മനോജ് വെങ്ങോല എഴുതിയ കഥ 'ഥ'

Illustration
ചിത്രീകരണംസചീന്ദ്രന്‍ കാറഡുക്ക
Updated on
6 min read

ഇന്നലെ രാത്രിയിൽ ഞാനൊരു പൂമൊട്ടിൻ മന്ദസ്മിതത്തിൽ കിടന്നുറങ്ങി... എന്ന് ഉരുവിട്ടുറങ്ങിയതുകൊണ്ടാകും, ഞാനതു സ്വപ്നം കണ്ടു.

നിറയെ മുള്ളുകളുള്ള പാണലും നെറ്റിച്ചുട്ടനും ഞൊട്ടാർഞൊടിയും വളർന്ന കയ്യാല. അതിനു താഴെ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു ചെടി. ആ ചെടിയുടെ മേൽക്കവരയിലെ ഇത്തിരിപ്പോന്ന ഒരു പൂവിനുള്ളിൽ ഉറങ്ങുന്നതായിരുന്നു ആ സ്വപ്നം.

ഇതളുകൾ വിരിഞ്ഞുനിന്ന നേരത്ത് നടന്നുനടന്ന് അവയ്ക്കിടയിൽ എപ്പോഴോ ചെന്നുപറ്റിയതാണ്. തിരിച്ചുപോരാൻ തോന്നിയില്ല. അവിടെയിരുന്ന് മയങ്ങി.

വെയിലാറിയപ്പോൾ പൂവിതളുകൾ കൂമ്പിയതാകും. അകത്തുപെട്ടുപോയി. ഇടയ്ക്കൊന്നു തലയുയർത്തി നോക്കി യപ്പോൾ മുകളിൽ ആകാശത്തിന്റെ ചെറുനീല കണ്ടു. അവിടെനിന്നും ഏതോ സന്ദേശങ്ങൾ പിടിച്ചെടുക്കാനെന്നോണം നിവർന്നുനിൽക്കുന്ന കേസരങ്ങൾക്കിടയിലൂടെ വെളിച്ചം കണ്ണിൽക്കുത്തി. കാറ്റടിച്ചപ്പോൾ പൂമ്പൊടിയും തലേന്നു പെയ്ത മഴവെള്ളവും മുഖമാകെ നനച്ചുകൊണ്ട് പാറ്റിവീണു. അതൊന്നു തുടച്ചുകളയാൻ ആഗ്രഹിച്ചെങ്കിലും കൈ

പൊങ്ങുന്നില്ല. വേണ്ട. ഇടയ്ക്കിടെ ഓർക്കാൻ ആഗ്രഹിക്കുന്ന ഒരു സ്വപ്നത്തിന്റെ ബാക്കിയാണത്. അവിടെ കിടക്കട്ടെ.

ജീവിക്കുന്നു എന്നതിന്റെ അടയാളം കണ്ട സ്വപ്നങ്ങളാണ്.

ഉറങ്ങുമ്പോൾ ലോകത്തെ പുറത്തുനിർത്തിയിരുന്നു. എന്നിട്ടും അതേ ലോകം സ്വപ്നത്തിൽ വന്നു. ആരായിരിക്കും അവയെല്ലാം കൃത്യതയോടെ കടത്തിവിടുന്നത്? ഒരു പൂവിനുള്ളിൽ ഉറങ്ങുന്ന എന്നെ സ്വപ്നം കാണാനായി ഉറങ്ങുന്ന ഞാൻ. പൂവിനുള്ളിൽ ഉറങ്ങുന്നവൻ

കാണുന്ന സ്വപ്നമാണോ ഞാൻ? അങ്ങനെയെങ്കിൽ അവന്റെ ഭാവനയാകും ഞാൻ.

ആരോ ഉറക്കെ കൂവുന്ന കേട്ടാണ് ഉണർന്നത്. കൂവിയതാണോ? കരഞ്ഞതാണോ? വിളിച്ചതാണോ?

കൂവിക്കരഞ്ഞു വിളിക്കാൻ എനിക്കാര്?

ഈ ലോകവും മനുഷ്യരും എന്നിൽനിന്നും ഒഴിഞ്ഞുപോയിട്ട് കാലമെത്രയോ ആയി. കൈനീട്ടി കണ്ണട എടുത്ത് മുഖത്ത് വെച്ചു. എഴുന്നേറ്റിരുന്നപ്പോൾ റീഡിങ് ലാമ്പിനു ചുവട്ടിൽ ലേഖ അയച്ച ഡൈവോ ഴ്‌സ് നോട്ടീസ് കണ്ടു. തുറന്ന് ഒന്നുകൂടി വായിച്ചു. ജീവിതമാണല്ലോ. വിരസതകളിൽ നിന്നും അതിവേഗം വിടുതൽ നേടുന്നതാണ് എപ്പോഴും നല്ലത്. അവൾക്കതറിയാം.

അനിശ്ചിതമെങ്കിലും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും നല്ലതുതന്നെ.

ജനലുകൾ തുറന്നപ്പോൾ പുറത്താകെ തീവ്രവിഷാദംപോലെ വെയിൽ. അവളൊരിക്കൽ എവിടെനിന്നോ കൊണ്ടുവന്നു നട്ട, ജനലഴികളിലേയ്ക്ക് പിച്ചവെച്ചു വളർന്നുതുടങ്ങിയ മണിപ്ലാന്റിന്റെ ഇലകളിൽ വെയിൽ മെഴുക് പുരട്ടുന്നു. ആ മിനുപ്പിലൂടെ ഒരുറുമ്പ് മുകളിലേയ്ക്ക് വഴി തേടുകയാണ്. ഇലയൊന്നു മെല്ലെ കുടഞ്ഞപ്പോൾ അത്

പിടിവിട്ട് താഴത്തെ ഇലയിലേയ്ക്ക് വീണു. തനിക്കെന്താണ് സംഭവിച്ചതെന്ന ആലോചനയോടെ ഒരു നിമിഷം അതവിടെ നിശ്ചലം നിന്നു. പിന്നെ, ഇലയുടെ അടിയിലേയ്ക്ക് പാഞ്ഞു, മറഞ്ഞു.

തീർത്തും ദുർബലരായവരെ അകാരണമായി വേദനിപ്പിക്കുന്നതിൽ കൗതുകം കണ്ടെത്തുന്ന ദ്രോഹികളെ നയങ്ങളിലുള്ള ദൃഢതകൊണ്ടും പ്രതിരോധിക്കാം.

ചെറുജീവികൾ ജന്മനാ ആ ബോധമുള്ളവരാണ്.

Illustration
ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക

രാത്രി മുഴുവൻ പാടിക്കൊണ്ടിരുന്ന സ്റ്റീരിയോ നിശ്ശബ്ദമാക്കാൻ അലക്സയോട് നിർദേശിച്ചിട്ട് മൊബൈൽഫോൺ കയ്യിലെടുത്തു.

വാട്‌സാപ്പ് തിരയാൻ ഭയം തോന്നി.

ഒരുപക്ഷേ, ലേഖ അവളുടെ ന്യായീകരണങ്ങൾ എഴുതിയിട്ടിട്ടുണ്ടാകും. ഇനിയതു വായിക്കുന്നതിൽ അർത്ഥമില്ല. അല്ലെങ്കിൽ മോൾ വരച്ച ചിത്രങ്ങളോ അവൾ മ്യൂയിങ് ചെയ്യുന്ന ഫോട്ടോയോ കൊറിയൻ ഗാനങ്ങൾക്കൊപ്പം അവൾ ചുവടുവയ്ക്കുന്ന റീൽസോ ആയിരിക്കും അയച്ചിട്ടുണ്ടാവുക. അവയുടെ വിരസമായ ആവർത്തനം മടുപ്പിക്കുന്നുണ്ട്. പിന്നെന്താണ് ബാക്കി? ഏതോ ലോകങ്ങളിൽനിന്നുള്ള അറിവുകളോ? അതെല്ലാം അറിഞ്ഞിട്ട് എനിക്കിനി എന്തു കാര്യം?

അറിവുകൾ വേണ്ട. അനുഭൂതികൾ മതി.

പുറത്തുനിന്നും പച്ചിലക്കുടുക്കയുടെ കുറുകൽ കേൾക്കാം. ദീർഘദൂര യാത്രികരായ പക്ഷികൾ ഇടയ്ക്കൊന്ന് ഇളവേൽക്കാൻ ഇരിക്കുന്ന തലപോയ തെങ്ങിന്റെ പോടി ലാണ് അതിന്റെ താമസം. ചിലപ്പോൾ പറന്നിത്രടം വരെ വന്നേക്കും. ഭയത്തോടെ ചുറ്റും നോക്കും. ചില ചെറു ശബ്ദങ്ങളിലൂടെ സാന്നിധ്യം അറിയിക്കും. അനങ്ങിയാൽ അടുത്തക്ഷണം പറന്നകലുകയായി. ഇലപ്പച്ചകൾക്കിടയിൽ മറയുകയായി. പച്ചകൾക്കിടയിലൊരു പച്ച. പറക്കുന്ന പച്ച.

അങ്ങനെ പറന്നിരിക്കാനും മറഞ്ഞിരിക്കാനും ഒരിടം വേണം.

ഒളിയിടമാണ് ശരിക്കുമുള്ള വീട്.

എന്റെ വാസസ്ഥലം എവിടെയാണ്? രാത്രിയിൽ, ഇരുട്ടിൽ, ദൂരക്കാഴ്ചയിൽ ഈ ഫ്ലാറ്റിന്റെ എപ്പോഴും പ്രകാശിക്കുന്ന ഒരു ജനൽച്ചതുരത്തിലേയ്ക്ക് ശൂന്യതയിൽനിന്നും അഴപോലെ ബന്ധിപ്പിച്ച ഏകാന്തത ആണത്.

ഇടയ്ക്ക് അവിടേയ്ക്ക് കാറ്റടിച്ചു പറന്ന മട്ടിൽ ചിലർ വരും.

ഗൃഹോപകരണ വിൽപ്പനക്കാർ, പുസ്തക കച്ചവടക്കാർ, ജ്യോതിഷികൾ (ഇക്കാലത്തും), ഡോർ റ്റു ഡോർ ഡെലിവറി ഏജന്റ്‌സ്... അങ്ങനെയങ്ങനെ കൃത്യതയോടെ അവരെന്റെ ഡോർ ബെൽ മുഴക്കുന്നു. നിരാശരായി മടങ്ങുന്നു.

നിരാശപ്പെടാൻവേണ്ടി മാത്രം അവരെന്നെ പ്രത്യേകം തിരഞ്ഞെടുക്കുന്നപോലെയും ചിലപ്പോൾ എനിക്ക് തോന്നാറുണ്ട്. നിരാശകളും ചിലർക്ക് ആനന്ദിക്കാൻ വക നൽകിയേക്കും.

ഒരിക്കൽ വിയർത്തു കിതച്ചു വന്നെത്തിയ ഒരു കത്തി വിൽപ്പനക്കാരിയെ മറക്കാനാകില്ല.

അവർ പറഞ്ഞു: “ഒരെണ്ണം വാങ്ങൂ സർ... നല്ല പച്ചിരുമ്പാണ്...”

ഞാൻ പതിവുപോലെ നിരസിച്ചു. വാതിലടയ്ക്കാൻ തിടുക്കപ്പെട്ടു.

അവർ നിർബന്ധിച്ചുകൊണ്ടിരുന്നു. കത്തിയുടെ മൂർച്ചയെപ്പറ്റി വിശദീകരിച്ചു. അച്ഛനില്ലാത്ത കുട്ടിയെ വളർത്താനുള്ള കഷ്ടതകൾ വിവരിച്ചു. ഒടുവിൽ ഒഴിവാക്കാൻ നീരസത്തോടെ പറയേണ്ടി വന്നു:

“തൊട്ടാൽ കഴുത്ത് മുറിയണം... അത്തരത്തിലുള്ള ഒന്നുണ്ടെങ്കിൽ താ...”

അവരൽപ്പനേരം മൂർച്ചയോടെ എന്നെ ഉറ്റുനോക്കി. പിന്നെ തിടുക്കത്തിൽ താഴെ നിരത്തിയ സാധനങ്ങളുമായി പടിയിറങ്ങിപ്പോയി.

വൈകിട്ട് നടക്കാനിറങ്ങിയപ്പോൾ അവരെ വീണ്ടും കണ്ടു. റെയിൽവേ ക്രോസിനു തെല്ലു ദൂരെയായി അവർ വീണുകിടക്കുകയായിരുന്നു. ട്രെയിൻ കഷണങ്ങളാക്കിയിരുന്നതിനാൽ അവർ ചിതറിയ നിലയിലായിരുന്നു. അവരുടെ ആ കത്തികളായിരുന്നു തിരിച്ചറിയാനുള്ള അടയാളം. ചിതറിയ ആ കിടപ്പിൽ, അപ്രാപ്യമെന്നു കരുതിയ ഒരു മൂർച്ഛ അവർ സ്വയം കണ്ടെത്തിയതായി തോന്നി.

ആൾക്കൂട്ടത്തെ അവർക്കു ചുറ്റും നിന്നു തർക്കിക്കാൻ വിട്ടുകൊണ്ട് പിന്തിരിഞ്ഞു നടക്കുമ്പോൾ സംശയിച്ചു: ജീവിതത്തിന്റെ മൂർച്ഛയാണോ മരണം?

അവരല്ല, അവരുടെ ആത്മഹത്യയോടെ നിലാവസ്തമിച്ച കാട്ടിൽ എന്നോണം ജീവിതത്തിൽ അകപ്പെട്ട മകളെയോർത്ത് ഞാൻ ദുഃഖിച്ചു.

അസ്തമിച്ച നിലാവ്. കാട്. ജീവിതം.

ഇത്തരം വാക്കുകളും അവയെ ചേർത്തുവെച്ചുള്ള പ്രയോഗങ്ങളും മടുപ്പെന്നോർത്ത് ഞാനവളെ ഓർമിക്കുന്നതുതന്നെ വേണ്ടെന്നു വെച്ചു. എന്റെ ഭാഷയും പ്രകൃതവും എന്റെയാണ്. അതിൽ മറ്റൊരാളുടെ നിഴൽ വീണാൽപ്പിന്നെ ഞാനെവിടെ?

എന്റെ പ്രഭാതങ്ങൾ ഇങ്ങനെ ആയിരുന്നില്ല ഒരിക്കലും.

കിടപ്പുമുറിയിൽനിന്നും അടുക്കളയിലേയ്ക്കും അടുക്കളയിൽനിന്നും വരാന്തയിലേയ്ക്കും വരാന്തയിൽനിന്നും ബാൽക്കണിയിലേയ്ക്കും ആരോ എറിഞ്ഞ പന്തുപോലെ സഞ്ചരിക്കുന്ന ലേഖയുടെ ശകാരമോ മൂളിപ്പാട്ടോ ഫോൺ സംഭാഷണങ്ങളോ ചിരിയോ അവയെ പ്രസരിപ്പുള്ളതാക്കിയിരുന്നു. വിട്ടുപോയിട്ടും അവൾക്കൊരു മാറ്റവുമുണ്ടായില്ല. പ്രഭാതങ്ങളിൽ വോയിസ് മെസേജുകളായി അവളതു തുടർന്നു:

06.30 AM : വേയ്ക്കപ്പ് ഡിയർ (അടുക്കള)

06.35 AM : ജി.എം മീറ്റിങ് പറഞ്ഞിട്ടുണ്ട്. യേശുവേ ഞാനിന്നും വൈകും... ( അടുക്കള തന്നെ)

06.38 AM : മോളുടെ ട്യൂഷൻ ടീച്ചർ കാണണമെന്നു പറഞ്ഞിട്ടുണ്ട്. എന്തിനാണോ? (ബാൽക്കണി)

06.50 AM : കുളിക്കും മുൻപ് തലയിൽ നീലിഭൃംഗാദി തേയ്ക്കണേ. മുടി നന്നായി കൊഴിയുന്നുണ്ട് (ഡൈനിംഗ് റൂം)

07.10 AM : ഞാനിറങ്ങുന്നേ... (സിറ്റൗട്ടിലെ പടികളിൽ ഒന്നു മുടന്തി)

അവളിറങ്ങിപ്പോകുമ്പോൾ ഒറ്റയ്ക്കാകുന്നതിലെ സങ്കീർണതകളെപ്പറ്റി ഞാൻ ആലോചിച്ചിരുന്നില്ല. ഒരാളുടെ രണ്ടുതരം ജീവിതം അവസാനിക്കുന്നതായി ആഹ്ലാദിച്ചു. എന്നാൽ, സംഭവിച്ചത് മറ്റൊന്നാണ്. ശത്രുവെന്നു കരുതിയ ഒരാൾ വെച്ചുനീട്ടിയ ജലത്തിൽ വിഷം കലർത്തിയിരിക്കുമോ എന്നു സംശയിക്കുന്നവന്റെ ആത്മസംഘർഷമായി മാറി പിന്നീടുള്ള ദിവസങ്ങൾ.

ഏകാന്തത ജലംപോലെ ചുറ്റും പരന്നു.

ലോകം എനിക്ക് പുറത്തായി. അല്ലെങ്കിൽ ലോകം എന്നെ കാണാതെ ഒളിച്ചിരുന്നു. അതുമല്ലെങ്കിൽ ഒളിച്ചതായി നടിച്ചു.

ആയിടെ, ഗ്രീൻ മാംഗോ ഓൺലൈൻ മാഗസിൻ എഡിറ്ററും സുഹൃത്തുമായ അനിൽ കശ്യപ് മെസഞ്ചറിൽ ചോദിച്ചു:

‘ഥ’ എന്ന നോവലിന്റെ വായനാനുഭവം എഴുതാമോ?

ഞാൻ പറഞ്ഞു: അല്പം സമയം വേണം, എഴുതാം.

Illustration
ചിത്രീകരണംസചീന്ദ്രന്‍ കാറഡുക്ക

പട്ടണത്തിന്റെ അതിർത്തിയിൽ ഒന്‍പതു മുറി എന്നു കുപ്രസിദ്ധമായ ഒരു കെട്ടിടമുണ്ടായിരുന്നു. കള്ളന്മാരും ജയിൽമോചിതരായ ചില കുറ്റവാളികളും ലൈംഗികതൊഴിലാളികളും വാടക ഗുണ്ടകളും മറ്റുമായിരുന്നു അവിടെ താമസം. പൊതുവെ ആരും ആ വഴി പോയിരുന്നില്ല. ആ കെട്ടിടത്തിലായിരുന്നു അബ്ദുല്ലയുടെ താമസം.

ഒരു ചെറിയ മുറി.

പുകക്കറ പിടിച്ച ചുവരുകൾ.

പണ്ടെങ്ങോ മറിഞ്ഞുതീർന്ന ഒരു കലണ്ടറാണ് ചുവരിലെ ഏക അലങ്കാരം.

കയർപൊട്ടി നടുകുഴിഞ്ഞ കട്ടിൽ. ഉപയോഗശൂന്യമായ ഒരു മണ്ണെണ്ണ സ്റ്റൗവ്. ജലഴികളിലേയ്ക്ക് വലിച്ചുകെട്ടിയ അഴയിൽ അമ്പേ മുഷിഞ്ഞ ചില തുണികൾ. കുപ്പായങ്ങൾ. ഒരു മൂലയിൽ വക്കുപൊട്ടിയ മൺകൂജ.

കട്ടിലിൽ കിടക്കുകയായിരുന്ന ഒരാൾ ഞങ്ങളെക്കണ്ട് എഴുന്നേറ്റിരുന്നു.

പീറ്റർ തിരക്കി: “അബ്ദുല്ല?”

അയാൾ പറഞ്ഞു: “ഞാനാണ്.”

അയാളുടെ ഒരു കണ്ണിനു കാഴ്ച നഷ്ടപ്പെട്ടിരുന്നു. അതിനാൽ, തല ഒരു വശത്തേയ്ക്ക് ചെരിച്ചാണ് അയാൾ നോക്കിയിരുന്നത്.

പീറ്റർ ആദ്യം സ്വയം പരിചയപ്പെടുത്തി. പിന്നെ എന്നെക്കുറിച്ച് പറഞ്ഞു.

അബ്ദുല്ല പുഞ്ചിരിച്ചു: “എനിക്കറിയാം...”

അത് എന്നെ വിസ്മയിപ്പിക്കാൻ പോന്ന ഒരു കാര്യമായി.

അബ്ദുല്ല തുടർന്നു: “ആളുകൾ പത്രങ്ങളിൽ വരുന്ന വാർത്തകളിൽ വിശ്വസിക്കാതായിട്ട് കാലങ്ങളായല്ലോ. എന്നിട്ടും നിങ്ങളതിൽ തുടരുന്നത് അത്ഭുതം തന്നെ...”

ഞാനെന്തോ വിശദീകരിക്കാൻ തുടങ്ങുമ്പോൾ അയാളത് ശ്രദ്ധിക്കാതെ പറഞ്ഞു:

“നിങ്ങൾ വരുമ്പോൾ ഞാനൊരു സ്വപ്നം കാണുകയായിരുന്നു. ഒരു പൂവിനുള്ളിൽ കിടന്നുറങ്ങുന്നതായിരുന്നു ആ സ്വപ്നം.”

പീറ്റർ സന്തോഷസൂചകമായ ഒരു ചെറുശബ്ദം പുറപ്പെടുവിച്ചു. അബ്ദുല്ല പറഞ്ഞു:

“നിറയെ മുള്ളുകളുള്ള ഒരു ചെടിയുടെ മേൽക്കവരയിലെ ഇത്തിരിപ്പോന്ന ഒരു പൂവിനുള്ളിൽ ഉറങ്ങുന്നതായിരുന്നു ആ സ്വപ്നം. ഇതളുകൾ വിരിഞ്ഞുനിന്ന നേരത്ത് നടന്നുനടന്ന് അവയ്ക്കിടയിൽ എപ്പോഴോ ചെന്നുപറ്റിയതാണ്. തിരിച്ചുപോരാൻ തോന്നിയില്ല. അവിടെയിരുന്ന് മയങ്ങി. കാറ്റടിച്ചപ്പോൾ പൂമ്പൊടിയും തലേന്നു പെയ്ത മഴവെള്ളവും

മുഖത്തേയ്ക്ക് പാറിവീണു. അതൊന്നു തുടച്ചുകളയാൻ ആഗ്രഹിച്ച് കൈപൊക്കിയ നേരത്താണ് നിങ്ങൾ വന്നു വിളിച്ചത്...”

ആ ഉറക്കത്തിന്റെ ഹൃദ്യത നഷ്ടപ്പെടുത്തിയതിനു ക്ഷമ ചോദിക്കുംപോലെ ഞാൻ അയാളെ നോക്കി. അയാൾ പറഞ്ഞു:

“ഒരു പൂവിനുള്ളിൽ ഉറങ്ങുന്ന ഞാൻ. ആ എന്നെ സ്വപ്നം കാണാനായി ഉറങ്ങുന്ന ഞാൻ. പൂവിനുള്ളിൽ ഉറങ്ങുന്നവൻ

കാണുന്ന സ്വപ്നമാണോ ഞാൻ? അങ്ങനെയെങ്കിൽ അവന്റെ ഭാവനയാണോ ഈ ഞാൻ.”

ഞാനും പീറ്ററും പരസ്പരം നോക്കി.

അപ്പോൾ, ഒൻപതുമുറിയിലെ അബ്ദുല്ലയുടെ ഒളിയിടം പറഞ്ഞുതന്ന ഒരു ചെറുക്കൻ അവിടേയ്ക്ക് വന്നു. അവനെ പറഞ്ഞയച്ച് അബ്ദുല്ല ഞങ്ങൾക്കു ചായ വരുത്തിച്ചു.

ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ അയാൾ ‘ഥ’യുടെ കഥകൾ പറയാൻ തുടങ്ങി.

അത് ഹ്രസ്വമായിരുന്നു. എന്നാലത് ദീർഘമായ കാലത്തിലൂടെ സാവധാനം ഒരു പട്ടണം രൂപപ്പെട്ട ചരിത്രമായിരുന്നു. ആ ആഖ്യാനം,

ദേശങ്ങളുടെ അതിർത്തികൾ പിന്നിട്ട് കാൽനടയായി ‘ഥ’യിൽ വന്നെത്തിയ മനുഷ്യരുടെ പ്രയത്നത്തെ ശ്ലാഘിച്ചു. മാറിയ കാലത്തെ ഓർത്ത് ഖേദിച്ചു. ആ വിവരണം അയാളിങ്ങനെ അവസാനിപ്പിച്ചു:

“പച്ചിരുമ്പ്കൊണ്ട് പണിയായുധങ്ങൾ ഉണ്ടാക്കി വിൽക്കുന്നവരുടെ നാട്. അതായിരുന്നു ഒരിക്കൽ ‘ഥ.’ എത്രയോ ആളുകളും വണിക്കുകളും വണ്ടികയറി ഇവിടേയ്ക്ക് വന്നിരിക്കുന്നു. വന്നവരെല്ലാം സ്നേഹത്തോടെ ഇടപഴകി. എന്നാൽ, പണിയായുധങ്ങളുടെ നാട് ആയുധങ്ങൾ പണിയുന്നവരുടെ നാടായി മാറിയത് എപ്പോഴെന്ന് എനിക്കറിയില്ല. അതോടെ പരസ്പരം സംശയിക്കുന്നവരുടെ പട്ടണമായി ‘ഥ’ മാറിപ്പോയി. അവർ ആയുധങ്ങളുടെ വായ്ത്തല പരിശോധിച്ച് വിൽപ്പനക്കാരോട് പറഞ്ഞു: തൊട്ടാൽ കഴുത്ത് മുറിയണം... അത്തരത്തിലുള്ള ഒന്നുണ്ടെങ്കിൽ താ...”

അല്പനേരം എന്നെത്തന്നെ നോക്കി അയാൾ ചോദിച്ചു:

“ഒരു ദിവസം നിങ്ങളിപ്പോൾ എത്ര കൊലപാതക വാർത്തകൾ എഴുതുന്നുണ്ട്? എത്ര ആത്മഹത്യകൾ? എത്ര കലഹങ്ങൾ?”

ഞാൻ മറുപടി പറഞ്ഞില്ല. അയാൾ പീറ്ററിനോടായി പറഞ്ഞു:

“ഇപ്പോൾ പുറത്തുനിന്നുള്ളവർ ഇവിടേയ്ക്ക് വരാൻ മടിക്കുന്നു. മുട്ടത്തോട് കണ്ടാൽ ഓടിമറയുന്ന പല്ലികളെപ്പോലെ. ഇവിടെയുള്ളവർ പുറത്തേയ്ക്ക് പോയാൽ മടങ്ങിവരാനും മടിക്കുന്നു. വെറുപ്പിന്റെ പട്ടണത്തിൽ പാർക്കാൻ ആർക്കാണിഷ്ടം? പ്രതീക്ഷ നശിച്ച വൃദ്ധർ മാത്രം ഇന്നിപ്പോൾ ഇവിടെയുണ്ട്. അവരാകട്ടെ, പഴയ ഓർമകളിൽ ജീവിക്കുന്നു.”

പീറ്റർ എന്നെ നോക്കി. ഞാനിക്കാര്യം ആദ്യമേ സൂചിപ്പിച്ചത് ശരിയല്ലേ എന്ന മട്ടിൽ.

ഞാൻ അബ്ദുല്ലയുടെ ചെരിഞ്ഞ നോട്ടം ശ്രദ്ധിക്കുകയായിരുന്നു.

അയാൾ തുടർന്നു:

“മനുഷ്യരുടെ സ്നേഹം വറ്റിയപോലെ മണ്ണിനടിയിൽ ജലവും വറ്റിത്തുടങ്ങിയിട്ടുണ്ട്. നിങ്ങൾ ശ്രദ്ധിച്ചോ. കിണറുകളിൽ വെള്ളം തീരെ കുറഞ്ഞിരിക്കുന്നു. ഉള്ളതിലാകട്ടെ ഉപ്പുചുവയും.”

അയാൾ എന്നോടായി പറഞ്ഞു:

“ഉടൻ പത്രത്തിലെഴുതൂ. ആളുകളറിയട്ടെ. ‘ഥ’ മരിക്കുകയാണ്.”

ഞാൻ എതിർത്തു:

“ഇത് നിങ്ങൾ കലാകാരന്മാരുടെ അതിശയോക്തി കലർന്ന വിവരണമാണ്. ആളുകളെ വെറുതേ ഭയപ്പെടുത്താൻ...”

അബ്ദുല്ല സങ്കടത്തോടെ എന്നെ തിരുത്തി.

“അല്ല. ഒരിക്കലുമല്ല. ‘ഥ’ വരണ്ടുകഴിഞ്ഞു. ഇവിടേയ്ക്ക് ദൂരദേശപക്ഷികൾ വരാതായിട്ട് കാലങ്ങളായല്ലോ. കാക്കകൾ, പ്രാവുകൾ, മൈനകൾ, അങ്ങാടിക്കുരുവികൾ, പരുന്തുകൾ ഒക്കെയും എണ്ണത്തിൽ കുറഞ്ഞു. നിങ്ങളുടെ വീട്ടിൽ ചെന്നു നോക്കൂ. ചെറുജീവികൾ പലതും ഇല്ല. ഇങ്ങനെപോയാൽ ബാക്കിയാവുക ചിലപ്പോൾ ചിതലുകളും ഉറുമ്പുകളും മാത്രം.”

ഞാൻ അവിശ്വാസം പ്രകടിപ്പിക്കുന്ന മട്ടിൽ തലയാട്ടി.

അയാൾ പീറ്ററിനോട് ചോദിച്ചു:

“നിങ്ങൾ ആർക്കുവേണ്ടിയാണ് ഈ വിവരങ്ങൾ ശേഖരിക്കുന്നത്?”

പീറ്റർ പറഞ്ഞു: “അറിയില്ല. ആർക്കെങ്കിലും നോവൽ എഴുതാനാകും. എഴുത്തുകാരൻ ദൂരെ ഏതോ രാജ്യത്താകും. ഞാനൊരു വിവരശേഖരണ സഹായി മാത്രം.”

അബ്ദുല്ല ചിരിച്ചു: “കേട്ടറിയും പോലല്ല കണ്ടറിവ്. കണ്ടറിയും പോലല്ല തൊട്ടറിവ്. അറിവുകൾ. മുറിവുകൾ. അനുഭവങ്ങൾ.”

അത്രയും പറഞ്ഞിട്ട് അയാളൊരു പാത്രത്തിലേയ്ക്ക് കൂജയിലെ വെള്ളം പകർന്ന്, പുറത്തെ മൺതിട്ടയിൽ വെച്ചിരിക്കുന്ന പക്ഷിക്കൂടിനു നേരെ നടന്നു. അതൊരു പക്ഷിക്കൂടാണ് എന്നു തോന്നുമായിരുന്നില്ല. ചില ചെടിക്കമ്പുകൾകൊണ്ട് മറതീർത്ത നിലയിലാണ് കൂട്.

വെള്ളം നിറച്ച പാത്രം കൂട്ടി നുള്ളിലേയ്ക്ക് വച്ചപ്പോൾ ഒരു ചെറുചലനം. അത്രമാത്രം.

കൂടിന്റെ വാതിലടച്ച് വീണ്ടും ഞങ്ങൾക്കരികിൽ വന്നിരിക്കുമ്പോൾ അബ്ദുല്ല പറഞ്ഞു:

“ഒരു പച്ചിലക്കുടുക്കയാണ്. ഇനി ഇതേയുള്ളൂ ബാക്കി. ഈ പട്ടണത്തിലാണ് എന്റെ ഭാര്യയും മകളും കൊല്ലപ്പെട്ടത്. ഒരു മകൻ ആത്മഹത്യ ചെയ്തത്. ‘ഥ’ മടുത്ത് ഒരു മകൻ ഈ നാടുവിട്ടുപോയത്. പച്ചയില്ലെങ്കിൽ പിന്നെന്ത് പച്ചിലക്കുടുക്ക? ഈ ലോകം എന്നുമെന്നും കടങ്കഥ തന്നെ.”

അപ്പോൾ ആ ചെറുകിളി ശബ്ദിച്ചു: “കുട്ടുറുവ... വാ വാ... കുട്ടുറുവാ... വാ...”

ആ ശബ്ദം അവിടമാകെ പ്രതിധ്വനിച്ചു.

അധികം വൈകാതെ ഞങ്ങളിറങ്ങി.

പിറ്റേന്ന് പീറ്റർ അയാളുടെ രാജ്യത്തേയ്ക്ക് മടങ്ങിപ്പോയി. കുറച്ചു മാസങ്ങൾക്കു ശേഷം അയാൾ വാഹനാപകടത്തിൽ മരണപ്പെട്ട വാർത്ത പത്രത്തിൽ കണ്ടു. വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളൂ എങ്കിലും അയാളുടെ വേർപാട് എന്നെ വേദനിപ്പിച്ചു.

ഒന്നോ രണ്ടോ വർഷങ്ങൾക്കുശേഷം ‘ഥ’ എന്ന നോവൽ കയ്യിലെത്തുമ്പോൾ അയാൾ ശേഖരിച്ച വിവരങ്ങൾ ഭാവനയുടെ അലങ്കാരങ്ങളോടെ എഴുതപ്പെട്ടത് കണ്ടപ്പോഴും ഞാൻ വേദനിച്ചു.

ചില മനുഷ്യർ മരിക്കരുതാത്തതാണ്. അല്ലെങ്കിൽ മരണത്തിന്റെ രഹസ്യമെങ്കിലും മനുഷ്യർക്ക് മനസ്സിലാവേണ്ടതാണ്.

അയാൾ പാടിയ പാട്ട് വീണ്ടും കാതിൽ മുഴങ്ങി:

“ആയുന്നവനൊരു വാള്

തുലയുന്നു നാമൊരു നാള്

നാളെയേ കാണാത്തൊരാള്

ആളുന്ന തീയാണയാള്...”

ട്രെയിൻ ആ താളത്തിലാണ് ഓടുന്നതെന്ന് എനിക്കപ്പോൾ തോന്നി.

“വാള്... നാള്... ആള്... തീയാള്...

വാള്... നാള്... ആള്... തീയാള്...

വാള്... നാള്... ആള്... തീയാള്...”

ട്രെയിനിൽനിന്നു പുറത്തിറങ്ങുമ്പോഴും ആ റിഥം കാലുകളിൽ തുടർന്നു.

രാത്രി പുലരുകയായിരുന്നു.

സ്റ്റേഷന് പുറത്തെത്തി ടാക്സി അന്വേഷിച്ചപ്പോൾ ഡ്രൈവർ തിരക്കി:

“എവിടേയ്ക്ക് പോകാനാണ്?”

ഞാൻ പറഞ്ഞു: ‘ഥ’

വാഹനം മുന്നോട്ട് നീങ്ങുമ്പോൾ റിയർവ്യൂ മിററിലൂടെ എന്നെ നോക്കി അയാൾ പറഞ്ഞു:

“വെറും ഉപ്പുവെള്ളമല്ലേ സർ. ആളുകളൊക്കെ അവിടുന്ന് പോയി. ‘ഥ’യിൽ ഇപ്പോൾ ഒരാളേയുള്ളൂ.”

“എനിക്കറിയാം. അബ്ദുല്ലയല്ലേ?”

ഡ്രൈവർ നീട്ടി ഹോൺ മുഴക്കി: “അതെയതെ. ഓർമയൊക്കെ പോയി കാഴ്ചയും കേൾവിയും കഷ്ടത്തിലായ ഒരു വയസൻ. അയാളെ കണ്ടിട്ട് എന്തു കാര്യം സർ?”

ഞാൻ പറഞ്ഞു: “അയാളൊരു പഴയ പരിചയക്കാരനാണ്...”

മനുഷ്യർ അടുത്തടുത്തിരുന്ന് സ്നേഹത്തോടെ പരസ്പരം സംസാരിക്കാൻ ശ്രമിക്കുന്നത് നല്ലതല്ലേ എന്നു പറയാനാഞ്ഞെങ്കിലും വേണ്ടന്നു വെച്ചു.

ഡ്രൈവർ മറ്റെന്തോകൂടി പറയാൻ ശ്രമിക്കെ, പുലർച്ചയിൽ എന്നുമെത്തുന്ന ലേഖയുടെ മെസേജ് ഇന്നുമെത്തിയതായി ഫോൺ എന്നെ അറിയിച്ചു.

ഞാനത് തുറന്നു വായിച്ചു.

06.30 AM : ദൂരെയാണോ (ഡ്രോയിങ് റൂം)

പതിവിനു വിപരീതമായി ഞാൻ മറുപടി അയച്ചു.

06.31 AM : ദൂരെ (ആളൊഴിഞ്ഞ വീടുകൾ കണ്ടുതുടങ്ങി)

06.31 AM : എവിടെ? (ബാൽക്കണി)

06.32 AM : ഒരു കഥയിൽ (പൂട്ടിയ സ്കൂളും കടകളും കണ്ടു)

06.32 AM : പേര് പറ (ബാൽക്കണിയിൽ തന്നെ)

ഞാനതിനു മറുപടി അയച്ചില്ല.

കാർ ‘ഥ’യിലേയ്ക്ക് പ്രവേശിക്കുകയായിരുന്നു.

ഒരു മെസേജ് കൂടി.

06.35 AM : ഥ-ഒരു പൂമൊട്ട് (വെറും തോന്നൽ)

അപ്പോൾ, ഇത്തിരി പച്ചമാത്രം അവശേഷിച്ച മരത്തിന്റെ ചില്ലയിൽനിന്നും പച്ചിലക്കുടുക്കയുടെ ശബ്ദം ഞാൻ വീണ്ടും കേട്ടു: “കുട്ടുറുവ... വാ വാ... കുട്ടുറുവാ... വാ...”

ഞാനിനി അബ്ദുല്ലയ്ക്കൊപ്പമിരുന്ന് ‘ഥ’ വായിക്കുകയായി. രക്തം രക്തത്തെ തിരിച്ചറിയുന്നതാണ് വായന.

ആ വായനാനുഭവം എഴുതാൻ എനിക്കെളുപ്പമാകും.

Illustration
ചിത്രീകരണം സചീിന്ദ്രന്‍ കാറഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com