

രണ്ടു കാര്യങ്ങളാണ് പൊലീസ് ഇൻസ്‌പെക്ടർ പറഞ്ഞത്.
ഒന്ന്: നടന്ന കാര്യങ്ങൾ വള്ളിപുള്ളി വ്യത്യാസമില്ലാതെ അതേപടി പറയണം.
രണ്ട്: സത്യം മാത്രമേ പറയാവൂ. ആദ്യത്തേത് എനിക്ക് സമ്മതമായിരുന്നു. പക്ഷേ, രണ്ടാമത്തേത്, സത്യം മാത്രമേ പറയാവൂ എന്നത്. എന്താണ് സത്യം? അതോർത്തപ്പോൾ എനിക്ക് പെട്ടെന്ന് അവളെക്കുറിച്ച് ഓർമവന്നു. സത്യമെന്നത് ഓരോരുത്തരുടേയും തോന്നലുകളോ അനുഭവങ്ങളോ ആണെന്നും സത്യമെന്നത് ഒരിക്കലും എല്ലാവർക്കും ഒരുപോലെയല്ലെന്നും അവൾ പറഞ്ഞതും ഓർമവന്നു. അതിനു പിന്നാലെ കഴിഞ്ഞുപോയ ആ ദിവസമത്രയും ഓർമയിലേക്ക് ഇരച്ചുകയറിവന്നു.
അന്നേരം സമയം ഉച്ചയ്ക്ക് പന്ത്രണ്ടുമണി കഴിഞ്ഞുകാണണം. മൂന്നു ദിവസമായി ഉറങ്ങാതേയും നേരത്തും കാലത്തും ഭക്ഷണം കഴിക്കാതേയും അപ്‌ലോഡ് ചെയ്ത പ്രോഗ്രാം പരാജയപ്പെട്ടതിന്റെ ആഘാതത്തിലായിരുന്നു ഞാൻ. കംപ്യൂട്ടർ സ്‌ക്രീനിലേക്ക് നോക്കിനോക്കിയിരുന്ന് എന്റെ കണ്ണുകൾ വെളിച്ചം തിരിച്ചറിയാനാവാത്തവിധം ഇരുണ്ടുപോയിരുന്നു. ശരീരം ദുർബലവും ക്ഷീണിതവും ഓരോ മാംസപേശികളിലും വിസമ്മതം മാത്രം നിറഞ്ഞതുമായിരുന്നു. ഇനിയൊരവധി കൂടാതെ എനിക്ക് കഴിയില്ലെന്ന് ഞാൻ മേലധികാരിയോട് പറഞ്ഞു. അവധി അനുവദിച്ചതിന്റെ തെളിവായി മേലധികാരി ഉറക്കെ ചിരിച്ചപ്പോൾ അതൊരു അനാവശ്യമായ അധികാരമുറപ്പിക്കൽപോലെയാണ് തോന്നിയത്. ഉറങ്ങാനായി കിടന്നുവെങ്കിലും ഓരോരോ ചിന്തകൾ വേട്ടയാടി, ഇപ്പോൾ ശരീരത്തിന് ആവശ്യം വ്യായാമമാണെന്ന ഓർമയിൽ, ഒന്നു നടന്നിട്ടുവരാം എന്നു കരുതി ഞാൻ വീടുപൂട്ടി പുറത്തിറങ്ങി. പെട്ടെന്ന് തിരിച്ചുവരും എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവായി കംപ്യൂട്ടർ സ്ലീപ്പ് മോഡിൽ ഇട്ടിട്ടാണ് ഞാൻ പുറത്തുപോയത്.
എപ്പോഴെങ്കിലും പുറത്തുപോകുകയാണെങ്കിൽ ഗേറ്റുകൾ തുറന്നിടണമെന്ന് എനിക്ക് നിർബന്ധമായിരുന്നു. അപ്പോഴും അങ്ങനെ ചെയ്തു. തിരിച്ചുവരാൻ വേണ്ടിയാണ് യാത്രകളെങ്കിൽ വീടിന്റെ ഗേറ്റുകൾ തുറന്നിടുകയാണ് ചെയ്യേണ്ടത് എന്നു ഞാൻ വിചാരിച്ചിരുന്നു. എങ്ങോട്ടും പോകാനില്ലെങ്കിൽ, ആരും വരാനുമില്ലെങ്കിൽ ഗേറ്റുകൾ തീർച്ചയായും അടച്ചിടാം. എന്നെ സംബന്ധിച്ചാണെങ്കിൽ ഞാൻ വർഷങ്ങളായി എങ്ങോട്ടും പോകാറില്ല. ആരും എനിക്കുവേണ്ടി വരാറുമില്ല. അതുകൊണ്ട് എന്റെ വീടിന്റെ ഗേറ്റുകൾ എപ്പോഴും അടഞ്ഞുകിടക്കുകയാണ് പതിവ്. ഓൺലൈനിൽ ഭക്ഷണമോ മറ്റു സാധനങ്ങളോ കൊണ്ടുവരുന്നവർ മാത്രമാണ് ഇങ്ങോട്ട് ഇതുവരെ വന്നിട്ടുള്ളത്. അത്തരക്കാരുടെ നീക്കങ്ങൾ ഞാൻ ഫോണിന്റെ സ്‌ക്രീനിൽ കൃത്യമായി നോക്കിയിരുന്ന് അവർ വീടിനടുത്ത് എത്തുമ്പോൾ ചെന്നു ഗേറ്റ് തുറന്നുകൊടുക്കാറാണ് പതിവ്.
പക്ഷേ, വളരെക്കാലം കൂടി നടക്കാനായി പുറത്തുപോയപ്പോൾ ഒട്ടുവളരെ ആശങ്കകൾ എന്നെ ബാധിച്ചു. പ്രധാനമായും റോഡിൽ നടക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ ഞാൻ മറന്നുപോയിരുന്നു. റോഡിന്റെ ഏതോ ഒരുവശം ചേർന്നാണ് നടക്കേണ്ടത് എന്ന് അറിയാമായിരുന്നുവെങ്കിലും അത് ഇടതുവശമാണോ വലതുവശമാണോ എന്നൊന്നും ഓർമ വന്നില്ല. തലച്ചോറിൽ ഓർമകൾ എവിടെയെങ്കിലും ഉറച്ചിരിക്കാതേയും പിടിതരാതേയും പറന്നു നടന്നുകൊണ്ടിരുന്നു. ഒരുപാടുനേരം ശ്രമിച്ചിട്ടും നിയമങ്ങൾ ഓർത്തെടുക്കുന്നതിൽ വിജയിക്കുന്നില്ലെന്നു കണ്ട് ഞാൻ പോക്കറ്റിൽനിന്നും ഫോണെടുത്ത് റോഡിൽ നടക്കുന്നവർ പാലിക്കേണ്ട നിയമങ്ങളെപ്പറ്റി ചാറ്റ്ബോട്ടിനോട് ചോദിച്ചു. ഞാൻ ഇപ്പോൾ ഇന്ത്യയിലാണെന്നും ഇവിടെ റോഡിന്റെ വലതുവശം ചേർന്നാണ് കാൽനടക്കാർ സഞ്ചരിക്കേണ്ടതെന്നും ചാറ്റ്‌ബോട്ട് പറഞ്ഞുതന്നപ്പോൾ ആദ്യം സമാധാനമായതാണ്.
പിന്നെയും നടക്കാൻ വൈകി. പിന്നെയും സംശയങ്ങൾ ഉയർന്നു. വാഹനങ്ങൾ ഇടതടവില്ലാതെ ഭ്രാന്തെടുത്തു പാഞ്ഞുപോകുന്ന റോഡിനെ ഒരു നദിയായി സങ്കല്പിക്കാമെങ്കിൽ നദി എങ്ങനെ മുറിച്ചുകടക്കും എന്നുള്ളതായിരുന്നു എന്റെ അടുത്ത പ്രശ്നം. പോക്കറ്റിൽനിന്ന് വീണ്ടും ഫോൺ പുറത്തെടുത്തു ചാറ്റ്ബോട്ടിനെ ഞാൻ ഒരിക്കൽകൂടി ആവാഹിച്ചു വരുത്തി.
വാഹനങ്ങളുടെ ഈ നദി മുറിച്ചുകടക്കുന്നതെങ്ങനെയാണെന്ന് ഞാൻ ചാറ്റ്‌ബോട്ടിനോട് ചോദിച്ചു.
താങ്കളുടെ ലക്ഷ്യം എന്താണ്? ഉത്തരമായി വന്ന ചോദ്യം എന്നെ സങ്കടപ്പെടുത്തി. എന്റെ ജീവിതയാത്ര എത്രയോ ലക്ഷ്യമില്ലാത്തതും കർമം ചെയ്യുന്നതിൽ മാത്രം ഒടുങ്ങിപ്പോയതും ആയിരുന്നുവല്ലോ. അതൊന്നും ഒരു ചാറ്റ്‌ബോട്ടിനും മനസ്സിലാവുകയില്ല. മനുഷ്യൻ യന്ത്രമായി മാറുന്ന അവസ്ഥ യന്ത്രത്തിനു മനസ്സിലാവണമെങ്കിൽ യന്ത്രം മനുഷ്യനായി മാറുന്ന പ്രക്രിയയ്ക്ക് വേഗം കൂടണം. അതിലേക്ക് എന്റെ എളിയ സംഭാവനകൾ എപ്പോഴും ഉണ്ടാകും എന്നു മാത്രമേ എനിക്കിപ്പോൾ ആകപ്പാടെ ഉറപ്പിച്ചുപറയാൻ ആവുകയുള്ളൂ.
താങ്കൾ എന്നെ തെറ്റിദ്ധരിച്ചെന്നു തോന്നുന്നു. ചാറ്റ്‌ബോട്ട് പറഞ്ഞു. താങ്കളുടെ ഇപ്പോഴത്തെ നടത്തം ഏതു ദിശയിലേക്കാണ് എന്നാണ് ഞാൻ ഉദ്ദേശിച്ചത്. താങ്കൾ അതിനെ ജീവിതലക്ഷ്യം എന്നു മനസ്സിലാക്കിയത് എന്റെ ആശയവിനിമയത്തിൽ വന്ന പിഴവാണ്. ഞാൻ ഖേദിക്കുന്നു.
എനിക്കും അന്നേരം സങ്കടം വന്നു. സാരമില്ല, എന്റെ തെറ്റാണ്. ഞാൻ പറഞ്ഞു. ഉത്തരങ്ങളെ ചോദ്യങ്ങളിൽനിന്നു വേർപെടുത്തി നിർദ്ധാരണം ചെയ്യുന്ന എന്റെ ഒരു പ്രത്യേകരീതി കാരണമാണ് ഇതു സംഭവിച്ചത്. ഇതുകാരണമാണ് ഞാൻ ജീവിതത്തിൽ പലപ്പോഴും പരാജയപ്പെട്ടത്. അതൊക്കെയും ഓർമിക്കാൻ ഇതൊരു കാരണമായി.
താങ്കളുടെ ദിശ പറഞ്ഞില്ല? ചാറ്റ്‌ബോട്ട് ഓർമിപ്പിച്ചു.
അതെ. അതാണ് ഞാൻ പറഞ്ഞത്. എനിക്കങ്ങനെ ഒരു പ്രത്യേക ലക്ഷ്യമില്ല. വെറുതെ നടക്കുക, അത്രതന്നെ.
എങ്കിൽ എന്തുകൊണ്ട് താങ്കൾ റോഡ് മുറിച്ചുകടക്കണം? ഇപ്പോൾ താങ്കൾ നിൽക്കുന്ന ഇടം വലതുവശം ആവുന്ന ദിശ നോക്കി നടന്നാൽ പോരെ?
ലജ്ജകൊണ്ടും അപമാനഭാരംകൊണ്ടും എന്റെ ശിരസ്സ് കുനിഞ്ഞുപോകേണ്ടതായിരുന്നു. ചാറ്റ്‌ബോട്ടിന് നന്ദി പറഞ്ഞുകൊണ്ട് ഞാൻ ഉദ്ദേശിച്ച ദിശയ്ക്ക് വിപരീതമായി നടന്നു.
നിരത്തുനിറഞ്ഞ് പ്രവഹിച്ച വാഹനങ്ങളിലെ മനുഷ്യർ, ഒറ്റയ്ക്ക് സഞ്ചരിക്കുന്ന കാൽനട യാത്രക്കാരനെ അത്ഭുതത്തോടെ നോക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. ഞാൻ കാഴ്ചബംഗ്ലാവിൽനിന്ന് കൂടുതുറന്നു പുറത്തുവന്ന ഒരു മൃഗമാണെന്നും തോന്നി. ഒരു മൃഗമാണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ മനുഷ്യന്റെ ജീവിതം വളരെ സുഖമാണെന്ന് എനിക്ക് അന്നേരം മനസ്സിലായി. പിന്നെ ജാതിയില്ല, മതമില്ല, പ്രത്യയശാസ്ത്രങ്ങളുമില്ല. വസ്ത്രങ്ങളും സാമൂഹ്യമര്യാദകളും പോലും ആവശ്യമില്ല. വെറുതെ കൈവീശി നടക്കുന്നതിന്റെ ഉന്മാദവും വിശക്കുമ്പോൾ ഇരയ്ക്കുവേണ്ടി കെണിയൊരുക്കാനുള്ള കഴിവും മാത്രം മതി.
അതുകൊണ്ട് ചീറിപ്പാഞ്ഞുപോയ ബസുകളിൽനിന്ന് അത്ഭുതത്തോടെ എന്നെ നോക്കി കൈവീശിയ കൊച്ചുകുട്ടികളോട് ഞാൻ തിരിച്ചും കൈവീശി. എനിക്ക് ഒരു പാട്ടു പാടണമെന്നു തോന്നി. പൊള്ളുന്ന ഉച്ചവെയിലിൽ, രാത്രിയെ കെട്ടിപ്പിടിക്കുന്ന നിലാവിനെപ്പറ്റിയുള്ള ഒരു പാട്ടാണ് പാടേണ്ടതെന്ന് ഞാൻ തീരുമാനിച്ചു. പക്ഷേ, പാട്ടൊന്നും ഓർമവന്നില്ല. അതുകൊണ്ട് അക്ഷരങ്ങൾ ഇല്ലാതെ, നിലാവിന്റെ നന്മയും സൗന്ദര്യവും ഓർമപ്പെടുത്തുന്ന ഒരു ചെറിയ ഈണം ഞാൻ മൂളി. എന്റെ ഉദ്ദേശത്തോട് വളരെയൊന്നും പൊരുത്തപ്പെടുന്നതല്ലെങ്കിലും ഒരു ഈണം നിർമിക്കാൻ കഴിഞ്ഞതിൽ എനിക്ക് ആഹ്ലാദം തോന്നി. ഞാൻ ഒരു ചൂളമടിക്കുകയും ചെയ്തു.
അപ്പോൾ അതാ അത്ഭുതം! ആരോ ഒരാൾ തിരിച്ചും ചൂളമടിക്കുന്നു.
ഒരു യുവതി. ഭൂതകാലത്തിൽനിന്നും എഴുന്നേറ്റുവന്നവളെപ്പോലെയുള്ള ഒരുവൾ. ഇടിമിന്നലിൽ, ചില്ലകൾ കരിഞ്ഞുപോയ ഒരു വൃക്ഷം. അല്ലെങ്കിൽ, കടലെടുത്തുപോയ ഒരു നഗരം. മറ്റേതോ കാലത്തിലെ മുഷിഞ്ഞ വസ്ത്രങ്ങളായിരുന്നു വേഷം. ചെമ്പിച്ച മുടിയിഴകൾ കാറ്റിൽ പറക്കുന്നുണ്ടായിരുന്നു. ഇരുണ്ടുപോയ കണ്ണുകളായിരുന്നെങ്കിലും അസാധാരണമായ തിളക്കമുണ്ടായിരുന്നു. ഏറ്റവും മോശം വസ്ത്രധാരണത്തിൽപ്പോലും ജ്വലിക്കുന്ന ഒരു ചൈതന്യമോ സൗന്ദര്യമോ അവളിൽ വീർപ്പുമുട്ടുന്നുണ്ടെന്ന് എനിക്കു തോന്നി. അവളാവട്ടെ, എന്നെത്തന്നെ തുറിച്ചുനോക്കുകയായിരുന്നു.
എന്നെയാണോ വിളിച്ചത്? ഞാൻ ചോദിച്ചു. ഉച്ചത്തിൽ, നദിയുടെ അക്കരെ കേൾക്കുന്ന വിധത്തിൽ.
എന്നെയല്ലേ വിളിച്ചത്? അവൾ മറുപടി പറഞ്ഞു. അതും ഉച്ചത്തിൽ. നദിയുടെ ഇക്കരെ കേൾക്കുന്ന വിധത്തിൽ.
ഞാൻ ചൂളം വിളിച്ചതാണെന്ന് പറയണമെന്നുണ്ടായിരുന്നു. വാഹനങ്ങളുടെ ഇരമ്പലിൽ അത് വെറും വാക്കാവുമെന്ന് തോന്നിയതിനാൽ പകരം ഞാൻ കയ്യുയർത്തി അവളെ എന്റെ പക്കലേക്ക് ക്ഷണിച്ചു. അപ്പോൾ തികച്ചും അപ്രതീക്ഷിതമായി അവൾ ഒന്നും കൂസാതെ നിരത്തു മുറിച്ചുകടന്നു. ഒരു ഇരമ്പലിൽ വാഹനങ്ങളുടെ ഒഴുക്കു തടസ്സപ്പെട്ടപ്പോൾ, ചക്രങ്ങളുടെ ദയനീയമായ പിടച്ചിൽ കേട്ടപ്പോൾ എല്ലാം കഴിഞ്ഞെന്ന് വിചാരിച്ച് ഞാൻ കണ്ണുകൾ പൊത്തി. പിന്നെ കുറേനേരം കഴിഞ്ഞ് കണ്ണുകൾ തുറന്നപ്പോൾ അവൾ എന്റെ തൊട്ടടുത്ത് നിൽക്കുന്നുണ്ടായിരുന്നു. എന്നെ തുറിച്ചുനോക്കിക്കൊണ്ട്. ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ. ഒഴുക്ക് നിലച്ചുപോയ വാഹനങ്ങളുടെ നദി വീണ്ടും ഒഴുകാനും തുടങ്ങിയിരുന്നു.
പിന്നീടുള്ള പത്തുപതിനഞ്ചു നിമിഷങ്ങൾ എന്താണ് സംഭവിച്ചതെന്ന് എനിക്ക് വ്യക്തമായി ഓർക്കാനാവുന്നില്ല. ആ സമയം എന്റെ ഓർമകളെ ഒരുതരം ശൈത്യം ബാധിച്ചതുപോലെയായിരുന്നു.
ചിലരെ കാണുമ്പോൾ നമുക്ക് ഒരിക്കലും അവരെ ആദ്യം കാണുകയാണെന്ന തോന്നലേ വരികയില്ല. തൊട്ടുമുന്‍പത്തെ നിമിഷം, അല്ലെങ്കിൽ തൊട്ടുമുന്‍പുള്ള ഒരു ദിവസം, അല്ലെങ്കിൽ തൊട്ടുമുന്‍പുള്ള ഏതോ ജന്മം അടുത്തു പരിചയിച്ചവരെപ്പോലെ തോന്നും. അതായിരുന്നു അവൾ. ഒരുപക്ഷേ, തിരിച്ചിങ്ങോട്ട് അവൾക്കും അങ്ങനെയായിരിക്കും. അവളാണോ ഞാനാണോ ആദ്യം പുഞ്ചിരിച്ചതെന്ന് ഓർക്കുന്നില്ല. മന്ദഹാസത്തിന്റെ ഒരു ചെറിയ കാറ്റ് ഞങ്ങൾക്കിടയിലൂടെ പറന്നുപോയതോർക്കുന്നു.
ഒരുപക്ഷേ, ഞാൻ അവളോട് നീ കാഴ്ചബംഗ്ലാവിൽനിന്നു വരികയാണോ എന്നു ചോദിച്ചു കാണും. അല്ല, എന്നു പറഞ്ഞാൽ മതിയായിരുന്നു അവൾക്ക്. പക്ഷേ, അതിനുപകരം അവൾ പറഞ്ഞത് അല്ല, ജയിലിൽനിന്നാണെന്നായിരുന്നു. ജയിൽ എന്നു കേട്ടപ്പോൾ ഒന്ന് നടുങ്ങിയെങ്കിലും അതു പുറത്ത് കാട്ടാതെ, ജയിലോ? ജയിലിൽ നിനക്ക് എന്തായിരുന്നു പണി? എന്നാവും ഞാൻ ചോദിച്ചിട്ടുണ്ടാവുക.
തടവുപുള്ളിയായിരുന്നു. താല്പര്യമില്ലാത്തതുപോലെ അവൾ പറഞ്ഞിട്ടുണ്ടാവും.
എന്റെ സംസാരത്തെ ഒരു മൂകത ഗ്രസിച്ചുകാണും. നീ ചെയ്ത കുറ്റമോ എന്ന് ഞാൻ അവളോട് ചോദിച്ചു കാണും. അതിനു മറുപടി പറയാതെ അവൾ നിരത്തിലെ ഇളക്കങ്ങളിലേക്കും വീർപ്പുമുട്ടലുകളിലേക്കും പുകയിലേക്കും നോക്കി നിന്നുകാണും.
വിഷയം മാറ്റാനെന്നോണ്ണം ഇപ്പോൾ നീ വീട്ടിലേക്കു പോകുകയാണോ എന്നായിരിക്കും ഞാൻ ചോദിച്ചിട്ടുണ്ടാവുക. എന്തു വീട്? കുറ്റപ്പെടുത്തുന്നതുപോലെ അവൾ എന്നെ തുറിച്ചുനോക്കിക്കാണും. ജയിലിൽ നിന്നിറങ്ങുന്ന ഒരു പെണ്ണിനെപ്പറ്റി നിനക്കെന്തറിയാം എന്ന മട്ടിൽ.
അല്ലെങ്കിലൊരു പക്ഷേ, തികച്ചും സാധാരണ മട്ടിൽ പരിചയപ്പെടാൻ വേണ്ടി ഞാൻ അവളോട് പേര് എന്താണെന്നു ചോദിച്ചിരിക്കും.
ലീല. അന്നേരമായിരിക്കും അവൾ അത് പറഞ്ഞിട്ടുണ്ടാവുക.
ഒന്നുമുണ്ടായിട്ടല്ലെങ്കിലും ഹോ!, എന്നൊരാശ്ചര്യ ശബ്ദമായിരിക്കും എന്നിൽനിന്നന്നേരം പുറപ്പെട്ടത്.
എന്തേ, എന്നവൾ ചോദിച്ചിരിക്കും. ഓ, ഒന്നുമില്ലെന്ന് ഞാൻ മറുപടികളെ അടക്കിക്കാണും.
ചിലപ്പോൾ അവൾ എന്നോട് ഞാൻ ആരാണെന്നോ എങ്ങോട്ടുപോകുന്നുവെന്നോ തിരിച്ചും ചോദിച്ചിരിക്കാം. അതിനു മറുപടിയായി ഒന്നു നടക്കാനിറങ്ങിയതാണെന്നു ഞാൻ പറഞ്ഞപ്പോൾ ഈ ഉച്ച നേരത്തോ? നിങ്ങൾ കാഴ്ചബംഗ്ലാവിൽനിന്നല്ല, ഭ്രാന്താശുപത്രിയിൽനിന്നാവും ചാടിപ്പോന്നിട്ടുണ്ടാവുക എന്നു പറഞ്ഞ് പരിസരം മറന്ന് അവൾ പൊട്ടിച്ചിരിച്ചിട്ടുണ്ടാവും. പിന്നെ എന്തോ തെറ്റുചെയ്ത മട്ടിൽ നിശ്ശബ്ദയായിക്കാണും. എന്താ ചിരി നിർത്തിയതെന്നു ചോദിച്ചപ്പോൾ ഞാൻ ചിരിച്ചിട്ട് ഏഴു വർഷവും നാലു മാസവും പതിനേഴു ദിവസവുമായിയെന്ന് പറഞ്ഞ് വീണ്ടും നിശ്ശബ്ദയായിക്കാണും.
ഞങ്ങൾക്കിടയിൽ ഓർക്കാപ്പുറത്ത് പൊട്ടിപ്പുറപ്പെട്ട സംസാരത്തെ കെടുത്തിക്കളയാൻ മനസ്സു വരാതെ ഞാൻ അവളോട് എന്റെ കഴിഞ്ഞ ദിവസങ്ങളിലെ യാതനയെപ്പറ്റി അപ്‌ലോഡ് ചെയ്തപ്പോൾ പരാജയപ്പെട്ട പ്രോഗ്രാമിനെപ്പറ്റി, എപ്പോഴും അടഞ്ഞുകിടക്കുന്ന ഗേറ്റുകൾ തുറന്നിട്ട് നടക്കാനിറങ്ങിയതിനെപ്പറ്റി, വാഹനങ്ങളിൽ പോകുന്നവർക്ക് കൗതുകമായ എന്റെ കാൽനടയാത്രയെപ്പറ്റി, വിസ്തരിച്ച് സംസാരിച്ചുകാണും. ഒരുവാക്കും വിടാതെ അവൾ ശ്രദ്ധയോടെ കേട്ടും കാണും.
അപ്പോഴായിരിക്കും ആകാശത്തുകൂടി ഒരു വിമാനം പറന്നുപോകുന്ന ഒച്ച ഞങ്ങൾ കേട്ടത്. ഞങ്ങൾ ആദ്യമായി ആകാശം കാണുന്ന കൊച്ചുകുട്ടികളുടെ നിഷ്കളങ്കതയോടെ ഒരുമിച്ച് മിഴികൾ ആകാശത്തേക്ക് ഉയർത്തിക്കാണും. വിമാനം പറന്നുപോയിരുന്നിരിക്കും. ശബ്ദങ്ങളുടെ വേഗത്തെ തോൽപ്പിച്ച പ്രകാശം, അതിന്റെ പൊട്ടിച്ചിരിപോലെ ആകാശത്ത് വെളുത്ത ഒരു സഞ്ചാരപഥം മാത്രം അടയാളം വെച്ചിട്ടുണ്ടാവും.
വിമാനം... ഒരുപാടുനാൾ ആകാശം കാണാതിരുന്ന കഠിനതടവിന്റെ കാലമെല്ലാം മറന്ന് അവൾ സന്തോഷത്തോടെ പറഞ്ഞുകാണും.
വിമാനം പറന്നുപോയപ്പോഴുണ്ടായ ഇരമ്പൽ തെല്ലും ഗൗനിക്കാതെ ഇലക്ട്രിക്ക് പോസ്റ്റിൽ അപ്പോഴും സല്ലപിച്ചിരിക്കുന്ന പക്ഷികളെ നോക്കിക്കൊണ്ട്, പക്ഷികൾ എന്നുമാത്രം ഞാൻ കുസൃതിയോടെ പറഞ്ഞും കാണും.
അപ്പോഴായിരിക്കും ഓർക്കാപ്പുറത്ത് പെട്ടെന്ന് ഒരാളലോടെ അവൾ എന്നെ അവളുടെ ദേഹത്തേക്ക് വലിച്ചിട്ടതും ഒപ്പം പുറകോട്ട് മാറുകയും ചെയ്തത്. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നതിനു മുന്‍പ് ഫുട്പാത്തിൽ ഞങ്ങൾ നിന്നിടത്തേക്ക് ഒരു കാർ ഇരച്ചു കയറിക്കൊണ്ടുവന്നു. ഇടതുവശത്തെ രണ്ട് ടയറുകളും ഫുട്പാത്തിലും വലതുവശത്തെ രണ്ട് ടയറുകൾ റോഡിലുമായി, പാളം തെറ്റിയതുപോലെ ഇടത്തോട്ടും വലത്തോട്ടും സമനില തെറ്റി സഞ്ചരിച്ച് പിന്നെ റോഡിലേക്ക് ഇറങ്ങി സമതുലനം വീണ്ടെടുത്ത് അതു പാഞ്ഞുപോയി. ഒരു തെരുവ് പട്ടിയുടെ ദയനീയമായ കരച്ചിൽ മുഴങ്ങി.
ഇടിച്ചേനേ ഇപ്പോൾ... നേരത്തെ നിന്ന സ്ഥലത്തുണ്ടായ ചക്രം കരിഞ്ഞ പാടുകളെ നോക്കി ഞാൻ പകപ്പോടെ പറഞ്ഞു. എന്നെ അപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു.
നിനക്കെങ്ങനെ മനസ്സിലായി അത്? ഞാൻ അമ്പരപ്പോടെ ചോദിച്ചു.
മരണത്തിന്റെ മിടിപ്പുപോലെയുള്ള ഒരു ഒച്ചയായിരുന്നല്ലോ. നിങ്ങൾ കേട്ടില്ലേ അത്? അവൾ ചോദിച്ചു.
ഇല്ല. ഞാൻ സംശയത്തോടെ പറഞ്ഞു.
ഞാൻ കേട്ടു. ഞാൻ കേൾക്കും. അവൾ പറഞ്ഞു. ഞാൻ ജയിലിൽ നിന്നല്ലേ വരുന്നത്.
ജയിലിൽ ഒരിക്കലും ഒരാൾക്കും മനസ്സറിഞ്ഞ് ഉറങ്ങാനാവുകയില്ലെന്ന് അവൾ പറഞ്ഞു. ജയിൽ എന്നാൽ അപകടങ്ങൾ വേവിക്കുന്ന അടുപ്പുകൂടിയാണ്. എപ്പോഴാണ് എവിടെ നിന്നാണ് ആപത്തുകൾ പൊട്ടിപ്പുറപ്പെടുക എന്ന് പ്രവചിക്കാനാവുകയില്ല. അവിടുത്തെ ശബ്ദങ്ങൾക്കും നിശ്ശബ്ദതയ്ക്കുമെല്ലാം ഒറ്റ അർത്ഥമേ ഉള്ളൂ-കരുതൽ.
അപ്പോൾ അവൾക്ക് എന്നെയോ എനിക്ക് അവളേയോ സ്നേഹിക്കണമെന്നോ വിശ്വസിക്കണമെന്നോ തോന്നിയിട്ടുമുണ്ടാവും. ആ തോന്നൽ നൽകിയ അടുപ്പവും സ്വാതന്ത്ര്യവും വെച്ചാവും ഞാൻ അവളോട് നീ ചെയ്ത കുറ്റമെന്തായിരുന്നുവെന്ന് വീണ്ടും ചോദിച്ചത്. അതിനു മറുപടിയായി അവൾ ഒരുപക്ഷേ, എനിക്കും അവൾക്കും മാത്രം തിരിച്ചറിയാവുന്ന ഭാഷയിൽ പറഞ്ഞുകാണും കൊലപാതകക്കുറ്റം എന്ന്.
കൊലപാതകം? അത് ചോദിക്കുമ്പോൾ അമ്പരപ്പോ ഭയമോ ആകാംക്ഷയോ ഒക്കെ കൂടിക്കുഴഞ്ഞ് എന്റെ സ്വരം എനിക്കുതന്നെ തിരിച്ചറിയാൻ പാടില്ലാത്ത തരത്തിൽ കനത്തും വിറച്ചും അപരിചിതമായിരുന്നിരിക്കും. ആരെ?
അപ്പോഴായിരിക്കും അവൾ, മരിച്ച മനുഷ്യനെപ്പറ്റി, അവളുടെ പങ്കാളിയെപ്പറ്റി എന്നോട് പറഞ്ഞത്. തന്റേതെന്ന് പിന്നീട് അവൾ പറഞ്ഞ കഥ, പിന്നീടോ മുൻപോ മറ്റാരോ പറഞ്ഞുകേട്ട കഥപോലെ അത്രമേൽ പരിചിതവും അപ്പോഴും അവിശ്വസനീയവുമായിരുന്നു. അത് ഏതോ അനാഥാലയത്തിൽ വളർന്നുവന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ഒരു പുരുഷൻ വരുത്തിയ കെടുതികളുടെ കഥയായിരുന്നു. സ്വപ്രയത്നംകൊണ്ട് പഠിച്ച് ഒരു ആശുപത്രിയിൽ ജോലി ചെയ്യവെയാണ് അവൾ അയാളെ പരിചയപ്പെട്ടത്. പ്രണയത്തിന്റെ അക്കാലം നിറങ്ങളുടേയും സ്വപ്നങ്ങളുടേയുമായിരുന്നുവെന്ന് അവൾ പറഞ്ഞു. അത് പക്ഷേ, അധികം നീണ്ടുനിന്നില്ല. വളരെ സ്വാഭാവികമായി ഒരു ദിവസം അവളുടെ ജീവിതത്തിലെ നിര്യാതരായവർക്കുവേണ്ടി മാറ്റിവെച്ച താളിൽ അവരുടെ പ്രണയവും പ്രത്യക്ഷപ്പെട്ടു.
സ്നേഹം വറ്റിപ്പോകുന്നത് എനിക്കു മനസ്സിലാക്കാം, അവൾ പറഞ്ഞു. പക്ഷേ, എന്നെ മുറിപ്പെടുത്തിയത്, നിന്നെ എന്തു ചെയ്താലും ചോദിക്കാനും പറയാനും ആരുമില്ലെന്നുള്ള അയാളുടെ നിരന്തരമുള്ള വർത്തമാനങ്ങളായിരുന്നു.
അയാളുടെ കുപ്പായക്കീശയിൽ എപ്പോഴും ഗർഭനിരോധന ഉറകളുടെ പായ്ക്കറ്റ് കാണാമായിരുന്നു. ഒരു കുഞ്ഞുണ്ടായാൽ വറ്റിപ്പോയ പ്രണയത്തിന്റെ നദികൾ മടങ്ങിവന്നാലോ എന്നെനിക്കു തോന്നി. അതുപറയവെ അയാൾ പൊട്ടിച്ചിരിച്ചു. നീ ആരുമില്ലാത്തവളാണ്. എന്നും അതങ്ങനെ മതി.
അതായിരുന്നു തുടക്കം. എന്റെ ദൈന്യം അയാളെ മത്തുപിടിപ്പിക്കുന്നത് ഞാൻ തിരിച്ചറിയാൻ വൈകി. പിന്നെപ്പിന്നെ അയാളിലെ ക്രൂരനായ ഉന്മാദിയെ എനിക്കു മനസ്സിലാകുകയായിരുന്നു. പോൺ സിനിമകളുടെ അടിമയായ ഒരാൾ. എന്റെ ശരീരം അയാൾക്ക് അയാളുടെ വൈകൃതങ്ങൾ വരയ്ക്കാനുള്ള ക്യാൻവാസും. ഒരു പെണ്ണിനെ പച്ചയ്ക്ക് കട്ടിലിൽ കെട്ടിയിട്ട് അവളുടെ ശരീരത്തിൽ കത്തിച്ച സിഗററ്റ് പൊള്ളിക്കുകയും നിലവിളിച്ച് തളരുമ്പോൾ അവളുടെ മുൻപിൽ മാസ്റ്റർബേറ്റ് ചെയ്ത് ചിരിക്കുകയും ചെയ്യുന്ന ഒരാളെ നിങ്ങൾക്ക് സങ്കല്പിക്കാനാവുമോ? അവൾ കിതച്ചു. അയാൾ അതായിരുന്നു. അതിനുമപ്പുറവും.
ഒരുപക്ഷേ, ഒരു ലൈംഗിക അടിമയ്ക്കുവേണ്ടിയുള്ള അയാളുടെ അന്വേഷണമായിരിക്കാം അനാഥാലയത്തിൽ വളർന്ന തന്നിലേക്കെത്തിച്ചതെന്ന തോന്നൽ ഉണ്ടായതിനുശേഷമാണ് എങ്ങനേയും രക്ഷപ്പെടണമെന്ന ചിന്ത ഉണ്ടായിത്തുടങ്ങിയതെന്ന് അവൾ പറഞ്ഞു. അവൾ കരയുമ്പോൾ മാത്രമാണ് അയാൾക്ക് ചിരിക്കാൻ കഴിഞ്ഞിരുന്നത്. അവൾക്ക് വിശക്കുമ്പോൾ മാത്രമാണ് അയാൾക്ക് ഭക്ഷണം രുചിക്കാൻ കഴിഞ്ഞത്. അവൾക്ക് മടുക്കുമ്പോൾ മാത്രമാണ് അയാൾക്ക് ജീവിതം ആസ്വദിക്കാൻ കഴിഞ്ഞിരുന്നത്. ഒരിക്കലും ഉറങ്ങാത്ത രണ്ട് കണ്ണുകൾ തന്നെ തുറിച്ചുനോക്കിയിരിക്കവേ, പിന്നെപ്പിന്നെ ഉറക്കം നഷ്ടപ്പെട്ട് ജീവിതം ഒരു ഭ്രാന്തിന്റെ തടവറയായി മാറിക്കഴിഞ്ഞിരുന്നു.
ഒരു രാത്രി, പതിവില്ലാതെ എന്റെ ആഗ്രഹം സഫലീകരിക്കുകയാണെന്ന മട്ടിൽ ഉറകളുടെ സംരക്ഷണമില്ലാതെ അയാൾ എന്റെ അടുത്തുവന്നു. തൊലിപ്പാടയിൽ സ്പർശത്തിന്റെ ഭാരങ്ങൾ തുളഞ്ഞുകയറുന്നതറിയാതിരിക്കാൻ പതിവുപോലെ ഞാൻ മരിച്ചവന്റെ അവശേഷിപ്പുപോലെ കണ്ണടച്ച് നിർവികാരം കിടന്നു. പതിവിനു വിപരീതമായി അയാൾ ആദ്യം ഉറങ്ങി. അയാൾ ഉറങ്ങിക്കഴിഞ്ഞെന്നു ബോധ്യമായപ്പോൾ ഞാൻ എഴുന്നേറ്റു. എപ്പോഴും അയാൾ ഒളിപ്പിച്ചുവെയ്ക്കുന്ന ജീവിതത്തിന്റെ താക്കോൽ കണ്ടെടുത്ത് വാതിലുകൾ തുറന്ന് പുറത്തിറങ്ങി. നിലാവില്ലാത്ത, നിശ്ശബ്ദതയുടെ ഈർപ്പം കനത്ത, രാത്രിയിലൂടെ നടന്നുനടന്ന് റെയിൽവേ സ്റ്റേഷനിലെത്തി. ഏതോ ട്രെയിനിൽ കയറി ലക്ഷ്യമില്ലാതെ സഞ്ചരിച്ചു.
ദിവസങ്ങൾക്കുശേഷം ഏതോ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ ഉറങ്ങിക്കിടന്ന എന്നെ, രണ്ടു പൊലീസുകാർ തട്ടിവിളിച്ച്, അയാളെ മദ്യത്തിൽ ഉറക്കഗുളികകൾ കൊടുത്തു കൊന്ന കുറ്റത്തിന് എന്നെ അറസ്റ്റു ചെയ്തിരിക്കയാണെന്നു പറഞ്ഞു. ഞാൻ ആരെയും കൊന്നിട്ടില്ലെന്നു പറഞ്ഞത് അവരെന്നല്ല, ആരും വിശ്വസിച്ചില്ല. ഉറക്കഗുളികകൾ ഉള്ളിൽ ചെന്ന നിലയിൽ അവശനായ അയാളെ ആശുപത്രിയിലെത്തിച്ച അയാളുടെ സുഹൃത്തിന്റേയും അയാളുടെ തന്നെയും മൊഴികൾ എനിക്കെതിരു നിന്നു. വിചാരണക്കോടതി പക്ഷേ. തൂക്കിക്കൊല്ലാൻ ശിക്ഷിച്ചത് അതിനൊന്നുമായിരുന്നില്ല. ചതി, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾക്കായിരുന്നു.
കൊന്നതിന് ശിക്ഷ ഉണ്ടായില്ലേ? ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
ഇല്ല. അവൾ പറഞ്ഞു. എന്തായാലും എല്ലാ മനുഷ്യരും ഒരിക്കൽ മരിക്കേണ്ടതാണല്ലോ. പക്ഷേ, അതിനേക്കാൾ കടുത്തതാണല്ലോ ഇണചേരാനുള്ള ആസക്തിയോടെ വന്ന പുരുഷന്റെ ദൗർബല്യം മുതലെടുത്ത് കൊലപ്പെടുത്തിയത് എന്നായിരുന്നു കോടതിയുടെ തീർപ്പ്.
ഞങ്ങൾക്കിടയിലെ ജീവിതം ഇണചേരൽ ആയിരുന്നില്ല. ബലാത്സംഗം ആയിരുന്നുവെന്ന് ഞാൻ പറഞ്ഞത് കോടതി കേട്ടില്ല. അയാൾ സ്വയം ഉറക്കഗുളികകൾ കഴിച്ച് മരിച്ചിട്ട് കുറ്റം എന്റെ തലയിൽ കെട്ടിവെയ്ക്കുകയാണെന്ന് പറഞ്ഞതും കോടതി കേട്ടില്ല. മരണത്തിനു മുന്‍പുള്ള വേഴ്ചകളിൽ അയാൾ എനിക്ക് നൽകിയതും എന്നിൽനിന്ന് പിടിച്ചുവാങ്ങിയതുമായ ചുംബനങ്ങൾ ആയിരുന്നു എനിക്കെതിരെ സാക്ഷി പറഞ്ഞത്. ഭൂമിയിലെ ഏറ്റവും വലിയ അനുഭൂതിയായ വേഴ്ചയ്ക്കുശേഷം മതികെട്ടുറങ്ങുന്ന പുരുഷനെ കൊലപ്പെടുത്താൻ തയ്യാറാകുന്ന സ്ത്രീയുടെ മാനസികാവസ്ഥയെക്കുറിച്ചായിരുന്നു ജഡ്ജിയുടെ വിധിയെഴുത്തിലുടനീളം...
പറയുമ്പോൾ ഓർമകളുടെ കെടുതിയിൽപ്പെട്ടതുപോലെ അവൾ വിറച്ചുവിറച്ച് നിശ്ശബ്ദയായി. എനിക്കെന്തോ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ചോദ്യങ്ങൾ ഓർമവന്നില്ല.
പക്ഷേ, ഉറക്കഗുളികകൾ ആരു വാങ്ങിച്ചതാണെന്ന്, എവിടെനിന്ന് വന്നതാണെന്ന് ആരും ചോദിച്ചില്ല. പുറത്തുപോകുമ്പോളെല്ലാം അയാൾ വീടുപൂട്ടി പോകാൻ ശ്രദ്ധിച്ചിരുന്നത് എന്താണെന്ന് ആരും ചോദിച്ചില്ല. എനിക്കു പറയാനുള്ളത് കേൾക്കാൻ ഒരു മൊബൈൽ ഫോൺ പോലും ആ വീട്ടിൽ ഇല്ലാതെപോയതിനെപ്പറ്റിയോ എന്റെ ശരീരത്തിൽ ഓരോ ദിവസവും പൊള്ളിക്കടുത്ത വടുക്കളുടെ എണ്ണം കൂടിക്കൂടിവന്നതെന്തുകൊണ്ടെന്നോ ആരും ചോദിച്ചില്ല...
കഴിയുന്നിടത്തോളം പിടിച്ചുനിൽക്കാൻ ശ്രമിക്കാതെ ആദ്യം തന്നെ രക്ഷപ്പെടാൻ ശ്രമിക്കാമായിരുന്നു നിനക്ക് എന്ന ഒരു ചോദ്യം എന്റെ തൊണ്ടയിൽ മുട്ടി.
അന്നേരം അവളുടെ ഭാവം പകരുന്നത് ഞാൻ കണ്ടു. ജഡ്ജിമാർ ചോദിക്കുന്നതുപോലെയാണ് നീയും. അവൾ ക്ഷോഭിച്ചു. പിന്നെ തേങ്ങി. ഒരു പുരുഷനും സ്ത്രീയെ മനസ്സിലാവുകയില്ല. അത് ജഡ്ജിയായാലും നിയമമായാലും. നിങ്ങൾക്കെല്ലാം ജീവിതം, എപ്പോഴും സാഹിത്യവും സങ്കല്പവുമാണ്.
കരച്ചിലടങ്ങിയപ്പോൾ, അപ്പോളായിരിക്കും അവൾ പറഞ്ഞിട്ടുണ്ടാവുക, അങ്ങനെയൊരു ജഡ്ജിയുടെ ഉത്തരവിന്റെ പിന്നാലെയാണ് ഈ യാത്രയെന്ന്. കീഴ്‌ക്കോടതി വിധിക്കെതിരെ അവൾ നൽകിയ അപ്പീൽ അപേക്ഷയിൽ വിധിവരാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ അപ്പീൽ കേൾക്കുന്ന ജഡ്ജി അവളെ പരോളിൽ അയച്ചതാണെന്ന്.
ഇന്നലെ പ്രോസിക്യൂഷന്റെ വാദം കഴിഞ്ഞപ്പോൾ വളരെനേരം ജഡ്ജി അവളെത്തന്നെ ഉറ്റുനോക്കിയിരുന്നു എന്ന് അവൾ പറഞ്ഞു. ലീലയെന്നല്ലേ പേരു പറഞ്ഞത്? ഒടുവിൽ അദ്ദേഹം ചോദിച്ചു. അതെയെന്ന് അവൾ പറഞ്ഞപ്പോൾ പെട്ടെന്ന് കോടതിമുറിയിൽ ഉണ്ടായിരുന്നവരെ മുഴുവൻ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഉറക്കെച്ചൊല്ലി:
“ക്ഷിതിയിലഹഹ മർത്യജീവിതം
പ്രതിജനഭിന്ന വിചിത്രമാർഗമാം
പ്രതിനവരസമാമതോർക്കുകിൽ
കൃതികൾ മനുഷ്യകഥാനുഗായികൾ.”
അർത്ഥം അറിയാമോ? ജഡ്ജി ചോദിച്ചു.
ഇല്ലെന്ന് അവൾ പറഞ്ഞപ്പോൾ രണ്ട് ദിവസത്തെ പരോൾ ഉത്തരവിട്ടിട്ട് ജഡ്ജി പറഞ്ഞു. പോയി പഠിച്ചിട്ടു വാ. അപ്പീൽ അതിനുശേഷം തീരുമാനിക്കാം.
കൃത്യമായ അർത്ഥം പറയാനായാൽ ശിക്ഷ ഒരുപക്ഷേ, ഇളവ് ചെയ്തു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അവൾ പറഞ്ഞു. അതാണ് ഇപ്പോഴത്തെ യാത്രയുടെ അർത്ഥമെന്നും.
ഞാനത് കേട്ടുവോ, മറുപടി പറഞ്ഞുവോ? എന്റെ വിചാരങ്ങൾ, രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകമേതെന്ന് രാജാവ് ചോദിച്ചപ്പോൾ, അതും തേടിയിറങ്ങിയ ചെറുപ്പക്കാരനായ ജ്ഞാനിയുടെ ഓർമയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഒരുപക്ഷേ, കാലങ്ങൾക്കു മുന്‍പ്, ഇവിടെ നിരത്തുകളും വാഹനങ്ങളും ഉടലെടുക്കും മുന്‍പ്, അന്നില്ലാത്ത ഞങ്ങൾക്കു ചുറ്റും നിറഞ്ഞു കവിഞ്ഞിരുന്ന ഈ കാടിന്റെ നിശ്ശബ്ദതയിലൂടെയായിരിക്കും ഒരു മനുഷ്യൻ ശ്രേഷ്ഠമെന്ന് അധികാരം വിശേഷിപ്പിച്ച ശ്ലോകമേതെന്ന് അന്വേഷിച്ചുപോയതെന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ പക്ഷേ, കരഞ്ഞു.
അധികാരവും കവിതയും അങ്ങനെയാണ്, അവൾ പറഞ്ഞു. പ്രത്യേകിച്ചും സ്ത്രീകളോട്.
നിനക്കെന്നെ സഹായിക്കാനാവുമോ? ഓർക്കാപ്പുറത്ത് അവൾ ചോദിച്ചപ്പോൾ ഞാൻ പെട്ടെന്ന് ഞെട്ടി. എനിക്ക് കവിതയും പാട്ടും അറിയില്ലെന്ന് പറഞ്ഞത് അവൾ വിശ്വസിച്ചില്ല. നിരത്തിനപ്പുറം നിന്ന് ഞാൻ കാണുമ്പോൾ നീ ഒരു മൂളിപ്പാട്ടുപാടുകയായിരുന്നല്ലോ എന്ന് അവൾ പറഞ്ഞപ്പോൾ എനിക്കൊന്നും പറയാനില്ലാതെയായി.
എനിക്ക് തീർച്ചയായും അവളെ സഹായിക്കണമെന്നുണ്ടായിരുന്നു. ഞാൻ പോക്കറ്റിൽനിന്ന് ഫോൺ പുറത്തെടുത്ത് ചാറ്റ്‌ബോട്ടിനെ വിളിച്ചുവരുത്തി. അവളുടെ കഥ മുഴുവൻ വിവരിച്ച്, പിന്നാലെ ശ്ലോകം മൊത്തം ചൊല്ലിക്കഴിഞ്ഞ്, അതിന്റെ അർത്ഥമറിയാമോ എന്നു ചോദിച്ചു. സാധാരണയായി ഏതൊരു വിഷമം പിടിച്ച ചോദ്യത്തിനും പെട്ടെന്ന് മറുപടി പറയുന്ന ചാറ്റ്‌ബോട്ട് അന്നേരം മാത്രം മൗനത്തിന്റെ നീണ്ട ഇടവേള എടുക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി. ചാറ്റ്‌ബോട്ട് എന്തോ ആലോചിക്കുന്ന വലയങ്ങൾ സ്‌ക്രീനിൽ തെളിഞ്ഞുനിറഞ്ഞു. പിന്നെ നീണ്ട നിശ്ശബ്ദതയ്ക്കുശേഷം മറുപടി വന്നതാവട്ടെ, ഒരു ലൊക്കേഷൻ മാത്രവും. പതിവുള്ളതുപോലെ വാചകക്കസർത്തുകളോ നെടുങ്കൻ വിശദീകരണമോ ഇല്ലാതെ ഒരു ദിശാസൂചി മാത്രം.
എന്താണ്? ഉല്‍ക്കണ്ഠയോടെ അവൾ ചോദിച്ചു.
അടുത്തുള്ള ഒരു മാളിലേക്കുള്ള ലൊക്കേഷൻ. ഞാൻ പറഞ്ഞു. മനസ്സിലാകുന്നില്ല.
അവിടെ ആരെങ്കിലും ഉണ്ടാവും ശ്ലോകത്തിന്റെ അർത്ഥം അറിയുന്നതായിട്ട്. അവൾ പറഞ്ഞു. നമുക്ക് നടക്കാം.
മാളിലേക്കുള്ള യാത്രയിൽ എന്തോ പ്രതീക്ഷിക്കുന്നുണ്ടായിട്ടും അവൾ ഒട്ടും തിടുക്കം കാണിച്ചില്ല. ജീവിതത്തിൽ ഇനി ഒരിക്കലും കാണാനോ അനുഭവിക്കാനോ പറ്റുമെന്ന് കരുതാത്തതു പലതും ഓർക്കാപ്പുറത്ത് വീണുകിട്ടിയപ്പോൾ അത് ആസ്വദിക്കുകയാണെന്നു പറഞ്ഞു. നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. ചിലപ്പോൾ തോന്നും, അവൾ പറഞ്ഞു. യാത്ര പൂർത്തിയാക്കാതെ, ജയിലിലേക്ക് തിരികെച്ചെല്ലാതെ, എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്ന്. അപ്പോൾ എന്നെ കുടത്തിൽനിന്നും തുറന്നുവിട്ട ജഡ്ജി എന്തുചെയ്യും? അർത്ഥവുംകൊണ്ട് തിരിച്ചു വരാത്ത ഒരു ശ്ലോകവും കെട്ടിപ്പിടിച്ച് അങ്ങനെ ഇരുന്നുപോകുമായിരിക്കും. പെണ്ണുങ്ങളോട് എന്തുമാകാമെന്നു വിചാരിക്കുന്നവർക്കെല്ലാം നല്ല ഒരു പണിയായിരിക്കുമത്. അതു പറഞ്ഞ് അവൾ ഉച്ചത്തിൽ ഹ ഹ എന്നു ചിരിച്ചപ്പോൾ ഞാൻ വിലക്കി. ആരെങ്കിലും ശ്രദ്ധിച്ചാലോ?
മാളിലെത്തിയപ്പോൾ അവൾ വിശക്കുന്നു എന്നു പറഞ്ഞു. ഞങ്ങൾ ഒരു ഹോട്ടലിൽ കയറി. ബിൽ കൗണ്ടറിൽ ഞങ്ങൾ ഒരുമിച്ചു നിന്നു. ടോക്കൺ എടുത്തു. ഡെലിവറി കൗണ്ടറിൽനിന്ന് പ്ലേറ്റുകൾ ഒരുമിച്ചു വാങ്ങി. കഴിക്കാനായി നിരത്തിയിട്ട മേശകളിൽ പ്ലേറ്റുകൾ ഇറക്കിവെച്ച് അതിലേക്ക് നിശ്ശബ്ദതയെ വിക്ഷേപിച്ച് ഭക്ഷണം കഴിച്ചു. ചുറ്റും മനുഷ്യരുടെ തിരക്കുണ്ടായിരുന്നു. ഒച്ചയും ബഹളവും എന്റെ തലച്ചോറിനെ മന്ദിപ്പിച്ചു. വെള്ളം കുടിക്കണമെന്ന് അവൾ പറഞ്ഞപ്പോൾ ഒരു മിനറൽ വാട്ടർ വാങ്ങിക്കൊടുത്തെങ്കിലും വായിലൊഴിച്ചപാടെ പെട്ടെന്ന് തുപ്പി.
എന്താ? ഞാൻ ചോദിച്ചു.
കയ്ക്കുന്നു -അവൾ പറഞ്ഞു.
ഞാനതു വാങ്ങിച്ച് ഒരു കവിൾ ചവച്ചിറക്കി. എനിക്കൊന്നും തോന്നിയില്ല. ഞാനത് പറഞ്ഞപ്പോൾ അവൾ പിറുപിറുത്തു. അത് വെള്ളമല്ല; നിലവിളിയാണ്. അതു കുടിച്ചാൽ ദാഹം കൂടുകയേ ഉള്ളൂ. ദാഹം മാറണമെങ്കിൽ കിണറ്റുവെള്ളം കോരിക്കുടിക്കണമെന്ന് അവൾ പറഞ്ഞു. നോക്കിയിട്ടില്ലേ?
ചെറുപ്പത്തിൽ അനാഥാലയത്തിന്റെ അതിരിലുള്ള കിണറ്റിലെ വെള്ളം കോരിക്കുടിച്ച് വെറുതെ കുറേനേരം അവിടെ ഇരിക്കുമായിരുന്നത് അവൾ ഓർത്തു. വെയിൽ മങ്ങുന്ന വൈകുന്നേരങ്ങളിൽ ചിലപ്പോൾ ജയിലിലെ കിണറിന്റെ കരയിലും അതൊക്കെയുമോർത്ത് ഇരിക്കുമായിരുന്നു. എന്നെ നിന്റെ വീട്ടിലേക്ക് കൊണ്ടുപോകുമോ? അവൾ ചോദിച്ചു. ദുഃസ്വാദ് ഇല്ലാത്ത വെള്ളം കുടിക്കാൻ കൊതി തോന്നുന്നു.
മറുപടി പറയാതെ ഞാൻ പോക്കറ്റിൽനിന്ന് ഫോൺ എടുത്തു നോക്കി.
ഇടതുവശത്തെ എസ്‌കലേറ്ററിലൂടെ മുകളിലേക്ക്, ലൊക്കേഷൻ അപ്പോഴും അവസാനിച്ചിരുന്നില്ല. അവളുടെ കൈപിടിച്ചുള്ള പിന്നത്തെ യാത്ര, മാളിലെ തിയേറ്റർ കോംപ്ലക്സിനു മുന്‍പിലെ നിശ്ശബ്ദതയിൽ ചെന്നുനിന്നു.
സിനിമയോ? അവൾ അത്ഭുതത്തോടെ ചോദിച്ചു.
അതെ. പക്ഷേ, എന്തിന്? എന്ന് ഞാൻ സംശയിച്ചു.
കയറണോ വേണ്ടയോ എന്ന ഞങ്ങളുടെ സംശയം ടിക്കറ്റു കൗണ്ടറിലിരുന്ന വൃദ്ധനിൽ അവസാനിച്ചു. ഞാൻ അവൾ പറഞ്ഞ ശ്ലോകം അയാളെ കേൾപ്പിച്ചിട്ട് അതിന്റെ അർത്ഥം അറിയാമോ എന്നു ചോദിച്ചു. ഒരു തിരച്ചിലിൽ ഇവിടെ വരാനാണ് ഫോണിൽ കിട്ടിയ ഉത്തരം എന്നും പറഞ്ഞു. വൃദ്ധൻ ചിരിച്ചിട്ട് രണ്ട് ടിക്കറ്റ് എടുത്തുനീട്ടി, ഞങ്ങൾ കൂടിയായപ്പോൾ ഷോ തുടങ്ങാനുള്ള സമയമായി എന്നു പറഞ്ഞു. ഏത് ചിത്രമാണെന്ന് ചോദിച്ചപ്പോൾ അങ്ങനെയൊന്നുമില്ല; ഓരോ സമയങ്ങളിൽ ഓരോ ചിത്രമാണെന്ന് പറഞ്ഞു. കാണികളല്ല ചിത്രം തീരുമാനിക്കുന്നത് സമയമാണെന്നു പറഞ്ഞു. അയാൾ പറഞ്ഞപ്പോൾ അന്വേഷിച്ചു വന്ന ഗൂഢാർത്ഥത്തിലേക്ക് ഒരു വാതിൽ തുറന്ന് വെളിച്ചം വീഴുന്നതുപോലെ എനിക്കു തോന്നി. പണം ഗൂഗിൾ പേ ചെയ്ത് ഞാൻ അവളുടെ കൈപിടിച്ച് അകത്തേക്കു കയറി. ഏറ്റവും പിറകിലെ വരിയിലെ രണ്ട് സീറ്റുകൾ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. ഞങ്ങൾ കയറിയപ്പോൾ ഇരിപ്പിടങ്ങളിൽ കാത്തിരുന്നവർ ഞങ്ങളെ ആശ്വാസത്തോടെയോ പ്രതീക്ഷയോടെയോ നോക്കി. അത് കണ്ടില്ലെന്നു നടിച്ച് ഞങ്ങൾ അവശേഷിച്ച സീറ്റുകളിൽ ഇരുന്നു. ഞങ്ങൾ ഇരുന്നതും വെളിച്ചങ്ങളണഞ്ഞ് ചിത്രം തുടങ്ങി.
അതൊരു പഴയ സിനിമ പുനഃപ്രദർശനത്തിനു വന്നതായിരുന്നു. ചിത്രം തുടങ്ങുമ്പോൾ അവൾ നിശ്ശബ്ദയായിരുന്നു. നാൽപ്പത് വർഷങ്ങൾക്കു മുൻപ് ആ സിനിമ ചിത്രീകരിച്ച ശേഷം, ഇക്കാലയളവിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നവരിൽനിന്ന് വേർപെട്ട്, മരിച്ചു പോയവരെ ഒന്നൊന്നായി ഓർമിച്ചുകൊണ്ട് ചിത്രം ആരംഭിച്ചു കഴിഞ്ഞപ്പോൾ അവൾ അസ്വസ്ഥയായി.
ഇത് മരിച്ചുപോയവരുടെ സിനിമയാണോ?
മരിച്ചുപോയവരുടേയും ജീവിച്ചിരിക്കുന്നവരുടേയും സിനിമ. ഞാൻ പറഞ്ഞു. എന്റെ മറുപടി അവളെ തൃപ്തിപ്പെടുത്തിയില്ലെന്നു തോന്നി. അവൾ കുറച്ചുകൂടി എന്നോട് ചേർന്നിരുന്നു.
ഇത് എന്തോ ഉദ്ദേശിക്കുന്നുണ്ട്. അവൾ പിറുപിറുത്തു.
ഞാനതു കേട്ടെന്നു ഭാവിച്ചില്ല.
സ്‌ക്രീനിൽ പകലിലും ഇരുട്ട് തങ്ങിനിൽക്കുന്ന ഇടനാഴി തെളിഞ്ഞു. ഇരുട്ടിലൂടെ കോൽവിളക്കും പിടിച്ച് രണ്ട് ചെറുപ്പക്കാർ ഒരു നിലവറയിലേക്കുള്ള പടവുകൾ ഇറങ്ങുന്ന ദൃശ്യം കാണായി. അവരിൽ ഒരാളുടെ അമ്മ നിലവറയുടെ വാതിൽക്കൽ വന്ന് താഴേയ്ക്ക് നോക്കുന്നുണ്ട്. അവർ ഉല്‍ക്കണ്ഠാകുലയാണ്. എന്തോ ഒളിപ്പിക്കാൻ അവരുടെ കണ്ണുകൾ ശ്രമിക്കുന്നുണ്ട്.
ചെറുപ്പക്കാരിലൊരാൾ ചോദിച്ച ചോദ്യത്തിനു മറുപടിയായി അമ്മ നിലവറയിൽ പ്രവേശിച്ച് ചിത്രപ്പണികൾ ചെയ്ത പഴയൊരു പേടകം പുറത്തെടുത്ത് ചെമ്പേടുകളും ഓലക്കെട്ടും മറിച്ചുനോക്കി അതിൽനിന്ന് ഒരോലക്കെട്ടെടുത്ത് ചെറുപ്പക്കാർക്കുനേരെ നീട്ടി. ഒരാൾ അത് കയ്യിൽ വാങ്ങി ഓലകൾ മറിക്കാൻ തുടങ്ങി. അപ്പോൾ ഒരേസമയം നേർത്തതും ഗാഢവുമായ ഒരു പുരുഷസ്വരത്തിൽ, മരിക്കാൻ നേരത്ത് മരിക്കാൻ പോകുന്നയാൾ അയാളുടെ അച്ഛനും സഹോദരിക്കും എഴുതിവെച്ച അവസാനത്തെ മൊഴി ഈരടികളായി പതിഞ്ഞുവീണു. താൻ ചതിച്ചു കൊല്ലപ്പെട്ടതാണെന്ന് അയാൾ കരഞ്ഞുകൊണ്ടു പറഞ്ഞു. വിശ്വസിച്ച് ഒപ്പംവന്ന ചങ്ങാതിയാണ് അതു ചെയ്തതെന്നും.
ഇത് മരിച്ചവന്റെ മരണമൊഴിയല്ലേ? അവൾ ചോദിച്ചു. ഇതല്ല സത്യം, എന്നല്ലേ സിനിമ പറയുന്നത്? എനിക്കറിയാം, ഞാൻ കണ്ടിട്ടുണ്ട്.
ഇത് സിനിമയാണ്. ഞാൻ പറഞ്ഞു. അതാ അവിടെ. ഞാൻ സ്‌ക്രീനിലേക്ക് കൈ ചൂണ്ടിക്കാണിച്ചു. അങ്ങോട്ടുനോക്ക്.
അപ്പോൾ ഓർക്കാപ്പുറത്ത് അവൾ എഴുന്നേറ്റുനിന്ന് മരിച്ചുപോയവരെ ജീവിച്ചിരിക്കുന്നവർ ഓർക്കുന്നപോലെ കൈകൊട്ടുകയോ ആർത്തുവിളിക്കുകയോ ചെയ്തു. മരിച്ചവർ പറയുന്നതിനപ്പുറത്തും സത്യമുണ്ട്. അവൾ ഉറക്കെ വിളിച്ചുകൂവി. പിന്നെയും എന്തൊക്കെയോ...
സിനിമ നിന്നു. വെളിച്ചം തെളിഞ്ഞു. ചിലർ അടുത്തു വന്നു.
എന്തിനാണ് കൂവിയത് ? ചിലർ ചോദിച്ചു
മരിച്ചവന്റെ മരണമൊഴിയുടെ കറ കഴുകിക്കളയാൻ, കുറ്റം ചെയ്യാത്തവന്റെ പോംവഴി ആത്മഹത്യ! നാല്‍പ്പതു വർഷങ്ങൾക്കുശേഷവും സത്യം സിനിമാക്കഥ! അവൾ കിതച്ചു. സിനിമ കൊണ്ടൊക്കെ എന്തു പ്രയോജനം?
പക്ഷേ, ആൾക്കൂട്ടം അടങ്ങിയില്ല. അവളുടേത് മനഃപ്പൂർവം പ്രധാന നടനെ അപഹസിക്കാനുള്ള ശ്രമം ആയിരുന്നുവെന്ന് ചിലർ പറഞ്ഞു. നിർമാതാവിനോട് വിരോധമുള്ളവർ പണം കൊടുത്ത് കൂവിച്ചതാണെന്ന് ചിലർ പറഞ്ഞു. വാഗ്വാദം കുറേനേരം നീണ്ടുനിന്നു. പിന്നെ തിയേറ്റർ ജീവനക്കാരോ ആരൊക്കെയോ ചേർന്ന് അവളെ പിടിച്ചുകൊണ്ടുപോകുന്നത് ഞാൻ വെറുതെ നോക്കിനിന്നു. അവൾ അവരുടെ കൂടെ പോയി. ഒരിക്കലെങ്കിലും അവൾ എന്റെ നേരെ തിരിഞ്ഞു നോക്കുമോ എന്നായിരുന്നു എനിക്ക് അറിയേണ്ടത്. അങ്ങനെയൊന്നും ഉണ്ടായില്ല. നയിക്കപ്പെട്ട വഴിയിലേക്ക് ഒട്ടും കൂസാതെ തല ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെ അവൾ ഉച്ചത്തിൽ, അതേസമയം അസ്പഷ്ടമായി എന്തോ വിളിച്ചുപറഞ്ഞുകൊണ്ട് നടന്നുപോയി.
ആരാ? തൊട്ടടുത്തുവന്ന് ഒരു വൃദ്ധൻ ചോദിച്ചു.
ആരുമല്ല. ഞാൻ പറഞ്ഞു.
അതല്ല. ആ സ്ത്രീ നിങ്ങളുടെ ആരാണെന്ന്?
അതാണ് ഞാൻ പറഞ്ഞത്. എന്റെ ആരുമല്ല.
നിങ്ങളോടൊപ്പമാണല്ലോ അവൾ വന്നത്?
ഒപ്പം വന്നതുകൊണ്ട് ഒരാൾ ആരുടെയെങ്കിലും ആരെങ്കിലും ആവണമെന്നുണ്ടോ? ഞാൻ ചോദിച്ചു. വൃദ്ധൻ മനസ്സിലാവാത്തതുപോലെ എന്നെ തുറിച്ചുനോക്കി.
ഞാൻ ഒറ്റയ്ക്കാണ് നടന്നുതുടങ്ങിയത്. കുറച്ചുകഴിഞ്ഞപ്പോൾ അവൾ ഒപ്പം വന്നു. പിന്നെ ഞങ്ങൾ ഒന്നിച്ച് നടന്നു. ഞാൻ മറ്റൊരു വിധത്തിൽ വിശദീകരിക്കാൻ ശ്രമിച്ചു. വൃദ്ധന് തൃപ്തിയായെന്ന് തോന്നി. അയാൾ തലകുലുക്കി തിരിച്ചുപോയി.
വീണ്ടും പ്രദർശനം ആരംഭിച്ചപ്പോഴാവട്ടെ, നേരത്തെ കണ്ടുകൊണ്ടിരുന്ന സിനിമയല്ല തുടർന്നത്. അതിനു നീക്കിവെച്ച സമയം കഴിഞ്ഞുപോയെന്ന് തിയേറ്റർ അധികാരികൾ പറഞ്ഞു. ചിലപ്പോൾ ആരെങ്കിലും തർക്കങ്ങൾ ഉന്നയിക്കുമെന്ന് ഞാൻ കരുതി. ഒന്നുമുണ്ടായില്ല. എല്ലാവരും സന്തോഷത്തോടെ പുതിയ സിനിമയിലേക്ക് പ്രവേശിക്കുന്നത് ഞാൻ അസൂയയോടെ കണ്ടു. അല്പനേരം ഉറങ്ങിയെന്നും തോന്നുന്നു. അന്നേരം സ്ലീപ്‌മോഡിൽ ഇട്ടിട്ടു പോന്ന കംപ്യൂട്ടറിനെപ്പറ്റിയും പകുതി വഴിയിൽ നിർത്തിയ ജോലിയെപ്പറ്റിയും ഞാൻ മറന്നുപോയിരുന്നു. ഒരുതരം മന്ദിച്ച ഉറക്കം എന്റെ ചോരയിലൂടെ ഒഴുകാൻ തുടങ്ങിയിരുന്നു. ഒരുപാട് നാളുകളായി ഉറങ്ങാതിരുന്ന ഉറക്കമെല്ലാം കുത്തിയൊലിച്ചു വന്നതുപോലെ.
ഹാളിൽ ഇടവേളയുടെ വെളിച്ചം നിറഞ്ഞപ്പോൾ ഞാൻ ഉറക്കത്തിൽനിന്ന് കണ്ണുകൾ തിരിച്ചെടുത്തു. എസ്‌കലേറ്ററിൽ ഇറക്കം ഇറങ്ങുമ്പോൾ ക്ഷീണംകൊണ്ട് കൈപ്പിടികളിൽ പിടിച്ചു. എന്നെപ്പോലെ വേറെയും ചിലർ ജീവിതത്തിന്റെ ഇറക്കം ഇറങ്ങുന്നതു കണ്ടു. സിനിമ ഇഷ്ടപ്പെടാത്തവരായിരിക്കും.
മാളിനു പുറത്ത് നേരം സന്ധ്യയായിരുന്നു. പുറംജീവിതത്തിന്റെ തിരക്കിലേക്ക് പതിച്ചുപോകുന്നതിനു മുൻപ് ഞാൻ ചുറ്റും നോക്കി. അവളേയോ അവളെ കൂട്ടിക്കൊണ്ടുപോയവരേയോ എങ്ങും കണ്ടില്ല. വെളിച്ചങ്ങൾ കനിവുവിട്ട് കണ്ണുകളിലേക്ക് ഇരച്ചുകയറി. ഒച്ചകൾ ജീവിതത്തിനെ പെരുപ്പിച്ചുകാട്ടി. തിരികെപ്പോകുമ്പോൾ ദിശവ്യത്യാസം വരുന്നതുകൊണ്ടും പതിവുജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള വെമ്പൽകൊണ്ടും ഒരു ഓട്ടോ വിളിക്കാമെന്നു വിചാരിച്ചു ഞാൻ.
പക്ഷേ, ഗേറ്റ് തുറന്നുകിടക്കുന്ന വീട്ടിലേക്ക് എന്ന് ലക്ഷ്യസ്ഥാനം പറഞ്ഞത് ഓട്ടോ ഡ്രൈവർക്ക് മനസ്സിലായില്ല. എത്ര ദൂരം പോകേണ്ടിവരും? അക്ഷമയോടെ അയാൾ ചോദിച്ചു.
അധികദൂരം ഞാൻ നടന്നില്ല. ഞാൻ പറഞ്ഞു. അതിനുമുമ്പുതന്നെ ഞാൻ അവളെ കണ്ടിരുന്നു. പിന്നെ ഞങ്ങൾ കുറേനേരം ഒരിടത്തുനിന്ന് സംസാരിച്ചു. പിന്നെയും കുറച്ചേ നടന്നുള്ളൂ. അപ്പോഴേക്കും മാൾ എത്തിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് തിരിച്ചും അത്രയും ദൂരം പോയാൽ മതി.
ഒന്നും മനസ്സിലാവാത്തതുപോലെ അയാൾ എന്നെ തുറിച്ചുനോക്കി. കൊണ്ടുവിട്ടാൽ മതിയോ? അയാൾ ചോദിച്ചു. വെയിറ്റ് ചെയ്യേണ്ടിവരുമോ? അയാൾ പിന്നെയും ഓരോന്നു ചോദിച്ചു കൊണ്ടിരുന്നു.
കൊണ്ടുവിടുകയല്ലേ ചെയ്യുക. ഞാൻ അലസമായി പറഞ്ഞു. അല്ലെങ്കിലും ആരാണ് കാത്തിരിക്കുന്നത്?
പുകയിലൂടെ വാഹനം പാഞ്ഞപ്പോൾ എനിക്ക് ഉള്ളിലൊരു തണുപ്പുതോന്നി. പിന്നെയും വീട്ടിൽ ചെല്ലുമ്പോൾ അപ്പോഴും സ്ലീപ്പ്‌മോഡിൽ എന്നെ പ്രതീക്ഷിച്ചിരിക്കുന്ന കംപ്യൂട്ടറിനെപ്പറ്റിയോ അവസാനിച്ചിടത്തുനിന്ന് ആരംഭിച്ച് വീണ്ടും എനിക്കു മുന്നിൽ നീണ്ടുകിടക്കുന്ന ഉറക്കമില്ലാത്ത ദിനങ്ങളുടെ അദ്ധ്വാനത്തെപ്പറ്റിയോ ഒന്നും ഞാൻ ആലോചിച്ചില്ല. എന്റെ മനസ്സ് ഒരേസമയം ശൂന്യവും അതേസമയം നിറഞ്ഞുകവിഞ്ഞതുമായിരുന്നു.
പക്ഷേ, എന്റെ പ്രതീക്ഷയെ അമ്പരപ്പിച്ചുകൊണ്ട് തിരികെ വന്നപ്പോൾ വീടിന്റെ ഗേറ്റുകൾ അടഞ്ഞുകിടക്കുകയായിരുന്നു. ഒരിക്കൽ ഞാൻ തുറന്നിട്ടിട്ടുപോയ ഗേറ്റുകൾ എന്നെ നോക്കി നിശ്ശബ്ദമായി താക്കീതുകൾ നല്‍കി. അധൈര്യത്തോടെ അകത്തു കയറി ഗേറ്റുകൾ വീണ്ടും അടച്ചപ്പോൾ എനിക്കെന്തോ അരുതായ്ക തോന്നി.
മുറ്റത്തെ ചെടികളുടെ ഇലപ്പടർപ്പുകൾക്കിടയിൽനിന്നും അപ്പോൾ അവൾ ഇറങ്ങിവന്നു.
നിങ്ങൾ! അവൾ പറഞ്ഞു. എന്റെ പ്രതീക്ഷ തെറ്റിയില്ല.
നീ? ഞാൻ അന്ധവിശ്വാസത്തോടേയോ അമ്പരപ്പോടെയോ ചോദിച്ചു.
ആ തെമ്മാടികളിൽനിന്ന് രക്ഷപ്പെട്ട്... അവൾ പറഞ്ഞു. ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുവോളം അവർ എന്നെ ചോദ്യം ചെയ്തുകൊണ്ടിരുന്നു. എന്തൊക്കെയാണ് ഈ മനുഷ്യർക്ക് അറിയേണ്ടത്? ഈ സിനിമയ്ക്ക് മാത്രം കൂവിയതെന്താ; മറ്റേ നടന്റെ സിനിമയ്ക്ക് കൂവാത്തതെന്താ; സെലക്ടീവ് കൂവലാണോ അങ്ങനെ എന്തൊക്കെയോ... സത്യം പറയാമല്ലോ. അവൾ പറഞ്ഞു. അവർ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല. ഞാൻ പറഞ്ഞതൊന്നും അവർക്കും മനസ്സിലായിക്കാണില്ല.
ഓട്ടോറിക്ഷയിൽ പോയപ്പോൾ ഈ വീടിന്റെ മാത്രം ഗേറ്റ് തുറന്നുകിടക്കുന്നതു കണ്ടു. അപ്പോൾ ഞാൻ, ഉള്ളിലാരുമില്ലാത്തപ്പോൾ മാത്രം ഗേറ്റുകൾ തുറന്നിടുന്ന ജീവിതത്തിനെപ്പറ്റി നിങ്ങൾ പറഞ്ഞതത്രയും ഓർത്തു. അവൾ പറഞ്ഞു. ആരെങ്കിലും പിന്തുടർന്നു വന്നാലോ എന്ന് കരുതി ഗേറ്റടച്ച് പതുങ്ങിയിരുന്നതാണെന്നും.
അപ്പോൾ, ഇതാണ് നിങ്ങളുടെ ജീവിതം! ഇരുട്ടിൽ നിശ്ശബ്ദമായിരിക്കുന്ന വീടിന്റെ മുഖപ്പുകളിലേക്ക് നോട്ടം ഉയർത്തി അവൾ പറഞ്ഞു. ശ്ലോകത്തിന്റെ അർത്ഥം അന്വേഷിക്കാൻ ഇനി അവൾ എന്തുചെയ്യാൻ പോകുന്നുവെന്നു ചോദിക്കണമെന്നുണ്ടായിരുന്നു. പകരം ഞാൻ, രാത്രി വൈകിയല്ലോ, ഇനി ഇവിടെ കിടന്നിട്ട് നേരം പുലർന്നിട്ടു പോകാം എന്നു പറഞ്ഞത് അവൾ എതിർത്തില്ല.
എന്റെ കയ്യും പിടിച്ച് വീടിന്റെ നേർക്ക് നടക്കുമ്പോൾ അവൾ, നഷ്ടപ്പെട്ടുപോയ സിനിമാക്കാഴ്ചയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. ഒരു കഥയിലേക്ക് നയിക്കപ്പെടുകയും അത് പൂർത്തിയാവാതെ അതിൽനിന്ന് ഇറങ്ങിപ്പോരേണ്ടിവരികയുമാണെങ്കിൽ അതിലെന്തോ ഉണ്ട്. അവൾ പറഞ്ഞു. ഞാൻ ഒന്നും മറുപടി പറഞ്ഞില്ല. അപ്പോഴാണ് അവൾ പറഞ്ഞത്; സത്യമെന്നത് ഓരോരുത്തരുടേയും തോന്നലുകളോ അനുഭവങ്ങളോ ആണെന്നും സത്യമെന്നത് ഒരിക്കലും എല്ലാവർക്കും ഒരുപോലെയല്ലെന്നും. ഒരുപക്ഷേ, അതായിരിക്കും ശ്ലോകത്തിന്റെ അർത്ഥം. അതു ബോദ്ധ്യപ്പെടുത്താനായിരിക്കും ചാറ്റ്‌ബോട്ട് തിയേറ്ററിലേക്ക് ദൃഷ്ടാന്തം കാണിച്ചത്. അവൾ പറഞ്ഞു. അല്ലേ? നിനക്കെന്തു തോന്നുന്നു?
നീ പോയിക്കഴിഞ്ഞപ്പോൾ മറ്റൊരു സിനിമയാണ് പ്രദർശിപ്പിച്ചത്. ഞാൻ പറഞ്ഞു. ആദ്യത്തെ സിനിമയുടെ സമയം കഴിഞ്ഞുപോയിരുന്നു. അവൾ അന്നേരം പൊട്ടിച്ചിരിച്ചു. ആദ്യത്തെ സിനിമയുടെ പ്രേക്ഷക ഞാനായിരുന്നു. എന്റെ സമയം കഴിഞ്ഞുപോയെന്നായിരിക്കും. അത് പറഞ്ഞ് അവൾ വീണ്ടും ഉറക്കെ ചിരിച്ചു.
പക്ഷേ, പൂമുഖത്തേയ്ക്ക് കയറിയതും പെട്ടെന്ന് കാരണമില്ലാതെ അവളുടെ ഭാവം പകരാൻ തുടങ്ങി. വാതിലുകളിൽ താക്കോൽ തിരിക്കുമ്പോൾ, വിളക്കുകളിൽ വെളിച്ചം സൃഷ്ടിക്കുമ്പോൾ, പൈപ്പുകളിൽ വെള്ളം തുറക്കുമ്പോൾ ഒക്കെയും അവൾ മാറിനിന്ന് എന്നെ തുറിച്ചുനോക്കുകയായിരുന്നു. അവളുടെ പരിഭ്രമിച്ച നോട്ടം കണ്ടപ്പോൾ എനിക്ക് ചിരിവന്നു. ക്ഷിതിയിലഹഹ മർത്യജീവിതം... എന്ന് അവളെ ചൊടിപ്പിക്കാൻ വേണ്ടി ഞാൻ ചൊല്ലിയതും അവൾ എന്റെ കൈയ്ക്ക് കയറിപ്പിടിച്ചു.
സത്യം പറ. ഇവിടെ വേറെ ആരെങ്കിലും ഉണ്ടോ?
ഇല്ലെന്നു പറഞ്ഞത് അവൾ വിശ്വസിക്കാൻ കൂട്ടാക്കിയില്ല. ഇവിടെ എന്തോ മണം. അവൾ മൂക്ക് ചുളിച്ചുകൊണ്ട് പറഞ്ഞു. ഗ്യാസ് തുറന്നിട്ടാണോ പുറത്തുപോയത്?
അവൾ ജനലുകളും വാതിലുകളും തുറന്നിട്ടു. ഗ്യാസിന്റെ മണം വരുന്നെന്ന് പറഞ്ഞ് ലൈറ്റ് ഇടാൻ സമ്മതിച്ചില്ല. ഇടയ്ക്ക് എപ്പോഴോ എന്റെ ഫോണിലേക്ക് ഒരു കോൾ വന്നത് എടുക്കാനും സമ്മതിച്ചില്ല.
നിനക്ക് കിണറ്റുവെള്ളം കുടിക്കണ്ടേ? ഞാൻ ചോദിച്ചു. ദാഹിക്കുന്നെന്നു പറഞ്ഞിട്ട്?
വേണ്ട. അവൾ അതൃപ്തിയോടെ പറഞ്ഞു. അതന്നേരത്തെ ഒരു തോന്നലായിരുന്നു. ഇപ്പോളില്ല.
രണ്ടു മുറികളിലായി ഞങ്ങൾ രാത്രി കഴിച്ചുകൂട്ടാൻ കിടന്നു. വാതിലുകൾ അടച്ചിരുന്നില്ല. എപ്പോഴോ മുറിയിൽ അനക്കം കേട്ടു. തുറന്നിട്ട ജനലിൽ കൂടി അരിച്ചുവന്ന പ്രകാശത്തിൽ കട്ടിലിൽ അവൾ ഇരിക്കുന്നതു കണ്ടു. ഞാൻ ചാടി എഴുന്നേറ്റു.
ഒരു മുറി പൂട്ടിയിട്ടിരിക്കുന്നത് എന്താണ്? അവൾ ചോദിച്ചു.
എനിക്ക് ആ ചോദ്യം ഇഷ്ടപ്പെട്ടില്ല. ഈ വീട്ടിൽ തുറന്നുകിടക്കുന്ന എത്രയോ മുറികളുണ്ട്. അതിനെക്കുറിച്ച് ഒന്നും ചോദിക്കാതെ അടച്ചുകിടക്കുന്ന മുറിയെക്കുറിച്ചു മാത്രം ചോദിക്കുന്നതെന്തിനാണ്? എന്റെ ശബ്ദം പൊങ്ങിയപ്പോൾ അവൾ നിശ്ശബ്ദയായി.
എനിക്കറിയാം. പിന്നെ എപ്പോഴോ അവൾ പറഞ്ഞു. ഇവിടെ മറ്റാരോ ഉണ്ട്. മറ്റാരുടേയോ മണം.
മറ്റാരുടേയോ നിശ്ശബ്ദമായ കരച്ചിൽ, മറ്റാരോ നടക്കുന്ന ശബ്ദം... അവളുടെ പേടികളും പരാതികളും പിന്നെയും ചിലമ്പിവീണുകൊണ്ടിരുന്നു.
എല്ലാം നിന്റെ തോന്നലുകളാണ്. കുറെ മുന്‍പേ ദാഹിക്കുന്നു എന്നു പറഞ്ഞത് തോന്നലായിരുന്നു എന്ന് നീ പറഞ്ഞില്ലേ, അതുപോലേ ഉള്ളൂ ഇതും. പോയിക്കിടന്ന് ഉറങ്ങാൻ നോക്ക്. ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
നിങ്ങൾ കല്ല്യാണം കഴിച്ചതാണോ? നിങ്ങളുടെ പങ്കാളി എവിടെ?
എനിക്കറിയില്ല. സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നതുപോലെ കഴിയുന്നത്ര ഒച്ച താഴ്ത്തി അവളുടെ രണ്ട് ചോദ്യങ്ങളിൽ ഏതിനാണ് ഉത്തരം പറയുന്നതെന്ന് എനിക്കുതന്നെ തീർച്ചയില്ലാതെ ഞാൻ പറഞ്ഞു. സത്യം.
അലമാരയിൽ ഇരിക്കുന്ന ചുരിദാറുകൾ ആരുടേതാണ്? അവൾ ചോദിച്ചു.
എന്തോ പറയാൻ വന്നത് ഞാൻ പിന്നെ വേണ്ടെന്നുവെച്ചു.
അവൾ പക്ഷേ, നിർത്താൻ ഭാവമുണ്ടായിരുന്നില്ല. ഇതെന്താണ്? അവൾ കൈപ്പടം നീട്ടി ചോദിച്ചു. ഞാൻ തപ്പി നോക്കി. അത് ഞാൻ സൂക്ഷിച്ചുവെച്ച ഗർഭ നിരോധന ഉറകളുടെ പായ്ക്കറ്റ് ആയിരുന്നു. ഇരുട്ടത്ത് ഇവൾ ഇതെങ്ങനെ കണ്ടുപിടിച്ചു എന്നു ഞാൻ അതിശയിച്ചു.
മേശപ്പുറത്താണ് ഇരുന്നത്. അവൾ അർത്ഥം വെച്ചു പറഞ്ഞു.
മാസ്റ്റർബേറ്റ് ചെയ്യുമ്പോഴും ഞാനിത് ഉപയോഗിക്കും. ഞാൻ ദുർബലമായി പറഞ്ഞു. എന്നെത്തന്നെ വിശ്വസിപ്പിക്കും മട്ടിൽ. നീ എന്നെ ക്വസ്റ്റ്യൻ ചെയ്യുന്നത് എന്തിനാണ്?
ഇതോ? കേൾക്കാത്ത മട്ടിൽ അവൾ ചോദിച്ചു. ഇതും അവിടെ ഇരുന്നതാണ്?
ഉറക്കഗുളികകളുടെ പാക്കറ്റിൽ തൊട്ടപ്പോൾ എന്റെ കൈ പൊള്ളി. നിന്റേതല്ലാത്ത ഒന്നും നീ എടുക്കരുത്. അന്വേഷിക്കരുത്. പിടിവിട്ട ഒച്ചയിൽ ഞാൻ പറഞ്ഞു. മതിയായി എനിക്ക് ഈ മറുപടി പറച്ചിൽ.
നിങ്ങൾ എപ്പോഴും ജീവിതത്തിൽ പ്രിപ്പയേർഡ് ആണ് അല്ലേ? കൂടുതൽ പറയണ്ട. ശാന്തയായി അവൾ പറഞ്ഞു. എനിക്ക് നിങ്ങളെ മനസ്സിലായി.
അവൾ ഒന്ന് തറപ്പിച്ചുനോക്കി എന്നുറപ്പാണ്. ഇരുട്ടിലും എനിക്കതിന്റെ മൂർച്ച അറിയാമായിരുന്നു. ഒരു നിമിഷം ആ നോട്ടത്തിൽത്തന്നെ ഉറച്ചുനിന്നിട്ട് വെട്ടിത്തിരിഞ്ഞ് അവൾ പോയി.
ഞാൻ കുറെ നേരം കൂടി കട്ടിലിൽ വെറുതെ ഇരുന്നു. ഗ്യാസിന്റേതെന്ന് അവൾ പറഞ്ഞ വെറുപ്പിക്കുന്ന മണം അപ്പോഴും അന്തരീക്ഷത്തിൽ തങ്ങിനിന്നിരുന്നു. ഉഷ്ണം എന്റെ ദേഹത്തുനിന്ന് ഇടതടവില്ലാതെ മെഴുക്കു പുറംതള്ളിക്കൊണ്ടിരുന്നു. കെട്ടഗന്ധത്തോടൊപ്പം വിയർപ്പുനാറ്റം കൂടി സഹിക്കാൻ കഴിയാതെ ഞാൻ തലയുയർത്തി. മച്ചിൽ ശ്വാസം കിട്ടാതെ വീർപ്പുമുട്ടി മരിച്ച ഫാൻ, തുറന്നിട്ട ജനലിൽ കൂടി ഇടയ്ക്ക് എപ്പോഴോ കടന്നുവന്ന ചെറിയ കാറ്റിൽ ഒന്നാടി, പിന്നെയും നിശ്ചലമായി. എവിടെയോ ഒരു വാതിൽ ഊക്കോടെ കൊട്ടിയടയ്ക്കുന്ന ഒച്ച അതുവരെ വീടിനുള്ളിൽ നിറഞ്ഞുനിന്ന നിശ്ശബ്ദതയെ മുറിപ്പെടുത്തി. മറ്റൊരു മുറികൂടി അടയ്ക്കപ്പെടുന്നു എന്ന തോന്നൽപോലും എന്നെ പരിഭ്രാന്തനാക്കി. ഉറക്കം മുട്ടിയവന്റെ ചുടിച്ചിലോടെ ഞാൻ മുറിക്ക് പുറത്തേക്കിറങ്ങി.
അവൾ അടച്ചിട്ട മുറിയുടെ വാതിൽക്കൽ ഞാൻ തെരുതെരെ മുട്ടി. ഉറക്കെ ഇടിച്ചു. ഉച്ചത്തിൽ ലീലേ, ലീലേ എന്നു വിളിച്ചു. വാതിലിൽ ആഞ്ഞു തൊഴിച്ചു. അവൾ പ്രതികരിച്ചില്ല. വാതിൽ തുറന്നുമില്ല.
വീട്, ഉറക്കം, ജീവിതം, യാഥാർത്ഥ്യം... ഒക്കെയും എന്നിൽനിന്ന് മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടെന്നു തോന്നിയപ്പോൾ ഞാൻ മെല്ലെ പുറത്തുകടന്നു. പുറത്ത് ഉഷ്ണവും കുറ്റബോധവും ഇല്ലാത്ത രാത്രി കാത്തുനിന്നിരുന്നു. മുറ്റത്തുകൂടി നടന്നുവന്ന് അടച്ചിട്ട ഗേറ്റിന്റെ ഓടാമ്പലിൽ പിടിച്ച് ഒരു നിമിഷം ഞാൻ നിരത്തിലേക്ക് നോക്കി എന്തോ ഓർത്തുനിന്നു. പിന്നെ തിരികെ പൂമുഖത്തെ തിണ്ണയുടെ തണുപ്പിൽ വന്ന് നീണ്ടുനിവർന്നു കിടന്നു. ഉള്ളിലെവിടെയോ എന്നോ ആരോ തേങ്ങിക്കരഞ്ഞ ശബ്ദം, കാതുകളെ അപ്പോഴും അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. സംസാരങ്ങൾ അഴിഞ്ഞുപോയ ജീവിതം ഒരു നെടുവീർപ്പായി വന്ന് എന്നെ മൂടി. ഉറങ്ങാൻ കഴിയാതെ തണുത്ത നിലത്ത് ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. എപ്പോഴോ ഉറങ്ങി.
പിറ്റേന്ന് പുലർച്ചയ്ക്ക് വെയിൽ എന്റെ ഉടലുകളെ പൊള്ളിക്കുകയും കണ്ണുകളെ തുറപ്പിക്കുകയും ചെയ്തപ്പോൾ ഞാൻ തിടുക്കമില്ലാതെ ഉണർന്നു. എവിടെയാണ് കിടക്കുന്നത് എന്ന ഓർമ എന്നെ തലേ ദിവസത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഞാൻ അമ്പരപ്പോടെ എഴുന്നേറ്റ് വീട്ടിനുള്ളിലേക്ക് ചെന്നു. ഒരിക്കൽ അടഞ്ഞനിലയിൽ കാണപ്പെട്ട ഒരു വാതിൽ അപ്പോൾ തുറന്നു കിടക്കുകയായിരുന്നു. തുറന്നുകിടന്ന മുറിയിൽ ആരും ഉണ്ടായിരുന്നില്ല. ആരും ഉപയോഗിച്ചിട്ടില്ലെന്ന മട്ടിൽ, കിടക്ക ചുളിവുകളില്ലാതെ കിടന്നു. കഴിഞ്ഞതെല്ലാം ഒരു സ്വപ്‌നമായിരുന്ന മട്ടിൽ ഗ്യാസിന്റെ മണവും ഇല്ലാതായിക്കഴിഞ്ഞിരുന്നു. ഞാൻ പൂമുഖത്തു വന്ന് പുറത്തേക്ക് നോക്കി. ഇന്നലെ രാത്രി ഉറങ്ങാൻ നേരം അടച്ചിട്ട ഗേറ്റ് അന്നേരം തുറന്നുകിടക്കുകയായിരുന്നു. രാത്രി ഞാൻ ഉറങ്ങിക്കഴിഞ്ഞപ്പോൾ എപ്പോഴോ അവൾ പുറപ്പെട്ടു പോയെന്ന് എനിക്ക് മനസ്സിലായി. ഓരോന്നായി ഞാൻ വാതിലുകളും ജന്നലുകളും അടച്ചു. എയർ കണ്ടീഷണർ ഓൺ ചെയ്തു. സ്ലീപ്പ്‌മോഡിലായിരുന്ന കംപ്യൂട്ടർ ചാർജ് തീർന്ന് ഓഫ് ആയിക്കഴിഞ്ഞിരുന്നു. ഞാൻ വീണ്ടും അതെല്ലാം ചാർജ് ചെയ്തു. മെല്ലെ മെല്ലെ ഞാൻ ജീവിതത്തിലേക്ക് തിരിച്ചുവന്നു.
അപ്പോഴും അടയ്ക്കാൻ മറന്ന ഗേറ്റിലൂടെ എപ്പോഴോ രണ്ടുമൂന്നു പേർ കയറിവന്നു. അവർ വന്ന് കോളിംഗ് ബെൽ അടിച്ചപ്പോൾ ഞാൻ ചെന്ന് വാതിൽ തുറന്നു. അയൽക്കാരാണെന്ന് അവർ പരിചയപ്പെടുത്തി. കുറെ നാളായി ആവശ്യം വരാതിരുന്ന ചിരി ഞാൻ പുറത്തെടുത്തു.
എന്തോ ദുർഗന്ധം വരുന്നുണ്ടെന്ന് അവർ പരാതിപ്പെട്ടു. ഇന്നലെ ഗ്യാസ് ഓഫ് ചെയ്യാൻ മറന്ന് ലീക്കായ വിവരം ഞാൻ പറഞ്ഞു. അതല്ലെന്ന് അവർ പറഞ്ഞു. എന്തോ അഴുകുന്ന മണമാണ്. ഒരാൾ പറഞ്ഞു. മരിച്ചവരുടെ മണം. അപ്പോൾ വീടിന്റെ പിൻവശത്തുനിന്ന് ആരോ ഉച്ചത്തിൽ കൂവുന്ന ശബ്ദം കേട്ടു. കൂവലാണോ കരച്ചിലാണോ എന്ന് തീർച്ചയുണ്ടായിരുന്നില്ല. ശബ്ദം കേട്ട ഇടത്തേക്ക് ഞാൻ വേഗം ചെന്നു. ആരൊക്കെയോ എന്റെ പിന്നാലെ വരുന്നുണ്ടായിരുന്നു.
വീടിന്റെ പിൻവശത്ത് കിണറിന്റെ മറവിൽ പെട്ടെന്ന് കാഴ്ചപ്പെടാത്തയിടത്ത് മരിച്ച നിലയിൽ കമിഴ്ന്നുകിടന്ന നിലയിലായിരുന്നു അവളുടെ മൃതദേഹം. ശൂന്യമായ കൈകൾ വെറുംനിലത്തേക്ക് പതിപ്പിച്ചുവെച്ചിരുന്നു. കാൽവെള്ളയിൽ മാത്രം നഗ്നത, തേഞ്ഞുതീർന്ന ജീവിതത്തിന്റെ വടുക്കളത്രയും വെളിപ്പെടുത്തി. ഭൂമിയിലേക്ക് തിരിഞ്ഞുകിടന്ന മുഖമാവട്ടെ, ഒന്നും പറഞ്ഞുമില്ല. അവൾ മരണപ്പെട്ടുപോയെന്നു മാത്രം എനിക്ക് മനസ്സിലായി. അവളുടെ മരണം എങ്ങനെയായിരുന്നു എന്ന് ഞാൻ ഓർത്തില്ല. ഓർക്കാൻ ആഗ്രഹിക്കുകയോ അതിന്റെ ആവശ്യമോ ഉണ്ടായിരുന്നില്ല.
ഇതാണ് സത്യം. ഞാൻ പറഞ്ഞു
അതിരിക്കട്ടെ. ഇൻസ്‌പെക്ടർ ചിരിച്ചു. നമുക്ക് അവൾ അവശേഷിപ്പിച്ച ചോദ്യത്തിലേക്ക് തിരിച്ചുപോകാം. നിങ്ങൾ വിവാഹം കഴിച്ചതാണോ? നിങ്ങളുടെ ഭാര്യ എവിടെ?
അന്നത്തെ ദിവസം അപ്പോൾ ആദ്യമായി എനിക്കതെല്ലാം ഓർമവന്നു. എന്നോടൊപ്പം നടന്നു തുടങ്ങിയ എന്നോടൊപ്പം വർത്തമാനം പറഞ്ഞ, എന്നോടൊപ്പം ഭക്ഷണം കഴിച്ച, എന്നോടൊപ്പം കാഴ്ചകൾ കണ്ട, എന്നോടൊപ്പം രാത്രി പങ്കിട്ട ഒരുവൾ ഒരു കാരണവുമില്ലാതെ പിന്നീട് മരണത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന ചോദ്യം അതുവരെ എന്നെ ബാധിച്ചിരുന്നില്ല. ഇപ്പോൾ ആദ്യമായി എവിടെയാണ് ഞാൻ വന്നെത്തിപ്പെട്ടതെന്ന് തിരിച്ചറിഞ്ഞപ്പോൾ ഉത്തരങ്ങൾക്കു പിന്നാലെ ചോദ്യങ്ങൾ ഉടലെടുക്കുന്ന ഭയം എന്നെ ഗ്രസിച്ചു. ഞാൻ വിറച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates