാഴ്ചയെങ്കിലും വിട്ടുനില്‍ക്കുന്ന യാത്രയാണെങ്കിൽ പത്തുപന്ത്രണ്ട് ചെറിയ പുസ്തകങ്ങൾ എടുത്തുവയ്ക്കും. പലപ്പോഴും ചെറുകഥകളാണ് കൂടുതൽ അമ്മയ്ക്ക് മുന്നിൽ വയ്ക്കുന്നത്. അത് മതി എന്ന് അമ്മ പറയും. ഒരു കഥ വായിച്ച് കുറച്ച് നേരം ആലോചിച്ച് അടുത്തത് വായിക്കും. അങ്ങനെയിരിക്കുന്ന സമയങ്ങളിൽ അടുത്ത് ചെല്ലും. അമ്മയെന്താണ് ആലോചിക്കുന്നത് എന്ന് ചിന്തിച്ച് അവരെത്തന്നെ നോക്കും. അന്നേരം പലപ്പോഴും അമ്മ കണ്ണടച്ചാവും ഇരിക്കുന്നത്. പിന്നെ പെട്ടെന്നെന്നപോലെ എന്തോ ചെയ്യാനുണ്ടല്ലോ എന്ന മട്ടിൽ കണ്ണു തുറക്കും. എന്നെ കാണുമ്പോൾ മറ്റൊരത്ഭുതം കണ്ടതുപോലെ നീ ഇവിടെ ഇരിക്കുവായിരുന്നോ, ഞാനെന്തൊക്കെയോ ചിന്തിച്ചുപോയി... അമ്മ എന്താ ആലോചിച്ചത് എന്ന് ചോദിക്കുമ്പോൾ പറയും. ഞാനിങ്ങനെ ആലോചിച്ചത്, ഈ എഴുതണ ചെറുപ്പക്കാരെക്കുറിച്ചാ... ഓരോന്ന് വായിച്ചപ്പോ ഇനി അവരെ വായിക്കണോന്ന് തോന്നി... ടാ എനിക്കിനി പുതിയതൊന്നും വേണ്ടാ, പഴയ എഴുത്തുകാരെ മതി... എനിക്കവരെയെ മനസ്സിലാവൂ... പുതിയ എഴുത്തുകാർ മോശക്കാരൊന്നുമല്ല... അവരെഴുതുന്നത് അവര്‌ടെ മനസ്സുകൊണ്ടാ... അത് ചെലപ്പോ എനിക്ക് അറിയാത്തതാവും... അവര്‌ടെ ലോകം അവരുണ്ടാക്കണതാ, അത് ഞാനനുഭവിച്ചിട്ടില്ലാത്തതും.. അവരുകാണണ നെറമൊന്നും എന്റെ കണ്ണിനു പിടിക്കൂലാ ലോപ്പസ്സേ...
കഴിഞ്ഞ പത്തുപതിനഞ്ചു കൊല്ലായി അമ്മയിങ്ങനെ നിർത്താതെ വായിക്കാൻ തുടങ്ങിയിട്ട്. കിട്ടിയതൊക്കെ വായിച്ചു. പുതിയ എഴുത്തുകാരും പഴയവരുമായി മുഴുവൻ പുസ്തകങ്ങളും. ഒന്ന് തീരുമ്പോൾ മറ്റൊന്ന്... ആർത്തിപിടിച്ച വായന എന്നത് ചന്ദ്രബോസ് ഒരിക്കൽ പറഞ്ഞത് അംബേദ്ക്കറെക്കുറിച്ചാണ്. അദ്ദേഹം വായിക്കാത്ത ഒന്നും തന്നെയില്ല. അമ്മയും അതുപോലെയാണ്. നോവൽ, കഥ മാത്രമല്ല, കിട്ടുന്നതെന്തും അമ്മ വായിച്ചു. പിന്നെ പതുക്കെ അത് കഥയും നോവലും മാത്രമായി ചുരുങ്ങി. ഇക്കഴിഞ്ഞ ദിവസം അമ്മയൊന്ന് വീണു. അതിന്റെ വേദനയ്ക്കിടയിലും അമ്മ പുസ്തകങ്ങൾ വായിച്ചു. എന്നും രാവിലെ ചെന്നുകാണുമ്പോൾ അമ്മ വീണതിന്റെ വേദനയെക്കുറിച്ച് പറയുമെങ്കിലും വായിച്ച പുസ്തകത്തിലെ ഒരു കഥ ഓർമയിലേക്ക് കൊണ്ടുവരും. ആ എഴുത്തുകാരൻ കൊള്ളാംട്ടോ... അയാൾക്ക് മനുഷ്യരെ അറിയുന്നതിനൊപ്പം ചുറ്റുമുള്ളതുകൂടി കാണാനാവുന്നുണ്ട്. അതു പറയാൻ അയാൾക്ക് നല്ല ഭാഷയുണ്ട്. അപ്പോ എല്ലാം കഥയിലുണ്ടാവും. അതാരുടെ കഥയാണെന്ന് ചോദിച്ചാൽ പറയും അത് പൊൻകുന്നം വർക്കി എഴുതിയതാണ്. വീണതിന്റെ വേദന എങ്ങനെയുണ്ട്... കുറവുണ്ടോയെന്ന് ചോദിച്ച ഒരു ദിവസം പറഞ്ഞു: നീയിനി എനിക്ക് പുസ്തകമൊന്നും തരണ്ട, ബുക്കുകളിങ്ങനെ വായിക്കണതോണ്ടാ ഞാൻ ചാവാതെ ഇരിക്കണത്... മതി വായിച്ചത്... ഇനി ഞാൻ ജീവിക്ക്ണില്ലാ.
തൊണ്ണൂറു വയസ്സുവരെ ജീവിച്ച ജീവിതത്തിൽ അമ്മ വായിച്ച പുസ്തകങ്ങൾ ഏതൊക്കെയാണെന്ന് ഞാൻ വെറുതെ നോക്കി. അമ്മ വായിച്ചതൊക്കെ ഒരലമാരയിൽ വേറെ ഭാഗത്തായി അടുക്കിവച്ചിട്ടുണ്ടായിരുന്നു. മുന്‍പൊക്കെ വീട്ടിലുള്ളവർ പുസ്തകങ്ങൾ എടുത്തുകൊടുത്താൽ ശരിയാവില്ലെന്നു പറഞ്ഞ് അവരോട് ബുക്കെടുത്തുതരണ്ട എന്ന് ചെറിയതോതിൽ അമ്മ അരിശപ്പെട്ടിരുന്നു. അവരെന്തെങ്കിലും എടുത്തുതരും. എനിക്ക് മലയാളത്തിൽ എഴുതിയത് മാത്രം മതി. വിവർത്തനമൊക്കെ ഇപ്പോ ഒരു വഴിക്കായി. അവർക്കാച്ചാൽ മലയാള പുസ്തകങ്ങളും എഴുത്തുകാരെപ്പറ്റിയും അത്രയ്ക്കങ്ങ്ട് പോരാ. ഇനിമുതൽ നീതന്നെ എടുത്ത് തന്നാൽ മതി എന്നു നിർബന്ധിച്ചു. അലമാരയിൽ അമ്മ വായിച്ച പുസ്തകങ്ങളും അതെഴുതിയ എഴുത്തുകാരേയും ഞാൻ തൊട്ടുനോക്കി. തകഴി, ബഷീർ, എം.ടി., എസ്.കെ. പൊറ്റെക്കാട്, ഉറൂബ് തുടങ്ങി വള്ളത്തോൾ, കുമാരനാശാൻ, ഉള്ളൂർ, കെ.പി. അപ്പൻ, എം. ലീലാവതി കൊട്ടാരത്തിൽ ശങ്കുണ്ണി പിന്നെയനവധി പുതിയ എഴുത്തുകാർ. ഇങ്ങനെ മതിയാവില്ലേ ഒരായുസ്സുകൊണ്ടുപോലും വായിച്ചാൽ തീരാത്ത ഏഴുത്തുകാരും പുസ്തകങ്ങളും... അമ്മയുടെ അടുത്ത് നിന്നിറങ്ങിയത്, ഇത്രയുകാലം ഞാൻ ജീവിച്ചത്. ഇതുമുഴുവനും വായിക്കാതെയാണല്ലോ എന്നോർത്തിട്ടായിരുന്നു.
അന്ന് വൈകുന്നേരം അമ്മ കട്ടിലിൽനിന്നും ചെരിഞ്ഞിറങ്ങുമ്പോൾ കാലുതെറ്റി ഒരു വീഴ്ച കൂടിയുണ്ടായി. അപ്പോൾ പകുതി വായിച്ച ഒരു പുസ്തകം അമ്മയുടെ കയ്യിലുണ്ടായിരുന്നു. അതെന്താണെന്ന് ഞാൻ നോക്കി. അത് ഷംസുദ്ദീൻ കുട്ടോത്തിന്റെ ‘ഇരീച്ചാല്ക്കാപ്പ്’ ആയിരുന്നു. കാറെടുത്ത് ആശുപത്രിയിലെത്തിച്ച് ആറുദിവസം ഐ.സിയുവിൽ കിടന്ന് തിരിച്ചുവന്നപ്പോൾ അമ്മ പുസ്തകങ്ങളെ ഒഴിവാക്കി. പിന്നെ മരുന്നും ഭക്ഷണവുമായി മാത്രം ദിവസം നീക്കി. എല്ലാ വൈകുന്നേരങ്ങളിലും ഉറങ്ങുന്നതുവരെ അമ്മയോടൊപ്പമിരുന്നു. വായിച്ച് പുസ്തകങ്ങളിലെ പഴയ ജീവിതം ഇന്നും മുന്നിൽ കാണുന്നതുപോലെ അമ്മ പറഞ്ഞുകൊണ്ടേയിരുന്നു. മനുഷ്യന്റെ ശബ്ദം പ്രകൃതിക്കു നല്‍കി നായികയായും കുടിയേറിയ മുഴുവൻ ആണുങ്ങളേയും നായകനാക്കിയും മണ്ണിന്റെ അംശത്തിൽ പിറന്ന് ഒടുവിൽ മണ്ണിന്റെ മാറിൽ തന്നെ അമർന്നടഞ്ഞുപോകുന്ന മനുഷ്യനേയും അവൻ പൊരുതിയ വനവും ആ കാടിന്റെ വലിപ്പമറിഞ്ഞെഴുതിയ പ്രകൃതിയെ ഒരു വാമ്പൈറിനെപ്പോലെ തോന്നിപ്പിച്ച വിഷകന്യകയും നഷ്ടത്തിന്റേയും വേദനയുടേയും കഥപറയുന്ന കടലിന്റേയും കാടിന്റേയും കരുത്താർന്ന ഭാഷയുള്ള ഉമ്മാച്ചുവുമൊക്കെ വീണ്ടും വീണ്ടും വായിച്ച എനിക്ക് പുതിയതൊന്നും ഉള്ളിൽ കേറുന്നില്ലെടോ...
വേദന മാറിയപ്പോൾ അമ്മയ്ക്കരികിലേക്ക് വായിച്ചു പകുതിയാക്കിയ പുസ്തകം ഞാൻ തുറന്നു കൊടുത്തു. കട്ടിലിന്റെ ക്രാസിയിൽ തലയണകൾ ഉയർത്തിവച്ച് അമ്മയെ കിടത്തി. അമ്മ വായന തുടങ്ങി.
രതീഷ് മേനോൻ ഫോണിലേക്ക് നോക്കി. അതപ്പോഴും റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു, ബാറിലെ പതിഞ്ഞ സംഗീതം. ആൾത്തിരക്ക് കുറഞ്ഞ ഒരു ബാറായിരുന്നു അത്. ഏറിയാൽ ഒരു പതിനഞ്ച് പേർ കാണും മദ്യപരായി. രതീഷ് കണ്ടെത്തിയതായിരുന്നു. ഞാനാദ്യവും. നവീൻ ലോപ്പസ്സ് ഇനിയെന്താവും പറയുന്നതെന്ന് കേൾക്കാൻ ഞങ്ങൾ അയാളുടെ കണ്ണിൽ തന്നെ നോക്കി. കണ്ണട മാറ്റിയപ്പോൾ അയാളുടെ കണ്ണിൽ റെറ്റിനയ്ക്ക് ചുറ്റും ഒരു നീലവളയം തെളിഞ്ഞു. അത് പതുക്കെപ്പതുക്കെ കൂടുതൽ തെളിച്ചമുള്ളതായി എനിക്കു തോന്നി. ഞാൻ രതീഷിനെ നോക്കി. രതീഷും ആ തെളിച്ചം തിരിച്ചറിഞ്ഞതുപോലെ എന്നെ നോക്കി. അയാൾ കണ്ണട എടുത്തുവച്ച അല്പനേരത്തിനു ശേഷം ആ തെളിച്ചം ഇല്ലാതെയായി.
“മിസ്റ്റർ രതീഷ് മേനോൻ നിങ്ങൾ ഒരുപാട് എഴുതുന്ന ആളാണോ എന്നൊന്നും എനിക്കറിയില്ല, പക്ഷേ, ഈ പുസ്തകത്തിലെ എല്ലാ കഥകളും ഞങ്ങൾ വായിച്ചതാണ്. പുസ്തകം വന്ന ദിവസം അത് എന്റെ അമ്മയ്ക്ക് കൊടുത്തപ്പോൾ ഒറ്റയിരുപ്പിന് അമ്മയത് വായിച്ചുതീർത്തു. എന്നിട്ടെന്താ എന്നോട് പറഞ്ഞതെന്നറിയുമോ...”
എന്താ പറഞ്ഞത്... എന്ന് ഞങ്ങൾ രണ്ടുപേരും ഒന്നിച്ച് ചോദിച്ചു. ബെയറർ അന്നേരം റിപ്പീറ്റ് ചെയ്യുകയായിരുന്നു. നവീൻ ലോപ്പസ്സ് തനിക്ക് മുന്നിലെ ഗ്ലാസ്സിൽ ഐസ്‌ക്യൂബ് എടുത്തിട്ടുകൊണ്ട് പറഞ്ഞു:
“മിസ്റ്റർ രതീഷ് മേനോൻ, താങ്കൾക്ക് ഭാഷയുണ്ട്, പക്ഷേ, കഥയില്ല. ഇനി താങ്കളെഴുതുന്നതൊന്നും ഞങ്ങൾ വായിക്കുകയില്ല. സോറി എന്നോടൊന്നും തന്നെ തോന്നരുത്. അല്ലെങ്കിൽ അങ്ങനെ തോന്നിയിട്ടും ഞങ്ങൾക്കൊന്നുമില്ലട്ടോ... അഭിപ്രായങ്ങൾ പറയുന്നവരെ കൊന്നുകളയുന്ന കാലത്ത് നിങ്ങൾ ഞങ്ങളെ കൊല്ലുകയൊന്നുമില്ലല്ലോ”
എന്നു പറഞ്ഞുകൊണ്ട് അയാൾ വല്ലാത്ത ഒരു ചിരി ചിരിച്ചു. അയാളുടെ വാക്കുകൾക്ക് എന്ത് മറുപടിയാണ് കൊടുക്കേണ്ടത് എന്ന് ഞാൻ ആലോചിച്ചു. ചിലതൊക്കെ സത്യമാണ്. മറുപടികൾ പോലും ചിലപ്പോൾ അനിഷ്ടമായി കരുതുന്നവരുടെയിടയിൽ തന്നെയാണ് ഇന്നത്തെ ജീവിതം.
“മിസ്റ്റർ രതീഷ് മേനോൻ, താങ്കളുടെ പുസ്തകത്തിനു പല പതിപ്പുകൾ വരും. ആളുകളെ തെറ്റായി ധരിപ്പിച്ച് താങ്കളും താങ്കളുടെ അനുചരരും ചേർന്ന് അതു വാങ്ങിപ്പിക്കും. പുതിയ വായനക്കാർ എന്തൊക്കെയാണ് വാങ്ങുന്നതെന്നും എങ്ങനെയാണ് അവർ പുസ്തകങ്ങൾ സെലക്റ്റ് ചെയ്യുന്നതെന്നും താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടോ...?”
രതീഷാകെ വല്ലാതെയിരിക്കുകയാണ്. ഞാനയാളെ ആശ്വസിപ്പിക്കാനെന്നവണ്ണം അയാളുടെ കയ്യിൽ പിടിച്ചു.
“നോക്കൂ നവീൻ, പുതിയകാലത്തെ വായനകൾ പണ്ടുള്ളതുപോലെയാവണമെന്നില്ലല്ലോ.. താങ്കളുടെ അമ്മ വായിക്കുന്ന ജീവിതമല്ല ഇന്നത്തെ തലമുറയുടേത്. അവരുടെ കാഴ്ചകളും ആസ്വാദനശീലവും വേറെയല്ലേ...”
“വായനയ്ക്ക് ഒരു സത്യമേയുള്ളൂ. അതനുഭവിപ്പിക്കുന്നതും അതാണ്. സമ്പത്തിന്റെ ഉള്ളുകള്ളിയുടെ അധിപരാകുവാൻ സീക്രട്ട്‌സ് ഓഫ് ദ് മില്ല്യണയർ എന്ന ടി ഹാർവ് ഏക്കറിന്റെ പുസ്തകവും മോർഗൻ ഹൗസലിന്റെ സൈക്കോളജി ഓഫ് മണിയും വാങ്ങുന്നതിനിടയിൽ സോഷ്യൽ മീഡിയയിൽ പേരുകേട്ടതുകൊണ്ടും മിസ്റ്റർ രതീഷ് മേനോനും സിൽ ബന്ധികളും ചേർന്നൊരുക്കുന്ന മായക്കാഴ്ചയിൽ വീണുപോകുന്നതുകൊണ്ടും താങ്കളുടെ പുസ്തകവും അവർ വാങ്ങിയേക്കും. അതുപോലെ മിസ്റ്റർ രതീഷ് മേനോൻ ആളെക്കൂട്ടും. പാതിരായ്ക്കും വെളുപ്പാൻ കാലത്തും പുസ്തകശാലകൾ തുറന്നുവയ്‌പിക്കും. അങ്ങനെ വന്ന എത്ര എഴുത്തുകാർ ഇന്ന് നിലനില്‍ക്കുന്നുണ്ട് എന്നാലോചിച്ചിട്ടുണ്ടോ... ഇങ്ങനെയൊക്കെ പറഞ്ഞാൽ നാളെ ഞാനുണ്ടാവില്ല. ചിലപ്പോൾ നിങ്ങളുടെ ആളുകൾ തന്നെ എന്റെ വായടപ്പിക്കും... പക്ഷേ, വാക്കുകൾ സത്യമുള്ളതാണ്. അതുതന്നെയാണ് ദൈവവും ഗുരുവും.”
പിറ്റേന്ന് രാവിലെ എന്റെ ഫോണിലേക്ക് വന്നത് രതീഷിന്റെ അടക്കിപ്പിടിച്ച നിലവിളിയാണ്. രതീഷ് മേനോന്റെ വീടിനു മുന്നിൽ മതിലിനു കീഴെ കയ്യും കഴുത്തും വേർപ്പെട്ട നിലയിൽ നവീൻ ലോപ്പസ്സിന്റെ ദേഹം കിടക്കുന്നുണ്ടായിരുന്നു. അയാളുടെ കണ്ണുകൾ അപ്പോഴും തുറന്നുതന്നെ കിടന്നിരുന്നു. നഗ്നമായ ശരീരത്തിൽ അക്ഷരങ്ങൾ കൊത്തിയിട്ടുണ്ടായിരുന്നു എന്ന് ആ കരച്ചിലിനിടയിലും രതീഷ് മേനോൻ എന്ന കഥാകൃത്ത് പറഞ്ഞുകൊണ്ടേയിരുന്നു.
---
കടപ്പാട്: എന്റെ അമ്മയ്ക്ക്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates