

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
വിതുര, അടിപ്പറമ്പിലെ ഉറച്ചമണ്ണില്‍ വീടു കേറ്റുന്നതിനു മുന്‍പ് കേണല്‍ ഏട്ടനുണ്ണി ഗോവിന്ദരാജ (കേണല്‍ എ.യു.ജി. രാജ) ഭാര്യാസമേതം വസിച്ചിരുന്നത് രാജസ്ഥാനിലെ സുഖവാസകേന്ദ്രമായ മൗണ്ട് അബുവിലായിരുന്നു. ആ മനോഹരമായ ബംഗ്ലാവ് അവിടെ പണിഞ്ഞത് രാജസ്ഥാന്‍ റെജിമെന്റിലെ ബ്രിഗേഡിയര്‍ ഉത്തംസിംഗ് ആണ്. നമ്മുടെ കേണലിന്റെ ഭാര്യാപിതാവായ ബ്രി. ഉത്തംസിംഗിന്റെ സിരാരക്തം ഉദയ്പൂരിലെ രാജപരമ്പരയുടേതാണ്. രണ്ടായിരത്തി ഒന്‍പതില്‍ റിട്ടയര്‍മെന്റിനുശേഷമാണ് കേണലും ഭാര്യയും മൗണ്ട് അബുവിലെ ബംഗ്ലാവില്‍ കൂടിയത്. അവരുടെ കുട്ടികള്‍ രണ്ടും സകുടുംബം കാനഡയില്‍ വസിക്കുന്നു.
ആ ബംഗ്ലാവിന്റെ ലൊക്കേഷന്‍! സുപ്പര്‍ബ്! അതിമനോഹരമായ ആരവല്ലിയുടെ പ്രധാന ശിഖരത്തിലേയ്ക്ക് കാടുകള്‍ വകഞ്ഞു മലകയറി ചെല്ലുമ്പോള്‍ ആരുടെ കണ്ണിലും ആദ്യമായിപ്പെടുന്നത് ആ ഭവനശില്പമാണ്. ഒരിക്കല്‍ കണ്ടവരാരും മറക്കില്ല. മൗണ്ട് അബുവെന്നു മനസ്സിന്‍ ഗൂഗിളില്‍ ടൈപ്പ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ ആ ബംഗ്ലാവിന്റെ ചിത്രമങ്ങ് ഓര്‍മ്മയില്‍ കയറിവരും.
താഴ്‌വരയില്‍നിന്നുള്ള റോഡ് 'നക്കി'ലേയ്ക്കിലേയ്ക്കും 'ദില്‍വാര' ടെമ്പിളിനും തിരിയുന്നിടത്ത് 'വി' ഷേപ്പിലുള്ള വലിയ പ്ലോട്ടിലാണ് കേണല്‍ ബംഗ്ലാവ് തലയുയര്‍ത്തി നില്‍ക്കുന്നത്. സ്ത്രീധന വകുപ്പിലാണ് നമ്മുടെ കേണലിനതു കൈവന്നത്. അക്കാര്യം മനസ്സില്‍ വച്ചോളൂ. അതുകൊണ്ടാണ് കേരളത്തിലെ മഹാരാജയും ഇന്ത്യന്‍ ആര്‍മിയിലെ അതിസമര്‍ത്ഥനായ കേണലുമൊക്കെയായിട്ടും ആ പാവത്താന് വെടിപൊട്ടിക്കാന്‍ സാധിക്കാതെ ആ പിസ്റ്റലും കൊണ്ടിങ്ങനെ കഥയിലുടനീളം പരക്കംപായേണ്ടിവന്നത്.
വി ഷേപ്പുപറമ്പിന്റെ ഇടത്തും വലത്തും അതായത് ഇരുവശത്തും സാന്‍ഡ്‌സ്‌റ്റോണ്‍ മതിലുണ്ട്. ഇത്രേം കല്ലുണ്ടേല്‍ നാട്ടില് നാല് കെട്ടിടം കുശാലാണ്. അത്തരത്തില്‍ ചിന്തയുള്ള പ്രകൃതിസ്‌നേഹികള്‍ ദയവായി ഈ കഥ വായിക്കരുതേ! പ്രകൃതിവിരുദ്ധതയാണ് ഇതിന്റെ മോന്തായം തന്നെ. പറമ്പിന്റെ പുറകിലത്തെ കാര്യമത്രയ്ക്ക് വ്യക്തമല്ല. അല്ല. പിന്നാമ്പുറ കാര്യങ്ങള്‍ ഈ കഥയില്‍ പ്രസക്തവുമല്ല.
മഞ്ഞയില്‍ ചുവപ്പ്‌രാശി കലര്‍ന്ന ഒരേ വലിപ്പത്തിലെ ദീര്‍ഘചതുരാകൃത കല്ലുകള്‍. മതിലിനായി അവ കൊത്തിയൊരുക്കാന്‍ തന്നെ കല്‍ശില്പികള്‍ ഏറെ പണിപ്പെട്ടിരിക്കും. അകലെനിന്നുതന്നെ ആ നിര്‍മ്മിതിയില്‍ കണ്ണുവീഴാന്‍ മതിലുമൊരു നിമിത്തമായി. മതിലതാണെങ്കില്‍പിന്നെ ബംഗ്ലാവിന്റെ കാര്യം പറയണോ? പ്രഥമദര്‍ശന മാത്രയില്‍തന്നെ രാജസ്ഥാന്‍ വീട്ടില്‍ ഇടിച്ചുകയറി താമസിക്കാനാരും കൊതിച്ചുപോകും. മലയാളികള്‍ നൂറ്റാണ്ടു പ്രളയത്തിനു മുമ്പീ കൊട്ടാരം കണ്ടിട്ടിങ്ങനെയൊരു ശപഥമെടുത്തിരുന്നു. ഞാന്‍ ഗള്‍ഫില്‍ പോകും എങ്ങനേയും പത്തു പണമുണ്ടാക്കി വയനാട്ടിലോ മതികെട്ടാന്‍ ചോലയിലോ പോയി രണ്ടു സെന്റെങ്കില്‍ രണ്ടു സെന്റ്. അതില്‍ ഇതുമാതിരി... കല്ലിലെ ആ കവിത സര്‍ഗ്ഗധനരായ മലയാളികളെക്കൊണ്ടങ്ങനെ പറയിപ്പിച്ചിരുന്നു.
ഉത്തംസിംഗ് നമ്മള്‍ മലയാളികളെ മാതിരിയല്ല. ആളൊരു ധാരാളിപ്പുള്ളിയുമായിരുന്നു. അതിനാല്‍ കേണല്‍ ഹൗസിനു രണ്ട് ഗേറ്റുകള്‍ വച്ചു. ദില്‍വാരയിലെ വൈറ്റ് മാര്‍ബിള്‍ ജൈന്‍ടെമ്പിള്‍ കണ്ടു മനം നിറഞ്ഞു മടങ്ങുന്നവരും നക്കി തടാക്കാഴ്ചയ്ക്കും ബ്രഹ്മകുമാരീസ് ആസ്ഥാനത്തില്‍ ധ്യാനത്തിനു പോണവരും ആ ഗേറ്റിലൂടെ ഉള്ളിലേയ്ക്ക് കണ്ണുകടത്തിയാല്‍ പെട്ടു. അതുവരെ കണ്ടതെല്ലാം മറന്നുപോകും. അവരുടെ മനോമുകരത്തില്‍ ആ ബംഗ്ലാവ് അറിയാതെ ഉറച്ചുപോകും.
പകല്‍കിനാവു പാര്‍ട്ടികള്‍ക്കു സ്വപ്നം മെനയാന്‍ ഇതില്‍പരം മറ്റൊരു നല്ല ലൊക്കേഷന്‍ ഈ ഭാരതഭൂവില്‍ സംശയമാണ്. റിട്ട. കേണലല്ലേ! ഇരുഗേറ്റിലും സെന്‍ട്രികളും മാര്‍ബിളില്‍ ഫലകത്തിലെ ചുരുക്കെഴുത്തുമുണ്ട്. കേണല്‍ ഏട്ടനുണ്ണി ഗോവിന്ദരാജ എന്നു ഫുള്ളായി മലയാളത്തില്‍ വായിക്കാം. അതിവിദൂര ദിക്കില്‍ അപ്രതീക്ഷിതമായി ഈ കേരളാക്ഷര ബോര്‍ഡും കൂടി കണ്ടാല്‍ ഏതു മലയാളി വണ്ടിയാണ് അവിടെ ബ്രേക്കിടാതിരിക്കുക.
സാധാരണയായി ഫൗജികള്‍ നെയിം ബോര്‍ഡ് തയ്യാറാക്കുന്നത് രാഷ്ട്രഭാഷയിലാണ്. അഗ്രേസിപോലും രാജ്യസ്‌നേഹികള്‍ക്കു വന്നുവന്നിപ്പോള്‍ വര്‍ജ്ജ്യമാണ്. ഈ മദ്രാസി തന്ത! ഇയാളെന്തിനാണ് മലയാലത്തില്‍ പേരു കൊത്തിയത്? ആ സംശയം മേംസാബിനെ ഒരിക്കലും വിട്ടുപോയില്ല. ഈ കഥയില്‍ പരാമര്‍ശിതമായ സര്‍വ്വ വിഷയങ്ങളും ഈ സിമ്പിള്‍ സംശയത്തില്‍ നിന്നാണ് തുടങ്ങിയത്.
ഇനി കേണലിനെക്കുറിച്ച്. വടക്കേ മലബാറിലെ പഴയ കോട്ടയം ദേശത്തുകാരനായ നമ്പൂരീപ്പാടിന്റെയാണ് വിത്ത്. തമ്പാട്ടി തന്റെ പവന്‍ നിറം അതേപടി ഏട്ടനുണ്ണിയുടെ ദേഹത്തിലേയ്ക്കു ചൊരിഞ്ഞു. നാടുവാഴികള്‍ക്ക് അനുയോജ്യമായ ഒത്തതടി. ഈ ചന്തം തന്റെ രണ്ടാംകിടാവായ അനിയനുണ്ണിയില്‍ പകര്‍ത്താന്‍ തമ്പാട്ടി പരാജയപ്പെട്ടു. സെയിം ജീന്‍പൂളായിട്ടും അനിയനുണ്ണി മാനവിക്രമന്‍ രാജ അഞ്ചടിപൊക്കക്കാരനും മാമ്പൂനിറക്കാരനുമായിപ്പോയി. ഭിലായ് സ്റ്റീല്‍ പ്ലാന്റിലെ സ്‌പെഷ്യല്‍ ജനറല്‍ മാനേജര്‍വരെയായിട്ടും തിരുമനസ്സ് പള്ളിക്കെട്ടിനും സംബന്ധത്തിനും നിര്‍ബ്ബന്ധം കാട്ടിയില്ല. അതങ്ങനെയൊരു വേഷം!
എ.യു.ജി രാജാവിലേയ്ക്കു വരാം. അന്നു മിലിറ്ററി അക്കാദമിയില്‍ പാസ്സിംഗ് ഔട്ട് പരേഡിനു തൊട്ടുമുന്‍പാണ് ക്യാപറ്റന്‍ എ.യു.ജി രാജയ്ക്ക് മീശ വന്നത്. കണ്ണാടി കാണ്‍കെ തമ്പുരാന്‍ ഭയന്നുപോയി. ആദ്യമൊക്കെ അതിനെ പറ്റേ വടിച്ചുകളഞ്ഞു. നാലുപേര്‍ കണ്ടാലെന്തു കരുതും? വെറും ഇന്‍ഫിരിയോരിറ്റി കോംപ്ലക്‌സ്. എ.യു.ജിക്ക് അക്കാര്യവും മനസ്സില്‍ തോന്നിച്ചു. എന്നാലും ഈ മേമ്മീശയെ, ഇതിനെയിങ്ങനെ വളരാന്‍ വിട്ടാല്‍ തന്റെ പ്രോമോഷനെ വരെയതു കുത്തിമാറ്റിക്കളയും. കാര്യമിത്രയേയുള്ളൂ നമ്മുടെയാദ്യ ഫീല്‍ഡ്മാര്‍ഷല്‍ മനേക്ഷാ സാബിന്റെ അതേ മീശയാണ് നമ്മുടെ കേണലിന്റെ മേല്‍ചുണ്ടിലും കിളച്ചത്.
ദേ. ഫീല്‍ഡ് മാര്‍ഷല്‍ മനേക്ഷാ സാബ്? പില്‍കാലത്തും ചില കൂടിച്ചേരലുകളില്‍ കള്ളു മൂത്താല്‍ റിട്ടയേര്‍ഡ് പട്ടാളക്കാര്‍ കണ്ണും തിരുമ്മിയാണ് കേണലിനെ നോക്കിയിരുന്നത്.
ഈ ചന്തവും മീശയും കണ്ടാണ് രാജസ്ഥാന്‍ റജിമെന്റിലെ ബ്രിഗേഡിയര്‍ ഉത്തംസിംഗിന്റെ ഫൈനല്‍ ഡിഗ്രിക്കാരിയായ മകള്‍ അന്നു ലഫ്റ്റന്റ് പടിചവിട്ടിക്കയറിയ എ.യു.ജി രാജയില്‍ അനുരക്തയായത്. ഇന്നും കേണല്‍ സാബ് എഴുപത്തിമൂന്നുകാരനാണെന്ന് ആരും പറയില്ല. അതിനേക്കാള്‍ പ്രായം മേംസാബിനു മതിക്കും. അതുമീ കഥയിലെ മറ്റൊരു ആണിക്കല്ലാണ്.
മൗണ്ട് അബുവിലെ ലേക്കുകള്‍, മലകള്‍, പൂന്തോട്ടങ്ങള്‍, ജൈന മാര്‍ബിള്‍കാവ്യം എന്നിവയെല്ലാം കണ്ടു കണ്ണുകളും മനസ്സും നിറഞ്ഞ്, പിന്നെയാ അഭൗമമായ അന്തരീക്ഷവും. ഇതു ഭൂമിയല്ല. സ്വര്‍ഗ്ഗത്തിനു തൊട്ടു താഴെ നീലവാനത്തില്‍ പണിഞ്ഞിട്ടുള്ള മറ്റൊരു പ്രപഞ്ചമാണ് എന്ന തോന്നലുമായി ചാഞ്ചാടിവരുന്ന മലയാളികളുടെ വണ്ടികള്‍ ആ ബംഗ്ലാവിനു മുന്നില്‍ ബ്രേക്കിട്ടു പോകുകതന്നെ ചെയ്യും. അതിനു കാരണം ഇരുഗേറ്റുകളിലും വെളുത്ത മാര്‍ബിള്‍ പലകയിലെ ചില്ലറ ചില്ലറ അക്ഷരങ്ങളാണ് (ഇതു മുന്‍പ് പറഞ്ഞല്ലേ! സോറി). ഭാഷാശക്തിയില്‍ സംശയമുള്ള ഏതു മലയാളിയേയും അവിടെയെത്തിക്കുക. മനുഷ്യര്‍ അക്ഷരവിശ്വാസികളായി മാറിപ്പോകുന്നത് നേരില്‍ കാണാം.
നമ്മുടെ സ്വന്തം ഗോഡ്‌സ് ഓണ്‍ കണ്‍ട്രിക്കാരനായ കേണല്‍ സേബിനൊപ്പം ഈ മണ്ണിനേയും നീലനിറത്തിലെ വിണ്ണിനേയും ചേര്‍ത്തൊരു സെല്‍ഫി?
ഹൈ റിസ്‌കില്‍പെട്ട ആളാണ് താനെങ്കിലും (ഈ കേണലിനെ തട്ടാന്‍ വേണ്ടി പണ്ട് എല്‍.ടി.ടിയില്‍ ഒരു വിംഗ് തന്നെയുണ്ടായിരുന്നു. അത്രയ്ക്കു വിനാശമാണ് ലങ്കന്‍വിടുതലൈ പോരാളികള്‍ക്ക് ഈ മലയാളത്താനുണ്ടാക്കിയത്.) മലയാളികളാണ് ഒരു സെല്‍ഫിക്കായി വാതില്‍ക്കല്‍ മുട്ടുന്നതെങ്കില്‍! റിസ്‌ക്കൊക്കെ അവിടെ നിക്കട്ടെ. അവരെ ഒരിക്കലും തടയരുതെന്ന് കേണല്‍ സെന്‍ട്രികളോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്.
മലയാളികള്‍ അകത്തുവന്നാല്‍ താന്‍ വാത്സല്യനിധിയായ ഒരു രാജാവാണ് എന്ന തോന്നലില്‍ കേണല്‍ ആളാകെ മാറിപ്പോകും.
ഈ പരിപാടിയേ മേംസാബിനിഷ്ടമല്ല. ഗേറ്റനങ്ങിയാല്‍ പാതി തുറന്ന ജനലിലൂടെ മേംസാബ് കണ്ണുകള്‍ മാത്രം പുറത്തേയ്ക്ക് തള്ളിവയ്ക്കും. ഈ തന്തക്കിഴവന്‍... മദ്രാസിഫൂള്‍...?
വിശാലമായ ആ ഇറയത്തിരുന്നു പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന കേണല്‍ പ്രജകളുടെ ചാരത്ത് ഇറങ്ങിച്ചെല്ലുന്നത് പറഞ്ഞല്ലോ. അത് മേംസാബ് മറഞ്ഞിരുന്നു കാണും. മുതിര്‍ന്നവര്‍ക്ക് ഷേക്ക്ഹാന്റ്... വിദ്യാഭ്യാസവും വായനയും കാര്യവിവരവും അങ്കിള്‍ സാമിനെക്കുറിച്ചുള്ള കഥകളറിയുന്ന പെണ്ണുങ്ങളാണെങ്കില്‍ അവറ്റകള്‍ വായ തുറന്നു കേണലിനെ നോക്കി നിന്നുപോവും.
കണ്‍ട്രി ഫെല്ലോസ്. മലയാലിച്ചികള്‍! അതു കണ്ട് മേംസാബ് പല്ലു ഞെരിക്കും.
കുട്ടികളെ കേണല്‍ ചേര്‍ത്തുപിടിക്കും. എന്നെപ്പോലെ നമ്മുടെ മലയാള നാടിന്റെ അന്തസ്സുയര്‍ത്തുന്ന പ്രജകളായി നിങ്ങള്‍ മാറുക. അദ്ദേഹം മനസ്സാല്‍ കുഞ്ഞുങ്ങളെ അനുഗ്രഹിക്കും. സെല്‍ഫികള്‍. സെല്‍ഫികള്‍...
അതിന്നിടയില്‍... അതെല്ലാം ഒരു സെക്കന്റിനുള്ളില്‍ നടന്നിരിക്കും. മേംസാബിന് അതാണതിശയം. മേംസാബ് ഒന്നു കണ്ണു ചിമ്മുന്നതിന്നിടയില്‍... ഒരു നിമിഷാര്‍ത്ഥത്തില്‍ മലയാളിപ്പെണ്ണുങ്ങളുമായി ഒരു ചെടിയുടെ മറവിലേയ്ക്ക് കേണല്‍... ഇതെങ്ങനെ? അതാലോചിച്ച് തീര്‍ക്കുന്നതിന്നിടയില്‍ ആ പെണ്ണുങ്ങള്‍ മേംബാബിനു വീണ്ടും ദൃശ്യയാവും. 'ആ നിമിഷത്തിന്റെ നിവൃതിയില്‍' പിടക്കോഴികളെ മാതിരി മലയാലിച്ചികള്‍ ശരീരമൊന്നു കുടയുന്നതു കാണാം.
ഈ അനുഭവമുള്ളതിനാലാണ് കേണല്‍ സാബിനെ കേരളത്തിലേയ്ക്കവര്‍ വിടാത്തത്. ഭോലോ. മലയാലിച്ചികള്‍ കള്ളികള്‍! കേരളാ എന്നോര്‍ത്താല്‍ മേംസാബിന്റെ മനസ്സില്‍ ആ മുദ്രാവാക്യമാണ് തികട്ടിവരുന്നത്.
ആണും പെണ്ണും കുട്ടികളും ഒരല്പനേരത്തിനാണെങ്കിലും തങ്ങള്‍ക്കു സ്വന്തക്കാരനായ കേണലുമായുണ്ടായ സമാഗമത്തില്‍ സ്വര്‍ഗ്ഗം കിട്ടിയ മാതിരി തൃപ്തരാകുന്നു. ഗേറ്റ് അടയുന്നു. കാറിന്റെ ടക്ക് എന്ന ഡോര്‍ ശബ്ദത്തിനു പിന്നാലെ അകത്തുനിന്നും ഒരു വിലയുള്ള ചായക്കപ്പ് അല്ലെങ്കില്‍ പ്ലേറ്റ് മുറ്റത്തേയ്ക്കു പാഞ്ഞുവരുന്നു. കൃത്യമായ ടൈമിംഗ്. വണ്ടി സ്റ്റാര്‍ട്ടാക്കുന്ന നേരത്ത് താന്‍ പ്രത്യേകിച്ച് ശബ്ദിച്ചിട്ടും കാര്യമില്ലെന്ന മട്ടില്‍ അതു തറയില്‍ വീണു ചിതറും. പ്രജാ സമാഗമാനന്ദ നിര്‍വൃതിയില്‍ കേണല്‍ തിരിഞ്ഞുനോക്കുമ്പോള്‍ മുറ്റത്തു പിഞ്ഞാണക്കഷണങ്ങള്‍!
കേണല്‍ പോക്കറ്റില്‍ കയ്യിട്ട് ആ സര്‍വ്വീസ് പിസ്റ്റല്‍ എടുക്കും. ഈ ഭൂമിയില്‍ ഏതെങ്കിലും പുലികള്‍ അവശേഷിക്കുന്നെങ്കില്‍! അവര്‍ കേണലിനെ തെരഞ്ഞുവരികയാണെങ്കില്‍! സ്വയരക്ഷയ്ക്കുവേണ്ടി ഭാരത സര്‍ക്കാര്‍ കൊടുത്തതാണ്. അതിലെ ഒരുണ്ടപോലും പാഴാകരുത്. ഭാരതമാതായെ മനസ്സാല്‍ മാനിച്ച് പിസ്റ്റലില്‍ ഒന്നൂതി കലികളഞ്ഞു തിരികെ സ്യൂട്ടിന്റെ വലിയ ചേപ്പില്‍വയ്ക്കും.
കൊറോണ കഴിഞ്ഞതോടെ മൗണ്ട് അബുവിലേയ്ക്ക് മലവെള്ളപ്പാച്ചിലുമാതിരി സഞ്ചാരികള്‍ ഒഴുകിത്തുടങ്ങി. മിക്കവാറും ദിവസവും കുറഞ്ഞത് രണ്ടു പിഞ്ഞാണ ധൂളികളെങ്കിലും സഫായി വാലകള്‍ പെറുക്കിയെടുത്തു മുറ്റം ക്ലീനാക്കി. രണ്ടായിരത്തി ഇരുപത്തിയൊന്നിലെ നവരാത്രിക്കാലത്ത് ഒരു ദിവസം ആറ് പ്ലേറ്റുകള്‍ പൊട്ടിയതും മേംസാബിനു നേരെ കേണല്‍ തോക്ക് ചൂണ്ടി. അയ്യടാ. അന്നേരത്ത് ഇപ്പോഴും ഈ സ്വതന്ത്രഭാരതത്തില്‍ കോട്ടയും കൊട്ടാരവും സ്വന്തമായുള്ള ബ്രിഗേഡിയറുടെ മോള്‍ അവളുടെ ഉദയ്പൂര്‍ രാജഗുണം കാട്ടി.
കോട്ടയും പടയും തലവെട്ടലും കഥകളില്‍ മാത്രം കേട്ടും വായിച്ചുമറിഞ്ഞ കോഴിക്കോടു രാജ വേഗത്തില്‍ മുട്ടുമടക്കി. സര്‍വ്വോപരി സംസ്‌കാരസമ്പന്നനും കേരളീയനായ ഒരു കേണലായതിനാല്‍ അദ്ദേഹത്തിനു ഭാര്യയുടെ വലിയ വായാലുള്ള ആരോപണ ശരങ്ങളുടെ നാണക്കേടില്‍ ശ്വാസവും മുട്ടി.
സംഗതി ഐ.പി.കെ.എഫുമായി ചെന്ന് ലങ്കന്‍ പുലികളെ വിറപ്പിച്ചവനാണ്. എണ്‍പത്തിയൊന്‍പതില്‍ അന്നൊരു രണ്ടു ദിവസങ്ങള്‍കൂടി കിട്ടിയിരുന്നെങ്കില്‍! ഇന്നത്തെ ലങ്കയുടെ ഭാവി മറ്റൊന്നാകുമായിരുന്നു. അതിനു മുന്‍പേയാണ് പരേഡു കാണാന്‍ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി കൊളംബോയില്‍ എത്തിയതും എല്ലാം കൊളമായതും. മാത്രമോ? കാര്‍ഗില്‍ നേരിട്ട് പോയി അതിര്‍ത്തിക്കപ്പുറത്തേക്ക് പീരങ്കിത്തോക്ക് ചൂണ്ടാന്‍ കമാന്റ് കൊടുത്തവനാണ് താന്‍.
അതിനപ്പുറത്ത് പ്രജാക്ഷേമ തല്പരരായ രാജപരമ്പര. ക്ഷമയുടെ പര്യായം! കുരുമുളക് വള്ളി പൊയ്‌ക്കോട്ടെ! അവര്‍ക്കു ഞാറ്റുവേലയെ മലബാറു കടത്താനാവില്ലല്ലോ. ആ സഹനത്തിന്റെ പാരമ്പര്യം കോഴിക്കോടന്‍ കടലിരമ്പുന്നതു മാതിരിയുള്ള രാജകുടുംബാഗം. ഇതൊക്കെയാണ് തന്റെ വീക്ക്‌നെസ്സ് എന്ന് കേണലിനും നന്നായി അറിയാം.
എന്റെ തളിയില്‍ തമ്പുരാനേ! അച്ഛന്‍ നമ്പൂരാരുടെ തേവാര പ്രതിഷ്ഠയും മാതൃദേവതാ സ്ഥാനീയയുമായ എന്റെ ശ്രീപോര്‍ക്കിയിയമ്മേ! ഈ സര്‍വ്വീസ് റൈഫിളില്‍നിന്നും ഒരുണ്ടപോലും. അങ്ങനെ നിത്യവും പ്രാര്‍ത്ഥിക്കാറുമുള്ള ആളായതിനാല്‍ മേംസാബിനെ തോക്കു ചൂണ്ടിയതില്‍ അദ്ദേഹത്തിനു അതിയായ കുണ്ഡിതവുമുണ്ടായി.
അതോടെയാണ് അതീവ രഹസ്യമായി തുടര്‍ ഓപറേഷനുകള്‍ അദ്ദേഹം ആസൂത്രണം ചെയ്തത്.
മേംസാബിന്റെ ഉച്ചയുറക്ക നേരത്ത് അദ്ദേഹം കേരളത്തിലെ ഒരു റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പറെ ബന്ധപ്പെടാന്‍ തുടങ്ങി. ഇതുപോലൊരു മലയില്‍ ഒരുതുണ്ട് ഉറച്ച ഭൂമി (വയനാട്, ഇടുക്കി പാടില്ല). കഷണമെന്നേയുള്ളൂ, അതിനു വലിപ്പമെത്രയായാലും കുഴപ്പമില്ല. മലബാര്‍ ദിക്കിലൊന്നും വീടിനു കുറ്റിയടിക്കല്‍ പാടില്ല. മലബാറില്‍ ചെന്നു സെറ്റില്‍ ചെയ്താല്‍ താനവിടെ പെണ്ണുപിടിക്കാന്‍ പോയെന്നേ... രാജപരമ്പരയില്‍പ്പെട്ടിട്ടും അപവാദങ്ങളെ കേണല്‍ ഭയന്നിരുന്നു.
അങ്ങനെയാണ് തെക്കന്‍ കേരളത്തില്‍ അഗസ്ത്യമലത്താഴ്‌വരയിലെ
ആ ഇടം ബില്‍ഡര്‍ കണ്ടെത്തിയത്. ഇന്റര്‍നെറ്റിലൂടെയും വീഡിയോകാളിലൂടെയും കേണല്‍ മനസ്സറിഞ്ഞ ബില്‍ഡര്‍ അടിപ്പറമ്പിലെ ഐസറിനും പുരവിലമ കാണിപ്പറ്റിനുമിടയില്‍ വി ഷേപ്പിലെ
ആ പ്ലോട്ടു കണ്ടെത്തി. ദാന്നു പറയും മുന്‍പേ അവിടെ രാജസ്ഥാന്‍ മോഡല്‍ ബംഗ്ലാവ് പണിഞ്ഞിട്ടു. ബംഗ്ലാവിനു പുറകില്‍ കാലെടുത്തു വച്ചാല്‍ ആനയും പോത്തുമുള്ള അഗസ്ത്യമലക്കാടായി. എത്ര തര്‍ക്കിച്ചിട്ടും ബില്‍ഡര്‍ താബൂക്ക് കൊണ്ടാണ് വീടിനു മതിലു പണിഞ്ഞത്.
വി ഷെയ്പ്പ് പ്ലോട്ടായിട്ടും അതിന് ഒറ്റ ഗേറ്റ് മാത്രം, നെയിംബോര്‍ഡ് പാടില്ല. ഗരം പാനിയില്‍ വീണ കേണല്‍ എഗ്രിമെന്റില്‍ അപ്രകാരം രണ്ടു കണ്ടീഷനുകള്‍ കൂടി വച്ചിരുന്നു.
അന്നുച്ചയ്ക്ക് ജയിന്‍ ഡിഫന്‍സ് റിവ്യൂ വായിക്കുന്ന വേളയിലും കേണല്‍ അകത്ത് മേംസാബിന്റെ കൂര്‍ക്കംവലി കേട്ടു. തനിക്കിതെല്ലാം നഷ്ടമാകുന്നു എന്ന തോന്നല്‍ കുടഞ്ഞുകളഞ്ഞു. തോക്കു ചൂണ്ടിയ അന്നത്തെ സംഭവത്തിനുശേഷം അതിഥികളുമായി സെല്‍ഫിക്ക് കേണലിനും മടുപ്പായിപ്പോയി. മിക്കവാറും സെന്‍ട്രികള്‍ ഗേറ്റുകള്‍ തുറക്കാറില്ല. പാവം കേണല്‍ വിചാരിച്ചിരുന്നത് താനിങ്ങനെ പെണ്ണുങ്ങളുമായി സെല്‍ഫിക്കു നില്‍ക്കുന്നതിനാലാണ് മേംസാബിന് തന്നോട്.
കാത്തിരുന്ന രാത്രിയായി. ഓഡര്‍ലിയുടെ കയ്യില്‍നിന്നും പാല്‍ഗ്ലാസ്സ് വാങ്ങി നാലു ഉറക്കഗുളികകള്‍ അതിലിട്ട് കേണല്‍ തന്നെ ആ ഗ്ലാസ്സ് മേംസാബിനു കൈമാറി. പാലു കുടിച്ചപാടേ മേംസാബ് കൂര്‍ക്കം വലി തുടങ്ങി. എന്തൊരു ഗതികേട്! എന്നു പിറുപിറുത്തുകൊണ്ട് കേണലൊരു കള്ളനെ മാതിരി സ്വന്തം ഫോര്‍ഡില്‍ അത്യാവശ്യം സാധനങ്ങള്‍ വാരിനിറച്ചു. മിലിറ്ററി റിവോള്‍വര്‍ മറന്നില്ല. വായിക്കാന്‍ ജയിന്‍സ് ഇന്റര്‍നാഷല്‍ ഡിഫന്‍സ് റിവ്യൂവിന്റെ കുറെ ലക്കങ്ങളും (ഈ റിവോള്‍വര്‍ കഥയിലെ ഒരു പ്രധാന കഥാപാത്രമാണ്. അതില്‍നിന്നും ശരിക്കും വെടി പൊട്ടുന്നുണ്ടേ!).
മേംസാബ് നല്ല ഉറക്കത്തിലാണ്. കേണല്‍ സി.സി.ടി.വിയുടെ മിഴി കുറച്ചുനേരത്തേയ്ക്ക് അടപ്പിച്ചു. മുബൈലും ഓഫാക്കി. തളിമഹാദേവരേ! എന്റെ ശ്രീപോര്‍ക്കിലി ഭഗവതിയേ! ഈ ബംഗ്ലാവിനേയും എന്റെ മേംസാഹിബിനേയും നീ കാത്തോണേ! അവളൊരു പാവമാണ് എന്നു പ്രാര്‍ത്ഥിച്ച് ബംഗ്ലാവിനെ നാലുതവണ വലംചുറ്റി ഗേറ്റിനടുത്തെത്തെി. ഈ രണ്ടു ഗേറ്റിലേയും ഭടന്മാരെ വിളിച്ചുണര്‍ത്തി. മിണ്ടരുത്. ആദ്യം ആംഗ്യം കാട്ടി. പിന്നെയവര്‍ക്ക് രണ്ടായിരം ലഭ്യമാകാന്‍ എട്ട് അഞ്ഞൂറിന്റെ നോട്ടുകള്‍ വീതം നല്‍കി. വാതില്‍ അകത്ത് നിന്നും ബന്ധിക്കാന്‍ ഉത്തരവും കൊടുത്തു.
ആ കാറ് കുന്നിറങ്ങി. തന്നെ തടയാന്‍ വരുന്ന ആരെ വെടിവച്ചിട്ടാലും ഒരു പട്ടാളവും പൊലീസും ചോദ്യം ചെയ്യില്ല. എല്ലാം പുലികളുടെമേല്‍ കെട്ടിവയ്ക്കാം. അതറിയാമായിരുന്നിട്ടും മൗണ്ടിറങ്ങി സമനിരപ്പിലെ പിണ്ഡവാര എന്ന സ്ഥലത്തെത്തിയപ്പോള്‍ കേണല്‍ കാറു നിര്‍ത്തി. പ്രസിദ്ധമായ വാക്‌സിട്ട് ചുരുട്ടി മുറുക്കിയ ആ കൊമ്പന്‍മീശയിലെ തെറിച്ച രോമങ്ങള്‍ കത്രിച്ച് ചെറുതാക്കി. അത് അങ്കിള്‍ സാമിനോടുള്ള ബഹുമാനാര്‍ത്ഥമായിരുന്നു. ഇനിമേല്‍ താനായിട്ട് ആ പുണ്യപുരുഷന് മാനക്കേട് വരുത്താന്‍ പാടില്ല.
നയീദില്ലി അഹമ്മദാബാദ് നാഷണല്‍ ഹൈവേ ഫോര്‍ട്ടി എയിറ്റില്‍ കയറി ആദ്യം കണ്ട ധാബയുടെ സമീപത്ത് കാറു നിര്‍ത്തി. ന്യൂഡല്‍ഹിക്കുള്ള വഴിയില്‍ ഒന്നു വിശ്രമിക്കാന്‍ വരിവരിയായി കിടന്നിരുന്ന ലോറികളിലൊരെണ്ണത്തിനു മുകളിലേയ്ക്ക് സൂത്രത്തില്‍ ഫോണിനെ എറിഞ്ഞിട്ടു. സത്യമായിട്ടും അദ്ദേഹം ദൃശ്യം സിനിമ കണ്ടിട്ടില്ല. അങ്ങനെയെങ്കില്‍ കേണല്‍ ഈ ചീപ്പ് പരിപാടിക്ക് ശ്രമിക്കില്ലായിരുന്നു, തീര്‍ച്ച. നോവല്‍ ഐഡിയാസാണ് കേണലിനു താല്പര്യം.
രാജസ്ഥാനിലെ അവസാന ടോള്‍ പ്ലാസകഴിഞ്ഞപ്പോള്‍ ഒരു സര്‍വ്വീസ് റോഡിലേയ്ക്ക് കയറ്റി വണ്ടിയെ ഒരു കുറ്റിക്കാട്ടിലിട്ടു. അതീവ രഹസ്യമായി തുടര്‍ന്നു രണ്ടു കാര്യങ്ങള്‍ ചെയ്തു. ആദ്യത്തേത് വണ്ടിയില്‍ ഒട്ടിച്ചിരുന്ന ഫാസ്ടാഗ് വലിച്ചിളക്കുകയായിരുന്നു. അടുത്തത് കഴിഞ്ഞ കുറെ ദിവസങ്ങളായി ഓര്‍ഡലികളുടെ കണ്ണുവെട്ടിച്ച് എഴുതിയ ബോര്‍ഡുകളില്‍ ആദ്യത്തേത് യഥാര്‍ത്ഥ നമ്പര്‍പ്ലേറ്റിനു പകരമായി പിടിപ്പിക്കുക എന്നതായിരുന്നു. ഇപ്പോള്‍ മുംബൈ ലാക്കാക്കി ഫോര്‍ഡ് ഓടിക്കൊണ്ടിരിക്കുന്നത് മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ നമ്പരിലാണ്.
വണ്ടി നമ്പര്‍ മാറ്റി പിടിപ്പിക്കുന്ന പരിപാടി കര്‍ണ്ണാടകയിലും കേരളത്തിലും ആവര്‍ത്തിച്ചു. വണ്ടിയിപ്പോള്‍ തലപ്പാടി കഴിഞ്ഞ് കേരളത്തിലൂടെ കെ.എല്‍.21 എന്‍. 9218 എന്ന നമ്പരില്‍ ഓടുകയാണ്. അതുപോലെ ദിനംതോറും മീശരോമങ്ങളെ കത്രിച്ച് കുറ്റിയാക്കി മാറ്റുകയും ചെയ്തുകൊണ്ടിരുന്നു. ഒരു കാര്യം വെപ്രാളത്തിന്നിടയില്‍ പറയാന്‍ വിട്ടുപോയിരുന്നു. അത് ഇടയ്ക്ക് കയറി പറയുകയാണ്. നമ്മുടെ കേണല്‍ ആള് അങ്കിള്‍ സാമിനെ മാതിരി എന്നൊക്കെ പറഞ്ഞല്ലോ. സര്‍വ്വീസിലായിരിക്കുമ്പോള്‍ ടിയാന്റെ തല പുറത്താരും കണ്ടിട്ടില്ല. പരമ്പര്യമായി കിരീടധാരികളായാതിനാലാവും മിക്ക കോഴിക്കോടന്‍ രാജാക്കന്മാരും മൊട്ടകളാണ്. നമ്മുടെ കേണല്‍ തൊപ്പിവച്ച് സുഭിക്ഷമായി കഷണ്ടി മറച്ചിരുന്നു.
ബംഗ്ലാവ് മുറ്റത്തുവച്ച് പാവപ്പെട്ട മലയാളികള്‍ ദര്‍ശനം കൊടുക്കുന്ന വേളകളില്‍ വിഗ്ഗിട്ടിരുന്നതിനാല്‍ അദ്ദേഹത്തിന്റെ കഷണ്ടിത്തലയുള്ള ഒരൊറ്റ ഫോട്ടോഗ്രാഫും മിലിറ്ററി രേഖകള്‍ക്കു പുറത്ത് ലഭ്യമായിരുന്നുമില്ല. കേണല്‍ അതുറപ്പാക്കിയിട്ടുണ്ട്. അതിനാല്‍ ഈ യാത്രയില്‍ മൊട്ടയായി യാത്ര ചെയ്തു എന്നത് പ്രത്യേകിച്ച് പറഞ്ഞില്ലെങ്കിലും കഥയുടെ കെട്ടുറപ്പിനെ ബാധിക്കുന്നില്ല. പോട്ടെ. എന്നാലും വിഗ് അദ്ദേഹം കളഞ്ഞില്ല. ബാഗില്‍ പിസ്റ്റലിനൊപ്പം സൂക്ഷിക്കുന്നുണ്ട്.
വണ്ടിയോടിയോടി കിളിമാന്നൂര്‍, കല്ലറ, നന്ദിയോട്, വിതുര വഴി അടിപ്പറമ്പിനു തിരിഞ്ഞു. കേണലിന് ഒരു ഗൂഗിള്‍ മാപ്പും വേണ്ട. അഖണ്ഡഭാരത മാപ്പാണ് മനസ്സില്‍ നിവര്‍ത്തിയിട്ടിരിക്കുന്നത്. അത് ഡിഫന്‍സ് അക്കാദമിയില്‍ വെച്ച് ഇരുപതാമത്തെ വയസ്സില്‍ കാണാതെ പഠിച്ചുറപ്പിച്ചതാണ്. നമ്മുടെ ഒരു ഭാരതീയ ചാരന് ഈയിലെ അഫ്ഗാനിസ്ഥാനിലേയ്ക്ക് പോണ വഴിക്ക് മാര്‍ഗ്ഗഭ്രംശം വന്നു. അവിടെ പുതിയ താലിബാന്‍ ഭരണമല്ലെ! അയാള്‍ നെറ്റില്‍ വഴി തെരയാതെ... ഒരു മുടക്കില്‍ കുടുങ്ങിപ്പോയ അയാള്‍ക്കു നമ്മുടെ ഗൂഗില്‍ ചേച്ചി പറയുന്ന മാതിരി ഫോണിലൂടെ ഇന്ത്യയില്‍ തിരിച്ചെത്താന്‍ മണിമണിയായി വഴി പറഞ്ഞുകൊടുത്ത... വേണ്ടേ വേണ്ട. തള്ളെന്നേ നിങ്ങള്‍ കരുതൂ. എന്തായാലും ശരി, വഴിക്ക് അദ്ദേഹം കാറു നിര്‍ത്തി കുറെ ആട്ടയും സബ്ജിയും വാങ്ങി ഡിക്കിയിലിട്ടു. രാജാവായാലും കേണലായാലും ഏട്ടനുണ്ണിയും വിശപ്പുള്ള ഒരു മനുഷനാണല്ലോ.
അടിപ്പറമ്പിലെ ഗേറ്റില്‍ വീടു കെട്ടിയ മേസിരിയും (നേരിട്ടു കണ്ടപ്പോഴാണ് അയാള്‍ ബില്‍ഡറല്ല. ഒരു സാദാമേസിരിയാണെന്ന് കേണലിനു തിരിഞ്ഞത്. തനിക്കു കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ ഈയിടെ പിശകുവരുന്നോ? അങ്ങനൊരു തോന്നലുമുണ്ടായി.) ഒരു ബംഗാളിയും കേണലിനേയും കാത്തുനില്‍പ്പുണ്ടായിരുന്നു. നാലഞ്ചു ദിനങ്ങളായി ഫോണില്‍ സാറിനെ കിട്ടുന്നില്ല. കേണലിനു വഴിക്ക് എന്തെങ്കിലും... അങ്ങനെ ആ പാവപ്പെട്ട മേസിരി സംശയിക്കുകയും ചെയ്തു.
കണ്ടപാടെ ഇന്‍ഡ്യന്‍ ആര്‍മിക്കു ചേരുന്ന മട്ടില്‍ ഹഗ് ചെയ്തു. അകത്തു കൊണ്ടുപോയി മേസിരിക്ക് പറ്റും പടിയും മഷിയറെ തീര്‍ത്തുകൊടുത്തു.
കൊല്ലും കൊലയ്ക്കും അധികാരമുള്ള കേണലുമാര്‍ ഇങ്ങനെയും ഉദാരമതികളാണോ? അതോ രജോഗുണമോ? മിഴിച്ചുനിന്ന മേസിരിക്കു മുന്നില്‍ പെട്ടിയില്‍നിന്നും തോക്ക് എടുത്തുപിടിച്ചു.
മി. മേസിരി താനിവിടെ താബൂക്ക് കൊണ്ട് മതില് കെട്ടിയത് ഞാന്‍ വിടുന്നു. താനും ഒരു കാര്യം മറക്കണം. അതായത് ഇവിടെ താന്‍ ഇങ്ങനൊരു വീട് പണിഞ്ഞ കാര്യമേ മറന്നു കളയണം. താന്‍ നെടുമങ്ങാട്ടും നെയ്യാറ്റിന്‍കരയിലും ചെന്ന് കേണലിന് അതു ചെയ്തു ഇതു ചെയ്തു. അവിടെ താമസിക്കുന്നത് രാജായാണ് കേണലാണ് എന്ന തരത്തിലുള്ള ബഡായികള്‍ ഒന്നും വേണ്ട. ഞാന്‍ ചുട്ടുകളയും.
കേണല്‍ തീര്‍പ്പിച്ചു പറഞ്ഞു. ഒപ്പമുണ്ടായിരുന്ന ബംഗാളി ശരിക്കും തോക്കുകണ്ടു പേടിച്ചു.
താനിതെത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ മിഴുമിഴാന്നു നിന്ന മേസിരിയെ ചൂണ്ടി കേണല്‍ ബംഗാളിയോട് പറഞ്ഞു.
ഇവനെ വെളിയിലാക്കി ഗേറ്റു പൂട്ടിവാ.
മേസിരിയെ മോചിപ്പിച്ച് ഗേറ്റും പൂട്ടി ദാന്നു പറയും മുമ്പേ തിരികെ ബംഗാളി ഓടിവന്നു. എനിക്ക് ചരക്കിനെ പിടികിട്ടി എന്നമട്ടില്‍ നിന്നു.
ബംഗാളിക്ക് അടുത്ത പരീക്ഷണം ഉടന്‍ കൊടുത്തു. കുറെ ആട്ടയും പച്ചക്കറിയും നല്‍കി ചമയലിന് ഓര്‍ഡറിട്ടു. അവന്‍ നല്ലൊന്നാന്തരം റൊട്ടിയും സബ്ജിയുമുണ്ടാക്കി. അങ്ങനെ ബംഗാളിയെ ബംഗ്ലാവിലെ എല്ലാമെല്ലാമാക്കി കേണല്‍ കയ്യുടന്‍ നിയമിച്ചു.
ക്രമേണ കേണല്‍ മേംസാബിനെ തീര്‍ത്തും മറന്നു. അതു മനപ്പൂര്‍വ്വമാണ്. നിലനില്‍പ്പിനു വേണ്ടിയായിരുന്നു.
കേണലിന്റെ മീശമുടി ചിട്ടവട്ടങ്ങളും പുനഃസ്ഥാപിതമായി. പറ്റേ രോമം വടിച്ചുകളഞ്ഞ ഒരു പുലിയുടെ പുള്ളികളും വരുകളും മാതിരി അവയെല്ലാം തിരികെ വന്നു എന്നു ചുരുക്കിപ്പറയാം. പാഠശാല കണ്ടിട്ടില്ലാത്തവനാകയാല്‍ ബംഗാളിക്ക് ഒരു സംശയവുമുണ്ടായില്ല. അവന്‍ സബ്ജിയും റോട്ടിയും തിന്ന്, വീടു വൃത്തിയാക്കി, പകലും കിടന്നുറങ്ങി.
പെണ്ണുങ്ങള്‍ പകലുറങ്ങിയാല്‍ വീടു മുടിയും. അക്കാര്യം അവനോട് പറഞ്ഞിട്ടെന്തു കാര്യം? അങ്കിള്‍ സാമിന്റെ ഡ്യൂപ്പായി തന്റെ സാബ് മാറിയത് അവന്‍ തിരിച്ചറിഞ്ഞതുമില്ല. പുവര്‍ ഗൈ.
മീശ വാക്‌സിട്ട് കൊഴുപ്പിച്ച് വരാന്തയിലിരുന്ന് മൗണ്ട് അബുവിലെ മാതിരി അഗസ്ത്യകൂട കൊടുമുടികളെ നോക്കി കേണലിന് ഒരിരിപ്പുണ്ട്. കൈയില്‍ ജയിന്‍സ് ഇന്റര്‍നാഷണല്‍ ഡിഫന്‍സ് റിവ്യൂ നിവര്‍ത്തിപ്പിടിച്ചിരിക്കും. ബോണക്കാടിനു പോകുന്ന ബസിലിരിക്കുന്നവര്‍ക്ക് ആരോ ആ പുത്തന്‍കെട്ടിടത്തിന്റെ വരാന്തയിലിരുപ്പുണ്ടെന്നല്ലാതെ ആ മനേക്ഷാ മീശയും കയ്യിലെ മുന്തിയ പുസ്തകങ്ങളും വ്യക്തമായില്ല. അതൊരു റിട്ടയേര്‍ഡ് കേണലാണ്. രാജാവാണ് എന്നുള്ള കാര്യങ്ങളൊന്നും ആര്‍ക്കുമറിയില്ലല്ലോ. കേണല്‍ നമ്മുടെ അടിപ്പറമ്പിലെ പ്രകൃതിരമണീയമായ പശ്ചിമഘട്ടത്തെ താഴ്‌വരയില്‍ അങ്ങനെ സുഖകരമായ കാലാവസ്ഥയില്‍ അജ്ഞാത ജീവിതം തുടര്‍ന്നു.
ഒരു ദിവസം അതുണ്ടായി. ഒരു ജയന്റ് സ്‌ക്വിറല്‍ മരമിറങ്ങി ആ തിണ്ണയിലെത്തി. അതിനെ കണ്ടപാടേ കേണലിന് മേംസാബ് മുന്നില്‍ വന്നുനില്‍ക്കുന്നതായി തോന്നി. അത് ആ മലയണ്ണാന്‍ ഫീമൈലായതുകൊണ്ടല്ല. താന്‍ ഭാരതത്തിലെ സര്‍വ്വമാന ജന്തുക്കളേയും തിരിച്ചറിയാനുള്ള ജ്ഞാനം വശമാക്കിയത് ഗുരുസ്ഥാനീയയും ജന്തുശാസ്ത്ര വിശാരദയുമായ ആ മഹതിയില്‍ നിന്നായിരുന്നു എന്ന ഓര്‍മ്മയിലാണ്. ആ പാവത്തിന് 'കോര്‍ട്ട്ഷിപ്പ് ബിഹേവിയര്‍ ഓഫ് ഹയ്യര്‍ വൈല്‍ഡ് മാമ്മല്‍സ് ഇന്‍ രാജസ്ഥാന്‍' എന്ന ടോപ്പിക്കില്‍ ഗവേഷണം ചെയ്യണമെന്നുണ്ടായിരുന്നു. തന്നെ മംഗലം കയിച്ചതോടെ പാവത്തിനു പോസ്റ്റുഗ്രാജുവേഷന്‍ പോലും പൂര്‍ത്തിയാക്കാനായില്ല.
കുറച്ചുനേരം താളം ചവിട്ടി നിന്നിട്ട് ആ അധികംവന്ന മലയണ്ണാത്തി തെല്ലും നാണിക്കാതെ ഇങ്ങനെ ഡയറക്ടായി കേണല്‍ രാജയോട് കയറിപ്പറഞ്ഞു:
ഹേ. കേണല്‍ മഹാരാജന്‍. ഞാന്‍ കുറെ ദിവസങ്ങളായി ഇവിടെ പാത്തും പതുങ്ങിയും കഴിയുകയാണ്. ബംഗാളിപയല് വാതില്‍ തുറന്നിട്ട് ചോലയില്‍ കുളിക്കാന്‍ പോകുന്ന നേരത്ത് ഞാന്‍ വീടിന്റെ അകത്തു സ്ഥിരമായി കയറാറുണ്ട്. അങ്ങയുടെ സര്‍വ്വ രഹസ്യങ്ങളും അങ്ങനെയാണ് മനസ്സിലാക്കിയത്.
ഉള്ളതു പറയണമല്ലോ. ഞാനാദ്യമായി ഒരു കേണലും രാജാധിരാജനുമായ പുരുഷകേസരിയെ കാണുകയാണ്. തോക്കു കയ്യിലുള്ള അങ്ങ് ഈ ഏഴയില്‍ പ്രസാദിക്കണം.
എനിക്ക് അങ്ങ് കുറെ സത്ഗുണസമ്പന്നരായ പുത്രന്മാരെ നല്‍കണം. ഇവിടെയിപ്പോള്‍ ഒരു ദുരഭിമാനക്കൊല എന്തായാലും ഉണ്ടാവില്ല. അങ്ങയ്ക്ക് തോക്കുണ്ടല്ലോ. എന്റെ ബന്ധുക്കള്‍ കലഹം കൂട്ടിവന്നാല്‍ അങ്ങേയ്ക്കവരെ നിഷ്പ്രയാസം വെടിവച്ചിടാന്‍ സാധിക്കും. നമുക്ക് ഭാരതീയ സംസ്‌കാരത്തിനിണങ്ങുന്ന ഗാന്ധര്‍വ്വ വിധിപ്രകാരം...
ഫാ. പുലയാടി മോളെ...
ബോഫോഴ്‌സ് പൊട്ടിയതുമാതിരി തോന്നിയ അവള്‍ പാവം പേടിച്ച് താബൂക്ക് മതിലിനു മുകളിലൂടെ കാടും മരവും ഇളക്കി മറഞ്ഞു.
താനാ പാവത്തിനെ തെറി പറഞ്ഞുവോ? ചിലപ്പോള്‍ ഈ മുടിഞ്ഞ ഏകാന്തതയില്‍ സമഗ്രവും സങ്കീര്‍ണ്ണവുമായ ഒരു ജീവിതം കൈയിലുണ്ടായിട്ടും ആരോടും ഒന്നും മിണ്ടാനില്ലാതെ മരവിച്ചിരിക്കുന്ന തനിക്ക് അണ്ണാന്‍ വന്നതും മറ്റും തോന്നിയതുമാകാം. നമ്മുടെ സംസ്‌കാരം തെല്ലും അധഃപതിച്ചിട്ടില്ലല്ലോ!
പറമ്പില്‍ മലയണ്ണാന്‍ കയറിയത് കേണല്‍ ഗൗരവത്തിലെടുത്തില്ല. പക്ഷേ, വീണ്ടും ആവര്‍ത്തിച്ചു. താബൂക്ക് മതിലു ചാടി ഇത്തവണ ഒരു കേഴമാന്‍ ബാര്‍ക്കിംഗ് ഡീയര്‍ അതും ഫീമൈല്‍ വന്നു. അവളുടെ മൂക്കുവിടര്‍ത്തലും മുറിവാലു പൊക്കലും. കാര്യങ്ങള്‍ പന്തിയല്ലയെന്നു വ്യക്തമായ കേണല്‍ പോക്കറ്റില്‍നിന്നും സര്‍വ്വീസ് റിവോള്‍വറെടുത്തു തയ്യാറായി നിന്നു.
പാവം കാമാര്‍ത്തയായ ആ കേഴയ്ക്കുണ്ടോ റിവോള്‍വര്‍ കണ്ടാലറിയുന്നു? അവള്‍ മുന്‍കാലുകള്‍ നിലത്ത് ചായ്ച്... അതെ തന്റെ പ്രാണപ്രിയനായ കേണലിനെ ക്ഷണിക്കുകയാണ്.
ഇതാണ് അവറ്റകളുടെ കോര്‍ട്ട്ഷിപ്പിനുള്ള തുടക്കം. ഈ പോസ്. ഇത് ചിലപ്പോള്‍ രണ്ടു ദിവസങ്ങള്‍ വരെ നീളാം ഡീയര്‍. ആ വാക്കുകള്‍ മാത്രമല്ല, ആ മധുവിധുകാലം. അന്നവര്‍ മധ്യേന്തയിലെ ഒരു നാഷണല്‍ പാര്‍ക്കിലായിരുന്നു. അത് അന്നത്തെ ലഫ്. എ.യു.ജി രാജാവിന് മേംസാബ് കാണിച്ചുകൊടുത്തും കേണലില്‍ മിന്നലടിച്ച ഓര്‍മ്മയായി വന്നു.
നാശം! കേണല്‍ ഭാരത ഗവണ്‍മെന്റിന്റെ വകയായ ഒരുണ്ട ആകാശത്തേയ്ക്ക് പൊട്ടിച്ചു. ആ കാമുകി മതിലുചാടി മറഞ്ഞു. അവളുടെ പിന്‍കാല് തട്ടി രണ്ടുവരി താബൂക്ക് തവിടുപൊടിയായി.
ഷിറ്റ്! ഷിറ്റ്!
ഈ വെടി ഞാന്‍ മൗണ്ട് അബുവില്‍വച്ച് പൊട്ടിക്കണമായിരുന്നു. ഭാരതമാതാവ്, രാജ്യസ്‌നേഹം എന്നൊക്കെ പറഞ്ഞു നല്ല റിട്ടയര്‍മെന്റു ജീവിതം തുലച്ചുകളഞ്ഞു. ഇപ്പോഴിതാ മേംസാബിനു കരുതിയ ഉണ്ട ഒരു തിര്യക്കിനുവേണ്ടി. കേണലിന് അപാരമായ സ്വയപുച്ഛമുണ്ടായി. അയാളതില്‍ നനഞ്ഞുകുതിര്‍ന്നു തരിപ്പണമായി.
ഇതിപ്പോള്‍ ആരവല്ലിപര്‍വ്വതം മാതിരിയല്ല. പശ്ചിമഘട്ടത്തിലെ ബയോഡൈവേഴ്‌സിറ്റി അപാരമാണ്. ഇനി കുട്ടികളേയും ചോദിച്ചുകൊണ്ട് വരാനുള്ളത് കാട്ടുപോത്തും ആനയുമൊക്കയാണ്. അവറ്റകള്‍ക്കു മുന്നില്‍ മുടിഞ്ഞ മേസിരിയുടെ താബൂക്ക് മതിലൊന്നുമല്ല. ഫോണില്‍ (പുതിയ) നമ്മുടെ മേസിരിയെ വിളിക്കാന്‍ കേണല്‍ ശ്രമിച്ചു.
അടിപ്പറമ്പില്‍ എന്തരോ തൊന്തരവൊണ്ടായിക്കാണും. ആ പിസ്റ്റലോര്‍മ്മയില്‍ മെസിരി കേണലിന്റെ നമ്പര്‍ ആ നിമിഷം ബ്ലോക്കാക്കി. എന്നാലും വീണ്ടും വീണ്ടും അയാള്‍ ആലോചിച്ചു. താന്‍ ചോദിച്ച പണമത്രയും ഒരു കണക്കും വഴക്കുമില്ലാതെ തന്നവേനാണ് നന്ദികേട് കാണിക്കുന്നത്.
ആരു വീടു കെട്ടിയാലും ഇല്ലെങ്കിലും മേസിരിമാര്‍ക്കാണ് കെടക്കപ്പൊറുതിയില്ലാത്തത്. ചെലപ്പം ബംഗാളീടെ ശവം കൊണ്ടുപോകാന്‍ വിളിക്കുന്നതുമായിരിക്കും. കഴിഞ്ഞ ദിവസം നാലാമതു തവണ ടിവിയില്‍ കണ്ട ദൃശ്യം സിനിമയിലെ മാതിരി തന്റെയീ ഫോണിനെ തന്നെ മറയത്ത് കളഞ്ഞാലോയെന്ന് മേസിരി മനംചുട്ട് ആലോചിച്ചുപോയി.
അന്നു സന്ധ്യയ്ക്ക് ഒരു മുന്നറിവും കൊടുക്കാതെ എല്ലാം വാരിക്കെട്ടാന്‍ കേണല്‍ ബംഗാളിയോടു പറഞ്ഞു. അതെല്ലാം കാറിലിട്ടു. അവന്‍ പൊക്കണം സഹിതം മുന്‍ സീറ്റിലിരുന്നു. വിതുര ബസ്റ്റാന്‍ഡിലെത്തുന്നതിനു തൊട്ടു മുന്‍പേ കേണല്‍ വണ്ടി ഓരംനോക്കി ചവിട്ടി. ഒരുകുത്ത് അഞ്ഞൂറിന്റെ നോട്ടെടുത്ത് ബംഗാളിയുടെ കൈയില്‍ പിടിപ്പിച്ചു. നീ വിട്ടോടാന്ന് പറഞ്ഞു. അവന്‍ കുനിഞ്ഞു ഇരുട്ടില്‍ മറഞ്ഞു.
ഇപ്പോള്‍ മംഗലാപുരം ലാക്കാക്കി ആ വണ്ടിയോടുന്നത് കെ.എല്‍.21എന്‍... എന്ന നമ്പരിലാണ്. കന്നട, മഹാരാഷ്ട്രയും പിന്നെ രാജസ്ഥാന്‍ രജിസ്‌ട്രേഷനിലെ അസ്സല്‍ ബോര്‍ഡുവരെ കളയാതെ സൂക്ഷിച്ചതത്ര നന്നായി എന്നു കേണലിനു തോന്നി. താനാരാ മോനെന്ന് ഓരോ തവണയും ചിന്തിച്ച് അവയെല്ലാം തരാതരത്തിനു മാറ്റി മാറ്റി പിടിപ്പിച്ച് വീണ്ടും മൗണ്ട് അബുവിലെത്തി.
അപ്പോള്‍ നേരം വെളുത്തുവരുന്നതേയുണ്ടായിരുന്നുള്ളു. മീശപിരിച്ച് ഗേറ്റിങ്ങല്‍ ചെന്നപ്പോള്‍ സെന്‍ട്രികളില്ല. നെയിം ബോര്‍ഡില്‍ ചെറിയ മാറ്റം. കേണലില്ല. പകരം അനിയനുണ്ണി ഗോവിന്ദ രാജ ബി.ഇ.റിട്ട. ജി.എം. ഭിലായ്...
പിസ്റ്റല്‍ വലിച്ചെടുത്ത് ഫുള്‍ലോഡാക്കി ബാക്കി ബുള്ളറ്റുകള്‍ പോക്കറ്റില്‍ വാരിനിറച്ച് കേണല്‍ ബംഗ്ലാവിന്റെ ഗേറ്റു ചവിട്ടിത്തുറന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates